മാധ്യമ ശരീരത്തിന്റെ വേഷപ്പകർച്ചകൾ പത്രം എന്ന ഭാഷണക്രിയക്ക് ഒരാമുഖം
അനില്‍ കെ എം
ഒന്ന്
ആധുനിക ഗദ്യത്തിന്റെ വളർച്ച ജനായത്തത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കുതിപ്പായിരുന്നു. പദ്യഭാഷ സങ്കേതജഡിലവും നിഗൂഢവുമായിരുന്നതിനാൽ അത് ന്യൂനപക്ഷം വരുന്ന വരേണ്യരുടെ കയ്യിലൊതുങ്ങി. എന്നാൽ ഗദ്യത്തിന് ജനകീയമായ അടിത്തറയുണ്ടായിരുന്നു. അത് ഭാഷയെ പൊതുസ്വത്താക്കി. പൊതുവായ നിരത്തിനും പൊതുവിദ്യാലയത്തിനും പൊതുകിണറിനുംവേണ്ടി നിരവധി സമരങ്ങൾ കത്തിപ്പടർന്ന കാലഘട്ടത്തിൽത്തന്നെയാണ് പൊതുഭാഷയ്ക്കായുള്ള യത്‌നങ്ങളും അരങ്ങേറിയത്. ഭാഷ എന്നത് ഇക്കാലത്ത് ഒരു പൊതുവിഭവമായി മാറി. ഇവ്വിധം പൊതുവിഭവമായിത്തീർന്ന ഭാഷയിൽ പിറന്നുവീണ സന്തതിയാണ് വർത്തമാനപത്രങ്ങൾ.
വാർത്തകൾ അറിയിക്കുക എന്നതായിരുന്നില്ല ആദ്യകാല പത്രങ്ങളുടെ ദൗത്യം. തങ്ങളുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക എന്ന ദൗത്യമാണ് അവ നിർവ്വഹിച്ചത്. സംവാദങ്ങൾ കൊണ്ട് മുഖരിതമായിരുന്നു അക്കാലത്തെ പത്രങ്ങൾ. ജാതി, കുടുംബം, സാമൂഹ്യമായ ശ്രേണീകരണം എന്നിവയെല്ലാം അക്കാലത്ത് പ്രശ്‌നവൽക്കരിക്കപ്പെട്ടു. സംവാദാത്മക യുക്തിയിലൂടെ എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സാഹിതീയ പൊതുമണ്ഡലം നിർമ്മിച്ചെടുക്കുന്നതിൽ പത്രങ്ങൾ വഹിച്ച പങ്കു വലുതാണ്. ചെറിയ ചെറിയ ദേശങ്ങളിൽ ഒതുങ്ങി ജീവിച്ചവർക്ക് പൊതുവായ കാലവുംസ്ഥലവും പ്രദാനം ചെയ്തത് പത്രങ്ങളാണ്. മലബാറിലും തിരുവിതാംകൂറിലും ജീവിച്ചിരുന്ന സാധാരണ മനുഷ്യർക്ക് പൊതുവായ സ്ഥലകാലങ്ങളുണ്ടായിരുന്നില്ല. അവർക്കെല്ലാം പൊതുവായി പങ്കുവെക്കാവുന്നതും എന്നാൽ ആരുടേതുമല്ലാത്തതുമായ ഒരു ‘സാർവ്വലൗകിക ശൂന്യകാലം’ (universal empty time) പ്രദാനം ചെയ്തത് പത്രങ്ങളാണ്. മലയാളിയും ബീഹാറിയും ബംഗാളിയും കാശ്മീരിയും പങ്കുവെച്ച സാർവ്വലൗകികമായ ഈ ശൂന്യകാലത്തിന്റെ സൃഷ്ടിയാണ് ഇന്ത്യ എന്ന ഭാവന. അങ്ങനെ എല്ലാവരുടേതുമായ എന്നാൽ ആരുടേയും ഉടമസ്ഥതയിലല്ലാത്ത ഒരു ദേശം വാർന്നുവീണതും പത്രങ്ങൾ രൂപപ്പെടുത്തിയ സാഹിതീയ പൊതുമണ്ഡലത്തിലൂടെയാണ്. ചെറിയ അംശം-ദേശങ്ങളിൽ ഒതുങ്ങിനിന്നിരുന്ന സാമാന്യമനുഷ്യർ ദേശീയതയുടേയും മാനവികതയുടേയും വിശാലമായ ആകാശങ്ങളിലേക്ക് വളർന്നതും പടർന്നതും അച്ചടി പ്രദാനം ചെയ്ത സാഹിതീയ പൊതുമണ്ഡലത്തിലൂടെയാണ്. ജാതി-ലിംഗ-വംശീയ ശരീരങ്ങളെ അതിവർത്തിച്ച് മനുഷ്യർ ‘വ്യക്തി’ശരീരങ്ങളിലേക്ക് കടന്നുകയറി. ഈ പരകായ പ്രവേശത്തിലൂടെയാണ് അവർ പൗരകളോ പൗരന്മാരോ ആയി മാറിയത്. ജാതികൾ സമുദായങ്ങളായും സമുദായങ്ങൾ സമൂഹങ്ങളായും വികസിച്ചതിനു പിന്നിലും ഈ സാഹിതീയ പൊതുമണ്ഡലത്തിന്റെ സാന്നിധ്യമുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം മിഷണറിമാരുടെ വരവ്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഉദയം എന്നിവയോട് ചേർന്നാണ് പത്രങ്ങളുടേയും ആനുകാലികങ്ങളുടേയും ചരിത്രം ആരംഭിക്കുന്നത്. മിഷണറി ഗദ്യമാണ് ഭാഷയെ പൊതുവിഭവമാക്കുന്നതിന് നടന്ന ആദ്യത്തെ ശ്രമം. ജാതിവ്യവസ്ഥയെ അഭിമുഖീകരിക്കുന്നതിന് ധൈര്യംകാണിച്ച ആദ്യത്തെ ധൈഷണികവിഭാഗം ക്രിസ്ത്യൻ മിഷണറിമാരായിരുന്നു. ഇത് സമൂഹത്തിൽ സൃഷ്ടിച്ച ചലനം പതിയെ സമൂഹത്തിലുടനീളം പരന്നു. ഓരോ ജാതിയും സ്വയം പരിഷ്‌കരിക്കുന്നതിനും സമുദായങ്ങളായി മാറുന്നതിനുമുള്ള യത്‌നം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവരെല്ലാം സ്വന്തമായി പത്രങ്ങളും മാസികകളും പ്രസിദ്ധീകരിച്ചിരുന്നു. ഈ പത്രമാസികകളിൽ നടന്ന ചർച്ചകളും സംവാദങ്ങളുമാണ് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ മാറ്റിയെഴുതിയത്.
1920-21ലെ യോഗക്ഷേമം വായനക്കാരുടെ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു പ്രധാന വാർത്ത നമ്പൂതിരി കുടുംബ റെഗുലേഷൻ സംബന്ധിച്ചുള്ള താണ്. കനിഷ്ഠവിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി വാദഗതികൾ അവതരിപ്പിക്കപ്പെട്ടു. സ്വകാര്യവ്യക്തിയിലേക്ക് പരിണമിക്കാനുള്ള ഉത്സാഹവും അതിലെ ആശങ്കയും ഈ ചർച്ചകളിൽ നിഴലിച്ചുകാണാം. ആദ്യകാല പത്രങ്ങളിൽത്തന്നെ ‘പൊതുജനഹിതം’ എന്ന ആശയം ശക്തിപ്പെട്ടുവരുന്നത് കാണാം. ഈ ‘പൊതുജനഹിതം’ ജനങ്ങളുടെ വിമർശാവബോധത്തോടും സംവാദയുക്തിയോടുമൊപ്പം പതിയെ വികസിച്ചുവന്നതാണ് (സൗമ്യ, 2019: 54-55). ഈ വികാസം ഭരണകൂടത്തിന് ഭീഷണിയായി മാറി. 1884ൽ ആരംഭിച്ച ‘കേരളപത്രിക’ എന്ന വാരിക ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെചോദ്യം ചെയ്യുക മാത്രമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിനുമുമ്പുതന്നെ ദേശീയബോധം ഉണർത്തുവാനുതകുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും തയ്യാറായി. പത്രങ്ങളുടെ പ്രാരംഭദശയിൽത്തന്നെ ഭരണകൂടവിമർശനവും ആരംഭിക്കുന്നത് കാണാം. അതോടെ പത്രങ്ങൾക്കു മേലുള്ള നിയന്ത്രണവും വന്നുതുടങ്ങി. മുൻകൂട്ടി കോവിലകത്തു നിന്ന് അനുമതിവാങ്ങിയേ പത്രം അച്ചടിക്കാവൂ എന്ന് 1864 ൽ കൊച്ചിസർക്കാർ ഉത്തരവിറക്കിയിരുന്നു. 1863 ൽത്തന്നെ നാട്ടുഭാഷാപത്രമാരണ നിയമം നടപ്പിൽവന്നിരുന്നു.
ഇക്കാലത്ത് സ്ത്രീകൾക്കുവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ട ആനുകാലികങ്ങളും ഉണ്ടായിരുന്നു. ‘കേരളീയസുഗുണബോധിനി’യാണ് സ്ത്രീകൾക്കുവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യമാസിക. 1892 മുതലാണ് ഇത് തുടർച്ചയായി പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. തൃപ്പൂണിത്തുറയിൽനിന്ന് 1904ൽ പ്രസിദ്ധീകരണം തുടങ്ങിയ ശാരദയാണ് രണ്ടാമത്തെ മലയാള വനിതാമാസിക. ശാരദയുടെ ലേഖനങ്ങൾ സ്ത്രീകൾക്കുവേണ്ടിയും സ്ത്രീകളെക്കുറിച്ചും സ്ത്രീകൾതന്നെ എഴുതിയവയാണ്. സ്ത്രീധനം, ഭർതൃശുശ്രൂഷ, സ്ത്രീവിദ്യാഭ്യാസം, ചരിത്രം, മാതൃസ്‌നേഹം, ആഭരണഭ്രമം തുടങ്ങിയ വിഷയങ്ങളാണ് ശാരദയുടെ മുഖക്കുറിപ്പുകളധികവും. ഇതിലധികവും എഴുതിയത് ടി.സി കല്യാണിയമ്മയാണ്. ഇതുകൂടാതെ തെക്കൻകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വനിതാമാസികകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഭാഷാശാരദ, മഹിളാരത്‌നം, മഹിള, സുമംഗല, വനിതാമിത്രം, മുസ്ലീംവനിത, വനിതാകുസുമം, കുസുമം എന്നിവയെല്ലാം ഇക്കാലത്തെ വനിതാ പ്രസിദ്ധീകരണങ്ങളാണ്. കുസുമം മാസികയ്ക്ക് രണ്ടായിരത്തിലേറെ വരിക്കാരുണ്ടായിരുന്നു. ആദ്യകാല മാസികകളിൽ സ്ത്രീവിദ്യാഭ്യാസം, പൊതുരംഗത്ത് സ്ത്രീകൾ വരേണ്ടതിന്റെ ആവശ്യം തുടങ്ങി പല ഗൗരവമുള്ള വിഷയങ്ങളിലും ചൂടേറിയ സംവാദങ്ങൾ നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് മൗലികാവകാശം, പൗരത്വസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നത് വർത്തമാനപത്രങ്ങളിലൂടെയാണ്. കേരളദർപ്പണം, കേരളപണ്ഡിത, കേരളൻ, സ്വദേശാഭിമാനി തുടങ്ങിയവയെല്ലാം ഇക്കാര്യത്തിൽ പ്രഥമഗണനീയങ്ങളാണ്. കെ.രാമകൃഷ്ണപിള്ളയായിരുന്നു ഇവയുടെയെല്ലാം പത്രാധിപർ. സ്വതന്ത്ര പത്രപ്രവർത്തനം എന്ന ആദർശത്തിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ തിരുവിതാംകൂർ രാജാവ് നാടുകടത്തിയ സംഭവം ചരിത്രപ്രസിദ്ധമാണല്ലോ. ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി സവർണ്ണഹിന്ദുക്കളുടെ ഒരു സംഘടന ‘മലയാളി സോഷ്യൽ യൂണിയൻ’ എന്ന പേരിൽ ആരംഭിച്ചപ്പോൾ അവരും ഒരു പത്രം തുടങ്ങി. ‘മലയാളി’ എന്നായിരുന്നു അതിന്റെ പേര്. ‘മലയാളി മെമ്മോറിയൽ’ പോലുള്ള സംരഭങ്ങൾക്ക് നിമിത്തമായത് ഈ പത്രമാണ്. ഈഴവസമുദായത്തിന്റെ നവീകരണപ്രക്രിയയെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവുമായി പരവൂർ കേശവനാശാൻ ‘സുജനാനന്ദിനി’ എന്ന പേരിൽ ഒരു മാസിക തുടങ്ങി. കുമാരനാശാൻ, സി.വി കുഞ്ഞുരാമൻ, കെ.സി കേശവപ്പിള്ള, വേലുക്കുട്ടി അരയൻ എന്നിവരായിരുന്നു അതിൽ എഴുതിയിരുന്നത്. പിന്നീട് ശ്രീനാരായണ ധർമ്മപരിപാലനസംഘം ആരംഭിച്ചപ്പോൾ അവരും ‘വിവേകോദയം’ എന്ന ഒരു ദ്വൈമാസിക പ്രസിദ്ധീകരിച്ചു. 1911 ൽ മയ്യനാട്ടുനിന്ന് സി.വി കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘കേരളകൗമുദി’, 1915-ൽ റ്റി.കെ മാധവനും കെ.പി കയ്യാലയ്ക്കലും കൊല്ലത്തുനിന്ന് സംയുക്തമായി ആരംഭിച്ച ‘ദേശാഭിമാനി’, സഹോദരസംഘം സെക്രട്ടറി എന്ന നിലയിൽ കെ. അയ്യപ്പൻ, സംഘത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായി തുടങ്ങിയ ‘സഹോദരൻ’ എന്നീ പത്രങ്ങളെല്ലാം കേരളീയ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് ഏറെ വലുതാണ് (മോഹൻദാസ്, 2010: 99).
‘അടിമത്തത്തിന്റേയും അധഃസ്ഥിതാവസ്ഥയുടേയും ഫലമായുണ്ടായ ദൈന്യത വെളിച്ചത്തുകൊണ്ടുവരാൻ മാത്രമായി എല്ലാ അവശരുടേതുമായ ഒരു പത്രം’ എന്ന നിലയ്ക്കാണ് 1917-ൽ കരുനാഗപ്പള്ളിയിൽനിന്ന് ഡോ. വേലുക്കുട്ടി അരയൻ ‘അരയൻ’ എന്ന പത്രം തുടങ്ങിയത്. ‘അവർണ്ണ ഹിന്ദു മഹാസഭ’യുടെ ജനറൽ സെക്രട്ടറിയും വേലുക്കുട്ടി അരയനായിരുന്നു. ‘അരയൻ’ എന്ന അതേ പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. പ്രധാന തലക്കെട്ടിനുതാഴെ ‘ധർമ്മത്തെ ഭയപ്പെടുകയും അധർമ്മത്തെ ദ്വേഷിക്കുകയും ചെയ്യുക’ എന്ന ആഹ്വാനത്തോടെയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്.(മോഹൻദാസ്, 2010: 100).
അരയന്റെ ഒന്നാമത്തെ ലക്കത്തിൽ മലയാളത്തിലെ പത്രങ്ങളുടെ പൊതുസ്ഥിതി അവലോകനം ചെയ്തുകൊണ്ട് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മലയാളത്തിലിറങ്ങുന്ന പത്രങ്ങളെ പൊതുകാര്യത്തെ ഉദ്ദേശിച്ചുമാത്രം സഞ്ചരിക്കുന്നവ എന്നും സാമുദായിക കാര്യത്തെ ഉദ്ദേശിച്ചു സഞ്ചരിക്കുന്നവ എന്നും രണ്ടുതരത്തിൽ വർഗ്ഗീകരിക്കുന്നുണ്ട്. ഇവയിൽ രണ്ടാമത്തെ വിഭാഗമാണ് ഉത്തരോത്തരം പുരോഗമിക്കുന്നതെന്നും മറ്റുള്ളവ പൊതുവിൽ ‘ഉദിച്ചതെന്നും ഉത്തരക്ഷണത്തിൽ അസ്തമിച്ചെന്നും’ പറയുന്ന തരത്തിലാണെന്നും വേലുക്കുട്ടി അരയൻ പറയുന്നു. സാഹിത്യം, സംഗീതം, ശാസ്ത്രം എന്നിവ പ്രതിപാദിക്കുന്നവയാണ് പൊതുകാര്യങ്ങൾ. ഇതിൽനിന്നും സാമുദായിക കാര്യങ്ങൾക്കുള്ള ഗൗരവം ഊഹിക്കാവുന്നതാണെന്നും അരയൻ പറയുന്നു.
സാമുദായിക സംഗതികളെ വിമർശിക്കുക, രാജ്യഭരണസംബന്ധമായ കാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുക, ഇതിനു പുറമെ സാഹിത്യം, സാഹിത്യനിരൂപണങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക, ആരോഗ്യശാസ്ത്രം, ചികിത്സ, ബാലപരിചരണം, കൃഷി, വ്യവസായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നിവയെല്ലാം അരയന്റെ ലക്ഷ്യമാണെന്ന് പ്രഥമലക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. തുടർന്നുവന്ന ലക്കങ്ങളിൽ ഈ ലക്ഷ്യം നിറവേറ്റാനുള്ള ആത്മാർത്ഥമായ ശ്രമം നടന്നതായിക്കാണാം. തിരുവിതാംകൂറിലെ തൊഴിലില്ലായ്മ അരയസമുദായാംഗങ്ങളുടെ വിദ്യാഭ്യാസം, റഷ്യൻ സമുദായത്തിൽ നിന്ന് നാം പഠിക്കേണ്ട പാഠങ്ങൾ എന്നിങ്ങനെ മൗലികപ്രാധാന്യമുള്ള വിഷയങ്ങളെ മുൻനിർത്തിയുള്ള നിരവധി രചനകൾ അക്കാലത്ത് ‘അരയനി’ൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘അരയൻ’ പത്രത്തിന്റെ ആഭിമുഖ്യത്തിൽ ‘അരയൻ-റീഡിങ്‌റൂം’ എന്ന പേരിൽ ഒരു വായനാമുറി ചിറയിൻകീഴിൽ ആരംഭിച്ചതായും പത്രത്തിൽനിന്ന് മനസ്സിലാകുന്നു. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശം, അയിത്തം തുടങ്ങിയ അനാചാരങ്ങളുടെ അസംബന്ധം എന്നിവയെല്ലാം അരയനിൽ പ്രമേയമായി വരുന്നുണ്ട്.
