പാർലമെണ്ടറി സംവിധാനവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയും
പി രാജീവ്
നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ലോകതൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിനു നൽകിയ സംഭാവനകളിലൊന്ന് പാർലമെന്ററി സംവിധാനത്തിന്റെ വിപ്ലവകരമായ പ്രയോഗമാണ്. പാർലമെന്ററി സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുക മാത്രമല്ല ഭൂരിപക്ഷം ലഭിച്ച് സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരികയും ചെയ്തു. പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റുകാർ പങ്കെടുക്കണമോ എന്ന ചോദ്യത്തിന് ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ടായിരിക്കും.
1920 ൽ താഷ്‌കന്റിൽവെച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തെ സ്വാധീനിച്ച പ്രധാന കാരണങ്ങളിലൊന്ന് മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ച കൊളോണിയൽ തിസീസാണല്ലോ. അതേ കോൺഗ്രസ് തന്നെ പാർലമെന്ററി സംവിധാനത്തെ സംബന്ധിച്ച മറ്റൊരു സിദ്ധാന്തവും ചർച്ച ചെയ്തിരുന്നു. ബുഖാറിൻ അവതരിപ്പിച്ച ഈ സിദ്ധാന്തം പാർലമെന്റിൽ കമ്യൂണിസ്റ്റുകാർ പങ്കെടുക്കണമോ എന്ന പ്രശ്നം മാത്രമല്ല മുതലാളിത്ത രാജ്യങ്ങളിലെ പ്രവിശ്യകളിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽവന്നാലുള്ള പ്രശ്നങ്ങൾ കൂടി കൈകാര്യം ചെയ്യുന്നുണ്ട്.
രണ്ടാം കോൺഗ്രസ് ഈ ചർച്ചകൾ നടത്തുന്നത് റഷ്യൻ വിപ്ലവത്തിന്റെ പ്രായോഗിക അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. എന്നാൽ മാനിഫെസ്റ്റോ എഴുതുന്നതിനു മുമ്പുതന്നെ തൊഴിലാളി വർഗ്ഗത്തിന്റെ രണ്ടുതലങ്ങളിലുള്ള പ്രവർത്തനത്തെ സംബന്ധിച്ച് മാർക്സും എംഗൽസും വിശദീകരിക്കുന്നുണ്ട്. “ജനാധിപത്യ വിപ്ലവ പോരാട്ടങ്ങളിൽ തൊഴിലാളിവർഗ്ഗം പങ്കെടുക്കണം. ബൂർഷ്വാസിയോടൊപ്പം ഫ്യൂഡലിസം ഇല്ലാതാക്കാൻ പൊരുതണം. ബൂർഷ്വാ ജനാധിപത്യ അവകാശങ്ങള്‍, പത്ര സ്വാതന്ത്ര്യം, നീതിന്യായ വ്യവസ്ഥ, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, പ്രാതിനിധ്യ ജനാധിപത്യം എന്നിവയ്ക്കായുള്ള പോരാട്ടത്തിൽ നേരിട്ടു കണ്ണിചേരുകയും പരോക്ഷമായി തൊഴിലാളിവർഗ്ഗ അവകാശങ്ങൾക്കായി പോരാട്ടം തുടരുകയും വേണം.” തൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിട ത്തോളം ജനാധിപത്യത്തിനായുള്ള സമരം സമൂഹത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിനായുള്ള മുന്നുപാധിയാണെന്നും മാർക്സ് പറഞ്ഞുവെച്ചു. ഓരോ കാലത്തിന്റേയും വസ്തുനിഷ്ഠ സാഹചര്യങ്ങൾ അതതുകാലത്തെ മുദ്രാവാക്യങ്ങളെ രൂപപ്പെടുത്തുന്നതിലും സമരരൂപങ്ങളെ നിർണ്ണയിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുവെന്നാണ്‌മാർക്സും എംഗൽസും പറഞ്ഞുവയ്ക്കുന്നത്.
ഈ കാലം ആധുനിക പാർലമെന്ററി സംവിധാനത്തിലേക്ക് മുതലാളിത്ത രാജ്യങ്ങൾ പരിവർത്തനം ചെയ്യപ്പെടുന്ന പ്രവണത ശക്തിപ്പെട്ട സന്ദർഭമാണ്. 1188 ൽ ഇന്നത്തെ സ്പെയിനിന്റെ ഭാഗമായ പ്രവിശ്യകളിൽ ജനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരുന്നു. പക്ഷേ, പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിലാണ് ആധുനിക പാർലമെന്ററി സംവിധാനം വികസിക്കുന്നത്. ഏകദേശം സമാനമായ കാലത്തുതന്നെ സ്വീഡനിലും പാർലമെന്ററി സംവിധാനം ആരംഭിച്ചു. ഈ കാലയവളിൽ പാർലമെന്ററി സമ്പ്രദായം സാർവ്വത്രികമായ വോട്ടവകാശത്തിലേക്ക് വികസിച്ചിരുന്നില്ലെങ്കിലും ജനങ്ങളുടെ ഇടപെടൽ ശേഷിയിൽ അത് നൽകുന്ന സാധ്യതയെയും പരിമിതിയെയും മാർക്സും ഏംഗൽസും അന്നേ തിരിച്ചറിഞ്ഞിരുന്നു. ബൂർഷ്വാ പാർലമെന്റിന്റെ വിപ്ലവകരമായ പ്രയോഗത്തിന്റെ സൈദ്ധാന്തിക പരിസരം ഇതു വഴി രൂപപ്പെടുകയായിരുന്നു. എംഗൽസ് ഇതു സംബന്ധിച്ച് നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ് “സാർവ്വത്രികമായ വോട്ടവകാശത്തെ ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞാൽ തൊഴിലാളി വർഗ്ഗത്തിനു ഏറ്റവും മൂർച്ചയേറിയ ആയുധമാണ്‌ലഭിക്കുന്നത്. സാർവ്വത്രിക വോട്ടവകാശത്തിന്റെ വിജയകരമായ പ്രയോഗം തൊഴിലാളി വർഗ്ഗ പോരാട്ടത്തിന്റെ പുതിയ രീതിയാണ്. ഇത് അതിവേഗത്തിൽ വികസിക്കുന്നു. ബൂർഷ്വാ വർഗ്ഗഭരണത്തിന്റെ ഉപകരണമായ ഈ സ്ഥാപനം തൊഴിലാളി വർഗ്ഗത്തിന്‌പോരാട്ടത്തിന്റെ പുതിയ സാധ്യതകൾ തുറന്നിടുന്നു” (മാർക്സ്, എംഗൽസ് തെരഞ്ഞെടുത്ത കൃതികൾ, വാല്യം 5, പേജ് 195). പാർലമെന്റിനു പുറത്ത്‌തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും മറ്റും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുമ്പോൾ പാർലമെന്റിനെ ശരിയായ സമരരൂപമായി ഉപയോഗിക്കാൻ കഴിയും എന്നാണ് എംഗൽസ് ആവർത്തിച്ചു വ്യക്തമാക്കിയത്.
റഷ്യൻ വിപ്ലവ ഘട്ടത്തിൽ പാർലമെന്റിൽ പങ്കെടുക്കുക മാത്രമല്ല മറ്റൊരു ഘട്ടത്തിൽ പാർലമെന്റ് ബഹിഷ്കരിക്കുകയെന്ന തീരുമാനവും വിപ്ലവ പ്രസ്ഥാനം സ്വീകരിക്കുകയുണ്ടായി. ഈ രൂപങ്ങൾ തീരുമാനിക്കപ്പെടുന്നത് അതതു കാലത്തെ സാഹചര്യവും ജനങ്ങളുടെ ബോധത്തെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. പാർലമെന്റിനെ സംബന്ധിച്ച അതിരുകടന്ന വ്യാമോഹങ്ങൾ കമ്യൂണിസ്റ്റുകാർ വെച്ചുപുലർത്തുന്നില്ല. അത് ഭരണകൂടത്തിന്റെ ഉപകരണമാണ്. എന്നാൽ, അതിനെത്തന്നെ എങ്ങനെ വിപ്ലവ പ്രയോഗങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും എന്ന തിരിച്ചറിവും പ്രധാനമാണ്. അമേരിക്കയിലേയും യൂറോപ്പിലേയും തൊഴിലാളികൾക്കായുള്ള കത്തിൽ ലെനിൻ ഈ വൈരുദ്ധ്യാത്മക പ്രയോഗത്തെ വിശദീകരിക്കുന്നുണ്ട്. “ഏറ്റവും ജനാധിപത്യമുള്ള രാജ്യത്തെ ഏറ്റവും ജനാധിപത്യ പാർലമെന്റും ഒരു ചെറുന്യൂനപക്ഷം വരുന്ന ചൂഷക വർഗ്ഗത്തിന്‌മഹാഭൂരിപക്ഷം വരുന്ന പണിയെടുക്കുന്ന ജനതയെ അടിച്ചമർത്തുന്നതിനുള്ള ഉപകരണമാണ്. ചൂഷണത്തിൽനിന്നും തൊഴിലാളി വർഗ്ഗത്തെ വിമോചിപ്പിക്കുന്നതിനുള്ള പോരാളികളായ സോഷ്യലിസ്റ്റുകൾക്ക് ഇതേ ബൂർഷ്വാ പാർലമെന്റ് പ്രചാരണത്തിന്റേയും പോരാട്ടത്തിന്റേയും പ്ലാറ്റ്‌ഫോറം കൂടിയാണ്.” (ലെനിൻ, സമാഹൃത കൃതികൾ , വാല്യം 28, പേജ് 432)
ജനങ്ങൾക്ക് ഇടപെടൽ സാധ്യത നൽകുന്ന പാർലമെന്റിനെ സമര രൂപമായി ഉപയോഗിക്കുക തന്നെ വേണമെന്ന കാഴ്ചപ്പാട്‌ബോൾഷെവിക് പാർട്ടിയും സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ പാർലമെന്റിൽ കമ്യൂണിസ്റ്റുകാർ പങ്കെടുക്കുന്നത് ബോൾഷേവിക് പാർട്ടിയുടെ പരിപാടി തയ്യാറാക്കുന്ന ഘട്ടത്തിലും പാർട്ടിഈ പ്രശ്നത്തെ അഭിസംബോധന ചെയ്തിരുന്നു. “തൊഴിലാളി വർഗ്ഗം അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പായി ബൂർഷ്വാ ജനാധിപത്യത്തെ പ്രത്യേകിച്ചും പാർലമെന്ററി സംവിധാനത്തെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും അധ്വാനിക്കുന്ന ജനതയുടെ സംഘാടനത്തിനും ഉപയോഗിക്കേണ്ടത് അനിവാര്യമാണ് (ആർ സി പി ബി പരിപാടി, ലെനിൻ, സമാഹൃത കൃതികൾ, വാല്യം 29, പേജ് 108). സാധാരണഗതിയിൽ നമ്മളിൽനിന്നും അകന്നു നിൽ ക്കുന്ന വലിയൊരു വിഭാഗത്തെ ബന്ധപ്പെടുന്നതിനും അവരെ രാഷ്ട്രീയവൽക്കരിക്കുന്നതിനുമുള്ള സന്ദർഭമായാണ് തിരഞ്ഞെടുപ്പുകളെ കാണുന്നത്, റഷ്യൻ വിപ്ലവത്തിൽ സമർഥമായി ഈ കാഴ്ചപ്പാടിനെ പ്രായോഗികമാക്കുന്നതിന്‌ബോൾഷേവിക് പാർട്ടിക്കും ലെനിനും കഴിഞ്ഞിരുന്നു.
