ഇടതുപക്ഷ സര്‍ക്കാരുകളും അധികാര വികേന്ദ്രീകരണവും പിണറായി വിജയന്‍
പിണറായി വിജയന്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിനായി രാഷ്ട്രീയമായും ഭരണപരമായും വിവിധ തലങ്ങളിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ട്. അത്തരം ഇടപെടലുകളുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ് 1993ല്‍ പ്രാബല്യത്തില്‍ വന്ന 73 ഉം 74 ഉം ഭരണഘടനാ ഭേദഗതികള്‍. അവയ്ക്കനുസൃതമായ നിയമങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍, അവ നടപ്പിലാക്കാനായി കേരളത്തിലന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യു ഡി എഫ് സര്‍ക്കാരിന് താല്‍പ്പര്യമില്ലായിരുന്നു എന്നതാണ് വസ്തുത. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ ഡി എഫിന്റെയും പൊതുസമൂഹത്തിന്റെയാകെയും ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി 1994ല്‍ അവര്‍ ആവിഷ്കരിച്ച ഔദ്യോഗിക ബില്ലാകട്ടെ അധികാര വികേന്ദ്രീകരണത്തിന്റെ സത്തയെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു. അതിനെതിരെ സി പി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ നടത്തിയ ശക്തമായ ആശയ സമരമാണ് ബില്ലിന്റെ ഭേദഗതിയിലേക്കും അങ്ങനെ ഭേദഗതി ചെയ്യപ്പെട്ട ബില്ല് നിയമമാകുന്നതിലേക്കും നയിച്ചത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായി നിയമം നടപ്പിലാക്കി എന്നതും അതേത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തി എന്നതും അല്ലാതെ അധികാര വികേന്ദ്രീകരണത്തെ ശാക്തീകരിക്കുന്ന നടപടികളൊന്നും അന്നത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1996 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ച് അധികാരത്തില്‍ എത്തിയതോടെയാണ് അധികാര വികേന്ദ്രീകരണം എന്ന ആശയത്തെ കേരളം കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചത്. അതിന്റെ ഫലമായാണ് താഴെത്തട്ടില്‍ നിന്നു തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസൃതമായ വിധത്തില്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകമാനം നടപ്പാക്കപ്പെട്ടത്. 1996 ആഗസ്റ്റ് 17ന് ആരംഭിച്ചതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിയാസൂത്രണത്തിലും അതിന്റെ നടത്തിപ്പിലും ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ ശാക്തീകരിച്ചതും അങ്ങനെ യഥാര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം സാദ്ധ്യമാക്കിയതുമായ ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ടിലേക്ക് എത്തിനില്‍ക്കുകയാണ് നാം.
പദ്ധതിയാസൂത്രണത്തിലും നടത്തിപ്പിലും ജനങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നു എന്നും താല്പര്യം സംരക്ഷിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷം നടത്തിയിട്ടുള്ള ഇടപെടലുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് ഈ ഘട്ടത്തില്‍ ഉചിതമാവും. അധികാര വികേന്ദ്രീകരണത്തിനായി കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷ സര്‍ക്കാരുകളും ആദ്യമായി ഇടപെടുന്നത് 73 ഉം 74 ഉം ഭരണഘടനാ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലല്ല. ആ ഭേദഗതികള്‍ യാഥാര്‍ത്ഥ്യമായത് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷ സര്‍ക്കാരുകളും പലപ്പോഴായി നടത്തിയിട്ടുള്ള ഇടപെടലുകളുടെകൂടി ഫലമായാണ്. എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഉത്ഭവം
ആദ്യ കേരള മന്ത്രിസഭ പലപ്പോഴും സ്മരിക്കപ്പെടുന്നത് കാര്‍ഷികബന്ധ ബില്ല് അവതരിപ്പിച്ച് കുടിയൊഴിപ്പിക്കലുകള്‍ അവസാനിപ്പിച്ചതിനും ഭൂപരിഷ്കരണത്തിനു തുടക്കം കുറിച്ചതിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ക്കുമാണ്. എന്നാല്‍, അധികാര വികേന്ദ്രീകരണത്തെ കൂടി വളരെ പ്രാധാന്യത്തോടെ കണ്ട സര്‍ക്കാരായിരുന്നു അത്.
