പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ നൂറു വർഷങ്ങൾ

പ്രകാശ് കാരാട്ട്

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം മാർക്സിസം - ലെനിനിസത്തെ പ്രതിരോ ധിക്കുവാനും ഇന്ത്യൻ അവസ്ഥയിൽ ക്രിയാത്മകമായി അത് പ്രയോഗിക്കുവാനുമുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ചരിത്രമാണ്.

1920 ൽ താഷ്‌കെന്റിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപം കൊണ്ടശേഷമുള്ള ആദ്യ വർഷങ്ങളിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറ, അവരിൽ പ്രധാനി ആയിരുന്ന എം എൻ റോയ്, സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ വർഗ്ഗവീക്ഷണവും വർഗ്ഗരാഷ്ട്രീയവും മുന്നോട്ടു വെക്കാൻ ശ്രമം നടത്തി. അവർ ബ്രിട്ടീഷ് ഭരണത്തെ സാമ്രാജ്യത്വത്തിന്റെ ഭാഗമായി വിശകലനം ചെയ്യാൻ യത്നിച്ചു. സാമ്രാജ്യത്വഭരണത്തിനെതിരെയുള്ള സമരത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടെയും പങ്ക് അവർ നിർവചിച്ചു. അങ്ങനെ ചിറകു മുളച്ചിട്ടില്ലാത്ത ദേശീയ ബൂർഷ്വാസി നയിക്കുന്ന ദേശീയ സമരത്തിന് ശരിയായ സമീപനം നൽകാനായിരുന്നു അവരുടെ ശ്രമം.

ഈ പ്രക്രിയക്കിടയിൽ ചില പിശകുകളും കുറവുകളും സംഭവിച്ചിട്ടുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്നും ഉയർന്നു വരുന്ന സ്വതന്ത്രമായ തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിക്ക് - കമ്യൂണിസ്റ്റ് പാർട്ടി- അടിത്തറയിടുവാൻ പ്രത്യയശാസ്ത്രപോരാട്ടത്തിന് സാധിച്ചു. സാമ്രാജ്യത്വ വിരുദ്ധ, ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകാർ തങ്ങളുടേതായ സവിശേഷ സംഭാവനകൾ നൽകി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇടതുപക്ഷ വിഭാഗീയ ചിന്തയ്ക്കും വലതുപക്ഷ റിവിഷനി സത്തിനും എതിരെ കമ്യൂണിസ്റ്റ് പാർട്ടിക്ക് മല്ലിടേണ്ടി വന്നു. രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ ഫലമായുണ്ടായ ഇടതുപക്ഷ വിഭാഗീയ ചിന്ത 1948 നും 1950 നും ഇടയിലുള്ള ചെറിയ കാലയളവിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും റിവഷനിസ്റ്റ് പ്രവണത ആയിരുന്നു പ്രധാന ഭീഷണി. റിവിഷനിസം വർഗ്ഗ സഹകരണമുണ്ടാക്കുകയും അത് വർഗ്ഗ സമരം ദുര്‍ബലപ്പെടാൻ ഇടയാക്കുകയും ചെയ്യും. കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ റിവിഷനിസത്തിനു കാരണം സ്വാതന്ത്ര്യം ലഭിച്ച ശേഷം അധികാരത്തിലെത്തിയ ബൂർഷാസിയുടെ സ്വാധീനമാണെന്ന് കാണാൻ കഴിയും. വൻകിട ബൂർഷ്വാസി നേത്യത്വം നൽകുന്ന ദേശീയ ബൂർഷ്വാസിയെ വർഗ്ഗശത്രു ആയി കാണുവാൻ റിവിഷനിസ്റ്റ് പ്രവണത തയാറായില്ല. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എല്ലാ വർഗ്ഗങ്ങളുടെയും ഐക്യമുന്നണി ഉണ്ടായിരുന്നതു പോലെ തന്നെ അവരുമായി സഹകരിക്കണമെന്ന സമീപനമാണ് അവർക്കുണ്ടായിരുന്നത്. ബൂർഷ്വാ - ജന്മി വർഗ്ഗ പ്രത്യയശാസ്ത്ര പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഭരണവർഗ്ഗമായ കോൺഗ്രസ്സുമായി ദേശീയ തലത്തിൽ ഐക്യമുന്നണി ഉണ്ടാക്കണം എന്നതാണ് റിവിഷനിസ്റ്റ് ലൈൻ മുന്നോട്ടുവെക്കുന്ന സമീപനം.

