കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി - പ്രക്ഷോഭങ്ങളുടെയും വളർച്ചയുടെയും നാളുകൾ

കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത് 1937 ലാണ്. അതിനുമുമ്പ് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പലരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1912 ലാണ് ഇന്ത്യൻ ഭാഷകളിലാദ്യമായി കാറൽമാർക്‌സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളാവട്ടെ സമഷ്ടിവാദം എന്ന പേരിലാണ് കേരളത്തിൽ ഉയർന്നുവന്നത്. റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചുവന്നിരുന്നു. 1932 ൽ ഇടപ്പള്ളി കരുണാകരമേനോൻ സമഷ്ടിവാദ വിജ്ഞാപനം എന്ന പേരിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 1936 ൽ കെ. ദാമോദരൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാള വിവർത്തനം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കമ്യൂണിസ്റ്റ് ആശയഗതികൾ കേരളീയ സമൂഹത്തിൽ പ്രചരിച്ച അന്തരീക്ഷത്തിൽ കൂടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം.

ദേശീയ പ്രസ്ഥാനത്തിനകത്ത് ഈ കാലയളവിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ശക്തിപ്രാപിച്ചുവരികയായിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളും കർഷക പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചുവരുന്ന സ്ഥിതി ഇതിന് സമാന്തരമായി ഉയർന്നുവന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി1934-37 കാലഘട്ടത്തിൽ കേരളത്തിലാകമാനം പ്രചാരപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. വർണ-വർഗ വ്യത്യാസമില്ലാതെ ജനങ്ങളെയാകമാനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അറിവും ആശയവ്യക്തതയും നടത്തുന്നതിനുതകുന്ന നിരവധി ക്യാമ്പുകളും ഈ കാലയളവിൽ സംഘടിപ്പിക്കുകയുണ്ടായി. രാഷ്ട്രീയം പറഞ്ഞു പ്രചരിപ്പിച്ചും പുരോഗമന പ്രസ്ഥാനങ്ങൾ സ്വാധീനം വർദ്ധിപ്പിക്കാൻ തുടങ്ങി.

1939 ജൂൺ 16,17,18 തീയതികളിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആറാം  സമ്മേളനം തലശ്ശേരിയിൽ വെച്ച് ചേർന്നു. സാമ്രാജ്യത്വത്തിനെതിരെ വിവിധ വിഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള പൊതുമുന്നണിയെന്ന ആവശ്യം ഇത് മുന്നോട്ടുവച്ചു. യുദ്ധവിരുദ്ധ പ്രസ്ഥാനം അതിന്റെ ഭാഗമാകണമെന്ന കാഴ്ചപ്പാടും അവതരിപ്പിച്ചു. വിവിധ മേഖലയിലെ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. കോൺഗ്രസ്സിൽ നിന്ന് വേറിട്ടുനിൽക്കാൻ ഔപചാരിക തലത്തിൽ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിലെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വിടവ് ശക്തമായിരുന്നു.

ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ചായ്‌വുള്ളവർ സ്വയം സംഘടിക്കുന്നതിന് തീരുമാനിച്ചു. വിവിധ പ്രദേശങ്ങളിൽ ഇക്കാലത്ത് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനവും ആരംഭിച്ചിരുന്നു. കോൺഗ്രസ്സിന്റെ നിലപാടുകൾക്കെതിരായി ഇക്കാലത്ത് വലിയ അഭിപ്രായ ഭിന്നതകൾ രൂപപ്പെടുകയും സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന ഒരു രാഷ്ട്രീയ ശക്തിയുടെ ആവശ്യം പൊതുവിൽ അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.. ഈ  സാഹചര്യത്തിലാണ് പാറപ്പുറത്ത് ചേർന്ന യോഗത്തിൽ വെച്ച് കമ്യൂണിസ്റ്റ് പാർട്ടിപരസ്യമായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം എടുത്തത്. 1940 മാർച്ചിൽ കമ്യൂണിസ്റ്റ് എന്ന മാസികയിൽ മുന്നോട്ട് എന്ന വാർത്താ സർക്കുലറും പ്രസിദ്ധീകരിച്ചു. തുടർന്ന് പ്രക്ഷോഭ പ്രവർത്തനങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടലകളും നടത്തി.

