സാമൂഹികപരിഷ്കരണ ശ്രമങ്ങള്‍: ചരിത്രപരവും ഘടനാപരവുമായ വിലയിരുത്തല്‍
എ വിജയരാഘവന്‍
ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നു എന്ന കണ്ടെത്തലല്ല. മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്. ആപത്തിന്റെ നിമിഷത്തില്‍ ചരിത്രത്തില്‍ എടുത്തു കാട്ടപ്പെടുന്ന നിലയില്‍ മനുഷ്യനുമുന്നില്‍ അപ്രതീക്ഷിതമായി അവതരിക്കുന്ന ആ ഭൂതകാലബിംബത്തെ ഓര്‍മ്മയില്‍ സൂക്ഷിക്കാനാണ് ചരിത്രപരമായ ഭൗതികവാദം ആഗ്രഹിക്കുന്നത്. കാരണം ഈ ആപത്ത് പാരമ്പര്യത്തിന്റെ ഉള്ളടത്തെ മാത്രമല്ല അതിന്റെ സ്വീകര്‍ത്താക്കളെയും സ്പര്‍ശിക്കുന്നു. രണ്ടിനു നേര്‍ക്കും നീളുന്നത് ഒരേ ഭീഷണിതന്നെയാണ്. ഭരണവര്‍ഗങ്ങളുടെ ഉപകരണമാവുക എന്നത്. ഓരോ കാലഘട്ടത്തിലും പാരമ്പര്യത്തെ കീഴടക്കാന്‍ തയ്യാറായി നില്‍ക്കുന്ന യാഥാസ്ഥിതികതയില്‍നിന്നും അതിനെ മല്ലിട്ടു മോചിപ്പിക്കാനുള്ള ശ്രമം പുതിയതായി ആരംഭിക്കേണ്ടിയിരിക്കുന്നു". -വാള്‍ട്ടര്‍ ബെഞ്ചമിന്
പത്തൊമ്പതാംനൂറ്റാണ്ടില്‍ കേരളീയ സമൂഹത്തില്‍ നടന്ന സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും ഒരേ യുക്തികൊണ്ട് വിശകലനം ചെയ്യാനുമുള്ള ശ്രമം ദുഷ്കരവും അപ്രായോഗികവുമാണ്. കാരണം ജാതിശ്രേണിയുടെ വിവിധ തട്ടുകളില്‍ കഴിഞ്ഞിരുന്ന വിവിധ സമുദായങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും അജഗജാന്തര വ്യത്യാസങ്ങളില്‍ കഴിഞ്ഞിരുന്നവരായിരുന്നു. ഈ സമുദായങ്ങളില്‍ നടന്ന അനേകം പരിഷ്കരണ ശ്രമങ്ങളിലൂടെയും അതിലേക്കു നയിച്ച സാഹചര്യങ്ങളിലൂടെയും ഒരോട്ട പ്രദിക്ഷണം നടത്തിയാല്‍ നമുക്കിതു മനസ്സിലാകും.
സാമുദായിക പരിഷ്കരണത്തിലേക്കും സാമൂഹിക പരിഷ്കരണത്തിലേക്കും ഓരോ സമുദായങ്ങളെയും നയിച്ച ആന്തരിക ചോദനകള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു. ഇത്തരം ശ്രമങ്ങളുടെ ചരിത്രപരവും ഘടനാപരവുമായ പരിശോധനയ്ക്കാണ് ഇവിടെ തുനിയുന്നത്. ആധുനിക കേരളീയ സമൂഹത്തിന്റെ ചരിത്രപരമായ രൂപീകരണത്തിലേക്കു കണ്ണോടിച്ചുകൊണ്ടു മാത്രമേ ഈ പ്രശ്നത്തെ നമുക്ക് ആഴത്തില്‍ വിലയിരുത്താനാവൂ.
കേരളത്തിലെ ജാതി സമൂഹത്തിന്റെ രൂപീകരണം
ജാതി ജന്മി സമ്പ്രദായത്തിലധിഷ്ഠിതമായ കേരളീയ സമൂഹത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമായി വർത്തിച്ച ഘടകങ്ങൾ രണ്ടാണ്. ഒന്ന്, ഉല്പാദന സമ്പ്രദായത്തിലുണ്ടായ മാറ്റം. നായാടിയായി, കിട്ടുന്ന വസ്തുക്കൾ പെറുക്കിത്തിന്ന്, വനാന്തരങ്ങളിൽ വസിച്ചവർ ക്രമേണ തങ്ങൾക്കാവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കുന്ന ചെറിയ സമൂഹങ്ങളായി പരിണമിച്ചു . രണ്ട്, ഉല്പാദന സമ്പ്രദായത്തിന്റെ ഏറ്റവും താഴെ തട്ടിൽ വിവിധ ഗോത്രസംസ്കാരങ്ങളിൽ കഴിഞ്ഞു വന്നിരുന്ന ഈ ജനപദങ്ങൾക്കിടയിലേക്ക് വടക്കു നിന്നും വൈദിക ബ്രാഹ്മണർ നടത്തിയ കുടിയേറ്റവും അതുണ്ടാക്കിയ ചലനങ്ങളും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ഇവിടെ ദൃഢമായി നില നിന്ന ജാതി ജന്മി വ്യവസ്ഥയുടെ ആവിര്‍ഭാവത്തിന്റെ അടിസ്ഥാനം ഇതായിരുന്നു.
പ്രാചീനകേരളത്തിന്റെ രൂപീകരണത്തെക്കുറിച്ച് ചരിത്രപണ്ഡിതനായ രാജന്‍ഗുരുക്കള്‍ ഇപ്രകാരം എഴുതുന്നു: “ഇരുമ്പിന്റെ പ്രചാരത്തോടെയാണ് കേരളത്തില്‍ വ്യാപകമായ രീതിയിലുള്ള കുടിയേറ്റമുണ്ടായതെന്നു കരുതാം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടോടെയെങ്കിലും ഇരുമ്പ് കേരളത്തിലുടനീളം പ്രചരിച്ചുകഴിഞ്ഞിരിക്കും ......കേരളത്തിലെ വയലോരങ്ങളിലാണ് ആദ്യം ഇരുമ്പ് പ്രചരിച്ചത്. നവീന ശിലായുഗത്തിലെ പ്രാകൃത കൃഷിക്കാരുടെ ഇടയിലിത് പ്രചരിച്ചു. അലകു പിടിപ്പിച്ച മരക്കല്ലു കൊണ്ട് കുഴിയെടുത്തും കത്തിച്ചും കല്ലുപയോഗിച്ച് മലമടക്കുകളില്‍ തട്ടെടുത്ത് കൃഷി നടത്തിയിരുന്ന നവീനശിലായുഗക്കാര്‍ കാലക്രമേണ ഇരുമ്പു പാരയും ഇരുമ്പുകോടാലിയും ഉപയോഗിച്ചുതുടങ്ങി. കാടുവെട്ടിത്തെളിച്ചുകൊണ്ട് ജീവിതം സമനിലങ്ങളിലേക്കിറങ്ങിയത് അങ്ങനെയാണ്. ....കാടുവെട്ടിക്കരിച്ചുകൊണ്ടുള്ള പുനംകൃഷിയും വേട്ടയാടലുമായിരുന്നു അന്നത്തെ ജീവിത സമ്പ്രദായങ്ങളെന്ന് ചുരുക്കം. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഈ മനുഷ്യരുടെ നിവേശസ്ഥാനങ്ങളുണ്ടായിരുന്നുവെന്ന് അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ഈ നിവേശ സ്ഥാനങ്ങളായിരുന്നു ആദ്യത്തെ ഊരുകള്‍. കലപ്പ ഉപയോഗിച്ചുള്ള നെല്ലുല്പാദനം ഇരുമ്പ് കണ്ടുപിടിച്ച അഞ്ചാറു നൂറ്റാണ്ടുകള്‍ കഴിഞ്ഞേ കേരളത്തില്‍ വികസിച്ചുള്ളു. നെല്ലുല്പാദനമുള്‍പ്പെടെ പ്രധാനമായി നാല് ഉല്പാദനരീതികളാണ് പഴന്തമിഴ് വീരഗാഥകളുടെ കാലത്ത് അതായത്ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടു മുതല്‍ ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെയുള്ള കാലത്ത് നിലവിലുണ്ടായിരുന്നത്. മേടുകളിലെ ഇടയന്മാരുടെ കാലിവളര്‍ത്തലും കാട്ടുകൃഷിയുമായിരുന്നു അത്. രണ്ടാമത്തേത് ഊരിലെ പുനംകൃഷി. മൂന്ന്, കലപ്പ ഉപയോഗിച്ചുള്ള നെല്‍കൃഷി. നാല് കടലോരങ്ങളിലെ ഉല്പാദനവും മത്സ്യബന്ധനവും. ഗോത്രവര്‍ഗ നിയമങ്ങളെ ആധാരമാക്കിയുള്ള കൂട്ടായ അധ്വാനമായിരുന്നു ഉല്പാദനരീതികളുടെ പൊതുസ്വത്ത്. രക്തബന്ധത്തിലധിഷ്ഠിതമായ ഉല്പാദനബന്ധങ്ങളേ ഉണ്ടായിരുന്നുള്ളുവെന്നര്‍ത്ഥം”.
നിലനിന്നിരുന്ന അധികാരഘടനയും ആശയങ്ങളും സ്ഥാപനങ്ങളും മികച്ച ഉല്പാദനരീതികളുടെ വികാസത്തിന് വിഘാതം സൃഷ്ടിക്കുന്നതായിരുന്നു. സമ്പദ് വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യവും അതുതന്നെ. ഗോത്രവര്‍ഗ സാഹചര്യത്തിന്റെ മൗലിക സ്വഭാവമായ രക്തബന്ധവും ഉല്പാദന ബന്ധവും തമ്മിലുള്ള ഏകതാനത ഒരു പരിധി കവിഞ്ഞുള്ള കാര്‍ഷിക വികസനത്തിന് വിഘാതമായിരിക്കാം. കാര്‍ഷിക ബന്ധങ്ങളില്‍ രക്തബന്ധത്തിന്റെ കേന്ദ്രസ്ഥാനം തുടര്‍ന്നു കൊണ്ടിരുന്നത് വേറൊരു വൈരുദ്ധ്യമായി മാറിയെന്നര്‍ത്ഥം”.