1956 ൽ പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസിൽ ഈ പ്രവണത പൊങ്ങി വന്നു. കേന്ദ്രകമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിനെതിരെ ദേശീയതലത്തിൽ കോൺഗ്രസ്സുമായി മുന്നണി ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന ബദൽ പ്രമേയം എസ് എ ഡാങ്കെ, പി സി ജോഷി, സി രാജേശ്വര റാവു, എം എൻ ഗോവിന്ദൻ നായർ എന്നിവർ കൊണ്ടുവന്നു. ഈ പ്രമേയം പരാജയപ്പെട്ടെങ്കിലും പ്രതിനിധികളിൽ മൂന്നിൽ ഒന്ന് പേരുടെ പിന്തുണ അതിനു ലഭിച്ചു.

അന്നു മുതൽ പാർട്ടി പരിപാടി സംബന്ധിച്ച് ഉൾപ്പാർട്ടി സംഘർഷം തുടങ്ങി. ഭരണ കൂടത്തിന്റെ സ്വഭാവം, കോണ്‍ഗ്രസ്സ് പാർട്ടിയുടെ വർഗ്ഗ സ്വഭാവം, ബൂർഷ്വാസിയെക്കുറിച്ചുള്ള വിലയിരുത്തൽ, ഇന്ത്യയിലെ മുതലാളിത്ത വളർച്ചയുടെ പ്രകൃതം തുടങ്ങിയ പ്രശ്നങ്ങൾ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായി. ഇന്ത്യൻ വിപ്ലവത്തെക്കുറിച്ചുള്ള അടവും തന്ത്രവും സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾക്കു പിന്നിൽ പ്രത്യയശാസ്ത്രവ്യത്യാസങ്ങളും മാർക്സിസം - ലെനിനിസത്തിൽ നിന്നുള്ള വ്യതിചലനവും ആണുണ്ടായിരുന്നത്.

സോവിയറ്റ് യൂണിയനിലെ ഭരണ കക്ഷിയായിരുന്ന സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടി ആണ് റിവിഷനിസ്റ്റ് സമീപനത്തിന്റെ സ്രോതസ്. 1956 ലെ 20 -ാം പാർട്ടി കോണ്‍ഗ്രസ്സ് മുതൽ സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനം, (ഇന്ത്യപോലെയുള്ള രാജ്യങ്ങളിലാണ് സമാധാനപരമായ പരിവർത്തനം) അവികസിത രാജ്യങ്ങളിൽ  മുതലാളിത്തേതരമാർഗ്ഗത്തിലൂടെ സോഷ്യലിസത്തിലേക്കുള്ള വികസനം, സാമ്രാജ്യത്വവും  സോഷ്യലിസ്റ്റ് വ്യവസ്ഥയും കൂടിയുള്ള സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ആശയങ്ങൾ സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വെക്കാൻ തുടങ്ങി.

ഇത്തരത്തില്‍ മാർക്സിസം - ലെനിനിസത്തിൽ നിന്നുള്ള വ്യതിചലനങ്ങളുടെയും റിവിഷനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സ്വാധീനമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയി ലും കണ്ടുതുടങ്ങിയത്. വലതുപക്ഷ റിവിഷനിസത്തിനെതിരെയുള്ള ഉൾപ്പാർട്ടി സംഘർ ഷമാണ് പാർട്ടിയുടെ പിളർപ്പിലേക്കും സി പി ഐ എമ്മിന്റെ രൂപീകരണത്തിലേക്കും 1964 ൽ ഏഴാം പാർട്ടി കോണ്‍ഗ്രസ്സ് പുതിയ പരിപാടി അംഗീകരിക്കുന്നതിലേക്കും നയിച്ചത്.

