കമ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും

കെ ഹേമലത

ഇന്ത്യയിലെ സംയുക്ത തൊഴിലാളി പ്രസ്ഥാനം 2020 ജനുവരി 8 നു നടത്തിയ ദേശവ്യാപക പണിമുടക്ക് നമ്മുടെ രാജ്യത്ത് ഔപചാരികമായി നവലിബറൽ സാമ്പത്തിക നയം നടപ്പാക്കിയ ശേഷം നടക്കുന്ന പത്തൊമ്പതാമത്തെ അഖിലേന്ത്യാ പണിമുടക്കാണ്.

പ്രക്ഷോഭത്തിന്റെ വ്യാപ്തിയിലും തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ എണ്ണത്തിലും പണിമുടക്കുന്നവരുടെ എണ്ണത്തിലും ഓരോ പണിമുടക്കിലും വര്‍ദ്ധനവാണ് ഉണ്ടാകുന്ന തെന്ന് കാണാം. ഒരു കേന്ദ്രതൊഴിലാളി സംഘടനയിലും അംഗം അല്ലാത്തവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

കർഷകർക്ക് ന്യായ വില ലഭ്യമാക്കുക, കർഷക തൊഴിലാളികൾക്ക് സമഗ്ര നിയമ നിർമാണം നടത്തുക എന്നിവയായിരുന്നു 1982 ജനുവരി 19 നു നടന്ന ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കിന് ആധാരമായ വിഷയങ്ങൾ.

കേന്ദ്രതൊഴിലാളി സംഘടനകളും സ്വതന്ത്ര വ്യവസായ ഫെഡറേഷനുകളും ഉൾപ്പെട്ട പൊതുവേദി രൂപീകരിക്കുകയും 2009 ൽ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളായ വിലക്കയറ്റം, സാമൂഹ്യ സുരക്ഷ, തൊഴിലില്ലായ്മ എന്നിവ ഉൾപ്പെടുന്ന ഒരു അവകാശ പത്രിക അംഗീകരിക്കുകയും ചെയ്തു. സംയുക്ത തൊഴിലാളി സമരങ്ങളുടെ ആദ്യഘട്ടങ്ങളിൽ സ്വകാര്യവല്കരണം പോലും അവകാശ പത്രികയിൽ ഉൾപ്പെടുത്തുന്നതിൽ ചില കേന്ദ്രതൊഴിലാളി സംഘടനകൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു എന്ന യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ വേണം ഇത്തരം പ്രശ്നങ്ങൾ അവകാശ പത്രികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്. അന്നവർ പറഞ്ഞിരുന്നത് ഇതൊക്കെ രാഷ്ട്രീയ പ്രശ്നങ്ങൾ ആണെന്നും തൊഴിലാളി സംഘടനകളുടെ കാര്യമല്ലെന്നും ആയിരുന്നു. സ്വകാര്യവൽക്കരണവും കാരാറുവൽക്കരണവും മറ്റും സംയുക്ത തൊഴിലാളി സമരങ്ങളുടെ അവകാശ പത്രികയിൽ ഉൾപ്പെടുത്തുവാൻ ക്ഷമയും സമ്മർദ്ദവും വേണ്ടിവന്നു. എല്ലാ തൊഴിലാളികളുടെയും മാത്രമല്ല അധ്വാനിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്താൽ മാത്രമേ പ്രക്ഷോഭങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണ ലഭിക്കൂ എന്ന് സാവധാനം സംയുക്ത തൊഴിലാളി പ്രസ്ഥാനം തിരിച്ചറിഞ്ഞു. തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടുന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ ആവശ്യങ്ങൾ പാടെ അവഗണിച്ചു കൊണ്ട് നവലിബറൽ അജണ്ട ശക്തമായി നടപ്പാക്കുന്ന മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ കാലത്തു ഇത് പ്രത്യേകിച്ചും ആവശ്യമാണ്. സർക്കാരിന് മേൽ സമ്മർദം ശക്തിപ്പെടുത്താൻ കർഷകരും കർഷക തൊഴിലാളികളുംകൂടി ഉൾപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിന്റെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ടെന്നു സംയുക്ത തൊഴിലാളി പ്രസ്ഥാനം മനസിലാക്കുന്നു.

