സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും
എം ബി രാജേഷ്
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട നൂറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആധുനിക ഇന്ത്യ എന്ന ആശയം നിർമ്മിക്കുന്നതിലും വികസിപ്പിക്കുന്നതിലുമുള്ള അതിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾ നാം സമഗ്രമായി വിലയിരുത്തേണ്ടതാണ്.അതിലേറ്റവും നിർണായകമാണ് സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക്. അത് കേവല പങ്കാളിത്തത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും സ്വഭാവത്തേയും ഉള്ളടക്കത്തേയും ആഴത്തിൽ സ്വാധീനിച്ച ഒന്നാണ്. സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വമായി ഉയരാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അന്നു കഴിഞ്ഞില്ലെന്ന പരിമിതിയുണ്ടെങ്കിലും അനുഭവിച്ച ത്യാഗങ്ങളും സഹനങ്ങളും നൽകിയ സംഭാവനകളും നിസ്സീമമാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സജീവമായ വിപ്ലവ ധാരയുടെചാലക ശക്തിയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി.
പൂർണ്ണ സ്വാതന്ത്ര്യം
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസിന്റെ വർഗ്ഗപരമായ പരിമിതികൾ തുറന്നു കാണിച്ചും അതിനെ മറികടക്കാൻ കഴിയുന്ന സൈദ്ധാന്തിക നിലപാടും പ്രവർത്തന പരിപാടികളും ആവിഷ്കരിച്ചും അതോടൊപ്പം കോൺഗ്രസിനോടും അവർ നയിച്ച ദേശീയ പ്രസ്ഥാനത്തോടുമുള്ള വിമർശനാത്മകമായ സഹകരണം തുടർന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തിൽ സവിശേഷമായ സ്വന്തം പങ്കു നിർവ്വഹിച്ചത്. രൂപംകൊണ്ട കാലം മുതൽ സ്വാതന്ത്ര്യ സമരത്തിലുടനീളം കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗപരവും വിപ്ലവകരവുമായ ഈ തനിമ തെളിഞ്ഞു കാണാനാവും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആദ്യമായി പൂർണ്ണ സ്വാതന്ത്ര്യം എന്ന നിർണായക മുദ്രാവാക്യമുയർത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവാത്തതാണ്. 1920ൽ താഷ് കെൻറിൽ വെച്ച് രൂപീകരിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ഇന്ത്യക്ക് പൂർണ്ണസ്വാതന്ത്ര്യം എന്ന ആവശ്യം പാർട്ടി ഉയർത്തി. 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ കമ്യൂണിസ്റ്റുകാരായ രണ്ടു പേർ- മൗലാനാ ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും- അവതരിപ്പിച്ച പ്രമേയത്തിൽ സ്വരാജ് എന്നത് “എല്ലാ വൈദേശിക നിയന്ത്രണങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ സ്വാതന്ത്ര്യം” എന്നു നിർവ്വചിക്കാൻ ആവശ്യപ്പെട്ടു. (ഇങ്ക്വിലാബ്സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമുയർത്തിയ ഹസ്രത്ത് മൊഹാനി പ്രസിദ്ധമായ ‘ചുപ് കേ ചുപ് കേ’ എന്നു തുടങ്ങുന്ന ഗസലിന്റെ രചയിതാവുമാണ് ) എന്നാൽ ഈ പ്രമേയം എതിർത്തത് സാക്ഷാൽ മഹാത്മാഗാന്ധി തന്നെയായിരുന്നു.”നിരുത്തരവാദപരമായ ഈ പ്രമേയം എന്നെ ദുഃഖിപ്പിക്കുന്നു” എന്നു പറഞ്ഞാണ് ഗാന്ധിജി പൂർണ്ണ സ്വാതന്ത്ര്യം എന്ന കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടു വച്ച മുദ്രാവാക്യത്തെ എതിർത്തത്. 1922 ലെ ഗയ കോൺഗ്രസ് സമ്മേളനത്തിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ എം.എൻ.റോയി തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ ഇപ്രകാരം ആവശ്യപ്പെട്ടു.” ദേശീയ വിമോചന പോരാട്ടത്തിന്റെ നേതൃത്വമെന്ന നിലയിൽ കോൺഗ്രസ്, തങ്ങളുടെ ലക്ഷ്യം സാർവത്രിക വോട്ടവകാശമെന്ന ജനാധിപത്യ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പൂർണ്ണമായും സ്വതന്ത്രമായ ഒരു ദേശീയ ഗവൺമെന്റിൽ കുറഞ്ഞ യാതൊന്നുമല്ല എന്ന് ധീരവും അസന്ദിഗ്ദ്ധവുമായ വാക്കുകളില്‍ പ്രഖ്യാപിക്കണം” എന്ന് വീണ്ടും ആവശ്യപ്പെട്ടു. കമ്യുണിസ്റ്റുകാർ ഈ ആവശ്യം നിരന്തരമായി ഉയർത്തിക്കൊണ്ടിരുന്നു. കോൺഗ്രസ് ഡൊമിനിയൻ പദവി എന്ന ആവശ്യത്തിൽ തൃപ്തിപ്പെടുന്നതും തുടർന്നു. 1927 ലെ മദ്രാസ് കോൺഗ്രസ് സമ്മേളനത്തിൽ പൂർണ്ണ സ്വരാജ് പ്രമേയം നെഹ്റു അവതരിപ്പിച്ചപ്പോൾ പിന്താങ്ങിയതും കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായിരുന്ന ജോഗ് ലേക്കർ ആയിരുന്നു. 1928 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനമായപ്പോഴേക്കും പൂർണ്ണ സ്വാതന്ത്ര്യമെന്ന കമ്യൂണിസ്റ്റ് ആവശ്യത്തിന് സുഭാഷ്ചന്ദ്രബോസിന്റെ പിന്തുണ ലഭിച്ചു. 1928 ലെ കൊൽക്കത്ത കോൺഗ്രസിൽ പൂർണ്ണസ്വാതന്ത്യം എന്നത് ലക്ഷ്യമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് തുണിമിൽ തൊഴിലാളികളും പാവപ്പെട്ടവരുമായ 50,000 ത്തോളം പേരെ അണിനിരത്തി കമ്യൂണിസ്റ്റുകാരടക്കമുള്ള എല്ലാ ഇടതു പക്ഷക്കാരുടേയും നേതൃത്വത്തിൽ റാലി നടന്നു. ഒടുവിൽ 1930 ലാണ് കോൺഗ്രസ് പൂർണ്ണ സ്വാതന്ത്ര്യം തങ്ങളുടെ ലക്ഷ്യമായി അംഗീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഈ ആവശ്യം ഉയർത്തി ഏകദേശം ഒരു പതിറ്റാണ്ടോളമായപ്പോൾ!
പ്രവർത്തനം വ്യാപിക്കുന്നു
അന്നത്തെ സാർവ്വദേശീയവും ദേശീയവുമായ സംഭവവികാസങ്ങൾ ഇന്ത്യയിലും സോഷ്യലിസ്റ്റ് ആശയങ്ങളും മാർക്സിയൻ ദർശനവും വ്യാപിക്കുന്നതിന് കാരണമായി.ഇതിൽ ഏറ്റവും പ്രധാനം 1917 ലെ റഷ്യൻ വിപ്ലവം തന്നെയായിരുന്നു. ദേശാഭിമാനപ്രചോദിതരായി നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ചെറുപ്പക്കാരിൽ വലിയൊരു പങ്ക് അതിന്റെ ഫലത്തിലും ഗാന്ധിയൻ ആശയങ്ങളിലും നിരാശരായി മാറിയിരുന്നു.അവർ മാർക്സിസത്തിലും സോഷ്യലിസ്റ്റാശയങ്ങളിലും ആകൃഷ്ടരായി.
