സാംസ്കാരിക പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും

എം എ ബേബി

മനുഷ്യസംസ്കാരവുമായി ബന്ധപ്പെട്ടതിലെല്ലാം താത്പര്യമെടുക്കുന്ന സംഘടന, അതിന്റെ       ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ നടക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ - ഇതാണ് സാംസ്കാരിക പ്രസ്ഥാനം എന്നതിന്റെ അര്‍ത്ഥം. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട സര്‍വ്വതും അന്തിമ വിശകലനത്തില്‍ 'സംസ്കാരത്തില്‍പ്പെടും’ എന്ന് നമുക്കറിയാം. എന്നാല്‍ ഈ അര്‍ത്ഥം സംസ്കാരത്തിന് ലഭിച്ചിട്ട് അധികകാലമായിട്ടില്ല. ഉദാഹരണത്തിന് ശബ്ദതാരാവലിയില്‍ ആദ്യം ഇതിനു നല്കിയ അര്‍ത്ഥം അന്വേഷിക്കുന്നത് കൗതുകകരമാണ്. 'ശവസംസ്കാരം, പുടംവക്കല്‍, പൂണൂല്‍ കല്യാണം, ഊര്‍ദ്ധിപുണ്ഡ്രകം' തുടങ്ങിയ രീതിയിലായിരുന്നു ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ മലയാള നിഘണ്ടുവില്‍ ആദ്യകാലത്ത് ഈ പദം വ്യാഖ്യാനിച്ചിരുന്നത്.

ഇത് ആംഗലേയ നിഘണ്ടുക്കള്‍ക്കും ബാധകമായ കാര്യമാണ്. പദങ്ങളുടെ അര്‍ത്ഥപരിണാമം സംസ്കാര പഠനത്തിന്റെ ഭാഗമാണെന്ന് നമുക്കറിയാം. സംസ്കാരം എന്ന പദത്തിന്റെ ജീവചരിത്രം ഇതിനുള്ള നല്ല ഉദാഹരണമാണ്. എന്നാല്‍ വിശദമായി അതിലേക്ക് നാം പോകുന്നില്ല. കലയും സാഹിത്യവുമടങ്ങുന്ന സാംസ്കാരികമണ്ഡലവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയിട്ടുള്ള സംഭാവനകള്‍ സംക്ഷിപ്തമായി പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതിന് പശ്ചാത്തലമായി എത്ര വിശാലമാണ് നമ്മുടെ പരിഗണനാ വിഷയമെന്ന് സൂചിപ്പിച്ചുവെന്നേയുള്ളു. ആ നിലയിലുള്ള അവലോകനവും പ്രസക്തമാണെന്ന് നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം ചൂഷണരഹിതവും വര്‍ഗ്ഗരഹിതവും ഭരണകൂടരഹിതവുമായ ഒരു നവയുഗത്തിന്റെ നിര്‍മ്മിതിയാണ്. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളി ലെന്നപോലെ സാംസ്കാരിക രംഗത്തും യുഗപ്പകര്‍ച്ച സൃഷ്ടിക്കലാണത്. ഒട്ടേറെ സങ്കീര്‍ണ്ണ വും കയറ്റിറക്കങ്ങള്‍ നിറഞ്ഞതുമായ വിമോചനത്തിന്റെ സുദീര്‍ഘ യാത്രയാണത്. വിമോചനം അനിവാര്യമാണെങ്കിലും ഋതുക്കള്‍ മാറുന്നതുപോലെ സ്വാഭാവികമായി അത് സംഭവിച്ചുകൊള്ളണമെന്നില്ല. ഋതുക്കളുടെ മാറ്റത്തില്‍ത്തന്നെ വലിയ വ്യതിചലനങ്ങള്‍ സംഭവിക്കുന്നില്ലേ? കാലാവസ്ഥാ വ്യതിയാനം പോലെ. മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതയും അശാസ്ത്രീയ അതിക്രമങ്ങളും ആഗോളതാപനം പോലെ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഋതുഭേദങ്ങള്‍ മാറിമറിയുന്നത് അങ്ങനെയാണ്. അതുപോലെ മനുഷ്യന്റെ അശ്രദ്ധമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക ഇടപെടലുകള്‍ പ്രതിലോമ മൂലധന ശക്തികള്‍ക്ക് സഹായകമാകാം. ആയുധവും സാങ്കേതികവിദ്യയും നിര്‍മ്മിതബു ദ്ധിയും എമണ്ടന്‍ വിവരശേഖരവുമുപയോഗിച്ച് ചൂഷകശക്തികള്‍ രാഷ്ട്രീയ എഞ്ചിനീയറിംഗും നടത്തും. അങ്ങനെ അവരുടെ അനിവാര്യമായ തകര്‍ച്ച കുറച്ചൊക്കെ നീട്ടിവെയ്ക്കാ ന്‍ അതൊക്കെ സഹായിച്ചെന്നു വരാം.

