പൗരത്വ ബിൽ: കേരളത്തിന്റെ സമീപനം

പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം 2019 ഡിസംബർ 9ന് ലോക്‌സഭയും 11 ന് രാജ്യസഭയും പാസാക്കി. അതിനെതിരായി രാജ്യത്തെമ്പാടും പ്രതിഷേമുയർന്നുവന്നു. ആ പ്രതിഷേധത്തിൽ കേരളം ഒറ്റക്കെട്ടായാണ് അണിനിരന്നത്. ആ സന്ദേശം രാജ്യമാകെ അറിയിക്കുന്നതിനാണ് ഒരു സർവ്വകക്ഷി സത്യഗ്രഹം തന്നെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. ഇന്ത്യാ രാജ്യം ഉയർത്തിപ്പിടിച്ച മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തോടൊപ്പമാണ് കേരളം എന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. 


നൂറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ചരിത്രപരമായ പ്രക്രിയയിലൂടെ വികസിച്ചുവന്നതാണ് ഇന്ത്യ എന്ന രാജ്യം. 2500 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണയേ നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായി രാഷ്ട്രം എന്ന സങ്കൽപ്പവും വികസിച്ച് വരികയാണ് ഉണ്ടായത്. മതങ്ങളുടെയും ഭാഷകളുടെയും വൈവിധ്യങ്ങൾക്കിടയിലും തങ്ങൾക്ക് പൊതുവായ സാംസ്‌കാരിക സവിശേഷതകൾ ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ആധുനിക ഇന്ത്യ രൂപപ്പെടുന്നത്. ജനങ്ങൾ സൃഷ്ടിച്ചതാണ് ഇന്ത്യ എന്ന രാജ്യ സങ്കൽപ്പം. ജനങ്ങളുടെ ഐക്യത്തിൽ നിന്നുടലെടുത്ത ഒന്നാണത്.
ഇത്തരം കാഴ്ചപ്പാടുകൾ വളർന്നുവന്നത് വിവിധ സംസ്‌കാരങ്ങളുടെ സംഗമത്തിലൂടെയാണ്. നിരവധി ജനവിഭാഗങ്ങൾ ഈ സംസ്‌കാരത്തിന്റെ ധാരയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. അതുകൊണ്ടാണ് സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി നമ്മുടെ നാട് മാറിയത്.  റോമാക്കാർ, ഗ്രീക്കുകാർ, ചീനക്കാർ, ആര്യന്മാർ, പേർഷ്യക്കാർ, തുർക്കികൾ, എന്നിവർ പ്രതിനിധാനം ചെയ്ത അനേകം ധാരകളെ ഉൾക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാജ്യം വളർന്നുവന്നത്. ഇന്ന് ഇന്ത്യയിൽ കാണുന്ന ഭാഷകളും വസ്ത്രങ്ങളും ഭക്ഷണങ്ങളും സംസ്‌കാരങ്ങളുമെല്ലാം ഇത്തരത്തിലുള്ള സംഗമങ്ങളുടെ മൂശകളിലൂടെ രൂപപ്പെട്ടുവന്നതാണ്.


ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുകയും ഇവിടുത്തെ ജനതയെ വ്യത്യസ്ത തലങ്ങളിൽ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തപ്പോൾ അവയ്‌ക്കെതിരായ പ്രതിരോധ മുന്നേറ്റങ്ങൾ രാജ്യത്ത് വളർന്നുവന്നു. നാടിന്റെ വൈവിധ്യങ്ങളുടെ പ്രതിഫലനമെന്നോണം ഇന്ത്യൻ ദേശീയ പ്രസ്ഥാനം വ്യത്യസ്ത ധാരകളുടെ മഹാപ്രവാഹമായിരുന്നു. മതനിരപേക്ഷതയുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും സാമൂഹ്യ നീതിയുടെയുമെല്ലാം ആശയങ്ങൾ ഉള്ളടങ്ങിയിട്ടുള്ള മഹത്തായ ജനകീയ പ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം.