1940 സെപ്തംബർ 15-ാം തീയതി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ ത്തിലുള്ള കെപിസിസി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ആ പ്രക്ഷോഭത്തിൽ സജീവമായി അണിചേർന്നു. രണ്ടു ദിവസം മുമ്പ് തന്നെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചുവെങ്കിലും പ്രതിഷേധ പരിപാടികൾ ശക്തമായി നടന്നു. ജനങ്ങളെ അടിച്ചോടിക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവന്നു. മൊറാഴയിൽ കുട്ടികൃഷ്ണമേനോൻ എന്ന പോലീസ് ഇൻസ്‌പെക്ടർ തന്നെ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി. മട്ടന്നൂരിൽ മൃഗീയ ലാത്തിച്ചാർജും നടന്നു. തലശ്ശേരിയിലെ ജവഹർഘട്ടിൽ നടന്ന പ്രകടനത്തിന് നേരെ പോലീസ് നിറയൊഴിച്ചു. അബുവെന്നും ചാത്തുക്കുട്ടിയെന്നും പേരുള്ള രണ്ടു പ്രക്ഷോഭകാരികൾ വെടിയേറ്റു മരണപ്പെട്ടു. അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വത്തിന്റെ രീതിയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ജനമധ്യത്തിൽ പിറന്നുവീഴുന്ന സ്ഥിതിയുണ്ടായത്.

കർഷക പ്രസ്ഥാനങ്ങളും ഈ കാലത്ത് ശക്തിപ്രാപിച്ചുവരികയായിരുന്നു. മലബാറിലെ കാർഷിക സമരങ്ങൾ ഈ മേഖലയിൽ നിലനിന്ന അസ്വാസ്ഥ്യത്തിന്റെ നേർപത്രമായിരുന്നു.  ഇത്തരം സമരങ്ങളെ ബ്രിട്ടീഷുകാർ അതിനീചമായി അടിച്ചമർത്തുകയാണ് ഉണ്ടായത്. എങ്കിലും അസ്വാസ്ഥ്യങ്ങൾ തുടർന്നു. മലബാർ കുടിയായ്മ സംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത് ഇതായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ നേതൃത്വം വഹിച്ചതാവട്ടെ പി. കൃഷ്ണപിള്ള ആയിരുന്നു. വിഷ്ണുഭാരതീയന്‍ നേതൃത്വം കൊടുത്ത് 1935 ല്‍ കർഷകസംഘം ചിറക്കൽ താലൂക്കിലെ നന്ദിയൂർ ഗ്രാമത്തിൽ വെച്ച് രൂപീകരിച്ചു.

1934 ആകുമ്പോഴേക്കും അഭിനവ ഭാരതയുവസംഘം പോലുള്ള സംഘടനകൾ ഭഗത് സിങ്ങിന്റെ നൗജവാൻ ഭാരത് സഭയിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് രൂപീകരിക്കപ്പെടുന്നുണ്ട്. 1936 ൽ എ.ഐ.എസ്.എഫിന്റെ രൂപീകരണത്തിന് മുമ്പുതന്നെ കാലിക്കറ്റ് സ്റ്റുഡന്റ് യൂണിയൻ, തലശ്ശേരി സ്റ്റുഡന്റ് യൂണിയൻ എന്നിങ്ങനെയുള്ള വിദ്യാർത്ഥിസംഘടനകളും കേരളത്തിൽ ഉയർന്നുവന്നു.

കർഷകരുടേയും തൊഴിലാളികളുടേയും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആശയപ്രചരണങ്ങളും ഈ കാലത്ത് സജീവമായിരുന്നു. 1935 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമെന്ന നിലയിൽ പ്രഭാതം ആരംഭിച്ചു. അത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും മുഖപത്രമായി പ്രവർത്തിച്ചു. 1942-ൽ ദേശാഭിമാനി പ്രവർത്തനരംഗത്തേക്ക് വരികയും 1946-ൽ ദിനപത്രമായി മാറുകയും ചെയ്തു. ബൂർഷ്വാ മാധ്യമങ്ങളും വാർത്താ ഏജൻസികളും പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനുള്ള ഒരു ബദൽ സംവിധാനമായി ഈ ഇടപെടൽ മാറി.

കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ തന്നെ ജന്മിത്വത്തിനും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരായും തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുമുള്ള പ്രക്ഷോഭങ്ങൾ ഏറ്റെടുത്തു. സമൂഹത്തിലെ അവശതകളെ വർഗപരമായ വീക്ഷണങ്ങളുമായി കൂട്ടിച്ചേർത്തുകൊണ്ട് ഇടപെടുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി അതീവ ജാഗ്രത കാണിച്ചു. ഈ ജാഗ്രതയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് ഇടയായി തീർന്നത്. 1941 മാർച്ചിലാണ് കയ്യൂരിൽ കർഷക സംഘത്തിന്റെ പ്രകടനത്തെ കണ്ട് ഭയപ്പെട്ട പോലീസുകാരൻ പുഴയിൽ ചാടി മരിച്ചത്. ഈ കേസിൽ നാലു സഖാക്കൾ തൂക്കിലേറ്റപ്പെട്ടു. ഈ പ്രക്ഷോഭങ്ങളുടെ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും വർഗ-ബഹുജനസംഘടനകളും വലിയ വളർച്ച നേടുന്ന സ്ഥിതിയുണ്ടായി.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വിജയിക്കേണ്ടത് കോളനികളുടെ വിമോചനത്തിന് അനിവാര്യമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥ സംരക്ഷിക്കുക പ്രധാനമാണെന്നും കണ്ടുകൊണ്ടുള്ള നിലപാട് കമ്യൂണിസ്റ്റ് പാർട്ടിസ്വീകരിച്ചു. ഈ സാഹചര്യത്തിൽ പാർട്ടിനിലപാടിനെതിരായി ശക്തമായ പ്രചരണങ്ങൾ രാജ്യത്ത് നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ചു.

ജനങ്ങൾക്ക് ആഹാരം ലഭിക്കുന്നതിനുവേണ്ടിയും ശക്തമായ പോരാട്ടങ്ങൾ ഈ കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടിനടത്തി. രണ്ടാംലോക മഹായുദ്ധം ആരംഭിച്ചതോടെ അരി ഒരു അപൂർവ്വ വസ്തുവായി മാറി. ജന്മിമാരുടെ പത്തായങ്ങളിൽ നെല്ല് കുമിഞ്ഞ് കൂടുമ്പോഴും ജനങ്ങൾ പട്ടിണിയാകുന്ന സ്ഥിതി വിശേഷത്തെ മറികടക്കുന്നതിന് പാർട്ടിഇടപെട്ടു. ഈ പ്രക്ഷോഭത്തിൽ നിരവധി പേർ രക്തസാക്ഷികളായി.

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും എതിരായി പാർട്ടിയും കർഷകസംഘവും നടത്തിയ സമരത്തിന്റെ ഭാഗമായിരുന്നു കരിവെള്ളൂർ സമരം. സർക്കാരിന്റെ അനുവാദം ഇല്ലാതെ നെല്ല് ചിറയ്ക്കൽ കോവിലകത്തേക്ക് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തെ എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം പ്രവർത്തകർ തടഞ്ഞു. ഇതിനെ പോലീസ് നേരിട്ടു. കർഷകസംഘം പ്രവർത്തകർക്കുനേരെ നടന്ന വെടിവെയ്പ്പിൽ രണ്ടു സഖാക്കൾ രക്തസാക്ഷികളായി. തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കർഷകസംഘം രംഗത്തുവന്നു. തരിശുഭൂമി കൃഷിയുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടില്ല. കർഷകർക്കെതിരായി ഉള്ള മർദനനടപടികൾ തുടരുകയും ചെയ്തു. കാവുമ്പായി കുന്നിൽ ക്യാമ്പ് ചെയ്ത കർഷകർക്ക് നേരെ പോലീസ് വെടിവെച്ചു. 5 പ്രവർത്തകർ ആ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. കോഴിക്കോട് കൂതാളി പോലുള്ള ഇടങ്ങളിൽ തരിശുനിലങ്ങൾ കൃഷിചെയ്യുന്നതിന്  വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ഉയർന്നുവന്നു. 1940 കളിൽ വിളക്കൊയ്ത്ത് സമരങ്ങളും വടക്കേമലബാറിൽ നടത്തിയ പ്രധാനപ്പെട്ട സമരങ്ങളിലൊന്നായിരുന്നു. കൃഷി ഒരു സമരായുധമാണെന്ന് തെളിയിച്ച സമരമായിരുന്നു എടപ്പാളിലെ കണ്ണയംകായം സമരം. ഇക്കാലയളവിൽ നടന്ന തിരുവിതാംകൂറിലെ പട്ടിണിജാഥയും എടുത്തുപറയേണ്ടതാണ്.

ജീവൻ ബലിയർപ്പിച്ചുകൊണ്ട് നടന്ന ഈ പോരാട്ടങ്ങളുടെ ഫലമായി ഭക്ഷ്യകമ്മിറ്റികൾ പ്രാദേശിക അടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിന് തയ്യാറായി. ചിലയിടങ്ങളിൽ ഇത് ഉൽപാദക-ഉപഭോക്തൃ സഹകരണസംഘങ്ങൾ എന്ന നിലയിൽ തന്നെ ഉണ്ടായി. തിരുവിതാംകൂറിൽ കയർ തൊഴിലാളികളും കർഷകതൊഴിലാളികളും ഇത്തരം പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടന്ന ചന്തസമരങ്ങൾ, മാവേലിക്കര എണ്ണക്കാട് കുടിയിറക്ക് സമരം, പാലക്കാട്ടെ കർഷകസമരങ്ങൾ തുടങ്ങിയവയെല്ലാം ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട പ്രക്ഷോഭങ്ങൾ ആയിരുന്നുവെന്ന് കാണാം. അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരവും എടുത്തുപറയേണ്ട ഒന്നാണ്.