ഇത്തരത്തില്‍ തീര്‍ത്തും ഗോത്രവര്‍ഗ സ്വഭാവത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കേരള സമൂഹത്തിലേക്കാണ് വടക്കുനിന്നുള്ള ആര്യന്മാര്‍ കടന്നു വരുന്നത്. നൂറ്റാണ്ടുകള്‍കൊണ്ട് സാധിച്ചെടുത്ത ആര്യനധിനിവേശം കേരളീയ സമൂഹഘടനയെ പാടെ മാറ്റിക്കുറിച്ചു. ചിതറിത്തെറിച്ചു കിടന്നിരുന്ന ഗോത്രവര്‍ഗ്ഗങ്ങളുടെമേല്‍ വൈദിക ബ്രാഹ്മണ്യത്തിന് സാംസ്കാരികവും രാഷ്ട്രീയവുമായ അധികാരം ഉറപ്പിക്കാനായി. ഈ ഹൈന്ദവവല്‍ക്കരണ പ്രക്രിയയ്ക്കിടയില്‍ ഇവിടെ ശക്തമായി നിലനിന്നിരുന്ന ബുദ്ധ ജൈന മതങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. കേരളത്തില്‍ നടന്ന ആര്യനധിനിവേശം വിശദമായി ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ജാതീയമായ ശ്രേണിയും ഉയര്‍ച്ച താഴ്ചകളും ഇവിടത്തെ വിവിധ ഗോത്രസമൂഹത്തില്‍ എങ്ങനെ അത് അടിച്ചേല്‍പ്പിച്ചു എന്നതു മാത്രമാണ് ഇവിടെ നമ്മുടെ വിഷയം. എഡി 8-ാം നൂറ്റാണ്ടോടെ ആര്യനധിനിവേശം ഇവിടെ പരകോടിയിലെത്തി ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ ആര്യപ്രമാണങ്ങള്‍ ജാതിരഹിതമായിരുന്ന കേരളീയ ഗോത്ര സമൂഹത്തെ ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ ജാതിസമൂഹമാക്കി മാറ്റി. ബ്രാഹ്മണര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന പടിയില്‍ സ്ഥാനമുറപ്പിച്ചു. കേരളത്തിലെ ഹിന്ദുമതത്തില്‍ ആര്യദ്രാവിഡ സമന്വയമാണ് നടന്നത്. ഇവിടത്തെ പൂര്‍വ്വികരായ ദ്രാവിഡ ജനതയെ ഹിന്ദുമതത്തില്‍ ലയിപ്പിച്ചതാകട്ടെ ബലപ്രയോഗത്തെക്കാളുപരി ആശയസംഹിതകളുടെ കോയ്മകൊണ്ടായിരുന്നു.
സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ പരിണാമത്തിനാവശ്യമായ ചാലകശക്തി വ്യവസ്ഥയില്‍തന്നെ സ്വതസിദ്ധമായി നിലനിന്നിരുന്നു. സമ്പദ് വ്യവസ്ഥയിലെ വൈരുദ്ധ്യങ്ങള്‍ ഉല്പാദന വിതരണ പ്രക്രിയകളിലൂടെ സംജാതമാവുന്നുണ്ടായിരുന്നു. വിതരണസമ്പ്രദായത്തിന്റെ ഭാഗമായിരുന്ന ദാനമെന്ന സ്ഥാപനം ആനുഷാംഗികമായി സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ക്ക് കളമൊരുക്കുകയായിരുന്നു. ദാനവസ്തുക്കളില്‍ കൃഷിഭൂമിയും ദാനംലഭിച്ചവരില്‍ ബ്രാഹ്മണരുമുണ്ടായിരുന്നു. കൃഷിയുമായി നേരിട്ട് ബന്ധമില്ലാത്തവരും വടക്കുനിന്ന് കുടിയേറിയവരുമായ ബ്രാഹ്മണര്‍ക്ക് കൃഷിഭൂമി ലഭിക്കുമ്പോള്‍ രക്തബന്ധത്തിനതീതമായ കാര്‍ഷിക ബന്ധം രൂപംകൊള്ളാതെ തരമില്ലായിരുന്നു. ബ്രാഹ്മണനിലങ്ങളില്‍ പുതിയ ഉല്പാദനബന്ധം വികസിക്കാന്‍ തുടങ്ങി. കാടുകളില്‍ വസിച്ചിരുന്ന വര്‍ഗങ്ങളെ ബ്രാഹ്മണര്‍ തങ്ങളുടെ കൃഷിപ്പണിക്കാരാക്കി. ബ്രാഹ്മണമഠവും അതുമായി ബന്ധപ്പെട്ട അനേകം സ്ഥാപനങ്ങളും അനുഷ്ഠാനങ്ങളും ഇതിന് ഉപാധികളായി വര്‍ത്തിച്ചു. സൂര്യപഞ്ചാംഗം, ഞാറ്റുവേല സങ്കല്പം, ജ്യോതിശാസ്ത്ര ജ്ഞാനം, മനുഷ്യപ്രയത്നത്തെ ഏകോപിപ്പിക്കുവാന്‍ തക്ക േനതൃശേഷി - ഇതെല്ലാം ബ്രാഹ്മണര്‍ക്ക് കൈമുതലായുണ്ടായിരുന്നു. ആളുകളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ജാതീയമായ വിഭജനം അവര്‍ സമര്‍ത്ഥമായി നടപ്പിലാക്കി.
ദാനഭൂമിയില്‍ കൃഷി സംഘടിപ്പിക്കുന്ന ബ്രഹ്മണരുടെ എണ്ണം ഓരോ ഊരിലും പെരുകിക്കൊണ്ടിരുന്നു. അതോടൊപ്പം പുതിയ ബ്രാഹ്മണ കുടിയേറ്റങ്ങളും നടക്കുന്നുണ്ടായിരുന്നു.രക്തബന്ധത്തിലധിഷ്ഠിതമായ പ്രാചീന കാര്‍ഷികബന്ധത്തിനു പകരം പുതിയ കാര്‍ഷികബന്ധങ്ങള്‍ക്ക് രൂപംനല്കിയ ഉല്പാദനരീതി വ്യാപിച്ചു. പൂര്‍ണ്ണമായും ബ്രാഹ്മണവത്ക്കരിക്കപ്പെട്ട രാജാധികാരമാണ് പുതിയ കാര്‍ഷികരീതിയുടെ ഉപരിഘടനയായി വന്നത്. ഏഴ് – എട്ട് നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും ഭൂമിയില്‍ ബ്രാഹ്മണര്‍ക്ക് കാര്യമായ നിയന്ത്രണം ലഭിച്ചു. വടക്കുനിന്നുള്ള വന്‍തോതിലുള്ള ബ്രാഹ്മണ കുടിയേറ്റവും അക്കാലത്ത് നടന്നിട്ടുണ്ട്.
"ക്ഷേത്ര കേന്ദ്രിത കാര്‍ഷിക ഗ്രാമങ്ങളുടെ രൂപീകരണം ഇപ്രകാരമാണ് കേരളത്തില്‍ നടന്നത്. ബ്രാഹ്മണ ഭൂവുടമകള്‍ക്ക് സഹായത്തിന് ഒരു സംഘവും അവര്‍ക്കാവശ്യമുള്ള വസ്തുക്കളും സേവനങ്ങളും ഉറപ്പുവരുത്തുന്ന നാനാവിഭാഗക്കാരായ ആളുകളും ചേര്‍ന്നതാണ് ക്ഷേത്ര കേന്ദ്രിത ഗ്രാമം. ഇതിന്റെ തുടക്കം പുതിയ ഉല്പാദന വ്യവസ്ഥയിലെ അടിസ്ഥാന യൂണിറ്റായ ബ്രാഹ്മണ പുരയിടത്തില്‍ നിന്നാണ്. വന്‍തോതിലുള്ള കുടിയേറ്റത്തിനു ശേഷം കുറെ ബ്രാഹ്മണ ഭൂവുടമകള്‍ സഹകരണാടിസ്ഥാനത്തില്‍ ഒരിടത്ത് നിവേശസ്ഥാനം സജ്ജമാക്കി ഉല്പാദന മേഖലയെ കൂട്ടായ മേല്‍നോട്ടത്തില്‍ കൊണ്ടുവന്നു.
ഈ കൂട്ടായ നിയന്ത്രണത്തിന് ഏകീകരണ ശക്തിയായും അധികാര സ്ഥാപനമായും ക്ഷേത്രങ്ങള്‍ വര്‍ത്തിച്ചു. കാര്‍ഷിക നടത്തിപ്പുമായും ക്ഷേത്രവൃത്തിയുമായും ഏര്‍പ്പെട്ടുകൊണ്ട് വലിയൊരു സമൂഹം ഏകീകരിക്കപ്പെട്ടു. ഓരോ സേവനത്തിനും ഗ്രാമഭൂമിയില്‍ എന്തെങ്കിലും അധികാരം നല്കിക്കൊണ്ട് ബന്ധപ്പെട്ട തൊഴിലുകാരെ കുടിയിരുത്തി. തൊഴില്‍ കുലത്തൊഴിലും കുലം ജാതിക്രമത്തിന്റെ ഭാഗവുമായി പരിണമിച്ചു. ബ്രാഹ്മണ രുമായി ആപേക്ഷിക ബന്ധം സങ്കല്പിച്ചുകൊണ്ട് എല്ലാ തൊഴില്‍ വിഭാഗങ്ങളും ആഭിജാ ത്യ ശ്രമത്തിലുള്ള ജാതികളാക്കി തിരിക്കപ്പെട്ടു. സുസംഘടിതമായ ഉല്പാദനബന്ധത്തിന്റെ സ്വയംപര്യാപ്ത യൂണിറ്റായി ക്ഷേത്രകേന്ദ്രിത ഗ്രാമം രൂപംകൊണ്ടു” (രാജന്‍ ഗുരുക്കള്‍). കടുത്ത ജാതീയ വിഭജനത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ജന്മി-നാടുവാഴി വ്യവസ്ഥയുടെ രൂപീകരണം ഇപ്രകാരമാണ് നടന്നത്.
വിദേശാധിപത്യത്തിന്‍കീഴിലെ കേരളം
1498 ല്‍ കോഴിക്കോട്ട് വാസ്കോഡഗാമ കപ്പലിറങ്ങുമ്പോള്‍ പരസ്പരം പോരടിക്കുന്ന ഡസണ്‍കണക്കിന് ചെറുരാജാക്കന്മാരും രാജ്യങ്ങളുമാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ഇതിനുമുമ്പ് ക്രിസ്തുവര്‍ഷം ഏതാണ്ട് 130 മുതല്‍ 1100 വരെ പല രൂപങ്ങളില്‍ നിലനിന്നിരുന്ന ചേര സാമ്രാജ്യം കേരളത്തില്‍ കുറെയെങ്കിലും കേന്ദ്രീകൃതമായ ഭരണ സംവിധാനം കൊണ്ടുവന്നിരുന്നു. പിന്നീട് ചോളവംശ രാജാക്കന്മാരുമായി 11 ാം ശതകത്തില്‍ നടന്ന യുദ്ധത്തില്‍ ചേരസാമ്രാജ്യം ഛിന്നഭിന്നമാവുകയും ശക്തരായ കേന്ദ്ര നേതൃത്വത്തിന്റെ അഭാവത്തില്‍ നാട്ടുപ്രമാണികള്‍ സ്വതന്ത്ര ഭരണാധികാരികളായി മാറുകയും ചെയ്തിരുന്നു. ഈ നാട്ടുപ്രമാണിമാരുടെ മത്സരങ്ങളും ചെറുകിട പോരാട്ടങ്ങളും നിറഞ്ഞതാണ് അടുത്ത ഒരു നൂറ്റാണ്ട്. പശ്ചിമഘട്ട മലനിരകളാല്‍ സംരക്ഷിതമായ ഒരു ഭൂപ്രദേശമായതിനാല്‍ ഇന്ത്യ യിലെ മറ്റ് പ്രദേശങ്ങളില്‍നിന്നു നേരിട്ടുള്ള സ്വാധീനം രാഷ്ട്രീയമായും സാമൂഹികമായും അധികം ഏല്ക്കാത്ത ഇടമായിരുന്നു കേരളം. പിന്നീട് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ രൂപീകരിച്ചുകൊണ്ട് നാട്ടുരാജ്യങ്ങള്‍ രൂപപ്പെടുകയും ഇതില്‍ മലബാര്‍ പ്രദേശം കുറഞ്ഞ കാലത്തേക്ക് മൈസൂര്‍ രാജവംശത്തിന്റെ അധീനതയിലാവുകയും ചെയ്തു.
