മഹത്തായ സമരങ്ങളുടെയും സംഭാവനകളുടെയും ഒരു നൂറ്റാണ്ട്

സീതാറാം യെച്ചൂരി

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള ഒരു നൂറ്റാണ്ട്, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്. ആ ചരിത്രം തീക്ഷ്ണമായ സമരങ്ങളുടേയും സ്വാതന്ത്ര്യസമരകാലത്തെ എണ്ണമറ്റ വിപ്ലവകാരികളുടെ മഹത്തായ ജീവാര്‍പ്പണത്തിന്റേയും അതിന്റെ ഫലമായി ജനകീയ പ്രശ്നങ്ങളെ ദേശീയ അജണ്ടയിലേക്കു കൊണ്ടുവരുന്നതില്‍ നല്കിയ സുപ്രധാന സംഭാവനകളുടേതുമാണ്.

സ്ഥാപിതമായതു മുതല്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണനിര്‍വഹണവും ജനങ്ങളുടെ ജീവ നോപാധിയും മെച്ചപ്പെടുത്തുന്നതിനുവേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് ആനുകാലികമായ ശാസ്ത്രീയ ഭൗതിക വിശകലനം കമ്യൂണിസ്റ്റുകാര്‍ നല്കി വന്നിരുന്നു. ഇതാകട്ടെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ വീക്ഷണത്തെ അടിസ്ഥാനമാക്കി യുള്ളതായിരുന്നു. അത് രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സോഷ്യലിസത്തിലൂടെ മാത്രം സാധ്യ  മാക്കാന്‍ കഴിയുന്ന ജനങ്ങളുടെയാകെ സാമ്പത്തിക മോചനത്തെ മാറ്റിത്തീര്‍ക്കുന്ന ദിശ യിലേക്ക് കാലക്രമേണ നയിക്കുന്നതുമായിരുന്നു. 

സ്ഥാപിതമായതു മുതല്‍ തുടങ്ങുന്ന സമ്പന്നമായ കമ്യൂണിസ്റ്റു സംഭാവനകളുടെ വിശദാംശങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുന്ന ശതാബ്ദി ആചരണത്തിലൂടെ പ്രാമാണീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവിടെ ചില സുപ്രധാന വിഷയങ്ങളെ എടുത്തുകാണിക്കുന്നതിലേക്ക് ചുരുക്കുകയാണ്. 

 

ഉത്ഭവം

 ഒന്നാം ലോകയുദ്ധത്തിന്റേയും അതിനു മുമ്പുമുള്ള കാലം ദേശീയപ്രസ്ഥാനത്തിനകത്ത്  യാഥാസ്ഥിതിക നേതാക്കളും വിപ്ലവകാരികളും തമ്മിലുള്ള ഒരു ആഭ്യന്തര സമരത്തിന് സാക്ഷ്യംവഹിച്ചു. ഇതോടൊപ്പം 1917 ലെ റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ലോകത്തെ മ്പാടുമുള്ള വിപ്ലവകാരികളിലെന്നപോലെ ഇന്ത്യന്‍ വിപ്ലവകാരികളിലും ആവേശം ഉണ്ടാക്കി. ഈ രണ്ടു ഘടകങ്ങളും ഒത്തുചേര്‍ന്ന് നിരവധി ഇന്ത്യന്‍ വിപ്ലവകാരികളെ കമ്യൂണിസ്റ്റുകളായിത്തീരാന്‍ പ്രചോദിപ്പിച്ചു.

