കമ്യൂണിസ്റ്റ് പാര്‍ട്ടിയും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും
ആര്‍ അരുണ്‍കുമാര്‍
കമ്യൂണിസ്റ്റുകാരുടെ ശക്തിസ്രോതസ്സുകളിലൊന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാര്‍വദേശീയതയാണ്. വിവിധ രാജ്യങ്ങളിലും സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണവും ഫലപ്രദമായ പരസ്പര സഹായവുമാണ് സാര്‍വദേശീയതയുടെ അടിസ്ഥാനം. ഈ സഹകരണം സ്വമേധയായുള്ളതും തുല്യതയില്‍ അധിഷ്ഠിതവുമാണ്. അതത് രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദേശീയവും സാര്‍വദേശീയവുമായ താല്പര്യങ്ങളെയും കടമകളെയും കൂട്ടിയിണക്കാനാണ് ഓരോ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നത്. ഒരേ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമമാണ് സാര്‍വദേശീയതയുടെ മറ്റൊരു ഘടകം.
1920 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകൃതമായതു മുതല്‍ തന്നെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഈ പാര്‍ട്ടിക്ക് സഹായഹസ്തം നീട്ടിയിരുന്നു. ശൈശവദശയിലുള്ള ഈ പാര്‍ട്ടിക്ക് മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് തത്ത്വശാസ്ത്രം സ്വായത്തമാക്കുന്നതിലാണ് പ്രധാനമായും മൂന്നാം ഇന്റര്‍നാഷണലിന്റെ അഥവാ കോമിന്റേണിന്റെ സഹായം ലഭിച്ചത്. കോമിന്റേണിന്റെ രണ്ടാംകോണ്‍ഗ്രസ്സില്‍ (1920) ലെനിന്‍ അവതരിപ്പിച്ച കൊളോണിയല്‍ തീസിസ് കോളനി രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്ര ദിശാബോധം നല്കി. ചൂഷിതരാജ്യങ്ങളിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് അകമഴിഞ്ഞ സഹായം നല്കുകയെന്നതായിരുന്നു മുതലാളിത്ത കൊളോണിയല്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വദേശീയ കടമ. ഏറ്റവും പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളില്‍ ബൂര്‍ഷ്വാ ജനാധിപത്യ വിമോചന പ്രസ്ഥാനങ്ങളെ സഹായിക്കുന്നതും അവരുടെ കടമയായിരുന്നു. ഇങ്ങനെ കോളനിരാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും ബൂര്‍ഷ്വാസിയുമായി താല്ക്കാലിക സഖ്യമുണ്ടാക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റുകാര്‍ അവരുമായി ലയിക്കാന്‍ പാടില്ല. മറിച്ച് “ഏതൊരു സാഹചര്യത്തിലും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം എത്ര ചെറുതാണെങ്കിലും അതിന്റെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തണം”. കൊളോണിയല്‍ പ്രശ്നത്തെപ്പറ്റിയുള്ള എം.എന്‍. റോയിയുടെ തെറ്റായ ചില വാദങ്ങളെ ലെനിന്‍ ക്ഷമാപൂര്‍വം ഖണ്ഡിച്ചത് ഈ കോണ്‍ഗ്രസിലായിരുന്നു. ലെനിന്‍ മുന്നോട്ടുവച്ച കൊളോണിയല്‍ തീസിസ് കോളനിരാജ്യങ്ങളിലെ ജനതയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാ നങ്ങളെ അഗാധമായി സ്വാധീനിച്ചു.
കൊളോണിയല്‍ തീസിസിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നതിനായി അമേരിക്കയിലെയും കാനഡയിലെയും കമ്യൂ ണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ചില സഖാക്കളെ കോമിന്റേണ്‍ ഇന്ത്യയിലേക്ക് അയച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിലപാടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കാരണം അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. ഹ്രസ്വകാലത്തിനകം തന്നെ അധികാരികള്‍ അവരെയെല്ലാം പിടികൂടി അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആണ് കോമിന്റേണിനു വേണ്ടി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറ്റവുമധികം സഹായങ്ങള്‍ നല്കിയത്.
