സമകാലീന സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനരീതി
പ്രഭാത് പട്നായിക്
ഏതൊരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലം മൂലധന സഞ്ചയം നടക്കുന്നത് അതിനുള്ളില്‍ തന്നെയുള്ള കൊടുക്കല്‍ വാങ്ങലിലൂടെമാത്രമല്ല, അതിനു പുറത്തുള്ള പ്രദേശങ്ങളുമായുള്ള വിനിമയത്തില്‍ നിന്നുകൂടിയാണ്. മൂലധനത്തിന്റെ രണ്ടാം വാല്യത്തില്‍ മാര്‍ക്സ് ഇത് വരച്ചുകാട്ടുന്നുണ്ട്. ഈ വിനിമയം സാധ്യമാകണമെങ്കില്‍ മുതലാളിത്തത്തിന്റെ നുഴഞ്ഞുകയറ്റത്തിനായി ഈ പ്രദേശങ്ങള്‍ തങ്ങളുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കേണ്ടതുണ്ട്. ഇത്തരമൊരു പ്രക്രിയ സംഭവിക്കുമ്പോള്‍ ഈ രണ്ടു മേഖലകളും ഒരേ രീതിയിലല്ല വികസിക്കുന്നത്. മൂലധന സഞ്ചയം നടത്തുന്ന മുതലാളിത്ത മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയും മറ്റു മേഖലകള്‍ ഏറെക്കുറെ വളര്‍ച്ച മുരടിച്ചു നില്ക്കുകയും ചെയ്യും. മുതലാളിത്ത മേഖല മറ്റിതര പ്രദേശങ്ങളുടെ പിഴിഞ്ഞൂറ്റിയെടുക്കലായി ഇതു പരിണമിക്കുന്നു. എല്ലാ പ്രദേശങ്ങളും ഒരുപോലെ വികസിക്കുന്നതിനു പകരം ചില പ്രദേശങ്ങള്‍ മാത്രം വളര്‍ച്ച കൈവരിക്കുകയും മറ്റുള്ളവ പിന്നോക്കാവസ്ഥയിലേക്കു തള്ളി നീക്കപ്പെടുകയും ചെയ്യുക എന്നത് സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സത്തയാണ്. മുതലാളിത്തത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് സാമ്രാജ്യത്വം.
മേല്‍പറഞ്ഞ ഓരോ വാദങ്ങളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാം. മുതലാളിത്തമേഖലയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളും തമ്മിലുള്ള വിനിമയത്തിന്റെ അനിവാര്യത ഉയര്‍ന്നുവരുന്നത് മുതലാളിത്ത മേഖലയ്ക്ക് പ്രസ്തുത പ്രദേശങ്ങളെ അതിന്റെ കമ്പോളമായി ആവശ്യമുണ്ടെന്നതു കൊണ്ടു മാത്രമല്ല, മറിച്ച് മുതലാളിത്ത മേഖലയ്ക്ക് ഉത്പാദിപ്പിക്കാനാവാത്തതും എന്നാല്‍ ഒഴിവാക്കാനാവാത്തതുമായ ഒരു കൂട്ടം അസംസ്കൃതവസ്തുക്കള്‍ അതിനാവശ്യമുണ്ടെന്നുള്ളതു കൊണ്ടു കൂടിയാണ്; പ്രസ്തുത പ്രദേശങ്ങളിലെ കമ്പോളങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാലും മുതലാളിത്തമേഖലയ്ക്ക് ഈ അസംസ്കൃതവസ്തുക്കള്‍ ആവശ്യമുണ്ട്.
ഈ അസംസ്കൃത വസ്തുക്കള്‍ അഥവാ പ്രാഥമിക ഉത്പന്നങ്ങള്‍ പൊതുവില്‍ രണ്ടു തരമുണ്ട്:
ഒന്ന്, ഉഷ്ണമേഖലാ, അര്‍ദ്ധോഷ്ണമേഖലാ, വന്‍കരകളില്‍ മാത്രമുണ്ടാവുന്നതും മുതലാളിത്തത്തിന്റെ കേന്ദ്രസ്ഥാനങ്ങളായിട്ടുള്ള സമശീതോഷ്ണമേഖലകളില്‍ ഉത്പാദിപ്പിക്കാനാവാത്തതുമായവ. രണ്ടാമത്തേത്, പുനരുത്പാദിപ്പിക്കാനാവാത്ത വിഭവങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഓയിലുകളും മറ്റു ധാതുക്കളുമടങ്ങുന്നവ. ഇത്തരം ഉല്പന്നങ്ങള്‍ കൃഷി ചെയ്യുന്ന ഉഷ്ണമേഖല അര്‍ധ ഉഷ്ണമേഖല പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങള്‍ ഏതാണ്ട് പൂര്‍ണമായി ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ ഉല്പന്നങ്ങളുടെ കൂടുതല്‍ ആവശ്യകത വിലവര്‍ധനയിലേക്ക് നയിക്കും. ഇത്തരത്തിലൊരു വര്‍ധനവ് സമ്പന്നരെ ഉത്കണ്ഠപ്പെടുത്തുകയും അത് മുതലാളിത്തത്തിന്റെ ധനപരമായ സംവിധാനത്തെയാകെ തകര്‍ക്കുമെന്നതുകൊണ്ടും, സമ്പന്നര്‍ അവരുടെ കൈവശം വെക്കുന്ന സമ്പത്തിന്റെ രൂപം പണം എന്നതില്‍നിന്നും ഇത്തരം ഉത്പന്നങ്ങളാക്കി മാറ്റും.
ഉത്പാദന ക്ഷമത ക്രമാനുഗതമായി വര്‍ധിക്കുകയാണെങ്കില്‍ വില വര്‍ധിക്കുന്ന ഈ പ്രതിഭാസത്തെ പിടിച്ചുനിര്‍ത്താനാകും, എന്തു തന്നെയായാലും കര്‍ഷകര്‍ നേരിട്ട് കൃഷി നടത്തുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ സാങ്കേതിക വിദ്യാപരമായ മാറ്റത്തിനു സവിശേഷമായും ഭരണകൂടത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്: അതായത് ജലസേചനത്തിനു പണം നിക്ഷേപിക്കുന്നതിനായി ഇടപെടുക, ഗവേഷണവും വികസനവും പ്രോല്‍സാഹിപ്പിക്കുക, കൂടുതല്‍ ഗുണപരമായ കൃഷിരീതികള്‍ വികസിപ്പിക്കുക, പൊതു വിപുലീകരണ സംവിധാനം മെച്ചപ്പെടുത്തുക, കര്‍ഷകജനസാമാന്യത്തിനിടയില്‍ പുതിയ രീതികള്‍ വ്യാപിപ്പിക്കുക, കര്‍ഷകര്‍ക്ക് നിശ്ചയിച്ച പ്രതിഫലത്തുക നല്‍കുന്നതിനിടപെടുക, അവര്‍ക്ക് പലിശ കുറഞ്ഞ വായ്പകള്‍ അനുവദിക്കുക തുടങ്ങിയ ഇടപെടല്‍ ഭരണകൂടം നടത്തേണ്ടിയിരിക്കുന്നു; എന്നാല്‍ മുതലാളിത്തം കര്‍ശനമായി എതിര്‍ക്കുന്നതും ഇത്തരത്തിലുള്ള ഭരണകൂട ഇടപെടലുകളാണ്.