2017 നവംബർ 9 -11 ന് ദില്ലിയിൽ ചേർന്ന സംയുക്ത തൊഴിലാളി സമ്മേളനം, അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ആകെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും ആദ്യമായി സർക്കാരിനെയും പ്രധാനമന്ത്രിയെയും അധികാരത്തിൽ നിന്നും പുറത്താക്കാൻ ആഹ്വാനം നൽകുകയും ചെയ്തു.

2019 ജനുവരി 8 -9 തീയതികളിൽ നടന്ന പൊതുപണിമുടക്കിൽ കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി. 2019 മാർച്ച് 5 ന്റെ സംയുക്ത കൺവെൻഷൻ അംഗീകരിച്ച അവകാശ പത്രികയിൽ 46 കാര്യങ്ങളാണ് ഉണ്ടായിരുന്നത്. അവയിൽ, കർഷകരുടെയും കർഷകതൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പുറമെ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളുടെ സ്വകാര്യവത്കരണം, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾ, വനാവകാശങ്ങൾ എന്നിവയും ഉണ്ടായിരുന്നു. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവും കൺവെൻഷൻ ഉയർത്തി.

2020 ജനുവരി 8 ന്റെ അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം നൽകുന്നതിനു രാജ്യ തലസ്ഥാനത്തു 2019 സെപ്റ്റംബർ 30 നു ചേർന്ന ബഹുജന കൺവെൻഷൻ അവകാശ പത്രിക കൂടുതൽ വിപുലപ്പെടുത്തി. മേൽസൂചിപ്പിച്ച പ്രശ്നങ്ങൾക്ക് പുറമെ മാനുഷികതക്കും ജനാധിപത്യത്തിനും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കൺവെൻഷൻ ശബ്ദം ഉയർത്തി. കൂടാതെ ജമ്മുകാശ്മീർ ജനതയുമായി ആലോചിക്കാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും ഭേദഗതിയിലൂടെ വിവരാവകാശ നിയമത്തെ ദുർബലമാക്കിയതിലും യു എ പി എ കൂടുതൽ നിർദ്ദയമാക്കിയതിലും ലക്ഷക്കണക്കിന് ജനങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുത്താൻ ഇടയാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ കൺവെൻഷൻ പ്രതിഷേധം ഉയർത്തി.

അങ്ങനെ 2020 ജനുവരി 8 ന്റെ രാജ്യവ്യാപക പണിമുടക്കിന് കൂടുതൽ ജന വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചു. കർഷകർ അന്നേ ദിവസം ഗ്രാമീണ ബന്ദ് പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും സംഘടനകൾ പണിമുടക്കിനെ സജീവമായി പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര തൊഴിലാളി സംഘടനകളുടെ സമരത്തിന് പുറമെ ബി എസ് എൻ എൽ, ബാങ്കിങ്ങ്, സ്റ്റീൽ, എണ്ണ, കൽക്കരി തുടങ്ങിയ മേഖലകളിലും യോജിച്ച സമരങ്ങൾ നടന്നു വരുന്നു.

തങ്ങളുടേതായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു സ്‌കീം തൊഴിലാളികളുടെ ഫെഡറേഷനുകൾ എന്ന നിലയിൽ അസംഘടിത മേഖലയിലെ ബീഡി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയവരും നിരവധി സംയുക്ത പ്രക്ഷോഭങ്ങൾ നടത്തി വരുന്നു.

ഇത് കാണിക്കുന്നത് ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനം കൂടുതൽ പക്വത കൈവരിക്കു ന്നു എന്നതാണ്. മാത്രമല്ല വിവിധ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വ്യാപകമായ പിന്തുണ ഇല്ലാതെ സർക്കാരിന്റെ നയങ്ങൾക്കെതിരായ സമരങ്ങൾ വിജയിക്കില്ലെന്ന് ക്രമേണ മനസ്സിലാക്കി വരികയുമാണ്.

രാജ്യത്തെ തൊഴിലാളി പ്രസ്ഥാനം തൊഴിലാളി വർഗ്ഗത്തിന്റെ മാത്രമല്ല, അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യപ്പെടലിലേക്കു വളരെ സാവധാനം നീങ്ങിതുടങ്ങിയിരിക്കുന്നു, ഇപ്പോൾ പക്ഷെ അത് അതിന്റെ പ്രാരംഭ ദശയിൽ മാത്രമാണ്.

