മാര്‍ക്സിസത്തിന്റെ ഭാവി
ഐജാസ് അഹമ്മദ്/ കെ എസ് രഞ്ജിത്
ഇടതുപക്ഷ ചിന്താധാരകള്‍ക്കും രാഷ്ട്രീയ പദ്ധതികള്‍ക്കും നവലിബറല്‍ കാലഘട്ടത്തിലെ സാംഗത്യമെന്ത്, സാമ്പത്തിക വികസന മേഖലകളില്‍ ചൈന ആര്‍ജ്ജിച്ച മുന്നേറ്റങ്ങളെ അടിസ്ഥാനപരമായി എങ്ങനെ വിലയിരുത്താനാവും, സൈദ്ധാന്തിക തലത്തില്‍ മാര്‍ക്സിസം ഇന്ന് എവിടെ നില്‍ക്കുന്നു, ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിലേക്കു ചുവടുവയ്പുകള്‍ നടത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയെ ഇടതുപക്ഷം എങ്ങനെ അഭിമുഖീകരിക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖ മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ ഐജാസ് അഹമ്മദുമായി കെ.എസ്. രഞ്ജിത്ത് നടത്തിയ സംഭാഷണം.
രഞ്ജിത്ത് - രാഷ്ട്രീയ സമ്പദ് മേഖലകളെ ഗൗരവതരമായി സമീപിക്കുന്ന ഏതൊരാളെ സംബന്ധിച്ചിടത്തോളവും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ നടന്ന മാറ്റങ്ങള്‍ അമ്പര പ്പിക്കുന്നതാണ്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ലോകരാഷ്ട്രീയം പാടെ മാറിമറിഞ്ഞു. അതേസമയം കുറഞ്ഞ ഒരു കാലയളവുകൊണ്ട് ആഗോള സാമ്പത്തിക മഹാശക്തിയായി ചൈന മാറിത്തീര്‍ന്നു. എണ്‍പതുകളുടെ അവസാനംവരെ ഏതാണ്ട് 70 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിഞ്ഞിരുന്ന ഒരു രാജ്യം എന്ന നിലയില്‍ നിന്ന് ലോകത്തിന്റെയാകെ നിര്‍മ്മാണ ഫാക്ടറിയായി മാറാനും (Manufacturing workshop of the world) കേവല ദാരിദ്ര്യത്തെ 5 ശതമാനത്തിലേക്കു കൊണ്ടുവരാനും ചൈനയ്ക്കു കഴിഞ്ഞു. ഇതേകാലയളവില്‍ വിവര വിനിമയ സാങ്കേതിക വിദ്യകളിലുണ്ടായ മാറ്റങ്ങള്‍ ഉത്പാദന സമ്പ്രദായങ്ങളെയാകെ പാടെ മാറ്റിത്തീര്‍ക്കുകയും ചെയ്തു. ഈ മാറ്റങ്ങളെ താങ്കള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്.
ഐജാസ്- താങ്കളുടെ ഈ ചോദ്യത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: ഒന്ന്, സോവിയറ്റ് യൂണിയന്റെ തിരോധാനം, രണ്ട് ചൈന, മൂന്ന് സാങ്കേതിക മേഖലയില്‍ നടന്ന മാറ്റങ്ങള്‍. ഇത് മൂന്നിനും കൂടി ഞാന്‍ ഉത്തരം പറയാന്‍ ശ്രമിച്ചാല്‍ അത് വളരെ നീണ്ടതാകും. എന്നതിനാല്‍ ആദ്യമായി ചൈനയെക്കുറിച്ചു പറയാം.
വളരെ സങ്കീര്‍ണവും വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ ഒന്നാണ് ഇന്നത്തെ ചൈന. ഒന്നാമത്, 1949 ലെ വിപ്ലവത്തില്‍ നിന്നുമുള്ള പ്രധാനപ്പെട്ട പല ഘടകങ്ങളെയും ഇന്നും ചൈന നിലനിര്‍ത്തുന്നുണ്ട്. പാര്‍ട്ടിക്ക് അതിശക്തമായ നിയന്ത്രണമുള്ള ഒരു രാഷ്ട്രമാണ് ഇന്നും ചൈന. ഭരണകൂടത്തില്‍ സമ്പൂര്‍ണ നിയന്ത്രണം പാര്‍ട്ടി (കമ്യൂണിസ്റ്റ്) ചെലുത്തുന്നുണ്ടവിടെ. രണ്ടാമത്, കേന്ദ്രീകൃതമായ ആസൂത്രണം ചൈന ഇന്നും നിലനിര്‍ത്തുകയും അതിനെ നവീനമാക്കുകയും ചെയ്തിരിക്കുന്നു. മൂന്ന്, ധനമേഖലയില്‍ (finance sector) സമ്പൂര്‍ണനിയന്ത്രണം ഭരണകൂടത്തിനാണ് എന്നതാണ്. മാത്രവുമല്ല സമ്പദ് വ്യവസ്ഥ യില്‍ വളരെ ഗണ്യമായ ഒരു ഭാഗം ഇന്നും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. നാല്, കാര്‍ഷിക മേഖലയില്‍ സ്വകാര്യ സ്വത്ത് ഇന്നും അവിടെ നിലവിലില്ല. ഇത്തരത്തില്‍ വലുതും ചെറുതുമായ നിരവധി ഘടകങ്ങള്‍ അവിടെ നിലനില്‍ക്കുന്നു. സോഷ്യലിസ്റ്റ് വിപ്ലവാനന്തര കാലയളവിലെ പഴയ കാലത്തില്‍നിന്നുള്ള ഈ ഘടകങ്ങള്‍ക്ക് ഇന്നും അതിനിര്‍ണായകമായ പ്രാധാന്യമുണ്ട്.
ധനമേഖലയില്‍ സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുള്ളതിനാല്‍, അവശ്യ മേഖലകളിലേക്ക് മൂലധനത്തെ എങ്ങനെ വേണമെങ്കിലും വഴിതിരിച്ചു വിടാന്‍ ഭരണകൂടത്തിന് കഴിയും. ഉദാഹരണത്തിന് ടിബറ്റന്‍ മേഖലയിലെ പിന്നോക്കാവസ്ഥയും പ്രാദേശിക പ്രശ്നങ്ങളും പരിഹരിക്കണം എന്ന ആവശ്യം ഉയര്‍ന്നു വന്നയുടന്‍ അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കാനുള്ള ഒരു തീരുമാനം ഭരണകൂടം കൈക്കൊണ്ടു. ഷിന്‍ജിയാങ്ങ് (Xinjiang) മേഖലക്കുവേണ്ടിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നു നടക്കുന്നു. ബീജിംഗ് നേരിടുന്ന പാരിസ്ഥിതിക പ്രശ്ശമാണ് ഇത്തരത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഭരണകൂടം വിഭവങ്ങള്‍ വഴിതിരിച്ചു വിട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കാര്യം.
