പൗരത്വഭേദഗതി നിയമവും ഭരണഘടനയും
പി രാജീവ്
പൗരത്വഭേദഗതി നിയമം ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കേവലം പൗരത്വത്തെ മാത്രം ബാധിക്കുന്ന നിയനിർമാണമായി അതിനെ ചുരുക്കികാണാൻ കഴിയില്ല. പകരം, ഭരണഘടനയുടേയും രാജ്യത്തിന്റേയും അടിസ്ഥാനശിലകളെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം കൂടിയായി അതിനെ കാണേണ്ടതുണ്ട്. ഭരണഘടന അസംബ്ലിയിലെ ചർച്ചകൾ എങ്ങനെയാണ് പൗരത്വത്തെ കണ്ടിരുന്നതെന്നും മതനിരപേക്ഷ അടിത്തറയിൽ ഭരണഘടന എങ്ങനെയാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടുത്തിയതെന്നുമുള്ള പരിശോധനയാണ് ഈ പ്രബന്ധത്തിൽ ഉദ്ദേശിക്കുന്നത്. അന്നത്തെ ചർച്ചകളുടെ സ്വഭാവം പരിശോധിക്കാം¸.
“എല്ലാ നിയമങ്ങളും ചട്ടങ്ങളും ഹിന്ദുക്കൾക്കും മുസ്ലിമിനും സിഖുകാർക്കും മറ്റുള്ളവർക്കും ഒരുപോലെ ബാധകമായിരിക്കും. നിങ്ങൾക്ക് ഹിന്ദുക്കൾക്കുമാത്രമായോ മുസ്ലിമിനുമാത്രമായോ ക്രിസ്ത്യാനിക്കുമാത്രമായോ നിയമം ഉണ്ടാക്കാൻ കഴിയില്ല.” 1949 ആഗസ്ത് 10, 11, 12 തീയതികളിൽ ഭരണഘടന അസംബ്ലിയിൽ നടന്ന പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളുടെ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ജവാഹർലാൽ നെഹ്റു വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ നടത്തിയ ഇടപെടലാണോ എന്ന് സംശയിച്ചുപോകും. ഏതോ പുതിയ കാര്യമെന്നമട്ടിൽ ഇന്ന് അവതരിപ്പിക്കുന്നവയെല്ലാം ഭരണഘടന അസംബ്ലി ആഴത്തിൽ ചർച്ച ചെയ്ത് തീർപ്പുകൽപ്പിച്ചവയാണ്.
പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകൾ അവതരിപ്പിക്കുമ്പോഴും പാസാക്കുമ്പോഴും ഒരു മതത്തെ സംബന്ധിച്ച പരാമർശവും അതിലുണ്ടായിരുന്നില്ല. എന്നാൽ, ദേശ്‌മുഖ് അവതരിപ്പിച്ച ഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകണമെന്നതായിരുന്നു. ‘‘മറ്റൊരു രാജ്യത്തിന്റെയും പൗരനല്ലാത്തതും ഇന്ത്യയിൽ താമസിക്കുന്നതുമായ ഹിന്ദുവും സിഖുകാരനും ഇന്ത്യൻ പൗരനായിരിക്കും’’ എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഭേദഗതി. തുടർന്ന് ഇങ്ങനെ വിശദീകരിച്ചു. “നമ്മൾ ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം സ്വാഭാവികമായി നേടുന്നതിന് മറ്റു രാജ്യങ്ങളില്ല. അതുകൊണ്ട് എത്രകാലം ഈ മതത്തിൽ തുടരുന്നുവോ അത്രയും കാലം ഹിന്ദുവിനും സിഖുകാർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അവകാശമുണ്ട്. മുസ്ലിമിനുമാത്രമായി പാക്കിസ്ഥാൻ ആകാമെങ്കിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയെ തങ്ങളുടെ രാഷ്ട്രമാക്കി മാറ്റാം”. യഥാർഥത്തിൽ ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇതല്ലാതെ മറ്റേതു രാഷ്ട്രമാണുള്ളതെന്ന് പ്രധാനമന്ത്രിമുതൽ എല്ലാവരും വിശദീകരിക്കുന്നത് കേൾക്കുമ്പോൾ, ദേശ്‌മുഖിന്റെ വാദത്തിന്റെ തനിയാവർത്തനമാണോ എന്നു തോന്നും.