നീതിയുക്തമായി പുലരുന്ന ഒരു പുതുസമുദായരൂപീകരണമായിരുന്നു അക്കാലത്തെ പത്രങ്ങളുടെ ലക്ഷ്യം. ഇതിനായി അവർ നിരന്തരം ഭരണകൂടവുമായി ഏറ്റുമുട്ടി. പത്രം കണ്ടുകെട്ടുന്നതും പത്രാധിപർ വേട്ടയാടപ്പെടുന്നതും അക്കാലത്തെ ഒരു സ്ഥിരം സംഭവമായിത്തീർന്നു. പൊതുഖജനാവിൽനിന്ന് ഭീമമായ തുക ഉൽപ്പാദനക്ഷമമല്ലാത്ത കാര്യങ്ങൾക്ക് വിനിയോഗിക്കുന്നതിനെക്കുറിച്ചുള്ള ആക്ഷേപം ജനങ്ങളുമായി പങ്കുവെച്ചുകൊണ്ട് 1921-ൽ ‘അരയൻ’ പ്രസിദ്ധീകരിച്ച ‘ഊട്ടുപുരകളുടെ നോട്ടുകുരുതി’ എന്ന മുഖപ്രസംഗം അതിശക്തമായിരുന്നു. മഹാരാജാവ് കാട്ടുന്ന ബ്രാഹ്മണപ്രീണനം കണ്ടിട്ടും നിസ്സംഗത പാലിക്കുന്ന നിയമനിർമ്മാണസഭാംഗങ്ങളേയും രാജാവിനെത്തന്നെയും കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട് ഈ മുഖപ്രസംഗം. ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ ‘ഗാന്ധിജി അറിയണം’ എന്ന പേരിൽ കേരളത്തിലെ അവർണ്ണസമുദായങ്ങളുടെ അവശതയെ മുൻ നിർത്തി ഒരു മുഖപ്രസംഗം അരയനിൽ പ്രത്യക്ഷപ്പെട്ടു. ബാഹ്യഅടിമത്തത്തേക്കാൾ ഭീകരമാണ് ആഭ്യന്തര അടിമത്തമെന്ന് കോൺഗ്രസ്സുകാരെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ മുഖപ്രസംഗം. തിരുവിതാംകൂറിൽ വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിച്ച രാജഭരണത്തിന്റെ ജനവിരുദ്ധ നടപടിക്കെതിരെ 1921-ൽ വിദ്യാർത്ഥികൾ സമരത്തിനിറങ്ങി. ഈ അസാധാരണസംഭവത്തെ അതിക്രൂരമായാണ് സർക്കാർ അടിച്ചമർത്തിയത്. വിദ്യാർത്ഥിവേട്ടയെ അപലപിച്ചുകൊണ്ട് വേലുക്കുട്ടി അരയൻ എഴുതിയ മുഖപ്രസംഗം പ്രശസ്തമാണ്. ‘ഹിന്ദുമതപരിഷ്‌കാരം’ എന്ന മുഖക്കുറിപ്പിൽ ഹിന്ദുത്വവാദികളെ കണക്കിന് വിമർശിക്കുന്നുണ്ട്. ‘ഹിന്ദു’ എന്ന വാക്ക് ഒരു മതത്തിന് കൽപിക്കുന്നതിലെ അസംബന്ധത്തെ തുറന്നെതിർത്തുകൊണ്ട് തയ്യാറാക്കിയ ഈ കുറിപ്പ് സമകാലത്തെഴുതിയതാണോ എന്ന് തോന്നും.
മിശ്രഭോജനദിവസത്തെ അയ്യപ്പന്റെ പ്രസംഗവും അതിനുശേഷമുള്ള ആഹ്വാനങ്ങളും അന്നത്തെ ഈഴവപത്രങ്ങളിൽപ്പോലും പ്രസിദ്ധീകരിച്ചില്ല. തുടർന്ന് അയ്യപ്പൻ മിതവാദിയിലേക്ക് ഇതു സംബന്ധിച്ച് ഒരു ലേഖനമെഴുതി അയച്ചു. ലേഖനം നല്ലതാണെങ്കിലും പ്രസിദ്ധീകരിക്കാൻ നിർവ്വാഹമില്ലെന്ന് അവർ അറിയിച്ചു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സഹോദരപ്രസ്ഥാനത്തിന് സ്വന്തമായ ഒരു പത്രം എന്ന ആശയമുണ്ടായത്. അതാണ് ‘സഹോദരൻ’ എന്ന പത്രത്തിന്റെ തുടക്കം. പത്രധർമ്മത്തെക്കുറിച്ചുള്ള സഹോദരൻ അയ്യപ്പന്റെ വീക്ഷണം നോക്കുക : ‘’ പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുക, പൊതുജനോദ്ദേശ്യത്തെ വ്യാഖ്യാനിക്കുക, പൊതുജന മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യർക്കാവശ്യമായ സംഗതികളൊക്കെ പ്രതിപാദിക്കുക, നല്ല കാര്യങ്ങൾക്കൊക്കെ സഹായിക്കുക, ഉദാരപ്രവൃത്തികളെയൊക്കെ പ്രോത്സാഹിപ്പിക്കുക, അറിവുണ്ടാക്കുക, അജ്ഞാനവും സ്പർധയും ഇല്ലാതാക്കുക, ഇരുട്ടുള്ളിടത്തോളം വെളിച്ചം കൊടുക്കുക, പൗരക്ഷേമത്തേയും പൗരാവകാശത്തേയും വർദ്ധിപ്പിക്കുക, പൗരാവകാശങ്ങളെ രക്ഷിക്കുക, അധർമ്മം ചെയ്യുന്നവരെ ശകാരിക്കുക, ഒളിവിൽ നടക്കുന്ന അനീതികളെ വെളിച്ചത്താക്കുക, പ്രത്യേക അവകാശങ്ങളേയും കൈക്കൂലി മുതലായ ദോഷങ്ങളേയും നിർദ്ദയം ആക്ഷേപിക്കുക, ഞെരുക്കം ഏൽക്കുന്ന എളിയവരുടെ കാര്യം പറയുക, നിസ്സഹായർക്കുവേണ്ടി വാദിക്കുക, പൊതുവായും സ്വകാര്യമായുമുള്ള കുറ്റങ്ങളെ പരിഹരിക്കുക, സംഭവങ്ങളെ രേഖപ്പെടുത്തുക, ജനശ്രുതിയേയും അഭിപ്രായത്തേയും പരിശോധിക്കുക, മനുഷ്യരെ സ്വതന്ത്രരാക്കുന്നതായ സത്യത്തെ പുലർത്തുക, പുതിയത് റിപ്പോർട്ട് ചെയ്യുക, സുപരീക്ഷിതമായ പഴയതിനെ ഓർമ്മിപ്പിക്കുക, വരുവാനുള്ളതിനെ വിളിച്ചുപറയുക, പൗരസ്വാതന്ത്ര്യത്തെ കാക്കുക, നിയമഭക്തിയെ നിജപ്പെടുത്തുക, പ്രജാഭരണത്തെ സ്ഥിതീകരിക്കുക, സ്വരാജ്യത്തിന് വാദിക്കുക, സമുദായ ഭാവനയെ വളർത്തുക, ജനസാമാന്യത്തിൽ ശില്പം, സാഹിത്യം, ശാസ്ത്രം ഇവയെ പോഷിപ്പിക്കുക.’’ (ഷീജ,2010: 14).
പത്രധർമ്മത്തെപ്പറ്റി അയ്യപ്പൻ മുന്നോട്ടുവെക്കുന്ന ആദർശം ഒരു പുതുസമൂഹനിർമ്മിതിയിൽ പത്രങ്ങൾ വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ‘മനുഷ്യൻ’, ‘പൗരൻ’ എന്നീ സംജ്ഞകൾ അയ്യപ്പന്റെ വിവരണത്തിൽ കൂടെക്കൂടെ കടന്നുവരുന്നത് കാണാം. പുതിയ ഒരു ധർമ്മസംഹിത സമൂഹത്തിനുവേണ്ടി നിർമ്മിച്ചെടുക്കുക എന്നതായിരുന്നു അക്കാലത്തെ പത്രങ്ങളുടെ ലക്ഷ്യം. അമിതാധികാര പ്രവണതകളെ നിശിതമായി വിമർശിക്കുന്നതോടൊപ്പം ദുർബ്ബലർക്കുവേണ്ടി സംസാരിക്കുക എന്നതും പത്രധർമ്മമായി സങ്കൽപ്പിക്കപ്പെട്ടു. പാരമ്പര്യത്തിൽ തീയ്യതിനെ തള്ളി നല്ലതിനെ സ്വീകരിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കേണ്ടതും പത്രങ്ങളാണ്. ചുരുക്കത്തിൽ ബഹുതലസ്പർശിയായ ഒരു സമരത്തിന്റെ ശീഘ്രഗതിയിൽ നിൽക്കേണ്ട ഒന്നാണ് പത്രം എന്ന സങ്കൽപ്പം മലയാളിയുടെ അവബോധത്തിൽ രൂപപ്പെട്ടത് നവോത്ഥാനകാലത്താണ്.
ഭരണാധികാരികളെ തിരുത്താൻ ശേഷിയുള്ള പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ പത്രങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് അയ്യപ്പൻ ‘നമ്മുടെ പത്രങ്ങൾ’ എന്ന മുഖപ്രസംഗത്തിൽ എഴുതുന്നുണ്ട്. ‘പത്രസ്വാതന്ത്ര്യ’മെന്നത് ആധുനികസമൂഹത്തിന്റെ അടിസ്ഥാനലക്ഷണമായും അദ്ദേഹം കണക്കാക്കുന്നു. ജാതിബന്ധത്തിൽ പെട്ടുകിടന്ന കീഴാളസമൂഹങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യമോ ആശയാവിഷ്‌കാരത്തിനുള്ള മാർഗ്ഗമോ ഉണ്ടായിരുന്നില്ല. അതിനെല്ലാം ഇടനൽകിയത് പത്രങ്ങളാണെന്നും മേൽപ്പറഞ്ഞ മുഖപ്രസംഗത്തിൽ അയ്യപ്പൻ ഓർമ്മിപ്പിക്കുന്നു.
വാർത്തകൾ, വിശകലനങ്ങൾ, മുഖപ്രസംഗങ്ങൾ, ഫീച്ചറുകൾ, പംക്തികൾ എന്നിങ്ങനെ പത്രത്തിലെ നിരവധി ജനുസ്സുകൾക്ക് രൂപം നൽകിയതും ഇക്കാലത്തെ പത്രങ്ങളാണ്. പത്രപ്രവർത്തനരംഗത്തെ ‘അമെച്വർ’ ഇടപെടലുകളായിരുന്നു അന്നു നടന്നത്. എന്നാൽ സാമൂഹ്യവിപ്ലവത്തിനുള്ള ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമായിരുന്നു അവർക്ക് കൈമുതൽ. ഇതുവരെ സൂചിപ്പിച്ചതിൽനിന്ന് നാം എത്തിച്ചേരുന്ന ചില നിഗമനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
(i) ഭാഷയെ ഒരു പൊതുവിഭവമായി (Common good) പരിവർത്തിപ്പിച്ചത് പത്രങ്ങളാണ്.
(ii) സ്മൃതികളാൽ നിയന്ത്രിക്കപ്പെട്ടിരുന്ന ഒരു സാമൂഹ്യഘടനയെ പൊളിച്ച് പകരം നീതിയും സമത്വവും പുലരുന്ന ഒരു സമൂഹത്തിനാവശ്യമായ ധർമ്മസംഹിത രൂപപ്പെടുത്തിയത് പത്രങ്ങളാണ്.
(iii) സംവാദാത്മകമായ യുക്തി വികസിപ്പിച്ച് പൊതുജനാഭിപ്രായം വളർത്തിയെടുക്കുക എന്ന ആധുനികസമൂഹത്തിലെ പ്രക്രിയക്ക് തുടക്കം കുറിച്ചത് പത്രങ്ങളാണ്.
(iv) ജാതി-വംശ-ലിംഗ ശരീരങ്ങളെ മനുഷ്യൻ, പൗരൻ(പൗര) എന്നീ കർതൃശരീരങ്ങളാക്കി പരിവർത്തിപ്പിച്ചതിൽ പത്രഭാവനയ്ക്ക് വലിയ പങ്കുണ്ട്.
(v) പത്രത്തിനകത്ത് നിരവധി ജനുസ്സുകൾക്ക്-എഴുത്തുരൂപങ്ങൾക്ക്-ജന്മം നൽകുക വഴി ചിന്തയുടെ വിവിധ മാതൃകകൾ വികസിപ്പിക്കാൻ പത്രങ്ങൾക്ക് കഴിഞ്ഞു.
(vi) സാഹിതീയപൊതുമണ്ഡലത്തെയും രാഷ്ട്രീയ പൊതുമണ്ഡലത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി പത്രങ്ങൾ പ്രവർത്തിച്ചു.
(vii) വായനയിലെ വ്യക്തി-സാമൂഹ്യതലങ്ങൾ തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെ വിപ്ലവകരമായി പുതുക്കിപ്പണിയാൻ ആദ്യകാല പത്രങ്ങൾക്ക് കഴിഞ്ഞു. ഈ പത്രസങ്കൽപ്പത്തിന്റെ തുടർച്ചയിലാണ് മലയാളത്തിലെ ഇടതുപക്ഷ പത്രപ്രവർത്തനം ആരംഭിക്കുന്നത്. വിമർശപദ്ധതിയുടെ ശക്തമായ അടിത്തറയിൽനിന്നാണ് പത്രപ്രവർത്തനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതെന്നർത്ഥം.
രണ്ട്
സ്വകാര്യത, യുക്തിബോധം, സമത്വബോധം എന്നിവയുള്ള ‘വ്യക്തി’കൾ ഒന്നിച്ചുചേരുമ്പോൾ മാത്രമേ ഒരു പൊതുമണ്ഡലം രൂപപ്പെടുകയുള്ളൂ. ഇത്തരത്തിലുള്ള വ്യക്തി രൂപപ്പെടുക എന്നത് ഒരു ദീർഘമായ പ്രക്രിയയാണ്. അതിനാൽ ആദ്യഖണ്ഡത്തിൽ സൂചിപ്പിച്ച സാമൂഹ്യചലനങ്ങൾ ‘ആയിത്തീർന്ന’ ഒന്നിനെയല്ല ‘ആയിക്കൊണ്ടിരിക്കുന്ന’ ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. കേരളീയ നവോത്ഥാനത്തിന് പ്രസ്തുത ഘട്ടത്തിൽ സ്തംഭിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. ‘വ്യക്തി’ രൂപീകരണത്തിന്റേയും ‘പൊതുമണ്ഡല’ രൂപീകരണത്തിന്റേയും പ്രാഥമിക ഘട്ടത്തെമാത്രമാണ് നവോത്ഥാനകാലം കുറിക്കുന്നത്.
കേരളീയ നവോത്ഥാനത്തിന് പല പരിമിതികളുമുണ്ടായിരുന്നു. അതിലൊന്ന് അവയിലെ വിഭിന്നധാരകൾ പ്രതിനിധീകരിച്ച താൽപ്പര്യങ്ങൾ തമ്മിലുള്ള പൊരുത്തക്കുറവായിരുന്നു. പുതിയ സാംസ്‌കാരിക മൂലധനരൂപങ്ങൾ സ്വന്തമാക്കുന്നതിനും ആചാരങ്ങൾ പരിഷ്‌കരിക്കുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു അഭിജാതവർഗ്ഗത്തിന്റെ നവോത്ഥാന യത്‌നങ്ങൾ. ജാതിവ്യവസ്ഥയെ പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നതിലോ നിയതമായ അർത്ഥത്തിലുള്ള ഒരു പൊതുമണ്ഡലം സൃഷ്ടിക്കുന്നതിലോ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതേസമയം കീഴാള നവോത്ഥാനം പ്രധാനമായും ശ്രമിച്ചത് ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായിരുന്നു. ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്താൽ മാത്രമേ ‘സ്വകാര്യവ്യക്തി’കളെ സൃഷ്ടിക്കാനും അതുവഴി ഒരു പൊതുമണ്ഡലത്തെ രൂപപ്പെടുത്താനും ‘സംവേദനാത്മകമായ യുക്തി’ വികസിപ്പിച്ചുകൊണ്ട് പുതിയ സാമൂഹ്യരൂപങ്ങളിലേക്ക് പ്രവേശിക്കാനും കഴിയൂ എന്ന് കീഴാള നവോത്ഥാനത്തിന് നേതൃത്വം നൽകിയ ധൈഷണികർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ആയതിനാൽ തങ്ങളുടെ ജനതയെ മറ്റൊരുതരം ‘ലോകവീക്ഷണ’വുമായി ബന്ധപ്പെടുത്താൻ അവർ യത്‌നിച്ചു. ഇതിനേറ്റവും കരുത്തുറ്റ മാതൃകയാണ് ശ്രീനാരായണഗുരുവിന്റേത്. ആചാരങ്ങളെ പരിഷ്‌കരിക്കുകയല്ല, സ്വകാര്യവ്യക്തികളെ രൂപപ്പെടുത്താനാവശ്യമായ ഒരു തത്ത്വചിന്തയ്ക്ക് രൂപം നൽകുകയും ആ തത്ത്വചിന്തയിലേക്ക് മനുഷ്യരെ ‘ജ്ഞാനസ്‌നാനം’ ചെയ്യിക്കുകയുമാണ് ഗുരു ചെയ്തത്. എന്നാൽ അത് വേണ്ടത്ര വിജയം കണ്ടില്ല. ആദ്യത്തെ കുതിപ്പിനു ശേഷം ഒരടിപോലും മുന്നോട്ടുനീങ്ങാൻ കേരളീയ നവോത്ഥാനത്തിന് സാധിച്ചില്ല. മാത്രമല്ല ജാതികളിൽനിന്ന് വികസിച്ചുവന്ന ‘സമുദായ’ങ്ങൾ തുടർന്നുള്ള വികാസത്തിന് യത്‌നിക്കാതെ അതിൽത്തന്നെ കുടുങ്ങിക്കിടന്നു. സവർണ്ണസമൂഹങ്ങൾക്കും മുതലാളിത്ത സമ്പദ്ഘടനയ്ക്കും മേൽക്കയ്യുള്ള നവോത്ഥാനാന്തരസമൂഹത്തിൽ കീഴാളസമൂഹങ്ങളും സ്ത്രീകളും വീണ്ടും അടിമകളായിത്തീരുന്നതാണ് നാം കാണുന്നത്. ഇംഗ്ലീഷും സംസ്‌കൃതവും പഠിച്ച് പാശ്ചാത്യരീതികളുമായി പരിചയിച്ച ഇന്ദുലേഖ ഒടുവിൽ വീട്ടമ്മ-വീട്ടടിമ-യായിത്തീരുന്നതാണ് കേരളീയനവോത്ഥാനത്തിന്റെ തിരുശേഷിപ്പ്. സ്വകാര്യം എന്ന് വിശേഷിപ്പിക്കാവുന്ന എല്ലാ വ്യവഹാരങ്ങളേയും ജാതിയാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ നവസമൂഹനിർമ്മിതി വഴിമുട്ടിനിന്നു. ജാതിയെ നിർണ്ണയിച്ചിരുന്ന ‘ലോകവീക്ഷണ’ത്തിനു പകരം ഒരു പുതിയ ‘ലോകവീക്ഷണം’ അവതരിപ്പിച്ചുകൊണ്ടും അതിലേക്ക് ഒരു സമൂഹത്തെ ഉൾച്ചേർത്തുകൊണ്ടും മാത്രമേ ഈ നിശ്ചലാവസ്ഥയെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത്തരമൊരു യത്‌നമാണ് രണ്ടാംഘട്ടത്തിൽ നിർവ്വഹിക്കപ്പെട്ടത്. ജാതി എന്നത് ശരീരസംബന്ധിയായ ഒരു ഭവശാസ്ത്രമാണ് അവതരിപ്പിച്ചതെങ്കിൽ, അതേ ശരീരത്തെ മറ്റൊരു ഭാവനയിൽ കാണാനാണ് മാർക്‌സിസം പഠിപ്പിച്ചത്. ശരീരത്തിന്റെ മൗലികമായ ശേഷി‘അധ്വാനശക്തി’യാണെന്നും അധ്വാനമാണ് മനുഷ്യനാഗരികതയുടെ ആധാരമെന്നും ലോകത്തെ പഠിപ്പിച്ചത് മാർക്‌സാണ്. അധ്വാനിക്കാനുള്ള ശേഷി എല്ലാ മനുഷ്യരിലുമുണ്ട്. അധ്വാനം വാസ്തവത്തിൽ ആഹ്ലാദം നൽകുന്ന ഒന്നാണ്. എന്നാൽ അത് പീഡനവും അടിമത്തവുമാകുന്നത് സവിശേഷമായ സാമൂഹ്യവ്യവസ്ഥയിലാണ്. ഈ സാമൂഹ്യവ്യവസ്ഥയെ തകർത്ത് മനുഷ്യരുടെ അധ്വാനശക്തിയെ വിമോചിപ്പിച്ചാൽ മാത്രമേ ‘സ്വകാര്യ വ്യക്തി’ എന്ന ഭാവന പൂർത്തിയാകൂ എന്നും അപ്പോഴേ യഥാർഥ ‘പൊതുമണ്ഡലം’ ഉടലെടുക്കൂ എന്നും മാർക്‌സ് കരുതി.