ഭാഷാ സംസ്ഥാനം രൂപീകരിക്കുന്നതിനായി നടന്ന പ്രക്ഷോഭങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി സജീവമായി ഇടപെട്ടു. കേരളത്തിന്റെ ഭാഷയും സംസ്‌കാരവും അതിന്റെ സവിശേഷതകളും വിശദീകരിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയ ‘ഒന്നരക്കോടി മലയാളികൾ’, ‘കേരളം മലയാളികളുടെ മാതൃഭൂമി’ തുടങ്ങിയ പുസ്തകങ്ങൾ ഇതിന് ആശയപരമായ അടിത്തറ ഒരുക്കി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ ഏടാണ് പുന്ന പ്രവയലാറിന്റേത്. ഭരണവർഗത്തിന്റെ നിരന്തര ചൂഷണത്തിനിരയായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളും അമ്പലപ്പുഴ, ചേർത്തല പ്രദേശങ്ങളിലെ കയർ. കർഷക, മത്സ്യതൊഴിലാളികളും സംഘബോധത്തോടെ ഉയർന്നുവരാൻ തുടങ്ങി. സർ സിപി സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് പ്രവർത്തിക്കാന്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിൽ തന്നെ. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് തിരുവിതാംകൂറിലെ കമ്യൂണിസ്റ്റുകാർ നടത്തിയത് എന്ന് കാണാം. ‘‘സ്വതന്ത്ര തിരുവിതാംകൂർ അറബിക്കടലിൽ’’ ഐക്യകേരളം സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തി ശക്തമായ പ്രക്ഷോഭം അമ്പലപ്പുഴ. ചേർത്തല താലൂക്കുകളിൽ ഉയർന്നുവന്നു.

നവോത്ഥാനപരമായ ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നുവരുന്നുണ്ടായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഈ ഇടപെടലിന് നേതൃത്വം നൽകിയത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിനിലവിൽ വന്നതോടെ ഇത്തരം ആശയങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നു. കമ്യൂണിസ്റ്റ് പാർട്ടിനേതാക്കൾ ഇത്തരം മുന്നേറ്റങ്ങളിൽ സജീവമായി. പാർട്ടിതന്നെ നേരിട്ട് ഈ പ്രക്ഷോഭങ്ങൾ നടത്തി. പാലിയം സമരവും കുട്ടങ്കുളം സമരവും പോലുള്ളവയും കമ്യൂണിസ്റ്റ് പാർട്ടിനേരിട്ട് നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രക്കുളങ്ങളിൽ ഉൾപ്പെടെ അടിസ്ഥാന വിഭാഗങ്ങൾക്ക് പ്രവേശനത്തിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന നിരവധി സമരങ്ങൾ ഓരോ നാടിനും പറയാനുണ്ട്.

ഈ സമര പോരാട്ടങ്ങൾക്കൊപ്പം തന്നെ സാംസ്‌കാരിക മേഖലയിലും ശക്തമായ ഇടപെടൽ പാർട്ടിനടത്തി. സാധാരണക്കാർക്ക് നേരെ ജന്മിത്വവും സാമ്രാജ്യത്വവും ചേർന്ന് നടത്തുന്ന ചൂഷണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ നാടകങ്ങൾ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ ഉപയോഗിക്കപ്പെട്ടു. പത്രമാസികകൾ, പി.കെ ബാബയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ തൊഴിലാളി മാസിക, വായനശാലകൾ തുടങ്ങിയവ ആശയപ്രചരണത്തിന്റെ പ്രധാനകേന്ദ്രമായി ഉയർന്നുവന്നു. ശാസ്ത്ര പ്രചരണത്തിനും വലിയ ഊന്നൽ ഉണ്ടായി. കഥാപ്രസംഗവും നാടകവുമെല്ലാം ആശയപ്രചരണത്തിന് സജീവമായി ഉപയോഗിക്കുന്ന സ്ഥിതിയും ഉയർന്നുവന്നു. തൊഴിലാളികളുടെ പോരാട്ടങ്ങളും ഈ കാലഘട്ടത്തിൽ സംസ്ഥാനത്താകമാനം ഉയർന്നു വരികയുണ്ടായി.

