അധികാര വികേന്ദ്രീകരണം: സി പി ഐ (എം) കാഴ്ചപ്പാട്

കോടിയേരി ബാലകൃഷ്ണന്‍

അധികാര വികേന്ദ്രീകരണത്തെയും വര്‍ഗ്ഗപരമായ കാഴ്ചപ്പാടോടെയാണ് സി.പി.ഐ(എം) സമീപിക്കുന്നത്. ഏത് തരത്തിലുള്ള കേന്ദ്രീകരണമായാലും നിലനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗമായിത്തന്നെയാണ് നിലകൊള്ളുന്നത് എന്നും പാർട്ടി കാണുന്നു. ഈ വ്യവസ്ഥയെ മാറ്റിമറിക്കുന്നതിനുള്ള പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തുന്നതിനും സമാശ്വാസം നൽകുന്നതിനും ഏതാണ് സഹായകരം എന്നത് ഇക്കാര്യത്തിൽ പാർട്ടി സ്വീകരിക്കുന്ന സമീപനത്തിന് അടിസ്ഥാനമായിട്ടുള്ളത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം പാർട്ടി പരിപാടിയിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. 
ജനകീയ ജനാധിപത്യ ഭരണകൂടം, പ്രാദേശിക ഭരണത്തിന്റെ മേഖലയിൽ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടതും വേണ്ടത്ര അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളതും ആവശ്യമായ ധനസ്ഥിതിയുള്ളതുമായ പ്രാദേശിക സമിതികളുടെ അതിബൃഹത്തായ ഒരു ശൃംഖല, ഗ്രാമതലം മുതൽ മുകളിലോട്ട്, ഉണ്ടാക്കുന്നതായിരിക്കും. പ്രാദേശിക സമിതികളുടെ സജീവ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും. 


ഇത്തരം ഒരു തലത്തിലേക്ക് അധികാര വികേന്ദ്രീകരണത്തെ എത്തിക്കുക എന്നതാണ് സി പി ഐ(എം) വിഭാവനം ചെയ്യുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഈ രംഗത്ത് സജീവമായി എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും പാർട്ടിക്കുണ്ട്. നിലനിൽക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം അവയെ കൂടുതൽ വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി പാർട്ടി സ്വീകരിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തെ ഉൾപ്പെടെ സംരക്ഷിക്കുന്നതിനോടൊപ്പം അതിനെ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങളിലും പാർട്ടി അതുകൊണ്ട് തന്നെ മുഴുകുന്നു. പാർലമെന്ററി ജനാധിപത്യം കേന്ദ്ര സംസ്ഥാനതലത്തിൽ ഒതുങ്ങിനിൽക്കുമ്പോൾ അതിനെ കീഴ്ത്തട്ടിലേക്ക് വ്യാപിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമായി പാർട്ടി കാണുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും പ്രാദേശിക സർക്കാരുകളായി ഉയരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന കാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ പാർട്ടി സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഏജയൻസി എന്നതിന് പകരം പ്രാദേശിക സർക്കാരുകളായിത്തന്നെ അവയെ ഉയർത്തണമെന്നതാണ് പാർട്ടിയുടെ നിലപാട്. അതിനായുള്ള ഇടപെടലുകൾ സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ പാർട്ടി സ്വീകരിച്ചിരുന്നു. 

1956 ജൂൺ 22, 23, 24 തീയതികളിൽ തൃശ്ശൂർ വെച്ച് കൂടിയ പാർട്ടിയുടെ കേരള സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വികേന്ദ്രീകരണത്തെക്കുറിച്ചും ജനകീയ പങ്കാളിത്തത്തെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇങ്ങനെ എടുത്തുപറയുന്നുണ്ട്: ‘വിജയകരമായ പ്ലാനിംഗിന്നു ഒഴിച്ചുകൂടാൻ വയ്യാത്ത മറ്റൊരു ഉപാധി, ജനങ്ങളുടെ സഹകരണമാണ്. പ്ലാൻ രൂപീകരിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിലും ജനങ്ങളെ വിശേഷിച്ചും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ - എല്ലാ നിലവാരത്തിലും സജീവമായും ഫലപ്രദമായും പങ്കെടുപ്പിക്കാതെ, പ്ലാനിംഗ് സാദ്ധ്യമല്ല’. 

