കമ്യൂണിസ്റ്റ് പാര്‍ട്ടിയും കാര്‍ഷിക പ്രശ്നവും
എസ് രാമചന്ദ്രന്‍ പിള്ള
ഇന്ത്യയുടെ കാര്‍ഷിക പ്രശ്നത്തേയും അതിന് എങ്ങനെ പരിഹാരം കാണണമെന്നതി നെയും പറ്റി രൂപീകരണ കാലത്തു തന്നെ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. കാര്‍ഷിക മേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വികസിപ്പിക്കുന്നതിലും പാര്‍ട്ടി എക്കാലത്തും ശ്രദ്ധിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ പാര്‍ട്ടി നടത്തിയ ഇടപെടലുകളെ നാലു ഘട്ടങ്ങളായി വേര്‍തിരിക്കാന്‍ കഴിയും.
1. സ്വാതന്ത്ര്യ സമരകാലത്ത് നടത്തിയ ഇടപെടലുകള്‍
2. സ്വാതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്നു നടത്തിയ ഇടപെടലുകള്‍
3. മുതലാളിത്ത വികാസത്തിന്റെ ഒന്നാംഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍
4. മുതലാളിത്ത വികാസത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ 1921 ലും 1922 ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 36 ഉം 37 ഉം വാര്‍ഷിക സമ്മേളനങ്ങള്‍ ഗുജറാത്തിലെ അഹമ്മദാബാദിലും ബീഹാറിലെ ഗയയിലും ചേര്‍ന്നിരുന്നു. ഈ രണ്ട് സമ്മേളനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി രേഖകള്‍ വിതരണം ചെയ്യുകയുണ്ടായി. കാര്‍ഷിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൗലിക സമീപനം ഈ രേഖകള്‍ വ്യക്തമാക്കിയിരുന്നു.
സെമീന്ദാരി, ജാഗിര്‍ദാരി, മഹല്വാംരി, റയ്ത് വാരി എന്നീ പല പേരുകളില്‍ അറിയപ്പെടുന്ന ഭൂപ്രഭുത്വ സമ്പ്രദായങ്ങള്‍ വഴി ഇന്ത്യയിലെ കാര്‍ഷിക ജനവിഭാഗങ്ങളെ ചൂഷണം ചെയ്തിരുന്നു. ചൂഷണാടിസ്ഥാനത്തിലുള്ള ഭൂപ്രഭുത്വവും പണം പലിശയ്ക്കു നല്കുന്നവരുടെ കൊള്ളയും കാര്‍ഷിക പുരോഗതി കൈവരിക്കുന്നതിന് മുഖ്യതടസ്സങ്ങളായിരുന്നു. ഉല്പാദനം മെച്ചപ്പെടുത്താന്‍ നിക്ഷേപം നടത്താനുള്ള മിച്ചമോ അതിനുള്ള താത്പര്യമോ കുടിയാന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. കര്‍ഷക ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. പട്ടിണിമരണങ്ങള്‍ സര്‍വ്വ സാധാരണമായി. വിഷൂചിക, പ്ലേഗ്, വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പതിനായിരക്കണക്കിന് ഗ്രാമീണജനതയെ കൊന്നൊടുക്കി. വിദ്യാഭ്യാസം, ആരോഗ്യരക്ഷാ സൗകര്യങ്ങള്‍, സാംസ്കാരിക സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ഥിതി വളരെ പിന്നോക്കമായിരുന്നു.
ഭൂ പ്രഭുത്വം പ്രതിഫലം നല്കാതെ അവസാനിപ്പിച്ച് ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പണിയെടുക്കുന്ന കര്‍ഷവര്‍ക്ക് ഭൂമി സൗജന്യമായി വിതരണം ചെയ്യുക എന്നിവയായിരുന്നു പാര്‍ട്ടി മുന്നോട്ടുവെച്ച കാര്‍ഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ‘കൃഷിഭൂമി കൃഷിക്കാര്‍ക്ക് ‘ എന്നതായിരുന്നു സ്വാതന്ത്ര്യസമരകാലത്തെ മുദ്രാവാക്യം. കടം എഴുതിത്തള്ളുക, കുറഞ്ഞ പലിശയ്ക്ക് കടം നല്കുക, ആധുനിക കൃഷി സമ്പ്രദായം സ്വീകരിച്ച് ഉല്പാദന ക്ഷമതയും ഉല്പാദനവും വര്‍ദ്ധിപ്പിക്കുക, സഹകരണ പ്രസ്ഥാനം വികസിപ്പിക്കുക എന്നീയാവശ്യങ്ങളും പാര്‍ട്ടി അന്ന് ഉയര്‍ത്തുകയുണ്ടായി.
