ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ

ടി എം തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷം ആഘോഷിക്കുമ്പോൾ അഭിമാനിക്കാനേറെയുണ്ട്. നാല് സർക്കാരുകൾ മാറിമാറി ഭരിച്ചിട്ടും അധികാര വികേന്ദ്രീകരണ സംവിധാനങ്ങൾ വലിയ മാറ്റമൊന്നും ഇല്ലാതെ തുടരുന്നത് മാത്രം മതി 25 വർഷം മുമ്പു നടന്ന പരീക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ. 1990ൽ വലിയ ആരവത്തോടെ കൊണ്ടുവന്ന ജില്ലാ കൗൺസിലുകൾക്ക് ഭരണമാറ്റത്തോടെ എന്തു സംഭവിച്ചൂവെന്നും നമുക്ക് അറിയാം.

കേവലം ഭരണപരിഷ്കാരമെന്ന നിലയിലല്ലാതെ ഒരു സാമൂഹ്യപ്രസ്ഥാനമായി അധികാര വികേന്ദ്രീകരണത്തെ സംഘടിപ്പിച്ചതിന്റെ പ്രാധാന്യം ഇവിടെയാണ് തെളിയുന്നത്. ഭൂപരിഷ്കരണത്തിന്റെ കാര്യത്തിലെന്നപോലെ അധികാര വികേന്ദ്രീകരണത്തിനുവേണ്ടി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കീഴ്ത്തട്ടിൽ ജനങ്ങളെ അണിനിരത്താൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി അധികാര വികേന്ദ്രീകരണം കേരളത്തിൽ സ്ഥായിയായത്.
 

വികേന്ദ്രീകരണ അനുഭവം - നേട്ടകോട്ടങ്ങൾ


1957ല്‍ അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ കേരളത്തിൽ തുടങ്ങിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇക്കാര്യത്തിൽ ഇന്ത്യയിലേറ്റവും പിന്നിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ബ്ലോക്കു പഞ്ചായത്തുകള്‍ കേരളത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ജില്ലാ കൗണ്‍സിൽ രൂപീകരിക്കുന്നതിനു മുമ്പ് ജില്ലാ ഭരണകൂടങ്ങളും ഉണ്ടായിട്ടില്ല. എന്നാലിന്ന്, അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിൽ ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമെന്ന ബഹുമതി തുടര്‍ച്ചയായി കേരളത്തിനാണ് ലഭിക്കുന്നത്. ഇതാണ് ജനകീയാസൂത്രണത്തിന്റെ നേട്ടത്തിന്റെ ഏറ്റവും നല്ല സൂചിക. ഇതുവരെയുള്ള അനുഭവങ്ങളുടെ നേട്ടകോട്ടങ്ങള്‍ വളരെ ചുരുക്കി പരിശോധിക്കാനാണ് ഒരുമ്പെടുന്നത്.

പണവും അധികാരവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ 35 ശതമാനം വരെ പണം കൈമാറുമെന്ന പ്രഖ്യാപനത്തോടെയാണ് ജനകീയാസൂത്രണം ആരംഭിച്ചത്. ഇത് യാഥാര്‍ത്ഥ്യമാ വുകയും ചെയ്തു. തുകയുടെ തോത് പിന്നീട് കുറഞ്ഞുവെങ്കിലും മറ്റേതു സംസ്ഥാനത്തെക്കാളും കൂടുതല്‍ വികസന ഫണ്ട് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്നു. ഫിനാന്‍സ് കമ്മീഷനുകളുടെ അവാര്‍ഡുകൾ കൃത്യമായി നടപ്പാക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സര്‍ക്കാരുകൾ മാറിമാറി വന്നിട്ടും സംസ്ഥാന സര്‍ക്കാരിന് ഗൗരവമായ പ്രതിസന്ധികളുണ്ടായിട്ടും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. ഇങ്ങനെ അന്യാദൃശ്യമായ രീതിയില്‍ സ്വതന്ത്രമായി വിനിയോഗിക്കാവുന്ന പണം താഴേയ്ക്കു വിന്യസിച്ചു കഴിഞ്ഞു എന്നുള്ളതാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് 1996ൽ 125 കോടി രൂപയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മൊത്തത്തിൽ നൽകിയത്. 1997-98ൽ ഇത് 1046 കോടി രൂപയായി ഉയർന്നു. 2015-16 ആയപ്പോൾ 7679 കോടി രൂപയായി. 2020-21 ൽ 12074 കോടി രൂപയായി ഉയർന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് പദ്ധതി, റീബിൽഡ് കേരളയിൽ നിന്നുള്ള പ്രളയ പുനർനിർമ്മാണം, തൊഴിലുറപ്പ് അടക്കമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ, പഞ്ചായത്ത് വഴി നടപ്പാക്കുന്ന സംസ്ഥാനാവിഷ്കൃത പദ്ധതികൾ ഇവയെല്ലാംകൂടി ചേർത്താൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ധനസഹായം 20000 കോടിയിലേറെ വരും. യു ഡി എഫ് കാലത്തുനിന്നും വ്യത്യസ്തമായി 30 ശതമാനം ഫണ്ട് സ്പിൽ ഓവറായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. 

പണം ചെലവഴിക്കുന്നതിന് ജനപങ്കാളിത്തത്തോടെ സുതാര്യമായി പരമാവധി സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ജനകീയാസൂത്രണ സംവിധാനവും ആവിഷ്കരിച്ചു. വര്‍ഷംതോറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സുതാര്യവും ജനകീയവും ശാസ്ത്രീയവുമായ രീതിയില്‍ പ്രാദേശിക പദ്ധതികൾ തയ്യാറാക്കിവന്നത് സമാനതകളില്ലാത്ത അനുഭവമാണ്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിലെ രീതിസമ്പ്രദായത്തെ അംഗീകരിക്കുകയും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും ജനകീയാസൂത്രണം ആവിഷ്കരിച്ച രീതിസമ്പ്രദായത്തിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ ആവശ്യമായിത്തീര്‍ന്നിട്ടില്ല. ഓരോ പ്രദേശത്തിന്റേയും വികസന സാദ്ധ്യതകള്‍ക്കനുസൃതമായി നൂതനവും ഭാവനാപൂര്‍ണ്ണവുമായ വികസന പ്രൊജക്ടുകളും ജനകീയ സംഘടനാ സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള അവസരം കേരളത്തില്‍ സംജാതമായി.

ഏറ്റവും അവസാനം കേരളത്തിലെ ആസൂത്രണരീതിക്കു ലഭിച്ച അംഗീകാരം പുതിയ എൻ ഡി എ സർക്കാരിൽ നിന്നായിരുന്നു. ജനകീയാസൂത്രണം രാജ്യമെമ്പാടും നടപ്പാക്കുന്നതിന് ഉത്തരവു തന്നെ അവർ ഇറക്കി. എങ്ങുമൊന്നും നടന്നില്ലായെന്നത് വേറെ കാര്യം. പണ്ടെങ്ങോ തയ്യാറാക്കാൻ തുടങ്ങിയ ഉത്തരവ് ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നത് ഇപ്പോഴാണ് പുറത്തോട്ടുവന്നതെന്നാണ് എനിക്ക് തോന്നുന്നത്. 
കീഴോട്ടുള്ള അധികാര വിന്യാസത്തിന്റെ കാര്യത്തിൽ ഗൗരവമായ കുറവ് യു ഡി എഫ് ഭരണകാലത്ത് പഞ്ചായത്തുകളുടെ ചെറുകിട ജലസേചന പദ്ധതികളുടെ വ്യാപ്തി കുറച്ചതു മാത്രമാണ്. എന്നാൽ ദുരന്തനിവാരണത്തിൽ പണ്ട് ഇല്ലാതിരുന്ന സ്ഥാനം ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ നൽകുകയും ചെയ്തു.

നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ചുമതലകളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാർ സ്ഥാപനങ്ങളായ സ്കൂൾ, ആശുപത്രി തുടങ്ങിയവയുടെ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിട്ടുകൊടുത്തു. മറ്റ് സര്‍ക്കാർ ഡിപ്പാര്‍ട്ട്മെന്റ് പ്രാദേശിക ഓഫീസുകള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടച്ചുമതലയിലാക്കി. അപര്യാപ്തമെങ്കിലും ഉദ്യോഗസ്ഥ പിന്തുണാ സംവിധാനത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ആസ്തികൾ

ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഫലമുണ്ടായത് ഗ്രാമീണ റോഡുകളുടെയും ഗ്രാമീണ ഭവനങ്ങളുടെയും നിര്‍മ്മാണത്തിലാണ്. ജനകീയാസൂത്രണത്തിന്റെ അഞ്ചുവര്‍ഷം കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതുമുതൽ ആകെ സൃഷ്ടിക്കപ്പെട്ട റോഡു ദൈര്‍ഘ്യത്തെക്കാൾ കൂടുതൽ റോഡുകൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നാണ് പറയാറ്. എന്നാല്‍ ഈ റോഡുകളിൽ നല്ലൊരുപങ്ക് നിലവിലുണ്ടായിരുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളായിരുന്നു. ഔദ്യോഗിക കണക്കു പ്രകാരം പ്രാദേശിക റോഡുകളുടെ ദൈർഘ്യം 1995-96 ൽ 1.15 ലക്ഷം കിലോമീറ്റർ ആയിരുന്നത് 2018-19 ൽ 2.32 ലക്ഷം കിലോമീറ്ററായി വർദ്ധിച്ചു. ഗുണനിലവാരവും ഗണ്യമായി ഉയർന്നു.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ 20 ലക്ഷം വീടുകളാണ് കേരളത്തിൽ പണിതുയർത്തിയത്. ലൈഫ് മിഷൻ വഴി 2.5 ലക്ഷം വീടുകൾ നിർമ്മിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് വിസ്തൃതിയിലും സൗകര്യത്തിലും മെച്ചപ്പെട്ട വീടുകളാണ് ഇവ. ഭൂരഹിതർക്ക് 10-12 ലക്ഷം രൂപ ചെലവിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനാണ് ഉദ്ദേശ്യം. ഏതാണ്ട് അഞ്ചുലക്ഷം കുടുംബങ്ങൾക്കുകൂടി വീട് ലഭിച്ചാൽ കേരളത്തിലെ പാർപ്പിട പ്രശ്നം പരിഹരിക്കപ്പെടും.

രാജ്യത്തെ ആദ്യത്തെ വെളിയിട വിസർജ്ജന നിർമ്മാർജ്ജന ലക്ഷ്യം കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിനു പിന്നിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ്. എല്ലാ വീടുകളിലും കക്കൂസുണ്ട്. ഇവയെല്ലാം സെപ്റ്റിക് ടാങ്കുകളാക്കി മാറ്റുകയെന്നതാണ് അടുത്ത ലക്ഷ്യം. അതോടൊപ്പം സെപ്റ്റേജ് കേന്ദ്രങ്ങൾ സ്ഥാപിക്കണം.
സമ്പൂര്‍ണ്ണ പാർപ്പിട വൈദ്യുതീകരണ ലക്ഷ്യം സംസ്ഥാനം കൈവരിച്ചു. വൈദ്യുതി ബോർഡിന്റെ മുൻകൈയിലാണ് ഈ പ്രവർത്തനം നടന്നത്. എന്നാൽ ഗാർഹിക വയറിംഗ് ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഏറ്റെടുത്തത്. തെരുവ് വിളക്കുകൾ, എൽഇഡി ലാമ്പുകളിലേയ്ക്ക് മാറ്റുന്നതിനും പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖ്യപങ്കുവഹിക്കുന്നുണ്ട്.

സേവനങ്ങൾ

സേവനപ്രദാനം നിശ്ചയമായും അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു നല്ല ഉദാഹരണമാണ് പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും. എന്നാല്‍ അധികാര വികേന്ദ്രീകരണത്തിന്റെ ആദഘട്ടങ്ങളിൽ ഈ രണ്ട് മേഖലയിലും നല്ല കുറേ മാതൃകകൾ സൃഷ്ടിക്കപ്പെട്ടുവെങ്കിലും പൊതുവിൽ പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ഗുണനിലവാരത്തിൽ അനുഭവവേദ്യമായ മാറ്റം ഉണ്ടായില്ല. ഇതിനു പല കാരണങ്ങളുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മാനേജ്മെന്റുകൾ മാറിനിന്നതും ഡി പി ഇ പിക്ക് എതിരായ പ്രക്ഷോഭവും സർവ്വശിക്ഷാ അഭിയാൻ പ്രാദേശിക ആസൂത്രണത്തിൽ നിന്നും വേറിട്ടു നിന്നതുമെല്ലാം കാരണങ്ങളാണ്. ആരോഗ്യ മേഖലയിൽ ഡോക്ടർമാർ വികേന്ദ്രീകൃത ചുമതലകൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതും ഒരു പ്രധാന ഘടകമായിരുന്നു. എല്ലാറ്റിലുമുപരി ഈ രണ്ട് മേഖലകൾക്കുമുള്ള സംസ്ഥാനവിഹിതം ഇടിയുന്ന പ്രവണത തുടർന്നു.