ഇന്ത്യൻ ഭരണകൂടത്തിന്റെയും ഭരണവർഗ്ഗത്തിന്റെയും സ്വഭാവം, അവയെ എതിർക്കാൻ ആവശ്യമായ വർഗ്ഗ സഖ്യം തുടങ്ങി ദീർഘകാലമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതെല്ലാം പുതിയ പാർട്ടി പരിപാടിയിൽ പരിഹൃതമായി. പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ പാർട്ടി കോണ്‍ഗ്രസ്സ് ചർച്ച ചെയ്തില്ല. അതിനായി പ്രത്യേകം ചർച്ച ആവശ്യമാണെന്ന് തീരുമാനിച്ചു. പ്രത്യയശാസ്ത്ര പ്രശ്നം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുകയും 1968 ലെ ബർദ്വാൻ പ്ലീനത്തിൽ അവസാന തീരുമാനം ഉണ്ടാക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നടന്ന സംഘർഷങ്ങളിൽ ഏറ്റവും നിർണായകമായ ഒന്നായിരുന്നു ഇത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ഇന്ത്യക്കകത്തു മാത്രം ഒതുങ്ങി നിന്നില്ല. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്നെ അത് ബാധിച്ചു. 1960 കളുടെ ആദ്യം മുതൽ തന്നെ സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു. ഇത് പ്രധാനമായും പുതിയ യുഗത്തിന്റെ സ്വഭാവത്തെ കുറിച്ചായിരുന്നു. അതായത്, സോഷ്യലിസം ലോകത്തെ ഉയർന്നുവരുന്ന വൻശക്തി ആയിരിക്കുമ്പോൾ ലോകത്തെ പ്രധാന വൈരുധ്യങ്ങൾ, സാമ്രാജ്യത്വത്തിനെതിരായ തന്ത്രങ്ങൾ, പിന്നെ രാജ്യത്തിനകത്തു സോഷ്യലിസം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾ.

മാർക്സിസം - ലെനിനിസം പ്രയോഗിക്കുന്നത് സംബന്ധിച്ച് ബർദ്വാൻ പ്ലീനം അംഗീ കരിച്ച പ്രത്യയശാസ്ത്ര പ്രമേയം ഈ പ്രശ്നങ്ങൾ എല്ലാം അഭിസംബോധന ചെയ്യുന്നതായി രുന്നു. സുവ്യക്തമായ നിഗമനത്തിൽ എത്താൻ കഴിഞ്ഞ പ്രമേയം വലതുപക്ഷ റിവിഷനിസം സ്വീകരിച്ച മൂന്നു കാര്യങ്ങൾ - സമാധാനപരമായ സഹവർത്തിത്വം, സമാധാനപരമായ പരിവർത്തനം, സോഷ്യലിസത്തിലേക്കുള്ള പാർലമെന്ററി മാർഗ്ഗം എന്നിവ - തള്ളിക്കളയുകയും ചെയ്തു. ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട നാലു സാമൂഹ്യ വൈരുദ്ധ്യങ്ങളെക്കുറിച്ച് പ്രമേയം ശരിയായി മനസ്സിലാക്കിയിരുന്നു. ആദ്യത്തേത്, ഈ കാലഘട്ടത്തിലെ കേന്ദ്രപ്രശ്നമായ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം, രണ്ടാമത്തേത് സാമ്രാജ്യത്വ രാജ്യങ്ങൾക്കിടയിൽ തന്നെയുള്ള വൈരുധ്യം, മൂന്നാമത്തേത് സാമ്രാജ്യത്വവും ദേശീയസമരങ്ങളും പുതിയതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം. നാലാമത് മൂലധനവും അധ്വാനവും തമ്മിൽ മുതലാളിത്ത രാജ്യങ്ങളിലെ വൈരുധ്യം.

മുതലാളിത്തവും  സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യമാണ് സുപ്രധാനമെന്ന് പ്രമേയം  ഊന്നിപ്പറയുമ്പോഴും നാലു പ്രശ്നങ്ങളും വൈരുദ്ധ്യാത്മകമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്നിന് കൂടുതൽ പ്രാധാന്യം കൈവരുകയും സുപ്രധാനം ആകുകയും ചെയ്യാം. ആ ഘട്ടത്തിൽ സാമ്രാജ്യത്വവും ദേശീയ സമരവും തമ്മിലുള്ള വൈരുധ്യത്തിനായിരുന്നു പ്രാധാന്യം.

ഇത്തരത്തിൽ സാമൂഹ്യ വൈരുധ്യങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിച്ച സി പി ഐ എം, ആദ്യ വൈരുധ്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുകയും മറ്റു മൂന്നെണ്ണവും അവഗണിക്കുകയും ചെയ്തുകൊണ്ട് തെറ്റായ വീക്ഷണം സ്വീകരിച്ച സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അകന്നു നിൽക്കുകയാണുണ്ടായത്. ദേശീയ സമരവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം മാത്രമേ ഉള്ളുവെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിഭാഗീയ നിലപാടും ഇതേ വിശകലനം കൊണ്ടു തന്നെയാണ് സി പി ഐ എം തള്ളിക്കളഞ്ഞത്.