കാഴ്ചപ്പാടുകൾ പലതായിരുന്നെങ്കിലും സാമ്രാജ്യത്വനുകത്തിൽ നിന്നുള്ള രാജ്യത്തിന്റെ വിമോചനമായിരുന്നു അതിന്റെ അമരക്കാർ സ്വപ്നം കണ്ടത്. തുടർച്ചയായ സമര പോരാട്ടങ്ങളിലൂടെ ആധുനിക ഇന്ത്യ രൂപപ്പെടുകയായിരുന്നു. ആ ജനകീയ മുന്നേറ്റങ്ങളെ വർഗീയമായും വംശീയമായുമൊക്കെ തരംതിരിക്കാൻ ഒരുപാട് പരിശ്രമങ്ങൾ ബ്രിട്ടീഷ് ഭരണാധികാരികളുടെ നേതൃത്വത്തിൽ തന്നെ നടന്നിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് നമ്മുടെ രാജ്യം മതനിരപേക്ഷതയുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ രാഷ്ട്രമായി രൂപപ്പെട്ടത്.


സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ വളർന്നുവന്ന ഇന്ത്യൻ ദേശീയതയുടെ സ്വഭാവം ചൂഷണവും അടിച്ചമർത്തലുകളും അവസാനിപ്പിക്കാൻ സമത്വത്തിന്റെ ആശയങ്ങൾ മുന്നോട്ടുവെച്ച ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റേതായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തെ പോലെ ലോകരാജ്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംവിധാനങ്ങൾ രൂപീകരിക്കുന്നതിനു മുൻകൈയെടുക്കുന്നതിലേക്കും അത് നമ്മെ നയിച്ചു. ഇന്ത്യയുടെ ശബ്ദം ലോകം മുഴുവൻ ശ്രദ്ധിച്ചത് ഇത്തരം നിലപാടുകളിലൂടെയാണ്. ഇത്തരം മൂല്യങ്ങൾ എപ്പോഴൊക്കെ കൈയ്യൊഴിഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെയാണ് ലോകരാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാം പാർശ്വവത്ക്കരിക്കപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമവും സമാനമായ അവസ്ഥയിലേക്കാണ് നമ്മെ എത്തിച്ചത്. 

ഭരണഘടനയുടെ രൂപീകരണം

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഉയർന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കുവേണ്ടിയുള്ള കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്. അതായത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളാണ് അതിന്റെ സത്തയായി മാറിയത്. അതിനെ തകർക്കുന്നതിനുള്ള ഒരു പരിശ്രമത്തെയും അംഗീകരിക്കാനാവില്ല.
മതം, ലിംഗം, ഭാഷ, സംസ്‌കാരം, പ്രദേശം എന്നിങ്ങനെയുള്ള വിവേചനങ്ങളെ അത് എതിർക്കുന്നു. എല്ലാ മതവിശ്വാസികൾക്കും വിശ്വാസം ഇല്ലാത്തവർക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്ന അടിത്തറ ഒരുക്കുന്നതാണ് നമ്മുടെ ഭരണഘടന. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമിക രാഷ്ട്രമോ ആകാൻ പാടില്ലെന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറ. 
വ്യത്യസ്ത നാടുകളിൽ നിന്നും സംസ്‌കാരങ്ങളിലും നിന്നും രാഷ്ട്രീയത്തിൽനിന്നും കടന്നുവരുന്ന അംഗങ്ങൾ ഉൾപ്പെട്ട പാർലമെന്റിന് പരമാധികാരം നൽകുന്നതും ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന പാർലമെന്ററി ജനാധിപത്യവും ഇതിന്റെ തുടർച്ചയാണ്. ഇതിനെ പ്രസിഡൻഷ്യൽ രീതി കൊണ്ടു പകരംവെക്കാൻ ശ്രമിക്കുന്നതും ഭരണഘടനയിലെ നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാണണം.