1948 ൽ കൽക്കട്ടയിൽ രണ്ടാം പാർട്ടി കോൺഗ്രസ് നടന്നു. ഭരണകൂടത്തിനെതിരെ വമ്പിച്ച പോരാട്ടത്തിന് പാർട്ടികോൺഗ്രസ് ആഹ്വാനം ചെയ്തു. അതിന്റെ പേരിൽ പോലീസും കോൺഗ്രസ്സുകാരും കൂടി കമ്യൂണിസ്റ്റുകാരെ വേട്ടയാടി. മൊയ്യാരത്ത് ശങ്കരൻ അടക്കം പല പാർട്ടി പ്രവർത്തകരും ഗുണ്ടകളുടേയും പോലീസുകാരുടേയും ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. ഈ കാലത്ത് നടന്ന സുപ്രധാനമായ സംഭവമായിരുന്നു  ഒഞ്ചിയം വെടിവെപ്പ്. കമ്യൂണിസ്റ്റുകാരെ അറസ്റ്റു ചെയ്യാൻ വന്ന പോലീസുകാർക്കെതിരായി ജനങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പായിരുന്നു അത്.  ഈ കാലഘട്ടത്തിൽ തന്നെ ഉണ്ടായ സംഭവമാണ് പഴശ്ശി-തില്ലങ്കേരി, മുനയംകുന്ന് തുടങ്ങിയ ഇടങ്ങളിലെ ചെറുത്തുനിൽപ്പുകൾ. പോലീസ് വെടിവെപ്പിൽ നിരവധി സഖാക്കൾ ഇവിടങ്ങളിൽ രക്തസാക്ഷികളായി. പാടിക്കുന്നിൽ വെച്ച് സഖാക്കളെ വെടിവെച്ച് കൊല്ലുന്ന സംഭവവും ഉണ്ടായി.

ഇക്കാലത്ത് നടന്ന ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെ ഉജ്ജ്വല അധ്യായമായിരുന്നു ശൂരനാട് സംഭവം. പുറമ്പോക്ക് കുളത്തിലെ മീൻപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിന് നിമിത്തമായത്. ഇത്തരത്തിലുള്ള നിരവധി പോരാട്ടങ്ങളുടെയും  ത്യാഗപൂർണ്ണമായ സമരങ്ങളുടെയും പരമ്പരകൾ ഈ കാലഘട്ടത്തിൽ ഉയർന്നുവരികയുണ്ടായി. തൊഴിലാളി കർഷകസമരങ്ങളുടെ പരമ്പര തന്നെ ഈ കാലഘട്ടത്തിൽ ഉണ്ടായി. 1950 ൽ സേലം ജയിലിൽ പോലീസ് നടത്തിയ വെടിവെപ്പിൽ കേരളത്തിലെ 19 കമ്മ്യൂ ണിസ്റ്റുകാരും കൊല്ലപ്പെട്ടു.

1952 ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി നിയമ വിധേയമാക്കപ്പെട്ടതും വിചാരണ കൂടാതെ ജയിലിൽ അടയ്ക്കപ്പെട്ട സഖാക്കൾ വിട്ടയക്കപ്പെട്ടതും. ആലപ്പുഴ മുനിസിപ്പാലിറ്റി, മലബാർ ഡിസ്ട്രിക്ട് ബോർഡ് എന്നിവയിൽ ഇക്കാലയളവിൽ പാർട്ടി ഭൂരിപക്ഷം നേടി. നിയമസഭയിലാവട്ടെ പാർട്ടിയുടെ പ്രാതിനിധ്യം തുടർച്ചയായി വർദ്ധിച്ചുവരുന്ന സ്ഥിതിയും ഉണ്ടായി. സ്വാതന്ത്ര്യത്തിനുശേഷം തിരു-കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിൽ പി.എസ്.പിയും കമ്യൂണിസ്റ്റ് പാർട്ടിയും യോജിച്ചുമത്സരിക്കുകയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അതിനാൽ കമ്യൂണിസ്റ്റ് പിന്തുണയോടെ പി.എസ്.പി ആയിരുന്നു മുഖ്യമന്ത്രി ആവേണ്ടിയിരുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെ അംഗീകരിക്കാൻ വലതുപക്ഷ ശക്തികൾക്ക് കഴിയുമായിരുന്നില്ല. അവർ രാഷ്ട്രീയമായി ഇടപെട്ട് പി.എസ്.പി മന്ത്രിസഭ രൂപീകരിക്കുന്നതിന് സാഹചര്യമുണ്ടാക്കി. അങ്ങനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ കൊടുക്കുകയും ചെയ്തു.

