ജനകീയാസൂത്രണത്തിന്റെ ഭാവി

കെ എന്‍ ഹരിലാല്‍

കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്ടര ദശാബ്ദം പിന്നിടുന്ന പ്രസ്ഥാനം തളരുകയല്ല മറിച്ചു കൂടുതല്‍ പ്രസക്തമാവുകയും വളരുകയുമാണ് എന്നു വിമര്‍ശകര്‍ പോലും സമ്മതിക്കും. 1990 കളില്‍ ലോകബാങ്കിന്റെയും മറ്റും ഒത്താശയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ആരംഭിക്കുകയും ഏറെ കൊട്ടിഘോഷിക്കപ്പെടുകയും ചെയ്ത പങ്കാളിത്ത ജനാധിപത്യത്തിന്റെ ഏതാണ്ടെല്ലാ മാതൃകകളും അപ്രത്യക്ഷമാവുകയോ ദുര്‍ബ്ബലപ്പെടുകയോ ചെയ്തിരിക്കുന്നു. ബ്രസീലിലെ പ്രസിദ്ധമായ പൊര്‍ടോ അലെഗെ മാതൃക പോലും നാമമാത്രമായ നിലയിലാണ് തുടരുന്നത്. ഇന്ത്യയിലെ സമാന പരീക്ഷണങ്ങളുടെ കഥയും വ്യത്യസ്തമല്ല. കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ തുടര്‍ച്ചയുടെയും വളര്‍ച്ചയുടെയും രഹസ്യം അത് ഏതെങ്കിലും വിദേശ ഫണ്ടിങ് ഏജന്‍സികളുടെ ഒത്താശയില്‍ തുടങ്ങിയതായിരുന്നില്ല എന്നതാണ്. കേരളത്തിന്റെ ബൃഹത്തായ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ തുടര്‍ച്ചയെയാണ് ജനകീയാസൂത്രണം അടയാളപ്പെടുത്തുന്നത്. പ്രസിദ്ധമായ കേരള വികസന മാതൃകയുടെ അടിസ്ഥാനം സംസ്ഥാനത്തെ ജനങ്ങളുടെ കൂട്ടായ ഇടപെടലിന്റെ പാരമ്പര്യമാണ് എന്ന കാര്യം സുവിദിതമാണ്. കേരളീയര്‍ തങ്ങളുടെ ഭാവിയെ വിധിക്കോ കമ്പോളത്തിനോ പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തവരാണ്. കൂട്ടായ ഇടപെടലിലൂടെ തങ്ങളുടെ ഭാവിയെ കെട്ടിപ്പടുക്കാനാണ് കേരള ജനത എല്ലാ പരിമിതകള്‍ക്കും ഇടയില്‍ പരിശ്രമിക്കുന്നത്. കൂട്ടായ ഇടപെടലിന്റെ തുടര്‍ച്ചയും ജനാധിപത്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള പരിശ്രമവുമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തെ ഇതര പരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും വിജയിപ്പിക്കുന്നതും.

ജനകീയാസൂത്രണത്തിന്റെ ഇതഃപര്യന്തമുള്ള പുരോഗതി സ്വച്ഛവും സുഗമവുമായിരുന്നു എന്ന അഭിപ്രായം ഈ ലേഖകനില്ല. യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് പല തരത്തിലുള്ള വെള്ളംചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ട്. തിരിച്ചടികള്‍ ഉണ്ടായെങ്കിലും ജനാധിപത്യപരമായ വിമര്‍ശനവും തെറ്റുതിരുത്തലുമാണ് ജനകീയാസൂത്രണത്തിന്റെ വിജയത്തിന്റെയും തുടര്‍ച്ചയുടെയും രഹസ്യം. ജനകീയാസൂത്രണ പ്രസ്ഥാനം അകത്തുനിന്നും പുറത്തുനിന്നുമുള്ള വിമര്‍ശനങ്ങളെ ഗൗരവത്തിലെടുക്കാനും തിരുത്താനും തയ്യാറായിട്ടുണ്ട് എന്നതാണ് പ്രസക്തമായ കാര്യം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് അത്തരമൊരു പരിശോധന നടത്തിയിരുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇതിനുദാഹരണമാണ്. ഇതോടൊപ്പം നിരവധി അക്കാദമിക് പഠനങ്ങളും സംവാദങ്ങളും ഇതു സംബന്ധിച്ചു നടക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം പഠനങ്ങളുടെയും സംവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ജനകീയാസൂത്രണ രംഗത്ത് ഇടപെട്ടത്. ജനകീയാസൂത്രണത്തിന്റെ പുതിയ ഘട്ടം 2017 ജനുവരി 21 തൃശ്ശൂരില്‍ വച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം സര്‍ക്കാരിന്റെ സമീപനം എന്തായിരിക്കും എന്നു വിശദമായിത്തന്നെ വ്യക്തമാക്കുന്ന ഒന്നായിരുന്നു. 