ഇവിടെയാണ് പുതിയ സമൂഹ നിര്‍മ്മിതി സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ മേഖലകള്‍ക്കു പുറമേ സാംസ്കാരികമായിക്കൂടി ഉള്ളടക്കമുള്ള ഒരു പ്രവര്‍ത്തന - സമര പദ്ധതിയാണെന്ന് തിരിച്ചറിയേണ്ടത്. ഇത് സമീപനത്തിലെ മര്‍മ്മപ്രധാനമായ മൗലികതയാണ്. സാമൂഹികമായ പരിവര്‍ത്തനം അടിസ്ഥാനപരമാക്കുവാനും സമഗ്രമാക്കുവാനും അതിന്റെ സാംസ്കാരികതലവും എല്ലാ ഘട്ടങ്ങളിലും ജാഗ്രതയോടെ കണക്കിലെടുക്കേണ്ടതുണ്ട്. ചൂഷണ രഹിതവും നീതി പൂര്‍വ്വകവും ജനായത്താധിഷ്ഠിതവും സമത്വപൂര്‍ണ്ണവുമായ ഒരു നവസമൂഹ സൃഷ്ടിയില്‍ സാംസ്കാരിക ഘടകത്തിന്റെ ആപേക്ഷികമായ പ്രാധാന്യം വേണ്ടപോലെ തിരിച്ചറിയാത്തത് പുരോഗമന, സമര പ്രസ്ഥാനങ്ങള്‍ക്ക് വ്യത്യസ്തഘട്ടങ്ങളില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടേണ്ട ഒരു പ്രധാനകാര്യമാണ്.

എല്ലാത്തരം ചൂഷണവും അസമത്വവും അനീതിയും സാമ്പത്തികമോ, രാഷ്ട്രീയമോ, സാമൂഹികമോ ആയ പ്രശ്നം മാത്രമല്ല; സാംസ്കാരിക പ്രശ്നം കൂടിയാണെന്നു കാണുവാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാണ് സൂക്ഷ്മമായി സാധിക്കുക.

ഈ അര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം തന്നെ ഒരു സാംസ്കാരിക പ്രസ്ഥാനമായി കൂടി മാറേണ്ടതുണ്ടെന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. വര്‍ഗ്ഗസമരത്തിന്റെ മുഖ്യമായ മൂന്ന് മേഖലകളും - സാമ്പത്തികം; രാഷ്ട്രീയം; പ്രത്യയശാസ്ത്രപരം - പ്രധാനമാണെന്നതില്‍ സംശയമില്ല. ഇതില്‍ പ്രത്യയശാസ്ത്ര മണ്ഡലത്തിലെ വര്‍ഗ്ഗസമരത്തിലെ അതിപ്രധാനമായ ഒരു ഭാഗം സാംസ്കാരിക സമരമാണ്. സാമ്പത്തിക-രാഷ്ട്രീയ മണ്ഡല ങ്ങളിലെ വര്‍ഗ്ഗസമരത്തിലും സാംസ്കാരികതലങ്ങളുണ്ട്.

ദാര്‍ശനികന്മാര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും  എന്നാല്‍ പ്രധാനം അതിനെ മാറ്റിത്തീര്‍ക്കുകയാണെന്നും ഫൊയര്‍ബാഹ് തീസിസില്‍ കാറല്‍ മാര്‍ക്സ് അഭിപ്രായപ്പെട്ടിട്ടുള്ളത് സുപ്രസിദ്ധം. കമ്യൂണിസ്റ്റുകാര്‍ക്ക് കലയേയും സാഹിത്യത്തേയും സംബന്ധിച്ചുള്ള സമീപനം ഈ പശ്ചാത്തലത്തില്‍ പരിശോധിച്ചു നോക്കാം. കലാ സാഹിത്യ സൃഷ്ടികള്‍ വര്‍ത്തമാനകാല സ്ഥിതിഗതികളെയോ, ഭൂതകാലത്തെയോ, ഭാവിയെ സംബന്ധിച്ചോ ഉള്ള നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമാകാം. അതേസമയം അതിനപ്പുറം ചെന്ന് സമൂഹത്തെ മാറ്റിമറിക്കാനുതകുന്ന ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാം. കലാസൃഷ്ടികള്‍ പ്രപഞ്ച വ്യാഖ്യാനവും അതിനെ മാറ്റിമറിക്കാനുള്ള ഉത്തേജനവുമാവാം എന്നര്‍ത്ഥം.

കലയുടേയും സാഹിത്യത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ അപഗ്രഥനങ്ങള്‍ പ്രത്യേകമായി കാറല്‍ മാര്‍ക്സോ, എംഗല്‍സോ നടത്തിയിട്ടില്ലെങ്കിലും ആനുഷംഗിക പരാമര്‍ശങ്ങളില്‍ നിന്ന് ഇരുവരുടേയും സമീപന രീതികള്‍ ഒട്ടൊക്കെ വായിച്ചെടുക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് ഉറപ്പിച്ച് പറയാനാകുന്ന ഒന്നുരണ്ടു കാര്യങ്ങളുണ്ട്. മുതലാളിത്ത-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയുടെ ചലന നിയമങ്ങള്‍ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദ ശാസ്ത്രപ്രകാരം സൂക്ഷ്മമായി വിലയിരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോള്‍ത്തന്നെ ഇരുവര്‍ക്കും ഷേക് സ്പിയര്‍, ദാന്തേ, ഗോയ്ഥേ, ചാള്‍സ് ഡിക്കന്‍സ് തുടങ്ങിയ അതുല്യ സാഹിത്യ പ്രതിഭകളുടെ രചനകള്‍ ഏറ്റവും ഇഷ്ടമായിരുന്നുവെന്നതും അവ വായിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നുവെന്നതും പ്രസിദ്ധം. ഇതില്‍ നിന്നും ഗൗരവമുള്ള സാഹിത്യകലാ-സൃഷ്ടികള്‍ പ്രത്യക്ഷമായോ, പരോക്ഷമായോ സാമൂഹിക വിമര്‍ശനം തന്നെയാണ് നടത്തുന്നത് എന്ന  കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ലെന്നും കരുതാം.