1957-ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ ഭരണസംവിധാനത്തെ കൊളോണിയൽ മൂല്യങ്ങളിൽ നിന്ന് വിമോചിപ്പിച്ച് ജനാധിപത്യപരമായ രീതിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്ന് കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ആ മന്ത്രിസഭ ഭരണപരിഷ്‌ക്കാര കമ്മീഷന് രൂപംനൽകിയത്. വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ഏജൻസി എന്നതിന് പകരം റവന്യൂ അധികാരങ്ങൾ അടക്കമുള്ള വിപുലമായ ഭരണാധികാര സംവിധാനമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടിരുന്നത്. ജില്ലാ കൗൺസിലിന്റെ സെക്രട്ടറിമാരായി ജില്ലാ കളക്ടർമ്മാർ മാറാനായിരുന്നു നിർദ്ദേശിക്കപ്പെട്ടിരുന്നത്. അതിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംവിധാനത്തിന് കീഴിലായി ഉദ്യോഗസ്ഥ വിഭാഗത്തെ കൊണ്ടുവരിക എന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ അടിസ്ഥാനം. കൊളോണിയൽ രീതിയിലുള്ള ഭരണസംവിധാനത്തിൽ നിന്നും വ്യത്യസ്തമായി ജനകീയമായ ഒരു സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗം കൂടിയായിരുന്നു ഈ ഇടപെടൽ. 

അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച് പാർട്ടി കാഴ്ചപ്പാടുകൾ നിലവിലുള്ള സാദ്ധ്യതകൾക്കകത്ത് നടപ്പിലാക്കുന്നതിനുമുള്ള ഇടപെടലുകളുമാണ് പാർട്ടി നിയന്ത്രണത്തിലുള്ള സർക്കാരുകൾ നടത്തിയിരുന്നത്. 1958-ലും 1968-ലും നിയമസഭയിൽ അവതരിക്കപ്പെട്ട ബില്ലുകളിലും ഈ കാഴ്ചപ്പാടോടുകൂടിയുള്ള സമീപനം പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ചു. 1991-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കൊണ്ടുവന്ന ജില്ലാകൗൺസിലിന്റെ കാഴ്ചപ്പാടും അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നവിധമുള്ളതായിരുന്നു. 

അഖിലേന്ത്യാതലത്തിൽ കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾക്ക് ഇത്തരം ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. ജില്ലയെ ഒറ്റ യൂണിറ്റായി കാണുന്ന വികേന്ദ്രീകരണ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി നഗരസഭകൾക്ക് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന രീതി പുതിയ സംവിധാനത്തിനകത്ത് ഉണ്ടാകുകയാണ് ചെയ്തത്. 

അധികാര വികേന്ദ്രീകരണം ഫലപ്രദമാകണമെങ്കിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നത് പ്രധാനമായി പാർട്ടി കണ്ടു. മത്തായി മാഞ്ഞൂരാൻ സ്മാരക പ്രഭാഷണത്തിൽ ഇ എം എസ് ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കി 

ആസൂത്രണം മൗലികമായി നോക്കിയാൽ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. സാമ്പത്തികവും സാങ്കേതികവിദ്യ സംബന്ധവുമായ വീക്ഷണത്തോടെ എത്ര നല്ല പദ്ധതികൾ ആസൂത്രണംചെയ്താലും രാഷ്ട്രീയ പരിതസ്ഥിതി പ്രതികൂലമാണെങ്കിൽ പരാജയം സുനിശ്ചിതമാണ്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങളിൽ നിന്ന് പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്കും അധികാരങ്ങൾ കൈമാറുമ്പോഴേ യഥാർത്ഥമായ അധികാര വികേന്ദ്രീകരണമായിത്തീരുകയുള്ളൂ.