നവോത്ഥാനം ജാതിശരീരത്തെ ‘മനുഷ്യശരീര’മാക്കി/പൗരശരീരമാക്കി പരിവർത്തിപ്പിക്കാൻ നടത്തിയ ശ്രമം അപൂർണ്ണമാക്കപ്പെട്ടപ്പോൾ അതിനെ പൂർത്തീകരിക്കാനായി മാർക്‌സിസം മുന്നോട്ടുവെച്ച ആശയങ്ങളെ പിൻപറ്റുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തത്. ‘നവോത്ഥാനം’ എന്ന ‘അപൂർണമായ പ്രക്രിയ’യെ പൂർത്തീകരിക്കാനുള്ള ഒരു പുതിയ ലോകവീക്ഷണമായി ‘അധ്വാനസിദ്ധാന്തം’ മാറി. ഇതിന്റെ അടിസ്ഥാനത്തിൽ ‘തൊഴിലാളി’ എന്ന പുതുകർതൃത്വം വിഭാവനം ചെയ്യപ്പെട്ടു. ഈ ‘കർതൃത്വ’രൂപീകരണത്തിന്റെ ശീഘ്രഗതിയിൽ നിന്നത് തൊഴിലാളിവർഗ്ഗ പത്രങ്ങളാണ്.
‘തൊഴിലാളി’ എന്നത് സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ള ഒരു കർത്താവാണ്. അയാളെ രൂപപ്പെടുത്തുന്ന ദർശനം ‘വർഗ്ഗസിദ്ധാന്ത’മാണ്. വർഗ്ഗസിദ്ധാന്തം എന്നത് ജഡമായ ഒന്നല്ല. ജീവിതത്തെ സമഗ്രമായി ആശ്ലേഷിക്കുന്ന വിപുലമായ ഒരു ദാർശനിക പദ്ധതിയാണത്. ഈ ദർശനത്തിന്റെ വെളിച്ചത്തിൽ ലോകത്തെക്കാണാൻ പരിശീലിപ്പിക്കപ്പെട്ട ഒരു ‘തൊഴിലാളി’ സ്വകാര്യത, യുക്തിബോധം, സമത്വബോധം എന്നിവയുള്ള ഒരാളായിരിക്കും. ഇങ്ങനെയുള്ള സ്വകാര്യവ്യക്തികൾ ഇടപെടുന്ന ഒരു പൊതുമണ്ഡലത്തിന്റെ സൃഷ്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്തത്.
എന്നാൽ മാർക്‌സിനെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ ഒരു കർതൃത്വത്തെ (തൊഴിലാളിയെ) ചിന്താപരമായ ഒരു നവീകരണംകൊണ്ട് സൃഷ്ടിക്കാനാവില്ല. സ്വന്തം സാഹചര്യത്തെ സംഘം ചേർന്ന് മാറ്റിത്തീർക്കാൻ യത്‌നിക്കുകയും ആ യത്‌നത്തിന്റെ ഭാഗമായി സ്വയം മാറിത്തീരുകയും ചെയ്യുമ്പോഴാണ് പുതുകർതൃത്വത്തിലേക്ക് മനുഷ്യർ പ്രവേശിക്കുന്നത്. അതായത് കർതൃത്വം എന്നത് പ്രാക്‌സിസിന്റെ ഉൽപന്നമാണെന്നർത്ഥം. ഇത്തരമൊരു പ്രാക്‌സിസിന്റെ ഭാഗമായിരുന്നു തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനം. അതായത് ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതിനേക്കാൾ പ്രവർത്തനത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു തൊഴിലാളിവർഗ്ഗ പത്രങ്ങളുടെ ദൗത്യം. ഇടതുപക്ഷ ആശയങ്ങൾ തൊഴിലാളികളിലെത്തിക്കുക, അവർക്കിടയിലെ വർഗൈക്യം ഉറപ്പിക്കുക, അവരുടെ സമരങ്ങൾക്ക് ഊർജ്ജം നൽകുക - ഇതായിരുന്നു ‘പ്രഭാതം’ തുടങ്ങിയുള്ള മലയാളത്തിലെ തൊഴിലാളിവർഗ്ഗ പത്രങ്ങളുടെ ധർമ്മം. അതായത് സംഘാടനത്തിന്റെ ഹൃദയത്തിൽനിന്ന് പറിച്ചെടുത്ത് തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനങ്ങളെ കാണാനാവില്ലെന്ന് ചുരുക്കം. ഇടത് പ്രാക്‌സിസിന്റെ ഭാഗമായ തത്ത്വങ്ങൾ തന്നെയാണ് പാർട്ടിപത്രങ്ങളേയും നയിച്ചത്. പ്രാക്‌സിസുമായുള്ള ഈ ബന്ധമാണ് ആദ്യഘട്ട പത്രങ്ങളിൽനിന്ന് തൊഴിലാളിവർഗ്ഗ മാധ്യമപ്രവർത്തനത്തെ വേർപെടുത്തി നിർത്തുന്നത്.
ഒരു തൊഴിലാളിവർഗ്ഗപാർട്ടിയെ സംബന്ധിച്ചിടത്തോളം പത്രം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ലെനിൻ സൂചിപ്പിക്കുന്നുണ്ട്. ‘’സോഷ്യൽ ഡമോക്രാറ്റിക് കടമകളെ നാം അധഃപതിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സജീവ രാഷ്ട്രീയപ്രക്ഷോഭം വഴിക്കുമാത്രമേ ‘സജീവരാഷ്ട്രീയപ്രവർത്തനം’ തുടങ്ങുവാൻ സാധ്യമാകൂ, അതാകട്ടെ കൂടെക്കൂടെ പുറത്തുവരുന്നതും വേണ്ടവിധം വിതരണം ചെയ്യപ്പെടാവുന്നതുമായ ഒരഖില റഷ്യൻ പത്രം നമുക്കില്ലാതെ സാധ്യവുമല്ല’’(ലെനിൻ, 2005: 240). കല്ലാശാരിമാർക്ക് വഴികാട്ടിയാകുന്ന ചരടുപോലെയാണ് തൊഴിലാളിവർഗ്ഗ പാർട്ടിക്ക് അതിന്റെ പത്രമെന്നും ലെനിൻ പറയുന്നു. അദ്ദേഹം തുടർന്ന് ഇങ്ങനെ സൂചിപ്പിക്കുന്നു: കൂട്ടായ പ്രചാരവേലയോ കൂട്ടായ പ്രക്ഷോഭമോ മാത്രമല്ല, കൂട്ടായ സംഘടനാപ്രവർത്തനവും ഒരു പത്രം നടത്തും. ഇക്കാര്യത്തിൽ അതിനെ ഒരു കെട്ടിട നിർമ്മാണാവസരത്തിൽ കെട്ടിടത്തിന് ചുറ്റും നാം ഉയർത്താറുള്ള ചട്ടക്കൂടിനോട് ഉപമിക്കാം. സംഘടനയുടെയാകെ പൊതുവിൽ ഒരാകൃതി അത് നൽകുന്നു; പുര പണിയുന്നവരെ തമ്മിൽത്തമ്മിൽ ബന്ധമുണ്ടാക്കാൻ സഹായിക്കുന്നു; ജോലി തമ്മിൽത്തമ്മിൽ വീതിച്ചുകൊടുക്കാനും തങ്ങളുടെ സംഘടിതമായ അധ്വാനത്തിന്റെ കൂട്ടായ ഫലങ്ങൾ കണ്ടറിയാനും അവർക്ക് അവസരം നൽകുന്നു’’(പു: 242-43). അതേ കുറിപ്പിൽ മറ്റൊരിടത്ത് ലെനിൻ തൊഴിലാളിവർഗ്ഗ പാർട്ടി എങ്ങനെയാണ് തൊഴിലാളികൾക്ക് പൊതുവായി പങ്കിടാൻ കഴിയുന്ന ഒരനുഭവലോകത്തെ സൃഷ്ടിക്കുന്നതെന്ന് പറയുന്നുണ്ട്. ‘’ഒരു പത്രം നമുക്കുണ്ടെങ്കിൽ, ഇത്തരം ബന്ധസ്ഥാപനം നിയമം തന്നെയായിത്തീരും. തീർച്ചയായും തൽഫലമായി പത്രം വിതരണം ചെയ്യപ്പെടുമെന്നു മാത്രമല്ല, അതിലും പ്രധാനമായ മറ്റൊന്നുകൂടിയുണ്ടാവും, അനുഭവങ്ങൾ, വിവരങ്ങൾ, വിഭവങ്ങൾ-ഇതെല്ലാം കൈമാറാൻ ഇതുമൂലം കഴിയും. സംഘടനാപ്രവർത്തനത്തിന്റെ പരിധി ഉടൻതന്നെ എത്രയോ കൂടുതൽ വിപുലമായി വികസിക്കും. ഏതെങ്കിലും ഒരു പ്രദേശത്തുണ്ടാകുന്ന വിജയം കൂടുതൽ നന്നാവാനുള്ള ഒരവിതർക്കിതമായ പ്രോത്സാഹനമായിരിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സഖാക്കളുടെ അനുഭവത്തെ ഉപയോഗപ്പെടുത്താൻ ആഗ്രഹം വളരും’’(പു: 250). ചുരുക്കത്തിൽ തൊഴിലാളിവർഗ്ഗ പാർട്ടിയുടെ ആത്മാവാണ് അതിന്റെ പത്രം എന്ന് ലെനിൻ ആവർത്തിച്ച് പറഞ്ഞുറപ്പിക്കുന്നു. പ്രചാരണവും പ്രയോഗവും സംഘാടനവും നിർവ്വഹിക്കാൻ ശേഷിയുള്ള ഒന്നാണ് പാർട്ടി പത്രം എന്നു ചുരുക്കം.
മലയാളത്തെ സംബന്ധിച്ചിടത്തോളം തൊഴിലാളിവർഗ്ഗ പാർട്ടി പത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ‘പ്രഭാത’ത്തോടെയാണ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രം എന്ന നിലയ്ക്കാണ് പ്രഭാതം ആരംഭിക്കുന്നത്. ഈ പത്രത്തിന്റെ സാരഥികളിലൊരാളായ ഐ.പി.സി നമ്പൂതിരി പ്രഭാതത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘’1935 ജനുവരി ഒമ്പതിന് പ്രഭാതം പ്രസിദ്ധീകരണം തുടങ്ങി. ഇ.എം.എസ്, കെ.ദാമോദരൻ, മൊയ്യാരത്ത് ശങ്കരൻ, രാമചന്ദ്രൻ നെടുങ്ങാടി എന്നിവർ സ്ഥിരമായി എഴുതും. പി.കൃഷ്ണപിള്ളയും ഇടയ്ക്കൊക്കെ എഴുതാറുണ്ട്.... മുഖക്കുറിപ്പ് സാധാരണ ഇ.എം.എസ് ആണ് എഴുതുക. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണമായ ‘കോൺഗ്രസ് സോഷ്യലിസ്റ്റി’ൽ വരുന്ന ലേഖനങ്ങൾ പരിഭാഷപ്പെടുത്തി പ്രഭാതത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ചുമതല എനിക്കായിരുന്നു’’ (2019: 74). ചൊവ്വര പരമേശ്വരന്റെ ‘ആത്മനാദം’ എന്ന കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ‘പ്രഭാതം’ കണ്ടുകെട്ടാൻ ബ്രിട്ടീഷ് ഗവർമെണ്ട് തീരുമാനിച്ചു. അതോടെ ഷൊർണ്ണൂരിൽ നിന്നിറങ്ങിയ ‘പ്രഭാതം’നിലച്ചു. പിന്നീടത് കോഴിക്കോട്ടുനിന്നാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. രണ്ടാം ലോകയുദ്ധത്തോടെ അതും നിലച്ചു. പിന്നീട് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി 1940 സെപ്തംബർ മുതൽ 1942 ജൂലൈ വരെ ‘പാർട്ടിക്കത്ത് ‘ രഹസ്യമായി വിതരണം ചെയ്തിരുന്നു. അതേക്കുറിച്ച് ഐ.സി.പി ഇങ്ങനെ അനുസ്മരിക്കുന്നു: ‘’അതിന്റെ പ്രധാനചുമതലക്കാരിൽ ഒരാളായി ഞാൻ പ്രവർത്തിച്ചു. പാർട്ടിക്കത്ത് അച്ചടിക്കാനുള്ള കല്ലച്ച് ഞാൻ ബോംബെയിൽ പോയി വാങ്ങി കേരളത്തിലെത്തിച്ചു. ഒളിവിലിരുന്നുകൊണ്ട് ഇ.എം.എസ് പ്രധാനലേഖനങ്ങൾ എഴുതിയിരുന്നു. ഒരു ലക്കത്തിൽ രണ്ടായിരം കോപ്പിവെച്ച് 500 ലക്കം ‘പാർട്ടിക്കത്തു’കൾ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലാണ് ‘പാർട്ടിക്കത്ത് ‘ വിതരണം ചെയ്തിരുന്നത്. ഇതിനിടയിൽ ഒറ്റപ്രതിപോലും പോലീസിന്റെയോ ഒറ്റുകാരുടെയോ കയ്യിൽ പെട്ടിട്ടില്ല എന്നത് അഭിമാനകരമായ കാര്യമാണ്. നിരവധി സഖാക്കൾ ഇതിന്റെ വിതരണശൃംഖലയിൽ പ്രവർത്തിച്ചു. പാർട്ടിക്കത്തിന് പത്രത്തിന്റെ സ്വഭാവമായിരുന്നു. സാർവ്വദേശീയം, ദേശീയം, കേരളം, മറ്റ് പ്രാദേശിക സംഘടനാവാർത്തകൾ, കുറിപ്പുകൾ എന്നിവ അതിലുണ്ടായിരുന്നു..........പാർട്ടിയെ നിരോധിച്ച സമയത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിനും സഖാക്കൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനും സുപ്രധാന പങ്കാണ് ‘പാർട്ടിക്കത്ത് ‘ വഹിച്ചത് ‘’ (പു: 77). പത്രത്തിന്റെ നടത്തിപ്പുതന്നെ ഒരു സമൂഹാനുഭവമായിത്തീരുന്നു എന്നതാണ് പ്രഭാതത്തിന്റെ ചരിത്രം നമ്മെ ബോധിപ്പിക്കുന്നത്. അത് ഒരു സംഘപ്രവർത്തനവും ആത്മപ്രചോദിതമായ യത്‌നവുമാണ്. അത് പാർട്ടി സഖാക്കൾ ക്കിടയിൽ സ്മരണകളുടെ ഒരു സംഭരണി സൃഷ്ടിക്കുന്നു. എല്ലാവർക്കും പൊതുവായി പങ്കുവെക്കാവുന്ന ഒരു വിഭവമായി അത് മാറുന്നു. പാർട്ടിപത്രത്തിന് സംഘടനയുടെ ആത്മാവായിത്തീരാൻ കഴിയുന്നത് അങ്ങനെയാണ്.
1942 സെപ്തംബർ ആറിന് കോഴിക്കോട്ടുനിന്ന് എം.എസ് ദേവദാസിന്റെ പത്രാധിപത്യത്തിൽ പ്രഭാതത്തിനുപകരം ‘ദേശാഭിമാനി’ പ്രസിദ്ധീകരണം ആരംഭിച്ചു. വാരികയായി പ്രസിദ്ധീകരിച്ചുതുടങ്ങിയ ദേശാഭിമാനി 1946 ജനുവരി പതിനെട്ടിനാണ് ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തൊഴിലാളികളിൽനിന്ന് പിരിച്ചെടുത്ത തുകകൊണ്ടാണ് ‘ദേശാഭിമാനി’ നടത്തിക്കൊണ്ടിരുന്നത്. ഭരണകൂട ഭീകരതയ്ക്ക് ഈ പത്രം കൂടെക്കൂടെ ഇരയായിട്ടുണ്ട്. 1944ൽ ‘ഏറനാടിന്റെ ധീരമക്കൾ’ എന്ന പാട്ട് പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി കണ്ടകെട്ടുകയുണ്ടായി. മോങ്ങത്തുള്ള ഹിച്ച്‌കോക്കിന്റെ സ്മാരകം പൊളിക്കാൻ മാർച്ച് ചെയ്ത് നീങ്ങിയ ധീരദേശാഭിമാനികൾ പാടിയ പാട്ടായിരുന്നു അത്.
‘തൊഴിലാളി’ എന്ന കർതൃത്വത്തെക്കുറിച്ച് മാർക്‌സും എംഗൽസും ഇപ്രകാരം സൂചിപ്പിക്കുന്നു: ‘’തൊഴിലാളിക്ക് സ്വത്തില്ല; ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിന് ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നു തന്നെയാണ്. അതുകൊണ്ട് തൊഴിലാളിയിൽനിന്ന് ദേശീയ സ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാമുൻവിധികൾ മാത്രമാണ്. അവയുടെ ഓരോന്നിന്റേയും പിന്നിൽ അത്രതന്നെ ബൂർഷ്വാതാൽപര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണ് അവൻ കാണുന്നത് ‘’ (2015: 46).
