കമ്യൂണിസ്റ്റ് ധൈഷണികമണ്ഡലവും ഇന്ത്യാ ചരിത്രവിജ്ഞാനവും
സുനില്‍ പി ഇളയിടം
ഒന്ന്
ചരിത്രത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ധൈഷണിക - സാംസ്‌കാരിക ജീവിതം. ധൈഷണികതയുടെയും സൈദ്ധാന്തികാലോ ചനകളുടെയും സമസ്തതലങ്ങളെയും അഭിസംബോധന ചെയ്യുകയും അവിടെയെല്ലാം നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്ത ഒന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതോടൊപ്പം തന്നെ സാംസ്‌കാരികാവിഷ്‌കാരങ്ങളുടെ വിശാലഭൂമികയിലും കമ്യൂണിസം അതിന്റെ ആഴമേറിയ മുദ്രകൾ പതിപ്പിച്ചു. മനുഷ്യവംശത്തിന്റെ വിചാര ജീവിതത്തിന്റെയും സർഗ്ഗാത്മകാവിഷ്‌കാരങ്ങളുടെയും ചരിത്രത്തിൽ ഇത്രത്തോളം ഇടം നേടിയ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ പ്രത്യയശാസ്ത്ര സമീക്ഷയെയോ കണ്ടെത്താനാവില്ല.
ഒരു പതിറ്റാണ്ടു മുമ്പ് പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകനും സാംസ്‌കാരിക വിമർശകനുമായ ടെറി ഈഗിൾടൺ ‘മാർക്‌സ് എന്തുകൊണ്ട് ശരിയായിരുന്നു?’ (Why Marx was right?) എന്നപേരിൽ ഒരു ഗ്രന്ഥം എഴുതുകയുണ്ടായി. 2008 മുതലാരംഭിച്ച സാമ്പത്തിക പ്രതിസ ന്ധിയുടെ പശ്ചാത്തലത്തിൽ, മാർക്‌സിനോടും മാർക്‌സിസ്റ്റ് ചിന്തയോടും പുതുതായി ഉണ്ടായ ലോകതാത്പര്യത്തിന്റെ സന്ദർഭത്തിലാണ് ഈഗിൾടൺ ആ ഗ്രന്ഥം രചിച്ചത്. മാർക്‌സിസത്തിന്റെ അനന്യവും അതുല്യവുമായ വ്യാപനചരിത്രം സൂചിപ്പിക്കാൻ കൗതു കകരമായ ഒരു വിശദീകരണം അദ്ദേഹം ആ കൃതിയുടെ തുടക്കത്തിൽ നൽകുന്നുണ്ട്. ഒരു പ്ലേറ്റോണിക് ഭരണകൂടത്തെയോ, അരിസ്റ്റോട്ടലിയൻ രാഷ്ട്രത്തെയോ, ഹെഗേലിയൻ ടേഡ് യൂണിയനേയോ സങ്കല്പിക്കുക സാധ്യമല്ലെങ്കിലും മാർക്‌സിനേയും മാർക്‌സിസ ത്തെയും മുൻനിർത്തി ഇതെല്ലാം സാധ്യവും സാധുവുമാണെന്ന് അദ്ദേഹം പറയുന്നു. ട്രേഡ് യൂണിയനുകൾ, ഭരണകൂടങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവ മുതൽ വിദ്യാർത്ഥി -യുവജന-സ്ത്രീ സംഘടനകൾ വരെ ഒരുഭാഗത്തും പരിസ്ഥിതി ദർശനവും ചരിത്രവിചാരവും തത്ത്വചിന്തയും മുതൽ നരവംശശാസ്ത്രവും ഭാഷാദർശനവും വരെയുള്ള വിചാരലോകങ്ങൾ മറുഭാഗത്തുമായി മനുഷ്യജീവിതത്തിന്റെ സമസ്തവിതാനങ്ങളിലും വേരോടിനിൽക്കുന്ന ഒരു മഹാവൃക്ഷത്തിന്റെ പ്രകൃതം മാർക്‌സിസം കൈവരിച്ചതിനെക്കുറിച്ച് അദ്ദേഹം അവിടെ സൂചിപ്പിക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ മറ്റൊരു ചിന്താപാരമ്പര്യവും കൈവരിച്ചിട്ടില്ലാത്ത വിപുലമായ ജീവിതം മാർക്‌സിസത്തിന് കൈവന്നതിന്റെ ചിത്രമാണ് തന്റെ വിശദീകരണത്തിലൂടെ ടെറി ഈഗിൾടൺ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധൈഷണികമാനങ്ങളെക്കുറിച്ച് ആലോചിച്ചാലും ഈഗിൾടൺ അവതരിപ്പിച്ച ആ കല്പന വളരെയേറെ സാധുവാണെന്ന് വ്യക്തമാവും. ഒരു രാഷ്ട്രീയ സിദ്ധാന്തവും അതിനെ മുൻനിർത്തി വികസിച്ചുവന്ന പ്രസ്ഥാനവും എന്ന നിലയിൽ മാർക്‌സിസത്തിന്റെ ചരിത്രജീവിതം അതിന്റെ ധൈഷണികാവിഷ്‌കാരങ്ങളുമായി അത്രമേൽ കൂടിക്കലർന്നാണ് നിലകൊള്ളുന്നത്. ആധുനികമായ മറ്റൊരു രാഷ്ട്രീയ ചിന്തയ്ക്കും ഇത്രമേൽ വിപുലമായ ധൈഷണിക ജീവിതം കൈവന്നിട്ടില്ല. മനോവിശ്ലേഷണവും സ്ത്രീവാദവും പോലുള്ള സമീപനങ്ങൾ സൈദ്ധാന്തികവും പ്രായോഗികവുമായി അവയുടെ ഔപചാരിക അതിർവരമ്പുകളെ ഭേദിക്കുകയും പുതിയ ആവിഷ്‌കാരങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അവബോധം, ലിംഗപദവി തുടങ്ങിയ സങ്കല്പനങ്ങളും അവയെ മുൻനിർത്തി വികസിച്ചുവന്ന ആശയലോകവും മനുഷ്യവംശത്തിന്റെ അവബോധത്തെ സമാനതകളില്ലാത്തവിധം പുതുക്കിപ്പണിതിട്ടുമുണ്ട്. എങ്കിലും വർഗ്ഗസമീക്ഷയ്ക്കും അതിന്റെ സൈദ്ധാന്തികാവിഷ്‌കാരങ്ങൾക്കും കൈവന്ന വ്യാപ്തിയും ഇടപെടൽ ശേഷിയും താരതമ്യങ്ങളില്ലാത്തവിധം വേറിട്ടുനിൽക്കുന്ന ഒന്നാണ്. വർഗ്ഗവിചിന്തനത്തിന്റെ വഴികൾ ഒഴിവാക്കി മനുഷ്യരാശിക്ക് അതിന്റെ വിചാരജീവിതത്തെ ഇനിയങ്ങോട്ടു കൊണ്ടുപോകാനാവാത്ത വിധത്തിലുള്ള ധൈഷണിക വ്യാപ്തിയും സ്വാധീനവും അതിന് കൈവന്നിരിക്കുന്നു.