പട്ടിക 3
1857 സെന്‍സസ് പ്രകാരമുള്ള കൃഷിക്കാരും തൊഴിലാളികളും.
(കൃഷിക്കാര്‍ക്ക് സ്വന്തമായോ പാട്ടമായോ കൃഷിഭൂമി ഉണ്ടായിരുന്നു.)
|
പുരുഷന്മാരുടെ എണ്ണം |
കൃഷിക്കാര്‍ |
പുരുഷന്മാരുടെ എണ്ണ ത്തില്‍ കൃഷി ക്കാരുടെ ശതമാനം |
തൊഴി ലാളികള്‍ |
തൊഴിലാളി കളുടെ എണ്ണ ത്തില്‍ പുരുഷ താരുടെ ശതമാനം |
നായന്മാര്‍ |
218030 |
98330 |
45% |
12490 |
6% |
ക്രിസ്ത്യാനികള്‍ |
233860 |
54770 |
23% |
29570 |
13% |
ഈഴവര്‍ |
188400 |
26890 |
14% |
40400 |
21% |
ചാന്നാന്മാര്‍ |
48220 |
6370 |
13% |
8450 |
18% |
വിദേശബ്രാഹ്മണര്‍ |
14520 |
2536 |
18% |
ആരുംഇല്ല |
ഇല്ല |
മലയാളബ്രാഹ്മണര്‍ |
5840 |
527 |
9% |
ആരുംഇല്ല |
ഇല്ല |
പുലയര്‍ |
947900 |
2280 |
2% |
55040 |
58% |
1800 ല്‍ ബ്രിട്ടീഷ് അധീശത്വത്തിന് തിരുവിതാംകൂര്‍ വിധേയമായി. ആ കാലഘട്ട ത്തില്‍ കേരളീയ ഗ്രാമങ്ങളില്‍ അല്ലെങ്കില്‍ ‘ദേശ’ങ്ങളില്‍ നമ്പൂതിരിമാരുടെയും നായന്മാ രുടെയും അധീനതയിലായിരുന്നു ഭൂമിയത്രയും. (പട്ടിക 3) ഉത്തര തിരുവിതാംകൂറിലും മധ്യതിരുവി താംകൂറിലും സുറിയാനി ക്രിസ്ത്യാനികള്‍ വന്‍കിട ഭൂവുടമകളായിട്ടുള്ള ദേശങ്ങള്‍ ചെറി യതോതില്‍ നിലനിന്നിരുന്നു. ബ്രിട്ടീഷ് ആഗമനത്തിനു മുമ്പ് നാട്ടിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല നായര്‍ വിഭാഗത്തിനായിരുന്നു. ഭരണസംവിധാനത്തിലെ നല്ല പങ്ക് സ്ഥാനങ്ങളും ഉദ്യോഗങ്ങളും അക്കാലത്ത് അവര്‍ കയ്യാളിയിരുന്നു.
കേരളത്തിന്റെ തെക്കേയറ്റത്തുള്ള തൃപ്പാട്ടൂര്‍ സ്വരൂപം വേണാടായും തിരുവിതാം കൂറായും വികസിച്ചുവന്നത് 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടിയാണ്. മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ നീണ്ട ആക്രമണപരമ്പരകളില്‍ തെക്കന്‍ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ കീഴടങ്ങിയതോടെയാണ് തിരുവിതാംകൂര്‍ രാജഭരണം ഉദയം കൊള്ളുന്നത്. മധ്യകേരളത്തില്‍ കൊച്ചി രാജ്യം രൂപം കൊള്ളുന്നത് ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടിയാണ്. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുധശേഷിക്കു മുമ്പില്‍ കാര്യമായ ഒരെതിര്‍പ്പുപോലുമില്ലാതെ, ഏകപക്ഷീയമായ ഉടമ്പടികളില്‍ ഒപ്പിട്ട് അവരുടെ സാമന്തന്മാരായി മാറുകയാണ് ഇവര്‍ ചെയ്തത്. പതിനെട്ടാംനൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി മലബാറും അടുത്ത നൂറ്റാണ്ടിന്റെ ആദ്യദശകത്തോടുകൂടി തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലായി. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന കേരളത്തിലെ ജാതീയ സാമൂഹിക ക്രമങ്ങള്‍ക്ക് ഇളക്കം തട്ടുന്നത് ഇതോടെയാണ്.
മധ്യകാല നാടുവാഴി സ്വരൂപങ്ങള്‍ നിലനിന്നിരുന്നത് കൃഷിയും കച്ചവടവും ചെയ്ത് സമ്പത്ത് കൈയടക്കിയിരുന്ന മാടമ്പിമാരുടെ പിന്‍ബലത്തിലായിരുന്നു. ഈ വ്യവസ്ഥിതിയിലേക്കാണ് 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും കടന്നുവരുന്നത്. ഇക്കൂട്ടര്‍ക്കാവശ്യമായി വന്ന ഉല്പന്നങ്ങള്‍ ശേഖരിച്ചുകൊടുത്തിരുന്നത് മാടമ്പിമാരായിരുന്നു. നാടുവാഴി സ്വരൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ നിയന്ത്രണത്തിലായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ അധികാരത്തെ ഭയന്നു കഴിഞ്ഞിരുന്ന തിരുവിതാംകൂര്‍ രാജവംശചരിത്രം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.
എന്നാല്‍ ബ്രിട്ടീഷുകാര്‍ മാടമ്പിമാരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ തയ്യാറായില്ല. അവര്‍ നാടുവാഴികളുമായി നേരിട്ട് വ്യാപാര ഉടമ്പടികളുണ്ടാക്കി. ഇത് ബ്രിട്ടീഷുകാരും മാടമ്പികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ പലയിടത്തും ചെന്നുകലാ ശിച്ചു. ബ്രിട്ടീഷുകാരുമായി ചങ്ങാത്തത്തില്‍ വരാനാണ് പൊതുവേ നാടുവാഴികള്‍ ശ്രമി ച്ചത്. ഇത്തരം ചങ്ങാത്തമാണ് മാര്‍ത്താണ്ഡവര്‍മ്മയെ എട്ടുവീട്ടില്‍പിള്ളമാരുടെ മാടമ്പി സംഘവുമായി ഏറ്റുമുട്ടുന്നതിന് പ്രേരിപ്പിച്ചത് . പിള്ളമാര്‍ക്കും മാടമ്പിമാര്‍ക്കും എതിരായ നിരന്തരമായ ആക്രമണങ്ങള്‍ തിരുവിതാംകൂറിന് വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി. ഇതു നേരിടുന്നതിനായി സര്‍ക്കാര്‍വക ഭൂമി പാട്ടത്തിനു നല്‍കി, നികുതി പിരിച്ച് ഖജനാവ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. സമ്പദ്ഘടനയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്കാണ് ഇത് വഴിതെളിച്ചത്. ക്രൈസ്തവ -മുസ്ലീം വിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി പാട്ടത്തിനു നല്‍കിയത്. രാജ്യഭരണത്തിന് ഏറ്റവും സാധ്യതയില്ലാത്തവര്‍ എന്ന നിലയിലായിരിക്കണം ഇത്തരമൊരു തീരുമാനം. ഭൂമിയുടെ സ്വകാര്യവല്‍ക്കരണത്തിന് ആദ്യമായി കേരളത്തില്‍ വഴി തുറന്നത് ഇങ്ങനെയാണ്.
ഭൂവുടമസ്ഥതയില്‍ വന്ന മാറ്റങ്ങളും കേരളസമൂഹവും
ഭൂവുടമസ്ഥതിയില്‍ വന്ന ഈ മാറ്റം 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കൂടുതല്‍ ശക്തമായി. തന്റെ മലബാര്‍ അധിനിവേശകാലത്ത് ടിപ്പു സുല്‍ത്താനും പരമ്പരാഗത ജന്മിത്വത്തിനെതിരായി പല നടപടികളും കൈക്കൊണ്ടിരുന്നു. പാട്ടക്കുടിയന്മാര്‍ക്കായിരുന്നു ഇതിന്റെ നേട്ടം. എന്നാല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തി മലബാറിനെ തങ്ങളുടെ അധീനതയിലാക്കിയതോടെ പഴയ ഭൂവുടമകള്‍ക്ക് ജന്മാവകാശം തിരിച്ചുനല്‍കി. മലബാറിലെ പാട്ടക്കുടിയന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തിന് തുടക്കം കുറിക്കുന്നത് ഇതോടെയാണ്. പാട്ടക്കുടിയാന്മാരില്‍ മഹാഭൂരിപക്ഷവും മുസ്ലീങ്ങളായതിനാലും ജന്മിമാരില്‍ വലിയ പങ്കും സവര്‍ണ ഹിന്ദുക്കള്‍ ആയതിനാലും ഇത്തരം പ്രക്ഷോഭങ്ങളെ വര്‍ഗീയ കലാപങ്ങളായി ചിത്രീകരിക്കുകയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചെയ്തത്.