പൗരത്വ നിയമം 1955 

ഭരണഘടന രൂപീകരിക്കപ്പെടുന്ന ഘട്ടത്തിൽ തന്നെ പൗരത്വം എന്ന പ്രശ്‌നം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 5, 6 അനുഛേദങ്ങളിലാണ് ഭരണഘടനാ നിർമ്മാതാക്കൾ പൗരത്വ പ്രശ്‌നം ചർച്ച ചെയ്തത്. കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലെ ചർച്ചകളിൽനിന്ന് ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിയും. അവയിൽ എവിടെയും മതാതീതഒരുമയുടെ പ്രതിഫലനമാണുള്ളത്. രാജ്യത്തോട് കൂറുപുലർത്താൻ തയ്യാറുള്ള ജനങ്ങൾക്ക് പൗരത്വം നൽകുന്ന കാഴ്ചപ്പാടാണ് അവിടെ ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയിൽ മതനിരപേക്ഷമായ പൗരത്വസങ്കൽപം ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. ഇതിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടാണ് 1955 ലെ പൗരത്വ നിയമം ആവിഷ്‌കരിക്കപ്പെട്ടത്. അതായത്, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങൾ ഭരണഘടന സ്വാംശീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ നിയമം രാജ്യത്ത് നിലവിൽ വരികയുമാണ് ചെയ്തിട്ടുള്ളത്.


പിൽക്കാലത്ത് ചില ഭേദഗതികൾ അവതരിപ്പിച്ചിട്ടുണ്ട്. 1985 ൽ ‘അസ്സാം അക്കോർഡി’ന് അനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് ഭേദഗതി ഉണ്ടായത്. 2004 ൽ ഭേദഗതി ചെയ്തത് വിദേശികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കാനായിരുന്നു. 2005 ൽ ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഇന്ത്യൻ പൗരത്വം (Overseas Citizenship of India) നൽകുന്നതിനുമായിരുന്നു. എന്നാൽ ഈ ഭേദഗതികളിലൊന്നും തന്നെ മതപരമായ വിവേചനത്തിന്റെ ലാഞ്ഛനയോ മൗലികാവകാശം ലംഘിക്കുന്ന തരത്തിലുള്ള ഒരു കാഴ്ചപ്പാടോ ഉണ്ടായിരുന്നതുമില്ല. അതിനാൽ തന്നെ ഈ ഭേദഗതികൾക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടിവന്നതുമില്ല.

പൗരത്വ ഭേദഗതി നിയമം 2019 


2019ലെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുള്ളത് ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെയും വ്യക്തിയുടെ മൗലികാവകാശങ്ങളെയും അത് ചോദ്യം ചെയ്യുന്നതുകൊണ്ടാണ്. ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയ പൗരത്വ നിയമത്തെ അട്ടിമറിക്കുന്ന പ്രശ്‌നമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.


പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്2014 ഡിസംബർ 31 നു മുമ്പ് വന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രൈസ്തവ മതങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകുമെന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന ഉള്ളടക്കം. മാത്രമല്ല, നിലവിലെ 11 വർഷത്തിനുപകരം 5 വർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഈ വിഭാഗക്കാർക്ക് പൗരത്വം നൽകുമെന്നാണ് പറയുന്നത്.
മുസ്ലീം ജനവിഭാഗത്തെ ഇതിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നുവെന്നതാണ് ഗൗരവതരമായ പ്രശ്‌നം. അയൽ രാജ്യങ്ങൾ എന്ന പേരിൽ അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തുമ്പോൾ തന്നെ ഇന്ത്യയുമായി അതിരു പങ്കിടുന്ന മ്യാൻമാറിനെയും ശ്രീലങ്കയെയും ഭൂട്ടാനെയും നേപ്പാളിനെയും ഒഴിവാക്കിക്കൊണ്ട് തങ്ങളുടെ അജണ്ട സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. ചരിത്രപരമായി ഇന്ത്യയുമായി ബന്ധമുള്ളതും ആധുനിക കാലത്ത് അതിർത്തി പങ്കിടുന്നതും ഇടപെടുന്നതും ശ്രീലങ്കയും മ്യാൻമാറും ഭൂട്ടാനും നേപ്പാളുമൊക്കെ ആണെന്നിരിക്കെ അവയെ മാറ്റിനിർത്തി അഫ്ഗാനിസ്ഥാനെ പ്രതിഷ്ഠിച്ചത് ഒരു പ്രത്യേക തരത്തിലുള്ള വർഗീയ സമീപനത്തിന്റെ ഭാഗമാണ്.