1920 നു ശേഷം ഇന്ത്യയിൽ പലയിടത്തും, പ്രത്യേകിച്ച് മുംബൈ, കൽക്കത്ത, കാൺപൂർ, മദ്രാസ്, ലാഹോർ എന്നിവിടങ്ങളിലെല്ലാം കമ്യുണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മുംബൈയിൽ എസ്.എ.ഡാങ്കേയുടെ നേതൃത്വത്തിൽ ഗാന്ധിയും ലെനിനും എന്ന ലഘുലേഖയും ദി സോഷ്യലിസ്റ്റ് എന്ന പേരിൽ ഇന്ത്യയിൽ ആദ്യത്തെ സോഷ്യലിസ്റ്റ് വാരികയും ആരംഭിച്ചു. ബംഗാളിൽ മുസഫർ അഹമ്മദ് ആദ്യം നവയുഗ്, പിന്നീട് പ്രശസ്ത കവി നസ്റുൾ ഇസ്ലാമിനൊപ്പം ലാംഗൽ എന്നീ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. പഞ്ചാബിൽ ഗുലാം ഹുസൈനും മറ്റും ചേർന്നു തുടങ്ങിയ ഇൻക്വിലാബ്, മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ലേബർ - കിസാൻ ഗസറ്റ് എന്നിവയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഇങ്ങനെ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ 1925 ഡിസംബറിൽ കാൺപൂരിൽ ആദ്യത്തെ അഖിലേന്ത്യാ കമ്യൂണിസ്റ്റ് കോൺഫറൻസിനായി ഒത്തുചേർന്നു. കമ്യുണിസ്റ്റ് പാർട്ടി അംഗങ്ങളോടെല്ലാം കോൺഗ്രസിൽ അംഗങ്ങളായി ചേരാനും എല്ലാ ദേശീയ- പുരോഗമന ശക്തികളോടും ഐക്യപ്പെടാനും ആഹ്വാനം ചെയ്യുകയും കോൺഗ്രസിനെ കൂടുതൽ പുരോഗമനപരമായ ഒരു സംഘടനയായി പരിവർത്തിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തു. അതേ സമയം തന്നെ ബ്രിട്ടീഷുകാർക്ക് ‘മാനസാന്തരം’ വരുത്തുകയെന്നതുപോലുള്ള സിദ്ധാന്തങ്ങളും നിലപാടിലെ ആശയക്കുഴപ്പവും ലക്ഷ്യത്തിലെ അവ്യക്തതയും എങ്ങനെ കോൺഗ്രസിന്റെ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകുന്നുവെന്ന നിശിത വിമർശനവും കമ്യൂണിസ്റ്റുകാർ ഉന്നയിച്ചു. ദേശീയ സ്വാതന്ത്ര്യം നേടിയെടുക്കാൻ, ജനങ്ങളെ വൻതോതിൽ ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ അവരുടെ ജീവിത പ്രശ്നങ്ങളെ ആസ്പദമാക്കിയ വ്യക്തമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ള നിശ്ചയദാർഢ്യമുള്ള പോരാട്ടം അനിവാര്യമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി വാദിച്ചു. 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ ഇപ്രകാരം ആവശ്യപ്പെട്ടു: “ട്രേഡ് യൂണിയനുകളുടെ ആവശ്യം സ്വന്തം ആവശ്യവും കിസാൻ സഭയുടെ പരിപാടി സ്വന്തം പരിപാടിയുമാക്കാൻ കോൺഗ്രസ് തയ്യാറായാൽ സ്വന്തം ഭൗതിക താൽപര്യങ്ങൾക്കായി പൊരുതുന്ന ജനതയുടെ മുഴുവൻ അപ്രതിരോധ്യമായ പിന്തുണ നേടാൻ കോൺഗ്രസിനാവും.”
കമ്യൂണിസ്റ്റുകാർ ആദ്യകാലത്ത് പ്രധാനമായും സ്വീകരിച്ച രീതി തൊഴിലാളി-കർഷക പാർട്ടികൾ സംഘടിപ്പിച്ച് അവയിലുടെ പ്രവർത്തിക്കുക എന്നതായിരുന്നു. മുസഫർ അഹമ്മദും ക്വാസി നസ്റുൾ ഇസ്ലാമും ഹേമന്ത കുമാർ സർക്കാരും മറ്റും ചേർന്ന് 1925ൽ ബംഗാളിൽ രൂപീകരിച്ച ലേബർ സ്വരാജ് പാർട്ടി ഇതിൽ ആദ്യത്തേതായിരുന്നു. 1926ൽ ബോംബെയിൽ കോൺഗ്രസ് ലേബർ പാർട്ടിയും പഞ്ചാബിൽ കീർത്തി കിസാൻ പാർട്ടിയും നിലവിൽ വന്നു. ഇങ്ങനെയുള്ള പ്രവിശ്യാടിസ്ഥാനത്തിലുള്ള പാർട്ടികളെല്ലാം ചേർന്നാണ് 1928ൽ ആൾ ഇന്ത്യാ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാര്‍ട്ടി (പി.ഡബ്ല്യു പി.) നിലവിൽ വന്നത്. കമ്യുണിസ്റ്റുകാരെല്ലാം ഇതിൽ അംഗങ്ങളായിരുന്നു. പി.ഡബ്ല്യു.പി. ദേശീയ വിമോചനത്തിന്റേയും കാർഷിക വിപ്ലവത്തിന്റേയും പരിപാടി അംഗീകരിച്ച വിശാല സ്വഭാവമുള്ള ഒരു സംഘടനയായിരുന്നു. കോൺഗ്രസിനുള്ളിൽ നിന്നു തന്നെ പ്രവർത്തിച്ച പി.ഡബ്ല്യു.പി.യിൽ കമ്യൂണിസ്റ്റുകാർ അംഗങ്ങളായത് കോൺഗ്രസിന് കൂടുതൽ പുരോഗമനപരമായ ഒരു ദിശാബോധം നൽകുക, അതോടൊപ്പം സ്വതന്ത്രമായി തൊഴിലാളികളേയും കൃഷിക്കാരേയും വർഗ്ഗാടിസ്ഥാനത്തിൽ സംഘടിപ്പിക്കുക, അതിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ വിശാലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്. പി.ഡബ്ല്യു.പി. യുടെ 1928ൽ നടന്ന പ്രഥമ കോൺഗ്രസ് പൂർണ്ണസ്വാതന്ത്ര്യം എന്ന കമ്യൂണിസ്റ്റുകാർ ഉയർത്തിയ ആവശ്യം ഉന്നയിച്ച് പ്രമേയം പാസ്സാക്കി. രണ്ടു വർഷം കൂടി കഴിഞ്ഞാണ് കോൺഗ്രസ് ഈ ആവശ്യം ഉയർത്തുന്നത്. ഒരു ദശകത്തോളം കമ്യുണിസ്റ്റുകാർ ഇങ്ങനെ കോൺഗ്രസിനകത്തും പുറത്തുമായി പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രവർത്തനത്തിനൊടുവിൽ കോൺഗ്രസിനും അത് അംഗീകരിക്കേണ്ടി വന്നു. ഈ പ്രവർത്തനങ്ങളിലൂടെ കമ്യൂണിസ്റ്റു പാർട്ടി സ്വതന്ത്രമായ ഒരു ബഹുജനാടിത്തറ കെട്ടിപ്പടുക്കാനാണ് പരിശ്രമിച്ചത്. ഇതിനു മാർഗ്ഗദർശകമായത് ലെനിൻ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ അവതരിപ്പിച്ചതും കോൺഗ്രസ് അംഗീകരിച്ചതുമായ കൊളോണിയൽ തീസിസ് ആയിരുന്നു. സാർവ്വദേശീയ വീക്ഷണവും സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അവഗാഹവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തങ്ങൾ നടത്തുന്ന സമരം സാമ്രാജ്യത്വത്തിനെതിരായ ആഗോള സമരത്തിന്റെ അഭേദ്യ ഭാഗമാണ് എന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുകാരിൽ സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ശക്തമായ ജനകീയ പോരാട്ടങ്ങളിലൂടെ മാത്രമേ നേടാനാവൂ എന്നും അതിന്റെ അച്ചുതണ്ട് നാടുവാഴിത്ത വ്യവസ്ഥയെ തകർക്കുന്ന കാർഷിക വിപ്ലവമാണ് എന്ന ശാസ്ത്രീയ ധാരണയുടെ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്. ഈ ശാസ്ത്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്രമായൊരു ജനകീയാടിത്തറ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് തൊഴിലാളികൾ, കർഷകർ, ബഹുജനങ്ങൾ എന്നിവർക്കിടയിലുള്ള പ്രവർത്തനം പാര്‍ട്ടി ശക്തിപ്പെടുത്തിയത്.