ഈ അനുഭവങ്ങളെ ‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത’ എന്ന കൃതിയിൽ ലെനിൻ സിദ്ധാന്തവൽക്കരിക്കുന്നുണ്ട്. ജർമ്മനിയിലേയും ഇറ്റലിയിലേയും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാർട്ടികൾ പാർലമെന്റിൽ പങ്കെടുക്കുന്നതിന് പൂർണ്ണമായും എതിരായിരുന്നു. ബൂർഷ്വാ പാർലമെന്ററി സംവിധാനം തന്നെ കാലഹരണപ്പെട്ടുപോയെന്ന് അവർ പ്രഖ്യാപിച്ചു. ലെനിൻ ഈ നിലപാടിനെ ശക്തമായി എതിർത്തു. “ദശലക്ഷക്കണക്കിന് ആളുകൾ പാർലമെന്ററിസത്തിന് അനുകൂലമായി നിൽക്കുന്ന രാജ്യത്ത് എങ്ങനെയാണ് പാർലമെന്ററിസം കാലഹരണപ്പെട്ടെന്ന് പറയാൻ കഴിയുന്നത്. കമ്യൂണിസ്റ്റുകാർക്ക് കാലഹരണപ്പെട്ടെന്ന്‌തോന്നുന്നതെല്ലാം വർഗ്ഗത്തിനോ ജനങ്ങൾക്കോ കാലഹരണപ്പെട്ടതായി തോന്നുന്നില്ല.” (ലെനിൻ, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്‌ടത, https://www.marxists.org) തൊഴിലാളി വർഗ്ഗത്തിന്റെ തന്നെ ബോധനിലവാരം ഏറെ താഴ്ന്നതായിരിക്കും എന്ന് ലെനിൻ ഓർമ്മിപ്പിച്ചു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതും പാർലമെന്റിൽ പങ്കെടുക്കേണ്ടതും തൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കടമയാണെന്നുതന്നെ ലെനിൻ ആധികാരികമായി പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം തങ്ങളുടെ അനുഭവം എങ്ങനെ വിപ്ലവ പ്രവർത്തനത്തിന് സംഭാവന നൽകിയെന്ന കാര്യം വിശദീകരിക്കുന്നുണ്ട്. “അങ്ങേയറ്റം പ്രതിവിപ്ലവകരമായ പാർലമെന്റിൽ ബോൾഷേവിക്കുകൾ പങ്കെടുത്തത് വിപ്ലവ തൊഴിലാളി വർഗ്ഗത്തിന് ഉപയോഗപ്രദമായിരുന്നുവെന്നാണ്. എന്നു മാത്രമല്ല, 1905 ലെ ബൂർഷ്വാ വിപ്ലവത്തിൽനിന്നും 1917 ലെ ഫെബ്രുവരി വിപ്ലവത്തിലേക്കും പിന്നീട് ഒക്‌ടോബർ വിപ്ലവത്തിലേക്കും നയിച്ച ഒഴിവാക്കാനാവത്ത പ്രയോഗവും കൂടിയായിരുന്നു അത്” (ibid).
സർക്കാരുകളിൽ പങ്കെടുക്കാമോ?
1920 ജൂലൈ 19 മുതൽ ആഗസ്റ്റ് ഏഴുവരെ നടന്ന മൂന്നാം ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിൽ ‘കമ്യൂണിസ്റ്റ് പാർട്ടികളും പാർലമെന്ററിസവും’ എന്ന തിസീസ് അംഗീകരിക്കുകയുണ്ടായി. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിനായുള്ള പോരാട്ടങ്ങളിൽ ബൂർഷ്വാ പാർലമെന്റിനെ എങ്ങനെയാണ് വിപ്ലവകരമായി ഉപയോഗിക്കാൻ കഴിയുന്നത് എന്ന പ്രശ്നത്തെ തന്നെയാണ് ഈ തിസീസും അഭിസംബോധന ചെയ്യുന്നത്. എന്നാൽ, മാർക്സും എംഗൽസും ലെനിനും പാർലമെന്റിൽ എന്തുകൊണ്ട് കമ്യൂണിസ്റ്റുകാർ പങ്കെടുക്കേണ്ടത് എന്ന ചോദ്യത്തിനാണ്‌മറുപടി നൽകാൻ ശ്രമിച്ചതെങ്കിൽ ഈ സിദ്ധാന്തം ഒന്നു കൂടി മുന്നോട്ടുപോയി പ്രാദേശികതലത്തിലെ തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എങ്ങനെ പ്രവർത്തിക്കണമെന്ന പുതിയ പ്രശ്നത്തെ രണ്ടാം കോൺഗ്രസ് ചർച്ച ചെയ്തു.
കേരളത്തിൽ 1957 ൽ അധികാരമേറ്റപ്പോൾ സൈദ്ധാന്തികമായോ പാർട്ടി പരിപാടി യുടെയോ പിൻബലമില്ലാത്ത പ്രയോഗമെന്നാണ് പലരും അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, പാർലമെന്ററിസത്തെക്കുറിച്ചുള്ള ഈ തീസിസ് വായിക്കുകയാണെങ്കിൽ എത്രമാത്രം ദീർഘവീക്ഷണത്തോടെ ഈ പ്രശ്നത്തെ സമീപിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. ഈ തീസിസിന്റെ 13 -ാമത്തെ ഖണ്ഡിക ഇതാണ് വിശദീകരിക്കുന്നത്. “പ്രാദേശിക ഭരണ സമിതികളിൽ കമ്യൂണിസ്റ്റുകാർക്ക് ഭൂരിപക്ഷം ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ 1. ബൂർഷ്വാ കേന്ദ്രാധികാരത്തിനെതിരെ വിപ്ലവകരമായ പ്രതിപക്ഷമെന്ന ഉത്തരവാദിത്തം നിർവഹിക്കൽ. 2 ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുക. 3 ബൂർഷ്വാ ഭരണാധികാരം സൃഷ്ടിക്കുന്ന പരിമിതികൾ ഓരോ സന്ദർഭത്തിലും തുറന്നുകാട്ടുക. 4 ഇതിന്റെ അടിസ്ഥാനത്തിൽ അതിശക്തമായ പ്രചാരവേല നടത്തുക. ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശിക തൊഴിലാളി കൗൺസിൽ വഴി പ്രാദേശിക ഭരണസംവിധാനത്തിനു പകരം വെയ്ക്കുക” (https://www.marxists.org). വർഗ്ഗഭരണത്തിന്റെ ഉപകരണമായ കേന്ദ്രഭരണം സൃഷ്ടിക്കുന്ന പരിമിതികൾ തുറന്നുകാണിക്കുന്നതോടൊപ്പം സാധ്യമായ ആശ്വാസം ജനങ്ങൾക്ക് നൽകാൻ ശ്രമിക്കണമെന്നുമാണ് ഇന്റർനാഷണൽ അംഗീകരിച്ച തിസീസ് വ്യക്തമാക്കുന്നത്. പതിനെട്ടാമത്തെ ഖണ്ഡിക പ്രാദേശിക ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. “കേന്ദ്ര പാർലമെന്റിലേക്ക്‌മാത്രമല്ല പ്രാദേശിക ഭരണ സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും പങ്കെടുക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിയുന്നു. പ്രാദേശിക ഭരണസമിതികളിലെ പ്രവർത്തനം ഓരോ പ്രത്യേക മുന്നേറ്റങ്ങളെയും സഹായിക്കുന്നു.”
തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റുകാർ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്റർനാഷണൽ വിശദമായി പരിശോധിക്കുന്നുണ്ട്. തിസീസിലെ 14-ാം ഖണ്ഡിക ഇപ്രകാരം വ്യക്തമാക്കുന്നു. ‘കേവലം സീറ്റുകൾക്ക്‌വേണ്ടിയുള്ളതല്ല തിരഞ്ഞെടുപ്പ് പ്രചാരണം. വിപ്ലവ മുന്നേറ്റത്തിനു ജനതയെ സജ്ജരാക്കുന്ന പ്രക്രിയയായിരിക്കണം. പാർട്ടിയാകെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകണം. ഏതെങ്കിലും വരേണ്യവിഭാഗത്തിന്റെ മാത്രമായി തിരഞ്ഞെടുപ്പ് പ്രവർത്തനം പരിമിതപ്പെടരുത്. എല്ലാ ജനകീയ മുന്നേറ്റങ്ങളും പണിമുടക്കങ്ങൾ, പ്രകടനങ്ങൾ എന്നിവയെല്ലാം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തണം. പാർലമെന്റ് ബഹിഷ്കരിക്കുകയെന്നത് ബാലാരിഷ്ടതയാർന്ന നിലപാട്‌മാത്രമാണ്’ (ibid).
