പൗരത്വസങ്കല്പങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക മാനങ്ങൾ
കെ. എസ്. രഞ്ജിത്
പൗരത്വത്തെ സംബന്ധിച്ച എതൊരു ചർച്ചയും നമ്മെ ചരിത്രത്തിന്റെയും രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെയും തത്വ ചിന്താപരമായ പരികല്പനകളുടെയും കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെ ഭൂമികയിൽ ഊന്നി നിന്നുകൊണ്ട്, പൗരത്വ സങ്കൽപ്പങ്ങൾക്ക് ചരിത്രപരമായി വന്ന പരിണാമങ്ങളെ, അതിനാധാരമായി വർത്തിച്ച ഘടകങ്ങളെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത് .
ഒന്ന്
ദേശരാഷ്ട്ര സങ്കൽപനത്തിന്റെ ഒരു മുന്നുപാധി പൗരത്വത്തെ സംബന്ധിച്ച നിർവചനമാണ് . ആരാണ് ഒരു രാഷ്ട്രത്തിലെ പൗരൻ ,ആരായിരിക്കണം ഒരു പൗരൻ ,എന്ത് ഗുണ വിശേഷങ്ങളാണ് ഒരു പൗരനുണ്ടായിരിക്കേണ്ടത് എന്നത് ആദ്യമേ തന്നെ നിർവചിക്കേണ്ടതുണ്ട് . പക്ഷെ ഒരു രാഷ്ട്രം സ്ഥായിയായ ഒന്നല്ല . ആധുനിക കാലത്തു അതിന്റെ അതിരുകൾ ഏറെക്കുറെ സ്ഥിരമായി നിൽക്കുമ്പോഴും അതിന്റെ ഉള്ളടക്കം/ ഭരണ കൂടത്തിന്റെ സ്വഭാവം നിരന്തര പരിണാമങ്ങൾക്കു വിധേയമാകുന്നുണ്ട് . ഹിറ്റലറുടെ ജർമനി അല്ലല്ലോ രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള ജർമ്മനി .എന്തിനു ഒബാമയുടെ അമേരിക്കയല്ലല്ലോ തൊട്ടു പുറകെ അധികാരത്തിലേറിയ ട്രംപിന്റെ അമേരിക്ക.നെഹ്രുവിന്റെ ഇന്ത്യയും മോദിയുടെ ഇന്ത്യയും തമ്മിൽ മണത്തിലും ഗുണത്തിലും എന്തെങ്കിലും ബന്ധമുണ്ടോ . ഒരു മേശ എന്നും ഒരു മേശയായിരിക്കും എന്ന് നാം വിശ്വസിക്കുന്നത് പോലെ ഒരു രാജ്യം എന്നും ഒരേ ഗുണ വിശേഷങ്ങൾ നിലനിർത്തും എന്ന് നാം വൃഥാ വിശ്വസിക്കുകയോ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ആണ് . ഒരു തരത്തിലും ചരിത്രപരമായ സാധുതയുമില്ലാത്ത വിശ്വാസം . ഇങ്ങനെ നിരന്തര പരിണാമത്തിലൂടെ കടന്നു പോയ രാഷ്ട്രങ്ങൾ സ്വന്തം പൗര സങ്കല്പങ്ങളെ നിരന്തരം മാറ്റി വരച്ചിട്ടുണ്ട് . (മോദിയുടെ ഇന്ത്യ ഇന്നത് ചെയ്തതപ്പോളാണ് ഇന്ത്യക്കാരായ നമുക്ക് പെട്ടെന്ന് ഈ ബോധം ഉദിച്ചത് എന്ന് മാത്രം ).
ഒരു രാഷ്ട്രത്തിന്റെ സ്വഭാവം മാറുക എന്ന് പറഞ്ഞാൽ എന്താണ് ? രാഷ്ട്ര ഭരണകൂടം വെച്ച് പുലർത്തുന്ന പൊതുവായ സാമ്പത്തിക നയങ്ങൾ മാറുക , സ്വന്തം പ്രജകളോട് , അവരിൽ ചില വിഭാഗങ്ങളോട് , പുലർത്തുന്ന സമീപനങ്ങൾ മാറുക എന്നൊക്കെയാണത് . ഈ കാഴ്ചപ്പാടുകൾ സർവ വ്യാപിയായ മാറ്റങ്ങൾക്കു വഴിയൊരുക്കും . എതു മൂക്കിനും മൂലയിലും നമുക്കതു ദർശിക്കാനാവും . പൗരത്വസങ്കല്പങ്ങളിലും അത് സ്വാഭാവികമായി ഇടം പിടിക്കും .വിവിധ ദേശ രാഷ്ട്രങ്ങളുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഇത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ . ഉദാരമായ മാനവിക സങ്കല്പങ്ങളല്ല , മനുഷ്യത്വ പ്രചോദിതമായ ആഗ്രഹങ്ങളുമല്ല, നഗ്നമായ സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിനെ എല്ലായ്പ്പോഴും നിർവചിക്കുന്നത് . ഇന്ന് നില നിൽക്കുന്ന ദേശ രാഷ്ട്രങ്ങളിൽ ചിലതു ഉദാഹരണമായെടുക്കുക . വളരെ ഉദാരമായ പൗരത്വ സങ്കൽപ്പങ്ങൾ വെച്ച് പുലർത്തുകയും പൗരത്വം വളരെ വേഗം തന്നെ കുടിയേറി എത്തുന്നവർക്ക് നൽകുകയും ചെയ്യുന്ന ചില രാഷ്ട്രങ്ങളുണ്ട് .ഉദാഹരണത്തിന് കാനഡ. വിശാലമായ ഭൂവിസ്തൃതിയുള്ള, ജനസാന്ദ്രത തീർത്തും കുറഞ്ഞ ഒരു വലിയ രാഷ്ട്രമാണ് കാനഡ , പോരാത്തതിന് അളവറ്റ ധാതു സമ്പത്തും . ക്ലാസ്സിക്കൽ സാമ്പത്തിക ശാസ്ത്ര പ്രകാരം ,ഉല്പാദന പ്രവർത്തനത്തിന് അനിവാര്യമായ മൂന്ന് ഉപാധികളിൽ - മൂലധനം , ഭൂമി , തൊഴിൽ ശക്തി - രണ്ടെണ്ണം ധാരാളം . പക്ഷെ തൊഴിൽ എടുക്കാൻ മതിയാവുന്നത്രആളില്ല . അപ്പോൾ എങ്ങിനെയും തൊഴിൽ സേനയിലേക്ക് ആളെ ചേർത്തെ പറ്റൂ . അത് കൊണ്ട് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന , വളരെ എളുപ്പത്തിൽ പൗരത്വം ലഭിക്കുന്ന നാടായി കാനഡ മാറി.ഇന്ന് പുറം രാജ്യങ്ങളിൽ കുടിയേറാൻ കണ്ണും നട്ടിരിക്കുന്ന കേരളീയർ മുഖ്യമായും നോക്കുന്നത് ക്യാനഡയിലേക്കാണ് . സമീപ കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഈ സമീപനങ്ങൾക്കു ഇളക്കം തട്ടി തുടങ്ങിയിരുന്നു .കഴിഞ്ഞ വര്ഷം അവിടെ നടന്ന പൊതു തിരഞ്ഞെടുപ്പ് ഇതിന് കളമൊരുക്കും എന്ന് വിചാരിച്ചവർ ഏറെയാണ് . സാമ്പത്തിക കുതിപ്പിന്റെ കാലഘട്ടത്തിൽ മനുഷ്യ വിഭവ ശേഷി കുറവായ പല വികസിത മുതലാളിത്ത രാഷ്ട്രങ്ങളും ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് .