ലോകത്താദ്യമായി തൊഴിലാളി വിപ്ലവം നടന്ന നാട്ടിലെത്തിച്ചേരാനുള്ള അങ്ങേയ റ്റം ക്ലേശകരമായ യാത്രയ്ക്ക് ഏതാനും ഇന്ത്യന്‍ വിപ്ലവകാരികള്‍ ശ്രമിച്ചു. 1920 ഒക്ടോബര്‍ 17 ന് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിടാന്‍ വിദേശ ഇന്ത്യന്‍ വിപ്ലവകാരികള്‍ മുന്‍കൈ എടുത്തു. ഇത് ഇന്ത്യയിലെമ്പാടും ചിതറിക്കിടന്ന ഒറ്റപ്പെട്ട വിപ്ലവസംഘങ്ങള്‍ക്ക് ആദ്യമായി മാര്‍ക്സിസം ലെനിനിസത്തില്‍ താത്വികവും പ്രായോഗികവുമായ വിദ്യാഭ്യാസം നല്‍കാന്‍ സഹായിച്ചു. ബോംബെ, കല്ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലുമുള്ള ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. അതോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എം.എന്‍. റോയിയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന രജനി പാം ദത്തും നല്കിയ താത്വികാശയങ്ങള്‍ നിരവധി ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ ബോധനിലവാരത്തെ രൂപപ്പെടുത്തി.

രൂപീകരണം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയെ സ്വാധീനിക്കാനാരംഭിച്ചു. 1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സമ്മേളനത്തില്‍ മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമരാനന്ദയും അന്ന് ഗാന്ധിജിക്ക് സ്വീകാര്യമല്ലാതിരുന്ന, ബ്രിട്ടീഷ് ഭരണത്തില്‍നിന്നും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ആവശ്യം പ്രമേയത്തിലൂടെ മുന്നോട്ടുവച്ചു. 1922 ല്‍ ഗയയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ ദേശീയ പ്രസ്ഥാനത്തിനുള്ള ഒരു അവകാശ രേഖ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിതരണംചെയ്തു.

 

പ്രചണ്ഡമായ അടിച്ചമര്‍ത്തല്‍

ഒരു സംഘടിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍  മുന്‍കൂട്ടിക്കണ്ട ബ്രിട്ടീഷുകാര്‍ തുടക്കം മുതല്‍ തന്നെ ഗൂഢാലോചന കേസുകളിലൂടെ പ്രചണ്ഡമായ അടിച്ചമര്‍ത്തല്‍ അഴിച്ചുവിട്ടു. 1922 മെയ്‌മാസത്തില്‍ മോസ്കോയിലെത്തിച്ചേരാന്‍ ശ്രമിച്ച മൊഹാജിറുകളെന്ന കുടിയേറ്റ വിപ്ലവകാരികള്‍ക്കെതിരായി അഞ്ചു ഗൂഢാലോചനാ കേസുകള്‍ തുടങ്ങിവച്ചു. അതിനുശേഷം 1923-24 ല്‍ കാണ്‍പൂര്‍ ഗൂഢാലോചനാ കേസും ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുണ്ടായിരുന്ന വിപ്ലവകാരികളില്‍ നിരവധിപേരെ അവര്‍ തിരിച്ചെത്തുന്ന മുറയ്ക്കും രാജ്യത്തിനകത്തുള്ള വിപ്ലവകാരികളെ അല്ലാതെയും അറസ്റ്റുചെയ്യുകയും കഠിനതടവിനു വിധേയമാക്കുകയും ചെയ്തു. 1915 ല്‍ തന്നെ ഗദ്ദര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവകാരികള്‍ക്കെതിരായി അവര്‍ ഇന്ത്യയിലേക്കോ അയല്‍പക്കത്തുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കോ തിരിച്ചെത്തുന്ന മുറയ്ക്ക് ലാഹോര്‍ ഗൂഢാലോചനാ കേസ് അടിച്ചേല്പിച്ചിരുന്നു. കുറ്റം ചുമത്തപ്പെട്ട 291 പേരില്‍ 42 പേരെ തൂക്കിലേറ്റുകയും 114 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. മീററ്റ് ഗൂഢാലോചന കേസോടെ 1929 മാര്‍ച്ച് 20 ന് 31 പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വലിയതോതില്‍ കൂടുതല്‍ മര്‍ദ്ദന മുറകള്‍ അഴിച്ചുവിട്ടു.

