കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി - ഒരു സൈദ്ധാന്തിക വിലയിരുത്തൽ

പ്രഭാത് പട്നായിക്

കേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയെക്കുറിച്ചു വിവിധ തലത്തിലുള്ള സൈദ്ധാന്തിക വിമർശനങ്ങൾ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. സംസ്ഥാനത്തെ ആകെ വിഭവങ്ങളുടെ മൂന്നിലൊന്നു പ്രാദേശിക ഭരണസമിതികൾക്കായി നീക്കിവയ്ക്കുന്ന ഈ അധികാര വികേന്ദ്രീകരണ പരിപാടി ഒരു സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണെന്നും ഇടതുപക്ഷം അതിനു കീഴടങ്ങിക്കൊടുത്തു എന്നുമുള്ള വിമർശനം ചില സഖാക്കൾ തന്നെ ഉയർത്തിയിരുന്നു. ഈ വിമർശകർ കാണാതെ പോകുന്ന കാര്യം, ഇടതുപക്ഷം മുന്നോട്ടുവച്ച അധികാര വികേന്ദ്രീകരണവും, അതിന്റെഭാഗമായി ഇവിടെ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയും ലോകബാങ്കും സാമ്രാജ്യത്വ ശക്തികളും മുന്നോട്ടു വെയ്ക്കുന്ന അധികാര വികേന്ദ്രീകരണ ആശയങ്ങളും തമ്മിൽ മൗലികമായിത്തന്നെ വിഭിന്നമാണ് എന്നാണ്. വര്‍ഗ്ഗസമരത്തെ ശക്തിപ്പെടുത്താൻ ഉതകുന്ന ഒന്നാണ് ഇവിടെ ഇടതുപക്ഷം നടപ്പിലാക്കി വരുന്ന അധികാര വികേന്ദ്രീകരണ പരിപാടി. ഗ്രാമങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാൻ ഉതകുന്ന സ്ഥാപനങ്ങളെ വികസിപ്പിച്ചെടുക്കലാണത്. ഇത്തരം സ്ഥാപനങ്ങളിലൂടെ അവർക്ക് വികസന പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടാൻ സാധിക്കുന്നു. സാമ്രാജ്യത്വം മുന്നോട്ടു വെയ്ക്കുന്ന അധികാര വികേന്ദ്രീകരണ പരിപാടികളാകട്ടെ ഇതിനു നേര്‍വിപരീതമായ ദിശയിലാണ് പ്രവർത്തിക്കുന്നത്. വര്‍ഗ്ഗസമരത്തെ ദുര്‍ബ്ബലപ്പെടുത്തുന്നവയാണത്, എൻ ജി ഒകളുടെ സംരക്ഷണത്തിൽ കഴിയുന്ന വിനീത വിധേയരായ ഗ്രാമീണരെ സൃഷ്ടിക്കലാണത് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനു പകരം സ്വയംസഹായ സംഘങ്ങളിൽ അവരെ ചേർക്കുന്നതാണത് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളും ഇടതുപക്ഷത്തിന്റേതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന അവരുടെ പ്രചാരണം തങ്ങളുടെ പരിപാടികൾക്ക് വ്യാപകമായ സാധൂകരണം കിട്ടാൻ വേണ്ടിയാണ്. അതുകൊണ്ട് ഈ രണ്ടു ആശയഗതികളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ഇടതുപക്ഷം ഊന്നിപ്പറയേണ്ടിയിരിക്കുന്നു. 

ഒന്ന്


ഇടതുപക്ഷ ആശയങ്ങൾ പിടിച്ചെടുത്തു അതിനു പുതിയ അർത്ഥതലങ്ങൾ നൽകി അവതരിപ്പിക്കുക എന്നത് സാമ്രാജ്യത്വം വളരെ ബോധപൂർവ്വം മുന്നോട്ടുവയ്ക്കുന്ന ഒരു തന്ത്രമാണ്. ഇത് വഴി പല ലക്ഷ്യങ്ങളും നേടാനാവും. ഇടതു ആശയങ്ങളുടെ ഈ കടമെടുക്കലിന് പല ലക്ഷ്യങ്ങളുണ്ട്. ഒന്ന്, സാമ്രാജ്യത്വ ആശയങ്ങൾക്ക് ഇടതു ആശയങ്ങളുടെ ഗഹനമായ ഉൾക്കാഴ്ചകൾ ചാർത്തിക്കൊടുക്കുക വഴി സാമ്രാജ്യത്വ ആശയങ്ങൾക്ക് പൊതുവായ സ്വീകാര്യത കിട്ടുന്നു. രണ്ട്, ഒരേ ആശയം തങ്ങളുടെ ശത്രുക്കൾ ഉപയോഗിക്കുക വഴി ഇടതുപക്ഷ അണികളിൽ തന്നെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക കരുത്തിനെ അത് ചോർത്തിക്കളയുന്നു. മൂന്ന്, അടിസ്ഥാന ആശയങ്ങൾ അസ്പഷ്ടമാകുക വഴി സാമ്രാജ്യത്വത്തിന് അതിന്റെ ആധിപത്യം നിലനിർത്തുവാനാകുന്നു. 