ആ കാലഘട്ടത്തിൽ സുപ്രധാന പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ സി പി ഐ എം സ്വീക രിച്ച നിലപാട് പാർട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച നിർണായക പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ ഇടപെടാ നും ശരിയായ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിഗമനങ്ങളിൽ എത്തിച്ചേരാനുമുള്ള പക്വത പാർട്ടിക്കുണ്ടെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.

സി പി ഐ പ്രതിനിധീകരിക്കുന്ന വലതുപക്ഷ റിവിഷനിസത്തെയും നക്സലിസത്തി ന്റെ തീവ്ര ഇടതുപക്ഷ സാഹസികതയെയും നേരിടുന്നതിന് പാർട്ടിക്ക് കരുത്ത് നൽകി യത് ഈ പ്രത്യയശാസ്ത്ര വ്യക്തതയാണ്. 1966 ൽ ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്ത് അവരുടെ തെറ്റായ ഇടതു സാഹസിക നിലപാടിനെതിരെ ശക്തമായി പോരാടേണ്ടി വന്നു. ഈ ഇടതു വിഭാഗീയ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്താലാണ് ഒരു വിഭാഗം സി പി ഐ (എം) ല്‍നിന്നു വിട്ടുപോയതും നക്സലൈറ്റുകൾ എന്നറിയപ്പെടുന്ന സി പി ഐ എം എൽ രൂപീകരിച്ചതും.

ഇടതുപക്ഷ വിഭാഗീയ പ്രത്യയശാസ്ത്രം സാമ്രാജ്യത്വത്തെ നിസ്സാരമായി കണ്ടു. അവ രതിനെ “കടലാസ്സ് പുലി” എന്നാണ് വിളിച്ചത്. ഇടതു സാഹസിക പ്രത്യയശാസ്ത്രം ബഹു ജനത്തെയും ബഹുജന പ്രക്ഷോഭങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കിനെയും അവഗണിച്ചു. അവർ എല്ലാ രാഷ്ട്രീയ, ബഹുജന സമരങ്ങളെയും ഒരൊറ്റ ഒന്നിലേക്ക്, സായുധ സമരത്തിലേക്ക്, ഒതുക്കി. ഇന്ത്യൻ സാഹചര്യത്തിൽ നക്സലൈറ്റുകൾ വൻകിട ബൂർഷ്വാസിയെയും അവരുടെ ശക്തിയെയും നിരാകരിക്കുകയും അവരെ ‘കോംപ്രദോർ' എന്ന് വിളിക്കുകയും ഇന്ത്യൻ ഭരണ കൂടത്തെ അട്ടിമറിക്കുവാൻ ആയുധങ്ങളെടുക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സമീപനം മൂലം സായുധ സംഘങ്ങളുടെ സാഹസിക പ്രവർത്തനങ്ങൾ മാത്രമേ നടന്നുള്ളൂ. അവർക്കു ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല.

ബർദ്വാൻ പ്ലീനത്തിനു ശേഷം ഇടതു വിഭാഗീയ നിലപാടുകൾ തള്ളിക്കളയുകയും നക്സലൈറ്റുകൾ പാർട്ടിയിൽനിന്നും വിട്ടുപോകുകയും ചെയ്തതോടെ ഇടതു വിഭാഗീയതക്കെതിരായ പോരാട്ടം ഗൗരവമായി നടത്തേണ്ടി വന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തെറ്റായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലപാടിനെതിരെ പാർട്ടി കേന്ദ്ര കമ്മിറ്റി, പ്രത്യേകിച്ചും 1969 ലെ ഒൻപതാം കോൺഗ്രസിന് ശേഷം സമഗ്രമായ വിമർശനം മുന്നോട്ടു വെച്ചു. അതിനെ അടിസ്ഥാനപ്പെടുത്തി നക്സലൈറ്റുകളുടെ ബാലിശവും സാഹസികവുമായ നിലപാടുകളെ പാർട്ടി തുറന്നു കാണിച്ചു. എഴുപതുകളുടെ ആദ്യത്തോടെ നക്സലൈറ്റുകൾ പല സംഘങ്ങളായി ഛിന്നഭിന്നമായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും അവർ കടംകൊണ്ട പല ആശയങ്ങളും പിന്നീട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഉപേക്ഷിച്ചു.

വലതു റിവിഷനിസത്തിനും ഇടതു വിഭാഗീയതയ്ക്കും എതിരെ രണ്ടു പതിറ്റാണ്ടായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സി പി ഐ (എം) രാജ്യത്തെ ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയായി മാറി.