ഈ പ്രവർത്തനങ്ങളുടെ ഫലമായി തൊഴിലാളി വർഗ്ഗത്തിനിടയിൽ കമ്യൂണിസ്റ്റുകാർക്ക് കാര്യമായ വേരോട്ടമുണ്ടാക്കാനായി. അപ്പോഴേക്കും ആഗോളതലത്തിൽ മുതലാളിത്ത പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇന്ത്യയിൽ തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾ ശക്തിപ്പെടാൻ ഇവിടുത്തെ സാമ്രാജ്യത്വ ചൂഷണത്തിനോടുള്ള എതിർപ്പിനൊപ്പം ഈ ആഗോള പശ്ചാത്തലവും കാരണമായി. ശക്തമായ കമ്യൂണിസ്റ്റ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്ന ബോംബെ, ഈ തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ മുഖ്യ കേന്ദ്രമായി മാറി. കമ്യൂണിസ്റ്റുകാർ ബോംബെയിൽ 324 അംഗങ്ങളുമായി രൂപീകരിച്ച ഗിർ നി കാംഗർ യുണിയൻ ഒരു വർഷത്തിനകം 65000 അംഗ സംഖ്യയിലേക്ക് വളർന്നു. ബോംബെക്കൊപ്പം കൽക്കത്ത, മദ്രാസ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലെല്ലാം ട്രേഡ് യൂണിയനുകളും പണിമുടക്ക് സമരങ്ങളും ശക്തിപ്പെട്ടു. രണ്ടു തൊഴിലാളികൾ രക്തസാക്ഷികളായ ഖരഗ്‌പൂർ റെയിൽവേ തൊഴിലാളി സമരം, ദക്ഷിണ റെയിൽവേ തൊഴിലാളികളുടെ പത്തു ദിവസത്തെ ഉശിരന്‍ പണിമുടക്ക്, സിവിൽ നിയമലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായ ദേശവ്യാപക സത്യഗ്രഹ പ്രസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾക്ക് നടുവിൽ നടന്ന ജി ഐപി റെയിൽവേ പണിമുടക്ക്, ആറു മാസം നീണ്ട ബോംബെയിലെ ടെക്സ്റ്റയിൽ തൊഴിലാളികളാകെ അണിനിരന്ന ഐതിഹാസിക പണിമുടക്ക് എന്നിവ ശ്രദ്ധേയമായ ചില തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളായിരുന്നു. 1928 ആയപ്പോഴേക്കും പണിമുടക്കുകളിൽ പങ്കെടുത്ത തൊഴിലാളികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. പണിമുടക്കകളുടെ ഫലമായി 3.1കോടി തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടു. 1929 ആയപ്പോഴേക്കും പണിമുടക്കുകളിലെ പങ്കാളിത്തം 5.32 ലക്ഷമായി വർദ്ധിച്ചു. ഈ സമരങ്ങളെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ്ണ സ്വാതന്ത്ര്യം, തൊഴിലാളി- കർഷക സർക്കാരിന്റെ നേതൃത്വത്തിലുള്ള പരമാധികാര രാഷ്ട്രം എന്നീ മുദ്രാവാക്യങ്ങളും ആശയങ്ങളും ജനലക്ഷങ്ങളിലേക്കെത്തിക്കാനും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തെ ഊർജ്ജസ്വലമാക്കാനും കാരണമായിത്തീർന്നു. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് ഡൊമിനിയൻ പദവി എന്ന പരിമിതാവശ്യത്തിൽ ഒതുങ്ങി നിൽക്കുകയും ചെയ്ത കാലയളവായിരുന്നു ഇത്.
ഗൂഢാലോചനക്കേസുകൾ
ഇതിന്റെ അപകടം ബ്രിട്ടീഷ് ഭരണകൂടവും അവരെ പിന്തുണയ്ക്കുന്നവരും വളരെ വേഗം തിരിച്ചറിഞ്ഞു. “കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ അസ്വസ്ഥതയും ഉത്കണ്ഠയും ഉളവാക്കുന്ന വ്യാപനം തടയാൻ ഗവൺമെന്റ് നടപടികൾ സ്വീകരിക്കു”മെന്ന് വൈസ്രോയിയായിരുന്ന ഇർവിൻ 1929ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രഖ്യാപിച്ചു. അതേ വർഷം തന്നെ ഇംഗ്ലണ്ടിലെ ദി മാഞ്ചസ്റ്റർ ഗാർഡിയൻ എന്ന പത്രം ഇങ്ങനെ എഴുതി. “വ്യവസായത്തൊഴിലാളികൾ പ്രത്യേകിച്ചും കുടില ബുദ്ധികളായ കമ്യൂണിസ്റ്റ് സംഘാടകരുടെ കയ്യിലെ ഉപകരണങ്ങളായി എന്ന് കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങൾ കാണിച്ചുതരുന്നു”. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മേലധികാരികൾക്ക് അയച്ച റിപ്പോർട്ടുകളിൽ “വാഹകരില്ലാതെ വ്യാപിക്കുകയും പ്രതിരോധിക്കുന്ന ശക്തികളിൽ നിന്ന് ഊർജ്ജം കൈവരിക്കുകയും ചെയ്യുന്ന കമ്യൂണിസം എന്ന ആശയത്തെ തടയുന്ന ജോലി ദുഷ്കരമാണെന്ന “ആശങ്ക അറിയിക്കുന്നുണ്ട്. കമ്മീഷണർമാരുടെ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അഭ്യർത്ഥന പ്രകാരം ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയ രഹസ്യ രേഖയിൽ പറയുന്നത് കമ്യൂണിസത്തെ നേരിടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ് എന്നാണ്. രഹസ്യ പ്രവർത്തനം നടത്തുന്ന നേതാക്കളേയും സംഘാടകരേയും വ്യക്തിഗതമായി ആക്രമിക്കുകയല്ലാതെ വഴിയില്ല. അതിനുള്ള അധികാരം നൽകണമെന്ന് രേഖ ആവശ്യപ്പെടുന്നു. “ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിന്റെ സജീവ പ്രവർത്തകരുടെയെല്ലാം നിറം ചുവപ്പാണ് “എന്നും രേഖയിൽ മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസുൾപ്പെടെയുള്ള സംഘടനകളിലും ട്രേഡ് യൂണിയനുകളിലും നഴഞ്ഞു കയറി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യുണിസ്റ്റുകാരുടെ പ്രവർത്തനശൈലിയെ കരുതിയിരിക്കണമെന്നും ഉദാഹരണങ്ങൾ നിരത്തി രഹസ്യരേഖ പറയുന്നു.
കമ്യുണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ മുളയിലേ നുള്ളിയില്ലെങ്കിൽ ആപത്താകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടികൾ അഴിച്ചുവിട്ടു. 1922-24കാലയളവിൽ തന്നെ സോവിയറ്റ് യൂണിയൻ വഴി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാക്കളെ ഗൂഢാലോചന കേസിൽ കുടുക്കി വേട്ടയാടിയിരുന്നു. പെഷവാർ ഗൂഢാലോചന കേസ് എന്ന് അറിയപ്പെട്ട അഞ്ചു കേസുകളാണ് അന്ന് ചുമത്തിയത്.അതിൽ ശിക്ഷിക്കപ്പെട്ടവരെ ദീർഘകാലം ജയിലിലടച്ചു.1924ൽ ഇന്ത്യയിലെ നവജാത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തെയാകെ കാൺപൂർ ബോൾ ഷെവിക് ഗൂഢാലോചന കേസിൽപ്പെടുത്തി വിചാരണ ചെയ്തു.എസ്.എ. ഡാങ്കേ, മുസഫർ അഹമ്മദ്, നളിനി ഗുപ്ത, ഷൗക്കത്ത് ഉസ്മാനി എന്നിവരെ നാലു വർഷത്തെ തടവു ശിക്ഷക്കു വിധിച്ചു. 1929 ആകുമ്പോഴേക്കും ബ്രിട്ടീഷ് ഗവൺമെന്റ് അടിച്ചമർത്തൽ നടപടികൾ കൂടുതൽ കടുപ്പിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ തടയാൻ 1928ൽ ബ്രിട്ടീഷ് ഭരണകൂടം പബ്ലിക് സേഫ്റ്റി ബിൽ കൊണ്ടുവന്നു. ലെജിസ്ലേറ്റീവ് അസംബ്ലി ബില്ല് തള്ളി യെങ്കിലും 1929ൽ പ്രത്യേക ഓർഡിനൻസായി വീണ്ടും കൊണ്ടുവന്നു. 1929 മാർച്ചിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായ മുസഫർ അഹമ്മദ്, എസ്.എ. ഡാങ്കേ, പി.സി.ജോഷി, ഷൗക്കത്ത്ഉസ്മാനി എന്നിവരുൾപ്പെടെ 31 ട്രേഡ് യൂണിയൻ-രാഷ്ട്രീയ നേതാക്കളെ മീററ്റ് ഗൂഢാലോചനക്കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. അവരിൽ ഇന്ത്യയിൽ ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിന് സഹായിക്കാനായി എത്തിയ മൂന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാർ - ഫിലിപ്പ് സ്പ്രാറ്റ്, ബെൻ ബ്രാഡ്ലി, ലെസ്റ്റർ ഹച്ചിൻസൺ - എന്നിവർ ഉൾപ്പെടെ പകുതിപ്പേരും കമ്യൂണിസ്റ്റുകാരായിരുന്നു.ദേശീയ പ്രസ്ഥാനത്തിൽ നിന്ന് കമ്യുണിണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി തകർക്കുകയും അവർ കെട്ടിപ്പടുത്ത ട്രേഡ് യൂണിയനുകളെ നശിപ്പിക്കുകയും ചെയ്യലായിരുന്നു ഉദ്ദേശ്യം. മീററ്റ് ഗൂഢാലോചനക്കേസ് ദേശീയ ശ്രദ്ധയിലേക്കുയർന്നു. മഹാത്മാഗാന്ധി മീററ്റ് തടവുകാരെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. മോട്ടിലാൽ നെഹ്റു പ്രസിഡന്റും ജവഹർലാൽ നെഹ്റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് പണം കണ്ടെത്താൻ ഡിഫൻസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ കേസ് നടത്താൻ പണം കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്ന് പിൽക്കാലത്ത് നെഹ്റു പറഞ്ഞിട്ടുണ്ട്. കേസ് വാദിക്കാൻ ജവഹർലാൽ നെഹ്റു, എം.എ.അൻസാരി, എം.സി. ഛഗ്ള എന്നീ ദേശീയ വാദികളായ നേതാക്കൾ തന്നെ മുന്നോട്ടുവന്നു. ബ്രിട്ടനിലെ തൊഴിലാളി വർഗ്ഗം തന്നെ മീററ്റ് കേസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. ആൽബർട്ട് ഐൻസ്റ്റൈന്‍, റൊമാങ് റോളാങ്, ഹാരോൾഡ് ലാസ്കി തുടങ്ങിയ അക്കാലത്തെ മഹാരഥൻമാരായ ബുദ്ധിജീവികൾ പലരും മീററ്റ് ഗൂഢാലോചന കേസി നെതിരെ രംഗത്തുവന്നു.