പിണറായി സര്‍ക്കാര്‍ ജനകീയാസൂത്രണ രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളിലേക്കു വരുന്നതിനു മുമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ദിവസം തന്നെ നടത്തിയ കേരളത്തില്‍ ആസൂത്രണം തുടരും എന്ന പ്രഖ്യാപനം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ഇനിമുതല്‍ വേണ്ട എന്നു തീരുമാനിച്ച ഘട്ടത്തിലാണ് കേരളം ആസൂത്രണവും പദ്ധതി രൂപീകരണവും തുടരും എന്നു പ്രഖ്യാപിച്ചത്. ആസൂത്രണത്തിന്റെ തുടര്‍ച്ചയും ജനാധിപത്യത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്. ആസൂത്രണം എന്നത് നാടിന്റെ വികസന മുന്‍ഗണനകള്‍ ജനാധിപത്യപരമായി തീരുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. വികസന പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ട് വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കി സുതാര്യമായി നടപ്പിലാക്കുന്ന രീതിയാണ് ആസൂത്രണത്തെ പ്രസക്തമാക്കുന്നത്. ആസൂത്രണത്തിന്റെ അഭാവത്തില്‍ വികസന സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതും അവയുടെ മുന്‍ഗണന തീരുമാനിക്കുന്നതും താല്‍ക്കാലിക പരിഗണനകള്‍ മാത്രം കണക്കിലെടുത്തും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചുമായിരിക്കും. സംസ്ഥാനതലത്തിലും താഴെത്തട്ടിലും ആസൂത്രണവും പദ്ധതി രൂപീകരണവും നിര്‍വ്വഹണവും തുടരും എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലം ഇതാണ്. 

വികസനകാര്യങ്ങള്‍ വിപുലമായതും സുതാര്യവുമായ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ഭരണകൂടത്തിനും അതിന്റെ ഭാഗമായ ബ്യൂറോക്രസിക്കും താല്പര്യം ഉണ്ടാവില്ല. വികസന ആസൂത്രണത്തെ ഔപചാരികമായി അംഗീകരിച്ചാല്‍പ്പോലും അതിനെ സാങ്കേതികത്വത്തിന്റെയും നടപടിക്രമങ്ങളുടെയും പേരുപറഞ്ഞ് സ്വന്തം വരുതിയില്‍ നിര്‍ത്താനാണ് ഭരണകൂടവും ബ്യൂറോക്രസിയും പരിശ്രമിക്കുക. പ്രസിദ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പാര്‍ത്ഥാ ചാറ്റര്‍ജി ഇന്ത്യന്‍ ആസൂത്രണത്തെ പറ്റി ഇത്തരമൊരു വിമര്‍ശനം മുന്നോട്ടുവെച്ചിട്ടുണ്ട്. ഭരണകൂടം ആസൂത്രണത്തെയും ജനാധിപത്യ സംവിധാനങ്ങളെയും സ്വാംശീകരിക്കാനും സ്വന്തം വരുതിയിലാക്കാനും പരിശ്രമിക്കുക സ്വാഭാവികമാണ്. ഇത്തരമൊരു വ്യതിയാനം ജനകീയാസൂത്രണത്തിലും സംഭവിച്ചിട്ടുണ്ട്. ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും നടപടിക്രമങ്ങള്‍ അതിസങ്കീര്‍ണ്ണമാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് ഇതിനുദാഹരണമാണ്.

