പത്രാധിപക്കുറിപ്പ്

പി രാജീവ്

ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളുടെ വിശകലനമാണ് ഈ ലക്കം കൈകാര്യം ചെയ്യുന്നത്. ഏത് പുതിയ പരീക്ഷണങ്ങളും പ്രയോഗങ്ങളും വിവാദമാക്കാനുള്ള കേരളത്തിന്റെ സവിശേഷത ജനകീയാസൂത്രണത്തിലുമുണ്ടായി. തീവ്ര ഇടതുപക്ഷത്ത് നിന്ന് നടത്തുന്ന വിമർശനങ്ങൾ സൃഷ്ടിക്കാനിടയുള്ള ആശങ്കകളായിരുന്നു മാധ്യമങ്ങളുടെ ലക്ഷ്യം. അതിനു സഹായകരമായ സാഹചര്യം ആഗോളവൽക്കരണം സൃഷ്ടിച്ചിരുന്നു. പങ്കാളിത്ത വികസനത്തിന്റേയും സാമൂഹ്യ മൂലധനത്തിന്റേയും കാഴ്ചപ്പാടുകൾ ലോകബാങ്ക് മുന്നോട്ടുവെച്ചിരുന്നു എന്നതായിരുന്നു അതിൽ പ്രധാനം. 


ഇടതുപക്ഷ പരികൽപ്പനകൾ വലതുപക്ഷ ആശയ പ്രചാരവേലയുടെ പ്രതീകങ്ങളാക്കി മാറ്റി സമ്മത നിർമ്മാണ പ്രക്രിയ ശക്തിപ്പെടുത്താനള്ള തന്ത്രങ്ങൾ ഇക്കാലത്ത് വിപുലമായിരുന്നു. ഈ സാഹചര്യം തുറന്നിട്ട സാദ്ധ്യതകളെ ഉപയോഗിച്ച് അതിശക്തമായ പ്രചാരവേലയാണ് ഇടതുപക്ഷ വിരുദ്ധ ശക്തികൾ ജനകീയാസൂത്രണത്തിനെതിരെ നടത്തിയത്. അത് തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിച്ച് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട പലരും വലതുപക്ഷ കെണിയിൽ വീണ് ഇടതുപക്ഷ വിരുദ്ധതയുടെ പ്രചാരകരായി മാറി. 


കാൽ നൂറ്റാണ്ടിന്റെ അനുഭവം നെല്ലും പതിരും തിരിച്ചു. ലോകബാങ്കിന്റേയും ഐഎംഎഫിന്റേയും ഘടനാപരമായ പരിഷ്കാരങ്ങളുടെ ഭാഗമായി ലാറ്റിനമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും നടപ്പിലാക്കിയ പങ്കാളിത്ത ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നു. ഈ രാജ്യങ്ങളിലെ സമ്പദ്ഘടനയെ ദുർബലമാക്കുന്നതിനും ജനജീവിതം ദുസ്സഹമാക്കുന്നതിനും മാത്രമേ ഈ പരിഷ്കാരം ഉപകരിച്ചുള്ളു. 
ആഗോളവൽക്കരണ കാലത്ത് ഭരണകൂടത്തിന്റെ കാഴ്ചപ്പാട് മൂലധനത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാണ്. കുറച്ച് ഭരിക്കുന്നതാണ് മികച്ച സർക്കാർ എന്നും അവർ പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായാണ് പങ്കാളിത്ത ജനാധിപത്യം അവർ നടപ്പിലാക്കാൻ ശ്രമിച്ചത്. സ്വകാര്യവൽക്കരണവും കമ്പോളവൽക്കരണവും നടപ്പിലാക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. വിഭവങ്ങൾ വിതരണം ചെയ്യുന്നതിനല്ല ഇവർ ശ്രമിച്ചത്. പകരം സാമൂഹ്യക്ഷേമ രംഗങ്ങളിൽ നിന്നും പിൻവാങ്ങാനുള്ള അവസരമായി കണ്ടു. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ വേദികൾക്ക് പകരം അരാഷ്ട്രീയ സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്താനും ശ്രമിച്ചു. എന്നാൽ, ഈ പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു.


