വികേന്ദ്രീകൃത ആസൂത്രണവും അതിനപ്പുറവും

എ സി മൊയ്തീൻ

സി പി ഐഎം അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക ആസൂത്രണത്തിനും ഇത്രമേൽ പ്രാധാന്യം നൽകുന്നത് എന്തിനെന്ന ചോദ്യത്തിന് ഇ എംഎസ് നമ്പൂതിരിപ്പാട് ഇങ്ങനെ മറുപടി പറഞ്ഞു: 
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന ജനകീയാസൂത്രണം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന മിഥ്യാധാരണ പാർട്ടിക്കില്ല. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക ക്രമം മാറ്റി ഒരു ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യം പാർട്ടി മുന്നോട്ടു വയ്ക്കുന്നത് അതുകൊണ്ടാണ്. പ്രാദേശിക, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണം പോലെയുള്ള പരിപാടികളും ഈ ലക്ഷ്യം നേടുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ ഫലപ്രദമായ ഉപകരണങ്ങൾ ആണ്. ഇത്തരം പരിപാടികൾ വഴി താൽക്കാലിക നേട്ടങ്ങൾ സാദ്ധ്യമാണ്. ഈ നേട്ടങ്ങളെ ഒരുമിച്ചുചേർത്ത് ജനകീയ ജനാധിപത്യത്തിനു വേണ്ടിയുള്ള സമരം ശക്തിപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത് . (ചിന്ത വാരിക, 8, നവംബര്‍ 1996).
ജനങ്ങൾക്ക് പങ്കാളിത്തമുള്ള പ്രാദേശിക ആസൂത്രണത്തിന്റെ പ്രാധാന്യം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും, പിന്നീട് സി പി ഐ (എം) ഉം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചു. ജനകീയാസൂത്രണമെന്ന ആശയം രൂപപ്പെട്ടത് അതിന്റെ തുടർച്ചയിലാണ്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവര്‍ അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളിൽ ആശ്വാസം പകരാനും, അതോടൊപ്പം ചൂഷക, മർദ്ദക വര്‍ഗ്ഗങ്ങൾക്കെതിരായ സമരപ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനും അധികാര വികേന്ദ്രീകരണവും പ്രാദേശിക ആസൂത്രണത്തിലെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തവും സഹായകരമാകും എന്നുള്ളതാണ് പാർട്ടിയുടെ നിലപാട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ, സംസ്ഥാന സർക്കാരുകളോട് സി പി ഐ (എം) നുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന് അത് താഴെത്തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതികൾക്ക് അധികാരം വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്നു എന്നുള്ളതാണ്. 

1957 ല്‍ അധികാരത്തിൽവന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലം മുതൽ ഇന്ത്യാരാജ്യത്തെ ദേശീയ, സംസ്ഥാന സർക്കാരുകളുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും സമീപനവും കേരളത്തിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചു. അതിന്റെ ഫലമാണ് 1996 ൽ തുടക്കം കുറിച്ച ജനകീയാസൂത്രണ പ്രസ്ഥാനം. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം കുറയ്ക്കാനും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ സുതാര്യമായ രീതിയിൽ പരിഹാരം കാണാനും വികേന്ദ്രീകൃത ആസൂത്രണം സഹായകരമാകുമെന്ന് സി പി ഐ(എം) ഉം ഇടതുപക്ഷ പാർട്ടികളും കണ്ടു. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തെ കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അനുഭവങ്ങൾ സി പി ഐ(എം) ന്റെ ഈ രാഷ്ട്രീയ സൈദ്ധാന്തിക നിഗമനം എത്ര മാത്രം ശരിയാണ് എന്നുള്ളതിന് അടിവരയിടുന്നു. 