ജനകീയാസൂത്രണത്തെ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ നിന്നും മോചിപ്പിച്ചു എന്നതാണ് പിണറായി സര്‍ക്കാരിന്റെ തദ്ദേശ ഭരണരംഗത്തെ ഏറ്റവും വലിയ നേട്ടം. ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുടെയും ഭാരം വളരെ വലുതായിരുന്നു. പ്രാദേശിക സര്‍ക്കാരുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതോടുകൂടി പ്രാദേശിക വികസനത്തില്‍ അഭൂതപൂര്‍വ്വമായ ഉണര്‍വ്വും ഉത്സാഹവും പുരോഗതിയും ഉണ്ടായി. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളായി വളരുന്ന പ്രവണത ശക്തമായി.

പതിമൂന്നാം പദ്ധതിയുടെ ആരംഭം വരെ നാം നേരിട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതയും പദ്ധതി രൂപീകരണത്തില്‍ വരുന്ന വലിയ കാലതാമസവും തന്മൂലം നിര്‍വ്വഹണത്തില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളുമായിരുന്നു. ധനകാര്യവര്‍ഷം ആരംഭിച്ചാല്‍ 7-8 മാസം വരെയോ അതില്‍ കൂടുതലോ പദ്ധതി രൂപീകരണ പ്രക്രിയ നീളുന്നതായിരുന്നു നമ്മുടെ അനുഭവം. മൂന്നു - നാലു മാസം കൊണ്ട്, പലപ്പോഴും മാര്‍ച്ചിലെ അവസാന ആഴ്ചകളില്‍ ഓടിച്ചിട്ടു നിര്‍വ്വഹണം നടത്തുകയായിരുന്നു പതിവ്. ഈ രീതിയിലെ പോരായ്മ തദ്ദേശ ഭരണ സ്ഥാപനങ്ങളും വകുപ്പും ഉള്‍ക്കൊണ്ട് വിപുലമായ മാറ്റത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് നേടാന്‍ കഴിയാത്ത പല ലക്ഷ്യങ്ങളും നമുക്ക് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് നേടാന്‍ കഴിഞ്ഞു.

മുന്‍കാലങ്ങളില്‍ പദ്ധതി ആസൂത്രണ പ്രക്രിയ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ - ഒക്ടോബര്‍ വരെ നീണ്ടുപോയിരുന്നു. ഈ രീതി മാറ്റി വര്‍ഷാരംഭത്തില്‍ തന്നെ പദ്ധതി നിര്‍വ്വഹണത്തിനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമം 2017 ആദ്യം തന്നെ ആരംഭിച്ചു. ഇതിന്റെ ഫലമായി 2017 ജൂണ്‍ 15 നകം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 2017-18 ലെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞു. അതുവഴി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. 2018-19 ല്‍ ഒരു പടികൂടി കടന്ന് ഭരണപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒഴികെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് ചരിത്രം കുറിച്ചു. ഈ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2018-19 ലെ പദ്ധതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞു. അങ്ങനെ വരുംവര്‍ഷത്തെ പദ്ധതി ആസൂത്രണം മുന്‍വര്‍ഷം നവംബര്‍ മാസത്തോടെ ആരംഭിക്കുകയും പദ്ധതി അംഗീകാര നടപടി മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാക്കുകയും ചെയ്ത് ഏപ്രില്‍ ഒന്നാം തീയതിയോടെ പദ്ധതി നിര്‍വ്വഹണം ആരംഭിക്കുക എന്ന പ്ലാനിങ് സൈക്കിളിലേയ്ക്ക് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും കടന്നു. ഇത് ഒരു ചരിത്ര നേട്ടമായിരുന്നു.

ആസൂത്രണം സമയബന്ധിതമായതിന്റെ ഫലമായുണ്ടായ വലിയ നേട്ടത്തിന് തെളിവ് പദ്ധതിച്ചെലവിന്റെ മാസാടിസ്ഥാനത്തിലുള്ള കണക്കുകളാണ്. വര്‍ഷാവസാനം മാത്രം പദ്ധതി അംഗീകരിച്ച് വര്‍ഷാന്ത്യ മാസങ്ങളില്‍ പണം വിതരണം ചെയ്യുകയായിരുന്നു മുന്‍കാലത്തെ രീതി. ഇപ്പോള്‍ അത് മാറി. ആദ്യമാസങ്ങള്‍ മുതല്‍ പദ്ധതി ചെലവ് രേഖപ്പെടുത്തുന്ന സ്ഥിതി വന്നു. അതായത് പദ്ധതി പ്രവര്‍ത്തനം വര്‍ഷം മുഴുവന്‍ നടക്കുന്ന ജൈവ പ്രക്രിയയായി മാറി. താഴെപ്പറയുന്ന പട്ടിക 1 ഇതു വ്യക്തമാക്കും. 