1928 ല്‍ നടന്ന കോമിന്റേണിന്റെ ആറാം കോണ്‍ഗ്രസ്സ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ സ്വാധീനംചെലുത്തി. രണ്ടാം കോണ്‍ഗ്രസ്സില്‍ ലെനിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം അംഗീകരിച്ച കൊളോണിയല്‍ തീസിസ് ആറാം കോണ്‍ഗ്രസ്സില്‍ ഭേദഗതി ചെയ്തു. കോമിന്റേണിന്റെ അഞ്ചും ആറും കോണ്‍ഗ്രസ്സുകള്‍ക്കിടയിലുള്ള കാലയളവില്‍ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും കോമിന്റേണില്‍ നിന്നു തന്നെയും വലതുപക്ഷ അവസരവാദ ഗ്രൂപ്പുകളെ പുറത്താക്കിക്കഴിഞ്ഞിരുന്നു. ട്രോട്സ്കി യിസത്തിനെതിരായ പോരാട്ടത്തിന് കോമിന്റേണ്‍ പ്രത്യേക പ്രാധാന്യം നല്കി. ഇതിനിടെ ചൈനയില്‍ നടന്ന സംഭവങ്ങളും കൊളോണിയല്‍ തീസിസിനെ സംബന്ധിച്ച് പ്രധാനമായിരുന്നു. ഇതെല്ലാം കോമിന്റേണിന്റെ നിലപാടുകളെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു.
എല്ലാ പെറ്റിബൂര്‍ഷ്വാ ഗ്രൂപ്പുകളിലും പാര്‍ട്ടികളിലും നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാഷ്ട്രീയമായും സംഘടനാപരമായും വ്യത്യസ്തത പുലര്‍ത്തണമെന്ന് തീസിസ് നിര്‍ദ്ദേശിച്ചു. “വിപ്ലവപോരാട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ വിപ്ലവപ്രസ്ഥാനവുമായി താല്ക്കാലികമായ സഹകരണമോ താല്ക്കാലികമായ സഖ്യമോ ഉണ്ടാകാവുന്നതാണ്. എന്നാല്‍ ദേശീയ വിപ്ലവപ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവ പ്രസ്ഥാനം ആയിരിക്കണം. ഭരണത്തിലുള്ളവര്‍ക്കെതിരായ പോരാട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കെടുക്കുന്നവരായിരിക്കണം അവര്‍. കര്‍ഷകരെയും ചൂഷിത ജനസാമാന്യത്തെയും വിപ്ലവകരമായി പഠിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ തടയാത്തവരുമായിരിക്കണം അവര്‍”.
ഇന്ത്യയില്‍ തൊഴിലാളി കര്‍ഷക പാര്‍ട്ടികള്‍ (Workers’ and Peasants’ Parties) രൂപീകരിക്കുന്നതിനെതിരായിരുന്നു തീസിസിലെ നിര്‍ദ്ദേശം. “അത്തരം പാര്‍ട്ടികള്‍ പ്രത്യേക സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ തന്നെ സാധാരണ പെറ്റിബൂര്‍ഷ്വാ പാര്‍ട്ടികളായി മാറപ്പെടും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളെല്ലാം നശിപ്പിക്കുന്നതിനും കര്‍ഷികവിപ്ലവത്തിനും സോവിയറ്റ് റിപ്പബ്ലിക്കിന്റെ രൂപത്തില്‍ തൊഴിലാളി കര്‍ഷക വര്‍ഗ്ഗങ്ങളുടെ സര്‍വാധിപത്യം സ്ഥാപിക്കുന്നതിനും വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയെന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാനപരമായ കടമ. ശക്തമായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചാല്‍ മാത്രമേ ഈ കടമകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയൂ. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും കര്‍ഷകരുടെയും മറ്റെല്ലാ ചൂഷിത ജനവിഭാഗങ്ങളുടെയും നേതൃത്വം ഏറ്റെടുക്കാനും ഫ്യൂഡല്‍ - സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ അവരെ നയിക്കാനും ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും വ്യക്തികളെയും യോജിപ്പിച്ച് സ്വതന്ത്രവും കേന്ദ്രീകൃതവുമായ ഒറ്റ പാര്‍ട്ടി രൂപീകരിക്കുകയെന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ പ്രാഥമിക കടമ”.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വഭാവവും സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷക വിപ്ലവത്തിനുള്ള പങ്കും ഈ തീസിസ് ശരിയായി വിലയിരുത്തി. എന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ ഐക്യമുന്നണിയെന്ന മുന്‍നിലപാടില്‍ നിന്നുള്ള മാറ്റമായിരുന്നു ഇത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ശക്തി അതിശയോക്തിപരമായാണ് തീസിസില്‍ വിലയിരുത്തിയത്. അതിന്റെ ഫലമായി അവര്‍ക്ക് കോളനികളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ നയിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ചെന്നെത്തി. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇവിടെ വ്യവസ്ഥ ‘തകര്‍ച്ചയുടെ പാതയില്‍’ ആയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ നയിക്കാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല. ഈ സാഹചര്യത്തിലും കോമിന്റേണ്‍ കോണ്‍ഗ്രസ്സിലെ ഇന്ത്യന്‍ പ്രതിനിധികള്‍ കൊളോണിയല്‍ തീസിസിനെ അനുകൂലിക്കുകയാണ് ചെയ്തത്. സൗമേന്ദ്രനാഥ് ടാഗോര്‍ മാത്രം വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടിക്ക് അനുകൂലമായി വാദിച്ചു.