സാഹിത്യരചനകളില്‍ സന്ദേശം വളരെ പ്രത്യക്ഷമാകാതിരിക്കുകയാണ് നല്ലതെന്ന ഒരു നിരീക്ഷണം എംഗല്‍സ് നടത്തിയിട്ടുണ്ട്. പ്രത്യക്ഷ ആഹ്വാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന  മുദ്രാവാക്യ സാഹിത്യത്തോട് അവര്‍ക്കിരുവര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല എന്നു വേണം ഇതില്‍ നിന്നും വായിച്ചെടുക്കാവുന്നത്. പ്രസ്ഥാനത്തിന്റെ ആവശ്യത്തിനുതകുന്ന കലാസാഹിത്യ സൃഷ്ടികള്‍ വര്‍ജ്യമാണെന്ന് അവര്‍ക്കയഭിപ്രായമുണ്ടായിരുന്നു എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥമെന്നു വ്യക്തമാണല്ലോ. സാമൂഹ്യ ശാസ്ത്രജ്ഞന്മാരേക്കാള്‍ സൂക്ഷ്മമായി ജനജീവിതവും അതിന്റെ ചലനഗതികളും മനസ്സിലാക്കുവാന്‍ ചാള്‍സ് ഡിക്കന്‍സിനെപ്പോലുള്ള എഴുത്തുകാര്‍ക്കാണ് സാധിക്കുന്നതെന്ന കാറല്‍ മാര്‍ക്സിന്റെ അഭിപ്രായം പുരോഗമന സാഹിത്യ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട കാഴ്ചപ്പാടിന് അടിസ്ഥാനമാവേണ്ടതാണ്.

പണിക്കുറവുകള്‍ തീര്‍ത്ത് ആവര്‍ത്തിച്ച് തിരുത്തിയെഴുതി അന്യൂനമാക്കിയ ഒരു കലാശില്പമായാണ് തന്റെ 'മാഗ്നം ഓപ്പസ്സാ'യ 'മൂലധനം' വിഭാവനം ചെയ്തിട്ടുള്ളതെന്ന് എംഗല്‍സിനോട് മാര്‍ക്സ് സൂചിപ്പിച്ചിട്ടുള്ളത് ഫ്രാന്‍സിസ് വീനും മേരി ഗബ്രിയേലയും വെളിപ്പെടുത്തിയിട്ടുള്ളതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ചൂഷിതരുടെ മോചന പോരാട്ടപാതയില്‍ നിത്യപ്രകാശം ചൊരിയുന്ന സമഗ്ര സാമൂഹ്യശാസ്ത്ര സിദ്ധാന്തം മാത്രമല്ല, അപൂര്‍വ്വ രചനാ സൗകുമാര്യമുള്ള സാഹിത്യ കൃതിയായും അസംഖ്യം ആസ്വാദകരും പണ്ഡിത വിമര്‍ശകരും അംഗീകരിക്കുന്നുണ്ട്.

മനുഷ്യരാശിയുടെ വളര്‍ച്ചയുടെ ചരിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുകയും മനുഷ്യസമൂഹ ഭാവിയെ സംബന്ധിച്ച ശാസ്ത്രീയ സൂചനകള്‍ നല്കുകയും ചെയ്യുന്ന ഈ ചെറുകൃതിലോകത്തിന്റെ മാറ്റം എത്ര ചടുലമാണെന്ന് ചൂണ്ടിക്കാട്ടുകയും അതിന്റെ ബഹുതല പ്രത്യാഘാതങ്ങള്‍ തൊട്ടുകാട്ടുകയും ചെയ്യുന്നു. അതില്‍ സാഹിത്യവും പെടും. ഇതാ ഒരു ഉദാഹരണം: 'സ്വന്തം രാജ്യത്തെ ഉത്പാദനം കൊണ്ട് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്ത് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉത്പന്നങ്ങള്‍ കൊണ്ടുമാത്രം തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പുതിയ ആവശ്യങ്ങള്‍ നാം കാണുന്നു. പ്രാദേശികവും ദേശീയവുമായ ഏകാന്തതയുടേയും സ്വയം പര്യാപ്തതയുടേയും സ്ഥാനത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നാനാമുഖമായ വ്യാപാരബന്ധങ്ങളും സാര്‍വ്വത്രികമായ പരസ്പര ആശ്രിതത്വവുമാണ് ഇന്നുള്ളത്. ഭൗതികോല്പാദനത്തിലെന്നപ്പോലെ ബുദ്ധിപരമായ ഉല്പാദനത്തിനും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേക രാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികള്‍ പൊതുസ്വത്തായിത്തീരുന്നു. ദേശീയ ഏകപക്ഷീയതയും സങ്കുചിത മനഃസ്ഥിതിയും അധികമധികം അസാധ്യമാകുന്നു. ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളില്‍ നിന്ന് ഒരു വിശ്വസാഹിത്യം ഉയര്‍ന്നുവരുന്നു’.

ഇതെഴുതിയിട്ട് 172 വര്‍ഷങ്ങളായിട്ടുണ്ട് എന്നതിനാല്‍ അതിലെ ആശയങ്ങള്‍ അക്ഷരംപ്രതി ഈ ഒന്നേമുക്കാല്‍ നൂറ്റാണ്ടോളമാകുമ്പോഴും നിലനില്ക്കുന്നുണ്ടോയെന്നല്ല; അതിലെ മുഖ്യ നിഗമനങ്ങള്‍ ചില മാറ്റങ്ങളോടെ ഇന്നും പ്രസക്തമാണെന്നതാണ് പ്രധാനം.