കര്‍ഷക പ്രസ്ഥാനവും കര്‍ഷകത്തൊഴിലാളി സംഘടനയും പില്കാലത്ത് ഈ ആവശ്യങ്ങളെ കാലത്തിനനുസരിച്ച് വികസിപ്പിക്കുകയുണ്ടായി.
കൃഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും സമരങ്ങളും സംഘടനകളും വളര്‍ത്തിക്കൊണ്ടുവരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലത്തും പരിശ്രമിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തെ സോഷ്യലിസ്റ്റ് സമൂഹമായി വികസിപ്പിക്കുന്നതിന്റെ മുന്‍ഉപാധിയായ ജനാധിപത്യ വിപ്ലവത്തിന്റെ അടിത്തറ വിജയകരമായ കാര്‍ഷിക വിപ്ലവമാണ്. ഭൂപ്രഭുത്വം അവസാനിപ്പിച്ച് പണിയെടുക്കുന്ന കൃഷിക്കാര്‍ക്ക് ഉത്പാദനം നടത്തുന്നതിനായി ഭൂമി വിതരണം ചെയ്യുകയാണ് കാര്‍ഷിക വിപ്ലവത്തിന്റെ ഏറ്റവും പ്രധാന കടമ. ഈ കടമ നിര്‍വ്വഹിക്കുന്നതിന് കര്‍ഷകത്തൊഴിലാളികളേയും ദരിദ്ര കര്‍ഷകരേയും കേന്ദ്രമാക്കി, ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതില്‍ താത്പര്യമുള്ള മറ്റ് എല്ലാ കാര്‍ഷിക ജനവിഭാഗങ്ങളേയും അണിനിരത്തുവാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. കാര്‍ഷിക ജനവിഭാഗങ്ങളുടെ സംഘടനകളെ പാര്‍ട്ടി അതിന്റെ പോഷകസംഘടനകളായല്ല കാണുന്നത്. അതത് ജനവിഭാഗങ്ങളുടെ സ്വതന്ത്ര ജനാധിപത്യ സംഘടനകളായാണ്. കാര്‍ഷിക ജനവിഭാഗങ്ങള്‍ അവകാശ ബോധമുള്ളവരും സംഘടിതരുമാകുന്നതിലാണ് പാര്‍ട്ടിക്ക് താത്പര്യം. പാര്‍ട്ടി അംഗങ്ങളായ കാര്‍ഷിക സംഘടനയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ ബഹുജന സംഘടനയില്‍ അടിച്ചേല്പിക്കാന്‍ ഒരിക്കലും ശ്രമിക്കുകയില്ല. കാര്‍ഷിക പ്രശ്നങ്ങളില്‍ പാര്‍ട്ടി എടുക്കുന്ന നയസമീപനങ്ങളുടെ ശാസ്ത്രീയതയും ശരിയും ബോധ്യപ്പെടുത്തുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചു പോരുന്നത്. കാര്‍ഷിക ജനവിഭാഗങ്ങളുടെ പ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കാനും പാര്‍ട്ടി നിരന്തരം ശ്രമിക്കും.