ഇത്തരം വിശകലനങ്ങൾ നടത്തുന്ന കാലത്തെ സാഹചര്യം കൂടി കാണണം. അന്നത്തെ പാർലമെന്ററി സംവിധാനം സാർവ്വത്രികമായ വോട്ടവകാശം പ്രയോഗത്തിൽ വരുത്തിയിരുന്നില്ല. സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെ തുടർന്നാണ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ പലതിലും സ്ത്രീകൾക്ക് തന്നെ വോട്ടവകാശം നൽകിയത്. ഭൂമിയുടെ ഉടമസ്ഥത, അടയ്ക്കുന്ന കരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളിലൂടെ ധനികവർഗ്ഗത്തിനു മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തിയിരുന്നു. അത്തരം പരിമിതമായ ജനാധിപത്യ സംവിധാനത്തെയും പാർലമെന്ററി സംവിധാനത്തെയും പോലും വിപ്ലവകരമായ പ്രവർത്തനത്തിന്റെ ആയുധമാക്കി മാറ്റുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്.
വിപ്ലവം നടന്ന റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പാർലമെന്ററി സംവിധാനം വികസിതമായിരുന്നില്ല. ചൈനയും ക്യൂബയും മറ്റും ബാലാരിഷ്ടതകളിലൂടെ കടന്നുപോകുന്ന മുതലാളിത്തം വികസിക്കാത്ത രാജ്യങ്ങളായിരുന്നു. അതുകൊണ്ടുകൂടിയാണ് ജനാധിപത്യം വികസിച്ച രാജ്യങ്ങളിൽ ഗറില്ല യുദ്ധത്തിന്റെ ആവശ്യമില്ലെന്ന്‌ചെഗുവേര വ്യക്തമാക്കുന്നത്. ചെഗുവേര എഴുതിയ ഗറില്ല യുദ്ധം ഏറെ ശ്രദ്ധേയമായ പുസ്തകമാണ്. ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ പാവ സർക്കാരിനെതിരായ വിപ്ലവ വിജയത്തിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്‌ചെഗുവേര ഈ പുസ്തകം എഴുതുന്നത്. അതിന്റെ ആദ്യത്തെ അധ്യായത്തിൽ തന്നെ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി. “ഏതെങ്കിലും തരത്തിലുള്ള ജനകീയ തിരഞ്ഞെടുപ്പിലൂടെ, ചിലപ്പോൾ കൃത്രിമ വോട്ടിങ്ങിലൂടെയുമാകാം, ഒരു സർക്കാർ അധികാരത്തിലുള്ളതും, ഭരണഘടനാപരമായ സാധുതയുള്ളതാണെന്ന പ്രതീതിയെങ്കിലുമുള്ളതുമായ രാജ്യത്ത് ഗറില്ല യുദ്ധം സംഘടിപ്പിക്കാൻ കഴിയില്ല. സമാധാനപരമായ സമരങ്ങളുടെ സാധ്യതയെ പൂർണ്ണമായും ഉപയോഗപ്പെടുത്തലാണ് പ്രധാനം”. പാർലമെന്ററി സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ആ സംവിധാനത്തെ ഉപയോഗപ്പെടുത്തിയും സമാധാനപരമായ സമരങ്ങൾ സംഘടിപ്പിക്കലുമാണ് പ്രധാനമെന്ന്‌ചെഗുവേര അർഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നു. ജനാധിപത്യ സംവിധാനം നിലനിൽക്കാത്ത രാജ്യങ്ങളിലെ വിപ്ലവ പോരാട്ടങ്ങളിലും ജനങ്ങളുടെ പിന്തുണയും ജനകീയ മുന്നേറ്റങ്ങളും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൊളീവിയയിൽ രക്തസാക്ഷിയാകുന്നതിനു മുമ്പുള്ള ഡയറി കുറിപ്പുകളിൽ ജനങ്ങളെ അവിടെ വിശ്വാസത്തിലെടുക്കാൻ കഴിയാത്തതിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഈ പ്രശ്നം മാർക്സും അഭിസംബോധന ചെയ്യുന്നുണ്ട്. പാർലമെന്ററി സംവിധാനം വികസിച്ച ബ്രിട്ടനിൽ മുതലാളിത്തത്തിൽനിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം സമാധാനപരമായി പാർലമെന്ററി സംവിധാനത്തിലൂടെയാകുമെന്ന് മാർക്സ് വിശദീകരിക്കുന്നു. ഇഎംഎസ് ഇതു സംബന്ധിച്ച് ‘ഭരണഘടനയും സോഷ്യലിസവും’എന്ന പ്രഭാഷണത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “സാമൂഹ്യ പരിവർത്തനങ്ങൾ കൈവരുത്തുന്ന സമ്പ്രദായത്തിൽ മാർക്സിസം - ലെനിനിസം ഒട്ടും അയവില്ലാത്തതും, വരട്ടുതത്ത്വവാദപരവുമായ നിലപാട് സ്വീകരിക്കാറില്ലെന്ന് ഞാൻ തുടക്കത്തിലേ വ്യക്തമാക്കട്ടെ. ഒരു മാർഗ്ഗവും തള്ളിക്കളഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒരേയൊരു മാർഗ്ഗം മാത്രമാണ് സ്വീകാര്യമാവൂയെന്നും എഴുതിവെച്ചിട്ടില്ല. സാമൂഹ്യപരി വർത്തനങ്ങൾക്കായി ഒരു പ്രത്യേക മാർഗ്ഗം തന്നെ തിരഞ്ഞെടുക്കുന്നതിനായി മാർക്സിസം - ലെനിനിസം അവലംബിക്കുന്ന ഒരേയൊരു മാനദണ്ഡം, ലക്ഷ്യം നേടിയെടുക്കാൻ ആ മാർഗ്ഗം ഉപകരിക്കുമോയെന്നതു മാത്രമാണ്. ഏതെങ്കിലും മാർഗ്ഗം തിരഞ്ഞെടുക്കേണ്ടതാ യിട്ടുണ്ടെങ്കിൽ അതെന്നപോലെ ഒന്നിൽ കൂടുതൽ മാർഗ്ഗങ്ങളുടെ പട്ടികയുണ്ടെങ്കിൽ, ഏറ്റവും ദുരിതം കുറവായതും ഏറ്റവും എളുപ്പത്തിൽ ഫലമുളവാക്കുന്നതുമായ മാർഗ്ഗം ഏതെന്ന് മാർക്സിസം - ലെനിനിസം പരിഗണിക്കും. ഭരണകൂടത്തെ ബലമുപയോഗിച്ച് പിടിച്ചെടുക്കണമെന്ന വീക്ഷണഗതി അവലംബിച്ച മാർക്സും എംഗൽസും (പുതിയ സമൂഹത്തിന്റെ വഴികാട്ടിയാണ് ബലപ്രയോഗം), ഗണ്യമായ ജനവിഭാഗം തൊഴിലാളിവർഗ്ഗമായിരിക്കുകയും ആ തൊഴിലാളികളുടെ സംഘടനാശക്തി വളർന്നുകൊണ്ടിരിക്കുകയും പാർലമെന്ററി സംവിധാനം നിലവിലിരിക്കുകയും ചെയ്ത ഇംഗ്ലണ്ടിൽ സമാധാനപരമായ മാർഗ്ഗത്തിലൂടെ മുതലാളിത്തത്തിന് സോഷ്യലിസത്തിലേക്ക് കടന്നുപോകാനാകും.” (ഇഎംഎസ്, സമാഹൃതകൃതികൾ, വാല്യം, പേജ് 73,74). എന്നാൽ, ബ്രിട്ടനിലെ മുതലാളിത്തം കുത്തക മുതലാളിത്തമായി വികസിച്ചതോടെ ആ സാധ്യത ഇല്ലാതായെന്ന ലെനിന്റെ നിഗമനവും ഇഎംഎസ് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നയസമീപനം
താഷ്‌കെന്റിൽവെച്ച് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചെങ്കിലും തുടർച്ചയായ ഗൂഢാലോ ചന കേസുകളുടെ ഭാഗമായി കേന്ദ്രീകൃതമായ പ്രവർത്തനമോ പരിപാടിയുടെ രൂപീകരണമോ നടന്നിരുന്നില്ല. 1951 ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയപ്രഖ്യാപനം അംഗീകരിക്കുമ്പോൾ പാർലമെന്റിൽ പങ്കെടുക്കാമോ എന്ന പ്രശ്നത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരുന്നു. ‘നാം പാർലമെന്ററി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം. വിപുലമായ ജനവിഭാഗത്തെ അണിനിരത്താനും അവരുടെ അവകാശങ്ങൾക്ക്‌വേണ്ടി വാദിക്കുവാനും കഴിയുന്ന ഏതു തരത്തിലുള്ള തിരഞ്ഞെടുപ്പിലും നാം മത്സരിക്കണം. ജനങ്ങൾ എവിടെയാണോ നാമവിടെയല്ലാമായിരിക്കണം. നാമെവിടെയാണെന്നാണോ ജനങ്ങൾ ആഗ്രഹിക്കുന്നത് നാമവിടെയൊക്കെയായിരിക്കണം.’ (1951 ലെ നയപ്രഖ്യാപനം, സിപിഐഎം പ്രസിദ്ധീകരണം, 1990, പേജ് 29).