ആഗോളവൽക്കരണം ഉല്പാദന പ്രവർത്തനത്തെ , അതിന്റെ രീതികളെ ,പാടെ മാറ്റി തീർത്ത കാലമാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ട് . ദേശരാഷ്ട്രങ്ങളുടെ അതിരുകൾ വിട്ടു മൂലധനം എവിടേക്കും നിർബാധം ഒഴുകാൻ തുടങ്ങിയ കാലം . അന്താരാഷ്ട്ര ധന മൂലധനം അതിന്റെ സ്വാധീനത്തിന്റ പരമാവധിയിലേക്കു കുതിച്ച കാലം . മുൻപ് ഉല്പാദന പ്രവർത്തനങ്ങൾ വികസിത രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു , തൊഴിൽ ശക്തിയെ അവിടേക്ക് ആകർഷിച്ചിരുന്നു . എന്നാൽ ആഗോള വൽക്കരണത്തോടെ ദേശ രാഷ്ട്രങ്ങളുടെ അതിരുകൾക്കത്തുള്ള മനുഷ്യ വിഭവ ശേഷിയുടെ ദൗർലഭ്യത്തെ മറ്റു രീതികളിൽ മറി കടക്കാനാണ് ഇന്ന് പല രാഷ്ട്രങ്ങളും ശ്രമിക്കുന്നത് . താരതമ്യേന അവികസിതമായ രാഷ്ട്രങ്ങളിലെ തൊഴിൽ ശക്തിയെ ഉപയോഗിക്കുകയാണ് കുറച്ചു കൂടി സൗകര്യപ്രദമെന്ന ഒരു തിരിച്ചറിവ് ഇന്ന് മൂലധനത്തിന് കൈ വന്നിട്ടുണ്ട് . വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുമുള്ള, അളവറ്റ തൊഴിൽ ശക്തി കൈ മുതലായുള്ള ചൈന ലോകത്തിന്റെ വർക്ക് ഷോപ് ആയി മാറിയത് അങ്ങിനെയാണ് . ലോകത്തെ ഐ ടി നിർമാണ പ്രവർത്തങ്ങളിൽ നല്ലൊരു പങ്കു ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത് അങ്ങിനെയാണ് . സാങ്കേതിക വിദ്യകളും വിവര വിനിമയ സംവിധാനങ്ങളും ഇതിനു പരിപക്വമാവുകയും ചെയ്തു .ഇത്തരമൊരു പരിണാമത്തിന്റെ ഒരു മുന്നുപാധി തന്നെ അതായിരുന്നു. കുടിയേറ്റക്കാരന്റെ പൗരത്വത്തിന്റെ സങ്കീർണ പ്രശ്നങ്ങളെ മറി കടക്കാൻ ഇത് വളരെ സഹായകമാവുകയും ചെയ്തു. പരിമിതമായ വിഭവങ്ങൾ കുടിയേറ്റക്കാരുമാരുമായി പങ്കു വയ്ക്കേണ്ട , തങ്ങളുടെ രാജ്യത്തെ വേതന നിരക്ക്, തൊഴിൽ സേനയുടെ വർധന മൂലം കുറയുമോ എന്ന് ഭയക്കേണ്ട. ഇന്ന് ഈ വഴിക്കാണ് വികസിത മുതലാളിത്ത ലോകം പൊതുവെ ചിന്തിക്കുന്നതും നീങ്ങുന്നതും . ഒരു കാലത്തു ഉല്പാദന പ്രവർത്തങ്ങളുടെ സിരാകേന്ദ്രമായിരുന്ന അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും പല സ്ഥലങ്ങളും പ്രേത നഗരങ്ങളായി മാറിയത് അങ്ങിനെയാണ് .
അതെ സമയം ആവശ്യത്തിന് മൂലധനവും ഭൂമിയും ഇല്ലാത്ത, എന്നാൽ തൊഴിൽ ശക്തി വളരെ അധികമായുള്ള രാജ്യങ്ങൾ അല്ലെങ്കിൽ ഇതിൽ എതെങ്കിലും ഒന്ന് ഇല്ലാത്തവർ ചിന്തിക്കുന്നത് വേറെ വഴിക്കാണ് .ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികൾ കടന്നു വരുന്നത് തനിക്കു ലഭിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും വിഹിതത്തെ ബാധിക്കുമോ എന്ന് ഒരിന്ത്യക്കാരൻ ചിന്തിക്കുന്നത്, അല്ലെങ്കിൽ അവനെ കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കുന്നത് മറ്റൊരു രാഷ്ട്രീയമാണ് . അത്തരത്തിലുള്ള ഒരു ഭീതി പടർത്തുന്നത് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വഴി തെളിക്കുമെന്നു ഭരണകൂടത്തിനു നേതൃത്വം നൽകുന്നവർക്ക് നന്നായി അറിയാം. മനുഷ്യത്വത്തിന്റെ എല്ലാ പോയ്പൊയ്മുഖങ്ങളും ഇതോടെ അഴിഞ്ഞു വീഴുകയായി . തന്റെ ഇടത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ശത്രുവായി കുടിയേറ്റക്കാരൻ മാറുകയായി .
ഉയർന്നു വരുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും കുടിയേറ്റ ,പൌരത്വ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്ന കാഴ്ച കാണാനാവും . രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും നേരിടുന്ന അമേരിക്ക തങ്ങളുടെ വിസ നിയമങ്ങളിലും പൌരത്വ നിയമങ്ങളിലും കടുത്ത നടപടികളിലേക്കു സമീപ കാലത്തു നീങ്ങിയിരിക്കുകയാണ് . മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടത്തുന്ന രാഷ്ട്രീയ ആക്രോശങ്ങൾ ഇതിന്റെ മറ്റൊരു വശം .
ഒരു വ്യക്തിക്ക് ഒരു രാജ്യം പൂർണ പൗരത്വം നൽകുക എന്നതുകൊണ്ട് സാധാരണ വിവക്ഷിക്കുന്നത് ഇവയാണ് - വോട്ടവകാശം ,തൊഴിലെടുക്കാനുള്ള അവകാശം ,സംരഭങ്ങൾ തുടങ്ങാനും സ്ഥാപങ്ങൾ നടത്താനുമുള്ള അവകാശം ,നിയമപരമായ പരിരക്ഷ ,രാജ്യത്തെവിടെയും യാത്ര നടത്തുവാനുള്ള സ്വാതന്ത്ര്യം . എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രം ഒരാൾക്ക് ഇത്തരം അവകാശങ്ങൾ നൽകുന്നത് , അല്ലെങ്കിൽ സ്വാഭാവികമായി ഒരു വ്യക്തിക്ക് ഈ അവകാശങ്ങൾ ഉണ്ട് എന്ന് വരുന്നത് എങ്ങിനെയാണ് എന്നതാണ് പൗരത്വത്തെ സംബന്ധിച്ച മൗലിക ചോദ്യം . കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന കാര്യം പല രാജ്യങ്ങളും കൃത്യമായി നിർവചിട്ടുണ്ട് . പല മാനദണ്ഡങ്ങളും ഇതിനു ഏർപ്പെടുത്തിയിട്ടുണ്ട് .നിരവധി സാങ്കേതിക കടമ്പകളിൽ കൂടികടന്നിട്ടേ ഒരു കുടിയേറ്റക്കാരാണ് പൂർണ പൗരത്വം ലഭിക്കൂ . അപ്പോൾ പോലും അതിനു പല പരിമിതികളും ഉണ്ടായിരിക്കും .