തൊഴിലാളി വർഗ്ഗ ഐക്യം സാധ്യമാക്കുന്നതിൽ തൊഴിലാളി പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാർക്ക് വളരെ വലിയ പങ്കാണുള്ളത്. എന്നാൽ ഈ ഐക്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ വർഗ്ഗ ഐക്യമായി മാറ്റുന്നതിൽ ഇനിയും വിജയം കൈവരിക്കാൻ ആയിട്ടില്ല.

തൊഴിലാളി സംഘടനാ ഐക്യം പ്രധാനമായും ദേശീയാടിസ്ഥാനത്തിലാണ് നില നിൽക്കുന്നത്, അപൂർവമായി ചില സംസ്ഥാനങ്ങളിലും. സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇത് ചോർന്നിറങ്ങിയിട്ടില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിപുലമായ ഐക്യത്തോടെ നടത്തുന്ന സംയുക്ത പ്രക്ഷോഭങ്ങൾക്ക് ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണ സ്വഭാവത്തെക്കുറിച്ചോ ആ വ്യവസ്ഥിതിയെ ഇല്ലാതാക്കുന്നതിന്റെ ആവശ്യകത യെക്കുറിച്ചോ ചൂഷണരഹിതമായ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിനുള്ള പങ്കിനെക്കുറിച്ചോ തൊഴിലാളി വിഭാഗങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ചങ്ങാതികൾ ആരാണെന്നും ആരുമായാണ് ബന്ധം ശക്തിപ്പെടുത്തേണ്ടതെന്നും വർഗ്ഗവീക്ഷണത്തോടെ തീക്ഷ് ണമായ സമരങ്ങൾ നടത്തേ ണ്ടത് ഏതു ശത്രുക്കൾക്കെതിരെയാണെന്നും ഇനിയും തൊഴിലാളി വർഗ്ഗം തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതൽ വോട്ടും സീറ്റും നേടി രണ്ടാം തവണ മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരം നേടിയതും പല സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലവും ഈ തിരിച്ചറിയൽ തൊഴിലാളി വർഗ്ഗത്തിനുണ്ടായിട്ടില്ല എന്നതിന്റെ സൂചനയാണ്.

“സമരങ്ങളെക്കുറിച്ച് “ എന്ന ലേഖനത്തിൽ ലെനിൻ പറയുന്നത് ഇങ്ങനെയാണ്. “ഓരോ സമരവും തൊഴിലാളികളിൽ സൃഷ്ടിക്കുന്നത് സർക്കാർ ശത്രുവാണ്‌ എന്നും ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി സർക്കാരിനെതിരെ പൊരുതുവാൻ സ്വയം സജ്ജരാകണം എന്നും ഉള്ള ചിന്തയാണ് “. മുതലാളിത്തത്തിനെതിരെ പൊരുതുവാനും മറ്റു പ്രക്ഷോഭങ്ങൾക്കും ഉള്ള പരിശീലന സ്‌കൂളുകളാണ് യൂണിയനുകൾ എന്ന് വരുമ്പോൾ യൂണിയനുകൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം വർധിക്കുന്നു.

കാൾമാർക്സിന്റെ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ഉണ്ട്. അദ്ദേഹം പറയുന്നത് യൂണിയനുകൾ കമ്യൂണിസത്തിന്റെ പാഠശാലകൾ ആണെന്നാണ്. തൊഴിലാളി സംഘടനകൾ ട്രേഡ് യൂണിയനുകൾ ആയി രൂപപ്പെടുകയും അത് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയായി മാറുകയും ചെയ്യുന്ന പ്രക്രിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിശകലനം ചെയ്യുന്നുണ്ട്.

ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷന്റെ ഹേഗ് സമ്മേളനം അംഗീകരിച്ച ‘ തൊഴിലാളിവർഗ്ഗ പാർട്ടികളുടെ രൂപീകരണം സംബന്ധിച്ച പ്രമേയം ഇങ്ങനെ പറയുന്നു: “സാമൂഹ്യ വിപ്ലവത്തിന്റെ വിജയം ഉറപ്പാക്കുവാൻ തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയപാർട്ടി അനിവാര്യമാണ്. അന്തിമ ലക്ഷ്യമോ-എല്ലാ വര്‍ഗ്ഗങ്ങളെയും ഇല്ലായ്മ ചെയ്യലും. ഭൂമിയുടെ ഉടമകളും മൂലധനത്തിന്റെ ഉടമകളും തങ്ങളുടെ രാഷ്ട്രീയമായ സവിശേഷാധികാരം ഉപയോഗിച്ച് സാമ്പത്തിക കുത്തകാവകാശം സംരക്ഷിക്കുവാനും സ്ഥിരമായി നിലനിർത്തുവാനും അധ്വാനത്തെ അടിമപ്പെടുത്തുവാനും ശ്രമിക്കുന്നു. അതിനാൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്നത് തൊഴിലാളിവർഗ്ഗത്തിന്റെ സുപ്രധാന കടമയാകുന്നു.