എന്നാൽ ഈ സ്ഥിതിവിശേഷത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും ആർദ്ദ്രം മിഷൻ വഴിയും കിഫ്ബി സഹായത്തോടെ വലിയ തോതിലുള്ള പൊതുനിക്ഷേപം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടത്തി. മേൽസൂചിപ്പിച്ച പ്രതികൂല ഘടകങ്ങൾ പലതും ഇല്ലാതായി. ഇതിന്റെ ഫലം ഈ രണ്ട് മേഖലകളിലും പ്രതിഫലിച്ചു. 

പൊതുആരോഗ്യ സംവിധാനം ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം 38 ശതമാനമായിരുന്നത് 2018-19 ൽ 48 ശതമാനമായി ഉയർന്നു. ശിശുമരണ നിരക്ക് 15 ൽ നിന്നും 7 ആയി താഴ്ന്നു. സാർവ്വത്രികമായ ജനകീയ പാലിയേറ്റീവ് സംവിധാനം ഏകോപിപ്പിക്കുന്ന ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്. കേരളത്തിലെ പൊതുആരോഗ്യ സംവിധാനത്തിന്റെ കരുത്ത് കോവിഡ് പ്രതിരോധത്തിൽ തെളിഞ്ഞുകണ്ടു. മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് മരണനിരക്ക് 0.3 ശതമാനത്തിൽ ഒതുക്കി നിർത്തുന്നതിന് നമുക്ക് കഴിഞ്ഞു. പ്രളയകാലത്തെന്നപോലെ ഇന്നത്തെ ആരോഗ്യ പ്രതിസന്ധിയിൽ പ്രാദേശിക ദുരന്തനിവാരണത്തിന് കേരളത്തിന് അത്താണിയായത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.

പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ എണ്ണം ഉയർന്നു. കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ അഞ്ചുലക്ഷത്തിലേറെ കുട്ടികൾ അൺഎയ്ഡഡ് മേഖലയിൽ നിന്നും പൊതുവിദ്യാഭ്യാസത്തിലേയ്ക്ക് റ്റിസി വാങ്ങി തിരിച്ചു വന്നിട്ടുണ്ട്. 2020-21ൽ ഈ കുട്ടികളുടെ എണ്ണം 1.6 ലക്ഷം ആകുമെന്നാണ് ഇപ്പോഴത്തെ മതിപ്പു കണക്ക്. വിദ്യാഭ്യാസ ഗുണനിലവാരവും മെച്ചപ്പെട്ടു. നീതി ആയോഗിന്റെ 2019 ന്റെ ക്വാളിറ്റി ഇൻഡക്സിൽ കേരളമാണ് ഒന്നാംസ്ഥാനത്ത്.

ഗ്രാമതലത്തിൽ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുന്നതിന് നിര്‍ണ്ണായക പങ്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഹിച്ചു. ലോകബാങ്കിന്റെ ജലനിധി ഒളവണ്ണ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം നടപ്പാക്കിയ പ്രൊജക്ടിന്റെ വിപുലീകരിച്ചൊരു സ്കീമായിരുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് 4.9 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയ സ്ഥാനത്ത് നാലു വർഷംകൊണ്ട് ഈ സർക്കാരിന്റെ കാലത്ത് 7.5 ലക്ഷം കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഇപ്പോൾ ജലജീവൻ മിഷന്റെ ഭാഗമായി 21.5 ലക്ഷം കണക്ഷനുകളാണ് നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ സ്കീമിന്റെയും നടത്തിപ്പുകാർ തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.

വേണ്ടത്ര വിജയിക്കാത്തൊരു മേഖലയാണ് ശുചീകരണം. കേന്ദ്രീകൃതമായ സംസ്കരണ പ്ലാന്റുകളുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഉറവിടമാലിന്യ സംസ്കരണ പദ്ധതികളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തത്. അതോടൊപ്പം അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് വേർതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അങ്ങനെ ഖരമാലിന്യ സംസ്കരണത്തിൽ ശുചിത്വ പദവി ഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും നേടിക്കഴിഞ്ഞു. പലയിടത്തും സംരംഭകത്വ രൂപത്തിലാണ് ശുചീകരണം ഇപ്പോൾ നടക്കുന്നത്. ഈ നേട്ടങ്ങളെ സ്ഥായിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. 

സദ്ഭരണം

അധികാര വികേന്ദ്രീകരണത്തിന്റെ അനിവാര്യമായ ഗുണഫലങ്ങളിലൊന്നാണ് പ്രാദേശിക സദ്ഭരണം. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സേവനങ്ങള്‍ സംബന്ധിച്ച പൗരാവകാശരേഖകള്‍ പ്രസിദ്ധീകരിക്കണമെന്നും വിവരാവകാശ നിയമത്തിനനുസ്യതമായി പ്രവര്‍ത്തിക്കണമെന്നുമൊക്കെ വ്യവസ്ഥകൾ ഉണ്ടായി. കീഴ്ത്തട്ടിലെ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ ആഫീസുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേതാണ്. അവയെല്ലാം ഐഎസ്ഒ സർട്ടിഫിക്കേഷൻ വാങ്ങിക്കഴിഞ്ഞു. 

ഇ-ഗവേണൻസിൽ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി വഴി എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ജനന – മരണ - വിവാഹ രജിസ്ട്രേഷൻ, സേവന – സിവിൽ രജിസ്ട്രേഷൻ, സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് സേവന, പെൻഷൻ പദ്ധതി നടത്തിപ്പിന് സുലേഖ, റവന്യു പിരിവിന് സഞ്ചയ, അക്കൗണ്ട്സിന് സാംഖ്യ, കെട്ടിട പെർമിറ്റിന് സങ്കേതം, ഫയർ മാനേജ്മെന്റിനു സൂചിക, മീറ്റിംഗ് നടത്തിപ്പിന് സകർമ്മ, ആസ്തി വിവരങ്ങൾക്ക് സചിത്ര, ജീവനക്കാരുടെ ശമ്പള വിവരങ്ങൾക്കു സ്ഥാപന എന്നിങ്ങനെ വ്യത്യസ്ത സോഫ്ടുവെയർ മോഡ്യൂളുകൾ വഴിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഏകോപിപ്പിച്ച് ഒറ്റ വിവരവ്യൂഹമായി പ്രവർത്തിപ്പിക്കുന്നതിനുള്ള ഘട്ടത്തിലേയ്ക്ക് കേരളം കടന്നിരിക്കുകയാണ്. ILGMS (Integrated Local Governance Management System) രാജ്യത്ത് ആദ്യമായാണ് ഭരണമേഖലയിൽ വിന്യസിക്കുന്നത്.

ഗുണനിലവാരത്തില്‍ സ്ഥായിയായ പുരോഗതി നേടണമെങ്കില്‍ ഓഫീസ് സംവിധാനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയാല്‍ മാത്രം പോര. അതുപയോഗിക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാറിമാറി വരും. ആളുകള്‍ മാറുന്നതിനനുസരിച്ച് ഗുണനിലവാരം കുറയാനിടവരരുത്. ഇതുറപ്പുവരുത്തണമെങ്കില്‍ ഭരണത്തിന് നേതൃത്വം വഹിക്കുന്ന ജനപ്രതിനിധികളുടെ ഭരണ - വികസന - രാഷ്ട്രീയ കാഴ്ചപ്പാടുകളും വികസിക്കണം. ഇത് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വമാകട്ടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. കേരളത്തില്‍ തുടര്‍ച്ചയായി സദ്ഭരണം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളിലെല്ലാം ഈ വലിയ മാറ്റം ഒരു പരിധിവരെ വന്നതായി കാണാം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പരസ്പര പൂരിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഈ നല്ല അനുഭവങ്ങളും സംസ്ഥാനത്തിന് മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.

പരിശീലനത്തിനും കാര്യപ്രാപ്തി വികസനത്തിനും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ വലിയ പ്രാധാന്യം നല്‍കിപ്പോന്നിട്ടുണ്ട്. ഒരു വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ സമയംകൊണ്ട് ഗുണനിലവാരമുള്ള പരിശീലനം നല്‍കുകയെന്നത് തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു. അതിനാല്‍ പരമ്പരാഗത രീതികളിൽ നിന്ന് വിട്ട് വ്യത്യസ്തമായ പരിശീലനരീതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ അക്കാലത്ത് വലിയ ശ്രമം നടക്കുകയുണ്ടായി. തുടര്‍ന്ന് കാര്യപ്രാപ്തി വികസനം സ്ഥാപനവല്‍ക്കരിച്ച് നടപ്പാക്കാനുള്ള സംവിധാനമൊരുങ്ങി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തന്നെ മുന്‍കൈയിൽ സ്ഥാപിതമായ ‘കില’യാണ് ഈ ബൃഹത്തായ പരിപാടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറ്റ് സംസ്ഥാനങ്ങളുടേതില്‍ നിന്ന് വ്യത്യസ്തവും ബൃഹത്തും ആണ് ‘കില’ നടപ്പാക്കേണ്ടി വന്ന കാര്യപ്രാപ്തി വികസന പരിപാടി.

സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമ്മാർജ്ജനവും

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡർ ബജറ്റിംഗ് വനിതാ വികസനചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. 10 ശതമാനം വികസന ഫണ്ട് സ്ത്രീകള്‍ ഗുണഭോക്താക്കളും നിയന്ത്രിക്കുന്നതുമായ പ്രൊജക്ടുകള്‍ക്ക് വേണ്ടി നീക്കിവെയ്ക്കുന്നു. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്നുണ്ട്.

അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കുടുംബശ്രീയുടെ ആവിര്‍ഭാവവും വളര്‍ച്ചയുമാണ്. ലോകത്തെ മറ്റു സ്വയംസഹായ സംഘ ശൃംഖലകളില്‍നിന്നു വ്യത്യസ്തമായി തദ്ദേശ ഭരണ സ്ഥാപനളോടു ബന്ധപ്പെട്ടാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളും കുടുംബശ്രീയിൽ അംഗങ്ങളാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങൾ മാത്രമല്ല, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും ഈ സംഘടനാസംവിധാനം മുന്നിട്ടുനില്‍ക്കുന്നു.

കുടുംബശ്രീ അംഗങ്ങളിൽ 5 ലക്ഷം പേരുടെ വർദ്ധനവ് കഴിഞ്ഞ നാലു വർഷക്കാലത്തിനുള്ളിൽ ഉണ്ടായി. 45 ലക്ഷം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 2015-16ൽ 5717 കോടി രൂപയായിരുന്നത് 2020-21ൽ 14000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വായ്പാ സഹായം എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഏജൻസിയായി കുടുംബശ്രീ വളർന്നിരിക്കുകയാണ്. പ്രളയത്തെത്തുടർന്ന് 1800 ഓളം കോടി രൂപയും കോവിഡ് കാലത്ത് 2000 കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സാധാരണക്കാർക്ക് എത്തിച്ചു. ഇപ്പോൾ സാധാരണക്കാർക്ക് ലാപ്ടോപ്പ് എത്തിക്കുന്നതിനുള്ള സ്കീമും കുടുംബശ്രീ വഴിയാണ് ലഭ്യമാക്കുന്നത്. കുടുംബശ്രീയുടെ തൊഴിൽ സംരംഭങ്ങളെയും നാനാവിധ സേവനങ്ങളെയുംകുറിച്ച് കൂടുതൽ വിവരിക്കുന്നില്ല.
മേൽപ്പറഞ്ഞ ഇടപെടലുകളെല്ലാം സംസ്ഥാനത്തെ ദരിദ്രരുടെ നില ഉയർത്താൻ സഹായിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറഞ്ഞത് കേരളത്തിലാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ശതമാനം 1993-94 ൽ ഗ്രാമീണമേഖലയിൽ 26 ശതമാനവും നഗരമേഖലയിൽ 25 ശതമാനവുമായിരുന്നു. 2011-12 ൽ ഇത് യഥാക്രമം 7ഉം 5ഉം ശതമാനമായി താഴ്ന്നു. ജീവിത ഗുണമേന്മ സൂചികയിൽ കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ മുന്നേറി.

വികേന്ദ്രീകരണം – ദൗർബല്യങ്ങൾ

ജനകീയാസൂത്രണം വൻവിജയമായിരുന്നെങ്കിലും പുതിയ ജനകീയ ജനാധിപത്യ പ്രക്രിയയെ വ്യവസ്ഥാപിതമാക്കി മാറ്റാൻ കഴിഞ്ഞില്ല. തുടർന്നുവന്ന യു ഡി എഫ് സർക്കാർ ഇവ വ്യവസ്ഥാപിതമാക്കും മുമ്പ് ജനകീയാസൂത്രണ പ്രസ്ഥാനത്തിനു വിരാമമിട്ടതാണ് ഇതിനു കാരണം. താഴത്തുണ്ടായ മാറ്റത്തിന് മുകള്‍ത്തട്ടിൽ ഭരണപരിഷ്കാരങ്ങളുണ്ടായില്ല. ഉദ്യോഗസ്ഥ പുനര്‍വ്വിന്യാസം പൂര്‍ത്തിയായില്ല. 2001ലെ ഭരണമാറ്റത്തെ തുടര്‍ന്ന് പുതിയ രീതികളും മൂല്യങ്ങളും വ്യവസ്ഥാപിതമാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛ സംസ്ഥാനത്ത് ഗണ്യമായി ചോര്‍ന്നുപോയി. 