സ്വാതന്ത്ര്യത്തിനു മുമ്പ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കു മ്പോൾ ഈ വാക്കുകൾ മാത്രമായിരുന്നു വഴികാട്ടി. ചില പ്രവിശ്യകളിലെ തിരഞ്ഞെടുപ്പു കളിൽ ഭൂരിപക്ഷത്തിന് അടുത്തുവരെയെത്തി. സ്വാതന്ത്ര ത്തിനുശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറി. സംസ്ഥാന രൂപീകരണങ്ങൾക്ക്‌ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 1957 ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭുരിപക്ഷം ലഭിച്ചപ്പോൾ പുതിയ പ്രശ്നത്തെ പാർട്ടി അഭിമുഖീകരിച്ചു. എന്നാൽ, ലെനിനിസ്റ്റ് സമീപനം പിന്തുടർന്ന പാർട്ടിക്ക് അതിൽ തീരുമാനമെടുക്കാൻ അന്ന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
മൂന്നാം ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ച പാർലമെന്ററിസത്തെ സംബന്ധിച്ച തീസിസ്‌രേഖകളുടെ ഭാഗമായി കാണാൻ കഴിയുന്നില്ലെങ്കിലും അതിന്റെ അന്തഃസത്ത പ്രയോഗത്തിൽ തെളിഞ്ഞുകാണാം. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ അനുഭവമായിരുന്നു ഇത്. ബാലറ്റിലൂടെ ബ്രിട്ടീഷ് ഗയാനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽവന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ, അത് ഒരു രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പായിരുന്നു. എന്നാൽ, മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന രാജ്യത്ത്, ആ വ്യവസ്ഥയെ മാറ്റിമറിക്കുന്ന വിപ്ലവ പ്രവർത്തനത്തിനു നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടി അതേ ഭരണകൂട ഘടനയുടെ ഭാഗമായി ഒരു സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നത് ആദ്യ സംഭവമാണ്. യഥാർഥത്തിൽ സർക്കാരുകൾ ഭരണകൂടത്തിന്റെ ഉപകരണങ്ങളാണ്. അവ അടിച്ചമർത്തലിന്റേയും ചൂഷണം ശക്തിപ്പെടുത്തലിന്റേയും ഉപകരണങ്ങൾ തന്നെയാണ്. അതേ ഉപകരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും ഭരണകൂട നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യുന്ന അസാധാരണ വൈരുദ്ധ്യാത്മക പ്രയോഗത്തിനാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയത്.
1957 ഏപ്രിൽ അഞ്ചിനു അധികാരമേറ്റ സന്ദർഭത്തിൽ തന്നെ ഇഎംഎസ് സർക്കാരിന്റെ പരിമിതിയും സാധ്യതയും വ്യക്തമാക്കിയിരുന്നു. താൻ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കുന്നതിനാണെങ്കിലും തന്റെ സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയായിരിക്കുകയില്ല നടപ്പിലാക്കുകയെന്നും വിശദീകരിച്ചു. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും അകത്തുനിന്നുകൊണ്ടായിരിക്കും സർക്കാരിന്റെ പ്രവർത്തനം. കോൺഗ്രസ് നടപ്പിലാക്കേണ്ടതും എന്നാൽ, അവർ നടപ്പിലാക്കാൻ തയ്യാറാകാത്തതുമായ നല്ല കാര്യങ്ങളായിരിക്കും സർക്കാർ നടപ്പിലാക്കുകയെന്നും അദ്ദേഹം ലളിതമായി വിശദീകരിച്ചു.
ഇഎംഎസ് സർക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടികളിലൊന്ന് ഭൂപരിഷ്കരണ ബില്ലായിരുന്നു. എന്നാൽ, അത് കമ്യൂണിസത്തിന്റെ പരിപാടിയായിരുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗൽസും കമ്യൂണിസത്തിന്റെ പരിപാടി ഒറ്റ വാചകത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. സ്വകാര്യസ്വത്ത് ഇല്ലാതാക്കലാണ് കമ്യൂണിസത്തിന്റെ പരിപാടിയെന്ന് അവർ ആധികാരികമായി മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചു. ഇവിടെ സർക്കാർ ചെയ്തത് സ്വകാര്യസ്വത്തിന് ഉടമസ്ഥത നൽകലാണ്. ഭൂപരിഷ്കരണവും ഭുമിയുടെ വിതരണവും വാങ്ങൽശേഷി വർധിപ്പിക്കുന്നതിനുള്ള മുന്നുപാധിയാണെന്ന തിരിച്ചറിവോടെ മുതലാളിത്തമാണ്‌ലോകത്ത് അത്തരം നടപടികൾക്ക് തുടക്കം കുറിച്ചത്. പക്ഷേ, ഭൂപ്രഭുത്വവുമായി സന്ധിചെയ്ത ഇന്ത്യൻ ബൂർഷ്വാസി ആ കടമ നിർവഹിച്ചില്ല. ഭരണഘടനയ്ക്കകത്തുനിന്നും ഈ കടമ നിർവഹിക്കുന്നതിനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്.
1959 ൽ ആ സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യക്കരുതിയായിരുന്നു അത്. ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചു പിരിച്ചുവിടുകയായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക്‌നേതൃത്വം നൽകുമ്പോൾ തന്നെ ജനങ്ങളുടെ പിന്തുണ കൊണ്ടുമാത്രം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി എപ്പോൾ വേണമെങ്കിലും പിരിച്ചുവിടപ്പെടാമെന്ന പാഠം അത് നൽകി.
ഈ പ്രായോഗിക അനുഭവങ്ങൾ 1964 ൽ സിപിഐ (എം) പരിപാടി അംഗീകരിക്കുമ്പോൾ സർക്കാരുകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനു സഹായകരമായിരുന്നു. യഥാർത്ഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടി വിപ്ലവ ഘട്ടത്തെയും തന്ത്രത്തെയും സംബന്ധിച്ചാണ് വ്യക്തമാക്കാറുള്ളതെങ്കിൽ ഇവിടെ സംസ്ഥാന സർക്കാരുകളെ സംബന്ധിച്ച അടവും നയവും പരാമർശിക്കപ്പെട്ടുവെന്നതും കാണേണ്ടതുണ്ട്. നിലവിലുള്ള ബൂർഷ്വാ – ഭൂപ്രഭു വ്യവസ്ഥക്കെതിരെ ജനകീയ ജനാധിപത്യത്തിന്റേതായ ലക്ഷ്യമാണ് സിപിഐഎം പരിപാടി മുന്നോട്ടുവെയ്ക്കുന്നത്. ഇതിനു നേതൃത്വം നൽകേണ്ടത് ജനകീയ ജനാധിപത്യ മുന്നണിയാണ്. അത് വർഗ്ഗങ്ങളുടെ മുന്നണിയാണ്. തൊഴിലാളി വർഗ്ഗം നേതൃത്വം നൽകുന്ന വർഗ്ഗമുന്നണിയാണ്. ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനിടയിലുള്ള ഇടക്കാല പരിപാടിയായാണ് രാജ്യവ്യാപകമായി ഇടതു ജനാധിപത്യ ബദലിന്റെ മുദ്രാവാക്യം പാർട്ടി മുന്നോട്ടുവെയ്ക്കുന്നത്. അതിൽ ജനകീയ ജനാധിപത്യ മുന്നണിയിലെ എല്ലാ വർഗ്ഗങ്ങളും ഉണ്ടാകാമെങ്കിലും തൊഴിലാളി വർഗ്ഗത്തിന് നേതൃത്വം ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുകളിൽ ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് മുന്നണികളുണ്ടാക്കി പാർട്ടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയുകം ചെയ്യും. ഇങ്ങനെ മത്സരിക്കുമ്പോൾ ഭൂരിപക്ഷം കിട്ടിയാൽ എന്തുചെയ്യണമെന്നതു സംബന്ധിച്ച് ഇതിനു മുമ്പ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ചർച്ച ചെയ്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, അത്തരം നിലപാടുകളുടെ പിന്തുണയില്ലാതെ തന്നെ കേരളത്തിൽ അതിന്റെ പ്രയോഗം നടക്കുകയും ചെയ്തിരുന്നു. 1967 ൽ കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കേണ്ടിവരുമെന്ന പുതിയ സാഹചര്യവും എന്തു നിലപാട് എടുക്കണമെന്ന ചർച്ച ശക്തമാക്കി. അടവുപരമായ കാര്യം പാർട്ടി പരിപാടിയിൽ ഇടം കിട്ടുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ടാകാം.
ഈ ചർച്ചകളാണ് പാർട്ടി പരിപാടിയിലെ 112-ാം ഖണ്ഡികയ്ക്ക് ആധാരം. ഈ ഖണ്ഡിക ഇപ്രകാരമാണ്. “ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളുടെ ആവശ്യങ്ങളെ നേരിടാൻ പാർട്ടിക്ക് വിവിധ ഇടക്കാല മുദ്രാവാക്യങ്ങൾ ആവിഷ്കരിക്കേണ്ടി വരുമെന്നുള്ളത് വ്യക്തമാണ്. ഇന്നത്തെ ഭരണാധികാരി വർഗ്ഗങ്ങളെ മാറ്റി, തത്സ്ഥാനത്ത്‌തൊഴിലാളി - കർഷക സഖ്യത്തിൻമേൽ പടത്തുയർത്തിയ ഒരു പുതിയ ജനാധിപത്യ ഭരണകൂടവും ഗവൺമെന്റും സ്ഥാപിക്കുകയെന്ന കടമ ജനങ്ങളുടെ മുമ്പാകെ ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ ജനങ്ങൾക്ക് അടിയന്തരാശ്വാസം നൽകുകയെന്ന മിതമായ പരിപാടി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവൺമെന്റുകൾ നിലവിൽ വരുത്താൻ കിട്ടുന്ന എല്ലാ സന്ദർഭങ്ങളും പാർട്ടി ഉപയോഗപ്പെടുത്തും. അത്തരം ഗവൺമെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തിന് ഉത്തേജനം നൽകുകയും ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുകയെന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. പക്ഷേ, അടിസ്ഥാനപരമായി ഒരു രീതിയിലും അത് രാഷ്ട്രത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല. അതുകൊണ്ട് ജനങ്ങൾക്ക് അടിയന്തരാശ്വാസം നൽകുന്ന താൽക്കാലിക സ്വാഭാവത്തോടു കൂടിയ അത്തരം ഗവൺമെന്റുകൾ രൂപീകരിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പാർട്ടി ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ, വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂർഷ്വാ ഭരണകൂടത്തെയും ഗവൺമെന്റിനേയും മാറ്റേണ്ടതിന്റെ ആവശ്യത്തെ പറ്റി പാർട്ടി ജനങ്ങളെ തുടർന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയും അങ്ങനെ ബഹുജന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.”