അങ്ങനെ, മാർക്സിയൻ വീക്ഷണത്തിൽ, തൊഴിലാളിവർഗ്ഗപാർട്ടിയുടെ, അഥവാ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം സാമൂഹ്യ വിപ്ലവവും വർഗ്ഗങ്ങളുടെ ഉന്മൂലനവും ആണ്.

ലെനിൻ മാർക്സിസത്തെ ശക്തിപ്പെടുത്തുകയും തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ പാർട്ടി എന്ന ആശയം രൂപപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് വർഗ്ഗത്തിന്റെ മുന്നണിപ്പോരാളി ആണ് കമ്യൂണിസ്റ്റ് പാർട്ടി എന്നാണ്. ഏറ്റവും ഉന്നതമായ രാഷ്ട്രീയ സംഘടന. ഈ ധാരണ തൊഴിലാളി വർഗ്ഗത്തിന് പകർന്നു കൊടുക്കേണ്ടതുണ്ട്.

പക്ഷെ തൊഴിലാളി വർഗ്ഗത്തിന് ഈ ധാരണ എങ്ങനെ ഉണ്ടാകും? ഇത് സ്വാഭാവികമെന്നോണം ഉണ്ടാകുന്നതല്ല. തൊഴിലാളി വർഗ്ഗത്തിന്റെ ദൈനംദിന സമരങ്ങൾക്ക് പ്രേരകമായിട്ടുള്ള ട്രേഡ് യൂണിയനുകൾക്ക് ഐക്യത്തിന്റെ ശക്തി ബോധ്യപ്പെടുത്താനാകും. എന്നാൽ മുതലാളിത്തത്തിന്റെ അനിവാര്യവും സഹജവുമായ ചൂഷണ സ്വഭാവത്തെക്കുറിച്ചും അതിന്റെ അന്ത്യം ആവശ്യമാണെന്നല്ല അനിവാര്യതയാണെന്നും ചൂഷണരഹിതമായ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ പങ്കിനെക്കുറിച്ചും മനസ്സിലാക്കുന്ന സോഷ്യലിസ്റ്റ് ബോധം സൃഷ്ടിക്കാനാവില്ല. മാർക്സ് പറഞ്ഞതുപോലെ മുതലാളിത്തത്തിന്റെ രൂപീകരണത്തിന്റെ ഒപ്പം തന്നെ അതിന്റെ ശവക്കുഴിതോണ്ടാനുള്ള തൊഴിലാളി വർഗ്ഗവും പിറന്നിട്ടുണ്ട് . ഈ ധാരണ ട്രേഡ് യൂണിയനുകൾക്കു പുറത്തു നിന്നും കമ്യൂണിസ്റ്റ് പാർട്ടി ആണ് പകർന്നു നൽകേണ്ടത്.

തൊഴിലാളി വർഗ്ഗത്തിന്റെ ശക്തി അതിന്റെ ഐക്യത്തിലാണ്. സമസ്ത വിഭാഗങ്ങളും ഉൾപ്പെടുന്ന രാജ്യവ്യാപകമായ വിശാലമായ ഐക്യം. കമ്യൂണിസ്റ്റ് പാർട്ടി ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും ഐക്യത്തിന് ഊന്നൽ കൊടുക്കുകയും യോജിച്ച സമരങ്ങൾക്ക് ശക്തിപകരുകയും ചെയ്യണം. സജീവവും നേരിട്ടുള്ളതുമായ ഇടപെടലുകളിലൂടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കു തൊഴിലാളി വർഗ്ഗത്തെ ആകര്‍ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയണം. സ്റ്റുട്ട്ഗാർട്ട് സോഷ്യലിസ്റ്റ് സമ്മേളനത്തിൽ വച്ച് ലെനിൻ ട്രേഡ് യൂണിയനുകളും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ കൂടുതൽ ശക്തമായ ബന്ധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തു പറഞ്ഞു.