1933 ജനുവരി 16ന് 31 പ്രതികളിൽ 4 പേരൊഴികെ മറ്റെല്ലാവരേയും നാടുകടത്തലിനും കഠിന തടവിനും ശിക്ഷിച്ചു കൊണ്ടുള്ള വിധിയുണ്ടായി. കമ്യൂണിസ്റ്റുകാർ പണിമുടക്കുകളും ഹർത്താലുകളും നിരന്തരം സംഘടിപ്പിക്കുകയും വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഗവൺമെന്റിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റാരോപണം കോടതി ശരിവെച്ചു. മുസഫർ അഹമ്മദിനെ ജീവിതകാലം മുഴുവൻ നാടുകടത്താൻ വിധിച്ചു. എസ്.വി. ഘാട്ടെ, എസ്.എ.ഡാങ്കേ, കെ.എൻ. ജോഗ് ലേക്കർ, ആർ.എസ്. നിംബ്കർ, ഫിലിപ്പ് സ്പ്രാറ്റ് എന്നിവരെ 12 വർഷത്തേക്കും നാടുകടത്തി. മറ്റുള്ള പ്രതികളും വിവിധ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടു. എന്നാൽ, പ്രതികളായ കമ്യുണിസ്റ്റുകാർ വിപ്ലവകരമായ രാഷ്ട്രീയ പ്രതിബദ്ധതയോടെയാണ് കേസിനെ നേരിട്ടത്. ബ്രിട്ടീഷുകാരോട് നിരന്തരം മാപ്പപേക്ഷിച്ച സവർക്കറുടെ അപമാനകരമായ നിലപാടിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു അത്. കോടതി മുറിയേയും വിചാരണയേയും കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനും ദേശീയ വിമോചനമെന്ന ലക്ഷ്യത്തിനായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കാനുമുള്ള അവസരമായി അവർ ഉപയോഗിച്ചു. വിചാരണ വേളയിൽ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രസ്താവന ഭാവി ഇന്ത്യയെക്കുറിച്ചുള്ള പാർട്ടിയുടെ സുചിന്തിതമായ കാഴ്ചപ്പാടായിരുന്നു. സാമൂഹിക നീതി, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, സ്ത്രീകളുടെ വിമോചനവും തുല്യ നീതിയും, സ്ത്രീകൾക്ക് മനുഷ്യ വംശത്തിന്റെ ഉൽപ്പാദകർ എന്ന സവിശേഷ പരിഗണന നൽകേണ്ടതിന്റെ ആവശ്യകത, മൗലികാവകാശങ്ങൾ, ഫെഡറലിസം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന പ്രസ്താവന അവരുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്നു. സ്വയം പ്രതിരോധിച്ച് അവർ നടത്തിയ പ്രസംഗങ്ങളെല്ലാം ദേശീയവാദി പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതിലൂടെ അന്നുവരെ പലർക്കും അപരിചിതമായിരുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളിലേക്കെത്തി. കമ്യൂണിസ്റ്റ് ആശയപ്രചരണം തടയാൻ ബ്രിട്ടീഷുകാർ ചുമത്തിയ കേസ് ഒരർത്ഥത്തിൽ അവരുടെ ലക്ഷ്യത്തിന് വിപരീതമായി ഭവിച്ചു.
വിപ്ലവ പരിപാടി
ഇതിനിടയിൽ 1930ൽ കമ്യൂണിസ്റ്റ് പാർട്ടി കരട് പ്രവർത്തന പരിപാടി (Draft Program of Action) മുന്നോട്ടുവെച്ചു. ഈ രേഖയിൽ, ധനിക ദരിദ്ര വിഭജനവും സാമൂഹിക അസമത്വങ്ങളും ചൂഷണവും അനിവാര്യമാണെന്നു കരുതുന്ന ഗാന്ധിസത്തിന്റെ വർഗ്ഗപരമായ പരിമിതികളേയും അതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പുലർത്തുന്ന ഒത്തുതീർപ്പു സമീപനങ്ങളേയും നിശിത വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. നിസ്സഹകരണ സമരത്തിന്റെ പരാജയത്തിനു കാരണമായ കോൺഗ്രസ് നിലപാടുകൾ, ടെക്സ്റ്റയിൽ സമരത്തിൽ തൊഴിലാളികൾക്കെതിരായ നിലപാട്, തൊഴിലാളി വിരുദ്ധ നിയമനിർമ്മാണത്തെ പിന്തുണച്ച നടപടി, റെയിൽവേ തൊഴിലാളി പണിമുടക്കിനെ പിന്തുണയ്ക്കാതിരുന്നത്, വൻകിട ഭൂപ്രഭുക്കൾക്കും നാട്ടുരാജാക്കൻമാർക്കും പലിശക്കാർക്കും എതിരായ കർഷകരുടെ പോരാട്ടങ്ങളെ എതിർത്തത് എന്നിവയെല്ലാം കോൺഗ്രസിന്റെ വർഗ്ഗപക്ഷപാതിത്വത്തിന്റെ ഉദാഹരണങ്ങളിൽ ചിലതായി രേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബ്രിട്ടീഷ് വാഴ്ച അരക്കിട്ടുറപ്പിച്ചിരിക്കുന്നത് നാട്ടുരാജാക്കൻമാർ, വൻകിട ഭൂപ്രഭുക്കൾ,പലിശക്കാർ, കച്ചവടക്കാർ എന്നിവരുടെ പിന്തുണയിലാണ് എന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. ഈ ബ്രിട്ടീഷ് ആധിപത്യത്തെ തൂത്തെറിയാനുള്ള കാർഷിക വിപ്ലവ പാതയാണ് രേഖയിലൂടെ പാർട്ടി മുന്നോട്ടുവെച്ചത്. “ഇന്ത്യയുടെ വിപ്ലവകരമായ വിമോചനം ബ്രിട്ടീഷ് മുതലാളിത്തത്തിനും ഭൂപ്രഭുത്വത്തിനും എതിരായ കാർഷിക വിപ്ലവത്തിൽ അധിഷ്ഠിതമായിരിക്കും” എന്ന് രേഖ പ്രഖ്യാപിച്ചു. ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിച്ച് ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം കൈവരിക്കുക, എല്ലാ കടങ്ങളും റദ്ദാക്കുക, ബ്രിട്ടീഷ് ബാങ്കുകൾ, ഫാക്ടറികൾ, റെയിൽവേ, തോട്ടങ്ങൾ എന്നിവയെല്ലാം കണ്ടു കെട്ടുകയും ദേശസാൽക്കരിക്കുകയും ചെയ്യുക, ഭൂപ്രഭൂക്കളുടേയും നാട്ടുരാജാക്കൻമാരുടേയും ബ്രിട്ടീഷ് മേധാവികളുടേയും ഭൂമി മുഴുവൻ പിടിച്ചെടുത്ത് ദരിദ്ര കർഷകർക്ക് വിതരണം ചെയ്യുക, എട്ടു മണിക്കൂർ ജോലി സമയം, കൂലി വർദ്ധന, തൊഴിലില്ലായ്മാ വേതനം എന്നിവയെല്ലാം പ്രവർത്തന പരിപാടിയിൽ മുന്നോട്ടുവെച്ചു.ജാതി വ്യവസ്ഥയും മതപരമായ കബളിപ്പിക്കലും ജനങ്ങളെ അടിമത്തത്തിൽ തളച്ചിടുകയാണ് എന്ന യാഥാർത്ഥ്യവും ചൂണ്ടിക്കാണിച്ചു. തൊട്ടുകൂടായ്മയെ എതിർക്കുമ്പോഴും ജാതി വ്യവസ്ഥ നിലനിൽക്കേണ്ടതാണെന്ന ഗാന്ധിജിയുടെ നിലപാടിനെ രേഖ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. “ജാതിവ്യവസ്ഥയെ നിർദാക്ഷിണ്യം തകർത്തു കൊണ്ട് മാത്രമേ” അധഃസ്ഥിത ജനതയുടെ വിമോചനം സാദ്ധ്യമാകുമെന്ന അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുമുണ്ട്. ജാതി, മതം, വംശം, ലിംഗഭേദം എന്നിവയ്െക്കല്ലാം അതീതമായി എല്ലാ പൗരർക്കും പരിപൂർണ്ണമായ സമത്വം എന്ന ആവശ്യവും ഉയർത്തി. ബ്രിട്ടീഷ് വാഴ്ചയെ തകർക്കാനും ഇന്ത്യയുടെ വിമോചനത്തിനും വ്യക്തിഗതമായ ഭീകരപ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാവില്ലെന്നും രാജ്യവ്യാപകമായി ബഹുജനങ്ങളുടെ കഴിയുന്നത്ര വിപുലമായ സായുധ ഉയർത്തെഴുന്നേല്പാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയും അന്നുവരെ ഉയർത്താതിരുന്ന അങ്ങേയറ്റം വിപ്ലവാത്മക ലക്ഷ്യങ്ങളായിരുന്നു ഇവയെല്ലാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ കരട് പ്രവർത്തന പരിപാടി 1934 ലെ പ്ലീനത്തിൽ വെച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയായി വിപുലീകരിക്കപ്പെട്ടു.
