വിവിധ അസോസിയേഷനുകളും പഞ്ചായത്ത് രാജും
കെ തുളസി
കേരളത്തില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ വഹിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആര്‍ജ്ജ വം തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി നേടിയിട്ടുണ്ട്. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍സ് ചേമ്പര്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മ്മെന്‍ കേരള, മേയേഴ്സ് കൗണ്‍സില്‍ കേരള എന്നിങ്ങനെ അഞ്ച് പ്രാദേശിക ഭരണ സംവിധാന അസോസിയേഷനുകളാണുള്ളത്. പ്രാദേശിക സര്‍ക്കാരുകളുടെ ഭരണം, ആസൂത്രണം, നിര്‍വ്വഹണം തുടങ്ങിയവയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, തടസ്സങ്ങള്‍, വേണ്ട മാറ്റങ്ങള്‍ എന്നിവ യഥാസമയം ഇടപെട്ട് പരിഹരിക്കുക, സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടതിന് വേണ്ട സംവിധാനമുണ്ടാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുക, നന്നായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അറിവിലേക്ക് എത്തിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുക തുടങ്ങിയവ ഈ അസോസിയേഷനുകളുടെ പ്രധാന ഉത്തരവാദിത്വമായി നടന്നുവരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേ ശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും, വിവിധ പഠനങ്ങളും അന്വേഷണങ്ങളും നടത്തിയും അഭിപ്രായങ്ങള്‍ നല്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകള്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയും അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളാണ്.
അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവും സംബന്ധിച്ച് ചില പഠന ഗവേഷണങ്ങള്‍ നടത്തുക, അന്വേഷണങ്ങള്‍ നടത്തുക, മറ്റ് സംസ്ഥാനങ്ങളിലെ ലോക്കല്‍ ഗവണ്മെന്റ് അസോസിയേഷനുകള്‍, മറ്റ് രാജ്യങ്ങളിലെ ലോക്കല്‍ ഗവണ്മെന്റ് അസോസിയേഷനുകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുക അവരുമായി നിരന്തര ബന്ധം സ്ഥാപിക്കുക എന്നിവയും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ജില്ലാതലത്തിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനുള്ള വേദികള്‍ ഒരുക്കുക. കിലയുടെ പരിശീലനങ്ങള്‍, സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിലയിരുത്തുക, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവിധ കമ്മിറ്റികളില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുക, സര്‍ക്കാര്‍ വിളിക്കുന്ന മീറ്റിംഗുകളിലും, ചര്‍ച്ചകളിലും പങ്കെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായകമായ രീതിയില്‍ അഭിപ്രായങ്ങള്‍ പറയുക, പിശകുകള്‍ ചൂണ്ടിക്കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഓരോ അസോസിയേഷനും അവരുടെ നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്നു.
കേരളത്തെ പിടിച്ചുലച്ച വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ആദ്യം കേരളം ഒന്ന് പകച്ചെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകള്‍ സജ്ജമാക്കുന്നതിലും, അവിടെ കൃത്യമായി ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിലും, ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിലും, തെരുവുകളും വീടുകളും വൃത്തിയാക്കുന്നതിലും, കുടിവെള്ളം, വൈദ്യുതി എന്നിവ പുനഃസ്ഥാപിക്കുന്നതിലും ലോകത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പ്രശ്നബാധിത പഞ്ചായത്തുകളില്‍ ആവശ്യത്തിന് ഭക്ഷ്യ ഉല്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ക്ലീനിംഗ് മെറ്റീരിയല്‍സ് എന്നിവയും തൊഴിലാളികളെ, സന്നദ്ധ പ്രവര്‍ത്തകരെ, വിദഗ്ദ്ധ തൊഴിലാളികളെ തുടങ്ങിയവ ലഭ്യമാക്കുന്നതിലും പ്രവര്‍ത്തന നേതൃത്വം നല്കുന്നതിലും, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ കോഡിനേറ്റ് ചെയ്യുന്നതിന് അസോസിയേഷനുകള്‍ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റേയും, ആരോഗ്യ വകുപ്പിന്റേയും, ദുരന്തനിവാരണ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ്-19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ അഭിമുഖീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ കേരളത്തിലെ 738 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തനിവാരണ പദ്ധതിക്ക് രൂപംനല്കി. തുടര്‍ന്ന് കോവിഡ് 19 ന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍, വീടുകളും, പൊതു കെട്ടിടങ്ങളും, തെരുവുകളും സദാ ശുചീകരണം നടത്തുന്നതില്‍, സാനിറ്റൈസര്‍, മാസ്ക്ക് എന്നിവ എല്ലാപേര്‍ക്കും ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതിന് 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3,24,553 സന്നദ്ധസേനാ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു. തെരുവില്‍ ഉറങ്ങുന്നവര്‍, അലഞ്ഞ് നടക്കുന്നവര്‍ എന്നിവര്‍ക്ക് താമസ സൗകര്യം ഒരുക്കി ലോക്ക്‌ഡൗണ്‍ കാലത്ത് ഭക്ഷണം ലഭിക്കാത്ത ഒരാള്‍പോലും ഉണ്ടാകരുത് എന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുന്നതിന് 1023 കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. ഇത് വഴി 85 ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്കി. ഇതില്‍ 75.36 ലക്ഷം പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു. മരുന്ന് വേണ്ടവര്‍ക്ക് വാങ്ങി വീടുകളില്‍ എത്തിച്ചു.