ഇന്ന് കലാസാഹിത്യ രംഗങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രാദേശിക ഭാഷകളും സാഹിത്യവും കാത്തു സൂക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി കലയുടെ ലോകവുമായും ലോകസാഹിത്യവുമായും എങ്ങനെ സംവദിക്കാനും സര്‍ഗ്ഗാത്മക വിനിമയത്തില്‍ ഏര്‍പ്പെടാനും കഴിയുമെന്നതാണ്. പ്രാദേശിക സാഹിത്യങ്ങള്‍ക്ക് വിശ്വസാഹിത്യമായി വളരാമെന്നും തെളിയിച്ചുകൊണ്ടാണ് ഇന്ന് ഈ കലാ-സാഹിത്യ വിനിമയം സാധ്യമാകുന്നത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആശയങ്ങള്‍ ലോകരാജ്യങ്ങളിലെന്നപോലെ കലയിലും സാഹിത്യത്തിലും വലിയ ചലനങ്ങളുണ്ടാക്കി. 1871 ലെ പാരിസ് കമ്യൂണിന്റെകാലത്തെ ‘പടപ്പാട്ട് ’ ഇന്ന് ലോകമാകെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഗാനമായി ആലപിക്കപ്പെടുന്നു. പാരിസ് കമ്യൂണിലെ പോരാളിയായ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി യൂജിന്‍ എഡിന്‍ പോട്ടിയര്‍ ആണ് അതിന്റെ രചയിതാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും തൊഴിലാളിവര്‍ഗ്ഗ വിപ്ലവ പ്രസ്ഥാനവും ലോകത്തിന്റെ നാനാകോണുകളില്‍ ചരിത്രത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ കലയിലും സാഹിത്യത്തിലും സാധാരണക്കാരില്‍ നിന്ന് അസംഖ്യം പ്രതിഭകളെ ഇതുപോലെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. റഷ്യയിലെ മാക്സിം ഗോര്‍ക്കിയും, കേരളത്തിലെ ഇ.കെ.അയ്മുവും, കെ.എസ് ജോര്‍ജും കെ.പി.എ.സി.സുലോചനയും, പി.കെ.മേദിനിയും, പി.കേശവദേവും, ഇളയരാജയും, കെ.ടി.മുഹമ്മദും കര്‍ണ്ണാടകയിലെ കാര്‍വോറിലെ ലതീഫാ ബീവിയും അതുപോലെ അസംഖ്യം എഴുത്തുകാരും ഗായകരും കലാകാരന്മാരും ഇത്തരത്തില്‍ പേരെടുത്തു പറയാവുന്നവരായുണ്ട്.

ഇത്തരക്കാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ച സാംസ്കാരിക സംഘടനകള്‍ കമ്യൂണിസ്റ്റുകാരുടെ മുന്‍കൈയിലും സഹായത്തോടെയും ഉയര്‍ന്നുവരികയുണ്ടായി. 1917 ലെ റഷ്യന്‍ വിപ്ലവവും ലോകമാകെ സാംസ്കാരികമായ വളരെ വലിയ ഉണര്‍വു സൃഷ്ടിച്ചു. ഇംഗ്ലണ്ട്, യു.എസ്.എ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജപ്പാന്‍, ഗ്രീസ് തുടങ്ങി ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സ്ത്രീ വോട്ടവകാശം നടപ്പാവുന്നത് റഷ്യയില്‍ വിപ്ലവാനന്തരം ഈ ജനാധിപത്യ പരിഷ്കാരം നടപ്പാക്കപ്പെട്ടതിനു ശേഷമാണ്. ഇത് ഒരു സാംസ്കാരിക വിപ്ലവം കൂടിയായിരുന്നു. വിദ്യാഭ്യാസം സാര്‍വ്വത്രികവും നിര്‍ബന്ധിതവുമാവുകയും ഭൂപരിഷ്കരണത്തിലൂടെ കൃഷിക്കാര്‍ക്ക് ഭൂമി ലഭിച്ചതും പുതിയൊരു ലോകം സാധ്യമാണെന്ന വലിയ പ്രതീക്ഷ റഷ്യന്‍ വിപ്ലവം ലോകമാകെ പടര്‍ത്തി.

സെര്‍ഗീ ഐസന്‍സ്റ്റീനും വെസിവോലോഡ് പുഡോഫ്കിനും ചലച്ചിത്ര മേഖലയിലും ഗോര്‍ക്കിയും ഷോളഖോവും മയക്കോവ്സ്കി യും സാഹിത്യത്തിലും വിപ്ലവാനന്തര റഷ്യയില്‍ സര്‍ഗ്ഗാത്മകമികവിലൂടെ ലോകശ്രദ്ധയിലെത്തി. റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനം ടാഗോറിലും ക്വാസി നസ്രുല്‍ ഇസ്ലാമിലും സുബ്രഹ്മണ്യഭാരതിയിലും വള്ളത്തോളിലും അതുപോലെ അസംഖ്യം എഴുത്തുകാരിലും കാണാന്‍ സാധിക്കും.