അന്ന് നോക്കുകുത്തികൾ ഇന്ന് പ്രാദേശിക ഗവൺമെന്റുകൾ 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പ്രചോദിപ്പിച്ച ആശയങ്ങളിൽ ഒന്നായിരുന്നു ഗ്രാമസ്വരാജ്. ദേശീയ വിമോചനം മാത്രമല്ല അധികാര വികേന്ദ്രീകരണവും സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു എന്നർത്ഥം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള മുറവിളി ശക്തമായി. പഞ്ചായത്ത്, നഗര ഭരണം സംസ്ഥാനങ്ങൾക്കു നിയമനിർമ്മാണം നടത്താൻ കഴിയുന്ന വിഷയങ്ങളായി ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങളിൽ എഴുതി ചേർക്കുകയും ഏഴാം പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളിൽ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ നിലവിൽ വന്നു. അധികാരങ്ങളില്ലാത്ത പഞ്ചായത്തുകളും നോക്കുകുത്തികളായ ഭരണസമിതികളും നിലവിൽ വന്നു. 

ബ്രിട്ടീഷ് ഭരണകാലത്ത് നഗരശുചീകരണത്തിനുള്ള സംവിധാനം എന്ന നിലയിൽ നിലവിൽ വന്ന നഗരഭരണ സ്ഥാപനങ്ങൾ ജനാധിപത്യ സമൂഹത്തിന്റെ ആശയാഭിലാഷങ്ങൾക്കൊത്ത് വികസിപ്പിച്ച് കൊണ്ടു വരുന്നതിലും വേണ്ടത്ര ശ്രദ്ധയുണ്ടായില്ല. കൃത്യമായ വ്യവസ്ഥകളില്ലാതെ, സംസ്ഥാന സർക്കാരുകൾക്ക് തോന്നിയ പടി തിരഞ്ഞെടുപ്പുകൾ നടത്തി. പലയിടത്തും തിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ റിപ്പോർട്ട് 1958ൽ കേന്ദ്ര സർക്കാരിന്റെ കയ്യിൽ എത്തിയിട്ടും അതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ശക്തമായ നിയമനിർമ്മാണങ്ങൾ നടത്താൻ സർക്കാർ കൂട്ടാക്കിയില്ല. വിവിധ സംസ്ഥാനങ്ങളിൽ അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ കാര്യമായ യാതൊരു അധികാരവും ഇല്ലാത്ത നോക്കുകുത്തികൾ ആയിരുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 1950ലെ തിരുവിതാംകൂർ-കൊച്ചി പഞ്ചായത്ത് ആക്ട്, മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ട്, 1960 ലെ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങൾ എന്നിവ കേരളത്തിലെ പഞ്ചായത്ത്, നഗരഭരണ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും, അവയുടെ അധികാരങ്ങൾ നാമമാത്രമായിരുന്നു. വിശദവും ശക്തവുമായ ഒരു ഭരണഘടനാ ഭേദഗതിയുടെ അഭാവത്തിൽ അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള സംസ്ഥാനങ്ങളുടെ നിയമനിർമ്മാണം ഫലപ്രദമാകാൻ നിർവ്വാഹം ഇല്ലായിരുന്നു. അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ജനകീയ സമ്മർദ്ദം 1990 കളുടെ തുടക്കം വരെ തടഞ്ഞുനിർത്താൻ ഇന്ത്യയിലെ ഭരണവര്‍ഗ്ഗങ്ങൾക്കായി. 1993ലെ പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങൾ രാജ്യത്ത് സമഗ്രമായ അധികാര വികേന്ദ്രീകരണത്തിന്റെ ഒരു പുതുയുഗത്തിന് നാന്ദി കുറിച്ചു. ഭരണഘടനാ ഭേദഗതി നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനങ്ങൾ നിയമ നിർമ്മാണങ്ങൾ നടത്തി. 