1958ല്‍ രൂപീകരിച്ചതും ഇ എം എസ് അദ്ധ്യക്ഷനായിരുന്നതുമായ ഭരണപരിഷ്കാര കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. താഴേക്കിടയില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയും ജില്ലാതലത്തില്‍ ജില്ലാ കൗണ്‍സിലും എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് അവയെ വിഭാവനം ചെയ്തിരുന്നത്. പൗരസംബന്ധമായ കാര്യങ്ങളിലും, വികസന പദ്ധതികളിലും, റവന്യൂ നടത്തിപ്പിലും മറ്റും പഞ്ചായത്തുകളുടെ ചുമതലകളും അവകാശങ്ങളും കൃത്യമായി അതില്‍ വ്യക്തമാക്കിയിരുന്നു. ജില്ലാ അധികാരികള്‍ കൈകാര്യം ചെയ്തിരുന്ന പല അധികാരങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കൗണ്‍സിലിനു കൈമാറുന്ന നിര്‍ദ്ദേശവും അതിലുള്‍പ്പെട്ടിരുന്നു. കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും നാഷണല്‍ എക്സ്റ്റെന്‍ഷന്‍ സര്‍വ്വീസിന്റെയും പ്രവര്‍ത്തനം വിലയിരുത്താനും അവയെ മെച്ചപ്പെടുത്താനുള്ള ഉപാധികള്‍ പങ്കുവെക്കാനുമായി കേന്ദ്രം 1957 ല്‍ നിയമിച്ച ബല്‍വന്ത് റായ് മെഹ്ത്ത സമിതിയുടെ നിര്‍ദ്ദേശങ്ങളെക്കാള്‍ സമഗ്രമായിരുന്നു അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ചടത്തോളം കേരളത്തിലെ ആദ്യ ഭരണപരിഷ്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എന്നതാണ് വസ്തുത.
അന്നത്തെ ഭരണപരിഷ്കാര കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി പഞ്ചായത്തുകളും ജില്ലാ കൗണ്‍സിലുകളും എന്നിങ്ങനെ രണ്ടു തലങ്ങളിലായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുതകുന്ന രണ്ടു ബില്ലുകള്‍ തയ്യാറാക്കിയിരുന്നു. 1958ല്‍ തന്നെ ജില്ലാ കൗണ്‍സില്‍ ബില്ല് കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും നിയമസഭയും പിരിച്ചുവിടപ്പെട്ടതിനാല്‍ ആ ബില്ലുകള്‍ നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെത്തുടര്‍ന്ന് 1960 ലും 1961 ലും നടപ്പാക്കപ്പെട്ട നിയമങ്ങളാവട്ടെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ബില്ലുകളുടെ ഉള്ളടക്കത്തില്‍ വല്ലാതെ വെള്ളം ചേര്‍ത്തവയായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്തുകള്‍ക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജില്ലാ കൗണ്‍സിലുകളാവട്ടെ സ്ഥാപിക്കപ്പെട്ടതുമില്ല.
അധികാര വികേന്ദ്രീകരണത്തില്‍
ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനകള്‍
1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വിഭാവനം ചെയ്തതുപോലെ രണ്ടു തലങ്ങളിലായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനായി കേരള പഞ്ചായത്തി രാജ് ബില്ല് അവതരിപ്പിച്ചു. ആസൂത്രണത്തിലും വികസനത്തിലുമുള്‍പ്പെടെ ഒരു ജില്ലയുടെയാകെ ഭരണനിര്‍വ്വഹണത്തിന് അധികാരം ഉള്ളവയായിരുന്നു ആ ബില്ലില്‍ വിഭാവനം ചെയ്യപ്പെട്ടിരുന്ന ജില്ലാ കൗണ്‍സിലുകള്‍. ജില്ലാ ഭരണ സംവിധാനം എന്ന വാക്കുതന്നെ ഈ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എന്നാല്‍, ആ സര്‍ക്കാരിനെ താഴെയിറക്കിയതോടെ 1967ലെ ബില്ലും ലാപ്സാവുകയാണുണ്ടായത്.
അമിതാധികാരത്തിനും അനിയന്ത്രിതമായ അധികാര കേന്ദ്രീകരണത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ ജനതാ പാര്‍ട്ടി കേന്ദ്രത്തിലധികാരത്തിലെത്തിയപ്പോള്‍ അധികാര വികേന്ദ്രീകരണം ഒരു മുഖ്യപരിഗണനാ വിഷയമായതിനു പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയാകെയും ഇടപെടലുകളുണ്ടായിരുന്നു. പഞ്ചായത്തി രാജ് സ്ഥാപനങ്ങളെക്കുറിച്ചു പഠിക്കാന്‍ ആ സര്‍ക്കാര്‍ അശോക് മെഹ്ത്ത കമ്മിറ്റിയെ 1978ല്‍ നിയോഗിച്ചതും അത്തരമിടപെടലുകളുടെ കൂടി ഫലമായാണ്. ആ കമ്മിറ്റിയുടെ ഭാഗമായിരുന്ന ഇ എം എസ് അതിന്റെ റിപ്പോര്‍ട്ടിനെഴുതിയ വിയോജനക്കുറിപ്പാണ് പിന്നീടിങ്ങോട്ട് കേരളത്തില്‍ അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കാനായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശ നല്‍കിയത്. ഈയൊരു പശ്ചാത്തലത്തിലാണ് കേരള ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷന്‍ ആക്റ്റ് പാസ്സാക്കപ്പെട്ടത്.