ക്ഷേത്രങ്ങള്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഇവയെല്ലാം തന്നെ സവര്‍ണ ജാതിക്കാരുടെ സ്വകാര്യ നിയന്ത്രണങ്ങളിലുമായിരുന്നു. ഈ അധികാര കേന്ദ്രത്തിനേറ്റ വലിയൊരു അടിയായിരുന്നു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി. ഏതാണ്ട് 500 ക്ഷേത്രങ്ങളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ അധീനതയിലാക്കിയത്. ഈ നടപടി ബ്രാഹ്മണ മേധാവിത്വത്തിന്റെ ശക്തിക്ഷയത്തിന് വഴിതെളിച്ചു. ഈ ദേവസ്വം വക ഭൂമി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു നല്‍കി. ഇങ്ങനെ പാട്ടമായി കൃഷിഭൂമി ലഭിച്ചവരില്‍ ഈഴവരുള്‍പ്പെടെയുള്ള അവര്‍ണ ജാതികളില്‍പ്പെട്ടവരും ക്രൈസ്തവ ദേവാലയങ്ങളും ഉണ്ടായിരുന്നു. കയര്‍ കൊപ്ര കച്ചവടത്തിലൂടെ മുന്‍പു തന്നെ സാമ്പത്തികമായി ശക്തിപ്രാപിച്ച ഒരു വിഭാഗം ഈഴവര്‍ ഇത്തരത്തില്‍ ഭൂമികൂടി കിട്ടിയതോടെ കൂടുതല്‍ പ്രബലരായി. അതേവരെ കൃഷിക്ക് ഉപയോഗിക്കാതിരുന്ന വനഭൂമി, ആറ്റിന്‍തീരങ്ങള്‍, കായലോരങ്ങള്‍ മുതലായ സ്ഥലങ്ങളും വ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കിയ നടപടികള്‍ തുടര്‍ന്നുണ്ടായി. കുടിയാന്മാരുടെ പാട്ടക്കുടിശിക നിര്‍ത്തലാക്കിക്കൊണ്ടുള്ള സുപ്രധാനമായ വിളംബരം 1823ല്‍ ഉണ്ടായി. നികുതികുടിശ്ശികയുടെ പേരില്‍ പാട്ടക്കുടിയാന്മാരെ ഒഴിപ്പിക്കാന്‍ പാടില്ലെന്നുള്ള നിയമം 1828ല്‍ നിലവില്‍ വന്നു. നിരവധി കര്‍ഷക പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു ഇവയെല്ലാം. കുന്നത്തൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
ഇതിന്റെ തുടര്‍ച്ചയായിരുന്നു 1865ലെ പണ്ടാരപ്പാട്ട വിളംബരം. സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിയില്‍ സമ്പൂര്‍ണ അധികാരം അനുവദിക്കുന്ന വിളംബരമായിരുന്നു ഇത്. ഇതോടുകൂടി പാട്ടക്കുടിയാന്മാര്‍ക്ക് കൈവശാവകാശ ഭൂമിയില്‍ ഉടമസ്ഥതയും പിന്തുടര്‍ച്ചവകാശവും കൈമാറ്റാവകാശവും ലഭിച്ചു. ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക- ക്ഷേത്രങ്ങളുടെയും ബ്രാഹ്മണരുടെയും രാജകുടുംബങ്ങളുടെയും വക- എന്നിങ്ങനെ മധ്യകാല കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂമിയിലുള്ള ഉടമസ്ഥാ വകാശം വ്യക്തികളിലേക്ക് വഴിമാറുന്നതിന് ഇത് വഴിതെളിച്ചു. ഭൂമി ഇതോടെ പൂര്‍ണമാ യും ക്രയവിക്രയം ചെയ്യാവുന്ന കേവലം ഒരു ചരക്കായി മാറി. കേരള സമ്പദ് ഘടനയില്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവമായിരുന്നു ഇത്. പണ്ടാരപ്പാട്ട വിളംബരം കഴിഞ്ഞ് നാലുകൊല്ലത്തിനു ശേഷം 1869ല്‍ തിരുവിതാംകൂറില്‍ കേരളത്തിലെ ആദ്യത്തെ ഭൂമി കച്ചവടം നടന്നു. പൂഞ്ഞാര്‍ കോവിലകം വക മൂന്നാറിലുള്ള 3000 ഏക്കര്‍ ഭൂമി ഒരു വിദേശി വിലക്കുവാങ്ങി തേയില കൃഷി ആരംഭിച്ചു. ഇതേത്തുടര്‍ന്ന് മലയോര മേഖലയില്‍ ഭൂമി പാട്ടമായി കൈവശം വച്ചിരുന്ന പലരും ഇത് വ്യക്തിപരമാക്കി മാറ്റുകയും വാണിജ്യകൃഷിയിലേക്കു തിരിയുകയും ചെയ്തു. കേരളത്തിന്റെ മലയോരമേഖലയില്‍ റബര്‍ കൃഷി ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്.
ഇങ്ങനെ തിരുവിതാംകൂറിലും കൊച്ചിയിലും സമ്പന്നരായ ഒരു കര്‍ഷകവര്‍ഗം ഉദയം ചെയ്തു. ഭൂമിയിലുള്ള സവര്‍ണ്ണ കുത്തകയ്ക്ക് ഇതോടെ കാര്യമായ ഇളക്കം തട്ടി. കൃഷിചെയ്ത് ആര്‍ക്കും സമ്പന്നരാകാനും ഇത് വഴിയൊരുക്കി.
പാട്ടക്കുടിയാന്‍മാര്‍ക്ക് അവകാശങ്ങള്‍ നല്‍കിയ പുതിയ നിയമങ്ങള്‍ എന്നാല്‍ മലബാര്‍ മേഖലയില്‍ ഉണ്ടായില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന മലബാറില്‍ സവര്‍ണ ജന്മി മേധാവികളുമായി അവര്‍ക്കുണ്ടായിരുന്ന അടുപ്പമായിരുന്നു ഇതിന്റെ മുഖ്യകാരണം. ഭൂമിയില്‍ ഉടമസ്ഥാവകാശമോ ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നുള്ള മോചനമോ ലഭിക്കാത്ത മലബാറിലെ കര്‍ഷകരില്‍ ഒരു സമ്പന്നമധ്യവര്‍ഗം ഉദയം ചെയ്യാതിരിക്കുന്നതിനുള്ള കാരണം ഇതാണ്. തിരുവിതാംകൂറിലും കൊച്ചിയിലും ഇത്തരത്തില്‍ പുതുതായി രൂപംകൊണ്ട സമ്പന്ന മധ്യവര്‍ഗമാണ് പില്‍ക്കാലത്ത് സമുദായ പരിഷ്കരണത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും നേതൃത്വം നല്‍കിയത്. 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍ പ്രമുഖമായവയെല്ലാം തിരു-കൊച്ചി പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചുള്ളവയായിരിക്കാന്‍ കാരണവും ഇതായിരിക്കും. സാമൂഹിക വിവേചനത്തിനെതിരായുള്ള മലബാറിലെ സമരങ്ങള്‍ കുറച്ചുകൂടി വര്‍ഗസ്വഭാവമാര്‍ന്നതായിരുന്നു. ഇവ ജന്മിത്വ വിരുദ്ധ സാമ്രാജ്വത്വ വിരുദ്ധ സമരങ്ങളായി പലപ്പോഴും പരിണമിച്ചിരുന്നു.
സമ്പന്ന മധ്യവര്‍ഗമായി ഉദയം ചെയ്ത പഴയ പാട്ടകുടിയാന്മാര്‍ക്കുണ്ടായ ഭൗതിക മെച്ചങ്ങളൊന്നും ജാതിശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള കര്‍ഷക അടിയാന്മാര്‍ക്കുലഭിച്ചില്ല. ജാതിചങ്ങലകളില്‍ തളയ്ക്കപ്പെട്ട് അടിമകളായി കഴിയുന്ന അവരുടെ ദുസ്ഥിതി അതേപടി തുടര്‍ന്നു. വിവിധ കുലത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു വിഭാഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
ഊഴിയവേല എന്നറിയപ്പെട്ടിരുന്ന അടിമസമ്പ്രദായത്തിലായിരുന്നു കര്‍ഷകത്തൊഴിലാളികള്‍ മുഴുവനും. കൃഷിഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ആ ഭൂമിയില്‍ പണിയെടുത്തുപോന്നിരുന്ന ഊഴിയ വേലക്കാരെയും അതോടൊപ്പം കൈമാറിയിരുന്നു.
മുതലാളിത്ത വികസനം കേരളസമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍
ഈയൊരു ഭൂമികയിലേക്കാണ് ക്രൈസ്തവ മിഷണറിമാര്‍ കടന്നുവന്നത്. മതപരിവര്‍ത്തനത്തിലൂടെ ജാതി ചങ്ങലകളില്‍ നിന്നുള്ള മോചനം, വിദ്യാഭ്യാസം, മാടമ്പികളുടെ പുരയിടങ്ങളിലെ അടിമവേലകളില്‍ നിന്നു മോചിതരായി പുതിയ തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ സാമൂഹിക പദവികളില്‍ വിപ്ലവകരമായ മാറ്റത്തിന് ഇവരുടെ കടന്നുവരവ് പിന്നോക്ക ജാതിക്കാര്‍ക്ക് അവസരമൊരുക്കി. തങ്ങള്‍ക്കാവശ്യമായ ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിച്ചെടുക്കേണ്ട ആവശ്യം ഇവിടത്തെ കൊളോണിയല്‍ ഭരണക്കാര്‍ക്കുമുണ്ടായിരുന്നു. അതിനായി അവര്‍ ഭരണപരമായി അവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. ക്രിസ്തുമതത്തില്‍ ചേര്‍ന്നവര്‍ ഞായറാഴ്ച ഊഴിയവേല ചെയ്യേണ്ടതില്ല എന്ന് ദിവാന്‍ മണ്‍റോ ഉത്തരവിറക്കി, മതപരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഊഴിയവേലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മിഷണറിമാര്‍ മറ്റ് തൊഴിലുകള്‍ നല്‍കി.
പട്ടിക 2
1875-ലെ സെന്‍സസ് പ്രകാരം ഭൂസ്വത്തും പദവിയും ഉണ്ടായിരുന്ന ആളുകള്‍.
|
പുരുഷന്മാരുടെ എണ്ണം ഉള്ളവര്‍ |
സ്വത്തുംപദവിയും പുരുഷന്മാരുടെ |
സ്വത്തുംപദവിയും ഉള്ളവരില്‍ ശതമാനം |
നായന്മാര്‍ |
218030 |
218030 |
7% |
ക്രിസ്ത്യാനികള്‍ |
233860 |
11160 |
5% |
ഈഴവര്‍ |
188400 |
7390 |
4% |
ചാന്നാന്മാര്‍ |
48220 |
1350 |
3% |
വിദേശ ബ്രാഹ്മണര്‍ |
14520 |
2910 |
20% |
മലയാള ബ്രാഹ്മണര്‍ |
5840 |
1950 |
33 % |
പൂലയര്‍ |
94790 |
2320 |
3% |
ഈ സാമൂഹിക പരിഷ്കാരങ്ങള്‍ ഇവിടെ അരങ്ങേറുന്നതിനു സമാന്തരമായി വിവിധ മേഖലകളില്‍ മൂലധനനിക്ഷേപത്തെ അടിസ്ഥാനമാക്കിയ വ്യവസായങ്ങള്‍ ഉയര്‍ന്നുവന്നു. ഓട്, മരം, കയര്‍, കൊപ്ര എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് മൂലധന നിക്ഷേപ ങ്ങള്‍ ഉണ്ടായി. ജന്മി പുരയിടങ്ങളിലെ അടിമവേല ഉപേക്ഷിച്ച് വരുന്നവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ ജോലി തരമായി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് മലയോര പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ വാണിജ്യ കൃഷികള്‍ ആരംഭി ക്കുന്നത്. നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയില്‍ തളംകെട്ടി നിന്നിരുന്ന തൊഴില്‍ സമ്പ്രദായങ്ങളെയും ഉല്‍പാദന സംഘടനാ രീതികളെയും ഇതെല്ലാം ചേര്‍ന്ന് പൊളിച്ചെഴുതി. പണത്തെയും കമ്പോളത്തെയും ആധാരമാക്കിയ സമ്പദ്ഘടന കേരളത്തിന്റെ മണ്ണില്‍ രൂപപ്പെട്ടു തുടങ്ങി. കൂലിവേലക്കാരുടെ പുതിയൊരു വര്‍ഗം കേരളത്തില്‍ സജീവമായി.
