പത്രാധിപക്കുറിപ്പ്
പി രാജീവ്
ഒരു നൂറ്റാണ്ടിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് സംവാദത്തിന്റെ ഈ ലക്കം.
ഒക്ടോബർ വിപ്ലവവും സോവിയറ്റ് യൂണിയന്റെ രൂപീകരണവും ലോകത്തെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക് അതിരുകളില്ലാത്ത ഊർജ്ജമാണ് നൽകിയത്. അതിന്റെ തുടർച്ചയിൽ ചേർന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ച കൊളോണിയൽ തിസീസ് ലോകത്ത് കൊളോണിയൽ ആധിപത്യത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവർക്ക് ശരിയായ ദിശാബോധം നൽകി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തൊഴിലാളിവർഗരാഷ്ട്രീയം സ്വീകരിക്കേണ്ട വിപ്ലവകരമായ സമീപനത്തെക്കുറിച്ച് വ്യക്തതയാർന്ന നിലപാട് സ്വീകരിച്ചതിന്റെ തുടർച്ചയിൽ ലോകത്തിലെ പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കപ്പെട്ടു. താഷ്ക്കെന്റിൽ വച്ചുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണവും ഈ സാഹചര്യത്തിലാണ്.
അതിസാഹസികമായി താഷ്ക്കന്റിൽ എത്തിയവരാണ് ഈ രൂപീകരണയോഗത്തിൽ പങ്കെടുത്തത്. എം.എൻ. റോയി എത്രയോ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മെക്സിക്കോയി ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയെടുക്കുന്നത്. ഇന്നത്തെ പോലെ യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത്, ബ്രിട്ടൻ വേട്ടയാടിക്കൊണ്ടി രുന്ന ഒരു മനുഷ്യൻ നടത്തിയ സാഹസികമായ യാത്രകൾ ഇനിയും വായിച്ചെടുക്കേണ്ടതുണ്ട്. മോസ്കോയിലേക്കുള്ള യാത്രാമധ്യേ അഫ്ഗാനിസ്ഥാനിൽ എത്തിയ സ്വാതന്ത്ര്യ സമര സേനാനികൾ അവിടെവെച്ച് പ്രൊവിഷണൽ സർക്കാർ തന്നെ രൂപീകരിച്ചിരുന്നു. അതിൽ അംഗമായിരുന്ന മുഹമ്മദ് ഷെഫീഖിയാണ് താഷ്കെന്റിൽവെച്ച് പാർട്ടിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്ത ധാരകളിൽ തൊഴിലാളി വർഗ രാഷ്ട്രീയ ത്തിന് സവിശേഷമായ സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ രൂപീകരണ കാലം മുതൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം വേട്ടയാടാൻ ശ്രമിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയെയാണ്. പെഷവാറിലേയും മീററ്റിലേയും കാൺപൂരിലേയും ഗൂഢാലോചന കേസുകളും തുടർച്ചയായ വേട്ടയാടലുകളും അതിന്റെ ഭാഗമാണ്. കാനഡക്കും ആസ്ത്രേലിയക്കും ഉള്ളതുപേലെ ഒരു ഡൊമീനിയൻ പദവി മാത്രം ഇന്ത്യക്കും മതിയെന്ന് കോൺഗ്രസ് ചിന്തിച്ചിരുന്ന കാലത്ത് പൂർണസ്വരാജ് എന്ന മുദ്രാവാക്യം ഉയർത്തിയത് 1921ൽ അഹമ്മദാബാദിലെ കോൺഗ്രസ് സെഷനിൽ കമ്യൂണിസ്റ്റുകാരാണ്.
കോൺഗ്രസിന്റെ സമീപനത്തിൽനിന്നും വ്യത്യസ്തമായി വ്യത്യസ്ത വർഗങ്ങളെയും ബഹുജനങ്ങളെയും പ്രത്യേകം സംഘടിപ്പിക്കണമെന്ന കാഴ്ചപ്പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. ട്രേഡ് യൂണിയനുകളും കർഷക പ്രസ്ഥാനവും സംഘടിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യനെ സംബന്ധിച്ചതൊന്നും തനിക്ക് അന്യമല്ലെന്ന കാറൽ മാർക്സിന്റെ വാക്കുകളോട് നീതിപുലർത്തി മനുഷ്യ ജീവിതത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും സമസ്ത തലങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇടപെട്ടു. സാമൂഹ്യമായ അനാചാരങ്ങൾക്ക് എതിരായ പ്രവർത്തനവും വർഗപ്രസ്ഥാനം ഏറ്റെടുക്കേണ്ടതാണെന്ന കാഴ്ചപ്പാട് ആധികാരികമായി സ്വീകരിക്കുന്നതിനു മുമ്പുതന്നെ പാർട്ടി വിവിധ പ്രദേശങ്ങളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം വഹിക്കുക യോ സജീവ പങ്കാളിയാവുകയോ ചെയ്തു.
സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം സ്വാതന്ത്ര്യസമര സന്ദർഭത്തിൽ തന്നെ തൊഴിലാളി വർഗരാഷ്ട്രീയം തിരിച്ചറിഞ്ഞിരുന്നു. കലയും സാഹിത്യവും സർഗാത്മക സൃഷ്ടികൾ എന്ന നിലയിൽ മനുഷ്യമനസിനെ സ്വാധീനിക്കുന്നതോടൊപ്പം ചുറ്റുപാടുമുള്ള അനീതികൾ തുറന്നുകാണിക്കുന്നതിനുള്ള സമരായുധം കൂടിയാണെന്ന് ആ കാലം തെളിയിച്ചു. ചരിത്രത്തിലും ദർശനത്തിലും നിരവധി ധൈഷണികരെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുത്തുകയോ അവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം പകരുകയോ ചെയ്തു. ഇന്ത്യയുടെ ആത്മാവ് അന്വേഷിച്ച ദാർശനിക സമീപനങ്ങൾക്ക് ശക്തമായ തുടർച്ചയില്ലാതായി പോയിയെന്നത് തിരിഞ്ഞുനോക്കുമ്പോൾ ഗൗരവമായ കുറവ് തന്നെയാണ്. ജാതിയെന്നത് കുറഞ്ഞ ബലപ്രയോഗത്തോടെ ചൂഷണം സാധ്യമാക്കുന്ന വർഗത്തിന്റെ രൂപം തന്നെയാണെന്ന് കൊസാംബിയെപ്പോലുള്ളവർ വിലയിരുത്തിയെങ്കിലും ആ കാഴ്ചപ്പാടിന്റെ വികാസവും അതിനെ അടിസ്ഥാനമാക്കിയ പ്രയോഗരൂപങ്ങളും ആവിഷ്കരിക്കുന്നതിൽ കുറവുകളുണ്ടായി.
പാർലമെണ്ടറി സംവിധാനത്തെ സമരരൂപമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ച കമ്യൂ ണിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തിയ പ്രയോഗം ലോകത്തിന് പുതിയ അനുഭവം പ്രദാനം ചെയ്തു. മുതലാളിത്ത സാമൂഹ്യവ്യവസ്ഥക്കെതിരായ വിപ്ലവ പ്രവർത്തനത്തിനു നേതൃത്വം നൽകുമ്പോൾത്തന്നെ ആ വ്യവസ്ഥയുടെ ഉപകരണമായ സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുകയെന്നത് മുൻ അനുഭവങ്ങളില്ലാത്ത അസാധാരണ പ്രയോഗമായിരുന്നു. പരിമിതികൾക്കകത്തുനിന്നുകൊണ്ട് ആദ്യം ആശ്വാസം പകരുന്നതിനും പിന്നീട് ബദൽ പ്രയോഗത്തിനും പാർട്ടി നയിച്ച സർക്കാരുകൾ ശ്രമിക്കുകയുണ്ടായി. ഈ അനുഭവങ്ങളെ കുറെക്കൂടി സിദ്ധാന്തവൽക്കരിക്കേണ്ടതുണ്ട്.
സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ വ്യത്യസ്തതലങ്ങളും പാർട്ടിക്കകത്തു നടന്ന ആശയ സമരങ്ങളും ഇന്ന് വിലയിരുത്തുന്നത് പുതിയ കാല പ്രവർത്തനങ്ങള്‍ക്ക് തെളിമയാർന്ന ദിശ ലഭിക്കുന്നതിനു വേണ്ടിയാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിലെ ചരിത്രത്തിലേക്കുള്ള ഈ സഞ്ചാരം നടത്തുന്നത് അങ്ങേയറ്റം സങ്കീർണമായ കാലത്താണ്. ലോക സാമ്രാജ്യത്വം അത്യഗാധമായ പ്രതിസന്ധിയെ നേരിടുന്നു. അതിന്റെ ആഘാതം ഇന്ത്യൻ സമ്പദ്ഘടനയിലും പ്രതിഫലിക്കുന്നു. ഈ പ്രതിസന്ധി തുറന്നുതരുന്ന വസ്തുനിഷ്ഠ സാഹചര്യം യഥാർഥത്തിൽ വിപ്ലവ ശക്തികളുടെ മുന്നേറ്റത്തിന് സഹായകരമാണ്. എന്നാൽ, ഇന്ത്യയിലും മറ്റു രാജ്യ ങ്ങളിലും മൂലധനശക്തികൾ തീവ്ര വംശീയ, വർഗീയ സമീപനങ്ങൾ സ്വീകരിച്ച് ലോകത്തെ വലത്തോട്ട് തിരിക്കുകയാണ്. ഇന്ത്യയിലും മോദി ഭരണം അതിന്റെ ഏറ്റവും ശക്തമായ പ്രതീകമാണ്.
രാജ്യത്തിന്റെ ഭരണഘടനയെയും അടിസ്ഥാന കാഴ്ചപ്പാടുകളെയും സംരക്ഷിക്കാൻ അതിവിശാലമായ യോജിപ്പോടെയുള്ള പോരാട്ടങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. ഇന്നലെകളുടെ തനിയാവർത്തനം കൊണ്ടുമാത്രം ഇന്നിന്റെ പ്രശ്നങ്ങളെ നേരിടാൻ കഴിയുകയില്ല. ഈ ചരിത്ര സഞ്ചാരം കേവലമായ പഠനത്തിനുള്ളതല്ല. പുതിയ കാലത്തെ വിലയിരുത്തുന്നതിനും പോരാട്ടത്തിന്റെ പുതുരൂപങ്ങൾ ആവിഷ്കരിക്കുന്നതിനുമുള്ള പ്രവർ ത്തനമാണ്.
പി രാജീവ്
ചീഫ് എഡിറ്റർ