പ്രാബല്യത്തില്‍ വന്നിട്ടും ഒരു ദശാബ്ദക്കാലത്തോളം ആ നിയമം നടപ്പാക്കപ്പെടുകയുണ്ടായില്ല. അത്തരമൊരു സാഹചര്യത്തില്‍ ആ നിയമം പഠിക്കാനും അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും 1987ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാണ് ഒരു കമ്മീഷനെ നിയമിച്ചത്. അതിന്‍പ്രകാരം ആ നിയമത്തിനു വേണ്ട അവശ്യ മാറ്റങ്ങള്‍ വരുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കൗണ്‍സിലുകളിലേക്ക് 1991ല്‍ തിരഞ്ഞെടുപ്പു നടത്തിയതും നായനാര്‍ നേതൃത്വം നല്‍കിയ ആ സര്‍ക്കാരായിരുന്നു. അന്നത്തെ ജില്ലാ കൗണ്‍സില്‍ എന്നത് ജില്ലയാകെ ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനമായിരുന്നു. കളക്ടര്‍ ആയിരുന്നു അതിന്റെ സെക്രട്ടറി. അധികാര വികേന്ദ്രീരണത്തിനായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും അവയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശേഷി വികസിപ്പിക്കാനുമായി നിലകൊള്ളുന്ന കില സ്ഥാപിതമായതും അതേ സര്‍ക്കാരിന്റെ കാലത്ത്, 1990 ലായിരുന്നു. എന്നാല്‍ പിന്നീട് നഗരസഭകളെ ജില്ലാപഞ്ചായത്തിന്റെ പരിധിയില്‍ നിന്ന് വേര്‍പെടുത്തി. അതിന്റെ ഫലമായി ഇപ്പോള്‍ ജില്ലാപഞ്ചായത്തില്‍ നഗരസഭകള്‍ ഒഴികെയുള്ള പ്രദേശങ്ങളുടെ പ്രാതിനിധ്യവുമായി നിലനില്‍ക്കുന്ന സ്ഥിതിയുണ്ടായി.
ജനകീയാസൂത്രണം
ഇങ്ങനെ നാലു ദശാബ്ദക്കാലത്തോളമായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് 1996ല്‍ ജനകീയാസൂത്രണമെന്നൊരു ബൃഹദ് ക്യാമ്പയിന്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. അതിന്റെ ഭാഗമായി സുപ്രധാനമായൊരു തീരുമാനം ആ സര്‍ക്കാര്‍ കൈക്കൊണ്ടു, സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം വരെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ തയ്യാറാക്കപ്പെടുന്ന തദ്ദേശ പദ്ധതികള്‍ക്കായി നീക്കിവെക്കും എന്ന്. അങ്ങനെ സാമ്പത്തിക വിഭവങ്ങള്‍ക്കു മേലുള്ള അധികാരവും അവകാശവും വരെ വികേന്ദ്രീകരിക്കുന്ന സമീപനമാണ് അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത്.
ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു സാമൂഹ്യ മേഖലകളിലുയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ സാമ്പത്തിക രംഗത്ത് പിന്നാക്കാവസ്ഥയിലാണ് എന്ന പ്രശ്നം പരിഹരിക്കുക എന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ തദ്ദേശീയമായി സൃഷ്ടിച്ചുകൊണ്ട് തൊഴിലില്ലായ്മ കുറയ്ക്കാനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആദിവാസികളെയും ദളിതരെയും മത്സ്യത്തൊഴിലാളികളെയും വികസന പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, പാര്‍പ്പിടമില്ലായ്മ എന്നിങ്ങനെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനും ജനകീയാസൂത്രണം ലക്ഷ്യമിട്ടു. വികസന പ്രക്രിയയെയാകെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമായുണ്ടായി.
