ശാസ്ത്രബോധവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും
സി പി നാരായണന്‍
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, അതുവഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, രൂപീകരണം നടന്നത് 1920 ഒക്ടോബര്‍ 17 ന് ആയിരുന്നല്ലോ. അതിന്റെ ശതവാര്‍ഷി കാചരണ വേളയിലാണ് മാര്‍ക്സിസ്റ്റ് സംവാദം ഈ പതിപ്പ് പുറത്തിറക്കുന്നത്. അതിലേ ക്ക് ‘ശാസ്ത്രബോധവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും’ എന്ന വിഷയത്തെക്കുറിച്ച് എഴുതാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ അതിന്റെ കാലിക പ്രസക്തിക്കപ്പുറം അങ്ങനെയൊരു വിഷയത്തിന് എന്തു പ്രാധാന്യമാണുള്ളത് എന്ന ചിന്ത ഉണ്ടായി. കേരളത്തില്‍ ഈ ചര്‍ച്ച നടത്തുമ്പോ ള്‍ അതിനു പ്രാദേശിക പ്രസക്തികൂടിയുണ്ട് എന്നു പറയേണ്ടതുണ്ട്.
ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശാസ്ത്രബോധവുമായുള്ള ചരിത്രപരമായ ബന്ധം പരിശോധിക്കാം. മാര്‍ക്സും എംഗല്‍സും കൂടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചതോടെയാണല്ലോ ലോകത്താകെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം. അക്കാലത്ത് അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ദര്‍ശനം എന്ന വിഷയത്തിന്റെ പഠനത്തില്‍നിന്ന് ജനങ്ങളുടെ പൊതുസ്ഥിതി പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് അര്‍ത്ഥശാസ്ത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യം മാര്‍ക്സ് തിരിച്ചറിയുന്നത്. ഏതാണ്ട് അതേകാലത്ത് എംഗല്‍സ് ‘ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി’ എന്ന പുസ്തകം എഴുതിയത് അവരുടെ പഠനങ്ങളെ മറ്റ് പല ദിശകളിലേക്കും വ്യാപിപ്പിക്കാന്‍ ഇടയാക്കി. ചരിത്രത്തെക്കുറിച്ചുള്ള നിഷ്കൃഷ്ടമായ പഠനത്തില്‍ അവര്‍ ഇരുവരുംകൂടി ഏര്‍പ്പെട്ടതിന്റെ ഫലമാണ് ‘ജര്‍മ്മന്‍ ഐഡിയോളജി’. മറ്റ് ദാര്‍ശനികരും രാഷ്ട്രീയ നേതാക്കളും മറ്റുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെത്തന്നെ അവര്‍ ചരിത്രത്തോടും സാമ്പത്തികശാസ്ത്രത്തോടും ഒപ്പം പ്രകൃതി-ജീവശാസ്ത്രങ്ങളിലെ പുതിയ കണ്ടുപിടുത്തങ്ങളിലും അവ പുറത്തുകൊണ്ടുവന്ന പുതിയ അറിവിലും ആകൃഷ്ടരായി. ശാസ്ത്രസംബന്ധിയായ കാര്യങ്ങളില്‍ അവര്‍ - വിശേഷിച്ച് എംഗല്‍സ് – പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇവരുടെ കാലത്താണ് ഭൗതികശാസ്ത്രം പ്രപഞ്ചത്തില്‍ ഊര്‍ജ്ജത്തിന്റെ അളവ് സ്ഥിരമാണെന്നും ദ്രവ്യവും ഊര്‍ജ്ജവും തമ്മില്‍ രൂപമാറ്റം സംഭവിക്കാമെന്നും തെളിയി ച്ചത്. ഭൂമിയില്‍ വിവിധ ജന്തു-സസ്യജാലങ്ങള്‍ പരിണാമത്തിലൂടെ ഉണ്ടാവുകയും ഇല്ലാതാകുകയും ചെയ്യുമെന്നു ഡാര്‍വിന്‍ 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തില്‍ തെളിവുകള്‍ സഹിതം സ്ഥാപിച്ചു. ശാസ്ത്രീയമായ ഇത്തരം കണ്ടുപിടുത്തങ്ങള്‍ വൈരുദ്ധ്യ വാദനിയമങ്ങളുടെ ശരിമ സാധൂകരിച്ചു. മാത്രമല്ല, ഹെഗലിന്റെ വൈരുദ്ധ്യവാദ പ്രസ്താവനകളുടെ അയുക്തികത തുറന്നുകാട്ടാനും വൈരുദ്ധ്യവാദത്തെമൊത്തത്തില്‍ യുക്തിയുക്തമാക്കാനും സഹായിച്ചു. ഇങ്ങനെ വൈരുദ്ധ്യവാദത്തെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാ നത്തില്‍ മറ്റുമേഖലകളിലേക്ക് പ്രയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്സിനും എംഗല്‍സിനും പ്രകൃതിയുടെയും സമൂഹത്തിന്റെയും വൈരുദ്ധ്യാത്മകത സംബന്ധിച്ച പല അനുമാനങ്ങളും പ്രസ്താവിക്കാന്‍ കഴിഞ്ഞത്.
പ്രകൃതിയില്‍ കോടിക്കണക്കിനു വര്‍ഷങ്ങളായി നിരന്തരം നടന്നുവന്ന മാറ്റങ്ങളുടെ ഒരു ഫലമാണ് അജൈവദ്രവ്യത്തില്‍ നിന്ന് ആദ്യം സചേതനവസ്തുക്കളും പിന്നീട് ജീവന്റെ ആദ്യതുടിപ്പായ അമീബ എന്ന ഒറ്റകോശമുള്ള ജീവിയും ഉണ്ടായത് എന്ന അനുമാനം. ഇപ്പോള്‍ അത് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വൈരുദ്ധ്യവാദ പ്രയോഗത്തിലൂടെയാണ് എംഗല്‍സിനു ശാസ്ത്രത്തിന്റെ യുക്തി പ്രയോഗിച്ച് ഈ ശാസ്ത്രസത്യം ദീര്‍ഘ ദര്‍ശനം ചെയ്യാന്‍ കഴിഞ്ഞത്.