ഒരാൾക്ക് പൗരത്വാവകാശം നൽകുന്നത് പൊതുവെ രണ്ടു മാനദണ്ഡങ്ങൾ വച്ച് കൊണ്ടാണ് .ജനനം ഈ രാജ്യത്താണ് എന്നതാണ് ഒരു മാനദണ്ഡം .ജസ് സോളി (jus soli)തത്വം എന്ന് ഇത് നിയമത്തിന്റെ ഭാഷയിൽ അറിയപ്പെടുന്നു. ഈ മാനദണ്ഡം കൃത്യമായി പാലിക്കുകയാണെങ്കിൽ പൗരത്വമില്ലാത്ത ഒരു കുടിയേറ്റക്കാരന്റെ മക്കൾക്ക പോലും ഒരു രാജ്യത്തു പൗരത്വം ലഭിക്കും. ജസ് സാങ്ഇനിസ് ( jus sangunis ) ആണ് അടുത്ത മാനദണ്ഡം . മാതാപിതാക്കളുടെ പൗരത്വം സ്വാഭാവികമായി അടുത്തതലമുറയിലേക്കു പകർന്നു നല്കലാണത്. ജനനം എവിടെ എന്നത് ഇവിടെ പ്രസക്തമല്ല. വ്യാവസായിക മുതലാളിത്തത്തിന്റെ ആവിർഭാവത്തിനു ശേഷം കുടിയേറ്റ നിയമങ്ങൾ പല രീതിയിലുള്ള പരിണാമങ്ങൾക്കു വിധേയമായിട്ടുണ്ട്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള അന്തരീക്ഷത്തിൽ കുടിയേറ്റ നിയമങ്ങൾ പല വികസിത മുതലാളിത്ത രാജ്യങ്ങളിലും മാറി മറിഞ്ഞു . കൊളോണിയൽ യുഗത്തിന്റെ അന്ത്യത്തോടെ പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങൾ പൗരത്വനിയമങ്ങളെ തങ്ങളുടെ സാമൂഹിക വീക്ഷണമനുസരിച്ചു തിരുത്തിയെഴുതി. മതവും സംസ്കാരവും ദേശീയതയും വംശീയതയുമൊക്കെ പലപ്പോഴും ഇതിൽ നിർണായക ഘടകങ്ങളായി.
ആഗോളവൽക്കരണം അതിന്റെ മൂർധന്യത്തിലേക്ക് നീങ്ങിയ നാളുകളിൽ , 90കൾക്ക് ശേഷം പൗരത്വ സങ്കപങ്ങൾക്കു വീണ്ടും ഇളക്കം തട്ടി. സോവിയറ്റ് യൂണിയന്റെ വിഘടനവും യൂറോപ്പിന്റെ ഏകീകരണവും ഇതിനാക്കം കൂട്ടി. മുതലാളിത്ത രാഷ്ട്രങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലം ഈ നിയമങ്ങളെ ഇന്ന് വീണ്ടും മാറ്റങ്ങൾക്കു വിധേയമാക്കുകയാണ്. മാത്രവുമല്ല സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടുവാൻ പൗരത്വ പ്രശ്നങ്ങളെ ആയുധമാക്കാനും ഭരണാധിപരില് പലരും ശ്രമിക്കുന്നതും കാണാം . വംശീയ വിദ്വേഷം പടർത്താനും സാങ്കല്പികശത്രുക്കളെ നിർമിക്കാനും പൗരത്വം നല്ലൊരു ആയുധമാണ്. എല്ലാ തീവ്ര വലതുപക്ഷ ഭരണാധിപരും , മോദി മുതൽ ട്രംപ് വരെ ഇത് നിസ്സങ്കോചം ഉപയോഗിക്കുന്നു. കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ് വ്യവസ്ഥ തകർക്കുന്നു എന്നാണ് ട്രംപിന്റെ പ്രചാരണം. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം ആധുനിക സാങ്കേതിക വിദ്യകളാണ്. ഇതിനെ അവലംബിച്ചു സിലിക്കൺ വാലിയിലും മറ്റും ആരംഭിച്ച പുതു യുഗ കമ്പനികളുമാണ് . ഇത്തരം കമ്പനികളിൽ വലിയൊരു വിഭാഗവും ആരംഭിച്ചതും അതിന്റെയൊക്കെ സി ഇ മാരിൽ നല്ലപങ്കും കുടിയേറി പാർത്തവരാണ് എന്നത് വസ്തുത ആയിരിക്കെ ആണ് ഈ പ്രചാരണം. പുറത്തു നിന്ന് വരുന്നവരുമായി തങ്ങളുടെ അവകാശങ്ങളും പരിമിതമായ വിഭവങ്ങളും പങ്കുവയ്ക്കേണ്ടി വരുമോ , തങ്ങളുടെ രാജ്യത്തെ വേതന നിരക്കുകൾ താഴേക്ക് പോകുമോ എന്നിങ്ങനെയുള്ള സംശയങ്ങൾ ജനങ്ങളിൽ പടർത്താൻ വളരെ എളുപ്പമാണ് . വസ്തുതാപരമായ വിശകലനത്തിൽ അടിസ്ഥാന രഹിതമാണ് ഈ ആരോപണങ്ങളിൽ പലതും . തങ്ങൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ പലതും കുടിയേറി പാർത്തവർ നിർമിച്ചതാണ് എന്ന വസ്തുതയും സൗകര്യ പൂർവം മറക്കുന്നു . എതാനും നൂറ്റാണ്ടു മുൻപ് കുടിയേറി പാർത്തവർ , അതും തദ്ദേശീയരെ തച്ചു തകർത്തു കൊണ്ട്, നിർമിച്ചെടുത്തതാണ് അമേരിക്ക എന്ന ആധുനിക രാഷ്ട്രം തന്നെ എന്ന ചരിത്രവും പാടെ മറക്കുന്നു . പുതിയ കമ്പോളങ്ങൾ തേടിപ്പിടിക്കാനുള്ള യൂറോപ്യൻ മൂലധനത്തിന്റെ ആസക്തിയാണ് കൊളോണിയൽ യുഗത്തിന് വഴി തെളിച്ചത് . അത്തരമൊരു അന്വേഷണമാണ് കൊളംബസിനെ അമേരിക്കയിലെത്തിച്ചത്. അന്ന് കുടിയേറ്റം അതിന്റെ ആവശ്യമായിരുന്നു . ഇന്നാകട്ടെ ഭരണ കൂടത്തിന്റെ നില നിൽപ്പിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് കുടിയേറ്റ വിരുദ്ധ ചിന്താഗതി രാഷ്ട്രീയ രംഗത്ത് പടർത്തുന്നത് .