അതേസമയം ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത സമ്പദ് വ്യവസ്ഥ നിലനി ല്‍ക്കുന്ന രാജ്യങ്ങളിലൊന്നുമാണ് ചൈന. അതുപോലെ വന്‍തോതിലുള്ള സാമ്പത്തികാസമത്വവും ചൈനയിലുണ്ട്. തോമസ് പിക്കറ്റി തന്റെ ഒരു ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "ഏതാണ്ട് അമേരിക്കയിലേതിനു തുല്യമായ രീതിയില്‍ അസമത്വം ചൈനയില്‍ വളരുന്നുണ്ട്.” അമേരിക്കയുടെ അത്ര സമ്പന്നമല്ല ചൈന എന്നിരിക്കിലും സാമ്പത്തിക അസമത്വം രണ്ടിടത്തും ഏതാണ്ട് തുല്യമാണ്. ദേശീയ വരുമാനത്തിന്റെ 41 ശതമാനം 10 ശതമാനം വരുന്ന വിഭാഗത്തിന്റെ കൈയ്യിലാണ്. അതേസമയം താഴെതട്ടിലുള്ള 50 ശതമാനത്തിന്റെ കൈവശം 15 ശതമാനം സമ്പത്തു മാത്രമേയുള്ളൂ. വലിയൊരു വിഭാഗം ആളുകളും ഇന്നും ദരിദ്രരായി തുടരുന്നു. താങ്കള്‍ ദാരിദ്യരേഖയെക്കുറിച്ചു പറഞ്ഞു. എന്താണതു കൊണ്ടര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലെ ദാരിദ്ര്യരേഖ 32 രൂപയാണ്. ചൈനയിലേത് ഏഴ് യുവാന്‍, അതായത് ഒരു അമേരിക്കന്‍ ഡോളര്‍. ലോകബാങ്കിന്റെ കണക്കുകളനുസരിച്ച് ദിനംപ്രതി രണ്ട് ഡോളര്‍ എന്നതാണ് ആഗോള ദാരിദ്ര്യരേഖ. അമേരിക്കയിലെ ദാരിദ്ര്യരേഖ ദിനംപ്രതി 45 ഡോളര്‍ എന്നതാണ്. ഇതില്‍ നമ്മള്‍ ഏതു ദാരിദ്ര്യരേഖയെ കുറിച്ചാണ് സംസാരിക്കുന്നത്. ചൈനീസ് ജനതയില്‍ 70 ശതമാനത്തെയും ദാരിദ്ര്യരേഖയ്ക്കു താഴെ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞു എന്നതിനര്‍ത്ഥം പ്രതിശീര്‍ഷ വരുമാനം ദിനംപ്രതി ഒരു ഡോളറിനു മുകളില്‍ കൊണ്ടു വന്നു എന്നതാണ്. 45ഡോളര്‍ എന്ന അമേരിക്കന്‍ മാനദണ്ഡമനുസരിച്ച് എത്ര പേരാണ് അവിടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്.
ഞാന്‍ പറയുന്നതിനെ തെറ്റിദ്ധരിക്കരുത്, ചൈനയുടെ നേട്ടങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. പക്ഷേ അതിനെ അതിശയോക്തിവല്‍ക്കരിക്കരുത്. ലോകത്തിന്റെ നിര്‍മാണകേന്ദ്രമായി ചൈന മാറി എന്നതു ശരിയാണ്. പക്ഷേ നിര്‍മാണ മേഖലയിലെ മൂലധനമധികവും വൈദേശികമാണ്. കുറഞ്ഞ നിരക്കില്‍ സാങ്കേതിക മികവുള്ള, അച്ചടക്കവുമുള്ളതൊഴിലാളികളെ ലഭിക്കും എന്നതുകൊണ്ടാണ് ഈ വിദേശമൂലധനം അവിടേക്ക് എത്തിച്ചേര്‍ന്നത്.
അതേസമയം ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ കരസ്ഥമാക്കി വരികയാണ്. സാങ്കേതിക വിദ്യയില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള കുത്തകയെ ചോദ്യം ചെയ്ത ഏക ലോകരാജ്യമാണവര്‍. ഇതേ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സാങ്കേതികമുന്നേറ്റവും തുടരാനും അതേസമയം ഞാന്‍ നേരത്തെ സൂചിപ്പിച്ച സോഷ്യലിസ്റ്റ് സവിശേഷതകള്‍ നിലനിര്‍ത്താനുമായാല്‍ 2050 ആകുമ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ജീവിത നിലവാരത്തെ മറികടക്കാന്‍ അവര്‍ക്കാകും. അതുപോലെ അേമരിക്കയെ മറികടക്കുന്ന ആഗോള സാമ്പത്തികശക്തിയായും അവര്‍ മാറും.
രഞ്ജിത്ത് - സാമ്പത്തിക ചരിത്രത്തെ നിരീക്ഷിച്ചാല്‍ നമുക്കു കാണാന്‍ കഴിയുന്ന ഒരു കാര്യം വളരെ കേന്ദ്രീകൃതമായ ആസൂത്രണ സമ്പദ്‌വ്യവസ്ഥകള്‍ കമ്പോളത്തെ അധിഷ്ഠിതമാക്കിയ സമീപനങ്ങള്‍ക്ക് അടുത്തകാലത്ത് വഴിമാറിയിരിക്കുന്നു എന്നതാണ്. ചൈനയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കുക. വളരെ ശ്രദ്ധാപൂര്‍വ്വം എന്നാല്‍ ഉറച്ച ചുവടുവയ്പ്പോടെ കമ്പോള കേന്ദ്രീകൃതമായ ഉല്പാദന സംഘാടക രീതികള്‍ അവര്‍ നടപ്പിലാക്കി. ഇന്ന് ലോകത്തെ ഏറ്റവും മുന്തിയ 500 കമ്പനികള്‍ (Fortune 500 companies) എടുക്കുകയാണെങ്കില്‍ അവയില്‍ 95 എണ്ണം ചൈനയില്‍ നിന്നുള്ളതാണ്. ഇതില്‍ 85 ഉം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കെ തന്നെ തീര്‍ത്തും ലാഭാധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയും വാണിജ്യ രീതിയിലുള്ള സംഘാടനവുമാണ് ഇവയ്ക്കുള്ളത്. സമ്പദ്‌വ്യവസ്ഥയില്‍ കമ്പോളത്തിന്റെയും ഗവണ്‍മെന്റിന്റെയും ഇടപെടലില്‍ ചൈന പുലര്‍ത്തുന്ന സന്തുലിതാവസ്ഥ ലോകചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇത്തരമൊരു സമീപനത്തില്‍ നിന്ന് നമുക്ക് വിലയേറിയ പലതും പഠിക്കാനുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ? വിശേഷിച്ച്, ഒരുവശത്ത് മുതലാളിത്ത രാഷ്ട്രങ്ങള്‍ ലോകത്തെല്ലായിടത്തും വലിയ കുഴപ്പങ്ങളില്‍ അകപ്പെട്ടിരിക്കുകയും മറുവശത്ത് അതീവ കേന്ദ്രീകൃതമായ സമ്പദ് മാതൃകകള്‍ പലതും തകര്‍ന്നടിയുകയും ചെയ്ത പശ്ചാത്തലത്തില്‍.