എന്നാൽ, ഈ നിലപാട് അന്ന് ഭരണഘടന അസംബ്ലി അംഗീകരിക്കാതെ പോയതാണെന്നതാണ് ചരിത്രം. അല്ലാടി കൃഷ്ണസ്വാമി അയ്യർ ഇതിനെല്ലാം നൽകിയ മറുപടിയാണ് അസംബ്ലിയുടെ തീരുമാനമായി മാറിയത്. “നമുക്ക് മതത്തിന്റെയോ വംശത്തിന്റെയോ മറ്റെന്തെങ്കിലിന്റേതുമോ അടിസ്ഥാനത്തിൽ വ്യക്തികളെ തമ്മിൽ വേർതിരിക്കാനാകില്ല. നമ്മൾ പലഘട്ടങ്ങളിൽ ചർച്ച ചെയ്ത് അംഗീകരിച്ച തത്വങ്ങൾ അതിന് അനുവദിക്കുന്നില്ല.”
എന്നാൽ, പിന്നീടും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് വേണമെന്ന വാദം മറ്റ് ആർട്ടിക്കിളുകളുടെ ചർച്ചയിലും ഒരു വിഭാഗം ഉന്നയിക്കുകയുണ്ടായി. 1948 ജൂലൈ 19നുമുമ്പ് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് വന്നവർക്ക് സ്വാഭാവികമായും പൗരത്വം നൽകുമെന്നും അതിനുശേഷം വന്നവരിൽ ഭരണഘടന അംഗീകരിക്കുന്നതുവരെയുള്ള കാലയളവിൽ തുടർച്ചയായി ആറുമാസം ഇന്ത്യയിൽ താമസിച്ചവർക്കും ഇവിടെ പെർമിറ്റിനായി രജിസ്റ്റർ ചെയ്തവർക്കും പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥയെ സംബന്ധിച്ച് ഗൗരവമായ തർക്കങ്ങളുണ്ടായി. എങ്കിലും അംബേദ്കർ അവതരിപ്പിച്ച ഭേദഗതിതന്നെ അംഗീകരിച്ചു. ആർട്ടിക്കിൾ ഏഴുപ്രകാരം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് പോയവർക്ക് പൗരത്വം നഷ്ടമാകും. എന്നാൽ, അങ്ങനെയുള്ളവരിൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന, പെർമിറ്റ് എടുത്തവർക്ക് പൗരത്വം നൽകണമെന്ന വ്യവസ്ഥയിൽ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇവർക്ക് ഒരുകാരണവശാലും പൗരത്വം നൽകരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു വിഭാഗം മുസ്ലിമിനെ അതിൽനിന്ന് ഒഴിവാക്കണമെന്ന് വാദിച്ചു. അതിനുള്ള മറുപടിയായാണ് നെഹ്റു നേരത്തേ പരാമർശിച്ച പ്രസംഗം നടത്തിയത്.
ഈ വ്യവസ്ഥയെ ജുഗുപ്സാവഹമെന്നാണ് ജസ്പാൽ റോയ് കപൂർ വിശേഷിപ്പിച്ചത്. പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുക്കൾ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും നൽകിക്കഴിഞ്ഞെന്നും തിരിച്ചുവരുന്നവർ സ്വത്ത് ആവശ്യപ്പെട്ടാൽ അത് ഗൗരവമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ “നമ്മൾ കച്ചവടക്കാരുടെ രാഷ്ട്രമല്ല. എന്തെല്ലാം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും നമ്മൾ ആദർശങ്ങളിൽ ഉറച്ചുനിൽക്കണം.” എന്നും ബ്രജേശ്വർ പ്രസാദ് മറുപടി നൽകി. ഹിന്ദുക്കളെപ്പോലെതന്നെ മുസ്ലിമുകളും ഇന്ത്യയോട് തുല്യമായ കൂറുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തിരിച്ചുവരുന്നവരിൽ മുസ്ലിം വിഭാഗത്തിന് പൗരത്വം നൽകരുതെന്ന് മറ്റു ചിലർ വാദിച്ചു. മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ചരിത്രത്തിൽ ഇതുവരെ രക്തബന്ധമുള്ള സഹോദരരായി കണക്കാക്കിയ മുസ്ലിം ജനത, വിഭജനത്തോടെ എങ്ങനെ ശത്രുവായി മാറുമെന്ന ചോദ്യം ബ്രജേഷ് ചോദിച്ചു. ജിന്ന ജനങ്ങളെ വിഭജിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ, നമ്മൾ അത് അനുവദിച്ചില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് തങ്ങൾ സാക്ഷാൽക്കരിക്കുന്നത്. ഇപ്പോൾ വാദിക്കുന്നവർ ഈ ചരിത്രത്തെ തമസ്കരിക്കുകയാണ്.