രണ്ട്
പൗരത്വ നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പരസ്പര പൂരകങ്ങളാണ്. കുടിയേറ്റ നിയമങ്ങൾ ഹ്രസ്വ കാലയളവിനുള്ളിൽ മാറി മറിയാറുണ്ട്. പൗരത്വ നിയമങ്ങൾ സാധാരണയായി ദീർഘകാലം നിലനിൽക്കുന്നവയാണ്. ആധുനിക കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ ഇവയുടെ ചിത്രമെന്തായിരുന്നു എന്ന് നോക്കാം.
ജന്മഭൂമിയിൽ പൗരത്വം സ്വാഭാവികമായിത്തന്നെ ഉറപ്പുവരുത്തുക എന്നത് ഫ്യൂഡൽ വ്യവസ്ഥയ്ക്ക് അനിവാര്യമായിരുന്നു. ഭൂമിയാണല്ലോ ഇവിടെ അടിസ്ഥാനം.ഒരേ പ്രദേശത്തു പരമ്പരാഗതമായി വസിച്ചു പോരുന്ന ഭൂപ്രഭുവും അയാളുടെ ഭൂമിയിൽ കാലാകാലങ്ങളായി പണിയെടുത്തു പോരുന്ന കുടിയന്മാരും ചേർന്ന ഒരു വ്യവസ്ഥയ്ക്ക് ജന്മഭൂമിയെ അടിസ്ഥാനമാക്കിയ പൗരത്വ വ്യവസ്ഥ ( jus soli ) സ്വാഭാവികമായും ചേരുന്നതായിരുന്നു. പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടു പോരുന്നവരെ സംബന്ധിച്ചിടത്തോളം ആധുനിക കാലത്തേ പോലെ തൊഴിൽ കുടിയേറ്റങ്ങളുടെ പ്രശ്നങ്ങൾ ഉയരുന്നുണ്ടായിരുന്നില്ല. ആധുനിക ദേശ രാഷ്ട്രങ്ങൾ ആദ്യമായി രൂപം കൊള്ളുന്ന യൂറോപ്പിൽ ഇത്തരമൊരു വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ഫ്രഞ്ച് വിപ്ലവത്തോടെയാണ് ഇതിനിളക്കം തട്ടുന്നത്. പൈതൃകമായി പൗരത്വാവകാശം കിട്ടുന്ന സിവിൽകോഡ് 1804ൽ നിലവിൽ വന്നു. യൂറോപ്യൻ ഭൂഖണ്ഡത്തിലാകെ ആധുനിക പൗരത്വ വ്യവസ്ഥ രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. 19 ആം നൂറ്റാണ്ടിൽ യൂറോപ്പിലെമ്പാടും ഇത് നിലവിൽ വരികയും കൊളോണിയൽ ഭരണത്തിൻ കീഴിലുള്ള രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയും ചെയ്തു.
ജസ് സോളി തത്വത്തെയാണ് പൗരത്വത്തിനാധാരമായി ബ്രിട്ടീഷുകാർ തങ്ങളുടെ കോളനി രാജ്യങ്ങളിൽ നടപ്പിലാക്കിയത്. അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന അമേരിക്കൻ നാടുകളിലും ഇത് അവർ നടപ്പിലാക്കി . കോളനിരാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾ പൊതുവെ പഴയ കൊളോണിയൽ കാലത്തെ ചട്ടങ്ങളുടെ ചുവടു പിടിച്ചുള്ളവയാണ് ഇന്നും.
കറുത്ത വർഗ്ഗക്കാരായ അടിമകളുടെ ജന്മാവകാശം സംരക്ഷിക്കാനായാണ് അമേരിക്കയിൽ 1868ൽ ഭരണഘടന ഭേദഗതി നടപ്പിലാകുന്നത്. സാമ്പത്തിക രംഗത്ത് അമേരിക്ക തുടർന്നിരുന്ന ലിബറൽ തത്വങ്ങളും ഇതിനു അടിത്തറയായി വർത്തിച്ചു. സമീപ കാലത്തു ട്രംപ് നടത്തുന്ന വംശീയ വിദ്വേഷപ്രചാരണത്തിന്റെ കാലംവരെ അമേരിക്ക ഇതേ സമീപനമാണ് ഏറെക്കുറെ തുടർന്നത്. അമേരിക്കൻ മുതലാളിത്തത്തിന്റെ സാമ്പത്തിക കുതിപ്പിന് ഉദാര പൗരത്വസങ്കൽപ്പങ്ങൾ ആവശ്യമായിരുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികൾ അതിനു അനിവാര്യമായും ആവശ്യമായിരുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ തൊഴിൽ ശക്തി മൂലധനത്തിനു ഒഴിച്ച്കൂടാനാവാത്തതായിരുന്നു. അമേരിക്ക കൈ കൊണ്ടു പോന്നിരുന്ന ഉദാര ജനാധിപത്യ സമീപങ്ങളുടെ അടിസ്ഥാനം യഥാർത്ഥത്തിൽ ഇതാണ്. കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെ സംബന്ധിച്ച് 1980 കളിലുണ്ടായ വിവാദത്തെ തുടർന്നാണ് ജസ് സോളി തത്വങ്ങൾ ഇവിടെ ആദ്യമായി വിമർശിക്കപ്പെടുന്നത്.
യൂറോപ്പ്യൻ അധീശ രാജ്യങ്ങൾ നടപ്പിലാക്കിയ പൗരത്വ നിയമങ്ങളായിരുന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നില നിന്നിരുന്നത്. കൊളോണിയൽ നുകത്തിൽനിന്ന് മോചിതമായതിനു ശേഷം അവ പൊതുവേ ജസ് സോളി തത്വത്തിലേക്കു മാറി. 1824 ൽ ബ്രസീലിലും 1830ൽ വെനിസുലയിലും 1833ൽഅർജന്റീനയിലും ഇത് ഭരണഘടനയിൽഎഴുതി ചേർത്തു. എന്നാൽ മെക്സിക്കോയിൽ 1937ൽ മാത്രമാണ് ഇത് ഭരണഘടനയുടെ ഭാഗമാകുന്നത്.
തങ്ങളുടെ സാമ്രാജ്യത്വ അനുഭവങ്ങളിൽനിന്നാണ് ബ്രിട്ടൺ പൗരത്വ നിയമങ്ങൾ രൂപീകരിക്കുന്നത്. ലോകം മുഴുവൻ പടർന്നു കിടന്നിരുന്ന തങ്ങളുടെ കോളനി രാജ്യങ്ങളിൽ പെട്ട എതൊരാൾക്കും ബ്രിട്ടീഷ് പൗരത്വത്തിനു അവകാശമുണ്ടായിരുന്നു. ഇവർ ബ്രിട്ടനിൽ സ്ഥിര താമസക്കാരായി മാറണം എന്ന് മാത്രം. എന്നാൽ രണ്ടാം ലോക മഹായുദ്ധാനന്തരം കൊളോണിയൽ യുഗം അവസാനിച്ചതോടെ രാജ്യത്തേക്കുണ്ടായ വ്യാപകമായ കുടിയേറ്റത്തെ തുടർന്ന് പൗരത്വ നിയമങ്ങളിൽ ഭേദഗതി വരുത്തി. മുൻ അധീശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അപ്പോഴും ഇളവുകൾ ഉണ്ടായിരുന്നു. 1984 ൽ ജസ് സോളി തത്വത്തിൽ കാര്യമായ ഭേദഗതി കൊണ്ട് വന്നു. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ബ്രിട്ടീഷ് പൗരനാണെങ്കിൽ മാത്രമേ മക്കൾക്ക് പൗരത്വം ലഭിക്കൂ എന്ന ഭേദഗതി നിലവിൽ വന്നു.