1994 ലെ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ വികേന്ദ്രീകൃതാസൂത്രണത്തിനു വേണ്ടിയുള്ള ജനകീയ സമ്മർദ്ദം തൃപ്തിപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. 1995ൽ കൊണ്ടുവന്ന ഭേദഗതികളിലും സമഗ്ര മാറ്റത്തിനു വേണ്ടിയുള്ള കാഴ്ചപ്പാടില്ലെന്ന വിമർശനം ഉയർന്നു. ഭരണഘടനാ ഭേദഗതിക്കു മുമ്പ് 1987-91 ലെ ഇ കെ നായനാർ സർക്കാർ കൊണ്ടുവന്ന ജില്ലാ കൗൺസിൽ നിയമത്തേക്കാൾ പതിന്മടങ്ങ് ഭേദപ്പെട്ട നിയമങ്ങൾക്ക്, ഭേദഗതി നിയമങ്ങളുടെ പശ്ചാത്തലത്തിൽ, സാദ്ധ്യതയുണ്ടായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. 1996 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന വികസന മുൻഗണനകളിൽ ഒന്നായിരുന്നു ജനകീയ അധികാര വികേന്ദ്രീകരണം. സംസ്ഥാന വികസന ബജറ്റിന്റെ മൂന്നിൽ ഒരു ഭാഗം സമ്പൂര്‍ണ്ണ ആസൂത്രണാധികാരത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനം ജനകീയാസൂത്രണത്തിന് തുടക്കമിട്ടു. സെൻ കമ്മിറ്റിയുടെയും സംസ്ഥാന ധനകാര്യകമ്മീഷന്റെ ശുപാർശകളുടെയും അടിസ്ഥാനത്തിൽ 1999ലും തുടർന്ന് 2000 ലും പാസാക്കിയ ഭേദഗതി നിയമങ്ങൾ ജനങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തമുള്ള പ്രാദേശിക ആസൂത്രണത്തിന് നിയമപരമായ ചട്ടക്കൂടൊരുക്കി. 
വികസന പദ്ധതികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഉദ്യോഗസ്ഥ ദുഷ്പ്രഭു വാഴ്ച ഇല്ലാതാക്കി ജനകീയ മേൽനോട്ടം ഉറപ്പുവരുത്തിയ ഒമ്പതാം പഞ്ചവൽസര പദ്ധതി കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ ജനകീയ പദ്ധതിയായി. വികസനകാര്യങ്ങളിൽ താൽപ്പര്യമുള്ള മുഴുവൻ ജനങ്ങളുടേയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കിയ സർവ്വതലസ്പർശിയായ ഒരു ജനകീയ കാമ്പെയിനിലൂടെയാണ് ജനകീയാസൂത്രണം യാഥാർത്ഥ്യമാക്കിയത്. 

കാൽനൂറ്റാണ്ടിന്റെ തികവ് 

കാൽ നൂറ്റാണ്ടു കാലത്തെ നേട്ടങ്ങളുടെ നിറവിൽ, രാജ്യം മുഴുവൻ പകർത്താനാഗ്രഹിക്കുന്ന ഒരു വികസന പന്ഥാവായി ജനകീയാസൂത്രണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പൊതു ചിത്രത്തിൽ നിന്ന് വേറിട്ടതാണ് അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക. ആസൂത്രണത്തിനും പദ്ധതി നിർവ്വഹണത്തിനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലെ ഓരോ തലത്തിലും നിർവ്വഹിക്കേണ്ട ചുമതലകൾ കേരളത്തിലേതു പോലെ വിശദമായി മറ്റൊരു സംസ്ഥാനവും നിർവ്വചിച്ചിട്ടില്ല. ജാതി-ജന്മി-നാടുവാഴിത്തത്തിന്റേയും നാട്ടു പ്രമാണി വര്‍ഗ്ഗത്തിന്റേയും സമ്മർദ്ദങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവിടങ്ങളിലെ സംസ്ഥാന സർക്കാരുകൾക്കില്ല. നവോത്ഥാനത്തിന്റെയും ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലാണ് കേരളത്തിൽ ജനകീയാസൂത്രണവും സാദ്ധ്യമായത്. നാഴികക്കല്ലുകളിൽ നിന്ന് നാഴികക്കല്ലുകൾ താണ്ടി മികവിന്റെയും ജനക്ഷേമത്തിന്റെയും സാമൂഹികമായ കരുതലിന്റെയും പുതിയ ഔന്നത്യങ്ങളിലേക്ക് കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണം ചുവടുവയ്ക്കുകയാണ്. 
നമ്മുടെ സംസ്ഥാനത്തും നിരവധി എതിർപ്പുകൾ നേരിട്ടാണ് ജനകീയാസൂത്രണം മുന്നോട്ടു പോവുന്നത്. ജനകീയാധികാരത്തെ ഭയക്കുന്ന ദുഷ്പ്രഭു വര്‍ഗ്ഗങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് പല ഘട്ടങ്ങളിലും രാഷ്ട്രീയ പിന്തുണ ലഭിച്ചു. 

ഭരണത്തിലെത്തിയപ്പോൾ അധികാരവും പ്രതിപക്ഷത്തായിരുന്നപ്പോൾ രാഷ്ട്രീയ സമ്മർദ്ദവും അതിനവർ ഉപയോഗിച്ചു. ജനകീയാസൂത്രണത്തിന്റെ ചുവടുറപ്പിച്ച ജനകീയ കാമ്പെയിൻ അവർ സംശയത്തിന്റെ നിഴലിലാക്കി. ഭരണത്തിലേറിയപ്പോൾ, കേരള വികസന പദ്ധതി എന്ന പേരിൽ ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ചോർത്തിക്കളയാൻ ശ്രമമുണ്ടായി. ജനശ്രീയുടെ മറവിൽ കുടുംബശ്രീ സ്വയംസഹായ സംഘങ്ങളെ ഭിന്നിപ്പിച്ചു. കേരളം കണ്ട ആദ്യത്തെ സമ്പൂര്‍ണ്ണ പാർപ്പിട പദ്ധതിയായ ഇ എം എസ് ഭവന പദ്ധതി ഭരണത്തിന്റെ തണലിൽ അട്ടിമറിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണത്തിൽ ജനകീയ പിന്തുണാ സംവിധാനങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കാനും ഉദ്യോഗസ്ഥ കേന്ദ്രീകരണം തിരിച്ചു കൊണ്ടുവരാനും ശ്രമങ്ങളുണ്ടായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ വികസന കാഴ്ചപ്പാടും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായ ജനകീയ സമ്മർദ്ദവുമാണ് ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന് കരുത്തു പകർന്നത്. ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ വികസന കേരളത്തിന്റെ അഭിമാനമായ നവകേരള ദൗത്യങ്ങളുടെ ധീരനായകത്വം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിൽ ഭദ്രമാണ്. 

ഘടനാപരമായ കെട്ടുറപ്പ് 

വികസന, ക്ഷേമ രംഗങ്ങളിൽ പ്രാദേശിക ജനകീയാധികാരം സ്ഥാപിച്ചുകൊണ്ടാണ് ജനകീയാസൂത്രണം കേരള വികസന ചരിത്രത്തിൽ വഴിത്തിരിവു കുറിച്ചത്. അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മേലുള്ള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണാധികാരം പരിമിതപ്പെടുത്തി. ഭരണത്തിലിരിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയാത്ത വിധത്തിൽ തദ്ദേശ സ്വയംഭരണ സംവിധാനത്തെ ഘടനാപരമായി ശക്തിപ്പെടുത്തി. പ്രാദേശിക സർക്കാരുകൾക്ക് ആളും അർത്ഥവും അധികാരവും കൈമാറി. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം തുടങ്ങിയ രംഗങ്ങളിൽ ജനകീയാസൂത്രണം വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ടു. മെഡിക്കൽ കോളേജുകളും സ്പെഷ്യാലിറ്റി ആശുപത്രികളും ഒഴികെയുള്ള ചികിൽസാ കേന്ദ്രങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കി. സ്കൂളുകൾ പ്രാദേശിക സർക്കാരുകൾക്കു കൈമാറി. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും നിയന്ത്രണാധികാരവും ഉറപ്പുവരുത്തി. പ്രാദേശിക തലത്തിൽ നടക്കുന്ന രാഷ്ട്രീയ, ക്ഷേമ പ്രവർത്തനങ്ങളുടെ കർതൃത്ത്വത്തിലേക്ക് അത് പ്രാദേശിക സർക്കാരുകളെ ഉയർത്തി. അതിന്റെ തുടർച്ചയിൽ രാജ്യം അഭിമാനിക്കുന്ന എത്രയെങ്കിലും നേട്ടങ്ങൾ നമുക്ക് സ്വന്തമായി. 