തൊഴിലാളികളും തിരസ്കൃതരുമായ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളും ചൂഷണവും അസ മത്വവും കലയിലും സാഹിത്യത്തിലും കൂടുതല്‍ തീക്ഷ ്ണമായി ആവിഷ്ക്കരിക്കപ്പെടുന്ന സാംസ്കാരിക സാഹചര്യം രൂപപ്പെട്ടുവെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരിക  ഇടപെടലിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യാഘാതം. ഇത് പ്രത്യക്ഷവും പരോക്ഷവുമായി നമുക്കു കാണാനാവും. അതില്‍ കലാസാഹിത്യ മികവോടെ പുരോഗമനപരമായ ആശയങ്ങള്‍ അവതരിപ്പിക്കാനാവുന്നുണ്ടോയെന്നത് പ്രധാനമാണെന്ന ചര്‍ച്ച ഒരു ഘട്ടത്തിലുയര്‍ന്നു വന്നു. ‘രൂപഭദ്രതാവാദം’ എന്ന ആ സര്‍ഗ്ഗാത്മക സംവാദം - കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്നു നില്ക്കുന്ന പ്രതിബദ്ധ സാഹിത്യകലാ പ്രവര്‍ത്തകര്‍ ഒരു വശത്തും പുരോഗമന വാദികളാണെങ്കിലും രൂപഭദ്രതാവാദത്തെ അനുകൂലിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും സുഹൃത്തുക്കളും മറുനിരയിലും അണിനിരന്ന സാഹചര്യമുണ്ടാക്കി. മലയാളസാഹിത്യത്തെ സജീവമാക്കിയ ഒരു സംവാദമായിരുന്നു അതെന്നതില്‍ സംശയമില്ല. ഇതു സംബന്ധിച്ച് പിന്നീട് ഇ.എം.എസ് നടത്തിയ സ്വയംവിമര്‍ശനം പ്രസിദ്ധമാണ്.

പുരോഗമനപരമായ ഉള്ളടക്കം കലാ-സാഹിത്യ സൃഷ്ടികളില്‍ ഉണ്ടാവണമെന്ന് തങ്ങള്‍ ഊന്നിയത് ശരിയായിരുന്നുവെങ്കിലും അതോടൊപ്പം ആ സൃഷ്ടികളെ കലാ സൃഷ്ടികളാക്കുന്നത് ചില രൂപപരമായ ഗുണവിശേഷങ്ങള്‍ കൊണ്ടുകൂടിയാണെന്ന് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാകാതിരുന്നത് ഒരു പോരായ്മയായി ഇ.എം.എസ് സമ്മതിച്ചു.  എന്നാല്‍ കലാമൂല്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിയ മറുപക്ഷത്തുള്ളവര്‍ മനുഷ്യസമൂഹത്തിന്റെ പൊതുവിലുള്ള അഭിവൃദ്ധി കൂടി മനസ്സില്‍വയ്ക്കണമെന്ന കാര്യം വേണ്ടപോലെ അംഗീകരിക്കാതിരുന്നത് പോരായ്മയായി സ്വയം വിമര്‍ശനപരമായി തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏകപക്ഷീയത എന്ന പോരായ്മ ഒരു കൂട്ടര്‍ക്ക് മാത്രമല്ല ഉണ്ടായതെന്ന് ചുരുക്കം. ഇതിനെ വൈരുദ്ധ്യാത്മകമായി കാണാതെ പോയതാണ് ഓരോ ഭാഗത്തു നിന്നും വാദിച്ചവര്‍ക്ക് പറ്റിയ കുറവ്. ഉള്ളടക്കം ഊറിക്കൂടിയാണ് രൂപമുണ്ടാകുന്നതെന്ന സൂക്ഷ്മവും ശാസ്ത്രീയവുമായ നിരീക്ഷണം ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.

റഷ്യന്‍ വിപ്ലവാനന്തരം കലാ-സാഹിത്യ സംഘടനകള്‍ രൂപീകരിക്കുന്നതിന് ബോള്‍ഷെവിക് പാര്‍ട്ടി മുന്‍കൈയെടുത്തു. 'സോഷ്യലിസ്റ്റ് റിയലിസം' പോലുള്ള സങ്കല്പനങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. അക്കാലത്ത് വലിയ കുതിച്ചു ചാട്ടങ്ങള്‍ സാംസ്കാരിക രംഗത്തുണ്ടായി. അതേസമയം കലയും സാഹിത്യവും അതതുകാലത്തെ പാര്‍ട്ടി നയ സമീപനങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കണമെന്ന തരത്തിലുള്ള ബ്യൂറോക്രാറ്റിക്കായ ഇടപെടലുകള്‍ തീരെ ഉണ്ടായിട്ടില്ലെന്ന് പറയാനാവില്ല. അത് നിഷേധാത്മകമായ ഫലമാണുണ്ടാക്കിയത്.

1920 കളിലും 30 കളിലും ഇറ്റലിയില്‍ ഫാസിസവും ജര്‍മ്മനിയില്‍ നാസിസവും വളരാന്‍ തുടങ്ങുകയും അത്തരം പ്രവണതകള്‍ മറ്റു രാജ്യങ്ങളിലും പൊട്ടിമുളയ്ക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. അതോടെ ഫാസിസ്റ്റ് യുദ്ധക്കെടുതിയില്‍ നിന്നും ലോകത്തെ രക്ഷിക്കണമെന്നും ലോകസമാധാനം കാത്തു സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന അതിവിശാലമായ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ചിന്തകരും എഴുത്തുകാരും കലാകാരന്മാരും മുന്‍കൈയെടുക്കാന്‍ തുടങ്ങി. ഇതില്‍ കമ്യൂണിസ്റ്റുകാര്‍ പ്രധാന പങ്കുവഹിച്ചു. ഇറ്റലിയിലെ വിശ്രമകേന്ദ്രത്തില്‍ കുറേനാളായി താമസിച്ചിരുന്ന മാക്സിം ഗോര്‍ക്കി റഷ്യയില്‍ തിരിച്ചെത്തുകയും എഴുത്തുകാരുടെ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ കലാലോകത്തെ അണിനിരത്തുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