തുല്യതയും സാഹോദര്യവും ഉയർത്തിപിടിച്ചു എന്ന് പൊതുവെ വിലയിരുത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ പൗരത്വ നിയമത്തിലും മാറ്റങ്ങൾക്കു വഴി തെളിച്ചു. എന്നാൽ 1791 ലെ പ്രഖ്യാപനം പൗരാവകാശങ്ങൾ കനിഞ്ഞു നൽകിയവരുടെ പട്ടികയിൽ സ്ത്രീകളും തൊഴിലാളികളും ഉൾപ്പെട്ടിരുന്നില്ല എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് വിചിത്രമായി തോന്നാം. പൗരത്വ അവകാശ പട്ടികയിൽ ഇവരുൾപ്പെടുന്ന വലിയൊരു വിഭാഗം ഉണ്ടായിരുന്നില്ല. അന്ന് നിയമത്തിൽ സ്ഥാനം പിടിച്ച ജസ് സാങ്ഇനിസ് 19 ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉടനീളം നിലവിൽ നിന്നു. എന്നാൽ കുടിയേറ്റക്കാരുടെ കുട്ടികളെ നിയമ പരിധിക്കകത്തു കൊണ്ട് വരാൻ 1889 ൽ ജസ് സോളി നിയമമായി നടപ്പിലായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഫ്രിക്കൻ വംശജരുടെ വൻതോതിലുള്ള കുടിയേറ്റം ഫ്രാൻസിലേക്കുണ്ടായി. കുടിയേറ്റക്കാരുടെ അവകാശങ്ങൾ ഫ്രഞ്ച് രാഷ്ട്രീയത്തിലെ ചൂട് പിടിച്ച ചർച്ചയായി. 1993ൽ കുടിയേറ്റക്കാർക്കായി ചിറാൿ കൊണ്ടുവന്ന നിയന്ത്രണങ്ങൾ 1997 ൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയപ്പോൾ എടുത്തു മാറ്റി. ഇത് പ്രകാരം 18 വയസ് പൂർത്തിയായ എതൊരുകുടിയേറ്റക്കാർക്കും പൗരത്വം സ്വാഭാവിക അവകാശമായി നിലവിൽ വന്നു.
ആധുനിക ജർമനിയുടെ പൗരത്വ ചരിത്രം പല രീതിയിലും പ്രസിദ്ധമാണ്. പൗരത്വത്തെയും പൗരാവകാശങ്ങളെയും രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ബോധപൂർവം കൊണ്ട് വന്ന ആധുനിക ചരിത്രത്തിലെ കുപ്രസിദ്ധ അധ്യായങ്ങളിൽ ഒന്നാണിത്. വംശീയത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിർലജ്ജം ഉപയോഗിക്കപ്പെടുന്നതും നിയമ സംഹിതകളും സ്ഥാപനങ്ങളും ഇതിനായി വഴിയൊരുക്കുന്നതും കണ്ടതോടെ കേവല മനുഷ്യ പുരോഗതിയെയും നന്മയെയും കുറിച്ച് സ്വപ്നം കണ്ടിരുന്നവർ തരിച്ചുനിന്നു. മുതലാളിത്തത്തിന്റെ ഉദാര മാനവികത തവിടുപൊടിയായി. വംശീയവേർതിരിവിന്റെ പേരിൽ മാത്രം തലമുറകളായി വസിച്ചു വന്നിരുന്ന നാട്ടിൽ ജൂതർ അന്യരായി, പൗരത്വം നഷ്ടപ്പെട്ടവരായി. ഒരുരാജ്യത്തു വസിക്കവെ പൗരത്വംനഷ്ടപ്പെട്ടാൽ എതറ്റം വരെയുള്ള പീഡനങ്ങൾക്കു വിധേയരാവാൻ സാധ്യതയുണ്ട് എന്നതിന് ജർമനിയിലെ ഗ്യാസ്ചേംബറുകൾ സാക്ഷ്യമായി. ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ എറ്റവും കറുത്ത അധ്യായമായി ഇത് രേഖപെടുത്തപ്പെട്ടു. ഇതേപാതപിന്തുടർന്നു 1938ൽ ഇറ്റലിയും ഹങ്കറിയും 1940 ൽ റുമേനിയായും ബൾഗേറിയയും ക്രൊയേയേഷ്യയും ജൂതർക്കെതിരായ നിയമങ്ങൾ ആവിഷ്കരിച്ചു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ചിത്രം പാടെ മാറി. അതേസമയം ടർക്കിയിൽ നിന്നും തെക്കൻ യൂറോപ്പിൽനിന്നും വൻ തോതിലുള്ള കുടിയേറ്റം ജർമനിയിലേക്കുണ്ടായി. എങ്കിലും 1913 ലെ പൗരത്വ നിയമങ്ങൾ അതേ പടി തുടർന്നു. 1990 കളിൽ പൂർവ ജർമനിയുമായുള്ള എകീകരണത്തിനു ശേഷം പൗരത്വത്തെ സംബന്ധിച്ച പ്രായോഗികമായ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തു. ഒരേനാട്ടിൽ ജനിച്ചിട്ടും വോട്ടവകാശമില്ലാത്ത വലിയൊരു വിഭാഗം ഒരു രാജ്യത്തിനകത്തു തന്നെയുണ്ടാകുന്ന സ്ഥിതി സംജാതമായി. ജസ് സോളി നടപ്പിലാക്കുന്നതിനായുള്ള സമ്മർദം ഉയർന്നു. വിദേശികളെ സംബന്ധിച്ച നിയമം 1990 ൽ പരിഷ്കരിച്ചു.
ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീടിയൻ കാലഘട്ടവും അതുയർത്തിയ പൗരത്വ പ്രശ്നങ്ങളും നമ്മുടെ സമീപ കാല ചരിത്രമാണ്. നഗ്നമായ പൗരത്വ നിഷേധങ്ങൾ അതും തദ്ദേശിയരായ ജനതയോട് നടപ്പിലാക്കിയതിന്റെ യുക്തിയും ആധുനിക മുതലാളിത്തത്തിനു മാത്രം സ്വന്തമാണ്.അധികാരം ഉറപ്പിക്കാനും ചൂഷണം തുടരാനും മൂലധന വ്യവസ്ഥ എതറ്റം വരെയും അധഃപതിക്കും എന്നതിന് കൂടുതൽ സാക്ഷ്യപത്രം ആവശ്യമില്ല. നൂറ്റാണ്ടുകൾ നീണ്ട കൊളോണിൽ ചൂഷണവും ലക്ഷക്കണക്കിന് ജൂതരെ ഗ്യാസ് ചെമ്പരുകളിൽ കൊന്നൊടുക്കിയ നാസി യുഗവും, കമ്പോളങ്ങൾ കീഴടക്കാനും മൂലധന സമാഹരണത്തിനുംവേണ്ടി നടത്തിയ സാമ്രാജ്യത്വ യുദ്ധങ്ങളും ഇതിന്റെ കൂടെ ചേർക്കാം. ജനാധിപത്യപരവും നിയമപരവുമായി തങ്ങളുടെ ആധിപത്യം തുടരാനാകാത്ത ഘട്ടങ്ങളിൽ അത് അതിന്റെ പോയ് മുഖങ്ങൾ വലിച്ചെറിയുക തന്നെചെയ്യും. പൗരത്വ നിയമങ്ങളും അതിന്റെ പല രൂപത്തിലുള്ള പരിണാമങ്ങളും സാമൂഹിക സാമ്പത്തിക വ്യവസ്ഥയുമായി ചേർന്നുനിന്ന്മാ ത്രമേ മനസിലാക്കാൻ കഴിയൂ എന്ന് ഈ ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
മൂന്ന്
വിവിധ ചരിത്ര കാല ഘട്ടങ്ങളിൽ ഓരോ ദേശത്തും പൗരത്വ പട്ടികയിൽ ഇടംപിടിച്ചിരുന്നവർ, പൂർണ പൗരാവകാശമുള്ളവർ, ആരൊക്കെ എന്ന് പിന്തിരിഞ്ഞു നോക്കിയാൽ ലഭിക്കുന്ന ചിത്രം ഇന്നത്തെ കാഴ്ചപ്പാടിൽ വിചിത്രമാണ്. സമീപ കാലം വരെ മഹാ ഭൂരിപക്ഷവും ഈ പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല. സമൂഹത്തിന്റെ താഴെ തട്ടിൽ കഴിഞ്ഞിരുന്നവർ, അടിമകൾ , ജാതിശ്രേണിയിൽ പിന്നോക്കം നിന്നിരുന്നവർ, സ്ത്രീകൾ ഇവരൊന്നും തന്നെ ഒരു രാജ്യത്തും പൗരന്മാരായി കണക്കാക്കപ്പെട്ടവർ ആയിരുന്നില്ല. 1893 ൽ ന്യൂസിലണ്ടിലാണ് സ്ത്രീകൾക്ക് ലോക ചരിത്രത്തിൽ ആദ്യമായിവോട്ടവകാശം ലഭിക്കുന്നത്.പിന്നീട് കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തിയ സോവിയറ്റ് യൂണിയനാണ് സ്ത്രീകൾക്ക് വോട്ടവകാശവും പൂർണ പൗരത്വ അവകാശവും നൽകുന്നത്. ഈ പാത പിന്തുടരാൻ പിന്നീട് പല മുതലാളിത്ത രാജ്യങ്ങളും തയ്യാറായി. ലിബറൽ ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി ഉദ്ഘോഷിക്കുന്ന അമേരിക്ക 1920 ലാണ് സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നത്. ഔദ്യോഗികമായി അടിമത്തം അവസാനിപ്പിച്ചതിനു ശേഷവും കറുത്ത വംശക്കാർക്കു പൗരാവകാശങ്ങൾ ഏതാണ്ട് പൂർണമായും അമേരിക്കയിൽ നിഷേധിക്കപ്പെട്ടിരുന്നു. കറുത്തവർക്കായുള്ള നിയമങ്ങൾ (black codes)എന്ന പേരിൽ പ്രത്യേക വർണ വിവേചന നിയമങ്ങൾ തന്നെ ഏർപ്പെടുത്തിയിരുന്നു. തെക്കൻ നാടുകളിലുള്ള കറുത്തവർക്ക് വോട്ടവകാശം നൽകി ദിവസങ്ങൾക്കകം എബ്രഹാം ലിങ്കൺ വെടിയേറ്റ് മരിച്ചു. തുടർന്ന് അധികാരത്തിലെത്തിയവർ കറുത്തവർക്കു മേൽ കടുത്ത നിയന്ത്രണങ്ങളാണ് ചുമത്തിയത് . വംശീയ വിവേചനം നിയമപരമായിനിലനിർത്തുന്ന കുപ്രസിദ്ധമായ ജിം ക്രോ നിയമങ്ങൾ ആഭ്യന്തരയുദ്ധം അവസാനിച്ചു ഒരുനൂറ്റാണ്ടോളം ,1968 വരെ അമേരിക്കയിൽ നിലനിന്നിരുന്നു. കറുത്തവർക്കു വോട്ടവകാശം നിഷേധിക്കുന്ന , പല തൊഴിലുകളിൽ നിന്നും മാറ്റി നിർത്തുന്ന, വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുന്ന കടുത്ത നീതി നിഷേധത്തിന്റെ നിയമങ്ങളായിരുന്നു അവ. 1968 ലെ ഫെയർഹൗസിങ് ആക്ട് പ്രകാരം ഔദ്യോഗികമായി ഇതവസാനിച്ചു എങ്കിലും കറുത്ത വംശജർ അമേരിക്കയിൽ പലയിടത്തും നേരിടുന്ന വിവേചനവും പീഡനവും ഓർമപ്പെടുത്തുന്നവയാണ് സമീപ കാലത്തുണ്ടായ സംഭവങ്ങൾ.
പൗരാവകാശ ചരിത്രത്തിലെ എറ്റവും വിപ്ലവകരമായ അധ്യായമായിരുന്നു 1917 ലെ ഒക്ടോബർ വിപ്ലവം. സമൂഹത്തിന്റെ എറ്റവും അടിത്തട്ടിലുള്ളവർ, തൊഴിലാളികൾ , സ്ത്രീകൾ ഇവരെല്ലാം സോവിയറ്റ് യൂണിയനിൽ തുല്യപൗരത്വത്തിന്റെ ഉടമകളായി. തുല്യത എന്ന ആശയം ലോകത്തിലാദ്യമായി പ്രയോഗത്തിൽ വന്നു. പൗരത്വം എന്ന സങ്കല്പത്തിന് പുതിയൊരു മാനം കൈവന്നു. കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ മഹത്തായ മാനവിക സങ്കല്പങ്ങളെക്കാൾ മനുഷ്യനെ ചൂഷണം ചെയ്യാൻ മൂലധനശക്തികൾ അധികാരത്തിലില്ലായിരുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.
നാല്
ഫ്യൂഡൽ ഇന്ത്യയിലെ പൗരത്വ അവകാശങ്ങളെക്കുറിച്ചു കൂടുതൽ പ്രതിപാദിക്കേണ്ടതില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ തുടർന്ന ചാതുർവർണ്യം ഒരുതരത്തിലുള്ള തുല്യതാസങ്കല്പങ്ങളും ഉൾക്കൊണ്ടിരുന്നില്ല. കീഴ് ജാതിക്കാരും സ്ത്രീകളും ഹിന്ദുക്കൾ ഒഴികെയുള്ള എല്ലാ അന്യ മതസ്ഥരുമെല്ലാം എല്ലാ വിധ പൗരത്വ സങ്കല്പങ്ങൾക്കും പുറത്തായിരുന്നുവല്ലോ. ഇന്ത്യൻഭൂപ്രദേശം അടക്കിവാണിരുന്ന സാമ്രാജ്യാധിപന്മാരും നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാരും ആരും തന്നെ ഇവിടത്തെ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയിൽ ഇടപെടാൻ ഒരുശ്രമവും നടത്തിയിരുന്നില്ല. സാമൂഹികശ്രേണിയിൽ മുന്നോട്ടു പോകാൻ ഒരു സാധ്യതയും അവസരങ്ങളും മേൽപറഞ്ഞ വിഭാഗങ്ങൾക്ക് ആർക്കും ഉണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടതിനുശേഷം മാത്രമാണ് പൗരത്വാവകാശങ്ങൾ കേന്ദ്രീകൃതമായി സംരക്ഷിക്കപ്പെടുന്നതിനെകുറിച്ച് ഇവിടെ ഗൗരവതരമായ ആലോചനകൾ ഉയരുന്നതും തുടർന്ന് തുല്യതാ സങ്കല്പങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യൻഭരണ ഘടന നടപ്പിലാകുന്നതും. ഈ ഭരണ ഘടനാ തത്വങ്ങൾ ഉയർത്തിപിടിക്കുന്ന അടിസ്ഥാന പൗരത്വ സങ്കൽപ്പങ്ങളാണ് ഇന്ന് ഹിന്ദു രാഷ്ട്ര നിർമാണത്തിന്റെ ഭൂമി പൂജ കഴിഞ്ഞ വേളയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ആരൊക്കെയായിരിക്കും നാളത്തെ ഇന്ത്യയിലെ പൗരന്മാർ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി വരും. വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തെ പരാമർശിക്കാതെ ഇതിനെ കുറിച്ച് വിശദീകരിക്കാനാവില്ല .