ഒരു വര്‍ഗ്ഗസംഘടനയെന്ന നിലയില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കര്‍ഷക പ്രസ്ഥാനം രൂപീകൃതമായത് 1936 ഏപ്രില്‍ 11 മുതല്‍ 13 വരെ തീയതികളില്‍ ലഖ്നൗവില്‍ ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ വെച്ചായിരുന്നു. ഇതിനു മുന്നോടിയായി 1936 ജനുവരി 15, 16 തീയതികളില്‍ മീററ്റില്‍ വെച്ച് കോണ്‍ഗ്രസ്സിലെ ഇടതുവിഭാഗക്കാരുടേയും സോഷ്യലിസ്റ്റുകളുടേയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കണമെന്ന് മീററ്റിലെ സമ്മേളനം തീരുമാനിച്ചു. വെള്ളക്കാരുടെ ആധിപത്യത്തിനെതിരായി വളര്‍ന്നുവരുന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന് ജനകീയ സ്വഭാവം നല്കേണ്ടതുണ്ട്. കര്‍ഷക ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരും സംഘടിതരുമാക്കി അണിനിരത്തിയാല്‍ മാത്രമേ ജനലക്ഷങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ അണിനിരക്കുകയുള്ളു. ഭൂപ്രഭുത്വം അവസാനിപ്പിക്കുക, പണിയെടുക്കുന്ന യഥാര്‍ത്ഥ കൃഷിക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുക, കുറഞ്ഞ പലിശയ്ക്ക് കടം നല്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്കുക, അപകടത്തില്‍ പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നഷ്ടപ്രതിഫലം നല്കുന്ന നിയമം നടപ്പിലാക്കുക, ജലസേചന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക, ഉത്പാദന വര്‍ദ്ധനവ് നേടുന്നതിന് ആധുനിക കൃഷി സമ്പ്രദായം സ്വീകരിക്കുക തുടങ്ങിയ കര്‍ഷക ജനവിഭാഗങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ആവശ്യങ്ങളും അഖിലേന്ത്യാ കിസാന്‍ സഭയുടെ രൂപീകരണ സമ്മേളനം തന്നെ അംഗീകരിച്ചിരുന്നു. കര്‍ഷക ജനവിഭാഗങ്ങളുടേയും തൊഴിലാളികളുടേയും ഐക്യത്തിനും സമ്മേളനം വമ്പിച്ച പ്രാധാന്യം നല്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്കി.
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തിമത്തായ സമരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുകയുണ്ടായി. ബംഗ്ലാദേശിന്റേയും ആസ്സാമിന്റേയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സുര്മജ താഴ്വരയിലെ കൃഷിക്കാരുടെ സമരം, ബംഗാളിലെ പാട്ടം കൃഷിക്കാരുടെ തേഭാഗ സമരം, ബീഹാറിലെ കുടിയാന്മാരുടെ ബാകാഷ്ട് സമരം, ഉത്തര്‍പ്രദേശിലെ ഔഥ് പ്രദേശത്തെ കൃഷിക്കാരുടെ സമരം, ജമ്മു-കശ്മീരിലെ കൃഷിക്കാരുടെ സമരം, പഞ്ചാബിലെ കൃഷിക്കാരുടെ സമരങ്ങള്‍, മഹാരാഷ്ട്രയിലെ വര്‍ളി പ്രദേശത്തെ ആദിവാസി ജനവിഭാഗങ്ങളുടെ സമരങ്ങള്‍, ആന്ധ്രയിലെ തെലുങ്കാന സമരം, തമിഴ് നാട്ടിലേയും കേരളത്തിലേയും കൃഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും സമരങ്ങള്‍ എന്നിവ കര്‍ഷക ജനവിഭാഗങ്ങളില്‍ ഉണരുന്ന അവകാശബോധത്തിന്റേയും സംഘടനാബോധത്തിന്റേയും പ്രതിഫലനങ്ങളായിരുന്നു. ഈ സമരങ്ങളില്‍ നിരവധി കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും രക്തസാക്ഷികളായി. വീടും ധനവും നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പോലീസിന്റേയും ഭൂപ്രഭുക്കളുടേയും ഗുണ്ടകളുടേയും മര്‍ദ്ദനമേല്ക്കേണ്ടിവന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതത്തിന്റെ മുഖ്യകാലം തടങ്കലില്‍ കഴിയേണ്ടിവന്നു.