ഈ നേതാക്കള്‍ തങ്ങളുടെ തടവുകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയും പൊതു ജീവിതത്തില്‍ സജീവമാവുകയും ചെയ്തതോടെ 1934 ല്‍ മാത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ കേന്ദ്രം രൂപീകരിക്കുന്നതിനും അന്നുതൊട്ട് നാളിതുവരെ കൃത്യമായി പ്രവര്‍ത്തിച്ചു വരുന്നതിനും കഴിഞ്ഞത്.

 

കാഴ്ചപ്പാടുകളുടെ സംഘട്ടനം

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന സങ്കല്പനം ഉയര്‍ന്നു വന്നത് സ്വാതന്ത്ര്യ സമരകാലത്ത് സജീവമായിരുന്ന മൂന്നു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള തുടര്‍ച്ചയായ സംഘട്ടനത്തിന്റെ പരിണതഫലമായിട്ടാണ്. മുഖ്യധാര കോണ്‍ഗ്രസ് വീക്ഷണം വിഭാവനം ചെയ്തത് സ്വതന്ത്ര ഇന്ത്യ ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കാവണമെന്നായിരുന്നു. കമ്യൂണിസ്റ്റുകാരാവട്ടെ ഇതിനോടു യോജിക്കുമ്പോള്‍തന്നെ ഒരുപടി കൂടി മുന്നോട്ടുകടന്ന്, സ്വതന്ത്ര ഇന്ത്യ മുതലാളിത്ത വികസനപാതയാണ് പിന്തുടരുന്നതെങ്കില്‍ മേല്പറഞ്ഞ മതേതര, ജനാധിപത്യ ഘടന സാധിതമാക്കാന്‍ കഴിയാതെവരുമെന്നു വ്യക്തമാക്കി. നാം നേടിയെടുക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം എല്ലാ ഇന്ത്യക്കാര്‍ക്കും അനുഭവവേദ്യമാകുന്ന സാമൂഹ്യ - സാമ്പത്തിക സ്വാതന്ത്ര്യമായി മാറണമെങ്കില്‍ അതു സോഷ്യലിസത്തിലൂടെ മാത്രമേ കഴിയൂ എന്നായിരുന്നു കമ്യൂണിസ്റ്റുകാര്‍ വിഭാവനം ചെയ്തത്.

ഇതിനെ രണ്ടിനേയും എതിരിട്ട മൂന്നാമത്തെ വീക്ഷണം ജനങ്ങളുടെ മതാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാവണം സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവമെന്ന വാദം ഉയര്‍ത്തി. ഈ വീക്ഷണത്തിന്റെ ഇരട്ടവെളിപ്പെടുത്തലുകളായിരുന്നു മുസ്ലീംലീഗ് ഉയര്‍ത്തിവിട്ട ഇസ്ലാമികരാജ്യവും ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവും. ബ്രിട്ടീഷുകാരാല്‍ പ്രേരിപ്പിക്കപ്പെട്ടും സഹായിക്കപ്പെട്ടും ഫലപ്രദമായി നടപ്പാക്കപ്പെട്ടും ദൗര്‍ഭാഗ്യകരമാം വിധം രാജ്യത്തെ പിളര്‍ക്കുന്നതില്‍ ഇതിലാദ്യത്തെക്കൂട്ടര്‍ വിജയിക്കുകയും അതിന്റെ ഫലങ്ങള്‍ ഇന്നും സംഘര്‍ഷങ്ങളുണ്ടാക്കിക്കൊണ്ട് തുടരുകയും ചെയ്യുന്നു. മറ്റേക്കൂട്ടരാകട്ടെ സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് നേടാന്‍ കഴിയാതിരുന്ന ലക്ഷ്യത്തിനായി അവരുടെ പദ്ധതി പ്രകാരം മതഭ്രാന്തു പിടിച്ചതും അസഹിഷ്ണുത കലര്‍ന്നതുമായ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമായി ആധുനിക ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള അവരുടെ ശ്രമങ്ങള്‍ തുടരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ആര്‍എസ്എസ്സിന്റെ വീക്ഷണവും രാഷ്ട്രീയ പദ്ധതിയും തള്ളിക്കളഞ്ഞു എന്ന വസ്തുതയോടുള്ള നിരാശയാണ് മഹാത്മാഗാന്ധിയുടെ വധത്തില്‍ പ്രതിഫലിച്ചത്.

