കമ്യൂണിസ്റ്റ് പാർട്ടി നയിച്ച സർക്കാരുകളും കേരള സമൂഹവും

പിണറായി വിജയന്‍

കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് ശക്തമായ ഇടപെടലാണ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത്. ഐക്യകേരളം എന്ന കാഴ്ചപ്പാടിന് ആശയപരമായ അടിത്തറ ഒരുക്കുകയും അതിനായി ശക്തമായ പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് പാർട്ടി സംഘടിപ്പിക്കുകയും ചെയ്തു. ഒപ്പം ഭാവികേരളം എന്തായിരിക്കണം എന്നത് സംബന്ധിച്ചുള്ള കാഴ്ചപ്പാടും മുന്നോട്ടുവച്ചു. സാമ്രാജ്യത്വവും രാജാധിപത്യവും ജന്മിത്വവും ഇല്ലാത്ത കേരളമായിരിക്കണം രൂപപ്പെടേണ്ടത് എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്.

കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് തന്നെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ഒരു വികസനരേഖ 1956 ജൂൺ 22, 23, 24 തീയതികളിൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ അംഗീകരിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് 1957 ലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനപത്രിക രൂപപ്പെടുത്തിയത്. ഈ അടിസ്ഥാനത്തിൽ പാർട്ടിക്ക് വിജയം നേടാനാവുകയും ചെയ്തു. സംസ്ഥാനത്ത് ഭരണം ലഭിച്ചാൽ ഒരു കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച മുൻധാരണകൾ ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. അത്തരത്തിൽ ലഭിക്കുന്ന അധികാരം എങ്ങനെ സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താനാവും എന്നതിന്റെ നേർസാക്ഷ്യപത്രമാണ് കേരളീയ സമൂഹത്തിന്റെ ഈ വികാസം. ഒരു കാലത്ത് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരുകളുടെ പങ്കും പ്രധാനം തന്നെ. നിലവിലുള്ള വ്യവസ്ഥയ്ക്ക് അകത്തുനിന്നുകൊണ്ട് എങ്ങനെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവും എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്.

 

ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ സംഭാവനകൾ

ഭൂപരിഷ്‌കരണം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ പുതിയ ചുവടുവെയ്പ്പിനിടയാക്കുന്ന നിയമനിർമ്മാണത്തിന് നേതൃത്വം കൊടുക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. 1957ലെ കേരളകാർഷികബന്ധ ബിൽ കേരളത്തിലെ ഭൂഉടമ-കുടിയാൻ ബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ഭൂപരിഷ്‌കരണ നിയമം ഭൂപരിഷ്‌കരണ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചു. കൃഷിഭൂമിയിൽനിന്ന് കർഷകരെ ഒഴിപ്പിക്കുന്നത് തടയാൻ ഇതുമൂലം കഴിഞ്ഞു. കുടിയാൻമാർക്ക് ഉടമസ്ഥാവകാശം നൽകുന്നതിനും കൈവശം വെയ്ക്കാവുന്ന ഭൂമിക്ക് പരിധി ഏർപ്പെടുത്തുന്നതിനും പരിധിയിൽ കവിഞ്ഞ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് അടിസ്ഥാനം കുറിച്ച നിയമമായിരുന്നു ഇത്.

ഇതോടൊപ്പം തന്നെ തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടാൻ പാടില്ല എന്ന നിലപാടും സർക്കാർ മുന്നോട്ടുവച്ചു. പോലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ അടിച്ചമർത്തിക്കൊണ്ടിരുന്ന മുതലാളിമാരുടെ താത്പര്യങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി. കൊളോണിയൽ ഉള്ളടക്കത്തോടെ നിലകൊണ്ട ഭരണയന്ത്രത്തെ ജനസൗഹാർദ്ദപരമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ചതും ജനാധിപത്യവത്ക്കരണത്തിന്റെ പുതിയ കാൽവെപ്പായി മാറി. വിദ്യാഭ്യാസ നിയമമാവട്ടെ ആ രംഗത്തെ വിപ്ലവകരമായ ചുവടുവയ്പ്പായിമാറുകയും ചെയ്തു.