അടിച്ചമർത്തൽ ശക്തമാകുന്നു
മീററ്റ് ഗൂഢാലോചനക്കേസിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനുമെതിരെ ബ്രിട്ടീഷ് ഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടികൾ അഴിച്ചുവിട്ടു. വളരുന്ന ദേശീയ പ്രസ്ഥാനത്തിൽ നിർണായക പങ്കു വഹിക്കുന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി ഉയരുന്നത് തടയലായിരുന്നു ലക്ഷ്യം. ബോംബെയിലെ ടെക്സ്റ്റയിൽ തൊഴിലാളി സമരം ഉൾപ്പെടെ നിരവധി തൊഴിലാളി സമരങ്ങളെ നിർദ്ദാക്ഷിണ്യം അടിച്ചമർത്തി. പല ട്രേഡ് യൂണിയനുകളും തകർന്നു.പലതിലും കമ്യൂണിസ്റ്റ് വിരുദ്ധർ നേതൃത്വത്തിലെത്തി. ഇതിനിടയിൽ ദേശീയ ബൂർഷ്വാസിയുടെ പങ്ക് സംബന്ധിച്ച പാർട്ടിയുടെ തെറ്റായ വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അകന്നു നിൽക്കാനുള്ള തീരുമാനവും പാർട്ടി മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടാൻ ഇടയാക്കി. എന്നാൽ 1935 ആയപ്പോഴേക്കും ഈ വിഭാഗീയമായ നിലപാട് തിരുത്തപ്പെട്ടു. ചില നേതാക്കൾ ജയിൽ മോചിതരായതോടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. ട്രേഡ് യൂണിയനുകൾ പുനഃസംഘടിപ്പിക്കപ്പെട്ടു. 1934 ആയപ്പോഴേക്കും ടെക്സ്റ്റയിൽ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. പണി മുടക്കുയർത്തിയ ആവശ്യങ്ങളുടെ കൂട്ടത്തിൽ ആൻഡമാനിലും മറ്റും ജയിലിലടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമര പോരാളികളെ വിട്ടയക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. അതോടെ ഭരണകൂടം വീണ്ടും അടിച്ചമർത്തൽ ആരംഭിച്ചു. കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങൾ ക്കെതിരെ, “ചക്രവർത്തിയുടെ പ്രജകളായ വിവിധ വർഗ്ഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നു” എന്ന് ആരോപിച്ചു കൊണ്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 A വകുപ്പനുസരിച്ച് കേസുകളെടുത്തു. ഒട്ടേറെ പേർക്കെതിരെ ജീവപര്യന്തം നാടുകടത്തലിനു ശിക്ഷ വിധിക്കാവുന്ന 124-A (രാജ്യദ്രോഹം) അനുസരിച്ചും കേസുകൾ ചുമത്തി. കമ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയിലെത്തുന്നത് തടയാൻ സീ കസ്റ്റംസ് ആക്ടിന്റെ വകുപ്പ് 19 വ്യാപകമായി ദുരുപയോഗിച്ചു.അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പത്ത് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ 50 പ്രസിദ്ധീകരണങ്ങളുടെ 15,000 കോപ്പികളാണ് 1934ൽ മാത്രം സർക്കാർ പിടിച്ചെടുത്തത്. പാസ്പോർട്ട് ആക്ട്, പോസ്റ്റ് ഓഫീസ് ആക്ട് എന്നിങ്ങനെയുള്ള നിയമങ്ങളെല്ലാം കമ്യൂണിസ്റ്റ് പ്രവർത്തനം തടയാൻ ഉപയോഗിച്ചു.നിരോധനാജ്ഞകളിലൂടെ പൊതുയോഗങ്ങൾ തടഞ്ഞു. ലാത്തിച്ചാർജ്ജും വെടിവെയ്പും വ്യാപകമായി. ഒടുവിൽ 1934 ജൂലൈ 23 ന് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 28 ന്റെ ഇന്ത്യാ ഗസറ്റിൽ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം പാർട്ടി നേതൃത്വത്തിലുള്ള ടെക്സ്റ്റയിൽ യൂണിയനും യംഗ് വർക്കേഴ്സ് ലീഗും തൊഴിൽ രഹിതരുടെ ലീഗും മാർക്സിസ്റ്റ് പ്രസിദ്ധീകരണ ശാലകളും നിരോധിക്കപ്പെട്ടു.