പട്ടിക 1 : 2014-15 മുതല്‍ 2020-21 വരെയുള്ള ഓരോ ത്രൈമാസത്തെയും  പദ്ധതിച്ചെലവ് (ശതമാനം)
വര്‍ഷം    ജൂണ്‍ വരെ    സെപ്റ്റംബര്‍  വരെ    ഡിസംബര്‍  വരെ    മാര്‍ച്ച് വരെ
2014-15        1.39                         11.23                           25.47                           68.21
2015-16         0.82                        10.81                           23.99                           73.61
2016-17         NIL                          2.27                            14.7                              67.08
2017-18        4.99                         20.57                          30.09                            85.44
2018-19        11.53                       30.49                          53.38                              84.66
2019-20        8.87                         24.76                          35.84                              54.13
2020-21       21.69                         --                                 --                                       --

 
മുന്‍ കാലങ്ങളില്‍ പ്രൊജക്ടുകള്‍ ബന്ധപ്പെട്ട വെറ്റിങ് ഓഫീസര്‍ പരിശോധിച്ച് അംഗീകരിച്ചതിനുശേഷമമായിരുന്നു വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിന് നല്‍കിയിരുന്നത്. പദ്ധതി സമര്‍പ്പണത്തിന്റെ തിരക്കില്‍ ഇപ്രകാരമുള്ള അംഗീകാര പ്രക്രിയ ഫലപ്രദമായിരുന്നില്ല. ഇത് മാറ്റി ആദ്യം വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കുക എന്ന രീതി നിശ്ചയിച്ചു. തുടര്‍ന്നു നിര്‍വ്വഹണത്തിനു മുമ്പ് പ്രൊജക്ടുകള്‍ക്ക് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്ന രീതിയിലേക്കു മാറി. ഇതുവഴി വാര്‍ഷിക പദ്ധതി അംഗീകാരത്തിനുള്ള കാലതാമസമൊഴിവാക്കാനും ധൃതിപിടിച്ച് പ്രൊജക്ടുകള്‍ വെറ്റു ചെയ്യുന്ന രീതി ഒഴിവാക്കാനും കഴിഞ്ഞു. നിര്‍മ്മാണ പ്രൊജക്ടുകളുടെ സുഗമമായ നിര്‍വ്വഹണത്തിന് തടസ്സമായി നിന്നിരുന്ന ഒരു ഘടകം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രൊജക്ടുകള്‍ വെറ്റുചെയ്യുന്നതിനും സാങ്കേതികാനുമതി നല്‍കുന്നതിനുമുള്ള സൗകര്യമില്ലായിരുന്നു എന്നതാണ്. ഉദാഹരണത്തിന് ജില്ലാ പഞ്ചായത്തുകളുടേയും കോര്‍പ്പറേഷന്റെയും ആയിരക്കണക്കിന് പ്രൊജക്ടുകള്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടിവന്നു. എന്നാല്‍ പ്രൊജക്ട് വെറ്റിംഗിനു സാങ്കേതികാനുമതി നല്‍കുന്നതിനുള്ള അധികാരം വികേന്ദ്രീകരിച്ചുകൊണ്ട് ഈ തടസ്സം നീക്കി. ഇതിനായി മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പുതിയ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുകയും ട്രഷറി കോഡു അനുവദിക്കുകയും ചെയ്തു.

