പഞ്ചായത്തീരാജ് നിയമം ഒരവലോകനം
ഇ എം എസ്
അധികാര വികേന്ദ്രീകരണത്തിന് തുല്യപ്രാധാന്യമുള്ള രണ്ട് വശങ്ങള്‍ ഉണ്ടെന്നാണ് എന്റെ അഭിപ്രായം.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തുനിന്ന് കീഴോട്ടുമുള്ള അധികാര വികേന്ദ്രീകരണമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തേതിനെ ഒഴിവാക്കി രണ്ടാമത്തേതു മാത്രം പ്രാവര്‍ത്തികമാക്കാനുള്ള വഴികളാണ് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംസ്ഥാനങ്ങളുടെമേല്‍ കേന്ദ്രത്തിനുള്ള നിയന്ത്രണം അതേപടി നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനതലത്തില്‍നിന്ന് കീഴോട്ട് അധികാരം കൊടുക്കുന്നതിനെയാണ് പഞ്ചായത്തീരാജ് സംവിധാനം എന്ന് കേന്ദ്ര ഭരണകര്‍ത്താക്കള്‍ വിശേഷിപ്പിക്കുന്നത്.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചായത്തീരാജിന്റെ പ്രശ്നം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അശോക്‌മേത്ത അദ്ധ്യക്ഷനായി ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തിയിരുന്നുവല്ലോ. അതില്‍ ഞാനും ഒരംഗമായിരുന്നു. കമ്മിറ്റിയുടെ നിയമനത്തിനുശേഷം ഞങ്ങളെ വിളിച്ച് പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.
ആ അവസരത്തിലും പിന്നീട് രേഖാമൂലമായും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃസംവിധാനവും സംസ്ഥാനതലത്തില്‍നിന്ന് കീഴോട്ടുള്ള അധികാര വികേന്ദ്രീകരണവും സംബന്ധിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അവസാനം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ട സമയമായപ്പോള്‍ ഞാന്‍ എഴുതിച്ചേര്‍ത്ത ഭിന്നാഭിപ്രായക്കുറിപ്പില്‍ മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ ഇതും ഞാന്‍ എടുത്തുപറഞ്ഞിരുന്നു.
എന്നാല്‍, അന്നുമുതല്‍ക്ക് ഇന്നേവരെ കേന്ദ്ര-സംസ്ഥാന ബന്ധം പുനഃസംവിധാനം ചെയ്യുന്നകാര്യം കേന്ദ്രഭരണക്കാര്‍ ആലോചിച്ചിട്ടേയില്ല. ഭരണപരമായ എല്ലാ വകുപ്പുകളുടെയും മുമ്പിലുള്ള പ്രശ്നങ്ങളില്‍ അവസാന വിധികര്‍ത്താക്കളായി ദില്ലി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്മാരും അവര്‍ക്ക് രാഷ്ട്രീയ നേതൃത്വം നല്‍കുന്ന മന്ത്രിമാരും വിലസുന്ന ഏര്‍പ്പാട് ഇന്നും തുടരുകയാണ്.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനതലത്തില്‍നിന്ന് കീഴോട്ട് അധികാര വികേന്ദ്രീകരണം നടത്താനുള്ള രണ്ട് നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ളത്. അതുകൊണ്ട് പഞ്ചായത്തീരാജും നഗരപാലികകളും സംബന്ധിച്ച് പാര്‍ലമെന്റ് പാസാക്കിയ രണ്ട് നിയമങ്ങളെ അധികാര വികേന്ദ്രീകരണത്തിലേക്കുള്ള നീക്കമെന്നു പറയുന്നത് ശരിയായിരിക്കില്ല. കേന്ദ്രീകൃതമായ ഇന്ത്യന്‍ ഭരണകൂടം തുടരുന്നതിന്റെ നാലതിരുകള്‍ക്കകത്ത് മാത്രംനിന്നുകൊണ്ട് സംസ്ഥാനം തൊട്ടുള്ള കീഴേതലങ്ങളില്‍ പരിമിതമായ അധികാര വികേന്ദ്രീകരണമാണ് നടക്കുന്നത്.