ഐജാസ്- കേന്ദ്രീകൃതമായ ആസൂത്രണ സമ്പദ് വ്യവസ്ഥകള്‍' എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് പഴയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെയും 'വികേന്ദ്രീകൃതവും കമ്പോളാധിഷ്ഠിതവും' എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുതലാളിത്ത രാജ്യങ്ങളെയുമാണ് എന്ന് ഞാന്‍ കരുതട്ടെ. ഈ രണ്ടു സാമ്പത്തിക മാതൃകകളും തമ്മില്‍ വളരെ സമാധാനപരമായ ഒരു മത്സരക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും അതില്‍ രണ്ടാമത്തേത് മെച്ചപ്പെട്ടതായി തിരഞ്ഞെടുക്കപ്പെട്ടു എന്നുമുള്ള ധ്വനിയാണ് താങ്കളുടെ ചോദ്യത്തിന്റെ ആദ്യഭാഗത്തുള്ളത്. ഇത് ശരിയല്ല. നീണ്ടു നിന്ന സാമ്രാജ്യത്വ ചൂഷണത്തിന്റെ ഫലമായി വികസിതമുതലാളിത്ത രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതിന്മടങ്ങ് സമ്പത്ത് കൈമുതലായുള്ളവയായിരുന്നു. കടുത്ത സാമ്പത്തിക സൈനിക ആക്രമണങ്ങളെ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കമ്യൂണിസത്തെ തകര്‍ക്കാന്‍ 20-ാം നൂറ്റാണ്ടില്‍ നടന്ന ശ്രമങ്ങളില്‍ ദശലക്ഷക്കണക്കിനാള്‍ക്കാര്‍ക്കാണ് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത്. ഈ ശ്രമങ്ങളില്‍ മുതലാളിത്തം വിജയിച്ചു സോഷ്യലിസം പരാജയപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതു വ്യവസ്ഥയാണ് മികച്ചത്‌എന്ന് വിലയിരുത്തുന്നതു് ശരിയല്ല. സാമ്പത്തികമായും സൈനികമായും മുതലാളിത്തരാജ്യങ്ങള്‍ അസാമാന്യ കരുത്തുള്ളവയായിരുന്നു. അതിന്റെ ചൂഷണത്തിനായി ലോകംമുഴുവന്‍ തുറന്നു കിടക്കുകയുമായിരുന്നു.
ചൈനയുടെ വിജയത്തിന്റെ യഥാര്‍ത്ഥ അടിസ്ഥാനം സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍നിന്നുമുള്ള പലതിനെയും അത് നിലനിര്‍ത്തി എന്നുള്ളതാണ്. ഇത് ആദ്യത്തെ ചോദ്യത്തിനുത്തരമായി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെതുപോലുള്ള രാജ്യങ്ങള്‍ക്ക് ചൈനയില്‍നിന്നു പലതും പഠിക്കാനില്ലേ എന്നതാണ് താങ്കളുടെ ചോദ്യം. ഇതിന് നേരിട്ടൊരുത്തരം ബുദ്ധിമുട്ടാണ്. പഴയ വിപ്ലവ പാരമ്പര്യത്തിന്റെ പലഘടകങ്ങളും ചൈന നിലനിര്‍ത്തിയി ട്ടുണ്ട്. ആ സവിശേഷതകളൊന്നും തന്നെ ഇന്ത്യക്കില്ലാത്തതിനാല്‍ ചൈനയില്‍ നിന്നും നമുക്ക് കാര്യമായൊന്നും ഇപ്പോള്‍ പഠിക്കാനില്ല എന്നാണ് എന്റെ ഉത്തരം. ഒരുദാഹരണം ഞാന്‍ പറയാം. ചൈനയില്‍ ഇപ്പോഴും കാര്‍ഷികഭൂമിയില്‍ സ്വകാര്യ ഉടമസ്ഥതയില്ല. ഇതില്‍ നിന്നും ഇന്ത്യക്ക് പഠിക്കാനുള്ള വസ്തുതയെന്താണ്? ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് വിപ്ലവം നടക്കുകയാണെങ്കില്‍ ഒരു പക്ഷേ ചൈനയില്‍ നിന്ന് നമുക്കു പലതും പഠിക്കാനുണ്ടാവും, ആഗോള മുതലാളിത്തക്രമത്തിന്റെ ലോകത്ത് എങ്ങിനെയാണ് ഒരു വികസിതരാഷ്ട്രം, നിര്‍മ്മിച്ചെടുക്കുക എന്നത്.
കമ്പോളത്തിന്റേയും സര്‍ക്കാരിന്റെയും മിശ്രിതമായ വ്യവസ്ഥ എന്ന് താങ്കള്‍ പറഞ്ഞകാര്യം ചൈനീസ് സാമ്പത്തിക മാതൃകയില്‍ പുതുതായി ആരംഭിച്ച ഒന്നല്ല. ഒരു നൂറ്റാണ്ടിനു മുന്‍പേ തന്നെ സ്കാന്‍ഡിനേവിയന്‍ സോഷ്യല്‍ ഡമോക്രസി ഭരണകൂടവും കമ്പോളവും തമ്മിലുള്ള മിശ്രിതത്തെ സമര്‍ത്ഥമായി നടപ്പിലാക്കിയിരുന്നു. യൂറോപ്പിലെ ഒട്ടുമിക്ക സോഷ്യല്‍ ഡോമോക്രാറ്റിക് രാജ്യങ്ങളും ഇതേമാതൃക പിന്തുടര്‍ന്നിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട മൂന്നാംലോകരാജ്യങ്ങളിലെ എല്ലാ പുരോഗമന സര്‍ക്കാരുകളുടെയും പൊതുവായ സവിശേഷതയായിരുന്നു ഇത്. ഇന്ത്യയില്‍ നെഹ്റുവിന്റെ കാലഘട്ടം ഇത്തരത്തിലുള്ള ഒന്നായിരുന്നു. നമ്മുടെ എല്ലാ പ്രധാന വ്യവസായങ്ങളും ഉയര്‍ന്നു വന്നത് പൊതുമേഖലയിലാണ്. ഈ പൊതുമേഖലയെ നാമാവശേഷമാക്കുക എന്നതാണ് നിയോലിബറിലിസത്തിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്.