സർക്കാരുകൾ രൂപീകരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന പ്രശ്നങ്ങൾ അതുവഴി പരിഹരിക്കുകയില്ലെന്ന് ജനങ്ങളെ തുടർച്ചയായി പഠിപ്പിക്കുകയും വേണമെന്നത് പ്രധാനമായി പാർട്ടി കാണുന്നു. ഈ സർക്കാരുകൾ താൽക്കാലികമായിരിക്കുമെന്ന യാഥാർഥ്യം തിരിച്ചറിയുകയും വേണം. അതോടൊപ്പം ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകാൻ ശ്രമിക്കുകയും വേണം.
ഐക്യമുന്നണി സർക്കാരുകളുടെ നയപരമായ കാഴ്ചപ്പാട്
ഇന്ത്യൻ രാഷ്ട്രീയത്തിനു ഐക്യമുന്നണി അടവുകൾ നൽകുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. യഥാർഥത്തിൽ 57 ലെ സർക്കാരിനെത്തന്നെ വേണമെങ്കിൽ ഒരു മുന്നണി സർക്കാർ എന്നു വിശേഷിപ്പിക്കാം. അഞ്ചു സ്വതന്ത്രരുടെ പിന്തുണയാണ് ആ സർക്കാരിനെ നിലനിർത്തിയിരുന്നത്. 1967 ലെ ഐക്യമുന്നണി സർക്കാർ ഈ കാഴ്ചപ്പാടിന്റെ പ്രയോഗമായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും 67 ലെ തിരഞ്ഞെടുപ്പിനുശേഷം മുന്നണി രാഷ്ട്രീയം അധികാരത്തിൽ വന്നു. ഇതിന് ദിശാബോധം പകർന്നത് 67 ലെ കേന്ദ്രകമ്മിറ്റി പ്രമേയമായിരുന്നു. 67 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒമ്പതു സംസ്ഥാനങ്ങളിൽ കോൺഗസിന് അധികാരം നഷ്ടപ്പെട്ടു. 67 ലെ സിസി പ്രമേയം പുതിയ സാഹചര്യത്തിലെ കടമകളും ഐക്യമുന്നണി സർക്കാരിനോടുള്ള സമീപനവും വ്യക്തമാക്കി. അത് കോൺഗ്രസ് ഇതര സർക്കാരുകളെ വർഗ്ഗീകരിച്ചു. നയപരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന ഇടതു ജനാധിപത്യ ശക്തികൾക്ക് കരുത്തുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളിൽ പങ്കാളിത്തം വഹിക്കണമെന്നു കണ്ടു. സിപിഐയിൽ നിന്നും വ്യത്യസ്തമായി ബീഹാർ, യുപി, പഞ്ചാബ് സർക്കാരുകളിൽ സിപിഐ (എം) ചേർന്നില്ല.
ഭരണകൂടാധികാരം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ‘എത്രമാത്രം ചെറിയ അധികാരമാണ് സംസ്ഥാന സർക്കാരുകൾക്ക് ഉള്ളതെങ്കിലും രാജ്യത്തിന്റെ ഭരണഘടനയ്ക്കകത്ത് നിന്നും കേന്ദ്രാധികാരത്തിനുള്ളിൽനിന്നും അത് പരമാവധി വിനിയോഗിക്കാൻ ശ്രമിക്കണം’ എന്ന് കേന്ദ്രകമ്മിറ്റി രേഖ വ്യക്തമാക്കി. കേരളത്തിന്റെ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഈ സർക്കാരുകളുടെ കാലാവധിയെക്കുറിച്ച് ഒന്നുംതന്നെ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും പാർട്ടി കണ്ടിരുന്നു. “അവസാനമായി ഐക്യമുന്നണി മന്ത്രിസഭയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഖാക്കളുടെ ശ്രദ്ധയിൽ ഒരു കാര്യം സ്ഥിരമായി ഉണ്ടായിരിക്കണം. ഈ ഗവൺമെന്റുകളുടെ ശരിയായ കാലാവധി എത്രയെന്ന്, ഈ മന്ത്രിസഭയുടെ കാലത്ത്‌നേരിടാനിടയുള്ള പരിവർത്തനഘട്ടങ്ങൾ എന്തൊക്കെയെന്ന് പ്രവചിക്കാൻ നമുക്കാവില്ല. അതേപോലെ ജനങ്ങൾക്ക് എന്തുമാത്രം അടിയന്തരാശ്വാസം നൽകാൻ ഈ ഗവൺമെന്റിന് കഴിയുമെന്നോ എന്തൊക്കെ സാധ്യതകൾ ഈ ഗവൺമെന്റിന്റെ മുമ്പിലുണ്ടോയെന്നോ മുൻകൂട്ടി പറയാനാവില്ല. ജനങ്ങൾക്ക് വൻതോതിൽ അടിയന്തരാശ്വാസങ്ങൾ നൽകുമെന്ന വ്യാമോഹം സൃഷ്ടിക്കാതെയും എന്നാൽ, ഇന്നത്തെ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിരാശാബോധം സൃഷ്ടിക്കാതെയും തങ്ങൾ പാർട്ടി പ്രതിനിധികളാണെന്ന കാര്യം മനസ്സിൽവെച്ചുകൊണ്ട് നമ്മുടെ ആത്മാർഥത ജനങ്ങൾക്ക്‌ബോധ്യമാക്കിക്കൊടുക്കാൻ നമ്മുടെ മന്ത്രിമാർ പരിശ്രമിക്കണം. ഇതിലുണ്ടാകുന്ന വീഴ്ച നമ്മുടെ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുകയാണെന്ന്‌തോന്നും. അത് ജനങ്ങളെ സ്വതന്ത്രമായി അണിനിരത്തുന്നതിനുള്ള നമ്മുടെ കഴിവിനേയും പ്രവർത്തനത്തെയും ബാധിക്കും എന്നു മാത്രമല്ല പ്രതിസന്ധികളെ മറിക്കടക്കാനോ പ്രതിരോധിക്കാനോ സഹായിക്കുകയില്ല. ഐക്യമുന്നണി സർക്കാരിലെ പാർട്ടികളുടെ ചാഞ്ചാട്ടങ്ങളെ മറിക്കടക്കാനുള്ള കഴിവിനേയും പ്രതികൂലമായി ബാധിക്കും. ഫലത്തിൽ ഐക്യമുന്നണി സർക്കാരുകളെ പ്രതിസന്ധിയിലാക്കും. ഐക്യമുന്നണി സർക്കാരുകളെ സംബന്ധിച്ച് നമുക്കുണ്ടാകേണ്ട അടിസ്ഥാന ധാരണ ഇതാണ്; ജനങ്ങൾക്ക് ഭൗതികമായി ആശ്വാസം നൽകാനുള്ള ആവശ്യത്തിന് അധികാരമുള്ള സർക്കാർ എന്നതിനേക്കാളും ഈ സർക്കാരുകളെ ജനങ്ങളുടെ പോരാട്ടത്തിന്റെ ഉപകരണങ്ങളായി മനസിലാക്കുകയും പ്രയോഗിക്കുകയും വേണം. ജനകീയ ജനാധിപത്യത്തിലേക്കും തുടർച്ചയിൽ സോഷ്യലിസത്തിലേക്കുമുള്ള പ്രയാണത്തിൽ കൂടുതൽ കൂടുതൽ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതൽ സഖ്യശക്തികളെ നേടുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു സവിശേഷ രൂപം മാത്രമാണ് സർക്കാരുകളിലെ പങ്കാളിത്തം” (പുതിയ സ്ഥിതിവിശേഷവും കടമകളും, 1967ലെ കേന്ദ്രകമ്മിറ്റി രേഖ).
പ്രധാനമായും സംസ്ഥാന സർക്കാരുകളെ സമര ഉപകരണങ്ങളായാണ് ഈ രേഖ കാണുന്നത്. എന്നാൽ, അതോടൊപ്പം പരിമിതികൾക്കകത്തുനിന്നുള്ള അടിയന്തര ആശ്വാസം നൽകാൻ ശ്രമിക്കുകയും വേണം. പക്ഷേ, അത് വ്യാമോഹത്തിലേക്ക് നയിക്കാതിരിക്കാനുള്ള നിരന്തരമായ ജാഗ്രത പാർട്ടിക്കും മന്ത്രിസഭയിൽ പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്കുമുണ്ടാകണമെന്നും കേന്ദ്രകമ്മിറ്റി ഓർമ്മിപ്പിച്ചു.
മുന്നണി സർക്കാരുകളുടെ പ്രവർത്തനം നൽകിയ പാഠം
അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിൽവന്ന പശ്ചിമബംഗാളിലെ സർക്കാർ തുടർച്ചയായ ഭരണത്തിന്റെ പുതിയ അനുഭവം നൽകി. സുപ്രീംകോടതി വിധികൾ സർക്കാരുകളെ പിരിച്ചുവിടുന്നതിനു കേന്ദ്രത്തിനു പരിമിതികൾ സൃഷ്ടിച്ചു. കോൺഗ്രസിന്റെ അധികാര കുത്തക തകർന്ന അനുഭവ പശ്ചാത്തലവും പ്രധാനമാണ്. തുടർഭരണത്തിലെ സർക്കാരുകളിൽനിന്നും അടിയന്തരാശ്വാസം മാത്രമാണോ ജനങ്ങൾ പ്രതീക്ഷിക്കുകയെന്ന ചോദ്യവും സമര ഉപകരണങ്ങൾ മാത്രമായി സർക്കാരുകളെ കാണാമോ എന്ന പ്രശ്നവും പാർട്ടി അഭിസംബോധന ചെയ്യേണ്ടിയിരുന്നു.