ഹിന്ദു രാഷ്ട്ര നിർമാണത്തിനായുള്ള കൊണ്ട് പിടിച്ച പരിശ്രമങ്ങളാണ് സമീപ കാല ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ അജണ്ട . അയോധ്യയിൽ മുസ്ലിം ക്ഷേത്രം നില നിന്ന അതെ സ്ഥാനത്തു രാമക്ഷേത്രം നിര്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ദീർഘ നാളായി സംഘ പരിവാറിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ , വിവിധ രീതിയുള്ള പ്രചാരണങ്ങൾ ഇതൊന്നും തന്നെ ശ്രീരാമചന്ദ്രനോടുള്ള ഭക്തിയിൽ നിന്നോ വിശ്വാസത്തിൽ നിന്നോ ഉടലെടുത്തതല്ല എന്നും ഇതൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് എന്നും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ . ഇന്ത്യൻ മനസുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ള രാമബിംബത്തെ തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കായി ബുദ്ധി പൂർവം ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രം മെനഞ്ഞെടുത്തതായിരുന്നു അത് . ഇതിലൂടെ രണ്ടു കാര്യങ്ങളാണ് അവർ ലക്ഷ്യമിട്ടത് .ഒന്ന് നിഷ്കളങ്കരായ രാമ ഭക്തരെ ,ഹിന്ദു മത വിശ്വാസികളെ ,രാഷ്ട്രീയമായി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ട് വരുക . അതോടൊപ്പം മുസ്ലിം എന്ന അപരത്വത്തെ , ആഭ്യന്തര ശത്രുവിനെ സൃഷ്ടിച്ചെടുക്കുക . ഈ രണ്ടു കാര്യത്തിലും സംഘപരിവാർ താൽക്കാലികമായെങ്കിലും വിജയിച്ചു എന്ന് വേണം കരുതാൻ . ഇത് വഴി പുതിയൊരു ഇന്ത്യൻ പൗരത്വ സങ്കല്പത്തിന് തന്നെ അവർ തറക്കല്ലിട്ടിരിക്കുന്നു എന്ന് വേണം കരുതാൻ .
അദ്വാനിയുടെ രാമ ശിലാ ഘോഷ യാത്രയോടെ വർഗീയ ലഹളയുടെ പുതിയൊരധ്യായം ഇന്ത്യയിൽ ആരംഭിച്ചു . വർഗീയ ലഹളകൾ ഉണ്ടാക്കിയ മരണ നിരക്കിനെക്കാൾ വളരെ വലുതായിരുന്നു അത് മനുഷ്യ മനസുകളിൽ ഉണ്ടാക്കിയ വിഭജനം .അദ്വാനിയിൽ നിന്ന് മോദി കടിഞ്ഞാൺ ഏറ്റെടുത്തതോടെ ഇതിനു പുതിയ തീവ്രത കൈ വന്നു . വംശീയ വിഭജനം ആളിക്കത്തിക്കാൻ വേണ്ടി ഗുജറാത്തിൽ വർഗീയ കലാപങ്ങൾക്ക് സർക്കാർ തന്നെ നേതൃത്വം കൊടുക്കുന്നതും നാം കണ്ടു .
കടുത്ത വർഗീയ ആശയ പ്രചാരണമാണ് ഇവർ പ്രധാന ആയുധമാക്കിയത് . വർഗീയതയുമായി ബന്ധപ്പെട്ടു ഇന്ത്യ ചരിത്രത്തിൽ ഉണ്ടായതൊക്കെ പൊടി തട്ടിയെടുത്തു പ്രചാരണായുധമാക്കി സംഘ പരിവാർ . ഒരു ശരാശരി ഹിന്ദു മനസിൽ മുസ്ലിം വിരോധം വളർത്താൻ ഇത് ധാരാളം മതിയായിരുന്നു ചരിത്രത്തിൽ നോക്കിയാൽ ക്രൂരരായ മുസ്ലിം ഭരണാധികാരികൾ , വർത്തമാന കാലത്തു നോക്കിയാൽ അതിർത്തിക്കപ്പുറത്തെ പാകിസ്താനെന്ന മുസ്ലിം ശത്രു രാഷ്ട്രം , കശ്മീരിലെ ജിഹാദികൾ . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു ഈ ഫോക്കസിൽ ഊന്നി നിന്നുള്ള പ്രചാരണം ആയിരുന്നു . എല്ലാം മർമ സ്ഥാനങ്ങളിൽ തന്നെ ചെന്നു പതിച്ച മിസൈലുകൾ.
വളരെ സങ്കുചിതമായ ഒരു ദേശീയതാ സങ്കൽപം വളർത്തുവാനുള്ള ശ്രമം ഇതിനു സമാന്തരമായി നടന്നു വരുന്നു . ഇന്ത്യൻ ദേശീയത എന്നാൽ ഹിന്ദു ദേശീയത എന്നായി . ഇന്ത്യക്കാരൻ എന്നാൽ ഹിന്ദു എന്നായി . അല്ലാത്തവരെല്ലാം ദേശ വിരുദ്ധരായി , ദേശത്തിന്റെ ശത്രുക്കളായി .പുതിയ പൗരത്വ സങ്കൽപ്പങ്ങൾ തന്നെ ഇതിനായി നിയമപരമായി സൃഷ്ട്ടിച്ചെടുത്തു .