ഒരു ഉദാഹരണം നോക്കുക. ഘടന, ഘടനാപരമായ മാറ്റം, ഘടനാവാദം, ഘടനാപരമായ പരിഷ്കാരങ്ങൾ തുടങ്ങിയ പദങ്ങൾ സാമ്രാജ്യത്വത്തിനെതിരെ ഇടതുപക്ഷം ഉയർത്തിയവയാണ്. സ്വതന്ത്ര വിപണിയാണ് എല്ലാ വികസന പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി എന്നാണ് സാമ്രാജ്യത്വം പറയുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ നിലപാട് വ്യത്യസ്തമാണ്. കൊളോണിയൽ അർദ്ധ കൊളോണിയൽ ഭൂതകാലം അവശേഷിപ്പിച്ച ഘടനകളിൽ നിന്നുള്ള വ്യവച്ഛേദമാണ് ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്നത്. ഭൂപരിഷ്കരണം, സാമ്രാജ്യത്വ നിയന്ത്രണത്തിലുള്ള ലോകകമ്പോളത്തിൽ നിന്നുള്ള വിച്ഛേദം, മെട്രോപൊളിറ്റൻ മൂലധനത്തിന് ബദലായി പൊതുമേഖലയുടെ ശക്തിപ്പെടുത്തൽ, ആസൂത്രണത്തെ അടിസ്ഥാനമാക്കിയ ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം എന്നിവയാണത്. വലതുപക്ഷം കമ്പോളം എന്ന പദം ഉപയോഗിക്കുന്നത് പോലെയാണ് ഇടതുപക്ഷം ഘടന എന്ന പദം ഉപയോഗിക്കുന്നത്. അതുപോലെ ഘടനാപരമായ തിരുത്തലുകൾ എന്നത് ഇന്ന് ലോക ബാങ്ക് സിദ്ധാന്തങ്ങളില്‍ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ്. ഇടതുപക്ഷം ആ പദം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതിനു നേർ വിപരീതമാണത്. ഇടതുപക്ഷത്തിന്റെ ഒരു പദം കൈവശപ്പെടുത്തി പുതിയ അർത്ഥങ്ങൾ നൽകി തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുകയാണവർ. 


ഇതുതന്നെയാണ് അധികാര വികേന്ദ്രീകരണം എന്ന ആശയത്തിനും ഇന്ന് സംഭവിക്കുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഒന്നാണിത്. 1977 ൽ ഇടതുപക്ഷം പശ്ചിമ ബംഗാളിൽ അധികാരത്തിൽ വരുന്ന നാൾ മുതൽ ഇടതുപക്ഷത്തിന്റെ നിഘണ്ടുവിലുണ്ടായിരുന്ന വാക്കാണിത്. ഇവിടെ ഉദാരവൽക്കരണ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാകുന്നതിനും, അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും അഹങ്കാരപൂര്‍വ്വം തങ്ങളുടെ പദ്ധതികള്‍ ഇന്ത്യയില്‍ നടപ്പാക്കാൻ തുടങ്ങുന്നതിനും എത്രയോ മുൻപാണിത്. ഇതിനു എത്രയോ കാലത്തിനു ശേഷമാണ് എ ഡി ബി യും ഡി എഫ് ഐ ഡി യുമൊക്കെ അധികാര വികേന്ദ്രീകരണം എന്ന വാക്കു അവർ കണ്ടു പിടിച്ചത് പോലെ അവതരിപ്പിക്കുന്നത്. എന്ന് മാത്രമല്ല ഇടതുപക്ഷം ആ വാക്കിനു കല്പിച്ചിരുന്ന അർത്ഥതലങ്ങളെക്കാൾ തീർത്തും വിഭിന്നമായ രീതിയിലാണ് അവർ അത് ഉപയോഗിച്ചത്. ഇടതുപക്ഷക്കാർ എന്ന് അവകാശപ്പെടുന്ന ചിലർ അധികാര വികേന്ദ്രീകരണ സങ്കല്പങ്ങളെ എതിർക്കുന്ന സമീപനം കൈക്കൊണ്ടതും ഈ ആശയം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി ഉയർന്നു വന്ന സമീപനമാണെന്നു വാദിക്കുന്നതും നമുക്ക് കാണിച്ചു തരുന്നത് അവരുടെ ആ തന്ത്രം വളരെ ഫലപ്രദമായിരുന്നു എന്നതാണ്. സാമ്രാജ്യത്വത്തിന്റെ ഹീനതന്ത്രങ്ങളെ തുറന്നു കാട്ടാൻ ശ്രമിക്കേണ്ടതിനു പകരം ഇടതു ആശയങ്ങളെ സമർത്ഥമായി വളച്ചൊടിച്ചു ഉപയോഗിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെ പിന്താങ്ങലാണിത്. 


അധികാര വികേന്ദ്രീകരണത്തെ കുറിച്ച് ഇടതുപക്ഷവും സാമ്രാജ്യത്വവും പുലർത്തുന്ന ആശയഗതികളിലെ മൗലികമായ അന്തരം തുറന്നു കാട്ടുക എന്നതാണ് ഈ പ്രബന്ധത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. സ്ഥല പരിമിതി മൂലം ഇതിന്റെ എല്ലാ വശങ്ങളിലേക്കും കടക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്ന സർക്കാർ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത ജനകീയാസൂത്രണം സാമ്രാജ്യത്വ പദ്ധതികളിൽ നിന്നും എങ്ങിനെ വേറിട്ടു നിൽക്കുന്നു എന്ന് വിശദീകരിക്കുവാനാണ് ഇവിടെ മുഖ്യമായും ശ്രമിക്കുന്നത്. 

രണ്ട്

കേരളത്തിലെ ജനകീയാസൂത്രണ പരീക്ഷണത്തെക്കുറിച്ചു രണ്ട് അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്. ഒന്ന്, ഇതിന് ആസൂത്രണവുമായി എന്ത് ബന്ധമാണുള്ളത്? രണ്ടാമതായി, വര്‍ഗ്ഗസമരവുമായി ഇത് എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? ആദ്യ ചോദ്യത്തിന്റെ ഉത്തരം ഇവിടെ വിശകലനം ചെയ്യാം. രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അടുത്ത ഭാഗത്തിൽ കൈകാര്യം ചെയ്യാം. അധികാര വികേന്ദ്രീകരണത്തെ കുറിച്ചുള്ള സാമ്രാജ്യത്വ ആശയവുമായി ഇത് എങ്ങിനെ ഭിന്നമായിരിക്കുന്നു എന്ന് തുടർന്നു നോക്കാം. 

പാരമ്പരാഗതമായിത്തന്നെ, സാമ്രാജ്യത്വ ആശയങ്ങളുടെ കടന്നു വരവിനു മുൻപേ, അധികാര വികേന്ദ്രീകരണം എന്ന പദം വിഭിന്ന തലങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായ ഈ അർത്ഥതലങ്ങൾ ആദ്യമായി പരിശോധിക്കാം. കേരളത്തിലെ ഈ പരീക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്കു കടക്കുന്നതിനു മുൻപ് ഇത്തരമൊരു പരിശോധന ആവശ്യമാണ്. 