രഞ്ജിത്ത്- മുതലാളിത്ത ഉത്പാദന ക്രമത്തെ മാര്‍ക്സ് വിശകലനം ചെയ്യുന്നത് 200 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. അതിനുശേഷമുള്ള കാലയളവില്‍ മുതലാളിത്തത്തിന്റെ സംഘാടനരീതികളാകെ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്, ചൂഷണത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട് എന്നിരിക്കിലും. മൂലധന സമാഹരണത്തിനും, ഉടമസ്ഥതക്കും മുതലാളിത്തം ആവിഷ്കരിച്ച ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ എന്ന മാതൃക തന്നെ ഉദാഹരണം. ഈ ഒരു പുതിയ കാലഘട്ടത്തെ വിശകലം ചെയ്യുവാന്‍ പുതിയ സംവര്‍ഗങ്ങള്‍ (categories of thought) നമുക്കാവശ്യമാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ. ഈയൊരര്‍ത്ഥത്തില്‍ മാര്‍ക്ലിസത്തിന് എത്രത്തോളം വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ഐജാസ് - മാര്‍ക്സ് മുതലാളിത്തത്തെക്കുറിച്ച് എഴുതുന്ന സമയത്ത്, അമേരിക്കയിലും യൂറോപ്പിലും സുശക്തമായ സമ്പ്രദായമാണ് മുതലാളിത്തം. അമേരിക്കന്‍ നാടുകളിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള കൊളോണിയല്‍ വികസനം അന്നു നടന്നുകഴിഞ്ഞിരുന്നു. ആഗോളമായി മുതലാളിത്തം ആധിപത്യം നേടിക്കഴിഞ്ഞിരുന്നു.മുതലാളിത്തത്തെ ആദ്യമായി വിശകലനം ചെയ്യുന്നത് മാര്‍ക്സല്ല. ആദംസ്മിത്ത്, റിക്കാർഡോ തുടങ്ങിയ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്ര (classical political economy) പണ്ഡിതര്‍ ആവി ഷ്കരിച്ച സമ്പന്നമായ ചിന്താധാരയുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു മാര്‍ക്സ്. ആ ചിന്താധാരയെ ശാസ്ത്രീയമായ വിമര്‍ശനത്തിനു വിധേയമാക്കുകയാണ് മാര്‍ക്സ് ചെയ്തത്. ഇവിടെ അദ്ദേഹം രണ്ടു കാര്യങ്ങള്‍ ചെയ്തു. ക്ലാസിക്കല്‍ സമ്പദ്ശാസ്ത്രത്തിന്റെയും സമ്പദ്ഘടനയുടെ ചലനത്തിന്റെയും നിയമങ്ങള്‍ കണ്ടെത്തുകയെന്ന രീതിശാസ്ത്രപരമായ വിപ്ലവം അദ്ദേഹം നടത്തി. ഭൗതികശാസ്ത്രത്തില്‍ ന്യൂട്ടണും ഐന്‍സ്റ്റൈനും നടത്തിയ കണ്ടുപിടുത്തങ്ങള്‍ക്കു തുല്യമായിരുന്നു അത്. തന്റെ കാലഘട്ടത്തിലെ മുതലാളിത്തത്തെ അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്തു. തങ്ങളുടെ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ സവിശേഷതകളെ പില്‍ക്കാലത്തു വന്നവര്‍ക്ക് വിശകലനം ചെയ്യാന്‍ ഈ രീതിശാസ്ത്രം ഉപയോഗിക്കാവുന്നതാണ്. അതുപയോഗിച്ച് പുതിയ ആശയങ്ങളും സങ്കല്പനങ്ങളും അവര്‍ക്ക് ആവിഷ്കരിക്കാവുന്നതാണ്, പില്‍ക്കാല മുതലാളിത്തത്തിന്റെ ഘടനയും വികാസവും ഇത്തരത്തില്‍ വിലയിരുത്താവുന്നതാണ്. ഏതൊരു ശാസ്ത്രത്തെയും പോലെ മാര്‍ക്ലിസവും അതിന്റെ വികാസം തുടരും. മനുഷ്യചരിത്രത്തെ ആധാരമാക്കുന്ന ഒന്നാണത്. മനുഷ്യചരിത്രത്തിന്റെ സ്വഭാവം തന്നെ അനുസ്യൂതമായ വികാസമാണ്. നിരവധി തലമുറകളില്‍പ്പെട്ട മാര്‍ക്സിസ്റ്റ് ചിന്തകര്‍ ഇത്തരത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
രഞ്ജിത്ത് - സാമൂഹിക ശാസ്ത്രത്തിലെ ശുദ്ധ ചിന്താഗതി (puritanism in social sciences)യെയും മൂല്യനിരപേക്ഷമായ ചിന്തകളെയും (value neutral thoughts) മാര്‍ക്സ് അടിസ്ഥാനപരമായി ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യചിന്തയെ അദ്ദേഹം രാഷ്ട്രീയവല്‍ക്കരിച്ചു. സാമൂഹ്യശാസ്ത്രങ്ങളുടെ തത്വ ചിന്ത (philosophy of social sciences)സമീപകാലത്ത് വളരെ പ്രാമുഖ്യം നേടിയ ഒന്നാണ്. സാമ്പത്തികശാസ്ത്രത്തിലെ തന്നെ 'ശുദ്ധ'ചിന്തകളെ എല്ലാവരും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ മേഖലയില്‍ മാര്‍ക്സിസത്തിന് ഇന്ന് മേല്‍ക്കൈ നഷ്ടപ്പെട്ടതായി തോന്നുന്നു. മാര്‍ക്സിനു ശേഷമുണ്ടായ മാര്‍ക്സിസ്റ്റ് ചിന്തകര്‍ പലരും തുടര്‍ന്ന സങ്കുചിതവും യാന്ത്രികവുമായ മാതൃകകള്‍ ഇതിനിടയാക്കി എന്നു താങ്കള്‍ കരുതുന്നുണ്ടോ? ഉത്തരാധുനിക വിമര്‍ശനത്തിന്റെ കള്ളിയിലേക്ക് ഇവയെ എല്ലാം ഉള്‍പ്പെടുത്തി നിഷേധിച്ചു എന്നതും ശരിയാണോ?
ഐജാസ് - താങ്കളുടെ ചോദ്യം എനിക്ക് പൂര്‍ണമായും മനസ്സിലായിട്ടില്ല. ഇതുമായിബന്ധപ്പെട്ട് എനിക്കു തോന്നുന്ന ചില കാര്യങ്ങള്‍ ഞാന്‍ വിശദമാക്കാന്‍ ശ്രമിക്കാം.“സാമൂഹിക ശാസ്ത്രത്തിലെ ശുദ്ധചിന്ത' എന്നതുകൊണ്ട് താങ്കള്‍ വിവക്ഷിക്കുന്നത് എന്താണ്? (puritanism) എന്ന വാക്ക് ബ്രിട്ടനിലെ ചില മതവിഭാഗങ്ങളെ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. അതിന്റെ ചരിത്രപരത അതാണ്. മൂല്യനിരപേക്ഷമായ (value neutral thoughts) എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ജ്ഞാനോല്പാദനത്തിലെ വസ്തുനിഷ്ഠത എന്നതായിരിക്കുമല്ലോ. വസ്തുനിഷ്ഠതയെ (objectivity) മാര്‍ക്സ് ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം തത്വചിന്തയോ സാമൂഹിക ശാസ്ത്രമോ മൂല്യനിരപേക്ഷമാണ് (value neutral) എന്ന് അദ്ദേഹം കരുതിയിരുന്നുമില്ല. വസ്തുനിഷ്ഠതയില്‍ ഊന്നിനിന്നു കൊണ്ടല്ലാതെ ശാസ്ത്രീയചിന്ത അസാധ്യമാണ് എന്ന് അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തയിലെ ഏറ്റവും ഉജ്വലമായ കൃതി 'മൂലധനം' തന്നെ നിരവധി വര്‍ഷങ്ങളിലെ കഠിനവും യാതനാനിര്‍ഭരവുമായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഉത്പന്നമാണ്. ജര്‍മ്മന്‍ ആശയവാദത്തെ അദ്ദേഹം വിമര്‍ശിച്ചത് അത് ഭൗതികയാഥാര്‍ത്ഥ്യത്തില്‍ അടിയുറച്ചതല്ല എന്നതുകൊണ്ടാണ്, വസ്തുനിഷ്ഠമല്ല എന്നതിനാലാണ്.