ഫാസിസവും യുദ്ധവും ലോകത്തെ ഗ്രസിക്കുമ്പോള്‍ എഴുത്തുകാര്‍ ഏതു ചേരിയിലാണെന്ന ചോദ്യം മാക്സിം ഗോര്‍ക്കി തുളച്ചു കയറുന്ന ഭാഷയില്‍ ചിന്താലോകത്ത് ഉന്നയിച്ചു. സാംസ്കാരികരംഗത്ത് ലോകതലത്തിലുള്ള സംഘടിത നീക്കങ്ങള്‍ ഉയര്‍ന്നു വന്നത് ഫാസിസത്തിനും യുദ്ധത്തിനുമെതിരായും സമാധാനത്തിനും സമത്വത്തിനും വേണ്ടിയും ആയിരുന്നു. ആംസ്റ്റര്‍ഡാമിലും (1932), പാരീസിലും (ജൂണ്‍ 21 - 26, 1935) ചേര്‍ന്ന വിജയകരമായ സമ്മേളനങ്ങളെത്തുടര്‍ന്ന് ഈ പ്രസ്ഥാനം വലിയ ബഹുജന സ്വീകാര്യത നേടി. 1936 ജൂണ്‍ 19 മുതല്‍ 23 വരെ ലണ്ടനിലും സാംസ്കാരിക പ്രതിഭകള്‍ ഒത്തുകൂടി.

ഡോ. മുല്‍ക് രാജ് ആനന്ദ് ഇന്ത്യക്കാരായ എഴുത്തുകാരുടെ കൂട്ടായ്മ ലണ്ടനില്‍ സംഘടിപ്പിച്ചു. 1935 ലെ പാരീസ് സംഗമത്തിന്റെ സ്വാധീനത്തിലാണ് 1936 ഏപ്രില്‍ 9, 10 തീയതികളില്‍ ലഖ്നൗവില്‍ വെച്ച് മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷതയില്‍ ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരും ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നത് പ്രസിദ്ധം.

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ആശയഗതികളുടെ സ്വാധീനം കടന്നുവന്ന് ഒന്ന്/ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞു നടന്ന പുരോഗന സാഹിത്യ പ്രസ്ഥാനത്തിന്റെ രൂപീകരണ സമ്മേളനം അംഗീകരിച്ച മാനിഫെസ്റ്റോയില്‍ ആ ഘട്ടത്തിന്റെ സ്വാധീനം സ്വാഭാവിക മായും ഉണ്ടാവാതെ വയ്യ. 1936 ലെ ലഖ്നൗ സമ്മേളനം അംഗീകരിച്ച മാനിഫെസ്റ്റോ ഇങ്ങനെ ആരംഭിച്ചു.

"ഭാരതീയ സമൂഹത്തില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പഴയ ആശയങ്ങളും വിശ്വാസങ്ങളും ജീര്‍ണ്ണിക്കുകയും നശിക്കുകയും ചെയ്യുന്നു. പുതിയൊരു സാമൂഹികാസ്തിത്വം ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. വിപ്ലവാത്മകമായ ഈ മാറ്റങ്ങളെ വാക്കുകളിലൂടെ ആവിഷ്കരിക്കുകയും പുരോഗമനപരമായ ഒരു ദിശയിലേക്ക് മുന്നേറുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും ചെയ്യേണ്ടത് ഇന്ത്യയിലെ എഴുത്തുകാരുടെ ചുമതലയാണ്."

തുടര്‍ന്ന് ആറ് ഖണ്ഡികളിലായി സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംഗ്രഹിച്ച് വിവരിച്ചിട്ടുണ്ട്. 4 ഉദ്ദേശ്യങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടാണ് ആ ചരിത്രരേഖ ഉപസം ഹരിക്കുന്നത്.

1. എല്ലാ ഇന്ത്യന്‍ ഭാഷകളിലേയും പുരോഗമനവാദികളായ എഴുത്തുകാരെ ഏകോപിപ്പി ക്കുകയും സംഘടനകള്‍ ഉണ്ടാക്കുകയും ചെയ്യുക. പുരോഗമനപരമായ സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുക.

2. പ്രതിലോമ ശക്തികള്‍ക്കും പ്രവണതകള്‍ക്കുമെതിരെ സമരം ചെയ്യുകയും സ്വാതന്ത്ര്യ സമരത്തെ സഹായിക്കുകയും ചെയ്യുക.

3. പുരോഗമന സാഹിത്യകാരന്മാര്‍ക്ക് ഭൗതികവും ധാര്‍മ്മികവുമായ സഹായം ചെയ്യുക.

4. സ്വതന്ത്ര ചിന്തയ്ക്കും ആശയാവിഷ്ക്കരണത്തിനുമുള്ള അവകാശത്തെ സംരക്ഷിക്കുക.

 സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലാകെ വലിയൊരു സാഹിത്യ മുന്നേറ്റത്തിന് എഴുത്തുകാരെ ഉണര്‍ത്തിയതാണ് ഈ സംഘടനയുടെ മുഖ്യ നേട്ടം. അതിവിശാല സ്വഭാവത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത അഖിലേന്ത്യാ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തവരില്‍ പ്രധാനികള്‍ കെ. ദാമോദരനും കെ.പി.ജി നമ്പൂതിരിയുമായിരുന്നു. രബീന്ദ്രനാഥ് ടാഗോര്‍, സരോജിനി നായിഡു, ഫൈസ് അഹമ്മദ് ഫൈസ്, കൈഫി ആസ്മി തുടങ്ങി ഒട്ടനവധി സാഹിത്യ പ്രതിഭകള്‍ ഈ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നു.