എന്നാൽ നിരോധനവും അടിച്ചമർത്തലും പാർട്ടിയെ തളർത്തിയില്ല. സ്വന്തം വർഗ്ഗവീക്ഷണം ദുർബ്ബലപ്പെടാൻ ഇടയാവാതെ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ വികസിതമായ ഒരു വിഭാഗം എന്ന നിലയിൽ കോൺഗ്രസിനകത്ത് പാർട്ടി പ്രവർത്തിച്ചു. 1930 ലെ സമരം കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാതെ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഇഛാഭംഗം കോൺഗ്രസിനുള്ളിൽ ശക്തമായിരുന്നു.അതേസമയം ഫാസിസ്റ്റ് ശക്തികൾക്കെതിരായ സ്പാനിഷ് ആഭ്യന്തര യുദ്ധവും യൂറോപ്പിലാകെ വളർന്നുകൊണ്ടിരുന്ന ഫാസിസ്റ്റ് വിരുദ്ധ ചെറുത്തു നില്പുകളും സോവിയറ്റ് സോഷ്യലിസത്തിന്റെ മുന്നേറ്റത്തിന്റെ അനുഭവങ്ങളുമെല്ലാം ലോകമാകെ മാർക്സിസത്തിന്റെ ആകർഷണീയത വർദ്ധിപ്പിച്ചിരുന്നു. ഇന്ത്യയിലും ഇതിന്റെ അലകളുണ്ടായി. ജയപ്രകാശ് നാരായണന്റെ ‘എന്തുകൊണ്ട് സോഷ്യലിസം’ എന്നതുള്‍പ്പെടെയുള്ള പുസ്തകങ്ങളും ഈ അന്തരീക്ഷത്തെ ഉത്തേജിപ്പിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉദയവും ഈ പശ്ചാത്തലത്തിലാണ്.കമ്യൂണിസ്റ്റുകാർ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് സ്വാധീനം വിപുലീകരിക്കാൻ ഇത് സഹായിച്ചു.ഇതിനിടയിൽ 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ പരിമിത സ്വയംഭരണം എന്ന വാഗ്ദാനം ദേശീയ തലത്തിൽ കോൺഗ്രസ് തള്ളിയെങ്കിലും പ്രവിശ്യാ തലത്തിൽ സ്വീകരിക്കുകയുണ്ടായി.ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ ഒത്തുതീർപ്പ് മനോഭാവമാണെന്ന് മനസിലാക്കിയ കമ്യൂണിസ്റ്റുകാർ, കോൺഗ്രസ് സോഷ്യലിസ്റ്റുകാർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പരിഷ്കരണ നടപടികളെ മുഴുവനായും തള്ളണമെന്നാവശ്യപ്പെട്ടു. 1930 ൽ കോൺഗ്രസ് അംഗീകരിച്ച പൂർണ്ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തെ വഞ്ചിക്കലാണിതെന്ന് കമ്യുണിസ്റ്റുകാർ വിമർശനമുന്നയിച്ചു.എങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുകയും കോൺഗ്രസിന്റെ വിജയം ദേശീയ പ്രസ്ഥാനത്തിനുള്ള ജനങ്ങളുടെ അംഗീകാരമായി വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ കമ്യുണിസ്റ്റുകാരുൾപ്പെടെയുള്ള ഇടതുപക്ഷ ശക്തികളുടെ എതിർപ്പ് അവഗണിച്ച് കോൺഗ്രസ്, പ്രവിശ്യാ സർക്കാരുകളിൽ മന്ത്രി പദവി സ്വീകരിച്ചു. ബ്രിട്ടീഷ് ഭരണഘടനയ്ക്കും അധികാര വ്യവസ്ഥയ്ക്കും കീഴിൽ അധികാരമേറ്റപ്പോൾ സ്വാഭാവികമായും ജനങ്ങളുടെ താൽപ്പര്യങ്ങളുമായി പലപ്പോഴും സംഘർഷമുണ്ടായി. കമ്യൂണിസ്റ്റ് നേതാവ് സോളി ബട്ലിവാലക്കെതിരായി രാജഗോപാലാചാരിയുടെ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പിന്നീട് ശക്തമായ ജനകീയ പ്രതിഷേധത്തിന്റെ ഫലമായി പിൻവലിക്കാൻ നിർബന്ധിതമാവുകയും ചെയ്തു.ബോംബെയിലെ കോൺഗ്രസ് മന്ത്രിസഭയാകട്ടെ കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പണിമുടക്കുകൾ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പാസ്സാക്കുകയും എതിർത്ത തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയും ചെയ്തു.എന്നാൽ കമ്യൂണിസ്റ്റ് നേതൃത്വത്തിൽ കാൺപൂരിൽ എല്ലാ വ്യവസായത്തൊഴിലാളികളുടേയും ബംഗാളിൽ ചണമിൽ തൊഴിലാളികളുടേയും വിജയകരമായ സമരം നടക്കകയുണ്ടായി. ഈ കാലയളവിലുടനീളം കോൺഗ്രസ് പ്രവിശ്യാ സർക്കാരുകളോട് പോരാട്ടത്തിന്റേയും സഹകരണത്തിന്റേയും അതീവ ദുഷ്കരമായ ദ്വിമുഖ സമീപനമായിരുന്നു കമ്യൂണിസ്റ്റുകാർ സ്വീകരിച്ചത്.ഇതോടൊപ്പം ബഹുജന മുന്നണികൾ കെട്ടിപ്പടുക്കാനും പാർട്ടി ശ്രദ്ധിച്ചു.1936ൽ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനും കിസാൻ സഭയും പുരോഗമന വാദികളായ എഴുത്തുകാരുടെ കൂട്ടായ്മയും രൂപീകരിച്ചു കൊണ്ട് ബഹുജനങ്ങൾക്കിടയിൽ പ്രവർത്തനം വ്യാപിപ്പിച്ചു.
കർഷകരെ അണിനിരത്തൽ
കോൺഗ്രസ് പ്രവിശ്യാ സർക്കാരുകളുടെ കാലത്ത് കമ്യൂണിസ്റ്റുകാർ കർഷകരെ സംഘടിപ്പിക്കാനും അവർക്കിടയിൽ സാമ്രാജ്യത്വ വിരുദ്ധ മനോഭാവം വളർത്താനും പ്രവർത്തിച്ചു. 1934 ൽ അംഗീകരിച്ച പാർട്ടിപരിപാടിയുടെ കാർഷിക വിപ്ലവത്തിലധിഷ്ഠിതമായ ദേശീയ വിമോചനമെന്ന കാഴ്ചപ്പാട് കർഷകരെ അണിനിരത്തുന്നതിൽ മാർഗ്ഗദർ ശകമായിത്തീർന്നു. 1936ൽ കിസാൻ സഭ രൂപീകരിക്കപ്പെട്ടു. രണ്ടു വർഷത്തിനകം അംഗത്വം അഞ്ചു ലക്ഷമായി വർദ്ധിച്ചു. രാജ്യവ്യാപകമായി കർഷക സമരങ്ങൾ ഉയർന്നു വന്നു. ഭൂപ്രഭുക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാൻ ഈ സമരങ്ങൾ കോൺഗ്രസ് സർക്കാരുകളെ നിർബന്ധിതമാക്കി. 1939 ലെ കിസാൻ സഭയുടെ ഗയ സമ്മേളനം, സാമ്രാജ്യത്വ മേധാവിത്വം തൂത്തെറിഞ്ഞ് കിസാൻ- മസ്ദൂർ ഭരണം എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് മുന്നേറാൻ ആഹ്വാനം ചെയ്യുന്നുണ്ട്.
എന്നാൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കിസാൻ സഭയ്ക്കു നേരെ ശക്തമായ അടിച്ചമർത്തൽ ആരംഭിച്ചു. നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. യുദ്ധം പട്ടിണിയും ക്ഷാമവും വറുതിയും സൃഷ്ടിച്ചു. യുദ്ധാനന്തരം കർഷക പോരാട്ടങ്ങൾ ആർത്തിരമ്പി. ബംഗാളിലെ തേഭാഗ, ആന്ധ്രയിലെ തെലങ്കാന, കയ്യൂർ സമരമുൾപ്പെടെ മലബാറിലാകെയും രാജ്യത്തിന്റെ പലഭാഗത്തും ഐതിഹാസികവും ത്യാഗനിർഭരവുമായ കർഷക സമരങ്ങൾ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. വെടിയുണ്ടകളും തൂക്കുമരങ്ങളും കൊണ്ട് ബ്രിട്ടീഷ് സർക്കാർ കർഷകസമരങ്ങളെ നേരിട്ടു. കയ്യൂരിൽ തൂക്കിലേറ്റപ്പെട്ട സഖാക്കളടക്കം നൂറു കണക്കിനാളുകൾ രക്തസാക്ഷികളായി. പക്ഷേ ഈ പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റുകാരാണ് കൃഷിഭൂമിയിലുള്ള കൃഷിക്കാരുടെ അവകാശവും ഭൂപരിഷ്കരണവും ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിയത്. പിൽക്കാലത്ത് കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയ സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ അടിത്തറ ഈ കർഷക പോരാട്ടങ്ങളും രക്തസാക്ഷിത്വവുമെല്ലാമാണ്.