ഗ്രാമസഭകള്‍, വികസന സെമിനാറുകള്‍, ടാസ്ക് ഫോഴ്സുകള്‍, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പദ്ധതികള്‍, ജില്ലാ ആസൂത്രണ സമിതികള്‍ എന്നിങ്ങനെ ആറ് ഘട്ടങ്ങളായാണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കിയത്. അങ്ങനെ എല്ലാ തലങ്ങളിലും വലിയ തോതില്‍ പൊതുജനപങ്കാളിത്തമുറപ്പിച്ചുകൊണ്ട് തീര്‍ത്തും ജനകീയമായ രീതിയില്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കിയ ജനകീയാസൂത്രണ പ്രക്രിയയിലൂടെ അധികാരം വലിയൊരളവില്‍ വികേന്ദ്രീകരിക്കുന്ന മുന്നേറ്റമാണ് യഥാര്‍ത്ഥത്തില്‍ ആ ഘട്ടത്തില്‍ കേരളത്തിലുണ്ടായത്. 2001ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തിനെ 'കേരളാ ഡെവലപ്മെന്റ് പ്ലാന്‍' കൊണ്ട് പകരം വെച്ചതിലൂടെ പദ്ധതിയാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഇല്ലാതെയാക്കുകയാണ് ചെയ്തത്. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാകട്ടെ ജനകീയാസൂത്രണത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
കുടുംബശ്രീ
ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്ന ഘട്ടത്തിലാണ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികള്‍ രൂപീകരിച്ച് ആലപ്പുഴയിലും മലപ്പുറത്തും ദരിദ്ര സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാമെന്ന ആശയം ഉയര്‍ന്നു വന്നത്. അങ്ങനെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998 ല്‍ കുടുംബശ്രീ എന്നൊരു പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ആരംഭം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പ്ലാനിന്റെ 10 ശതമാനം സ്തീകള്‍ക്കുള്ള പ്രത്യേക ഘടകത്തിനായി നീക്കിവെക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം സ്ത്രീശാക്തീകരണം കൂടി സാദ്ധ്യമാക്കുന്ന പുതിയൊരു മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അന്ന് രാജ്യത്തിനുമുമ്പാകെ അവതരിപ്പിച്ചത്.
22 വര്‍ഷമായുള്ള കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് അയല്‍ക്കൂട്ടങ്ങളിലൂടെയും കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിലൂടെയും ഉള്ളവ അധികാരത്തെ കൂടുതല്‍ വികേന്ദ്രീകരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പ്ലാനുകളില്‍ അതാത് പ്രദേശത്തെ പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും താല്‍പ്പര്യങ്ങള്‍ കൃത്യമായി പ്രതിഫലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനും സഹായിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്‍പ്പെടെ സ്ത്രീകളുടെ നേതൃത്വപരമായ സംഭാവനകള്‍ ലഭ്യമാക്കുന്നതിലും കുടുംബശ്രീ വലിയ മുതല്‍ക്കൂട്ടാവുകയാണ് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമൊക്കെ കുടുംബശ്രീയുടെ പകര്‍പ്പുകള്‍ ആവിഷ്കരിക്കാന്‍ ആ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പ്രേരിപ്പിച്ചതു തന്നെ അധികാര വികേന്ദ്രീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വഴിവെച്ച ഇതിന്റെ വലിയ പരിവര്‍ത്തനശക്തിയാണ്.