കോമിന്റേണിന്റെ നിര്‍ദ്ദേശമനുസരിച്ച് കല്‍ക്കട്ടയില്‍ വച്ച് കമ്യൂണിസ്റ്റ് നേതാക്കള്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു . 1928 ഡിസംബറില്‍ നടന്ന ഓള്‍ ഇന്ത്യ വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടിയുടെ സമ്മേളനത്തെ തുടര്‍ന്നായിരുന്നു ഇത്. കൊളോണിയല്‍ പ്രശ്നത്തെപ്പറ്റിയുള്ള തീസിസ് ഭാവി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കാനും സി.പി.ഐ പ്രവര്‍ത്തനം പരസ്യമായി നടത്താനുള്ള സാധ്യത പരിശോധിക്കാനും അവര്‍ തീരുമാനിച്ചു. വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെപ്പറ്റി തീരുമാനമൊന്നും ഈ യോഗത്തില്‍ എടുത്തില്ല.
“തൊഴിലാളികള്‍ക്കുള്ള സി.പി.ഐ യുടെ മാനിഫെസ്റ്റോ”യില്‍ കോമിന്റേണ്‍ നിര്‍ദ്ദേശത്തിന്റെ പ്രതിഫലനമുണ്ടായി. വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടിക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സജീവമാക്കേണ്ടതിന്റെ ആവശ്യകത ഈ രേഖയില്‍ വ്യക്തമാക്കിയിരുന്നു. വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടി ‘അനിവാര്യമായ ഘട്ടം’ ആണെന്ന് ഈ മാനിഫെസ്റ്റോയില്‍ വിലയിരുത്തി. വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതിനൊപ്പംതന്നെ “ഇപ്പോള്‍” കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കേണ്ടതുണ്ടെന്ന് മാനിഫെസ്റ്റോതൊഴിലാളികളോടും ട്രേഡ് യൂണിയനുകളോടും ആഹ്വാനം ചെയ്തു. “തൊഴിലാളി വര്‍ഗ്ഗത്തിന് വിജയം കൈവരുന്നതിന് ഇത്തരമൊരു മുന്നണിപ്പോരാളി” ആവശ്യമാണ്. കോമിന്റേണിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ മാനിഫെസ്റ്റോ. എന്നാല്‍ ഈ പാതയില്‍ മുന്നോട്ടുപോകാന്‍ കഴിയുന്നതിനു മുമ്പു തന്നെ കൊളോണിയല്‍ ഭരണകൂടം കമ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ ശക്തമായ പ്രഹരമേല്പിച്ചു. 1929 മാര്‍ച്ചിലെ മീററ്റ് ഗൂഢാലോചന കേസിന്റെ രൂപത്തിലായിരുന്നു ഇത്.
1930ല്‍ പാര്‍ട്ടി അംഗീകരിച്ച “പ്ലാറ്റ്ഫോം ഫോര്‍ ആക്ഷന്‍” കോമിന്റേണിന്റെ ആറാം കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. ഈ രേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു – “ജവഹര്‍ലാല്‍ നെഹ്റുവും ബോസും ഉള്‍പ്പെടെയുള്ള നാഷണല്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാര്‍ വിപ്ലവപദാവലികളുടെ മറവില്‍ നടത്തുന്ന പ്രക്ഷോഭങ്ങളാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെ വിജയത്തിനുള്ള ഏറ്റവും അപകടകരമായ തടസ്സം”. ഈ ധാരണയാണ് പിന്നീട് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി മാറിയ 1930 – 32 ലെ സെക്ടേറിയനിസത്തിന് കാരണമായിത്തീര്‍ന്നിത്.