യുദ്ധവും ക്വിറ്റിന്ത്യാ സമരവും
രണ്ടാംലോക യുദ്ധം ആരംഭിച്ചതോടെ കമ്യൂണിസ്റ്റുകാർ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിനിരത്തി. 1939 ഒക്ടോബർ 2 ന് ബോംബെയിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിൽ 90,000 തൊഴിലാളികൾ പങ്കെടുത്ത യുദ്ധവിരുദ്ധ പണിമുടക്ക് ലോക തൊഴിലാളി പ്രസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തേതായിരുന്നു. ബോംബെ, കാൺപൂർ, കൽക്കട്ട, ധൻബാദ്, ജാംഷെഡ്പൂർ, ആസ്സാം എന്നിവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കുകൾ സംഘടിപ്പിച്ചു.ഇതിനെ തുടർന്ന് 1940 ൽ പാർട്ടി വീണ്ടും നിരോധിക്കപ്പെട്ടു.പാർട്ടിയുടെ മുഖപത്രമായ നാഷണൽ ഫ്രണ്ടും നിരോധിക്കപ്പെട്ടു. 6456 കമ്യൂണിസ്റ്റ് പാർട്ടി കാഡർമാർ ശിക്ഷിക്കപ്പെട്ടു. അനേകം പേർ വിചാരണ കൂടാതെ അന്യായ തടങ്കലിലടയ്ക്കപ്പെട്ടു. 1941ൽ ഹിറ്റ് ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സ്ഥിതിഗതികളിൽ സാരമായ മാറ്റമുണ്ടായി. സോവിയറ്റ് നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ വിജയം മനുഷ്യരാശിയുടേയും ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റേയും വിജയത്തിന് അനിവാര്യമാണെന്ന ശരിയായ നിഗമനത്തിൽ പാർട്ടി എത്തിച്ചേർന്നു. ഇതോടെ സാമ്രാജ്യത്വ യുദ്ധം ജനകീയയുദ്ധമായി മാറിയതായി പാർട്ടി വിലയിരുത്തി.സഖാവ് ബി.ടി.ആർ ചൂണ്ടിക്കാണിച്ചതു പോലെ സോവിയറ്റ് യൂണിയന്റെ വിജയം ആഗോളശാക്തിക ബലാബലത്തിൽ മാറ്റം വരുത്തുമെന്നും സാമ്രാജ്യത്വ ശക്തികളെ ദുർബ്ബലപ്പെടുത്തുമെന്നും ബ്രിട്ടന് ഇന്ത്യയെ കോളനിയാക്കി നിലനിർത്താനാവില്ലെന്നും അതുകൊണ്ട് സ്വാതന്ത്ര്യം നേടുന്നതിന് സഹായകമാവുമെന്നുമുള്ള പാർട്ടിയുടെ നിലപാട് ശരിവെക്കുന്നതായിരുന്നു യുദ്ധാനന്തര സംഭവ വികാസങ്ങൾ. ആഗോള സാമ്രാജ്യത്വ വ്യവസ്ഥ തകരുകയും ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗം സോഷ്യലിസത്തിന് കീഴിലാവുകയും ചെയ്തു. അനേകം കോളനി രാജ്യങ്ങൾ സ്വതന്ത്രമായി. ബ്രിട്ടനും ഇന്ത്യയെ കോളനിയാക്കി നിലനിർത്താനാവാത്ത സ്ഥിതി വന്നു ചേർന്നു. ജനകീയയുദ്ധമാണെന്ന നിലപാട് സ്വീകരിച്ചപ്പോഴും കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തിൽ നിന്നോ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ നിന്നോ ചിലർ ആരോപിക്കുന്നതു പോലെ പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നില്ല.ജനങ്ങളുടെ സാമ്പത്തികാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കും വേണ്ടി കമ്യൂണിസ്റ്റുകാർ പോരാട്ടം തുടർന്നു. ക്വിറ്റിന്ത്യാ സമരകാലത്ത് തടവിലാക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ മോചനത്തിനായുള്ള പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പാർട്ടി നടത്തി. ഈ കാലയളവിലാണ് 1943 ലെ ബംഗാൾ ക്ഷാമമുണ്ടാവുന്നത്. ലക്ഷക്കണക്കിനാളുകൾ പട്ടിണി കൊണ്ട് മരിച്ചുവീണപ്പോൾ കമ്യുണിസ്റ്റുകാർ ദുരിതാ ശ്വാസ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണം നടത്തി.ഈ പ്രവർത്തനങ്ങൾ ജനങ്ങൾ ക്കിടയിൽ വലിയ മതിപ്പ് സൃഷ്ടിച്ചു. 1942-43 കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യ ഗണ്യമായി വർദ്ധിച്ചു. ക്വിറ്റിന്ത്യാ സമരത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 1992 ൽ ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ അക്കാലത്തെ കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. “കാൺപൂർ, ജാംഷെഡ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വൻതോതിലുള്ള പണിമുടക്കുകൾക്കു ശേഷം 1942 സെപ്റ്റംബർ 5ന് ഡൽഹിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റിനയച്ച റിപ്പോർട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെക്കുറിച്ച് പറഞ്ഞത്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന എല്ലായ്പ്പോഴും വ്യക്തമായിരുന്ന കാര്യം തെളിയിക്കുന്നതാണ് അതിലെ അംഗങ്ങളുടെ പെരുമാറ്റം എന്നായിരുന്നു.” ക്വിറ്റിന്ത്യാ സമരത്തിന്റെ പേരിൽ കമ്യുണിസ്റ്റുകാർക്കെതിരെ ഇപ്പോഴും നടത്തുന്ന നുണപ്രചരണത്തിന് പാർലമെന്ററി രേഖകളിലുള്ള ആ വാക്കുകൾ മറുപടി നൽകുന്നു.
മതനിരപേക്ഷ നിലപാട്
ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ജനങ്ങളെ വർഗ്ഗീയമായി കൂടുതൽ വിഭജിക്കുന്നതിലേക്ക് നയിച്ചു. തിരഞ്ഞെടുപ്പുകളിൽ സാമുദായികമായ നിയോജക മണ്ഡലങ്ങൾ നടപ്പാക്കിയതുൾപ്പെടെയുള്ള നടപടികളും ഹിന്ദുമഹാസഭയും മുസ്ലീം ലീഗും സ്വീകരിച്ച നിലപാടുകളും വർഗ്ഗീയവിഭജനത്തിന് ആക്കം കൂട്ടി. 1937ൽ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ സവർക്കർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു രാഷ്ട്രമായി തുടരാനാവില്ല എന്നു പ്രഖ്യാപിച്ചു. 1941 ആയപ്പോഴേക്കും ജിന്നയും ലീഗും ദ്വിരാഷ്ട്ര വാദം ഉന്നയിച്ചു. വിഭജനം അനിവാര്യമായി മാറി. വലിയ ഭൂപ്രദേശങ്ങളെ ബലം പ്രയോഗിച്ചു മാത്രം ഇന്ത്യൻ യൂണിയനിൽ നിലനിർത്താനാവില്ലെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. 1942 ഏപ്രിലിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ ഇപ്രകാരം ചൂണ്ടിക്കാട്ടി.”ഏതു ഭൂപ്രദേശത്തെയും ജനങ്ങളെ അവരുടെ ഇച്ഛയ്ക്കു വിപരീതമായി ഇന്ത്യൻ യൂണിയനിൽ നിലനിർത്തുന്നതിനെക്കുറിച്ച് ഈ കമ്മിറ്റിക്ക് ചിന്തിക്കാനാവില്ല എന്ന് വ്യക്തമാക്കുന്നു.” വിഭജനം ഒഴിവാക്കാൻ സാദ്ധ്യമായ പ്രായോഗിക നിർദ്ദേശങ്ങളെക്കുറിച്ചുള്ള ആലോചനയാണ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത്. അങ്ങനെയാണ് വേറിട്ടു പോകുന്നതിന് പകരം സ്വയം നിർണയാവകാശത്തോടെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവുക എന്ന നിർദ്ദേശം പാർട്ടി മുന്നോട്ടുവെച്ചത്. രാജ്യം ഉടൻ വിഭജിക്കുക എന്ന സാഹചര്യം ഒഴിവാക്കാൻ മറ്റു മാർഗ്ഗങ്ങൾ അന്നുണ്ടായിരുന്നില്ല. വിഭജനം എന്ന ആവശ്യം പരിഹരിക്കാത്തിടത്തോളം ബ്രിട്ടീഷ് ആധിപത്യം തുടരുകയും ചെയ്യുമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനും രാജ്യത്തിന്റെ വിഭജനം എന്ന അടിയന്തിര വിപത്തിനെ തൽക്കാലം അകറ്റാനും ദേശീയ പ്രസ്ഥാനത്തെ സഹായിക്കാനാണ് രാജ്യ താൽപര്യം മുൻനിർത്തി കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. എന്നാൽ പാർട്ടി നിലപാടിനെ ദുർവ്യാഖ്യാനം ചെയ്യാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും ഇതിനെ ഉപയോഗിച്ചു. ഇപ്പോഴും തരം കിട്ടുമ്പോഴെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നു.