കേന്ദ്രത്തിന്റെ അധികാരം സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുക എന്നത് പ്രധാനമാണ്. അതിന്റെ തുടർച്ചയിൽ കൂടുതൽ അധികാരങ്ങൾ താഴെത്തട്ടിലേക്ക് നൽകുന്ന സമ്പ്രദായവും നടക്കണം. പഞ്ചായത്ത് തലത്തിൽ ചെയ്യാൻ പറ്റാവുന്ന കാര്യങ്ങൾ അവിടെ ചെയ്യുക എന്നത് പ്രധാനമാണ്. അവിടെ ചെയ്യാൻ കഴിയാത്തവ ബ്ലോക്കുകൾക്കും, ജില്ലാപഞ്ചായത്തുകൾക്കും നൽകാനും കഴിയണം. അവിടെ തീരുമാനിക്കാൻ പറ്റാത്തതാകണം സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. കേന്ദ്രത്തിലാകട്ടെ പ്രതിരോധം, വിദേശവ്യാപാരം, അടിസ്ഥാന വ്യവസായങ്ങൾ, റെയിൽവേ തുടങ്ങിയ കാര്യങ്ങളിലാകണം ഊന്നേണ്ടത്. ഇത്തരത്തിൽ അടിമുടി അധികാര പുനർവ്വിന്യാസം നടത്തി മുന്നോട്ടുപോകണം എന്നതാണ് ഇത് സംബന്ധിച്ച പാർട്ടി കാഴ്ചപ്പാട്. 

വികേന്ദ്രീകരണമായ ആസൂത്രണത്തിന് പലവിധ ലക്ഷ്യങ്ങളുണ്ട്. ‘ജനകീയാസൂത്രണവും പാർട്ടിയും’ എന്ന സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖയിൽ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. 'വികേന്ദ്രീകരണ ആസൂത്രണത്തിന് മൂന്ന്തരത്തിലുള്ള മെച്ചങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഒന്നാമതായി പ്രാദേശിക പ്രത്യേകതകളെയും സാദ്ധ്യതകളെയും കണക്കിലെടുത്തുകൊണ്ട് പരിപാടികൾ ആവിഷ്‌കരിക്കുന്നതിന് പ്രാദേശികതലത്തിലേ കഴിയൂ. രണ്ടാമതായി പരസ്പരബന്ധങ്ങളെ കണക്കിലെടുത്തുകൊണ്ട് സമഗ്രമായ പരിപാടികൾ പ്രാദേശികമായേ രൂപപ്പെടുത്താനാവൂ. മൂന്നാമതായി, സന്നദ്ധ പ്രവർത്തനത്തിലൂടെയും സംഭാവനയിലൂടെയും മറ്റുമുള്ള പ്രാദേശിക വിഭവ സമാഹരണത്തിന് വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണ്'. 

ഇത്തരത്തിൽ അധികാര വികേന്ദ്രീകരണ പ്രക്രിയ എന്നത് നാടിനു ചേർന്ന വികസനം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സഹായകമായ ഒന്ന് എന്ന നിലയിലാണ് പാർട്ടി കാണുന്നത്. അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പൊതുവായ ആസൂത്രണത്തെ ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകുകയെന്നത് പ്രധാനമാണ്. വര്‍ഗ്ഗബഹുജന സംഘടനകൾ ഉൾപ്പെടെയുള്ളവയുടെ സഹകരണം പ്രധാനമാണെന്ന് പാർട്ടി കാണുന്നത് അതുകൊണ്ട് തന്നെയാണ്. വര്‍ഗ്ഗബഹുജന സംഘടനകളുടെ സഹകരണം എന്നത് വികസന പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിത്തന്നെ പാർട്ടി കാണുന്നത് അതുകൊണ്ടുകൂടിയാണ്. ഇങ്ങനെ വര്‍ഗ്ഗ-ബഹുജനസംഘടനകൾക്ക് വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉതകുന്ന സംവിധാനമെന്ന നിലയിൽക്കൂടി വികേന്ദ്രീകരണത്തെ കാണേണ്ടതുണ്ട്. 

വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ രണ്ട് തരത്തിലുള്ള പാളിച്ചകൾ ഉണ്ടാകാനുള്ള സാദ്ധ്യതകളെയും നാം കാണേണ്ടതുണ്ട്. അതിൽ ഒന്നാമത്തേത് നിലവിലുള്ള വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് വികേന്ദ്രീകരണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കളയാം എന്ന വ്യാമോഹമാണ്. അതുപോലെതന്നെ ഇത്തരം ഇടപെടലുകളിലൂടെ ഒന്നും നടത്താനാവില്ലാ എന്ന കാഴ്ചപ്പാടുമാണ്. എല്ലാം ചെയ്യാനാകും എന്നതും, ഒന്നും ചെയ്യാനാകില്ലാ എന്ന നിരാശാബോധത്തെയും തിരുത്തിക്കൊണ്ട് യാഥാർത്ഥ്യ ബോധത്തോടെ മുന്നോട്ടുപോകാനാകണം. നിലവിലുള്ള പരിമിതികൾക്കകത്തുനിന്നുകൊണ്ട് പലതും ചെയ്യാനാകും എന്ന് മനസ്സിലാക്കി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക പ്രധാനമാണ്. അതുകൊണ്ട് മാത്രമേ പാർട്ടി സഖാക്കളോട് ജനങ്ങൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാവുകയുള്ളൂ.

ഈ കാഴ്ചപ്പാട് പ്രായോഗികമാക്കാനുള്ള ശക്തമായ ഇടപെടലായിരുന്നു ജനകീയ ആസൂത്രണ പ്രസ്ഥാനം ആരംഭിക്കാനുള്ള പാർട്ടിയുടെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പിന്നിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെ എല്ലാവരെയും അണിനിരത്തി പ്രാദേശിക സർക്കാരുകളാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റാനുള്ള ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ജനകീയാസൂത്രണം. അത് സൃഷ്ടിച്ച ആവേശവും അനുഭവങ്ങളും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾക്ക് കരുത്തായി നിലകൊണ്ടു. അധികാര വികേന്ദ്രീകരണ പ്രക്രിയയെ എക്കാലവും തകർക്കാൻ ശ്രമിച്ച യു.ഡി.എഫിന് അധികാരം ലഭിച്ച ഘട്ടം വന്നപ്പോഴും അധികാര വികേന്ദ്രീകരണത്തെ പൂര്‍ണ്ണമായും തകർക്കാൻ കഴിയാതെപോയത് ജനകീയാസൂത്രണ പ്രസ്ഥാനം നൽകിയ അടിത്തറയായിരുന്നു എന്ന് വ്യക്തമാണ്. 
അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യതകൾ കൂടിയാണ് സംസ്ഥാനം നേരിട്ട പ്രകൃതിദുരന്തങ്ങളെയും, മഹാമാരിയെയുമെല്ലാം മറികടക്കുന്നതിന് സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിന്റെ ഭാഗമായി രൂപംകൊണ്ട ജനകീയ സംവിധാനങ്ങളും വഴി ഉയർന്നുവന്ന പ്രതിരോധന പ്രവർത്തനങ്ങളും ജീവകാരുണ്യ ഇടപെടലുകളും വഹിച്ച പങ്ക് നിസീമമായി. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെന്നപോലെ കേരളത്തിന്റെ അധികാര വികേന്ദ്രീകരണത്തിന്റെ ചുവടുവെയ്പുകളും ലോകം കൂടുതൽ ചർച്ച ചെയ്യുന്നത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്. 