സാമ്പത്തിക ശാസ്ത്രത്തിൽ കുറഞ്ഞപക്ഷം ഇത് നാല് അർത്ഥതലങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മുതലാളിത്ത കമ്പോള സമ്പദ് വ്യവസ്ഥയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള വികേന്ദ്രീകരണമാണ് ആദ്യത്തേത്. സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ തുടങ്ങി നിരവധി അധികാര കേന്ദ്രങ്ങൾ (decision makers) ഇവിടെയുണ്ട്. ചിതറിക്കിടക്കുന്ന ഈ അധികാര കേന്ദ്രങ്ങളാണ് സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനക്ഷമതയ്ക്ക് ആധാരം. ഇതിനു വിഭിന്നമായി, പരമ്പരാഗത അർത്ഥത്തിലുള്ള ഒരു ആസൂത്രണ സമ്പദ് വ്യവസ്ഥയാകട്ടെ വളരെ കേന്ദ്രീകൃതമായി തീരുമാനങ്ങളെടുത്തു പ്രവർത്തിക്കുന്ന ഒന്നാണ്. ഇത് രണ്ടും തമ്മിലുള്ള താരതമ്യം ഒരു കാലത്ത് സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രധാന പ്രമേയം ആയിരുന്നു. കമ്പോള വ്യവസ്ഥയുടെ അരാജകത്വം മറികടക്കാനായി എന്നത് കേന്ദ്രീകൃത വ്യവസ്ഥയുടെ മികവായി ചൂണ്ടിക്കാട്ടിയിരുന്നു.മാർക്സും കെയ്ൻസുമൊക്കെ ഇതിന്റെ വക്താക്കളായി ഖ്യാതി നേടിയിരുന്നു. (മൗറിസ് ഡോബ്ബും മൈക്കിൾ കലേക്കിയും ഈ വാദഗതിയുടെ ശക്തരായ പിന്തുണക്കാരായിരുന്നു. )

ആസൂത്രണ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് മറ്റു മൂന്ന് അർത്ഥതലങ്ങളും നിലനിൽക്കുന്നത്. ഇതിലൊന്ന് ആസൂത്രണത്തെ അടിസ്ഥാനമാക്കിയതാണ് എങ്കിലും പൂര്‍ണ്ണമായും കേന്ദ്രീകൃതമല്ലാത്തതാണ്. ഒരു ആസൂത്രണ സമ്പദ് വ്യവസ്ഥയിൽ വിവരങ്ങളുടെ ഒഴുക്കിനായുള്ള ഒരു സംവിധാനം എന്ന നിലയിലാണ് അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച രണ്ടാമത്തെ അർത്ഥം. ഓസ്കർ ലാങ്, കോർനായി, ലിപ്റ്റാക് എന്നിവരാണ് ഇതിന്റെ പ്രസിദ്ധരായ വക്താക്കൾ. കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയുടെ ഒരു നടപടിക്രമം എന്ന നിലയിൽ മാത്രമാണ് ഇവർ അധികാര വികേന്ദ്രീകരണത്തെ കണ്ടത്. യഥാർത്ഥത്തിലുള്ള അധികാര വികേന്ദ്രീകരണമായിരുന്നില്ല ഇവരുടെ ഭാവനയിൽ ഉണ്ടായിരുന്നത്. ആസൂത്രണ സമ്പദ് വ്യവസ്ഥയിലെ കൃത്രിമ കമ്പോളം എന്നാണ് ജൊവാൻ റോബിൻസൺ ഇതിനെ വിളിച്ചത്. കേന്ദ്രീകൃത ആസൂത്രകനും വ്യക്തിഗത സംരംഭകരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വിവരങ്ങൾ കൈമാറി പദ്ധതി അംഗീകരിക്കുന്ന വ്യവസ്ഥയാണിത്. 

ആശയം ഇതാണ്. വിലകൾ കേന്ദ്ര ആസൂത്രകൻ പ്രഖ്യാപിക്കുന്നു (ഇത് പ്രഖ്യാപിക്കൽ മാത്രമാണ്, കമ്പോളത്തിലെ യഥാർത്ഥ വിലകളല്ല). ഇതനുസരിച്ചു തങ്ങൾക്കു എത്ര ഉല്‍പ്പാദിപ്പിക്കാം എന്ന് സംരംഭകർ അറിയിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഉല്പാദനത്തിന്റെ ആകെ അളവ് ആസൂത്രകന്റെ കണക്കുകളിൽ നിന്നും വ്യത്യസ്തമാകാം. ഇതനുസരിച്ചു കേന്ദ്ര ആസൂത്രകൻ പുതിയ വിലകൾ നിശ്ചയിക്കുന്നു. ഇത്തരത്തിൽ വിലകളെ സംബന്ധിച്ച വിവരത്തിന്റെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൈമാറ്റത്തിലൂടെ പദ്ധതി നിശ്ചയിക്കുന്നു. ഇവിടെ ആസൂത്രകന് സംരംഭകന്റെ കൈവശമുള്ള എല്ലാ വിഭവങ്ങളെയും പറ്റി എല്ലാ തരത്തിലുമുള്ള വിവരം ഉണ്ടായിരിക്കില്ല. 

ഈ കൃത്രിമ കമ്പോളത്തിൽ നടത്തപ്പെടുന്ന വിവര കൈമാറ്റം ഏതാണ്ട് ശരിക്കുമുള്ള കമ്പോളത്തിന്റെ സ്വഭാവത്തെ തന്നെ തത്വത്തിൽ പ്രതിഫലിപ്പിക്കുന്നു. കേന്ദ്ര ആസൂത്രകൻ വിലകൾ നിശ്ചയിക്കുന്നു. സംരംഭകർക്ക് ഈ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരം നൽകുന്നു. വില്‍ക്കപ്പെടാത്ത സ്റ്റോക്കുകൾ കൈവശം വയ്ക്കുന്നു. സ്റ്റോക്കുകൾ കൂടുന്നതനുസരിച്ചു വിലകൾ കുറയ്ക്കുന്നു, സ്റ്റോക്കുകൾ കുറയുന്നതിനനുസരിച്ചു വിലകൾ കൂട്ടുന്നു. ഇവിടെ ഒരു പദ്ധതിയും അവസാനത്തേത് എന്ന് പറയാനാവില്ല. പദ്ധതികൾ ലഭ്യമാകുന്ന വിവരത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കുന്നു. ഈ ആസൂത്രണ സമ്പദ് വ്യവസ്ഥയിൽ മുതലാളിത്തത്തിന്റെ അരാജകാവസ്ഥ ഒഴിവാക്കപ്പെടുന്നു. 