തൊഴിലാളി വർഗ്ഗത്തിന്റെ ജനകീയ പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി ശരിയായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത ലെനിൻ ഊന്നിപ്പറഞ്ഞു. തൊഴിലാളി വർഗ്ഗത്തിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി വേറിട്ടുനിൽക്കുന്നതിന്റെ അപകടത്തെക്കുറിച്ചും ലെനിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി: "പ്രാരംഭഘട്ടത്തിൽ തന്നെ സാമൂഹ്യ ജനാധിപത്യ പാർട്ടി (കമ്യൂണിസ്റ്റ് പാർട്ടി) ട്രേഡ് യൂണിയനുമായുള്ള ബന്ധത്തെ സംബന്ധിച്ച് ഏറ്റവും കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടാതെ, സാമൂഹ്യജനാധിപത്യ നേതൃത്വത്തിന്റെ സാമൂഹ്യ ജനാധിപത്യ പങ്കാളിത്തം എന്ന രീതിയും ആദ്യം മുതൽ ഉണ്ടാകണം.” കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പോളിറ്റ് ബ്യൂറോ അംഗവും സി ഐ ടി യു വിന്റെ സ്ഥാപകപ്രസിഡന്റുമായ സ. ബി ടി രണദിവെ പറയുന്നത് “ലെനിൻ അർത്ഥമാക്കുന്നത് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി വളർന്നുവരുന്ന ട്രേഡ് യൂണിയനുകളെ ശരിയായ മാർക്സിസ്റ്റ് അവബോധം നൽകി സജ്ജരാക്കുക എന്നാണ്, ആർ എസ് ഡി എൽ പി (1903 ) യുടെ രണ്ടാം കോണ്‍ഗ്രസ്സ് അംഗീകരിച്ച സാമ്പത്തിക സംഘർഷങ്ങളെക്കുറിച്ചുള്ള പ്രമേയം ഇങ്ങനെ പറയുന്നു: “എല്ലായ്പ്പോഴും തൊഴിലാളികളുടെയും അവരുടെ ട്രേഡ് യൂണിയനുകളുടെയും (പ്രത്യേകിച്ചും എല്ലാ റഷ്യൻ യൂണിയനുകളെയും) സാമ്പത്തിക സമരങ്ങളെ എല്ലാ രീതിയിലും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് ഏറ്റവും അത്യാവശ്യമാണെന്ന് ഈ സമ്മേളനം കരുതുന്നു. മാത്രമല്ല, റഷ്യയിലെ ട്രേഡ് യൂണിയനുകൾക്കും പ്രക്ഷോഭങ്ങൾക്കും സാമൂഹ്യ ജനാധിപത്യ സ്വഭാവം ഉണ്ടെന്നു ആദ്യ ഘട്ടത്തിൽ തന്നെ ഉറപ്പു വരുത്തുകയും വേണം”. സ: ബി ടി ആർ എഴുതുന്നു: “അവസാന ഭാഗം ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല. ട്രേഡ് യൂണിയനുകളെ വിപ്ലവ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി കണ്ണിചേർക്കുന്നതിനുള്ള പാർട്ടിയുടെ മാർഗ്ഗനിർദേശം ആണ്.”