ഈ സര്‍ക്കാരിന്റെ ഇടപെടലുകള്‍
ഇത്തരത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതലിങ്ങോട്ട് കാലാകാലങ്ങളായി അധികാര വികേന്ദ്രീകരണത്തിനായി ഇടതുപക്ഷ സര്‍ക്കാരുകളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്തിയിട്ടുള്ള ഇടപെടലുകളെ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇപ്പോള്‍ അധികാരത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റേതായ തനത് വികസന പ്രശ്നങ്ങള്‍ പ്രത്യേകമായി പരിഹരിക്കാനുതകുന്ന വിധത്തിലാവിഷ്കരിച്ച 4 മിഷനുകളുടെ നടത്തിപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സവിശേഷ അധികാരങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കാലത്തിനനുയോജ്യമായ വിധത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയെ ശാക്തീകരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
ഹരിതകേരളം മിഷന്റെ ഭാഗമായി ജലാശയങ്ങള്‍ വീണ്ടെടുത്ത് നവീകരിച്ചതും കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്തതും തരിശുനിലം കാര്‍ഷികയോഗ്യമാക്കിയതും അവിടങ്ങളില്‍ കൃഷിയിറക്കിയതും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്. ഓരോ പ്രദേശങ്ങളിലും ഏതൊക്കെ പ്രവൃത്തികള്‍ എവിടെയൊക്കെ നടത്തണമെന്നു തീരുമാനിച്ചത് അതാത് ഇടങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ്. ലൈഫ് മിഷന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതും പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഓരോ വീടിനായി അനുവദിച്ച തുകയുടെ ഒരു വിഹിതം വഹിച്ചതും അവയാണ്. സമാനമായ രീതിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ആര്‍ദ്രം മിഷന്റെയും ഭാഗമായ പ്രവൃത്തികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്. അങ്ങനെ നാടിന്റെ പൊതുവികസനത്തിന് അനുഗുണമായ ഇടപെടലുകളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നിങ്ങനെ അഞ്ചു വ്യത്യസ്ത വകുപ്പുകളിലായിട്ടാണ് തദ്ദേശ ഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്. അങ്ങനെ പരന്നു കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമവും ഏകോപിതവും ആക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ തമ്മിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ച പ്രവര്‍ത്തനം സാദ്ധ്യമാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രമായി ഒരു ഏകീകൃത ഉദ്യോഗസ്ഥ സംവിധാനവും ഇതോടെ രൂപപ്പെടുകയാണ്. ഏകീകൃത വകുപ്പിന്റെ രൂപീകരണത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ വ്യത്യസ്തമായി പ്രവര്‍ത്തിച്ചിരുന്ന വിവിധ വകുപ്പുകളുടെ ഏകോപിത ശേഷി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൂര്‍ണ്ണതോതില്‍ ലഭ്യമാവുകയാണ്. ദുരന്ത, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റ് അത്യാവശ്യഘട്ടങ്ങളിലും സാങ്കേതികവും അല്ലാത്തതുമായ ഉദ്യോഗസ്ഥരെ ഓരോ ജില്ലയ്ക്കകത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം പ്രയോജനപ്പെടുത്താന്‍ ഇതോടുകൂടി കഴിയും. ഏകീകൃത വകുപ്പിനായി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രമങ്ങളെ പരിസമാപ്തിയിലേക്ക് എത്തിച്ചതിലൂടെ താഴേക്കിടയിലേക്ക് കൂടുതല്‍ അധികാരങ്ങല്‍ എത്തിക്കുകയും അങ്ങനെ അധികാര വികേന്ദ്രീകരണ പ്രക്രിയയെ കുറേക്കൂടി മെച്ചപ്പെടുത്തുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
മുനിസിപ്പല്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി
കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ബില്‍ പാസ്സാക്കിയതിലൂടെ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിവര്‍ത്തനപ്പെടുത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. മുനിസിപ്പല്‍ ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരായി മാറിയതോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള എല്ലാ ജീവനക്കാര്‍ക്കും ഏകീകൃത സ്വഭാവം കൈവന്നു. ഇങ്ങനെയൊരു നിയമഭേദഗതിയിലൂടെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
പ്ലാന്‍ ഫണ്ട്
അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഫലപ്രാപ്തി പൂര്‍ണ്ണതോതിലെത്താതിരിക്കാനൊരു കാരണമായി നിലനിന്നിരുന്ന ഘടകം വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകരിച്ചു വരുമ്പോഴേക്കും അതിന്റെ നടത്തിപ്പിനായി ഒരു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം മാത്രമേ ലഭിച്ചിരുന്നുള്ളു എന്നതാണ്. അതിനു പരിഹാരമെന്നോണം ഏപ്രില്‍ മാസത്തില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കാനും അങ്ങനെ വാര്‍ഷിക പദ്ധതിയുടെ നടത്തിപ്പിന് 11 മാസം ലഭ്യമാക്കാനുമുള്ള ഇടപെടല്‍ നടത്തിയതിലൂടെ അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഫലപ്രാപ്തി പൂര്‍ണ്ണതോതില്‍ തന്നെ ഉറപ്പു വരുത്താന്‍ ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ഇതിന്റെ ഫലം വ്യക്തമാകുന്നത് തദ്ദേശ പ്ലാന്‍ ഫണ്ടുകളുടെ വിനിയോഗം പരിശോധിക്കുമ്പോഴാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2014-15ല്‍ 68.21 ശതമാനവും 2015-16ല്‍ 73.61 ശതമാനവുമായിരുന്നു തദ്ദേശ പ്ലാന്‍ ഫണ്ട് വിനിയോഗമെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 2017-18ല്‍ അത് 90.09 ശതമാനവും 2018-19ല്‍ അത് 92.98 ശതമാനവുമായി ഉയര്‍ന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കേരളത്തിലെ തദ്ദേശ പ്ലാന്‍ ഫണ്ട് വിനിയോഗത്തെ ഉയര്‍ത്താന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു എന്നത് അധികാര വികേന്ദ്രീകരണ പ്രക്രിയയെ എത്രത്തോളം ഗൗരവത്തോടെ ഇടതുപക്ഷം കാണുന്നു എന്നതിന്റെ തെളിവാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ആസൂത്രണ പ്രക്രിയയില്‍ ഏറ്റവും താഴേത്തട്ടിലുള്ള ആളുകളുടെ വരെ വികസന സ്വപ്നങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണ് ലക്ഷ്യമിട്ടതെങ്കില്‍, അത്തരത്തില്‍ തയ്യാറാക്കപ്പെട്ട വാര്‍ഷിക പദ്ധതികളുടെ 90 ശതമാനത്തിലധികം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നു പറയുമ്പോള്‍ ജനങ്ങള്‍ തന്നെ മുന്നോട്ടുവെച്ച വികസന പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കി എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് യഥാര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ വലിയ വിജയമാണ്.