സമ്പദ് വ്യവസ്ഥയെ മൊത്തത്തിലല്ല, മറിച്ചു അതിന്റെ വിവിധ ഭാഗങ്ങളെ ആസൂത്രണത്തിൻ കീഴിൽ കൊണ്ട് വരികയാണ് വികേന്ദ്രീകരണത്തിന്റെ മൂന്നാമത്തെ അർത്ഥതലം. ഇവിടെ കേന്ദ്രീകൃതാസൂത്രണത്തിന്റെ മാതൃക മാറുന്നില്ല, അത് പ്രയോഗിക്കപ്പെടുന്ന ഘടകങ്ങൾ മാത്രം മാറുകയാണ്. (ഇന്ത്യയെ പോലെ മിശ്ര സമ്പദ് വ്യവസ്ഥ നിലനിന്നിരുന്ന രാജ്യത്ത്, വികേന്ദ്രീകരണം എന്ന് പറയുന്നത് ആസൂത്രണത്തിന്റെ കീഴിൽ വരുന്ന ഘടകങ്ങളെ കുറയ്ക്കുക എന്നതാണ്.) പല പുരോഗമന ചിന്താഗതിക്കാരുടെയും കാഴ്ചപ്പാട്, ചില പ്രത്യേക മേഖലകൾ ഒഴിച്ച് - പ്രതിരോധം, കമ്യൂണിക്കേഷൻ, വിദേശ നയം തുടങ്ങി -വികസന പ്രവർത്തനങ്ങൾ അടക്കമുള്ള മറ്റ് പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് നടത്തണം എന്നായിരുന്നു. ഇതിനാവശ്യമായ വിഭവങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുകയോ, വിഭവ സമാഹരണത്തിനുള്ള അധികാരം തന്നെ സംസ്ഥാനങ്ങൾക്കു നൽകുകയോ ചെയ്യുകയാണെങ്കിലും, വികേന്ദ്രീകരണത്തെ സംബന്ധിച്ച ഈ സങ്കൽപ്പം മാറുന്നില്ല. ആസൂത്രണവും സംരംഭകത്വവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചല്ല, ആസൂത്രണം നടക്കുന്ന ഘടകങ്ങളിൽ മാത്രമാണിത് സംഭവിക്കുന്നത്. 

വികേന്ദ്രീകരണത്തെ സംബന്ധിച്ച നാലാമത്തെ ആശയം സൂചിപ്പിക്കുന്നത്, ഒരു പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെങ്കിലും വ്യക്തിയോ കൂട്ടായ്മയോ ആണെങ്കിൽ ആ പദ്ധതി ഏതു രൂപത്തിൽ വേണമെന്ന് നിശ്ചയിക്കാനുള്ള അധികാരം അവർക്കു തന്നെ നല്കണം എന്നാണ്. ചില ചരക്കുകളുടെ കാര്യത്തിൽ, അത് നേരിട്ട് നൽകുന്നതിന് പകരം അത് വാങ്ങാനുള്ള കാശ് വ്യക്തികൾക്ക് നൽകുകയാണ് വേണ്ടത് എന്ന് പറയുന്ന സമീപനമാണിത്. ‘പരമാധികാരം ഉപഭോക്താക്കൾക്ക്’ എന്ന ഭാവപ്രകടനമാണിത്. 

വികേന്ദ്രീകരണത്തെ സംബന്ധിച്ച അവസാന രണ്ട് അർത്ഥങ്ങളും തമ്മിൽ വലിയ അന്തരമില്ല. ഗുണപരമായ ഭിന്നിതയിലേക്കു നയിക്കുന്ന രീതിയിൽ ഇവ തമ്മിൽ അളവുപരമായ വലിയ അന്തരമുണ്ട്. താഴെപറയുന്ന നാല് രീതികളിലാണ് ഞാൻ ഇവയെ കാണാൻ ശ്രമിക്കുന്നത്. “അരാജകത്വ സ്വഭാവമുള്ള വികേന്ദ്രീകരണം”, “ആവർത്തന രൂപത്തിലുള്ള വികേന്ദ്രീകരണം”, “ബഹുഗുണ രൂപമാർന്ന വികേന്ദ്രീകരണം”, “ഗുണഭോക്താക്കളുടെ പരമാധികാരത്തിലൂന്നിയ വികേന്ദ്രീകരണം”. പ്രയോഗത്തിൽ ഒറ്റപ്പെട്ട നിലയിലായിരിക്കില്ല ഇവ കണ്ടു വരുന്നത്, ഇടകലർന്നു കൊണ്ടായിരിക്കും. എതെങ്കിലും ഒരു രൂപത്തിലേക്ക് വികേന്ദ്രീകരണത്തെ വെട്ടിച്ചുരുക്കുന്നത് ശരിയായിരിക്കില്ല. ഉദാഹരണത്തിന് കേരളത്തിലെ ജനകീയാസൂത്രണത്തെയും ഇങ്ങനെയേ കാണാൻ കഴിയൂ, ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമായി കാണാൻ കഴിയില്ല. മുകളിൽ സൂചിപ്പിച്ച നാലാമത്തെ രീതിയിൽ ഉള്ളതാണത്. അത് ആസൂത്രണത്തെ തത്വത്തിൽ നിഷേധിക്കുന്നില്ല. ഉപഭോക്താക്കളുടെ പരമാധികാരത്തെ നീതീകരിച്ചു കൊണ്ടുള്ളതാണത്. പൊതു പദ്ധതിക്കകത്തു നിന്നുകൊണ്ട് ചില പ്രത്യേക തരം പ്രൊജക്ടുകൾ ചെയ്യാനായി പദ്ധതി തുക ചെലവഴിക്കാൻ പ്രാദേശിക ഭരണസമിതികളെ അനുവദിക്കുന്നതിനെ അങ്ങിനെയാണ് അത് സാധൂകരിക്കുന്നത്. 

