ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലൂടെ

വി ശിവദാസന്‍

ആശയവാദത്തിന്റെയും കേവലഭൗതിക വാദത്തിന്റെയും ന്യൂനതകൾ അക്കമിട്ടു നിരത്തി മാർക്‌സ് മുന്നോട്ടുവെച്ച വിമർശനങ്ങൾ ലോകചരിത്രത്തിൽ വളരെ പ്രധാനമാണ്. അതുവഴി മനുഷ്യ ജീവിതത്തിന്റെ ഓരോ മേഖലയേയും പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ദാർശനിക സമീപനത്തിനും മാർക്‌സ് നേതൃത്വം നൽകി. കാൾ മാർക്‌സിന്റെ ഫെഡറിക് ഏംഗൽസുമായുള്ള ഒത്തുചേരൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ ദൃഢതയും വ്യക്തതയും നൽകി. നമ്മൾ ജീവിക്കുന്ന ലോകത്തെ ശാസ്ത്രീയമായി പഠിക്കാനും വിലയിരുത്താനും അത് സഹായകമായി. മാർക്‌സിസം ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ കൂടുതൽ വിശാലമാക്കി. യാന്ത്രികമായ പഠന പ്രവർത്തനങ്ങൾക്ക് അത് ജൈവികമായ കരുത്തേകുകയുണ്ടായി. നന്മയും സമത്വവും പുലരുന്ന ലോകത്തെ സൃഷ്ടിക്കുന്നതിനുള്ള ജനതയുടെ കരുത്തിലും ശേഷിയിലും അത് വിശ്വാസമർപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂഷണത്തിനെതിരായി നടന്ന സമരപ്രസ്ഥാനങ്ങളെ മാർക്‌സിയൻ ചിന്താ പദ്ധതി കൂടുതൽ ചടുലമാക്കി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചൂഷിതരുടെ സമര കാഹളമായത് മാറി. ഭരണകൂടത്തിനെതിരായുള്ള ഉശിരൻ പോരാട്ടങ്ങളായി അവയിൽ പലതും വികസിച്ചിരുന്നു. പരാജയപ്പെട്ടെന്നു തോന്നുന്നവയിലും വിജയത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. 1871ലെ പാരിസ് കമ്യൂൺ അത്തരത്തിലൊന്നായിരുന്നു. മഹാനായ ലെനിന്റെ നേതൃത്വത്തിൽ 1917ൽ റഷ്യയിൽ സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ച് വിപ്ലവത്തിലൂടെ തൊഴിലാളിവർഗ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നു. ലോകമാകെയുള്ള തൊഴിലാളിവർഗത്തെ അത് ആവേശഭരിതമാക്കി. വിവിധരാജ്യങ്ങളിൽ അതിന്റെ തുടർച്ചയായി സമരമുന്നേറ്റങ്ങളുണ്ടായി. ജർമ്മനി, പോളണ്ട്, ഉത്തരകൊറിയ, ചൈന, ക്യൂബ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെല്ലാം സമാനതകളില്ലാത്ത ജനമുന്നേറ്റങ്ങൾക്ക് സാക്ഷിയായി. ചിലയിടങ്ങളിൽ സോഷ്യലിസ്റ്റ് ഭരണക്രമം സ്ഥാപിതമായി. അത് മറ്റ് രാജ്യങ്ങളിലെ തൊഴിലാളി കർഷക മുന്നേറ്റങ്ങൾക്ക് പ്രചോദനമായി. യൂറോപ്പിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും മാർക്‌സിസ്റ്റ്  ദർശനം വളരെവിപുലമായി സ്വാധീനം ചെലുത്തുകയും ജനകീയ സമരങ്ങൾ വളർന്നു വരുന്നതിന് കാരണമാകുകയും ചെയ്തു.

 

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം 

പുതിയൊരു ലോകം സ്വപ്നം കണ്ട് പൊരുതിയ മനുഷ്യരുടെ ചോരയിലും വിയർപ്പിലുമാണ് ഇന്ത്യയിലും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയാടിത്തറ വികസിതമായത്.  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ മാർക്‌സിസ്റ്റ് കാഴ്ച്ചപ്പാടിന്റെ സ്വാധീനം കൂടുതൽ വിപുലമായത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സമരത്തെ  എങ്ങനെ നയിക്കണം? പുതിയ സർക്കാർ എങ്ങനെയായിരിക്കണം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഒരുവലിയവിഭാഗത്തിന്റെ ഉത്തരമായിരുന്നു യൂണിയൻ ഓഫ് സോവ്യയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടലെടുത്ത വിപ്ലവ മുന്നേറ്റങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് ഇന്ത്യയിലും കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. റഷ്യൻ വിപ്ലവം ഇന്ത്യയിലെ ബഹുജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അന്നേവരെയുണ്ടായിട്ടുള്ള ഭരണ മാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ  (ജനങ്ങൾ സോവ്യയറ്റ് യൂണിയനെന്ന് പൊതുവിൽ വിളിച്ചു) വിപ്ലവാനന്തര സമൂഹം. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും ഒരുപാട് ചെറുപ്പക്കാർ സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ പോയിരുന്നു. പുതിയതായി രൂപം കൊണ്ട സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അവരുടെ ഭരണ നയങ്ങളും അടുത്തറിഞ്ഞത് അവർക്കാവേശകരമായ അനുഭവമായി മാറി. ചൂഷണ രഹിതമായ ഒരുസാമൂഹ്യവ്യവസ്ഥയെന്ന അവരുടെ ലക്ഷ്യത്തെ അതുകൂടുതൽ ശക്തിപ്പെടുത്തി. റഷ്യയെന്ന പേര് തന്നെ ആവേശത്തിന്റെ അടയാളമായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. സോവിയറ്റ് യൂണിയൻ സന്ദർശിച്ച യുവാക്കളിൽ പലരും പ്രസ്തുത രാജ്യത്തെയും മാർക്‌സിസത്തെയും തങ്ങളുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് അവരുടേതായ ശ്രമങ്ങൾ നടത്തുകയുണ്ടായിരുന്നു. അതിന്റെ ഭാഗമായി സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റ് ചിന്തകളേയും പരിചയപ്പെടുത്തുന്ന ലഘുലേഖകളും കുറിപ്പുകളും തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.   

 

കമ്യൂണിസ്റ്റ്് പാർട്ടിയുടെ രൂപീകരണം 

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടതിന്റെ നൂറ് വർഷം പൂർത്തിയാകുന്ന ഘട്ടമാണിപ്പോൾ. 1920 ഒക്‌ടോബർ 17-ന് താഷ്‌ക്കന്റിൽ വച്ചാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയും സഹായവും അവർക്കുണ്ടായിരുന്നു. പ്രസ്തുത യോഗത്തിൽ ഏഴ് ആളുകളാണ് ഉണ്ടായിരുന്നത്. ആ യോഗം മുഹമ്മദ് ഷെഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.എൻ. റോയി പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. വിദേശത്തെ ഇന്ത്യക്കാർക്കിടയിൽ കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നതിൽ എം.എൻ.റോയിയുടെ പങ്ക് വളരെ വലുതായിരുന്നു.  1920-കളിൽ തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് സ്വാധീനം പലനിലയിൽ വർദ്ധിച്ചുവരികയുണ്ടായി. 1921 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളിൽ കമ്യൂണിസ്റ്റുകാർ അവരുടെ മാനിഫെസ്റ്റോകൾ വിതരണം നടത്തിയിരുന്നു. കൊളോണിയൽ ഘടനയെ തകർത്ത് ബ്രീട്ടീഷുകാരുടെ എല്ലാവിധ സ്വാധീനാധികാരങ്ങളും ഉന്മൂലനം ചെയ്യാൻ പ്രസ്തുത മാനിഫെസ്റ്റോ ആഹ്വാനം നൽകിയിരുന്നു. അതിനൊപ്പം കർഷകരുടേയും തൊഴിലാളികളുടേയും സമരപ്രക്ഷോഭങ്ങൾക്ക് പിന്തുണ കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. 1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണ സ്വാതന്ത്ര്യപ്രമേയം അവതരിപ്പിക്കപ്പെടുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിൽ പ്രമേയം പരാജയപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് സ്വാധീനം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വർദ്ധിച്ചു വരുന്നതിന്റെ തെളിവായിരുന്നു അത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഈ ഘട്ടത്തിൽ രൂപീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. എസ്.എ.ഡാങ്കെയും എസ്.വി.ഘാട്ടെയും ഉൾപ്പെടെയുള്ളവർ അംഗങ്ങളായി ബോംബെയിൽ രൂപം കൊണ്ട ഗ്രൂപ്പ് അത്തരത്തിലൊന്നായിരുന്നു. ബനാറസ്, ലാഹോർ, കൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിലും ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടു. അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനുള്ള പ്രവർത്തന കേന്ദ്രത്തിനുള്ള ശ്രമങ്ങളും അതിനൊപ്പം ഉയർന്നുവരികയുണ്ടായി.