ഒന്നാം ഘട്ടത്തിൽ വിമർശാവബോധമുള്ള ഒരു കർതൃത്വമായി പൗരനെ/പൗരയെ അവതരിപ്പിച്ചു. എന്നാൽ വിമർശബുദ്ധിയെ കേവലയുക്തിയിൽനിന്ന് വിടർത്തി ചരിത്ര ബോധത്തിലും വർഗ്ഗബോധത്തിലും വേരാഴ്ത്തിനിൽക്കുന്ന ഒരു ദർശനമായി വികസിപ്പിക്കുകയാണ് മാർക്‌സിസം ചെയ്തത്. ഈ ദർശനത്തിന്റെ പിൻബലം തൊഴിലാളിയുടെ കർതൃത്വത്തെ കൂടുതൽ സക്രിയമാക്കുന്നുണ്ട്. ‘’അതുകൊണ്ട്, ഒരു വശത്ത്, കമ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗ പാർട്ടികളിൽവെച്ച് ഏറ്റവും മുന്നണിയിൽ നിൽക്കുന്നതും, ഏറ്റവും നിശ്ചയദാർഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു തള്ളി നീക്കുന്നതുമായ വിഭാഗമാണ്. മറുവശത്താകട്ടെ, താത്ത്വികമായി തൊഴിലാളി ബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ട്. തൊഴിലാളി വർഗ്ഗത്തിന്റെ മുന്നോട്ടു പോകുവാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പറ്റി അവർക്ക് വ്യക്തമായ ധാരണയുണ്ട് ‘’(2015: 49). അതായത് വികസിതമായ ഒരു ഭവശാസ്ത്രത്താൽ നയിക്കപ്പെടുകയും അതുവഴി നായകപദവിയിലെത്തുകയും ചെയ്ത കർതൃത്വമാണ് തൊഴിലാളിയുടേത്. ലോകത്തെ അറിയുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഒരാളാണ് നവോത്ഥാനം സൃഷ്ടിച്ച പൗരൻ/പൗര എങ്കിൽ ലോകത്തെ മാറ്റാൻ കെൽപ്പുള്ള കർതൃത്വമാണ് തൊഴിലാളിയുടേത്. ബോധമല്ല അസ്തിത്വത്തെ നിർണയിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾത്തന്നെ ആ അസ്തിത്വത്തിന് വെളിയിൽക്കടന്ന് ബോധത്തെ നിർണയിക്കുന്ന വർഗ്ഗബന്ധങ്ങളുടെ സ്വഭാവം മനസ്സിലാക്കാനുള്ള ശേഷിയും തൊഴിലാളിക്കുണ്ട്. അസ്തിത്വത്തിനകത്തേക്കും പുറത്തേക്കും ചലിക്കാൻ ശേഷിയുള്ളതാണ് തൊഴിലാളിയുടെ വർഗ്ഗബോധം. ഈ ചലനത്തെ സഹായിക്കുക എന്നതാണ് പാർട്ടി പത്രപ്രവർത്തനത്തിന്റെ ധർമ്മം. തന്റെ ബോധത്തെ നിയന്ത്രിക്കുന്നതെന്തോ അതിന്റെ ബലതന്ത്രങ്ങളെ മനസ്സിലാക്കുന്ന കർതൃത്വമാണ് തൊഴിലാളിയുടേത്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട കർതൃത്വം എന്ന നിലയിലാണ് ‘തൊഴിലാളി’ ശ്രദ്ധേയമാകുന്നത് (Hall, 2004: 55).
കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധീകരണങ്ങൾ സങ്കൽപ്പനങ്ങളുടെ ഒരു വലിയ ലോകം ഭാഷയിൽ തുറന്നുവെച്ചു. ലോകരാഷ്ട്രീയം, വർഗ്ഗവിശകലനം, സാമ്പത്തികശാസ്ത്രം, ചരിത്രം എന്നിവക്കെല്ലാം അനുയോജ്യമായ സവിശേഷ വ്യവഹാരമാതൃകകൾ സൃഷ്ടിച്ചത് തൊഴിലാളിവർഗ്ഗ പത്രങ്ങളാണ്. ഈ പത്രങ്ങളിലെ ഭാഷയും വ്യവഹാരരൂപങ്ങളും അതിനനുപൂരകമായ സംഘടനാക്ലാസുകളും സമരങ്ങളും മനുഷ്യരെ സവിശേഷകർതൃപദവിയിലേക്ക് പരിവർത്തിപ്പിച്ചു. ഈ പത്രങ്ങൾ നടത്തിയതും നിലനിർത്തിയതും പത്രപ്രവർത്തനത്തിൽ സവിശേഷ പരിശീലനം ലഭിച്ചിരുന്നവരായിരുന്നില്ല. മറിച്ച് തൊഴിലാളികൾ തന്നെയായിരുന്നു. ഈ പ്രാക്‌സിസ് അവരെ പുതിയ മനുഷ്യരാക്കിമാറ്റി എന്നതാണ് പ്രധാനം.
മൊറാഴസമരം, ആറോൺകമ്പനിസമരം, കർഷകസമരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുത്ത പി. യശോദയുടെ അനുഭവം തൊഴിലാളിവർഗ്ഗപത്ര പ്രവർത്തനത്തെക്കുറിച്ചുള്ള വേറിട്ട ചിത്രം അവതരിപ്പിക്കുന്നുണ്ട്. ‘’കാലാകാലങ്ങളായി തുടർന്നുവരുന്ന ചൂഷണങ്ങൾക്കെതിരെ മലബാറിലെ ഗ്രാമങ്ങൾ ചുവപ്പണിഞ്ഞ് ഉണർന്നെഴുന്നേറ്റ് ചെറുത്തുനിൽക്കാൻ തുടങ്ങിയപ്പോൾ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട പോലീസിന്റേയും ജന്മിഗുണ്ടകളുടേയും അക്രമങ്ങളിൽ കർഷകരുടെ രക്തവും കണ്ണീരും വീണ് മണ്ണു കുതിർന്നു. ആ മണ്ണിലേക്ക്, സമരത്തിന്റെ നടുവിലേക്ക് വളരെ സാഹസികമായി കടന്നുചെന്ന് യശോദടീച്ചർ വാർത്തകൾ ശേഖരിച്ച് നിരന്തരം ദേശാഭിമാനി പത്രത്തിൽ എഴുതിക്കൊണ്ടിരുന്നു....... പത്രപ്രവർത്തകയായും കമ്യൂണിസ്റ്റുകാരിയായും കർഷക നേതാവായും മഹിളാനേതാവായും ഒരുപാടുദൂരം അവർ ചവിട്ടിത്തള്ളി. അവരുടെ പേനത്തുമ്പിലൂടെ കണ്ണൂർ ജില്ലയിൽ പോലീസും ഗുണ്ടകളും അഴിച്ചുവിട്ട അക്രമങ്ങൾ സത്യസന്ധമായി പുറംലോകമറിഞ്ഞു. കയ്യൂരിലേയും കൊടക്കാട്ടെയും കാവുമ്പായിയിലേയും കണ്ടക്കൈയിലേയും കർഷകസമരങ്ങളും ചെറുത്തുനിൽപ്പുകളും പുറംലോകമറിഞ്ഞത് യശോദടീച്ചറുടെ തൂലികയിലൂടെയാണ്. ആ പത്രറിപ്പോർട്ടുകളുടെ പേരിലാണ് അവർക്ക് പോലീസിന്റെ മർദ്ദനമേൽക്കേണ്ടിവന്നത്. സ്ത്രീകൾക്കെതിരായ പീഡനങ്ങളും ജന്മിമാരുടെ അക്രമങ്ങളും അഖിലേന്ത്യാ സമ്മേളനങ്ങളുടെ വാർത്തകളും യാത്രാവിവരണങ്ങളുമൊക്കെ അവർ ദേശാഭിമാനിയിൽ എഴുതിക്കൊണ്ടിരുന്നു. അതോടെ പോലീസും കോൺഗ്രസ് ഗുണ്ടകളും അവരെ വേട്ടയാടാൻ തുടങ്ങി. ഏതുസമയത്തും പോലീസ് കണ്ടെടുത്തേക്കാം എന്നു പേടിയുള്ളതുകൊണ്ട് കിടക്കുന്ന പായയുടേയും തലയിണയുടേയുമൊക്കെ അടിയിലാണ് എഴുതിവെച്ച റിപ്പോർട്ടുകൾ ഒളിപ്പിച്ചുവെച്ചിരുന്നത്. 1946 ഡിസംബറിൽ കാവുമ്പായിയിൽ നടന്ന കർഷകസമരങ്ങൾ റിപ്പോർട്ട് ചെയ്തതും യശോദടീച്ചറായിരുന്നു. 1946ൽ കർഷകസമരങ്ങളെത്തുടർന്ന് കാവുമ്പായി, കയരളം, കണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ ജന്മി-ഗുണ്ട-പോലീസ് തേർവാഴ്ചയും ദേശാഭിമാനിയിൽ റിപ്പോർട്ട് ചെയ്തത് യശോദടീച്ചറാണ്. കണ്ടക്കൈയിലെ കുഞ്ഞാക്കമ്മയ്ക്കും നെടുങ്ങോത്തെ ചെറിയമ്മയ്ക്കും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥയും പുറംലോകമറിഞ്ഞത് യശോദടീച്ചറുടെ ലേഖനത്തിലൂടെയായിരുന്നു ‘’ (ശാന്ത, 2017: 75-76).
പത്രപ്രവർത്തനം ഒരു ഗറില്ലാപ്രവർത്തനമായി നിർവ്വഹിക്കപ്പെട്ട കാലമായിരുന്നു അത്. തൊഴിലാളിവർഗ്ഗത്തിന്റെ പ്രാക്‌സിസിന്റെ ഭാഗമായി നടന്ന നിരവധി പ്രവർത്ത നങ്ങളിലൊന്ന് മാത്രമായിരുന്നു പത്രപ്രവർത്തനം. പത്രപ്രവർത്തനം ഒരു തൊഴിൽ എന്ന നിലയ്ക്കല്ല നിർവ്വഹിക്കപ്പെടുന്നത്. വർഗ്ഗപരവും ലിംഗപരവുമായ ചെറുത്തുനിൽപിന്റെ ഒരു രൂപമാണ് തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനം. പത്രപ്രവർത്തനം ഒരു പ്രതിരോധമാണ്. അതേസമയം അത് പുതുകർതൃത്വത്തിന്റെ നിർമ്മാണവുമാണ്.
‘’1947 സെപ്തംബർ 7ന് ദേശാഭിമാനി പത്രത്തിൽ കണ്ടക്കൈയിൽ എം.എസ്.പി. അഴിച്ചുവിട്ട മർദ്ദനത്തെയും അക്രമത്തെയും കുറിച്ച് യശോദടീച്ചർ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു. .....ക്രോധവും വൈകാരികതയും അവരുടെ റിപ്പോർട്ടിലുടനീളം കാണാം. ആരെയും കൂസാത്ത തന്റേടം അവരുടെ വാക്കിലും പ്രവൃത്തിയിലും തുടിച്ചുനിന്നു. ആരുടെ മുന്നിലും നിന്ന് കാര്യം പറയാനും അനീതിയെ എതിർക്കാനും ചോദ്യം ചെയ്യാനും കഴിവുള്ള പത്രപ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു അവർ’’ (പു. 76). നാട്ടിലുണ്ടാകുന്ന സംഭവങ്ങൾ പത്രപ്രവർത്തകയുടെ ശരീരത്തിലും ഭാഷയിലും പരിവർത്തനമുണ്ടാക്കുന്നു. നിവർന്നുനിൽക്കുന്ന ശരീരവും ക്രോധവും വൈകാരികതയും ജ്വലിക്കുന്ന ഭാഷയും തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനത്തിന്റെ മുന്നുപാധിയാകുന്നു. ‘തൊഴിലാളി’ എന്ന കർതൃത്വം ബഹുതലങ്ങളുള്ള ഒന്നാണെന്ന് യശോദടീച്ചറുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മാർക്‌സിസ്റ്റ് തത്ത്വചിന്തയും അതിന്റെ പ്രായോഗിക രൂപങ്ങളും സൃഷ്ടിച്ച വർഗ്ഗബോധത്തിന്റെ വ്യാപ്തിയാണ് ഈ കർതൃത്വസൃഷ്ടിക്കു പിന്നിൽ പ്രവർത്തിക്കുന്നത്.
യശോദടീച്ചറുടെ ജീവിതത്തിലെ സുപ്രധാനമായ അനുഭവം കയ്യൂർ രക്തസാക്ഷികളെ സന്ദർശിച്ച് അവരുമായി അഭിമുഖം നടത്തിയതാണ്. ആ അഭിമുഖം അവർ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ‘’മഹിളാസംഘം ഉഷാറാക്കുക - കയ്യൂർ സഖാക്കളുടെ ആഹ്വാനം- പി. യശോദ’’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ‘’കയ്യൂർ സഖാക്കളുമായുള്ള അവസാനത്തെ കൂടിക്കാഴ്ച അനുസ്മരിക്കുമ്പോൾ അസാമാന്യമായ കരളുറപ്പുള്ള പി. യശോദ എന്ന ഉരുക്കുവനിതയുടെ മിഴികളിൽ അമ്പത്തിനാല് കൊല്ലത്തിനുശേഷവും നനവ് പടരുന്നു’’(പു. 79). എന്നാണ് ജീവചരിത്രകാരി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഒരു സവിശേഷമായ ‘ജീവലോക’ത്തെ പ്രതിനിധീകരിക്കുന്ന കർതൃത്വമാണ് പത്രപ്രവർത്തക. തൂക്കുമരത്തിനു മുന്നിൽ നിൽക്കുന്ന സഖാക്കളുമായി സവിശേഷമായ ഒരു സാഹോദര്യഭാവം പത്രപ്രവർത്തക സൃഷ്ടിക്കുന്നു. പത്രപ്രവർത്തനം വസ്തുനിഷ്ഠതയല്ല, അത് ആത്മാവിഷ്‌കാരം തന്നെയാണ് എന്നു വരുന്നു. ഭാവി സമൂഹത്തിലേക്കുള്ള ഒരു നീക്കിയിരുപ്പായി - കരുതലായി - ഇവിടെ രക്തസാക്ഷിത്വം മാറുന്നു. ‘’ഞങ്ങൾ അവസാനിക്കാറായിരിക്കുന്നു. ഗവൺമെന്റ് അങ്ങേയറ്റംവരെ നോക്കുമെന്ന് ഞങ്ങൾ ആദ്യമേ കണ്ടതാണ്. ഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു വ്യസനവുമില്ല. ഞങ്ങൾ രാജ്യത്തിനുവേണ്ടി മരിക്കുന്നുവെന്ന കൃതാർത്ഥത മാത്രമാണുള്ളത് "(പു. 83). ഇത്തരം ഭാഷാരൂപങ്ങൾ നിരവധി തവണ ആവർത്തിക്കപ്പെടുകയും അത് പ്രവർത്തനങ്ങളായി രൂപം മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഭാഷണക്രിയകൾ തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനത്തിന്റെ ഉൽപ്പന്നമാണ്.
" ആ ധീര ദേശാഭിമാനികളുടെ സന്ദേശം ഹൃദയംകൊണ്ട് ഒപ്പിയെടുത്ത് ലോകത്തിനു സമർപ്പിച്ചത് പി. യശോദ എന്ന പത്രറിപ്പോർട്ടറുടെ ജീവിതത്തിലെ അഭിമാനകരമായ മുഹൂർത്തമായിരുന്നു. നൂറ്റാണ്ടുകളായി അടിമത്തവും യാതനയും കണ്ണീരും മാത്രം കൈമുതലാക്കിയ സാധാരണക്കാരന്റെ മോചനത്തിനുവേണ്ടി പോരാടി തൂക്കുമരമേറിയ ധീരസഖാക്കളുടെ അവസാനസന്ദേശം പുറം ലോകത്തെ അറിയിച്ചത് സ്ത്രീക്ക് അക്ഷരങ്ങൾ തന്നെ അന്യമായിരുന്ന കാലത്ത് അക്ഷരങ്ങളിൽ അഗ്നി ജ്വലിപ്പിച്ച് അന്യായങ്ങൾക്കെതിരെ പോരാടിയ പി. യശോദയെന്ന മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖികയായിരുന്നു’’ (പു: 87).
ഇവിടെ നാം കാണുന്ന ‘സ്വതന്ത്രവ്യക്തി’ , പൂർവ്വഘട്ടത്തിൽ കണ്ടതിൽനിന്ന് ബഹുദൂരം മുന്നോട്ടുനടന്നു കഴിഞ്ഞ ഒരാളാണ്. കേരളത്തിലെ വിമോചിതയായ സ്ത്രീയുടെ മാതൃകയായി നാം പരിചയപ്പെട്ട ഇന്ദുലേഖയിൽനിന്ന് എത്രയോ ഉയരെയാണ് യശോദടീച്ചറുടെ നിൽപ്പ്. വീട്ടടിമയായി ഒതുങ്ങുകയല്ല, ‘തൊഴിലാളി’ എന്ന ബഹുമുഖ’കർതൃത്വ’ത്തിലേക്ക് വികസിക്കുകയാണ് യശോദടീച്ചർ ചെയ്തത്. ഈ കർതൃത്വരൂപീകരണമാണ് തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനത്തിന്റെ ലക്ഷ്യം. മാർക്‌സ് വിഭാവനം ചെയ്യുന്നവിധത്തിൽ, സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള കർത്താവാണ് ‘തൊഴിലാളി’. അത്തരത്തിലുള്ള ഒരു കർത്താവിന്റെ ബഹുമുഖമായ പ്രവൃത്തികളിൽ ഒന്നു മാത്രമാണ് പത്രപ്രവർത്തനം. ഈ മിശ്രകർതൃത്വത്തെ നമ്മുടെ മാധ്യമലോകത്ത് അവതരിപ്പിച്ചത് തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനമാണ്. ഈ ദിശയിൽ ‘ദേശാഭിമാനി’ വികസിപ്പിച്ചെടുത്ത മാതൃകകൾ അതുല്യമാണ്. ഇതിനനുയോജ്യമായ വിഷയം, സങ്കേതം, സങ്കൽപ്പനം എന്നിവയെല്ലാം വികസിപ്പിച്ച ത് പ്രസ്തുത പത്രപ്രവർത്തന സപര്യയായിരുന്നു. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ/ അപരന്ന് സുഖത്തിനായ് വരേണം’ എന്നത് ജ്ഞാനമായി സ്വരൂപിക്കുകയല്ല, അതിനെ പ്രാക്‌സിസിലൂടെ അനുഭവരൂപമായും ബോധരൂപമായും പരിവർത്തിപ്പിക്കുകയാണ് തൊഴിലാളിവർഗ്ഗ പത്രപ്രവർത്തനം ചെയ്തത്. ജാതി/ മത/ ലിംഗ ശരീരങ്ങളിൽനിന്ന് തൊഴിലാളി ശരീരത്തിലേക്കുള്ള ഈ പരിവർത്തനം മലയാളഭാഷയിലും ഭാവുകത്വത്തിലും സൃഷ്ടിച്ച ആഴത്തിലുള്ള ചലനങ്ങൾ ഇനിയും പഠിക്കപ്പെട്ടിട്ടില്ല.
മൂന്ന്
സ്വാതന്ത്ര്യാനന്തര കാലത്ത് ദേശീയ പത്രങ്ങൾ വലതുപക്ഷം/ ഇടതുപക്ഷം എന്ന് വേർപിരിഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസിനേയും വലതുപക്ഷകക്ഷികളേയും വിമർശിക്കുന്നവർ ലിബറൽ ഇടതുപക്ഷത്തേയും അനുകൂലിക്കുന്നവർ വലതുപക്ഷത്തേയും പ്രതിനിധീകരിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പ് പ്രധാനമായും സാമ്രാജ്യത്വവിരുദ്ധതയിലൂന്നി പ്രവർത്തിച്ച പത്രങ്ങളാണ് പിൽക്കാലത്ത് ഇത്തരത്തിലുള്ള നിലപാടുകളിലേക്ക് തിരിഞ്ഞത്. ഗാന്ധിജി ‘ഇന്ത്യൻ ഒപ്പീനിയൻ’, ‘ഹരിജൻ’, ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ ഉടമയായിരുന്ന രാമനാഥ് ഗോയങ്ക സ്വാതന്ത്ര്യസമരത്തിൽ പരസ്യമായി പങ്കെടുക്കുകയുണ്ടായി. മലയാളത്തിൽ കുറൂർ നമ്പൂതിരിപ്പാടിന്റെ ‘ലോകമാന്യൻ’, ഇ. ഇക്കണ്ടവാര്യരുടെ ‘കേരളൻ’ എന്നീ പത്രങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ ആശയപ്രചരണം ഏറ്റെടുത്തിരുന്നു. മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ. പി. കേശവമേനോൻ കേരള പ്രദേശ് കോൺഗ്രസിന്റെ സെക്രട്ടറിയായിരുന്നു (കൃഷ്ണനെഴുത്തച്ഛൻ, 1997: 182).