കേരളത്തിലേയും ബംഗാളിലേയും സർക്കാരുകളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ 1978 ൽ ജലന്ധറിൽ നടന്ന പത്താം കോൺഗ്രസ് ഇക്കാര്യത്തിൽ പുതിയ സമീപനം മുമ്പോട്ടു വെച്ചു. “സർക്കാരുകളെ സമര ഉപകരണങ്ങൾ എന്ന നിലയിൽ മാത്രം കാണുന്നതിൽ കൂടുതൽ പ്രസക്തിയില്ല. ബദൽ നയങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതോടൊപ്പം ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ച് ഭരിക്കാനും കഴിയേണ്ട താണ്. അഖിലേന്ത്യാതലത്തിൽ വ്യവസ്ഥിതി മാറുന്നതുവരെ അനിശ്ചിതമായി കാത്തിരിക്കാൻ ഇടതുപക്ഷത്തിനു സ്വാധീനമുള്ള മൂന്നു സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആവശ്യപ്പെടാൻ കഴിയില്ല. എങ്ങനെയാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നതും ബൂർഷ്വാ പാർട്ടികളിൽനിന്നും എങ്ങനെ പാർട്ടിക്ക് പങ്കാളിത്തമുള്ള സർക്കാർ വ്യത്യസ്തമായിരിക്കുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്”.
1991 ലെ പുതിയ സാമ്പത്തിക നയം രാജ്യത്ത്‌മറ്റൊരു ഘട്ടത്തിനു തുടക്കം കുറിച്ചു.ലൈസൻസ് രാജിന്റെ അവസാനം സംസ്ഥാനങ്ങൾക്ക് പുതിയ സാധ്യതകൾ നൽകി.എന്നാൽ, ഉദാരവൽക്കരണനയം സൃഷ്ടിച്ച പുതിയ പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ സർക്കാരുകൾ നിർബന്ധിതമായി. ഇത് പശ്ചിമബംഗാളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും പുതിയ സമീപനങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമാവുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിലും വായ്പകളുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നങ്ങളും ഉയർന്നുവന്നു. അതിന്റെ അടിസ്ഥാനത്തിൽ 1994 കേന്ദ്രകമ്മിറ്റി രേഖ പുതിയ സമീപനം മുന്നോട്ടുവെച്ചു. “തുടർച്ചയായി തെരഞ്ഞെടുപ്പു് വിജയങ്ങളിലൂടെ അധികാരത്തിലിരിക്കുന്ന സർക്കാരിന് സാമ്പത്തികവും വ്യവസായികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടിവരും. ബദൽ നയങ്ങൾ മുൻനിർത്തി ജനങ്ങളെ അണിനിരത്തുന്നതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള നടപടികളെടുക്കാൻ സർക്കാരിനുത്തരവാദിത്തമുണ്ട്. മുതലാളിത്ത വ്യവസ്ഥയ്ക്കകത്തെ മറ്റു സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങളുമായി ഇടതു സർക്കാരുകളുടെ പ്രവർത്തനം താരതമ്യം ചെയ്യപ്പെടും. വികസന ആവശ്യങ്ങളെ അവഗണിക്കാൻ ഇടതുപക്ഷ സർക്കാരുകൾക്ക് കഴിയില്ല. വ്യവസായ വികസനത്തിന്റെ കാര്യത്തിൽ തൊഴിലാളി വർഗ്ഗത്തിന്റേയും ദരിദ്രജനങ്ങളുടേയും താൽപര്യത്തിനു മുൻഗണന കൊടുക്കണം. അതുവഴി ബൂർഷ്വാ പാർട്ടികൾ നയിക്കുന്ന സർക്കാരുകളിൽനിന്നും പാർട്ടി നയിക്കുന്ന സർക്കാരുകൾ വ്യത്യസ്തത പ്രകടിപ്പിക്കണം.’ (പുതിയ സാമ്പത്തിക നയ പശ്‌ചാത്തലത്തിൽ ബംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ പങ്ക്, 1994 ലെ കേന്ദ്രകമ്മിറ്റി രേഖ.)
എന്നാൽ, ഈ സാഹചര്യത്തിലും മുൻ രേഖകളിൽ പാർട്ടി സ്വീകരിച്ചിരുന്ന അടിസ്ഥാന കാഴ്ചപ്പാട്‌മറ്റൊരുരീതിയിൽ പ്രമേയം ആവർത്തിക്കുന്നുണ്ട്. ‘വിദേശ മൂലധനത്തിന്റേയും വൻകിട ബിസിനസുകാരുടേയും സമ്മർദ്ദത്തിനു വഴങ്ങി അവരുടെ നിബന്ധനകൾ നടപ്പിലാക്കാതിരിക്കാൻ സിപിഐ (എം) നേതൃത്വത്തിലുള്ള സർക്കാരുകൾ ശ്രദ്ധിക്കണം. അതൊരിക്കലും പ്രാദേശിക സാങ്കേതിക വിദ്യക്കെതിരാകരുത്. അനാവശ്യ മേഖലകളിലേക്ക് മൂലധനത്തെ നയിക്കരുത്. വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി വേണ്ട ശ്രമം നടത്തുകയും അതിനു വേണ്ടി നയങ്ങളും ചട്ടങ്ങളും രൂപീകരിക്കുമ്പോൾ തന്നെ അത്തരത്തിലുള്ള വ്യവസായവൽക്കരണവും സ്വകാര്യമേഖലയുടെ വികസനവും അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഹരിക്കുകയില്ലെന്നും ചൂഷണം തുടരുകയും വർധിക്കുകയുമാണ് കേന്ദ്രത്തിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അത്യന്തിക ഫലമെന്നും ജനങ്ങളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം’(ibid).
ഇന്നത്തെ സാമൂഹ്യവ്യവസ്ഥക്ക് അകത്തുനിന്ന് ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തു പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്ന സങ്കീർണമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാരുകൾക്ക്‌നേതൃത്വം നൽകുമ്പോൾ പാർട്ടി ശ്രമിക്കുന്നത്. അതോടൊപ്പം അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഈ ഭരണം കൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ നിരന്തരം പഠിപ്പിക്കുകയും വേണം.
ഭരണവും സമരവും
ഈ കാഴ്ചപ്പാടാണ് ഭരണവും സമരവുമെന്നതിൽ പ്രതിഫലിക്കുന്നത്. 1967 - 70 കാലത്തെ ഐക്യമുന്നണി സർക്കാരുകളുടെ പ്രധാന തർക്കപ്രശ്നവുമായി ഇത് ഉയർന്നു വന്നു. പശ്ചിമ ബംഗാളിൽ സിപിഐ (എം) ബംഗ്ലാ കോൺഗ്രസും തമ്മിലും പിന്നീട് പാർട്ടിയും സിപിഐയും ഫോർവേഡ് ബ്ലോക്കും തമ്മിലും ഉയർന്ന തർക്കങ്ങളും കേരളത്തിൽ മുസ്ലിംലീഗിനെ കൂടെ നിർത്തിയ സിപിഐയുമായും പല തർക്കങ്ങളുമുണ്ടായി. കേരളത്തിലെ തർക്കങ്ങളിൽ ഒരു പ്രധാനപ്രശ്നം ഭരണവും സമരവും എന്നതായിരുന്നു. രണ്ടും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് സിപിഐ എതിർത്തു. 1969 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് കോൺഗ്രസുമായി ചേരാമെന്ന സിപിഐ യുടെ നയം കൂടിയായപ്പോൾ രണ്ടാം ഇഎംഎസ് സർക്കാരിനു ഭൂരിപക്ഷം നഷ്ടമായി.
ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാമോ എന്ന ചോദ്യം അന്നത്തേതുപോലെ ഇന്നും പ്രസക്തമാണ്. രാജ്യത്തിന്റെ നിയമസംവിധാനത്തിനകത്തുനിന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരുകളും പ്രവർത്തിക്കുന്നത്. അത്തരം സർക്കാരുകൾക്ക് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നു മാത്രമല്ല പലപ്പോഴും പാർട്ടി നയത്തിനു വിരുദ്ധമായ കാര്യങ്ങൾ ഭരണസംവിധാനത്തിനകത്തുനിന്നും നിർവഹിക്കാൻ നിർബന്ധിതമാവുകയും ചെയ്യും. അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഭരണഘടനാപരമായി സർക്കാരിനു ഉത്തരവാദിത്തമുള്ളതുപോലെ അതിനെ എതിർക്കുന്നതിനു പാർട്ടിക്കും ഉത്തരവാദിത്തമുണ്ടായിരിക്കണം. ഈ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടാൽ അത് വ്യാമോഹ നിർമ്മിതിയിലേക്ക് സമൂഹത്തെയും പാർട്ടിയെയും എത്തിക്കും. സംസ്ഥാനത്ത് ഭരണം ലഭിച്ചാൽ അതോടെ ജനകീയ ജനാധിപത്യമോ സോഷ്യലിസമോ അല്ല കമ്യൂണിസം തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന അബദ്ധ ചിന്ത പൊതുബോധവും പാർട്ടി ബോധവുമായി വികസിക്കും.
ഇത് നിരന്തരം ജനങ്ങളെ പഠിപ്പിക്കുന്നതിലും വീഴ്ചകളുണ്ടാകരുത്. അങ്ങനെ വന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങളെ പാർട്ടി എതിർക്കുകയോ അതിനെതിരെ സമരം ചെയ്യുകയോ ഉണ്ടായാൽ പാർട്ടിയും സർക്കാരും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് ജനങ്ങൾ ചിന്തിക്കും. അത്തരം ചിന്തയ്ക്ക് സഹായകരമാകുന്ന രീതിയിൽ മാധ്യമങ്ങൾ തുടർച്ചയായി വാർത്തകൾ നൽകുകയും ചെയ്യും. യഥാർഥത്തിൽ സർക്കാർ ചെയ്യുന്നതും പാർട്ടി ചെയ്യുന്നതും ഒരേ കാഴ്ചപ്പാടിന്റെ പ്രയോഗമാണെന്ന് പഠിപ്പിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മാർക്സിയൻ കാഴ്ചപ്പാടിൽ പോലീസ് ഭരണകൂടത്തിന്റെ മർദ്ദന ഉപകരണമാണ്. സംസ്ഥാനത്ത് സിപിഐഎം നയിക്കുന്ന സർക്കാർ അധികാരത്തിൽവരുന്ന തോടെ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തിൽ മാറ്റം വരുന്നില്ല. എന്നാൽ, പരിമിതികൾക്കകത്തുനിന്നുകൊണ്ട് എങ്ങനെ പോലീസിനെ ജനകീയമാക്കാൻ കഴിയുമെന്നാണ് 1957 ലെ സർക്കാരിന്റെ കാലം മുതൽ ശ്രമിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ ഈ ദൗത്യം നിർവഹിക്കുമ്പോൾ പാർട്ടിയെയും അതുവഴി ജനങ്ങളെയും ഈ പരിമിതി ബോധ്യപ്പെടുത്താൻ കഴിയേണ്ടതാണ്.