ഒരു നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചും മേല്പറഞ്ഞ ആശയം വലിയൊരളവോളം സാധുവാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാര ഘടനയിലെ കമ്യൂണിസ്റ്റ് സ്വാധീനം താരതമ്യേന പരിമിതമായിരിക്കുമ്പോൾത്തന്നെ ഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രീയാവബോധത്തിലും ധൈഷണിക മണ്ഡലത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ചെലുത്തിയ സ്വാധീനം ഏറെ വലുതാണ്. രാഷ്ട്രീയമായ സ്വാധീനത്തിന് അപ്പുറം പോകുന്ന, അതിനോട് അനുപാതഭേദമുള്ള സാന്നിധ്യമാണ് കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് ഇന്ത്യൻ ജീവിതത്തിലുള്ളത്. ഒരു നൂറ്റാണ്ടിലധികമുള്ള ഇന്ത്യൻ ജീവിതത്തെയും സമൂഹത്തെയും കുറിച്ചുള്ള പുനർവിഭാവനങ്ങളുടെ കേന്ദ്രത്തിൽ കമ്യൂണിസം ജന്മം നൽകിയ ആശയാവലികളുണ്ട്. അവയുടെ പ്രഭാവം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൗതിക സ്വാധീനത്തേക്കാൾ എത്രയോ വിപുലമാണ് എന്നതാണ് വാസ്തവം.
1920-ൽ താഷ്‌കെന്റിൽ വച്ച് പ്രാഥമികമായി പ്രസ്ഥാനരൂപം കൈവരിക്കുന്നതിന് മുൻപുതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഇന്ത്യൻ ധൈഷണിക ജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നതിനു മുമ്പുള്ള പതിറ്റാണ്ടിൽത്തന്നെ മാർക്‌സിന്റെ ജീവചരിത്രം രണ്ട് ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ടു എന്നതാണ് വാസ്തവം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ലാലാ ഹർദയാലും രചിച്ച ആ ജീവചരിത്രങ്ങൾ വരാനിരിക്കുന്ന വിപുലമായ ധൈഷണിക ജീവിതത്തെ മുൻകൂറായി പ്രഖ്യാപിക്കുന്ന രചനകളായിരുന്നു. അവ എഴുതപ്പെട്ട മലയാളവും ബംഗാളിയും പിൽക്കാലത്ത് മാർക്‌സിസ്റ്റ് ധൈഷണികതയുടെ മുഖ്യകേന്ദ്രങ്ങളായിത്തീർന്നത് യാദൃച്ഛികമല്ലതാനും. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നതിന് തൊട്ടുപിന്നാലെയുള്ള പതിറ്റാണ്ടിൽ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ മലയാള വിവർത്തനം ‘സമഷ്ടിവാദവിജ്ഞാപനം’ എന്നപേരിൽ പ്രസിദ്ധീകൃതമാവുകയും ചെയ്തു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൗതികമാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ രണ്ടു തരത്തിൽ അത് ഇന്ത്യൻ ജീവിതത്തിൽ ഇടപെട്ടതായി കാണാനാവും. ഒന്നാമത്തേത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻകൈയിൽ തന്നെ അരങ്ങേറിയ ധൈഷണിക സാംസ്‌കാരിക ഇടപെടലുകളാണ്. പുരോഗമന സാഹിത്യസംഘടനയും ഇപ്റ്റയും (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) പോലുള്ള പ്രസ്ഥാനങ്ങൾ. ഇരുപതാം ശതകത്തിന്റെ മധ്യ ദശകങ്ങളിൽ സാഹിത്യത്തിലും ഇന്ത്യൻ നാടകവേദിയിലും നിർണ്ണായക സ്വാധീനമാകാൻ അതിന് കഴിഞ്ഞിരുന്നു. ഇതേ അളവിൽ പ്രസ്ഥാനസ്വഭാവമോ സംഘടനാ രൂപമോ കൈവന്നില്ലെങ്കിലും ബോംബെ കേന്ദ്രമായി വികസിച്ചുവന്ന ചിത്രകലാ പ്രവർത്തകരുടെ പ്രോഗ്രസ്സീവ് ഗ്രൂപ്പിനും ഇത്തരമൊരു പ്രകൃതമുണ്ട് എന്നു പറയാം. അക്കാദമിക റിയലിസത്തിന്റെയും അതിനെതിരെ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉയർന്നു വന്ന ബംഗാൾ സ്‌കൂളിന്റെ ഭൂതകാലാഭിരതിയുടെയും പാരമ്പര്യങ്ങളെ മറികടക്കുന്ന ചിത്രകലാ പ്രസ്ഥാനമായിരുന്നു പ്രോഗ്രസ്സീവ് ആർട്ടിസ്റ്റുകളുടേത്. ഇന്ത്യൻ കലാചരിത്രത്തിലെ നിർണ്ണായകമായ ഇടപെടലുകളിലൊന്നായിരുന്നു അത്.
സംഘടിതമായ ഇടപെടലുകളേക്കാളും പ്രസ്ഥാനസ്വഭാവം കൈവരിച്ച ആവിഷ്‌കാരശ്രമങ്ങളേക്കാളും വിപുലമായ സ്വാധീനശേഷി കൈവന്ന ധൈഷണികതലം വിവിധ വിജ്ഞാനമേഖലകളിൽ മാർക്‌സിസം ചെലുത്തിയ സ്വാധീനത്തിന്റേതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാഭാവികാനുബന്ധം എന്ന നിലയിൽ അവയെ പരിഗണിക്കാനാവില്ല. എന്നാൽ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന വീക്ഷണഗതികളുടെയും സാമൂഹ്യ ഇടപെടലുകളുടേയും സന്ദർഭത്തിലാണ് ഇത്തരത്തിലുള്ള സ്വാധീനം വികസിച്ചുവന്നത് എന്നകാര്യം തർക്കരഹിതമാണ്. ചരിത്രം, സമ്പദ്ശാസ്ത്രം, തത്ത്വചിന്ത, നരവംശശാസ്ത്രം, ഭാഷാദർശനം, സാഹിത്യവിമർശനം, കലാവിമർശനം തുടങ്ങിയ സാമൂഹ്യ ശാസ്ത്ര-മാനവിക മേഖലകൾ മുതൽ ശാസ്ത്രചരിത്രവും സാങ്കേതികവിദ്യാ വിചാരവും മാധ്യമപഠനങ്ങളും വരെയുള്ള മേഖലകളിൽ മാർക്‌സിസം നിർണ്ണായകമായ സ്വാധീനമായി മാറി. മേല്പറഞ്ഞ മേഖലകളിൽ ഓരോന്നിലും മാർക്‌സിസ്റ്റ് പാരമ്പര്യത്തിന്റെ സുപ്രധാനമായ കൈവഴികൾ തന്നെ വികസിച്ചുവന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻവൈജ്ഞാനിക-ധൈഷണിക ജീവിത്തതിലേക്കാകമാനം കണ്ണോടിച്ചാൽ, പ്രസ്ഥാനത്തിന്റെ ഔപചാരിക അതിർത്തിക്കു പുറത്താണെങ്കിലും ആ ധൈഷണിക-വൈജ്ഞാനിക ജീവിതത്തിന്റെ കേന്ദ്രം തന്നെയായി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ഹൃദയ തത്ത്വമായ മാർക്‌സിസവും നിലകൊള്ളുന്നത് കാണുവാനാവും.