അത് അന്നേ ശക്തിപ്പെട്ടിരുന്ന ചിന്താധാരയുടെ ഭാഗമാണ്. മുസ്ലിമിന് പൗരത്വത്തിന് അർഹതയില്ലെന്ന് ഗോൾവാൾക്കർ ‘നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു’ എന്ന കൃതിയിൽ വ്യക്തമാക്കി. ഗോൾവാൾക്കറുടെയും സവർക്കറുടെയും നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതായതുകൊണ്ട് വിശദീകരിക്കുന്നില്ല. ഹിന്ദുവിന്റെ സംസ്കാരം മുസ്ലിമിനേക്കാളും ഉയർന്നതാണ് എന്നതായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, 1926ൽ ബംഗാളിലെ ഹിന്ദു പ്രവിശ്യ കോൺഗ്രസിൽ അവതരിപ്പിച്ച നാല് പേജുള്ള പ്രബന്ധത്തിൽ പ്രശസ്ത ബംഗാളി നോവലിസ്റ്റായ ശരച്ചന്ദ്ര ചതോപാധ്യായ കുറെക്കൂടി തീവ്രമായ നിലപാട് അവതരിപ്പിക്കുന്നുണ്ട്. ‘‘ഉന്നതകുലജാതനും അല്ലാത്തവനുമായ ഹിന്ദു ജനിക്കുന്നത് സംസ്കാരത്തോടുകൂടിയാണ്. എന്നാൽ, മുസ്ലിം ജനിക്കുന്നത് സംസ്കാരമില്ലാതെയാണ്. പിന്നീട് സംസ്കാരം ആർജിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ഹിന്ദു മുസ്ലിം ഐക്യമെന്നത് പ്രായോഗികമല്ലെന്നുമാത്രമല്ല, പ്രകൃതിവിരുദ്ധവുമാണ്.” സംസ്കാരമില്ലാത്ത മുസ്ലിമിനെ പുറംതള്ളേണ്ടത് രാഷ്ട്രത്തിന്റെ സംസ്കാരം സംരക്ഷിക്കാൻ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുറംതള്ളലിന്റെ കാഴ്ചപ്പാടിനെ അന്ന് ഭരണഘടന അസംബ്ലി തള്ളിക്കളഞ്ഞതാണ്.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്ത്യയിലേക്ക് വന്നവരുടെ പൗരത്വത്തിന്റെ പ്രശ്നവും ഇന്ത്യയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനിലേക്ക് പോയതിന്റെ ഭാഗമായി പൗരത്വം നഷ്ടപ്പെട്ടവർ സ്വയം നിശ്ചയിച്ച് ഇവിടെ സ്ഥിരമായി താമസിക്കാൻ ഭരണഘടന അംഗീകരിക്കുന്നതിനുമുമ്പ് തിരിച്ചുവരികയാണെങ്കിൽ അവരുടെ പൗരത്വപ്രശ്നവും, അന്നേ ഭരണഘടന അസംബ്ലി തീർപ്പുകൽപ്പിച്ചതാണ്. തിരിച്ചുവരുന്നവരിൽ മുസ്ലിം വിഭാഗം മാത്രമല്ല, എല്ലാ മതത്തിൽപ്പെട്ടവരുമുണ്ടായിരുന്നു. ബോധപൂർവം അങ്ങോട്ടുപോയവരുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു ഔറംഗാബാദിൽ ജനിച്ച് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങളിൽത്തന്നെ പ്രവർത്തിച്ചിരുന്ന മൗദൂദി. മതനിരപേക്ഷ ഇന്ത്യയിൽ ജീവിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാനിലേക്ക് പോയ വ്യക്തിയാണ് അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ ഈ സ്ഥാപകൻ, രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതുതന്നെ അംഗീകരിച്ചിരുന്നില്ല. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊണ്ട വ്യക്തിയാണ്. എന്നാൽ, എല്ലാ മുസ്ലിം ജനവിഭാഗങ്ങളും അങ്ങനെയാണെന്നു പറയുന്നത്, അങ്ങേയറ്റം തെറ്റായിരിക്കും. ഷെഹ്നായി വാദനത്തിലൂടെ ലോകത്തിന്റെ ഹൃദയം കവർന്ന ഉസ്താദ് ബിസ്മില്ലാ ഖാൻ, ഒരിക്കൽ പറഞ്ഞ കാര്യം സിബിഎസ്ഇയുടെ ഒമ്പതാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയാലോ എന്ന് ചോദിച്ച ബന്ധുക്കളോട്, കാശിയും ഗംഗയും കാണാതെ എങ്ങനെയാണ് തനിക്ക് ഒരുനിമിഷമെങ്കിലും ജീവിക്കാൻ കഴിയുകയെന്ന മറുചോദ്യമാണ് അദ്ദേഹം