മൂന്ന് ഭാഗങ്ങളായി കിടന്ന കേരളം 1956 നവംബർ ഒന്നാം തീയതിയാണ് ഒരു സംസ്ഥാനമെന്ന നിലയിൽ മാറിയത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മലബാർ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിലും കൊച്ചിയും തിരുവിതാം കൂറിലും ബ്രിട്ടീഷ് മേൽക്കോയ്മയോടുകൂടിയ രാജഭരണവുമായിരുന്നു നിലനിന്നിരുന്നത്. ഇതിന് മാറ്റം വന്ന് കേരളം ഭാഷാ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനമായി രൂപീകരിക്കപ്പെടുന്നത് 1956 നവംബർ 1-ാം തീയ്യതിയാണ്.

കേരള സംസ്ഥാന രൂപീകരണത്തിന് ശക്തമായ പ്രവർത്തനമാണ് കമ്യൂണിസ്റ്റുകാർ നടത്തിയത്. ഐക്യകേരളം മുന്നോട്ടുവയ്ക്കുമ്പോൾ തന്നെ രാജാധിപത്യവും ജന്മിത്വവും സാമ്രാജ്യത്വവും ഇല്ലാത്ത കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നത്. അതിനുവേണ്ടിയുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിസംഘടിപ്പിച്ചു. ആ ഇടപെടലാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിലേക്ക് എത്തിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി അധികാരത്തിൽ വന്നു. 1959 ആഗസ്ത് 31 ന് അത് പിരിച്ചുവിടപ്പെട്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ പാർലമെന്ററി സംവിധാനത്തിനകത്തു നിന്നു കൊണ്ട് ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കുക എന്ന അക്കാലത്തെ പാർട്ടിനിലപാട് അക്ഷരംപ്രതി പ്രാവർത്തികമാക്കാൻ ഈ സർക്കാരിനായി.

ആധുനിക കേരളത്തിന് അടിത്തറയിട്ട നിരവധി പരിഷ്‌ക്കാരങ്ങൾ ഈ കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണത്തിനുള്ള ഇടപെടൽ, സാമൂഹ്യനീതിക്കായുള്ള നിയമങ്ങൾ തുടങ്ങിയവയല്ലാം ഈ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ടു. തൊഴിൽ സമരങ്ങളിൽ പോലീസ് ഇടപെടാൻ പാടില്ലെന്ന സമീപനവും മുന്നോട്ടുവച്ചു.

ജനകീയ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരുകളെ അട്ടിമറിക്കുന്ന പ്രവർത്തന പദ്ധതികൾ വലതുപക്ഷ ശക്തികൾ നടത്തി. ഭൂപരിഷ്‌കരണത്തിനെതിരെയും വിദ്യാഭ്യാസ നിയമത്തിനെതിരായും നിലകൊണ്ട സ്ഥാപിത താത്പര്യക്കാരുടെ പിന്തുണ ഇത്തരം സമരങ്ങൾക്ക് ലഭിച്ചു. രാഷ്ട്രീയമായി കമ്യൂണിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ വലതുപക്ഷ രാഷ്ട്രീയ ശക്തികൾ ജാതിമത ശക്തികളുമായി കൂടിച്ചേർന്ന് മുന്നോട്ടുപോകുന്ന സ്ഥിതിവിശേഷമുണ്ടാക്കി. കേരളത്തിൽ ഇരുമുന്നണികൾ എന്ന തരത്തിലുള്ള രാഷ്ട്രീയ സംവിധാനം രൂപപ്പെട്ട് വന്നത് ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയിട്ടും വലതുപക്ഷ ശക്തികളുടെ ഏകീകരണം ഒന്നുകൊണ്ട് മാത്രമാണ് ആ സർക്കാരിന് വീണ്ടും അധികാരത്തിൽ വരാൻ കഴിയാതെ പോയത്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ പലതിലും വലതുപക്ഷം വെള്ളംചേർത്തു. എങ്കിലും അവയാകെ അട്ടിമറിക്കാൻ കഴിയാത്ത വിധമുള്ള പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ടുവന്നു.