ആസ്തി നിര്‍മ്മാണത്തിലും സേവനപ്രദാനത്തിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ചതുപോലുള്ള നേട്ടങ്ങള്‍ ഉല്‍പ്പാദന മേഖലകളിൽ കണ്ടെത്താനാവില്ല. കാര്‍ഷിക മുരടിപ്പ് തുടരുകയാണ്. സൂക്ഷ്മ തൊഴില്‍സംരംഭങ്ങള്‍ക്ക് വേണ്ടത്ര വിജയം അവകാശപ്പെടാനും കഴിയില്ല. സമഗ്രമായ ഇടപെടലിന്റെ അഭാവമാണ് മുഖ്യകാരണം. വാര്‍പ്പു മാതൃകയിലുള്ള പ്രൊജക്ടുകളാണ് ഈ മേഖലകളിൽ കൂടുതലും നടപ്പാക്കിയത്.

എന്നാൽ ഇക്കാര്യത്തിലും കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയും പച്ചക്കറി തറവില പ്രഖ്യാപനവും പച്ചക്കറി ഉല്‍പ്പാദനത്തിലും സ്വയംപര്യാപ്തതയിലേയ്ക്ക് നമ്മെ നയിക്കും. ഈ രണ്ട് പദ്ധതികളുടെയും മുഖ്യനടത്തിപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്. ഇതുപോലെ തന്നെ ശ്രദ്ധേയമായ സ്കീമാണ് തരിശുരഹിത പഞ്ചായത്ത്. തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ ജനകീയമായി കൃഷിയിറക്കുന്നതാണ് ഈ സ്കീം. കൂടുതൽ കൂടുതൽ പഞ്ചായത്തുകൾ തരിശുരഹിത പ്രഖ്യാപനത്തിലേയ്ക്കു വരികയാണ്. കേരളത്തിൽ നെൽകൃഷി വിസ്തൃതി വീണ്ടും ഉയർന്നുതുടങ്ങിയിട്ടുണ്ട്. താരതമ്യേന തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ പണം വകയിരുത്തുന്ന മേഖലകളിലൊന്ന് മൃഗപരിപാലനമാണ്. ഇതിന്റെ മെച്ചം വർദ്ധിക്കുന്ന പാൽ, കോഴിമുട്ട ഉൽപ്പാദനത്തിൽ കാണാം. 

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു കൃത്യമായി ജനസംഖ്യാനുപാതികമായ ഫണ്ട് ലഭ്യമാക്കിയത് അധികാര വികേന്ദ്രീകരണമാണ്. അനുമാന കണക്കുകൂട്ടല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി. താഴേയ്ക്കു പണം നല്‍കിയതിന്റെ ഫലമായി തങ്ങളുടെ ക്ഷേമത്തിന് ഏതു തരത്തിലുള്ള പദ്ധതികളാണ് വേണ്ടത് എന്നു തീരുമാനിക്കുന്നതിൽ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തം നല്‍കി. എന്നാല്‍ ഈ പരിശ്രമം വേണ്ടത്ര ഫലവത്തായിട്ടില്ല. ആദിവാസി മേഖലയിലെ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. 

അഴിമതി വ്യാപകമാകുന്നു എന്ന പരാതിയും ഉണ്ട്. ജനകീയാസൂത്രണത്തിന്റെ കാലത്ത് സാര്‍വ്വത്രികമായി കാണാന്‍ കഴിയുമായിരുന്ന സന്നദ്ധസേവനവും സംഭാവനയുമെല്ലാം പിന്നീട് കുറഞ്ഞു. ജനകീയ കമ്മിറ്റിയെന്നുള്ളത് ബിനാമി പ്രവൃത്തിക്കുള്ള മറയായി. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ സ്വജനപക്ഷപാതമുണ്ട്. ഇതിനുള്ള പ്രതിവിധി ഫലപ്രദമായ സോഷ്യൽ ഓഡിറ്റാണ്. എന്നാൽ ഈ അക്കൗണ്ടബിലിറ്റി മെക്കാനിസം ഇന്നും കേരളത്തിൽ ഫലപ്രദമായി നടപ്പായിട്ടില്ല.

ആസൂത്രണത്തിലെ ജനകീയതയ്ക്ക് വലിയ ചോർച്ചയുണ്ടായിട്ടുണ്ട്. ഗ്രാമസഭകളിലെ പങ്കാളിത്തം കുറയുന്നു. അർത്ഥവത്തായ സംവാദവും നടക്കുന്നില്ല. ജനപങ്കാളിത്തത്തിനുവേണ്ടി രൂപീകരിച്ച ഗുണഭോക്തൃ സമിതികൾ ഇന്ന് ഇല്ല. എന്നാൽ സ്കൂളും ആശുപത്രികളുമായി ബന്ധപ്പെട്ട ജനകീയ സമിതികൾ വളരെ പ്രവർത്തനക്ഷമമാണ്. അതിന്റെ വ്യത്യാസം ആ മേഖലകളിൽ കാണുകയും ചെയ്യുന്നുണ്ട്. 
ജനകീയാസൂത്രണം ആരംഭിച്ച സമയത്ത് ഉയര്‍ത്തിയിരുന്ന ആദർശങ്ങളില്‍നിന്ന് വളരെ ദൂരെയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. എന്നിരുന്നാല്‍ത്തന്നെയും കേരളത്തിലെ നാലിലൊന്നു പഞ്ചായത്തുകള്‍ ഏറ്റവും മാതൃകാപരവും നൂതനവുമായ പദ്ധതികൾ നടപ്പാക്കി സാദ്ധ്യതകളുടെ സീമകളിലേയ്ക്ക് എത്തിപ്പിടിക്കുന്നവരായി മാറി. എന്നാല്‍ ഒട്ടേറെ പഞ്ചായത്തുകള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെളിക്കുണ്ടിലാണ്. എങ്കിലും മാതൃകാ പഞ്ചായത്തുകള്‍ അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യതകള്‍ക്ക് അടിവരയിടുന്നു. അധികാര വികേന്ദ്രീകരണം നാടിനെ മുന്നോട്ടുനയിക്കാൻ പൗരനു നല്‍കുന്ന ഇടപെടൽ സ്വാതന്ത്ര്യമാണ്. എവിടെയെല്ലാം ഇത്തരത്തിൽ ഇടപെടുന്നതിന് പൗരന്മാർ തയ്യാറാകുന്നുവോ അവിടെ കാര്യങ്ങള്‍ മെച്ചപ്പെടുന്നു. ഇതാണ് ഇതുവരെയുള്ള അനുഭവപാഠം. ഇതിനുള്ള ജനാധിപത്യ ഇടം കേരളത്തില്‍ സൃഷ്ടിച്ചു എന്നതാണ് ജനകീയാസൂത്രണത്തിന്റെ ഏറ്റവും സ്ഥായിയായ നേട്ടം.

II
ലോകബാങ്ക് സമീപനവും ജനകീയാസൂത്രണവും


ജനകീയാസൂത്രണം ആരംഭിച്ച നാൾ മുതൽ തീവ്രഇടതുപക്ഷത്തെ അരികുസംഘങ്ങളിൽ നിന്നും തുടർച്ചയായി ഉണ്ടായിട്ടുള്ള വിമർശനങ്ങളിലൊന്ന് ഇത് ലോകബാങ്ക് പദ്ധതിയാണ് എന്നാണ്. പങ്കാളിത്ത ജനാധിപത്യം എന്നത് ലോകബാങ്കിന്റെ സങ്കൽപ്പനമാണ്. ജനകീയാസൂത്രണം ആരംഭിച്ച് ഒരുവർഷം കഴിഞ്ഞപ്പോൾ അധികാര വികേന്ദ്രീകരണം കേന്ദ്രപ്രമേയമാക്കി ലോകബാങ്കിന്റെ വികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ വിമർശനങ്ങൾ ഉച്ചസ്ഥായിയിലായി. “അധികാര വികേന്ദ്രീകരണം തന്നെ ആഗോള അജണ്ടയാണ്, മൂന്നാംലോക രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം”. ഇത്തരം വാദങ്ങൾക്ക് അക്കാലത്ത് കേരളത്തിൽ വലിയ സ്വാധീനം ഉണ്ടായി. 

ലോകബാങ്ക് നിലപാടുകളുടെ ആദ്യവിമർശനങ്ങൾ

ആഗോളവത്കരണത്തിന് പൂരകമായി അധികാര വികേന്ദ്രീകരണത്തെ കരുപ്പിടിപ്പിക്കാനാണ് ലോകബാങ്കിന്റെ ശ്രമം എന്നതിന് സംശയം വേണ്ട. അത് ഈ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ കാര്യത്തിലും ബാധകമാണ്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ മൂന്നാംലോക രാജ്യങ്ങളിൽ വരണമെന്ന് ലോകബാങ്ക് വാദിച്ചാൽ ഈ വ്യവസ്ഥ വേണ്ടെന്ന മറുവാദമുന്നയിക്കുകയല്ലല്ലോ നാം ചെയ്യുന്നത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ വിപ്ലവത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് പരിശോധിക്കേണ്ടത്. ഇതു തന്നെയാണ് അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലും സ്വീകരിക്കേണ്ട സമീപനം. 
2000 മെയ് മാസത്തിൽ തിരുവനന്തപുരത്തു നടത്തിയ ജനകീയാസൂത്രണം സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ പ്രൊഫ. പ്രഭാത് പട്നായിക് അവതരിപ്പിച്ച പ്രബന്ധത്തിൽ ലോകബാങ്കിന്റെ ചതിക്കുഴികളെക്കുറിച്ച് ജാഗ്രതപ്പെടുത്തിയിരുന്നു. നിയോലിബറൽ നയങ്ങൾ ഫലപ്രദമായ വികേന്ദ്രീകൃത ആസൂത്രണത്തിന് എങ്ങനെ തടസ്സമാകുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. പ്രൊഫ. പ്രഭാതിന്റെ പ്രബന്ധത്തിൽ മാത്രമല്ല, പ്രൊഫ. ജോൺ ഹാരിസിന്റെയും പ്രൊഫ. സി പി ചന്ദ്രശേഖറിന്റെയും പ്രബന്ധങ്ങളിലെ പ്രമേയങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. ജനകീയാസൂത്രണ വിവാദകാലത്ത് ഇവരുടെ ഈ നിലപാടുകൾ ജനകീയാസൂത്രണ വിമർശകർ ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ അവർ തന്നെ പരസ്യമായി ഇത്തരം ദുഷ്പ്രചരണങ്ങൾക്കെതിരെ രംഗത്തു വന്നു. ജനകീയാസൂത്രണത്തെ ലോകബാങ്കിന്റെ ഗണത്തിൽപ്പെടുത്താനാവില്ല. മാത്രമല്ല, ആഗോളവത്കരണത്തിനെതിരായ ചെറുത്തുനിൽപ്പിന് ജനകീയാസൂത്രണ മാതൃകയിലുള്ള വികേന്ദ്രീകരണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അവർ വിശദീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രൊഫ. പ്രഭാത് പട്നായിക് മാർക്സിസ്റ്റ് എന്ന താത്വിക മാസികയിൽ എഴുതിയ ലേഖനം ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഞാൻ അതു സംബന്ധിച്ച് കൂടുതലായി എഴുതുന്നില്ല. 

ഒരു കാര്യം കൂടി ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ. ജനകീയാസൂത്രണത്തിന്റെ തുടക്കം മുതൽ ലോകബാങ്ക് സമീപനത്തെ നിശിതമായി വിമർശിച്ചുകൊണ്ട് എങ്ങനെ ജനകീയാസൂത്രണം ലോകബാങ്ക് സമീപനത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ടും പുസ്തകങ്ങൾ തന്നെ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ പ്രഥമവർഷത്തിൽത്തന്നെ ഞാനെഴുതി പ്രസിദ്ധീകരിച്ച ജനകീയാസൂത്രണ പ്രസഥ്ാനം ചില വിശദീകരണങ്ങള്‍ എന്ന ഗ്രന്ഥത്തിൽ ചോദ്യോത്തര രൂപേണ ഇക്കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ അവസാനവർഷം പ്രസിദ്ധീകരിച്ച ജനകീയാസൂത്രണം ഒരു പാഠപുസ്തകം എന്ന ഗ്രന്ഥത്തിൽ ലോകബാങ്കിന്റെ വികസന റിപ്പോർട്ടിനെക്കുറിച്ചുള്ള നിശിതമായ വിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ജനകീയാസൂത്രണ വിവാദത്തിനു മുമ്പ് എഴുതിയ രേഖകളാണ്. 

അഞ്ച് അന്തരങ്ങൾ

ജനകീയാസൂത്രണ വിവാദം കൊണ്ടുവന്ന തിരിച്ചറിവുകളെ വളരെ സംക്ഷിപ്തമായി പരാമർശിക്കട്ടെ:

ഒന്ന്) ലോകബാങ്കിനെ സംബന്ധിച്ചടത്തോളം സാമൂഹ്യസാമ്പത്തിക മേഖലയിലെ സർക്കാരിന്റെ പങ്കിനെ വെട്ടിച്ചുരുക്കുക എന്നതാണ് ലക്ഷ്യം. ലോകബാങ്കിന്റെ ഭാഷയിൽ ഭരണകൂടത്തെ ഡൗൺസൈസ് ചെയ്യണം. എന്നാൽ ജനകീയാസൂത്രണം പ്രാദേശിക സർക്കാരുകളെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളിലൂടെ സർക്കാരിനെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനായത്തപരമാക്കുന്നതുവഴി കൂടുതൽ വിപുലവും ആഴത്തിലുള്ളതുമാക്കിത്തീർക്കുകയാണ്.