കാലോചിതമാക്കിയ പാർട്ടി പരിപാടിയുടെ പുതിയ കാഴ്ചപ്പാട്
1964 ൽനിന്നും രണ്ടായിരത്തിലേക്ക് എത്തുമ്പോഴക്കും സാർവ്വദേശീയ, ദേശീയ രംഗങ്ങളിലുണ്ടായ ആഴത്തിലുള്ള മാറ്റങ്ങൾ പാർട്ടി പരിപാടി കാലോചിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഘടകങ്ങളാണ്. അതോടൊപ്പം അഞ്ചു പതിറ്റാണ്ടോളം നീണ്ടുനിന്ന പാർലമെന്ററി രംഗത്തെ ഇടപെടലിന്റെ അനുഭവങ്ങളും ഈ പ്രക്രിയയെ സ്വാധിനീച്ചിരുന്നു. 1964 ൽ പാർട്ടി പരിപാടി രൂപീകരിക്കുന്ന ഘട്ടത്തിൽ വലതുപക്ഷ അവസരവാദത്തിനെതിരായ സമരത്തിലാണ് കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇടതു തീവ്രവാദ നിലപാടുകളോട് അന്ന് അതേ രീതിയിൽ ഏറ്റുമുട്ടിയിരുന്നില്ല. 1967 ലെ ആശയ സമരത്തിൽ ഇതു ശക്തമായി. അതിനെ തുടർന്ന് ഒരു വിഭാഗം പുറത്തുപോയി. അന്ന് വ്യക്തത വരുത്താതിരുന്ന ചില പ്രശ്നങ്ങളിൽ പിന്നീട് പല ഘട്ടങ്ങളിലും ചർച്ചകൾ നടന്നിരുന്നു. പക്ഷേ, പരിപാടിയിൽ അതിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ഈ പ്രശ്നങ്ങളും കാലോചിതമാക്കിയ പരിപാടിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഇടക്കാല മുദ്രവാക്യങ്ങളെ സംബന്ധിച്ച ഭാഗത്ത്64 ലെ പരിപാടിയിലെ മൗലികമായ കാഴ്ചപ്പാട് പിന്തുടരുന്നുണ്ട്. എന്നാൽ, അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തുന്നുണ്ട്. അത് ജലന്ധർ കോൺഗ്രസ് അംഗീകരിച്ച, നേരത്തെ പ്രതിപാദിച്ച, രാഷ്ട്രീയ പ്രമേയത്തിൽ കണ്ട മാറ്റത്തിന്റെ തുടർച്ചയാണ്. “ഇന്നത്തെ ഭരണാധികാരി വർഗ്ഗങ്ങളെ മാറ്റി തൽസ്ഥാനത്ത്‌തൊഴിലാളി കർഷക സഖ്യത്തിൻമേൽ പടുത്തുയർത്തിയ ഒരു ജനാധിപത്യ ഭരണകൂടവും ഗവൺമെന്റും സ്ഥാപിക്കുകയെന്ന കടമ ജനങ്ങളുടെ മുമ്പാകെ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ആശ്വാസം നൽകുകയും നിലവിലുള്ള പരിമിതികൾക്കകത്തുനിന്നുകൊണ്ട് ബദൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന പരിപാടി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവൺമെന്റുകൾ നിലവിൽ വരുത്താൻ കിട്ടുന്ന എല്ലാ സന്ദർഭങ്ങളും പാർട്ടി ഉപയോഗപ്പെടുത്തും.” ( ഖണ്ഡിക 7.17 ,പാർട്ടി പരിപാടി). 1964 ലെ പരിപാടിയിലെ 112-ാം ഖണ്ഡികയിൽ നിന്നും വലിയ മാറ്റങ്ങൾ ഒറ്റ നോട്ടത്തിലില്ലെങ്കിലും സർക്കാരുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഒരു മാറ്റം കാണാം. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന മിതയായ പരിപാടി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവൺമെന്റുകളെ കുറിച്ചാണ് പരാമർശിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനോടൊപ്പം നിലവിലുള്ള പരിമിതിക്കകത്തനിന്നും ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കാലോചിതമാക്കിയ പരിപാടി വ്യക്തമാക്കുന്നു.
യഥാർഥത്തിൽ പാർട്ടി പരിപാടി സർക്കാരുകൾ രൂപീകരിക്കുന്നതു സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിനു മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരുകൾ പരിമിതികൾക്കകത്തുനിന്നുള്ള ബദൽ പ്രയോഗങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 57 ലെ സർക്കാർ നടപ്പിലാക്കിയ കുടിയൊഴിപ്പൽ നിരോധനവും ഭൂപരിഷ്കരണ നിയമവും താൽക്കാലിക ആശ്വാസത്തിന്റെ നടപടികളായിരുന്നില്ല. രാജ്യത്തിനു മുമ്പേ നടന്ന് ബംഗാൾ പഞ്ചായത്ത് രാജ് നടപ്പിലാക്കിയതും കേരളത്തിലെ ജനകീയാസൂത്രണവും യഥാർഥത്തിൽ ബദൽ നയങ്ങളുടെ പ്രയോഗം തന്നെയായിരുന്നു. ജനങ്ങളിൽ വർധിച്ചുവരുന്ന പ്രതീക്ഷകളും നിലവിലുള്ള വ്യവസ്ഥ സൃഷ്ടിക്കുന്ന പരിമിതികളും തമ്മിലുള്ള വൈരുദ്ധ്യത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ദിശാബോധം നൽകുകയാണ് കാലോചിതമാക്കിയ പരിപാടി ചെയ്യുന്നത്.
മറ്റൊരു പ്രധാന മാറ്റം ഈ ഇടക്കാല മുദ്രാവാക്യത്തിന്റെ പ്രയോഗം സംസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നില്ല. 64 ലെ പരിപാടിയിൽ അത്തരം ഗവൺമെന്റുകൾ രൂപീകരിക്കാനുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തണമെന്നാണ് പറയുന്നതെങ്കിൽ കാലോചിതമാക്കിയ പരിപാടിയിൽ സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ സർക്കാരുകൾ രൂപീകരിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന് വ്യക്തതയോടെ സൂചിപ്പിക്കുന്നു. എന്നാൽ, അത്തരം പ്രയോഗങ്ങൾ വ്യാമോഹത്തിലേക്ക് നയിക്കാതിരിക്കുന്നതിനുള്ള ജാഗ്രതയും 7.13 ൽ കാണാൻ കഴിയും. അത് 64 ലെ പരിപാടിക്ക് സമാനമാണ്. എന്നാൽ, ബദൽ നയങ്ങൾ കൂടി നടപ്പിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സർക്കാരിനു കഴിയുമെന്ന ചിന്ത സമൂഹത്തിൽ ശക്തമാകാനിടയുണ്ട്. അതുകൂടി കണ്ട് നിരന്തരമായ പ്രചാര വേല പ്രധാനമാണ്.
ഈ പൊതുധാരണയിൽനിന്നുകൊണ്ട് സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങളെ പല ഘട്ടങ്ങളിലും പാർട്ടി വിലയിരുത്തിയിട്ടുണ്ട്. 18-ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ ഭാഗമായി ‘ചില നയപ്രശ്നങ്ങളെ പ്പറ്റി’ എന്ന രേഖ അംഗീകരിച്ചിരുന്നു. വിദേശത്തുനിന്നും ബഹുരാഷ്ട്ര ഏജൻസികളിൽ നിന്നും വായ്പകളും ഗ്രാന്റുകളും സ്വീകരിക്കൽ, പൊതുമേഖല, വിദേശ പ്രത്യക്ഷ നിക്ഷേപം ഇവ സംബന്ധിച്ച നിലപാടുകൾക്ക് ഈ രേഖ വ്യക്തത നൽകി. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്നും വായ്പകൾ സ്വീകരിക്കരുതെന്ന അന്ധമായ നിലപാടല്ല പാർട്ടി സ്വീകരിച്ചത്. എന്നാൽ, ഏതുവിധേനെയും വായ്പ സ്വീകരിക്കുകയെന്ന കാഴ്ചപ്പാടും പിന്തുടർന്നില്ല. “അന്തർദേശീയ ഏജൻസികളിൽനിന്നും വായ്പ എടുക്കുന്നതിന് പാർട്ടി അനുമതി നൽകുമ്പോൾ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും വായ്പ എടുക്കുന്നതിനുള്ള ന്യായീക രണമെന്തെന്ന്‌ബോധ്യപ്പെടുത്തുകയും വേണം.”