ജന്മിത്വത്തിന്റെ സാംസ്‌കാരിക രൂപങ്ങൾക്കെതിരെ നവോത്ഥാന കാഴ്ചപ്പാടുകൾ  ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സാമൂഹ്യനീതിക്കായുള്ള വിവിധ ഇടപെടലുകൾ ഇതോടൊപ്പം പാർട്ടിതുടർന്നു. ജാതിക്കൂലിക്കെതിരായി പാലക്കാട് നടന്ന സമരം, കമ്പളവടിയും കുമ്പളച്ചോറിനും’എതിരായ വയനാട്ടിലെ സമരം, ‘‘തമ്പ്രാനെന്ന് വിളിക്കില്ല, പാളയിൽ കഞ്ഞികുടിക്കില്ല തിരിച്ചടിക്കും കട്ടായം’’ എന്ന് പറഞ്ഞ് ആലപ്പുഴയിൽ നടന്ന സമരം, 1953ൽ ആഗസ്റ്റിൽ പാലക്കാട് ജില്ലയിലെ തോലന്നൂരിൽ സ്ത്രീ തൊഴിലാളികൾ മാറുമറച്ച് ജോലിക്ക് പോകുമെന്ന പ്രഖ്യാപനം, ചെക്കൻ വിളിക്കെതിരായി നാദാപുരത്ത് നടന്ന സമരങ്ങൾ, അനീം വല്ലീം എന്ന അടിമ സമ്പ്രദായം അവസാനിപ്പിക്കുന്നതിന് വേണ്ടി വയനാട്ടിൽ നടന്ന പ്രക്ഷോഭങ്ങൾ അങ്ങനെ നിരവധി എണ്ണം. ഇത്തരത്തിൽ ഒരോ പ്രദേശത്തും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

1964-ൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനെതിരെ പാർട്ടിനടത്തിയ പ്രക്ഷോഭം എടുത്തു പറയേണ്ടതാണ്. എകെജിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന്റെ ഫലമായി 1964 ഒക്‌ടോബർ 26 ന് ചേർന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബർ 1 മുതൽ കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തു. അതായത് കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരപോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട് വന്നതാണ്. 

1967 ലെ സർക്കാർ ഭൂപരിഷ്‌കരണനിയമം പാസാക്കുകയും അതേ സമയം അത് നടപ്പിലാക്കുന്നതിനുമുമ്പ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടിവരികയും ചെയ്ത സാഹചര്യമുണ്ടായപ്പോൾ നിയമം നടപ്പിലാക്കുന്നതിന് പ്രക്ഷോഭങ്ങളുടെ വഴി പാർട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഈ സാഹചര്യത്തിൽ ഈ ഭൂനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർഷകരേയും കർഷകതൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് വൻതോതിലുള്ള ഭൂസമരത്തിന് അക്കാലത്ത് കേരളം സാക്ഷ്യം വഹിച്ചു.

ഈ സമരത്തിന്റെ കൂടി ഫലമായി ഭൂരഹിതകർക്ക് ഭൂമി പതിച്ചുകിട്ടുന്ന സ്ഥിതിയും സാഹചര്യവും സംജാതമാവുകയും ചെയ്തു. ഭൂപ്രശ്‌നം പരിഹരിക്കാൻ വേണ്ടി നടന്ന സമരം  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ കാൽവെയ്പ്പുകളിൽ ഒന്നായിരു ന്നു. ജനാധിപത്യപരമായ അവകാശങ്ങളെ മുഴുവൻ ചവിട്ടിമെതിച്ചുകൊണ്ട് ആഭ്യന്തര അടിയന്തരാവസ്ഥ കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കി. ജനാധിപത്യ അവകാശങ്ങൾ  സംരക്ഷിക്കുന്നതിനുള്ള ശക്തമായ പോരാട്ടം ഈ കാലഘട്ടത്തിൽ സംസ്ഥാനത്ത് പാർട്ടിയുടെ നേതൃത്വത്തിൽ നടന്നു. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ഈ കാലയളവിൽ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയുടെ ഭീകരതയെ സംബന്ധിച്ചുള്ള ശക്തമായ പ്രചരണങ്ങൾ ഈ കാലയളവിൽ സംഘടിപ്പിച്ചു. രാജൻ കേസ് പോലുള്ള പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളെ ജനങ്ങളുടെ മുമ്പിലേക്ക്  എത്തിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയും വർഗബഹുജന സംഘടനകളും വലിയ പങ്ക് വഹിച്ചു.

വർഗീയ ശക്തികൾ രാജ്യത്ത് പിടിമുറുക്കുന്ന സ്ഥിതിവിശേഷം ഉയർന്നുവരികയുണ്ടാ യി. പന്ത്രണ്ടാം പാർട്ടികോൺഗ്രസ്സ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് രാജ്യത്തിന് നൽകുകയും ചെയ്തു. ഇത് ഉൾക്കൊണ്ടുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രചരണവും ഇടപെടലുകളും കമ്യൂണിസ്റ്റ് പാർട്ടിനടത്തി. അതിന്റെ ഫലമായി വർഗീയതയ്‌ക്കെതിരായുള്ള പൊതുവികാരത്തെ സംസ്ഥാനത്തെമ്പാടും നിലനിർത്തിക്കൊണ്ടുപോകുന്നതിന് പൊതുവിൽ കഴിയുകയും ചെയ്തു.