ചോദിക്കുന്നത്. ബിസ്മില്ലാ ഖാൻ കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ ഷെഹ്നായി വായിക്കുന്നതിന് ഹിന്ദുത്വശക്തികൾ എതിരായിരുന്നു. ഇസ്ലാമിക മൗലികവാദികൾക്കും അതേനിലപാടായിരുന്നു. സംഗീതത്തിലൂടെ മതനിന്ദയാണ് ചെയ്യുന്നതെന്ന് വാദിച്ച ഇറാനിലെ മുസ്ലിം പണ്ഡിതന് മറുപടി നൽകിയത്, ഷെഹ്നായി വായിച്ചുകൊണ്ടാണ്. അതിന്റെ മാസ്മരികതയിൽ ലയിച്ചിരുന്ന പണ്ഡിതന് പിന്നെ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നത് ചരിത്രം. ഒരേസമയം സരസ്വതീദേവിയെയും അള്ളായെയും ആരാധിച്ച അപൂർവ വ്യക്തിത്വം എന്നാണ് രാമചന്ദ്ര ഗുഹ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇതെല്ലാം ശരിയായി തിരിച്ചറിഞ്ഞുതന്നെയായിരിക്കണം ഭരണഘടന അസംബ്ലി ആർട്ടിക്കിൾ ആറിനും ഏഴിനും രൂപംനൽകിയിട്ടുണ്ടാവുക.
പൗരത്വത്തിന് ദാർശനികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളുണ്ടെന്ന് ചർച്ചകൾ ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്. പൗരത്വത്തെ സംബന്ധിച്ച് രണ്ടു പ്രധാന കാഴ്ചപ്പാടുകളാണുള്ളത്. അതിലൊന്ന് ജസ് സോളി (jus soli)യാണ്. അതായത് ജന്മസിദ്ധമായ പൗരത്വം. എവിടെയാണോ ഒരു വ്യക്തി ജനിക്കുന്നത് അവർ ആ രാജ്യത്തിന്റെ സ്വാഭാവിക പൗരന്മാരായിരിക്കും. ആധുനിക രാഷ്ട്രങ്ങൾ ഈ ദർശനമാണ് പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ചിലെ ആദ്യവ്യവസ്ഥ ഈ ദർശനത്തിന്റേതാണ്. ‘‘ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ജനിക്കുന്ന ഏതൊരാളും ഇന്ത്യൻ പൗരനായിരിക്കും.’’ എന്നതാണ് ആ വ്യവസ്ഥ. ഇതിനെതിരെയും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. അത് പൗരത്വത്തിന്റെ വിലകളയുമെന്നുവരെ വാദിച്ചു. ബോംബെ എയർപോർട്ടിലുള്ള വിമാനത്തിലുള്ള സ്ത്രീ പ്രസവിച്ചാൽ ആ കുഞ്ഞിന് പൗരത്വം നൽകുന്നത് ഇന്ത്യൻ പൗരത്വത്തിന്റെ വിലകളയുന്ന നടപടിയാണെന്ന ചർച്ചകൾവരെ ഉയർന്നു.
ജന്മസിദ്ധ പൗരത്വത്തിനെതിരായ കാഴ്ചപ്പാടാണ് ജസ് സാൻഗ്യൂനിസോ (jus sanguinis). ഇത് രക്തബന്ധത്തെയും വംശത്തെയും സംസ്കാരത്തെയും അടിസ്ഥാനപ്പെടുത്തി പൗരത്വം നിർണയിക്കുന്നതാണ്. മാതാപിതാക്കൾ ഏതു രാജ്യം, വംശം എന്നിവയെ അടിസ്ഥാനമാക്കും. എന്നാൽ, ഇന്ത്യൻ ഭരണഘടന ആധുനിക കാഴ്ചപ്പാടിനെയാണ് പിന്തുടർന്നത്. അതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ച്. ഇവിടെ ജനിക്കുന്ന ഏതൊരാളും ഇന്ത്യൻ പൗരനായിരിക്കുമെന്നാണ് ഈ ആർട്ടിക്കിൾ 5(1) വ്യക്തമാക്കുന്നത്. പക്ഷേ, രാജീവ്ഗാന്ധി സർക്കാർ ഇതിൽ മാറ്റംവരുത്തി. പൗരത്വനിയമത്തിന് 1986ൽ വരുത്തിയ ഭേദഗതിയിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായിരിക്കണമെന്ന വ്യവസ്ഥ ചേർത്തു. മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ നിയമവിരുദ്ധ കുടിയേറ്റക്കാരനാകരുതെന്നും 2003ൽ വാജ്പേയി സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തി. ഫലത്തിൽ ഭരണഘടന അസംബ്ലി ഉയർത്തിയ വിശാലമായ കാഴ്ചപ്പാട് തിരുത്തപ്പെട്ടു. അങ്ങനെ ആർട്ടിക്കിൾ 5(1) മരിച്ച ഒന്നായാണ് ഭരണഘടനയിൽ ഇന്ന് തുടരുന്നത്.