കേരളത്തിലെ ജനകീയാസൂത്രണ പരീക്ഷണം, പ്രാദേശിക സമിതികൾക്ക് പകർന്നു നൽകിയ ബജറ്റ് വിഭവങ്ങളും അധികാരത്തെയും ഉൾകൊള്ളുന്നതിനൊപ്പം, ആസൂത്രണത്തെ തള്ളിപ്പറയാത്തതുമാണ്. ഗുണഭോക്താക്കളുടെ പരമാധികാരത്തെ സംരക്ഷിക്കുകയാണത് ചെയ്യുന്നത്. നൽകുന്ന വിഭവത്തിന്റെ പരിധി നിശ്ചയിക്കുന്നത് തന്നെ മുൻകാലങ്ങളിൽ നടത്തിയ ചെലവിനെ വിലയിരുത്തിയിട്ടാണ്. ഈ അധികാരം പ്രയോഗിക്കുന്നത് തന്നെ ജനകീയ കൂട്ടായ്മകൾ വഴിയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വഴിയുമാണ്. 

മൂന്ന്

ബാഡൻ പോവെല്ലിന്റെ പഴയ ഗ്രാമീണ കൂട്ടായ്മ സിദ്ധാന്തം ഓർമ്മിപ്പിക്കുന്ന രീതിയിൽ വര്‍ഗ്ഗസമരത്തെ ഒഴിവാക്കുന്ന ഇടങ്ങളായി പ്രാദേശിക ഭരണസമിതികളെ കരുതുന്നത് ആശയപരമായ പിശകാണ്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങൾ ഇവിടെയുമുണ്ട്. വിഭവങ്ങളുടെ വിനിയോഗത്തെ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗസമരത്തിലൂടെയാണ്. (വര്‍ഗ്ഗഘടനയിൽ അന്തർലീനമായിരിക്കുന്ന മത്സരത്തിന്റെ ആധിക്യമനുസരിച്ചു അതിന്റെ തീവ്രത മാറിക്കൊണ്ടിരിക്കും). ഇത്തരം അധികാര വികേന്ദ്രീകരണം ഒന്നുമില്ലെങ്കിൽ പോലും, പദ്ധതികളിലെ വിഭവ വിനിയോഗം ഉദ്യോഗസ്ഥർ നിര്‍ണ്ണയിക്കുന്ന അവസ്ഥയാണെങ്കിലും, അതിന്റെ ഫലത്തെയും നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗസമരമായിരിക്കും. ചുരുക്കത്തിൽ സമൂഹത്തിൽ നിലനിൽക്കുന്നവര്‍ഗ്ഗസമരത്തെ അധികാര വികേന്ദ്രീകരണം ഏതെങ്കിലും തരത്തിൽ ഇല്ലായ്മ ചെയ്യുകയോ അപകടത്തിലാക്കുകയോ ഇല്ല. 
സാമൂഹികജീവിതത്തിൽ ജനകീയാസൂത്രണത്തിന്റെ സ്വാധീനം മൂന്നു തരത്തിലാണ്.ഒന്ന്, ഉദ്യോഗസ്ഥമേധാവിത്വത്തിലൂന്നിയ നയ രൂപീകരണ സംവിധാനത്തിന് ഒരിക്കലും സാധിക്കാത്തരീതിയിൽ ഗ്രാമീണ ദരിദ്ര ജനതയ്ക്കു തങ്ങളുടെ ഭാഗധേയങ്ങളെ നിര്‍ണ്ണയിക്കാൻ അത് അവസരംനൽകി. ഉദ്യോഗസ്ഥ മേധാവിത്വത്തിലൂന്നിയ തീരുമാനങ്ങൾ നടപ്പിലാക്കുന്ന പ്രക്രിയയ്ക്ക് പല സന്ദർഭങ്ങളിലും ഒരുപക്ഷെ കൂടുതൽ മനുഷ്യത്വപരമാകാൻ സാധിക്കുമായിരിക്കും. പക്ഷെ അത് ഗ്രാമീണ ജനതയ്ക്കു ഒരിക്കലും തങ്ങളുടെ ആത്മാവിഷ്കാരത്തിനു അവസരം നൽകുകയില്ല. ഗ്രാമീണ ജനതയെ സംഘടിപ്പിക്കേണ്ടത് ഇക്കാരണത്താൽ ഏറെ ആവശ്യമാണ്. പക്ഷെ അത് ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഇടപെടലുകളിൽകൂടിയേ സാധിക്കൂ. രാഷ്ട്രീയ പാര്‍ടികളില്ലാത്ത പ്രാദേശിക ഗ്രാമസഭ എന്നത് മുമ്പ് സൂചിപ്പിച്ച കാല്പനികമായ ഗ്രാമീണ സമൂഹമെന്ന ആശയത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. തങ്ങളുടെ നില ഉറപ്പിക്കാൻ ഗ്രാമീണ ദരിദ്രജനത ഇതുവഴി നടത്തുന്ന ശ്രമങ്ങൾ സമൂഹത്തിലെ സ്വത്തുടമ ബന്ധങ്ങളുമായി സംഘർഷത്തിനു കാരണമാകും. (ഭൂപരിഷ്കരണം നടപ്പിലാക്കിയ ഇടങ്ങളിലൊഴികെ). സമൂഹത്തെ നിശ്ചലമാക്കുന്ന ഒന്നല്ല ജനകീയാസൂത്രണം. വര്‍ഗ്ഗസമരത്തെ മൂർച്ഛിപ്പിക്കാൻ ഉതകുന്ന ഒന്നാണിത്.