അതുപോലെ എംഗല്‍സ് നടത്തിയ ദീര്‍ഘദര്‍ശനമാണ് പരിസ്ഥിതി പ്രശ്നം. മനുഷ്യര്‍ പ്രകൃതിയുടെ മേല്‍ അനിയന്ത്രിതമായ ആക്രമണം തുടര്‍ച്ചയായി നടത്തിയാല്‍ അതിനുപ്രകൃതിയുടെ തിരിച്ചടി അതേ രീതിയില്‍ ഉണ്ടാകുമെന്ന് “വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിണാമത്തില്‍ അധ്വാനം വഹിച്ച പങ്ക് ” എന്ന പ്രബന്ധത്തില്‍ അദ്ദേഹം യുക്തിയുക്തമായി സ്ഥാപിച്ചു. ആ പ്രബന്ധം മൊത്തത്തില്‍ മനുഷ്യനിലേക്കുള്ള പരിണാമത്തിനു് ആള്‍ക്കുരങ്ങന്റെ വിവിധ പ്രവൃത്തികള്‍ എങ്ങനെ ഇടയാക്കി എന്ന് എംഗല്‍സ് വിവരിക്കുന്നുണ്ട്. മനുഷ്യന്റെ കൈ, തലച്ചോറ് ഇവ ഇന്നത്തെ നിലയിലേക്ക് വളരുന്ന തില്‍ അവന്റെതന്നെ ഇടപെടലുകള്‍ ഇടയാക്കിയത് എങ്ങനെ എന്നതിനു് എംഗല്‍സ് നല്കുന്ന വിശദീകരണത്തെ പിന്നീട് ശാസ്ത്രം സാധൂകരിച്ചു. ഓരോ പ്രവൃത്തിക്കും പ്രതിപ്രവൃത്തി ഉണ്ടാകുമെന്ന ശാസ്ത്രനിയമത്തെ പ്രയോഗിക്കുകയാണ് പ്രകൃതി-മനുഷ്യ ബന്ധത്തില്‍ എംഗല്‍സ് ചെയ്തത്. മാനവരാശിയുടെ എണ്ണംവര്‍ദ്ധിക്കുമ്പോള്‍, കൂടുതല്‍ വിവേകത്തോടെ പ്രകൃതിയില്‍ ഇടപെട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നു ഒരുകാലത്ത് ഘോരവനമായിരുന്ന ഏഷ്യാമൈനര്‍ പ്രദേശം പിന്നീട് മരുഭൂമിയായി മാറിയ അനുഭവത്തെ മുന്‍നിര്‍ത്തി എംഗല്‍സ് മുന്നറിയിപ്പ് നല്കി. ഒരിനം ആടുകള്‍ അനിയന്ത്രിതമായി പെറ്റുപെരുകി ആ വനത്തിലെ സകലചെടികളെയും തൈകളെയും പുല്ലുകളെയും വരെ തിന്നൊടുക്കിയതാണ് കാരണം. മനുഷ്യന് മറ്റ് മൃഗങ്ങള്‍ക്കില്ലാത്ത വിശേഷബുദ്ധിയുള്ളതുകൊണ്ട് പ്രകൃതിയുടെ ഈ തിരിച്ചടിയില്‍ നിന്ന് പാഠംപഠിക്കണമെന്ന് എംഗല്‍സ് നിര്‍ദ്ദേശിച്ചു. ലാഭേച്ഛുക്കളായ മുതലാളിത്തവും അതിന്റെ ഏറ്റവും വളര്‍ച്ചയെത്തിയ രൂപമായ സാമ്രാജ്യത്വവും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി നടത്തിവരുന്ന സസ്യ-ജന്തുജാലങ്ങളുടെ നശീകരണവും മലിനീകരണവും അതിനു പ്രകൃതി നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷയും ഇന്ന് ലോകജനതയുടെയാകെ ഉല്‍ക്കണ്ഠയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രകൃതിയെ, സമൂഹത്തെ, അതിന്മേലുള്ള മനുഷ്യന്റെ ഏതു നടപടിയെയും യുക്തിയുക്തമായി – ശാസ്ത്രീയമായി വീക്ഷിക്കുകയും വിശകലനം ചെയ്തു യുക്തമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യല്‍ - കാണുകയും വിലയിരുത്തുകയും പ്രതികരിക്കുകയും വേണമെന്ന പാഠമാണ് മാര്‍ക്സിസം നല്കന്നത്. ഫൊയര്‍ബാഹിനെക്കുറിച്ചുള്ള തീസിസുകളിലൊന്നില്‍ “ദാര്‍ശനികര്‍ ഇതേവരെ വിവിധതരത്തില്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു, അതിനെ പരിവര്‍ത്തനം ചെയ്യുകയാണ് പ്രധാനം” എന്ന മാര്‍ക്സിന്റെ നിരീക്ഷണം ശാസ്ത്രയുക്തിയുടെ മറ്റൊരു നിദര്‍ശനമാണ്.