ഇന്നത്തെ ആശയസമരവും രാഷ്ട്രീയ സമരവും ഒരു തരത്തില്‍, ഈ മൂന്ന് കാഴ്ചപ്പാടുക ള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായക അജണ്ടകളിലേക്ക് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പരിണാമത്തിനുള്ള വളരെ പ്രധാന പങ്കാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്ത സമരങ്ങളിലൂടെ നിര്‍വഹിച്ചത്. കേരളത്തിലെ പുന്നപ്ര-വയലാര്‍, ബംഗാളിലെ തേഭാഗ പ്രസ്ഥാനം, ആസാമിലെ സുര്മഹവാലി സമരം, മഹാരാഷ്ട്രയിലെ വര്‍ളി മുന്നേറ്റം - തെലങ്കാനയിലെ സായുധകലാപമായിരുന്നു ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് -തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഭൂമിക്കുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ചതും ഭൂപരിഷ്കരണത്തിനു പ്രാധാന്യം നേടിക്കൊടുത്തതുമായ സമരങ്ങളായിരുന്നു ഇതിലാദ്യത്തേത്. ഇതിന്റെ ഫലമായി സെമിന്ദാരി സമ്പ്രദായവും ഭൂ എസ്റ്റേറ്റുകളും ഇല്ലാതായതിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ ഫ്യൂഡല്‍ കെട്ടുപാടുകളില്‍ നിന്നും മോചിതരാവുകയും ഗ്രാമീണ ഇന്ത്യയിലെ ചൂഷിതവിഭാഗങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലേക്കാനയിക്കപ്പെടുകയും ചെയ്തു. നേര്‍വിപരീതമായി ഗ്രാമീണ ഇന്ത്യയില്‍ ചൂഷകവര്‍ഗ്ഗങ്ങളുമായി അവരുടെ പങ്കാളികളെന്നോണം സഹകരിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്തത്.

രണ്ടാമതായി സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കായുള്ള ജനകീയ പ്രക്ഷോഭത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നണിപ്പടയായി പ്രവര്‍ത്തിച്ചു. അങ്ങനെ പൊതുവേ ശാസ്ത്രീയവും ജനാധിപത്യപരവുമായ രീതിയില്‍ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം സൃഷ്ടിക്കുന്നതിന് മുഖ്യകാരണമായിത്തീര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. വിശാലാന്ധ്ര, ഐക്യകേരളം, സംയുക്ത മഹാരാഷ്ട്ര എന്നിവയ്ക്കു വേണ്ടിയുള്ള സമരം നയിച്ചവരില്‍ മറ്റുള്ളവരോടൊപ്പം രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രമുഖരായി ഉയര്‍ന്നു വന്നവരും ഉണ്ടായിരുന്നു. സമത്വത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലേക്ക് ഇത് രാജ്യത്ത് നിലനിന്ന ഭാഷാദേശീയതകളെയെല്ലാം ഏകോപിപ്പിക്കുന്നതിന് വഴിതെളിച്ചു.

മൂന്നാമതായി മതേതരത്വത്തോടുള്ള ഇടതുപക്ഷത്തിന്റെ ഉറച്ച പ്രതിബദ്ധത ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ അംഗീകാരത്തെ അടിസ്ഥാനമാക്കിയതായിരുന്നു. യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വിഭജനത്തിനുള്ള ഒരേയൊരു മറുമരുന്ന് സാമ്രാജ്യത്വത്തിനും ചൂഷകവര്‍ഗ്ഗ ത്തിനുമെതിരെ എല്ലാ ജാതികളിലും സമുദായങ്ങളിലും പെടുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ ഐക്യമാണെന്ന് 1920 കളിലെ രൂക്ഷമായ വര്‍ഗ്ഗീയ ലഹളകളുടെ പശ്ചാത്തലത്തില്‍, 1920 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചയുടനെ പാര്‍ട്ടിക്കുവേണ്ടി എം എന്‍ റോയി എഴുതിയിരുന്നു.