 

കാൺപൂർ സമ്മേളനം

1925 ഡിസംബർ 28മുതൽ 30 വരെ തീയതികളിലായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു സമ്മേളനം കാൺപൂരിൽ വിളിച്ചുചേർക്കപ്പെടുകയുണ്ടായി. അതിനുമുൻകൈയെടുത്തവർക്ക് കമ്യൂണിസ്റ്റ് ഇന്റർനാഷണലുമായും അല്ലെങ്കിൽ പുറത്തുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായുമൊന്നും ബന്ധമുണ്ടായിരുന്നില്ല. എങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ തീരുമാനിക്കുകയായിരുന്നു. പ്രസ്തുതസമ്മേളനം ബോംബെ ആസ്ഥാനമാക്കി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. ഹസ്രത്ത് മൊഹാനിയുൾപ്പെടെയുള്ളവർ കാൺപൂർ സമ്മേളനത്തിന്റെ സംഘാടകരായിരുന്നു. 

 

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ആരംഭത്തിൽതന്നെ കമ്യൂണിസ്റ്റ് സാഹിത്യത്തിന്റെ പ്രചരണവും ആരംഭിക്കുകയുണ്ടായി. വിദേശത്തുനിന്നും ഒളിച്ചു കടത്തപ്പെട്ടനിലയിലായിരുന്നു ആദ്യകാലത്തവയെത്തിയിരുന്നത്. 1922-ൽ രൻജോദാസ് ഭുവൻ ലോത്‌വാല പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചവയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഉണ്ടായിരുന്നു. ഇതായിരിക്കാം ഇന്ത്യയിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപ്രസിദ്ധീകരണം. ഇന്ത്യൻ ഭാഷയിൽ ബംഗാളിയിലാണ് ആദ്യമായി മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത്. 1926ൽ സൗമ്യേന്ദ്ര നാഥ ടാഗോറായിരുന്നു പരിഭാഷകൻ. ആദ്യം അത് മുസഫർ അഹമ്മദ്  എഡിറ്ററായ ഗണവാണിയിലാണ് പ്രസിദ്ധീകരിച്ചത്. 1930ൽ അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. 1927ൽ ഉറുദുവിൽ മൗലാന അബ്ദുൽ കലാം ആസാദ്  അദ്ദേഹം എഡിറ്ററായ അൽ ഹിലാൽ എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. ജിഎം അധികാരി മീറത്ത് ഗൂഢാലോചനക്കേസിൽ ജയിലിൽ കിടക്കവെ 1930-31 കാലത്താണ് മാനിഫെസ്റ്റോ മറാത്തി ഭാഷയിലേക്ക് തർജുമ ചെയ്യുന്നത്. 1931ൽ തമിഴ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് പെരിയാർ ഇവി രാമസ്വാമിയാണ്. മാനിഫെസ്റ്റോ മലയാള ഭാഷയിലേക്ക് തർജുമ ചെയതത് 1932ൽ ഇടപ്പള്ളി കരുണാകര മേനോനായിരുന്നു. 1933ൽ തെലുങ്കുഭാഷയിലേക്ക് പി സുന്ദരയ്യയും 1934ൽ ഗുജറാത്തിയിലേക്ക് നവി ദുനിയ പബ്ലിക്കേഷൻ സെന്ററൂം മൊഴിമാറ്റം വരുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. മീററ്റ് ഗൂഢാലോചനക്കേസിൽ ജയിലിൽകിടക്കെവെ അയോദ്ധ്യാ പ്രസാദാണ് മാനിഫെസ്റ്റോയുടെ ഹിന്ദിപതിപ്പ് തയ്യാറാക്കുന്നത്. അത് 1934ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ അതേ വർഷം ബ്രിട്ടീഷ് സർക്കാർ പ്രസ്തുത പതിപ്പ് നിരോധിക്കുകയായിരുന്നു. 1936ൽ ഒറിയ ഭാഷയിലും 1944ൽ പഞ്ചാബി ഭാഷയിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു.  

    

കമ്യൂണിസ്റ്റ് പത്രങ്ങൾ  

കോമിന്റേൺ എക്‌സിക്യൂട്ടീവ് കമ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുകയും മുൻകൈയെടുക്കുകയും ചെയ്തിരുന്നു. 1922 മാർച്ചിൽ കോമിന്റേൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും കോളനി രാജ്യത്തെ ജനങ്ങളുടെ ഭാഷയിൽ കമ്യൂണിസ്റ്റ് സാഹിത്യം പ്രചരിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു. 1922 മെയ് 15ന് ബർലിനിൽ നിന്നും റോയിയുടെ മുൻകൈയിൽ ആരംഭിച്ച വാൻഗാർഡ് ഓഫ് ഇന്ത്യൻ ഇന്റിപെന്റൻസ് എന്ന പത്രം ഇന്ത്യയിലുടനീളം കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.  സിപിഐയുടെ പ്രഥമ പ്രഖ്യാപിത മുഖപത്രമാണത്. റോയിയുടെ തന്നെ നേതൃത്വത്തിൽ ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട പത്രമാണ് ദ അഡ്വാൻസ് ഗാർഡ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആരംഭിച്ച കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ പലതും ആശയപ്രചരണത്തിന് പത്രങ്ങളും മറ്റും പ്രസിദ്ധീകരിക്കുകയുണ്ടായി. 1922ൽ ലാഹോറിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഇൻക്വിലാബ്, 1922ൽ സാർവ്വ ദേശീയ സോഷ്യലിസത്തിന്റെ പത്രമെന്ന വിശേഷണത്തോടെ ബോംബെയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട സോഷ്യലിസ്റ്റ്,  കൊൽക്കത്തയിൽ നിന്നും ആരംഭിച്ച ബംഗാളി പത്രം ഗണവാണി, മദ്രാസിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ലേബർ കിസാൻ ഗസറ്റ് ഇവയൊക്കെ അതിൽ ചിലതാണ്.  

 

ഗൂഢാലോചനക്കേസുകൾ

കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരം ബ്രിട്ടീഷ് സർക്കാരിനെ പരിഭ്രാന്തരാക്കുകയുണ്ടായി. അതിനെതുടർന്ന് അവർ കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ എന്ന പേരിൽ പുസ്തകങ്ങൾ കണ്ടുകെട്ടുകയും നിരവധിയാളുകളെ വേട്ടയാടുകയും ചെയ്തു. അത്തരത്തിൽ വേട്ടയാടുന്നതിനുവേണ്ടി നിരവധി കള്ളകേസുകൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയുണ്ടായി. പെഷവാർ ഗൂഡാലോചനക്കേസ് (1922-24) അത്തരത്തിൽ കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ആദ്യത്തെതായിരുന്നു.  വ്യത്യസ്ത വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒന്നിലധികം കേസുകൾ ചേർന്നാണ് പൊതുവിൽ പെഷവാർ ഗൂഡാലോചനാ കേസ് എന്നറിയപ്പെടുന്നത്. ഒന്നാമത്തെ പെഷവാർ കേസ് 1922 മെയ് 31ന് വിധിപറഞ്ഞു. ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു കേസ്. രണ്ട് സഖാക്കൾ അതിൽ രണ്ട് വർഷവും ഒരു വർഷവുമായി കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. രണ്ടാം പെഷവാർ കേസിൽ ഒരു സഖാവിനെ ഏഴുവർഷത്തേക്കും മറ്റ് രണ്ട് സഖാക്കളെ അഞ്ച് വർഷത്തേക്കും കഠിന തടവിന് ശിക്ഷിച്ചു. മൂന്നാം പെഷവാർ ഗൂഢാലോചനക്കേസ് എട്ട് സഖാക്കൾ പ്രതികളായിരുന്നു. നാലാം പെഷവാർ ഗൂഡാലോചനാകേസ് മുഹമ്മദ് ഷെഫീഖിനെതിരായിരുന്നു. 1924 ഏപ്രിൽ 24ന് അദ്ദേഹത്തെ 3 വർഷം കഠിനതടവിന് ശിക്ഷിച്ചു. അഞ്ചാമത്തെ പെഷവാർ ഗൂഡാലോചനാ കേസ് 1927ൽ ഫസലുൽ ഇലാഹി ഗുർബാനെതിരായാണ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തെ 3 വർഷത്ത കഠിനതടവിന് ശിക്ഷിച്ചു.  പെഷവാർ ഗൂഢാലോചനക്കേസുകളിലെ അറസ്റ്റും വിചാരണയും ജനശ്രദ്ധയിൽ കൊണ്ടുവരാതിരിക്കുന്നതിന് ബ്രിട്ടിഷ് സർക്കാർ നടത്തിയ നീക്കം ആ ഘട്ടത്തിൽ വിജയിക്കുകയുണ്ടായി. സർക്കാർ നിർദേശ പ്രകാരം പത്രങ്ങളിൽ പലതും ക്രിമിനലുകൾ, നുഴഞ്ഞു കയറ്റക്കാർ എന്നിങ്ങനെയാണ് അവരെക്കുറിച്ച് എഴുതിയിരുന്നത്. മുസഫർ അഹമ്മദിന്റെയും മറ്റും ശ്രമഫലമായി 1926-നു ശേഷമാണ് പെഷവാർ ഗൂഢാലോചനക്കേസ് ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങുന്നത്. 

കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് അധികാരികൾ ചുമത്തിയ മറ്റൊരുകേസാണ് കാൺപൂർ ഗൂഢാലോചനാ കേസ്. അതുപ്രകാരം നാല് സഖാക്കൾ 1923 അവസാനവും 1924 ആദ്യവുമായി അറസ്റ്റു ചെയ്യപ്പെട്ടു. 121 എ വകുപ്പു പ്രകാരമാണ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 1924 ഫെബ്രവരി 17ന് ഗവർണർ ജനറലിന്റെ അംഗീകാരത്തോടെ കേസ് ആരംഭിച്ചു. ചക്രവർത്തി തിരുമനസിന്റെ ഇന്ത്യയിലെ പരമാധികാരം തകർക്കാൻ ശ്രമിച്ചു എന്നതായിരുന്നു അവർക്കെതിരായ കുറ്റപത്രം. കേസിൽ പ്രതികളാക്കപ്പെട്ടവരെ നാല് മാസത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. പെഷവാർ കേസിൽ നിന്നും വ്യത്യസ്തമായി കാൺപൂർ കേസ് ജനശ്രദ്ധയിൽ കൊണ്ടുവരുന്നത് തടയുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചില്ല. ജയിലിലടക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളെ സഹായിക്കുന്നതിന് പലരും രംഗത്തുവരികയുണ്ടായി. 

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനും പാർട്ടിയെ പൂർണമായും ഉന്മൂലനം ചെയ്യാനുമായി കെട്ടിച്ചമച്ചതായിരുന്നു മീററ്റ് ഗൂഢാലോചന കേസ്. 1929 മാർച്ച് 20-ന് അക്കാലത്തെ അതിപ്രമുഖരായ 31 കമ്യൂണിസ്റ്റ് നേതാക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റു ചെയ്തു. 121എ വകുപ്പു തന്നെയാണ് അവർക്കെതിരെയും ചുമത്തിയത്. അറസ്റ്റു ചെയ്യപ്പെട്ട സഖാക്കൾ വിചാരണാവേളയെ രാഷ്ട്രീയ പ്രചരണത്തിനുള്ള അവസരമാക്കി. ഡാങ്കെ ഒഴികെയുള്ള സഖാക്കൾ കോടതിയിൽ നടത്തിയ പ്രഖ്യാപനം കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എങ്ങനെയാണ് നോക്കി കാണുന്നതെന്നത്  വ്യക്തമാക്കുന്ന രേഖയായിരുന്നു. കേസ് വിചാരണ ഇന്ത്യ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറുകയായിരുന്നു.

1930-ൽ മീററ്റ് സഖാക്കൾ ജയിലിൽക്കിടക്കവെ കമ്യൂണിസ്റ്റ് പാർട്ടി ഒരു കർമ്മ പരിപാടി മുന്നോട്ട് വെയ്ക്കുകയുണ്ടായി. മീററ്റ് ഗൂഢാലോചന കേസിനോടുള്ള ധീരമായ സമീപനം ബഹുജനങ്ങളെ ആകർഷിക്കുകയുണ്ടായി. 1931 മാർച്ച് 23 ഭഗത്‌സിങും സഖാക്കളും തൂക്കിലേറ്റപ്പെടുമ്പോൾ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം അവരിലും കാണാനാകുകയുണ്ടായി. മീററ്റ് സഖാക്കളുടെ പൊതു പ്രസ്താവന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ എങ്ങനെയാണ് ഇന്ത്യൻ സാഹചര്യത്തെ നോക്കികാണുന്നതിന്റെ വിശദീകരണമായിരുന്നു. അത് മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് വിവിധ വിപ്ലവ സംഘടനകളിലെ അംഗങ്ങളെ കമ്യൂണിസ്റ്റുകാരുമായി ബന്ധംവെക്കാൻ പ്രേരിപ്പിച്ചു.

 

കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ അംഗീകാരം  

1933 ഡിസംബറിൽ പാർട്ടിയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി രൂപീകരിക്കുകയുണ്ടായി. 1934-ൽ പാർട്ടിയെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അഫിലിയേറ്റ് ചെയ്തതായി ഇംപ്രെകോറിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തുകയായിരുന്നു ഈ ഘട്ടങ്ങളിൽ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം ബ്രിട്ടീഷുകാരുടെ മാത്രമല്ല, ചൂഷകവർഗത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അവർ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് 1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചത്. 

കൊളോണിയൽ പ്രശ്‌നങ്ങളോടുള്ള കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നിലപാട് ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്. മറ്റ് പലരാജ്യങ്ങളിലേയുമെന്നതുപോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയേയും അത് സ്വാധീനിച്ചിരുന്നു. 1935-ൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ദിമിത്രോവ് അവതരിപ്പിച്ച ഫാസിസത്തിനെതിരായ ഐക്യമുന്നണിയെന്ന പ്രമേയം എടുത്തുപറയേണ്ടതാണ്.  കൊളോണിയൽ വിരുദ്ധ സമരത്തിൽ ദേശീയ ബൂർഷ്വാസിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം നിർണയിക്കുന്നതിടയാക്കിയ അന്തരാഷ്ട്ര സാഹചര്യം അതായിരുന്നു.  

 

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും സംഘടനകൾ കെട്ടിപ്പടുക്കുകയെന്നത് മുഖ്യലക്ഷ്യമായി മുന്നോട്ടുവയ്ക്കപ്പെടുകയുണ്ടായി. കോൺഗ്രസിനകത്ത് നിന്നുകൊണ്ടു പ്രത്യേക ഗ്രൂപ്പായി പ്രവർത്തിക്കുകയെന്നതായിരുന്നു സി.എസ്.പി അംഗീകരിച്ച പ്രവർത്തന രീതി. 1930-കളുടെ അവസാന വർഷങ്ങൾ ഇടതുപക്ഷ സ്വാധീനം പൊതുവിൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമാകുന്നത് കാണാൻ കഴിയുകയുണ്ടായി. 1936-ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കപ്പെടുകയുണ്ടായി. 1936-ൽ തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥി സംഘടന, എ.ഐ.എസ്.എഫ്, രൂപീകരിക്കുന്നതും. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇടതുപക്ഷക്കാർ പലയിടത്തും തിരഞ്ഞെടുക്കപ്പെട്ടു. അത് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലും പ്രതിഫലിക്കുകയുണ്ടായി. 1938-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസ് കമ്യൂണിസ്റ്റുകാരുടേയും ഇടതുപക്ഷക്കാരുടേയും പിന്തുണയിൽ ജയിക്കുകയുണ്ടായി. 

