പത്രാധിപക്കുറിപ്പ്
പി രാജീവ്
പൗരത്വഭേദഗതി നിയമം രാഷ്ട്രത്തിന്റെ മൗലികമായ സ്വഭാവത്തെ മാറ്റിതീർക്കുന്നതിനുള്ള ഒരു പദ്ധതിയുടെ ഭാഗമാണ്. എല്ലാ തരത്തിലുള്ള ജനാധിപത്യ രീതികളേയും അപ്രസക്തമാക്കിയാണ് ഭരണഘടനാ വിരുദ്ധമായ നിയമനിർമാണം നടത്തിയിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നുവന്നത്. മതനിരപേക്ഷതയും മതാത്മകതയും തമ്മിലുള്ള ഏറ്റുമുട്ടൽ ദേശീയ സ്വാതന്ത്ര്യസമരം മുതൽ രാജ്യത്ത് ശക്തമാണ്. ഭരണഘടന രൂപീകരണത്തിലും പൗരത്വ നിർവചനത്തിലും ഇത് വളരെ പ്രകടമായിരുന്നു. എന്നാൽ, അന്ന് മതനിരപേക്ഷ സംസ്കാരത്തിനായിരുന്നു മേൽകൈ കിട്ടിയത്.
രാജ്യത്ത് വലതുപക്ഷശക്തികൾ വലിയ ഭൂരിപക്ഷത്തിലൂടെ തുടർച്ചയായി അധികാരത്തിൽവന്ന സാഹചര്യം മതരാഷ്ട്ര നിർമാണത്തിനായുള്ള നീക്കങ്ങളെ ശക്തിപ്പെടുത്തുന്നു. അത് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിലും പൗരത്വഭേദഗതി നിയമത്തിലും രാമക്ഷേത്ര നിർമാണത്തിലും പ്രകടമാണ്. ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനാണ് ഇനി ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്ന വിശാല സമരനിരയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
പൗരത്വഭേദഗതി നിയമത്തെ മുസ്ലീം പ്രശ്നം മാത്രമായി ചുരുക്കാൻ ശ്രമിക്കുന്നവരും മതരാഷ്ട്രത്തിന്റെ വക്താക്കളാണ്. പൗരത്വ പ്രശ്നം മുസ്ലീമിന്റെ കൂടി പ്രശ്നമാണ്. എന്നാൽ, അത് മുസ്ലീം പ്രശ്നം മാത്രമല്ല, മതനിരപേഷതയുടെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ അത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. മതനിരപേക്ഷതയിൽനിന്നും മതാത്മകതയിലേക്കുള്ള മാറ്റം, ജനാധിപത്യത്തിൽനിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്ര.
അതുകൊണ്ടു തന്നെ പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടമെന്നത് ഏറെ ഗൗരവമായ മാനങ്ങളുള്ളതാണ്. പ്രശ്നത്തെ ശരിയായി തിരിച്ചറിയുന്നതിന് ഓരോ മാനങ്ങളിലും പൗരത്വത്തെ വിലയിരുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഈ ലക്കം .