രണ്ട്
ഇന്ത്യൻ ധൈഷണിക ജീവിതത്തിൽ മാർക്‌സിസം ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും ഗാഢമായ തെളിവുകൾ ലഭിക്കുന്നത് ചരിത്രവിജ്ഞാനത്തിന്റെ മേഖലയിൽ നിന്നുമാണ്. തത്ത്വചിന്തയും കലാവിമർശനവും പാശ്ചാത്യനിരൂപണവും സാമ്പത്തിക ശാസ്ത്രവും ഉൾപ്പെടെയുള്ള മേഖലകളിലും മാർക്‌സിസ്റ്റ് ആശയാവലികൾക്കും സമീപന രീതികൾക്കും നിർണ്ണായക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എങ്കിലും ചരിത്രവിജ്ഞാനത്തോളം ആഴമേറിയതുമായ സാന്നിധ്യം ആ മേഖലകളിലൊന്നും നമുക്ക് കാണാനാവില്ല എന്നതാണ് വാസ്തവം. ‘കമ്യൂണിസ്റ്റ് പാർട്ടി ഹിസ്റ്റോറിയൻസ് ഗ്രൂപ്പ് ‘ എന്ന പേരിൽ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ചരിത്രപഠിതാക്കളുടെ വലിയൊരു നിര വികസിച്ചുവന്നതു പോലെ, ചരിത്രപഠിതാക്കളുടെ ഒരു പ്രത്യേക ശാഖ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിട്ടില്ല. എന്നാൽ കമ്യൂണിസ്റ്റ് ആദർശങ്ങളാലും മാർക്‌സിസ്റ്റ് സങ്കല്പനങ്ങളാലും പ്രചോദിതമായ ചരിത്രരചന, ഇന്ത്യാ ചരിത്രവിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രധാനമായിരുന്നു.
മുഖ്യമായും രണ്ട് തലങ്ങളിലാണ് മാർക്‌സിസം ഇന്ത്യാ ചരിത്രരചനയിൽ ഇടപെട്ടത്. ചരിത്രത്തിന്റെ ഭൗതികവാദപരമായ വിശദീകരണമാണ് അതിലാദ്യത്തേത്. രണ്ടാമത്തേത് മാർക്‌സിസ്റ്റ് സമീക്ഷയുടെ കേന്ദ്രമായ വർഗ്ഗസമര സിദ്ധാന്തവും. മാർക്‌സിസത്തെ പിൻപറ്റിയ ചരിത്രരചയിതാക്കളെല്ലാം ഒരേ അളവിലും അനുപാതത്തിലും ഈ സങ്കല്പനങ്ങൾ ഉപയോഗപ്പെടുത്തി എന്നു പറയാനാവില്ല. മാർക്‌സിസ്റ്റ് ചരിത്രപഠിതാക്കളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നേതൃനിരയിൽ ഉണ്ടായിരുന്നവർ മുതൽ മാർക്‌സിസത്തെ ഒരു നീതിശാസ്ത്രസമീക്ഷയായി മാത്രം കണ്ടവർ വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കീഴാള പഠിതാക്കളെപ്പോലെ, ഗ്രാംഷിയിൽനിന്നും ഇ.പി. തോംസണിൽ നിന്നും മറ്റും ആശയാവലികളും സമീപന രീതികളും പിൻപറ്റിയതിനുശേഷം മാർക്‌സിസ്റ്റ് ചരിത്രവിജ്ഞാനത്തിന്റെ വിമർശകരായി ഉയർന്നുവന്നവരെയും ഇന്ത്യാചരിത്രവിജ്ഞാനത്തിന്റെ മേഖലയിൽ കാണാം. ആ നിലയിൽ അത്യന്തം വിപുലവും സംവാദനിർഭരവും, ചിലപ്പോഴെങ്കിലും വൈരുധ്യപൂർണ്ണവുമായ പ്രഭവമാണ് ഇന്ത്യാ ചരിത്രവിജ്ഞാനമേഖലയിൽ മാർക്‌സിസം ചെലുത്തിയത്. ഒന്നര നൂറ്റാണ്ടോളം എത്തിയ ദീർഘമായ ഒരു കാലയളവ് ഇന്ത്യാ ചരിത്രത്തിലെ മാർക്‌സിസ്റ്റ് ഇടപെടലുകൾക്കുണ്ട്. എന്നിരുന്നാലും 1950-കൾക്ക് ശേഷമുള്ള മൂന്നു - നാല് പതിറ്റാണ്ടുകളിലാണ് ആ സ്വാധീനം ഏറ്റവും തീവ്രമായിത്തീർന്നത് എന്നുപറയാം. ദേശീയവാദ ചരിത്രവിജ്ഞാനത്തിന്റെ ഊന്നലുകളെ അപ്പാടെ വഴിതിരിച്ചുവിടാൻ പോന്ന നിലയിൽ മാർക്‌സിസ്റ്റ് സമീക്ഷയ്ക്ക് നിർണ്ണായക പ്രാധാന്യം കൈവന്ന കാലയളവാണ് അത്.