1990 കളിൽ ആഗോളവൽക്കരണനയം രാജ്യത്ത് ശക്തമായി നടപ്പിലാക്കപ്പെട്ടു. ഈ നയങ്ങൾക്കെതിരായി ശക്തമായ പോരാട്ടമാണ് പാർട്ടിസംഘടിപ്പിച്ചത്. ആഗോളവൽ ക്കരണനയത്തെ എതിർക്കുമ്പോൾ തന്നെ കിട്ടുന്ന അധികാരം ഉപയോഗിച്ച് ഈ നയത്തിന് ബദൽ ഉയർത്തുന്ന സമീപനവും കമ്യൂണിസ്റ്റ് പാർട്ടിസ്വീകരിച്ചു. കേരളത്തിന്റെ ജനാധിപത്യബോധവും മതേതരത്വ സ്വഭാവവും നിലനിർത്തുന്നതിനായി സന്ധിയില്ലാത്ത പോരാട്ടമാണ് സി.പി.ഐ (എം) നടത്തിയിട്ടുള്ളത്.

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളും സാവധാനം ആരംഭിച്ചുകഴിഞ്ഞു. ആഗോളവത്ക്കരണ നയങ്ങൾ ഇതോടൊപ്പം തന്നെ കൂടുതൽ തീവ്രമായി നടപ്പിലാക്കുകയും ചെയ്യുകയാണ്. നവോത്ഥാന ആശയങ്ങളെ ഇല്ലാതാക്കുന്ന  തിനുള്ള ശക്തമായ പ്രവർത്തനങ്ങളും ഈ കാലയളവിൽ ഉയർന്നുവരികയുണ്ടായി. ഈ  സാഹചര്യത്തിൽ ജനങ്ങളെയാകമാനം അണിനിരത്തി നവോത്ഥാന ആശയങ്ങളെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന ഒന്നാണ്.

രാജ്യത്തിന്റെ മതനിരപേക്ഷ ഘടനയെ തന്നെ തകർക്കുന്ന പൗരത്വനിയമഭേദഗതി പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് മതരാഷ്ട്ര കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പിലാക്കാനാണ് ആർഎസ്എസ് നയിക്കുന്ന കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. അതിനെതിരായി ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും വർത്തമാന കാലത്ത് പാർട്ടിനേതൃത്വം കൊടുക്കുകയാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബദൽ നയങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയുമാണ്. ഈ നൂറ്റാണ്ടുകണ്ട എറ്റവും വലിയ പ്രളയത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടും അതിനെയെല്ലാം മറികടന്നുകൊണ്ട് മുന്നോട്ടുപോകുകയാണ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ.

തെറ്റായ സാമ്പത്തിക നയങ്ങൾക്കും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ ശക്തമായ  പോരാട്ടം ഉയരേണ്ട കാലമാണിത്. ആ കടമ ഏറ്റെടുത്തുകൊണ്ട് ഇടപെടുകയാണ് സി.പി.ഐ(എം) ചെയ്യുന്നത്. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള നടപടികളാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ അടിത്തറയുണ്ടാക്കിയത്. അതോടൊപ്പം അത് ഉപയോഗിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന ഘട്ടങ്ങളിൽ ജനകീയ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പാർട്ടിനേതൃത്വത്തിലുള്ള സർക്കാരുകൾ ഇടപെടുകയും ചെയ്തു. പാർട്ടിനേതൃത്വത്തിലുള്ള സർക്കാരുകൾ മുന്നോട്ടുവച്ച ഗുണപരമായ പാരമ്പര്യങ്ങളെ തകർക്കാനുള്ള വലതുപക്ഷ ശക്തികളുടെ നീക്കങ്ങളെയും പ്രതിരോധിക്കുന്നതിന് പാർട്ടിതയ്യാറായി. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാർട്ടിഇടപ്പെട്ടതിന്റെ ഫലമായാണ് ഇന്നത്തെ വളർച്ച പാർട്ടിക്ക് നേടിയെടുക്കാനായത്. നമ്മുടെ സമൂഹത്തെ മനസ്സിലാക്കി ശരിയായ ദിശാബോധത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ ഫലമായിക്കൂടിയാണ് നാം ഇന്നത്തെ വളർച്ചയിലേക്ക് എത്തിച്ചേർന്നത് എന്ന് കാണാനാവും.