നിര്‍മ്മാണ പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതി മുഖേന നടപ്പാക്കുന്നതില്‍ വ്യാപകമായ ആക്ഷേപങ്ങള്‍ നിലനിന്നിരുന്നു. ഇതു പരിഹരിക്കുന്നതിന് ഗുണഭോക്തൃ സമിതി മുഖേന നടപ്പാക്കാവുന്ന പ്രൊജക്ടുകളുടെ പരിധി 5.00 ലക്ഷം രൂപയില്‍ നിന്ന് 50,000/- രൂപയായി കുറച്ചു. എന്നാല്‍ പി.റ്റി.എ (പേരന്റ് ടീച്ചേഴ്സ് അസോസിയേഷന്‍) പോലുള്ള സമിതികള്‍ക്ക് ഇതു ബാധകമാക്കിയുമില്ല. 50,000/- രൂപയിലധികമുള്ള പ്രൊജക്ടുകള്‍ക്ക് ടെണ്ടര്‍ നടപടി ബാധകമാക്കിയതു വഴി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടായി. ഉദാഹരണത്തിന് സംസ്ഥാനത്താകമാനം ടെണ്ടര്‍ സേവിംഗ്സിനായി 239.60 കോടി രൂപ 2017-18 ലും 212.22 കോടി രൂപ 2018-19 ലും 205.62 കോടി രൂപ 2019-20 ലും ലഭിച്ചു. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉയര്‍ത്തി. 
2014-15 മുതലുള്ള മൂന്നുവര്‍ഷക്കാലം പദ്ധതിച്ചെലവ് 68 ശതമാനം, 73 ശതമാനം, 67 ശതമാനം എന്നീ രീതിയിലായിരുന്നു. എന്നാല്‍ 2017-18 പദ്ധതിച്ചെലവ് 85.43 ശതമാനമായി. ട്രഷറികളില്‍ വളരെ താമസിച്ചു സമര്‍പ്പിച്ച ക്യൂ ബില്ലുകള്‍ കൂടി പരിഗണിച്ചാല്‍ ഇത് 90.10 ശതമാനമാണ്. ഇത് ജനകീയാസൂത്രണ ചരിത്രത്തില്‍ ആദ്യമാണ്. 220 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 100 ശതമാനം തുക ചെലവഴിച്ചു. 2016-17 ലെ സംസ്ഥാനത്തെ ശരാശരി പദ്ധതിച്ചെലവ് 67 ശതമാനമായിരുന്നു. എന്നാല്‍ 2017-18 ല്‍ വെറും 87 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് മുന്‍വര്‍ഷത്തെ ശരാശരി പദ്ധതിച്ചെലവിനേക്കാള്‍ താഴെപ്പോയത്. 2018-19 ലും പദ്ധതിച്ചെലവ് മികച്ച നിലയിലായിരുന്നു, 84.66 ശതമാനം. കേരളത്തില്‍ കൊടിയ നാശം വിതച്ച പ്രളയസമയത്തും ഈ ഉയര്‍ന്ന പദ്ധതിച്ചെലവ് എടുത്തുപറയേണ്ടതാണ്. പെന്റിംഗ് ബില്‍ കൂടി ചേര്‍ത്താല്‍ ചെലവ് 93 ശതമാനമാണ്. കോവിഡ് മഹാമാരിയുടേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം (2019-20) കുറെ ബില്ലുകള്‍ ട്രഷറിയില്‍ കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞില്ല. കൊടുത്തവ മാറാനും ചില സ്ഥലങ്ങളില്‍ തടസ്സമുണ്ടായി. എന്നാല്‍ ട്രഷറിയില്‍ നല്‍കിയ എല്ലാ ബില്ലുകളും 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ മാറി. അതിനാലാണ് ജൂണ്‍ അവസാനം ആയപ്പോള്‍ തന്നെ നടപ്പുവര്‍ഷം (2020-21) പദ്ധതി ചെലവ് 23 ശതമാനമായത്.