വിവിധ സർവ്വകലാശാലകൾക്കായുള്ള നിയമങ്ങൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഉണർവേകി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം സൗജന്യമാക്കുന്നതിനും സാവർത്രികമാക്കുന്നതിനും ഉതകുന്ന ചുവടുവയ്പ്പുകൾ കേരളീയ സമൂഹത്തിൽ അടിത്തട്ടിൽ കിടന്നിരുന്ന ജനവിഭാഗങ്ങളൈ കൈപിടിച്ചുയർത്തുന്നതിന് ഇടയാക്കി. അധ്യാപകർക്ക് ശമ്പള സ്‌കെയിൽ നിശ്ചയിച്ച് അത് യഥാസമയം വിതരണം ചെയ്യുന്ന തിനും സർക്കാരിന് സാധ്യമായി. സാമൂഹ്യനീതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഈ സർക്കാർ നേതൃത്വം നൽകി. മലബാർ റിസർവ്വ് പോലീസ്  (എം.എസ്.പി) മുസ്ലീങ്ങളെ എടുക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ടായിരുന്നു. അതും 1957 ലെ സർക്കാർ എടുത്തു മാറ്റി. മുസ്ലീങ്ങളുടെ ആരാധനാലങ്ങൾ പണിയുവാനുള്ള നിയന്ത്രണവും എടുത്തുമാറ്റിയത് ഈ സർക്കാരിന്റെ കാലത്താണ്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് തലയുയർത്തി നിൽക്കാനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചത്.

 

കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ രൂപീകരണം

അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചപ്പോൾ സ്ഥാപിത താത്പര്യക്കാർക്ക് അത് അംഗീകരിക്കാനായില്ല. കമ്യൂണിസ്റ്റ് പാർട്ടിയെ നേരിട്ട് പരാജയപ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ വലതുപക്ഷ ശക്തികൾ ജാതി-മത ശക്തികളുമായി കൂട്ടുചേർന്ന് മുന്നോട്ടുവന്നു. കേരളരാഷ്ട്രീയത്തിലെ സുപ്രധാനമായ ധ്രുവീകരണം ഇതിന്റെ ഭാഗമായി ഉണ്ടായി. വിമോചന സമരമെന്ന പേരിലുള്ള സമരാഭാസത്തിനും ഇത് കാരണമായി. ഭൂരിപക്ഷമുണ്ടായിരുന്ന സംസ്ഥാന സർക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നിടത്തേക്ക് രാഷ്ട്രീയ സ്ഥിതിഗതികൾ എത്തിച്ചേർന്നു.

 

1967 ലെ സർക്കാർ

പിന്നീട് 1967 ലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നത്. കേരളത്തിന്റെ വികസന ചരിത്രത്തിലും ജനജീവിതത്തിലും നിർണ്ണായക സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നവിധത്തിലുള്ള പല നിയമങ്ങൾക്കും സർക്കാർ നേതൃത്വം നൽകി. ഈ സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ ബിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ മറ്റൊരു നിർണ്ണായകമായ ചുവടു വയ്പായിരുന്നു. എന്നാൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും എന്നാണ് അക്കാലത്ത്‌ കോൺഗ്രസുകാർ ഇതിനെ വിശേഷിപ്പിച്ചത്. ഈ നിയമത്തിന്റെയും ശക്തമായ സമരങ്ങളുടെയും ഫലമായി ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. കേരളത്തിന്റെ സാമൂഹ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയ നിയമമായിരുന്നു ഇത്.

കാർഷിക പരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ 1,22,981 ഹെക്ടർ ഭൂമി ഈ കാലയളവിൽ 2,99,569 കുടുംബങ്ങൾക്കായി വിതരണം ചെയ്തു. ഇതിൽ 58,923 കുടുംബങ്ങൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നവരായിരുന്നു. മൂന്ന് ദശലക്ഷത്തോളം കൈവശ കൃഷി നടത്തിയ വ്യത്യസ്ത തരത്തിലുള്ള കർഷക വിഭാഗങ്ങൾക്കും ഭൂമിയിൽ പൂർണ്ണ ഉടമസ്ഥാവകാശം നൽകി. ഈയിനത്തിലും മുൻഗണന ലഭിച്ചത് സമൂഹത്തിലെപിന്നാക്ക ജനവിഭാഗക്കാർക്കായിരുന്നു. ഇങ്ങനെ ഭൂരഹിതരായിരുന്ന ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ തോതിൽ ഭൂമി ലഭിക്കുന്നതിന് ഇത് ഇടയാക്കി. വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവത്കരണത്തിനുവേണ്ടിയുള്ള ഇടപെടലും ഈ സർക്കാരിന്റെ കാലത്താണുണ്ടാകുന്നത്. സ്‌കൂൾ പാർലമെന്റും തിരഞ്ഞെടുക്കപ്പെട്ട സെനറ്റുകളും സിൻ ഡിക്കേറ്റുകളുമെല്ലാം വരുന്നത് ഈ ഘട്ടത്തിൽ തന്നെ. ഈ സർക്കാരിന് 5 വർഷം തുടർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. മുന്നണിക്കകത്തുണ്ടായിരുന്ന ഭിന്നിപ്പായിരുന്നു അതിനുകാരണം. സി.പി.ഐയും ആർഎസ്‌പിയും പോലുള്ള കക്ഷികൾ മുന്നണി വിട്ടതിനെത്തുടർന്നാണ് ഈ സർക്കാരിന് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടിവന്നത്.