ഈ സമീപനത്തോടെ കെട്ടിപ്പടുത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഏതു രാജ്യത്തായാലും, പ്രകൃതിയെയും സമൂഹത്തെയും അവ തമ്മിലുള്ള ബന്ധങ്ങളെയും യുക്തിസഹമായി മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നിടത്തോളം, അത്രത്തോളം മാത്രമേ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിലനില്ക്കാനും വളരാനും കഴിയു എന്ന പാഠം മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചരിത്രത്തിന്റെ ഭൗതികവാദപരമായ വിശകലനം നമുക്കു നല്കുന്നുണ്ട്. ആ പാഠത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ ആരായാലും, അവര്‍ക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിയും വരും. പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെക്കുറിച്ചുള്ള ഈ ശാസ്ത്രീയപാഠം അതിന്റെ ഭാഗമായ മാനവരാശിയിലെ അംഗമായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബാധകമാണ് എന്ന ശാസ്ത്രസത്യം ശാസ്ത്രബോധത്തോടെ കഴിഞ്ഞകാല ചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യമാകുന്ന വസ്തുതയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ശാസ്ത്രബോധത്തെ ഏട്ടിലെ പശുവായി സൂക്ഷിക്കുകയോ ആരാധിക്കുകയോ അല്ല ചെയ്തത്, അതിനെ നിരന്തരം തങ്ങളുടെ വിശകലനത്തിലും പ്രവര്‍ത്തനത്തിലും പ്രയോഗിച്ചു. അതിന്റെ ഫലമായാണ് പല മനുഷ്യര്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഫലത്തെ ചിലര്‍ തങ്ങളുടെ സമ്പാദ്യമായി കയ്യടക്കുന്നു എന്ന സത്യം മാര്‍ക്സ് വ്യവസായ സ്ഥാപനങ്ങളെ – മൊത്തത്തില്‍ ഉല്പാദന പ്രവര്‍ത്തനത്തെ – സംബന്ധിച്ച പഠനത്തില്‍ നിന്ന് കണ്ടെത്തിയത്. അത് അധ്വാന പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ പങ്കുവയ്ക്കുകയാണ് യുക്തി. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളെയും അവയുടെ ഉല്പാദന പ്രവര്‍ത്തനത്തെയും പൊതുഉടമയിലാക്കുകയാണ് വേണ്ടത് എന്ന നിഗമനവും അതില്‍ നിന്നുണ്ടായി.
ഇതിന്റെ പ്രയോഗമാണ് സോവിയറ്റ് യൂണിയന്‍ ഒരു ലോകശക്തിയായി ഉയരാന്‍ ഇടയാക്കിയത്. അതു മാത്രമല്ല, ജനങ്ങളെല്ലാം അവര്‍ ഏതു ലിംഗത്തില്‍പ്പെട്ടവരായാലും, ഏതു ഭാഷക്കാരോ, വേഷക്കാരോ, മതക്കാരോ ഒക്കെ ആയാലും തുല്യരാണ്. ഒരേ സ്വാതന്ത്ര്യവും അവകാശവും അവര്‍ക്കെല്ലാം സ്വായത്തമാക്കണം. ഈ തുല്യതാബോധത്തിന്റെ സാക്ഷാത്കാരംകൂടി സോവിയറ്റ് യൂണിയന്റെ കുതിച്ചുചാട്ടത്തില്‍ പങ്കുവഹിച്ചു. ആ ഉയര്‍ച്ചയെ തുടര്‍ന്ന് യൂറോപ്പിലെയും അമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ ജനവിഭാഗങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നിര്‍ബന്ധിതരായി. ഇരുപതാംനൂറ്റാണ്ടിലെ ലോകചരിത്രവും ഭൂപടവും ഒക്കെ തിരുത്തിക്കുറിക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ ശാസ്ത്രത്തെ അവരുടെ ചിന്തയ്ക്കും പ്രവര്‍ത്തനത്തിനും ആധാരമാക്കിയത് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. എവിടെയൊക്കെ അത്തരം ശാസ്ത്രബോധത്തിന്റെ പ്രയോഗത്തില്‍ പാളിച്ച സംഭവിച്ചോ, അവിടെയൊക്കെ ചരിത്രം ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്കുംവിധം പ്രതികരിക്കുകയും ചെയ്തു.
മാനവസമൂഹത്തിലെ മതങ്ങള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ അവയുടെ രൂപീകരണകാലത്തെ സമൂഹത്തില്‍ നിലനിന്ന അറിവിനെ സ്വാംശീകരിച്ച് അവയുടെ പ്രാമാണിക മതഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരുന്നു. അറിവിനെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത അതിലെ സ്വാഗതാര്‍ഹമായ വശമാണ്. എന്നാല്‍, മാനവരാശിയുടെ അറിവ് അത് പ്രകൃതിയുമായി നിരന്തരം പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി സദാവികസിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മതനേതാക്കള്‍ തയാറായില്ല. അവരൊക്കെക്കൂടി സൃഷ്ടിച്ച ദൈവത്തെ ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളിലെ സകല അറിവും സ്വായത്തമാക്കിയ അനാദ്യന്ത വ്യക്തിത്വമായാണ് അവര്‍ വിഭാവനം ചെയ്തത്. ആ ദൈവത്തിന്റെ വചനങ്ങള്‍ എന്ന നിലയ്ക്കാണ് മതനേതാക്കള്‍ വിശുദ്ധഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നത്. അറിവ് അത്തരത്തില്‍ ആര്‍ക്കും ഒരിടത്തും കുന്നുകൂട്ടിവെക്കാനാവില്ല. ഭാവിയെ പ്രവചിക്കാനും ആവില്ല. ഇതിനകം അതൊക്കെ പലതവണ തെളിഞ്ഞതാണ്. പക്ഷേ, വിശുദ്ധഗ്രന്ഥങ്ങളില്‍ എല്ലാ അറിവുകളും ദൈവംക്രോഡീകരിച്ചിരിക്കുന്നു എന്ന വിശ്വാസം ഇല്ലാതായാല്‍ മതം എന്ന സ്ഥാപനത്തിന്റെയുംദൈവത്തിന്റെയും പ്രസക്തി ഇല്ലാതാകും, അതുവഴി ദശലക്ഷക്കണക്കിന് മതപ്രവര്‍ത്തകരുടെ പണിയില്ലാതാകും, മതവിശ്വാസത്തെ പ്രയോജനപ്പെടുത്തി ജീവിക്കുന്ന നിരവധി പേര്‍ക്ക് പുതിയ ഉപജീവനമാര്‍ഗ്ഗം തേടേണ്ടിവരും. ദൈവം എന്ന വിശ്വാസം ഇല്ലാതാകുന്നതോടെ സമൂഹം എന്ന സ്ഥാപനത്തില്‍ കുറെയേറെ അപനിര്‍മ്മാണങ്ങളും നവനിര്‍മ്മാണങ്ങളും വേണ്ടിവരും. അതുകൊണ്ടാണ് മതഗ്രന്ഥങ്ങളിലെ പ്രകൃതിയെയും സമൂഹത്തെയും സംബന്ധിച്ച പല പ്രസ്താവനകളും അബദ്ധമാണ്, വസ്തുതാപരമല്ല, യുക്തിക്ക് വിരുദ്ധമാണ് എന്ന് ബോധ്യമായിട്ടും അവയുമായി ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ബഹുവിധമായ ഇടപെടലുകളാണ് ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും ശാസ്ത്രബോധം വ്യാപകമാകുന്നതിനുള്ള വിലങ്ങുതടികളായി നിലകൊള്ളുന്നത്.