തുടർന്ന് കോയമ്പത്തൂരിൽ നടന്ന 19-ാം കോൺഗ്രസ് ഇടതുപക്ഷ സർക്കാരുകളെപ്പറ്റി, ‘അനുഭവവും വർത്തമാനകാല ചുമതലകളും’ എന്ന രേഖ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ ഭാഗമായി അംഗീകരിച്ചു. അതുവരെയുള്ള അനുഭവങ്ങളും വ്യത്യസ്ത കാലങ്ങളിൽ പാർട്ടി അംഗീകരിച്ച രേഖകളിലെ കാഴ്ചപ്പാടുകളും വിശദീകരിച്ച ഈ രേഖ പുതിയ കാലത്തെ മൂർത്തമായി വിശകലനം ചെയ്ത് ഇപ്രകാരം വ്യക്തമാക്കി: “ബംഗാളിലേയും കേരളത്തിലേയും ത്രിപുരയിലേയും ഇടതുപക്ഷ സർക്കാരുകൾ പാർട്ടിയുടെ വളർച്ചയ്ക്ക് പ്രധാന സംഭാവന നൽകി. ദേശീയതലത്തിൽ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇത് സഹായകരമായി. എന്നാൽ, ഉദാരവൽക്കരണത്തിനുശേഷം ഈ സർക്കാരുകളുടെ പ്രവർത്തനം ദുഷ്കരമായിരിക്കുന്നു. ദേശീയതലത്തിൽ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ജനപക്ഷ നയങ്ങളും ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന് പാർട്ടി പരിപാടികൾ ആവിഷ്കരിക്കേണ്ടിവരും. ഇടതുപക്ഷ സർക്കാരുകളെ പ്രതിരോധിക്കുകയെന്നത് ഇടതു ജനാധിപത്യശക്തികളുടെ ദേശീയഅജണ്ടയാണ്.”
ഈ കാഴ്ചപ്പാടിലാണ് പിന്നീട് പാർട്ടി നയിക്കുന്ന സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഈ സർക്കാരുകൾ നടപ്പിലാക്കുന്ന ബദൽ നയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനോടൊപ്പം ജനപക്ഷത്തിൽനിന്നും അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം വർധിക്കുകയാണ്‌ചെയ്യുന്നത്. ഭരണവും സമരവും എന്ന കാഴ്ചപ്പാടിന് കുറേക്കൂടി ശക്തി വർധിക്കുന്നു. എന്നാൽ, മാധ്യമ സ്വാധീനം ശക്തമായ സമൂഹത്തിൽ ഇത്തരം പ്രയോഗങ്ങൾ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കുമെന്നതിനാൽ പാർട്ടിയേയും സമൂഹത്തേയും നിരന്തരം പഠിപ്പിക്കുന്നതിനു പുതിയ കാലത്തിനു ചേരുന്ന പ്രചാരണ രീതികൾ സ്വീകരിക്കുകയും വേണം.
പാർലമെന്ററി സംവിധാനത്തിന്റെ പരിമിതിയും സാധ്യതയും
പാർലമെന്ററി സംവിധാനത്തെ സംബന്ധിച്ച് 1964 ലെ പരിപാടിയുടെ 71 -ാമത്തെ ഖണ്ഡിക ഇങ്ങനെയാണ് വിലയിരുത്തിയത്. “ജനാധിപത്യത്തിനും ജനതാൽപര്യങ്ങൾക്കും വേണ്ടിയുള്ള സമരത്തിൽ സാർവ്വത്രിക വോട്ടവകാശവും പാർലമെന്റും നിയമസഭകളും ജനങ്ങൾക്ക് ഉപകരണങ്ങളായി പ്രയോജനപ്പെടുന്നതാണ്. ബൂർഷ്വാസിയുടേത് ഒരു തരം വർഗ്ഗ മേധാവിത്വമാണെങ്കിലും ജനപുരോഗതിക്കുള്ള സാധ്യതകളെ ഇന്ത്യയിലെ പാർലമെന്ററി സംവിധാനം ഉൾക്കൊള്ളുന്നുണ്ട്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചെടുക്കാനും സ്റ്റേറ്റിന്റെ കാര്യങ്ങളിൽ ഒരതിർത്തിവരെ ഇടപെടാനും സമാധാനത്തിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരം മുന്നോട്ടു നീക്കാനുമുള്ള പ്രേരണ അവരിൽ ചെലുത്താനും ഭരണഘടന ജനങ്ങൾക്ക് അവകാശം നൽകുന്നുണ്ട്” (1964 ലെ പാർട്ടി പരിപാടി, ഖണ്ഡിക 71).
കാലോചിതമാക്കിയ പാർട്ടി പരിപാടി ഇതേ കാഴ്ചപ്പാട് ആവർത്തിക്കുന്നുണ്ട്. അതോടൊപ്പം അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും അവരുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽനിന്നും അല്ല പാർലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേർക്കുള്ള ഭീഷണി ഉയർന്നുവരുന്നതെന്ന കാര്യം ഓർമ്മിപ്പിക്കുന്നു. “പാർലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷക വർഗ്ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നതിന് ജനങ്ങൾ പാർലമെന്ററി സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുകയും തദ്വാര വൻകിട ബൂർഷ്വാസിയുടേയും ഭൂപ്രഭുക്കളുടേയും സ്വാധീനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പാർലമെന്ററി ജനാധിപത്യത്തെ കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കാൻ ചൂഷകവർഗ്ഗങ്ങൾ ഒട്ടും മടിക്കുകയില്ല.” (പാർട്ടി പരിപാടി, ഖണ്ഡിക 5.28] തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട അനുഭവങ്ങൾ പാർട്ടി പരിപാടി വിശദീകരിക്കുന്നു. ഉദാരവൽക്കരണകാലത്ത് പാർലമെന്ററി സംവിധാനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും ഗൗരവമായതാണ്. പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക്‌മാറണമെന്ന ബിജെപിയുടെ ആവശ്യവും പാർലമെന്റിനെ തന്നെ നോക്കുകുത്തിയാക്കുന്നതും കണ്ടുകൊണ്ട് കൂടിയാണ് പാർട്ടി പരിപാടി ഇന്നത്തെ കടമയെ പുനർനിർവചിക്കുന്നത്. “പ്രസിഡൻഷ്യൽ രൂപത്തിലുള്ള ഗവൺമെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ പാർലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവൽക്കരണത്തെയും ആഗോളമൂലധനത്തിന്റെ വർധമാനമായ സമ്മർദ്ദത്തെയും തുടർന്ന് ഇത് കൂടുതൽ ശക്തമായിട്ടുണ്ട്. അതിനാൽ ജനങ്ങളുടെ താൽപര്യാർഥം അത്തരം ഭീഷണികളിൽനിന്നും പാർലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളേയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാർലമെന്റേതര പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.”
ഉപസംഹാരം
പാർലമെന്ററി സംവിധാനത്തെ സമരരൂപമായി ഉപയോഗിക്കുന്നതു സംബന്ധിച്ച കാഴ്ചപ്പാട്‌മാർക്സിസം തുടക്കം മുതൽ സ്വീകരിച്ചിരുന്നു. അതാതുകാലത്തേയും രാജ്യങ്ങളിലേയും വസ്തുനിഷ്ഠ സാഹചര്യങ്ങളാണ് ഇതിന്റെ പ്രയോഗരൂപങ്ങളെയും സാധ്യതകളെയും നിർണയിക്കുന്നത്. എന്നാൽ, മൂന്നാം ഇന്റർനാഷണൽതന്നെ ഇതു സംബന്ധിച്ച കാഴ്ചപ്പാട് ആധികാരികമായി രൂപീകരിച്ചിരുന്നു. പാർലമെന്റിലേക്ക്‌മത്സരിക്കുന്നതു സംബന്ധിച്ച്‌മാത്രമല്ല അതിന്റെ ഭാഗമായി പ്രവിശ്യകളിൽ സർക്കാരുകൾ രൂപീകരിക്കുന്നതിന് അവസരം ലഭിച്ചാൽ അത് ഉപയോഗിക്കണമെന്നു മാത്രമല്ല അതിന്റെ കാഴ്ചപ്പാടും ഇന്റർനാഷണൽ ആവിഷ്കരിച്ചിരുന്നു. അതിന്റെ ആദ്യ പ്രയോഗം കേരളത്തിൽ നടക്കുമ്പോൾ ഇന്ത്യയിലെ കമൂണിണിസ്റ്റ് പാർട്ടിക്ക് പരിപാടിയുടെ പിൻബലമില്ലായിരുന്നു. എന്നാൽ, പ്രയോഗത്തിൽ ഇന്റർനാഷണലിന്റെ കാഴ്ചപ്പാട് പ്രതിഫലിച്ചിരുന്നു. പിന്നീട് 1964 ൽ പാർട്ടി പരിപാടി അംഗീകരിക്കുമ്പോൾ ഈ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കാഴ്ചപ്പാട് രൂപീകരിച്ചു. സമരരൂപവും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പരിപാടികൾ നടപ്പിലാക്കുകയും ചെയ്യുന്ന സംവിധാനമെന്ന രണ്ടാം ഇന്റർനാഷണലിന്റെ കാഴ്ചപ്പാടു തന്നെയാണ് ഇതിന്റെയും അടിസ്ഥാനമെന്നു കാണാൻ കഴിയും.
സാർവ്വദേശീയവും ദേശീയവുമായ മാറ്റങ്ങളെ വിലയിരുത്തി പാർട്ടി പരിപാടി കാലോചിതമാക്കിയപ്പോൾ പാർട്ടി നയിക്കുന്ന സർക്കാരുകൾ പരിമിതികൾക്കകത്തുനിന്നും ബദൽ പ്രയോഗങ്ങൾക്കു കൂടി രൂപംനൽകുണമെന്നു കണ്ടു. അതോടൊപ്പം പാർട്ടി പരിപാടി ഇന്നത്തെ പരമപ്രധാനമായ കടമകളിലൊന്ന് പാർലമെന്ററി സംവിധാനത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചുവെന്നതാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പാർലമേന്റതര പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുക എന്നതും പരമപ്രധാനമായി പാർട്ടി കാണുന്നു. ഇന്നത്തെ ഇന്ത്യയിൽ ഈ കാഴ്ചപ്പാട് കുറെക്കൂടി പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ഭരണഘടനയേയും പാർലമെന്ററി സംവിധാനത്തേയും ജനാധിപത്യത്തേയും നിലനിർത്തുന്നതിനുള്ള പ്രവർത്തനവും പോരാട്ടവും സവിശേഷ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു.