അധികാര വികേന്ദ്രീകരണവും വികസന മിഷനുകളും
ടി എന്‍ സീമ
രാജ്യത്തിന് മാതൃകയായി കേരളം നടപ്പാക്കിയ ജനാധിപത്യ വികേന്ദ്രീകൃതാസൂത്രണത്തിന് കാല്‍നൂറ്റാണ്ട് തികയുന്ന ഘട്ടത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാങ്കേതിക മികവും പ്രാപ്തിയും കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. എന്നാല്‍ ഇതോടൊപ്പം ഉയര്‍ന്നു വന്ന ചര്‍ച്ച ഒരു വശത്ത് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ മറുഭാഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത മേഖലകളില്‍ തന്നെ കേന്ദ്രീകൃത മാതൃകയില്‍ മിഷനുകള്‍ ആവിഷ്കരിച്ചിരിക്കുന്നുവെന്നും ഇത് അധികാര വികേന്ദ്രീകരണ പ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്തും എന്നുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റു ഏതാനും മാസങ്ങള്‍ക്കകം തുടക്കംകുറിച്ച നാല് വികസന മിഷനുകളെ കുറിച്ചാണ് ഈ വിമര്‍ശനം ഉയര്‍ന്നത്. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഈ മിഷനുകളുടെ ധര്‍മ്മമെന്താണ്? വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയെ മിഷനുകള്‍ ദുര്‍ബ്ബലപ്പെടുത്തും എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? ഈ പ്രശ്നങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് വിശദമാക്കേണ്ടത്; ഒന്ന്, ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെട്ട ആസൂത്രണ നിര്‍വ്വഹണ പ്രക്രിയയുടെ സമീപനവും അതിന്റെ രാഷ്ട്രീയവും, രണ്ട്, 2016 ല്‍ അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്കരിച്ച വികസന മിഷനുകളുടെ യുക്തിയും പ്രസക്തിയും. ഈ രണ്ട് അന്വേഷണങ്ങളും ഒരുമിക്കുന്നിടത്താണ് നേരത്തെ ഉന്നയിച്ച പ്രശ്നങ്ങളുടെ മറുപടി.
ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം
ജനങ്ങളുടെ മന്ത്രിസഭയാണ് സംസ്ഥാനത്തിന്റെ പരിപൂര്‍ണ്ണമായ നിയന്ത്രണം വഹിക്കുന്നതെങ്കിലും ജില്ലകളിലും അംശങ്ങളിലും അതതിന്റേതായ സ്വയംഭരണം ഉണ്ടായിരിക്കണമെന്ന അടിസ്ഥാനതത്വം ഈ വാദഗതിക്കാര്‍ മനസ്സിലാക്കുന്നില്ല. നാമാശിക്കുന്ന തരത്തില്‍ പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യ ഗവണ്‍മെന്റ് സംസ്ഥാനത്തിന് ലഭിച്ചാലും പ്രാദേശിക സ്വയം ഭരണത്തിന്റെ ആവശ്യം ആ കാരണം കൊണ്ട് ഇല്ലാതാകുമോ? ഉണ്ടെങ്കില്‍ ഫെഡറല്‍ നിയമസഭയും പരിപൂര്‍ണ്ണ ജനാധിപത്യത്തിന്മേല്‍ രൂപീകരിച്ച് കഴിഞ്ഞാല്‍ അവരുടെ സംസ്ഥാന സ്വയംഭരണത്തിന്റെ ആവശ്യം ഇല്ലാതാവുമല്ലോ. അത് ശരിയാണോ?
(ഇ എം എസ്- 1938, പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പരിമിതമായ അധികാരങ്ങളെ കൂടി ചുരുക്കാനുള്ള കോണ്‍ഗ്രസിന്റെ മദിരാശി ഗവണ്‍മെന്റിന്റെ നിലപാടുകള്‍ക്കെതിരെ എഴുതിയ ലേഖനത്തില്‍ നിന്ന്)
കേരള വികസന പ്രക്രിയയുടെ പ്രധാന സവിശേഷത വികസന നേട്ടങ്ങളുടെ നീതിപൂര്‍വ്വകമായ പുനര്‍വ്വിതരണമാണ്. അത്തരമൊരു പുനര്‍വ്വിതരണം സാദ്ധ്യമാക്കിയത് കേരളം അവകാശ ബോധമുള്ളതും ജനാധിപത്യവത്കരിക്കപ്പെട്ടതുമായ ഒരു സമൂഹമായതുകൊണ്ടാണ്. സംസ്ഥാന രൂപീകരണം നടക്കുന്ന 1956 നു മുന്‍പുള്ള അമ്പതു വര്‍ഷം മാത്രം എടുത്ത് പരിശോധിച്ചാല്‍ എത്രമാത്രം അസമവും ജാത്യാധികാര ശ്രേണീബദ്ധവുമായിരുന്നു കേരളം എന്ന് ബോദ്ധ്യമാകും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജാതി-ജന്മി അധികാരത്തിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യാനോ ഭരണഘടന ഉറപ്പുനല്‍കുന്ന തരത്തില്‍ ഇന്ത്യയെ ഒരു ജനാധിപത്യ മതേതര രാജ്യമാക്കുന്നതിനോ ഒരു നടപടിയും തങ്ങള്‍ ചെയ്യില്ലെന്ന കോണ്‍ഗ്രസ്സിന്റെ ഉറപ്പ് തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നു. ഈ ഉറപ്പിന്റെ ധാര്‍ഷ്ട്യത്തില്‍ പരമ്പരാഗതമായി തങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ തുടരുമെന്ന ജാത-ജന്മിത്വ ശക്തികളുടെ ധാരണയെ തകിടംമറിക്കുന്ന നീക്കമാണ് സംസ്ഥാന രൂപീകരണത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നുണ്ടായത്. ആ നീക്കം യാദൃച്ഛികമായിരുന്നില്ല, മറിച്ച് അധികാരത്തെയും ജനാധിപത്യത്തെയും വികസനത്തെയും സംബന്ധിച്ച വ്യക്തമായ രാഷ്ട്രീയ ധാരണകളില്‍ നിന്നും രൂപംനല്‍കിയതാണ്.
നൂറ്റാണ്ടുകളിലൂടെ വ്യവസ്ഥാപിതമായ അസമത്വത്തില്‍ കെട്ടിപ്പൊക്കിയ സമൂഹത്തെ എങ്ങനെയാണ് ജനാധിപത്യവത്കരിക്കേണ്ടത് എന്ന് കാണിച്ചു തരികയാണ് ആ സര്‍ക്കാര്‍ ചെയ്തത്. സമൂഹത്തിലെ പരമ്പരാഗത അധികാര ഘടനയില്‍ ഇടര്‍ച്ചയുണ്ടാക്കുന്നതിന് കാരണമാകുന്ന ഭൂപരിഷ്കരണം, മിനിമം കൂലി ഉറപ്പാക്കല്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ ജനാധിപത്യവത്കരണം തുടങ്ങിയ നിര്‍ണ്ണായക നടപടികള്‍ക്കൊപ്പം ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണവും ദീര്‍ഘ വീക്ഷണത്തോടെ മുന്നോട്ടുവെയ്ക്കാന്‍ ഇ എം എസ് സര്‍ക്കാരിന് കഴിഞ്ഞു. 1956 ല്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖ സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തന്നെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കും നാടിന്റെ വളര്‍ച്ചയ്ക്കും അനുഗുണമായ വികസന പരിപ്രേക്ഷ്യം മുന്നോട്ടുവെച്ച് കൊണ്ട് ഐക്യകേരളത്തില്‍ നിന്ന് നവകേരളത്തിലേക്കുള്ള വികസന പാതയ്ക്ക് ദിശാബോധം നല്‍കുന്നതായിരുന്നു. ഈ രേഖയില്‍ അധികാര വികേന്ദ്രീകരണം ഭാവി അജണ്ടയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നാടിന്റെ വികസനത്തില്‍ പ്രാദേശികാസൂത്രണത്തിന്റെ പ്രാധാന്യം പാര്‍ട്ടി അടിവരയിടുന്നുണ്ട്. അധികാര വികേന്ദ്രീകരണം കേവലം അധികാരം താഴെയുള്ള ഭരണ സംവിധാനങ്ങള്‍ക്ക് കൈമാറലല്ല, മറിച്ച് താഴെത്തട്ടിലുള്ള ജനങ്ങളെയും ഭരണത്തില്‍ പങ്കാളികളാക്കുന്ന ജനാധിപത്യ പ്രക്രിയയാണ് എന്ന കാഴ്ചപ്പാടിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യ സംസ്ഥാന സര്‍ക്കാര്‍ മുതല്‍ സംസ്ഥാനം ഭരിച്ചിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന ആസൂത്രണ നിര്‍വ്വഹണ പ്രക്രിയയുടെ പരിമിതികളും ദൗര്‍ബ്ബല്യങ്ങളും സംസ്ഥാന രൂപീകരണത്തിനു മുന്‍പേ പരിശോധിക്കപ്പെടുകയെന്ന അസാധാരണമായ ഇടപെടലാണ് കേരളത്തില്‍ സംഭവിച്ചത്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെച്ച അധികാരത്തിന്റെ ജനാധിപത്യവത്കരണം സംബന്ധിച്ച നിലപാടുകളുടെ ഭാഗമായിരുന്നു.
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ പ്രാദേശികതലത്തിലും പ്രാവര്‍ത്തികമാകുമ്പോള്‍ മാത്രമാണ് ഭൂരിപക്ഷം വരുന്ന ചൂഷിതര്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ അനുഭവിക്കാനാകൂ എന്ന കാഴ്ചപ്പാട് മുന്നോട്ടു വെച്ചുകൊണ്ട് ഇ എം എസ് ഇത് ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്; “....... ജനാധിപത്യ വികേന്ദ്രീകരണത്തില്‍ എനിക്ക് വിശ്വാസമുള്ളതിനു കാരണം അത് അദ്ധ്വാനിക്കുന്ന ജനങ്ങളെ അവരുടെ പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെതിരായുള്ള ദൈനംദിന സമരങ്ങളില്‍ സഹായിക്കുന്നുവെന്നതാണ്.” (ഇ എം എസ്- അശോക് മേഹ്ത്ത കമ്മിറ്റി റിപ്പോര്‍ട്ടിന് എഴുതിയ വിയോജനക്കുറിപ്പ് 1978) .
സ്വാതന്ത്ര്യലബ്ധിക്കു ശേഷം പ്രാദേശിക ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിലപാടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണാധികാരികള്‍ സ്വീകരിച്ച ആസൂത്രണ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പരിമിതി അത് കേന്ദ്രീകൃതവും ഉദ്യോഗസ്ഥ മേധാവിത്വപരവുമായിരുന്നു എന്നതാണ്. താഴേത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാതെ, പ്രാദേശിക സവിശേഷതകള്‍ കണക്കിലെടുക്കാതെയുള്ള ലംബമാനമായ വകുപ്പ് പരിപാടികള്‍ യാന്ത്രികമായി നടപ്പിലാക്കുന്ന ഒന്നായി പഞ്ചവത്സര പദ്ധതികള്‍ മാറി. 1993ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ 73-74 ഭരണഘടനാ ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച വര്‍ദ്ധിച്ച അധികാരം കേന്ദ്രീകൃത ആസൂത്രണ സമ്പ്രദായത്തിനു പകരം വികേന്ദ്രീകൃത ആസൂത്രണത്തെ വികസന ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. പക്ഷെ അപ്പോഴും സംസ്ഥാനങ്ങളില്‍ നിന്നും പ്രാദേശിക ഭരണ സംവിധാനങ്ങളിലേക്കുള്ള അധികാര കൈമാറ്റമല്ലാതെ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളിലേക്കുള്ള അധികാര കൈമാറ്റത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മൗനംപാലിച്ചു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിലേക്കും സംസ്ഥാനത്ത് നിന്ന് പ്രാദേശിക സര്‍ക്കാരുകളിലേക്കും അധികാരവും വിഭവങ്ങളും പകര്‍ന്നു കൊടുക്കുന്നതാകണം അധികാര വികേന്ദ്രീകരണം എന്നും അധികാരത്തോടൊപ്പം സാമ്പത്തിക വിഭവങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും ഇവയെല്ലാം നടപ്പിലാക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥ പുനര്‍വ്വിന്യാസവും ഇതോടൊപ്പം ഉണ്ടാകണമെന്ന് ഈ ഭേദഗതി പാസാകുന്നതിന് ഒരു ദശകത്തിനും മുന്‍പ് തന്നെ ഇ എം എസ്ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള വികേന്ദ്രീകൃതാസൂത്രണം എന്നത് ത്രിതലപഞ്ചായത്തുകളും നഗരസഭകളും നേതൃത്വം നല്‍കുന്ന ആ പ്രദേശത്തെ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള ഒറ്റപ്പെട്ട പദ്ധതികളുടെ ആവിഷ്കരണം മാത്രമല്ല. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഒന്നും വെള്ളം കയറാത്ത അറകളായി വേറിട്ടു നില്‍ക്കേണ്ടതുമല്ല. വിവിധ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക വിഭവത്തോടൊപ്പം പ്രകൃതിവിഭവങ്ങളുടെയും മനുഷ്യവിഭവങ്ങളുടെയും ഫലപ്രദമായ വിനിയോഗവും നിര്‍ണ്ണായകമാണ്. അതുപോലെ തന്നെ പ്രശ്ന പരിഹാരം സംബന്ധിച്ച സമീപനത്തിലെ സമഗ്രതയും വിവിധ പദ്ധതികളുടെ ഏകോപനവും സംയോജനവും പ്രധാനമാണ്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുകളിലേക്ക് സംസ്ഥാന-കേന്ദ്ര തലംവരെ ഉണ്ടാകേണ്ട പരസ്പര ബന്ധവും സമഗ്രതയുമായാണ് കണ്ടത്.
പഞ്ചായത്തു നഗരസഭാതല വികസനം കേരളത്തിന്റെ സംസ്ഥാന തലത്തിലുള്ള വികസനത്തിന്റെ ഭാഗമാണ്. ഉപയോഗിക്കുന്നതും ഉപയോഗിക്കപ്പെടാതെ കിടക്കുന്നതുമായ പ്രകൃതിവിഭവങ്ങള്‍, ധനവിഭവങ്ങള്‍, അദ്ധ്വാനശക്തിയുടെ രൂപത്തിലുള്ള മാനുഷിക വിഭവങ്ങള്‍ എന്നിവയെല്ലാം സമാഹരിച്ച് കേരളത്തിനു തനതായ ഒരു വികസന കാഴ്ചപ്പാട് ഉണ്ടാക്കാന്‍ കഴിയണം. (ഇഎംഎസ്, ദേശാഭിമാനി, 1995 ഒക്ടോബര്‍)
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പതാം പദ്ധതി വികേന്ദ്രീകൃതാസൂത്രണത്തിലൂടെ ജനകീയ പദ്ധതിയായി ആവിഷ്കരിക്കുന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിന് അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. ഗ്രാമസഭകള്‍, വികസന സെമിനാറുകള്‍, കര്‍മ്മസമിതികള്‍ എന്നിങ്ങനെ ആസൂത്രണത്തിലെ അര്‍ത്ഥവത്തും ഫലപ്രദവുമായ ജനപങ്കാളിത്തത്തിനുള്ള വിവിധ വേദികള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഓരോ പ്രദേശത്തെയും വികസന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ശാസ്ത്രീയമായിത്തന്നെ പരിശോധിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് രൂപംനല്‍കുന്നതിനുമായുള്ള രീതി സമ്പ്രദായങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഈ പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നതിനായി റിട്ടയര്‍ ചെയ്തവരും അല്ലാത്തവരുമായ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സംഭാവന ഉറപ്പുവരുത്തി. ജനപങ്കാളിത്തം ആസൂത്രണ വേദികളിലെ കേവലം എണ്ണം കൊണ്ടുള്ള പങ്കാളിത്തമായിട്ടല്ല ജനകീയാസൂത്രണത്തില്‍ വിഭാവനം ചെയ്തത്. ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ പദ്ധതിയുടെ ഗുണമേന്മയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പിക്കുന്ന ഒന്നായി കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപങ്കാളിത്തം ഉണ്ടാകണമെന്ന നിഷ്കര്‍ഷയാണ് ജനകീയാസൂത്രണം മുന്നോട്ടുവെച്ചത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വികസന രാഷ്ട്രീയത്തെയാണ് വികസനത്തിന്റെ പുതിയ സംസ്കാരം എന്ന് ഇ എം എസ് വിളിച്ചത്. എന്നാല്‍ പഞ്ചായത്ത്-നഗരസഭകളുടെ പ്രവര്‍ത്തനം അരാഷ്ട്രീയമാകണമെന്നല്ല ഇതിനര്‍ത്ഥം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു;
ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിര്‍ത്തിയില്‍ വിദ്യാഭ്യാസ, വൈദ്യ സഹായാദി സേവനമേഖലകളെയും കൃഷി-വ്യവസായാദി ഉല്‍പ്പാദന മേഖലകളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര വികസന പരിപാടി ആവിഷ്കരിക്കണമെന്നും അത് നടപ്പാക്കുന്നതില്‍ കക്ഷിരാഷ്ട്രീയം കടന്നു വരരുതെന്നും മാത്രമാണ് ഇതിനര്‍ത്ഥം (ഇ എം എസ് - 1995).
ഈ കാഴ്ചപ്പാടോടെ രൂപം നല്‍കിയ ജനകീയാസൂത്രണ പ്രസ്ഥാനം വികസനാസൂത്രണ നിര്‍വ്വഹണ പ്രക്രിയയില്‍ കൊണ്ടു വന്ന മാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം:-
1. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ആസൂത്രണത്തിന്റെ നേതൃത്വം പ്രാദേശിക തലത്തിലേക്ക് മാറുന്നു, അധികാരം ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ വികസന പ്രക്രിയയില്‍ ജന നേതൃത്വം ഉറപ്പാക്കുന്നതിന് അവസരങ്ങള്‍.
2. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഉല്‍പ്പാദന മേഖലയില്‍ ഇടപെടുന്നതിനായി താഴെത്തട്ടില്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കപ്പെട്ടു.
3. വിവിധ തട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ തമ്മിലും വകുപ്പ് പദ്ധതികളുമായും ഏകോപനത്തിനും സംയോജനത്തിനും ഊന്നല്‍ നല്‍കുന്ന സമീപനം.
4. ബഹുജനങ്ങളും സാങ്കേതിക വിദഗ്ദ്ധരും ജനപ്രതിനിധികളും തമ്മില്‍ രൂപംകൊണ്ട, നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പുതിയ ഐക്യവും സഹകരണവും.
5. പ്രാദേശിക വികസനത്തില്‍ സങ്കുചിതമായ അധികാര രാഷ്ട്രീയത്തിന് പകരം കക്ഷി രാഷ്ട്രീയത്തിന് അതീതമായ സഹകരണം ഉറപ്പാക്കുന്ന പുതിയ വികസന സംസ്കാരം.
6. ഓരോ പ്രദേശത്തും പദ്ധതിയുടെ ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെ, തങ്ങളുടെ സാമൂഹ്യ ബന്ധങ്ങളെ പ്രാദേശിക വികസനത്തിന് കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ വിപുലമായ ബഹുജന സംഘടനാ പങ്കാളിത്തം.
7. വിഭവ സമാഹരണത്തിലും അദ്ധ്വാനത്തിലും അഭൂതപൂര്‍വ്വമായ സന്നദ്ധതയും ജനപങ്കാളിത്തവും.
മറ്റൊരു സംസ്ഥാനത്തും ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു പുത്തന്‍ പരീക്ഷണമെന്ന് ജനകീയാസൂത്രണത്തെ ഇ എം എസ് വിശേഷിപ്പിച്ചത് ഇതിന്റെ എല്ലാ സവിശേഷതകളും സാദ്ധ്യതകളും അടിവരയിട്ടുകൊണ്ടാണ്. സാമ്പ്രദായിക രീതികളെ തിരുത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ജനാധിപത്യത്തിലുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും ഇതില്‍ ഓരോന്നിലും കാണാം.
രണ്ടാം ജനകീയാസൂത്രണത്തിലേക്ക്
ഒന്നാം ജനകീയാസൂത്രണത്തിനും രണ്ടു ദശകങ്ങള്‍ക്ക് ശേഷമുള്ള രണ്ടാം ജനകീയാസൂത്രണത്തിനും ഇടയില്‍ യു ഡി എഫ് സര്‍ക്കാരുകളുടെ ഇടപെടലുകളുടെ ഭാഗമായി കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയ്ക്ക് സംഭവിച്ച ഇടര്‍ച്ചയും തളര്‍ച്ചയും ലോകത്തെ തന്നെ മികച്ച അധികാര വികേന്ദ്രീകരണ മാതൃകയെ ദുര്‍ബ്ബലമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുന്ന തരത്തില്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചു, പദ്ധതി രൂപീകരണത്തിലെയും നടത്തിപ്പിലെയും ജനകീയതയും ജനപങ്കാളിത്തവും ഇല്ലാതാക്കി, സന്നദ്ധ പ്രവര്‍ത്തനവും സാങ്കേതിക വിദഗ്ദ്ധരുടെ അനൗപചാരിക പിന്തുണാസംവിധാനവും നിരുത്സാഹപ്പെടുത്തി, സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനു കളമൊരുക്കുന്ന തരത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ നേതൃത്വം നല്‍കിയ സേവന-ഉല്‍പ്പാദന-പശ്ചാത്തല മേഖലകളിലെ ഇടപെടലുകളുടെ തുടര്‍ച്ച നഷ്ടപ്പെട്ടു. അധികാര വികേന്ദ്രീകരണവും അധികാര കേന്ദ്രീകരണവും തമ്മിലുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടം തന്നെയാണ് യു ഡി എഫ് ഭരണ കാലയളവില്‍ സംസ്ഥാനം കണ്ടത്. പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയോടെ അധികാര വികേന്ദ്രീകരണത്തിന്റെ സത്ത കാത്തുസൂക്ഷിച്ചു കൊണ്ട് ജനകീയതയും സുതാര്യതയും എല്ലാം തുടരാന്‍ ശ്രമിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട് എന്നത് ജനകീയാസൂത്രണം സൃഷ്ടിച്ച മാറ്റത്തിന്റെ തെളിവാണ്.
2017ല്‍ ജനകീയാസൂത്രണം രണ്ടാംഘട്ടം പ്രഖ്യാപിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാദേശിക സര്‍ക്കാരുകളായി പ്രവര്‍ത്തിക്കാനുള്ള എല്ലാ ശേഷിയും പ്രാപ്തിയും കൈവരിച്ചുകൊണ്ട് നവകേരള സൃഷ്ടിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്. ജനകീയാസൂത്രണം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാട് വ്യക്തമാക്കി;
1. പതിമൂന്നാം പഞ്ചവത്സര പദ്ധതി നവകേരള സൃഷ്ടി ലക്ഷ്യം വെച്ചുകൊണ്ട് സര്‍ക്കാര്‍ വിഭാവനം ചെയ്യുമ്പോള്‍ സംസ്ഥാന പദ്ധതിക്കൊപ്പം പ്രാദേശിക പദ്ധതികളും വിജയകരമായി നടപ്പാക്കണം.
2. ഒന്നാംഘട്ടത്തില്‍ ആസൂത്രണത്തെ ആസ്പദമാക്കിയാണ് ജനങ്ങളെ അണിനിരത്തിയതെങ്കില്‍ രണ്ടാംഘട്ടത്തില്‍ നിര്‍വ്വഹണത്തിലെ വിപുലമായ ജനപങ്കാളിത്തത്തിനാണ് ഊന്നല്‍ നല്‍കുക.
3. ജനകീയാസൂത്രണത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ട്, നന്മകള്‍ നിലനിര്‍ത്തി പോരായ്മകളും ദൗര്‍ബ്ബല്യങ്ങളും പരിഹരിച്ചു കൊണ്ടാകും ജനകീയാസൂത്രണം രണ്ടാം ഘട്ടം നടപ്പാക്കുക.
4. നാടിന്റെ പൊതുനന്മയെയും വികസനത്തെയും കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ എല്ലാ ഗ്രാമത്തിലും നഗരത്തിലും ഉണ്ടാവണം. ക്രമേണ ആ കൂട്ടായ്മയിലേക്ക് എല്ലാ പൗരന്മാരേയും ആകര്‍ഷിക്കാന്‍ കഴിയണം. ഔപചാരിക പങ്കാളിത്തമല്ല അര്‍ത്ഥവത്തായ പങ്കാളിത്തമാണ് ഉണ്ടാവേണ്ടത്.
5. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബഹുതല ആസൂത്രണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. മുന്‍കാലത്ത് പ്രാദേശിക ആസൂത്രണത്തെ മുകള്‍ത്തട്ടു ഗവണ്‍മെന്റുകളുമായും വകുപ്പുകളുമായും കൂട്ടിയിണക്കുന്ന കാര്യത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ഈ പോരായ്മ പരിഹരിക്കാന്‍ പതിമൂന്നാം പദ്ധതിയില്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാവും.
6. ജനകീയാസൂത്രണ പദ്ധതികളും പ്രൊജക്ടുകളും അറിവിന്റെയും സാങ്കേതിക വിദ്യയുടെയും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണെന്ന വിമര്‍ശനമുണ്ട്. അത് പരിഹരിക്കുന്നതിനായി പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് വിദഗ്ദ്ധരുടേയും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടേയും സേവനം ലഭ്യമാക്കും.
7. പതിമൂന്നാം പദ്ധതിക്കാലത്ത് പൊതുസ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കും.
അധികാരം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഒന്‍പതാം പഞ്ചവത്സര പദ്ധതി ജനകീയ പദ്ധതിയായി അന്ന് ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയെങ്കില്‍ പതിമൂന്നാം പദ്ധതിയിലൂടെ നവകേരളത്തിന്റെ സൃഷ്ടിയെന്ന വലിയ ലക്ഷ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഉല്‍പ്പാദന രംഗത്തെ കുതിപ്പിനും ഉയര്‍ന്ന വളര്‍ച്ചയ്ക്കുമൊപ്പം സാമൂഹ്യ നീതിയും പരിസ്ഥിതി സംരക്ഷണവും സാംസ്‌കാരിക ഉണര്‍വ്വും ഉറപ്പാക്കുന്ന വികസനത്തിന്റെയും അഭിവൃദ്ധിയുടെയും ഒരു പുതിയഘട്ടത്തിലേക്കുള്ള പ്രവേശനമാണ് പതിമൂന്നാം പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ രൂപം നല്‍കിയ വികസന മിഷനുകള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
വികസന മിഷനുകള്‍ - യുക്തിയും പ്രസക്തിയും
2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഒരു പുതിയ കേരളത്തെ കുറിച്ചുള്ള ചിത്രമാണ്. സംസ്ഥാനത്തിന്റെ സകലതല സ്പര്‍ശിയായ വളര്‍ച്ച ഉറപ്പാക്കിക്കൊണ്ടും ഭക്ഷ്യമേഖലയിലടക്കം സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കിക്കൊണ്ടും ജനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും സൃഷ്ടിക്കേണ്ട നവകേരളത്തെ കുറിച്ചുള്ള ഈ പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനം. ഇതില്‍ മുഖ്യമായ ആറു മേഖലകളെ ഉള്‍പ്പെടുത്തി നാല് വികസന മിഷനുകള്‍ക്ക് രൂപംനല്‍കുകയാണ് അധികാരമേറ്റു മാസങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. (1) സ്കൂള്‍ വിദ്യാഭ്യാസം, (2) ആരോഗ്യ പരിപാലനം, (3) സമഗ്ര പാര്‍പ്പിടം, (4) കൃഷി വികസനം - പച്ചക്കറിയില്‍ സ്വയം പരാപ്തത, (5) സമ്പൂര്‍ണ്ണ ശുചിത്വം, (6) ജലസംരക്ഷണം എന്നിവയാണ് അത്. ഈ ആറു മേഖലകളിലായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ജന സൗഹൃദ ആശുപത്രികള്‍ -ആര്‍ദ്രം മിഷന്‍, സമ്പൂര്‍ണ്ണ പാര്‍പ്പിടം - ലൈഫ് മിഷന്‍, ശുചിത്വ മാലിന്യ സംസ്കരണം, മണ്ണ് - ജല സംരക്ഷണം, ജൈവ കൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള കൃഷി വികസനം - ഹരിത കേരളം മിഷന്‍ എന്നിങ്ങനെയാണ് നാല് വികസന മിഷനുകള്‍ രൂപീകരിച്ചത്.
തീര്‍ച്ചയായും ഈ വിഷയങ്ങളെല്ലാം കേരള വികസന അജണ്ടയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടവ തന്നെയാണ്. ഇതില്‍ ജല സം രക്ഷണവുമായി ബന്ധപ്പെട്ട ജലസേചനം ഒഴിച്ച് ബാക്കിയെല്ലാ മേഖലകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ്. ഇവയെല്ലാം തന്നെ ജനകീയാസൂത്രണത്തിന്റെ തുടക്കം മുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ മേഖലകളാണ്. ഇതില്‍ വിശേഷിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അധികാര വികേന്ദ്രീകരണം സഹായിച്ചു എന്നത് വാസ്തവമാണ് . എന്നാല്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ എന്ന നിലയില്‍ ഉന്നയിക്കപ്പെടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്തുകൊണ്ട് ഈ മേഖലകളിലെ സേവന ഗുണനിലവാരം ഉയര്‍ത്തുക എന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ആരംഭിച്ച ഇ എം എസ് ഭവന പദ്ധതി പാര്‍പ്പിട മേഖലയില്‍ വലിയൊരു കുതിപ്പിന് കളമൊരുക്കിയതാണ്. എന്നാല്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ നിന്നും പാവപ്പെട്ടവരെ മോചിപ്പിക്കണമെങ്കില്‍ പാര്‍പ്പിടം നല്‍കുക എന്നതിനപ്പുറത്ത് ഉപജീവനം കൂടി ഉറപ്പാക്കേണ്ടതുണ്ട്. മണ്ണ് -ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി അതുവഴി ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകേണ്ടുന്ന നീര്‍ത്തട സമീപനം എത്രയോ ദശകങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ വലിയ വീഴ്ചയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ശുചിത്വത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഏഴ് ദശകങ്ങള്‍ക്കിടയില്‍ പരിശ്രമിച്ചെങ്കിലും സ്ഥായിയായി അതിനെ നിലനിര്‍ത്താന്‍ കഴിയാതെ പോയി. പച്ചക്കറിയില്‍ മാതൃകാപരമായ വിജയങ്ങള്‍ ചില പ്രദേശങ്ങളില്‍ ഉണ്ടായെങ്കിലും പച്ചക്കറി സ്വയംപര്യാപ്തത എന്നത് ഒരു വിദൂരസ്വപ്‌നമായി തുടര്‍ന്നു.
വികേന്ദ്രീകൃതാസൂത്രണത്തില്‍ പ്രാദേശികമായി രൂപംകൊള്ളുന്ന വികസന പരിപ്രേക്ഷ്യം സംസ്ഥാനത്തിന്റെയാകെ വികസന പരിപ്രേക്ഷ്യവുമായി ചേര്‍ന്നു പോകുന്നതാകണം എന്ന കാഴ്ചപ്പാട് ഇ എം എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു പൊതു പരിപ്രേക്ഷ്യമോ ലക്ഷ്യമോ രൂപപ്പെടുന്നതിന് മുന്‍പ് തന്നെ ജനകീയാസൂത്രണം അട്ടിമറിക്കപ്പെട്ടു. ഇതില്‍ ഏറ്റവും അവഗണിക്കപ്പെട്ടത് ഉല്‍പ്പാദന മേഖല, വിശേഷിച്ച് കാര്‍ഷിക മേഖലയാണ്.
സംസ്ഥാനത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഈ മേഖലകളിലെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും മറ്റ് ഏജന്‍സികളുടെയും വിഭവങ്ങളെ സംയോജിപ്പിച്ചുകൊണ്ട് വലിയൊരു ജനകീയ ഇടപെടലെന്ന നിലയിലാണ് ഓരോ മേഖലയിലും കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് നാല് മിഷനുകള്‍ ഉള്‍ക്കൊള്ളുന്ന നവകേരളം കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
നവ കേരളം കര്‍മ്മപദ്ധതി
നവ കേരള നിര്‍മ്മാണത്തിന് സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളാണ് നവ കേരളം കര്‍മ്മപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിന് ദീര്‍ഘ വീക്ഷണത്തോടു കൂടിയ പരിഷ്കാരങ്ങള്‍ക്ക് അടിത്തറ ഇടുന്നതിനും വേണ്ടിയുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളായിട്ടാണ് നവകേരളം കര്‍മ്മപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സ്പര്‍ശിക്കുന്ന വിധത്തിലുള്ളതും അവരുടെ ജീവിതാഭിലാഷങ്ങളെ നിറവേറ്റുവാന്‍ ഭരണത്തെ രൂപാന്തരപ്പെടുത്തുന്നതുമായ തരത്തിലാണ് ഈ കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. (നവകേരളം കര്‍മ്മപദ്ധതി-മാര്‍ഗ്ഗരേഖ - 2017)
ഈ മിഷനുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്കീമുകളും തമ്മില്‍ സംയോജിപ്പിക്കുകയും കീഴ്ത്തട്ടിലെ നടത്തിപ്പിനുള്ള സാങ്കേതിക സഹായങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്ത് ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. മിഷനുകളുമായി ബന്ധപ്പെട്ട ആസൂത്രണ-നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും എന്ന് മാര്‍ഗ്ഗരേഖ അടിവരയിടുന്നുണ്ട്;
ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടുകളില്‍ നടപ്പാക്കുക. പൌര സമിതികള്‍, ബഹുജന സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ ക്ഷേമപ്രവര്‍ത്തനങ്ങളിലെ ജനകീയ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മത സ്ഥാപനങ്ങള്‍, കമ്പനികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതിക സഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായ സഹകരണങ്ങള്‍ സമാഹരിച്ച് കൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയുള്ള പൊതു കാഴ്ചപ്പാടും ലക്ഷ്യവും സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുകയും ഇത് പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തിന്റെയും സാദ്ധ്യതയും ആവശ്യങ്ങളും മനസ്സിലാക്കി ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുക എന്ന സവിശേഷ ഇടപെടലാണ് മിഷനുകള്‍ ലക്ഷ്യമാക്കുന്നത്. അധികാര വികേന്ദ്രീകരണ പ്രക്രിയ കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇനിയും മതിയായ നിലയില്‍ ലഭ്യമായിട്ടില്ലാത്ത സാങ്കേതിക വൈദഗ്ദ്ധ്യ പിന്തുണ, ശുഷ്കമാകുന്ന ജനപങ്കാളിത്തം എന്നിവ വീണ്ടെടുക്കുക എന്നത് മിഷന്‍ നടത്തിപ്പിന്റെ അവിഭാജ്യ ഘടകമായിട്ടാണ് വിഭാവനം ചെയ്യുന്നത്. പ്രകൃതി വിഭവങ്ങളുടെയും മനുഷ്യ വിഭവങ്ങളുടെയും ഫലപ്രദമായ വിനിയോഗത്തോടൊപ്പം അധികമായ സാമ്പത്തിക വിഭവ സമാഹരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ പ്രധാനമാണ്. മിഷനുകളിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതു പദ്ധതി തയ്യാറാക്കുന്ന സമ്പ്രദായത്തെ ഇങ്ങനെ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു;
എ) മിഷനുകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാക്കുകയും അതിലൂടെ തദ്ദേശ ഭരണ സ്ഥാപന പ്രദേശത്തിന് വേണ്ടി ഒറ്റപദ്ധതി (single plan) തയ്യാറാക്കുകയും തുടര്‍ന്ന് പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നിര്‍വ്വഹണം നടത്തുകയും ചെയ്യുക.
ബി) വകുപ്പുകളുടെ കീഴില്‍ പ്രത്യേകമായി തയ്യാറാക്കുന്ന കേന്ദ്ര/സംസ്ഥാന പദ്ധതികളും വിഭവങ്ങളും കഴിയുന്നിടത്തോളം ഈ പദ്ധതിയുമായി സംയോജിപ്പിക്കണം.
സി) പൊതു സമൂഹത്തിന്റെ നേതൃത്വത്തിലും സഹായത്തിലും രൂപപ്പെടുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ഈ പൊതു പദ്ധതിയുമായി സംയോജിപ്പിക്കും.
ഇത്തരത്തില്‍ പൊതു പദ്ധതി രൂപപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. മാത്രമല്ല, ഇവയ്ക്കു വേണ്ട സാങ്കേതിക വിദ്യയും സാങ്കേതിക സഹായവും മിഷനുകളുടെ സഹായ സംവിധാനങ്ങളിലൂടെ ആവശ്യാനുസരണം ലഭ്യമാക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, വലിയ തോതില്‍ ബഹുജനങ്ങളെ അണിനിരത്തി, വരുന്ന അഞ്ചു വര്‍ഷം കൊണ്ട് വികസന മിഷനുകളുടെ നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മിഷനുകളെ പ്രയോജനപ്പെടുത്തി പ്രാദേശികതലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ജല സംരക്ഷണം, മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി തുടങ്ങിയ മേഖലകളിൽ ജനപങ്കാളിത്തത്തോടെ സമഗ്രപരിപാടികൾ ഫലപ്രദമായി ആവിഷ്കരിക്കാൻ കഴിയുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍.
മിഷനുകള്‍ എങ്ങനെയാണ് ഈ മേഖലകളിലെ ഗുണപരമായ മാറ്റം ഉറപ്പാക്കിക്കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രഖ്യാപിത ലക്ഷ്യം നേടുകയെന്നത് സംബന്ധിച്ച സമീപനം പരിശോധിക്കാം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യമിടുന്നത് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങളും പഠനോപാധികളും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുക, അക്കാദമിക് ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ്. ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളും നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്ത് ഇന്നേവരെ പൊതു വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചതില്‍ ഏറ്റവും വര്‍ദ്ധിച്ച തുകയാണ് ചെലവഴിക്കുന്നത്. 45000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സൃഷ്ടിച്ചുകൊണ്ട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് പൊതു വിദ്യാലയങ്ങള്‍ മാറുന്ന അനുഭവമാണ് കാണാന്‍ കഴിയുന്നത്. നിരവധി സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം പദ്ധതിയായിട്ടല്ല നടപ്പാക്കുന്നത്. മറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂള്‍ മാനേജ്മെന്റും പ്രാദേശിക സമൂഹവും മുന്‍കയ്യെടുത്ത് കൊണ്ട് ആവശ്യമായ വിഭവ സമാഹരണവും അഭൂതപൂര്‍വ്വമായ ജനകീയ ഇടപെടലും ഓരോ സ്കൂളുമായും ബന്ധപ്പെട്ട് ഉണ്ടാകുന്നതിനു സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. ഒന്നാം ജനകീയാസൂത്രണ കാലത്ത് പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി ഉണ്ടായിട്ടുള്ള ജനകീയ ഇടപെടലുകളുടെ ഊര്‍ജ്ജം ആയിരം മടങ്ങായി വര്‍ദ്ധിച്ച അനുഭവമാണ് ഇത്. അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും അണിചേരുന്ന സ്കൂള്‍ കേന്ദ്രീകൃത ജനകീയ പ്രസ്ഥാനമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മാറാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ്-19 ലോക്ഡൗണ്‍ കാലത്ത് സ്കൂളുകളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആവശ്യമായ സ്മാര്‍ട്ട് ഫോണോ, ടിവിയോ ഒന്നും ഇല്ലാത്ത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ സംസ്ഥാനത്താകെ ഉണ്ടായ ജനകീയ ഇടപെടലുകള്‍ക്ക് തീര്‍ച്ചയായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
ആര്‍ദ്രം - ആരോഗ്യ പരിപാടി
ആരോഗ്യമേഖലയില്‍ കേരളം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വര്‍ദ്ധിച്ച രോഗാതുരതയും വ്യാപിക്കുന്ന ജീവിതശൈലീ രോഗങ്ങളും ഒരു വെല്ലുവിളി തന്നെയാണ്. പ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുള്ള ആരോഗ്യ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുക പ്രധാനമാണ്. ഇതിനു രോഗാതുരതയുടെയും ആരോഗ്യത്തിന്റെയും കൂടുതല്‍ കൃത്യമായ സൂചികകളുടെ അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് ആവശ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള പൊതു ചികിത്സാ സംവിധാനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ മെച്ചപ്പെടുത്തിക്കൊണ്ടും ആധുനികവത്കരിച്ചുകൊണ്ടും പുതിയ വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യമാണ് ആര്‍ദ്രം മിഷന്‍ മുന്നോട്ടു വെയ്ക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യ വകുപ്പ് മാത്രം പങ്കാളിയാകുന്ന ഒരു പ്രവര്‍ത്തനമല്ല, ഓരോ പ്രദേശത്തും മാതൃകാപരമായ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിലും അവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പിന്തുണ നല്കുന്നതിനുമെല്ലാം നേതൃത്വം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിലുണ്ട്. ഡോക്ടര്‍മ്മാര്‍, നേഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ ആരോഗ്യ വോളന്റിയര്‍മ്മാര്‍, സാന്ത്വന പരിചരണക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാമടങ്ങുന്ന അതിബൃഹത്തായ ഒരു ജനകീയാരോഗ്യ പ്രസ്ഥാനമായി ആര്‍ദ്രം മിഷന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ്-19 പ്രതിരോധവും ചികിത്സയും പുനരധിവാസവും എല്ലാം ഇത്രയും ഫലപ്രദമായി നടപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഉത്തമ പങ്കാളികളും നേതൃത്വവും ആയി മാറാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - ലൈഫ്
ജനകീയാസൂത്രണ പ്രസ്ഥാനമാണ് പാര്‍പ്പിട പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാനത്ത് പുതുവഴി തുറന്നത്. ഇ എം എസ് ഭവന പദ്ധതിയില്‍ തുടങ്ങിയ പാര്‍പ്പിട രംഗത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ രണ്ടു ദശകം കൊണ്ട് പത്ത് ലക്ഷത്തിലേറെ വീടുകള്‍ ഭവനരഹിതര്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ വിപുലമാണ്. എന്നാല്‍ ഇനിയും വീടില്ലാത്തവര്‍ക്ക് വീടും ജീവിത സുരക്ഷയും ഉറപ്പാക്കുന്ന സവിശേഷ ഇടപെടലായിട്ടാണ് ലൈഫ് ഭവന പദ്ധതി മിഷന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, പണിതീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കല്‍. രണ്ട്, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കല്‍. മൂന്ന്, ഭൂരഹിതര്‍ക്കു വേണ്ടിയുള്ള സമഗ്ര പാര്‍പ്പിട വികസന പരിപാടി. ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കല്‍ മുതല്‍ അത് നടപ്പാക്കല്‍ വരെയുള്ള ലൈഫ് മിഷന്റെ ഓരോ ഘട്ടവും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. ഭൂമി ലഭ്യമാക്കുന്നതില്‍, അധികമായ വിഭവ സമാഹരണത്തിനു സ്രോതസ് കണ്ടെത്തുന്നതില്‍, നിര്‍മ്മാണത്തിന് സന്നദ്ധ സേവനവും പ്രാദേശിക പ്രകൃതി വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍, എല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി ലൈഫ് മിഷനില്‍ നടക്കുന്നത്. ഇതിനകം 2.30 ലക്ഷം വീടുകള്‍ ലൈഫില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ പ്രാദേശിക സര്‍ക്കാരുകളുടെ പങ്കു നിര്‍ണ്ണായകമാണ്. ലൈഫ് മിഷന്റെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള ഭവന സമുച്ചയങ്ങള്‍ രാജ്യത്ത് തന്നെ മാതൃകയായി ഈ പാര്‍പ്പിട പദ്ധതിയെ മാറ്റിക്കഴിഞ്ഞിരിക്കുന്നു.
ഹരിതകേരളം പദ്ധതി
അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇ എം എസ് ഉയര്‍ത്തിയ ഒരു മുന്നറിയിപ്പുണ്ട്; “കൃഷിയുടെയും വ്യവസായങ്ങളുടെയും കാര്യത്തില്‍ മുരടിച്ചു നില്‍ക്കുകയാണെങ്കില്‍ വിദ്യാഭ്യാസ, വൈദ്യസഹായ, ഗതാഗതാദി കാര്യങ്ങളില്‍ എത്ര പുരോഗതി ഉണ്ടായാലും നമ്മുടേത് ഒരു വികസ്വര സംസ്ഥാനമായി വളരില്ലെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കണം” (ദേശാഭിമാനി, 1993). പശ്ചിമബംഗാളില്‍ ത്രിതല പഞ്ചായത്തുകളെ ഉപയോഗിച്ച് ഉല്‍പ്പാദന മേഖലയില്‍ ജ്യോതിബസു ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ് എന്നും ഇ എം എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അധികാര വികേന്ദ്രീകരണത്തിന് രണ്ടു ദശകങ്ങള്‍ കഴിഞ്ഞിട്ടും വികേന്ദ്രീകൃതാസൂത്രണത്തെ ഇ എം എസ് വിഭാവനം ചെയ്ത തരത്തില്‍ ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്തിന്റെ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനായില്ല എന്ന പോരായ്മ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷന് പ്രസക്തി വര്‍ദ്ധിക്കുന്നത്. പൂര്‍ണ്ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും നിരവധി ഏജന്‍സികളുടെയും പദ്ധതികളുടെ ഏകോപനവും സംയോജനവും പ്രാദേശിക തലത്തില്‍ ഉറപ്പാക്കി നടപ്പാക്കുന്ന മിഷനാണ് ഹരിത കേരളം. സുരക്ഷിത ഭക്ഷണത്തിനായുള്ള വിപുലമായ ജനകീയ പരിപാടിയായി പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് കഴിഞ്ഞ നാലര വര്‍ഷക്കാലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ സംസ്ഥാനത്തെ വാര്‍ഷിക പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയാക്കി. സുഭിക്ഷ കേരളം പദ്ധതി ഈ ഇടപെടലുകളെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്. നെല്‍കൃഷി ഇരുപത്തി അയ്യായിരം ഹെക്ടര്‍ അധികം ഭൂമിയിലേക്ക് വ്യാപിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തിലധികം പച്ചതുരുത്തുകള്‍ക്ക് അറുന്നൂറിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കി. കേരളത്തിലെ പകുതിയിലധികം ഗ്രാമപ്പഞ്ചായത്തുകളും മുക്കാല്‍ പങ്കു നഗരസഭകളും മെച്ചപ്പെട്ട ഖര മാലിന്യ സംസ്കരണം നടപ്പാക്കി ശുചിത്വ പദവി നേടിക്കഴിഞ്ഞു. ജല സംരക്ഷണ മേഖലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലാത്ത ജലസേചന വകുപ്പിന്റെയടക്കം സാങ്കേതിക പിന്തുണ താഴെത്തട്ടില്‍ ലഭ്യമാക്കുന്നതിനു ഹരിത കേരളം മിഷന്‍ അവസരമൊരുക്കിയിട്ടുണ്ട്. പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ നാല്‍പ്പത്തിയൊന്നായിരം കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനപങ്കാളിത്തത്തിലും വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രനേട്ടം തന്നെയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും കാര്യക്ഷമമായ ഉപയോഗമാണ് ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കിയത്. കേരളത്തെ പരിസ്ഥിതി സൌഹൃദ സംസ്ഥാനമാക്കും എന്ന് തിരഞ്ഞെടുപ്പു പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ അണിനിരത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുന്നേറാന്‍ ഹരിത കേരളം മിഷന് കഴിയുന്നുണ്ട്.