ഭരണഘടനാ വിരുദ്ധം


ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ മതത്തിന്റെയും രാഷ്ട്രത്തിന്റെയും അടിസ്ഥാനത്തിലുള്ള യുക്തിരഹിതമായ ഈ വേർതിരിക്കൽ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിത്തറയുലയ്ക്കും വിധം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാർലമെന്റിന് അധികാരം ഇല്ലെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. വസ്തുത ഇതായതുകൊണ്ടു കൂടിയാണ് പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാവുന്നത്.


പൗന്മാരും അല്ലാത്തവരുമായി ഇന്ത്യയിൽ താമസിക്കുന്ന മുഴുവൻ ജനങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്നതാണ് ഭരണഘടനയുടെ അനുഛേദം 14. ഇതും ഭരണഘടനയുടെ അടിസ്ഥാന ശിലയാണ്. ഭരണഘടനയുടെ അനുഛേദം 13 പ്രകാരം മൗലികാവകാശങ്ങൾക്കെതിരായ ഏതു നിയമവും അസാധുവാണ്. 


ഒരു രാജ്യത്തിന്റെ പൗരത്വത്തിന്റെ അടിസ്ഥാനം മതമായിത്തീരുമ്പോഴാണ് ആ രാജ്യം മതരാഷ്ട്രമായിത്തീരുന്നത്. പൗരത്വം എല്ലാ മതവിശ്വാസികൾക്കും വിശ്വാസം ഇല്ലാത്തവർക്കുമായി നൽകുമ്പോഴാണ് മതേതര രാഷ്ട്രമായി ഒരു രാജ്യം മാറുന്നത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ മതത്തിന്റെ പേരിലുള്ള പൗരത്വ നിർണയത്തെ ഇല്ലാതാക്കിയേ പറ്റൂ. ലോകത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉന്നതാവസ്ഥയിലേക്ക് എത്തിനിൽക്കുന്നത് മതേതര രാഷ്ട്രങ്ങളിലാണെന്ന യാഥാർത്ഥ്യവും നമ്മുടെ മുമ്പിലുണ്ട്.

അടിച്ചമർത്തലിനെതിരോ?


അടിച്ചമർത്തലിന്റെ പേരു പറഞ്ഞാണ് ഈ നിയമം അവതരിപ്പിക്കപ്പെട്ടതെങ്കിലും എറ്റവുമധികം അടിച്ചമർത്തലിന് വിധേയമായ ജനവിഭാഗങ്ങളെ ഇവർ ബോധപൂർവ്വം ഒഴിവാക്കിയിരിക്കുന്നു. ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയ ആയിരക്കണക്കിനാളുകൾ ഉണ്ട്. അവരെപ്പറ്റി മിണ്ടാട്ടമില്ല. മ്യാൻമാറിൽ നിന്ന് പുറത്താക്കപ്പെട്ട റോഹിൻഗ്യൻ വിഭാഗങ്ങളും എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല എന്ന ചോദ്യവും ഗൗരവമായി ഉയർന്നുവരുന്നുണ്ട്.