2016ൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നാലു വർഷത്തെ പ്രവർത്തനങ്ങൾ ജനകീയാസൂത്രണത്തിന്റെ മികവിന് കൂടുതൽ തിളക്കം നൽകിയിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനതല ആസൂത്രണ സമിതികൾ പ്രാദേശികാസൂത്രണത്തിന് പുതിയ ഊർജ്ജം പകരുന്നു. 1967ൽ അധികാരത്തിൽ വന്ന രണ്ടാം ഇ എം എസ് സർക്കാർ ആദ്യമായി അവതരിപ്പിച്ച ജില്ലാ പദ്ധതി എന്ന ആശയം, രാജ്യത്താദ്യമായി, ഈ സർക്കാരിന് കീഴിൽ യാഥാർത്ഥ്യമായിരിക്കുന്നു. ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കപ്പെട്ടിരിക്കുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷം, ഒരു പടി കൂടി കടന്ന്, ദുരന്തനിവാരണത്തിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിര്‍ണ്ണായക പങ്കു വഹിക്കുകയാണ്. തദ്ദേശ ഭരണ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി; തദ്ദേശ സ്വയംഭരണ പൊതുസർവ്വീസും യാഥാർത്ഥ്യമാവുകയാണ്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതികൾ ലോകത്തിന്റെ തന്നെ ജനകീയ ഭരണ ചിത്രത്തിലെ അപൂർവ്വ സുന്ദരമായ തിളക്കമാണ്. 

ഇന്ത്യയിൽ ഏറ്റവുമാദ്യം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതും രോഗികളോ രോഗാണു വാഹകരോ ആയ ഏറ്റവും കൂടുതൽ പേർ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നതും കേരളത്തിലാണ്. ഈ പ്രതികൂല ഘടകങ്ങൾ നിലനിൽക്കെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ഭേദപ്പെട്ട നിലയിൽ രോഗവ്യാപനം ഒരു ഘട്ടം വരെ നിയന്ത്രിച്ചു നിർത്താൻ കേരളത്തിനായി. ദേശീയ തലത്തിലും രാജ്യാന്തര രംഗത്തും പ്രശംസിക്കപ്പെട്ടു. 

കമ്യൂണിറ്റി കിച്ചനുകൾ സജ്ജീകരിക്കുന്നതു മുതൽ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കുന്നതു വരെ കോവിഡ് പ്രതിരോധത്തിന്റെയും രോഗനിവാരണ പ്രവർത്തനത്തിന്റെയും ഒരു രംഗത്തും തദ്ദേശ ഭരണ സ്ഥാപനങ്ങൾ പിറകോട്ട് നിന്നില്ല. രോഗവ്യാപനം തീവ്രമായതിനു ശേഷവും ജനങ്ങളുടെ ജാഗ്രത ശക്തമാക്കുന്നതിലും ആരോഗ്യ പ്രവർത്തകരെ ഏകോപിപ്പിച്ചുനിർത്തി മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. 