1991 ൽ സോവിയറ്റ് യൂണിയൻ തകർന്നതും സോഷ്യലിസത്തിനേറ്റ തിരിച്ചടികളും സി പി ഐ(എ) നും ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. മിഖായേൽ ഗോർബച്ചേവിന്റെ നേതൃത്വത്തിൽ സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച റിവിഷനിസ്റ്റ് നാശോന്മുഖ നിലപാടിനെ സി പി ഐ (എം) പരസ്യമായിത്തന്നെ എതിർത്തു. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 27 -ാം പാർട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം അതീവ ഗുരുതരമായി മാർക്സിസം ലെനിനിസത്തിൽനിന്നും വ്യതിചലിക്കുകയാണെന്ന വിമർശനം സി പി ഐ (എം) ഉയർത്തി. രാഷ്ട്രീയ പ്രമേയം ബാഹ്യമായി സാമ്രാജ്യത്വവുമായും ആന്തരികമായി മുതലാളിത്ത ഘടകങ്ങളുമായും വർഗ്ഗസഹകരണത്തിനു് ആഹ്വാനം ചെയ്യുന്നതായിരുന്നു.

സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം 1992 ൽ ചേർന്ന സി പി ഐ (എ) ന്റെ പതിനാലാം പാർട്ടി കോൺഗ്രസ് പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച ഒരു പ്രമേയം അംഗീകരിച്ചു. ഇതാണ് പാർട്ടിയുടെ രണ്ടാമത്തെ സുപ്രധാനമായ പ്രത്യയശാസ്ത്ര ഇടപെ ടൽ. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർക്സിസം - ലെനിനിസത്തിൽ നിന്നുള്ള വ്യതിചലനം, സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ, പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ സോവിയറ്റ് രാജ്യത്തെയും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെയും ഉന്നത തലത്തിലേക്ക് സോഷ്യലിസത്തെ എത്തിക്കുന്നതിനുള്ള മാർഗ്ഗത്തിൽ നിന്നും വഴിമാറ്റിയത് എങ്ങനെയെന്നും പ്രമേയം ചൂണ്ടിക്കാണിച്ചു. പ്രത്യയ ശാസ്ത്ര പ്രമേയം ഊന്നിപ്പറഞ്ഞ കാര്യം സോവിയറ്റ് യൂണിയനിൽ സംഭവിച്ചത് മാർക്സിസം - ലെനിനിസത്തിന്റെ പരാജയമല്ല, മറിച്ചു മാർക്സിസ്റ്റ് - ലെനിനിസ്റ്റ് തത്ത്വങ്ങൾ തെറ്റായി പ്രയോഗിച്ചതു മൂലം ഉണ്ടായതാണെന്നാണ്. ലോകത്തു നിലനിൽക്കുന്ന നാലു സുപ്രധാന വൈരുധ്യങ്ങളുടെ പ്രാമാണ്യതയെക്കുറിച്ചും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ മെച്ചപ്പെട്ട സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുന്നതിനും സോവിയറ്റ് അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമേയം എടുത്തു പറഞ്ഞു.

ഇന്ത്യയിൽ സി പി ഐ (എം) ബൂർഷ്വാ, ജന്മിത്വ, പ്രതിലോമ സാമൂഹ്യ പ്രത്യയശാസ്ത്രങ്ങളുമായി നിരന്തരം എതിരിട്ടുകൊണ്ടിരിക്കുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ  ദൗത്യം വർഗ്ഗീയതയും ജാതി മേധാവിത്വവും പോലെയുള്ള പ്രതിലോമ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുകയും ഇല്ലാതാക്കുകയും യുക്തിയിലും സാമ്പത്തികസമത്വത്തിലും സാമൂഹ്യ വിമോചനത്തിലും അടിസ്ഥാനപ്പെടുത്തി പ്രത്യയശാസ്ത്രത്തെ വളർത്തുകയും ചെയ്യുക എന്നതാണ്. ഈ പോരാട്ടത്തിന്റെ കാതൽ, ഇന്ന്, ഹിന്ദുത്വ വർഗ്ഗീയ പ്രത്യയശാസ്ത്രത്തി നെതിരെയുള്ളതായിരിക്കുന്നു.

പ്രത്യയശാസ്ത്ര പോരാട്ടമാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ജീവശക്തി പകരുന്നത്. മനുഷ്യവിമോചനം എന്ന വീക്ഷണത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രത്യയശാസ്ത്ര പോരാട്ടം അവിഘ്നമായി തുടരേണ്ടതുണ്ട്.