അതിന്റെ വിപുലമായ നാനാത്വത്തില്‍ ഇന്ത്യയുടെ ഐക്യം സൂക്ഷിക്കാന്‍ ഈ നാനാത്വത്തിനിടയില്‍തന്നെയുള്ള സാര്‍വജനീനത്വം ശക്തമാക്കിക്കൊണ്ടല്ലാതെ നാനാത്വത്തിന്മേല്‍ ഏകത്വം അടിച്ചേല്പിച്ചുകൊണ്ട് കഴിയുന്നതല്ല. ഏകത്വത്തിന്റെ ഇത്തരമൊരടിച്ചേല്പിക്കലാണ് വര്‍ഗ്ഗീയ ശക്തികള്‍ കൃത്യമായും ആക്രമണോത്സുകമായി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സാര്‍വജനീനത്വത്തിന്റെ കെട്ടുപാടുകളെ ശക്തിപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ സാമൂഹ്യ വൈജാത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ശരിയാണ്, അത് മതത്തെ സംബന്ധിച്ചാവുമ്പോള്‍ വിമര്‍ശനാത്മക പ്രാധാന്യമുള്ളതുമാണ്. ഇന്ത്യാ വിഭജനത്തിന്റെയും തുടര്‍ന്നുണ്ടായ ഭയങ്കര വര്‍ഗ്ഗീയ ലഹളാനന്തര ഫലങ്ങളുടെയും പശ്ചാത്തലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അവിഭാജ്യഘടകമായി മതേതരത്വം മാറുന്നു. മതേതരത്വം എന്നതിനര്‍ത്ഥം മതത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നാണ്. അതിനര്‍ത്ഥം ഒരു വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഭരണകൂടം അചഞ്ചലമായി സംരക്ഷിക്കുമ്പോള്‍ത്തന്നെ അത് ഏതെങ്കിലും ഒരു മതത്തെ പോഷിപ്പിക്കുകയോ അതിനുവേണ്ടി വാദിക്കുകയോ ചെയ്യരുത് എന്നാണ്. സ്വാതന്ത്ര്യാനന്തരകാലത്തെ മതേതരത്വത്തിന്റെ നിര്‍വചനം ഫലത്തില്‍ എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്നതിലേക്ക് ചുരുക്കിയിരിക്കുന്നു. അതിന്റെ സഹജഭാവം ഭൂരിപക്ഷമതവിശ്വാസത്തോട് പക്ഷപാതം പുലര്‍ത്തുന്നതായി. ഇത് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ യാഥാസ്ഥിതിക ശക്തികള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് ഇന്ന് സംഭാവന നല്കിക്കൊണ്ടിരിക്കുന്നത്.

 