ചലനാത്മകതയാണ് മുതലാളിത്ത വികസനത്തിന്റെ സത്ത. മൂലധനത്തിന്റെയും ചരക്കിന്റെയും അധ്വാനശക്തിയുടെയും സ്വാതന്ത്ര്യവും ചലനവുമാണ് അതിന്റെ ജീവവായു. അതിനു പ്രതിബന്ധമായി നില്‍ക്കുന്ന എല്ലാ ഘടനകളെയും അത് പൊളിച്ചെഴുതുക തന്നെ ചെയ്യും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും ഏംഗല്‍സും ഇങ്ങനെ നിരീക്ഷിക്കുന്നു. “അതിന് (മുതലാളിത്തം) പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഗ്രാമീണബന്ധങ്ങള്‍ക്ക് അത് അറുതിവരുത്തി. മനുഷ്യനെ അയാളുടെ സ്വാഭാവിക മേലാളന്മാരുമായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലകളെ അത് നിഷ്കരുണം അറുത്തുമുറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥതയൊഴികെ, ഹൃദയശൂന്യമായ രൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും അത് ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ത്ഥമായ വീരശൂര പരാക്രമങ്ങളുടെയും മൂഢമതികളുടെ വികാരപരതയെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെയും അത് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യത്തിലലിയിച്ചു. അലംഘനീയമായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്ത് അത് ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ, സ്വതന്ത്രവ്യാപാരത്തെ, പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ തിരശ്ശീലകൊണ്ട് മൂടിയ ചൂഷണത്തിനു പകരം നഗ്നവും നിര്‍ലജ്ഞവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അത് നടപ്പാക്കി". ഇത്തരത്തില്‍ നോക്കിയാല്‍ മുന്‍പ് സൂചിപ്പിച്ച മിഷണറിമാരുടെ മൂല്യപ്രചോദിതമായ സദ്പ്രവൃത്തികളോ, ഇവിടം വാണ ചില രാജാക്കന്മാരുടെ വിശാലമനസ്കതയോ അല്ല യഥാര്‍ത്ഥത്തില്‍ നേരത്തെ സൂചിപ്പിച്ച സാമൂഹ്യ പരിഷ്കാര സംബന്ധമായ പല നിയമ നിര്‍മാണങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥശക്തി. കേരളസമൂഹത്തിലെ മുതലാളിത്ത വികാസത്തിന്റെ നിമിത്തങ്ങളായി ഭവിക്കുകയായിരുന്നു അവര്‍. വിവിധ സമുദായങ്ങളുടെ ഉള്ളില്‍ നിന്നുയര്‍ന്നു വന്ന സമുദായ പരിഷ്കാര ശ്രമങ്ങളെയും ഇതേ കണ്ണാല്‍ നോക്കിക്കാണാവുന്നതാണ്.
വിവിധ ജാതികളുടെ സമുദായ പരിഷ്കരണ ശ്രമങ്ങള്‍
ആദ്യം സൂചിപ്പിച്ചതു പോലെ ജാതിശ്രേണിയുടെ വിവിധ തട്ടുകളില്‍ നിലയുറപ്പിച്ചിരുന്ന സമുദായങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമാനങ്ങളുള്ള പരിഷ്കാരശ്രമങ്ങളാണ് നടന്നത്.
പട്ടിക 1
1875-ലെയും 1891-ലെയും ജനസംഖ്യയും സാക്ഷരത്വസ്ഥിതിവിവരങ്ങളും നാലു സമുദായങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളും
സമൂദായങ്ങളുടെ പേര് |
എണ്ണം |
വിദ്യാഭ്യാസം സിദ്ധിച്ച ആളുകളുടെ വയസ് /ശതമാനം |
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവ രുടെ എണ്ണം |
10-50 രൂപ ശമ്പളക്കാ രായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ |
അമ്പതും അതില്‍ കൂടുതലും ശമ്പളക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ |
|||||
|
1875 |
1891 |
1875 |
1891 |
1875 |
1891 |
1875 |
1891 |
1875 |
1891 |
പരദേശി ബ്രാഹ്മണര്‍ |
27,700 |
28,100 |
50 |
56 |
- |
645 |
220 (25%) |
1035 (30%) |
57 (27%) |
101 (27%) |
നായന്മാര്‍ |
441,000 |
483,770 |
21 |
37 |
- |
572 |
410 (47%) |
1620 (48%) |
35 (16%) |
99 (27%) |
ക്രിസ്ത്യാ നികള്‍ |
468,550* |
526,900* |
12 |
21 |
- |
534 |
10 (1%) |
95 (3%) |
4 (2%) |
21 (6%) |
ഈഴവര്‍ |
883000 |
414,200 |
3 |
12 |
- |
30 |
- |
- |
- |
- |
*60% സുറിയാനി ക്രിസ്ത്യാനികള്‍, 25% ലാറ്റിന്‍ കത്തോലിക്കര്‍, 15% പ്രൊട്ടസ്റ്റന്റ് സഭയിലേക്കു പരിവര്‍ത്തനം ചെയ്തവര്‍, യൂറോപ്യന്മാര്‍, യുറേഷ്യക്കാര്‍, തമിഴ് ശൂദ്രര്‍, മറ്റു സവര്‍ണ്ണമലയാളി ഹിന്ദുക്കള്‍ തുടങ്ങിയവരാണ് ബാക്കി ഉദ്യോഗസ്ഥന്മാര്‍. 1881-ലെ സെന്‍സസ് റിപ്പോര്‍ട്ട്.
കുടുംബത്തിലെ മൂത്തപുത്രന്‍ മാത്രം സ്വജാതിയില്‍നിന്നും വിവാഹം കഴിക്കുക, ഇളയവര്‍ക്ക് ഇത്തരം വിവാഹങ്ങളും കുടുംബവും നിഷേധിക്കുക, പകരം അവര്‍ സംബ ന്ധക്കാരായി ജീവിതം കഴിക്കുക. നമ്പൂതിരി സമുദായത്തിലെ ചെറുപ്പക്കാര്‍ ആദ്യം കലാപമുയര്‍ത്തിയതു് ഇതിനെതിരെയാണ്. ഭൂസ്വത്ത് മുഴുവന്‍ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിവച്ചിരുന്നവരാണ് നമ്പൂതിരിമാര്‍. ഇത് വിഭജിക്കപ്പെട്ട് പോകുന്നത് ജന്മിത്വത്തിന്റെ അധികാരത്തെ ദുര്‍ബലമാക്കുമെന്നും അതിനാല്‍ അത് ഒരേ കുടുംബത്തിനുള്ളില്‍ തന്നെ കേന്ദ്രീകരിച്ചു നിര്‍ത്തണം എന്നതിനാലുമാണ് ഇത്തരമൊരു വിവാഹസമ്പ്രദായം അവര്‍ നിര്‍ബന്ധമായും പുലര്‍ത്തിപ്പോന്നത്. സാമ്പത്തികാധികാരത്തിന്റെ ഘടനയെ അരക്കിട്ടുറപ്പിച്ചു നിര്‍ത്താനുള്ള ശ്രമമായിരുന്നു ഇത്തരമൊരു സംസ്കാരം. ഒരു കുടുംബത്തിലെ ഭൂരിപക്ഷത്തിനും വിവാഹവും സ്വത്തും കുടുംബജീവിതവും നിഷേധിക്കുന്ന ഈ സമ്പ്രദായത്തിനെതിരായ പ്രതിഷേധമാണ് നമ്പൂതിരി സമുദായങ്ങളിലെ പരിഷ്കരണ ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഈ ശ്രമങ്ങളുടെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട അരങ്ങില്‍നിന്ന് അണിയറയിലേക്ക് എന്ന നാടകത്തിലെ ഈ സംഭാഷണം ഒന്നുമാത്രം മതി ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ അന്നത്തെ വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍. “പട്ടിയായി ജനിക്കാം,പൂച്ചയായി ജനിക്കാം, എന്നാല്‍ ജന്മമുണ്ടു ഇനിയെങ്കില്‍ നമ്പൂതിരി സമുദായത്തിലെ ഒരപ്ഫനായി ജനിക്കാന്‍ സാധ്യമല്ല.” ഈ പ്രവര്‍ത്തനങ്ങള്‍ പുതിയ ചിന്താധാരകളിലേക്കും മാറുന്ന ലോക സാചര്യങ്ങളിലേക്കും നമ്പൂതിരി യുവാക്കളെ ആകര്‍ഷിച്ചു. ഇവരില്‍ പലരും പില്‍ക്കാലത്ത് ദേശീയ പ്രസ്ഥാനത്തിലേക്കുംപുരോഗമന രാഷ്ട്രീയത്തിലേക്കും സ്വാഭാവികമായും തിരിഞ്ഞു.
ജാതിശ്രേണിയില്‍ നമ്പൂതിരിമാര്‍ കഴിഞ്ഞാല്‍ പ്രധാനികള്‍ നായന്മാരായിരുന്നു. മറ്റ് പിന്നോക്ക ജാതിക്കാരുമായി, താരതമ്യം ചെയ്യുമ്പോള്‍ മേലേക്കിടയിലായിരുന്നുെവങ്കിലും ശൂദ്രരായിത്തന്നെ അവര്‍ കരുതപ്പെട്ടിരുന്നു. തൊടീലും തീണ്ടലും മറ്റ് അയിത്താചാരങ്ങളും അവര്‍ക്കുമേല്‍ സവര്‍ണ സമൂഹങ്ങള്‍ ചെലുത്തിപ്പോന്നിരുന്നു. നമ്പൂതിരിമാരുെട പുരയിടങ്ങള്‍ നോക്കി നടത്തിയിരുന്ന കാര്യസ്ഥര്‍, കേരള സമൂഹത്തില്‍ അന്ന് നിലവിലിരുന്ന അമ്പതോളം ചെറുകിട രാജാക്കന്മാരുടെ താല്‍ക്കാലിക പടയാളികള്‍ എന്നീ സ്ഥാനങ്ങളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അധികാര സ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലും നല്ല പങ്ക് നായന്മാര്‍ക്കുണ്ടായിരുന്നു.
