പത്രാധിപക്കുറിപ്പ്
പി രാജീവ്
ഗള്‍ഫ് മേഖലയെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും കേരള സമ്പദ് വ്യവസത്ഥയിലും ജനസമൂഹത്തിലും അതുണ്ടാക്കാനിടയുള്ള കെടുതികളും പഠനവിധേയമാക്കുകയാണു് ഈ ലക്കം മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വ്യാപാരമേഖലകള്‍ നാം കേരളീയരെ എത്രകണ്ട് ബാധിക്കുന്നവയാണ് എന്നു് ഇതു സംബന്ധിച്ച കണക്കുകളിലൂടെ ഒരോട്ട പ്രദക്ഷിണം ചെയ്താല്‍ ആര്‍ക്കും ബോധ്യമാകും. 30 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളില്‍ 85ശതമാനവും ഗള്‍ഫ് മേഖലയിലാണ് പണിയെടുക്കുന്നതു്. അവിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍, വിദഗ്ധ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, വന്‍കിട ബിസിനസ്സു കാര്‍ എന്നിങ്ങനെ എല്ലാ ശ്രേണിയില്‍പ്പെട്ടവരും ഇതിലുണ്ട്. ഏതാണ്ട് 80,000 കോടി രൂപയാണ് പ്രതിവര്‍ഷം ഇവര്‍ കേരളത്തിലേക്ക് അയക്കുന്നത്. കേരളത്തിന്റെ ആഭ്യ ന്തരോല്പാദനത്തിന്റെ മൂന്നിലൊന്നിലധികം വരുമിത്. കേരള സര്‍ക്കാരിന്റെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം, കേന്ദ്രത്തില്‍നിന്നും നമുക്ക് ലഭിക്കുന്ന വിഹി തത്തിന്റെ രണ്ടു മടങ്ങ്. കേരളത്തിലെ കുടുംബങ്ങളില്‍ അഞ്ചിലൊന്നില്‍ ഗള്‍ഫില്‍ പണിയെടുക്കുന്നവരുണ്ട്. മറ്റൊരു 30 ശതമാനം മുമ്പ് ഗള്‍ഫ് മേഖലയില്‍ പണിയെടു ത്തിരുന്നവരാണ്. ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം കേരളത്തെ സംബന്ധിച്ചിട ത്തോളം എത്രകണ്ട് പ്രാധാന്യമുള്ളതാണെന്ന് വിശദമാക്കാന്‍ ഇത്രയും വിവരങ്ങള്‍ ധാരാളം മതിയാകും.
നമ്മെ സംബന്ധിച്ചിടത്തോളം ഇത്ര നിര്‍ണ്ണായകമായ ഗള്‍ഫ് രാജ്യങ്ങളിലെ സാ മ്പത്തിക മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടായി അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണു്. 2008-ലെ ആഗോളമാന്ദ്യത്തില്‍ തുടങ്ങിയ ഈ തകര്‍ച്ച ഓരോ വര്‍ഷവും മൂര്‍ഛിച്ചുവരുന്ന കാഴ്ചയാണ് കാണുന്നതു്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ആഗോളമുതലാളിത്തം ഇന്നു േനരിടുകയാണ്. ഇത് വിവിധ രാജ്യങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങളുടെ ഉത്തമോദാഹരണമാണ് ഗള്‍ഫ് സാ മ്പത്തിക പ്രതിസന്ധി. ആഗോള സമ്പദ്വ്യവസ്ഥയുമായി വളരെ ശക്തിയായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്ന ഒന്നാണ് ഗള്‍ഫ് സമ്പദ്ഘടന. ഇന്ന് നാം കാണുകയും അനുഭവിക്കു കയും ചെയ്യുന്ന ഈ രാജ്യങ്ങളിലെ പ്രതിസന്ധിയുടെ രാഷ്ട്രീയ സാമ്പത്തിക കാരണങ്ങള്‍ കുടികൊള്ളുന്നതു് ഇതിലാണ്.
1970 കളില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള ശക്തമായ കുടിയേറ്റത്തിന്റെ നീണ്ട ചരിത്രവും അതു നമ്മുടെ നാട്ടിലുണ്ടാക്കിയ സാമ്പത്തിക സാംസ്കാരിക ചലനങ്ങളും കഴിഞ്ഞ അര നൂറ്റാണ്ടിലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണു്. ആഗോളമുതലാളിത്ത പ്രതിസന്ധി ഇന്നിതില്‍ കരിനിഴലല്‍ വീഴ്ത്തിയിരിക്കുന്നു. നമ്മുടെ പ്രവാസി സമൂഹവും അവരുടെ ആശ്രിതകുടുംബങ്ങളും ഇതുവഴി നേരിടുന്ന വിഷമസന്ധിയെ നമുക്ക് ശരിയായ സാമ്പത്തിക-രാഷ്ട്രീയ സമീപനങ്ങളില്‍ ഊന്നിനിന്ന് കൊണ്ട് പരിശോധിച്ചേ മതിയാകൂ. നവകേരള സൃഷ്ടിക്കായി യത്നിക്കുന്ന നമുക്ക് ഈ ഘടകങ്ങള്‍കൂടി കണക്കിലെടുത്തു മുന്നോട്ടു പോകേണ്ടിവരും. അത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് മാര്‍ക്സിസ്റ്റ് സംവാദം.
പി. രാജീവ്
ചീഫ് എഡിറ്റര്‍