മാർക്‌സിസം ഇന്ത്യാ ചരിത്രവിജ്ഞാനത്തിൽ ചെലുത്തിയ സ്വാധീനത്തിന് കൗതുകകരമായ ഒരു പ്രാരംഭസ്ഥാനമുണ്ട്. അത് മാർക്‌സ് തന്നെയാണ്. മാർക്‌സിൽ നിന്നു തന്നെയാണ് ഇന്ത്യയിലെ മാർക്‌സിസ്റ്റ് ചരിത്രവിജ്ഞാനം ആരംഭിക്കുന്നതെന്നു പറയാം. 1850ൽ ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണൽ എന്ന പത്രത്തിനായി എഴുതിയ ലേഖനങ്ങളിലാണ് മാർക്‌സ് ഇന്ത്യയെ ചരിത്രപരമായി അപഗ്രഥിക്കാൻ ശ്രമിച്ചത്. ഇന്ത്യയിലെ കൊളോണിയൽ ഭരണവും, ഇന്ത്യൻ ഗ്രാമജീവിതത്തിന്റെ താരതമ്യേനയുള്ള നിശ്ചല സ്ഥിതിയും പൗരസ്ത്യസ്വേച്ഛാധിപത്യം (Oriental Despotism) പോലുള്ള സങ്കല്പനങ്ങളും എല്ലാം അക്കാലത്ത് മാർക്‌സിന്റെ പരിഗണനയിൽ ഉണ്ട്. ആദ്യഘട്ടത്തിലെ തന്റെ ആലോചനകളിൽ കൊളോണിയൽ ഭരണത്തിന്റെ ഗുണകരമായ ചില വശങ്ങളെ മാർക്‌സ് പ്രത്യേകം പരിഗണിക്കുന്നുമുണ്ട്. ചരിത്രത്തിന്റെ അബോധാത്മക ഉപകരണമായി (unconscious tool of history) കൊളോണിയൽ ഭരണം മാറിത്തീർന്നതായി മാർക്‌സ് അക്കാലത്ത് വ്യക്തമാക്കുന്നു. (ഇത്തരം നിരീക്ഷണങ്ങളെ മുൻനിർത്തിയാണ് എഡ്വേർഡ് സെയ്ദ് മാർക്‌സിനെ, തീർത്തും തെറ്റായ നിലയിൽ, പൗരസ്ത്യവാദചിന്തയുടെ പരിധിയിൽപ്പെടുത്തി തള്ളിക്കളയാൻ ശ്രമിച്ചത്.) എന്നാൽ മാർക്‌സിന്റെ തന്നെ പിൽക്കാല പഠനങ്ങളിൽ കൊളോണിയലിസത്തെക്കുറിച്ചുള്ള ഈ നിരീക്ഷണം അദ്ദേഹം പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. നഗ്നമായ രക്തമൂറ്റലിനപ്പുറം കൊളോണിയൽ ഭരണം ഇന്ത്യയിൽ യാതൊന്നും നടപ്പാക്കിയില്ലെന്ന നിഗമനത്തിലേക്ക് മാർക്‌സ് വൈകാതെ തന്നെ എത്തിച്ചേരുകയുണ്ടായി.
മാർക്‌സിന്റെ നിരീക്ഷണങ്ങൾ ഇന്ത്യയിലെ ചരിത്രവിജ്ഞാനമേഖലയിലെ, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ ചരിത്രവിചാരത്തിന്റെ പ്രാരംഭമായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ കൊള്ളയെ ഒരുഭാഗത്ത് തുറന്നുകാണിച്ചുകൊണ്ടും, ഇന്ത്യൻ സമൂഹത്തിന്റെ താരതമ്യേനയുള്ള നിശ്ചലാവസ്ഥയെ മറുഭാഗത്ത് ചൂണ്ടിക്കാണിച്ചുകൊണ്ടും, അവതമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെക്കുറിച്ചുള്ള ആലോചനകൾക്ക് മാർക്‌സ് വഴിതുറന്നു എന്നുപറയാം. പ്രാചീനമായ ഇന്ത്യൻ ജീവിതഘടനയിൽ നിർണ്ണായകമായ പരിവർത്തനം കൊണ്ടുവരാൻ കൊളോണിയലിസത്തിന് കഴിയും. എന്നാൽ ഇന്ത്യൻ ജീവിതത്തെ വിമോചിപ്പിക്കുന്ന ശക്തിയായി അത് ഒരിക്കലും മാറുകയില്ല എന്നും മാർക്‌സ് വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടനിൽ തൊഴിലാളിവർഗ്ഗം അധികാരത്തിൽ വരികയോ, ഇന്ത്യൻ ജനത ബ്രിട്ടീഷ് നുകം വലിച്ചെറിയുകയോ ചെയ്യുന്നതുവരെ കൊളോണിയൽ വാഴ്ചയുടെ വിനാശകരമായ ഫലങ്ങൾ തുടരും. ആ നിലയിൽ ചരിത്രവിശകലനത്തെ രാഷ്ട്രീയമായ കാര്യപരിപാടിയുമായി ബന്ധിപ്പിക്കുന്ന വിമർശന സമീക്ഷയ്ക്കും മാർക്‌സിന്റെ ലേഖനങ്ങൾ തുടക്കം കുറിച്ചതായി കാണാം.
ഇന്ത്യാ ചരിത്രവിജ്ഞാനത്തിലെ മാർക്‌സിസ്റ്റ് ഇടപെടലുകളുടെ ആദ്യഘട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി നാഭീനാളബന്ധം പുലർത്തുന്ന ഒന്നാണ്. പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതാക്കൾ കമ്യൂണിസ്റ്റ് രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗമെന്ന നിലയിൽ ഇന്ത്യയെ വിശദീകരിക്കാൻ നടത്തിയ ശ്രമങ്ങളാണ് അവ. അക്കാദമികമായ അന്വേഷണം എന്ന താത്പര്യം ആദ്യകാല ചരിത്രപഠനങ്ങളിൽ കാര്യമായൊന്നും ഉണ്ടായിരുന്നില്ല എന്നർത്ഥം. എം.എൻ. റോയി, ഭൂപേന്ദ്രനാഥ ദത്ത, എസ്.എ. ഡാങ്കേ, രജനി പാംദത്ത്, എ.ആർ. ദേശായ് എന്നിങ്ങനെ നിരവധിപേർ ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യാചരിത്രത്തെ മാർക്‌സിസ്റ്റ് പരിപ്രേഷ്യത്തിലൂടെ നോക്കിക്കാണാനുള്ള ശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോയി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. സുന്ദരയ്യ, ഭവാനി സെൻ തുടങ്ങിയവർ കേരളത്തിന്റെയും ആന്ധ്രയുടെയും ബംഗാളിന്റെയും ചരിത്രമെഴുതാൻ ശ്രമിക്കുന്നതും ഇക്കാലത്തു തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വച്ച ഭാഷാ ദേശീയതാസങ്കല്പത്തെയും അതിനെ മുൻനിർത്തി ഭാഷാ സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെയും മുൻനിർത്തിയാണ് ഒടുവിൽ പറഞ്ഞവരെല്ലാം ചരിത്രപഠനത്തിലേക്കു തിരിഞ്ഞത്. അക്കാദമികമായോ വൈജ്ഞാനികമായോ ഉള്ള നിർണ്ണായക പ്രാധാന്യം അവയിൽ പലതിനും കൈവന്നില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇ.എം.എസ്. തന്റെ അന്വേഷണങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടുപോവുകയും മാർക്‌സിസ്റ്റ് ചരിത്രവിചാരത്തിന്റെ മേഖലയിലെ നിർണ്ണായക സ്വാധീനമായി അത് മാറിത്തീരുകയും ചെയ്തു. 1940 കളുടെ തുടക്കത്തിൽ എഴുതിയ ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥം പിന്നീടദ്ദേഹം ‘കേരളം മലയാളികളടെ മാതൃഭൂമി’ എന്ന പേരിൽ പുതുക്കിയെഴുതി. കേരള ചരിത്ര ചർച്ചയിലെ നിർണ്ണായക സ്ഥാനങ്ങളിലൊന്ന് ഇപ്പോഴും ആ ഗ്രന്ഥമാണ്. ഇതിനു പിന്നാലെ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിക്കുകയുണ്ടായി. ഇന്ത്യയിലെ മാർക്‌സിസ്റ്റ് ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ചില ഇടപെടലുകളായി അവ മാറിത്തീരുകയും ചെയ്തു.