എന്നാൽ സ്വാതന്ത്ര്യത്തിനു പകരം വിഭജനം എന്ന കരാറിന് ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങുകയാണുണ്ടായത് എന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു. സവർക്കറുടെ നേതൃത്വത്തിൽ ഹിന്ദുത്വശക്തികൾ ആദ്യം ഉന്നയിക്കുകയും പിന്നീട് ജിന്നയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികൾ പൂരിപ്പിക്കുകയും ചെയ്ത മത രാഷ്ട്രവാദം ഒടുവിൽ ഇന്ത്യയുടെ വിഭജനത്തിൽ കലാശിച്ചു.അന്ന് ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനെപ്പോലെ ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്ന സഫലമാകാത്ത സ്വപ്നം സാക്ഷാത്കരിക്കാനാണ് സവർക്കറുടെ പിൻമുറക്കാരായ ആർ.എസ്.എസും ബി.ജെ.പി.യും ഭരണകൂട അധികാരം ഉപയോഗിച്ച് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വിഭജന വാദവും വർഗ്ഗീയകാലുഷ്യങ്ങളും മലീമസമാക്കിയ നാളുകളിലും ഹിന്ദു-മുസ്ലീം ജനവിഭാഗങ്ങൾ ബ്രിട്ടീഷ് വാഴ്ചക്കെതിരായി യോജിച്ച് സമരമുഖങ്ങളിൽ അണിനിരക്കുന്നുണ്ടായിരുന്നു. ഡൽഹിയിലെ ചെങ്കോട്ടയിൽ തടവിലാക്കിയിരുന്ന ഐ.എൻ.എ.ഭടൻ മാരായ പ്രേംകുമാർ സെഹ്ഗാൾ, ഗുരു ബക്ഷ്സിങ് ധില്ലൻ, ഷാനവാസ് ഖാൻ എന്നിവരുടെ മോചനത്തിനായി രാജ്യമെമ്പാടും നടന്ന വൻപ്രക്ഷോഭങ്ങളിലും നാവിക കലാപത്തിലുമെല്ലാം വർഗ്ഗീയ ചേരിതിരിവുകൾക്കതീതമായ ഈ ഐക്യം പ്രകടമായിരുന്നു. ബോംബെയിൽ നാവിക കലാപകാരികൾ ബ്രിട്ടീഷ് പതാക വലിച്ചു താഴ്ത്തി അവിടെ ത്രിവർണ്ണപതാകയും ചെങ്കൊടിയും ഹരിതപതാകയും ഒരുമിച്ചാണുയർത്തിയത്. ജയ് ഹിന്ദിനൊപ്പം ഇങ്ക്വിലാബ് സിന്ദാബാദും സമരവീഥികളിൽ മുഴങ്ങി. ബോംബെയിൽ നാവിക കലാപത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളോട് പണിമുടക്കാൻ ആഹ്വാനം ചെയ്തു. ബോംബെ നഗരം നിശ്ചലമായി. വെടിവെപ്പിൽനൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ പോരാട്ടത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലും സേനാ വിഭാഗങ്ങളും സിവിലിയൻ ജനതയും തമ്മിലുമുള്ള ഐക്യത്തെ നാവിക കലാപം അടയാളപ്പെടുത്തി. എന്നാൽ കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ ക്രമസമാധാനത്തിന്റെ വക്താക്കളായി മാറുകയും ധീരോജ്ജ്വലവും ഐതിഹാസികവുമായ നാവിക കലാപത്തെ തള്ളിപ്പറയുകയും ചെയ്തു. സർദാർ പട്ടേൽ നാവിക സേനയിൽ ‘അച്ചടക്കം പാലിക്കേണ്ടതിന്റെ' പേരിലും ഗാന്ധിജി ‘ഹിംസ' യുടെ പേരിലും നാവിക കലാപത്തെഅപലപിക്കുകയാണ് ചെയ്തത്.
സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് കൽക്കത്തയിലും നവഖാലിയിലുമെല്ലാം വർഗ്ഗീയ കലാപങ്ങൾ പടർന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അതിനെതിരെ ശക്തമായി രംഗത്തുവന്നു. കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്ത കിസാൻ സഭയും ട്രാം വർക്കേഴ്‌സ് യൂണിയനും കലാപം പടരാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിച്ചു.നവഖാലിയിലൂടെ ത്രിപുരയിലേക്ക് കടക്കാൻ ശ്രമിച്ച കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്യൂണിസ്റ്റ് വളണ്ടിയർമാർ തിരിച്ചോടിച്ച സംഭവം ജ്യോതി ബസു ഓർമ്മിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ വേളയിൽ കലാപത്തീയണയ്ക്കാൻ കൽക്കത്തയിലെത്തിയ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നാടെങ്ങും സമാധാന ജാഥകൾ സംഘടിപ്പിച്ചതും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
ഇന്ത്യ എന്ന ആശയം
കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതു മുതൽ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്ത്യൻ ജനതയുടെ വിശാലമതനിരപേക്ഷ യോജിപ്പിനു വേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഹിന്ദു - മുസ്ലീം മതസൗഹാർദ്ദമെന്ന കേവല സങ്കല്പമോ മുദ്രാവാക്യമോ അല്ല കമ്യൂണിസ്റ്റുകാർ മുന്നോട്ടുവെച്ചത്. ഇരുമത വിഭാഗങ്ങളിലുംപെട്ട ചൂഷിതരും പണിയെടുക്കുന്നവരുമായ ജനസാമാന്യത്തിന്റെ വർഗ്ഗ ഐക്യത്തിന്റെ ഉറച്ച അടിത്തറയിൽ മതനിരപേക്ഷ ഉള്ളടക്കമുള്ള ദേശീയ പ്രസ്ഥാനം വളർത്തിയെടുക്കാനാണ് പാർട്ടി പ്രവർത്തിച്ചത്. കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ ഒരുപോലെ അവഗണിച്ചതും ഹിന്ദുക്കളും മുസ്ലീങ്ങളുമായ ജനസാമാന്യത്തിനാകെ താൽപര്യമുള്ളതുമായ ഭൂപ്രശ്നത്തിന്റേയും കാർഷിക വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളുടേയും തൊഴിലാളി വർഗ്ഗ പ്രക്ഷോഭങ്ങളുടേയും അടിസ്ഥാനത്തിൽ വർഗ്ഗ ഐക്യം കെട്ടിപ്പടുക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കമ്യൂണിസ്റ്റ് പാർട്ടി നൽകിയ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭാവനകൾ കാർഷിക പ്രശ്നം മുഖ്യധാരയിൽ എത്തിച്ചതും വ്യക്തവും ദൃഢവുമായ മതനിരപേക്ഷ നിലപാടുകൾ മുന്നോട്ടുവെച്ചതുമാണ്. 1926 ൽ തന്നെ ഹിന്ദു-മുസ്ലീം കലാപങ്ങൾക്കെതിരേയും സാമുദായിക ഐക്യത്തിനും വേണ്ടി പാർട്ടി മാനിഫെസ്‌റ്റോ പുറപ്പെടുവിച്ചിരുന്നു. 1934 ലെ കാർഷിക വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടി, സാമ്രാജ്യത്യത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും ചൂഷണത്തിനിരയാവുന്ന ജനതയുടെ വർഗ്ഗപരവും അതുവഴി മതനിരപേക്ഷവുമായ ഐക്യം ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായിരുന്നു. ഹിന്ദുത്വ ശക്തികൾ മതനിരപേക്ഷ ഇന്ത്യയെ തങ്ങളുടെ മതാധിഷ്ഠിത രാഷ്ട്രവീക്ഷണത്തിന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഇന്നത്തെ പരിതഃസ്ഥിതിയിലും സി.പി.ഐ (എം) ഉയർത്തിപ്പിടിക്കുന്ന അചഞ്ചലമായ മതനിരപേക്ഷ നിലപാടുകൾ അവിഭക്തപാർട്ടി ദേശീയ പ്രസ്ഥാനകാലം മുതൽ സ്വീകരിച്ച പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ഉറച്ച മതനിരപേക്ഷ നിലപാടിനൊപ്പം ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച ശാസ്ത്രീയമായ ധാരണയും കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനായി അനേകം സമരങ്ങൾ പാർട്ടി നയിച്ചത്. ഐക്യകേരളത്തിനും വിശാല ആന്ധ്രയ്ക്കും സംയുക്ത മഹാരാഷ്ട്രയ്ക്കും വേണ്ടി പാർട്ടി നടത്തിയ പോരാട്ടങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രസ്ഥാനത്തിനും അതിലൂടെ വികസിച്ചു വന്ന ആധുനിക ഇന്ത്യ എന്ന ആശയത്തിനും നിർണായകമായ സംഭാവനയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയിട്ടുള്ളത്. ആധുനിക രാഷ്ട്ര നിർമ്മിതിയിൽ വഹിച്ച ഈ പങ്കിന്റെ തുടർച്ചയാണ് മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്ര വീക്ഷണത്തിനെതിരായി ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിൽ സമകാലിക ഇന്ത്യയിൽ സി.പി.ഐ (എം) ഉം ഇടതുപക്ഷവും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനകരമായ പൈതൃകവും ത്യാഗങ്ങളും സഹനങ്ങളുമാണ് ഈ പോരാട്ടത്തിലും കമ്യൂണിസ്റ്റുകാർക്ക് കരുത്താവുന്നത്.