ആർട്ടിക്കിൾ 5[2] പ്രകാരം മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യക്കാരനാണെങ്കിൽ അവരുടെ കുട്ടിക്കും പൗരത്വത്തിന് അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യക്കാരായ മാതാപിതാക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ ഉള്ളവരോ ആണെങ്കിൽ അവർക്ക് പൗരത്വം നൽകാമെന്ന് നിഷ്കർഷിക്കുന്നതാണ് ആർട്ടിക്കിൾ എട്ട്. എന്നാൽ, മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വമേധയാ സ്വീകരിച്ചാൽ അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആർട്ടിക്കിൾ ഒമ്പത്. പൗരത്വം സംബന്ധിച്ച വിശദമായ നിയമങ്ങൾ ഉണ്ടാക്കുന്നതിനായി പാർലമെന്റിന് അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 11. ഇതാണ് വിവാദമായ പൗരത്വ ഭേദഗതിനിയമം ഉൾപ്പെടെ പാസാക്കുന്നതിന് പാർലമെന്റിന് അധികാരം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1955ൽ പൗരത്വ ഭേദഗതിനിയമം പാർലമെന്റ് പാസാക്കുന്നത്. ഈ നിയമവും അതിന് 2019നുമുമ്പുണ്ടായ ഒമ്പത് ഭേദഗതികളും ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിന് അനുസൃതമായാണ്. അതായത് മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ രാഷ്ട്രത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും അടിസ്ഥാന നിയമത്തിലും ഭേദഗതികളിലും ഉണ്ടായില്ലെന്നതാണ് പ്രധാനം.
2019ലെ ഭേദഗതിയാകട്ടെ ഭരണഘടന അസംബ്ലി അംഗീകരിച്ച എല്ലാ മൗലിക നിലപാടുകളെയും തള്ളിക്കളഞ്ഞു. 2015ലും 2016ലും കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയ രണ്ട് വിജ്ഞാപനങ്ങൾ പൗരത്വബില്ലിന്റെ പരിസരം ഒരുക്കലുമായിരുന്നു. 1946ലെ വിദേശികളെ സംബന്ധിച്ച നിയമവും 1920ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമവും ഇന്ത്യയിലേക്കുള്ള വിദേശികളുടെ പ്രവേശനവും താമസവും പുറത്താക്കലും നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ്. പാസ്പോർട്ടും വിസയും ഉൾപ്പെടെയുള്ള ആധികാരിക രേഖകളില്ലാതെ രാജ്യത്ത് വരുന്നവരെയും രേഖകളുടെ കാലാവധിക്കുശേഷം രാജ്യത്ത് താമസിക്കുന്നവരെയും അനധികൃത കുടിയേറ്റക്കാരായാണ് പരിഗണിക്കുന്നത്. ഇവരെ തിരിച്ച് കയറ്റിവിടുന്നതിനും ജയിലിലടയ്ക്കുന്നതിനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. എന്നാൽ, നേരത്തേ സൂചിപ്പിച്ച രണ്ടു നിയമങ്ങളുടെയും പരിധിയിൽനിന്ന് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റുകൾ, ജൈനർ, പാഴ്സി, ക്രിസ്ത്യാനികൾ എന്നിവരെ ഒഴിവാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗങ്ങളിൽപ്പെട്ട അനധികൃത കുടിയേറ്റക്കാരെ ജയിലിലടയ്ക്കാനോ തിരിച്ച് കയറ്റിവിടാനോ പാടില്ല. മതാടിസ്ഥാനത്തിൽ അഭയാർഥികളെ വേർതിരിച്ച ഈ നടപടി യഥാർഥത്തിൽ ഭരണഘടനാവിരുദ്ധമായിരുന്നു. അത്തരം വിജ്ഞാപനങ്ങൾ നിരാകരണ പ്രമേയങ്ങളിലൂടെ ചോദ്യംചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം വിഭാഗങ്ങളെയും ശ്രീലങ്കയിൽനിന്നുള്ള ഹിന്ദുക്കൾതന്നെയായ തമിഴരെയും വിവേചനത്തോടെ മാറ്റിനിർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. നിയമത്തിന്റെ പ്രയോഗത്തിൽനിന്ന് ചില പ്രത്യേക വിഭാഗങ്ങളെമാത്രം ഒഴിവാക്കുന്നത് യഥാർഥത്തിൽ നിയമത്തിന്റെതന്നെ ഭേദഗതിയാണ്. പാർലമെന്റിന്റെ അധികാരം കവർന്നെടുത്തുകൊണ്ടാണ് എക്സിക്യൂട്ടീവ് ഈ വിവേചനം നടത്തിയത്.