റഷ്യൻ വിപ്ലവം ജന്മമേകിയ ആവേശത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലവിൽ വന്നത്. അതിന്റെ നേതൃനിരയിലും അക്കാലത്തെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഒരുപോലെ നിലകൊണ്ട ആളുകളിൽ ഒരാളായിരുന്നു എം.എൻ.റോയി, താഷ്‌കെന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘടകം രൂപം കൊള്ളുമ്പോൾ അതിൽ അംഗമായിരുന്ന ആളുകളിലൊരാൾ എം.എൻ. റോയി ആയിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ ദേശീയ വിമോചന പോരാട്ടങ്ങളെ സംബന്ധിച്ച് കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ലെനിൻ അവതരിപ്പിച്ച തീസിസിന് റോയി അവതരിപ്പിച്ച ഭേദഗതി തീസിസിനൊപ്പം ചർച്ചയ്ക്കായി അവതരിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ വഴിയിൽ തന്നെയാണ് ആധുനിക ഇന്ത്യയുടെ ചരിത്രം മാർക്‌സിസ്റ്റ് രീതിശാസ്ത്രം മുൻനിർത്തി എഴുതുവാൻ എം.എൻ. റോയ് തയ്യാറായത്. 1922-ൽ അദ്ദേഹം എഴുതിയ ‘ഇന്ത്യ പരിവർത്തനത്തിൽ’ (India in Tansition) എന്ന ഗ്രന്ഥം ഇന്ത്യയിലെ മാർക്‌സിസ്റ്റ് ചരിത്രവിജ്ഞാനീയത്തിന്റെ മേഖലയിലെ പ്രഥമ സ്ഥാനങ്ങളിലൊന്നാണ്. കോളനിവാഴ്ചയേയും അതിനെതിരായ ദേശീയ ചെറുത്തുനില്പിനെയും വർഗ്ഗവിശകലനത്തിന്റെ വഴിയിലൂടെ സമീപിക്കാനാണ് റോയ് ആ ഗ്രന്ഥത്തിൽ ശ്രമിച്ചത്. റോയിക്കു പിന്നാലെ സ്വാമി വിവേകാനന്ദന്റെ സഹോദരൻ കൂടിയായ ഭൂപേന്ദ്രനാഥ ദത്ത ഇന്ത്യയിലെ കാർഷികസമൂഹത്തിന്റെ വൈരുദ്ധ്യാത്മക സ്വരൂപത്തെ ചരിത്രപരമായ വിശകലനത്തിനു വിധേയമാക്കുകയുണ്ടായി. വിവേകാനന്ദന്റെ ആത്മീയാന്വേഷണങ്ങളിൽനിന്ന് വേറിട്ട് വിപ്ലവപരമായ സാമൂഹ്യസംഘാടനത്തിന്റെ വഴിതേടിയ ആളായിരുന്നു ഭൂപേന്ദ്രനാഥ ദത്ത. ഇരുപതാം ശതകത്തിന്റെ ആദ്യപാദങ്ങളിൽ ജർമ്മനിയിൽ ഇരുന്നാണ് അദ്ദേഹം വിപ്ലവപരമായ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത്. അദ്ദേഹത്തിന്റെ ‘ഇന്ത്യയിലെ ഭൂ ബന്ധങ്ങളിലെ വൈരുദ്ധ്യാത്മകത’ എന്ന ഗ്രന്ഥം ഇന്ത്യയിലെ കാർഷിക സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആദ്യപഠനങ്ങളിലൊന്നാണ്.
ഇന്ത്യാ ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട മാർക്‌സിസ്റ്റ് ഇടപെടൽ പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രധാനിയായ എസ്.എ. ഡാങ്കെയുടേതാണ്. ഡാങ്കേ എഴുതിയ ഇന്ത്യ: പ്രാകൃതകമ്യൂണിസത്തിൽ നിന്ന് സോഷ്യലിസത്തി ലേക്ക് (India from Primitive Communism to socialism) എന്ന ഗ്രന്ഥം അതിലെ മാർക്‌സിസ്റ്റ് വിശകലനരീതിയുടെ അപര്യാപ്തതകൾ കൊണ്ടാണ് ശ്രദ്ധേയമായത്. മാർക്‌സിസം ചരിത്രരചനയിൽ എങ്ങനെ ഉപയോഗപ്പെടുത്തരുത് എന്നതിന്റെ തെളിവായി മാത്രമേ ആ ഗ്രന്ഥത്തെ പരിഗണിക്കാവൂ എന്നാണ് അതിനെ അതിനിശിതമായി വിമർശിച്ചു കൊസാംബി എഴുതിയത്! കൊസാംബിയുടേയും മറ്റും നിശിതമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, നാലു വാള്യങ്ങളായി താൻ എഴുതാൻ തുടങ്ങിയ ഗ്രന്ഥം ഡാങ്കെ ഒരു വാള്യത്തിൽ അവസാനിപ്പിച്ചുവത്രെ.
ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ ചരിത്രവിജ്ഞാനത്തിൽ വലിയ സ്വാധീനം ചെലുത്തിയ രണ്ട് മാർക്‌സിസ്റ്റ് ഇടപെടലുകൾ കൂടി ഉണ്ടാകുന്നുണ്ട്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാവു കൂടിയായ രജനി പാംദത്ത്-ന്റെ ‘ഇന്ത്യ ഇന്ന് ‘ (India Today-1940) എന്ന ഗ്രന്ഥവും (ഇതിന്റെ ഇന്ത്യൻ പതിപ്പ് 1947-ലാണ് പുറത്തുവന്നത് ) ചരിത്രകാരനായ എ.ആർ. ദേശായിയുടെ ഇന്ത്യൻ ദേശീയതയുടെ സാമൂഹ്യപശ്ചാത്തലം (Social Background of Indian Nationalism) എന്ന ഗ്രന്ഥവും, കച്ചവടമൂലധനം, വ്യാവസായികമൂലധനം, ധനമൂലധനം എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോയ യൂറോപ്യൻ മുതലാളിത്തത്തിന്റെ പരിവർത്തനങ്ങൾക്കനുസൃതമായി ഇന്ത്യൻ സമൂഹത്തിൽ വന്ന ഘടനാപരമായ പരിവർത്തനങ്ങൾ വിശദീകരിക്കാനാണ് രജനിപാംദത്ത് തന്റെ കൃതിയിൽ ശ്രമിച്ചത്. എ.ആർ. ദേശായിയുടെ കൃതിയാകട്ടെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളായി കാണുകയും ഓരോ ഘട്ടത്തിലും അതിനു പിന്നിലുള്ള സാമൂഹ്യവിഭാഗങ്ങളെയും അവയുടെ വർഗ്ഗപരമായ ഉള്ളടക്കത്തെയും വിശദീകരിക്കുകയും ചെയ്തു. പാംദത്തിന്റെയും ദേശായിയുടെയും രചനകൾ മാർക്‌സിസ്റ്റ് വിശകലനരീതിക്ക് ഇന്ത്യൻ ചരിത്രവിജ്ഞാനത്തിന്റെ മേഖലയിൽ പ്രായപൂർത്തി കൈവന്നതിന്റെകൂടി തെളിവുകളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നിരവധി പരാധീനതകൾ കാണാനാവുമെങ്കിലും 1940-കളിൽ ഈ ഗ്രന്ഥങ്ങൾ വഴി മാർക്‌സിസത്തിനും ഇന്ത്യൻ ധൈഷണിക ജീവിതത്തിനും അവർ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.
മൂന്ന്
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യാ ചരിത്രവിജ്ഞാനമേഖലയിലെ മാർക്‌സിസ്റ്റ് ഇടപെടലിന് സുപ്രധാനമായ ഒരു സവിശേഷത കൈവരുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഔപചാരിക ബന്ധങ്ങൾക്ക് പുറത്ത് അക്കാദമികമായ തലങ്ങളിലേക്ക് മാർക്‌സിസ്റ്റ് ചരിത്രവിജ്ഞാനം വലിയതോതിൽ കടന്നുകയറുന്നത് ഇക്കാലത്താണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗം എന്നതിൽ നിന്ന് വ്യത്യസ്തമായി, ചരിത്രാന്വേഷണത്തിനുള്ള ഏറ്റവും ഉചിതവും സമർത്ഥവുമായ രീതിശാസ്ത്രം എന്ന നിലയിൽ മാർക്‌സിസത്തെ മനസ്സിലാക്കിയ ചരിത്രപണ്ഡിതർ ഇന്ത്യാചരിത്രപഠനത്തിൽ വലിയതോതിൽ അത് ഉപയോഗപ്പെടുത്തി. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ എതിർദിശയിലേക്കോ മറുപുറത്തേക്കോ അവ നീങ്ങി എന്നല്ല. അപ്പോൾത്തന്നെ പ്രസ്ഥാനപരമായ താത്പര്യങ്ങളേക്കാളും, അതിനെ മുൻനിർത്തുന്ന വിശദീകരണ യുക്തികളേക്കാളും രീതിശാസ്ത്രപരമായ പരിഗണനകൾ ചരിത്രാന്വേഷണത്തിന്റെ കേന്ദ്രമായി മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി പല അനുപാതങ്ങളിൽ ബന്ധം പുലർത്തിയവരായിരുന്നു ഈ ചരിത്രപഠിതാക്കൾ. അവരുടെ ഭിന്നരൂപങ്ങളിലുള്ള ഇടപെടലുകൾ അന്ന് പ്രബലമായിരുന്ന ദേശീയവാദചരിത്രത്തിന്റെ ഗതി തിരിച്ചുവിടാൻ പര്യാപ്തമായിരുന്നു.
ഡി.ഡി. കോസാംബി എന്ന് അറിയപ്പെട്ട ദാമോദർ ധർമ്മാനന്ദ് കൊസാംബിയായി രുന്നു ഈ വഴിത്തിരിവിന്റെ കേന്ദ്രം. റൊമിലാഥാപ്പർ പിൽക്കാലത്ത് രേഖപ്പെടുത്തിയതുപോലെ ഇന്ത്യാ ചരിത്ര രചനയിലെ വിചാരമാതൃകാവ്യതിയാനങ്ങളിലൊന്നായിരുന്നു (paradigm shift) കൊസാംബിയുടെ ഇടപെടൽ. പത്തൊമ്പതാം നൂറ്റാണ്ടിൽ സർ ജെയിംസ് മിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിൻസെന്റ് സ്മിത്ത് എന്നിവർ നടത്തിയ ഇടപെടലുകളാണ് അതിനുമുമ്പ് ഇന്ത്യൻ ചരിത്രവിജ്ഞാനത്തിലെ നിർണ്ണായക വഴി ത്തിരിവുകളായത്. അവർ ജന്മം നൽകിയ മതാത്മക ചരിത്രത്തെയും രാഷ്ട്രീയ ചരിത്രത്തെയും മറികടന്നുകൊണ്ട് ഉല്പാദനവ്യവസ്ഥയെ മുൻനിർത്തി ചരിത്രപഠനത്തെ പൊളിച്ചുപണിയുകയാണ് കൊസാംബി ചെയ്തത്. ഉല്പാദന ഉപാധികളിലും ഉല്പാദന വ്യവസ്ഥയിലും ഉണ്ടാകുന്ന പരിവർത്തനങ്ങളുടെ കാലക്രമ വിവരണമായി ചരിത്രത്തെ നോക്കിക്കാണാൻ കൊസാംബി തയ്യാറായി. ഇതിനെ യാന്ത്രികമായ ഒരു പ്രമാണമാകാൻ അനുവദിക്കാതെ, താൻ വികസിപ്പിച്ചെടുത്ത ഫീൽഡ് സർവ്വെ പോലുള്ള സമീപനങ്ങളെയും വിവിധ വിജ്ഞാനശാഖകളിലെ അറിവുകളെ കൂട്ടിയിണക്കുന്ന അന്തർവൈജ്ഞാനികമായ രീതിശാസ്ത്രത്തെയും മുൻനിർത്തി അത്യന്തം സർഗ്ഗാത്മകമായ ഒരു ചരിത്രാഖ്യാനരീതിക്ക് കൊസാംബി ജന്മം നൽകി. ഇന്ത്യാ ചരിത്രത്തിലെ കേന്ദ്രപ്രമേയങ്ങളിലൊന്നായി ജാതിബന്ധങ്ങളെ നോക്കിക്കണ്ട കൊസാംബി, ജാതിയെ പ്രാചീന സമൂഹത്തിലെ വർഗ്ഗരൂപം തന്നെയായി കാണുകയും ചെയ്തു. ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ ഉല്പാദകരിൽ നിന്ന് മിച്ചമൂല്യം കവർന്നെടുക്കാൻ കഴിയുന്ന വിധത്തിലുള്ള, സാമൂഹ്യാവബോധനിർമ്മിതിയുടെ മതാത്മകരൂപമാണ് ജാതി എന്ന് കൊസാംബി വ്യക്തമാക്കുന്നുണ്ട്. ‘Caste is a class at a primitive level of production, religious method of forming social consciousness in such a manner that the primary producer is deprived of his surplus with the minimum coercion’). ജാതിയെ സാംസ്‌കാരിക ഉപരിഘടനയിലെ അനുബന്ധങ്ങളിലൊന്നായി ചുരുക്കാതെ, ഉല്പാദനവ്യവസ്ഥാപരമായ അടിത്തറയുമായി അതിനെ കൂട്ടിയിണക്കുന്നതും അതേസമയം അതിന്റെ പ്രത്യയശാസ്ത്രപരമായ പ്രകൃതത്തെ നിഷേധിക്കാത്തതുമായ, അത്യന്തം സൂക്ഷ്മമായ വിശദീകരണമായിരുന്നു കൊസാംബിയുടേത്.