‘കൃഷിഭൂമി കൃഷിക്കാര്‍ക്ക് ' എന്ന മുദ്രാവാക്യം നടപ്പാക്കുവാന്‍ സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സിന്റെ ഭരണാധികാരികള്‍ തയ്യാറായില്ല. സ്വാതന്ത്ര്യസമരകാലത്ത് കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുകയെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ വളര്‍ന്നു വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. ഭൂപ്രഭുത്വം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു വേണ്ടി ചില നിയമങ്ങള്‍ പാസ്സാക്കുവാന്‍ കോണ്‍ഗ്രസ്സ് ഗവണ്മെന്റുകള്‍ നിര്‍ബന്ധിതങ്ങളായി. ഒട്ടേറെ പഴുതുകള്‍ ഉള്ളതായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമങ്ങള്‍. പില്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് പ്രധാനപ്പെട്ട പ്രമേയങ്ങള്‍ ഒന്ന് 1954 ലും മറ്റൊന്ന് 1958 ലും -അംഗീകരിക്കുകയുണ്ടായി. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി 1954 ഏപ്രിലില്‍ പാസ്സാക്കിയ പ്രമേയം കാര്‍ഷിക ബന്ധങ്ങള്‍ പരിഷ്കരിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ എടുത്തുവരുന്ന നടപടികളെ വിമര്‍ശനപരമായി വിലയിരുത്തി. കാര്‍ഷിക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നതിനെപ്പറ്റി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ മുതലാളിത്ത വളര്‍ച്ചയെപ്പറ്റി പാര്‍ട്ടി അക്കാലത്തു തന്നെ ശരിയായി വിലയിരുത്തിയിരുന്നു. കര്‍ഷക തൊഴിലാളികളുടേയും സ്ത്രീകളുടേയും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അവരെ കര്‍ഷകസംഘത്തിലും കര്‍ഷകത്തൊഴിലാളി സംഘടനകളിലും അംഗങ്ങളാക്കാനുള്ള പ്രവര്‍ത്തനം ഉഷാറാക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. 1958 ല്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ പാസ്സാക്കിയ ‘കാര്‍ഷിക പ്രശ്നങ്ങളുടെ ചില വശങ്ങള്‍' എന്ന പ്രമേയം സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭൂപരിഷ്കാര നടപടികളുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി. ഫ്യൂഡല്‍ പ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളായി പരിവര്‍ത്തനം ചെയ്യുന്ന സ്വഭാവത്തിലുള്ള മുതലാളിത്തത്തിന്റെ വളര്‍ച്ച കാര്‍ഷിക മേഖലയില്‍ നടക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. സെമീന്താരി സമ്പ്രദായം നിര്‍ത്തലാക്കുന്നതിന് നിയമങ്ങള്‍ പാസ്സാക്കിയെങ്കിലും പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന നടപടി മുന്നോട്ടുപോയില്ലെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. കുടിയാന്മാര്‍ വന്‍തോതില്‍ ഒഴിപ്പിക്കപ്പെടുന്ന കാര്യം പ്രമേയം ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമങ്ങളിലെ പഴുതുകളും ഒഴിവാക്കലുകളും വഴി മിച്ചഭൂമി വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി പ്രമേയം അഭിപ്രായപ്പെട്ടു. കുടിയാന്മാരെ ഒഴിപ്പിക്കുന്ന നടപടിയെ പ്രമേയം വിമര്‍ശിച്ചു. മിച്ചഭൂമി നിര്‍ണ്ണയിക്കുന്ന സമ്പ്രദായം ഫലത്തിലൊരു പ്രഹസനം മാത്രമായി മാറി. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന ഒരു പ്രധാനപ്പെട്ട രേഖയായി 1958 ലെ നാഷണല്‍ കൗണ്‍സില്‍ പ്രമേയത്തെ കണക്കാക്കുന്നു.