1975 ലെ ആഭ്യന്തര അടിയന്തരാവസ്ഥയും തുടർന്ന് കോൺഗ്രസ്സിന്റെ അധികാരക്കുത്തക തകർത്തുകൊണ്ടുള്ള ജനതാപാർട്ടിയുടെ അധികാരത്തിലേക്കുള്ള വരവും അഖിലേന്ത്യാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. കേരളത്തിലും അതിന്റെ അലയൊലികൾ ഉണ്ടായി. രാഷ്ട്രീയ ബന്ധങ്ങളിൽ മാറ്റം ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് 1980 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുന്നത്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാരംഗത്ത് വലിയ ചുവടുവെയ്പ്പ് സൃഷ്ടിക്കുന്നവിധം കർഷകത്തൊഴിലാളികൾക്ക് ആദ്യമായി പെൻഷൻ ഏർപ്പെടുത്തിയത് ഈ സർക്കാരാണ്. കമ്പോളങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ശക്തിപ്പെടുത്തിക്കൊണ്ട് മാവേലി സ്റ്റോറിന് തുടക്കംകുറിച്ചതും ഈ സർക്കാർ തന്നെ. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ രംഗത്തെ വലിയ കാൽവെയ്പ്പായി ഈ സംവിധാനം മാറി.

1987 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വമ്പിച്ച വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. സമ്പൂർണ്ണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചത് ഈ സർക്കാരായിരുന്നു. ക്ഷേമപെൻഷനുകളെ വിപുലപ്പെടുത്തുന്നതിനും ക്ഷേമനിധി ആനുകൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ വലിയ പങ്ക് വഹിച്ചു. കേരളത്തിന്റെ ഐടി വികസനത്തിന് ദീർഘവീക്ഷണത്തോടെ അടിത്തറയിടുന്നതിനും ഈ സർക്കാരിന് സാധ്യമായി. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് ഈ സർക്കാരാണ്.

 

ആഗോളവത്കരണവും സംസ്ഥാന ഭരണവും

ആഗോളവത്കരണ നയങ്ങൾ തീവ്രമായി നടപ്പിലാക്കാൻ പോകുന്ന ഘട്ടത്തിലാണ്  1996 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തിൽ വരുന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും ദൗർബല്യങ്ങൾ തിരുത്തുന്നതിനുമുള്ള വിപുലമായ ചർച്ചകൾ രൂപപ്പെട്ടുവന്ന കാലം കൂടിയായിരുന്നു അത്. ജനപക്ഷവികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധികാരവികേന്ദ്രീകരണ രംഗത്ത് വലിയ ചുവടുവയ്പ്പായി മാറിയ ജനകീയാസൂത്രണ പരിപാടിക്ക് രൂപം നൽകിയത് ഈ സർക്കാരാണ്. വികസനത്തിന് ജനങ്ങളെ പങ്കെടുപ്പിക്കുകയും കക്ഷി രാഷ്ട്രീയത്തിനതീതമായി അവരെ അണിനിരത്തുകയും ചെയ്യുക എന്ന വികസന കാഴ്ചപ്പാടിലേക്ക് നാടിനെ നയിച്ചത് ആ സർക്കാരായിരുന്നു. ആഗോളവത്ക്കരണ നയത്തിന്റെ കെടുതികൾ സർക്കാരിന്റെ പ്രവർത്തനത്തെ ഗൗരവകരമായി ബാധിക്കുന്ന സ്ഥിതി ഉണ്ടായി. ആഗോളവത്ക്കരണ നയങ്ങൾക്ക് എതിരെ ശക്തമായ പ്രചാരവേല നടത്തുന്ന ഘട്ടത്തിൽ കൂടിയാണ് ഇത് ഉണ്ടായത്.

 

ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്നു

ആഗോളവത്കരണ നയങ്ങൾ തീവ്രമായി നടപ്പിലാക്കപ്പെടുന്ന കാലത്ത് സംസ്ഥാന സർക്കാരുകൾ എങ്ങനെ പ്രവർത്തിക്കണമെന്നത് ഒരു പ്രധാനപ്പെട്ട പ്രശ്‌നമായി സി. പി.ഐ(എം) ന്റെ മുമ്പിൽ വന്നു. കോയമ്പത്തൂരിൽ ചേർന്ന 19-ാം പാർട്ടി കോൺഗ്രസ്സ് ഈ കാര്യം വിശദമായി ചർച്ച ചെയ്തു. ആഗോളവത്കരണ നയങ്ങൾക്ക് ബദൽ ഉയർത്തിക്കൊണ്ടുള്ള നയസമീപനങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്‌ക്കേണ്ടത് എന്ന സമീപനം കൂടി ഈ പാർട്ടി കോൺഗ്രസ്സ് മുന്നോട്ടുവച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബദൽ നയങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങളിലേക്കുകൂടിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോയത്. ബദൽ നയങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ നേതൃത്വം നൽകി. എന്തുകൊണ്ടാണ് ഒരു ഇടതുപക്ഷ സർക്കാർ ബദൽ നയങ്ങൾക്ക് വേണ്ടി പ്രയത്‌നിക്കുന്നത്. ആഗോളവത്ക്കരണ നയങ്ങൾ ദുരിതങ്ങൾ വിതക്കുമ്പോൾ പറഞ്ഞുവരുന്നത് ഈ നയങ്ങൾക്ക് ബദൽ ഇല്ല എന്നതാണ്. എന്നാൽ ഇതിന് ബദൽ സാധ്യമാണ് എന്നുകാണിച്ചുകൊണ്ട് മാത്രമേ ആഗോളവത്ക്കരണ നയങ്ങൾക്ക് എതിരായി ബഹുജനങ്ങളെ അണിനിരത്താനാവൂ. അതിന് ഒരു മാതൃകയുണ്ട് എന്ന് കാണിച്ചുകൊടുക്കാനുമാവണം. ആ നിലയിൽ ബദൽ ഉയർത്തുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമായി കാണുകയും ചെയ്യുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക, കാർഷികമേഖലയിലെ സർക്കാർ ഇടപെടൽ ഇല്ലാതാക്കുക, സാമൂഹ്യസുരക്ഷാ പദ്ധതികളിൽനിന്ന് സർക്കാർ പിന്മാറുക, ആരോഗ്യ-വിദ്യാഭ്യാസ മേഖലയെയാകെ സ്വകാര്യവൽകരിക്കുക തുടങ്ങിയ കാഴ്ചപ്പാടുകളാണ് ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഇത്തരം കാഴ്ചപ്പാടുകൾക്ക് ബദലായുള്ള നയം മുന്നോട്ടുവച്ചുകൊണ്ട് പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകൾ കേരളത്തിൽ പ്രവർത്തിച്ചു. 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

പൊതുമേഖലയെ സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷാ മേഖലയെ ശക്കിപ്പെടുത്തുക, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങൾ പരിഹരിക്കുക, കാർ ഷിക-വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുക തുടങ്ങിയ നയങ്ങളാണ് നടപ്പിലാക്കി യത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. 2009 ൽ കേരള നെയൽവയൽ നീർത്തട സംരക്ഷണം നിയമം പാസാക്കി.  2008 ൽ കേരള മത്സ്യത്തൊഴിലാളി കടാശ്വാസം പോലുള്ള നിയമനിർമ്മാണവും കൊണ്ടുവന്നു. പ്രവാസി കേരളീയരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കിയതും ഈ കാലഘട്ടത്തിലാണ്.അത്തരം നയസമീപനങ്ങൾ പൊതുവിൽ ജനങ്ങളിൽ നല്ല പ്രതികരണം ഉണ്ടാക്കി.

 

വർത്തമാനകാല സമീപനം

ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ കൂടിയാണ് പ്രവർത്തിക്കുന്നത്. അക്രമണോത്സുക വർഗീയ  അജണ്ടകൾ രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണ്. നവലിബറൽ നയങ്ങളാവട്ടെ തീവ്രമായി രാജ്യത്ത് നടപ്പിലാക്കപ്പെടുകയാണ്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളും സജീവമായി നിൽക്കുകയാണ്. മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണ് ഇത്. മുമ്പു കാലത്ത് വിഭവസമാഹരണത്തിന് സംസ്ഥാന സർക്കാരിന് നികുതി ചുമത്തുന്നതിനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാൽ ജി.എസ്‌‌.ടി. നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അവകാശങ്ങൾ തന്നെ ഇല്ലാതാവുകയും ചെയ്തു. വിഭവ സമാഹരണം തന്നെ പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയും ഇതിന്റെ ഫലമായി ഉണ്ടായിരിക്കുകയാണ്.

 

എന്താണ് ഇടതുബദൽ

ഉത്പാദനം വർദ്ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുകയും എന്നതാണ് ഇടതുപക്ഷ സമീപനം. ഉത്പാദനം വർദ്ധിക്കണമെങ്കിൽ കാർഷിക, വ്യവസായമേഖല ശക്തിപ്പെടേണ്ടതുണ്ട്. എല്ലാ മേഖലയിലും നിക്ഷേപങ്ങളും സാങ്കേതിക വിദ്യകളും കൊണ്ടുവരിക എന്നതും പ്രധാനമാണ്. ഇതിനായി പശ്ചാത്തല സൗകര്യത്തിന്റെ മേഖലയിൽ വലിയ വികസനം ഉണ്ടായേ പറ്റൂ.

എല്ലാവർക്കും നീതി ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ നയം. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യപരമായ ഒരു ജീവിതക്രമം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനുമാണ് പരിശ്രമിക്കുക. അങ്ങനെ വരുമ്പോൾ എറ്റവും നീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണന വേണ്ടിവരും. അതുകൊണ്ടാണ് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വലിയ തോതിലുള്ള പരിഗണന ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഇടതുപക്ഷ സർക്കാരിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്നതും മറ്റൊന്നുകൊണ്ടല്ല. ആഗോളവത്ക്കരണ കാലഘട്ടത്തിൽ താരതമ്യേന ദരിദ്രവത്ക്കരിക്കുന്ന എറ്റവും താഴെക്കിടയിലുള്ള 30 ശതമാനത്തിന്റെ ജീവിതത്തിന് കൈത്താങ്ങൊരുക്കുക എന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഈ നയം സമൂഹത്തിലെ എറ്റവും സാമ്പത്തികമായി പിൻനിരയിൽ നിൽക്കുന്ന വിഭാഗങ്ങളെ കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരുന്നതിന് ഇടയാക്കുന്നു.

നാടിന്റെ വികസനത്തിന് സമാധാനപരമായ ജീവിതവും സൗഹാർദ്ദപരമായ മാനുഷിക ബന്ധവും അനിവാര്യമാണ്. അത്തരത്തിലുള്ള കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കണമെങ്കിൽ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷതാ കാഴ്ചപ്പാടുകളെയും സംരക്ഷിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും പ്രധാനമാണ്. അത് മുറുകെപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതും പ്രധാനമാണ്. ലിംഗനീതിയും സമത്വവും എല്ലാ മേഖലയിലും കൊണ്ടുവരിക എന്നതും ഈ നയസമീപനത്തിന്റെ തുടർച്ചയാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ സൗഹാർദ്ദപരമായ ജീവിതം എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള ഭരണത്തിന്റെ പ്രധാന ഉപാധിയായിത്തീരുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അധികാരത്തിലിരിക്കുന്ന ഘട്ടത്തിൽ വർഗീയസംഘർഷങ്ങൾ ഉയർന്നുവരാത്തത്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാരുകളുടെ നിലപാടാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കുന്നത്. ഭരണതലത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ട് വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ഇടയാക്കുന്ന ഒരു സമീപനവും ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് മതനിരപേക്ഷ അന്തരീക്ഷം ആ ഘട്ടങ്ങളിൽ കേരളത്തിൽ ഉയർന്നുനിൽക്കുന്നത്. ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും കൂട്ടായി ഇടപെടുന്ന രീതിയും ഭരണഘടനാപരമായ മൂല്യങ്ങൾക്കായുള്ള വിശാലമായ ജനകീയ ഐക്യവും രൂപപ്പെടുന്നത് അതുകൊണ്ടുതന്നെ.

 

അടിസ്ഥാനമേഖലകളുടെ വികാസം

എല്ലാവർക്കും മികച്ച ജീവിതം ഉണ്ടാകണമെങ്കിൽ ഉത്പാദനം വർദ്ധിപ്പിക്കുക എന്നത്  പ്രധാനമാണ്. അതിന് അടിസ്ഥാനമേഖലകളായ വ്യവസായവും കൃഷിയും മെച്ചപ്പെടണം.കേരളത്തിന്റെ വികസനത്തിന്റെ പ്രധാന ദൗർബല്യമായി കണക്കാക്കപ്പെട്ടിട്ടുള്ളത് അടിസ്ഥാനമേഖലകളായ കൃഷിയും വ്യവസായവും വികസിക്കുന്നില്ല എന്നതാണ്. ഇത് പരിഹരിക്കുന്നതിനുവേണ്ടിയുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. നമ്മുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് വ്യാവസായിക മേഖലയിൽ ഇടപെടുന്നത്.