തീര്‍ത്തും വ്യത്യസ്തമായൊരു ചിന്താസരണി മാര്‍ക്സിന്റെ ആശയങ്ങളിലുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തില്‍ പ്രാമുഖ്യം പുലര്‍ത്തുന്ന ആശയങ്ങള്‍ ആ കാലഘട്ടത്തിലെ ഭരണവര്‍ഗങ്ങളുടേതായിരിക്കും എന്ന ആശയമാണത്. ഇതിനര്‍ത്ഥം ആധിപത്യം പുലര്‍ത്തുന്ന ആശയങ്ങള്‍ മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാതുള്ള മൂല്യനിരപേക്ഷ ആശയങ്ങളല്ല (value neutral) എന്നല്ല മറിച്ച് ഭരണവര്‍ഗത്തിന്റെ നിലനില്‍പിനെ ഊട്ടിയുറപ്പിക്കാന്‍ പടച്ചുണ്ടാക്കിയതാണ് എന്നാണ്. ഈ മാര്‍ക്സിസ്റ്റ് ആശയം - അധീശത്വം പുലര്‍ത്തുന്ന പ്രത്യയശാസ്ത്രം മൂല്യരഹിതമല്ല എന്നത് - വളരെ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. വളരെ പ്രമുഖനായ ഘടനാവാദാനന്തര ചിന്തകന്‍ മിഷേല്‍ ഫൂക്കോ “അധികാര/ജ്ഞാന ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു തരത്തിലുള്ള ജ്ഞാനവും മൂല്യരഹിതമല്ല എന്നും അധികാരത്തെ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് എന്നുമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആരോഗ്യശാസ്ത്ര സമ്പ്രദായങ്ങളെയും മാനസിക ആശുപത്രികളെയും കുറിച്ചുള്ള തന്റെ പഠനങ്ങളില്‍ അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് മാനവിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ഭൗതികശാസ്ത്രങ്ങള്‍ പോലും അതുല്പാദിപ്പിക്കുന്ന വ്യവഹാരത്താല്‍ നിയന്ത്രിക്കപ്പെടുകയും രൂപീകരിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്. സാഹിത്യവും തത്വചിന്തയും സാമൂഹികശാസ്ത്രവും ചരിത്രവുമടങ്ങുന്ന വിജ്ഞാനത്തിന്റെ വിവിധ ശാഖകള്‍ പുരുഷാധിപത്യ ലോകക്രമത്തിന്റെ കൈയൊപ്പുകള്‍ പേറുന്നവയാണ് എന്ന സ്ത്രീവാദചിന്തകരുടെ വിമര്‍ശനം മുന്‍സൂചിപ്പിച്ച മാര്‍ക്സിസ്റ്റ് ആശയത്തെ ലിംഗസംബന്ധമായ നിരീക്ഷണങ്ങളിലേക്ക് ഉള്‍ക്കൊള്ളുന്നവയാണ്. അതു പോലെ തന്നെ ജാതീയ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ആശയങ്ങള്‍ പലതും സവര്‍ണജാതിക്കാരുടെ ആധിപത്യശ്രമങ്ങളെ പിന്‍പറ്റുന്നവയാണ് എന്ന ദളിത് സമീപനവും ഇത്തരത്തിലുള്ളതാണ്.
രഞ്ജിത്- പൗരാവകാശങ്ങള്‍, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ആശയങ്ങള്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തോടു കൂടി ഉണ്ടായതാണ് എന്ന് നമുക്കറിയാം. മുതലാളിത്തശക്തികളുടെ വളര്‍ച്ചയ്ക്ക് ഈ ആശയങ്ങളെ അടിസ്ഥാനമാക്കിയ സമൂഹസംഘാടനം അനിവാര്യമായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ആശയങ്ങള്‍ക്ക് പഴയ സോവിയറ്റ് മാതൃകയിലുള്ള സാമൂഹിക നിര്‍മ്മിതി വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്ന ഒരാക്ഷേപമുണ്ട്. പില്‍ക്കാലത്ത് ഇവിടങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ക്ക്, ബഹുജനപിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയാതിരുന്നതിന്റെ ഒരു കാരണമായി ഇതിനെ ചിലര്‍ ചുണ്ടിക്കാട്ടുന്നുണ്ട്. വളരെ കുഴപ്പം പിടിച്ച പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോഴും മുതലാളിത്തത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതും ഈ ആശയങ്ങള്‍ അതിന്റെ ഭാഗമായിരുന്നതിനാലാണ് എന്നും ഇവര്‍ വാദിക്കുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
പാശ്ചാത്യ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനമാണ് അരിസ്റ്റോട്ടിലിന്റെ പൊളിറ്റിക്സ് എന്ന കൃതി. ഇതില്‍ അദ്ദേഹം ഭരണ സമ്പ്രദായങ്ങളെ തരംതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനാധിപത്യവും (Democracy) പ്ലൂട്ടോക്രസിയും (plutocracy) തമ്മില്‍ കൃത്യമായി അദ്ദേഹം വ്യവഛേദിച്ചു കാട്ടുന്നുണ്ട്. ജനങ്ങള്‍ സ്വയം ഭരിക്കുന്നതിനെയാണ് ഡമോക്രസി എന്ന് അദ്ദേഹം വിളിക്കുന്നത്. സമ്പന്നരും ശക്തരുമായ ഒരു ന്യൂനപക്ഷം മഹാഭൂരിപക്ഷത്തെ അടക്കി ഭരിക്കുന്നതിനെയാണ് അദ്ദേഹം പ്ലൂട്ടോക്രസി എന്നു വിളിക്കുന്നത്. ഈയൊരു രീതിയില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ - മുതലാളിത്ത രാജ്യങ്ങളില്‍ പൊതുവേ - നിലനില്‍ക്കുന്നത് പ്ലൂട്ടോക്രസിയാണ് ഡമോക്രസിയല്ല.