പദ്ധതി ആസൂത്രണ നിര്‍വ്വഹണത്തിന് മുമ്പു പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയതോടൊപ്പം നഷ്ടപ്പെട്ടുപോയ ജനപങ്കാളിത്തം വീണ്ടെടുക്കാനും ചില പരിഷ്കാരങ്ങള്‍ വരുത്തി. ആസൂത്രണ പ്രക്രിയയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആസൂത്രണ സമിതി രൂപീകരിച്ചു. ഈ സമിതിയില്‍ സന്നദ്ധ പ്രവര്‍ത്തകരായ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ പദ്ധതി നിര്‍വ്വഹണത്തിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ വിലയിരുത്തി പരിഹരിക്കുന്നതിനും വകുപ്പുതല സംയോജനത്തിനും സര്‍ക്കാര്‍ തലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ചിട്ടപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി വിഹിതത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവു വരുത്തി. ഓരോ വര്‍ഷവും സംസ്ഥാന ബജറ്റില്‍ പദ്ധതി വിഹിതത്തിന്റെ 0.50 ശതമാനം വീതം അധികമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കി. ഇതിന്റെ വിശദാംശം താഴെ പട്ടിക 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പട്ടിക 2: പദ്ധതി വിഹിതത്തിന്റെ വര്‍ദ്ധന
വര്‍ഷം    തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദ്ധതി വിഹിതം (കോടി രൂപ)    സംസ്ഥാന ബജറ്റ് വിഹിതം (കോടി രൂപ)    തദ്ദേശ ഭരണ സ്ഥാപനത്തിന് ലഭിച്ച വിഹിതത്തിന്റെ ശതമാനം
2020-21                                              6903.00                                                                                                     27,610.00                                                                                                        25.00
2019-20                                             7500.00                                                                                                     30,610.00                                                                                                           24.50
2018-19                                             7000.00                                                                                                    29,150.00                                                                                                          24.00
2017-18                                              6227.00                                                                                                    26,500.00                                                                                                          23.50
2016-17                                             5500.00                                                                                                        24,000.00                                                                                                        22.92


പ്രാദേശിക ആസൂത്രണത്തിന്റെ മേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ മറ്റൊരു ശ്രദ്ധേയമായ ഇടപെടല്‍ നഗരാസൂത്രണവുമായി ബന്ധപ്പെട്ടതാണ്. ഗ്രാമ/നഗര വ്യത്യാസമില്ലാതെ ഒരേ ആസൂത്രണ നടപടിക്രമങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്നത്. വളരെ വേഗത്തില്‍ നഗരവല്‍ക്കരണം സംഭവിക്കുകയും അതുമായി ബന്ധപ്പെട്ട സവിശേഷ വികസന പ്രശ്നങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ ഗ്രാമ/നഗര വ്യത്യാസമില്ലാത്ത ആസൂത്രണ സമീപനം ഒരു രീതിയിലും ന്യായീകരിക്കത്തക്കതല്ല. അതുകൊണ്ട് ആദ്യമായി നഗരസഭകള്‍ക്ക് പ്രത്യേകമായി ആസൂത്രണ നടപടിക്രമങ്ങള്‍ തയ്യാറാക്കി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായി. യഥാര്‍ത്ഥത്തില്‍ ഇത് ഒരു തുടക്കം മാത്രമാണ്. നഗരവല്‍ക്കരണത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ നഗരങ്ങളില്‍ പദ്ധതികള്‍ കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കപ്പെടണം. അത് വരുംകാലത്തിന്റെ വെല്ലുവിളിയാണ്.

ജില്ലാപദ്ധതി

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വികസന പദ്ധതികള്‍ രൂപീകരിക്കണം എന്നതും ജില്ലാ ആസൂത്രണ സമിതികള്‍ ജില്ലാപദ്ധതികള്‍ തയ്യാറാക്കണം എന്നതും ഭരണഘടനാപരമായ ബാദ്ധ്യതയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ചില ജില്ലകളില്‍ മാതൃകാ ജില്ലാപദ്ധതികള്‍ തയ്യാറാക്കിയത് ഒഴിച്ചാല്‍ ഒരു സംസ്ഥാനത്തും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

കേരളത്തിലേതുപോലെ ബഹുതല ആസൂത്രണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ജില്ലാപദ്ധതിക്ക് വലിയ പ്രാധാന്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍, നഗരസഭകള്‍, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ നിരവധി ഏജന്‍സികള്‍ ആണ് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. സര്‍ക്കാരിത സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും നടത്തുന്ന വികസന രംഗത്തെ ഇടപെടലുകള്‍ വേറെ. വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തനങ്ങളായി മാറിയാലോ? അവ ഓരോന്നും പരസ്പരം മത്സരിച്ചു തോല്‍പ്പിക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്താലോ? പരസ്പരം തോല്‍പ്പിക്കുകയോ ദുര്‍ബ്ബലപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പകരം പരസ്പര പൂരകമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജില്ലാ പദ്ധതിയുടെ ഏറ്റവും പ്രധാന ലക്ഷ്യം തീര്‍ത്തും അനിവാര്യമായ വികസന ഏകോപനമാണ്. വികസന ഏജന്‍സികള്‍ തമ്മിലും അവയുടെ ലക്ഷ്യങ്ങള്‍ തമ്മിലും മാര്‍ഗ്ഗങ്ങള്‍ തമ്മിലുമുള്ള ഏകോപനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ കാര്യത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്ന് എല്ലാ ജില്ലകളിലും ലക്ഷണമൊത്ത ജില്ലാപദ്ധതി തയ്യാറാക്കി എന്നതാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കഴിയാത്ത നേട്ടമാണ് കേരളം ഇതിലൂടെ സാദ്ധ്യമാക്കിയത്. 