 

രണ്ടാം ലോകയുദ്ധം

1939-ൽ ഹിറ്റ്‌ലറുടെ പോളണ്ട് ആക്രമണം ഒരു ലോകയുദ്ധത്തിന്റെ തുടക്കമായി മാറുകയായിരുന്നു. ബ്രിട്ടീഷ് സർക്കാർ, ഇന്ത്യ യുദ്ധത്തിൽ പങ്കാളിയായതായി പ്രഖ്യാപിച്ചു. അതിനെതിരെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും നിലപാടെടുത്തു. വിവിധയിടങ്ങളിൽ യുദ്ധത്തിനെതിരായ തൊഴിലാളി സമരങ്ങൾ ഉയർന്നു വന്നു. 1940 ജൂണിൽ രാജ്യരക്ഷാ നിയമപ്രകാരം നിരവധി കമ്യൂണിസ്റ്റ് പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 

നാസി ജർമ്മനി 1941 ജൂൺ 22-ന് സോവിയറ്റ് യൂണിയനെതിരെ ആക്രമണം നടത്തി. അത് യുദ്ധത്തോടുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനത്തിൽ മാറ്റം വരുത്തി. ഫാസിസ്റ്റുകൾക്കെതിരായി ലോക വ്യാപകമായി ഉയർന്നുവന്ന മുന്നണിയുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയും മാറി. ആഘട്ടത്തിലാണ് ഒന്നാം പാർട്ടി കോൺഗ്രസ് ബോംബെയിൽ ചേർന്നത്. 1943 മെയ് 23 മുതൽ ജൂൺ 1 വരെയായിരുന്നു പ്രസ്തുത കോൺഗ്രസ്. അന്തർദ്ദേശീയ സാഹചര്യത്തെ വിലയിരുത്തിയ കോൺഗ്രസ് യുദ്ധം ഒരു ജനകീയ യുദ്ധമായി മാറിക്കഴിഞ്ഞതായി കാണുകയുണ്ടായി. ഫാസിസ്റ്റ് വിരുദ്ധസമരത്തിൽ പങ്കാളികളായിക്കൊണ്ട് സ്വതന്ത്ര ഇന്ത്യ സൃഷ്ടിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. 

ലോക യുദ്ധാനന്തരം തൊഴിലാളി-കർഷകസമരങ്ങളുടെ ഒരു വേലിയേറ്റം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി. 1945-ൽ ഐ.എൻ.എ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പ്രസ്ഥാനവും സജീവമായി. 1946-ൽ “അവസാനത്തെ അടി" എന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. മലബാറിലെ കർഷക സമരങ്ങൾ, പുന്നപ്ര വയലാർ സമരം, തെലുങ്കാന സമരം, തേഭാഗ സമരം, ത്രിപുരയിലെ ഗിരിവർഗക്കാരുടെ സമരം, ആസാമിലെ സുർമ്മവാലിയിലെ സമരം ഇതിനെല്ലാം പാർട്ടി നേതൃത്വം നൽകി. 'കൃഷിഭൂമി കൃഷിക്കാരന്' എന്ന മുദ്രാവാക്യം പാർട്ടി ശക്തമായുയർത്തി.

 

പാർട്ടിയിലെ ആശയസമരങ്ങൾ 

രണ്ടാം പാർട്ടി കോൺഗ്രസ് 1948 ഫെബ്രുവരിയിൽ കൽക്കട്ടയിൽ ചേർന്നു. ജനകീയ സമരമുന്നേറ്റങ്ങളെ ശരിയായി വിലയിരുത്തുന്നതിൽ പാർട്ടി കോൺഗ്രസിന് പിശകുപറ്റി. രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയം പാർട്ടിക്കു മുന്നിൽ പലനിലയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. അതിന്റെ തുടർച്ചയായി 1950-ൽ പാർട്ടി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിക്കുകയുണ്ടായി. എന്നാൽ പാർട്ടിയിൽ രൂപപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അതുകൊണ്ടൊന്നും സാധിച്ചില്ല. നയവ്യക്തതയില്ലായ്മയായിരുന്നു പ്രശ്‌നത്തിന്റെ അടിസ്ഥാനം. വ്യക്തമായൊരു പരിപാടി രൂപപ്പെടുത്തുകയെന്നത് സുശക്തമായ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാനമാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഈവിഷയത്തെ സമീപിക്കേണ്ടത്. പാർട്ടിയുടെ രാഷ്ട്രീയ നയത്തിൽ വ്യക്തത വരുത്തി പാർട്ടി പരിപാടി രൂപപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യൻ പാർട്ടി നേതൃത്വം സോവിയറ്റ് പാർട്ടി നേതൃത്വവുമായി ചർച്ചനടത്തുകയുണ്ടായി. സ്റ്റാലിനിൽ നിന്നും അഭിപ്രായങ്ങൾ തേടുകയും ചെയ്തു. അത്തരത്തിലുള്ള ചർച്ചകളുടെ ഫലമാണ് 1951 ഒക്‌ടോബറിലെ വിശേഷാൽ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട കരട് പരിപാടിയും നയപ്രഖ്യാപനരേഖയും. 

1953-ൽ മധുരയിൽ ചേർന്ന മൂന്നാം കോൺഗ്രസ് വിശേഷാൽ സമ്മേളനം അംഗീകരിച്ച നിലപാടുകൾ പിന്തുടർന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയായിരുന്നു. അത് താൽക്കാലികമായ പരിഹാരങ്ങളിലൂടെ മുറിച്ചു കടക്കാനാകുന്നതായിരുന്നില്ല. പാർട്ടിക്കകത്ത് രാഷ്ട്രീയ നയത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾ ശക്തിപ്പെടുന്നതാണ് പിൽക്കാല സംഭവങ്ങൾ കാണിക്കുന്നത്. 1956-ൽ പാലക്കാട് ചേർന്ന നാലാം കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയുടെ കരട് പ്രമേയത്തിനു പുറമെ കേന്ദ്രകമ്മിറ്റിയിലെ ഒരുവിഭാഗം ബദൽ കരട് രേഖയും മുന്നോട്ടുവച്ചു. സി.പി.എസ്.യുവിന്റെ ഇരുപതാം കോൺഗ്രസ് കഴിഞ്ഞസമയത്തായിരുന്നു നാലാം കോൺഗ്രസ്. സി.സിയുടെ കരട് പ്രമേയം വർഗ്ഗ സഹകരണ വാദത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. എന്നാൽ ബദലായി അവതരിപ്പിക്കപ്പെട്ട കരട് പ്രമേയമാകട്ടെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് നിലപാടനുസരിച്ചാണെന്ന് വിലയിരുത്താനാകില്ലെന്നും പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു.  

1952-ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച വിജയം നേടാനായി. പാർലമെന്റിലെ മുഖ്യപ്രതിപക്ഷമായി പാർട്ടി മാറി. 1957-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിലാണ് ജലന്ധറിൽ 1958 ഏപ്രിൽ മാസം അഞ്ചാം പാർട്ടി കോൺഗ്രസ് നടക്കുന്നത്.  കോൺഗ്രസ് നേതൃത്വവും അവർ നയിക്കുന്ന കേന്ദ്ര സർക്കാരും പുരോഗമനപരമായ നയമാണ് നടപ്പിലാക്കുന്നതെന്നാണ് സി.പി.എസ്.യുവും സി.പി.സിയും വാദിച്ചത്. അതൊക്കെ റിവിഷനിസ്റ്റുകൾക്ക് തങ്ങളുടെ അഭിപ്രായഗതി പ്രചരിപ്പിക്കുന്നതിന് സഹായമായി. 

1959-ൽ ജനാധിപത്യവിരുദ്ധമായി നെഹ്‌റു സർക്കാർ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രി സഭയെ പിരിച്ചുവിട്ടു. അത് കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച ചർച്ചയുടെ ശക്തി വർദ്ധിപ്പിച്ചു. 1959ൽ ഡാങ്കെ പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് നൽകിയ കുറിപ്പിൽ കോൺഗ്രസിന് പിന്തുണനൽകണമെന്ന് വാദിക്കുകയുണ്ടായി. 1961ൽ ആറാം പാർട്ടികോൺഗ്രസ് വിജയവാഡയിലാണ് നടന്നത്. അതിൽ പാർട്ടി പരിപാടിയുടെ കരട് അവതരിപ്പിച്ചെങ്കിലും ചർച്ചചെയ്യാതെ ദേശീയ കൗൺസിലിന്റെ പരിഗണനക്ക് വിടുകയായിരുന്നു. യോജിച്ച് രാഷ്ട്രീയ പ്രമേയം അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല സാഹചര്യം. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനമായി ജനറൽ സെക്രട്ടറിയുടെ പ്രസംഗം അംഗീകരിക്കുകയായിരുന്നു. ആറാം പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി അജയഘോഷിനെയായിരുന്നു തിരഞ്ഞെടുത്ത്. അതിലൂടെയാണ് പാർട്ടിയിലെ പിളർപ്പിലേക്കുള്ള സാധ്യത ഒഴിവാക്കുന്നത്. പാർട്ടിക്കകത്ത് വർഗ്ഗസഹകരണ വാദം കടുത്തനിലയിൽ ശക്തിപ്പെട്ടുവന്നിരുന്നു. 