യൂറോപ്പിലും വടക്കേ അമേരിക്കയിലും മുതലാളിത്തം ആധിപത്യം പുലര്‍ത്തിയതിനുശേഷം, എന്നാല്‍ ഫ്രഞ്ച് അമേരിക്കന്‍ വിപ്ലവങ്ങള്‍ക്കു മുന്‍പ്, റൂസോ മുന്നോട്ടു വെച്ച ഒരു സംഹിതയുണ്ട്- ഭൗതിക സ്വത്തുക്കളുടെ കാര്യത്തില്‍ അസമന്‍മാരായവര്‍ നിയമത്തിന്റെ മുന്‍പില്‍ ഒരിക്കലും സമന്‍മാരല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ വര്‍ഗപരമായ അന്തരങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ പണക്കാരനെയും പാവപ്പെട്ടവനെയും ഒരേ ഗണത്തില്‍ പെടുത്താനാവില്ല. ഇതു വീണ്ടും അടിവരയിടുന്നത് അരിസ്റ്റോട്ടിലീയന്‍ കാഴ്ചപ്പാടായ, ആധുനിക മുതലാളിത്ത സമൂഹങ്ങള്‍ പ്ലൂട്ടോക്രസികളാണ് ഡമോക്രസികളല്ല എന്നത്.
മുതലാളിത്തം ആവിര്‍ഭാവം ചെയ്യുന്നത് 15, 16 നൂറ്റാണ്ടുകളിലാണ്. ബോള്‍ഷെവിക് വിപ്ലവം നടക്കുന്ന കാലത്ത് ഒരു പാശ്ചാത്യ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. പുരുഷനു തുല്യമായ അവകാശം സ്ത്രീകള്‍ക്ക് നല്‍കുന്ന ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രം സോവിയറ്റു യൂണിയനാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഫ്രാന്‍സില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിക്കുന്നത് 1944 ലാണ്. വെറും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ സ്ത്രീകള്‍ക്കു വോട്ടില്‍ തുല്യാവകാശം ലഭിച്ചു. 1954 വരെ അമേരിക്കയില്‍, ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ക്ക് പേപ്പറില്‍ പോലും തുല്യമായ പൗരാവകാശങ്ങള്‍ ഇല്ലായിരുന്നു. ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ ആരോടു വേണമെങ്കിലും ചോദിച്ചു നോക്കൂ 'പൗരാവകാശം, ജനാധിപത്യം, ബഹുസ്വരത" എന്നിവ കറുത്തവര്‍ക്ക് എത്ര കണ്ട് നിഷിദ്ധമായിരുന്നു ചരിത്രത്തിലെ ഏറ്റവും വികസിതമുതലാളിത്ത സമൂഹമായ അമേരിക്കയില്‍ എന്നവര്‍ പറഞ്ഞുതരും. അതല്ലെങ്കില്‍ തെക്കേഅമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ആരോടെങ്കിലും ചോദിച്ചു നോക്കൂ, ഇന്നവര്‍ അമേരിക്കന്‍ തൊഴില്‍ സംഖ്യയുടെ 18 ശതമാനം വരും, ട്രംപിന്റെ ഫാസിസ്റ്റ് ശൗര്യംഎത്രകണ്ട് ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നു കാണാനാവും.
ഈയൊരു പശ്ചാത്തലത്തില്‍ തീര്‍ത്തും ആത്മവിശ്വാസത്തോടെ താങ്കള്‍ പറയുന്നകാര്യങ്ങളോട് “പൗരാവകാശം, ജനാധിപത്യം, ബഹുസ്വരത” എന്നിവ മുതലാളിത്തത്തിനൊപ്പം ആവിര്‍ഭവിച്ചതാണ് എന്നും മുതലാളിത്തസംഘാടനത്തിന് അവ അനിവാര്യമാണ് എന്നതിനോടും ഞാന്‍ വിയോജിക്കുന്നു.
അതുപോലെ മുതലാളിത്ത രാഷ്ട്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലും തകര്‍ന്നു പോയിട്ടില്ല എന്ന പ്രസ്താവനയോടും ഞാന്‍ വിയോജിക്കുന്നു. ഫാസിസത്തെയും നാസിസത്തെയുംകുറിച്ച് താങ്കള്‍ക്കറിവുള്ളതാണല്ലോ. ലോകത്തെ രണ്ടാമത്തെ ഏറ്റവും ശക്തമായ രാഷ്ട്രമായിരുന്നു ജര്‍മനി. സാംസ്കാരികമായും അങ്ങനെയായിരുന്നു. ഹെഗലിന്റെയും ബിഥോവന്റെയും മൊസാര്‍ട്ടിന്റെയും മാര്‍ക്സിന്റെയും നാട്. അത്തരമൊരു രാജ്യം നാസികളുടെ അധീനതയിലായത് ഒരു തകര്‍ച്ചയല്ലേ? സോവിയറ്റ് യൂണിയന്‍ ഹിറ്റ്ലര്‍ക്കെതിരെ തിരിയുന്ന സന്ദര്‍ഭത്തില്‍ യൂറോപ്പിന്റെ 90 ശതമാനവും നാസികളുടെ കൈയിലായിരുന്നു എന്ന് എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. നാസികളില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ രണ്ടു കോടി സോവിയറ്റ് പൗരന്‍മാരാണ് ജീവത്യാഗം ചെയ്തത്.
“അടിസ്ഥാന അവകാശങ്ങള്‍” (fundamental rights) എന്നതില്‍ രണ്ട് വ്യത്യസ്തസങ്കല്പങ്ങളുണ്ട്. സംസാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതപരമായ സ്വാതന്ത്ര്യം, വോട്ടവകാശത്തിനുള്ള സ്വാതന്ത്ര്യം ഇവയൊക്കെയാണ് അടിസ്ഥാന അവകാശങ്ങളായി ബൂര്‍ഷ്വാസി സങ്കല്പിക്കുന്നത്. ഹെഗലിന്റെ വലതുപക്ഷത്തിന്റെ തത്വശാസ്ത്രം (philosophy of right) എന്ന കൃതിയുടെ വിശകലനത്തില്‍ സ്വത്തവകാശത്തെ പാവനമായി കാണുന്നതിനെപ്പറ്റി മാര്‍ക്സ് പറയുന്നുണ്ട്. അടിസ്ഥാന അവകാശങ്ങളെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് സങ്കല്പമാണ് മറുവശത്ത്. സൗജന്യ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യസേവന സൗകര്യങ്ങള്‍, സൗജന്യ പാര്‍പ്പിടം, തൊഴിലിനും കൂലിക്കുമുള്ള ഉറപ്പ്, ഇല്ലായ്മയില്‍ നിന്നുള്ള സ്വാതന്ത്ര്യം, സ്വകാര്യസ്വത്തിന്റെ ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം - ഇതൊക്കെയാണ് കമ്യൂണിസ്റ്റ് സങ്കല്പത്തിലുള്ള മൗലികാവകാശങ്ങള്‍. അതിനാല്‍ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ഒരാള്‍ സംസാരിക്കുമ്പോള്‍ എന്ത് അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. താങ്കള്‍ മുന്‍പു പറഞ്ഞ ബൂര്‍ഷ്വാ അവകാശങ്ങള്‍ പ്രധാനമല്ല എന്നല്ല ഞാന്‍ പറയുന്നത്. മറ്റൊരു വിഭാഗത്തില്‍പ്പെട്ട അവകാശങ്ങള്‍ കൂടി ഉണ്ട് എന്നും അവ നടപ്പില്‍ വരുന്നതിന് കമ്യൂണിസത്തിന്റെ സ്ഥാപനവും സ്വകാര്യസ്വത്തിന്റെ ഉന്‍മൂലനവും ആവശ്യമാണ് എന്നുമാണ്.