ഭരണകൂടത്തിന്റെ നേരിട്ടുള്ള ഏതെങ്കിലും ഇടപെടലിനോ സ്വയമേവയുള്ള ചെലവഴി ക്കലിനോ എതിരെ അതായത് മുതലാളിമാരുടെ മധ്യസ്ഥതയിലൂടെയല്ലാത്ത എന്തിനുമെതിരെ (അത് മുതലാളിത്തത്തിന്റെ സാമൂഹികമായ സാധുതയെ ഇല്ലാതാക്കുന്നു) മാത്രമല്ല മുതലാളിത്തം നിലകൊള്ളുന്നത്, മറിച്ച് കര്‍ഷക കേന്ദ്രിതമായ കൃഷിമേഖലകള്‍ വരുമാനം ഉയര്‍ത്തുന്നതിനുള്ള നേരിട്ടുള്ള ഇടപെടലിനെയും ചെലവഴിക്കലിനെയുമാകെ മുതലാളിത്തം എതിര്‍ക്കുന്നു. മുതലാളിത്തത്തിനു കീഴിലെ സവിശേഷതയായി നമുക്ക് കാണാന്‍ സാധിക്കുന്ന മുതലാളിത്ത മേഖലയിലെ വളര്‍ച്ചയുടെ പ്രതിഭാസവും കൃഷിക്കാര്‍ നേരിട്ടു കൃഷി ചെയ്യുന്ന കാര്‍ഷിക മേഖലയുടെ സ്തംഭനാവസ്ഥയും തമ്മിലുള്ള അന്തരം ഉയരുന്നത് ഈ കാരണത്താലാണ്.
ഈ അന്തരം ഇങ്ങനെയായിരിക്കെ ബന്ധപ്പെട്ട പ്രദേശങ്ങളിലുള്ളവരുടെ തദ്ദേശീയ ഉപഭോഗം കുറച്ചു കൊണ്ടു മാത്രമേ തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുന്ന മുതലാളിത്ത മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മതിയായ അളവുകളില്‍ ഉഷ്ണമേഖലാ - അര്‍ദ്ധോഷ്ണമേഖലാ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നേടിയെടുക്കുന്നത് പണത്തിന്റെ മൂല്യത്തിനു ഭീഷണിയാവുകയും കൂടി ചെയ്യുന്ന ലാഭ പെരുപ്പത്തിലൂടെയല്ല (സാമ്പത്തിക ഏജന്റുമാരുടെ സ്വത്തു തിരഞ്ഞെടുക്കലുകള്‍ നിയന്ത്രിക്കപ്പെടുന്ന യുദ്ധകാലങ്ങളിലൊഴികെ), മറിച്ച് ചുറ്റുവട്ടത്തുള്ള അധ്വാനിക്കുന്ന ജനതയുടെ മേല്‍ (തൊഴിലാളികള്‍, കര്‍ഷകര്‍, കൈപ്പണിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങിയവര്‍) വരുമാന ചുരുക്കം അടിച്ചേല്‍പ്പിക്കുന്നതിലൂടെയാണ്; ഇതുവഴി ഈ ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ വാങ്ങല്‍ശേഷി ഇടിയുകയും അതുവഴി അവരുടെ ഇത്തരം ഉല്‍പന്നങ്ങളുടെ ഉപഭോഗം ഞെരുക്കത്തിലാവുകയും ചെയ്യുന്നു. വികസ്വരമേഖലയിലെ അധ്വാനിക്കുന്ന ജനതയുടെ മേല്‍ വരുമാനചുരുക്കം അടിച്ചേല്‍പിക്കുന്ന പ്രക്രിയ സാമ്രാജ്യത്വവുമായി ഒഴിച്ചുകൂടാനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നു.
പ്രാഥമിക ഉല്‍പന്നങ്ങളിലെ രണ്ടാമത്തെ വിഭാഗമായ പുനരുത്പാദിപ്പിക്കാന്‍ സാധ്യമല്ലാത്ത വിഭവങ്ങളുടെ കാര്യത്തിലും അവയുടെ ഉപയോഗത്തിന്‍മേലുള്ള ചിലവു കുറയ്ക്കാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകളുടെ ക്രമാനുഗതമായ പ്രവാഹമുണ്ടാവാത്തതിനാലും, യഥാര്‍ത്ഥ വിഭവത്തേക്കാള്‍ ചെലവു കുറവുള്ള, പകരം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങ ളുടെ ക്രമാനുഗതമായ വികാസത്തിന്റെ അഭാവത്താലും, അധികം ചെലവു വരാത്ത ധാതുക്കളുടെ പുതിയ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിന് കഴിയാത്തതിനാലും ഈ ഉല്‍പ്പന്നങ്ങളുടെ വില അധികമായിക്കൊണ്ടിരിക്കുകയാണ്. ഇനി പുതിയ ഉറവിടങ്ങളുടെ കണ്ടെത്തലോ, പകരം ഉല്‍പന്നങ്ങളുടെ വികാസമോ ഉണ്ടായാലും അവയുടെ കാര്യത്തില്‍ സ്ഥിരതയില്ല.പ്രാഥമിക ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്ന പ്രതിഭാസത്തെ തടഞ്ഞുനിര്‍ത്തുന്നതിനും മുതലാളിത്തമേഖലയില്‍ അവയുടെ വില അനുയോജ്യമാംവിധം താഴ്ത്തിനിര്‍ത്തുന്നതിനും വേണ്ടി മുതലാളിത്ത മേഖലയുടെ പുറം പ്രദേശങ്ങളിലെ ഉല്‍പാദനമേഖലയില്‍ വരുമാന ചുരുക്കം ഇടതടവില്ലാതെ അടിച്ചേല്‍പ്പിക്കുന്നു. ഇത് ചെയ്യുന്നത് അവിടങ്ങളിലെ പ്രാദേശിക ഉപഭോഗം കുറയ്ക്കുന്നതിനാണ്; ഒരു തരത്തില്‍ അതിവിടെ നടപ്പാക്കുമ്പോള്‍ മറ്റുള്ളവരില്‍ അത് നടപ്പാക്കുന്നത് പ്രാദേശികമായുള്ള താങ്ങുവിലയെ താഴ്ത്തി നിര്‍ത്തിക്കൊണ്ടാണ്.
ആയതിനാല്‍ വികസിത മുതലാളിത്തരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വരുമാനങ്ങളിലെ വെട്ടിച്ചുരുക്കല്‍ മുതലാളിത്തത്തിനു കീഴിലെ സര്‍വവ്യാപിയായ പ്രതിഭാസമാണ്; അത് സാമ്രാജ്യത്വത്തിന്റെ കാതലുമാണ്. എന്നാല്‍ മൊത്തത്തില്‍ ഇത് സത്യമായിരിക്കെ, വികസ്വരരാജ്യങ്ങളില്‍ അടിച്ചേല്‍പിക്കുന്നതിനും അവിടങ്ങളിലെ വില്‍പനകളെ ഞെരുക്കുന്നതിനും പ്രയോഗിക്കുന്ന സൂക്ഷ്മമായ രീതിമുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം മാറിക്കൊണ്ടിരിക്കുകയും അതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിനും പ്രത്യേകമായ പഠനം നടത്തേണ്ടതുമുണ്ട്.
II
കൊളോണിയലിസം വരുമാനങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നത് തീര്‍ത്തും പരസ്യമായി തന്നെയാണ്: രാഷ്ട്രീയാധികാരത്തിന്റെ പ്രകടമായ പ്രയോഗമായ ബലപ്രയോഗത്തിന്റെ ആയുധം; അതോടൊപ്പംതന്നെ വരുമാനച്ചുരുക്കത്തിന്റെ പ്രവര്‍ത്തനരീതി സ്പഷ്ടമായ മൂന്ന് പ്രക്രിയകളുടെ തുറന്ന പ്രയോഗത്തിലൂടെയുമായിരുന്നു: വികസ്വരരാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ക്ക് വന്‍കിട കമ്പനികള്‍ മതിയായ പ്രതിഫലം നല്‍കാതെ വന്‍കിട മുതലാളിത്തരാജ്യങ്ങളിലേക്ക് ഉഷ്ണമേഖലാ കോളനികളിലെയും അര്‍ദ്ധോഷ്ണ മേഖലാ കോളനികളിലെയും മിച്ചം കടത്തുന്ന “സമ്പത്തിന്റെ ചോര്‍ത്തല്‍”; പ്രാദേശിക കൈത്തൊഴില്‍ ഉല്‍പന്നങ്ങളുടെ സ്ഥാനത്ത് വന്‍കിട മുതലാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മിത ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന “അപവ്യവസായവത്കരണ”മാണ് മൂന്നാമത്തേത്.