ഇതിന്റെ ഭാഗമായിത്തന്നെയാണ് 2016ൽ മോഡിസർക്കാർ 1955ലെ പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിനായി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. നേരത്തേ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ പ്രത്യേക പരിഗണന നൽകിയ മൂന്നു രാജ്യങ്ങളിലെ ആറ് വിഭാഗങ്ങളിൽപ്പെട്ട അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനാണ് പ്രധാനമായും ഈ ഭേദഗതി കൊണ്ടുവന്നത്. ശക്തമായ എതിർപ്പ് പാർലമെന്റിനകത്തും പുറത്തും ഉയർന്നതോടെ ഈ ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ശരിയായ സമയമെടുത്തും ആഘാതം അനുഭവിക്കുന്നവരുടെ അഭിപ്രായങ്ങൾ കേട്ടും പരിശോധന നടത്താൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി തയ്യാറായില്ല. ഈ ബില്ലുമായി ബന്ധപ്പെട്ട ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുപോലും കമ്മിറ്റി തയ്യാറായില്ല. ഈ കമ്മിറ്റിയിൽ അംഗമായിരുന്ന സിപിഐ എം പ്രതിനിധി മുഹമ്മദ് സലിം ഈ ബില്ലിന്റെ എല്ലാ വശങ്ങളും വിശദമായി പ്രതിപാദിച്ചുകൊണ്ട് ഭരണഘടനാവിരുദ്ധമായ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന വിയോജനക്കുറിപ്പ് നൽകുകയുണ്ടായി. 2019 ജനുവരി ഏഴിന് ലോക്‌സഭാ ബിൽ പാസാക്കിയെങ്കിലും അന്നത്തെ രാജ്യസഭയുടെ ഘടനയിൽ ആശങ്കയുണ്ടായിരുന്നതുകൊണ്ട് അവിടെ അവതരിപ്പിച്ചില്ല. ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ഈ ബിൽ ലാപ്സായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം 2019 ഡിസംബറിൽ ബിൽ പുതുതായി ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കി. അതിന്റെ തുടർച്ചയിൽ രാജ്യസഭയും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ചതോടെ മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ ബിൽ നിയമമായി.
ലോകത്തെമ്പാടുമുള്ള വിവേചനം അനുഭവിക്കുന്ന ഹിന്ദുക്കളുടെ സ്വാഭാവികഗൃഹമായി ഇന്ത്യ മാറും. അവരെ ഈ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്ന അഭിപ്രായം ഇപ്പോൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. യഥാർഥത്തിൽ ഭരണഘടന അസംബ്ലിയിൽ പൗരത്വത്തെ സംബന്ധിച്ച ചർച്ചകളിൽ ഈ പ്രശ്നം ഉന്നയിച്ച് അന്നേ തള്ളിക്കളഞ്ഞതാണ്. ആർട്ടിക്കിൾ അഞ്ചും ആറും സംബന്ധിച്ച ചർച്ചകളിൽ ഈ ഭേദഗതി അവതരിപ്പിക്കുന്നത് ദേശ്‌മുഖാണ്. ലോകത്തെവിടെയുമുള്ള ഹിന്ദുക്കളും സിഖുകാരും ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന ഭേദഗതിയാണ് പ്രധാനമായും അവതരിപ്പിച്ചത്. പല അംഗങ്ങളും ഇതിനോട് ശക്തമായി വിയോജിച്ചു. ‘‘ഇന്ത്യൻ ജനതയെ തുടച്ചുനീക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. മതനിരപേക്ഷതയുടെ പേരിൽ നമ്മുടെ ജനതയെ, ഹിന്ദുക്കളെ, സിഖുകാരെ തുടച്ചുനീക്കണമെന്നാണോ നിങ്ങൾ പറയുന്നത്.’’ ഇതിനോട് യോജിച്ചുകൊണ്ട് താക്കൂർ ദാസ് ഭാർഗവ നടത്തിയ പ്രസംഗം വായിക്കുകയാണെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇപ്പോൾ നടത്തുന്ന പ്രസംഗമാണെന്ന് തെറ്റിദ്ധരിച്ചുപോകും. “ഇന്ത്യയല്ലാതെ ഹിന്ദുക്കൾക്കും സിഖുകാർക്കും മറ്റൊരു ഗൃഹമില്ല. മതനിരപേക്ഷത എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് ഭയപ്പെടുത്തരുത്. പാകിസ്ഥാനിൽനിന്ന് ആസാമിലേക്കും മറ്റും വന്നിട്ടുള്ള മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഭൂരിപക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവർക്ക് ഒരുകാരണവശാലും പൗരത്വം നൽകാൻ പാടില്ല.’’ എന്നായിരുന്നു ഭാർഗവ പറഞ്ഞത്. അതോടെ മറ്റു ചില വാദങ്ങളും ഉന്നയിക്കപ്പെട്ടു. ഹിന്ദുവിനും സിഖുകാർക്കും പൗരത്വം കൊടുക്കുകയാണെങ്കിൽ പിന്നെ പാഴ്സികൾക്ക് പൗരത്വം നൽകേണ്ടതില്ലേ? അങ്ങനെയാണെങ്കിൽ മറ്റു മതവിഭാഗത്തിലുള്ളവർ തങ്ങൾ അവഗണിച്ചെന്ന് ചിന്തിക്കില്ലേ എന്ന സംശയങ്ങളാണ് പി കെ സിധ്വ ഉന്നയിക്കുന്നത്. ചർച്ച വഴിതെറ്റി വർഗീയമായ ചേരിതിരിവുകളിലേക്ക് പോകുന്നതു കണ്ടാണ് നെഹ്റു ഇടപെടുന്നത്. ഈ ചർച്ചയിൽ താൻ അസന്തുഷ്ടനാണെന്ന് വ്യക്തമാക്കി. ‘‘നമ്മൾ എന്തോ ത്യാഗം സഹിച്ച് മതനിരപേക്ഷത അംഗീകരിച്ചതാണെന്ന് തെറ്റിദ്ധരിക്കുരുത്. ലോകത്തിൽ തെറ്റിദ്ധരിക്കപ്പെടുകയും പിന്നോക്കം നിൽക്കുകയും ചെയ്യുന്ന അപൂർവം രാജ്യങ്ങളൊഴികെ മറ്റുള്ള രാജ്യങ്ങളെല്ലാം സ്വീകരിച്ച തത്വമാണ് നമ്മളും അംഗീകരിച്ചത്.’’ ഈ അഭിപ്രായത്തെ പിന്തുണച്ച് അല്ലാടി കൃഷ്ണസ്വാമി അയ്യർ മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ പൗരത്വത്തിന് ഒരു പരിഗണനയും വിവേചനവും പാടില്ലെന്ന് അഭിപ്രായപ്പെട്ടു.
ബ്രജ്വേശർ പ്രസാദ് കൊണ്ടുവന്ന ഭേദഗതി വിശാലമായിരുന്നു. ഏഷ്യക്കാർക്കെല്ലാം ഒറ്റ പൗരത്വം മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും പൊതു പൗരത്വംമാത്രം മതിയെന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. 130 ഭേദഗതികളാണ് ഭരണഘടന അസംബ്ലിയുടെ മുമ്പിൽ ഉണ്ടായിരുന്നത്. ഭേദഗതികൾ വോട്ടിനിടുന്നതിനുമുമ്പ് എല്ലാവരും ഭേദഗതികൾ പിൻവലിക്കാൻ അംബേദ്കർ ഒരു അഭ്യർഥന നടത്തി. ദേശ്‌മുഖ് ഒഴികെ എല്ലാവരും ഭേദഗതികൾ പിൻവലിച്ചു. എന്നാൽ, ദേശ്‌മുഖ് തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ലോകത്തിലെ എല്ലാ ഹിന്ദുക്കൾക്കും ഇന്ത്യയല്ലാതെ മറ്റൊരു വീടില്ലെന്നു പറയുന്ന പ്രധാനമന്ത്രിയുടെ അതേവാക്കുകളുള്ള ഭേദഗതിയാണ് അന്ന് വോട്ടിനിട്ട് ഭരണഘടന അസംബ്ലി പരാജയപ്പെടുത്തിയത്.