മറ്റെല്ലാ സംസ്ഥാനങ്ങളേയുംപോലെ കേരളത്തിലും ഇതിന്റെ അലയടിച്ചു. 1937 ഏപ്രില്‍ 20 ന് തൃശൂരിലും 1938 ല്‍ വീണ്ടും തൃശൂരിലും 1939 ല്‍ പയ്യന്നൂരിലും ജീവല്‍ സാഹിത്യ സമ്മേളനങ്ങള്‍ നടന്നത് ഈ പശ്ചാത്തലത്തിലാണ്. 1944 ജനുവരി മാസം ഷൊര്‍ണ്ണൂ രില്‍ ചേര്‍ന്ന സമ്മേളനം സംഘടനയുടെ പേര് 'പുരോഗമന സാഹിത്യ സംഘടന' എന്ന് മാറ്റി. പ്രൊഫ. എം.പി.പോള്‍, തകഴി ശിവശങ്കരപിള്ള, ജോസഫ് മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ സംഘടനയുടെ വേദിയിലെത്തിയെന്ന പ്രാധാന്യം ഈ സമ്മേളനത്തിനുണ്ട്.

ഫാസിസ്റ്റ് ഭീഷണിക്കെതിരായ അതിവിശാലമായ ഐക്യമുന്നണിയെന്ന സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക കാഴ്ചപ്പാടും സാഹിത്യരംഗത്തെ ഈ വിശാല സമീപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമാണെന്നത് വിസ്മരിച്ചു കൂടാ.

ഈ സംഘടന മുഖ്യമായും എഴുത്തുകാരുടേതാണെന്നതു കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ അഥവാ ഇപ്റ്റ പ്രത്യേകം രൂപവത്കരിക്കപ്പെട്ടത്. 1941 ല്‍ ബാംഗ്ലൂരിലും പിന്നീട് കൊല്ക്കത്ത, ബോംബെ, ലാഹോര്‍, ദില്ലി, കാണ്‍പൂര്‍, ലഖ്നൗ എന്നുതുടങ്ങി വലുതും ചെറുതുമായ നഗരങ്ങളിലും ഇതിന്റെ ശാഖകളുണ്ടായി. ഉദയ്ശങ്കര്‍, ശംഭുമിത്ര, ഋതിക് ഘട്ടക്, രവിശങ്കര്‍, അന്നപൂര്‍ണ്ണ, ചിത്തപ്രസാദ്, സോമനാഥ് ഹോര്‍, സുനില്‍ ജേന, പൃഥ്വിരാജ് കപൂര്‍, കെ.എ.അബ്ബാസ്, മൃണാള്‍സെന്‍, സലില്‍ ചൗധരി, ശബ്നാ ആസ്മി, ഫൈസ് അഹമ്മദ് ഫൈസ്, തോപ്പില്‍ഭാസി, ജി. ജനാര്‍ദ്ദനക്കുറുപ്പ്, ജി. ദേവരാജന്‍, എം.ബി. ശ്രീനിവാസന്‍, വയലാര്‍, ഒ.എന്‍.വി എന്നുതുടങ്ങി അനവധി പ്രതിഭാധനര്‍ ഇതിലുണ്ടായിരുന്നു. 