പാര്‍ലമെന്റ് പാസാക്കിയ രണ്ട് നിയമങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കാനല്ല ഇത് പറയുന്നത്. പഞ്ചായത്തീരാജ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തിട്ടും ഒന്ന് രണ്ട് പതിറ്റാണ്ടുകളോളം കാലം പഞ്ചായത്തുകളിലേക്കോ നഗരസഭകളിലേക്കോ തിരഞ്ഞെടുപ്പ് നടത്താതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരിലൂടെ സംസ്ഥാന മന്ത്രിമാര്‍ എല്ലാ കാര്യങ്ങളും (കേന്ദ്രത്തിന്റെ കര്‍ശനനിയന്ത്രണത്തിലാണെങ്കിലും) നിയന്ത്രിക്കുകയായിരുന്നു പതിവ്. അത് ഇനിമേലില്‍ ഉണ്ടാവുകയില്ല. ആനുകാലികമായി തിരഞ്ഞെടുപ്പു നടത്താന്‍ അവര്‍ നിര്‍ബ്ബന്ധിക്കപ്പെടും. അതൊരു വലിയ നേട്ടംതന്നെയാണ്.
പക്ഷേ, ഇതിനുപിന്നില്‍ രണ്ട് പ്രധാന ദൗര്‍ബ്ബല്യങ്ങള്‍ പ്രകടമാകുന്നുണ്ട്. ഒന്നാമത്, നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ കേന്ദ്രത്തിന്റെ സര്‍വ്വാധിപത്യം ലവലേശം അയച്ചുവിടാതെ, സംസ്ഥാനതലത്തില്‍നിന്ന് കീഴോട്ടുള്ള അധികാര വികേന്ദ്രീകരണം മാത്രമാണ് ഈ രണ്ട് നിയമങ്ങളുംകൊണ്ട് സാധിക്കാന്‍ പോകുന്നത്.
രണ്ടാമത്, പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയും നഗരസഭകളെയും അന്യോന്യം വെള്ളം കടക്കാത്ത അറകളായി തിരിച്ചിട്ടുള്ളതിനാല്‍ ജില്ലാതലത്തില്‍ ഉദ്യോഗസ്ഥ മേധാവിത്വം കൊടികുത്തിവാഴുകതന്നെ ചെയ്യും. പാര്‍ലമെന്റ് പാസാക്കിയ ജില്ലാ കൗണ്‍സിലുകളുടെ പരിധിയില്‍ അതത് ജില്ലയിലുള്ള മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഉള്‍പ്പെടുത്താത്തതിനാല്‍ നിലവിലുള്ള റവന്യൂ ജില്ലകളില്‍ പലതിനും വലിയൊരു ഭാഗം ജില്ലാ കൗണ്‍സിലിന്റെ അധികാരപരിധിക്ക് പുറത്തായിരിക്കും.
കേരളത്തെ സംബന്ധിച്ചെങ്കിലും ഇതൊരു പുറകോട്ടുപോക്കാണ്: എന്തുകൊണ്ടെന്നാല്‍, ഇവിടെ പ്രാബല്യത്തിലിരിക്കുന്ന നിയമമനുസരിച്ച് ജില്ലാ കൗണ്‍സിലുകളില്‍ അതത് ജില്ലകളില്‍ ഉള്‍പ്പെട്ട മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുംപെടും. റവന്യൂ ജില്ലയുടെയാകെമേല്‍ ജില്ലാകൗണ്‍സിലിന് അധികാരമുണ്ട്. കേന്ദ്രസര്‍വ്വീസിലെ ഉദ്യോഗസ്ഥന്മാര്‍ ആ നിലവാരത്തിലുള്ള പാര്‍ലമെന്റിനും ഗവണ്‍മെന്റിനും, സംസ്ഥാനതല ഉദ്യോഗസ്ഥന്മാര്‍ നിയമസഭക്കും മന്ത്രിസഭക്കും എന്നപോലെ ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ ജില്ലാ കൗണ്‍സിലിനും അതിന്റെ തിരഞ്ഞെടുക്കപ്പെട്ട അധികാരികള്‍ക്കും കീഴിലാകും. ഇതാണ് യഥാര്‍ത്ഥത്തിലുള്ള അധികാര വികേന്ദ്രീകരണം.
പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ചുള്ള പഞ്ചായത്തീരാജിന്റെ തലപ്പത്തുള്ള ജില്ലാ കൗണ്‍സിലാകട്ടെ, അതത് ജില്ലയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ മാത്രം അധികാരങ്ങള്‍ വിനിയോഗിക്കുന്ന സ്ഥാപനങ്ങളാണ്. കലക്ടര്‍ തൊട്ടുള്ള ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ മുഴുവന്‍ അതത് വകുപ്പിന്റെ സംസ്ഥാനതല ഉദ്യോഗസ്ഥന്മാരുടെയും മന്ത്രിമാരുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അവരുടെമേല്‍ ജില്ലാ കൗണ്‍സിലിന് ഒരു അധികാരവും ഇല്ല. സംസ്ഥാനതല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും, അവരെ നിയന്ത്രിക്കുന്ന മന്ത്രിമാരുടെയും സര്‍വ്വാധിപത്യം തുടരുകയാണ് ചെയ്യുക.
ഈ ദോഷം പരിഹരിക്കുന്നതിന് കേരള പഞ്ചായത്ത് അസോസിയേഷന്‍ തയ്യാറാക്കിയ കരട് ബില്ലില്‍ ലളിതമായ ഒരു വ്യവസ്ഥ ചെയ്തിട്ടുണ്ട്: ജില്ലാ കൗണ്‍സിലിന്റെ അധികാരപരിധി റവന്യൂ ജില്ലയായിരിക്കുമെന്നും, ജില്ലയിലെ നാട്ടുമ്പുറങ്ങളെയും പട്ടണപ്രദേശങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന നിയോജകമണ്ഡലങ്ങളായി ജില്ലയെ വിഭജിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അങ്ങനെ വിവിധ നിയോജകമണ്ഡലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുപ്പെട്ടുവരുന്ന ജില്ലാ കൗണ്‍സില്‍ മെമ്പര്‍മ്മാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന പ്രസിഡണ്ടും മറ്റു ഭാരവാഹികളും ജില്ലയെ ആകെ പ്രതിനിധാനം ചെയ്യുമ്പോള്‍ ജില്ലാതലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മുഴുവന്‍ വികേന്ദ്രീകൃതമായ അധികാരം വിനിയോഗിക്കുന്നത് സംബന്ധിച്ച് ജില്ലാ കൗണ്‍സിലിനും അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാരവാഹികള്‍ക്കും ഉത്തരവാദപ്പെട്ടുകൊണ്ടായിരിക്കും.
ഇതിനെ സംസ്ഥാനതലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും ശക്തിയായി എതിര്‍ക്കുന്നത് സ്വാഭാവികമാണ്. കേന്ദ്രതലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാനതലത്തിലേക്ക് അധികാര വികേന്ദ്രീകരണം നടത്തുന്നതിനോടെന്നപോലെ സംസ്ഥാനതലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും മന്ത്രിമാര്‍ക്കും കീഴോട്ട് അധികാരം പകര്‍ന്നുകൊടുക്കുന്നതിനും മനസ്സില്ല. എന്തെങ്കിലും തൊടുന്യായം പറഞ്ഞ് എല്ലാ വകുപ്പുകളുടെയുംമേല്‍ സംസ്ഥാനതല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും മന്ത്രിമാര്‍ക്കും അധികാരം പിടിച്ചുനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, അതിനുവേണ്ട എല്ലാ അടവുകളും അവര്‍ ഉപയോഗിക്കുകയും ചെയ്യും.
പക്ഷേ, ജനങ്ങള്‍ക്ക് അധികാര വികേന്ദ്രീകരണത്തില്‍ അതിയായ താല്‍പ്പര്യമുണ്ട്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കെന്നപോലെ സംസ്ഥാനത്തുനിന്ന് ജില്ലകളിലേക്കും ജില്ലകളില്‍നിന്ന് ഗ്രാമതലപഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, പട്ടണപ്രദേശങ്ങളിലെ മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളും കൗണ്‍സിലുകളും എന്നിവയിലേക്കും അധികാരം മാറിക്കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഈ ഓരോ തലത്തിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അതത് തലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടങ്ങുന്ന കൗണ്‍സിലുകളോടും അവയില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാരവാഹികളോടും ഉത്തരവാദപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം.
നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കന്മാരുടെയും പ്രവര്‍ത്തകന്മാരുടെയും കാഴ്ചപ്പാടില്‍ മൗലികമായ ഒരു മാറ്റം വന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള അധികാര വികേന്ദ്രീകരണം സാദ്ധ്യമാവുകയുള്ളുവെന്നാണ് എന്റെ അഭിപ്രായം. ഇന്ന് തിരുവനന്തപുരത്തുള്ള സെക്രട്ടേറിയറ്റില്‍ നടക്കുന്ന ജോലികളില്‍ നല്ലൊരുഭാഗം ജില്ലാ കൗണ്‍സിലുകളിലേക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, നഗരസഭകള്‍ എന്നിവയിലേക്കും കൈമാറേണ്ടിവരും.
അപ്പോള്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്മാരുടെയും അവരെ നിയന്ത്രിക്കുന്ന മന്ത്രിമാരുടെയും എണ്ണം കുറയ്ക്കേണ്ടിവരും. ഇന്ന് സെക്രട്ടേറിയറ്റിലും വകുപ്പുതലവന്മാരുടെ ആപ്പീസിലും പ്രവര്‍ത്തിക്കുന്ന കുറേ ഉദ്യോഗസ്ഥന്മാരെ ജില്ലാ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്താന്‍ അയക്കേണ്ടിവരും. മന്ത്രിമാരുടെ എണ്ണമാകട്ടെ, ഇപ്പോള്‍ പതിവായിത്തീര്‍ന്നിട്ടുള്ളതിന്റെ പകുതിയിലേറെ കുറയ്ക്കാനും കഴിയും. രാജ്യത്തിനാകെ സാമ്പത്തികമായും ഭരണപരമായും ചെലവുകുറയുന്ന ഒരേര്‍പ്പാടാണിത്.
ഈ വഴിക്കുള്ള അധികാര വികേന്ദ്രീകരണത്തെ ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് തുരങ്കംവയ്ക്കുമോ? അവരുടെ തുരപ്പന്‍പണിയെ ചെറുത്തുതോല്‍പ്പിക്കത്തക്ക ബഹുജനശക്തി സംഭരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയശക്തികള്‍ ജാഗരൂകതയോടെ പ്രവര്‍ത്തിക്കുമോ, ഇതാണ് ഇന്നത്തെ പ്രധാന പ്രശ്നം.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് ജില്ലകളിലേക്കും അതിനു കീഴെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, നഗരസഭകള്‍, അവയെ കൂട്ടിയിണക്കുന്ന ജില്ലാ കൗണ്‍സിലുകള്‍ എന്നിവയിലേക്കും അധികാരം പകര്‍ന്നുകൊടുക്കണമെന്നാണല്ലോ ഇതേവരെ പറഞ്ഞുവച്ചത്.
ഇത് നടപ്പിലാവണമെങ്കില്‍ ഇന്ന് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കയ്യിലുള്ള അധികാരങ്ങള്‍, ധനവിഭവങ്ങള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ജീവനക്കാരും എന്നിവയെയും വികേന്ദ്രീകരിക്കണം. കേന്ദ്ര-സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ വലുപ്പം, അവയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മന്ത്രിമാരുടെയും എണ്ണം ഇതെല്ലാം കുറച്ച് ആ രണ്ടു നിലവാരങ്ങളിലും ഇന്നു ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജില്ലാ കൗണ്‍സിലുകള്‍, പഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്കു കൊടുക്കണം. അതാണ് യഥാര്‍ത്ഥ വികേന്ദ്രീകരണം.
ഇതിനെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും കൂടി എതിര്‍ത്തേക്കും. മാത്രമല്ല, വിവിധ നിലവാരത്തിലുള്ള ഭരണസംവിധാനത്തില്‍ ജോലിചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുന്ന നടപടിയാകും ഇതെന്നതിനാല്‍ തൊഴില്‍ കിട്ടാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കളും ഇതിനെ എതിര്‍ത്തേക്കും.