കൊളോണിയലനന്തര കാലഘട്ടത്തില്‍, കൊളോണിയല്‍ ആധിപത്യം തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വരുമാന വെട്ടിച്ചുരുക്കലിന്റെ പ്രവണതകളെയും അന്താരാഷ്ട്ര തൊഴില്‍ വിഭജന ക്രമത്തെയും തകര്‍ത്തെറിയാന്‍ മൂന്നാം ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്നും ഒരു ശ്രമമുണ്ടായി. ഈ ശ്രമങ്ങള്‍ നടപ്പാക്കിയിരുന്നത് വന്‍കിട രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കെതിരായി ദേശീയ ഉല്‍പാദകരെ സംരക്ഷിക്കുക (ഒപ്പം ദേശീയ വന്‍കിട ഉത്പാദകരില്‍ നിന്നും ദേശീയ ചെറുകിട ഉത്പാദകരെ സംരക്ഷിക്കു ന്നതിനുള്ള പ്രത്യേക നടപടികള്‍ കൈക്കൊള്ളുക), വന്‍കിട കോര്‍പ്പറേഷനുകളില്‍ നിന്നും രാജ്യത്തിന്റെ ധാതുവിഭവങ്ങളെ തിരിച്ചുപിടിക്കുക, കൃഷിക്കാര്‍ നേരിട്ടു ചെയ്യുന്ന കൃഷിയിലടക്കം കാര്‍ഷികരംഗത്ത് ഹെക്ടറൊന്നിന് വിളയുയര്‍ത്തുന്ന - ഭൂമി ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യാപരമായ മാറ്റം അവതരിപ്പിക്കുക എന്നീ നടപടികളിലൂടെയായിരുന്നു.
അതിന്റെ ഫലമായി, കാര്യമായ വിലവര്‍ധനവൊന്നും കൂടാതെ തന്നെ വന്‍വികസിത രാജ്യങ്ങളുടെ ഉഷ്ണമേഖലാ ഉത്പന്നങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന് മൂന്നാം ലോകരാജ്യങ്ങളുടെ ഈ നടപടികള്‍ കാര്യമായ അസൗകര്യമുണ്ടാക്കിയില്ല; മൂന്നാം ലോക രാജ്യങ്ങളില്‍ അതാത് ഗവണ്‍െമന്റുകള്‍ ഇടപെട്ടുകൊണ്ടുള്ള ഈ വികസന സമീപനങ്ങള്‍ കാരണമാകുന്നു എന്നു കണ്ടപ്പോള്‍ ഈ സമീപനങ്ങളെ മുതലാളിത്തം ശക്തമായി എതിര്‍ത്തു. ഇത്തരത്തില്‍ ഗവണ്‍െമന്റിന്റെ ഇടപെടലിലൂടെയുള്ള സമീപനത്തിലൂടെ പ്രകടമാക്കപ്പെട്ട മൂന്നാം ലോക രാജ്യങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ ദേശീയതയ്ക്കെതിരായി അമേരിക്ക നയിച്ച സാമ്രാജ്യത്വ ചേരി നിരന്തരം കടുത്ത പോരാട്ടത്തിലേര്‍പ്പെട്ടു. തുടരെത്തുടരെയുണ്ടായ ഈ സംഘര്‍ഷം സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നയം തുടരുന്ന മൂന്നാം ലോകരാജ്യ സര്‍ക്കാരുകളുടെ (dirigiste) ഭരണം മറിച്ചിടുന്നതിനുള്ള അമേരിക്കന്‍ ശ്രമങ്ങളില്‍ (അഥവാ അമേരിക്കയുടെ അനുഗ്രഹത്തോടെ മറ്റു വന്‍കിട മുതലാളിത്ത ശക്തികള്‍ നടത്തിയ ശ്രമങ്ങളില്‍ ) കലാശിച്ചു.
എന്തു തന്നെയായാലും ഇത്തരം ശ്രമങ്ങളുടെ രണ്ടു വശങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, അക്കാലത്ത് ഉപരോധം പോലെയുള്ള സാമ്പത്തികായുധങ്ങള്‍ അത്ര ഫലപ്രദമായിരുന്നില്ല എന്നുള്ളതുകൊണ്ട് ഈ ശ്രമങ്ങള്‍ സാമ്പത്തികപരം എന്നതിനേക്കാള്‍ രാഷ്ട്രീയപരമായിരുന്നു. അതിന്റെ ഒരു കാരണം സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്നു എന്നതും സാമ്രാജ്യത്വ ഉപരോധങ്ങള്‍ കണക്കിലെടുക്കാതെ സോവിയറ്റ് യൂണിയന്‍ ഈ രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു എന്നതുമാണ്. മറ്റൊരു കാരണം, മൂന്നാം ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഏതെങ്കിലും വിധത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വ ഉപരോധങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് എന്നതായിരുന്നു. ഈ ഭരണകൂടങ്ങളെ പാശ്ചാത്യ ചരക്കുകള്‍ വാങ്ങുന്നതില്‍ നിന്നും തടഞ്ഞത് സാമ്രാജ്യത്വത്തിന് മറ്റൊരു ഭീമമായ ഭീഷണി സൃഷ്ടിച്ചു; ഉപരോധത്തിലൂടെ വില്‍പന തടഞ്ഞുവെച്ച ചരക്കുകളുടെ ആഭ്യന്തരോല്‍പാദനം വികസിപ്പിക്കുവാന്‍ മൂന്നാം ലോക രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ ശ്രമിച്ചപ്പോള്‍ ആണ് ഈ ഭീഷണി ഉയര്‍ന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ ചരക്കുകള്‍ വാങ്ങുന്നത് വന്‍ മുതലാളിത്ത ശക്തികള്‍ നിര്‍ത്തിവെച്ചത് മൂന്നാംലോക സമ്പദ്ഘടനകള്‍ക്ക് ഒരു തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നത് വാസ്തവമാണ്, പക്ഷേ ബദല്‍ കമ്പോളമനുവദിച്ചുകൊണ്ടുള്ള സോവിയറ്റ് യൂണിയന്റെ ഇടപെടല്‍ ഇവിടെ ഉപകാരപ്രദമായി. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ക്യൂബ.
ആയതിനാല്‍ സാമ്പത്തിക ഉപകരണം പ്രയോഗിക്കുന്നതുവഴി സാമ്രാജ്യത്വ ശക്തികള്‍ക്ക് തങ്ങള്‍ക്ക്അസൗകര്യപ്രദമായ ഭരണകൂടങ്ങളെ മുട്ടുകുത്തിക്കാനായില്ല; അതിനാല്‍ ഈ ഭരണകൂടങ്ങളെ മറിച്ചിടുക എന്ന മാര്‍ഗ്ഗത്തിലേക്ക് സാമ്രാജ്യത്വശക്തികള്‍ കടന്നു; അതിനായി അവര്‍ തിരഞ്ഞെടുത്ത സവിശേഷ മാര്‍ഗ്ഗം അട്ടിമറിയായിരുന്നു. എന്തുതന്നെയായാലും “ജനാധിപത്യത്തെ പ്രതിരോധിക്കുക” എന്നതിന്റെ പേരിലായിരുന്ന ഈ അട്ടിമറികള്‍ പലതും മൊസാദിനെയും അര്‍ബന്‍സിനെയും അലന്‍ദെയെയും പോലെ സാമ്രാജ്യത്വം അട്ടിമറിച്ച ഗവണ്‍മെന്റുകളൊക്കെത്തന്നെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവയായിരുന്നെങ്കില്‍ അവയ്ക്കു പകരം സാമ്രാജ്യത്വാനുകൂല അട്ടിമറികള്‍ മുന്നോട്ടുെവച്ചത് തികച്ചും സ്വേച്ഛാധിപത്യപരമായ ഭരണങ്ങളായിരുന്നു.