കോമിന്റേണിന്റെ ഔദ്യോഗിക മുഖപത്രമായിരുന്ന ഇംപ്രകോര്‍ 1932 മേയില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ചൈന, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നെഴുതിയ ഈ കത്തിന് കോമിന്റേണിന്റെ പൂര്‍ണ്ണമായ അംഗീകാരവുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ ബൂര്‍ഷ്വാ നേതൃത്വത്തെയും അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന പെറ്റി ബൂര്‍ഷ്വാസിയിലെ തൊഴിലാളി, കര്‍ഷക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിപ്ലവഘടകങ്ങളെയും രണ്ടായി കാണണമെന്ന് ഈ കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന്റെ വഞ്ചകസ്വഭാവം തിരിച്ചറിയാന്‍ കഴിയാത്ത തിനാലാണ് രണ്ടാമത് പറഞ്ഞ വിഭാഗം കോണ്‍ഗ്രസ്സിന്റെ പിന്നില്‍ അണിനിരക്കുന്നത്. കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന എല്ലാ ബഹുജനമുന്നേറ്റങ്ങളിലും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ഈ കത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം അവര്‍ തനതായ ‘കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളുമായി’ മുന്നോട്ട് വരികയും വേണം. കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുന്നത് തടയാന്‍ കഴിയുമെന്ന് ഈ കത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സെക്ടേറിയന്‍ നിലപാടുകള്‍ തിരുത്തുന്നതിന് ഈ തുറന്ന കത്ത് പര്യാപ്തമായില്ല. സ്വാതന്ത്ര്യസമരത്തില്‍ ദേശീയ ബൂര്‍ഷ്വാസിയുടെ പങ്കിനെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാട് മാറ്റുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ബൂര്‍ഷ്വാസിയെ തുറന്നുകാട്ടുകയെന്നതിലായിരുന്നു കമ്യൂണിസ്റ്റുകാരുടെ ഊന്നല്‍. കോമിന്റേണിന്റെ ആറാം കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍ സെക്ടേറിയനിസത്തിന്റെ അംശം ഉള്‍ക്കൊള്ളുന്നതാണെന്ന് സി.പി.എസ്.യുവിന്റെ ഇരുപതാം കോണ്‍ഗ്രസ്സ് (1954) വിലയിരുത്തി.
തീസിസ് അംഗീകരിച്ചതോടെ സി.പി.ഐക്ക് കോമിന്റേണില്‍ ഔദ്യോഗികമായി അംഗത്വം ലഭിച്ചു. സംഘടനാപരമായ പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കാനും അവര്‍ക്കു നേരേയുള്ള വര്‍ഗ്ഗപരമയ ചൂഷണത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും സി.പി.ഐ ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ദേശീയ പ്രക്ഷോഭത്തെ ആഗോള സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനവുമായി കണ്ണിചേര്‍ക്കുന്നതിനും തുടക്കംകുറിച്ചത് സി.പി.ഐ തന്നെയായിരുന്നു. ഇത് ദേശീയ പ്രസ്ഥാനത്തിന് പുതിയൊരു മാനം നല്കി.
1929 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കോമിന്റേണ്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇത് സാമ്രാജ്യത്വശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുമെന്നും തല്‍ഫലമായി മുതലാളിത്ത രാജ്യങ്ങളിലും കോളനികളിലും വിപ്ലവ പ്രവര്‍ത്തനങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്നും കോമിന്റേണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കി. വര്‍ഗ്ഗസമരത്തിന്റെ രൂക്ഷത ഒരു ഭാഗത്ത് ഭരണകൂട അടിച്ചമര്‍ത്തലിലേയ്ക്കും ഫാസിസത്തിലേക്കും നയിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് വിപ്ലവ പോരാട്ടം വിസ്മൃതമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ നടന്ന കോമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസ്സ് കോളനികളിലെയും അര്‍ദ്ധ കോളനികളിലെയും ദേശീയ വിമോചനസമരങ്ങള്‍ക്ക് ഫാസിസ്റ്റ് വിരുദ്ധ, യുദ്ധവിരുദ്ധ പോരാട്ടങ്ങളുമായുള്ള ബന്ധം വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ ഐക്യമുന്നണിയെന്നത് സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായി മാറി. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തെ ദേശീയ ബൂര്‍ഷ്വാസി വഞ്ചിച്ചെന്ന സെക്ടേറിയന്‍ നിലപാട് തള്ളിക്കളഞ്ഞു. ദേശീയ ബൂര്‍ഷ്വാസി നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകാന്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു.
നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ വഹിക്കേണ്ട പങ്കിനെപ്പറ്റി ദിമിത്രേവ് കോണ്‍ഗ്രസ്സിലെ തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു – “ഇന്ത്യയില്‍ നടക്കുന്ന എല്ലാ സാമ്രാജ്യത്വവിരുദ്ധ ബഹുജന പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ പിന്തുണ നല്കുകയും പങ്കെടുക്കുകയും വേണം. പരിഷ്കരണവാദികളായ ദേശീയ നേതൃത്വം നടത്തുന്ന സമരങ്ങളില്‍ നിന്ന് അവര്‍ മാറിനില്ക്കേണ്ടതില്ല. തങ്ങളുടെ രാഷ്ട്രീയവും സംഘടനാപരവുമായ സ്വാതന്ത്ര്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെപ്പോലുള്ള സംഘടനകളില്‍ അവര്‍ സജീവമായി പ്രവര്‍ത്തിക്കണം”.
ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ രജനി പാംദത്തും ബെന്‍ ബ്രാഡ്‌ലിയും മേല്‍പറഞ്ഞ ധാരണയെ കൂടുതല്‍ വികസിപ്പിക്കുകയും 1936 ല്‍ ‘ദത്ത്-ബ്രാഡ് ലി തീസിസ് ’ രൂപപ്പെടുത്തുകയും ചെയ്തു. സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണിക്ക് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. “(i) സാമ്രാജ്യത്വത്തിനെ തിരായ നിരന്തരമായ പ്രക്ഷോഭവും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനവും (ii) ബഹുജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങള്‍”. തെറ്റുകള്‍ തിരുത്തുന്നതിനും ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഈ രേഖ പാര്‍ട്ടിക്ക് സഹായകമായി.
1941 ല്‍ ‘സാമ്രാജ്യത്വത്തിനെതിരായ ജനകീയയുദ്ധം’ എന്ന മുദ്രാവാക്യം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ മുന്നോട്ട് വച്ചു. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുക്കുന്നതിന് സി.പി.ഐ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ തെറ്റുകള്‍ക്ക് വലിയ വില നല്കേണ്ടി വന്നു. 1943 ല്‍ യുദ്ധം നടക്കുന്നതിനിടയില്‍ കോമിന്റേണ്‍ പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രമേയത്തില്‍ പിരിച്ചുവിടലിന്റെ കാരണമായി ഇങ്ങനെ പറഞ്ഞിരുന്നു – “കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഒന്നാം കോണ്‍ഗ്രസ്സ് രൂപപ്പെടുത്തിയ സംഘടനാരൂപം കാലഹരണപ്പെട്ടുകഴിഞ്ഞു. ദേശീയ തൊഴിലാളി പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നതിന് ഈ സംഘടനാരൂപം ഒരു പ്രതിബന്ധമാണ്”. ഇതോടെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏട് അവസാനിച്ചു.
സ്റ്റാലിന്റെ മരണശേഷമാണ് സി.പി.എസ്.യു വിന്റെ ഇരുപതാം കോണ്‍ഗ്രസ്സ് നടന്നത്. സ്റ്റാലിന്റെ കാലത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ സി.പി.എസ്.യു ജനറല്‍ സെക്രട്ടറി ക്രൂഷ്ചേവ് സ്റ്റാലിനും പാര്‍ട്ടിക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടു. പാര്‍ട്ടി റിവഷനിസ്റ്റ് നയം അംഗീകരിച്ചു. ഉരുത്തിരിഞ്ഞുവരുന്ന അന്താരാഷ്ട്ര സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. സോഷ്യലിസ്റ്റ് ചേരിയുടെ ശക്തി പെരുപ്പിച്ച് കാണുന്നതിലേക്കും സാമ്രാജ്യത്വത്തിന്റെ ശക്തി കുറച്ചുകാണുന്നതിലേയ്ക്കുമാണ് ഇത് നയിച്ചത്. ഇത് റിവിഷനിസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. സി.പി.എസ്.യു വിന്റെ ഇരുപതാം കോണ്‍ഗ്രസ്സിന്റെ നിഗമനങ്ങള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വലിയ സ്വാധീനംചെലുത്തി. പിന്നീട് നടന്ന ലോകകമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ അംഗീകരിച്ച രേഖകളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി.