രഞ്ജിത്ത് - നേരത്തെ സംസാരിച്ചതുപോലെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും മൗലികമായ മാറ്റങ്ങള്‍ക്കു വിധേയമായി. പാര്‍ലമെന്റില്‍ നാമമാത്രമായ സാന്നിദ്ധ്യമുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ നിന്ന് ബിജെപി ഒറ്റയ്ക്കു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി മാറി. അതേസമയം 450 എംപിമാരുണ്ടായിരുന്ന പാര്‍ട്ടി എന്ന നിലയില്‍ നിന്ന് രണ്ടു പതിറ്റാണ്ടിനിടയില്‍ 45 എംപിമാര്‍ മാത്രമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമായിരുന്ന സെക്കുലര്‍, ബഹുസ്വര സംസ്കാരങ്ങളെ പാടെ തുടച്ചുനീക്കുകയാണ് ഹിന്ദുത്വ രാഷ്ട്രനിര്‍മ്മാണ പദ്ധതി ഇന്ന്. ചുരുങ്ങിയ കാലയളവില്‍ നടന്ന ഈ മാറ്റങ്ങളെ എങ്ങനെ സിദ്ധാന്തവല്‍ക്കരിക്കാനാവും?
ഐജാസ് - ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. എന്നാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഇത് വിശദീകരിക്കുക എളുപ്പമല്ല. വളരെ സുദീര്‍ഘമായി ഇതിനെക്കുറിച്ച് ഞാന്‍ തന്നെ പലയിടത്തും ഉപന്യസിച്ചിട്ടുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയം വലിയൊരളവില്‍ അമേരിക്കവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് എനിക്കുതോന്നുന്നത്. അതിശക്തനായ ഒരു ഭരണാധികാരിയുടെ ബിംബം സൃഷ്ടിച്ചെടുക്കുക ഒരു വശത്ത്, മറുവശത്ത് ഭയവും ഹിസ്റ്റീരിയയും വളര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക.ഇതാണ് ഇന്നത്തെ തന്ത്രം. 24 x 7 ചാനലുകള്‍ക്ക് ഇന്നുള്ള സ്വാധീനം പൂര്‍ണ്ണമായും ഇതിനായി വിനിയോഗിക്കുക, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സഹായത്തോടെ ആയിരക്കണക്കിന് കോടി രൂപ ചിലവിട്ട് തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടത്തുക, ഈ അമേരിക്കന്‍ ശൈലിയിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല.
ബാബറി മസ്ജിദ് തകര്‍ക്കുക എന്ന ഫാസിസ്റ്റ് പ്രകോപനത്തോടെ ആരംഭിച്ചതാണ്. ആധുനിക ഹിന്ദുരാഷ്ട്ര നിര്‍മാണപദ്ധതി, ആര്‍എസ്‌എസിന് പരമ്പരാഗത ഫാസിസ്റ്റ് സ്വഭാവ ഗുണങ്ങള്‍ പലതും കൈമുതലായുണ്ട്.1920 കളില്‍ ഇറ്റലിയില്‍ ഇടതുപക്ഷം അന്നാട്ടിലെ ഫാസിസ്റ്റ് പാര്‍ട്ടികളേക്കാള്‍ വളരെ ശക്തരായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷം മുസോളിനി അവിടെ അധികാരത്തിലെത്തി. 1926ല്‍ ഈ സ്വാധീനം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഇടതുപക്ഷം ഏതാണ്ട് നാമാവശേഷമായി. നാസികള്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പാണിത്. ഈ ഘട്ടത്തില്‍ ഗ്രാംഷി തന്റെ പ്രിസണ്‍ നോട്ട് ബുക്കില്‍ സ്വയം ചോദിച്ച ഒരു ചോദ്യമുണ്ട്. നമ്മുടെ സമൂഹത്തിലും ചരിത്രത്തിലും ബൂര്‍ഷ്വ ദേശീയതയ്ക്ക് അനായാസ വിജയം നേടാനുള്ള എന്ത് ഘടകങ്ങളാണുള്ളത്. ഗ്രാംഷിയുടെ ജയില്‍ നോട്ടുബുക്കുകളിലെ വലിയൊരുഭാഗം ഈ വിശകലനത്തിനായി നീക്കി വെച്ചിരിക്കുകയാണ്. ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഇതേ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുയാണ്.
രഞ്ജിത്ത്- മാര്‍ക്സിസത്തിന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം കേരളം വളരെസവിശേഷമായ സ്ഥലമാണ്. ബാലറ്റു പേപ്പറിലൂടെ ജനങ്ങള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെഅധികാരത്തിലെത്തിച്ച ആദ്യസ്ഥലങ്ങളില്‍ ഒന്നാണിവിടം. ഭരണം കൈയാളിയപ്പോഴൊക്കെ വളരെ മാതൃകാപരമായ പല നടപടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ജനജീവിതത്തില്‍ വളരെ വേരോടിയിട്ടുള്ള ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൊണ്ടാവണം സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയും കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന് ആഗോളതലത്തിലുണ്ടായ സമീപകാല തിരിച്ചടികളും ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാര്യമായി സ്പര്‍ശിക്കാതെ കടന്നുപോയത്. പക്ഷേ, ഇന്ത്യാ ചരിത്രത്തില്‍ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന് നല്ല വേരോട്ടമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി നിലനിര്‍ത്താന്‍ കഴിയാതെ വന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.?
ഐജാസ് - അതെ, ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിലൂടെ സര്‍ക്കാരുണ്ടാക്കാന്‍ നിയോഗിച്ച സംസ്ഥാനമാണ് കേരളം. ഇവിടത്തെ ഇടതുപക്ഷമുന്നണി പല നിര്‍ണായക തിരഞ്ഞെടുപ്പുകളും വിജയിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം നേട്ടങ്ങള്‍ മറ്റ സംസ്ഥാനങ്ങളില്‍ നിലനിര്‍ത്താനായില്ല എന്നത് ശരിയല്ല. പശ്ചിമബംഗാളില്‍ മൂന്നു പതിറ്റാണ്ടാണ് ഇടതുപക്ഷം ഭരണം കൈയാളിയത്. അതുപോലെ തന്നെ ത്രിപുരയിലും. ഈ സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളെയും സോവിയറ്റ് തിരോധാനം ഏശിയിരുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജയാപജയങ്ങള്‍ക്ക് മറ്റ് നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണക്രമത്തിന് രാഷ്ട്രത്തെ നയിക്കാനുള്ള കെല്‍പ് എത്രയുണ്ട് എന്നതാണ് എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഘടകം.