അങ്ങനെ കൊളോണിയല്‍ കാലം അവസാനിച്ച് അധികം വൈകാതെ തന്നെ മൂന്നാം ലോക രാജ്യങ്ങളില്‍ സാമ്രാജ്യത്വത്തിന്റെ പിടി അയഞ്ഞു. ഇവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനകീയ ഗവണ്‍മെന്റുകള്‍ക്കെതിരായി സാമ്രാജ്യത്വം അക്കാലത്ത് പ്രയോഗിച്ച ഭരണഅട്ടിമറികള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമായിരുന്നു. യാതൊരു ധാര്‍മിക തയുമില്ലാതെ, 'ജനാധിപത്യ സംരക്ഷണ' ത്തിന്റെ പേരില്‍ ഇത്തരം അട്ടിമറിശ്രമങ്ങള്‍ നടത്തുകയെന്നത് സാമ്രാജ്യത്വത്തിന്റെ ഒരു പര്യായമായി മാറി. മുതലാളിത്തത്തിന്റെ അടുത്ത ഘട്ടത്തില്‍ നവലിബറല്‍ നയങ്ങള്‍ പ്രബലമാവുകയും അങ്ങനെ ഇത്തരം ഭരണ അട്ടിമറികള്‍ പിന്നീട് ആവശ്യമില്ലാതെ വരുകയും ചെയ്തപ്പോള്‍ അതിനാല്‍ പലരും സാമ്രാജ്യത്വം തന്നെ അപ്രത്യക്ഷമായി എന്നു വിശ്വസിക്കുവാന്‍ തുടങ്ങി.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അടിയ്ക്കടിയുണ്ടായിരുന്ന അട്ടിമറികള്‍, സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി അതിന്റെ പിടി അയഞ്ഞുകൊണ്ടിരുന്ന ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു; എന്നാല്‍ അട്ടിമറിയുമായി ബന്ധപ്പെടുത്തി സാമ്രാജ്യത്വമെന്ന പ്രതിഭാസത്തെ വിലയിരുത്തുമ്പോള്‍, സാമ്രാജ്യത്വം ദുര്‍ബലമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തെ സാമ്രാജ്യത്വത്തിന്റെ സത്തയായി തെറ്റിദ്ധരിക്കപ്പെട്ടു; അതേസമയം നവലിബറല്‍ യുഗമെന്നു വിശേഷിപ്പിക്കപ്പെട്ട ശക്തമായ സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടത്തെ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ലക്ഷണമായിവരെ കാണുകയും ചെയ്യുന്നു. അടിസ്ഥാനപരമായി അന്തര്‍ലീനമായിട്ടുള്ള ബന്ധങ്ങളെ കണക്കിലെടുക്കാതെ കേവലം ചില ലക്ഷണങ്ങള്‍ മാത്രമുപയോഗിച്ച് ഒരു സംഭവത്തെ മൊത്തമായി നിര്‍വചിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നമാണിത്.
III
യഥാര്‍ത്ഥത്തില്‍ നവലിബറലിസത്തിന്റെ കാലത്ത്, സാമ്പത്തിക വാഴ്ചയുടെ പ്രഖ്യാപിത ലക്ഷ്യം വ്യാപാരത്തിലൂടെ പരസ്പരാശ്രിതത്ത്വം വര്‍ദ്ധിപ്പിക്കുക എന്നതായതുകൊണ്ടും ഇത് കൊളോണിയലാനന്തര കാലത്ത് രൂപം കൊണ്ട ‘സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ അതാത് ഗവണ്‍മെന്റുകള്‍ ഇടപെടുന്ന നയ’ത്തിന്റെ മുഖ്യ താല്പര്യമായ സ്വയം പര്യാപ്തത സാധ്യമാക്കുക എന്നതിന് എതിരായതുകൊണ്ടും ഉപരോധമെന്ന സാമ്പത്തികായുധം കൂടുതല്‍ ശക്തമായി; സോവിയറ്റ് യൂണിയന്റെ അഭാവം ഉപരോധത്തിന്റെ സാദ്ധ്യതകളെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സാധനങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്കിലേക്ക് സമ്പദ് ഘടന തുറന്നു കൊടുത്തത്, ഇറക്കുമതികളിലും അതുപോലെ തന്നെ കയറ്റുമതികളിലുമുള്ള സമ്പദ്ഘടനയുടെ ആശ്രിതത്വം ഒരുപോലെ വര്‍ദ്ധിപ്പിച്ചു. ഇതാണ് ഇറക്കുമതിക്കു മേലോ കയറ്റുമതിക്കു മേലോ ഉണ്ടാകുന്ന ഏതൊരു നിയന്ത്രണവും സ്വയം പര്യാപ്തമാകാന്‍ ശ്രമിച്ചിരുന്ന കാലത്തേതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന തോതില്‍ ആ രാജ്യത്തെ മുറിപ്പെടുത്തുവാനുള്ള കാരണം.
ഇതുപോലെ മൂലധനത്തിന്റെ, പ്രത്യേകിച്ചും ധനമൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് സാമ്രാജ്യത്വ കയ്യേറ്റത്തിനു കൂടുതല്‍ വഴങ്ങുന്നതാക്കി ഭരണഘടനയെ മാറ്റുന്നു; ഇത് വലിയൊരു പരിധി വരെ സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയമോ സൈനികമോ ആയ ഇടപെടല്‍ ഒഴിവാക്കുന്നു. നവലിബറല്‍ വാഴ്ചക്കാലത്ത്, വിദേശ മൂലധനത്തില്‍നിന്നും തങ്ങളുടെ പ്രകൃതിവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാന്‍ മൂന്നാംലോക സമ്പദ്ഘടന ശ്രമിച്ചപ്പോള്‍ അത് വലിയൊരു പരിധി വരെ സാമ്രാജ്യത്വത്തിനു തിരിച്ചടിയായി; അതുകൊണ്ട് മുന്‍കാലങ്ങളില്‍ അട്ടിമറി നടത്തുമ്പോഴുണ്ടായിരുന്ന അതേ ലക്ഷ്യം ഇന്ന് ബന്ധപ്പെട്ട രാജ്യത്തിന്റെ സമ്മതത്തോടു കൂടിത്തന്നെ നേടിയെടുക്കുന്നു. കൂടാതെ, നവലിബറലിസത്തിന്റെ സ്വാധീനത്തെ ഇല്ലാതാക്കുവാനാഗ്രഹിക്കുന്ന ഒരു ഗവണ്‍മെന്റ് യാദൃച്ഛികമായി അധികാരത്തില്‍ വന്നാല്‍ ആ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കുവാനും സാമ്രാജ്യത്വത്തിന്റെ പദ്ധതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കുവാനും അതിനോടുള്ള ഉടനടിയുള്ള പ്രതികരണമായി ധനമൂലധനത്തിന്റെ പ്രവാഹത്തിന്‍മേലുള്ള നിയന്ത്രണം മാത്രം മതി.