നവകേരളത്തിന്റെ വികസന നേതൃത്വം

നവകേരള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പുതിയൊരു വികസന സംസ്കാരം കരുപ്പിടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ. ഒന്നിനു പിറകേ മറ്റൊന്നായി ദുരന്തങ്ങളിൽ ചവിട്ടിയാണ് ഈ ദൗത്യങ്ങൾ മഹത്തായ നേട്ടങ്ങളിലേക്ക് ദൃഷ്ടി പായിക്കുന്നത്. 2018 ലെ മഹാപ്രളയം മുതൽ ഇപ്പോൾ നേരിടുന്ന കൊറോണ വൈറസ് വ്യാപനം വരെയുള്ള ദുരന്തങ്ങൾക്ക് കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ സമാനതകളില്ല. എതൊരു ജനതയും തകർന്നു പോകുമായിരുന്ന ഈ പ്രതിസന്ധികളെ, ജനകീയാസൂത്രണത്തിന്റെ കൂടി കരുത്തിൽ, കേരളം അതിജീവിക്കുകയാണ്. ആർദ്ദ്രം ദൗത്യം സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ യൗവനം തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. രണ്ടേകാൽ ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പാർപ്പിടം ഉറപ്പുവരുത്തി ലൈഫ് മുന്നേറുകയാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ അണിനിരന്ന ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടില്ല. ഹരിത കേരള ദൗത്യം ഒരു പാരിസ്ഥിതിക നവോത്ഥാനത്തിന് നാന്ദി കുറിച്ചു. 
കേരളത്തിന്റെ തെരുവുകൾ മാലിന്യമകന്ന് വെടിപ്പാവുകയാണ്. കൃഷിയുടെയും ജലസംരക്ഷണത്തിന്റെയും സംസ്കാരം തിരിച്ചു വരികയാണ്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന വിദൂര ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് കേരളം ഒരുങ്ങുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിൽ 3,860 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാവുന്നത്. 

അനുഭവങ്ങളിലൂടെ തികവിലേക്ക് 

മുന്നനുഭവങ്ങളുടെ അഭാവമായിരുന്നു ജനകീയാസൂത്രണത്തിന്റെ തുടക്കത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരു വർഷത്തിലേറെ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്കൊടുവിലാണ് ജനകീയാസൂത്രണ കാലത്തെ ആദ്യ വാർഷിക പദ്ധതി തയ്യാറായത്. 

ആസൂത്രണ ഗ്രാമസഭ, വികസന സെമിനാർ, കർമ്മ സമിതികള്‍, പദ്ധതിരേഖ, ബ്ലോക്ക് - ജില്ലാ പദ്ധതികള്‍, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂട് ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തി. രാജ്യത്താദ്യമായി പദ്ധതി വിഹിതത്തിന്റെ 10 ശതമാനം സ്ത്രീകൾക്കു വേണ്ടി മാറ്റി വച്ചത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ പ്രവർത്തനമാരംഭിച്ച സ്വയം സഹായ സംഘങ്ങളുടെ സ്ഥാനത്ത് ജനകീയാസൂത്രണ കാമ്പയിന്റെ പിന്തുണയോടെ വികസിച്ചു വന്ന കുടുംബശ്രീ സംവിധാനം പ്രാദേശിക വികസന പ്രക്രിയയിൽ സ്ത്രീകളുടെ സമഗ്ര പങ്കാളിത്തം ഉറപ്പാക്കി.

ഇ എം എസ് ഭവനപദ്ധതിയടക്കമുള്ള ബൃഹത്തായ സാമൂഹ്യ വികസന പദ്ധതികൾ ജനകീയാസൂത്രണത്തിന്റെ തണലിൽ യാഥാർത്ഥ്യമായി. പിണറായി സർക്കാരിനു കീഴിൽ, ഒന്നിനു പിറകേ മറ്റൊന്നായി നാഴികക്കല്ലുകൾ താണ്ടി കേരളത്തിലെ ജനകീയാസൂത്രണം മുന്നേറുകയാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസം മുതൽ വികസന പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുന്ന അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. അസാദ്ധ്യമായി കരുതപ്പെട്ട തൊണ്ണൂറു ശതമാനത്തിനു മുകളിൽ പദ്ധതി ചെലവെന്ന ലക്ഷ്യവും നാം താണ്ടിയിരിക്കുന്നു. അധികാരം കൊണ്ടും, ഉദ്യോഗസ്ഥ ശേഷി, ദൈനംദിന ഭരണമികവ്, സാമ്പത്തിക ഭദ്രത എന്നിവ കൊണ്ടും രാജ്യത്തെ എറ്റവും ശക്തമായ പ്രാദേശിക സ്വയംഭരണ സംവിധാനം ഇന്ന് കേരളത്തിലേതാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സർക്കാരുകൾക്ക് വികസനപദ്ധതികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും അധികാരം നൽകുന്ന 73-ഉം 74-ഉം ഭരണഘടനാഭേദഗതികളുടെ യഥാർത്ഥ സ്പിരിറ്റ് കേരളത്തിലെ ജനകീയാസൂത്രണത്തിലെന്ന പോലെ രാജ്യത്ത് മറ്റൊരിടത്തും കാണാനാവില്ല. 