കൊസാംബിയുടെ കൃതികൾ ഒരു വഴിത്തിരിവിന്റെ ആരംഭമായിരുന്നു. ഇന്ത്യാ ചരിത്രപഠനത്തിനൊരു മുഖവുര (1956), മിത്തും യാഥാർത്ഥ്യവും (1962), പ്രാചീന ഇന്ത്യയുടെ സംസ്‌കാരവും നാഗരികതയും : ചരിത്രപരമായ രൂപരേഖ (1965) എന്നീ കൃതികൾ ചരിത്രവിജ്ഞാനീയത്തെ ‘ഉല്പാദനത്താൽ കൂട്ടിയിണക്കപ്പെട്ട’തായി സമൂഹത്തെ കാണുകയും അതിന്റെ ചരിത്രം വിശദീകരിക്കുകയുമാണ് ചെയ്തത്. (History is the presentation, in chronological order, of successive developments in the means and relations of production.). കൊസാംബിയുടെ ഇടപെടലുകൾക്ക് സമാന്തരമായി ആർ.എസ്. ശർമ്മ ഇന്ത്യയിലെ ശൂദ്രന്മാരെക്കുറിച്ചുള്ള തന്റെ നിർണ്ണായകഗ്രന്ഥം പ്രസിദ്ധീകരിച്ചു. (Sudras in Ancient India - 1958). ഇന്ത്യൻ ഫ്യൂഡലിസത്തെക്കുറിച്ച് 1965-ൽ ആർ.എസ്. ശർമ്മ പ്രസിദ്ധീകരിച്ച ഗ്രന്ഥമാകട്ടെ, ഇന്ത്യാ ചരിത്ര പഠനമേഖലയിൽ മാർക്‌സിസ്റ്റ് ചരിത്ര സിദ്ധാന്തത്തെ മുൻനിർത്തിയുള്ള വലിയൊരു സംവാദത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ഇതേ കാലത്തും തൊട്ടു പിന്നാലെയുമുള്ള പതിറ്റാണ്ടുകളിലുമായി മാർക്‌സിസ്റ്റ് സമീപനം ഉപയോഗപ്പെടുത്തി പ്രാചീന ഇന്ത്യാ ചരിത്രത്തെ പഠനവിധേയമാക്കാൻ ശ്രമിക്കുന്ന വലിയൊരുകൂട്ടം ചരിത്രരചയിതാക്കൾ രംഗത്തെത്തി. റൊമിലാഥാപ്പറുടേതാണ് അതിൽ ഏറ്റവും ഉയർന്നപേര്. മൗര്യസാമ്രാജ്യത്തിന്റെ പതനത്തെക്കുറിച്ചുള്ള അവരുടെ വിഖ്യാത ഗ്രന്ഥം 1963-ൽ തന്നെ പുറത്തുവന്നു. തുടർന്നുള്ള അഞ്ച് ദശകങ്ങളിലെ ഇന്ത്യാ ചരിത്രത്തിലെ മാർക്‌സിസ്റ്റ് ഇടപെടലുകളുടെ ഏറ്റവും ശ്രദ്ധേയമായ മുഖം റൊമിലാഥാപ്പറുടേതാണ്. ഥാപ്പർക്ക് പിന്നാലെ ഡി.എൻ. ഝാ, ബി.എസ്.എൻ. യാദവ്, കെ.എം. ശ്രീമാലിഎന്നിങ്ങനെ നിരവധി പേർ പ്രാചീന ഇന്ത്യയെ ഉല്പാദനവ്യവസ്ഥാപരമായി പഠനവിധേയമാക്കാൻ ശ്രമിച്ചുകൊണ്ട് ചരിത്രവിജ്ഞാനമേഖലയിൽ സജീവമായി ഇടപെട്ടവരായുണ്ട്.
പ്രാചീന ഇന്ത്യാചരിത്രപഠനമേഖലയിലെ ഈ വഴിത്തിരിവ് ഇന്ത്യാ ചരിത്രത്തിലെമറ്റു സന്ദർഭങ്ങളേയും പ്രവണതകളേയും പുതുതായി വിശദീകരിക്കുന്നതിന് വഴിതുറന്നു. മധ്യകാല ഇന്ത്യാ ചരിത്രത്തിൽ മാർക്‌സിസ്റ്റ് പഠനപദ്ധതി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര, നൂറുൾ ഹസ്സൻ, ഹർബൻസ് മുഖ്യ എന്നിങ്ങനെ നിരവധിപേർ രംഗത്തെത്തി. ഇർഫാൻ ഹബീബിന്റെ മുഗൾ ഇന്ത്യയിലെ കാർഷികവ്യവസ്ഥയെക്കുറിച്ചുള്ള പഠനം (Agrarian System in Mugal India - 1963) ഇന്ത്യാ ചരിത്രപഠനമേഖലയിലെ മഹാഗ്രന്ഥങ്ങളിലൊന്നായി പരിണമിച്ച കൃതിയാണ്. ആധുനിക ഇന്ത്യാചരിത്രത്തിലും ഇർഫാൻ ഹബീബ് നിർണ്ണായകമായ സംഭാവനകളാണ് നൽകി യത്. അദ്ദേഹത്തോടൊപ്പം എ.കെ. ബാഗ്ചി, സവ്യസാചി ഭട്ടാചാര്യ, ബിപൻ ചന്ദ്ര തുടങ്ങിയ പലരും ആധുനിക ഇന്ത്യയുടെ ചരിത്രവിശകലനത്തിന് മാർക്‌സിസ്റ്റ് സമീക്ഷ ഉപയോഗപ്പെടുത്തിയവരാണ്. ഇവരിൽ പലരും, പ്രത്യേകിച്ച് ബിപൻചന്ദ്രയെപ്പോലുള്ളവർ, കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധം പുലർത്തിയിട്ടില്ല. മാർക്‌സിസ്റ്റ് രാഷ്ട്രീയകാര്യപരിപാടിയെ അവർ അംഗീകരിച്ചുവെന്നും പറയാനാവില്ല. എങ്കിലും അവരുടെ ചരിത്രവിചാരത്തിൽ മാർക്‌സിസം സുപ്രധാനമായ പ്രേരണകളിലൊന്നായിരുന്നു എന്നത് തർക്കരഹിതമായ വസ്തുതയാണ്.