ചുരുക്കത്തില്‍, നവലിബറല്‍ കാലത്തെ സാമ്രാജ്യത്വത്തിന് മൂന്നാംലോക രാജ്യങ്ങളില്‍ രാഷ്ട്രീയമോ സൈനികമോ ആയ ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യമില്ല; കാരണം സാമ്പത്തിക പ്രക്രിയകളുടെ സ്വയമേവയുള്ള പ്രവര്‍ത്തനം മാത്രം മതി, ഒരിക്കല്‍ സാമ്രാജ്യത്വ “ആഗോളവല്‍ക്കരണ”ത്തിന്റെ ചുഴിയിലേക്ക് ഇറക്കപ്പെട്ടാല്‍ പിന്നെ അതില്‍നിന്ന് തിരിച്ചുപോകുവാനുള്ള തന്റേടം ഒരു രാജ്യത്തിനുമുണ്ടാവില്ലായെന്നുറപ്പിക്കാന്‍ സാധിക്കും; “ആഗോളവല്‍കരണ”ത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള പിന്തിരിയലിനു നല്‍കേണ്ടിവരുന്ന വില അസഹ്യമാംവിധം വലുതായിരിക്കും. എന്നിരുന്നാലും യാദൃച്ഛികമായി ചില മൂന്നാം ലോകരാജ്യങ്ങള്‍ എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്തുകൊണ്ട് സാമ്രാജ്യത്വ “ആഗോളവല്‍ക്കരണ”ത്തില്‍ നിന്നും വേറിട്ടുനില്‍ക്കുവാന്‍ ധൈര്യം കാണിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സാമ്രാജ്യത്വം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയും അതും പരാജയപ്പെട്ടാല്‍ സൈനിക ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. പക്ഷേ തീര്‍ച്ചയായും “ആഗോളവല്‍ക്കരണ”ത്തില്‍ നിന്നുള്ള വേര്‍പെടുത്തല്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ജനജീവിതത്തില്‍ കുറച്ച് ദുരിതങ്ങളുണ്ടാക്കുന്നു; അത് അവര്‍ക്കിടയില്‍ ചില തോതിലുള്ള അസംതൃപ്തിയുണ്ടാക്കുകയും അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റിന്റെ ജനകീയ പിന്തുണയില്‍ കുറച്ച് ഇടിവുണ്ടാവുകയും ചെയ്യും. ഈ സാഹചര്യം മുതലെടുത്ത് സാമ്രാജ്യത്വത്തിന് അതിന്റെ ഇടപെടല്‍ “ജനങ്ങളുടെ താല്പര്യാര്‍ത്ഥം” എന്നു പറഞ്ഞ് നടപ്പാക്കാന്‍ സാധിക്കുന്നു.
സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തില്‍ നിന്നും വേര്‍പെടുത്തല്‍ കൊണ്ടുവരാനാഗ്ര ഹിക്കുന്ന ജനാധിപത്യ ഗവണ്‍മെന്റിനു കീഴില്‍, ജനങ്ങള്‍ക്ക് പ്രകടനങ്ങള്‍ നടത്തുവാനും അവര്‍ നേരിടുന്ന കഷ്ടതകള്‍ക്കെതിരെ (ഈ വേര്‍പെടുത്തലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മൂലം) രോഷം പ്രകടിപ്പിക്കുവാനുമുള്ള അവകാശം ലഭിക്കുന്നതുകൊണ്ട് അത് നടക്കുന്നു; ഈ പ്രകടനത്തെ സാമ്രാജ്യത്വം, ജനങ്ങള്‍ മൊത്തത്തില്‍ ഗവണ്‍മെന്റിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനെയാണ് കാണിക്കുന്നതെന്ന രീതിയില്‍ അതിശയോക്തി നിറഞ്ഞ പദപ്ര യോഗങ്ങളുപയോഗിച്ച് വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനത്തിനു വിരുദ്ധമായ ഏതു സൂചനയും അതായത് യഥാര്‍ത്ഥത്തില്‍ ആ ഗവണ്‍മെന്റിന് ഭൂരിപക്ഷത്തിന്റെ വിശ്വാസ്യതയുണ്ടെന്നു കാണിക്കുന്ന ഏതു സൂചനയും അയഥാര്‍ത്ഥമെന്നും ഗവണ്‍മെന്റ് “ആസൂത്രണം ചെയ്തതോ” കെട്ടിച്ചമച്ചതോ ആണവയെന്നും പറഞ്ഞുകൊണ്ട് തള്ളിക്കളയുന്നു. ഉദാഹരണത്തിന്, ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ നടത്തുന്ന എതിര്‍ പ്രകടനങ്ങള്‍, അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിനനുകൂലമായ തിരഞ്ഞെടുപ്പ്ഫലങ്ങള്‍ എന്നിവയെല്ലാം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും പറഞ്ഞ് തള്ളിക്കളയുന്നു. ലിബറല്‍ പത്രങ്ങളടക്കം വന്‍കിട മുതലാളിത്തമാധ്യമങ്ങളൊന്നാകെ “ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു”എന്ന് മുറവിളി കൂട്ടിത്തുടങ്ങുന്നു.
അങ്ങനെ സാമ്രാജ്യത്വ “ആഗോളവത്കരണ”ത്തിന്റെ പിടിയില്‍ നിന്നും വേര്‍പെട്ടു പോകാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റിനെതിരായ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ “ജനാധിത്യത്തെ സംരക്ഷിക്കുന്നു” എന്ന പേരില്‍ നടപ്പാക്കുന്നു. എന്തിനധികം പറയുന്നു, ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ സൈനിക ഇടപെടല്‍ പോലും നടത്തുന്നു; കൊളോണിയലനന്തരകാലത്തെ സാമ്പത്തിക കാര്യങ്ങളില്‍ അതാത് ഗവണ്‍മെന്റുകളില്‍പ്പെടുന്ന നയത്തിനെതിരായി നടത്തിയ അട്ടിമറികളില്‍ പോലും ഇങ്ങനൊരു വാദം അഥവാ ന്യായീകരണം ഉന്നയിച്ചിട്ടില്ല. ചുരുക്കത്തില്‍ മൂലധനത്തിന്റെ വാഴ്ചയുമായും അതുവഴി സാമ്രാജ്യത്വത്തിന്റെ ആധിപത്യവുമായും സമാനാര്‍ത്ഥമുള്ള ഒന്നായി ജനാധിപത്യം നിര്‍വചിക്കപ്പെടുന്ന നവലിബറല്‍ യുഗത്തിലെത്തി നില്‍ക്കുകയാണ് കാലചക്രം; ഇതിനെ തകര്‍ത്തെറിയുവാനുള്ള ഏതൊരു ശ്രമവും ‘ജനാധിപത്യ വിരുദ്ധമായി’ അവതരിപ്പിക്കപ്പെടുന്നു.
സാഹചര്യത്തിലുണ്ടായിട്ടുള്ള ഈ മാറ്റത്തെ അടുത്തകാലത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന സാമ്രാജ്യത്വ ഇടപെടല്‍ വ്യക്തമായി കാണിക്കുന്നു; കൊളോണിയല്‍ യുഗത്തിനു ശേഷമുള്ള യുഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അധീശത്വം നിലനിര്‍ത്തുന്നതില്‍ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ സ്ഥാനത്തെ താങ്ങിനിര്‍ത്തുന്നതുമായ ഒരു മാറ്റമാണത്. എന്തു തന്നെയായാലും ഇതിനെയൊന്നും ഭയപ്പെടാത്ത മൂന്നാം ലോകരാജ്യ ങ്ങളിലെ ചില ഗവണ്‍മെന്റുകള്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് തുടരുന്നു. ഇത്തരം ചെറുത്തുനില്‍പിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോയും അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ വെസ്വേലന്‍ ജനതയും ലോകത്തിനു കാണിച്ചുതന്നത്. സാമ്രാജ്യത്വത്തിനെതിരായ വെനസ്വേലന്‍ ജനതയുടെ പോരാട്ടത്തെക്കുറിച്ചും അതിനായി വെനസ്വേല ഉപയോഗിച്ച പുതിയ അടവുകളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്തരൂപമാണ് തുടര്‍ന്നുള്ള ഭാഗത്ത് ഞാനവതരിപ്പിച്ചിരിക്കുന്നത്.