വ്യാവസായിക വളർച്ച പുതിയ വ്യവസായങ്ങൾ ആരംഭിക്കുക എന്നത് മാത്രമല്ല, മറിച്ച് നമ്മുടെ പൊതുമേഖലയുടെ സംരക്ഷണം കൂടിയാണ്. അതിൽ ഊന്നിനിന്നു കൊണ്ടുള്ള സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 163 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പ്രകൃതിദുരന്തങ്ങളുയർത്തിയ വലിയ വെല്ലുവിളികളുടെ ഘട്ടത്തിൽ പോലും ലാഭത്തിലേക്ക് കരകയറ്റാൻ കഴിഞ്ഞത് ഇടതു പക്ഷത്തിന്റെ പൊതുമേഖലാ അനുകൂല കാഴ്ച്ചപ്പാടും അഴിമതി രഹിത ഭരണവും കൊണ്ടുമാത്രമാണ്. 102 കോടി രൂപയുടെ മൊത്ത ലാഭത്തിലെത്തുന്ന നിലയിലേക്ക് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എത്തി യിട്ടുണ്ട്.

അഭ്യസ്ഥവിദ്യരുടെയും സാങ്കേതികവൈദഗ്ധ്യം നേടിയവരുടെയും തൊഴിൽ സാധ്യതകളുടെ പ്രശ്‌നം പ്രധാനപ്പെട്ടതാണ്. അത് പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത് അതിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ്. നിസാനും ഫുജിത്‌സുവും ഒക്കെ കേരളത്തിലേക്കു വന്നത് അങ്ങനെയാണ്. ഇപ്പോൾ കൊറിയയിലും ജപ്പാനിലും സന്ദർശിച്ചപ്പോൾ ഉൾപ്പെടെ ലോകത്തിന്റെ ഏതു ഭാഗത്തു പോകുമ്പോഴും കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാനും ആധുനിക വ്യവസായങ്ങൾ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

പരമ്പരാഗത വ്യവസായങ്ങളെ സാമൂഹ്യ സുരക്ഷയുടെ തലത്തിൽ തന്നെ കാണുക എന്നതും പ്രധാനമാണ്. അതിനുതകുന്ന പ്രവർത്തനമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. കയർ-കൈത്തറി-ഖാദി മേഖലയിലെ തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വർദ്ധിപ്പിച്ചത് ഇതുകൊണ്ട് കൂടിയാണ്. അസംഘടിത തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസും ഈ സർക്കാർ ഏർപ്പെടുത്തി. 

 

കാർഷികമേഖല

കൃഷിയെ തകർക്കുന്ന സമീപനം രാജ്യത്താകെ നിലനിൽക്കുമ്പോഴാണ് കേരളത്തിൽ  ബദൽ സമീപനത്തിന്റെ ഭാഗമായി കാർഷികമേഖലയിൽ കൂടുതൽ വകയിരുത്തൽ സംസ്ഥാന സർക്കാർ നടത്തുന്നത്. 1.7 ലക്ഷം ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽവയൽ  വിസ്തൃതി 2.03 ലക്ഷം ഹെക്ടറായി ഉയർന്നുകഴിഞ്ഞു. 4.4 ലക്ഷം ടൺ നെല്ല് ഉല്‍പ്പാദിപ്പിച്ച സ്ഥാനത്ത് 5.8 ലക്ഷം ടൺ നെല്ലുൽപ്പാദനമായി ഉയർന്നു. പച്ചക്കറി, പാൽ, മുട്ട എന്നിവയുടെ കാര്യത്തിൽ നാം സ്വയംപര്യാപ്തതയിൽ എത്തുന്നതിനാണ് ശ്രമിക്കുന്നത്.

 

വിദ്യാഭ്യാസ, ആരോഗ്യ മേഖല

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നം അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ സർക്കാർ നടത്തി. ഇതിന്റെ ഭാഗമായി 5 ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ വർദ്ധിച്ചത്. മാത്രമല്ല, ക്ലാസ്‌മുറികൾ ഹൈടെക് ആക്കിക്കൊണ്ട് ആധുനികസാങ്കേതികവിദ്യകളെ പഠനപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയും സ്വീകരിച്ചു. ഇതുവഴി പൊതുവിദ്യാഭ്യാസ രംഗത്തെ ആശ്രയിക്കുന്ന പാവപ്പെട്ടവർക്കും സാമൂഹ്യമായി പിന്നാക്കാവസ്ഥയിലും നിൽക്കുന്ന വിഭാഗങ്ങൾക്ക് വളർന്നുവരാനുള്ള സാഹചര്യവും ഒരുക്കിയെടുക്കാനായി.