എന്നാൽ സ്വാതന്ത്ര്യാനന്തരകാലത്ത് ഈ സ്ഥിതിക്ക് മാറ്റംവന്നു. പ്രത്യേകിച്ചും 1960കൾ ഇന്ത്യയിലെ ബൗദ്ധിക പത്രപ്രവർത്തനത്തിന്റെ ഘട്ടമായി പരിഗണിക്കപ്പെടുന്നു. ഒട്ടും ആകർഷകമല്ലാത്ത മട്ടിൽ പ്രസിദ്ധീകരിച്ചിരുന്ന ചില മാസികകൾപോലും പതിനായിരക്കണക്കിന് കോപ്പികൾ അച്ചടിച്ചിരുന്നു. ഉദാഹരണമായി കൽക്കത്തയിൽ നിന്ന് ഇറങ്ങിയിരുന്ന ഫ്രോണ്ടിയർ അക്കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ആനുകാലികങ്ങളിലൊന്നാണ്. അതിന്റെ എഡിറ്ററായ സമർസെന്നിന്റെ മുഖപ്രസംഗങ്ങൾ അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. ഇതിനുകാരണം അവയുടെ രാഷ്ട്രീയമായ പക്ഷ പാതിത്വമായിരുന്നു. നക്‌സലിസത്തിന്റെ ആശയങ്ങളും ഇക്കാലത്ത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഫ്രോണ്ടിയർ ഈ ആശയങ്ങൾ പങ്കുവെച്ച മാധ്യമമായിരുന്നു. ഇതിന്റെ പ്രവർത്തനത്തെ പോലീസ് പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. ഫ്രോണ്ടിയറിന് ചൈനയിൽനിന്ന് സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന് വലതുപക്ഷരാഷ്ട്രീയക്കാർ ആരോപിച്ചിരുന്നു. ‘നൗ’ എന്ന ഒരാനുകാലികവും ‘ഫ്രോണ്ടിയറി’ന്റെ വഴിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ശ്രദ്ധേയരായ പലരും ‘നൗ’ വാരികയിലെ കോളമിസ്റ്റുകളായിരുന്നു. ബൽരാജ് മെഹ്ത, ഗിരീഷ് മാതുർ, സി. പി രാമചന്ദ്രൻ എന്നിവരെല്ലാം ഇക്കൂട്ടത്തിൽ പ്പെടും. മുഖ്യധാരക്ക് പുറത്താണ് ഈ പ്രസിദ്ധീകരണങ്ങൾ പ്രചരിച്ചിരുന്നത്. (Raman 2018: 99-100). മുഖ്യധാരാ മാധ്യമങ്ങൾ പുറംതിരിഞ്ഞുനിന്ന ലോകരാഷ്ട്രീയത്തിലേക്കും വിശകലനത്തിലേക്കും സമാന്തരപ്രസിദ്ധീകരണങ്ങൾ കടന്നുകയറി. കലാശാലകളിലെ യുവത്വത്തിന് ദേശീയ ഗവൺമെന്റിന്റെ പതിവുനയങ്ങളിലോ പ്രഖ്യാപനങ്ങളിലോ താൽപര്യമുണ്ടായിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾ അതിനുപുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല. ദേശീയമായ വാർത്തകൾ എത്തിക്കലാണ് ‘മാന്യമായ’ പത്രപ്രവർത്തനം എന്ന ഒരു ധാരണ ഇക്കാലമായപ്പോഴേക്കും ഇന്ത്യൻ മാധ്യമങ്ങളെ പിടികൂടിയിരുന്നു. ഇന്ത്യൻ ബൂർഷ്വാസിയുടെ രണ്ടു വശങ്ങളെ മാറിപിന്തുണച്ചിരുന്ന ഈ മാധ്യമങ്ങൾ യുവാക്കളെ ആകർഷിക്കാൻ പര്യാപ്തമായിരുന്നില്ല. മെയിൻസ്ട്രീം, ബ്ലിറ്റ്‌സ്, ലിങ്ക്, സെഞ്ച്വറി, ഡെമോക്രാറ്റിക് വേൾഡ്, സെക്കുലർ ഡെമോക്രസി, ഡൽഹി ടൈംസ്, ശങ്കേഴ്‌സ് വീക്ക്‌ലി എന്നിവയും മുഖ്യധാരയ്ക്ക് വെളിയിൽ ഇടതു- ലിബറൽ പക്ഷപാതിത്വം പുലർത്തിയിരുന്ന പ്രസിദ്ധീകരണങ്ങളാണ്. പത്രമാരണനിയമമനുസരിച്ച് പത്രനിരോധനം ഏർപ്പെടുത്തലും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും അക്കാലത്ത് ഉയർന്നുവന്നിട്ടുണ്ട്. റൊമേഷ് ധാപ്പറുടെ ക്രോസ് - റോഡ് എന്ന വാരിക മദ്രാസ് ഗവൺമെന്റ് നിരോധിക്കുകയും സുപ്രീംകോടതി വിലക്ക് നീക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണ് (Raman 2018: 101).
അതേസമയം വലതുപക്ഷപത്രങ്ങളും അക്കാലത്ത് സജീവമായിരുന്നു. പ്രധാനമായും ഭരണകക്ഷിയായ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവയായിരുന്നു അവയിലേറെയും. രാജ ഗോപാലാചാരിയുടെ ‘സ്വരാജ്യ’, രാജ്‌മോഹൻ ഗാന്ധിയുടെ ‘ഹിമ്മത്ത് ‘, പീലൂ മോദിയുടെ ‘മാർച്ച് ഓഫ് ദി നേഷൻ’, ഡി. എഫ് കരകയുടെ ‘കറന്റ് ‘ എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടും. അമേരിക്കൻ പുരസ്‌കരണമുണ്ടായിരുന്ന ‘ക്വസ്റ്റ് ‘, ‘തോട്ട് ‘ എന്നിവയും വലതുപക്ഷത്തെ ശക്തമായി പിന്തുണച്ചു. ‘മദർ ഇന്ത്യ’യായിരുന്നു മറ്റൊരു ആനുകാലികം.
വസ്തുതകൾ നിരത്തി എതിരാളികളെ പരാജയപ്പെടുത്തുക എന്നതായിരുന്നു ഈ പത്രങ്ങളുടെ ശൈലി. മുൻകാലത്തുനിന്ന് വിഭിന്നമായ ഒരു താർക്കിക യുക്തി അവതരിപ്പിക്കുകയാണ് അവർ ചെയ്തത്. കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങൾ അനുഭവനിഷ്ഠമായ ഭാവുകത്വത്തിലാണ് ഊന്നിയതെന്ന് കഴിഞ്ഞ ഖണ്ഡത്തിൽ കണ്ടു. പട്ടിണി, ദാരിദ്ര്യം, വിശപ്പ് എന്നീ ഭൗതികയാഥാർഥ്യങ്ങളെ മാർക്‌സിസ്റ്റ് പരിപ്രേക്ഷ്യത്തിൽ കാണാൻ പരിശീലിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങൾ ചെയ്തത്. അനുഭവങ്ങളുടെ തീക്ഷ്ണതയാണ് അവയിലെ ആഖ്യാനത്തെ തീവ്രമാക്കിയത്. എന്നാൽ അറുപതുകൾക്കുശേഷം വികസി ച്ചുവന്ന പത്രങ്ങൾ അനുഭവങ്ങളേക്കാൾ ധൈഷണികതയ്ക്കാണ് പ്രാധാന്യം നൽകിയത്.വലതുപക്ഷത്തിനെതിരെ ശക്തമായി വിയോജിക്കുമ്പോൾത്തന്നെ, ഇടതുപക്ഷം പലതായി ചിതറി എന്നതാണ് ഇക്കാലത്തെ സവിശേഷത. വിപ്ലവത്തിന്റെ പാതയെക്കുറിച്ചുള്ള ധൈഷണികമായ തർക്കങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയെ പലതായി പിളർത്തി. പിളർപ്പിൽനിന്നുണ്ടായ പാർട്ടികളെല്ലാം അവരവരുടേതായ പത്രങ്ങൾ നടത്തി. സിദ്ധാന്തപരമായകൃത്യത, വസ്തുതകളുടെ പിൻബലം എന്നിവയിലാണ് ഈ പത്രങ്ങളോരോന്നും ഊന്നിയത്. യശോദടീച്ചറെപ്പോലെ പാർട്ടിപ്രവർത്തകരല്ല അന്ന് പത്രം നടത്തിയത്. കലാശാല വിദ്യാഭ്യാസം ലഭിച്ചവരും ധൈഷണികമായ ഒരുതരം വരേണ്യത സൂക്ഷിച്ചവരുമായ ‘ക്ഷുഭിതയൗവന’ത്തിന്റെ പ്രതിനിധികളാണ് അന്ന് പല ധാരകളിൽപ്പെട്ട ഇടതുപക്ഷ പത്രപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രാഷ്ട്രീയമായ കൃത്യതയെപ്പറ്റിയുള്ള ചർച്ച ഏതറ്റംവരെ എത്തി എന്നതിന്റെ ഉദാഹരണം പി. രാമൻ നൽകുന്നുണ്ട്. ‘ ഇടതുപക്ഷ പത്രങ്ങളിൽ കെട്ടിലും മട്ടിലും മെച്ചപ്പെട്ട ഒന്നായിരുന്നു മെയിൻസ്ട്രീം വാരിക. ‘ഫ്രോണ്ടിയർ’, ‘നൗ’ എന്നിവ ന്യൂസ്പ്രിന്റിൽ തീർത്തും അനാകർഷകമായി പുറത്തിറങ്ങിയപ്പോൾ മെയിൻസ്ട്രീം അതിന്റെ പുറംചട്ട വർണ്ണക്കടലാസിൽ തയ്യാറാക്കി. ഓരോ ലക്കവും ഓരോ നിറത്തിലാണ് അവർ പ്രസിദ്ധീകരിച്ചത്. ദില്ലിയിലെ കാപ്പിക്കടകളിലിരുന്ന് ലോകരാഷ്ട്രീയം ചർച്ചചെയ്ത ബുദ്ധിജീവികൾ മെയിൻസ്ട്രീം പത്രാധിപരായ നിഖിൽ ചക്രവർത്തിയുടെ രാഷ്ട്രീയ നിലപാടിന്റെ ദൗർബല്യമായാണ് ഈ വർണ്ണക്കടലാസുകളെ കണ്ടത്!’(പു:102).
അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ അതിശക്തമായ നിലപാടാണ് മെയിൻ സ്ട്രീം സ്വീകരിച്ചത്. നിഖിൽ ചക്രവർത്തിക്ക് അക്കാലത്ത് ഭരണവർഗ്ഗത്തിലെ ചില ഉന്നതന്മാരുമായുണ്ടായ വ്യക്തിബന്ധം പലപ്പോഴും വിവരങ്ങൾ ചോർന്നുകിട്ടുന്നതിന് സഹായിച്ചു. ഇത് കോൺഗ്രസ് വൃത്തത്തിനകത്ത് തർക്കങ്ങൾ സൃഷ്ടിച്ചു. ‘സ്‌ട്രേഞ്ചർ’ എന്ന പേരിൽ ഒരാൾ മെയിൻസ്ട്രീമിൽ എഴുതിയ ലേഖനങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഈ ‘സ്‌ട്രേഞ്ചർ’ പി.വി നരസിംഹറാവുവായിരുന്നുവെന്ന് പിന്നീടാണ് പുറത്തറിഞ്ഞത്.
‘ഇന്ത്യ പ്രസ് ഏജൻസി’ എന്ന ഏജൻസി അതിന്റെ പ്രാരംഭത്തിൽ ഇടത് ചായ്‌വുള്ള ഒന്നായിരുന്നു. അതിനു രൂപം നൽകുന്നതിൽ നിഖിൽ ചക്രവർത്തി പ്രധാന പങ്കുവഹിക്കുകയുണ്ടായി. പിൽക്കാലത്ത് ഇടതുപക്ഷമല്ലാത്തവരും ഈ ഏജൻസിയുടെ വരിക്കാരായി. പത്രപ്രവർത്തകർക്ക് ഇതുവഴി കിട്ടിയ പരിശീലനം ഏറെ നിർണ്ണായകമായിരുന്നു.
ലേ ഔട്ട്, അവതരണം, ഭാഷ, അച്ചടി എന്നിവയിലെല്ലാം വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ബ്ലിറ്റ്‌സ് വാരികയും ഇടത് ചായ്‌വുള്ളതായിരുന്നു. കെ. എ അബ്ബാസ് ഇതിൽ എഴുതിയിരുന്ന അവസാനത്തെ പേജിലെ കോളം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇതിലും ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് ചോർത്തിയെടുത്ത വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മീഡിയ ആക്ടിവിസം’ എന്നതിന് രണ്ടാംഘട്ടത്തിൽനിന്ന് വ്യത്യസ്തമായ ഒരർഥം ഈ സന്ദർഭത്തിൽ കൈവരുന്നു. ഭരണകൂട മർദ്ദനത്തെ അതിന്റെ മുഖത്ത് ചെന്ന് റിപ്പോർട്ട് ചെയ്യുകയാണ് യശോദടീച്ചർ ചെയ്തതെങ്കിൽ, ഭരണകൂടരഹസ്യങ്ങൾ ചോർത്തിയെടുക്കലായി പിൽക്കാലത്തെ ‘ആക്ടിവിസം’. മേൽപ്പറഞ്ഞ പത്രങ്ങൾ മധ്യവർഗ്ഗത്തിലെ ബുദ്ധിജീവികളെയാണ് ഏറെ സ്വാധീനിച്ചത്. അതിനനുസരിച്ച് ഈ പത്രങ്ങളിലെ ഭാഷയും വ്യവഹാരരൂപങ്ങളും മാറി. ശീതയുദ്ധത്തിന്റെ കാലമായിരുന്നു അത്. പത്രങ്ങൾ പരസ്യമായി സോവിയറ്റ് യൂണിയന്റേയോ അമേരിക്കയുടേയോ പക്ഷത്ത് നിലയുറപ്പിച്ചു. അവർ പരസ്പരം അമേരിക്കൻ ചാരൻ എന്നോ റഷ്യൻ ചാരൻ എന്നോ പഴി കേട്ടുകൊണ്ടിരുന്നു. സാമാന്യമായി നെഹ്രുവിയൻ നയങ്ങളെ പിന്തുണയ്ക്കുമ്പോൾത്തന്നെ സോവിയറ്റ് യൂണിയൻ പക്ഷപാതിത്വം പുലർത്തുന്ന ലിബറൽ പത്രങ്ങളായിരുന്നു അക്കാലത്ത് പലതും. ‘ലിങ്ക് ‘ അക്കൂട്ടത്തിൽപ്പെട്ടതായിരുന്നു. ഇന്ത്യൻ ഇടതുപക്ഷത്തോടും അവർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. എടത്തട്ട നാരായണനും അരുണ ആസഫ് അലിയുമായിരുന്നു ലിങ്കിൽ ഉണ്ടായിരുന്ന രണ്ട് പ്രധാന പത്രപ്രവർത്തകർ. അവർക്ക് രണ്ടുപേർക്കും പരസ്യമായ ഇടതുപക്ഷാഭിമുഖ്യം ഉണ്ടായിരുന്നു. സി.പി.ഐ.യുമായി ചേർന്നാണ് അവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ അമ്പതുകളുടെ ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടിയോട് ചേർന്നുനിൽക്കുന്നതിനേക്കാൾ കോൺഗ്രസിലെ പുരോഗമനപക്ഷത്തോട് ചേർന്നുനിൽക്കുന്നതാണ് അഭികാമ്യമെന്ന് അവർക്ക് തോന്നി. ഇവ്വിധം കമ്യൂണിസ്റ്റുകാരേയും നെഹ്രുവിനേയും വി.കെ കൃഷ്ണമേനോനേയും മറ്റും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലിബറൽ മുഖം കൈവരിക്കാൻ ലിങ്കിന് കഴിഞ്ഞു. നെഹ്രുവിന്റെ വഴിയിലൂടെ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം സൃഷ്ടിക്കാൻ ‘ലിങ്ക് ‘ പത്രത്തിന് സാധിച്ചു. എടത്തട്ടയുടെ കാലശേഷം ആ പത്രത്തിന് അധികകാലം അതിജീവിക്കാനായില്ല. ടി.പി മത്തായിയുടെ ‘ഡെമോക്രാറ്റിക് വേൾഡ് ‘ എന്ന പത്രം ഇടതുപക്ഷാഭിമുഖ്യത്തേക്കാൾ ‘ഗാന്ധി- നെഹ്രു’ - വീക്ഷണങ്ങളോട് ആഭിമുഖ്യം പുലർത്തിയ പത്രമായിരുന്നു. എന്നാൽ മദ്രാസിൽനിന്ന് പുറത്തിറങ്ങിയ ‘ബ്രോഡ്‌വേ ടൈംസ് ‘ ഇടത് ആഭിമുഖ്യമുണ്ടായിരുന്ന പത്രമാണ്. നെഹ്രുവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇടത്ചായ്‌വുള്ള പത്രമായിരുന്നു ‘ശങ്കേഴ്‌സ് വീക്ക്‌ലി.’ അടിയന്തിരാവസ്ഥക്കാലത്ത് ഈ പത്രം അടച്ചുപൂട്ടിയത് ചരിത്രം. ‘സെമിനാർ’ എന്ന പ്രസിദ്ധീകരണം ഇതിൽനിന്നെല്ലാം വിഭിന്നമായിരുന്നു. അക്കാദമിക സ്വഭാവമുള്ളതായിരുന്നു അത്. ഒറ്റ വിഷയം കേന്ദ്രീകരിച്ചുള്ള ഗവേഷണ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ‘സെമിനാർ’ പുറത്തിറങ്ങിയത്. റൊമേഷ് ഥാപ്പർ ആയിരുന്നു ഇതിന്റെ പത്രാധിപർ. ഇടത് ചായ്‌വ് സൂക്ഷിച്ച പ്രസിദ്ധീകരണമാണിത്2.