അതേ സമയം എല്ലാ വിവാദങ്ങളേയും അതിജീവിച്ച് കേരളത്തിലെ ജനകീയാസൂത്രണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതിൽ പ്രധാനം ലോക ബാങ്കിന്റെ ഘടനാപരമായ പരിഷ്കാരങ്ങളുടെ കുറിപ്പടികൾക്ക് അനുസരിച്ചല്ല ഇത് വിഭാവനം ചെയ്തതും പ്രയോഗിച്ചതും എന്നതാണ്. അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ചും ആസൂത്രണത്തിലും പ്രയോഗത്തിലുമുള്ള ജനപങ്കാളിത്തത്തെ സംബന്ധിച്ചും സ്വാതന്ത്ര്യ സമരത്തിന് മുമ്പുതന്നെ സ്വീകരിച്ച കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ വികസിതമായ തുടർച്ചയായിരുന്നു ജനകീയാസൂത്രണം. 


ബ്രിട്ടീഷ് ആധിപത്യ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ നിലപാടുകൾക്കെതിരെ ഇ എം എസ് എഴുതിയ ലേഖനം അധികാര വികേന്ദ്രീകരണത്തിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചിരുന്നു. 1956 ൽ ഐക്യകേരളത്തിന്റെ വികസന കാഴ്ചപ്പാട് അവതരിപ്പിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അധികാരം താഴേത്തലങ്ങളിലേക്ക് കൈമാറേണ്ടതുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ആദ്യ സർക്കാർ മുതൽ ഇത് പ്രയോഗികമാക്കുന്നതിന് ശ്രമിച്ചിരുന്നു. 1957ലെ ഭരണപരിഷ്കരണ റിപ്പോർട്ടും അതിന്റെ തുടർച്ചയിൽ 1958ൽ നിയമസഭയിൽ അവതരിപ്പിച്ച ഡിസ്ട്രിക്ട് കൗൺസിൽ ബില്ലും ഇതിന്റെ ഭാഗമായിരുന്നു. ഗ്രാമപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനു ജില്ലാ സർക്കാരുകൾ രൂപീകരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ആ ബില്ലിനു പുറകിലുള്ളത്. 
എന്നാൽ, വിമോചന സമരവും അതിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഇത്തരം നീക്കങ്ങളുടെ തുടർച്ചയെ ഇല്ലാതാക്കി. അതേ സമയം 1977 ൽ ബംഗാളിൽ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ ആ സംസ്ഥാനത്ത് വികേന്ദ്രീകരണ പ്രക്രിയയെ സവിശേഷമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോയി, ജില്ലാ പഞ്ചായത്തുകൾ വഴി വികസനത്തിന്റെ പുതിയ അനുഭവം പകർന്നു നൽകി. 


1991 ജനുവരി 21 ന് കേരളത്തിൽ നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് വരെ കേരളം ഇതിനായി കാത്തിരിക്കേണ്ടി വന്നു. കേരളം ജില്ലകളുടെ ഫെഡറേഷൻ ആകും വിധം വിപുലമായ അധികാര കൈമാറ്റമാണ് നടന്നത്. സംസ്ഥാനം കൈകാര്യം ചെയ്തിരുന്ന 150 ഓളം വിഷയങ്ങൾ ജില്ലാ കൗൺസിലുകൾക്ക് കൈമാറി. കളക്ടർമാരെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലുകളുടെ സെക്രട്ടറിയാകും വിധം ഉയർന്ന ജനാധിപത്യ കാഴ്ചപ്പാട് ഈ നിയമത്തിലുണ്ടായിരുന്നു. എന്നാൽ, അധികാര തുടർച്ചയില്ലായ്മ ഇതിന്റെ തുടർച്ചക്കും വിഘാതമായി. 