എങ്കിലും പലരും മനസ്സില്‍ കാണുന്നതോ ചിലരെങ്കിലും ഉന്നയിക്കുന്നതോ ആയ ഒരു ചോദ്യമുണ്ട്. ശാസ്ത്രമാണ് ലോകയാഥാര്‍ത്ഥ്യത്തെ, പ്രകൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൃത്യമായി കണ്ടെത്തി മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും അവയോട് എങ്ങനെയൊക്കെ പ്രതികരിക്കാമെന്ന അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നതെങ്കില്‍, ദൈവം ഉള്‍പ്പെടെയുള്ള മതസൃഷ്ടികളെ സംബന്ധിച്ച യാഥാര്‍ത്ഥ്യം മനുഷ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ അതിനു കഴിയുമെങ്കില്‍, അങ്ങനെ ചെയ്യാത്തത് എന്തുകൊണ്ട്? ഇവിടെയാണ് ശാസ്ത്രത്തിന്റെ, ശാസ്ത്രബോധത്തിന്റെ ഉരകല്ല് സമൂഹം ഒന്നാകെയല്ല വിവിധ ചിന്തകളിലും അവയുമായി ബന്ധപ്പെട്ട പ്രയോഗങ്ങളിലും ഏര്‍പ്പെടുന്നത്. ദൈവം സൃഷ്ടിച്ചതാണ് ലോകത്തെയും സകലചരാചരങ്ങളെയും എന്ന ആശയം ആവിഷ്കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിന്റെ അവതാരങ്ങള്‍, സമൂഹത്തിലെ ഇടപെടലുകള്‍ മുതലായവ സംബന്ധിച്ച് കുറേപ്പേര്‍ ആശയ പ്രചരണം നടത്തുന്നു. അവയെ അനുസരിച്ച് ജീവിക്കാന്‍ മറ്റുള്ളവരോട് ആഹ്വാനംചെയ്യുന്നു. അതേസമയം വേറെ ചിലര്‍ അതേകാലത്ത് പറയുന്നു, എല്ലാ സസ്യ-ജന്തുജാലങ്ങളും പഞ്ച (ചതുര്‍) ഭൂതങ്ങളെക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവ പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിച്ച് നിലകൊള്ളുന്നു. പ്രകൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളുടെ ഫലമായി അവയില്‍ ചിലവ നശിക്കുകയും പുതിയവ രൂപംകൊള്ളുകയും ചെയ്യും. മറ്റു ചിലവ മാറ്റങ്ങളോടെ നിലനില്ക്കും. ഇങ്ങനെ രണ്ടു ചിന്താ-പ്രവര്‍ത്തനധാരകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി മാനവരാശിയില്‍ നിലനില്ക്കുന്നു.
ഉല്പാദന പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായി പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിക്കുന്നതിനു മനുഷ്യര്‍ പുതിയ ഉപാധികള്‍ തേടി. പ്രകൃതിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി പഠിച്ചതുവഴി ലഭിക്കുന്ന പുതിയ അറിവാണ് ശാസ്ത്രം. അത് പ്രകൃതിയുടെ പ്രവര്‍ത്തന നിയമങ്ങള്‍ അനാവരണം ചെയ്യുന്നു. ഇതിനെ ആധാരമാക്കിയാണ് പ്രകൃതിയില്‍ നിന്നുള്ള പുതിയതോ വര്‍ദ്ധിച്ചതോ ആയ ഉല്പാദനത്തിനു മനുഷ്യര്‍ മുതിരുന്നത്. പ്രകൃതി രണ്ടുതരം വസ്തുക്കളാണ് ശേഖരിച്ചുവെച്ചിരിക്കുന്നത്. ഒന്ന്, പരിമിതമായ അളവില്‍ മാത്രമുള്ളവ. രണ്ട്, നിരന്തരം പ്രകൃതി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അനന്തമായ അളവില്‍ ഉള്ളവ. ഈ അറിവു തന്നെ കാലാന്തരത്തില്‍ പഠന മനനങ്ങളിലൂടെ പുതിയ അറിവ് നേടുന്നതോടെ പരിഷ്കരിക്കേണ്ടിവരുന്നു. നേരത്തെ അനന്ത സാധ്യതകള്‍ ഉള്ളവയായി കരുതിയ ചില വസ്തുക്കളുടെ സ്ഥിതി അങ്ങനെയല്ലെന്ന് പിന്നീട് അറിവാകുന്നു. മറിച്ച്, വേറെ ചിലവയുടെ സാധ്യത അനന്തമായി മാറുന്ന സ്ഥിതിയും കാണുന്നുണ്ട്.
എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകങ്ങള്‍ പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍ എന്നിവയാണ് എന്നായിരുന്നു ഒരു ഘട്ടത്തിലെ അറിവ്. പിന്നീട് അറിവായി, ആറുതരം ക്വാര്‍ക്കുകളെക്കൊണ്ട് നിര്‍മ്മിതമാണ് പദാര്‍ത്ഥ പ്രപഞ്ചമെന്ന്. ഇവയ്ക്കപ്പുറം ചെറിയ ഘടകങ്ങളായി ദ്രവ്യത്തെ വിഭജിക്കാന്‍ കഴിയില്ല എന്നാണ് ഭൗതികശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. ഭൂമിയിലെ ചില വസ്തുക്കളില്‍ നീണ്ടകാലംകൊണ്ടു വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായവയാണ് കല്ക്കരി, എണ്ണ മുതലായവ. ഈ ഇന്ധനങ്ങളുടെ സ്രോതസ്സ് പരിമിതമാണ്. താരതമ്യേന സൗരോര്‍ജ്ജം, ആണവോര്‍ജ്ജം, കാറ്റിനെപ്പോലുള്ള പ്രകൃതിശക്തികളെ ഉപയോഗിച്ചുള്ള ഊര്‍ജ്ജം എന്നിവയുടെ സാധ്യത വളരെ വലുതാണ്. ഒരു കാലത്ത് വിറക്, കല്ക്കരി, എണ്ണ മുതലായവയുടെ ശേഖരം അവസാനിച്ചാല്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് എന്തു ചെയ്യും എന്ന പ്രശ്നം സജീവ ചര്‍ച്ചാ വിഷയമായിരുന്നു. പക്ഷേ, ശാസ്ത്രത്തിന്റെ ഇടപെടല്‍ വഴി ഇന്ധനങ്ങളുടെ അനന്തമായ സ്രോതസ്സ് മാനവരാശിക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.
മതവും സയന്‍സുമാണ്പൊതുവില്‍ സമൂഹത്തിലെ അറിവിന്റെ രണ്ട് പ്രഭവകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മതത്തിന്റെ പക്കലുള്ളത് അതിന്റെ രൂപീകരണകാലത്ത് സമൂഹത്തിനു ലഭ്യമായിരുന്ന അറിവാണ്. ശാസ്ത്രം പ്രകൃതിയെ സദാ നിരീക്ഷിച്ചും അതിന്റെ അടിസ്ഥാനത്തില്‍ പഠിച്ചും ശേഖരിച്ചുകൊണ്ടിരിക്കുന്ന വര്‍ധമാനമായ അറിവിന്റെ കലവറയാണ്. സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിനെ സഹായിക്കുന്നവരാണ് വ്യവസായത്തിലും കൃഷിയിലും സേവനമേഖലയിലും ഏര്‍പ്പെട്ടിരിക്കുന്ന മുതലാളിമാര്‍ എന്ന ചൂഷകവര്‍ഗ്ഗം . കാരണം അവര്‍ക്ക് തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കൂലിയും ഉപഭോക്താക്കളെക്കൊണ്ട് കൂടിയ വിലയും അംഗീകരിപ്പിക്കണം. അതിന് അവര്‍ക്ക് പരസഹായം വേണം. അന്നന്ന് ഭരിക്കുന്നവരുടെ സഹായം. ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ സഹായത്തോടെ ഇത് അവര്‍ ഉറപ്പുവരുത്തുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതലാളിമാരെ സഹായിക്കുന്നതിന് അവര്‍ ജനങ്ങളുടെ അന്ധമായ വിശ്വാസത്തെയും അത് ഉളവാക്കുന്ന വിധേയത്വത്തെയും ഉപയോഗപ്പെടുത്തുന്നു. മതം അതിനാല്‍ ചെയ്തുകൊണ്ടിരിക്കുന്നത് മനുഷ്യരെ സ്വന്തം മേധാവിത്വത്തിനും മുതലാളിമാരുടെ ചൂഷണത്തിനും വിശ്വാസികളെ നിരന്തരം വിധേയരാക്കുകയാണ്. ഈ വിധേയത്വത്തിനു അടിസ്ഥാനം അവര്‍ക്ക് മതത്തിലും ദൈവത്തിലുമുള്ള അന്ധമായ വിശ്വാസമാണ്. അതു നിലനിര്‍ത്താന്‍ മുതലാളിമാര്‍ മതസ്ഥാപനങ്ങള്‍ക്ക് എല്ലാ സഹായവും നല്കുന്നു. അങ്ങനെ മതവും ദൈവവും ചൂഷകവര്‍ഗ്ഗങ്ങളുടെ ചൂഷണോപാധികളായിത്തീരുന്നു.
ഈയൊരു സ്ഥിതിവിശേഷത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ചൂഷിത ജനവിഭാഗങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. ആദ്യം അവരെ സംഘടിപ്പിച്ച് അവരുടെ അടിയന്തിരാവശ്യങ്ങള്‍ക്കുവേണ്ടി കൂട്ടായി ആവശ്യം ഉന്നയിക്കാനും ആവശ്യമെങ്കില്‍ സമരംചെയ്യാനും നേതൃത്വം നല്കുക. കൂട്ടായ വിലപേശല്‍ കൊണ്ടോ സമരംകൊണ്ടോ നേടുന്നത് ആരുടെയും സൗജന്യത്തില്‍ ലഭിക്കുന്നതല്ല, അവര്‍ക്ക് അവകാശപ്പെട്ടത് സംഘടിതശക്തികൊണ്ട് നേടുന്നതാണ് എന്ന ബോധം അവരില്‍ ഉണ്ടാക്കി. ദൈവമോ അധികാരശക്തിയുള്ളവരോ ചെയ്യുന്ന സൗജന്യമല്ല, അദ്ധ്വാനശക്തികൊണ്ടുണ്ടാക്കിയ സമ്പത്തില്‍ ഒരംശം സംഘശക്തിയും കാര്യവിവരവുംകൊണ്ട് കൈവരിക്കുന്ന നേട്ടമാണ് സേവന വേതന കാര്യങ്ങളിലെ നേട്ടം എന്ന ബോധം അവരില്‍ ഉളവാക്കുന്നു. എല്ലാം ദൈവം തരുന്നതാണ് എന്ന ബോധത്തിന്റെ സ്ഥാനത്ത് സംഘടിതശേഷികൊണ്ട് പലതും നേടാനാവും എന്ന ബോധത്തെ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാപിക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സംഘടിതശേഷി അവരെ പ്രേരിപ്പിക്കുന്നു. ദൈവത്തിനും മതസ്ഥാപനങ്ങള്‍ക്കും എതിരായ പോരാട്ടത്തേക്കാള്‍ അസംഘിടതര്‍ക്ക് ആദ്യംവേണ്ടത് സംഘടിക്കാനുള്ള ബോധവും അവകാശബോധവുമാണ് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭവത്തിലൂടെ അവരെ പഠിപ്പിക്കുന്നു.