അജയഘോഷിന്റെ മരണശേഷം 1962 മെയ്‌മാസത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയായി ഇ.എം.എസിനെ തിരഞ്ഞെടുത്തു. എന്നാൽ പാർട്ടിയിലെ വലതുപക്ഷവിഭാഗത്തിന്റെ ഇടപ്പെടലുകൾ കാരണം പാർട്ടി ഭരണഘടനയിലില്ലാത്ത ചെയർമാനെന്ന പുതിയൊരു പദവികൂടി സൃഷ്ടിക്കപ്പെടുന്ന നിലയുണ്ടായി. അങ്ങനെയാണ് എസ്.എ.ഡാങ്കെ പാർട്ടി ചെയർമാനാകുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുവേണ്ടി വിജയവാഡ കോൺഗ്രസ് തീരുമാനത്തെ പരസ്യമായി തള്ളുകയായിരുന്നു ഡാങ്കേയിസ്റ്റുകൾ.  ഇന്തോ-ചൈന അതിർത്തി തർക്കം പാർട്ടിയിലെ എതിർ അഭിപ്രായഗതിക്കാരെ ഉന്മൂലനം ചെയ്യാനുള്ള അവസരമാക്കിയും അവർ മാറ്റി. പശ്ചിമബംഗാളിൽ പാർട്ടിയുടെ സമുന്നത നേതാക്കൾ ജയിലിൽകിടക്കവെ സംസ്ഥാന കൗൺസിൽ പിരിച്ചുവിട്ടതും പഞ്ചാബിൽ സമാനമായി അവസ്ഥയിൽ സമ്മേളനം ചേർന്ന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തും അതിൽ ചിലതായിരുന്നു. അതിനെക്കുറിച്ച് ഭൂപേഷ് ഗുപ്ത 1963 മാർച്ച് 14ന് കേന്ദ്ര സെക്രട്ടേറിയറ്റിന് കുറിപ്പുനൽകുകയുണ്ടായി.  

റിവിഷനിസ്റ്റുകൾ പാർട്ടിയിൽ ജനാധിപത്യ കേന്ദ്രീകരണതത്വം പൂർണമായി ലംഘിക്കുകയായിരുന്നു. അവർക്ക് വഴങ്ങി വർഗസഹകരണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നീങ്ങുക മാത്രമാണ് പോംവഴിയെന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റാനായിരുന്നു ശ്രമം. അത്തരം ഒരുഘട്ടത്തിലാണ് 1962 നവംബറിൽ കേന്ദ്രസെക്രട്ടേറിയറ്റിൽ നിന്നും ഒരു വിഭാഗം സഖാക്കൾ രാജിവെക്കുന്നത്. അതിന്റെ തുടർച്ചയിൽ 1963 ഫെബ്രുവരിയിൽ ഇഎംഎസ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തി.  

വർഗസമരമെന്നതിനു പകരമായി വർഗസഹകരണമെന്ന തികച്ചും മാർക്‌സിസ്റ്റ് വിരുദ്ധമായ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാനായിരുന്നു ഡാങ്കേയിസ്റ്റുകളുടെ ശ്രമം. വർഗസമരത്തിലൂന്നിയ വിപ്ലവകാഴ്ചപ്പാടുള്ള പാർട്ടിക്കായി ഡാങ്കേയിസ്റ്റുകളുമായുള്ള ബന്ധത്തിന്റെ വിചേദനം പ്രധാനമായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് 1964 ഏപ്രിലിൽ നാഷണൽ കൗൺസിൽ യോഗത്തിൽ നിന്നും 32 സഖാക്കൾ ഇറങ്ങിവരുന്നത്. തുടർന്ന് ജൂലൈയിൽ അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെന്നാലിയിൽ സമ്മേളിക്കുകയും മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാതത്വങ്ങൾക്കനുസരിച്ച് പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഏഴാം പാർട്ടി കോൺഗ്രസ് വിളിച്ചുകൂട്ടാൻ തെന്നാലിയിൽ വച്ചാണ് തീരുമാനിച്ചത്. കൊൽക്കത്തയിൽ 1964 ഒക്‌ടോബർ-നവംബർ മാസങ്ങളിലായി സിപിഐഎം ഏഴാം പാർട്ടി കോൺഗ്രസ് ചേരുകയുണ്ടായി. റിവിഷനിസ്റ്റുകളുമായുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ബന്ധം അതോടുകൂടി അവസാനിപ്പിച്ചു. ജനകീയ ജനാധിപത്യ വിപ്ലവം അടിസ്ഥാനമാക്കിയുള്ള പരിപാടി എഴാം കോൺഗ്രസ് അംഗീകരിച്ചു. 

 

ഇടതുപക്ഷ അതിസാഹസികത 

പാർട്ടി നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇടതുപക്ഷ സാഹസികതയുടേതായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ അത്തരക്കാർക്ക് വലിയനിലയിൽ തന്നെ ഉണ്ടായിരുന്നു. സിപിഐ(എം)നെതിരായി രൂക്ഷവിമർശനങ്ങളാണ് ചൈനീസ് പാർട്ടി മുന്നോട്ടുവച്ചത്. അതിനെല്ലാം വിശദമായിത്തന്നെ പാർട്ടി മറുപടി പറയുകയുണ്ടായി.  അത്തരത്തിലുള്ള പ്രത്യയ ശാസ്ത്രപ്രശ്‌നങ്ങൾ പാർട്ടിക്കകത്ത് വലിയ നിലയിൽ ചർച്ച ചെയ്യപ്പെട്ടു. പ്രസ്തുത സന്ദർഭത്തിലാണ് 1968 ഏപ്രിലിൽ ബർദ്വാനിൽ പ്ലീനം ചേർന്നത്. 

1968 ഡിസംബറിലാണ്, എട്ടാം കോൺഗ്രസ് കൊച്ചിയിൽ ചേർന്നത്. 1970ലാണ് സിഐടിയു രൂപീകരിക്കുന്നത്. ഇന്ത്യൻ തൊഴിലാളികളുടെയാകെ യോജിച്ചമുന്നേറ്റത്തിന് പകരമായി വർഗസഹകരണത്തിന്റെ കുറ്റിയിൽ ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിയിടുകയായിരുന്നു എഐടിയുസിയുടെ പ്രവർത്തനം. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായ ആഭ്യന്തര ജനാധിപത്യം അനുവാദിക്കാത്തതായ വിഷയവും ഉയർന്നുവന്നു. അത്തരമൊരു ഘട്ടത്തിലാണ് സിഐടിയു രൂപീകരിക്കപ്പെട്ടത്.    

1972 ജൂൺ 28-ജൂലൈ 3 തീയതികളിലായി മധുരയിലാണ് ഒൻപതാം കോൺഗ്രസ് നടന്നത്. പ്രസ്തുത കോൺഗ്രസിൽ ദേശീയ പ്രശ്‌നം സംബന്ധിച്ച കുറിപ്പ് അംഗീകരിക്കുകയുണ്ടായി. ഇന്ത്യൻ യൂണിയൻ ബഹുഭാഷാ-ബഹുദേശീയതാ സ്വഭാവത്തോടെയുള്ളതാണെന്ന് പ്രമേയം ആവർത്തിച്ച് പ്രഖ്യാപിച്ചു. 1975 ജൂൺമാസം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അതിനെതിരെ പാർട്ടി എല്ലാ ജനവിഭാഗങ്ങളേയും അണിനിരത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. സിപിഐ അടിയന്തിരാവസ്ഥക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. 