രണ്ടാമതായി, മെച്ചപ്പെട്ടൊരു സമൂഹത്തെ നിർമ്മച്ചെടുക്കുവാനുള്ള ഊർജം അത് ഒസ്യത്തായി പകർന്നു നൽകുന്നു. ഇങ്ങനെ മുൻകാല സമൂഹത്തിൽ നിന്ന് കൈമാറ്റം ചെയ്ത് ലഭിക്കുന്ന സ്ഥാപനങ്ങളുടെ മുകളിലാണ് ഏതൊരു സോഷ്യലിസ്റ്റ് സമൂഹവും കെട്ടിപ്പടുക്കുന്നത്. മുൻകാല സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ നിലനിന്നിരുന്ന അമിതമായ അധികാര കേന്ദ്രീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്, ഇത്തരം ജനാധിപത്യ സ്ഥാപനങ്ങൾ മുൻപ് ഇവിടങ്ങളിൽ നിലനിന്നിരുന്നില്ല എന്നതാണ്. ഭാവി സമൂഹത്തെ നിര്‍മ്മിച്ചെടുക്കാൻ ഇത്തരം ജനാധിപത്യ പരീക്ഷണങ്ങൾ സഹായകമാണ്.

‘സാമൂഹിക മൂലധനത്തെ’ പറ്റിയുള്ള ധാരണയില്‍ നിന്ന് ഇതിനെ വേർതിരിച്ചു കാണേണ്ടതുണ്ട്. നാമിവിടെ പറയുന്നത്, തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ സ്ഥാപനങ്ങളെക്കുറിച്ചാണ്. അല്ലാതെ ‘സാമൂഹിക മൂലധന’ വക്താക്കൾ കൊട്ടിഘോഷിക്കുന്ന, ക്ലബ്ബുകൾ, മതപരമായ കൂട്ടായ്മകൾ തുടങ്ങിയ സാമൂഹിക കൂട്ടായ്മകളെകുറിച്ചല്ല. സാമൂഹിക ഇടപെടലുകൾക്കായുള്ള ഇത്തരം രാഷ്ട്രീയേതര സ്ഥാപങ്ങളുടെ വൻതോതിലുള്ള വര്‍ദ്ധനയും അവയെ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ സ്ഥാപങ്ങൾക്കു പകരംവെയ്ക്കലും യഥാർത്ഥത്തിൽ ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നത് എന്ന് ആധുനിക ഇന്ത്യയുടെ ചരിത്രം കാട്ടിത്തരുന്നുണ്ട്. രണ്ടാമതായി, നാമിവിടെചർച്ച ചെയ്യുന്നത് വര്‍ഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷം വ്യക്തമാക്കുന്ന സ്ഥാപങ്ങളെക്കുറിച്ചാണ്. അതല്ലാതെ വര്‍ഗ്ഗസംഘർഷങ്ങൾക്കിടമില്ലാത്ത സ്ഥാപങ്ങളെക്കുറിച്ചല്ല. സാമൂഹിക മൂലധന സിദ്ധാന്തക്കാർ അത്യന്താപേക്ഷിതമായി കാണുന്നത് ഇത്തരം സ്ഥാപങ്ങളെയാണ്. 

മൂന്നാമതായി, പാർലമെൻററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നത് മാത്രമല്ല ധന മാനേജ്മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയവയിൽ ഇത് സാധാരണ ജനതയ്ക്ക് പരിശീലനം നൽകുന്നു എന്നത് കൂടിയാണ്. വിപ്ലവാനന്തര റഷ്യയിലെ ഏറ്റവും വലിയ കുറവുകളിൽ ഒന്നായി ലെനിൻ തന്നെ പറഞ്ഞത് ‘ബൂർഷ്വ മാനേജ്മെന്റ് തത്വങ്ങളുടെ’ അഭാവമാണ്. ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുവാനുള്ള യജ്ഞത്തിൽ ഭാഗികമായെങ്കിലും ഇത്തരം സംഭാവനകൾ നൽകാൻ അധികാര വികേന്ദ്രീകരണത്തിനു സാധിക്കും.

നാല്

അധികാര വികേന്ദ്രീകരണത്തിലൂന്നിയ കേരളത്തിലെ ജനകീയാസൂത്രണ പരിപാടിയും സാമ്രാജ്യത്വ ഭാവനയിലുള്ള അധികാര വികേന്ദ്രീകരണവും തമ്മിലുള്ള വ്യത്യാസങ്ങളെന്ത് എന്ന് ഇനി പരിശോധിക്കാം. ഒരുതരത്തിലുള്ള സൈദ്ധാന്തിക അടിത്തറയുമില്ലാത്തതാണ് രണ്ടാമത്തേത്. സാമ്പത്തികശാസ്ത്രത്തിൽ അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച് ഉപയോഗിക്കുന്ന അർത്ഥതലങ്ങളൊന്നുമായും ഇതിനെ ബന്ധിപ്പിക്കാനാവില്ല. വളരെ അവ്യക്തമായ രീതിയിലാണ് ഈ പദം ഇവിടെ ഉപയോഗിക്കുന്നത്. അതിനാൽ സൈദ്ധാന്തിക സാഹിത്യത്തിൽ ഇതിന്റെ അർത്ഥങ്ങൾ കണ്ടെത്തുക സാദ്ധ്യമല്ല. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിച്ച ഇതുമായി ബന്ധപ്പെട്ട പ്രയോഗങ്ങളിൽ നിന്ന് മാത്രമേ നമുക്കിതിന്റെ അർത്ഥം മനസ്സിലാക്കുവാനാവൂ. വിവിധ സാമ്രാജ്യത്വ ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതും ഇതിനെ മനസ്സിലാക്കുന്നതിനെ സങ്കീര്‍ണ്ണമാക്കുന്നു. പക്ഷെ ഇവയെ മൊത്തത്തിൽ പരിശോധിക്കുക വഴി അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച സാമ്രാജ്യത്വ ആശയം എന്ത് എന്ന് നമുക്ക് കണ്ടെത്താനാവും.

‘സ്വതന്ത്ര കമ്പോളത്തെ’ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുപാധിയായിട്ടാണ് ഇവരെല്ലാം അധികാര വികേന്ദ്രീകരണത്തെ കാണുന്നത്. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്ന 2002 ലെ ലോകബാങ്ക്റിപ്പോർട്ടിലെ പ്രസക്ത ഭാഗത്തിന് കൊടുത്തിരിക്കുന്ന പേര് തന്നെ ‘കമ്പോളത്തിനു വേണ്ട സ്ഥാപനങ്ങളെ നിര്‍മ്മിച്ചെടുക്കൽ’ എന്നാണ്. അധികാരവും വിഭവങ്ങളും ജനങ്ങൾക്ക് പകർന്നു കൊടുക്കുക എന്നതല്ല അധികാര വികേന്ദ്രീകരണം എന്ന പ്രയോഗം കൊണ്ട് സാമ്രാജ്യത്വം ലക്ഷ്യം വെയ്ക്കുന്നത്. മറിച്ചു നവ ലിബറൽ മാതൃകയ്ക്കുള്ളിലേക്ക് അതിനെ വെട്ടിച്ചുരുക്കുക എന്നതാണ്.