ഉയര്‍ന്നു വരുന്ന ഭരണവര്‍ഗ്ഗങ്ങളും വര്‍ഗ്ഗസമരങ്ങളും

കൊളോണിയല്‍ രാജ്യങ്ങളില്‍ വച്ച് ഒരു പക്ഷേ ഏറ്റവും വികസിച്ച ഇന്ത്യയിലെ ബൂര്‍ഷ്വാസി സ്വാതന്ത്ര്യ സമരകാലത്ത് മുതലാളിത്ത വികസനപാത പിന്തുടരാന്‍ വ്യഗ്ര തപ്പെട്ടിരുന്നു. ഭരണവര്‍ഗ്ഗമായി മാറാന്‍ അവര്‍ ഭൂവുടമകളുമായി സഖ്യമുണ്ടാക്കുകയും അധികാര കൈമാറ്റത്തിനായി സാമ്രാജ്യത്വത്തോട് വിലപേശുകയും ചെയ്തു. അങ്ങനെ അധികാര കൈമാറ്റത്തിനൊപ്പം സാമ്രാജ്യത്വത്തില്‍ നിന്നും ഫ്യൂഡലിസത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കടമ പൂര്‍ത്തീകരിക്കാനായില്ലെന്ന് അവര്‍ ഉറപ്പാക്കി. അതുകൊണ്ട് ഫ്യൂഡല്‍ വിരുദ്ധം, സാമ്രാജ്യത്വ വിരുദ്ധം, കുത്തക മൂലധന വിരുദ്ധം എന്നിങ്ങനെ മൂന്നു കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ വിപ്ലവത്തിന്റെ ജനാധിപത്യഘട്ടത്തെ നിര്‍വ്വചിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അഭ്യുദയകാംക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യം 1920 ല്‍ സ്ഥാപിച്ച പാര്‍ട്ടിക്ക് അതിന്റെ ലക്ഷ്യമായ സോഷ്യലിസം കൈവരിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്നാണ്. ചൈനയിലും വിയറ്റ്നാമിലും കൊറിയയിലും ഏതാണ്ട് ഇതേസമയത്ത് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇത് സംഭവിക്കാത്തതിന്റെ കാരണമെന്താണ്. സമര്‍പ്പണത്തിന്റെയോ ത്യാഗത്തിന്റെയോ കുറവാണ് എന്നതല്ല ഉത്തരം.  രാജ്യത്തിന്റെ മോചനത്തിനുവേണ്ടിയും തൊഴിലാളി വര്‍ഗ്ഗത്തെ ചൂഷണംചെയ്യുന്ന വര്‍ഗ്ഗത്തിനെതിരായും കര്‍ഷക ജനസാമാന്യത്തിന്റേയും മര്‍ദ്ദിതരായ ഇതര ജനകോടികളുടേയും പ്രതിരോധത്തിനായും അനുഷ്ഠിച്ച ബൃഹത്തായ ത്യാഗങ്ങളുടേയും വന്‍തോതിലുള്ള വര്‍ഗ്ഗസമരങ്ങളുടേയും അഭിമാനാര്‍ഹമായ ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. അവര്‍ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഒന്നാംതരം പാരമ്പര്യമാണ് പ്രതിനിധാനം ചെയ്യുന്നത്.

മാര്‍ക്സിസം-ലെനിനിസം ഒരു ക്രിയാത്മക പ്രത്യയശാസ്ത്രമാണ്. മൂര്‍ത്തമായ സാഹ ചര്യങ്ങളുടെ ഭൗതിക വിശകലനമാണ് അതിന്റെ ജീവത്സത്ത. സാഹചര്യങ്ങളെ ശരിയായി വിലയിരുത്താതിരുന്നാലോ വിശകലനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമാകാതിരുന്നാലോ തെറ്റുകള്‍ സംഭവിക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സുപ്രധാനമായ പങ്കാണ് കമ്യൂണിസ്റ്റുകാര്‍ വഹിച്ചതെങ്കിലും ചൈനയിലും വിയറ്റ്നാമിലും വടക്കന്‍ കൊറിയയിലും സംഭവിച്ചതുപോലെ വിമോചന പോരാട്ടത്തിന്റെ നേതൃത്വം അവര്‍ കയ്യാളിയിരുന്നില്ല.

ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസ്വഭാവം, ഇന്ത്യന്‍ വിപ്ലവത്തിനു സ്വീകരിക്കേണ്ട പാത തുടങ്ങിയ മൂര്‍ത്ത സാഹചര്യങ്ങള്‍ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പതിറ്റാണ്ടുകളായി പലവിധ ഭിന്നിപ്പുകള്‍ക്കും ഇടയാക്കി. ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന്റെ സ്വഭാവം സംബന്ധിച്ച ശരിയായ വിശകലനത്തിലൂടെ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ വര്‍ഗ്ഗസമരത്തിലേക്ക് ആകര്‍ഷിക്കാനും അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ വലിയ കമ്യൂണിസ്റ്റു ശക്തിയായി ഉയര്‍ന്നുവരാനും സിപിഐ (എം) ന് കഴിഞ്ഞു.