കമ്യൂണിസ്റ്റ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ 1957 ലും 1960 ലും നടക്കുകയുണ്ടായി. 1957 ലെ സമ്മേളനത്തില്‍ 61 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന 12 പാര്‍ട്ടികളുടെ പേരിലാണ് ആ സമ്മേളനത്തിന്റെ ഒടുവില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചത്. 1960 ലെ സമ്മേളനം കൂടുതല്‍ വിപുലമായിരുന്നു. അതില്‍ 81 പാര്‍ട്ടികള്‍ പങ്കെടുത്തെന്നുമാത്രമല്ല, എല്ലാ പാര്‍ട്ടികളുടെയും പേര് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിലവിലുള്ള സാര്‍വദേശീയ സാഹചര്യങ്ങളുടെ വിശകലനം, വൈരുദ്ധ്യങ്ങളുടെ സ്വഭാവം, ചരിത്രപരമായ മാറ്റത്തിന്റെ ഘട്ടം. കമ്യൂണിസ്റ്റ് – വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ പങ്ക് എന്നിവയാണ് ഈ രണ്ട് പ്രസ്താവനകളിലും ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ രണ്ട് സമ്മേളനങ്ങളും എത്തിച്ചേര്‍ന്ന നിഗമന ങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതായിരുന്നില്ല എന്നാണ് പില്കാല സംഭവങ്ങള്‍ തെളിയിച്ചത്.
1960 ല്‍ സിപിഐ മേല്പറഞ്ഞ രണ്ട് രേഖകളും വിലയിരുത്തിക്കൊണ്ട് സ്വയം വിമര്‍ശനപരമായി ഇങ്ങനെ പറഞ്ഞു: “മുതലാളിത്തത്തിന്റെ പ്രതിസന്ധി ലളിതവല്ക്കരിച്ചു കൊണ്ട് ആ വ്യവസ്ഥ ഉടന്‍തന്നെ പൂര്‍ണ്ണമായും തകരും എന്ന നിഗമനത്തിലെത്തുകയാണ് ചെയ്തത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. മുതലാളിത്തത്തിന്റെ തകര്‍ച്ചയുടെ ചരിത്രപരമായ അനിവാര്യത വ്യാഖ്യാനിക്കപ്പെട്ടത് തകര്‍ച്ച ആസന്നമാണെന്ന രൂപത്തിലാണ്. ഇത് ഗുരുതരമായ ഒരു പിഴവായിരുന്നു. ആഗോള തലത്തില്‍ പെട്ടെന്നുതന്നെ സോഷ്യലിസത്തിന്റെ വിജയം ഉണ്ടാകുമെന്ന തെറ്റായ നിഗമനത്തിലേക്കാണ് അത് നയിച്ചത്. 1957 ലെയും 1960 ലെയും രേഖകളിലെ ഈ വിലയിരുത്തല്‍ കാരണം ഉത്പാദനശക്തികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് മുതലാളിത്ത ലോകത്തും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും നടന്നുകൊണ്ടിരുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കാന്‍ കഴിഞ്ഞില്ല”.
സി.പി.എസ്.യു വിന്റെ റിവിഷനിസ്റ്റ് വ്യതിയാനത്തോട് പൊരുതാന്‍ ശ്രമിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) ആദ്യഘട്ടത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് ഇടതുപക്ഷ സാഹസികതയിലേക്ക് വഴുതിവീണു. ഇതോടെ സി.പി.സി സഹോദര പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനും അവരുടെ നയങ്ങളെ സ്വാധീനിക്കാനും ആരംഭിച്ചു. ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും പിളര്‍പ്പുണ്ടാകുന്നതിലേക്കാണ് ഇത് നയിച്ചത്.
സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഈ ഭിന്നത നമ്മുടെ രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ബാധിച്ചു. പാര്‍ട്ടിക്കുള്ളില്‍ റിവിഷനിസവും സാഹസികതയും പ്രബലമായി വന്നു. ഈ രണ്ട് പ്രവണതകള്‍ക്കുമെതിരെ സമരംചെയ്തുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്കൊത്തവണ്ണം മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള പോരാട്ടത്തിലൂടെയാണ് സിപിഐ(എം) പിറവിയെടുത്തത്. സി.പി.എസ്.യു വുമായോ സി.പി.സി യുമായോ ബന്ധപ്പെട്ടിരുന്ന പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആദ്യകാലത്ത് സിപിഐ(എം) നെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അംഗീകരിക്കുകയോ സാഹോദര്യബന്ധം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. ഏറെ വര്‍ഷങ്ങളോളം പാര്‍ട്ടി ഒറ്റപ്പെട്ട നിലയിലായിരുന്നു. പില്കാലത്ത് രാജ്യത്തെ പ്രമുഖമായ കമ്യൂണിസ്റ്റ് ശക്തിയായി ഉയര്‍ന്നുവരികയും ഇന്ത്യന്‍ ജനതയുടെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സിപിഐ (എം)ന് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചത്.
1980 കളില്‍ സി.പി.എസ്.യുവില്‍ മേല്‍ക്കൈ നേടിയ പുതിയ പ്രവണതകള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായിത്തീര്‍ന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവ് പെരിസ് ട്രോയിക്കയും ഗ്ലാസ് നോസ്റ്റും മുന്നോട്ടുവച്ചു. ‘സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ’ പരിഷ്കരിക്കുന്നതിന്റെയും ‘സോഷ്യലിസ്റ്റ് ജനാധിപത്യം’ ശക്തമാക്കുന്നതിന്റെയും പേരില്‍ സോഷ്യലിസ്റ്റ് ഭൂതകാലത്തെ നിഷേധിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. വര്‍ഗ്ഗസമരത്തിന്റെ സിദ്ധാന്തങ്ങളെല്ലാം അവര്‍ തള്ളിക്കളഞ്ഞു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വദേശീയത, ലോകത്താകമാനം നടക്കുന്ന തൊഴിലാളിവര്‍ഗ്ഗ പ്രക്ഷോഭങ്ങളുമായുള്ള സാഹോദര്യം, സാമ്രാജ്യത്വത്തിനും നവകൊളോണിയലിസത്തിനുമെതിരായ സമരം എന്നിവയെല്ലാം നിഷ്‌പ്രയോജനമായ സങ്കല്പങ്ങളായി എഴുതിത്തള്ളി. സി.പി.എസ്.യു വിന്റെ 27, 28 കോണ്‍ഗ്രസ്സുകളില്‍ അവതരിപ്പിച്ച കരട് പരിപാടിയില്‍ സാമ്രാജ്യത്വത്തെ ഒരു ഭീഷണിയായി അംഗീകരിച്ചിരുന്നില്ല. ഇതെല്ലാം ഭരണകൂട അധികാരത്തിനുമേലുള്ള പാര്‍ട്ടിയുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും സ്വാധീനം ക്ഷയിപ്പിക്കുകയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചിയിലേക്ക് നയിക്കുകയും ചെയ്തു. ഈ വ്യതിയാനങ്ങളെല്ലാം സിപിഐ(എം) ന്റെ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഈ സംഭവവികാസങ്ങളെ വിമര്‍ശനവിധേയമാക്കുന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നടന്ന സംഭവവികാസങ്ങള്‍ സോ ഷ്യലിസ്റ്റ് ശക്തികള്‍ക്ക് കനത്ത തിരിച്ചടിയേല്പിച്ചു. ധാരാളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗത്തെ വഞ്ചിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിക്കുകയും പാര്‍ട്ടി തന്നെ പിരിച്ചുവിടുകയും ചെയ്തു. സാമ്രാജ്യത്വത്തിന് രക്തരൂഷിതമായ യുദ്ധങ്ങളിലൂടെ പോലും കൈവരിക്കാന്‍ കഴിയാതിരുന്ന ലക്ഷ്യങ്ങള്‍ ‘സമാധാനപരമായി’ കൈവരിക്കാന്‍ കഴിഞ്ഞു.