ഈ ഒരു പശ്ചാത്തലത്തിൽ, അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച താഴെപറയുന്ന നാല് പ്രമാണങ്ങളാണ് എല്ലാ സാമ്രജ്യത്വ ഏജൻസികളും പൊതുവായി ഉൾക്കൊണ്ടിരിക്കുന്നത്. ഒന്ന്, ഗ്രാമസഭകളെക്കുറിച്ചു അവർ പറയുമ്പോൾ ഉദ്ദേശിക്കുന്നത്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ല പുറമെ നിന്നുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഗ്രാമ സഭകളാണ്. ഗ്രാമങ്ങളിലെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തലല്ല, ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ നയരൂപീകരണ പ്രക്രിയയ്ക്ക് ഒരു ജനാധിപത്യ മുഖം നൽകുക എന്നതാണ് അവർ ഉദ്ദേശിക്കുന്നത്. രണ്ടാമതായി, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പകരം വിദഗ്ധരും കോർപ്പറേറ്റ് എൻ ജി ഒ കളുമടങ്ങുന്ന സമിതികൾ വഴി പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യങ്ങൾ നടത്തുക. ധന സഹായത്തിനും പ്രോജെക്ടുകൾക്കുമായി ഫണ്ടിംഗ് ഏജൻസികളുമായി നടത്തുന്ന ചർച്ചകൾ ഇക്കൂട്ടർ വഴി നടത്തുക. മൂന്നാമതായി, സംസ്ഥാനത്തിന്റെ വിഭവത്തിന്റെ ഒരു പങ്കിന് പ്രാദേശിക സമിതികളെ അർഹരാക്കുക എന്നതിന് പകരം സ്വയം സഹായ സംഘങ്ങൾക്ക് ഊന്നൽ കൊടുക്കുക . അവസാനമായി, പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്ന പശ്ചാത്തല വികസന പദ്ധതികൾ ഉപയോഗിക്കുന്നതിനു ജനങ്ങളുടെ മേൽ നികുതി ചുമത്തുക, അതായത് അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിനെ പോലും വാണിജ്യവൽക്കരിക്കുക.

ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷേധം, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നുംവിട്ടു നിൽക്കൽ, പ്രാദേശിക ഭരണകൂടങ്ങളിൽ നടക്കുന്ന വര്‍ഗ്ഗസമരത്തെ ഒഴിവാക്കൽ,പദ്ധതിവിഹിതം വിനിയോഗിക്കാനുള്ളജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കൽ, പഴയ കൊളോണിയൽ കാലഘട്ടത്തിലെന്നപോലെ സംരക്ഷക ഭാവം ചമയൽ എന്നിവയൊക്കെയാണ് ഈ നാല് കാര്യങ്ങളും നിർദ്ദേശിക്കുന്നത്. സാമ്രാജത്യത്വ സഹായം കൈപ്പറ്റുന്ന എൻജിഓ കളെ ഗ്രാമങ്ങളുടെ പ്രധാന രക്ഷാകർത്താക്കളായി ഇവർ അവരോധിക്കുന്നു.

പ്രാദേശിക പദ്ധതികൾ നടപ്പിലാക്കുന്നതിൽ, വിശേഷിച്ചു സാമൂഹിക സേവന മേഖലകളിലെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ, ഭരണകൂടത്തിന്റെ സ്ഥാനത്ത് എൻജിഓ കളെ പ്രതിഷ്ഠിക്കലാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതികൾക്കാവശ്യമായ വിഭവങ്ങൾ സംസ്ഥാന ബഡ്ജറ്റിൽ നിന്നോ വിദേശ സഹായത്തിൽ നിന്നോ ആകാം, പക്ഷെ നടപ്പിലാക്കുന്നത് എൻജിഓകൾ വഴിയാകണം. മറ്റുവാക്കുകളിൽ പറഞ്ഞാൽ സാമ്രാജ്യത്വത്തിന്റെ ആശയപ്രകാരമുള്ള അധികാര വികേന്ദ്രീകരണം എന്തെങ്കിലും പ്രത്യേക രീതിയുള്ള ആസൂത്രണമോ, ആസൂത്രണത്തിന് പകരം സ്വതന്ത്ര കമ്പോളത്തെ പ്രതിഷ്ഠിക്കലോ അല്ല ലക്ഷ്യമിടുന്നത്,പകരം സാമ്രജ്യത്വ ഏജൻസികൾക്ക്, ജനങ്ങളോട് എന്തെങ്കിലും രീതിയിലുള്ള പ്രതിബദ്ധത ഇല്ലാത്ത എൻജിഓകൾ വഴി ഇന്ത്യൻ ഗ്രാമങ്ങളിൽ നേരിട്ട് ഇടപെടാൻ അവസരമുണ്ടാക്കുകയാണ്. 
അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച ലോക ബാങ്കിന്റെയും കേരളത്തിന്റെയും സമീപനങ്ങളിൽ വ്യത്യസ്തത ദർശിക്കാൻ ചിലർക്ക് സാധിക്കാതെ പോകുന്നതിന്റെ ഒരു കാരണം പ്രാദേശിക ഭരണസമിതികൾ ഇവിടെ സംസ്ഥാന ഭരണകൂടത്തിന്റെ ഒരുഭാഗംതന്നെയാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തത് കൊണ്ടാണ്. പ്രാദേശിക ഭരണസമിതികൾക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകുന്നത് സംസ്ഥാനത്തിന്റെ അധികാര ഘടനയ്ക്കകത്തു നിന്ന് കൊണ്ടാണ്. സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഇവിടെ യഥാർത്ഥത്തിൽ കൂടുകയാണ്.ലോക ബാങ്കിന്റെ അധികാര വികേന്ദ്രീകരണം സംസ്ഥാനത്തിന്റെ പിന്മാറ്റത്തെയാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇവിടെ കാര്യങ്ങൾ നേരെ വിപരീതമാണ്. 