നെഹ്രുവിയൻ വീക്ഷണങ്ങളെ എതിർത്ത കോൺഗ്രസിലെ പ്രബലവിഭാഗത്തിന്റെ പത്രമായിരുന്നു ‘സ്വരാജ്യ’ എന്നത്. രാജാജിയാണ് അതിന്റെ പ്രസാധകൻ. മദ്രാസിൽ നിന്നാണ് ഇതു പുറത്തിറങ്ങിയത്. വലത് സാമ്പത്തിക നയങ്ങളെ അത് പിന്തുണച്ചു. ‘സ്വതന്ത്രപാർട്ടി’യുടെ പിൻബലം ഇതിനുണ്ടായിരുന്നു. വ്യവസായങ്ങളെ സർക്കാർ നിയന്ത്രിക്കുന്നതിനേയും ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനേയും ‘സ്വരാജ്യ’ എതിർത്തു.നാട്ടുരാജാക്കന്മാർക്ക് നൽകിവന്നിരുന്ന ‘പ്രൈവി പേഴ്‌സ് ‘ നിർത്തലാക്കാൻ ഇന്ദിരാഗാന്ധി സർക്കാർ എടുത്ത തീരുമാനത്തേയും ഈ പത്രം അതിനിശിതമായി വിമർശിച്ചു. കടുത്ത വലതുപക്ഷ സമീപനമാണ് ‘സ്വരാജ്യ’ത്തിനുണ്ടായിരുന്നത്. സ്വതന്ത്രപാർട്ടിയുടെ തകർച്ചയോടെ ഈ പത്രം അസ്തമിച്ചു. പിലു മോദിയുടെ ‘മാർച്ച് ഓഫ് ദി നാഷനും’ ഈ ഗണത്തിൽപ്പെടുന്നു. ജനസംഘത്തിന്റെ ആശയങ്ങളാണ് സാമാന്യമായി ഈ പത്രങ്ങൾ പ്രചരിപ്പിച്ചത്. അമേരിക്കൻ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിച്ച പത്രമാണ് ‘മാർച്ച് ഓഫ് ദി നാഷൻ’. ബ്ലിറ്റ്‌സിന്റെ എതിർകക്ഷിയായാണ് ‘കറന്റ് ‘ പുറത്തിറങ്ങിയത്. ‘ബ്ലിറ്റ്‌സ് ‘ സോവിയറ്റ് യൂണിയനെ പിന്തുണച്ചപ്പോൾ ‘കറന്റ് ‘ അമേരിക്കൻ പക്ഷപാതിത്വം പ്രകടിപ്പിച്ചു. ശീതയുദ്ധം അക്കാലത്തെ പത്രങ്ങളെ ഇരു ചേരികളിൽ തളച്ചിട്ടു. കമ്യൂണിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ പിന്തുണയോടെ പ്രസിദ്ധീകരിച്ച പത്രങ്ങളാണ് ‘ക്വസ്റ്റും’, ‘തോട്ടും’. ഊഹാപോഹങ്ങളുടേയും കെട്ടുകഥകളുടേയും അടിസ്ഥാനത്തിൽ സെൻസേഷണനിലം സൃഷ്ടിക്കുന്ന പത്രപ്രവർത്തനം ഇക്കാലത്താണ് ആരംഭിക്കുന്നത്. റഷ്യൻ എംബസിയിലെ ഒരു ജീവനക്കാരൻ സി.പി.ഐ.യുടെ ഒരു നേതാവിന് ഒരുലക്ഷം രൂപ കൈമാറി എന്നത് അക്കാലത്ത് ‘തോട്ട് ‘ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു സെൻസേഷണൽ വാർത്തയായിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥൻ വർഷങ്ങൾ ക്കുമുമ്പ് പോളണ്ടിലേക്ക് കുടിയേറിയിരുന്നുവെന്നും ഒരു ട്രക്കിങ് അപകടത്തിൽ അയാൾ മരിച്ചുപോയിരുന്നുവെന്നും ‘ബ്ലിറ്റ്‌സ് ‘ പത്രം കണ്ടെത്തി. അതും അക്കാലത്ത് സെൻസേഷണലായി (Raman 2018: 109). നെഹ്രുവിന്റെ കാലത്ത് ഇടത് - ലിബറൽ പത്രങ്ങൾക്ക് ഗവർമെന്റിന്റെ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ അടിയന്തിരാവസ്ഥക്കാലത്ത് ഇവയിലേറെയും അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് അവയിൽ പലതിനും പുനർജീവിക്കാനായില്ല. ദില്ലി കേന്ദ്രീകരിച്ചുകൊണ്ട് അറുപതുകളിൽ ശക്തിയാർജ്ജിച്ച ഇടത് - ലിബറൽ പത്രപ്രവർത്തനത്തിന് സമാന്തരമായി കേരളത്തിൽ ഒരു ധാരയുണ്ടായിരുന്നില്ല. മലയാളമനോരമ, മാതൃഭൂമി എന്നീ പത്രങ്ങളെല്ലാം അക്കാലമായപ്പോഴേക്കും പ്രകടമായ വലതുപക്ഷ നിലപാടുകളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതേസമയം തീവ്ര ഇടതുപക്ഷസ്വഭാവമുള്ള നിരവധി സമാന്തര പ്രസിദ്ധീകരണങ്ങൾ ഇക്കാലത്ത് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. ഭരണകൂടത്തിൽനിന്നും അധികാരകേന്ദ്രങ്ങളിൽനിന്നും പരമാവധി അകലം പാലിക്കുന്നുവെന്നതാണ് ഈ പ്രസിദ്ധീകരണങ്ങളുടെ പ്രത്യേകത. മറ്റൊന്ന് വാർത്താപത്രങ്ങൾ എന്നതിനേക്കാൾ സാഹിത്യ - കലാ ഭാവുകത്വമാണ് ഈ പ്രസിദ്ധീകരണങ്ങൾ പങ്കുവെച്ചത്. ആധുനികതാവാദ സാഹിത്യവുമായി ഇവയ്ക്കണ്ടായിരുന്ന ബന്ധം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ‘’ആധുനികതാവാദത്തിന്റെ ആരംഭകാലത്ത് 1950കളിൽ, എം. ഗോവിന്ദന്റെ നേതൃത്വത്തിൽ തുടങ്ങിയ നവസാഹിതിയും ഗോപുരവും മുതൽ ഇന്നത്തെ സംഘടിതയും എഴുത്തും വരെയുള്ള ചെറുമാസികകൾ പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരുകാര്യം മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാരായിടം ‘കാണാനും’ ‘കേൾക്കാനും’ മെനക്കെ ടാത്ത പല കാഴ്ചകളും ശബ്ദങ്ങളും കാണാനും കേൾക്കാനും ആവിഷ്‌കരിക്കാനും മനസ്സുള്ള ഒരു സമാന്തര ഭാവുകത്വസ്ഥലിയെയാണ് മലയാളത്തിലെ ചെറുമാസികകൾ പ്രതിനിധാനം ചെയ്യുന്നത് എന്നതാണ് ‘’ (രവീന്ദ്രൻ, 2018: 32 - 33).
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകൾ മുതൽ എൺപതുകളുടെ മധ്യം വരെ നൂറുകണക്കിന് ബദൽ പ്രസിദ്ധീകരണങ്ങൾ കേരളത്തിലുണ്ടായി. സാമ്പത്തികമോ സംഘടനാപരമോ ആയ പിന്തുണ അവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവ പലതും പൊടുന്നനെ കെട്ടടങ്ങുന്ന അഗ്നിസ്ഫുലിംഗങ്ങളായിരുന്നു. ജനപ്രിയസാഹിത്യ സംസ്‌കാരത്തോടുള്ള പ്രതിഷേധമാണ് ഇവയുടെ സൃഷ്ടിക്കുപിന്നിൽ പ്രവർത്തിച്ച പ്രേരണാഘടകം. ഭൂരിപക്ഷത്തിന്റെ ഭാവുകത്വസംസ്‌കാരത്തെ നിഷേധിക്കുന്ന പ്രതിബോധംരൂപപ്പെടുത്താനാണ് ഈ പ്രസിദ്ധീകരണങ്ങൾ ശ്രമിച്ചത്. റാഡിക്കൽ ഹ്യൂമനിസത്തിന്റെ ആശയങ്ങൾ കേരളത്തിലെത്തുന്നത് എം. ഗോവിന്ദൻ തുടങ്ങിവെച്ച ‘അന്വേഷണം’, ‘സമീക്ഷ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. കേരളത്തിലെ ബദൽ പ്രസാധനത്തിന് തുടക്കം കുറിച്ചത് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക രാഷ്ട്രീയ ചിന്തകരുമാണ്. ജ്വാല, ഉത്തരം, പച്ചക്കുതിര തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ സച്ചിദാനന്ദനായിരുന്നു. ‘അക്ഷരം’ എ. അയ്യപ്പൻ നടത്തിയിരുന്ന സമാന്തര പ്രസിദ്ധീകരണമാണ്. കെ.ജി ശങ്കരപ്പിള്ള, ബി. രാജീവൻ എന്നിവർ അവരുടെ രാഷ്ട്രീയ കലാസിദ്ധാന്തങ്ങൾ ഏറെയും അവതരിപ്പിച്ചത് സമാന്തരപ്രസിദ്ധീകരണങ്ങളിലായിരുന്നു. രാജീവന്റെ തത്ത്വചിന്താലേഖനങ്ങളും സാഹിത്യപഠനങ്ങളും യുഗരശ്മി, സമസ്യ, പ്രസക്തി തുടങ്ങിയ ചെറുമാസികകളിലാണ് വെളിച്ചം കണ്ടത്. ‘പ്രേരണ’യുടെ പത്രാധിപരായും ബി. രാജീവൻ പ്രവർത്തിച്ചിട്ടുണ്ട്. കെ.ജി ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’, ‘അയോധ്യ’ തുടങ്ങിയ കവിതകൾ പ്രസിദ്ധീകരിക്കപ്പെടുന്നതും സമാന്തര പ്രസിദ്ധീകരണങ്ങളിലാണ്. സിവിക് ചന്ദ്രൻ യെനാൻ മുതൽ പാഠഭേദം വരെയുള്ള നിരവധി മാസികകൾക്ക് പിന്നിൽ പ്രവർത്തിക്കുകയുണ്ടായി. വി.സി ശ്രീജൻ യെനാന്റെ പത്രാധിപരായിരുന്നു. സമാന്തരസിനിമയുടെ പ്രചാരകരായി രംഗത്തുവന്നതും ലിറ്റിൽ മാഗസിനുകളാണ്. ലാറ്റിനമേരിക്കൻ സാഹിത്യവുമായി മലയാളി പരിചയപ്പെടുന്നത് സമാന്തരപ്രസിദ്ധീകരണങ്ങളിലൂടെയാണ്. കൂടാതെ സോവിയറ്റ് യൂണിയന് പുറത്തുള്ള കമ്യൂണിസ്റ്റ് ആശയങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ഈ പ്രസിദ്ധീകരണങ്ങൾ പ്രധാന പങ്കുവഹിക്കുകയുണ്ടായി. ബർതോൾട് ബ്രഹ്ത്, പാബ്ലോ നെരൂദ, ബോർഹസ്, ലോർക്ക, സെൻഗോർ, മാർക്കേസ്, കാഫ്ക, കാമു എന്നിവരെല്ലാം യുവധൈഷണികതയുടെ ദൈനംദിന ചർച്ചകളിൽ കടന്നുവന്നിരുന്ന പേരുകളാണ്. മാവോ, സ്റ്റാലിൻ, ചെഗുവേര, സാർത്ര്, ഷെനെ തുടങ്ങിയവരുടെ ആശയങ്ങളും മലയാളത്തിൽ അവതരിപ്പിക്കപ്പെട്ടു. എ. വി ഗോപാലകൃഷ്ണൻ, പി.വി കൃഷ്ണൻനായർ, ചന്ദ്രമോഹൻ, വി.കെ ഉണ്ണികൃഷ്ണൻ, ടി.പി കിഷോർ, കെ.വി തമ്പി, അലിയാർ എന്നീ വിവർത്തകർ ഇക്കാലത്ത് ഇന്ത്യൻ - വിദേശ സാഹിത്യകൃതികൾ തർജ്ജമ ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചവരാണ്. പിൽക്കാലത്ത് അറിയപ്പെട്ട നിരവധി കവികളും കഥാകൃത്തുക്കളും നിരൂപകരും ലിറ്റിൽ മാഗസിനുകളിലൂടെയാണ് രംഗപ്രവേശം ചെയ്തത്. ദൃശ്യ - ശ്രാവ്യ കലകളുടെ നിരൂപണത്തിന് അടിത്തറയിട്ടതും സമാന്തരപ്രസിദ്ധീകരണങ്ങളാണ്. ഭാഷ, വ്യവഹാരം, ഭാവുകത്വം എന്നിവയിൽ ഈ പ്രസിദ്ധീകരണങ്ങൾ സൃഷ്ടിച്ച വ്യതിയാനം ആഴമേറിയതായിരുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഇക്കൂട്ടർ നിരാശരായിരുന്നു. ലിബറൽ ഇടതുപക്ഷം എന്ന സങ്കൽപ്പം അവർക്കുണ്ടായിരുന്നില്ല. ലിബറൽ ഇടതുപക്ഷത്തെ അവർ വലതുപക്ഷവ്യതിയാനമായാണ് കണ്ടത്. സമസ്യയുടെ രണ്ടാം ലക്കത്തിലെ എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി: "ഇടതുപക്ഷ അവസരവാദത്തേയും വലതുപക്ഷ തിരുത്തൽവാദത്തേയും ഒരു പോലെ തള്ളിക്കളയുന്ന ഒരു ലൈനിനെ മുറുകെ പിടിക്കുക എന്നത് പുത്തൻ ജനാധിപത്യ വിപ്ലവത്തിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരിടതുപക്ഷ പ്രസ്ഥാനത്തിന് അനിവാര്യമാണ്. ഈ രംഗത്തുള്ള വൈരുദ്ധ്യങ്ങൾ പരിശോധിച്ച് ഇന്ത്യൻ വിപ്ലവത്തിന്റെ ശൈലിയും പ്രയോഗവും സംബന്ധിച്ച വിവിധ ദർശനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഐക്യത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കട്ടെ. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ഐക്യം എന്ന മുദ്രാവാക്യത്തേക്കാൾ വിശാലമായ സങ്കൽപ്പമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്ന ഇടതുപക്ഷഐക്യം" (പനങ്ങാട്, 2018: 166 - 167). രണ്ടാമത്തെ ഖണ്ഡത്തിൽ നാം കണ്ട പ്രാക്‌സിസിന്റെ ഭാഗമായ രാഷ്ട്രീയ ചിന്തയല്ല ഇവിടെ നിർവഹിക്കപ്പെടുന്നത്. രാഷ്ട്രീയമായ ശരിതെറ്റുകളെക്കുറിച്ചുള്ള ധിഷണാപരമായ ഉറപ്പായിരുന്നു ഇക്കാലത്തെ യുവാക്കളെ ഇണക്കിയതും പിണക്കിയതും. തർക്കിച്ച് തർക്കിച്ച് വിപ്ലവത്തിലെത്തിച്ചേരാമെന്ന് അവർ ആഗ്രഹിച്ചിരുന്നുവോ എന്ന് തോന്നുന്ന തരത്തിലായിരുന്നു അക്കാലത്തെ ഇടത് സംവാദങ്ങൾ. ജനങ്ങളെ ചെങ്കൊടിക്ക് കീഴിൽ അണിനിരത്തുന്നതിന് പകരം ആരെക്കൊണ്ടെല്ലാം അത് താഴെവെപ്പിക്കാം എന്നതിലാണവർ മത്സരിച്ചത്. ധൈഷണികമായ വലിയ ഔന്നത്യം പ്രദർശിപ്പിച്ചപ്പോഴും അതിനെ ഭൗതികശക്തിയാക്കാനുള്ള പ്രാക്‌സിസിന്റെ പത്രപ്രവർത്തനശൈലിയല്ല നാമിവിടെ കാണുന്നത്. ‘ഭാരമേറിയ ശിരസും ശോഷിച്ച ശരീരവുമുള്ള’ ഇടതുപക്ഷ പത്രപ്രവർത്തനമെന്ന് ഈ ഘട്ടത്തിലെ പ്രസിദ്ധീകരണങ്ങളെ വിലയിരുത്താം. ശിരസ്സിന്റെ ഭാരം താങ്ങാൻ ഉടലിന് ശേഷിയില്ലാത്തതുകൊണ്ടായിരിക്കാം അവ അൽപ്പായുസ്സായിപ്പോയത്. സമസ്യ മൂന്ന് ലക്കങ്ങൾ മാത്രമേ ഇറങ്ങിയുള്ളൂ. 1968 സെപ്തംബറിൽ ആദ്യലക്കം പ്രസിദ്ധീകരിച്ച യുഗരശ്മി 1971 ജനുവരിയിൽ നിലച്ചു. അതിന്റെ പത്രാധിപരായിരുന്ന ഇ.എൻ മുരളീധരൻ നായർ എഴുതുന്നു: ‘’രചനകളുടെ കാര്യത്തിൽ ഞങ്ങൾ ചില നിഷ്‌കർഷകൾ പാലിച്ചിരുന്നു. മൗലികതയുള്ള ചിന്തകളും സൃഷ്ടികളും പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് ഞങ്ങൾ ഓർമിപ്പിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകൾ ഇല്ലാതാകുമ്പോൾ മാസിക അവസാനിപ്പിക്കുമെന്നും എഴുതി. അങ്ങനെ സംഭവിച്ചു.’’(2018: 280) തങ്ങളുടെ ശരിയെക്കുറിച്ചുള്ള ഉറച്ച ബോധ്യവും ഈ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചവരെ നയിച്ചിരുന്നു എന്ന് ഇതിൽനിന്നു മനസ്സിലാക്കാം.
ചുരുക്കത്തിൽ ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ ഈ രണ്ടാം ഘട്ടത്തിലെ പൊതുപ്രവണതകളെ ഇങ്ങനെ ക്രോഡീകരിക്കാം:
(i) പത്രപ്രവർത്തനം കുറേക്കൂടി ധൈഷണികമായ ഒരു പ്രവൃത്തിയായി മാറി.
(ii) ദേശീയരാഷ്ട്രീയത്തോടും സാർവദേശീയ രാഷ്ട്രീയത്തോടും അത് കൂടുതൽ സക്രിയമായി പ്രതികരിച്ചു.
(iii) സാഹിത്യം - കല എന്നിവയെ രാഷ്ട്രീയമായി മനസ്സിലാക്കുന്നതിന് പുതിയ മാതൃകകൾ സൃഷ്ടിച്ചു.
(iv) ലിബറൽ - ഇടത് പത്രപ്രവർത്തനം എന്ന പുതിയ ധാര ദേശീയതലത്തിൽ രൂപപ്പെട്ടു, കേരളത്തിൽ ഇതിന്റെ സ്വാധീനമുണ്ടായില്ല.
(v) കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അവരുടെ പ്രാക്‌സിസിന്റെ ഭാഗമായി ആരംഭിച്ച പത്രപ്രവർത്തനത്തെ തീവ്ര ഇടതുപക്ഷം ധൈഷണികമായ പുതുമാനങ്ങളിലേക്ക് ഉയർത്തിയെങ്കിലും മാർക്‌സിസ്റ്റ് പ്രാക്‌സിസുമായുള്ള അതിന്റെ നാഭീ-നാളബന്ധം നഷ്ടപ്പെട്ടു. അതോടെ ഇടത്പത്രപ്രവർത്തനം ധൈഷണികരായ ഒരു വിഭാഗത്തിൽ ഒതുങ്ങിനിന്നു. വലിയ സാമൂഹ്യചലനങ്ങൾക്കുള്ള പ്രേരണ സൃഷ്ടിക്കാൻ അതിനു കഴിയാതെ പോയി.
(vi) സെൻസേഷണലിസവും മാധ്യമയുദ്ധവും ആരംഭിക്കുന്നത് ഇക്കാലത്താണ്.
(vii) ആശയങ്ങൾക്കാണ് അനുഭവങ്ങൾക്കല്ല ഇക്കാലത്തെ പത്രപ്രവർത്തനം ഊന്നൽ നൽകിയത്. അതിനാൽ ‘ചിന്തിക്കുന്ന’ പൗരശരീരമാണ് ഈ ഘട്ടത്തിലെ പത്രങ്ങൾ നിർമ്മിച്ചെടുത്ത ‘കർതൃത്വം’.