രഞ്ജിത്ത് - സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയ്ക്കു ശേഷം ആഗോളരാഷ്ട്രീയത്തില്‍ പിടിമുറുക്കിയ നിയോലിബറലിസം ഇന്ന് ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ഇടതുപക്ഷ രാഷ്ട്രീയം ഇടക്കാലത്ത് അതിനു നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുന്ന കാഴ്ച പലയിടത്തും കാണാം. അതേസമയം ഇതിനു സമാന്തരമായി നവനാസി പ്രസ്ഥാന ങ്ങളും തീവ്ര വലതുപക്ഷ ചിന്താധാരകളും ശക്തി പ്രാപിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങ ളിലും ഇക്കൂട്ടര്‍ അധികാരത്തില്‍ വരെയെത്തി. ട്രംപും മോദിയുമൊക്കെ ഒരര്‍ത്ഥത്തില്‍ ഇതിന്റെ പ്രതിഫലനങ്ങളാണ്. എങ്ങനെയാണ് ഇടതുപക്ഷം ഈ ഘട്ടത്തെ കൈകാര്യം ചെയ്യേണ്ടത്?
ഐജാസ്- 1970 കള്‍ക്കു ശേഷം വികസിത മുതലാളിത്ത രാജ്യങ്ങള്‍ നേരിട്ട ഗുരുതരമായ മാന്ദ്യമാണ് നിയോ ലിബറലിസ്റ്റ് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്തത്. ചിലിയില്‍ അലന്‍ഡെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ അട്ടിമറിച്ചുകൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. ബ്രിട്ടനില്‍ താച്ചറിന്റെയും അമേരിക്കയില്‍ റീഗന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് നിയോലിബറല്‍ ചിന്താധാരകള്‍ക്ക് കരുത്തു പകര്‍ന്നത്. യൂറോപ്പിലെ സോഷ്യല്‍ ഡമോക്രാറ്റുകള്‍ പോലും നിയോലിബറല്‍ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. സമ്പൂര്‍ണമായും കമ്പോളാധിഷ്ഠിതമായ വ്യവസ്ഥകള്‍ സ്വീകരിക്കാന്‍ ഇവര്‍ മൂന്നാംലോക രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചു. എന്റെ അഭിപ്രായത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും ഒരു ദശകം മുന്‍പേ നിയോലിബറലിസം മുതലാളിത്തരാജ്യങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. സോവിയറ്റ് യൂണിയന്റ തിരോധാനം, നേരത്തേ തന്ന നിയോലിബറല്‍ തന്ത്രങ്ങള്‍ സ്വീകരിച്ചിരുന്ന സാമ്രാജ്യത്വത്തിന് പല രീതിയില്‍ ഗുണകരമായി. ഇതില്‍ മൂന്ന് കാര്യങ്ങള്‍ ഞാനിവിടെ വിശദീകരിക്കാം. ഇന്ന് ചരിത്രത്തില്‍ ആദ്യമായി മുതലാളിത്തം ആഗോള ഉല്പാദനക്രമത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി. അതിന്റെ ചൂഷണവലയത്തിനു പുറത്ത് ഒരു രാഷ്ട്രവുമില്ല എന്ന സ്ഥിതി സംജാതമായി. രണ്ടാമത്, വളരെ വിദ്യാസമ്പന്നരായ, ആരോഗ്യവും സാങ്കേതികശേഷിയുമുള്ള പഴയ സോഷ്യലിസ്റ്റ രാജ്യങ്ങളിലെയും സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും തൊഴിലാളിവര്‍ഗം സാമ്രാജ്യത്വ ചൂഷണത്തിന് കൈയെത്തുംദൂരത്തിലായി. മൂന്നാമത്, സാമ്രാജ്യത്വസമ്മര്‍ദ്ദങ്ങളെ നേരത്തെ ചെറുത്തു നിന്നിരുന്ന മൂന്നാംലോകരാഷ്ട്രങ്ങള്‍, സോവിയറ്റ് സാങ്കേതികവിദ്യകളും മൂലധനവും ഉപയോഗപ്പെടുത്തിയിരുന്നവര്‍, അതുപോയതോടെ സാമ്രാജ്യത്വത്തിനു വിധേയരായി.
എന്നാല്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ തകര്‍ന്നു എന്നതുകൊണ്ട് മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ അവസാനിച്ചു എന്നു കരുതേണ്ടതില്ല. കാലം ചെല്ലുംതോറും ഈ വൈരുദ്ധ്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. അതിന്റെ രാക്ഷസീയമായ നടപടികള്‍ പലതും തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ടും വിവിധ രൂപത്തിലുള്ള ഇടതുപക്ഷശക്തികള്‍ പലയിടത്തും ഉയര്‍ന്നുവരുന്നതു കൊണ്ടുമാണ് ആഗോളമുതലാളിത്തക്രമത്തിലെ വൈരുദ്ധ്യങ്ങള്‍ മൂര്‍ഛിച്ചുവരുന്നത്. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന കടുത്ത അസംതൃപ്തികളെ തീവ്രവലതുപക്ഷ-നിയോഫാസിസ്റ്റ് ഹിസ്റ്റീരിയ ആയി പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നുണ്ട്. സാമ്പത്തിക മണ്ഡലത്തില്‍ തങ്ങള്‍ക്കുണ്ടാ കുന്ന പരാജയങ്ങള്‍ മറച്ചുപിടിക്കാനാണ് ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളെ, അതും ദരിദ്രരും പിന്നോക്കക്കാരുമായവരുള്‍പ്പെടെയുള്ളവരെ, മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചുവിടുന്നത്. ഈ തിരക്കഥയുടെ വിവിധ വകഭേദങ്ങളാണ് അമേരിക്കയിലും യൂറോപ്പിലെ നിരവധി രാജ്യങ്ങളിലും അരങ്ങേറുന്നത്.
പഴയ ലോകം മരണത്തിലാകുകയും പുതിയ ഒന്ന് ഇനിയും പിറക്കാതിരിക്കുകയും ചെയ്യുന്ന രോഗഗ്രസ്തമായ അവസ്ഥയെക്കുറിച്ച് വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി സൂചിപ്പിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള വളര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. മുതലാളിത്തത്തിന് അതിന്റെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. അതേസമയം അതിനു ബദലായി പുതിയതൊന്ന് ഇനിയും ഉദയം െചയ്തിട്ടുമില്ല. ഈ വൈരുദ്ധ്യത്തില്‍ നിന്ന് പുതിയ വിപ്ലവപ്രസ്ഥാനങ്ങള്‍ തീര്‍ച്ചയായും ഉദയം ചെയ്യും.