കൃഷിയുടെയും വ്യവസായങ്ങളുടെയും വളര്‍ച്ചയില്‍ വന്നുകൂടിയിട്ടുള്ള മുരടിപ്പുനിമിത്തം തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് ജീവനമാര്‍ഗ്ഗം ഉണ്ടാക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗം സര്‍ക്കാര്‍ ജോലിയാണല്ലോ. ആ സ്ഥിതിക്ക് സര്‍ക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് തൊഴിലില്ലാത്ത യുവതീയുവാക്കളുടെ കൂടി എതിര്‍പ്പിനിടയാക്കും.
ഈ പ്രശ്നം പരിഹരിക്കണമെങ്കില്‍ അധികാര വികേന്ദ്രീകരണം നടപ്പിൽ വരുത്തുന്ന രീതിയില്‍ മൗലികമായ മാറ്റം വരണം. വികേന്ദ്രീകരിക്കപ്പെടുന്ന അധികാരം ഉപയോഗിക്കുന്നത് തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയും രാജ്യത്തിന്റെ സമ്പത്ത് ക്രമാനുഗതമായി വര്‍ദ്ധിക്കുകയും ചെയ്യുംവിധത്തിലായിരിക്കണം. ഇതിനുള്ള ഒരു നല്ല തുടക്കമാണ് പശ്ചിമബംഗാളിലെ ജ്യോതിബസു ഗവണ്‍മെന്റ് ത്രിതലപഞ്ചായത്തുകളെ ഉപയോഗിച്ച രീതി. അതില്‍നിന്ന് കേരളീയര്‍ പാഠം പഠിക്കേണ്ടതാണ്.
15 വര്‍ഷമായി തുടര്‍ന്നുപോരുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെയും അതിന്റെ മുന്‍കയ്യോടെ പ്രവര്‍ത്തിച്ച പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും പ്രധാനമായ പ്രവര്‍ത്തനമേഖല കാര്‍ഷികവും വ്യാവസായികവുമായ ഉല്‍പ്പാദനവര്‍ദ്ധനവിന്റേതാണ്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശ്രമഫലമായി പശ്ചിമബംഗാളിലെ കാര്‍ഷികോല്‍പ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വ്യവസായരംഗത്താകട്ടെ, കൃഷിയുമായി ബന്ധപ്പെട്ട കുടില്‍വ്യവസായങ്ങളും ചെറുകിടവ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്; രണ്ടിന്റെയും ഫലമായി തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സത്യം നിഷ്പക്ഷരായ അക്കാദമീയ പണ്ഡിതന്മാരുടെ പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്.
കേരളീയരായ നമുക്കും ഇതു സാദ്ധ്യമാണ്. എന്തുകൊണ്ടെന്നാല്‍, പശ്ചിമബംഗാളില്‍ എന്നപോലെ ഇവിടെയും അഭ്യസ്തവിദ്യരടക്കം വലിയൊരുവിഭാഗം യുവതീയുവാക്കള്‍ തൊഴിലില്ലാതെ അലഞ്ഞുനടക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയത്ത്, കിണര്‍ കുഴിച്ചും തോടുവെട്ടിയും മറ്റും കൃഷിക്കാവശ്യമായ ജലസേചനസൗകര്യം വര്‍ദ്ധിപ്പിക്കുക മുതലായ ജോലികള്‍ നടക്കാതിരിക്കുന്നതിനാല്‍ കൃഷി വളരുന്നുമില്ല; തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ കൊടുക്കുന്ന കുടില്‍വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും വളര്‍ത്താന്‍ ആവശ്യമായ മൂലധനം, സാങ്കേതിക പരിജ്ഞാനം മുതലായവ ഇല്ലാത്തതിനാല്‍ ചെറുകിടയിലും ഇടത്തരത്തിലുംപെട്ട വ്യവസായങ്ങള്‍ വളരുന്നില്ല.
ഈ തടസ്സം നീക്കി കൃഷിയെയും വ്യവസായങ്ങളെയും അഭിവൃദ്ധിപ്പെടുത്തലാണ് സംസ്ഥാന ഗവണ്‍മെന്റുകളുടേതെന്നപോലെ പഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, നഗരസഭകള്‍, ജില്ലാ കൗണ്‍സിലുകള്‍ എന്നിവയുടെയും പ്രധാന ചുമതല എന്ന് ആ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ക്കുപോലും മനസ്സിലായിട്ടില്ല.