1993 ൽ പാർലമെണ്ട് പാസാക്കിയ 73,74 ഭരണഘടന ഭേദഗതികൾ രാജ്യത്തിന് പുതിയ അനുഭവമായിരുന്നെങ്കിലും കേരളം ഇക്കാര്യത്തിൽ ഏറെ മുമ്പിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അധികാരത്തിന്റേയും വിഭവങ്ങളുടേയും കൈമാറ്റം പ്രാദേശിക ഭരണസമിതികളിലേക്ക് നൽകി. എന്നാൽ, ഈ പുതിയ സാഹചര്യം തുറന്നു തന്ന സാദ്ധ്യതകളെ സമർത്ഥമായി ഉപയോഗിച്ച് ഇ എം എസിന്റെ നേതൃത്വത്തിൽ കേരളം ജനകീയാസൂത്രണത്തിന് രൂപം നൽകി.  എന്നാൽ ഈ പ്രക്രിയ അഭംഗുരം മുന്നോട്ടു പോകുകയായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ഇടക്കാലങ്ങളിൽ അധികാരത്തിൽ ഉണ്ടായിരുന്ന യു ഡി എഫ് സർക്കാർ അധികാര വികേന്ദ്രീകരണത്തെ ദുർബലപ്പെടുത്താനും അധികാരം സംസ്ഥാന സർക്കാരിലേക്ക് കേന്ദ്രീകരിക്കാനും ശ്രമിച്ചു. കേന്ദ്ര സര്‍ക്കാരാകട്ടെ ആസൂത്രണം തന്നെ തത്വത്തില്‍ ഉപേക്ഷിച്ചു.


മാർക്ലിസ്റ്റ് സംവാദത്തിന്റെ ഈ പരിശോധനക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം ജനകീയാസൂത്രണത്തിന്റെ സിദ്ധാന്തമാണ്. ഇവിടെ മുമ്പ് പ്രതിപാദിച്ച കാര്യങ്ങളെ ആഴത്തിൽ സൈദ്ധാന്തികമായി വിലയിരുത്തുകയാണ് ഓരോ ലേഖനവും ചെയ്യുന്നത്. രണ്ടാമത്തെ ഭാഗം പ്രയോഗത്തിന്റേതാണ്. ഉല്പാദന, സേവന മേഖലകളിൽ എന്തു മാറ്റമാണ് പിന്നിട്ട 25 വർഷങ്ങൾ സൃഷ്ടിച്ചതെന്ന വിശദമായ പരിശോധനയാണ് ഓരോ പ്രബന്ധവും ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, വ്യവസായ, സേവന മേഖലകളിലുണ്ടായ വൻ കുതിച്ചുചാട്ട അനുഭവങ്ങൾ അവ പരാമർശിക്കുന്നു. കാർഷിക, വ്യവസായ ഉല്പാദന മേഖലകളിൽ വളർച്ചയില്ലാതെ സേവന മേഖലകളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നതാണ് കേരള മാതൃകയുടെ സവിശേഷതയും പരിമിതിയും. ഈ പരിമിതി മറിക്കടക്കുന്നതിന് ജനകീയാസൂത്രണം എത്രമാത്രം സഹായകരമായി എന്നത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. 


ജനകീയാസൂത്രണ സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും ഈ സംവാദം നേട്ടങ്ങളുടെ കേവല കണക്കെടുപ്പിന് മാത്രമുള്ളതല്ല. ദൗർബല്യങ്ങളുടെ തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിൽ പുതിയ സാഹചര്യത്തിന്റെ സവിശേഷതകളിൽ ജനാധിപത്യത്തിൽ അടിമുടി ജനങ്ങളുടെ സജീവ ഇടപ്പെടൽ ഉറപ്പു വരുത്താനും കൂടിയാണ്.

പി രാജീവ്
ചീഫ് എഡിറ്റർ