പൗരത്വ ഭേദഗതിനിയമത്തിന്റെ ഭരണഘടനാസാധുതയുടെ പ്രശ്നങ്ങളിലേക്ക് കടക്കുന്നില്ല. എന്നാൽ, ഇന്ത്യൻ ഭരണഘടനയുടെ ഒരു സവിശേഷത അത് തുല്യത ഉറപ്പുനൽകുന്നു എന്നതാണ്. ആർട്ടിക്കിൾ പതിനാലു പ്രകാരം പൗരൻമാർക്ക് മാത്രമല്ല രാജ്യത്തിന്റെ അതിർത്തിക്കുള്ളിലെ എല്ലാ മനുഷ്യരും നിയമത്തിന്റെ മുമ്പിൽ തുല്യത ഉറപ്പുവരുത്തുകയും ചെയ്തുന്നു. നിയമവ്യവസ്ഥ ഒരാൾക്കും പ്രത്യേകമായ പരിഗണന നൽകുകയോ വിവേചനത്തോടെ കാണുകയോ ചെയ്യാൻ പാടില്ലെന്നാണ് ഈ ആർട്ടിക്കിൾ ആധികാരികമായി പ്രഖ്യാപിക്കുന്നു. എന്നാൽ, വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക ആശ്വാസം നൽകുന്നതിന് നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് അവകാശമുണ്ടെന്ന വാദം ചിലർ അവതരിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി ഇക്കാര്യത്തിൽ നിരവധി തവണ വ്യക്തത വരുത്തിയിട്ടുള്ളതാണ്. അങ്ങനെയെുള്ള നടപടികൾ സുതാര്യവും പൊതുവായ മാനത്തോടുകൂടിയുമായിരിക്കണമെന്നുള്ളതാണ്. ഇന്ത്യയുമായി അതിർത്തിപങ്കിടുന്നതിൽ ചില രാജ്യങ്ങളിൽ ചില വിഭാഗങ്ങളോട് മാത്രം പരിഗണന നൽകുന്ന ഭേദഗതി നിയമം അതുകൊണ്ടുതന്നെ നിലനിൽക്കുന്നതല്ല.
അതുപോലെ തന്നെ ജീവിക്കാനുള്ള അകാശം ഉറപ്പവരുത്തുന്ന ആർട്ടിക്കിൾ 21 ഉം പൗരൻമാർക്ക് മാത്രം പരിമിതപ്പെടുന്നതല്ല. ജാതിയുടേയും മതത്തിന്റേയും സമ്പത്തിന്റേയും അതിർവരമ്പുകൾക്കതീതമായി എല്ലാ മനുഷ്യർക്കും അഭിമാനത്തോടെ ജീവിക്കാനുളള അവകാശമാണ് ഭരണഘടന ഉറപ്പുനൽകുന്നത്. അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് വന്നവരിൽ ചില വിഭാഗങ്ങൾക്ക് മാത്രം അഭിമാനത്തോടെ ജീവിക്കാൻ അവസരം നൽകുന്നതും മറ്റു ചിലരോട് അപമാനകരമായി പെരുമാറുന്നതും ഭരണഘടനയുടെ അടിസ്ഥാനസങ്കൽപ്പങ്ങൾക്ക് എതിരാണ്. തുല്യതയുടേയും ജീവിക്കാനുള്ള അവകാശത്തിന്റേയും ഭാഗമായി തന്നെയാണ് പൗരത്വം സംബന്ധിച്ച പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യേണ്ടത്.
ഇന്ത്യയിലുള്ള എന്നാൽ, ഇന്ന് പുതിയതെന്നമട്ടിൽ അവതരിപ്പിക്കുന്ന പല പ്രശ്നങ്ങളും അന്നേ ചർച്ച ചെയ്ത് തീർപ്പുകൽപ്പിച്ചവയാണ്. യഥാർഥത്തിൽ ആ തർക്കങ്ങളിലായിരുന്നു മുമ്പ് സൂചിപ്പിച്ച രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായത്. അന്ന്, മതാത്മക ഏകമുഖ സംസ്കാരത്തെ പരാജയപ്പെടുത്തി ബഹുമുഖ മതനിരപേക്ഷ സംസ്കാരത്തിനാണ് മേൽക്കൈ കിട്ടിയത്. ഇപ്പോൾ പഴയ വാദങ്ങൾ അതേ വാക്കുകളിൽത്തന്നെ പുതിയ ആളുകൾ അവതരിപ്പിക്കുന്നു. ഇന്ത്യ മതരാഷ്ട്രമാണെന്ന പൊതുബോധത്തിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നതിനുള്ള പ്രചാരണം നടത്തുന്നു. മതനിരപേക്ഷതയിൽനിന്നു മതാധിപത്യത്തിലേക്കുള്ള മാറ്റമെന്നത് ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്. അത് പൗരത്വപ്രശ്നത്തിൽമാത്രമായി പരിമിതപ്പെടില്ല. മൗലികാവകാശങ്ങളിലും സ്വാതന്ത്ര്യത്തിലുമെല്ലാമുള്ള കടന്നുകയറ്റമായി മാറും.