1957 ല്‍ കേരളത്തില്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ രൂപീകരിച്ചു. ഭൂപരിഷ്കരണ രംഗത്ത് വിപ്ലവകരമായ നടപടികള്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ സ്വീകരിച്ചു. പിന്നീട് പലപ്പോഴും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്‍കൈയുള്ള ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ അധികാരത്തില്‍ വരികയുണ്ടായി. ഇത്തരം സര്‍ക്കാരുകളുടേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടിയംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക - കര്‍ഷകത്തൊഴിലാളി സംഘടനകളുടേയും പ്രവര്‍ത്തനഫലമായി കാര്‍ഷിക മേഖലയില്‍ പാവപ്പെട്ട ജനവിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്ന ഫലപ്രദമായ ഭൂപരിഷ്കാര നടപടികള്‍ സ്വീകരിച്ചു. 28 ലക്ഷത്തോളം കുടിയാന്മാര്‍ കൃഷിചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥരായി. അഞ്ചരലക്ഷത്തോളം കുടികിടപ്പുകാര്‍ കുടികിടക്കുന്ന ഭൂമിയുടേയും വീടിന്റേയും ഉടമകളായി. ജാതി-ജന്മി-നാടുവാഴിത്ത മേധാവിത്വത്തിന്റെ അടിവേരറുത്ത നടപടിയായാണ് സഖാവ് ഇ.എം.എസ് കേരളത്തിലെ ഭൂപരിഷ്കാര നടപടികളെ വിലയിരുത്തിയത്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ ഇടപെടലായി ഭൂപരിഷ്കാര നടപടികളെ കണക്കാക്കാം. കാര്‍ഷിക മേഖലയില്‍ പുരോഗമന പരമായ മാറ്റം കൈവരിക്കുന്നതിന് പാര്‍ട്ടിയും ഇടത് സര്‍ക്കാരും ബഹുജന സംഘടനകളും പശ്ചിമബംഗാളിലും ത്രിപുരയിലും ഇടപെടുകയുണ്ടായി.
സ്വാതന്ത്ര്യത്തിന് ശേഷം ഭരണവര്‍ഗ്ഗങ്ങള്‍ മുതലാളിത്ത വികസന തന്ത്രമാണ് ഇന്ത്യയെ ആധുനികവത്കരിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യാനന്തര കാലത്തെ മുതലാളിത്ത വളര്‍ച്ചയെ രണ്ട് ഘട്ടങ്ങളായി വേര്‍തിരിക്കാം. ഒന്ന് 1990 കള്‍ വരെ സര്‍ക്കാര്‍ നേരിട്ട് മുതലാളിത്ത വളര്‍ച്ച ആര്‍ജ്ജിച്ച ഘട്ടം. രണ്ട് - 1990 ന് ശേഷം നവഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയ ഘട്ടം. ഇക്കാലത്ത് ഗവണ്മെന്റ് സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് പിന്മാറി കാര്യങ്ങള്‍ മുതലാളിത്ത കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
1964 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായി പുനഃസംഘടിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ ബഹുജനമേഖലകളിലും പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 1967 ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി “കാര്‍ഷിക മേഖലയിലെ കടമകള്‍“ എന്ന ഒരു രേഖ അംഗീകരിച്ചു. പരിഷ്കരണ വാദത്തിനും ഇടത് തീവ്രവാദ നിലപാടുകള്‍ക്കുമെതിരെ പാര്‍ട്ടിക്ക് ഇക്കാലത്ത് ശക്തിമത്തായ പോരാട്ടം നടത്തേണ്ടിവന്നു. ഫ്യൂഡല്‍ വിരുദ്ധ സമരത്തിന്റെ കാലഘട്ടം അവസാനിച്ചതായും കാര്‍ഷിക മേഖലയില്‍ മുതലാളിത്ത വളര്‍ച്ച പൂര്‍ണ്ണമായെന്നും വലതുപക്ഷ പരിഷ്കരണവാദികള്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ തീവ്രവാദികളാവട്ടെ ഭൂപ്രഭുത്വവും അര്‍ദ്ധ ഫ്യൂഡല്‍ ബന്ധങ്ങളും മാറ്റമില്ലാതെ തുടരുന്നതായും വിലയിരുത്തി. ഗ്രാമീണ മേഖലയിലെ മുതലാളിത്ത വളര്‍ച്ച അവര്‍ അംഗീകരിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് വിലയിരുത്തലുകളും കാര്‍ഷിക മേഖലയിലെ അന്നത്തെ വസ്തുതകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഫ്യൂഡല്‍ ബന്ധങ്ങളും സ്ഥാപനങ്ങളും തുടരുന്നതോടൊപ്പം മുതലാളിത്ത വളര്‍ച്ച നടക്കുന്നുവെന്ന യാഥാര്‍ത്ഥ്യം പരിഷ്കരണവാ ദികളും ഇടതുപക്ഷ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരും അംഗീകരിച്ചിരുന്നില്ല.