"കേരളത്തിലെ സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ആദ്യം രൂപം കൊള്ളുന്നത് നായന്മാര്‍ക്കിടയിലാണ്. പുറം ലോകവുമായുള്ള സമ്പര്‍ക്കം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ഉന്നതമായ ഉദ്യോഗങ്ങള്‍ ഇവ കൈക്കലാക്കിയ വലിയൊരു വിഭാഗം ഇവര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ വിവാഹജീവിതവും കുടുംബ ജീവിതവും നഷ്ടപ്പെട്ട്, പലരുടെയും സംബന്ധക്കാരികളായി കഴിയേണ്ടി വന്ന നായര്‍ സ്ത്രീകളുടെ അവസ്ഥ ഈ വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. വിദ്യാസമ്പന്നരായ നായര്‍ യുവാക്കള്‍ ഇത് വളരെ മോശപ്പെട്ട ഒരു അവസ്ഥയായി കരുതി. നായര്‍ സ്ത്രീകളെ നമ്പൂതിരിമാരുടെ സുഖഭോഗത്തിനുവേണ്ടി പരശുരാമന്‍ കൊണ്ടുവന്നതാണെന്നും അവര്‍ക്ക് പാതിവ്രത്യ നിയമത്തിന്റെ ആവശ്യമില്ലെന്നും മറ്റുമുള്ള ഐതിഹ്യങ്ങളും അതനുസരിച്ചുള്ള ബ്രാഹ്മണ സംബന്ധവും ഈ പുതിയ തലമുറ നായന്മാരെ അരിശം കൊള്ളിച്ചു”. (ഇഎംഎസ് ) “ആധുനിക മുതലാളിത്തം വിഭാവനം ചെയ്യുന്ന കുടുംബക്രമത്തിനായി അവര്‍ ആഗ്രഹിച്ചു. സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാന്‍ വയ്യാത്ത ഗതികേടില്‍ തങ്ങളെ അകപ്പെടുത്തിയ ബ്രാഹ്മണ സംസ്കാരത്തിനെതിരെ അവര്‍ രംഗത്തു വന്നു. മരുമക്കത്തായ തറവാടുകളിലെ അസുഖകരമായ ജീവിതം അവസാനിപ്പിച്ച് കാണാന്‍ അവര്‍ ആഗ്രഹിച്ചു. കല്യാണങ്ങളും അടിയന്തിരങ്ങളും വഴിപാടുകളും കൊണ്ട് പണച്ചിലവ് വര്‍ധിക്കുകയും കൃഷിയിലും വരുമാന വര്‍ധനയിലും യാതൊരു ശ്രദ്ധയുമില്ലാതെ വന്നതുകൊണ്ട് സാമൂഹിക കുടുംബജീവിതം ദുഷ്കരമാകുന്നത് അവര്‍ കണ്ടു. അതോടൊപ്പം ഇന്നലെ വരെ തങ്ങളുടെ പുരയിടത്തില്‍ അടിമകളായും പാടത്തെ പണിക്കാരായും കഴിഞ്ഞവര്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ജോലിയിലൂടെയും കച്ചവടത്തിലൂടെയും സമ്പന്നരാകുന്നതും അവരുടെ കണ്ണു തുറപ്പിച്ചു. കേരളത്തില്‍ എല്ലാ യിടത്തും നായര്‍ സമാജങ്ങള്‍ ഉയര്‍ന്നുവന്നത് ഇങ്ങനെയാണ്. ഇവരുടെ കാര്യപരിപാ ടി മുഖ്യമായും താഴെ പറയുന്നവയായിരുന്നു.
1. താലികെട്ടു കല്യാണം അവസാനിപ്പിക്കുക. അധികച്ചിലവും സ്വത്തുനാശവും വരുത്തു ന്ന അനാവശ്യമായ ഒരടിയന്തിരമായതിനാല്‍ മാത്രമല്ല, വെപ്പാട്ടി സമ്പ്രദായമെന്ന് തോന്നിപ്പിക്കുന്ന സംബന്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലക്ക് സമുദായത്തിന് അപമാനകരമായ താലികെട്ടു കല്യാണം നിര്‍ത്തിയേ കഴിയൂ എന്ന് പരിഷ്കൃതമനോഭാവമുള്ള നായര്‍ യുവാക്കള്‍ വാദിച്ചു.
2. സംബന്ധമെന്ന ഏര്‍പ്പാടിനെ പരിഷ്കൃതമായ വിവാഹമായും മക്കള്‍ക്ക് സ്വത്തിന് അവകാശമുള്ള നിയമപരമായ വ്യവസ്ഥയായും അംഗീകരിക്കുക.
3. തറവാട്ടു സ്വത്ത് ഭാഗിച്ചു വാങ്ങാനും അത് ഭാര്യാമക്കള്‍ക്ക് കൊടുക്കാനും ഓരോ പുരുഷനും അധികാരം നല്‍കുകയും സ്ത്രീകള്‍ക്ക് സ്വന്തം തറവാട്ടിലെ സ്വത്തിലൊരംശവും ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തിന്മേല്‍ അവകാശവും അനുവദിക്കുന്ന രീതിയില്‍ കുടുംബനിയമം പരിഷ്കരിക്കുക".
ഈ ആശയങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി തിരുവിതാം കൂറിലും കൊച്ചിയിലും മലബാറിലും നായന്‍മാരുടെ വിവാഹവും ദായക്രമവും പരിഷ്കരി ക്കപ്പെട്ടു. തറവാട്ടു സ്വത്ത് ആളോഹരി വീതമനുസരിച്ച് ഭാഗിക്കാമെന്നുള്ള റെഗുലേഷന്‍ 1925ല്‍ തിരുവിതാംകൂറില്‍ നിലവില്‍ വന്നു, തുടര്‍ന്ന് കൊച്ചിയിലും. നാട്ടുനടപ്പുള്ള സംബന്ധത്തെ യഥാര്‍ത്ഥ വിവാഹമായി സ്വീകരിക്കുകയും വിവാഹമോചന സ്വാതന്ത്ര്യം വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു.
നായന്‍മാര്‍ക്കിടയിലും നമ്പൂതിരിമാര്‍ക്കിടയിലും സംഭവിച്ച സമുദായപരിഷ്കരണപ്രസ്ഥാനങ്ങളും ഈഴവര്‍, പുലയര്‍ തുടങ്ങിയ താഴ്ന്ന ജാതിക്കാര്‍ക്കിടയിലുണ്ടായ സാമൂഹിക പരിഷ്കരണങ്ങളും അടിസ്ഥാനപരമായിത്തന്നെ വേറിട്ടു കാണേണ്ടതുണ്ട്. ഉല്പാദന സമ്പ്രദായങ്ങളിലും സാമ്പത്തികബന്ധങ്ങളിലും വന്ന മാറ്റങ്ങളാണ് ഇത് രണ്ടിനും ഒരുപോലെ നിദാനമായത്. എങ്കിലും അതിന്റെ സ്വഭാവത്തില്‍ മൗലികമായ അന്തരമുണ്ടായിരുന്നു. നിലനില്‍ക്കുന്ന സാമൂഹികഘടനയെ അതേപടി നിലനിര്‍ത്തിക്കൊണ്ട് സ്വസമുദായങ്ങളിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരുന്നു നായര്‍ നമ്പൂതിരി സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. ആ നിലയില്‍ സമൂഹത്തിനെ മൊത്തത്തിലെടുത്താല്‍ അവയുടെ വിപ്ലവാത്മകത പരിമിതമായിരുന്നു. നിലനില്‍ക്കുന്ന സാമൂഹികഘടനയെയോ ഉല്പാദനബന്ധങ്ങളെയോ അവ ചോദ്യം ചെയ്തില്ല. എന്നാല്‍ പിന്നാക്ക ജാതിക്കാര്‍ മുന്നോട്ടുവച്ച പരിഷ്കരണ നടപടികള്‍ പലതും നിലവിലുള്ള ഉല്പാദനബന്ധങ്ങളെ മൗലികമായി ചോദ്യം ചെയ്യുന്നവയായിരുന്നു. ഈ ഉല്പാദനബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുക അസാധ്യമായിരുന്നു. ഇഎംഎസ് ഇതേപ്പറ്റി ഇങ്ങനെ പറയുന്നു “വിവാഹ സമ്പ്രദായത്തിലും ദായക്രമത്തിലും പരിഷ്കാരങ്ങള്‍ വരുത്തുന്നതുകൊണ്ടൊന്നും ഈഴവര്‍ക്ക് പരിഷ്കൃത ലോകത്തില്‍ മാന്യസ്ഥാനം നേടാന്‍ കഴിയുകയില്ല. തങ്ങളെ അടിച്ചമര്‍ത്തുന്ന സാമൂഹികഘടനയെയാകെ അട്ടിമറിക്കാതെ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന നിയമങ്ങളും ആചാരനടപടികളും അവസാനിപ്പിക്കാതെ, ജാതികളും ഉപജാതികളും തമ്മിലുള്ള അസമത്വങ്ങളും അവയില്‍ 'താണ’ജാതിക്കാര്‍ക്കുള്ള നാനാവിധമായ അവശതകളും ഇല്ലാതാക്കി സാമൂഹിക സമത്വം സ്ഥാപിക്കാതെ സമുദായത്തിന് രക്ഷയില്ല. അതുകൊണ്ട് സാമുദായിക പരിഷ്കാര പ്രസ്ഥാനത്തിന്റെ ആദ്യകാലത്തു തന്നെ ജാതിസമ്പ്രദായത്തിനെതിരായി സമുദായം പോരാടാന്‍ തുടങ്ങി. ‘ജാതി ചോദിക്കരുത്, പറയരുത്, ’ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ മുതലായ മുദ്രാവാക്യങ്ങള്‍ ഈ സമുദായമാണ് കേരളത്തിലാദ്യം ഉയര്‍ത്തിയത്."
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പോലും ഈഴവ സമുദായം ഏറെ ശോചനീയമായ അവസ്ഥയില്‍ കഴിയുകയായിരുന്നു. ജന്‍മിമാരുടെ പുരയിടങ്ങളിലെ ഊഴിയ വേലക്കാരായിരുന്നു ഇവരില്‍ വലിയൊരു വിഭാഗം. ജാതിവ്യവസ്ഥയുടെ കര്‍ശനനിയമ ങ്ങളാല്‍ അവര്‍ ബന്ധിതരായിരുന്നു. പൊതുവഴിയില്‍ക്കൂടി നടക്കാനോ, വിദ്യാലയങ്ങളില്‍ പോകാനോ ക്ഷേത്രങ്ങളില്‍ ആരാധന നടത്താനോ ഒന്നും അവകാശമില്ലാത്ത ഈ സമൂഹം, സവര്‍ണജാതിക്കാര്‍ക്ക് 36 അടി അകലെ നില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായവര്‍, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകള്‍. ഈ സാഹചര്യമാണ് സാമൂഹിക പരിഷ്കരണത്തിലേക്ക് ഇവരെ നയിച്ചത്.