രണ്ട്) സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ലോകബാങ്ക്, കമ്പോളത്തെയാണ് പരമപ്രധാനമായി കാണുന്നത്. വികേന്ദ്രീകരണം സംബന്ധിച്ച ലോകബാങ്ക് സിദ്ധാന്തങ്ങളിൽ വികേന്ദ്രീകരണത്തിന്റെ ആത്യന്തിക പരിണാമബിന്ദു സ്വകാര്യവത്കരണവും കമ്പോളവത്കരണവുമാണ്. ഇതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും അധികാരം നൽകുന്നുവെന്നാണ് വ്യാഖ്യാനം. ഇത്തരമൊരു കമ്പോളവത്കരണമല്ല ജനകീയാസൂത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. ജനകീയാസൂത്രണത്തിന്റെ അച്ചുതണ്ട് ആസൂത്രണമാണ്. ഓരോ പ്രദേശത്തും എന്തുവേണമെന്ന തീരുമാനം കേവലമായി കമ്പോളത്തിനു വിട്ടുകൊടുക്കാതെ പ്രാദേശിക സമൂഹത്തെക്കൊണ്ട് കൂട്ടായി തീരുമാനമെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. കമ്പോളത്തെ ജനകീയാസൂത്രണത്തിൽ തിരസ്കരിക്കുന്നില്ല. പക്ഷേ അതിനെ കഴിയുന്നത്ര സാമൂഹ്യനിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. 

മൂന്ന്) വികേന്ദ്രീകരണത്തിലൂടെ സാമൂഹ്യക്ഷേമരംഗങ്ങളിൽ നിന്ന് സർക്കാരിനെ പിൻവലിപ്പിക്കാനും അതിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കാനുമാണ് ലോകബാങ്ക് ശ്രമിക്കുന്നത്. എന്നാൽ ഇതല്ല ജനകീയാസൂത്രണത്തിന്റെ സമീപനം. സാമൂഹ്യക്ഷേമ രംഗങ്ങളിലെ ചുമതലകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതിനോടൊപ്പം ആ ചുമതലകൾ നിർവ്വഹിക്കുന്നതിന് സർക്കാർ വരുമാനത്തിൽ നിന്ന് ന്യായമായ വിഹിതവും താഴേയ്ക്കു നൽകുന്നു. ഇതിനോടൊപ്പമാണ് ഓരോ പ്രദേശത്തുമുള്ള അധികവിഭവ സമാഹരണവും കൂട്ടിച്ചേർക്കാൻ ആവശ്യപ്പെടുന്നത്. വികേന്ദ്രീകരണത്തിന്റെ ഭാരം സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. 

നാല്) ലോകബാങ്കും പങ്കാളിത്ത വികസനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, ലോകബാങ്കിനെ സംബന്ധിച്ചിടത്തോളം ജനപങ്കാളിത്തമെന്നാൽ ഒറ്റപ്പെട്ട വ്യക്തികളുടെയോ ഏറി വന്നാൽ സന്നദ്ധ സംഘടനകളുടെയോ പങ്കാളിത്തമാണ്. പൗരസമൂഹത്തെ രാഷ്ട്രീയത്തിനെതിരായി തിരിക്കലാണ് അവരുടെ ലക്ഷ്യം. അതുവഴി പുരോഗമന രാഷ്ട്രീയത്തെ തകർക്കാമെന്നും ആഗോളവത്കരണത്തോട് മെരുങ്ങിയ പ്രാദേശിക സമൂഹങ്ങളെ വാർത്തെടുക്കാമെന്നും അവർ കരുതുന്നു. എന്നാൽ ജനകീയാസൂത്രണത്തെ സംബന്ധിച്ചിടത്തോളം പങ്കാളിത്തം വ്യക്തികളിലോ സന്നദ്ധ സംഘടനകളിലോ ഒതുങ്ങുന്നില്ല. വര്‍ഗ്ഗബഹുജന സംഘടനകളെ ആസൂത്രണത്തിലും പ്രാദേശിക ഭരണത്തിലും നേരിട്ട് പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനകൾ ഈ ദൗത്യം എത്രമാത്രം ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജനകീയാസൂത്രണത്തിന്റെ വിജയം. 

അഞ്ച്) ജനകീയാസൂത്രണം ഊർജ്ജം തേടുന്നത് ലോകബാങ്ക് നിർദ്ദേശങ്ങളിൽ നിന്നല്ല. മറിച്ച് സമ്പന്നമായ നമ്മുടെ ജനകീയ ദേശീയ പാരമ്പര്യങ്ങളിൽ നിന്നാണ്. ലോകബാങ്ക് തന്നെ രൂപം കൊള്ളുന്നതിന് മുമ്പ് നമ്മുടെ ദേശീയ പ്രസ്ഥാനം ഉയർത്തിയ മുദ്രാവാക്യമായിരുന്നു ഗ്രാമസ്വരാജ് എന്നുള്ളത്. കൊളോണിയൽ ആഗോളവത്കരണത്തിനെതിരായ പോരാട്ടത്തിന്റെ ഒരു കേന്ദ്രമുദ്രാവാക്യമായിരുന്നു, ഗ്രാമസ്വരാജ്. ഈ ദേശീയ മുദ്രാവാക്യത്തിന് സമകാലീന ആഗോളവത്കരണത്തിനെതിരായ പോരാട്ടത്തിലും പ്രസക്തിയുണ്ട്. 

ലോകബാങ്ക് പരീക്ഷണങ്ങളുടെ പരാജയം

ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഞാനും റിച്ചാർഡ് ഫ്രാങ്കിയും ചേർന്നെഴുതിയ Local Democracy and Development, The Kerala People’s Campaign for Decentralised Planning എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിൽ മുഖ്യമായും ലോകബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ആഗോള വികേന്ദ്രീകരണ പരിഷ്കാരങ്ങളെയും അതു സംബന്ധിച്ച പഠനങ്ങളെയും സുദീർഘമായ ഒരു അദ്ധ്യായത്തിൽ അവലോകനം ചെയ്യുന്നുണ്ട്. അവയിൽ നല്ലപങ്കും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കാരണം മൂന്നാംലോക രാജ്യങ്ങളിലെല്ലാം അധികാര വികേന്ദ്രീകരണം നടപ്പാക്കിയത് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും ഘടനാപരമായ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ്. ഈ ഘടനാപരമായ പരിഷ്കാരങ്ങൾ രണ്ടു പതിറ്റാണ്ടുകാലം ലത്തീൻ അമേരിക്കയിലെയും ആഫ്രിക്കയിലെയുമെല്ലാം ജനജീവിതം തകർത്തു ദുഷ്കരമാക്കി. ഇവയെല്ലാം അധികാര വികേന്ദ്രീകരണത്തിന് ദുഷ്പേരുണ്ടാക്കി. ഇത് ജനകീയാസൂത്രണം സംബന്ധിച്ച് ലോകത്തുള്ള പ്രസിദ്ധീകരണങ്ങളുടെ എണ്ണമെടുത്താൽ കൃത്യമായി കാണാം. ഈ പുതിയ നൂറ്റാണ്ടിന്റെ ഒന്നാമത്തെ പതിറ്റാണ്ടു വരെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ഓരോ വർഷവും ആയിരക്കണക്കിന് പഠനങ്ങളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാലിപ്പോൾ ഇത്തരം പഠനങ്ങളുടെ എണ്ണം തന്നെ തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 

ലോകബാങ്ക് അധികാര വികേന്ദ്രീകരണ പരിഷ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ ഫലങ്ങൾ എത്ര അഭിമാനാർഹമാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കഭാഗങ്ങളിൽ അക്കമിട്ടെഴുതിയിട്ടുണ്ട്. ഇപ്പോൾ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ അനുഭവം പരിശോധിക്കുന്ന എല്ലാവരും കേരളത്തിന്റെ മികവുകളിലൊന്നായി തദ്ദേശ ഭരണ സ്ഥാപനളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനം റിസർവ്വ് ബാങ്ക് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസർവ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോർട്ടിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക് പ്രശംസിച്ചിട്ടുണ്ട്. “പ്രതിരോധത്തിന്റെ കേരള മോഡൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്“ എന്ന തലക്കെട്ടിൽ ഒരു പേജ് ബോക്സ് തന്നെ ഇതിനായി നീക്കിവച്ചിട്ടുണ്ട്. 
കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്കിനെ റിപ്പോർട്ടിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കുന്നതിന് രണ്ടു പതിറ്റാണ്ടിലേറെയായി കേരളം സ്വീകരിച്ചുവരുന്ന നടപടികളുടെ ഫലമാണിതെന്ന് റിസർവ്വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. 2020-21ൽ സംസ്ഥാനത്തെ പ്രതീക്ഷിത സ്വന്തം നികുതി വരുമാനത്തിന്റെ (ബജറ്റ് എസ്റ്റിമേറ്റിന്റെ) 17.4 ശതമാനം കേരള സർക്കാർ പ്രാദേശിക സർക്കാരുകൾക്ക് നൽകുന്നുണ്ട്. ഇന്ത്യയിൽ ഈ തോത് 12.3 ശതമാനമേ വരുന്നുള്ളൂ. സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായി കണക്കാക്കിയാൽ കേരളം 10.3 ശതമാനം കീഴോട്ട് നൽകുന്നു. അഖിലേന്ത്യാ ശരാശരി 5.3 ശതമാനം മാത്രമാണ്. ആദ്യമായിട്ടാണ് റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സെക്ഷൻ ഉൾക്കൊള്ളിക്കുന്നത്. ഇതിനു പ്രേരണയായത് കേരളത്തിന്റെ അനുഭവമാണ്.

III
വികേന്ദ്രീകരണം - മാർക്സിസ്റ്റ് കാഴ്ചപ്പാട്


തുടക്കം മുതൽ ലോകബാങ്കിന്റെയും ഇന്ത്യയിലെ ഭരണവര്‍ഗ്ഗങ്ങളുടെയും കാഴ്ചപ്പാടിൽനിന്ന് വ്യത്യസ്തമായൊരു സമീപനം ജനകീയാസൂത്രണത്തിൽ സ്വീകരിക്കാൻ കഴിഞ്ഞത് ഇതു സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സുവ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ്. ഈയൊരു കാഴ്ചപ്പാട് കരുപ്പിടിപ്പിക്കുന്നതിന് നിസ്തുലമായ സംഭാവനയാണ് സഖാവ് ഇ എം എസ് നൽകിയിട്ടുള്ളത്. മദിരാശി പ്രവിശ്യയിലെ 1935ലെ കോൺഗ്രസ് സർക്കാർ അധികാര വികേന്ദ്രീകരണത്തോട് സ്വീകരിച്ച ഉദാസീന സമീപനത്തിനെതിരായ വിമർശനം, 1957ലെ ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ടും കരടു വികേന്ദ്രീകരണ നിയമവും തുടർന്നുള്ള ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് കീഴോട്ട് അധികാരം നൽകുന്നതിനുവേണ്ടി നടത്തിയിട്ടുള്ള പരിശ്രമങ്ങളും അശോക് മെഹ്ത്ത കമ്മിറ്റി റിപ്പോർട്ടിനുള്ള ഭിന്നാഭിപ്രായക്കുറിപ്പും അവസാനം ജില്ലാ കൗൺസിലുകളുടെ കാലം മുതൽ സഖാവ് എഴുതിയിട്ടുള്ള രണ്ടു ഡസനിലേറെ ലേഖനങ്ങളും ഇതിലേയ്ക്ക് മുതൽക്കൂട്ടാണ്. ജനകീയാസൂത്രണ ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ജനകീയാസൂത്രണത്തിന്റെ ഓരോ പടവിലും സഖാവ് ഇഎംഎസിന്റെ പാദമുദ്ര കാണാം.

വര്‍ഗ്ഗ സമീപനം 

മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വര്‍ഗ്ഗപരമായ കാഴ്ചപ്പാടിലൂടെയാണ് അധികാര വികേന്ദ്രീകരണത്തിന്റെ പ്രശ്നത്തെയും നാം സമീപിക്കുന്നത്. കേന്ദ്രീകൃതമായാലും വികേന്ദ്രീകൃതമായാലും അത് നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ ജന്മ-ബൂര്‍ഷ്വാ സ്വഭാവത്തില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എന്നത് വാസ്തവംതന്നെ. എന്നാല്‍ ഈ ജന്മി-ബൂര്‍ഷ്വാ വ്യവസ്ഥയെ മാറ്റുന്നതിന് ബഹുജനങ്ങളെ അണിനിരത്തുന്നതിനും അവര്‍ക്ക് സമാശ്വാസം നല്‍കുന്നതിനും കൂടുതല്‍ സഹായകരം വികേന്ദ്രീകൃതമായ ഒരു ഭരണ സംവിധാനമായിരിക്കും. ഈയൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പഞ്ചായത്തിരാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിലകൊണ്ടിട്ടുള്ളത്.

നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിലൂടെ ജന്മി-ബൂര്‍ഷ്വാ സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കാമെന്ന വ്യാമോഹമൊന്നും ഇല്ലാതിരിക്കുമ്പോള്‍ത്തന്നെ, പാര്‍ലമെന്ററി വ്യവസ്ഥയുടെ സംരക്ഷണത്തിനുവേണ്ടി പോരാടിയ ചരിത്രമാണല്ലോ പാര്‍ട്ടിക്കുള്ളത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിനെതിരായ ഭീഷണി ബഹുജനങ്ങളില്‍നിന്നല്ല, ഭരണവര്‍ഗ്ഗങ്ങളിൽ നിന്നാണ് ഉയരുന്നത് എന്നതിന് കോണ്‍ഗ്രസ്സ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥതന്നെ ഏറ്റവും നല്ല തെളിവാണ്. ബൂര്‍ഷ്വാ സ്വേച്ഛാധിപത്യത്തെക്കാള്‍ ബൂര്‍ഷ്വാ പാര്‍ലമെന്‍ററി വ്യവസ്ഥയാണ് ബഹുജന പ്രസ്ഥാനങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിന് ഗുണകരമെന്നതിനാലാണ് പാര്‍ട്ടി അടിയന്തരാവസ്ഥയെ നഖശിഖാന്തം എതിര്‍ത്തത്.

പാര്‍ലമെന്‍ററി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് മാത്രമല്ല, അത് കൂടുതല്‍ വിപുലീകൃതമാക്കുന്നതിനും പാര്‍ട്ടി ശ്രമിക്കുന്നു. എന്നാല്‍ ഭരണവര്‍ഗ്ഗങ്ങളാകട്ടെ, പാര്‍ലമെന്‍ററി ജനാധിപത്യ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യം കേന്ദ്ര-സംസ്ഥാന തലങ്ങളിലേ ഉള്ളൂ. കീഴ്ത്തട്ടിലാകട്ടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. മേല്‍ത്തട്ടിൽ മാത്രം ഒതുങ്ങിനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തെ കീഴ്ത്തട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണം ലക്ഷ്യമിടുന്നത്. ഇതാവട്ടെ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരവുമാണ്.

അങ്ങനെ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും എന്നപോലെതന്നെ പ്രാദേശികതലത്തിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകൾ രൂപംകൊള്ളുന്നു. ഇത്തരം ഒരു വീക്ഷണമല്ല കോണ്‍ഗ്രസ്സിനുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരു ഏജന്‍സിയായിട്ടാണ് മുഖ്യമായും തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോണ്‍ഗ്രസ്സ് വീക്ഷിച്ചുവന്നത്. ബല്‍വന്ത്റായി മെഹ്ത്താ കമ്മിറ്റി റിപ്പോര്‍ട്ടും പ്ലാനിംഗ് കമീഷന്റെ നിര്‍ദ്ദേശങ്ങളും ഇത്തരം ഒരു വീക്ഷണത്തോടുകൂടിയുള്ളതാണ്. അശോക് മെഹ്ത്താ കമ്മിറ്റി റിപ്പോര്‍ട്ടിന് ഇ എം എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പില്‍ ഉന്നയിച്ചിരുന്ന ഒരു മുഖ്യ ആക്ഷേപം ഇത് സംബന്ധിച്ചുള്ളതായിരുന്നു.

കേന്ദ്രസര്‍ക്കാരുകളുടെ സമീപനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് 1957 ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപം നല്‍കിയ ഭരണപരിഷ്കാര കമ്മിറ്റി റിപ്പോര്‍ട്ടിലും 1958 ലും 1968 ലും കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകളിലും വ്യവസ്ഥ ചെയ്തിരുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റവന്യൂ അധികാരങ്ങളടക്കം വിപുലമായ ഭരണാധികാരങ്ങളുള്ള സ്ഥാപനങ്ങളായാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഇവയില്‍ വീക്ഷിച്ചിരുന്നത്. ജില്ലാ കളക്ടര്‍മാർ ജില്ലാ കൗണ്‍സിലിന്റെ സെക്രട്ടറിമാരാകുന്നതുവഴി ജില്ലാ ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴിലാക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിരുന്നത്. 1991-ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാർ രൂപം നല്‍കിയ ജില്ലാകൗണ്‍സിലിന്റെയും കാഴ്ചപ്പാട് ഇതുതന്നെയായിരുന്നു. വിവിധ തട്ടുകളിലെ ഉദ്യോഗസ്ഥര്‍ അതതു തട്ടുകളിലെ ജനപ്രതിനിധികള്‍ക്ക് കീഴ്പ്പെടണമെന്നുള്ളതാണ് ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വം.

ഇത്തരമൊരു സമഗ്രമായ കാഴ്ചപ്പാട് കൊട്ടിഘോഷിക്കപ്പെടുന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് പോലുമില്ല എന്നതാണ് വാസ്തവം. യഥാര്‍ത്ഥം പറഞ്ഞാൽ കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും 73, 74 ഭരണഘടനാ ഭേദഗതി ഇവിടെ അംഗീകൃതമായിരുന്ന വികേന്ദ്രീകരണ സങ്കല്‍പ്പനങ്ങളില്‍നിന്നുള്ള ഒരു തിരിച്ചുപോക്കാണ്. നാം കണ്ടതുപോലെ ജില്ലാതലത്തിലെങ്കിലും സമഗ്രമായ അധികാരങ്ങളോടുകൂടിയ ജില്ലാ സര്‍ക്കാരുകളെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഈ സങ്കല്‍പ്പനത്തിന്റെ സാക്ഷാല്‍ക്കാരത്തിലേയ്ക്കുള്ള വലിയൊരു ചുവടുവയ്പായിരുന്നു 1991 ലെ ജില്ലാകൗണ്‍സില്‍. എന്നാല്‍ 73, 74 ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ടിരുന്ന ജില്ലാ പഞ്ചായത്തുകള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം നല്‍കിയ ജില്ലാ കൗണ്‍സിലുകളുടെ പ്രേതം മാത്രമാണ്. പുതിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് നഗര പ്രദേശങ്ങളിൽ നിയന്ത്രണാധികാരമില്ല. നഗരസഭകള്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിക്ക് പുറത്താണ്. അതുകൊണ്ടുതന്നെ, ജില്ലാഭരണ സംവിധാനത്തെ ജില്ലാപഞ്ചായത്തിന് കീഴിലാക്കുന്നതിന് പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്തുകളുടെ സെക്രട്ടറിയല്ല എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണ്.

73, 74 ഭരണഘടനാ ഭേദഗതികളുടെ ഒരു അടിസ്ഥാന ദൗര്‍ബ്ബല്യമാണിത്. ഇവ പ്രകാരം ഓരോ ജില്ലയിലെയും നഗര-ഗ്രാമപ്രദേശങ്ങളെ പരസ്പര ബന്ധമില്ലാത്ത ഭരണസംവിധാനങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇന്നത്തെ ഭരണഘടനയ്ക്ക് കീഴില്‍ പഞ്ചായത്തുകളെയും നഗരസഭകളെയും ഒരുപോലെ മേല്‍നോട്ടം വഹിക്കാൻ കഴിയുന്ന ഒരു ജില്ലാ ഭരണകൂടം സാദ്ധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയിലെ ഈ ജനാധിപത്യ വിരുദ്ധ വ്യവസ്ഥകളെ തിരുത്തുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രക്ഷോഭങ്ങള്‍ കൂടിയേതീരൂ.
 

വര്‍ഗ്ഗബഹുജന സംഘടനകളും വികസനവും

ജനപങ്കാളിത്ത വികസനത്തെക്കുറിച്ച് ഔദ്യോഗിക പഞ്ചവത്സര പദ്ധതി രേഖകളിലും വികേന്ദ്രീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളിലുമെല്ലാം ഒട്ടേറെ പരാമര്‍ശങ്ങൾ കാണാം. പക്ഷേ അവിടങ്ങളിലെല്ലാം ജനപങ്കാളിത്തമെന്നാൽ ഒട്ടുമിക്കപ്പോഴും സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തിലൊതുങ്ങുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പങ്കാളിത്തത്തിലൂടെയല്ലാതെ യഥാര്‍ത്ഥ ജനപങ്കാളിത്തം സാദ്ധ്യമല്ല എന്നുതന്നെയാണ്. കേരളം പോലെ ജനങ്ങള്‍ സുസംഘടിതരായ സംസ്ഥാനത്ത് ഈ സമീപനത്തിന് പ്രസക്തി വളരെ വലുതാണ്.
പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക സമീപനങ്ങളുടെ മറ്റൊരു ദൗര്‍ബ്ബല്യം പദ്ധതിയുടെ നിര്‍വ്വഹണത്തിലേ ബഹുജനങ്ങളുടെ നേരിട്ടുള്ള പങ്ക് വിഭാവനം ചെയ്യുന്നുള്ളൂ എന്നതാണ്. എന്നാൽ പദ്ധതി നിര്‍വ്വഹണത്തിൽ പങ്കാളിത്തം ആസൂത്രണത്തില്‍ നിന്നുതന്നെ ആരംഭിക്കണം. മറ്റാരെങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമായി ബഹുജനങ്ങളെ കാണാന്‍ പാടില്ല. മാത്രമല്ല, പദ്ധതിയുടെ ഗുണഫലങ്ങളില്‍ ന്യായമായ വിഹിതവും ജനങ്ങള്‍ക്ക് ഉറപ്പുവരുത്താനാവണം.

ഇന്ത്യയില്‍ ഇതുവരെ തുടര്‍ന്നുവന്ന വികസനനയങ്ങൾ ജനങ്ങളെയും അവരുടെ സംഘടനകളെയും വികസന പ്രക്രിയയില്‍നിന്ന് അന്യവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുതലാളിത്ത വികസനപാത ബഹുഭൂരിപക്ഷം ജനങ്ങളെ കൂടുതല്‍ കൂടുതല്‍ പാപ്പരാക്കുന്നു എന്നു മാത്രമല്ല, സ്വയം സംഘടിച്ച് വികസന നേട്ടങ്ങളിൽ ന്യായമായ പങ്ക് തങ്ങള്‍ക്കുകൂടി ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള അദ്ധ്വാനിക്കുന്നവരുടെ പരിശ്രമങ്ങളെ ഭരണവര്‍ഗ്ഗങ്ങൾ അടിച്ചമര്‍ത്തുന്നു. ഈ നയങ്ങള്‍ തിരുത്തിക്കൊണ്ടല്ലാതെ ജനപങ്കാളിത്തം ഉറപ്പാക്കുക സാദ്ധ്യമല്ല.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും മുതലാളിത്ത വികസനപാതയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാല്‍ത്തന്നെയും ജനങ്ങളുടെ സംഘടിക്കാനുള്ള അവകാശങ്ങളെ അംഗീകരിക്കുകയും അവരുടെ വരുമാനവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിന് ബോധപൂര്‍വ്വം പരിശ്രമിക്കുകയും ചെയ്യുന്ന നയങ്ങളാണ് അനുവര്‍ത്തിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വികസന പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരുമായി സഹകരിക്കാന്‍ വര്‍ഗ്ഗബഹുജന സംഘടനകള്‍ക്ക് കഴിയും. മാത്രമല്ല, ഇപ്രകാരം വികസന പ്രക്രിയയില്‍ ഇടപെടേണ്ടത് കേരളത്തിന്റെ സാഹചര്യത്തിൽ അനിവാര്യവുമാണ്. അവകാശ സമരങ്ങള്‍ക്കൊപ്പം ജനങ്ങളുടെ നീറുന്ന വികസന പ്രശ്നങ്ങള്‍ക്കുകൂടി പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു കര്‍മ്മപരിപാടി വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

കൂലിവേലയെ അടിസ്ഥാനമാക്കിയുള്ള ചെറുകിട ഉല്‍പ്പാദന വ്യവസ്ഥയാണ് കേരളത്തിലെ ഉല്‍പ്പാദന ബന്ധങ്ങളിൽ പ്രമുഖം. ചെറുകിട വ്യവസായമേഖല മാത്രമല്ല, കാര്‍ഷികമേഖലയിലും ഇതുതന്നെയാണ് സ്ഥിതി. ചെറുകിട ഭൂവുടമസ്ഥര്‍ പോലും കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്നു. ചെറുകിട ഭൂവുടമസ്ഥരില്‍ നല്ല പങ്ക് ആളുകളും കാര്‍ഷികേതര മേഖലയിൽ കൂലിവേലയോ ശമ്പളപ്പണിയോ എടുക്കുകയും ചെയ്യുന്നു. ഈയൊരു സങ്കീര്‍ണ്ണമായ വര്‍ഗ്ഗബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകിട ഉല്‍പ്പാദകരുടെയും കൂലിവേലക്കാരുടെയും ജനകീയ ഐക്യം ഊട്ടിയുറപ്പിക്കണമെങ്കില്‍ കൂലിവര്‍ദ്ധനയോടൊപ്പം ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള നടപടികളും അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം വിലകള്‍ ആനുപാതികമായി ഉയരുന്നില്ലെങ്കില്‍ കൂലിവേലക്കാരും ചെറുകിട ഉല്‍പ്പാദകരും തമ്മില്‍ തര്‍ക്കങ്ങൾ മൂര്‍ച്ഛിക്കാം. ജനകീയ ഐക്യം ഉറപ്പാക്കുന്നതിനും വര്‍ഗ്ഗപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പുരോഗതിക്കും ചെറുകിട മേഖലയിലെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നത് ഒരു മുഖ്യ സമീപനമായി മാറിയിരിക്കുന്നു.