അടിച്ചമർത്തപ്പെട്ടത് എന്ന പുറംമോടി പ്രദർശിപ്പിച്ചുകൊണ്ട് തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള ആസൂത്രിതമായ ചുവടുവയ്പ്പാണ് ഇത് എന്ന് വ്യക്തം. നേരത്തേ നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും. മുത്തലാഖിന്റെ പ്രശ്‌നം വന്നപ്പോൾ മുസ്ലീം വിഭാഗത്തിന്റെ മാത്രം വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് വിവേചനം കാണിച്ചു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങൾക്കായി സവിശേഷ നിയമങ്ങൾ നിലനിൽക്കെ ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് ഇല്ലാതാക്കുകയും ചെയ്തു. ഇതൊക്കെ ഒരു അജണ്ടയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് എത്ര ദൂരവ്യാപകമായ അജണ്ടയാണിതെന്ന് വ്യക്തമാകുക.

ലോകരാഷ്ട്രങ്ങളിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തും


1951 ലെ അഭയാർത്ഥികൾക്കായുള്ള യുഎൻ കൺവെൻഷനും 1967 ലെ പ്രോട്ടോകോളിനും എതിരായിട്ടുള്ള നിയമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ ഈ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയും ഫ്രാൻസും ബ്രിട്ടനും തങ്ങളുടെ എതിർപ്പ് പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ലോകജനതയിൽ നിന്നും പരിഷ്‌കൃതമായ ആധുനിക ജീവിത മൂല്യങ്ങളിൽ നിന്നും നമ്മെ മാറ്റിനിർത്തുന്ന ഇത്തരം നയങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസനത്തെ തന്നെ ദുർബലമാക്കാനേ ഉപകരിക്കൂ.

കേരളത്തിന്റെ പ്രതിരോധം


പൗരത്വ ഭേദഗതി നിയമത്തിനെതിരെ നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് കേരളം ശക്തമായി പ്രതികരിക്കുന്നത്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങൾ നമ്മുടെ കാഴ്ചകളിൽ വെളിച്ചമായും ഉണ്ട്. കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലുകളുടെ ഫലമായി പാവപ്പെട്ട ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയം കൈമുതലായ സംസ്ഥാനമാണ് നമ്മുടേത്.


വ്യത്യസ്തമായ കാഴ്ചപ്പാടുകളെയും സംസ്‌കാരങ്ങളെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ് നമ്മുടെ പാരമ്പര്യം. ഇന്ത്യയിലെ ആദ്യകാല മുസ്ലീം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടായത് കേരളത്തിലാണ്. പ്രാചീന ബുദ്ധ-ജൈന അമ്പലങ്ങളുമുള്ള നാടാണ് നമ്മുടേത്. വൈദേശിക ശക്തികൾക്കെതിരായുള്ള പോരാട്ടത്തിൽ കൈ-മെയ് മറന്ന് പൗരുതിയതുതന്നെ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചാണ്. കുഞ്ഞാലിമരയ്ക്കാരും പഴശ്ശിരാജാവും ഒക്കെ പൗരുതിയ ചരിത്രവും കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരന്മാരായി കണക്കാക്കാൻ പറ്റില്ലെന്ന്  ആര് പ്രഖ്യാപിച്ചാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന മറുപടി പ്രഖ്യാപനം നമ്മുടെ സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കലാണ്.


ഒരു സംസ്ഥാനത്തിന് ഇത്തരത്തിൽ കേന്ദ്ര നിയമത്തിനെതിരെ ഇത്തരമൊരു തീരുമാനം എടുക്കാമോ എന്ന സംശയം പലരും ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമെല്ലാം രൂപീകരിക്കുന്നതും നിലനിൽക്കുന്നതും പൗരത്വ നിയമങ്ങൾ ഉണ്ടാകുന്നതുമെല്ലാം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ആ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് കേരളത്തിന്റെ പ്രതിബദ്ധത. സംസ്ഥാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിന്റെ അടിസ്ഥാനത്തിലാണ്. അത് അട്ടിമറിക്കാൻ ആരു മുന്നോട്ടുവന്നാലും ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും അവർക്കെതിരെ പോരാടിക്കൊണ്ടുമാണ് കേരളം മുമ്പോട്ടുപോവുക. ഇന്ത്യൻ ഭരണഘടനയോടുള്ള കൂറ് പുലർത്തലാണത്. സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ്; അല്ലാതെ ചില ശക്തികൾ സൃഷ്ടിക്കുന്ന അജണ്ടകളോടെല്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ ഇന്ത്യൻ ഭരണഘടനയെയും നിയമങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ അവസാന വാക്കായ സുപ്രീംകോടതിയെ തന്നെ സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ 
പൗരത്വ രജിസ്റ്ററും 