‘ഇപ്റ്റ’യുടെ കാലഘട്ടത്തിലെ രണ്ട് അനുഭവങ്ങള്‍ അനുസ്മരണീയമാണ്. ബോംബെയിലെ പാര്‍ട്ടി അഖിലേന്ത്യാ കേന്ദ്രത്തിലെ ‘കമ്യൂണി’ല്‍ ഒത്തുകൂടുന്നവരുടെ കൂട്ടത്തില്‍ പിന്നീട് സംഗീതലോകത്തില്‍ ഭുവനപ്രസിദ്ധരായ സിത്താര്‍ മാന്ത്രികന്‍ രവിശങ്കറും അദ്ദേഹത്തിന്റെ ഭാര്യയും അതുല്യ സംഗീതജ്ഞയുമായിരുന്ന അന്നപൂര്‍ണ്ണയും  മറ്റുമുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിക്കൊടുക്കു വാന്‍ പി.ബി. നേതൃത്വത്തില്‍ നിന്ന് പങ്കെടുത്ത് ഒരു യോഗം ചേരണമെന്ന നിര്‍ദ്ദേശം സാംസ്കാരിക ഘടകത്തിന്റെ ചുമതലക്കാരന്‍ ജനറല്‍ സെക്രട്ടറി പി.സി. ജോഷിയെ അറിയിച്ചു. ജനറല്‍ സെക്രട്ടറിയുടെ മറുപടി ഇപ്രകാരമായിരുന്നു: “കലയുടെ കാര്യത്തില്‍ അവരാണ് പി.ബി., അവരുടെ കാല്ക്കീഴിലിരുന്നുവേണം നാം പഠിക്കാന്‍.” സാംസ്കാരിക പ്രതിഭകളോട് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പിന്തുടരേണ്ട സമീപനത്തിനുള്ള നല്ല ഒരു മാതൃകയാണിത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു അതുല്യ ചലച്ചിത്ര പ്രതിഭ ഋത്വിക് ഘട്ടക്ക്. ഇന്ത്യന്‍ ചലച്ചിത്ര മണ്ഡലത്തില്‍ സത്യജിത് റേയ്ക്കും മേലേയാണ് പലരും ന്യായമായ കാരണങ്ങളാല്‍ ഘട്ടക്കിനെ വിലയിരുത്തുന്നത്. പാര്‍ട്ടി സാംസ്കാരിക മുന്നണി യില്‍ ക്രിയാത്മകമായ നേതൃത്വം നല്കുമ്പോള്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ കുറിപ്പ് ഒരമൂല്യരേഖയായി കണക്കാക്കപ്പെടുന്നു. ‘ഇപ്റ്റ’ യുടെ ചരിത്രത്തിലെ അഭിമാനനക്ഷത്രമായ ഋത്വിക്ദാ, പക്ഷേ, പാര്‍ട്ടിയുമായി തെറ്റിപ്പിരിയുന്ന സാഹചര്യമുണ്ടായി. അതില്‍ ഒരുഭാഗത്തു മാത്രമാണ് തെറ്റ് എന്നു പറയാനാവില്ല. പക്ഷേ, ഋത്വിക് ഘട്ടക്കിനെപ്പോലെ ഒരു മഹാപ്രതിഭയെ പാര്‍ട്ടി അംഗമായി സംരക്ഷിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യമായത്ര കരുതല്‍ കാട്ടിയില്ല എന്ന വീക്ഷണം തള്ളിക്കളയാനാവില്ല. ഈ രണ്ട് അനുഭവങ്ങളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കലാപ്രതിഭകളായ കമ്യൂണിസ്റ്റുകാരും പഠിക്കേണ്ട പാഠങ്ങളെന്ത് എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സാംസ്കാരിക രംഗത്തിന് ഗൗരവപൂര്‍ണ്ണമായ പ്രാധാന്യം നല്കി പോന്നിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ഇതിനിടയില്‍ ചില പിശകുകള്‍ സമീപനത്തില്‍ വന്നുപോയിട്ടുണ്ടാവാം. അതൊന്നും പക്ഷേ, ബോധപൂര്‍വ്വം സംഭവിച്ചതല്ല. ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് അത്തരത്തില്‍ സംഭവിച്ചുപോയ പലതും സ്വയംവിമര്‍ശനപരമായി തുറന്നു സമ്മതിച്ച് തിരുത്തിയിട്ടുണ്ട്. എന്നാല്‍ ചൂഷിതരുടെ മോചനത്തിനും സമൂഹത്തിന്റെ പുരോഗതിക്കും പരിവര്‍ത്തനത്തിനുമാണ് കമ്യൂണിസ്റ്റുകാര്‍ എന്നും ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടയില്‍ ഒരുപാടു ശരികള്‍ക്കിടയില്‍ കുറച്ചു തെറ്റുകളും പറ്റി. ഇനിയും സ്വയം വിമര്‍ശനപരമായി അത്തരം തെറ്റുകള്‍ വിശേഷിച്ച് സാംസ്കാരിക രംഗത്തെ സമീപനവുമായി ബന്ധപ്പെട്ടവ തിരിച്ചറിഞ്ഞാല്‍ അതുതിരുത്താന്‍ ഞങ്ങള്‍ വിസമ്മതിക്കില്ലെന്നും വ്യക്തമാക്കട്ടെ.

 ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. ഹിറ്റ്ലറുടെ 'ദേശീയ സോഷ്യലിസ'ത്തിനു സമാനമായ ചില ആശയങ്ങള്‍ 'സാംസ്കാരിക ദേശീയത' എന്ന പേരില്‍ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. സമ്പൂര്‍ണ്ണമായ അധഃപതനവും അന്തഃഛിദ്രവും രക്തച്ചൊരിച്ചിലും കൂട്ടക്കുരുതിയും ഇവിടെ സൃഷ്ടിക്കുവാന്‍ ജര്‍മ്മനിയിലെ ബ്രൗണ്‍ഷര്‍ട്ടുകാര്‍ക്ക് സദൃശമായ സായുധ സ്വയം സേവകരുടെ ഘാതകസംഘങ്ങളും മുഖംമൂടിപ്പടയും 'പശു സംരക്ഷണസേനയും' വ്യാപകമാവുന്നു. ഇവയിലൂടെ വര്‍ഗ്ഗീയ ദൃഢീകരണത്തിനും വര്‍ഗ്ഗീയമായ അണിനിരത്തലിനുമുള്ള ഭയാനകവും ശക്തവുമായ ആസൂത്രിത നീക്കങ്ങള്‍ നടന്നുവരികയാണ്.

'ഇന്ത്യ എന്ന ആശയം' രാഷ്ട്രീയമാണ്, സാമൂഹികമാണ്, സാംസ്കാരികമാണ്, സാമ്പത്തിക സമത്വം കൂടി ലക്ഷ്യം വെയ്ക്കുന്നതാണ്. അത് സാക്ഷാത്ക്കരിക്കാനുള്ള ഏറ്റവും മര്‍മ്മപ്രധാനമായ ഒരു സമരസ്ഥലം സാംസ്കാരിക മണ്ഡലമാണ്. ആ കരുതലോടെ സംസ്കാരത്തില്‍ ഇടപെട്ടും സാംസ്കാരികമായും നാം നിലയ്ക്കാത്ത സമരങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. അതില്‍ വിശാലമായ ഒരു സാംസ്കാരിക പ്രസ്ഥാനമെന്ന കാഴ്ചപ്പാടാണ് കമ്യൂണിസ്റ്റുകാര്‍ പിന്തുടരേണ്ടത്. ബൃഹത്തായ സമരശക്തി സമാഹരണത്തിന് ആ സമീപനം കൂടിയേതീരൂ എന്നതുമാത്രമല്ല അതിനു കാരണം. ഇടുങ്ങിയ സമീപനം സംസ്കാരശൂന്യമാണ് എന്നതുകൊണ്ടുകൂടിയാണ്.