1978 ഏപ്രിൽ 2-8 തീയതികളിലായാണ് പത്താം കോൺഗ്രസ് ജലന്ധറിൽ ചേരുന്നത്.  കോൺഗ്രസ് സർക്കാരിന്റെ പരാജയത്തിനുശേഷം അധികാരത്തിൽ വന്ന ജനത ഗവൺമെന്റ് പിന്തുടരുന്ന നയങ്ങളിലെ ജനവിരുദ്ധത പാർട്ടി കോൺഗ്രസ് വിശദീകരിക്കുകയുണ്ടായി. ജനതാപാർട്ടി കോൺഗ്രസിന് ബദലല്ലെന്നും രണ്ടുകൂട്ടരും പിന്തുടരുന്നത് സമാനനയങ്ങളാണെന്നും പാർട്ടി കണ്ടു. അതിനുള്ള ബദൽ സാധ്യതയും പാർട്ടി മുന്നോട്ടുവച്ചു. അതിനൊപ്പം പാർട്ടിയുടെ സംഘടനപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ദുർബലതകൾ പരിഹരിക്കുന്നതിനുമായി പ്ലീനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. അതാണ് സാൽക്കിയ പ്ലീനം.

 

ഇന്ത്യക്കുള്ള ആർഎസ്എസ് ഭീഷണി 

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്എസിന്റെ വർദ്ധിച്ചു വരാനിടയുള്ള സ്വാധീനത്തെ പാർട്ടി കൃത്യമായി തന്നെ വിലയിരുത്തുകയുണ്ടായി. 1981ലെ പാർട്ടി പിബിയുടെ പ്രസ്താവന അതിന്റെ അടയാളപ്പെടുത്തലാണ്. പതിനൊന്നാം കോൺഗ്രസ് 1982ൽ വിജയവാഡയിലാണ് നടന്നത്. അന്ന് ഒട്ടേറെ രാജ്യങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. അതുപരിഹരിക്കുന്നതിന് ആയുധ കമ്പോളത്തിലേക്ക് നിക്ഷേപിക്കുന്നത് വലിയനിലയിൽ ആഘട്ടത്തിൽ വർദ്ധിക്കുകയുണ്ടായി. സംഘർഷങ്ങളും യുദ്ധവും പരമാവധി പ്രോൽസാഹിപ്പിക്കുന്നതിന് സാമ്രാജ്യത്വം ശ്രമിച്ചു. അതിനെതിരായി സമാധാനത്തിനായുള്ള പ്രചരണപ്രവർത്തനങ്ങൾക്ക് പാർട്ടി ആഹ്വാനം നൽകുകയുണ്ടായി. ഇന്ത്യയിൽ ജനതയെ ഭിന്നിപ്പിക്കുന്നതിന് സാമ്രാജ്യത്വം എങ്ങനെയാണ് ആർഎസ്എസിനെ ഉപയോഗിക്കുന്നതെന്നതും പാർട്ടി കോൺഗ്രസ് പ്രമേയം വിശദീകരിക്കുകയുണ്ടായി.    

1985 ഡിസംബറിലാണ് പന്ത്രണ്ടാം കോൺഗ്രസ് നടക്കുന്നത്. വിഘടനവാദത്തിനെതിരായി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിച്ച് നടത്തിയപോരാട്ടത്തിൽ ആസാമിൽ ആഘട്ടത്തിൽ നാൽപത്തിയഞ്ച് സഖാക്കൾ രക്തസാക്ഷികളായിരുന്നു. പഞ്ചാബ് പ്രശ്‌നം പരിഹരിക്കുന്നതിനായി പാർട്ടിയെടുത്ത ശരിയായ നിലപാടുകളുടെയും ഭീകരവാദത്തിനെതിരായി പാർട്ടി നയിച്ച സമരത്തിന്റെയും പേരിൽ പഞ്ചാബിലും പാർട്ടി കേഡർമാർ വ്യാപകമായി കൊല്ലപ്പെട്ടു. സിഖ് രാഷ്ട്രവാദത്തിനെതിരെ തുറന്ന പ്രചരണത്തിന് പഞ്ചാബിൽ നേതൃത്വം നൽകിയത് സിപിഐഎം ആയിരുന്നു. ത്രിപുരയിലും ഭീകരവാദികളും വിഘടനവാദികളും പാർട്ടിക്കെതിരായി അക്രമം അഴിച്ചുവിട്ടിരുന്നു. അതെല്ലാം പാർട്ടി കോൺഗ്രസിന്റെ സവിശേഷമായ ചർച്ചക്ക് കാരണമായിരുന്നു. ഇന്ത്യയിൽ വളർന്നുവരുന്ന ഹിന്ദുത്വ വർഗീയതയുടെ ഭീഷണിയെ നേരിടേണ്ടതിന്റെ അടിയന്തിരാവശ്യവും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ കാണാൻ കഴിയും.   

 

സാർവ്വദേശീയ രംഗത്തെ തിരിച്ചടികളുടെ കാലം

സാർവ്വദേശീയ രംഗത്ത് സോഷ്യലിസ്റ്റ് ശക്തികൾക്ക് തിരിച്ചടിയേറ്റു കൊണ്ടിരുന്ന ഘട്ടമാണ് 1980-കളുടെ അവസാനം. സോഷ്യലിസത്തോടും വിപ്ലവകരമായ പരിവർത്തനത്തോടുമുള്ള  അഗാധമായ വിശ്വാസം പതിമൂന്നാം പാർട്ടി കോൺഗ്രസ് ആവർത്തിച്ചു. തിരുവനന്തപുരത്ത് 1988 ഡിസംബർ-1989 ജനുവരി മാസങ്ങളിലായിരുന്നു കോൺഗ്രസ്. കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ അവഗണിക്കുന്നതിന്റെയും ബുദ്ധിമുട്ടിക്കുന്നതിന്റെയും പ്രശ്‌നം പ്രസ്തുത കോൺഗ്രസ് ചർച്ചചെയുകയുണ്ടായി. 

        1992-ജനുവരി 3-10 തീയതികളിൽ മദ്രാസിൽ ചേർന്ന പതിനാലാം പാർട്ടി കോൺഗ്രസ് സംഘടനയും നമ്മുടെ കടമകളേയും സംബന്ധിച്ച റിപ്പോർട്ട് അംഗീകരിക്കുകയുണ്ടായി. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രമേയം കോൺഗ്രസിന്റെ പ്രധാന അജണ്ടയായിരുന്നു. അത് സോഷ്യലിസത്തിനെതിരായി ലോകമാകെ നടക്കുന്ന പ്രചരണങ്ങളെ മുറിച്ചുകടക്കാൻ പാകത്തിൽ ആശയപരമായും സംഘടനാപരമായും പാർട്ടിയെയാകെ കരുത്തുറ്റതാക്കിമാറ്റേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സന്ദർഭമായിരുന്നു.  

 1995 ഏപ്രിൽ 2-8 തീയതുകളിൽ ചണ്ഢീഗഡിലാണ് പതിനഞ്ചാം പാർട്ടി കോൺഗ്രസ് നടന്നത്. അമേരിക്കൻ ഉപരോധത്തിനെതിരെ പൊരുതുന്ന ക്യൂബയോടും കൊറിയയിലെ പൊരുതുന്ന ജനതയോടും പാർട്ടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി.  1996ലെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം സവിശേഷമായ അന്തരീക്ഷം ഇന്ത്യയിൽ രൂപപ്പെടുകയുണ്ടായി. കോൺഗ്രസ്-ബിജെപി ഇതര പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ജ്യോതി ബസുവിന്റെ പേര് നിർദ്ദേശിക്കപ്പെടുകയുണ്ടായി. എന്നാൽ മെയ് 13ന് ചേർന്ന കേന്ദ്രകമ്മിറ്റിയുടെ അടിയന്തിര യോഗം അത് വോട്ടിനിട്ട് തള്ളുകയായിരുന്നു. 

1998 ഒക്‌ടോബർ 5-11 തീയതികളിലായി പതിനാറാം കോൺഗ്രസ് കൊൽക്കത്തയിൽ നടന്നു. നവഉദാരവൽക്കരണ സാമ്പത്തിക നയം അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ ദുരിതങ്ങൾക്കെതിരായ സമരം സജീവമാകുകയുണ്ടായി. പാർട്ടി പരിപാടി കാലോചിതമാക്കുന്നതിനുള്ള തീരുമാനം കോൺഗ്രസ് കൈക്കൊണ്ടിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ തുടർച്ചയിലാണ് 2000 ഒക്‌ടോബറിൽ തിരുവനന്തപുരത്ത് പ്രത്യേക സമ്മേളനം ചേർന്നത്. അതിൽ പാർട്ടി പരിപാടി കാലോചിതമാക്കുകയുണ്ടായി.