ഇതുപോലെതന്നെ, വ്യവസായ സഹകരണ മേഖലയിലെയും ഉല്‍പ്പാദനത്തെ വൈവിദ്ധ്യവല്‍ക്കരിച്ചുകൊണ്ടും ഉല്‍പ്പാദനക്ഷമത ഉയര്‍ത്തിക്കൊണ്ടും മാത്രമേ ഈ മേഖലകളിലെ തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താനാകൂ. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ട് മാത്രമേ ഈ മേഖലകളിലെ പൊതുമേഖലാ സംവിധാനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാനാവൂ.

ഇപ്രകാരം വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് അവരവരുടെ മേഖലകളിൽ വികസന പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും സജീവമായി ഇടപെടുന്നതിനുമുള്ള അവസരം ഉറപ്പാക്കുന്നതിന് വികേന്ദ്രീകൃതമായ ഒരു അധികാരഘടനയാണ് അഭികാമ്യം.
 

രണ്ട് പാളിച്ചകള്‍

വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാദ്ധ്യതകളെയും അതിൽ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സ്ഥാനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോൾ രണ്ടു തരത്തിലുള്ള പാളിച്ചകളെക്കുറിച്ച് നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് ഇന്നത്തെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വികേന്ദ്രീകരണത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകളയാം എന്ന വ്യാമോഹം ആണ്.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ കേരളത്തിന്റെ വികസനപ്രശ്നങ്ങളെ പ്രാദേശികമായി, ജനകീയമായി പരിഹരിക്കാമെന്ന വ്യാമോഹം പാടില്ല. പുത്തന്‍ സാമ്പത്തിക നയങ്ങളും ദേശീയ തലത്തിലെ പ്രതിസന്ധിയും സംസ്ഥാനതലത്തിലും പ്രാദേശികമായും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് കര്‍ക്കശമായ പരിധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വിലകൾ കൂടുതൽ കൂടുതൽ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രാദേശികമായി കാര്‍ഷികമേഖലയില്‍പ്പോലും കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുന്‍കാലങ്ങളെക്കാൾ പ്രയാസമാണ്.

അതേസമയം, ആഗോളവല്‍ക്കരണത്തെയും പുതിയ സാമ്പത്തിക നയങ്ങളെയുമെല്ലാം എതിര്‍ത്ത് തോല്‍പ്പിച്ചതിനുശേഷം മാത്രമേ കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും സമാശ്വാസം നല്‍കാനാകൂ എന്ന നിലപാടെടുക്കാനാകില്ല. ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് പരിമിതികള്‍ക്കുള്ളിൽ നിന്നുതന്നെ ദൈനംദിന ജീവിത പ്രശ്നങ്ങള്‍ക്ക് സമാശ്വാസം കണ്ടെത്തിക്കൊണ്ട് മാത്രമേ പുതിയ സാമ്പത്തിക നയത്തിനും ആഗോളവല്‍ക്കരണത്തിനും എതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്താനാകൂ. ആഗോളമായും ദേശീയമായുമുള്ള മാറ്റങ്ങളിലൂടെ മാത്രമേ ഈ നയങ്ങൾ തിരുത്താനാകൂ. അതിന് പരിശ്രമിക്കുന്നതോടൊപ്പം കേരളത്തിലെ വികസന പ്രശ്നങ്ങള്‍ക്ക് ഭാഗികമായിട്ടെങ്കിലും പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്.

ചുരുക്കത്തില്‍, എല്ലാം ചെയ്യാനാകും എന്ന വ്യാമോഹം പോലെതന്നെ തിരസ്കരിക്കപ്പെടേണ്ട മറ്റൊരു പാളിച്ചയാണ് ഒന്നും ചെയ്യാനാവില്ല എന്ന നിരാശാബോധവും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പംതന്നെ മുതലാളിത്തം വളരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടി അംഗീകരിക്കണം. ഈ വളര്‍ച്ചയുടെ സാദ്ധ്യതകളെ സംസ്ഥാനത്തിന്റെ പൊതു വികസനത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. 

IV
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍


73, 74-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ മറ്റൊരു അടിസ്ഥാനപരമായ വിമര്‍ശനം അവ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃസംഘാടനത്തെ അവഗണിക്കുന്നു എന്നുള്ളതാണ്. സംസ്ഥാനത്തില്‍നിന്ന് പ്രാദേശിക തലത്തിലേക്കുള്ള അധികാര പുനര്‍വ്വിന്യാസം മാത്രമേ ഭരണഘടനാ ഭേദഗതിയിൽ വിഭാവനം ചെയ്യുന്നുള്ളൂ. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാകണമെങ്കിൽ സംസ്ഥാനതലത്തില്‍നിന്ന് പ്രാദേശിക തലത്തിലേയ്ക്കെന്നപോലെ കേന്ദ്രതലത്തില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് അധികാരം പുനര്‍വ്വിന്യസിക്കണം, എന്നാല്‍ ഇതല്ല ഇന്ത്യയിൽ സംഭവിക്കുന്നത്.

ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ് എന്നാണ് കരുതുന്നതെങ്കിലും യഥാര്‍ത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു യൂണിറ്ററി രാഷ്ട്രത്തിന്റെ സ്വഭാവമാണ് കൂടുതലുള്ളത്. ഭരണഘടനാപ്രകാരം അധികാരങ്ങളില്‍ സിംഹഭാഗവും കേന്ദ്രത്തിനാണ്. പ്രധാനപ്പെട്ട നികുതി മാര്‍ഗ്ഗങ്ങളും വായ്പയെടുക്കാനുള്ള അവകാശവും കേന്ദ്രത്തിനാണ്. സംസ്ഥാനഭരണത്തില്‍ സ്വേച്ഛാപരമായി കൈകടത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കൂടുതൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രം കവര്‍ന്നെടുക്കുന്നതായാണ് അനുഭവം. മൂര്‍ച്ഛിച്ചുവരുന്ന കുഴപ്പത്തിന് കേന്ദ്രീകരണമാണ് പരിഹാരമായി ഭരണവര്‍ഗ്ഗങ്ങൾ കണ്ടിട്ടുള്ളത്. ധനസഹായം പണമായി നല്‍കുന്നതിനുപകരം സ്കീമുകളുടെ രൂപത്തിൽ നല്‍കാനുള്ള പ്രവണതയും അനുദിനം ശക്തിപ്പെട്ടുകൊണ്ടുവന്നു. ഇന്നിപ്പോൾ സംസ്ഥാനങ്ങള്‍ക്ക് പണമായി നല്‍കുന്ന ധനസഹായത്തെക്കാൾ കൂടുതൽ തുക വരും കേന്ദ്രാവിഷ്കൃത സ്കീമുകളിലൂടെ തരുന്ന തുക. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പൊളിച്ചെഴുതുന്നതിന് ഭരണവര്‍ഗ്ഗങ്ങൾ തയ്യാറല്ല.

യഥാര്‍ത്ഥം പറഞ്ഞാൽ അധികാര വികേന്ദ്രീകരണത്തിനുള്ള പുതിയ നീക്കം സംസ്ഥാനങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ഒരുപോലെ ശക്തമാക്കാനുള്ളതായിരുന്നോ എന്നത് സംശയാസ്പദമാണ്. രാജീവ്ഗാന്ധി അവതരിപ്പിച്ച 64, 65-ാം ഭരണഘടനാ ഭേദഗതികള്‍തന്നെ ഇതിനൊരു തെളിവാണ്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തേക്ക് ഒരു പുതിയ അധികാരവും നല്‍കാതെ സംസ്ഥാനത്തുനിന്ന് അധികാരം താഴേയ്ക്ക് നല്‍കുന്നതിനാണ് ഈ ഭരണഘടനാ ഭേദഗതികള്‍കൊണ്ട് ശ്രമിച്ചത്. എന്നിട്ട് സംസ്ഥാനങ്ങളെ മറികടന്നുകൊണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കേന്ദ്രം നേരിട്ട് ബന്ധം വയ്ക്കുന്നതിനായിരുന്നു നീക്കം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം കേന്ദ്രം നേരിട്ട് നല്‍കുക, അവയുടെ കണക്കുകള്‍ നേരിട്ട് ഓഡിറ്റ് ചെയ്യുക, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി തിരഞ്ഞെടുപ്പ് നടത്തുക, കളക്ടര്‍മാരിലൂടെ നേരിട്ട് കേന്ദ്ര നിയന്ത്രണം സ്ഥാപിക്കുക ഇവയൊക്കെയാണ് രാജീവ്ഗാന്ധി ചെയ്യാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് നമ്മുടെ പാര്‍ട്ടി ഈ ഭരണഘടനാ ഭേദഗതികളെ പാര്‍ലമെന്റിൽ എതിര്‍ത്ത് തോല്‍പ്പിച്ചത്. 73, 74-ാം ഭരണഘടനാ ഭേദഗതികളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കിലും രാജീവ് ഗാന്ധിയുടെ ബില്ലിലെ ജനാധിപത്യവിരുദ്ധമായ നിബന്ധനകള്‍ പലതും ഒഴിവാക്കുകയുണ്ടായി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പൊളിച്ചെഴുത്ത് അധികാര വികേന്ദ്രീകരണത്തിന്റെ സുപ്രധാനമായ ഒരു മുദ്രാവാക്യമായിരുന്നു. കേന്ദ്രത്തില്‍നിന്ന് കൂടുതൽ അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൊണ്ടല്ലാതെ യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണം സാദ്ധ്യമല്ല. അധികാരത്തിന്റെ പിരമിഡ് ഇന്ന് തലകുത്തി നില്‍ക്കുകയാണ്. അത് നിവര്‍ത്തി പുനഃസ്ഥാപിക്കണം. താഴെത്തട്ടില്‍ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും തീരുമാനിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അവകാശം താഴെത്തട്ടിനുണ്ടാകണം. അവിടെ ചെയ്തുതീര്‍ക്കാൻ കഴിയാത്തവ മാത്രമേ ബ്ലോക്കിനും ജില്ലയ്ക്കും നല്‍കേണ്ടതുള്ളൂ. ജില്ലാതലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത വിഷയങ്ങളേ സംസ്ഥാനതലത്തിലേക്ക് നല്‍കേണ്ടതുള്ളൂ. സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രതിരോധം, വിദേശവ്യാപാരം, അടിസ്ഥാന വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയ മിച്ചംവരുന്ന വിഷയങ്ങളേ കേന്ദ്രത്തിനുവേണ്ടൂ. ഇപ്രകാരം മുടി മുതല്‍ അടിവരെ അധികാര പുനര്‍വ്വിന്യാസം അനിവാര്യമാക്കുന്ന വീക്ഷണമല്ല കോണ്‍ഗ്രസ്സിനും മറ്റു ജന്മി-ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കുമുള്ളത്.

കേരളത്തിന്റെ കഴിഞ്ഞ 25 വർഷത്തെ അനുഭവം വിലയിരുത്തുമ്പോൾ ഇന്നത്തെ അസന്തുലിതമായ കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധം എങ്ങനെയാണ് ഫലപ്രദമായ അധികാര വികേന്ദ്രീകരണത്തിന് തടസ്സമായതെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. വലിയതോതിൽ താഴേയ്ക്ക് ധനവിന്യാസം ഉറപ്പുവരുത്താനായെങ്കിലും പലപ്പോഴും ഏറെ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബ്ബന്ധിതമാകുന്നുണ്ട്. ഇത് ഒട്ടേറെ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇതിന് അടിസ്ഥാന കാരണം സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പണം കൂടുതൽ കൂടുതൽ നിബന്ധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ്. സംസ്ഥാന പ്ലാനിന്റെ നിബന്ധനരഹിതമായ ഫണ്ടിന്റെ പരിമിതിയെക്കുറിച്ച് എല്ലാ വകുപ്പുകൾക്കും വിമർശനമുണ്ട്. കേന്ദ്രസർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന ഫിനാൻസ് കമ്മീഷൻ അവാർഡ് ഫണ്ട് നമ്മുടെ ആസൂത്രണ പ്രക്രിയയുമായി സംയോജിപ്പിക്കുന്നതിന് ഒട്ടേറെ പ്രയാസങ്ങളുണ്ട്. അതിലുപരി കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രാദേശികാസൂത്രണത്തിനു വഴങ്ങാത്ത അവസ്ഥയുമുണ്ട്. സംസ്ഥാന സർക്കാരിന്റെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ധനപ്രതിസന്ധി താഴേയ്ക്കുള്ള ധനവിന്യാസം വർദ്ധിപ്പിക്കുന്നതിനു വലിയ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 

V
ഉപസംഹാരം–ഇനിയെന്ത്?
വികസനവും വികേന്ദ്രീകരണവും


മാർക്സിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കാൽനൂറ്റാണ്ടുകാലത്തെ അനുഭവങ്ങളെ വിലയിരുത്തി ജനാധിപത്യ അധികാര വികേന്ദ്രീകരണത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നതു സംബന്ധിച്ച് കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ അനിവാര്യമാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചിരിക്കുന്ന വികസനതന്ത്രത്തിന് അടിസ്ഥാനപരമായി രണ്ട് ഭാഗങ്ങളുണ്ട്. 
ഒന്ന്) ബജറ്റിനകത്തുനിന്നും പുറത്തുനിന്നും വലിയതോതിൽ വിഭവങ്ങൾ സമാഹരിച്ച് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുക. അതിന്റെ അടിസ്ഥാനത്തിൽ നമുക്ക് കൂടുതൽ വ്യവസായ മേഖലകളിലേയ്ക്ക് മൂലധന നിക്ഷേപത്തെ ആകർഷിക്കുക. അങ്ങനെ ഐ റ്റി, ബി ടി, ടൂറിസം, ലൈറ്റ് എഞ്ചിനീയറിംഗ്, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. കിഫ്ബി വഴിയുള്ള വൻതോതിലുള്ള നിക്ഷേപം ഇതിന് ഉത്തമദൃഷ്ടാന്തമാണ്.