രണ്ടാം ഘട്ടം സുവര്‍ണ്ണ ഘട്ടം 

ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം അതിന്റെ സുവര്‍ണ്ണ ഘട്ടമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ജനകീയ വികസന മാതൃകയെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് പര്യാപ്തമാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. സാങ്കേതിക നൂലാമാലകൾ ഇല്ലാതാക്കിയും നടപടി ക്രമങ്ങൾ ലളിതമാക്കിയും ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തിലും പദ്ധതി പ്രവർത്തനത്തിലും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാടോടെയാണ് ഈ സർക്കാർ തുടക്കം മുതൽ പ്രവർത്തിച്ചത്. പദ്ധതി രൂപീകരണം സെപ്തംബർ - ഒക്ടോബർ മാസങ്ങൾ വരെ നീണ്ടു പോയിരുന്ന സ്ഥാനത്ത്, 2018 -19 ലെ വാർഷിക പദ്ധതി 2018 മാർച്ച് അവസാനത്തോടെ തയ്യാറായി. സാമ്പത്തിക വർഷത്തിലെ ആദ്യ പ്രവൃത്തി ദിവസം തന്നെ നിർവ്വഹണവും ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈ നേട്ടം ആവർത്തിച്ചു. 

ഇത് സാദ്ധ്യമാണെന്ന് 2017 ന് മുമ്പ് സങ്കല്പിച്ചിരുന്നില്ല. കൂടുതൽ സമയം ലഭിച്ചതോടെ പദ്ധതികളുടെ ഗുണനിലവാരത്തിെലും നിർവ്വഹണ മികവിലും മാറ്റം പ്രകടമായി. 2014 -15 ൽ 68.21 ശതമാനവും 2015-16 ൽ 73.61 ശതമാനവും ആയിരുന്ന വാർഷിക പദ്ധതിച്ചെലവ് കുതിച്ചുയർന്ന് 90 ശതമാനത്തിനു മുകളിലെത്തി. 2016-17ൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന ബജറ്റ് വിഹിതം 23 ശതമാനത്തിൽ താഴെയായിരുന്നത് പടിപടിയായി ഉയർത്തി 2020-21 ൽ 25 ശതമാനമായി വര്‍ദ്ധിപ്പിപ്പിച്ചിട്ടുണ്ട്. മെയിന്റനൻസ്, ജനറൽ പർപ്പസ് ഗ്രാന്റുകൾ കൂടി കണക്കിലെടുത്താൽ, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണയുടെ കാര്യത്തിൽ കേരളത്തിലെ സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണെന്ന് നിസ്സംശയം പറയാനാവും. 

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇ എം എസ് നമ്പൂതിരിപ്പാടിനെ ഉദ്ധരിച്ചു കൊണ്ട് തുടക്കത്തിൽ വ്യക്തമാക്കിയതു പോലെ, ജനകീയാസൂത്രണം എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്ന ധാരണ സി പി ഐ (എം) നില്ല. രാജ്യത്ത് സമഗ്രാധിപത്യ വാഴ്ച നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ തീവ്രവലതു പക്ഷ, കോർപറേറ്റ് അനുകൂല നയങ്ങൾക്കും, നവകൊളോണിയൽ, ബൂർഷ്വാ, ഭൂപ്രഭു വര്‍ഗ്ഗങ്ങളുടെ തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കും എതിരായി ജനവിഭാഗങ്ങളെ അണിനിരത്തുക എന്നതാണ് പുരോഗമന, വിപ്ലവ ശക്തികളുടെ പരമപ്രധാനമായ രാഷ്ട്രീയ കടമ. ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമരുളുന്നതിനൊപ്പം, ഈ ബഹുജന മുന്നേറ്റത്തിനു കൂടി സഹായകമാവുന്നു എന്നതിലാണ് ജനകീയാസൂത്രണത്തിന്റെ പ്രസക്തി.