തൊഴിലാളി വർഗ്ഗത്തിന്റെ സാമ്പത്തിക സമരങ്ങൾ അവരുടെ വിപ്ലവ പ്രക്ഷോഭങ്ങളുടെ  അവിഭാജ്യ ഭാഗമായാണ് ലെനിൻ പരിഗണിച്ചിരുന്നത്. “എന്തു ചെയ്യണം” എന്ന ഐതിഹാസിക കൃതിയിൽ ലെനിൻ എഴുതുന്നു: “സാമ്പത്തിക സമരത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിലെ ഏറ്റവുമേറെ ചൂഷണം നേരിടുന്ന, ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ തൊഴിൽ വ്യവസ്ഥകൾ ഉടനടി മെച്ചപ്പെടുത്തുവാനുള്ള സമരങ്ങൾ മതി. വിപ്ലവ ഘട്ടത്തിൽ, അവർക്ക് യഥാർത്ഥ വിദ്യാഭ്യാസം നൽകി അവരെ രാഷ്ട്രീയ പോരാളികളുടെ ഒരു സേനയാക്കി മാറ്റുവാൻ ഏതാനും മാസങ്ങളുടെ സമയം മതിയാകും.” പക്ഷേ അതേസമയം അദ്ദേഹം പറയുന്നുണ്ട് ഇത്തരം പെട്ടെന്നുണ്ടാകുന്ന ട്രേഡ് യൂണിയൻ സമരങ്ങൾ നൽകുന്ന അവബോധം, മാർക്സിസം അടിസ്ഥാനമാക്കിയുള്ള പാർട്ടിയുടെ പരിശീലനത്തിലൂടെ പുഷ്ടിപ്പെടുത്തിയില്ലെങ്കിൽ വേതന- അടിമത്തത്തെവെല്ലുവിളിക്കാൻ സഹായിക്കുന്ന ട്രേഡ് യൂണിയൻ ബോധത്തിനപ്പുറത്തേക്കതു പോവില്ല. തൊഴിലാളി പ്രസ്ഥാനത്തിന്റെ സങ്കുചിതമായ തന്ത്രങ്ങളെയോ  യൂണിയൻവൽക്കരണത്തെയോ ബൂർഷ്വാസിയോ അവരുടെ ഭരണകൂടമോ ഭയപ്പെടുന്നില്ല. സ്വേച്ഛയായുള്ള തൊഴിലാളി വർഗ്ഗ പ്രസ്ഥാനം എന്നാൽ അത് ട്രേഡ് യൂണിയനിസം ആണ്. ട്രേഡ് യൂണിയനിസം എന്നാൽ ബൂർഷ്വാസിയുടെ പ്രത്യയശാസ്ത്ര അടിമത്തം എന്നാണ് അർഥം. ട്രേഡ് യൂണിയനുകളെ അതിന്റെ സങ്കുചിത വൃത്തത്തിനുള്ളിൽ ‘തടവിലാക്കി’, ഫലത്തിൽ അരാഷ്ട്രീയവൽക്കരിക്കുന്ന പ്രവണതക്കെതിരെ അദ്ദേഹം പൊരുതിയിരുന്നു.

തൊഴിലാളി വർഗ്ഗത്തിനുള്ളിൽ ആശയപ്രചരണം നടത്തിയും സമരങ്ങൾ സംഘടിപ്പിച്ചും കമ്യൂണിസ്റ്റ് പാർട്ടി അവരിൽ സോഷ്യലിസ്റ്റ് ചിന്താഗതി വളർത്തിക്കൊണ്ടു വരണം എന്നാണ് ലെനിൻ പഠിപ്പിച്ചത്. തൊഴിലാളി വർഗ്ഗ സമരങ്ങളുമായി കമ്യൂണിസ്റ്റ് പാർട്ടി അടുത്ത ബന്ധം പുലർത്തുകയും ഈ സമരങ്ങളിൽ നിന്നും അവർ ഉൾകൊണ്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും സോഷ്യലിസ്റ്റ് ബോധം ഉണ്ടാകുന്നതിനുള്ള ആശയ പ്രചാരണം നടത്തുകയും വേണം. സമരങ്ങളിലൂടെയും ആശ യപ്രചാരണത്തിലൂടെയും മാത്രമേ തൊഴിലാളി വർഗ്ഗത്തെ പരിഷ്കരണആശയങ്ങളുടെ സ്വാധീനത്തിൽ നിന്നും മോചിതരാക്കാൻ സാധിക്കൂ.