നാല്
നമ്മുടെ മാധ്യമപ്രവർത്തനം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മാധ്യമങ്ങൾ യാഥാർഥ്യത്തെ റിപ്പോർട്ട് ചെയ്യുകയല്ല, അവയെ ഉൽപാദിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് വന്നിരിക്കുന്നു. ഇത് മനുഷ്യരുടെ കർതൃത്വത്തിൽ വലിയ പരിണാമമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവ ഉദാരവൽക്കരണം സാമൂഹികതയുടെ അടിത്തറതന്നെ ഉപഭോഗമാണെന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ചരക്കുകൾ തമ്മിലുള്ള ബന്ധമാണ് മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനഭാവം എന്നു കരുതുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ‘സെൽഫോൺ വിഴുങ്ങിയ’ സമൂഹം എന്നാണ് ഉമ്പർട്ടോ എക്കോനമ്മുടെ കാലത്തെ വിശേഷിപ്പിക്കുന്നത്. (2017 82) ഞാൻ ചിന്തിക്കുന്നു അതിനാൽ ഞാനുണ്ട് 'എന്നതിനെ പുതിയ കാലം 'ഞാൻ ട്വീറ്റ് ചെയ്യുന്നു അതിനാൽ ഞാനുണ്ട്'എന്ന പ്രമാണം കൊണ്ട് പകരം വെച്ചിരിക്കുന്നു. എല്ലാവരേയും താരങ്ങളാക്കുന്ന, എല്ലാ പ്രവൃത്തികളേയും സംഭവങ്ങളായി ഗണിക്കുന്ന അതിവിചിത്രമായ ഒരു മാധ്യമപരിസരം രൂപപ്പെട്ടുവന്നിരിക്കുന്നു.(Eco, 2017 24-25)
മാധ്യമരംഗത്തെ പൂർണമായും വ്യവസായത്തിന് കീഴ്‌പ്പെടുത്തുന്ന ഘട്ടമാണിത്. മൂലധനകേന്ദ്രീകരണമാണ് ഇവിടെ നടക്കുന്നത്. കോർപ്പറേറ്റ് മാധ്യമഭീമന്മാർ ഇന്നു വലിയ സാമ്രാജ്യമാണ് വെട്ടിപ്പിടിച്ചിരിക്കുന്നത്. ലാഭം പരമാവധിയാക്കുകയാണ് മാധ്യമ മുതലാളിമാരുടെ ലക്ഷ്യം. ആഗോളമാധ്യമമേഖല അതിവേഗം പത്തു ശതകോടീശ്വരന്മാർക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. മാധ്യമരംഗത്തെ സമ്പദ്ശാസ്ത്രത്തേയും അതിന്റെ വിനിമയരൂപങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് മനസ്സിലാക്കുന്നതിനെയാണ് മാധ്യമവിമർശനം എന്ന് പറയുന്നത്.
മനുഷ്യരുടെ കാലബോധത്തിൽ വലിയ അഴിച്ചുപണി സൃഷ്ടിക്കാൻ നവമാധ്യമങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. വാർത്തകളുടേയും വസ്തുതകളുടേയും മലവെള്ളപ്പാച്ചിലിൽ പിടിച്ചു നിൽക്കാനാവാതെ അടിതെറ്റി പരന്നൊഴുകുന്ന ഒരു സമൂഹമാണ് നമ്മുടേത്. മുന്നിൽ വന്നുവീഴുന്ന വാർത്തകളെ വസ്തുക്കൾ എന്നവിധം വാങ്ങാനോ തിരസ്‌കരിക്കാനോ മാത്രമേ നിർവ്വാഹമുള്ളൂ. പരിശോധിക്കാനോ മനനംചെയ്യാനോ കഴിയില്ല. അതിനു ശ്രമിക്കുമ്പോൾ നാം കാലഹരണപ്പെട്ടവരായിത്തീരും. അതിശീഘ്രം ചലിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ തറയിൽ നിലതെറ്റിയവരായി മനുഷ്യർ മാറിത്തീർന്നിരിക്കുന്നു. ‘ചരിത്രവൽക്കരണം’ അസാധ്യമായിട്ടുണ്ട്. ‘വ്യാജപ്രതീതി’കളും ‘പകർപ്പു’കളും മാത്രമുള്ള ഒരു ലോകത്തുനിന്ന് സത്യം കണ്ടെത്തുക എന്നത് അസാധ്യമായിരിക്കുന്നു. മാധ്യമപ്രവർത്തനം ഇന്ന് പൂർണ്ണമായും മനുഷ്യരുടെ ഉണ്മയെ നിർമ്മിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ പ്രവണതയുടെ തുടക്കം മലയാളത്തിൽ സംഭവിക്കുന്നതും 1960കളോടെയാണ്. സിനിമകൾ, പൈങ്കിളിനോവലുകൾ എന്നിവ കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ഇതേക്കുറിച്ച് ടി. കെ രാമചന്ദ്രൻ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘’അറുപതുകളാകുമ്പോഴേക്കും അതിമന്ദഗതിയിൽ മാത്രം മുന്നേറിയിരുന്ന വ്യവസായവൽക്കരണവും വാണിജ്യരംഗത്ത് പ്രകടമായിരുന്ന മാന്ദ്യവും രാഷ്ട്രീയരംഗത്തെ അനിശ്ചിതത്ത്വവും മൂലധനത്തെ പത്ര-സിനിമാമേഖലയിലേക്ക് വൻതോതിൽ വഴിതിരിച്ചുവിട്ടു. അതുവരെയും സംസ്‌കാരവുമായി വിദൂരബന്ധം പോലുമില്ലാതിരുന്ന കോട്ടയവും കോടമ്പാക്കവും ഈ പുതിയ സാംസ്‌കാരിക വ്യവസായത്തിന്റെ ആസ്ഥാനമായി ഉയർന്നുവരാൻ തുടങ്ങി. വിഷുവിനും ഓണത്തിനും ഒറ്റക്കും തെറ്റക്കും മാത്രം ഇറങ്ങിയിരുന്ന അവസ്ഥവിട്ട് മലയാളസിനിമ വർഷം മുഴുവൻ ഉൽപാദനപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരു വൻവ്യവസായമായി സംഘടിതമാവാൻ തുടങ്ങി. അറുപതുകളുടെ അവസാനമാകുമ്പോഴേക്കും നൂറുകണക്കിന് സിനിമാകൊട്ടകകൾ കേരളത്തിലെമ്പാടും ഉയർന്നുകഴിഞ്ഞിരുന്നു. ചരിത്രരൂപത്തിലുള്ള പുരാണാഖ്യാനങ്ങൾ വിട്ട് കുടുംബനാടകങ്ങളിലേക്കും സാമൂഹികപ്രമേയങ്ങളിലേക്കും പ്രണയകഥകളിലേക്കും എന്നുവേണ്ട ഭിന്നാഭിരുചികളെ പ്രീണിപ്പിക്കുന്ന പലയിനം ചരക്കുകളിലേക്കും സിനിമ പരിക്രമിച്ചു. ആധുനിക സാങ്കേതികവിദ്യയും വൻതോതിലുള്ള മുതൽമുടക്കും സുനിശ്ചിതമായ താരവ്യവസ്ഥയും എല്ലാമുള്ള ഒരു കമ്പോള സിനിമാസംസ്‌കാരം ഇതോടെ രൂപംകൊണ്ടു’’ (രാമചന്ദ്രൻ, 2006:18).
ഇതേകാലത്തുതന്നെയാണ് ‘മ’ പ്രസിദ്ധീകരണങ്ങളും പ്രചരിക്കുന്നത്. നവസാക്ഷരരായ സ്ത്രീകളേയും വീട്ടമ്മമാരേയും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു അവ. അതിഭാവുകത്വവും അരാഷ്ട്രീയതയുമായിരുന്നു അവയുടെ മുഖമുദ്ര. ഇടതുപക്ഷ ആശയങ്ങളുടെ മേൽക്കോയ്മ തകർത്ത് വലതുപക്ഷ ആശയങ്ങളെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഇവയ്ക്ക് കഴിഞ്ഞു.ഇത് ഏറ്റവും വലിയ വെല്ലുവിളിയായിത്തീർന്നത് ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിനാണ്. ഇക്കാര്യം തിരിച്ചറിഞ്ഞതിന്റെ ഫലമായി മാധ്യമവിമർശനത്തിന്റെ ഒരു പുതിയമുഖം തുറക്കാൻ ഇടതുപക്ഷം നിർബന്ധിതമായി. ‘കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന കൃതിയാണ് ഇക്കൂട്ടത്തിൽ പ്രാതഃസ്മരണീയം.
"സിനിമ വാഗ്ദാനം ചെയ്യുന്ന വിനോദം തീർത്തും ഉദാരവും നിഷ്‌കളങ്കവുമല്ല. എന്നുമാത്രമല്ല ബഹുഭൂരിപക്ഷത്തെ സംബോധന ചെയ്യുകയും അവരുടെ യാഥാർഥ്യബോധത്തെ നിരന്തരം നിഷ്‌കാസനം ചെയ്യുകയും ചെയ്യുന്ന സിനിമ, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും സാധൂകരണം തേടുക വഴി യഥാർഥത്തിൽ നിർവ്വഹിക്കുന്നത് ഒരു പ്രത്യയശാസ്ത്ര ദൗത്യമാണ് ‘’ (രവീന്ദ്രൻ, 2012: 192).
മാധ്യമങ്ങളുടെ പ്രത്യയശാസ്ത്ര വിശകലനം എന്നതിനെ ഒരു ജനകീയ പദ്ധതിയായി കേരളത്തിൽ വികസിപ്പിക്കുന്നത് ഇടതുപക്ഷമാണ്. 1985ൽ രവീന്ദ്രൻ മേലുദ്ധരിച്ച വരികളെഴുതുന്ന ഘട്ടത്തിൽ ‘പ്രത്യയശാസ്ത്രം’ എന്ന വാക്ക് മലയാളിക്ക് അത്രമേൽ സുപരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഇടത് പാർട്ടികൾ സംഘടിപ്പിക്കുന്ന ‘മാധ്യമ സെമിനാറുകൾ’ മാധ്യമങ്ങൾ നിർവ്വഹിക്കുന്ന പ്രത്യയശാസ്ത്രത്തെ മനസ്സിലാക്കിക്കൊടുക്കുന്ന ജനകീയ പാഠശാലകളായി വികസിച്ചിരിക്കുന്നു. 1990കളിൽ പുത്തൻസാമ്പത്തികനയവും ഹിന്ദുത്വരാഷ്ട്രീയവും ഇന്ത്യൻ പൗരസമൂഹത്തിൽ അവയുടെ വിശ്വരൂപങ്ങളോടെ പ്രത്യക്ഷപ്പെട്ടു. ഇടതുപക്ഷ മാധ്യമപ്രവർത്തനം ഇതോടെ പുത്തൻ പ്രതിസന്ധിയിൽപ്പെട്ടു. രണ്ടാം ഘട്ടത്തിൽ നാം കണ്ടതുപോലെ അനുഭവങ്ങളുടെ ആത്മനിഷ്ഠതയോ മൂന്നാം ഘട്ടത്തിൽ കണ്ടതുപോലെ വസ്തുതകളുടെ പിൻബലമോ മാധ്യമപ്രവർത്തനത്തിന് പോരാതെ വന്നു. മാധ്യമത്തിന്റെ ‘ഭവശാസ്ത്രം’തന്നെ മൗലികമായ വ്യതിയാനത്തിനു വിധേയമായി. 1991ൽ ചിന്ത ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന പേരിൽ ഒരു സമാഹാരം പുറത്തിറക്കി. എൻ.റാം, എം.എൻ വിജയൻ, സച്ചിദാനന്ദൻ, കെ.ഇ.എൻ, അസ്ഗർ അലി എഞ്ചിനീയർ, കുഞ്ഞനന്തൻനായർ, രവീന്ദ്രൻ എന്നിവരെല്ലാം ഇതിൽ അണിനിരന്നിട്ടുണ്ട്. 1991ലെ ചിന്ത ജന്മദിനപ്പതിപ്പിൽ വന്ന പ്രബന്ധങ്ങളാണിവ. അതിന്റെ ആമുഖത്തിൽ മാധ്യമങ്ങൾ ഇന്ന് സമഗ്രാധിപത്യത്തിനുള്ള ഉപാധിയായിത്തീർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട് (പുറം 8). ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകർ അവതരിപ്പിച്ച ‘സംസ്‌കാരവ്യവസായം’3 എന്ന ആശയം ഇതോടെ പ്രധാന പ്പെട്ട ഒരു വിശകലനസംവർഗമായി മലയാളികൾ തിരിച്ചറിഞ്ഞു. സോവിയറ്റ് മാർക്‌സിസത്തിന്റെ വലയങ്ങൾക്ക് പുറത്തുകടന്ന് ‘സംസ്‌കാരം’ എന്നതിനെ സവിശേഷമായി പഠിക്കുന്ന യൂറോപ്യൻ മാർക്സിസ്റ്റ് ധാരകൾ മലയാളത്തിൽ അവതരിപ്പിക്കപ്പെടുന്നത് മാധ്യമവിമർശനത്തിന്റെ ഈ സന്ദർഭത്തിൽ ആണ്. അൽത്തൂസർ, അഡോണോ തുടങ്ങിയവരുടെ ആശയങ്ങൾ സാമാന്യവ്യവഹാരങ്ങളുടെ ഭാഗമായി കേരളത്തിൽ പ്രചരിച്ചു. എം.എൻ വിജയന്റെ പ്രഭാഷണങ്ങൾ ഉപഭോഗസംസ്‌കാരത്തേയും ഫാസിസത്തിന്റെ ഉറവിടങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നവയായിരുന്നു. ഇതിന്റെ രണ്ടിന്റേയും പശ്ചാത്തലം സംസ്‌കാരവ്യവസായമാണെന്നും ഇതിൽ മാധ്യമങ്ങൾ നിർവ്വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും കേരളീയപൊതുസമൂഹം തിരിച്ചറിയാൻ തുടങ്ങുന്നത് ഈ സന്ദർഭത്തിലാണ്. ഈ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ സവിശേഷതയായി എൻ. റാം ചൂണ്ടിക്കാണിക്കുന്നത് ‘വലിയതോതിലുള്ള വാചകമടിയും സൂക്ഷ്മതാരാഹിത്യവും അമിത താൽപ്പര്യപ്രകടനവുമാണ്.’ വാർത്തകളുടെ ഭാഷയും വ്യവഹാരമാതൃകകളും മാറുന്നതിനെക്കുറിച്ചും എൻ. റാം സൂചിപ്പിക്കുന്നുണ്ട്: ‘’റിപ്പോർട്ടിങ്ങും വ്യാഖ്യാനവും തമ്മിലും വാർത്തയും അഭിപ്രായവും തമ്മിലും ഉള്ള വ്യത്യാസം തിരിച്ചറിയുക എന്നത് ഈയിടെയായി വളരെ വിഷമകരമായിത്തീർന്നിരിക്കുന്നു. അവ രണ്ടും തമ്മിൽ കർശനമായ വേർതിരിവ് നിലനിർത്തണം എന്ന ആശയം തന്നെ പഴഞ്ചനാണ് എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് ‘’(റാം, 1990: 20).
ബാബറിപ്പള്ളി പൊളിച്ച സംഭവം റിപ്പോർട്ട് ചെയ്ത പത്രങ്ങൾ തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ് അക്കാര്യത്തിൽ കാണിച്ചതെന്ന് ‘പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ’ നിരീക്ഷിക്കുകയുണ്ടായി. ‘’അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്തുതന്നെയായിരുന്നാലും ശരി, തമ്മിൽത്തമ്മിൽ മത്സരിച്ച് ഉദ്വേഗം ജനിപ്പിക്കുന്നതിലൂടെ എല്ലാ വിവേചനബോധവും പത്രനിലവാരവും പത്രധർമ്മവും കാറ്റിൽപ്പറത്തിയ ഈ വിഭാഗം പത്രങ്ങളുടെ പെരുമാറ്റത്തിലെ തെറ്റ് ഒട്ടുംതന്നെ ലഘൂകരിക്കപ്പെടുന്നില്ല. പത്രസ്വാതന്ത്ര്യം എന്ന സങ്കൽപനത്തിന് അടിയിലുള്ള ഉന്നതമൂല്യങ്ങൾക്ക് ചില പത്രങ്ങൾ യാതൊരുവിലയും കൽപിച്ചില്ല എന്നത് ശക്തിയായി അപലപിക്കേണ്ട വസ്തുതയാണ് ‘’ (റാം, 1991: 23).
ഇന്ത്യൻ പത്രങ്ങൾ രണ്ടുംമൂന്നും ഘട്ടങ്ങളിൽ ദേശീയതയുമായി പുലർത്തിയിരുന്ന വിമർശനാത്മകബന്ധം പൂർണ്ണമായും കയ്യൊഴിയുന്നതാണ് നാലാംഘട്ടത്തിൽ നാം കാണുന്നത്. ഇന്ത്യ എന്ന ‘ഭാവന’ തകരുന്നതിനെക്കുറിച്ച് തൊഴിലാളിവർഗ്ഗ പാർട്ടികളുടെ പത്രങ്ങളും ഇടത് ലിബറൽ പത്രങ്ങളും പുലർത്തിയിരുന്ന ഉൽകണ്ഠ നാലാം ഘട്ടത്തിൽ അപ്രസക്തമാകുന്നു.
പുതിയ മാധ്യമങ്ങൾക്ക് കമ്പോളത്തോടും കോർപ്പറേറ്റുകളോടുമാണ് താൽപര്യം.ജീവലോകത്തിലേക്ക് 4 അധിനിവേശം നടത്തുന്ന വ്യവസ്ഥയായി മാധ്യമങ്ങൾ വളർന്നിരിക്കുന്നു. കോർപ്പറേറ്റുകളുടെ താൽപര്യാർഥമാണ് അവ ഇന്ന് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മാധ്യമങ്ങൾ സാർവ്വലൗകികമായ അഭിരുചികൾ സൃഷ്ടിക്കുന്നു. ഇതേക്കുറിച്ചാണ് എം.എൻ വിജയൻ തന്റെ പ്രബന്ധത്തിൽ സൂചിപ്പിക്കുന്നത്. ‘ആവശ്യങ്ങൾ നിറവേറ്റുകയല്ല, ആവശ്യങ്ങളുണ്ടാക്കുകയാണ് വിപണനത്തിന്റെ ആവശ്യം’ എന്നതുകൊണ്ട് മാധ്യമങ്ങൾ അതിനനുസൃതമായാണ് പ്രവർത്തിക്കുന്നത്. സാമൂഹികമായ സങ്കൽപനങ്ങൾ സൃഷ്ടിക്കുകയല്ല, വ്യക്തിപരവും ശരീരനിഷ്ഠവുമായ ‘ആർത്തി’കളെ ഉൽപാദിപ്പിക്കുകയാണ് പുതിയ മാധ്യമങ്ങൾ ചെയ്യുന്നത്. സാങ്കേതികവിദ്യകൊണ്ട് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള വഴികളാണ് ഇന്നു കോർപ്പറേറ്റുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പാപം/പുണ്യം എന്ന ദ്വന്ദ്വത്തെ മാലിന്യം/ശുചിത്വം എന്ന ദ്വന്ദ്വമാക്കി പരിവർത്തിപ്പിക്കുന്നതിലൂടെ കുളിയും കഴുകലും അനുഷ്ഠാനപരമായിത്തീരുകയും ഡിറ്റർജന്റുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുകയും ചെയ്യുമെന്ന് എം.എൻ വിജയൻ പറയുന്നുണ്ട് (1991: 38).