ജില്ലാപദ്ധതിയില്‍ പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ജില്ലയുടെ വികസനം സംബന്ധിച്ച വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യമാണ് ആദ്യത്തെ ഭാഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് രണ്ടാമത്തെ ഭാഗം. 

വികസനം കാലപ്രയാണത്തോടൊപ്പം പുരോഗമിക്കുന്ന ഒരു പ്രതിഭാസമാണ് എന്ന വസ്തുത നാം എപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമാണ്. എന്നാല്‍, വികസനത്തിന്റെ സ്ഥലപരമായ വിതരണത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന കാര്യം നാം വേണ്ടത്ര മനസ്സിലാക്കുന്നില്ല. ആ കാര്യം പരിഗണനയിലേ ഇല്ലെന്നായിരുന്നു എന്നതാണ് വസ്തുത. വികസനത്തിന്റെ സ്ഥലവിന്യാസം ഇന്നു ലോകരാജ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുന്ന വിഷയമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പരിസ്ഥിതി ദുരന്തങ്ങളുടെയും നഗരവല്‍ക്കരണത്തിന്റെ വിപരീത പ്രത്യാഘാതങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ഭാവിയില്‍ കേരളം സ്ഥലപരമായ ആസൂത്രണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതിന്റെ നിര്‍ണ്ണായകമായ തുടക്കം കേരളം സാദ്ധ്യമാക്കിയിരിക്കുന്നു എന്നതിന് തെളിവാണ് ജില്ലാ പദ്ധതികള്‍, വിശേഷിച്ചും വികസനത്തിന്റെ സ്ഥലമാനങ്ങള്‍ എന്ന അതിലെ അദ്ധ്യായം.

ജില്ലാപദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട ഒരു കാര്യം അതില്‍ ഉണ്ടായ വിപുലമായ ജനപങ്കാളിത്തമാണ്. ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് ജില്ലാ പദ്ധതികള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തയ്യാറാക്കിയത്. ജില്ലാ പദ്ധതിയുടെ കരട് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി അവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. എല്ലാ ജില്ലകളിലും നല്ല തയ്യാറെടുപ്പോടുകൂടി ജില്ലാ വികസന സെമിനാറുകള്‍ സംഘടിപ്പിച്ചു. സംസ്ഥാന തലത്തില്‍ ജില്ലാ പദ്ധതികളുടെ പരിശോധനയും സെമിനാറുകളും നടത്തി ആവശ്യമായ തിരുത്തലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറി. ഏറ്റവും ഒടുവില്‍ സംസ്ഥാന വികസന കൗണ്‍സിലിന്റെ യോഗം ചേര്‍ന്നു ജില്ലാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