രാഷ്ട്രീയ സമ്പത് ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇതിനു മറ്റു ചില മാനങ്ങൾ കാണാം.ഇന്ത്യ എന്ന ദേശരാഷ്ട്രം പലവിധ സംസ്കാരങ്ങളുടെ സങ്കരമാണ്. കൊളോണിയൽവിരുദ്ധ സമരത്തിന്റെ ഒരുല്പന്നമാണത്. പരസ്പരംപോരടിച്ചിരുന്ന നാട്ടുരാജ്യങ്ങൾ മാത്രമാണ് ഇന്ത്യ എന്ന ഇന്നത്തെ ഭൂപ്രദേശത്തു മുൻപ് നില നിന്നിരുന്നത്. കൊളോണിയൽ വിരുദ്ധ സമരങ്ങളിലൂടെ കോൺഗ്രസ്സിന് ഇന്ത്യയെ ഒന്നിപ്പിക്കാനായി. വളർന്നു വരുന്ന ഇന്ത്യൻ ബൂർഷ്വാസിക്ക് ഇത്തരമൊരു വിസ്തൃതമായ കമ്പോളം ആവശ്യമായിരുന്നു.അത് കൊണ്ട് തന്നെ ദേശീയ സ്വാതന്ത്രത്തിന്റെ നേതൃത്വത്തിലേക്ക് അത് കടന്നു വന്നു. സ്വാതന്ത്ര്യാനന്തരം ഭരണകൂടങ്ങൾക്കു നേതൃത്വം നൽകി. പക്ഷെ ഇന്ത്യയിലെ ഫ്യൂഡൽ അർദ്ധഫ്യൂഡൽ ശക്തികളുമായി സന്ധി ചെയുന്ന രാഷ്ട്രീയത്തെ മുറിച്ചു കടക്കാൻ അതിനായില്ല. ഇന്ത്യയിലെ മുതലാളിത്ത വികാസത്തിന് അത് കൊണ്ട് തന്നെ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകാനുമായില്ല.ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായില്ല . ഇത് സൃഷ്ട്ടിച്ച പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ മാത്രമല്ല രാജ്യത്തിന് രാഷ്ട്രീയ നേതൃത്വം കൊടുത്ത കോൺഗ്രസിനെയും തകർച്ചയിലേക്ക് നയിച്ചു.കോൺഗ്രസ്സ് സൃഷ്ടിച്ച ശൂന്യത രാഷ്ട്രീയമായി നികത്തേണ്ടതുണ്ടായിരുന്നു. ഒരു കമ്പോളം എന്ന നിലയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്തേണ്ടതുണ്ടായിരുന്നു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യയ ശാസ്ത്ര ഊർജം സമൂഹത്തിൽ നിന്ന് എതാണ്ട് പൂർണമായും പൊയ്ക്കഴിഞിരുന്നു.പകരം വെയ്ക്കാൻ മറ്റൊന്ന് അനിവാര്യമായിരുന്നു.
ആഗോളവൽക്കരണത്തിന്റെ കാലവും ഇതിനു സമാന്തരമായി സംഭവിച്ചു കഴിഞ്ഞിരുന്നു.അന്താരാഷ്ട്ര ധന മൂലധനം ലോകത്തു എല്ലായിടത്തും അതിന്റെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അതിനു ശക്തരായ ഏജന്റുമാർ എല്ലാ രാജ്യങ്ങളിലും ആവശ്യമുണ്ടായിരുന്നു.ഒരേ സമയം ഈ രാഷ്ട്രീയവും മൂലധനത്തിന്റെ ഈ താല്പര്യങ്ങളും നിർവഹിക്കാൻപറ്റിയ പ്രസ്ഥാനമായി സംഘ പരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പി മാറി. രാഷ്ട്രീയമായി ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്താൻ പറ്റിയ പ്രത്യയ ശാസ്ത്രമായി അത് ഹിന്ദുത്വയെ കണ്ടു.അന്തരാഷ്ട്രധന മൂലധനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ ഉദാരവൽക്കരണ സമീപങ്ങളുമായിഇന്ത്യൻകമ്പോളത്തെ തുറന്നു കൊടുത്തു. ഒരു കാര്യം ഓർക്കേണ്ടത് മൃദു ഹിന്ദുത്വത്തിന്റെ ഈ സമീപനത്തിനും അന്താരാഷ്ട്ര ധന മൂലധനത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾക്കും ഇന്ത്യയിൽ തുടക്കമിട്ടത് കോൺഗ്രസ്സ് തന്നെ ആയിരുന്നു എന്നതാണ്. രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കടുത്ത പ്രതിസന്ധിയെ നേരിട്ട കോൺഗ്രസ് ആ വെല്ലുവിളികളെ അടിസ്ഥാനപരമായി നേരിടുന്നതിന് പകരം കണ്ടെത്തിയ മാർഗം അതായിരുന്നു . ഇത് പക്ഷെ സംഘ പരിവാർ ശക്തികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കലായിരുന്നു . ഈ കടിഞ്ഞാൺ കോൺഗ്രസിൽ നിന്നും സംഘപരിവാർ ഏറ്റെടുത്തു.
പക്ഷെ അടിസ്ഥാനപരമായി ഇന്ത്യ ഒരു ബഹു സംസ്കൃതിയുടെ നാടായതു കൊണ്ട് ഹിന്ദുത്വ പദ്ധതിയെ അടിസ്ഥാനമാക്കിയ രാഷ്ട്രീയമായ എകീകരണം എളുപ്പമായിരുന്നില്ല.തീവ്രമായ വർഗീയ വിഭജന അജണ്ടകൾ ഒന്നൊന്നായി അതിനു പ്രയോഗിക്കേണ്ടി വന്നു .ഇന്ത്യൻ പൗരനെയും ഇന്ത്യൻപൗരത്വത്തെയും പുനർ നിർമിക്കുക എന്ന ദീർഘ കാല അജണ്ടയാണ് അത് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെ , വിവിധ ജനവിഭങ്ങൾക്കു ഭരണഘടന അനുവദിച്ചു കൊടുത്തിരുന്ന അവകാശങ്ങൾ പലതിനെയും ഒന്നൊന്നായി കൈയൊഴിയേണ്ടതുണ്ട്. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും കാശ്മീരി പൗരത്വത്തെ പുനർനിർമിക്കുകയും ചെയ്തത് ഇതിലേക്കുള്ള ഒരു പടിയാണ്. ഇന്ത്യൻ മുസ്ലീങ്ങളുടെ വംശീയ വേരുകൾ തിരയുന്ന പൗരത്വ നിയമഭേദഗതി മറ്റൊന്നാണ്. നാനാത്വത്തിലെഎകത്വമല്ല, ഏകശിലയിൽ വാർത്തെടുത്ത , ഹിന്ദുത്വ രാഷ്ട്രീയത്തോട് സന്ധിചെയുന്ന ഇന്ത്യൻ പൗരനെയാണ് അത് ലക്ഷ്യം വെയ്ക്കുന്നത്. ഈ മുദ്രാവാക്യങ്ങളുയർത്തി അധികാരത്തിലേറാൻ അവർക്കായി. ഉദാരവൽക്കരണത്തിന്റെ പല നേട്ടങ്ങളും വ്യക്തിപരമായി അനുഭവിക്കുന്ന ഒരു മധ്യ വർഗത്തെ സൃഷ്ഠിച്ചെടുക്കാനും അവരെ തങ്ങളിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. പക്ഷെ രാജ്യം നേരിടുന്ന അടിസ്ഥാന വൈരുദ്ധ്യങ്ങളെ മറികടക്കാൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല. അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യമൊന്നാകെയും സാധാരണ ജനങ്ങളും നീങ്ങുന്ന കാഴ്ച ഒരുവശത്തു, ഇന്ത്യ എന്ന ആശയത്തിനെ മുറിവേൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന സംഘര്ഷങ്ങള് മറുഭാഗത്തു. രൂക്ഷമാകുന്ന ഈ വൈരുധ്യങ്ങൾ ഭാവി ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെയും പൗരത്വത്തിന്റെയും സ്വഭാവം നിർണയിക്കും.