പ്രക്ഷുബ്ധമായ ഈ സാഹചര്യങ്ങളില്‍ ചുരുക്കം ചില പാര്‍ട്ടികള്‍ മാത്രമാണ് ഉറച്ചുനില്ക്കുകയും ശാസ്ത്രീയ സോഷ്യലിസത്തോടുള്ള പ്രതിബദ്ധത വ്യക്തമായി പറയുകയും ചെയ്തത്. ഇതില്‍ ഒരു പാര്‍ട്ടി സിപിഐ(എം) ആയിരുന്നു. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പരാജയമല്ല, മറിച്ച് അതത് രാജ്യത്തെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്കൊത്ത് ശാസ്ത്രീയ സോഷ്യലിസത്തി ന്റെ തത്ത്വങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ പരാജയമാണ് തിരിച്ചടിയുടെ കാരണമെന്ന് പ്രമേയത്തില്‍ വിലയിരുത്തി.
മാര്‍ക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളെയും ഒരേവേദിയില്‍ കൊണ്ടുവരാനുള്ള ഒരു ശ്രമം 1993 ല്‍ സിപിഐ(എം) നടത്തി. ഇതിനായി “സമകാലീന ലോകസാഹചര്യങ്ങളും മാര്‍ക്സിസത്തിന്റെ പ്രസക്തിയും” എന്ന വിഷയത്തില്‍ ഒരു അന്താരാഷ്ട്ര സെമിനാര്‍ സിപിഐ (എം) സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുക്കുന്നതിനായി 30 പാര്‍ട്ടികളെ ക്ഷണിച്ചു. സിപിഐ(എം), സിപിഐ എന്നിവ ഉള്‍പ്പെടെ 21 പാര്‍ട്ടികള്‍ സെമിനാറില്‍ പങ്കെടുത്തു. പ്രതിനിധികളെ അയയ്ക്കാന്‍ കഴിയാതിരുന്ന നാല് പാര്‍ട്ടികള്‍ സെമിനാറില്‍ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങള്‍ അയച്ചുതന്നു. അഞ്ച് പാര്‍ട്ടികള്‍ അവരവരുടെ രാജ്യങ്ങളിലെ അടിയന്തിര രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. സെമിനാറിന്റെ വിജയം അതിലെ പങ്കാളികള്‍ക്കെല്ലാം സോഷ്യലിസത്തിനായുള്ള സമരം തുടരുന്നതിനുള്ള ഊര്‍ജ്ജം നല്കി.
1998 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ അന്താരാഷ്ട്ര സമ്മേളനം സ്ഥിരമായി സംഘടിപ്പിച്ചുവരുന്നുണ്ട്. സമകാലീന ലോകസംഭവങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമാ യി 2019 വരെ ഇത്തരത്തില്‍ 21 സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. 87 രാജ്യങ്ങളില്‍ നിന്നുള്ള 111 പാര്‍ട്ടികള്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാതെയുള്ള സാര്‍വദേശീയത എന്നതാണ് ഈ യോഗങ്ങളുടെ അടിസ്ഥാന ആശയം. സമകാലീന സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും സോഷ്യലിസത്തിനായുള്ള പോരാട്ടത്തിന്റെ അനുഭവപാഠങ്ങള്‍ കൈമാറാനുമുള്ള വേദിയായി ഈ സമ്മേളനം മാറിയിട്ടുണ്ട്.
ചരിത്രത്തിലുടനീളം ഒരൊറ്റ അന്തിമലക്ഷ്യം മുന്‍നിര്‍ത്തിയാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എല്ലാത്തരം ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കുക എന്നതാണ് ആ ലക്ഷ്യം. സാര്‍വദേശീയമായ ഐക്യദാര്‍ഢ്യം മേല്പറഞ്ഞലക്ഷ്യം കൈവരിക്കാനുള്ള സുപ്രധാനമായ ആയുധങ്ങളിലൊന്നാണെന്ന് ചരിത്രം തെളിയിക്കുന്നു. ഒരു വിപ്ലവത്തിന്റെ വിജയത്തിന് ഐക്യദാര്‍ഢ്യം അനിവാര്യഘടകമാണ്. പാരീസ് കമ്യൂണിന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നിഗമനമാണിത്.