IV
നവലിബറലിസത്തിന്റെ കാലത്ത്, മൂന്നാംലോക രാജ്യങ്ങളില്‍ സാമ്രാജ്യത്വം നടത്തുന്ന ഇടപെടലുകളുടെ സ്വഭാവത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പാഠം നല്‍കുകയാണ് വെനസ്വേലയില്‍ ഇന്നു നടക്കുന്ന സംഭവങ്ങള്‍. ഇതേ രീതിയില്‍ തന്നെ ഈയടുത്ത കാലത്ത് സാമ്രാജ്യത്വം മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടപെട്ടിട്ടുണ്ട്, പ്രത്യേകിച്ചും ബ്രസീലില്‍; എന്നാല്‍ വെനസ്വേല, അതുയര്‍ത്തിയ ശക്തമായ ചെറുത്തുനില്‍പിലൂടെ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി.
കുറച്ചുകാലം മുന്‍പ്, ക്യൂബയിലും ബൊളീവിയയിലും വെനസ്വേലയിലും മാത്രമല്ല, ബ്രസീലിലും അര്‍ജന്റീനയിലും ഇക്വഡോറിലും മറ്റു വിവിധ രാജ്യങ്ങളിലുമടക്കം അധികാരത്തില്‍ വരുകയും അധ്വാനിക്കുന്ന പാവങ്ങള്‍ക്കനുകൂലമായ പുനര്‍വിതരണനയങ്ങള്‍ നടപ്പാക്കുകയും ചെയ്ത മധ്യ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍, ലാറ്റിനമേരിക്കയിലെ ഇടതു അംഗം, ലോകത്തൊട്ടാകെയുള്ള പുരോഗമന ശക്തികള്‍ക്ക് ആവേശം പകര്‍ന്നിട്ട് അധികകാലമായില്ല. ഇന്ന് ഈ ഗവണ്‍മെന്റുകളിലേറെയും പുറത്താക്കപ്പെട്ടിരിക്കുന്നു; തങ്ങളുടെ നയങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള ജനകീയ പിന്തുണ ഇല്ലാതായതുകൊണ്ടല്ല ഈ ഗവണ്‍മെന്റുകള്‍ക്ക് അധികാരം നഷ്ടമായത്, മറിച്ച് അമേരിക്ക മുഖ്യ പങ്കു വഹിച്ചു നടപ്പാക്കിയ നികൃഷ്ടമായി ഗൂഢനീക്കങ്ങളാണിതിനു കാരണം. ഈ ഗൂഢനീക്കങ്ങള്‍ അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലും അമേരിക്ക ലോകത്ത് നടപ്പാക്കിയതില്‍ നിന്നും വ്യത്യസ്തമായ, പുതിയൊരുതരം അട്ടിമറികളാണ്; അവ നവലിബറലിസത്തിന്റെ കാലത്തെ സവിശേഷതയാണ്.
രണ്ട് പ്രധാന ഘടകങ്ങളാണ് ഈ സര്‍ക്കാറുകളെ താഴത്തിറക്കുവാന്‍ സഹായകമാ യത്. ആഗോള മുതലാളിത്ത പ്രതിസന്ധിയുടെ തൊട്ടു പിന്നാലെയുണ്ടായ, വ്യാപാരത്തി ല്‍ പ്രാഥമിക ചരക്കുകള്‍ക്കുണ്ടായ വിലയിടിവാണ് ഒരു ഘടകം. ബ്രസീലടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വമ്പിച്ച തോതില്‍ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നവരാണ്; വ്യാപാര ഇടപാടുകളിലെ ഈ പ്രതികൂലമായ വ്യവസ്ഥകള്‍, ഈ രാജ്യങ്ങളുടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുവേണ്ട വിദേശ വിനിമയത്തിലൂടെയുള്ള ആദായം കുറയ്ക്കുന്നതിനിടയാക്കി. വെനസ്വേലയുടെ കാര്യത്തില്‍, എണ്ണയുടെ വില കുറച്ചത് ഇതിലേക്കാണ് നയിച്ചത്; എണ്ണവില കുറഞ്ഞത് അവിടെ ഗവണ്‍മെന്റിന്റെ വരുമാനം കുറയുന്നതിനിടയാക്കി. വിദേശ വിനിമയ വരുമാനത്തില്‍ ഭീമമായ തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ സാമ്രാജ്യത്വ ഏജന്റുമാര്‍ മുന്നോട്ടു വെക്കുന്ന ‘ചെലവു ചുരുക്കല്‍’ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം ദരിദ്ര ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പുനര്‍വിതരണ ആനുകൂല്യങ്ങളെ അതേപടി സംരക്ഷിച്ചു നിര്‍ത്തുവാന്‍ ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍, നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനിടയാക്കി. ഇത് ദരിദ്രര്‍ക്ക് കഷ്ടതകളുണ്ടാക്കി എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഏതൊരാള്‍ക്കും സ്പഷ്ടമാകുന്നതുപോലെ, ഈ കഷ്ടതകള്‍ ഒരിക്കലും ഗവണ്‍മെന്റിന്റെ നയങ്ങള്‍ മൂലമായിരുന്നില്ല, മറിച്ച് അത് വ്യാപാരത്തിലെ വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയുടെ ഭാഗമായിരുന്നു. “ചെലവു ചുരുക്കല്‍ നയം” അടിച്ചേല്‍പ്പിക്കാതിരിക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ “ചെലവു ചുരുക്കല്‍ നയം” നടപ്പാക്കിയിരുന്നെങ്കില്‍ ദരിദ്രര്‍ക്ക് നേരിടേണ്ടിവരുമായിരുന്നു.
ജീവന്‍ രക്ഷാമരുന്നുകള്‍ പോലെയുള്ള അവശ്യവസ്തുക്കളടക്കം സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും ഗവണ്‍മെന്റിനെ വിലക്കിയ അമേരിക്കയുടെ ഉപരോധം മൂലം വെനസ്വേലയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനന്തമാംവിധം വഷളായി. കൂടാതെ ഈയടുത്ത കാലത്ത്, വെനസ്വേലന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെ എണ്ണക്കമ്പനിയുടെ ആസ്തി മരവിപ്പിച്ചുകൊണ്ട് വെനസ്വേലയ്ക്കെതിരായ സാമ്പത്തികയുദ്ധം പിന്നെയും കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ് അമേരിക്ക; വെനസ്വേലയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ മൊത്തം വരുമാനവും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതും ഭരണഘടനാപരമായി സാധുതയുള്ളതുമായ പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ ഗവണ്‍മെന്റിനു നല്‍കില്ല, മറിച്ച് അമേരിക്കയുടെ പിന്തുണയോടെ, വെനസ്വേലയുടെ പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപിച്ച ജുവാന്‍ ഗൊയ്റോയുടെ വ്യാജവാഴ്ചയ്ക്കേ കൊടുക്കുകയുള്ളൂ എന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ വെനസ്വേലയില്‍ അട്ടിമറി നടത്തുന്നതിന് വെനസ്വേലയുടെ തന്നെ പണം കൊള്ളയടിക്കലാണിത്; കൊളോണിയല്‍ ധനമൂലധനത്തിന്റെ കീഴടക്കലുകള്‍ക്കുവേണ്ടി കൊളോണിയല്‍ യുഗത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പ്രതിഭാസം.
ഇത്തരം കൊള്ളയടിക്കലും ഉപരോധങ്ങളും വെനസ്വേലന്‍ ജനതയുടെ ദുരിതം അതികഠിനമാക്കുകയും, ജനങ്ങളെ മദൂറോ ഗവണ്‍മെന്റിനെതിരായി തിരിക്കുന്നതിനുവേണ്ടി ഈ ദുരിതങ്ങളുടെയെല്ലാം ഉത്തരവാദി ഗവണ്‍മെന്റാണെന്ന് ആസൂത്രിതമായി ആരോപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.