ഈ ദൗര്‍ബ്ബല്യം പരിഹരിച്ച് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളെ കാര്‍ഷികവും വ്യാവസായികവുമായ ഉല്‍പ്പാദനത്തിന്റെ രംഗത്തേക്ക് തിരിച്ചുവിടുകയാണെങ്കില്‍, തൊഴിലില്ലായ്മക്ക് നേരിയ പരിഹാരമെങ്കിലും കാണാന്‍ കഴിയും. അത് പൂര്‍ണ്ണവും ശാശ്വതവുമായ പരിഹാരമാവുകയില്ലെന്നത് നേരുതന്നെ. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടര്‍ന്നുപോരുന്ന സാമ്പത്തികനയങ്ങളിലാകെ മൗലികമായ പൊളിച്ചെഴുത്തു നടത്തിയാല്‍ മാത്രമേ തൊഴിലില്ലായ്മപ്രശ്നം പൂര്‍ണ്ണമായും ശാശ്വതമായും പരിഹരിക്കപ്പെടുകയുള്ളു.
പക്ഷേ, ഭാഗികവും താല്‍ക്കാലികവുമായ പരിഹാരം കാണാന്‍ പഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, നഗരസഭകള്‍, അവയെല്ലാം ചേര്‍ന്നുണ്ടാകുന്ന ജില്ലാ കൗണ്‍സിലുകള്‍ എന്നിവയ്ക്കു കഴിയും.
ഇതിന് ആദ്യമായി വേണ്ടത് രാഷ്ട്രീയകക്ഷിക്കാരടക്കമുള്ള ജനങ്ങളുടെ വികസന മനോഭാവത്തില്‍ മൗലികമായ മാറ്റം വരുത്തലാണ്. ഉല്‍പ്പാദന മേഖല ശ്രദ്ധിക്കാതെ -കൃഷിയിലും വ്യവസായങ്ങളിലും കേരളം അതിവേഗം പിറകോട്ട് തള്ളപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ ഗൗരവം കാണാതെ-വിദ്യാഭ്യാസം, വൈദ്യസഹായം, ഗതാഗതം എന്നിവയാണ് വികസനത്തിന്റെ തുടക്കവും ഒടുക്കവും എന്ന കാഴ്ചപ്പാടാണ് നമ്മുടെ ജനങ്ങള്‍ക്ക് പൊതുവിലുള്ളത്.
കൃഷിയുടെയും വ്യവസായങ്ങളുടെയും കാര്യത്തില്‍ മുരടിച്ചു നില്‍ക്കുകയാണെങ്കില്‍ വിദ്യാഭ്യാസ, വൈദ്യസഹായ, ഗതാഗതാദി കാര്യങ്ങളില്‍ എത്ര പുരോഗതി ഉണ്ടായാലും നമ്മുടേത് ഒരു വികസ്വര സംസ്ഥാനമായി വളരുകയില്ലെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കണം. അത് അവരെ മനസ്സിലാക്കിക്കുന്നതിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹ്യ-സാംസ്‌കാരിക-ബഹുജന സംഘടനകള്‍, ജനക്ഷേമതല്‍പ്പരരായ വ്യക്തികള്‍ എന്നിവര്‍ മുന്നോട്ടു വരണം. അവരെല്ലാം ചേര്‍ന്ന ഒരു “വികസന രാഷ്ട്രീയം’ രൂപപ്പെടണം.
ഇതിന് പഞ്ചായത്തുകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, നഗരസഭകള്‍, അവയെല്ലാം ചേര്‍ന്ന ജില്ലാകൗണ്‍സിലുകള്‍ എന്നിവയ്ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. സഹകരണപ്രസ്ഥാനംപോലുള്ള അനൗദ്യോഗിക സംഘടനകളുടെയും, ട്രേഡ് യൂണിയനുകളെയും കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടനകളെയുംപോലുള്ള വര്‍ഗ്ഗ സംഘടനകള്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മഹിളമാരുടെയും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെയും ബഹുജന സംഘടനകള്‍ എന്നിവയുടെയും സഹായ സഹകരണങ്ങള്‍ തേടാനും ജില്ലാ കൗണ്‍സിലുകള്‍ക്കും അവയുടെ നേതൃത്വത്തില്‍ നഗരസഭകള്‍, ബ്ലോക്ക് കൗണ്‍സിലുകള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്കും കഴിയും.