ഈ പോരാട്ടത്തിൽ നേതൃത്വപരമായ പങ്കാണ് കേരളം വഹിച്ചത്. ഭരണഘടന വിരുദ്ധമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന ധീരമായ നിലപാട് കേരളം സ്വീകരിച്ചു. സർക്കാരിന് അങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടോയെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതും പൗരത്വഭേദഗതി നിയമം പാസാക്കുന്നതുമെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും അതിനോടാണ് തിരഞ്ഞടുക്കപ്പെടുന്ന സർക്കാരുകൾക്ക് പ്രതിബദ്ധത എന്നും മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം അർഥശങ്കക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതും. ഈ നിയമം യുഎൻ കൺവെൻഷൻ പ്രഖ്യാപനത്തിന്റേയും അന്താരാഷ്ട്ര പ്രോട്ടോക്കോളുകളുടേയും ലംഘനമാണെന്നും അതുകൊണ്ടു തന്നെ ലോകരാഷ്ട്രങ്ങൾക്കടിയിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയായ മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനാണെന്ന കാഴ്ചപാടാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
പൗരത്വ സങ്കൽപ്പം എങ്ങനെയാണ് ഇന്ത്യയിൽ വികസിതമായതെന്ന് ഡോ. രാജൻ ഗുരുക്കൾ തന്റെ ലേഖനത്തിൽ വിശദീകരിക്കുന്നു. 1931 നവംബർ 19ന് ലണ്ടനിൽവെച്ച് ഫെഡറൽ കമ്മിറ്റി മുമ്പാകെ മഹാത്മാഗാന്ധി പറഞ്ഞത് പൗരത്വം നിർവചിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണെന്നായിരുന്നു. വംശീയ ലക്ഷണങ്ങളെയോ മതങ്ങളേയോ അടിസ്ഥാനമാക്കി നൽകാനുള്ളതല്ല പൗരത്വം. പൗരത്വത്തിന്റെ അതിരുകൾ വിശാലമായിരിക്കണമെന്നും സാമൂഹ്യവും ധാർമ്മികവും രാഷ്ട്രീയവും സാമ്പത്തികവുമായ നാനാമേഖലകളെ ഉൾക്കൊള്ളുന്നതായിരിക്കണം പൗരത്വനിർവചനമെന്നും മഹാത്മാഗാന്ധി വ്യക്തമാക്കി. 1935 ലെ ബ്രിട്ടീഷ് ഇന്ത്യാ ആക്ടിൽ ഈ ആശയങ്ങളുടെ സ്വധീനം കാണാമെന്ന് ഡോ. രാജൻ ഗുരുക്കൾ വ്യക്തമാക്കുന്നു.
പൗരത്വസമത്വം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. പൗരത്വം രാഷ്ട്രീയ പദവിയാണ്. അസമത്വസമൂഹത്തിൽ അതൊരിക്കലും ഒരുപോലെ ആയിരിക്കുകയില്ല. നിയമപ്രകാരം കീഴാളരും ഇന്ത്യാരാജ്യത്തെ പൗരസമൂഹത്തിന്റെ ഭാഗമാണെങ്കിലും പൗരത്വസമത്വമിനിയും അവർക്ക് രാഷ്ട്രീയാനുഭമായിട്ടില്ല. പൗരത്വ ചർച്ച അതിന്റെ സാങ്കേതികമാനങ്ങൾക്ക് അപ്പുറം പോകേണ്ടതുണ്ടെന്നുമുള്ള രാജൻ ഗുരുക്കളുടെ അഭിപ്രായം പ്രസക്തമാണ്. മറ്റു ചില ലേഖനങ്ങളിലും സമാനമായ ആശയം കാണാൻ കഴിയും.
പൗരത്വത്തിന്റെ ദാർശനിക മാനങ്ങളെ പരിശോധിക്കുകയാണ് ഡോ. കെ.എൻ. ഗണേശും ഡോ. ടി.വി. മധുവും ചെയ്യുന്നത്. മാർക്സിന്റെ ജൂതപ്രശ്നം എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തി പൗരത്വ സങ്കൽപ്പത്തിന്റെ വ്യത്യസ്ത തലങ്ങൾ അവതരിപ്പിക്കാനാണ് ഡോ. കെ.എൻ. ഗണേശ് ശ്രമിക്കുന്നത്. മാർക്സിയൻ കാഴ്ചപാട് അനുസരിച്ച് പൗരത്വ സങ്കൽപ്പത്തെ വിശകലനം ചെയ്യാനുള്ള ശ്രമം ശ്ലാഖനീയമാണ്. ഭരണഘടനയിലെ പൗരാവകാശങ്ങൾ ബൂർഷ്വ ഭൂപ്രഭു വർഗങ്ങളുടെ കാഴ്ചപാടനുസരിച്ച് രൂപപ്പെടുത്തിയ കൃത്രിമ നിർമിതിയാണെന്ന അദ്ദേഹത്തിന്റെ വാദം വിമർശനവിധേയമാണ്. ഓരോ കാലത്തും നിലനിൽക്കുന്ന ആശയങ്ങൾ അതാതു കാലത്തെ ആധിപത്യവർഗത്തിന്റെ ആശയങ്ങൾ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഫ്യൂഡലിസവുമായുള്ള ബൂർഷ്വാസിയുടെ സന്ധിചെയ്യൽ ഇതിലും പ്രകടമാണ്. അന്നത്തെ സാഹചര്യത്തിൽ സാധ്യമായ മെച്ചപ്പെട്ട ഭരണഘടനയും പൗരത്വ നിർവചനവും എന്ന രീതിയിൽ വിലയിരുത്തുന്നത് ഈ കാഴ്ചപാടിന്റെ അടിസ്ഥാനത്തിലാണ്.