രണ്ട്) അതേസമയം, പാവങ്ങളുടെയും സാധാരണക്കാരുടെയും സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയേതീരൂ. അവർ ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസ, പൊതുആരോഗ്യ സംവിധാനവും ഗുണനിലവാരം ഉയർത്തി സംരക്ഷിക്കണം. അതോടൊപ്പം ഇവർ ആശ്രയിക്കുന്ന സൂക്ഷ്മചെറുകിട വ്യവസായങ്ങൾ, പരമ്പരാഗത മേഖലകൾ, കൃഷി തുടങ്ങിയവയിലെ തൊഴിലവസരങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഈ രണ്ടാമതു പറഞ്ഞ ചെറുകിട ഉല്‍പ്പാദന മേഖലകളിലെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശികതലത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള ശക്തമായ ഇടപെടലുകൾ കൂടിയേതീരൂ. അഥവാ കാര്‍ഷിക മുരടിപ്പ്, കുടിവെള്ളക്ഷാമം, വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച, രോഗാതുരത, കുടില്‍വ്യവസായത്തകര്‍ച്ച, ദാരിദ്ര്യത്തിന്റെ തുരുത്തുകൾ എന്ന് തുടങ്ങി കേരളം ഇന്ന് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കിൽ പ്രാദേശികമായി ഇവയ്ക്കുള്ള പ്രതിവിധികള്‍ കണ്ടെത്തി ജനപങ്കാളിത്തത്തോടെ അവ നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വികേന്ദ്രീകരണ ആസൂത്രണത്തിന് മൂന്നുതരത്തിലുള്ള മെച്ചങ്ങള്‍ ചൂണ്ടിക്കാണിക്കാൻ കഴിയും. ഒന്നാമതായി, പ്രാദേശിക പ്രത്യേകതകളെയും സാദ്ധ്യതകളെയും കണക്കിലെടുത്തുകൊണ്ട് പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് പ്രാദേശിക തലത്തിലേ കഴിയൂ. രണ്ടാമതായി, പരസ്പര ബന്ധങ്ങളെ കണക്കിലെടുത്തുകൊണ്ട് സമഗ്രമായ പരിപാടികള്‍ പ്രാദേശികമായേ രൂപപ്പെടുത്താനാവൂ. മൂന്നാമതായി, സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും സംഭാവനയിലൂടെയും മറ്റുമുള്ള പ്രാദേശിക വിഭവ സമാഹരണത്തിന് വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണ്. 
കുടിവെള്ളക്ഷാമത്തിനെതിരെ മാത്രമല്ല, കാര്‍ഷിക അഭിവൃദ്ധിക്കും വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാതൃ-ശിശു സംരക്ഷണത്തിനുമെല്ലാം അതിവിപുലമായൊരു ജനകീയ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കുന്നതിന് അധികാര വികേന്ദ്രീകരണത്തിന് കഴിയുമെന്ന് അനുഭവം തെളിയിക്കുന്നു.

ഉൽപ്പാദന മേഖലകൾ

കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനി പ്രഥമ പരിഗണന നൽകേണ്ടത് ഉൽപ്പാദന മേഖലകളിലെ ദൗർബല്യം പരിഹരിക്കുന്നതിനുവേണ്ടിയാണ്. ഈ മേഖലകളിലെ ഉൽപ്പാദനവും തൊഴിലവസരങ്ങളും വരുമാനവും വർദ്ധിപ്പിക്കണം.

നീർത്തടാസൂത്രണത്തിന്റെ അടിസ്ഥാനത്തിലാവണം സുഭിക്ഷ കേരളം പദ്ധതി. ഇപ്പോൾ തന്നെ കേരളത്തിലെ തോടുകളും പുഴകളും വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് ഉപയോഗപ്പെടുത്തിയുള്ള കാമ്പയിനുണ്ട്. തോടുകളും പുഴകളും ജനകീയാടിസ്ഥാനത്തിൽ പുനരുദ്ധരിക്കുന്നതിന് വരട്ടാർ, കുട്ടംപേരൂരാർ, കിള്ളിയാർ, മീനച്ചിലാർ - മീനന്തറയാർ - കോടൂരാർ തുടങ്ങിയ ഒട്ടനവധി വിജയകരമായ അനുഭവങ്ങളുണ്ട്. തോടുകൾ ഒറ്റത്തവണ ചെളിവാരി വൃത്തിയാക്കിക്കഴിഞ്ഞാൽ അവ വീണ്ടും മലിനമാകില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് തോടിന്റെ തടത്തിൽ ഖരമാലിന്യ സംസ്കരണവും സെപ്റ്റേജ് ശുചീകരണവും നടപ്പിലാക്കണം. പ്രാദേശിക ജലസംഭരണികൾ അഭിവൃദ്ധിപ്പെടുത്തണം. കാട്ടാക്കട, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലെ പഞ്ചായത്തുകളെപ്പോലെ സമഗ്ര സ്ഥലജല പരിപാടികൾ തയ്യാറാക്കണം. ജനകീയാസൂത്രണത്തിനു മുമ്പായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വിഭവ ഭൂപട കാമ്പയിന്റെ മാതൃകയിൽ ഈ പ്രവർത്തനം ഏറ്റെടുക്കാനാവും. ഈ നദി പുനരുദ്ധാരണ പ്രവർത്തനങ്ങളോടൊപ്പം ഇവ വന്നുപതിക്കുന്ന കുട്ടനാട് പോലുള്ള പ്രളയസമതല പ്രദേശങ്ങളുടെ ആവാഹശേഷി കൂട്ടുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണം.
ഇത്തരത്തിലുള്ള സമഗ്രമായ നീർത്തടാസൂത്രണത്തിന്റെ അടിസ്ഥാനത്തിൽവേണം പച്ചക്കറി, നെൽകൃഷി വ്യാപനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കുവാൻ.

തരിശുരഹിത കേരളം ഒരു പ്രായോഗിക ലക്ഷ്യമാണ്. ഒരുപ്പൂ ഇരിപ്പൂ ആക്കുന്നതിനും തുടർവ്വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാക്കാനാവും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളിൽ ഇന്ന് മൂന്നു ലക്ഷം സ്ത്രീകൾക്ക് പണിയുണ്ട്. ഇത് ഇരട്ടിയായി വർദ്ധിപ്പിക്കാം. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കും കൈകോർക്കാനാവും. പാടശേഖര സമിതികൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ സാദ്ധ്യതകൾ ആരായണം. ബ്ലോക്കുതലത്തിൽ കാർഷിക കർമ്മസേനകൾ രൂപീകരിച്ചുകൊണ്ട് യന്ത്രപിന്തുണ ഉറപ്പു നൽകാനും കഴിയും.

വർഷംതോറും ഒരുകോടി മരങ്ങൾ നടാനുള്ള പദ്ധതി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മിയോവാക്കി വനങ്ങളും പച്ചത്തുരുത്തുകളും പലമടങ്ങ് ആകണം. പുരയിടകൃഷി തിരിച്ചുപിടിക്കണം. ബയോമാസിന്റെ വർദ്ധന മൃഗപരിപാലന മേഖലയ്ക്ക് പ്രോത്സാഹനമാകും. തോടുകളിലും കുളങ്ങളിലും മത്സ്യകൃഷിയാകാം.

കേരളത്തിലെ കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് പഴവര്‍ഗ്ഗങ്ങൾ, കിഴങ്ങുവര്‍ഗ്ഗങ്ങൾ, മത്സ്യം, പാൽ തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ചെറുകിട വ്യവസായ യൂണിറ്റുകളുടെ ശൃംഖല സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതകൾ വലുതാണ്. വികേന്ദ്രീകൃതമായ ചെറുകിട ഉൽപ്പാദനമാണെങ്കിലും അവയുടെ ഏകീകൃത ഗുണമേന്മ ഉറപ്പുവരുത്തി കേന്ദ്രീകൃത വിപണനം ഉറപ്പുവരുത്തേണ്ടതുണ്ട്. 
കാർഷികേതര മേഖലയിൽ മൂന്നുതരത്തിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നത്. ഒന്നാമത്തേത്, സഹകരണ സംഘങ്ങളിൽ നിന്നും മറ്റു സർക്കാർ ഏജൻസികളിൽ നിന്നും നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളാണ്. സർക്കാർ സ്ഥാപനങ്ങളായ കെ എസ് ഐ ഡി സി, കെ എഫ് സി, കെ എസ് എഫ് ഇ, വിവിധ വികസന കോർപ്പറേഷനുകൾ, സഹകരണസംഘങ്ങളും കേരള ബാങ്കുകളും, ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്പകൾ എന്നിവയെല്ലാം ഏകോപിപ്പിച്ച് കഴിയുന്നത്ര ഏകീകൃതമായ സൂക്ഷ്മ ചെറുകിട തൊഴിൽ സംരംഭ പ്രോത്സാഹന പരിപാടി ആവിഷ്കരിക്കും. പ്രതിവർഷം അമ്പതിനായിരം സംരംഭങ്ങൾ വീതം ആരംഭിക്കും. ഈ വായ്പകളുടെ പലിശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും സംയുക്തമായി വഹിക്കും. 

കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങൾ, അസാപ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ രൂപം നൽകുന്ന പ്രത്യേക പരിശീലന പരിപാടികൾ വഴി നൈപുണി പോഷണ പരിപാടികൾ ശക്തിപ്പെടുത്തും. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്വയം തൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്കീമുകൾ തയ്യാറാക്കുവാൻ കഴിയും. 

അവസാനമായി കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പികൾ, സേവനഗ്രൂപ്പുകൾ, നാളികേര സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ ശൃംഖലകൾക്കു രൂപം നൽകാം.

തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ / തദ്ദേശ ഭരണ സ്ഥാപനങ്ങൾ അനുപൂരകമായി നൈപുണി വികസന പരിപാടികളും താൽക്കാലിക തൊഴിലുകളും സൃഷ്ടിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ചുരുക്കത്തിൽ അതിവിപുലമായ തോതിൽ കാർഷിക, കാർഷികേതര മേഖലകളിൽ കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സ്ഥായിയായ തൊഴിലുകൾ സൃഷ്ടിക്കുന്നതിലേയ്ക്ക് അധികാര വികേന്ദ്രീകരണം വളരണം.

പൊതുവിദ്യാഭ്യാസവും ആരോഗ്യവും

ഈ മേഖലകളിലെ വിസ്മയകരമായ കുതിപ്പ് എങ്ങനെ നിലനിർത്താം എന്നതാണ് വെല്ലുവിളി. പരിഹാരബോധന ജനകീയ പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാകായിക വാസനകൾക്കുള്ള പ്രത്യേക പ്രോത്സാഹനങ്ങൾ തുടങ്ങി പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്.

സ്കൂളുകളുടെ ഡിജിറ്റലൈസേഷൻ പ്രാദേശികതലത്തിൽ ജനജീവിതത്തിൽ പ്രതിഫലിപ്പിക്കാനാവണം. കെ-ഫോൺ ഇന്റർനെറ്റ് വീടുകളിൽ എത്തിക്കും. കുടുംബശ്രീ വഴി ലാപ്ടോപ്പുകൾ നൽകാനാവണം. അങ്ങനെ എല്ലാ വീടുകളിലും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുമ്പോൾ പ്രാദേശിക ഭരണ സംവിധാനത്തെ പൂര്‍ണ്ണമായും ഓൺലൈനാക്കി മാറ്റാനാവും. ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സാർവ്വത്രിക കമ്പ്യൂട്ടർ സാക്ഷരതയുള്ള ഒരു കേരളത്തെ സൃഷ്ടിക്കാനാവും.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും എണ്ണം ഇരട്ടിയാകും. രാവിലെയും വൈകുന്നേരവും ഒ പി ഉണ്ടാവും. ഇവ കേന്ദ്രമാക്കിക്കൊണ്ട് ആരോഗ്യ വോളണ്ടിയർമ്മാരുടെ സഹായത്തോടെ ആശാ പ്രവർത്തകരുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ മുഴുവൻ പൗരന്മാരുടെയും ആരോഗ്യവിവരങ്ങൾ സംബന്ധിച്ച ഡാറ്റാബേസുണ്ടാക്കിയാൽ പ്രധാനപ്പെട്ട ജീവിതശൈലീ രോഗങ്ങൾ ആരംഭം മുതൽ തിരിച്ചറിയാനുള്ള കാമ്പയിനുകളും മറ്റും സംഘടിപ്പിക്കാനാവും. രോഗപ്രതിരോധത്തിനുള്ള ജീവിതശൈലീ മാറ്റങ്ങൾ ജനകീയ ഇടപെടലിന്റെ ഭാഗമായി കൊണ്ടുവരാൻ കഴിഞ്ഞാൽ രോഗാതുരത കുറയ്ക്കാൻ കഴിയും. കേരളത്തിന്റെ മരണനിരക്ക് വളരെ താഴ്ന്നതാണെങ്കിലും രോഗാതുരത വളരെ ഉയർന്നതാണ്. ഇനി രോഗാതുരതയും താഴ്ത്തണം. 