പൗരത്വ ഭേദഗതി നിയമത്തിന്റെ തുടർച്ചയായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്നാണ് അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ വ്യക്തമാക്കിയിട്ടുള്ളത്. പൗരത്വ രജിസ്റ്റർ പൂരിപ്പിക്കാൻ പറയുമ്പോൾ, ഇന്ത്യക്കാർ തന്നെ അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കണം എന്ന നില വരും. അതിന് ഇപ്പോഴുള്ള രേഖകൾ പോരാ, മാതാപിതാക്കളുടെയും അതിനു മുൻപ് ഉണ്ടായിരുന്നവരുടെയും ജനന സർട്ടിഫിക്കറ്റ് വേണം എന്ന് പറയും. അത് വലിയ സാമൂഹ്യ പ്രശ്‌നങ്ങളായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ അത്തരം രീതികൾ നടപ്പിലാക്കാനാവില്ല.

വർഗീയധ്രുവീകരണത്തെ തിരിച്ചറിയുക

പൗരത്വ പ്രശ്‌നം ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണുന്നവർ മഹത്തായ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്നതിന് സഹായകമാവുന്ന മുദ്രാവാക്യങ്ങൾ ഒരുക്കുകയാണ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെയും വർഗീയമായി ഇന്ത്യയെ ഛിദ്രീകരിക്കാനുള്ള സാമ്രാജ്യത്വത്തിന്റെയും വരവിനു പരവതാനി വിരിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആശയക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇത് ഏതെങ്കിലും ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ പ്രശ്‌നമല്ല. ആരാണ് ഇന്ത്യൻ പൗരൻ എന്ന് നിർണയിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ, ഇത് എല്ലാ ഇന്ത്യക്കാരുടെയും പ്രശ്‌നമാണ്.

മതേതരത്വ സംരക്ഷണത്തിനായുള്ള സമരം

നാം ഇന്ത്യക്കാരാണ് എന്ന പ്രാഥമിക പൗരബോധം ഉറപ്പിക്കാനുതകുന്ന ഘടന രൂപപ്പെടുത്തുക എന്നതാണ് പൗരത്വനിയമത്തിന്റെ അടിസ്ഥാനമായിത്തീരേണ്ടത്. എന്നാൽ അതിനുപകരം ഞാൻ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പൗരത്വ നിയമങ്ങൾ രാഷ്ട്രത്തെ ദുർബലപ്പെടുത്താനേ വഴിവെക്കൂ. മതനിരപേക്ഷതയെയും ഫെഡറൽ ഘടനയെയും സംരക്ഷിച്ചുകൊണ്ടു മാത്രമേ രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താനാവൂ. അതിനെ തകർക്കുന്ന ഏതു നീക്കവും രാഷ്ട്രത്തെ തന്നെ ദുർബലമാക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള  സമരം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ളതാണ്.


ജനകീയ മുന്നേറ്റങ്ങളുടെ അലമാലകൾ സൃഷ്ടിച്ച് മതനിരപേക്ഷ മൂല്യങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാവുമെന്ന് ലോകത്തെ അനുഭവങ്ങളെല്ലാം തെളിയിക്കുന്നുണ്ട്. ജനാധിപത്യ മുന്നേറ്റങ്ങൾക്ക് മുമ്പിൽ വർഗീയതയും വംശീയതയും മുട്ടുകുത്തിയ ചരിത്രമാണ് ലോകം നമ്മെ പഠിപ്പിക്കുന്നതെന്നത് നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ്.