ഈ അട്ടിമറി കളികള്‍ക്ക് സഹായകമായ മറ്റൊരു ഘടകം, സാമ്രാജ്യത്വ ഉദ്യമങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ മധ്യകിഴക്കന്‍ പ്രദേശങ്ങളിലെ നേരിട്ടുള്ള ഇടപെടലില്‍നിന്നും അമേരിക്ക ഇപ്പോള്‍ ക്രമാനുഗതമായി പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. ഇത് അമേരിക്കയ്ക്ക് ലാറ്റിന്‍ അമേരിക്കയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമുണ്ടാക്കുന്നു.
അന്‍പതുകളിലും അറുപതുകളിലും എഴുപതുകളിലും അമേരിക്ക നടത്തിയ അട്ടിമറികളില്‍ നിന്നും അടുത്ത കാലത്തു നടന്ന അമേരിക്കന്‍ അട്ടിമറി ശ്രമങ്ങള്‍ കുറഞ്ഞത് പ്രകടമായ ആറു രീതികളില്‍ വ്യത്യസ്തപ്പെട്ടുകിടക്കുകയും, അത് മൊത്തത്തില്‍ ഒരു പുതിയ സംവിധാനം തന്നെ ആകുകയും ചെയ്തിരിക്കുന്നു; വെനസ്വേല അതിന്റെ ഉത്തമമായ ഉദാഹരണമാണ്. ഈ വ്യത്യസ്തതകളെക്കുറിച്ച് നമ്മള്‍ നേരത്തെ പറഞ്ഞെങ്കിലും ലാറ്റിനമേരിക്കയില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരത്തെ പറഞ്ഞുപോയ പ്രസ്താവനകളെ വ്യാഖ്യാനിക്കേണ്ടതുണ്ട്.
ഒന്നാമതായി, ഇറാനിലായാലും ഗ്വാട്ടിമാലയിലായാലും ചിലിയിലായാലും, മുന്‍പ് നടന്ന അട്ടിമറികള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ക്കെതിരെ നടത്തുകയും അവയുടെ സ്ഥാനത്ത് അമേരിക്കന്‍ പിന്തുണയോടെയുള്ള സ്വേച്ഛാധിപത്യവാഴ്ചകളെ അവരോധിക്കുകയുമായിരുന്നു; അതേസമയം, സമീപകാല അട്ടിമറികള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ക്കെതിരായിരുന്നു എങ്കില്‍ക്കൂടി അവ നടപ്പാക്കിയത് ജനാധിപത്യത്തിന്റെ പേരിലായിരുന്നു. ബ്രസീലില്‍ വൊള്‍സനാരോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി പുറമെ പറയപ്പെടുന്നു; എന്നാല്‍ ദില്‍മറൂസഫിനെതിരായ ഒരു പാര്‍ലമെന്ററി അട്ടിമറി അവിടെയുണ്ടായി എന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായി അംഗീകരിക്കപ്പെട്ടിട്ടുള്ള, മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ലുലയെ ഇത്തവണത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പോലും അനുവദിച്ചിട്ടില്ല എന്നതാണ് വസ്തുത.
അതുപോലെ, വെനസ്വേലയിലെ ജുവാന്‍ ഗ്വയ്ദോ കേലലം ഒരു ശക്തിമാന്‍ മാത്രമല്ല, മറിച്ച് ദേശീയ അസംബ്ലിയുടെ പ്രസിഡന്റാകാനിടയായ ഒരു അമേരിക്കന്‍ വ്യാജന്‍ കൂടിയാണയാള്‍. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ലാറ്റിനമേരിക്കയിലെ പുരോഗമന ഭരണക്രമങ്ങള്‍ക്കെതിരായ തങ്ങളുടെ യുദ്ധത്തില്‍ ഇപ്പോഴും പഴയ ചൂഷണാത്മകമായ വെള്ളക്കാരുടെ േമധാവിത്വശ്രമത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ശക്തികളെ അമേരിക്ക നേരിട്ട്, അണിനിരത്തിയിരിക്കുന്നു.
നിയമപരമായും, ജനാധിപത്യപരമായും തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകള്‍ക്കെതിരെയാണ് അണിനിരത്തുന്നതെങ്കില്‍ക്കൂടി. ജനാധിപത്യം സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ പിന്തുണയുള്ള ശക്തികള്‍ സംഘടിപ്പിക്കുന്ന വമ്പിച്ച തെരുവ് പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും പ്രതിഭാസം ഇതുമായി ബന്ധപ്പെടുത്തി കാണേണ്ട ഒന്നാണ്. ചുരുക്കത്തില്‍, മുന്‍കാലങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി കേവലമൊരു സൈനിക അട്ടിമറി ശ്രമം എന്നതിനേക്കാളുപരിയായി പ്രതിവിപ്ലവ അട്ടിമറികള്‍ക്ക് ഇപ്പോള്‍ ഒരു ജനകീയ സ്വഭാവം കൈവന്നിരിക്കുന്നു.
രണ്ടാമതായി, ഇന്ന് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രതിവിപ്ലവകരമായ ഈ ജനകീയ മുന്നേറ്റങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകുന്നു എന്നുള്ളതാണ്. ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പുരോഗമന ഗവണ്‍മെന്റുകള്‍ ഉത്തരവാദികളല്ലെന്നിരിക്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തിക ബുദ്ധിമുട്ടുകളെ സൃഷ്ടിക്കുന്നതെന്നിരിക്കിലുമാണിത്. മുന്‍കാലങ്ങളിലുണ്ടായിട്ടുള്ള അട്ടിമറികള്‍ക്ക് ഒരിക്കലും ഒരു ജനകീയ സ്വഭാവമോ ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുണ്ടായതോ, ഈ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുവാന്‍ വേണ്ടി എന്നു സ്വയം ന്യായീകരിക്കുവാന്‍ ശ്രദ്ധിക്കുകയോ ഉണ്ടായിട്ടില്ല. ഉറപ്പാണ്, ഗയാനയിലെ ഡോ.ചെഡ്ഡിജഗാന്‍ ഗവണ്‍മെന്റിനെ താഴെയിറക്കിയത്, സാമ്രാജ്യത്വം പണം കൊടുത്ത് ട്രക്ക് തൊഴിലാളികളുടെ ഒരു പണിമുടക്ക് അഴിച്ചുവിട്ടതു വഴിയായിരുന്നു. പക്ഷേ അവിടെ സാന്ദര്‍ഭികമായി ഉപയോഗിച്ചത് ഇപ്പോഴത്തെ മാനദണ്ഡത്തെയും.
മൂന്നാമതായി, ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആഗോളമുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനത്തോടൊപ്പം സാമ്രാജ്യത്വം തന്നെ സൃഷ്ടിക്കുന്നതാണെങ്കിലും അവയുടെ നിദാനം, പുരോഗമന ഗവണ്‍മെന്റുകളാണെന്നു മാത്രമല്ല, കൂടുതല്‍ സ്പഷ്ടമായി പറഞ്ഞാല്‍ അവയുടെ ഇടതുപക്ഷ നയങ്ങളാണെന്നടക്കം ആരോപിക്കുന്നു. ധാതുവിഭവങ്ങളുടെ ദേശസാത്കരണം, സമ്പദ് വ്യവസ്ഥയിലെ ഭരണകൂടത്തിന്റെ ഇടപെടല്‍, മുതലാളിത്ത വിരുദ്ധ നയ നിലപാടുകള്‍ എന്നിവയൊക്കെയാണ് ഈ സാമ്പത്തികബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്നാരോപിക്കപ്പെടുന്നു. ചുരുക്കത്തില്‍ അട്ടിമറിയുടെ പ്രചാരണം, നവലിബറല്‍ ക്രമത്തിന്റെ പ്രവര്‍ത്തനത്തിന്മേലുള്ള ഏതൊരു ഇടപെടലിനുമെതിരായ പ്രത്യയശാസ്ത്രപരമായ ആക്രമണം കൂടി ഉള്‍പ്പെട്ടതാണ്. പ്രത്യശാസ്ത്രപരമായ ഈ ആക്രമണം അനിവാര്യമായും അടിസ്ഥാനരഹിതമാണ്. അത് “അഴിമതി” “കാര്യക്ഷമത” തുടങ്ങിയ ആശയങ്ങളെ ആധാരമാക്കുന്നു: പക്ഷേ നവലിബറല്‍ ക്രമത്തോടൊപ്പമുള്ള ഭരണകൂട ഇടപെടലിന്റെ പര്യായമായാണ് ഇവയെ കണക്കാക്കുന്നത്.
നാലാമതായി, ഇതേ സംജ്ഞയോടുകൂടി തന്നെ, കോര്‍പ്പറേറ്റനുകൂല നവലിബറല്‍ ക്രമം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള അജന്‍ഡ ഈ അട്ടിമറി സംഘങ്ങള്‍ വളരെ വ്യക്തമായി മുന്നോട്ടുവെക്കുന്നു. ഉദാഹരണത്തിന്, വെനസ്വേലയില്‍ ജനാധിപത്യ പരിവര്‍ത്തനത്തിനുവേണ്ടി എന്നു പറഞ്ഞ് മുന്നോട്ടു വെച്ച പദ്ധതി അട്ടിമറി സംഘം എന്തൊക്കെ ചെയ്യുമെന്നു എടുത്തുപറയുന്നു; താഴെ പറയുന്നതൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു: (i) ഉത്പാദനക്ഷമമായ സാമഗ്രികളുടെ പുനഃസ്ഥാപനം (ഐഎംഎഫ് ഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ട് ); (ii) എല്ലാവിധ നിയന്ത്രണങ്ങളും ചട്ടങ്ങളും “ബ്യൂറോക്രസിയുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങളും ശിക്ഷാനടപടികളും” എടുത്തുമാറ്റുക; (iii) സ്വകാര്യസ്വത്തിനു കൃത്യമായ വിശ്വാസ്യതയും ഫലപ്രദമായ സംരക്ഷണവും നല്‍കുന്ന അന്താരാഷ്ട്ര നിക്ഷേപം ഒരു ഭരണസംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തന്നെ നടപ്പാക്കുക; (iv) പൊതുസംരംഭങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുക; (v) എണ്ണ പദ്ധതികളിലെ ഭൂരിഭാഗം ഓഹരിയും സ്വകാര്യ മൂലധനത്തിനു കൈവശം വെക്കാനനുവദിക്കുന്ന പുതിയ ഹൈഡ്രോ കാര്‍ബണ്‍ നിയമം കൊണ്ടുവരുക; (vi) ഉപയോഗപ്രദമായ സ്വത്തുക്കളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം സ്വകാര്യമേഖലയ്ക്കായിരിക്കും; (vii) കാര്യക്ഷമതയുടെ പേരില്‍ ഭരണകൂടത്തിന്റെ വലിപ്പം കുറയ്ക്കുക.
ഇത് നിര്‍ലജ്ജമായ ഒരു നവലിബറല്‍ അജന്‍ഡയാണ്; അത് അട്ടിമറിയുടെ പരിപാടി ഉള്‍ക്കൊള്ളുന്നതുമാണ്. കോര്‍പറേറ്റ് അജന്‍ഡ നടപ്പാക്കുന്നതിനുവേണ്ടി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനെ മറിച്ചിടുന്ന ഇത്തരത്തിലൊരു സന്ദേശം ഇത്രയേറെ സ്പഷ്ടമായി മുന്‍പൊരു കാലത്തും നല്‍കിയിട്ടില്ല.
അഞ്ചാമതായി, അമേരിക്കയാണ് നടപ്പാക്കുന്നതെങ്കിലും എല്ലാ സാമ്രാജ്യത്വ ശക്തികളുടെയും പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഈ അട്ടിമറികളെല്ലാം മുന്നോട്ടുപോകുന്നത്. അതു കൊണ്ടു തന്നെയാണ്, ജുവാന്‍ ഗൊയ്ദോയുടെ അട്ടിമറി ഗവണ്‍മെന്റിനെ വെനസ്വേലയുടെ ഔദ്യോഗിക ഗവണ്‍മെന്റായി അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട ഉടന്‍തന്നെ യൂറോപ്യന്‍ യൂണിയന്‍ അത് നടപ്പാക്കിയത്. ഇത് ഈ കാലഘട്ടത്തിന്റെ സൂചനയാണ്; മുന്‍കാലങ്ങളിലുണ്ടായിരുന്ന അതേ ശക്തി അമേരിക്കയ്ക്ക് ഇപ്പോഴില്ലയെന്ന വസ്തുതയുടെയും, സാമ്രാജ്യത്വ ശക്തികള്‍ തമ്മില്‍ തമ്മിലുള്ള കഴുത്തറുപ്പന്‍ മല്‍സരങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നുമുള്ള വസ്തുതയുടെയും സൂചനയാണിത്; അതായത് സാമ്രാജ്യത്വപരമായ ഇടപെടലുകള്‍ നടപ്പാക്കുമ്പോള്‍ പോലും അമേരിക്കയ്ക്ക് മറ്റുള്ളവരുടെ സഹായവും സഹകരണവും ആവശ്യമാണ് എന്നുള്ളതാണ് വസ്തുത.
അവസാനമായി, മൂന്നാം ലോക രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനെതിരായി സാമ്രാജ്യത്വം ഇടപെടല്‍ നടത്തുമ്പോള്‍, അത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്ന് അംഗീകരിക്കുംവിധം ജനങ്ങളെ മയപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പ്രധാന പങ്ക് വെനസ്വേലന്‍ സംഭവം നമുക്കു കാണിച്ചുതരുന്നു. ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങി എല്ലാ ദിനപത്രങ്ങളും ഈ നയമാണ് മുന്നോട്ടു വെക്കുന്നത്.
ചുരുക്കത്തില്‍, കോര്‍പറേറ്റ് താത്പര്യങ്ങളെ ജനാധിപത്യവുമായി തുല്യതപ്പെടുത്തുന്നത് ഒരു അംഗീകൃത തത്ത്വമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ലോകക്രമത്തിലാണ് നാമിന്നു ജീവിക്കുന്നത്. അമേരിക്ക നടത്തുന്ന അട്ടിമറിക്കെതിരായി വെനസ്വേലന്‍ ജനത നാളിതുവരെയും അടിയുറച്ചുനിന്നു; എന്നാല്‍ അതുകൊണ്ടുതന്നെ സായുധമായ ഇടപെടല്‍ നടത്തി അവരെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിലാണ് അേമരിക്കയിപ്പോള്‍. അത്തരമൊരു സായുധ ഇടപെടല്‍ വെനസ്വേലയ്ക്കു നേരെ ഉണ്ടായാല്‍, അത് അമേരിക്കയ്ക്ക് എന്തെങ്കിലും സുരക്ഷാഭീഷണി ആ രാജ്യം സൃഷ്ടിച്ചുവെന്നോ, ഏതെങ്കിലും വിധത്തില്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അത് ഹാനികരമായെന്നോ ഉള്ള ദുര്‍ബ്ബലമായ വാദത്തിന്റെ പശ്ചാത്തലത്തിലല്ല, മറിച്ച് യഥാര്‍ത്ഥത്തില്‍, നവലിബറലിസത്തിന്റെ വാഴ്ചയില്‍നിന്നും വിട്ടുപോകുവാന്‍ ധൈര്യം കാണിച്ചു എന്നതിന്റെ പേരില്‍ ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ അടുത്തകാലത്തുണ്ടായ ആദ്യത്തെ ഇടപെടലാവുമത്.