ഇന്ത്യാചരിത്രത്തിലെ ചില സവിശേഷപ്രവണതകളെ മാർക്‌സിസ്റ്റ് സമീക്ഷയെ മുൻനിർത്തി പഠനവിധേയമാക്കാനുള്ള ശ്രമങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രബലമായി. ആധുനിക ഇന്ത്യയുടെ ബൗദ്ധിക ചരിത്രം, ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം, വർഗ്ഗീയതയുടെ രൂപപ്പെടലും വ്യാപനവും തുടങ്ങിയ വിഷയങ്ങളാണ് മാർക്‌സിസ്റ്റ് ചരിത്രപഠിതാക്കളുടെ ശ്രദ്ധ പതിഞ്ഞ സുപ്രധാന സംഭവങ്ങൾ. ബംഗാൾ നവോത്ഥാനത്തെക്കുറിച്ച് സുശോഭൻ സർക്കാർ 1946-ൽ എഴുതിയ പഠനം മുതൽ തന്നെ ആധുനിക ഇന്ത്യയുടെ ബൗദ്ധിക ചരിത്രം മാർക്‌സിസ്റ്റ് ചരിത്രപഠിതാക്കളുടെ താത്പര്യമേഖലയാണ്. പിന്നീട് സുമിത് സർക്കാർ, കെ.എൻ. പണിക്കർ, ബരുൺ ഡേ, അശോക് സെൻ എന്നിങ്ങനെ പലരും ബൗദ്ധികചരിത്രപഠനമേഖലയിൽ നിർണ്ണായകമായി ഇടപെട്ടു. ആശയാനുഭൂതികളുടെ ലോകത്തെ ഉപരിഘടനാപരമായ ഉപപ്രതിഭാസമായി കാണുന്നതിനെ തടയുന്നതിൽ ഇവർ വലിയ സംഭാവനയാണ് നൽകിയത്. ഇന്ത്യയിലെ മാർക്‌സിസ്റ്റ് വിചിന്തനത്തെ സർഗ്ഗാത്മകമായി നവീകരിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകിയ ഇടപെടലുകളിലൊന്നും ഇവരുടേതാണ്. ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനങ്ങളെ ഇതിന്റെ തുടർച്ചയിൽ പരിഗണിക്കാവുന്നതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം പഠനവിധേയമാക്കിയ മാർക്‌സിസ്റ്റ് പഠിതാക്കളെല്ലാം തന്നെ ദേശീയപ്രസ്ഥാനത്തെയും സുപ്രധാനമായ അന്വേഷണവിഷയമാക്കി. ബിപൻചന്ദ്രയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സമരം (India’s Struggle for Independance - 1988) ഈ ദിശയിലെ സുപ്രധാന ഇടപെടലുകളിലൊന്നാണ്. മാർക്‌സിസ്റ്റ് രചന എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സൗമൂഹ്യ അടിസ്ഥാനങ്ങളെയും ഭൗതിക ബന്ധങ്ങളെയും കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ അന്വേഷണങ്ങളിലൊന്നാണ് ആ ഗ്രന്ഥം. ഒരർത്ഥത്തിൽ 1922-ൽ എം.എൻ. റോയി ആരംഭിച്ച മാർക്‌സിസ്റ്റ് ചരിത്രപഠനത്തിൽ ഇപ്പോഴും പ്രബലമായ അന്വേഷണ വിഷയങ്ങളിലൊന്ന് ദേശീയതയും ദേശീയപ്രസ്ഥാനവുമാണ് എന്നു പറയാം.
ഇങ്ങനെ വ്യത്യസ്ത കൈവഴികളിലൂടെയും പലതരം ഊന്നലുകളിലൂടെയും കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ഇന്ത്യാ ചരിത്രരചനയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മാർക്‌സിസ്റ്റ് സമീക്ഷയുടെയും സാന്നിധ്യം പ്രബലമായി തുടരുന്നുണ്ട്. ഈ അന്വേഷണങ്ങൾ മാർക്‌സിസത്തെക്കുറിച്ചുള്ള ഏകശിലാത്മകമായ ധാരണയാണ് അവതരിപ്പിക്കുന്നത് എന്നു പറയാനാവില്ല. പ്രമുഖ മാർക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം പറയുന്നതുപോലെ മാർക്‌സിസ്റ്റ് ചരിത്രം ഇന്ന് ബഹുരൂപിയാണ്. (Marxist history is plural today). ഇന്ത്യാ ചരിത്രത്തിന്റെ മേഖലയിലെ മാർക്‌സിസ്റ്റ് ഇടപെടലുകളെക്കുറിച്ച്പറയാവുന്നതും മറ്റൊന്നല്ല. ബഹുരൂപിയായിരിക്കെത്തന്നെ മാർക്‌സിസ്റ്റ് ധൈഷണികതയുടെ ഏറ്റവും സർഗ്ഗാത്മകമായ രൂപമായും അതു നിലകൊള്ളുന്നു. ഇതേ അളവിലും അനുപാതത്തിലും അല്ലെങ്കിൽ ആധുനിക ഇന്ത്യയിലെ ധൈഷണികവും സർഗ്ഗാത്മകവുമായ ഇതര മേഖലകളിലും - സാഹിത്യം, വിമർശനം, രാഷ്ട്രീയചിന്ത, തത്ത്വശാസ്ത്രം, ഇതിഹാസപഠനം, നരവംശവിജ്ഞാനം, ശാസ്ത്രചരിത്രം എന്നിങ്ങനെയുള്ള എണ്ണമറ്റമേഖലകൾ - കമ്യൂണിസ്റ്റ് പ്രസ്ഥാനവും മാർക്‌സിസ്റ്റ് ധൈഷണികതയും ചെലുത്തിയ സ്വാധീനം അത്യന്തം വിപുലമാണ്. ഒരു ലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങാത്തതും ബൃഹത്തായ ഒരു പുസ്തകത്തിന്റെ രൂപത്തിൽ മാത്രം രേഖപ്പെടുത്താൻ കഴിയുന്നതുമായ ഒന്നാണത്. അവയുടെയാകെ സമഗ്രമായ ഒരു ചരിത്രം രേഖപ്പെടുത്തിയാൽ അത് ആധുനിക ഇന്ത്യയുടെ ധൈഷണിക ചരിത്രം കൂടിയായിത്തീരും എന്നതിൽ സംശയമില്ലതാനും.