സാമ്പത്തികരംഗത്തെ ഉല്‍പ്പാദനവര്‍ദ്ധനയ്ക്കും സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പുരോഗതിക്കും ഒഴിവാക്കാന്‍ വയ്യാത്ത ഒരു മുന്‍ഉപാധിയാണ് മൂലധനം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പാപ്പരായ സാമ്പത്തികസ്ഥിതി നിമിത്തം ഈ മൂലധനം കണ്ടെത്തല്‍ ഔദ്യോഗിക സഹായത്തോടെ എളുപ്പമല്ല.
എന്നാല്‍, നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണപ്രദേശങ്ങളിലും തൊഴിലില്ലാതെ അലഞ്ഞുനടക്കുന്ന പതിനായിരക്കണക്കിന് യുവതീയുവാക്കളുണ്ട്. അവരുടെ അദ്ധ്വാനശക്തി സാമൂഹ്യസേവനപരമായി ഉപയോഗിച്ച് ശ്രമദാനം സംഘടിപ്പിക്കാന്‍ ജില്ലാ കൗണ്‍സിലുകളും മറ്റ് പ്രാദേശിക ഭരണസ്ഥാപനങ്ങളും ശ്രമിക്കുകയാണെങ്കില്‍, നമ്മുടെ യുവതീയുവാക്കളുടെ തൊഴിലില്ലായ്മയെതന്നെ ഉല്‍പ്പാദനത്തിനാവശ്യമായ മൂലധനമാക്കി മാറ്റാന്‍ കഴിയും. കൂടാതെ, രാജ്യനന്മയ്ക്ക് ആവശ്യമായ ഉല്‍പ്പാദനപ്രവര്‍ത്തനം സുഗമമാക്കുന്നതിന് പണമോ സാധനങ്ങളോ സംഭാവന നല്‍കാന്‍ കഴിവും തയ്യാറും ഉള്ളവരുണ്ടാകും. അങ്ങനെ തൊഴിലില്ലാത്തവരുടെ അദ്ധ്വാനശക്തിയും സാമ്പത്തിക കഴിവുള്ളവരുടെ സാമ്പത്തികത്യാഗവും ഉപയോഗിച്ച് മൂലധന സംഭരണം സംഘടിപ്പിക്കാന്‍ കഴിയും.
ഈ കാഴ്ചപ്പാടോടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിക്കാന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍, വര്‍ഗ്ഗബഹുജന സംഘടനകള്‍ എന്നിവയും ജനനന്മയില്‍ താല്‍പ്പര്യമുള്ള വ്യക്തികളും തയ്യാറാകുമോ എന്നതാണ് പ്രശ്‌നം.
പക്ഷേ, ഈ വഴിക്കുള്ള വികസന പ്രവര്‍ത്തനം നടക്കണമെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാന നിലവാരത്തിലുമുള്ള ഭരണയന്ത്രമാകെ ഉടച്ചുവാര്‍ക്കണം. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ബ്ലോക്ക് കൗണ്‍സിലുകള്‍ക്കും അവയുടെ എല്ലാം വേദിയായ ജില്ലാ കൗണ്‍സിലുകള്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍പോലും തിരുവനന്തപുരത്തെയോ ദില്ലിയിലെ തന്നെയോ സര്‍ക്കാര്‍ ആപ്പീസുകള്‍ ചെയ്യുക എന്ന ഇന്നത്തെ പതിവ് മാറ്റണം. അതിന്റെ വിശദാംശങ്ങള്‍ എനിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒറ്റയ്ക്കു നിര്‍ദ്ദേശിക്കാനും കഴിയുകയില്ല. പക്ഷേ, മറ്റെല്ലാ സുഹൃത്തുക്കളുടെയും പരിഗണനയ്ക്ക് ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയാണ്.