അതേസമയം, പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രൊജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട് ഈ സര്‍ക്കാര്‍. 2018 ല്‍ പ്രളയം സാരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധിക വിഹിതം നല്‍കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയതായിരുന്നു പ്രത്യേക ജീവനോപാധി പദ്ധതി. പ്രൊജക്ടുകളുടെ അംഗീകാര നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാതിരുന്നതിനാലും മാര്‍ച്ച് പകുതിയോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സര്‍ക്കാര്‍ അനുവദിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്പില്‍ ഓവര്‍ പ്രൊജക്ടുകളായി ബജറ്റ് വിഹിതത്തിനു പുറമേ ഈ തുക വിനിയോഗിക്കാന്‍ അനുവാദം നല്‍കിയത്.
ദുരന്തനിവാരണം
2017ന്റെ അവസാന ദിവസങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ്, 2018ല്‍ വടക്കന്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധ, ആ വര്‍ഷത്തെ മഹാപ്രളയം, 2019 കാലവര്‍ഷക്കെടുതിയും ഉരുള്‍പ്പൊട്ടലും, 2020ന്റെ തുടക്കം മുതല്‍ നാം പൊരുതിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി, ഇക്കൊല്ലം ഇടുക്കിയിലും വയനാട്ടിലുമുണ്ടായ ഉരുള്‍പ്പൊട്ടലുകള്‍ എന്നിങ്ങനെ ദുരന്തങ്ങളുടെ ഒരു നീണ്ട നിര തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇത്തരം ദുരന്ത ഘട്ടങ്ങളിലെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയത് നേതൃത്വപരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, താല്‍ക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം തുടങ്ങിയവയിലെല്ലാം ജനങ്ങളെയാകെ സംഘടിപ്പിച്ച് ജനജീവിതം സാധാരണ ഗതിയില്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത മുന്‍കൈയെ ഫലപ്രദമാക്കും വിധത്തില്‍ മുഖ്യ പങ്ക് വഹിച്ചു പ്രവര്‍ത്തിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പൊതുവായ സഹായമെത്തിച്ചും ദുരന്തബാധിതമല്ലാത്ത ഇടങ്ങളില്‍നിന്ന് പ്രത്യേകമായി സഹായമെത്തിച്ചും ദുരന്തങ്ങളെ അതിജീവിക്കുന്നതിന് പരസ്പര സഹായത്തിലൂന്നിയ അധികാര വികേന്ദ്രീകൃത മാതൃക നാം അവതരിപ്പിച്ചു.
സന്നദ്ധ സേന
ദുരന്തങ്ങളെ അതിജീവിക്കുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അതേസമയം ജനങ്ങളുമായി ദുരന്ത മദ്ധ്യത്തില്‍ പോലും ഇടപഴകേണ്ടി വരുന്നതും ദൈനംദിന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണേണ്ടി വരുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ അവയെയും പ്രാദേശിക സമൂഹങ്ങളെയും ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള വിധം വളര്‍ത്തിയെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രകൃതിദുരന്തങ്ങളില്‍ സഹായമെത്തിക്കുക എന്നതിനു് ഉപരിയായി, ഏതൊരു പ്രാദേശിക പ്രതിസന്ധിയിലും സഹായത്തിനുതകുന്ന ഒരു സാമൂഹിക സംവിധാനം രൂപപ്പെടുത്തുക എന്നതും പ്രധാനമാണ്.