‘ചിഹ്നശാസ്ത്രപരമായ ഒരു ഒളിപ്പോരി’ന്റെ പേരാണ് ഇടതുപക്ഷം തുടങ്ങിവെച്ച മാധ്യമവിമർശനം. കോർപ്പറേറ്റുകളുടെ ലോകത്ത് സോഷ്യലിസ്റ്റുകൾ ഇത്തരമൊരു സമരം ഏറ്റെടുത്ത് നടത്തേണ്ടതുണ്ടെന്ന് ഉമ്പർട്ടോ എക്കോ സൂചിപ്പിക്കുന്നുണ്ട്.(സച്ചിദാനന്ദൻ,1991 47). മാധ്യമങ്ങൾ ഇന്ന് പുതിയ ചിഹ്നങ്ങളും ചിഹ്നവ്യവസ്ഥകളും സൃഷ്ടിച്ചുകൊണ്ടിരിക്കുക യാണ്. വാർത്തകൾ മിത്തുകളുടെ ദൗത്യമാണ് ഇന്ന് നിർവ്വഹിക്കുന്നത്. മിത്തുകളിലൂടെ കടന്നുപോകുന്ന മനുഷ്യർ ‘ഹിന്ദു’വായും ‘മുസ്ലീ’മായും ‘ആണാ’യും ‘പെണ്ണാ’യും സ്വയം ഭാവനചെയ്യാൻ പരിശീലിപ്പിക്കപ്പെടുന്നു. ആദ്യഘട്ടത്തിൽ പത്രങ്ങൾ സൃഷ്ടിച്ച ‘മനുഷ്യർ’ പിന്നീട് ‘തൊഴിലാളി’ എന്ന കർതൃത്വത്തിലേക്കും ‘എല്ലാറ്റിനോടും ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രവ്യക്തി’ എന്ന കർതൃരൂപത്തിലേക്കും പടിപ്പടിയായി വികസിച്ചു. എന്നാൽ സമകാലമാധ്യമങ്ങൾ ഈ കർതൃരൂപങ്ങളെ ശിഥിലമാക്കുകയും ഒരർത്ഥത്തിൽ ആധുനിക പൂർവ്വഘട്ടത്തിലെ സ്വത്വബോധങ്ങളിലേക്ക്/വംശീയ പരികൽപനകളിലേക്ക് മനുഷ്യരെ പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. മാർക്കറ്റ് സൃഷ്ടിക്കുന്ന ‘ആനന്ദ’ത്തിന്റെ പരിസരത്തിലാണ് ഇത് നിർവ്വഹിക്കപ്പെടുന്നത് എന്ന് മാത്രം. പിൽക്കാലമുതലാളിത്തത്തിന്റെ സന്ദർഭത്തിൽ മനുഷ്യർക്കും വസ്തുക്കൾക്കും ചരിത്രം നഷ്ടപ്പെടുന്നു. ദൃശ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർപ്പുമാതൃകകൾ നിർവ്വഹിക്കുന്ന പ്രത്യയശാസ്ത്ര ധർമ്മത്തെക്കുറിച്ച് അഡോണോ ജർമ്മൻ ഫാസിസത്തിന്റെ കാലത്ത് നടത്തിയ നിരീക്ഷണങ്ങൾ ഇന്നത്തെ ഇന്ത്യൻ ജീവിതത്തിലും പ്രസക്തമായിരിക്കുന്നു. സാർവ്വലൗകികവൽക്കരണം പോലെതന്നെ സ്വാഭാവികവൽക്കരണവും മാധ്യമപഠനത്തിന്റെ സ്വഭാവമാണ്. ചുരുക്കത്തിൽ ഫ്രാങ്ക്ഫർട്ട് ചിന്തകൾ, റൊളാങ് ബാർത്തിന്റേയും ഉമ്പർക്കോ എക്കോയുടെയും ചിഹ്നവിജ്ഞാനീയ സംബന്ധിയായ നിരീക്ഷണങ്ങൾ, അൽത്തൂസർ, പിയറി മിഷറെ എന്നിവരുടെ പ്രത്യയശാസ്ത്ര ചിന്തകൾ എന്നിവയുടെയെല്ലാം പശ്ചാത്തലത്തിൽ നിർവഹിക്കേണ്ട വിപുലമായ പദ്ധതിയാണ് മാധ്യമ വിമർശനം എന്ന് ഇടതുപക്ഷം ഈ ഘട്ടത്തിൽ തിരിച്ചറിഞ്ഞു. സ്വന്തം മാധ്യമങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനോടൊപ്പം പൊതുസമൂഹത്തിൽ മാധ്യമ സാക്ഷരത ഉണ്ടാക്കേണ്ടതും ഇടതുപക്ഷത്തിന്റെ ദൗത്യമായി വന്നു. ഇതൊരു പുതിയ സമരമുഖം തുറന്നിരിക്കുകയാണ്.
മലയാളത്തിൽ ഈയടുത്തകാലത്ത് പുറത്തിറങ്ങിയ ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ മാധ്യമ വിമർശനരംഗത്തെ മികച്ച മാതൃകകളാണ്. ‘വ്യാജസമ്മതിയുടെ നിർമ്മിതി: മാധ്യമവിമർശനം 2000-2009’ (ഡോ.ടി.എം തോമസ് ഐസക്, എൻ.പി ചന്ദ്രശേഖരൻ)5, ‘ഭീഷണി മാധ്യമരംഗത്തും’ (എൻ. റാം), ‘മുഖ്യധാരയുടെ അതിരുകൾ’ (ഷിബു മുഹമ്മദ് ) എന്നിവ അവയിൽച്ചിലതാണ്. ‘മാധ്യമ സിന്റിക്കേറ്റ് ‘ എന്ന പ്രയോഗം ഈ വ്യവഹാരങ്ങൾക്കിടയിൽ രൂപപ്പെട്ടതാണ് 6.
മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തെ അഴിച്ചെടുക്കാൻ മാർക്‌സ് പിൻപറ്റിയരീതിതന്നെയാണ് പുതിയ മാധ്യമങ്ങളുടെ ചിഹ്നമൂല്യം അഴിച്ചെടുക്കാനും നാം സ്വീകരിക്കേണ്ടത് എന്ന് മൈക്ക് വെയ്ൻ സൂചിപ്പിക്കുന്നുണ്ട് (2009 259). ‘പണം’ എന്നത് മനുഷ്യർ നിർമ്മിച്ചെടുക്കുന്ന ചിഹ്നവ്യവസ്ഥയ്ക്കകത്താണ് വിനിമയം ചെയ്യപ്പെടുന്നതെന്ന് മാർക്‌സ് മനസ്സിലാക്കിയിരുന്നു. ഒരു വസ്തുവിന്റെ ഉപയോഗമൂല്യത്തെ വിനിമയമൂല്യമായി പരിവർത്തിപ്പിക്കുന്നതോടെ തന്നെ നാം ഒരു ചിഹ്നവ്യവസ്ഥയിലേക്കാണ് പ്രവേശിക്കുന്നത്. അധ്വാനവും മൂലധനവും തമ്മിലുള്ള പോരാട്ടത്തിനകത്തെ ബുദ്ധിജീവിതമാണ് യഥാർഥത്തിൽ മാധ്യമപ്രവർത്തനം. ആദ്യഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കാര്യം കൂടുതൽ മിഴിവോടെ നമുക്ക് ബോധ്യമാകുന്നത് മാധ്യമപ്രവർത്തനത്തിന്റെ സമകാലസന്ദർഭത്തിലാണ്. വാർത്തകൾ നേരിട്ട് കമ്പോളത്തിലെത്തുന്ന ചരക്കുകളായി മാറിയിരിക്കുന്നു. വാർത്ത/ വസ്തുത, വിഷയം/വിഷയി തുടങ്ങിയ വേർതിരിവുകൾ അപ്രസക്തമായിരിക്കുന്നു. അതോടെ മാധ്യമവിമർശനം എന്നത് ആത്മവിമർശനത്തിന്റെ വിപുലമായ രൂപമായിത്തീർന്നിരിക്കുന്നു.
അടിക്കുറിപ്പുകൾ
1) ‘’ഭൗതികലോകത്തെ മാറ്റിത്തീർക്കുന്നതിലൂടെ മനുഷ്യൻ മാറ്റിത്തീർക്കുന്നു. സ്വയംമാറ്റിത്തീർക്കുന്നതിന്റെ ഭാഗമായി അവർ ഭൗതികലോകത്തെമാറ്റിത്തീർക്കുന്നു. ഈ ഏർപ്പാടുകളെ സൂചിപ്പിക്കാനായി പ്രാക്‌സിസ് എന്ന പദം ഉപയോഗിക്കുകയാണ് മാർക്‌സ് ചെയ്തത് ‘’ (മധു, നിസാർ അഹമ്മദ്, 2018: 27).
2) ഇന്ത്യൻ ഇടതുപക്ഷത്തോട് വലിയതോതിലുള്ള അസ്പൃശ്യതയാണ് മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തിയിരുന്നത്. രഹസ്യമായി അവരെ പറയന്മാർ എന്നാണ് ന്യൂസ്‌റൂമുകൾ വ്യവഹരിച്ചിരുന്നത്. ‘’ഇന്ത്യൻ പത്രങ്ങൾക്ക് ‘ബനിയ’ക്കാരന്റെ പണവും ബ്രാഹ്മണന്റെ ബുദ്ധിയുമാണുള്ളതെന്ന് ‘’ കാൻഷിറാം എൺപതുകളിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ എന്തെങ്കിലും വാർത്തയുണ്ടെങ്കിൽ അതിനെ സെൻസേഷണ ലാക്കാനും അവർ നടത്തുന്ന സമരങ്ങളെ തമസ്‌കരിക്കാനും മുഖ്യധാരാ മാധ്യമങ്ങൾ മത്സരിക്കുന്നതെങ്ങനെയെന്ന് പി. രാമൻ വിശദീകരിക്കുന്നുണ്ട് (2018: 174-81).
3) 1947ൽ അഡോണോയും ഹൊക്കൈമറും ചേർന്നെഴുതിയ The Culture Industry : Enlightment as mass deception എന്ന ലേഖനത്തിലാണ് സംസ്‌കാരവ്യവസായം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. വിമർശനാത്മകമായ ചിന്തയെ മാറ്റിനിർത്താനാണ് സംസ്‌കാരവ്യവസായം എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. മനുഷ്യനെ പരുവപ്പെടുത്തിയെടുക്കാനുള്ള ഒരു പദ്ധതിയായാണ് സംസ്‌കാരവ്യവസായത്തെ ഫ്രാങ്ക്ഫർട്ട് ചിന്തകർ കണ്ടത്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്കു കീഴിൽ മനുഷ്യന്റെ സർഗ്ഗാത്മകവ്യവഹാരങ്ങൾ ഉൾപ്പെടെ എല്ലാം കമ്പോളത്തിന് കീഴടങ്ങുകയും അങ്ങിനെ സംസ്‌കാരംതന്നെ വ്യവസായവൽക്കരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷ സന്ദർഭമാണ് സംസ്‌കാരവ്യവസായം (സൗമ്യ, 2019: 372).
4) നാം മറ്റുള്ളവരുമായി പങ്കുവെക്കുന്ന ദൈനംദിനലോകമാണ് ജീവലോകം. എഡ്മണ്ട് ഹുസേൾ (1859-1938) എന്ന ജർമ്മൻ ചിന്തകനാണ് സവിശേഷമായ അർത്ഥത്തിൽ ഈ പദം ആദ്യം ഉപയോഗിച്ചത്. വ്യവസ്ഥകൾക്കുപുറത്ത് മനുഷ്യർ പെരുമാറുന്ന സ്വച്ഛമായ ഇടമാണ് ജീവലോകം. ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വെളിയിൽ അർത്ഥങ്ങളും സങ്കൽപ്പനങ്ങളും പങ്കുവെക്കുന്നതിന്റെ പശ്ചാത്തലമായി വരുന്ന ചക്രവാളമാണ് ജീവലോകം. ചക്രവാളം എന്ന ആശയം പ്രാതിഭാസികവിജ്ഞാനീയത്തിൽനിന്നു വരുന്നതാണ്. സമൂഹത്തിലെ അംഗങ്ങൾക്കിടയിലുള്ള സംവേദനാത്മകമായ പ്രവൃത്തികളുടെ പശ്ചാത്തലം ജീവലോകമാണെന്ന് ഹേബർമാസ് പറയുന്നു. സമൂഹം പ്രതീകാത്മകമായും സാംസ്‌കാരികമായും പുനരുൽപാദിപ്പിക്കപ്പെടുന്നത് ജീവലോകത്തിലാണ്. ഇതിൽനിന്നു വിഭിന്നമായ ഘടനകളുടേയും ക്രമങ്ങളുടേയും വ്യവസ്ഥയാണ് വ്യൂഹം. വ്യൂഹത്തിൽ നിർവ്വഹിക്കപ്പെടുന്ന പ്രവൃത്തികൾ ഉപകരണാത്മകമാണ്. പണവും അധികാരവുമാണ് ഇവിടെ നിർണ്ണായകം. സമൂഹം ഭൗതികമായി പുനരുൽപാദിപ്പിക്കപ്പെടുന്നത് വ്യൂഹത്തിലാണ് ( Finlayson, 2006: 51-53).
5) ഡോ. തോമസ് ഐസക്കും ഡോ. എൻ.പി ചന്ദ്രശേഖരനും ചേർന്നെഴുതിയ ഈ പുസ്തകം ചോംസ്‌കിയും എഡ്‌വേർഡ് എസ് ഹെർമനും സംയുക്തമായി രചിച്ച Manufacturing consent, The political economy of Mass Media എന്ന പുസ്തകത്തെയാണ് മാതൃകയാക്കിയിട്ടുള്ളത്. ചോംസ്‌കിയുടേയും ഹെർമ്മന്റേയും പുസ്തകത്തിലെന്നപോലെ പ്രൊപ്പഗാണ്ട മാതൃകയാണ് ഈ പുസ്തകത്തിലും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ജനകീയാസൂത്രണം, ലാവ്‌ലിൻകേസ്, ആസിയാൻ കരാർ എന്നിവയെ മാധ്യമങ്ങൾ പരിചരിച്ചതെങ്ങനെയെന്ന് പ്രൊപ്പഗാണ്ട മോഡലിനെ ആസ്പദമാക്കി വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താക്കൾ ചെയ്യുന്നത്.
6) ഇടതുപക്ഷത്തെ പ്രത്യേകിച്ചും സി.പി.ഐ(എം)ന്റെ സംഘടനാബലത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ വലതുപക്ഷ മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് മാധ്യമസിന്റിക്കേറ്റ്. വലതുപക്ഷ മാധ്യമപ്രവർത്തകർ ഒത്തുചേരുകയും സമാനമായ വാർത്തകൾ കെട്ടിച്ചമയ്ക്കുകയും വിതരണംചെയ്യുകയും ചെയ്യുന്നുവെന്ന നിരീക്ഷണത്തിൽനിന്നാണ് ഈ സംജ്ഞ ഉണ്ടാകുന്നത്. അഭ്യൂഹങ്ങൾ, സംശയം പരത്തുന്ന കഥകൾ എന്നിവയിലൂടെ നേതാക്കളേയും പാർട്ടിയേയും പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ സംഘംചേർന്ന് നിർമ്മിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ‘മാധ്യമസിന്റിക്കേറ്റ് ‘ എന്ന വാക്ക് ഉപയോഗിച്ചത്. മലയാളത്തിലെ മാധ്യമവിമർശം സൃഷ്ടിച്ചെടുത്ത സവിശേഷ സംജ്ഞയാണിത്.
സഹായകഗ്രന്ഥങ്ങൾ
1) ശാന്ത കാവുമ്പായി, 2017, പി. യശോദ: കനൽവഴികളിലെ ആദ്യപഥിക, സാഹിത്യ പ്രവർത്തകസഹകരണസംഘം, കോട്ടയം.
2) രവീന്ദ്രൻ, 2012, ‘’സിനിമയും പ്രത്യയശാസ്ത്രവും’’ കലാവിമർശം: മാർക്‌സിസ്റ്റ് മാനദ ണ്ഡം, എഡി. രവീന്ദ്രൻ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.
3) മധു, ടി.വി., നിസാർ അഹമ്മദ്, 2018, മാർക്‌സിനൊപ്പം മാർക്‌സിനുശേഷം: സംഭാഷണങ്ങൾ, റാസ്‌ബെറി ബുക്‌സ്, കോഴിക്കോട്.
4) ലെനിൻ, വി.ഐ., 2005, എന്തുചെയ്യണം, ഇ.എം.എസ്. ചെയർ ഫോർ മാർക്‌സിയൻ സ്റ്റഡീസ് ആന്റ് റിസർച്ച്, കാലിക്കറ്റ് സർവ്വകലാശാല.
5) റാം, എൻ. 1991, ‘’വർഗ്ഗീയതയും പത്രങ്ങളും’’ മാധ്യമങ്ങളുടെ രാഷ്ട്രീയം, ചിന്താവാരികപ്രസിദ്ധീകരണം, തിരുവനന്തപുരം.
6) വിജയൻ, എം.എൻ., 1991, ‘’മനസ്സും മാധ്യമങ്ങളും’’, മാധ്യമങ്ങളുടെ രാഷ്ട്രീയം, ചിന്താവാരിക പ്രസിദ്ധീകരണം, തിരുവനന്തപുരം.
7) സച്ചിദാനന്ദൻ, 1991, ‘’മാധ്യമം, പ്രചാരണം, പ്രത്യയശാസ്ത്രം’’ മാധ്യമങ്ങളുടെ രാഷ്ട്രീയം,ചിന്താവാരിക പ്രസിദ്ധീകരണം, തിരുവനന്തപുരം.
8) രാമചന്ദ്രൻ, ടി.കെ., 2006, കാഴ്ചയുടെ കോയ്മ, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
9) നമ്പൂതിരി, ഐ.സി.പി., 2019, ‘’പ്രഭാതം’’ ഐ.പി.സി. നമ്പൂതിരി: വിപ്ലവത്തിന്റെഉൾത്തുടിപ്പുകൾ, എഡി. എം.എം നാരായണൻ, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ.
10) മോഹൻദാസ്, വള്ളിക്കാവ്. 2010, അരയൻ, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ.
11) കൃഷ്ണകുമാരി, എ., വനിതാ പത്രപ്രവർത്തനം: ചരിത്രവും വർത്തമാനവും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ.
12) ഷീജ, എം.പി., 2010, സഹോദരൻ അയ്യപ്പൻ: ജീവിതവും കൃതികളും, മൈത്രി ബുക്‌സ്, തിരുവനന്തപുരം.
13) കൃഷ്ണനെഴുത്തച്ഛൻ, വി.ആർ., 1997, ആത്മകഥ, കറന്റ് ബുക്‌സ്, തൃശ്ശൂർ.
14) മാർക്‌സ് കാൾ., ഫ്രെഡറിക് എംഗൽസ്, 2015, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പ്രോഗ്രസ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
15) Wayne, Miker., 2009, Marxism and Media Studies, Aakar Books, New Delhi.
16) Hall, Donald E., 2004, Subjectivity, Routledge, London.
17) Raman, P., 2018, The Post Truth: Media’s Survival Sutra, A foot Soldier’s Version, Aakar Books, New Delhi.
18) Eco, Umberto., 2017, Chronicles of a Liquid Society, Houghton Mifflin Harcourt, New York.
അപ്രകാശിതം
1) സൗമ്യ, കെ.സി., 2019, പൊതുമണ്ഡലവും ഭാവുകത്വവും: കഥാപ്രസംഗകലയിലെ പരിണാമങ്ങളെ ആധാരമാക്കിയുള്ള പഠനം, കാലിക്കറ്റ് സർവ്വകലാശാല (ഗവേ ഷണപ്രബന്ധം).