മൂന്നാം ലോക ഭരണകൂടങ്ങളെ ദുർബലമാക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ എക്കാലത്തുമുള്ള ഒരു ലക്ഷ്യമാണ്. ഈ ഭരണകൂടങ്ങളെ തങ്ങളുടെ പാവകളാക്കുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. താരതമ്യേന സ്വതന്ത്രരായ മൂന്നാംലോക ഭരണകൂടങ്ങൾ സാമ്രാജ്യത്വത്തിന്റെ അധിനിവേശ ലക്ഷ്യങ്ങൾക്ക് എന്നും വിലങ്ങുതടിയാണ്. അതിനാൽ അവയെ ദുർബലപ്പെടുത്താൻ പല രീതിയിലുള്ള പരിശ്രമങ്ങൾ അവർ നടത്തും. ധന പ്രതിസന്ധി മൂർച്ഛിപ്പിക്കുന്ന നവ ലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇത്തരത്തിലുള്ള ഒരു ശ്രമമാണ്. സാമൂഹിക സേവന മേഖലകളിൽ നിന്നുമുള്ള സർക്കാരിന്റെ പിന്മാറ്റം ഇതിന്റെ ഒരു ഭാഗമാണ്. പകരം ഇവിടെ ലോകബാങ്ക് പദ്ധതികൾ നേരിട്ട് സ്ഥാനം പിടിക്കുന്നു. ഇതിന്റെയൊക്കെ നടത്തിപ്പിൽ നിന്നും സംസ്ഥാന സർക്കാരുകൾ പിന്‍വാങ്ങുകയും എൻ.ജി.ഒ.കൾ മുൻപോട്ടു വരികയും ചെയ്യുന്നു. 

അഞ്ച്

കേരളത്തിന്റെ അധികാര വികേന്ദ്രീകരണ ശ്രമങ്ങൾ മേൽ സൂചിപ്പിച്ച സാമ്രാജ്യത്വ സമീപനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. സാമ്രാജ്യത്വത്തിന്റെ എതിർപ്പിന് ഇരയാകുന്ന ഒന്നാണിത്. അത് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഉള്ളിൽ നിന്നുമല്ല, പുറമെ നിന്നുമാണ്. നവ ലിബറൽ നയങ്ങൾ സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്നുമാണ്. 
നവ ലിബറൽ നയസമീപനങ്ങൾ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രഗവണ്മെന്റ് ആകട്ടെ ഇത് സംസ്ഥാനങ്ങളുടെ ചുമലിലേക്ക് തള്ളിയിടും. ശ്രദ്ധേയമായ ഒരു കാര്യം, തൊണ്ണൂറുകളിൽ കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ആഭ്യന്തരോല്‍പ്പാദനവുമായി തട്ടിച്ചു നോക്കുമ്പോൾ താഴേക്ക് പോകുകയും അതേ സമയം സംസ്ഥാന സർക്കാരുകളുടേത് ഉയരുകയും ചെയ്ത സന്ദർഭത്തിൽ തന്നെ അവ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി എന്നതാണ്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളല്ല എല്ലാ സംസ്ഥാനങ്ങളും വിവിധ അളവിൽ ഈ പ്രതിസന്ധിയെ നേരിട്ടു.കേന്ദ്രവിഹിതത്തിൽ വന്ന കുറവ്,അഞ്ചാം ധനകാര്യ കമ്മീഷൻ അംഗീകരിച്ചത് മൂലമുണ്ടായ അധിക ബാദ്ധ്യതകൾ എന്നിവ ഇതിലൊരു പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സംസ്ഥാന സർക്കാരുകളുടെ കടബാദ്ധ്യതകളിൻമേലുള്ള പലിശനിരക്കിൽ വന്ന വര്‍ദ്ധനയാണ്. 

ഒരു കാരണവുമില്ലാതെ സംസ്ഥാന സാര്‍ക്കാരുകൾക്കു നൽകിയ കടത്തിൻമേലുള്ള പലിശനിരക്കുകൾ കേന്ദ്രം വര്‍ദ്ധിപ്പിച്ചതാണ് ഇതിന് പ്രധാനമായും വഴിതെളിച്ചത്. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട ധനസഹായങ്ങൾ കിട്ടുവാൻ നവ ലിബറൽ നയങ്ങൾ നടപ്പിലാക്കണം എന്നത് കേന്ദ്രം നിർബ്ബന്ധിതമാക്കി. പതിനൊന്നാം ധന കമ്മീഷനെ പോലും ഇതിനായി ഉപയോഗിച്ചു.

സംസ്ഥാന സർക്കാരിന് ഫണ്ടില്ലാതായതോടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. സംസ്ഥാനം അഭിമുഖീകരിച്ച ധന പ്രതിസന്ധിയെ മാറികടക്കാനും വികസന പദ്ധതികൾ നടപ്പിലാക്കാനും അവർ എ ഡി ബിയെയും ലോക ബാങ്കിനെയും സമീപിക്കാൻ നിര്‍ബ്ബന്ധിതരായി. പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിന് ഈ ഏജൻസികൾക്ക് അവരുടേതായ വഴികളുണ്ട്. ഇവിടെ പ്രാദേശിക ഭരണസമിതികൾ ഒഴിവാക്കപ്പെടുകയോ അവയുടെ റോളുകൾ പരിമിതപ്പെടുത്തപ്പെടുകയോ ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിൽ, ഊർജസ്വലമായി നടപ്പിലാക്കപ്പെടുന്ന അധികാര വികേന്ദ്രീകരണശ്രമങ്ങള്‍ ദരിദ്രരായ ഗ്രാമീണ ജനതയുടെ സ്വരം ശക്തമാക്കാൻ സഹായിക്കും.ഇതാകട്ടെ നവ ലിബറൽ സാമ്പത്തിക ക്രമത്തിന്റെ ദിശയ്ക്കു കടകവിരുദ്ധവുമായിരിക്കും.