കാര്‍ഷിക മേഖലയിലെ വളരുന്ന മുതലാളിത്ത ബന്ധങ്ങളെ പാര്‍ട്ടി സസൂക്ഷ്മം വില യിരുത്തി വന്നു. 1970 കളുടെ ആദ്യം മുതലാളിത്ത വളര്‍ച്ച ഉയര്‍ത്തിയ ചില പ്രശ്നങ്ങളെ ആസ്പദമാക്കി പാര്‍ട്ടിക്കുള്ളില്‍ സംവാദങ്ങള്‍ നടന്നു. ഭൂമിയുടെ പരിധി, ചെറുകിട ഭൂഉടമ സ്ഥന്മാരുടെ കീഴിലെ കുടിയാന്മാരുടെ അവകാശങ്ങള്‍, ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള കര്‍ഷകത്തൊഴിലാളികളുടെ സമരം, കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം, കാര്‍ഷിക ഉത്പന്നങ്ങളുടെ വില തുടങ്ങിയ വിഷയങ്ങളെപ്പറ്റി മുസഫര്‍പൂരില്‍ 1973 ല്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു. “ചില കാര്‍ഷിക പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം” കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഈ രേഖ, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സഹായിച്ചില്ല. ഉയര്‍ന്നു വന്ന എല്ലാ പ്രശ്നങ്ങള്‍ക്കും 1976 ല്‍ അംഗീകരിച്ച “അടവുനയ ത്തെപ്പറ്റി” എന്ന കേന്ദ്രകമ്മിറ്റി രേഖ ഉത്തരം കണ്ടു. കാര്‍ഷിക മേഖലയില്‍ സംഭവിക്കു ന്ന മുതലാളിത്ത വളര്‍ച്ചയെ ശരിയായ നിലയില്‍ വിലയിരുത്തിയ രേഖ, ഉയര്‍ത്തേണ്ട മുദ്രാവാക്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയിലെത്തിച്ചേര്‍ന്നു. ഭൂപ്രഭുത്വം അവസാനിപ്പിച്ച് ഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്രകൃഷിക്കാര്‍ക്കും വിതരണം ചെയ്യുകയെന്ന കാര്‍ഷിക വിപ്ലവ കടമ ജനാധിപത്യ വിപ്ലവഘട്ടത്തിലാകെ തുടരുമെങ്കിലും കാര്‍ഷിക മേഖലയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമങ്ങള്‍ വരുത്തിയ ഘടനാപരമായ മാറ്റങ്ങളും സംഘടനയുടെ ഇന്നത്തെ സ്ഥിതിയും കര്‍ഷക ജനവിഭാഗങ്ങളുടെ ബോധനിലവാരവും കണക്കിലെടുത്താല്‍ അത് ഇന്നൊരു പ്രചരണ മുദ്രാവാക്യം മാത്രമാണ്. ഭൂപ്രഭുക്കളുടെ ഭൂമി ഏറ്റെടുക്കുകയും വിതരണം ചെയ്യുകയും വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതോടൊപ്പം ഗ്രാമീണ തൊഴിലാളികളുടെ വേതനം, പാട്ടം കുറയ്ക്കല്‍, കടം എഴുതിത്തള്ളുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്കുക തുടങ്ങിയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കര്‍ഷക ജനവിഭാഗങ്ങളുടെ വിശാലമായ ഐക്യവും പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത 1976 ലെ കേന്ദ്ര കമ്മിറ്റി പ്രമേയം എടുത്തുപറഞ്ഞു. പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങള്‍ക്കും ഭൂപ്രഭുക്കള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തില്‍ രണ്ടുവില നല്കുകയെന്ന കാഴ്ചപ്പാടിനേയും, കര്‍ഷക തൊഴിലാളികളേയും ദരിദ്രകൃഷിക്കാരേയും ഒരുമിച്ചൊരു സംഘടനയില്‍ അണിനിരത്തി കര്‍ഷക സംഘത്തെ ഇടത്തരം കര്‍ഷകരുടേയും ധനികകര്‍ഷകരുടേയും സംഘടനയാക്കി പരിവര്‍ത്തനം ചെയ്യണമെന്നുള്ള തെറ്റായ കാഴ്ചപ്പാടിനേയും 1976 ലെ രേഖ തിരസ്ക്കരിക്കുകയുണ്ടായി. 1978 ല്‍ ജലന്ധറില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പത്താം കോണ്‍ഗ്രസ്സ്, കേന്ദ്രകമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനങ്ങളെ അംഗീകരിച്ചു. 1976 ലെ കേന്ദ്രകമ്മിറ്റി രേഖയും ജലന്ധര്‍ സമ്മേളനം എത്തിച്ചേര്‍ന്ന ധാരണകളും കര്‍ഷക പ്രസ്ഥാനവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും വളര്‍ത്തുന്നതിന് സഹായിച്ചു. കൃഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തിപ്പെട്ടു.