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ അധികാരം കേന്ദ്രീകരിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ മകുടോദാഹരണമാണ് കേന്ദ്ര ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പകരം നീതി ആയോഗ് എന്ന സംവിധാനം ഏർപ്പെടുത്തിയത്. അത് കമ്പോളാധിഷ്ഠിത സമ്പദ്ഘടനയ്ക്കും സ്വകാര്യവൽക്കരണത്തിനും ആക്കംകൂട്ടുന്നതും ജനക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് വിഭവങ്ങൾ വകയിരുത്തിയിരുന്നതിന് അവർ അന്ത്യം കുറിച്ചു. ദേശീയ വികസന കൗൺസിൽ എന്നതുമാറ്റി യാതൊരു അധികാരവുമില്ലാത്ത ഗവേണിംഗ് കൗൺസിലുണ്ടാക്കി. ഈ അധികാര കേന്ദ്രീകരണ നടപടികളെല്ലാം സ്വീകരിച്ചത് സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്നവകാശപ്പെടുന്ന സഹകരണ ഫെഡറലിസമെന്ന പേരിലാണ്. നീതി ആയോഗിന്റെ ഇതുവരെയുള്ള പ്രവർത്തനം നവലിബറൽ നയങ്ങൾ ശക്തിയായി നടപ്പിലാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുക തുടങ്ങിയവയാണെന്ന് തെളിയിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന പേരിലും സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ, ഭരണപരമായ ബന്ധങ്ങൾ എന്നിവ കേന്ദ്രസർക്കാരിലേക്ക് കേന്ദ്രീകരിക്കുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ബി ജെ പി മുന്നോട്ടുവെച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതും അധികാര കേന്ദ്രീകരണം ലക്ഷ്യംവച്ചുള്ളതാണ്. ഹിന്ദി ഭാഷ രാജ്യമാകെ അടിച്ചേൽപ്പിക്കാനുള്ള ശ്രമവും അടുത്തകാലത്തുണ്ടായ കൃഷി, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിലെ നിയമനിർമ്മാണങ്ങളും അധികാര കേന്ദ്രീകരണത്തിന്റെ സമീപകാലത്തെ അനുഭവങ്ങളാണ്. 
ഇന്ത്യയിൽ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന നവഉദാരവത്കരണ നയങ്ങൾക്ക് ചേർന്നതല്ല എന്നുപറഞ്ഞ് കേന്ദ്രസർക്കാർ ആസൂത്രണ കമ്മീഷനെ പിരിച്ചുവിടുകയും പഞ്ചവത്സര പദ്ധതിയെ തിരസ്‌കരിക്കുകയും ചെയ്യുകയാണ്. ഈ അവസരത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറുകയാണ്. ഇത്തരത്തിൽ വികേന്ദ്രീകരണ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുമ്പോളും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുകയാണ്. അതിന് കാരണം ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന സമീപനമാണ്. 

ജനങ്ങളെ കൂട്ടായി പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടീക്കുക എന്നതായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത് നാം മുന്നോട്ടുവെച്ച മുദ്രാവാക്യം. ജനങ്ങളുടെ വികസനാവശ്യങ്ങൾക്ക് ജനങ്ങളെ യോജിപ്പിക്കുക എന്നത് ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ബൂർഷ്വാ രാഷ്ട്രീയത്തിന് ബദൽ കൂടിയാണ്. എന്നാൽ വികസന പ്രവർത്തനങ്ങൾ കൊണ്ട് മാത്രം രാഷ്ട്രീയ ബലാബലത്തിൽ മാറ്റം വരില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന കൂട്ടായ്മയെ രാഷ്ട്രീയമായ ഇടപെടലിനുള്ള സാദ്ധ്യതയാക്കി വളർത്തുകയാണ് വേണ്ടത്. അതിന് ഉതകുന്ന ഇടപെടലാണ് നാം നടത്തേണ്ടത്. ഇങ്ങനെ ജനങ്ങൾക്കിടയിൽ ഇടപെടാനുള്ള സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുകായെന്നതാണ് അധികാര വികേന്ദ്രീകരണ പ്രക്രിയ മുന്നോട്ടുപോകുന്നതിന് പ്രധാനമായിട്ടുള്ളത്.