ഉല്പാദനമേഖല

കൃഷിയും വ്യവസായവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനമേഖലയായിരുന്നു ജനകീയാസൂത്രണത്തിന്റെ ബാലികേറാമല. കൃഷിയിലും വ്യവസായത്തിലും ജനകീയാസൂത്രണത്തിന് വലിയ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു പഠനങ്ങളുടെയെല്ലാം നിരീക്ഷണം. ഈ സര്‍ക്കാരിന്റെ കാലത്ത് ആ പഴയ ദൗര്‍ബ്ബല്യം ഒരു പഴങ്കഥയായി മാറി. നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കല്‍, തരിശു നിലം കൃഷിയോഗ്യമാക്കല്‍, നെല്ല്, പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി തുടങ്ങിയവയുടെ ഉല്പാദനം, ഉല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധേയമായ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഉല്പാദന രംഗത്തുണ്ടായ ഉണര്‍വ്വിന് ആസൂത്രണ നടപടിക്രമങ്ങളുമായി നല്ല ബന്ധമുണ്ട്. ഉല്പാദന മേഖലയ്ക്ക് നിശ്ചിത ശതമാനം പദ്ധതി അടങ്കല്‍ നീക്കിവയ്ക്കണം എന്ന വ്യവസ്ഥ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്തു കളഞ്ഞിരുന്നു. ഈ നിബന്ധന തിരിച്ചുകൊണ്ടുവന്നത് ഉല്പാദന മേഖലയെ സഹായിച്ചത് ചെറിയ അളവിലല്ല. കൃഷിക്കുള്ള ആനുകൂല്യങ്ങള്‍ ദാരിദ്ര്യ മേഖലയ്ക്ക് താഴെയുള്ള കൃഷിക്കാര്‍ക്ക് മാത്രമേ നല്‍കാവൂ എന്ന വ്യവസ്ഥ കാലഹരണപ്പെട്ടിരുന്നു. നെല്‍കൃഷിയും മറ്റും ചെയ്യാന്‍ മുന്നോട്ടുവരുന്ന ചെറുകിട നാമമാത്ര കൃഷിക്കാര്‍ക്ക് സബ്സിഡി നല്‍കുന്നതിനുള്ള ക്രമീകരണം സര്‍ക്കാര്‍ സ്വീകരിച്ചു. അര്‍ഹതയുള്ള കൃഷിക്കാര്‍ക്കെല്ലാം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആനുകൂല്യം നല്‍കുന്ന സ്ഥിതിയുണ്ടായി എന്നു മാത്രമല്ല ആനുകൂല്യങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായി. ഒട്ടേറെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിപണന രംഗത്തേക്കും കടന്നുവന്നു. പ്രാദേശികമായി ഉല്പാദിപ്പിച്ച നെല്ല് കുത്തി അരിയാക്കി ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യുന്ന മാതൃക വ്യാപകമായി. സ്വാഭാവികമായും ഉല്പാദന മേഖലയില്‍ ദീര്‍ഘകാലമായി അനുഭവിച്ചിരുന്ന മുരടിപ്പിനെ അതിജീവിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു.

ഉല്പാദന-പശ്ചാത്തല മേഖലകളില്‍ എന്നപോലെ ക്ഷേമരംഗത്തും ഈ കാലയളവില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിഞ്ഞു. കിടപ്പുരോഗികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗ ന്യൂനപക്ഷങ്ങള്‍, വൃദ്ധര്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ വ്യാപകമായി ഏറ്റെടുക്കപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ്ഗ ഘടക പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ശ്രദ്ധേയമായ പുരോഗതി ഉണ്ടായി. പൊതു വിദ്യാലയങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും ലോകത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സല്‍ഭരണത്തിന്റെ മാതൃകകളായി മാറി എന്നു പറയുന്നതിലും അതിശയോക്തി കാണാനാവില്ല. എല്ലാ ഗ്രാമപ്പഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി എന്നത് മഹത്തായ നേട്ടം തന്നെയാണ്. 

ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും സാദ്ധ്യതകളെ വലിയതോതില്‍ വളര്‍ത്താന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ആസൂത്രണ നടപടിക്രമങ്ങളും ബന്ധപ്പെട്ട ഉത്തരവുകളും സര്‍ക്കുലറുകളും ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ പൊളിച്ചെഴുതി പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും ഉറപ്പാക്കി എന്നതാണ് ഈ മാറ്റത്തിന്റെ അടിസ്ഥാന കാരണം. നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഭരണസമിതികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള ഇടം നല്‍കുകയും ചെയ്തതിനോടൊപ്പം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ സാങ്കേതികവും ഭരണപരവുമായ പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. നവകേരള മിഷനുകളും വിവിധ വകുപ്പുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പ്രാദേശിക ഗവണ്മെന്റുകളോടു തോളുരുമ്മി തികഞ്ഞ പരസ്പര ധാരണയോടുകൂടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. പതിമൂന്നാം പദ്ധതി കാലത്തെ ഈ അനുഭവങ്ങള്‍ ഭാവിയിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.