പാര്‍ലമെന്ററിയും പാര്‍ലമെന്റേതരവുമായ പോരാട്ടങ്ങളെ സമന്വയിപ്പിക്കുക വഴി രാഷ്ട്രീയ ഗതിവിഗതികളെ നിര്‍ണ്ണായകമായി സ്വാധീനിക്കാനും രാജ്യത്ത് ഇടതുപക്ഷസര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനും സിപിഐ (എം) നു കഴിഞ്ഞു. കേരളത്തിലെ 1957 ലെ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കും തുടര്‍ന്ന് സിപിഐ(എം) നേതൃത്വത്തില്‍ ത്രിപുരയില്‍ ഉയര്‍ന്നു വന്ന ഇടതുപക്ഷ സര്‍ക്കാ രിനും പുറമേ ഇന്ത്യന്‍ പാര്‍ലമെന്റിലെ പങ്കാളിത്തവും ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിണാമത്തിന് സാര്‍ത്ഥകമായ സംഭാവനകള്‍ നല്കി.

എന്നിരുന്നാലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി സിപിഐ(എം) ന്റെ പാര്‍ലമെന്ററി സ്വാധീനം കുറയുകയുണ്ടായി. വലതുപക്ഷ രാഷ്ട്രീയത്തോട് അങ്ങേയറ്റം സന്ധിയില്ലാത്ത രാഷ്ട്രീയ ശത്രുവെന്ന നിലയില്‍ വലതുപക്ഷ രാഷ്ട്രീയ ആക്രമണം മുഖ്യമായും കമ്യൂണിസ്റ്റുകാരെയാണ് ലക്ഷ്യംവയ്ക്കുന്നത്. കായികമായ ആക്രമണം, അടിച്ചമര്‍ത്തല്‍ എന്നിവയിലൂടെ അക്രമത്തിന്റേയും ഭീകരതയുടേതുമായ ഒരു രാഷ്ട്രീയ സംസ്കാരത്തിലൂടെയാണത് നടപ്പാക്കപ്പെട്ടത്. ബംഗാളിലും തുടര്‍ന്ന് ത്രിപുരയിലും ഇതാണ് സംഭവിച്ചതെങ്കില്‍ കേരളത്തിലെ ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വിജയത്തിലെത്താത്ത പരിശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഇക്കാലയളവില്‍ മുഖ്യമായും തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിലെ പ്രധാന ശക്തി സിപിഐ(എം) ആയിരുന്നു. പൊതുസംവാദത്തില്‍ നിന്നും മായ്ക്കാന്‍ കഴിയാത്തവിധം വിവിധങ്ങളായ വിഷയങ്ങളെ ദേശീയ അജണ്ടകളിലേക്ക് കൊണ്ടുവരാനും നിലനിര്‍ത്താനും ഇടയാക്കിയത് ഈ പോരാട്ടങ്ങളാണ്.

 