2002 മാർച്ച് 19 -24 തീയതികളിലായി പതിനേഴാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിലാണ് നടന്നത്. ഭീകരതക്കെതിരായ യുദ്ധമെന്ന പേരിൽ അമേരിക്ക ലോകരാഷ്ട്രങ്ങൾക്കുമേൽ അകാരണമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്ന അന്താരാഷ്ട്ര സാഹചര്യത്തിലായിരുന്നു പ്രസ്തുത കോൺഗ്രസ്.  രാജ്യത്തിന്റെ ഫെഡറൽ ഘടനക്കെതിരായ ആക്രമണത്തിനും സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന നയത്തിനും എതിരായ രൂക്ഷവിമർശനങ്ങളുൾക്കൊള്ളുന്നതായിരുന്നു പാർട്ടി കോൺഗ്രസിന്റെ രാഷട്രീയ പ്രമേയം. 

2005 ഏപ്രിൽ 6 മുതൽ 11വരെ പതിനെട്ടാം പാർട്ടി കോൺഗ്രസ് ഡൽഹിയിൽ വച്ചാണ് നടന്നത്. ചില നയപരമായ പ്രശ്‌നങ്ങൾ എന്ന പ്രമേയം കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ 2004ലാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. പ്രസ്തുത സർക്കാർ രൂപീകരിക്കപ്പെട്ടത് പൊതുമിനിമം പരിപാടിക്ക് സിപിഐ(എം) നൽകിയ പിന്തുണയെ ആസ്പദമാക്കിയായിരുന്നു. കേന്ദ്ര സർക്കാരിന് പിന്തുണകൊടുക്കുമ്പോൾ തന്നെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാണിക്കുന്നതിന് യാതൊരു മടിയും സിപിഐ(എം)ന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതുകൊണ്ടുതന്നെയാണ് രാജ്യത്തിന്റെ പരമാധികാരം അപകടപ്പെടുത്തുന്ന ആണവക്കരാർ വിഷയത്തിൽ അതിനെതിരായി രാജ്യവ്യാപക സമരത്തിന് നേതൃത്വം നൽകാനും കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാനും പാർട്ടിക്ക് കഴിഞ്ഞത്. 

പത്തൊൻപതാം പാർട്ടി കോൺഗ്രസ് കോയമ്പത്തൂരിൽ 2008 മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെയായിരുന്നു. രാഷ്ട്രീയ പ്രമേയത്തിൽ എല്ലാവർക്കും സാമൂഹ്യ നീതിയും പൂരോഗതിയും ഉറപ്പുവരുത്താൻ കെട്ടുറപ്പുള്ള മതനിരപേക്ഷ ഇന്ത്യക്കായി വർഗ്ഗ ചൂഷണത്തിനെതിരായും സമൂഹ്യ അടിച്ചമർത്തലിനും സാമ്രാജ്യത്വ കടന്നുകയറ്റത്തിനുമെതിരായ പോരാട്ടത്തിനുമായി ജനങ്ങളെ സമീപിക്കാൻ ആഹ്വാനം ചെയ്തു. 

ഇരുപതാം പാർട്ടി കോൺഗ്രസ് കോഴിക്കോട് വച്ച് 2012 ഏപ്രിൽ 4-9 തീയതികളിലാണ് നടന്നത്. പ്രസ്തുത ഘട്ടമെത്തുമ്പോഴേക്കും രണ്ടാം യു.പി.എ സർക്കാർ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ ജനങ്ങളുടെ കടുത്ത അസംതൃപ്ത്തിക്ക് കാരണമായി മാറിയിരുന്നു. വലതുപക്ഷ സാമ്പത്തിക നയങ്ങളോടുള്ള അസംതൃപ്തി ഉപയോഗപ്പെടുത്തി തീവ്രവലതുപക്ഷ ശക്തികൾ അധികാരത്തിലെത്തുന്ന നിലയാണുണ്ടായത്. ചില പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെപറ്റിയെന്ന പ്രമേയം കോൺഗ്രസിൽ അവതരിപ്പിക്കുകയുണ്ടായി. 

 

ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുമ്പോൾ   

ഇരുപത്തിയൊന്നാം കോൺഗ്രസ് 2015 ഏപ്രിൽ 14-19 വിശാഖപട്ടണത്തുവച്ചാണ് നടന്നത്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ രാജ്യത്ത് അധികാരത്തിലെത്തുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് കേന്ദ്ര ഭരണാധികാരം ശക്തമായ നിലയിൽ ഉപയോഗപ്പെടുത്തുന്നതിനും ആരംഭിച്ചു. വലതുപക്ഷനയങ്ങളുടെ പരാജയം തീവ്രവലതുപക്ഷ കക്ഷികൾ നേട്ടമാക്കുന്ന സാഹചര്യം ഉടലെടുക്കുകയുണ്ടായി. ഇരുപത്തൊന്നാം കോൺഗ്രസിന് മുൻപുതന്നെ പ്രസ്തുതഘട്ടത്തിൽ തുടർന്നുകൊണ്ടിരുന്ന പാർട്ടിയുടെ രാഷ്ട്രീയ അടവുനയം പാർട്ടി പരിശോധനക്കുവിധേയമാക്കുകയുണ്ടായിരുന്നു. അതിന്റെ കൂടിവെളിച്ചത്തിൽ പുതിയ സാഹചര്യത്തെനേരിടാനാണ് ശ്രമിച്ചത്.  

2015 ഡിസംബർ 27-31, സംഘടനാ പ്ലീനം കൊൽക്കൊത്തയിൽ നടക്കുകയുണ്ടായി. ഇരുപത്തിയൊന്നാം കോൺഗ്രസ് രാഷട്രീയ അടവുനയം പരിശോധനക്ക് വിധേയമാക്കുന്ന ഘട്ടത്തിൽ സംഘടനാരംഗത്തെ ദൗർബല്യങ്ങളും അടയാളപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയിലാണ് കൊൽക്കത്ത പ്ലീനം സംഘടിപ്പിക്കുന്നത്. ബഹുജന നയവും നമ്മുടെ ഇടപെടൽ സാധ്യതകളും നടപ്പിലാക്കിക്കൊണ്ട് നമ്മുടെ സ്വതന്ത്രശക്തി അതിവേഗം വർദ്ധിപ്പിക്കുകയെന്നത് അടിയന്തിരകടമയായി പ്ലീനം മുന്നോട്ടു വയ്ക്കുകയുണ്ടായി. 

ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18-22 ഹൈദരാബാദിലായിരുന്നു. പ്രസ്തുത പാർട്ടി കോൺഗ്രസിന് മുന്നിലുണ്ടായിരുന്ന മുഖ്യ കടമ മതരാഷ്ട്രവാദികൾക്ക് വിശിഷ്യ ഹിന്ദുത്വ ഫാസിസത്തിനെതിരായി ജനങ്ങളെ, ജനാധിപത്യ കക്ഷികളെയാകെ, അണിനിരത്തുകയെന്നതായിരുന്നു. രാജ്യമാകെ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കാൻ ബിജെപി-ആർ.എസ്എസ് സംഘടനകൾ തീവ്രശ്രമമാണ് നടത്തുന്നത്. അതിനെതിരായി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രചരണപരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിനാണ് പാർട്ടി നേതൃത്വം നൽകികൊണ്ടിരിക്കുന്നത്. നവഉദാരവൽക്കരണ സാമ്പത്തിക നയത്തിനും വർഗീയതക്കുമെതിരായ പോരാട്ടത്തിന് അഭിമാനകരമായ നേതൃത്വമാണ് ഇന്ന് സിപിഐ(എം). 

 

ചരിത്രപഥം

1848 കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രകാശിതമാകുന്നു

1917 ബോൾഷെവിക്ക് വിപ്ലവം

1920, ഒക്‌ടോ.17, കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം, താഷ്‌കെന്റ് 

1920 എഐടിയുസി രൂപീകരണം.

1921 പൂർണസ്വാതന്ത്ര്യ പ്രമേയം, കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. 