നാല് വികസന മിഷനുകളുടെയും ഘടന കേന്ദ്രീകൃത സ്വഭാവം പൂര്‍ണ്ണമായും ഒഴിവാക്കുന്ന തരത്തിലാണ്. നാല് മിഷനുകള്‍ക്കും സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മ്മാനായും ബന്ധപ്പെട്ട മന്ത്രിമാര്‍ ഉപാദ്ധ്യക്ഷരായും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരും സംഘടനാ നേതാക്കളും അടങ്ങുന്ന നാല് സംസ്ഥാനതല മിഷനുകള്‍ ഉണ്ട്. പ്രായോഗികമായി കാര്യങ്ങള്‍ നടത്തുന്നതിന് ഇതിനുകീഴില്‍ ഉദ്യോഗസ്ഥരടങ്ങുന്ന കര്‍മ്മസമിതികളും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ജില്ല-ബ്ലോക്ക്-പഞ്ചായത്ത്/നഗരസഭാ തലത്തില്‍ തദ്ദേശ ഭരണ പ്രസിഡന്റുമാര്‍ അദ്ധ്യക്ഷരായി ഒറ്റസമിതി മാത്രമേ നാല് മിഷനുകള്‍ക്കും കൂടി ഉള്ളൂ. ജില്ല മുതലുള്ള മിഷന്‍ സമിതികളുടെ അദ്ധ്യക്ഷര്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭയില്‍ ചെയര്‍പേഴ്സനുമാണ്. ജില്ലാതലത്തില്‍ കലക്ടര്‍ അദ്ധ്യക്ഷനായുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കര്‍മ്മസമിതികള്‍ ഓരോ മിഷനും വേറെ വേറെ രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത്/നഗരസഭാ തലത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകം കര്‍മ്മസമിതികള്‍ തദ്ദേശ ഭരണതല മിഷനുകള്‍ക്ക് കീഴിലുണ്ട്. ഇങ്ങനെ ഘടനാപരമായിത്തന്നെ മിഷന്‍ സംവിധാനത്തെ മൂന്നുതട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി പൂര്‍ണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ജില്ലകളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏകോപനവും സംയോജനവും പരിശോധിക്കുന്നതിനും സഹായകരമായ ശൃംഖലയായി പ്രവര്‍ത്തിക്കാന്‍ മിഷന്റെ ഈ ഘടന സഹായകരമാണ്.
ആദ്യം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി ഇവിടെ ആവര്‍ത്തിക്കാം; മിഷനുകള്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്തുകയാണോ ചെയ്യുന്നത്? ജനകീയാസൂത്രണം രണ്ടാം ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മിഷനുകള്‍ക്ക് കഴിയുന്നുണ്ടോ?
നവകേരളം കര്‍മ്മപദ്ധതിയുടെ മാര്‍ഗ്ഗരേഖയില്‍ മിഷനുകളുടെ പൊതുലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പറയുന്നതുപോലെ “ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ ഏകോപിപ്പിക്കുക”യെന്ന ചുമതല നിര്‍വ്വഹിക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് മിഷനുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശിക പദ്ധതികള്‍ക്ക് കൂടുതല്‍ വിഭവ സമാഹരണം സാദ്ധ്യമാകുന്നുണ്ട്, അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ടില്‍ ഇന്നേ വരെ ഇല്ലാത്ത രീതിയില്‍ പദ്ധതികള്‍ തമ്മില്‍ ഏകോപനവും സംയോജനവും സാദ്ധ്യമാകുന്നുണ്ട്, ഇതുവരെ വെള്ളം കയറാത്ത അറകളായി മാറിനിന്ന വകുപ്പുകള്‍ അടക്കം പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും നേരിടുന്നതിലും അതിജീവിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷിയും നേതൃത്വവും അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു, പ്രാദേശിക വികസന പ്രക്രിയയില്‍ അര്‍ത്ഥവത്തായ ജനപങ്കാളിത്തം തിരിച്ചുവരുന്നു! അങ്ങനെ നവകേരള സൃഷ്ടിയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് സംസ്ഥാനമാകെ നീങ്ങുമ്പോള്‍ വികസനത്തിന്റെ ഏറ്റവും നിര്‍ണ്ണായക മേഖലകളില്‍ ഇടപെട്ടുകൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജവും ആയുധവുമാണ് വികസന മിഷനുകള്‍.
ഗ്രന്ഥ സൂചിക
1) ചിന്ത വാരിക (1995): പഞ്ചായത്തീ രാജ് പതിപ്പ് ,1995.
2) തോമസ് ഐസക് (1997): ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ,1997
3) മാര്‍ക്സിസ്റ്റ് സംവാദം (2002): അധികാര വികേന്ദ്രീകരണം പിന്നിട്ട ദശാബ്ദം, മാര്‍ച്ച്
4) ഇ എം എസ് (2009): അധികാര വികേന്ദ്രീകരണത്തെപ്പറ്റി, ചിന്ത പബ്ലിഷേഴ്സ്.
5) നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് (2016): സഞ്ചിക 2, എ കെ ജി പഠന ഗവേഷണ കേന്ദ്രം.
6) ചിന്ത വാരിക (2017): രണ്ടാം ജനകീയാസൂത്രണത്തിന്റെ പ്രസക്തി , ഫെബ്രുവരി 6.
7) കേരള സര്‍ക്കാര്‍ (2017): നവകേരളം കര്‍മ്മപദ്ധതി - മാര്‍ഗ്ഗരേഖ - സര്‍ക്കാര്‍ ഉത്തരവ്, ഏപ്രില്‍.
8) കേരള സര്‍ക്കാര്‍ (2020): പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് -2016 മേയ് 24- 2020 മേയ് 23, ഇന്‍ഫോര്‍മ്മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെപ്തംബര്‍.