ഒരേ സമയം മതപരവും രാഷ്ട്രീയവുമായ മുന്നേറ്റമായിരുന്നു ഇവരിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ചത്. ആത്മീയസന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള മതപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ - ഉദ്യോഗങ്ങളില്‍ അര്‍ഹത, സംവരണം, വഴിനടക്കാനും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം മറ്റു വഴിക്കും ശ്രമങ്ങള്‍ നടന്നു. ഈ രണ്ടിനെയും യോജിപ്പിക്കുന്നവയായിരുന്നു ശ്രീനാരായണഗുരുവിന്റേത്. അതേവരെ ബ്രാഹ്മണരുടെ കുത്തകയായിരുന്ന ആത്മീയചിന്ത ഈഴവനും ആകാമെന്നും, എത്ര ഉയര്‍ന്ന ബ്രാഹ്മണനെയും പോലെ ഈഴവനും സന്യാസം സ്വീകരിക്കാമെന്നും ആത്മീയജീവിതം നയിക്കാമെന്നും , ബ്രാഹ്മണനെ ആശ്രയിക്കാതെ സ്വന്തം കഴിവിന്‍മേല്‍ നിന്നു കൊണ്ടുതന്നെ ഈഴവര്‍ക്ക് ഈശ്വരാരാധന നടത്താന്‍ പറ്റിയ ക്ഷേത്രങ്ങളും ഉണ്ടാക്കാമെന്നും നാരായണഗുരു കേരള സമൂഹത്തിനു കാട്ടിക്കൊടുത്തു.
ഇഎംഎസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു. “സ്വാമിജിയില്‍ നിന്നു കിട്ടിയപോലെ ഭയങ്കരമായ ഒരടി ഇതിനുമുന്‍പ് കേരളത്തിലെ ജാതിമേധാവിത്വത്തിന് കിട്ടിയിട്ടില്ല. അത്ര ആവേശകരമായ മറ്റൊരു മാതൃക ഈഴവനോ മറ്റിതര സമുദായങ്ങളോ ഇതിനു മുന്‍പ് കണ്ടിട്ടില്ല. കണ്ണൂര്‍ മുതല്‍ കൊല്ലം വരെ കേരളത്തിന്റെ നാനാഭാഗങ്ങളിലും ക്ഷേത്രങ്ങള്‍, അവിടെയെല്ലാം ഹിന്ദുമതാചാരപ്രകാരം ഈഴവരായ ശാന്തിക്കാര്‍ നടത്തുന്ന ആരാധനാക്രമങ്ങള്‍, സവര്‍ണ ക്ഷേത്രങ്ങളിലേതു പോലെ ഉത്സവങ്ങളും മറ്റടിയന്തിരങ്ങ ളിലും, ഹൈന്ദവ ശാസ്ത്രമനുസരിച്ച് സന്യാസം വരിച്ച് ജീവിതം നയിക്കുന്ന ഈഴവ സന്യാസിമാര്‍, ഇതിനെല്ലാം പ്രേരക ശക്തിയായി നില്‍ക്കുന്ന ശ്രീനാരായണഗുരു. ഇത് പത്തി രുപതു നൂറ്റാണ്ടു കാലമായി കേരളത്തിന് കാണാന്‍ കഴിയാത്തൊരു കാഴ്ചയാണ്.
ആത്മീയതയേക്കാള്‍ ഭൗതികമായ ഫലമാണ് ഇത് സമുദായത്തിലും രാജ്യത്തുമുണ്ടാ ക്കിയത്. ഈഴവനായ നാരായണഗുരുവിന് നമ്പൂതിരിയായ ശങ്കരാചാര്യരെപ്പോലെ സന്യാസജീവിതം നയിക്കുകുയും ആത്മീയചിന്തയില്‍ മുഴുകുകയും ചെയ്യാമെന്ന് പ്രയോ ഗിക ജീവിതത്തില്‍ കാണിക്കുകയും ചെയ്ത ശ്രീനാരായണീയന്റെ ‘അസമത്വങ്ങളോടും അവശതകളോടും പോരാടി സ്വതന്ത്രരാവുക’ എന്ന മുദ്രാവാക്യം ഈഴവര്‍ മുഴുവനും അം ഗീകരിച്ചു.
ക്ഷേത്രങ്ങളുടെയും മതത്തിന്റെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യ സമത്വമെന്ന കെട്ടിടമാണ്. ആത്മീയ ചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും മുളച്ചു വന്നത് സാമൂഹ്യ രാഷ്ട്രീയവകാശവാദമാണ്; ആര്‍ഷ സംസ്കാരത്തിന്റെ സന്ദേശമാണ് അദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നു പതിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന പാശ്ചാത്യ നവീന സന്ദേശമായാണ്.’’
അടിമ ജാതിക്കാരായ പുലയരുടെയും പറയരുടെയും മുന്നേറ്റങ്ങളും ഈയൊരു പശ്ചാ ത്തലത്തിലാണ് ഉണ്ടായത്. അടിമത്വം അതിന്റെ എല്ലാ ക്രൗര്യവും ഈ വിഭാഗങ്ങളോട് കാട്ടിയിരുന്നു. ശാരീരികമായും മാനസികമായും ഇവര്‍ അടിമത്ത വ്യവസ്ഥക്കു കീഴ്‌പ്പെട്ടിരു ന്നു. ആടുമാടുകളെപ്പോലെ തന്നെ ഇവര്‍ വില്‍ക്കപ്പെട്ടിരുന്നു. നിലമുഴുന്ന കാളയെയും അതിനെ നയിക്കുന്ന പുലയനെയും ഒരുപോലെ തന്നെയാണ് ജന്മിത്വം കണ്ടത്. ചില ഉത്തരവുകളിലൂടെ അടിമത്വം സര്‍ക്കാര്‍ അവസാനിപ്പിച്ചുവെങ്കിലും നാട്ടില്‍ ഇത് നിര്‍ബാധം തുടരുന്നുണ്ടായിരുന്നു. പിന്നോക്ക ജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം അനുവ ദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്കൂളുകളുടെ നിയന്ത്രണം കൈയ്യാളി യിരുന്ന സവര്‍ണ പ്രമാണിമാര്‍ ഇത് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല.
ഈയൊരവസ്ഥയിലാണ് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലന സംഘം രൂപീകരിക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ മാതൃകയിലാണ് ഇത് രൂപീകൃതമായത്. പറയരുടെയും പുലയരുടെയും ജാതിസംഘടന എന്നതിനേക്കാളുപരി അടിമകളുടെ സംഘടന എന്ന നിലയിലാണ് ഇത് രൂപീകൃതമാവുന്നത്. കര്‍ഷകത്തൊഴിലാളികളായി പണിയെടുത്തിരുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരമൊരു സംഘടനരൂപീകരിച്ചതിനെ വര്‍ഗാടിസ്ഥാനത്തില്‍ രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ സംഘടന എന്നു വിളിക്കാവുന്നതാണ് എന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ഈ സംഘടന അക്കാലത്ത് നേതൃത്വം നല്‍കി. അത്തരത്തിലൊന്നാണ് കല്ലുമാല സമരം. പറയ, പുലയ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ കല്ലുമാല ധരിച്ചു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന സവര്‍ണ്ണ ശാസനം അന്നു നിലവിലുണ്ടായിരുന്നു. ഇത് ലംഘിക്കുകയായിരുന്നു കല്ലുമാല സമരക്കാര്‍ ചെയ്തത്.
വിദ്യാലയ പ്രവേശനം നേടാനുള്ളതായിരുന്നു മറ്റൊരു പ്രക്ഷോഭം. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്കൂള്‍ പ്രവേശനം നിഷേധിച്ച പഞ്ചമി എന്ന പെണ്‍കുട്ടിയെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സ്കൂളില്‍ ചേര്‍ത്തു. സ്കൂളിനു തീയിട്ടുകൊണ്ടാണ് സവര്‍ണ പ്രമാണിമാര്‍ ഇതിനോടു പ്രതികരിച്ചത്. ഇതിന് ഏതാനും വര്‍ഷം മുന്‍പ് സ്വന്തം പുരയിടത്തില്‍ അയ്യങ്കാളി സ്ഥാപിച്ച സ്കൂളിനും ഇതേ ഗതിയാണുണ്ടായത്. സര്‍ക്കാരിന്റെ ഗ്രാന്റ് മേടിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് പറയ, പുലയ ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടാണ് അയ്യങ്കാളി പ്രതികരിച്ചത്. നെയ്യാറ്റിന്‍കര താലൂക്കിലെ ചില ഏലാകളില്‍ കൃഷിപ്പണിക്കിറങ്ങാതെ ഇവര്‍ പണിമുടക്കാരംഭിച്ചു. വയലുകള്‍ തരിശു നിലങ്ങളായിമാറി. വയലുകളിലെ കൃഷിപ്പണികള്‍ പൂര്‍ണമായും ചെയ്തു പോന്നിരുന്നത് പറയ പുലയ ജാതിക്കാരായ തൊഴിലാളികളായിരുന്നു. ഇവര്‍ സമരം ആരംഭിച്ചതോടെ കൃഷിയിറക്കാന്‍ വയ്യാത്ത സ്ഥിതി സംജാതമായി. മാസങ്ങളോളം പണിയില്ലാതിരുന്നത് കര്‍ഷകത്തൊഴിലാളികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലുണ്ടായി. അടിമജാതിക്കാരുടെ വിദ്യാലയ പ്രവേശനം അതോടെ സാധ്യമായി.