1922 കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 

1922 പെഷവാർ ഗൂഢാലോചനക്കേസുകൾ ആരംഭം

1924 കാൺപൂർ ഗൂഢാലോചനക്കേസ്

1925 കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ സമ്മേളനം, കാൺപൂർ 

1929 മീററ്റ് ഗൂഢാലോചനക്കേസ്

1930ൽ മീററ്റ് സഖാക്കൾ ജയിലിൽക്കിടക്കവെ കമ്യൂണിസ്റ്റ് പാർട്ടി ഒരു കർമ്മപരിപാടി

1933 ഡിസംബറിൽ പാർട്ടിയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി 

1934ൽ പാർട്ടിയെ കമ്യൂണിസ്റ്റ് ഇന്റർ നാഷണലിൽ അഫിലിയേറ്റ് ചെയ്തതായി ഇംപ്രെകോറിലൂടെ പ്രഖ്യാപിക്കുന്നു. 

1934 കമ്യൂണിസ്റ്റ് പാർട്ടിയെ ബ്രീട്ടീഷ് സർക്കാർ നിരോധിക്കുന്നു. 

1934 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.  

1936ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കപ്പെടുകയുണ്ടായി. 

1936ൽ എഐഎസ്എഫ് രൂപീകരിച്ചു.

1943  കയ്യൂർ രക്തസാക്ഷിത്വം

1946  ബ്രിട്ടീഷ് സർക്കാരിനെതിരെ അവസാനത്തെ അടിയെന്ന പ്രമേയം പാർട്ടി കേന്ദ്രകമ്മിറ്റി പാസാക്കുന്നു.

1946 പുന്നപ്ര വയലാർ, കരിവെള്ളൂർ, തേഭാഗ, തെലുങ്കാന സമരങ്ങൾ

 

പാർട്ടി കോൺഗ്രസുകൾ

വർഷം സ്ഥലം ജനറൽ സെക്രട്ടറിമാർ, 

1943 മെയ് 23-ജൂൺ 1 ഒന്നാം പാർട്ടി കോൺഗ്രസ്, ബോംബെ, പിസി ജോഷി

1948 ഫെബ്രവരി 28-മാർച്ച് 6 രണ്ടാ പാർട്ടി കോൺഗ്രസ്, കൽക്കത്ത, ബിടി രണദിവെ

1951 ഒക്‌ടോബർ, കേന്ദ്രകമ്മിറ്റി നയരേഖ അംഗീകരിച്ചു. 

1952 ഡിസംബർ 30- 1953 ജനുവരി 10, വിശാലപ്ലീനം കൊൽക്കത്ത 

1953 ഡിസം 27-1954 ജനു.4, മൂന്നാം പാർട്ടി കോൺഗ്രസ്, മധുര, അജയഘോഷ്

1956 ഏപ്രിൽ 19-29, നാലാം പാർട്ടി കോൺഗ്രസ്, പാലക്കാട്, അജയഘോഷ് 

1958 ഏപ്രിൽ 6-13, അഞ്ചാം കോൺഗ്രസ്, അമൃത്‌സർ, അജയഘോഷ്

1961 ഏപ്രിൽ 7-11 ആറാം കോൺഗ്രസ്, വിജയവാഡ, അജയഘോഷ്

1964 ഏപ്രിൽ 14, ദേശീയ കൗൺസിലിൽ നിന്നും 32 സഖാക്കൾ ഇറങ്ങിവന്നു.

1964 ജൂലൈ 7-11, തെന്നാലി കൺവൻഷൻ, ഏഴാം കോൺഗ്രസ് തീരുമാനിച്ചു.

1964 ഒക്‌ടോബർ 31- നവം.7, ഏഴാം കോൺഗ്രസ്, കൽക്കത്ത, പി സുന്ദരയ്യ

1968 ഏപ്രിൽ 5-12, പ്ലീനം, ബർദ്വാൻ

1968 ഡിസംബർ 23-29, എട്ടാം കോൺഗ്രസ്, കൊച്ചി, പി.സുന്ദരയ്യ

1972 ജൂൺ 27-ജൂലൈ 2, ഒൻപതാം കോൺഗ്രസ്, മധുര, പി.സുന്ദരയ്യ

1978 ഏപ്രിൽ 2-8, പത്താം കോൺഗ്രസ്, ജലന്ധർ, ഇഎംഎസ്

1978 ഡിസം.27-31 സാൽക്കിയ പ്ലീനം

1982 ജനു.26-31, പതിനൊന്നാം കോൺഗ്രസ്, വിജയവാഡ, ഇഎംഎസ്

1985 ഡിസം.25-30, പന്ത്രണ്ടാം കോൺഗ്രസ്, കൊൽക്കത്ത, ഇഎംഎസ്

1988 ഡിസം.27-1989 ജനു 1, പതിമൂന്നാം കോൺഗ്രസ്, തിരുവനന്തപുരം, ഇഎംഎസ്

1992 ജനു.3-9, പതിനാലാം കോൺഗ്രസ്, മദ്രാസ്, ഹർകിഷൻസിങ് സുർജിത്.

1995 ഏപ്രിൽ 3-8, പതിനഞ്ചാം കോൺഗ്രസ്, ചണ്ഡീഗഡ്, ഹർകിഷൻ സിന്ദ് സുർജിത്.

1998 ഒക്‌ടോ.5-11, പതിനാറാം കോൺഗ്രസ്, കൽക്കത്ത, ഹർകിഷൻ സിങ് സുർജിത്

2000 ഒക്‌ടോ.20-23, പ്രത്യേക സമ്മേളനം, തിരുവനന്തപുരം

2002 മാർച്ച് 19-24, പതിനേഴാം കോൺഗ്രസ്, ഹൈദരബാദ്, ഹർകിഷൻ സിങ് സുർജിത്

2005 ഏപ്രിൽ 6-11, പതിനെട്ടാം കോൺഗ്രസ്, ന്യൂഡൽഹി, പ്രകാശ് കാരാട്ട്

2008 മാർ. 29-ഏപ്രി. 2, പത്തൊൻപതാം കോൺഗ്രസ്, കോയമ്പത്തൂർ, പ്രകാശ് കാരാട്ട്

2012 ഏപ്രി.4-9, ഇരുപതാം കോൺഗ്രസ്, കോഴിക്കോട്, പ്രകാശ് കാരാട്ട്

2015 ഏപ്രി.14-19, ഇരുപത്തിയൊന്നാം കോൺഗ്രസ്, വിശാഖപട്ടണം, സീതാറാം യെച്ചൂരി.

2015 ഡിസം 27-31, സംഘടനാ പ്ലീനം, കൊൽക്കൊത്ത

2018 ഏപ്രി. 18-22, ഇരുപത്തിരണ്ടാം കോൺഗ്രസ്, ഹൈദരാബാദ്, സീതാറാം യെച്ചൂരി.

 

കമ്യൂണിസ്റ്റ് പാർട്ടി/സിപിഐഎം നേതൃത്വത്തിൽ 

രൂപീകരിക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ

വർഷം  സംസ്ഥാനം  മുഖ്യമന്ത്രി

1957       കേരളം          ഇഎംഎസ് 

1967       കേരളം          ഇഎംഎസ്

1977       ബംഗാൾ        ജ്യോതിബസു

1978       ത്രിപുര         നൃപൻ ചക്രവർത്തി

1980      കേരളം         ഇകെ നായനാർ

1982      ബംഗാൾ         ജ്യോതിബസു

1983      ത്രിപുര           നൃപൻ ചക്രവർത്തി

1987      ബംഗാൾ         ജ്യോതിബസു

1987      കേരളം           ഇകെ നായനാർ

1991      ബംഗാൾ          ജ്യോതിബസു

1993      ത്രിപുര           ദശരഥ് ദേബ് 

1996      ബംഗാൾ          ജ്യോതിബസു

1996      കേരളം           ഇകെ നായനാർ

1998       ത്രിപുര         മണിക്ക് സർക്കാർ

2001     ബംഗാൾ     ബുദ്ധദേബ് ഭട്ടാചാര്യ

2003     ത്രിപുര     മണിക്ക് സർക്കാർ

2006     ബംഗാൾ     ബുദ്ധദേവ് ഭട്ടാചാര്യ

2006      കേരളം           വിഎസ് അച്യുതാനന്ദൻ

2008       ത്രിപുര മണിക്ക് സർക്കാർ

2013      ത്രിപുര           മണിക്ക് സർക്കാർ 

2016      കേരളം           പിണറായി വിജയൻ