സ്വന്തമായി പാലിയേറ്റീവ് കെയർ സംഘടനകൾ ഉണ്ടാക്കുന്നതിനു പകരം നിലവിലുള്ള സംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തേണ്ടത്. ടെലിമെഡിസിൻ സൗകര്യം പാലിയേറ്റീവ് രംഗത്ത് വലിയ സഹായമായിരിക്കും.

വാർദ്ധക്യത്തിൽ പൗരർക്ക് അർഹമായ സ്ഥാനങ്ങൾ ഉറപ്പുവരുത്തി അവരുടെ ജീവിതം സമാധാന പൂര്‍ണ്ണവും പ്രയോജനപ്രദവും അന്തസ്സുറ്റതുമാക്കുന്നതിന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണ്. ആയതിനാൽ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണ വയോസൗഹൃദ തദ്ദേശ ഭരണസ്ഥാപനമായി മാറണം. ഇതിനുള്ള മാനദണ്ഡങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്: വയോജന ഗ്രാമസഭകൾ, പൊതു ഇടങ്ങളിൽ തടസ്സരഹിത സഞ്ചാരത്തിന് സഹായകരമായ സൗകര്യങ്ങൾ, അവകാശാനുകൂല്യങ്ങൾ, എല്ലാ വാർഡുകളിലും വയോക്ലബുകൾ.
ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് ബഡ് സ്കൂളുകൾ സർവ്വത്രികമാക്കേണ്ടതുണ്ട്. 

ലൈഫ് മിഷന്റെ ലക്ഷ്യം എല്ലാവർക്കും വീട് നൽകുകയാണ്. ജലജീവൻ മിഷൻ ഫലപ്രദമായി നടപ്പാക്കിയാൽ എല്ലാ വീടുകളിലും കുടിവെള്ളമെന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനാകും. ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ ഏതാണ്ട് പകുതി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഖരമാലിന്യ സംസ്കരണം സംരംഭാടിസ്ഥാനത്തിൽ സാർവ്വത്രികമാക്കാനാവണം.

സ്ത്രീസൗഹാർദ്ദം

ജന്‍ഡർ ബജറ്റിംഗ് സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കൂടുതൽ സമഗ്രമാക്കേണ്ടതുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിന് പ്രാദേശിക ഇടപെടലുകൾക്ക് വലിയ പങ്കുവഹിക്കാനാവും. എല്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും സ്ത്രീസൗഹൃദമാക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക കാമ്പയിൻ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തുന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എവിടെവെച്ച്, എപ്പോൾ, ഏതു സമയത്ത്, ആരിൽ നിന്ന് ഉണ്ടാകുന്നു എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണ ഓരോ പ്രദേശത്തും എത്തിച്ചേരണം. ഈ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രൊജക്ടുകൾ നിർബ്ബന്ധമായും പദ്ധതിയിൽ ഉൾപ്പെടുത്തണം.

ഇതിൽ കുടുംബശ്രീ പ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാനാവും. ഫലപ്രദമായ മൈക്രോഫിനാൻസ് ഏജൻസിയെന്ന നിലയിൽ നിന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ ഏജൻസിയെന്ന നിലയിലേയ്ക്ക് കുടുംബശ്രീ പരിവർത്തനം ചെയ്യപ്പെടണം. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുന്നതിൽ കുടുംബശ്രീയുടെ പങ്ക് പ്രകടമാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ദുരന്ത നിവാരണ മാനേജ്മെന്റ് പ്ലാനുകൾ വിപുലമായ കാമ്പയിന്റെ അടിസ്ഥാനത്തിൽ പുതുക്കേണ്ടതുണ്ട്. ഈ പദ്ധതി പഠിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യേണ്ടത് ഓരോ പഞ്ചായത്തിലെയും സാമൂഹ്യസന്നദ്ധ സേനയുടെ ചുമതലയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെട്ടാണ് ഈ സേന പ്രവർത്തിക്കേണ്ടത്.

ജനകീയത മുഖമുദ്ര

ജനകീയാസൂത്രണ പ്രസ്ഥാനത്തിലുടെ രൂപപ്പെടുത്തുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്ത ജനകീയസംഘടനാ സംവിധാനങ്ങളായ ഗ്രാമസഭ വാര്‍ഡ് സഭകൾ, വാര്‍ഡ് വികസന സമിതികൾ, അയല്‍ക്കൂട്ടങ്ങൾ, കര്‍മ്മസമിതികൾ, വികസനസെമിനാർ, ഗുണഭോക്തൃ സമിതികൾ, സന്നദ്ധ-സാങ്കേതിക സമിതികള്‍, സോഷ്യൽ ഓഡിറ്റ് സംവിധാനം എന്നിവയെ സജീവമാക്കി മാറ്റുകയും പ്രാദേശിക വികസനത്തിലും ഭരണനിര്‍വ്വഹണത്തിലും പങ്കാളികളാക്കി മാറ്റുകയും ചെയ്യുക. ജനകീയ പങ്കാളിത്ത സംഘടനാസംവിധാനങ്ങള്‍ക്ക് നിയമപരിരക്ഷ നൽകുന്നതിനായി കേരളപഞ്ചായത്തിരാജ് / മുനിസിപ്പല്‍ നിയമത്തിൽ ഭേദഗതിവരുത്തുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഇതിലേറ്റവും സുപ്രധാനം ഗ്രാമസഭകള്‍ ഫലപ്രദമാക്കുക എന്നതാണ്. ഇതിനുള്ള മാര്‍ഗ്ഗം ഗ്രാമസഭയുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും റെസിഡന്‍സ് അസോസിയേഷനുകളെയും പുരുഷ സ്വയംസഹായ സംഘങ്ങളെയും അംഗീകരിക്കുകയാണ്. ഗ്രാമസഭയ്ക്കു മുന്നേ അജണ്ടക്കുറിപ്പ് ഈ സംഘങ്ങള്‍ക്കു ലഭ്യമാക്കണം. അവരുടെ അഭിപ്രായങ്ങള്‍ കുറിപ്പായി നല്‍കുകയോ ഗ്രാമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യുക. ഗുണഭോക്തൃ ലിസ്റ്റും ഇതുപോലെ പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതാണ്. വാര്‍ഡിൽ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരായുന്ന വിവരങ്ങൾ ഇവര്‍ക്കു ലഭ്യമാക്കാനുള്ള ബാദ്ധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുണ്ടാകും. സോഷ്യല്‍ ഓഡിറ്റ് എല്ലാ പദ്ധതികള്‍ക്കും നിര്‍ബ്ബന്ധമാക്കണം. മരാമത്തു പണികള്‍ നടക്കുമ്പോൾ ബോര്‍ഡിൽ നിര്‍ദ്ദിഷ്ട പ്രൊജക്ടിന്റെ വിശദാംശങ്ങൾ പ്രദര്‍ശിപ്പിച്ചിരിക്കണം. ഓരോ വാര്‍ഡിലെയും പ്രൊജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ചുള്ള വിശദാംശങ്ങൾ അയല്‍ക്കൂട്ടങ്ങള്‍ക്കും മറ്റും ലഭ്യമാക്കണം. അവരെ പങ്കാളികളാക്കിക്കൊണ്ടുള്ള സോഷ്യല്‍ ഓഡിറ്റാണ് അഭികാമ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പദ്ധതികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സംയോജിപ്പിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടു തയ്യാറാക്കണം. ഈ വേളയില്‍ ഡി പി സി വിദഗ്ധരുടെ സഹായത്തോടുകൂടി ജില്ലയിലെ വിഭവങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്തി ഒരു പരിപ്രേക്ഷ്യപദ്ധതി തയ്യാറാക്കുന്നു. ഇവ രണ്ടും താരതമ്യപ്പെടുത്തിയാല്‍ നടപ്പിലാക്കിയ പദ്ധതികളിലെ ആവര്‍ത്തനങ്ങളും വിടവുകളും വൈരുദ്ധ്യങ്ങളും വെളിപ്പെടും. ഇവ ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾകൂടി ചേരുന്നതായിരിക്കും ജില്ലാ പദ്ധതി. 2001ല്‍ ആവിഷ്കരിച്ച രീതിസമ്പ്രദായത്തില്‍ ഒരു മാറ്റമേ വരുത്തേണ്ടതുള്ളൂ. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലത്തു ചെയ്ത ജില്ലാ പ്ലാനിലെന്നപോലെ സ്ഥലമാനങ്ങളും കൂടി ഈ രേഖയില്‍ സംയോജിപ്പിക്കും.

ജനകീയാസൂത്രണം മുതൽ കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാരുകളും തുടങ്ങിവയ്ക്കുകയും യു ഡി എഫ് അട്ടിമറിക്കുകയും ചെയ്ത ഒരു സുപ്രധാന നടപടിയായിരുന്നു പഞ്ചായത്ത്-നഗരസഭ-ഗ്രാമ വികസന ഗ്രൂപ്പുകളുടെ ഏകോപനം. ഇത് ഇപ്പോൾ യാഥാർത്ഥ്യമായി. എന്നുമാത്രമല്ല, ഏകീകൃത കേഡറും നിലവിൽവന്നു. ഇതിനോട് പൂര്‍ണ്ണമായും പൊരുത്തപ്പെടാത്ത ചില വിഭാഗങ്ങളുമുണ്ട്. അവരെ പൂര്‍ണ്ണമായും പുതിയ സംവിധാനത്തിലേയ്ക്ക് ഉൾച്ചേർക്കണം. 

ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിനർത്ഥം ഓരോ തട്ടിലുമുള്ള ഉദ്യോഗസ്ഥര്‍ അതതു തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ഉത്തരവാദിത്വപ്പെട്ട് പ്രവര്‍ത്തിക്കുകയെന്നുള്ളതാണ്. ഈ ഒരു അവബോധം സംസ്ഥാനത്തെ ഭരണസംവിധാനത്തില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്നത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ ജനകീയമായ ഒരു അഴിച്ചുപണിക്ക് വിധേയമാക്കി ഒരു പുതിയ ഭരണ സംസ്കാരത്തിന് രൂപംനല്‍കണം. അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതോടെ തങ്ങളുടെ അധികാരം കുറഞ്ഞുപോകുമെന്നാണ് പല ഉദ്യോഗസ്ഥരും ഭയപ്പെടുന്നത്. എന്നാല്‍ വാസ്തവം നേര്‍വ്വിപരീതമാണ്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ചുമതലകള്‍ പലമടങ്ങ് കൂടാനാണ് പോകുന്നത്. എന്നാല്‍ മേലുദ്യോഗസ്ഥന് മാത്രമല്ല തദ്ദേശ ഭരണ ജനപ്രതിനിധികള്‍ക്കുകൂടി ഉദ്യോഗസ്ഥരുടെ മേല്‍നോട്ട അധികാരം ഉണ്ടാകും. ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ ഒരു പുതിയ സമവാക്യം ഉണ്ടായിവരേണ്ടതുണ്ട്.

പ്രാദേശിക പദ്ധതി രൂപീകരണത്തിലും പരിശോധനയിലും നിര്‍വ്വഹണത്തിലും അതത് പ്രദേശത്ത് ലഭ്യമായ റിട്ടയര്‍ ചെയ്തവര്‍ ഉള്‍പ്പെടെയുള്ളവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തണം. പദ്ധതി രൂപീകരണച്ചട്ടത്തില്‍ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും പദ്ധതി വിലയിരുത്തൽ പ്രക്രിയയിലും അംഗീകാരത്തിലും ജില്ലാആസൂത്രണ സമിതികളെ സഹായിക്കുന്നതിനും സന്നദ്ധ-സാങ്കേതിക വിദ്ഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായുള്ള സംഘടനാസംവിധാനം ഏറെ ഗുണം ചെയ്യും. പ്രാദേശിക വികസനത്തിലും ഭരണനിര്‍വ്വഹണത്തിലും നിലനിൽക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വശൈലിയും ഏകപക്ഷീയമായ തീരുമാനങ്ങളും ഇല്ലാതാക്കാന്‍ ഇത്തരം സമിതികളിലൂടെ കഴിയും. ഇങ്ങനെയുള്ള സാങ്കേതികവിദഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കണം.

അധികാര വികേന്ദ്രീകരണം എന്നത് ഒറ്റയടിക്ക് പൂര്‍ത്തിയാകുന്ന ഒരു അട്ടിമറിയല്ല. അത് ഒരു തുടര്‍പ്രക്രിയയാണ്. പുതിയ നിയമങ്ങളും ചട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും മാത്രമല്ല ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെ തന്നെയും മനോഭാവത്തിൽ ഒരു മാറ്റം അത് ആവശ്യപ്പെടുന്നു.