ഇന്നത്തെ വെല്ലുവിളികള്‍

ഊതിവീര്‍പ്പിക്കപ്പെട്ട സങ്കുചിത വര്‍ഗ്ഗീയ ദേശീയതയെ രാജ്യത്തിനും ജനങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടും രാജ്യത്തിന്റെപേരില്‍ തങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ അടക്കം അടിയറവച്ചുകൊണ്ടുള്ള ത്യാഗത്തിനു തയ്യാറാകാനാവശ്യപ്പെട്ടുകൊണ്ടുമുള്ള ആശയങ്ങള്‍ തീവ്രമായി പ്രചരിപ്പിച്ചുകൊണ്ട് ഒരു വര്‍ഗ്ഗീയ കോര്‍പ്പറേറ്റ് സഖ്യം ആധി പത്യം നേടുകയാണ്. ഈ അടുത്തകാലത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ എ) ആക്ടിനുള്ള ഭേദഗതി ലോകസഭ പരിഗണിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി ഗര്‍ജ്ജിച്ചത് ഈ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഭീകരവാദികളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നായിരുന്നു. എല്ലാ വ്യക്തികളുടെയും ജനാധിപത്യാവകാശങ്ങളേയും പൗരസ്വാതന്ത്ര്യത്തേയും പല വിധത്തില്‍ ബാധിക്കുന്നതാണ് കര്‍ക്കശമായ ഈ ഭേദഗതികള്‍. ബിജെപി സര്‍ക്കാരിനോ അതിന്റെ നയങ്ങള്‍ക്കോ എതിരായി എന്തെങ്കിലും വിയോജിപ്പു പ്രകടിപ്പിക്കുന്നത് ദേശദ്രോഹമാണെന്നപേരില്‍ അറസ്റ്റിലേക്കും തടങ്കലില്‍ പാര്‍പ്പിക്കലിലേക്കും നയിക്കപ്പെടുമെന്നതിനാല്‍ ഈ നിയമനിര്‍മ്മാണം ഒരു ഏകാധിപത്യ രാഷ്ട്രത്തി (പോലീസ് സ്റ്റേറ്റ് ) ന്റേതാണ്.

ഈയിടെ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി റദ്ദുചെയ്തത്, സംസ്ഥാനത്തെ ജനങ്ങ ളെയാകെ അടിച്ചമര്‍ത്തിയത്, ആസ്സാമിലെ ദേശീയ പൗരത്വ പട്ടിക താറുമാറാക്കിയത്, അത് ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്, മതത്തെ അടിസ്ഥാനമാക്കിയും മുസ്ലീങ്ങളെ ഒഴിവാക്കിയും ഇന്ത്യന്‍ പൗരത്വം നിര്‍വചിക്കുന്ന പൗരത്വ ഭേദഗതി ബില്‍ എന്നിവയെല്ലാം തന്നെ ജനാധിപത്യ, മതേതര ഭരണഘടനാക്രമത്തിന്റെ നിലനില്പുതന്നെ ഇന്ന് അപകടത്തിലാകുന്നതിന്റെ വ്യക്തമായ സൂചനകളാ ണ്.

ഈ വലതുപക്ഷ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെ വെല്ലുവിളി ഉയരേണ്ടത് തീര്‍ച്ചയായും ഇടതുപക്ഷത്തില്‍ നിന്നും മധ്യവര്‍ഗ്ഗ രാഷ്ട്രീയ ധ്രുവീകരണത്തിലെ ഇടതുപക്ഷത്തില്‍ നിന്നുമാണ്.

ഈ വെല്ലുവിളിയെ നേരിടാന്‍ സിപിഐ(എം) ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. നമ്മുടെ ഭരണഘടനാക്രമത്തെ സംരക്ഷിക്കുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനായി അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അനിവാര്യമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ പോരായ്മകള്‍ മറികടക്കുന്നതിമുള്ള ആവേശവും അവസരവുമായി ഈ ശതാബ്ദി ആചരണം മാറുന്നതാണ്.

മൗലാന ഹസ്രത്ത് മൊഹാനി രൂപംകൊടുത്തതും ഭഗത്സിംഗ് അനശ്വരമാക്കിയതുമായ മുദ്രാവാക്യം – ഇങ്ക്വിലാബ് സിന്ദാബാദ് – വര്‍ഗ്ഗീയതയുടെ ദേശീയ യുദ്ധ താല്പര്യം നടത്തുന്ന ഇന്നത്തെ കടന്നാക്രമണങ്ങളെ നേരിടാനുള്ള കാഹളമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും ജനകീയ ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള പോരാട്ടങ്ങളും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റവും ശക്തിപ്പെടുകയും െചയ്യും.