ഒന്നാമത്, കേന്ദ്രത്തില്‍ ഇന്നുള്ളത്ര മന്ത്രാലയങ്ങള്‍ ആവശ്യമില്ല. അവ നടത്തുന്ന ജോലിയില്‍ ഒരുഭാഗം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാം. ബാക്കിയുള്ളവയെത്തന്നെ പുനഃസംഘടിപ്പിച്ച് കേന്ദ്രഭരണയന്ത്രം കൂടുതല്‍ ഒതുക്കമുള്ളതാക്കിത്തീര്‍ക്കാം.
രണ്ടാമത്, കേരളത്തില്‍ ഇന്നു നിലവിലുള്ള സെക്രട്ടേറിയറ്റിലും സെക്രട്ടേറിയറ്റിനു വെളിയിലുള്ള വകുപ്പു തലവന്മാരുടെ ആസ്ഥാനങ്ങളിലും കാര്യമായി കുറവു വരുത്താന്‍ കഴിയും. രണ്ട് ഉദാഹരണങ്ങള്‍ കൊടുക്കാം. റവന്യുബോര്‍ഡ്, റവന്യൂസെക്രട്ടറി എന്ന രണ്ട് ഏര്‍പ്പാടുകളും ഇല്ലാതാക്കി അവ നടത്തുന്ന പ്രധാനജോലി (പൊതുഭരണത്തിന്റെ മേല്‍നോട്ടം) ജില്ലാ കൗണ്‍സിലുകള്‍ക്കും നഗരസഭകള്‍ക്കും ബ്ലോക്ക് കൗണ്‍സിലുകള്‍ക്കും പഞ്ചായത്തുകള്‍ക്കും കൊടുക്കാം. അങ്ങനെ പൊതുഭരണത്തിന്റെ മേല്‍നോട്ടം ജില്ലാ കൗണ്‍സിലുകള്‍ തൊട്ടുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകുമ്പോള്‍ പഞ്ചായത്തു വകുപ്പ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പ് എന്നിവയും നിര്‍ത്തലാക്കാം.
മൂന്നാമത്, വ്യവസായം, കൃഷി, മത്സ്യബന്ധനം മുതലായ ഉല്‍പ്പാദനമേഖലകളും വിദ്യാഭ്യാസം, വൈദ്യസഹായം മുതലായ സേവനമേഖലകളും വികേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ ആ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്ന ഭരണത്തലവന്മാരുടെ ആപ്പീസ്, സെക്രട്ടേറിയറ്റ് വകുപ്പ് എന്നിവ ഇന്നത്തേതിനേക്കാള്‍ എത്രയോ ചുരുക്കാം. (ഉദാഹരണത്തിന് പ്രാഥമിക വിദ്യാലയങ്ങള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും, സെക്കന്ററി വിദ്യാലയങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്കും കൊടുക്കുക എന്ന ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍പ്പോലും വിദ്യാഭ്യാസ ഡയറക്ടറുടെയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെയും ജോലിഭാരം കുറയും) ഈ രീതിയില്‍ വ്യവസായം, കൃഷി, മത്സ്യബന്ധനം മുതലായ വകുപ്പുകളില്‍ വികേന്ദ്രീകരണം നടത്തിയാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ഓരോന്നിനെയും ഇന്നത്തേതിനേക്കാള്‍ എത്രയോ ചെറുതാക്കാന്‍ കഴിയും.
നാലാമത്, ഈ പരിഷ്കാരങ്ങളുടെ ഫലമായി സംസ്ഥാന നിലവാരത്തില്‍ കുറയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലേക്ക് വിട്ടുകൊടുക്കണം. അതു ചെയ്യാതെ സംസ്ഥാന നിലവാരത്തില്‍ ഇന്നുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിലനിര്‍ത്തിക്കൊണ്ട് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാനത്തിനാകെ താങ്ങാന്‍വയ്യാത്ത ഒരു ഭാരമായാണ് അത് തീരുക.
ഇതിന്റെ ഗൗരവാവസ്ഥ മറ്റു ജനവിഭാഗങ്ങള്‍ എന്നപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരുംകൂടി മനസ്സിലാക്കണം. അവരെ മനസ്സിലാക്കിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും വര്‍ഗ്ഗബഹുജന സംഘടനകളും തയ്യാറാകണം.
(ലഘുലേഖ 1993 ഒക്ടോബര്‍)