സ്വന്തം മാറുമറയ്ക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട നാടായിരുന്നു കേരളമെന്നത് ഇന്ന് ഒരുപക്ഷേ നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. സവര്‍ണ പ്രമാണിമാരുടെ മുന്‍പില്‍ നായര്‍ സ്ത്രീകള്‍ക്ക് പോലും ഇത് നിഷേധിക്കപ്പെട്ടിരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകള്‍ക്ക് ഈ അവകാശം പരിപൂര്‍ണമായും നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ ജാതിക്കാരായിരുന്നവര്‍, പിന്നീട് മിഷണറിമാരുടെ സ്വാധീനത്താല്‍ മതപരിവര്‍ത്തനം ചെയ്തവര്‍, േമല്‍മുണ്ടു കൊണ്ട് മാറുമറയ്ക്കാന്‍ തുനിഞ്ഞത്. ഇതില്‍ ക്ഷുഭിതരായ സവര്‍ണമാടമ്പികള്‍ ഈ സ്ത്രീകളുെട വസ്ത്രങ്ങള്‍ ബലമായി വലിച്ചുകീറി പൂര്‍ണ നഗ്നരാക്കി അവരെ റോഡിലൂടെ നടത്തിച്ചു. പെണ്‍ പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന ബാലികമാരുടെ കുപ്പായങ്ങള്‍ വരെ ഇവര്‍ വലിച്ചുകീറി. ക്രൈസ്തവരായിമതപരിവര്‍ത്തനം ചെയ്ത ചാന്നാര്‍ ജാതിയില്‍പ്പെട്ട സ്ത്രീകളായിരുന്നു ഇതിനിരയായത്. ഇതിനു നേതൃത്വം കൊടുത്ത മിഷണറിമാരുടെ ക്രൈസ്തവ പള്ളികളും പള്ളിക്കൂടങ്ങളും തീയിട്ടു. ഈ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവര്‍ കൈക്കൊണ്ടത്. തുടര്‍ന്ന് വ്യാപകമായ പ്രക്ഷോഭങ്ങള്‍ ചാന്നാര്‍ ജാതിയില്‍പ്പെട്ടവര്‍ നടത്തുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് തിരുവിതാംകൂര്‍, കൊച്ചി ദിവാനായിരുന്ന മണ്‍റോ മാറുമറയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കിക്കൊണ്ട് പ്രത്യേക വിളംബരം പുറപ്പെടുവിക്കുന്നത്. ഇതിനുമുന്‍പ് മലബാറില്‍ ടിപ്പുസുല്‍ത്താനും തിരുവിതാംകൂറില്‍ ചുരുങ്ങിയകാലം ഭരിച്ചിരുന്ന മുകിലനും ഇതിനു സമാനമായ ഉത്തര വുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി ഒരു ദശകം പിന്നിട്ടപ്പോഴും ഇത്തരം ആചാരങ്ങള്‍ ക്ഷേത്രങ്ങളില്‍ ചിലയിടത്ത് തുടര്‍ന്നു. തൃശൂരിലെ വേലൂരിനടുത്തുള്ള മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ താലമെടുക്കുന്ന സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല എന്ന ആചാരം 1956 വരെ നിലനിന്നിരുന്നു. വലിയൊരു ജനകീയ പ്രക്ഷോഭത്തിലൂടെയാണ് സ്ത്രീകള്‍ക്ക് ഇതിനുള്ള അവകാശം ലഭിച്ചത്.
അവകാശ ബോധമുൾക്കൊണ്ട കീഴാള ജനതയുടെ മുന്നേറ്റങ്ങളായിരുന്നു കേരളത്തിൽ നടന്ന ക്ഷേത്ര പ്രവേശന സമരങ്ങൾ. ഇതിൽ ഏറ്റവും ശ്രദ്ധേയം വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവുമാണ്. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ സവർണർക്കു മാത്രമായി അന്ന് പരിമിതിപ്പെടുത്തിയിരുന്നു. ഇതിനെതിരെ 1924 ൽ വിവിധ കീഴാള ജാതിക്കാരും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പുരോഗമന ചിന്താഗതിക്കാരും ഒന്നിച്ചണിനിരന്നു. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും ഈ നിരത്തിൽ പ്രവേശനമില്ല എന്നെഴുതിയ ബോർഡ് അന്ന് അവിടെ തൂക്കിയിരുന്നു. കീഴാള ജാതിക്കാർ ഈ നിരത്തുകളിൽ പ്രവേശിക്കുന്നത് തടയാൻ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ചു കൊണ്ട് സത്യഗ്രഹികൾ സംഘം സംഘമായി മുന്നേറി. മഹാത്മാ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ ശ്രദ്ധയാകർഷിച്ച ഒന്നായി ഈ സമരം മാറി.ഒരു വർഷത്തിന് ശേഷം 1925 ൽ പ്രസ്തുത നിരത്തുകളിൽ പിന്നോക്കക്കാർക്കു പ്രവേശനം അനുവദിച്ചു കൊണ്ട് തിരുവിതാംകൂർ രാജാവ് വിളംബരം പുറപ്പെടുവിച്ചു.
ഇതിനെത്തുടർന്നാണ് ഗുരുവായൂർ സത്യഗ്രഹം ആരംഭിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് നടന്ന ഈ പ്രക്ഷോഭത്തിൽ എ കെ ജി, കൃഷ്ണപിള്ള, കേളപ്പൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കാളികളായി. സാമുദായിക പരിഷ്കരണ പ്രക്ഷോഭങ്ങൾ കൂടുതൽ രാഷ്ട്രീയ നിറമുള്ളതായി മാറുകയായിരുന്നു ഈ ഘട്ടത്തിൽ. ഈ കാലയളവിൽ നടന്ന ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങളിൽ മന്നത്തു പത്മനാഭനെ പോലെയുള്ള സവർണ സമുദായ നേതാക്കളും നേതൃ നിരയിലുണ്ടായി എന്നത് ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷവും സാമൂഹിക പരിഷ്കാര ശ്രമങ്ങൾ പലയിടത്തും പലരൂപങ്ങളിൽ അരങ്ങേറുകയുണ്ടായി. ഇത്തരത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പാലിയം സമരം (1947 -1948 ). കൊച്ചി രാജവംശത്തിലെ മന്ത്രി സ്‌ഥാനീയർ ആയിരുന്ന പാലിയത്തച്ചന്മാർ കൈവശം വച്ചിരുന്ന പാലിയം റോഡിലൂടെ പിന്നോക്കക്കാർക്കു വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു ഈ സമരം. എസ് എൻ ഡി പി, പുലയ മഹാസഭ എന്നീ സമുദായ സംഘടനകൾക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയും ഈ പ്രക്ഷോഭത്തിൽ നേരിട്ടു പങ്കാളിയായി. മറ്റിതര സമുദായങ്ങളുടെ പിന്തുണയും ഈ പ്രക്ഷോഭത്തിനുണ്ടായിരുന്നു. പൂർണ വിജയം കണ്ട ഈ പ്രക്ഷോഭത്തിന്റെ ഫലമായി പാലിയം റോഡ് പിന്നോക്ക ജാതിക്കാർക്കായി തുറന്നു കൊടുത്തു. 1947 ഡിസംബർ 20 നു കൊച്ചീ രാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ വഴി തെളിച്ചതും ഈ പ്രക്ഷോഭമാണ്.
ഉപസംഹാരം
വര്‍ഗപരവും ലിംഗപരവുമായ അവകാശബോധങ്ങള്‍ സമൂഹത്തില്‍ മെല്ലെ വേരുപിടിച്ചു തുടങ്ങിയതിനു സമാന്തരമായി പുതിയൊരു രാഷ്ട്രീയ ബോധവും വ്യാപിച്ചു. സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലും ഏര്‍പ്പെട്ട ചെറുപ്പക്കാര്‍ ക്രമേണ കൊളോണിയല്‍ ആധിപത്യത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗഭാക്കാവാന്‍ തുടങ്ങി. ഇവരില്‍ തന്നെ കൂടുതല്‍ പരിഷ്കരണവാദികളായവര്‍ ഇടതുപക്ഷ ആശയങ്ങളിലേക്ക് നടന്നടുത്തു. സാമൂഹിക സമത്വം, സ്ഥിതി സമത്വം, കമ്യൂണിസം എന്നിങ്ങനെ പാശ്ചാത്യരാജ്യങ്ങളില്‍ ഉല്‍ഭവിച്ച ആശയങ്ങളുടെ കേവലം കെട്ടിയിറക്കലായിരുന്നില്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം. അതിന്റെ വേരുകള്‍ മുകളില്‍ വിവരിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്ക് നീണ്ടു കിടക്കുന്നു. വ്യക്തികള്‍ എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ജനങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുന്നത് ഈ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭണങ്ങളുടെയും തുടര്‍ച്ചയായിട്ടാണ്. നമ്മുടെ സമൂഹത്തെ മാറ്റിമറിക്കാനും പുതുക്കിപ്പണിയാനുമുള്ള നീണ്ടകാലത്തെ ശ്രമങ്ങളുടെ ഈ കണ്ണിയിലെ തുടര്‍ച്ചയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.
ചരിത്രപരമായ വിശകലനത്തിനു മാത്രം വിട്ടുകൊടുക്കേണ്ട ഒന്നാണോ നമ്മുടെ നാട്ടില്‍ നടന്ന സാമുദായിക സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍, വര്‍ത്തമാനകാലത്ത് എന്ത് കാലിക പ്രസക്തിയാണ് ഇത്തരമൊരു ചരിത്ര വിശകലനത്തിനുള്ളത്? സിപിഐ(എം) പാര്‍ട്ടി പരിപാടി ഇതിനെ ഇങ്ങനെ വിലയിരുത്തുന്നു.
"ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയാല്‍ തകര്‍ക്കപ്പെട്ട പ്രാങ് മുതലാളിത്ത സമൂഹത്തിന്റെ ചാരത്തിന്മേലാണ് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്തം വളര്‍ന്നു വന്നതെങ്കില്‍ അതിനു വിരുദ്ധമായി ഇന്ത്യന്‍ പ്രാങ് മുതലാളിത്ത സമൂഹത്തിനുമേല്‍ മുതലാളിത്തത്തെ അടിച്ചേല്പിക്കുകയാണുണ്ടായത്. മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വികസ നത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാങ് മുതലാളിത്തത്തെ തകര്‍ക്കുക എന്നത്. എന്നാല്‍ തങ്ങളുെട വാഴ്ചക്കാലത്ത് ബ്രിട്ടീഷ് കോളനി ഭരണാധികാരികളോ സ്വതന്ത്യ ത്തിനു ശേഷം ഭരണം ഏറ്റെടുത്ത ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയുണ്ടായില്ല. അതിനാല്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹം കുത്തക മൂലധന മേധാവിത്വവും ജാതി-മത-ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷ സംയോഗമാണ്. അതിനാല്‍ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കുന്നതിനും സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കുന്നതിനും വേണ്ടി പ്രാങ് മുതലാളിത്ത സമൂഹത്തെ തകര്‍ക്കുന്നതില്‍ താല്‍പര്യമുള്ള എല്ലാ പുരോഗമനശക്തികളെയും ഒന്നിപ്പിക്കുകയും വിപ്ലവ ശക്തികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് തൊഴിലാളി വര്‍ഗത്തിന്റെയും അതിന്റെ പാര്‍ട്ടിയുടെയും കടമയായിത്തീര്‍ന്നിരിക്കുന്നു."
കടപ്പാട് : പ്രമുഖരായ പല ചരിത്രപണ്ഡിതരുടെയും പഠനങ്ങളെ അധികരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഡോ. രാജന്‍ ഗുരുക്കള്‍, പി.കെ. ബാലകൃഷ്ണന്‍, റോബിന്‍ ജെഫ്രി എന്നിവര്‍ നടത്തിയ പഠനങ്ങളോടും നിരീക്ഷണങ്ങളോടും ലേഖകന്‍ കടപ്പെട്ടിരിക്കുന്നു.