1991 മുതല്‍ കേന്ദ്രഗവണ്മെന്റ് നടപ്പാക്കാന്‍ തുടങ്ങിയ നവഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായി. ഭൂമിയേയും കന്നുകാലികളേയും കാര്‍ഷികോപകരണങ്ങളേയും വില്ക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. കൃഷിക്കാരുടെ കടം ഭീമമായി വളര്‍ന്നു. ആത്മഹത്യ ചെയ്യുന്ന കര്‍ഷക ജനവിഭാഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. 1993 സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ദില്ലിയില്‍ ചേര്‍ന്ന കര്‍ഷകസംഘ ത്തിന്റേയും, കര്‍ഷകത്തൊഴിലാളി യൂണിയന്റേയും അഖിലേന്ത്യാ കമ്മിറ്റികളുടെ യോഗം “ബദല്‍ കാര്‍ഷിക നയങ്ങള്‍” എന്ന രേഖ അംഗീകരിച്ചു. കാര്‍ഷക മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളെ വിലയിരുത്തി ഈ രേഖ 2003 ലും 2009 ലും വികസിപ്പിക്കുകയുണ്ടായി.
കാര്‍ഷിക മേഖലയില്‍ നവലിബറല്‍ നയങ്ങളുടെ ഫലമായി വന്ന മാറ്റങ്ങളെപ്പറ്റിപഠിക്കാന്‍ പാര്‍ട്ടി ഒരു പഠന സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയും 2015 ല്‍ കൊല്‍ക്കത്തിയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനവും പരിഗണിച്ചു. കാര്‍ഷിക രംഗത്തു സ്വീകരിക്കേണ്ട പുതിയ സമീപനങ്ങള്‍ക്ക് രൂപം നല്കി.
ഗ്രാമീണ മേഖലയില്‍ മുതലാളിത്തത്തിന്റെ വികസനത്തോടൊപ്പം നിലനില്ക്കുന്ന കാല ഹരണപ്പെട്ട സ്ഥാപനങ്ങളും സാമൂഹ്യബന്ധങ്ങളും ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്. നാട്ടിന്‍പുറങ്ങളിലുണ്ടാകുന്ന അസമമായ മുതലാളിത്ത വളര്‍ച്ച പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭൂപ്രഭുക്കളും വന്‍കിട മുതലാളിത്ത കര്‍ഷകരും കോണ്‍ട്രാ ക്ടര്‍മാരും വന്‍കിട വ്യാപാരികളും ചേര്‍ന്ന് ഗ്രാമീണ സമ്പന്ന കൂട്ടുകെട്ട് നാട്ടിന്‍പുറങ്ങളി ലെ അധീശവര്‍ഗ്ഗമായി വളര്‍ന്നു വന്നിരിക്കുന്നു. ഭൂപ്രഭു - ഗ്രാമീണ സമ്പന്ന കൂട്ടുകെട്ടിനെതിരായുള്ള പ്രക്ഷോഭത്തിന്റേയും സമരത്തിന്റേയും അടിസ്ഥാനത്തിലാണ് ഗ്രാമീണ മേഖലയിലെ വര്‍ഗ്ഗസമരം ശക്തിപ്പെടുന്നത്. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാരവത്കരണ സാമ്പത്തികനയങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളെ ആസ്പദമാക്കിയ പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഗ്രാമീണ ജനത ഇന്ന് കൂടുതല്‍ ഊര്‍ജ്ജസ്വലരാണ്. അവരുടെ പ്രക്ഷോഭങ്ങളും സമരങ്ങളും ഇന്ന് കൂടുതല്‍ ശക്തിപ്പെടുന്നുണ്ട്. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലമാക്കുകയുമാണ് പാര്‍ട്ടിയുടെ അടിയന്തര കടമ.