ആരോഗ്യമേഖലയിലെ ചികിത്സകൾ ചെലവേറിയതായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുആരോഗ്യമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള നടപടികൾ  സംസ്ഥാന സർക്കാർ സ്വീകരിച്ചതോടെ പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള സാഹചര്യവും ഉയർന്നുവന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും വിദഗ്ധ ചികിത്സ ഉയർന്ന തലങ്ങളിൽ ഏർപ്പെടുത്തിക്കൊണ്ടും നടത്തിയ ഇടപെടൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്. വീടില്ലാത്തവർക്ക് വീട് നൽകുന്നതിനുള്ള ലൈഫ് പദ്ധതിയാവട്ടെ 2 ലക്ഷം പേർക്ക് വാസസ്ഥലവും  ഒരുക്കിക്കഴിഞ്ഞു. ക്ഷേമപെൻഷനുകൾ 1300 രൂപയായി വർദ്ധിപ്പിച്ച നടപടിയും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നായി മാറിയിരിക്കുകയാണ്.നിയമനനിരോധനം എന്ന നിലയിലായിരുന്നു യുഡിഎഫിന്റെ കാലമെങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു ലക്ഷത്തി മുപ്പതിനായിരം പേർക്ക് പുതുതായി നിയമനം നൽകിക്കൊണ്ട് യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു. ഇരുപതിനായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞു.

തൊഴിൽ ചെയ്ത് മുന്നോട്ടുവരുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സർക്കാർ സന്നദ്ധമായി. തൊഴിൽ നൽകാനുതകുന്ന സംരംഭകരെ സ്വാഗതം ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. അറുപതു ശതമാനം തൊഴിലിടങ്ങളിലും സർക്കാർ ഇടപെട്ട് സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചതും ഇതിന്റെ തുടർച്ചയാണ്. സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം വരെ ഉറപ്പുവരുത്തിയതും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇടപെടുന്നതും സർക്കാർ ആർക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ്.

 

സ്ത്രീകളും കുട്ടികളും

ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഉന്നമനത്തിന്‌സവിശേഷമായ  പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് തന്നെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ജൻഡർ ബജറ്റിങ് നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാന ബജറ്റിൽ സ്ത്രീകൾക്കുള്ള സ്‌കീമുകളുടെ അടങ്കൽ 1509 കോടി രൂപയായി ഉയർത്തി. ഇത് പദ്ധതി അടങ്കലിന്റെ 7.3 ശതമാനം വരും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പിങ്ക് പെട്രോൾ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കായൊരു ഹെൽപ്പ് ലൈനും ഷീ ലോഡ്ജ് പോലുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമായിട്ടുണ്ട്. സ്ത്രീകളുടെ പ്രത്യേക ബറ്റാലിയനും ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്‌ജെന്ററുകൾക്കായി ഒരു നയം തന്നെ രൂപീകരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ ജനസംഖ്യയ്ക്കാനുപാതികമായതിനേക്കാളും അധികമായി പദ്ധതി വിഹിത ഫണ്ടാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ സ്ഥിതിവിശേഷം ഇല്ല. ഭിന്നശേഷി വിഭാഗങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഏർപ്പെടുത്തിയത് ഈ സംസ്ഥാനത്താണ്. പൊതു ഇടങ്ങളും ടൂറിസ്റ്റ് സ്ഥലങ്ങളും വൈകല്യമുള്ളവർക്ക് എത്തിപ്പെടാവുന്നതരത്തിൽ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്കും സൗഹാർദപരമായ സമീപനം മുന്നോട്ടുവച്ചുകൊണ്ടും സർക്കാർ മുന്നോട്ടുപോകുകയാണ്. കേരളബാങ്ക് രൂപീകരിച്ചുകൊണ്ട് കേരളത്തിന്റേതായ ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനും സർക്കാരിന് കഴിഞ്ഞു.