നേതൃത്വത്തിലുള്ള വിശ്വാസം സംഘടനയില്‍ പ്രധാനംതന്നെ. പക്ഷേ, ദൈവത്തിന്റെയോ മതത്തിന്റെയോ സ്ഥാനത്ത് പാര്‍ട്ടിയെ/സംഘടനയെ പ്രതിസ്ഥാപിച്ചതുകൊണ്ടു ഫലമില്ല. കാരണം ആളുകളുടെ കാര്യവിവരമാണ്, സംഘടിതബോധമാണ് പ്രധാനം. വ്യക്തികളുടെ ബോധത്തെ ശക്തിപ്പെടുത്തുകയും ഏകാഗ്രമാക്കുകയുമാണ് സംഘടിത ബോധം ചെയ്യുന്നത്. അതിനു വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം ആവശ്യമായ യുക്തിപരമായ അടിത്തറ നല്കുന്നു. ഇവയെയെല്ലാം മൊത്തത്തില്‍ ഏകോപിപ്പിക്കുന്നത് യുക്തിബോധമാണ്. അതിനെ കാര്യകാരണബോധത്തോടെ, പൂര്‍വാപരബന്ധത്തോടെ, കൃത്യതയോടെ, ചിട്ടപ്പെടുത്തിയാല്‍ ലഭിക്കുന്നതാണ് ശാസ്ത്രബോധം. അതു വികസിപ്പിക്കപ്പെട്ടത് കാര്‍ഷിക വ്യവസ്ഥയില്‍ നിന്ന് വ്യാവസായിക വ്യവസ്ഥ യിലേക്ക്, നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് സമൂഹത്തിന്റെ പരിവര്‍ത്തനം ഉണ്ടായ മധ്യശതകങ്ങളിലാണ്. എന്നാല്‍, ഗവേഷണശാലകളിലും മറ്റും ഒതുങ്ങിനിന്ന ശാസ്ത്രബോധത്തെ സാധാരണജനങ്ങളുടെ, വിശേഷിച്ച് തൊഴിലാളികളുടെ, ബോധമണ്ഡലത്തിലേക്ക് എത്തിച്ചത് മാര്‍ക്സിസമാണ്, അതിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട നാളുകളില്‍ ഇവിടത്തെ ജനങ്ങള്‍ നിരക്ഷരതയിലും പട്ടിണിയിലും ദാരിദ്ര്യത്തിലും രോഗാതുരതയിലും അതിനെല്ലാം ഉപരി അന്ധവിശ്വാസത്തിലും ആണ്ടുകിടക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവും അതിനു കൂട്ടായി പ്രവര്‍ത്തിച്ച ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും അവര്‍ക്കു പിന്നില്‍ അണിനിരന്ന ജന്മിത്വവും ജനങ്ങളുടെ മേല്‍ തേര്‍ വാഴ്ച നടത്തുകയായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെ ഇന്ത്യയിലെ ജനസാമാന്യം മത-ജാതി ഭേദങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അണിനിരക്കാന്‍ തുടങ്ങിയകാലത്താണ് ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നത്.
ഉടന്‍ തന്നെ അതിന്റെ പ്രതിഫലനം തൊട്ടുപിന്നാലെ നടന്ന കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക ദേശീയ സമ്മേളനത്തിലുണ്ടായി. അക്കാലത്ത് കോണ്‍ഗ്രസ്സ് നേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഇന്ത്യക്ക് ഡൊമീനിയന്‍ പദവിപോലെ പരിമിതമായ സ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടുവന്നത്. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ അവതരിപ്പിച്ച പ്രമേയം ഇന്ത്യക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ആവശ്യപ്പെടണം എന്നായിരുന്നു. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം എതിരായി വോട്ട് ചെയ്താണ് ആ പ്രമേയത്തെ പരാജയപ്പെടുത്തിയത്. പ്രമേയം തോറ്റെങ്കിലും പൂര്‍ണ്ണസ്വാതന്ത്ര്യം എന്ന ആവശ്യത്തിനു പിന്നില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ രാജ്യത്തെ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അണിനിരക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ പൂര്‍ണ്ണ സ്വാതന്ത്ര്യ പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ നിര്‍ബന്ധിതമായി.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയശേഷമാണ് രാജ്യത്ത് തൊഴിലാളികള്‍, കൃഷിക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ പ്രത്യേക സംഘടനകള്‍ രൂപീകരിക്കുകയും അവയുടേതായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അതത് ജനവിഭാഗങ്ങളെ അണിനിരത്തി പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തത്. ആള്‍ക്കൂട്ടം മാത്രമായി സംഘടിച്ചിരുന്ന ജനങ്ങളെ കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനപരിപാടിയുമുള്ള ബഹുജന സംഘടനകളായി അണിനിരത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമായിരുന്നു. അതോടെ ആ ജനവിഭാഗങ്ങള്‍ക്ക് ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധം ഉണ്ടായി. അതേവരെ തങ്ങളുടെ പ്രദേശത്തെ ജന്മിക്കും മേല്‍ജാതിക്കാര്‍ക്കും അതത് രാജാവിനും സര്‍വോപരി ബ്രിട്ടീഷ് ഭരണത്തിനും ഭക്തിയോടെ കീഴ് വഴങ്ങി നിന്നവരില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ സ്വന്തം അവകാശങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് ഉന്നയിക്കാന്‍ ആര്‍ജ്ജവമുള്ളവരായി മാറി.
ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങ ളില്‍ ഇന്ത്യക്കാരെ മുഴുവന്‍ പ്രബുദ്ധരാക്കിക്കൊണ്ട് ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ പ്രചരിപ്പിച്ച ആശയമാണ്. അലസതയിലും അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും ആണ്ട് പല തട്ടുകളിലായി കഴിഞ്ഞ ഇന്ത്യയിലെ പൗരരെ ജാതി-മതഭേദമെന്യേ അദ്ദേഹം ഒരമ്മ പെറ്റ മക്കളെപ്പോലെ സാഹോദര്യത്തോടെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനംചെയ്തു. മതശത്രുതയല്ല, മതമൈത്രിയാണ് വേണ്ടത്, അതാണ് ഭാരതീയ പാരമ്പര്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഒരുപടികൂടികടന്ന് ശ്രീനാരായണഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ലക്ഷ്യം കേരളത്തില്‍ പ്രഖ്യാപിച്ചു. സമൂഹബന്ധങ്ങളില്‍ നിലനിന്ന യുക്തിരഹിതമായ മാനുഷികബന്ധങ്ങള്‍ക്കെതിരെ ആയിരുന്നു അവര്‍ ഇരുവരും ആഞ്ഞടിച്ചത്. ഗുരുവിന്റെ ആപ്തവാക്യത്തെ സഹോദരന്‍ അയ്യപ്പന്‍ ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി ഭേദഗതി ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയും പറയാം എന്നായിരുന്നല്ലോ ഗുരുവിന്റെ മറുപടി. അക്കാലത്ത് രാജ്യത്ത് ശക്തമായിരുന്ന നാസ്തികചിന്താഗതിയുടെ പ്രതിഫലനമായിരുന്നു അത്.
മുതലാളിത്തസമൂഹത്തില്‍ ശാസ്ത്രബോധം ശാസ്ത്രം കൈകാര്യം ചെയ്യപ്പെടുന്ന ഗവേഷണശാലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി കാണാം. പല ശാസ്ത്രജ്ഞര്‍ പോലും ശാസ്ത്രവിഷയം കൈകാര്യം ചെയ്യുമ്പോള്‍, ചിലപ്പോള്‍ ഗവേഷണ പ്രവര്‍ത്തനം നടത്തുമ്പോള്‍, മാത്രമാണ് ശാസ്ത്രബോധം അവലംബിക്കുന്നത്. അത് ആ വ്യക്തിജീവിതത്തിലാകെ – സമൂഹജീവിതത്തില്‍ പോലും – നിലനിര്‍ത്തുന്ന ബോധമായി മാറുന്നില്ല. ശാസ്ത്രരംഗത്ത് പുതിയ ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അവകൊണ്ടുണ്ടാകുന്ന ശാസ്ത്രപുരോഗതി എല്ലാ ശാസ്ത്രജ്ഞരുടെയും ജനങ്ങളുടെയാകെയും ബോധപരമായ ഉയര്‍ച്ചയ്ക്ക് ഇടയാക്കുന്നില്ല എന്നതിനു തെളിവ് ശാസ്ത്രപുരോഗതി നിരന്തരം കൈവരിക്കുമ്പോഴും സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറയുന്നതിനുപകരം കൂടുന്നതാണ്.
മുതലാളിത്ത സമൂഹത്തില്‍ അങ്ങനെയേ സംഭവിക്കൂ. കാരണം അതില്‍ ശാസ്ത്രപുരോ ഗതിയേക്കാള്‍, ശാസ്ത്രബോധം വളര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ താല്പര്യം മുതലാളിവര്‍ഗ്ഗത്തിന്റെ സമ്പത്ത് ഉത്തരോത്തരം വര്‍ദ്ധിപ്പിക്കുന്നതിലാണ്. ഇപ്പോള്‍ മിക്കരാജ്യങ്ങളിലും ഒരു വര്‍ഷം പുതുതായി നിര്‍മ്മിക്കപ്പെടുന്ന സമ്പത്തിന്റെ 90 ശതമാനത്തിലധികവും ജനങ്ങളില്‍ ഒരു ശതമാനത്തില്‍ കുറവ് വരുന്ന വന്‍പണക്കാരാണ് കയ്യടക്കുന്നത്. സമൂഹത്തിലെ ഈ തോതിലുള്ള അസമത്വം മൂലം വലിയ വിഭാഗം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്ത സ്ഥിതി സംജാതമാകുന്നു. ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനോ അനുവദിക്കാനോ കഴിയാത്ത ഒന്നാണ് ഇത്. അത് സമൂഹത്തിന്റെ ശാസ്ത്രബോധത്തിനു വിരുദ്ധമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി റഷ്യയില്‍ അധികാരത്തില്‍ എത്തുകയും പല ഭരണ പരിഷ്കാരങ്ങളും നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചത്. അതുപോലെ, പല കോളനിരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചത് രണ്ടാംലോകയുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയന്‍ ഒരു ലോകശക്തിയായിത്തീര്‍ന്നതിനെ തുടര്‍ന്നായിരുന്നു. മുതലാളിത്ത സമൂഹത്തിലെ യുക്തിവിരുദ്ധമായ പല അസമത്വങ്ങളും അന്യായങ്ങളും അവസാനിപ്പിക്കപ്പെട്ടത് സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ലോകത്താകെ മുന്നേറ്റം ഉണ്ടായതിനെ തുടര്‍ന്നാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെയും തിരോധാനത്തിനു ശേഷമാണ് നവലിബറല്‍ ശക്തികള്‍ ആഗോളവല്ക്കരണംനടപ്പാക്കിയത് എന്നും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
അതെല്ലാം കാണിക്കുന്നത് മുതലാളിത്തം എല്ലാ അസമത്വങ്ങളുടേയും അശാസ്ത്രീയത കളുടേയും കൂടാണ് എന്നത്രെ. മുതലാളിത്തം വളരുംതോറും അസമത്വങ്ങളും അന്യായങ്ങ ളും അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും അടിച്ചമര്‍ത്തലുകളും സമൂഹത്തില്‍ വളര്‍ന്നു പന്തലിക്കുന്നു. ഈ പ്രവണതയ്ക്ക് എതിരാണ് ജനാധിപത്യവും സോഷ്യലിസവും ശാസ്ത്രബോധവും. രാജവാഴ്ചയ്ക്കെതിരെ ജനാധിപത്യം ശക്തിപ്പെട്ടതിനെത്തുടര്‍ന്നാണ് നാടുവാഴിത്തം തകരുന്നതും മുതളാലിത്തം വളരുന്നതും. അതേവരെ സമൂഹത്തില്‍ നിലനിന്ന പല അസമത്വങ്ങളും അയുക്തികതകളും അതോടെ അവസാനിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് സയന്‍സ് ഉത്ഭവിക്കുന്നതും ശാസ്ത്രബോധത്തിന്റെ ബീജാവാപം നടക്കുന്നതും. സോഷ്യലിസ്റ്റ് ആശയങ്ങളുടെ ബീജാവാപം ഈ സന്ദര്‍ഭത്തിലാണ് ഉണ്ടാ യത്. അത് പല രാജ്യങ്ങളില്‍ പല രൂപങ്ങളില്‍ ഉന്നയിക്കപ്പെട്ടെങ്കിലും അവിടങ്ങളില്‍ സാങ്കല്പികമായ അസ്തിത്വമേ അതിനു കൈവന്നുള്ളു.