ഈ ലക്ഷ്യത്തോടെയാണ്, സംസ്ഥാനത്ത് 3,40,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചിരിക്കുന്നത്. അതായത്, സംസ്ഥാനത്തെ ഓരോ നൂറു പേര്‍ക്കും ഒരാളെന്ന നിലയ്ക്ക് സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കിയിരിക്കുകയാണ് നാം. ഇവര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള അടിസ്ഥാന പരിശീലനങ്ങള്‍ ലഭ്യമാക്കുകയും അവരുടെ സേവനം ഏതുസമയത്തും എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന സംവിധാനമൊരുക്കുകയും ചെയ്യുകയാണ്. ഇതിനുതകുന്ന സാങ്കേതികമായ സഹായങ്ങളും മറ്റും ലഭ്യമാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്. അങ്ങനെയാണ് ഫയര്‍ഫോഴ്സ് പോലുള്ള വിഭാഗങ്ങളുടെ സഹായം സന്നദ്ധ സേനയ്ക്ക് ലഭ്യമാക്കിയത്. ഓരോ പ്രദേശത്തെയും സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും സജീവവും ക്രിയാത്മകവുമായ നേതൃത്വമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തിയത്.
കോവിഡ് പ്രതിരോധവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും
4 വര്‍ഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും അങ്ങനെ അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയും ചെയ്ത അനുഭവത്തിന്റെഅടിസ്ഥാനത്തിലാണ് ഇപ്പോള്‍ നാം അകപ്പെട്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്ര സ്ഥാനത്ത് കേരളം പ്രതിഷ്ഠിച്ചത്. ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ സാമൂഹിക അടുക്കളകളിലൂടെ വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പ്രവര്‍ത്തനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന്റെ ഗുണം പാവപ്പെട്ട കേരളീയര്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലെത്തി പണിയെടുക്കുന്ന അതിഥി തൊഴിലാളികളും അനുഭവിച്ചു.
അതിന്റെ അടുത്ത ഘട്ടത്തില്‍ വിദേശത്തു നിന്നും മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതിലും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കിയെത്തിക്കുന്നതിലും, അവര്‍ക്ക് അടിയന്തര ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലും, വാര്‍ഡ് തല സമിതികളിലൂടെ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടോ എന്നു പരിശോധിക്കുന്നതിലും, വീടുകളില്‍ ക്വാറന്റൈനിലുള്ളവര്‍ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിലും ഒക്കെ നേതൃത്വപരമായ പങ്കാണ് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത്. ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എല്ലാ പ്രദേശങ്ങളിലും സജ്ജമാക്കുന്നതും അതാതിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
ലോകമാകെ പടര്‍ന്നുക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ അധികാര വികേന്ദ്രീകരണത്തിലൂടെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളം കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോകത്തിനുമുമ്പാകെ അവതരിപ്പിക്കുന്നത്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തനത് ഫണ്ടില്‍ നിന്നു വിനിയോഗം നടത്താന്‍ അനുമതി നല്‍കിയും സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമൊക്കെ ആവശ്യമായ ഫണ്ട് അനുവദിച്ചും FLTCകളിലേക്കാവശ്യമായ അധിക ജീവനക്കാരെ നിയമിച്ചുമൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുകളിലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.