അരിസ്റ്റോട്ടിലിൽനിന്നാരംഭിച്ച് വിവിധ ചിന്താധാരകളിലൂടെ എങ്ങനെ പൗരത്വസങ്കൽപ്പം വികസിതമാകുന്നു എന്ന് ഡോ. മധു വിശദീകരിക്കുന്നു. ഹിറ്റ്ലർ തന്റെ ആത്മകഥയിൽ നടത്തുന്ന വർഗീകരണം ശ്രദ്ധയിൽപ്പെടുത്തുന്ന അദ്ദേഹം അത് എങ്ങനെയാണ് ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു എന്ന കൃതിയിൽ പ്രതിഫലിക്കുന്നതെന്ന് വിശദീകരിക്കുന്നു. ഹിറ്റ്ലറുടെ വർഗീകരണമനുസരിച്ച് പൗരൻ, പ്രജ, പുറത്തുനിന്നുംവന്നവർ എന്നിങ്ങയെനാണ് ആ വർഗീകരണം. ഒരു രാജ്യത്ത് ജനിച്ചുവെന്നതുകൊണ്ടു മാത്രം പൗരനാകില്ല എന്നും പ്രജയുടെ സ്ഥിതി പുറത്തുനിന്നും വന്നവരേക്കാൾ കഷ്ടമായിരിക്കുമെന്ന കാര്യവും ചരിത്രാനുഭവത്തിൽനിന്നും വിശദീകരിക്കുന്നു. ഇത്തരം തിരിച്ചറിവുകൾ പ്രശ്നത്തെ സമഗ്രതയിൽ ഉൾക്കൊള്ളുന്നതിന് സഹായകരമാണ്.
പൗരത്വത്തിന്റെ രാഷ്ട്രീയവും അർഥശാസ്ത്രവുമാണ് കെ.എസ്. രജ്ഞിത്ത് അന്വേഷിക്കുന്നത്. ഓരോ കാലത്തിന്റേയും അടിത്തറ എങ്ങനെയാണ് പൗരത്വ സങ്കൽപ്പങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് വിശദീകരിക്കുന്ന അദ്ദേഹം സോവിയറ്റ് യൂണിയനിലാണ് ആദ്യമായി തുല്യപൗരത്വമെന്ന സങ്കൽപ്പം പ്രയോഗത്തിൽവന്നതെന്ന് വ്യക്തമാക്കുന്നു.
പൗരത്വത്തിന്റെ പ്രശ്നവൽക്കരണമാണ് യഥാർഥത്തിൽ ഈ ലക്കം നടത്തുന്നത്. കേവലമായി പൗരത്വ ഭേദഗതി നിയമത്തെ വിലയിരുത്തക എന്നതിനപ്പുറത്തേക്കാണ് ഓരോ ലേഖനങ്ങളും കടന്നുചെന്നിരിക്കുന്നത്. ചരിത്ര, രാഷ്ട്രീയ, ദാർശനിക, അർഥശാസ്ത്ര, ഭരണഘടനാപരവുമായ മാനങ്ങളിലൂടെ ഈ സഞ്ചാരം പോരാട്ടങ്ങൾക്ക് ശരിയായ ദിശാബോധം നൽകുന്നതിനു പര്യാപ്തമായിരിക്കുമെന്നു കരുതുന്നു.
പി രാജീവ്
ചീഫ് എഡിറ്റർ