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് 19 –ാം നൂറ്റാണ്ടില്‍ ശാസ്ത്രപുരോഗതി അതിശീഘ്രം ഉണ്ടായകാലത്താണ്. അതില്‍നിന്നു കൂടി ആവേശവും പാഠവും ഉള്‍ക്കൊ രണ്ടാണ് മാര്‍ക്സും എംഗല്‍സും മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്കുന്നത്. ശാസ്ത്രബോധത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ വളര്‍ച്ച . ഇരുപതാംനൂറ്റാണ്ടില്‍ ഐന്‍സ്റ്റൈനും മാക്സ് പ്ലാങ്കും ശാസ്ത്രത്തിനു ശീഘ്രഗതിയിലുള്ള പുരോഗതി പ്രദാനം ചെയ്തപ്പോള്‍, അതിനെ മുതലാളിത്ത ചിന്താഗതിക്കാര്‍ ഉപയോഗിച്ചത് ശാസ്ത്രബോധത്തിന്റെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഈ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ലെനിന്‍ “ഭൗതികവാദവും എംപരിക വിമര്‍ശനവും” എന്ന കൃതി രചിച്ചത്.
ഇതെല്ലാം കാണിക്കുന്ന വസ്തുത എന്താണ്? ശാസ്ത്രബോധത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ആരംഭിച്ചത് സമൂഹത്തില്‍ പുരോഗമനശക്തികളുടെ വളര്‍ച്ചക്കൊപ്പമാണ്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമാകുമെന്ന് കാണുമ്പോള്‍, മത ശക്തികള്‍ അത്തരം കണ്ടുപിടുത്തങ്ങളെ തള്ളിപ്പറയാന്‍, അസ്ഥിരീകരിക്കാന്‍ നടത്താത്ത കരുനീക്കങ്ങളില്ല എന്ന് കോപ്പര്‍നിക്കസ്സിനും ഗലീലിയോയ്ക്കും എതിരായി നാല്-അഞ്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ കത്തോലിക്കാ സഭയും മറ്റും തുടര്‍ച്ചയായി നടത്തിയ ആക്രമണവും വളച്ചൊടിക്കലും ഡാര്‍വിന്‍ “ജീവജാതികളുടെ ഉത്ഭവം” എന്ന പുസ്തകം 1859 ല്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അത് രൂക്ഷമായതും ഉദാഹരണങ്ങളാണ്. പക്ഷേ, ശാസ്ത്രലോകം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ മുന്നോട്ടുപോയപ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സഭയ്ക്ക് അതിനു മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു.
ഈ ചരിത്രമാകെ തെളിയിക്കുന്നത് ഒരു വസ്തുതയാണ്: ശാസ്ത്രത്തിന്റെയും ശാസ്ത്രബോ ധത്തിന്റെയും വളര്‍ച്ചയെയും വ്യാപനത്തെയും ഉയര്‍ച്ചയെയും സ്വാഗതം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രകുതുകികളാണ്, പുരോഗമനചിന്താഗതിക്കാരാണ്,. വിശേഷിച്ച് കമ്യൂണിസ്റ്റുകാര്‍. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായ ഘടകമാണ് ശാസ്ത്രബോധം. അത് എത്രത്തോളം സമൂഹത്തില്‍ വിപുലവും പൊതുവില്‍ അംഗീകരിക്കപ്പെടുന്നതും ആകുന്നുവോ, അത്രത്തോളമായിരിക്കും ശാസ്ത്രത്തിന്റെ സമഗ്രമായ വളര്‍ച്ചയും അതിന്റെ സാര്‍ഥകമായ പ്രയോഗവും.
ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വളര്‍ച്ചയുടെ ഫലമായി ലോകത്തില്‍ എല്ലാ പൗരര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. എന്നിട്ടും കോടിക്കണക്കിനാളുകള്‍ മുഴുപ്പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെങ്കില്‍, അതിനു കാരണം ആ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രിക്കുന്ന കുത്തക വ്യാപാരികളും അവര്‍ക്ക് താങ്ങുംതണലുമായി നിലകൊള്ളുന്ന സാമ്രാജ്യത്വവും മുതലാളിത്ത സര്‍ക്കാരുകളുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഭാരം വഹിക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍ക്കും മറ്റും ഭക്ഷണം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നത്. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, വീട് മുതലായ അവശ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതും.
ശാസ്ത്രബോധം കേവലം ശാസ്ത്രത്തെക്കുറിച്ചുള്ള ബോധം മാത്രമല്ല. ശാസ്ത്രത്തെ പ്രയോഗിക്കുന്നതു സംബന്ധിച്ച അറിവും അത് പ്രകൃതിയിലും സമൂഹത്തിലും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിലും എങ്ങനെ വേണമെന്ന തിരിച്ചറിവുമാണ്. മനുഷ്യര്‍ പ്രകൃതിയുടെ മേല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് അധ്വാനം ഉണ്ടായത്. ആ അനുഭവത്തില്‍ നിന്നു മനുഷ്യര്‍ ചികഞ്ഞെടുത്ത അറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രം. ശാസ്ത്രത്തെ പ്രകൃതിയിലും മനുഷ്യരിലും പ്രയോഗിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട വിവേചനബുദ്ധിയാണ് ശാസ്ത്രബോധം എന്നു ചുരുക്കത്തില്‍ പറയാം.