ദേശീയ രാഷ്ട്രീയവും അധികാര വികേന്ദ്രീകരണവും
ജനസംഘത്തിന്റെ കാലം മുതല്‍ക്കേ അധികാര കേന്ദ്രീകരണമാണ് തങ്ങളുടെ നയമെന്ന വ്യക്തമാക്കിയിട്ടുണ്ട് ആര്‍ എസ് എസും അവരുടെ ഭാഗമായ സംഘ പരിവാറും. ഫെഡറല്‍ ഘടനക്കു പകരം യൂണിറ്ററി സ്റ്റേറ്റിനായി വാദിച്ചതും, പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിനായി നിലകൊണ്ടതുമൊക്കെ ആ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ആര്‍ എസ് എസിനാല്‍ നയിക്കപ്പെടുന്ന ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അമിതാധികാരത്തിന്റെയും അനിയന്ത്രിതമായ അധികാര കേന്ദ്രീകരണത്തിന്റെയും ഈറ്റില്ലമായി മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും പോലും തങ്ങളുടെ വരുതിയില്‍ വരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിനു പിന്നിലുള്ളവര്‍ നടത്തുന്നത്.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ കൈകടത്തുന്നതും, സംസ്ഥാനങ്ങളോട് ആലോചിക്കാതെ അവരെ ബാധിക്കുന്ന വിഷയങ്ങളില്‍ കരാറുകളിലേര്‍പ്പെടുന്നതും നിയമനിര്‍മ്മാണം നടത്തുന്നതും, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി തന്നെ അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം ലഭ്യമാക്കാത്തതും, സംസ്ഥാനങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ക്രമസമാധാന വിഷയങ്ങളില്‍ വരെ കേന്ദ്രത്തിനിടപെടാമെന്ന നില വരുന്നതും, നീതി ആയോഗ് നേരിട്ട് ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുന്ന സാഹചര്യമുണ്ടാവുന്നതും എല്ലാം ഇത്തരത്തില്‍ അധികാര കേന്ദ്രീകരണത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ഒരു നികുതി, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു വിദ്യാഭ്യാസ സമ്പ്രദായം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുയര്‍ത്തുന്നതും ഈ അജണ്ടയുടെ ഭാഗമായാണ്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കിയതു വരെ വികസന പ്രവര്‍ത്തനങ്ങളാവിഷ്കരിക്കു ന്നതില്‍ കേന്ദ്രീകൃത സ്വഭാവമുണ്ടാവണമെന്ന് കേന്ദ്ര അധികാരികള്‍ കരുതുന്നതു കൊണ്ടാണ്. വികസനത്തിന്റെ വിവിധ തലങ്ങളിലെത്തി നില്‍ക്കുന്ന സംസ്ഥാനങ്ങളിലാകെ ഒരേ തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നു ശഠിക്കുന്നതും ഈയൊരു കാഴ്ചപ്പാടിന്റെ ഫലമായാണ്. കേന്ദ്ര തലത്തില്‍ നടക്കുന്ന ഈ അധികാര കേന്ദ്രീകരണത്തിന്റേതായ ശ്രമങ്ങളെ ചെറുക്കാതെ താഴേക്കിടയില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ഇടപെടലുകളെ ശക്തിപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അധികാര വികേന്ദ്രീകരണത്തിനായുള്ള ശ്രമങ്ങള്‍ അമിതാധികാര പ്രവണതകള്‍ക്കെതിരായുള്ള പോരാട്ടങ്ങളായി കൂടി തീരേണ്ട കാലഘട്ടമാണ് നമുക്കു മുന്നിലുള്ളത്.
ശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങള്‍ എന്നിവയോടൊപ്പം പ്രാദേശിക സര്‍ക്കാരുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളരണമെന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനുമുള്ളത്. സംസ്ഥാന സര്‍ക്കാരുകളിലൂടെ അധികാര വികേന്ദ്രീകരണം സാദ്ധ്യമാക്കി എന്നു മാത്രമല്ല, കേന്ദ്രാധികാരത്തില്‍ സ്വാധീനമുണ്ടായിരുന്ന ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷം അതിനായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ജനതാ സര്‍ക്കാരിന്റെ കാലത്ത് അതിനായി നടത്തിയ ഇടപെടലിനു പുറമെ, ഒന്നാം യു പി എയില്‍ ഒരു പൊതു മിനിമം പരിപാടി ആവിഷ്കരിച്ച് അതിലൂടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതും അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഫണ്ട് അനുവദിപ്പിച്ചതും ഇടതുപക്ഷമാണ്. അങ്ങനെ താഴേക്കിടയിലുള്ള ചെറുകിട വികസന പ്രവര്‍ത്തനങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തീരുമാനിക്കാനും അതിന്റെ നടത്തിപ്പിനായി അതാതിടങ്ങളിലെ തന്നെ മാനവ വിഭവശേഷി ഉപയോഗിക്കാനും അവയ്ക്കുവേണ്ട സാമ്പത്തിക വിഭവം കേന്ദ്രവും സംസ്ഥാനങ്ങളും കൂടി ലഭ്യമാക്കാനും കഴിയുന്ന സാഹചര്യമാണ് ഇടതുപക്ഷം സൃഷ്ടിച്ചത്.
ഇത്തരത്തില്‍ ഇന്നത്തെ സാഹചര്യത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തമാക്കുകയെന്ന കര്‍ത്തവ്യമാണ് തുടര്‍ന്നുള്ള നാളുകളിലും നിറവേറ്റാനുള്ളത്. സംസ്ഥാന തലത്തില്‍ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതായ പ്രാദേശിക തലങ്ങളിലും അതിനായുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കപ്പെടേണ്ടതുണ്ട്.