ഇന്ന് മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുകയും മുതലാളിത്തം വിശ്വാസയോ ഗ്യമല്ലാതായിത്തീരുകയും ചെയ്തിരിക്കുന്നു. തൊഴിലാളി വർഗ്ഗം ലോകമെമ്പാടും നമ്മുടെ രാജ്യത്തും ഉപജീവനത്തിനും മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥയ്ക്കും അടിസ്ഥാനവകാശങ്ങൾക്കും വേണ്ടി സമര പാതയിലാണ്. ഈ പ്രതിസന്ധിയെ മുതലാളിത്തവ്യവസ്ഥിതിയുമായും ലാഭം രക്ഷിക്കുന്നതിനു വേണ്ടിയുള്ള അവരുടെ ശ്രമത്തിന്റെ മുഴുവൻ ഭാരവും തൊഴിലാളി വർഗ്ഗത്തിനുമേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളുമായും തമ്മിൽ ബന്ധിപ്പിക്കേണ്ട ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാർട്ടികൾക്കാണ്‌. നമ്മുടെ നാട്ടിലും ലോകത്താകെയും സാധാരണക്കാരുടെയും തൊഴിലാളികളുടെയും അസംതൃപ്തി മുതലെടുക്കാൻ ശ്രമിക്കുന്നത് വലതുപക്ഷ ശക്തികളാണ്. അവർ അതിനായി ജനങ്ങളെ വിഭജിക്കുകയും അവരുടെ ഐക്യംതകർക്കുകയും ഉപജീവന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയും പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇടതുപക്ഷത്തെ ദുര്‍ബലമാക്കാൻ മുതലാളിത്ത വർഗ്ഗം വലതുശക്തികളെ പിന്തുണയ്ക്കുന്നു. പ്രതിസന്ധിയിലായ മുതലാളിത്ത വ്യവസ്ഥക്ക് ബദൽ നിർദേശിക്കാൻ ഒന്നും ഇല്ലാത്ത വിഭാഗീയ വലതുപക്ഷവും വൻകിട കുത്തകകളിൽ നിന്നും അവർക്കു ലഭിക്കുന്ന പിന്തുണയും തമ്മിലുള്ള ബന്ധത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് ആശയ പ്രചാരണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രധാന ശക്തി ട്രേഡ് യൂണിയനുകൾ ആണെന്ന് സ്റ്റാലിൻ വിശദീകരിച്ചിട്ടുണ്ട്. 

“പാശ്ചാത്യ രാജ്യങ്ങളിലെ സാമൂഹ്യ ജനാധിപത്യത്തിന്റെ ശക്തി എന്തിലാണ്? അവർക്കു ട്രേഡ് യൂണിയനുകളിൽ പിന്തുണ ഉണ്ടെന്നതാണ് വാസ്തവം.

“പാശ്ചാത്യ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ദൗർബല്യം എന്താണ്? അവർക്കിപ്പോഴും ട്രേഡ് യൂണിയനുകളുമായി ബന്ധം സ്ഥാപിക്കാൻ ആയിട്ടില്ല. മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ചില വിഭാഗങ്ങൾക്ക് അത്തരത്തിൽ ബന്ധപ്പെടുന്നതിനോട് യോജിപ്പും ഇല്ല. 

“അതിനാൽ പാശ്ചാത്യ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇന്ന് നിക്ഷിപ്തമായിരിക്കുന്ന പ്രധാന ചുമതല ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ഐക്യം വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ പ്രചാരണം നടത്തുക എന്നതാണ്. ആ കടമ പൂർത്തീകരിക്കുക. മൂലധനത്തിനെതിരായ പോരാട്ടം നടത്തുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ദൃഢമായ ഐക്യം ശക്തിപ്പെടുത്തുന്നതിനു വേണ്ടി ചിട്ടയായതും ക്ഷമയോടെയും ഉള്ള പ്രവർത്തനങ്ങൾ എല്ലാ കമ്യൂണിസ്റ്റുകാരും നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെ ട്രേഡ് യൂണിയനുകളെ പൂർണമായും വിശ്വസിക്കുവാൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കുന്ന അവസ്ഥ സംജാതമാകണം.

ഇക്കൊല്ലം കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. രാജ്യത്തെ ആദ്യ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ (എ ഐ ടി യു സി ) നൂറാം വാർഷികവും ആഘോഷിക്കുന്നു. ‘ഐക്യവും സമരവും’ എന്ന മുദ്രാവാക്യത്തോടെ രൂപീകൃതമായ, തൊഴിലാളിവർഗ്ഗ ഐക്യത്തിനായി അക്ഷീണം പ്രയത്നിച്ചു വരുന്ന, സി ഐ ടി യു വിന്റെ സുവർണ ജൂബിലി വര്‍ഷം കൂടിയാണിത്.

സമൂഹത്തെ എല്ലാത്തരം ചൂഷണത്തിൽനിന്നും മോചിപ്പിക്കുന്നതിനും തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിലുള്ള പങ്കിനെക്കുറിച്ചും മാർക്സിസം ലെനിനിസത്തിന്റെ മഹാആചാര്യന്മാർ തൊഴിലാളി വർഗ്ഗത്തിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും പഠിപ്പിച്ചു തന്ന പാഠങ്ങൾ ഓർക്കുന്നതിനുമുള്ള ഏറ്റവും ഉചിതമായ സമയമാണിത്.