 

ഭരണയന്ത്രത്തിന്റെ നവീകരണം

സർക്കാരിന്റെ നയങ്ങൾ ജനങ്ങളിലെത്തുന്നത് ഭരണയന്ത്രത്തിലൂടെയാണ്. അതിനെ ആധുനികവത്കരിക്കുന്നതിനും ജനസൗഹാർദ്ദപരമാക്കി മാറ്റുന്നതിനുമുള്ള ക്രിയാത്മകമായ ഇടപെടലും അനിവാര്യമാണ്. 1957 ലെ സർക്കാർ ഭരണപരിഷ്‌കാരത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അധികാരവികേന്ദ്രീകരണം ഉൾപ്പെടെയുള്ള കാഴ്ചപ്പാടുകൾ ശക്തിപ്പെട്ടുവന്നത് ഇതിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. അന്നു ഉയർന്നുവന്ന നിർദ്ദേശങ്ങളിലൊന്നായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണം. അത് പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നതും അഭിമാനകരമാണ്. ഭരണഭാഷ മലയാളത്തിൽ ആക്കുക എന്നത് ജനാധിപത്യവത്ക്കരണത്തിന്റെ പ്രഥമികമായ കാര്യമാണെന്ന തിരിച്ചറിവോടെയാണ് സർക്കാർ ഇടപെടുന്നത്. അതിന്റെ ഭാഗമായി കോടതി ഭാഷയുൾപ്പെടെ മലയാളമാക്കുന്നതിനുള്ള ഇടപെടലും സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്.

ശാസ്ത്രസാങ്കേതിക രംഗത്തെ വികാസത്തെ ഭരണയന്ത്രത്തിന്റെ കുതിപ്പിന് ഉപയോഗപ്പെടുത്തുന്നതിനും സർക്കാർ പരിശ്രമിക്കുകയാണ്. ഫയലുകളുടെ നീക്കം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന വിധം ഇ-ഫയലിങ് സംവിധാനം വ്യാപകമാക്കിക്കൊണ്ടും സർക്കാർ മുന്നോട്ടുപോകുകയാണ്. സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ പഞ്ചിങ് ഏർപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്നതിനും കഴിഞ്ഞിട്ടുണ്ട്. ജനകീയമായ ഭരണയന്ത്രം എന്ന കാഴ്ചപ്പാടിലേക്ക് കേരളം നടന്നടുക്കുകയാണ്.

 

പ്രോഗ്രസ് റിപ്പോർട്ട്

ജനാധിപത്യത്തിന്റെ പുതിയ മുഖങ്ങൾക്കും ഈ ഘട്ടത്തിൽ നേതൃത്വം നൽകി. അതിന്റെ എറ്റവും ഉജ്ജ്വല ഉദാഹരണമാണ് പ്രോഗ്രസ്സ് റിപ്പോർട്ടിന്റേത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നതിന് പരിശോധന നടത്തുന്ന ഈ സംവിധാനം ഒരു പുതിയ മാതൃകയ്ക്ക് തുടക്കം കുറിച്ചു.

കേരളത്തിൽ ഒന്നും നടക്കില്ല എന്നതായിരുന്നു ഇവിടെ കുറേ കാലമായി നടന്നു കൊണ്ടിരുന്ന പ്രചരണങ്ങൾ. അതിന് മാറ്റം വന്നിരിക്കുന്നു. കേരള വികസനത്തിന്റെ ദൗർബല്യങ്ങളിലൊന്നായ കാർഷിക, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. കേരളവികസനത്തിന്റെ നേട്ടങ്ങൾ വേണ്ടത്ര എത്തിപ്പെടാത്ത സ്ത്രീകൾ, മത്സ്യത്തൊഴി ലാളികൾ, പട്ടികജാതി-പട്ടികവർഗക്കാർ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ ഉത്പാദന രംഗത്ത് പ്രയോഗിക്കുന്നതിന് കഴിയുന്ന വിധം മുന്നോട്ടുപോകുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പുത്തൻ വികസനമേഖലകളായ ടൂറിസം, ഐടി തുടങ്ങിയ മേഖലയിലും വലിയ പുരോഗതി ആർജ്ജിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

അഖിലേന്ത്യാ തലത്തിൽ വർഗീയത പ്രോത്സാഹിപ്പിക്കപ്പെടുകയും ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെട്ടുവരികയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ തന്നെ തകർക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചും ഭരണഘടനാ മൂല്യങ്ങൾ മുന്നോട്ടുവച്ചും പൊരുതുന്ന സംസ്ഥാനമാക്കി കേരളത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനും കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണ് ലോകം തന്നെ ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറാനിടയാക്കിയത്. ഇത്തരമൊരു സമൂഹസൃഷ്ടിക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.