കോവിഡ് പ്രതിരോധത്തിനായി എമര്‍ജന്‍സി റസ്പോണ്‍സ് ടീമുകളെ (ERT) സജ്ജമാ ക്കി. വാര്‍ഡുതലത്തിലും പഞ്ചായത്തുതലത്തിലും പ്രത്യേകം കമ്മിറ്റികള്‍ക്ക് രൂപം നല്കി. അന്യസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും വരുന്നവര്‍ക്കു, ക്വാറന്റൈന്‍ സെന്ററുകള്‍ ഒരുക്കി ചികിത്സക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (FTC) ആരംഭിച്ചു. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അസോസിയേഷനുകള്‍ കൃത്യമായി വിലയിരുത്തി അപ്പപ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് വലിയ പങ്കുവഹിക്കുന്നു.
ചില പൊതുവായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അസോസിയേഷനുകള്‍ അഞ്ചും ഒരുമിച്ച് ചേര്‍ന്നും, ചില സന്ദര്‍ഭങ്ങളില്‍ ത്രിതല പഞ്ചായത്ത് അസോസിയേഷനുകള്‍ മാത്രമായി ചേര്‍ന്നും കാര്യങ്ങള്‍ സംവദിക്കാറുണ്ട്. കൂടാതെ ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ വേണ്ട ഇടപെടലും അസോസിയേഷനുകള്‍ നിര്‍വ്വഹിക്കുന്നു. ഇത് കൂടാതെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേ ശങ്ങള്‍, പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗ്, വിലയിരുത്തല്‍ പിന്തുണ നല്കല്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനതലംവരെ ചെയ്തുവരുന്നു. കൂടാതെ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട സ്ഥലത്ത് അറിയിച്ച് വേണ്ട പരിഹാരം കണ്ട് പരിപാടി വിജയിപ്പിക്കാന്‍ വേണ്ട ചാലകശക്തിയായും അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.
കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട തദ്ദേശ ഭരണ അസോസിയേഷനാണ് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍. 1966 ല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് GO No: 85191/pt.SPpl.1/66/A&R.D.D Dated 29/12/1966 പ്രകാരം സര്‍ക്കാര്‍ രൂപം നല്കിയതാണ് ഈ അസോസിയേഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ, അവരുടെ ശാക്തീകരണം, പരിശീലനം, പ്രശ്നപരിഹാരം തുടങ്ങി ലക്ഷ്യത്തോടെ എല്ലാ പഞ്ചായത്തുകളേയും അംഗങ്ങളാക്കിയാണ് ഈ അസോസിയേഷന്‍ രൂപീകരിച്ചത്. ഇതിന്റെ ആദ്യകാലങ്ങളില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരായി എം.എല്‍.എ മാരും വന്നിരുന്നു. ഇതിന്റെ പ്രവര്‍ത്തനത്തിന് ഒരു പഞ്ചായത്തില്‍ നിന്നും ഒരു പ്രതിനിധി എന്ന കണക്കിന് ജനറല്‍ബോഡിയും അതില്‍ നിന്നും തിരഞ്ഞെടുത്ത 42 പേരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും, അതില്‍ നിന്നും തിരഞ്ഞെടുത്ത 8 പേരടങ്ങുന്ന ഭരണസമിതിയും ഇതിനുണ്ട്. ഒരു ഓഫീസും, ലൈബ്രറി സൗകര്യം, രണ്ട് മീറ്റിംഗ് ഹാളും, ഒരു വലിയ ഹാളും അടങ്ങുന്ന സൗകര്യങ്ങള്‍ ഇതിനുണ്ട്. എല്ലാ ജില്ലയിലും ജനറല്‍ ബോഡിയും, എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ഈ അസോസിയേഷനില്‍ പഞ്ചായത്താണ് അംഗം എന്നതിനാല്‍ ഏത് ജനപ്രതിനിധിക്കും ജനറല്‍ ബോഡിയിലും, എക്സിക്യൂട്ടീവിലും ഭാരവാഹികളാകാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ ചേര്‍ത്ത് രൂപീകരിച്ചിട്ടുള്ളതാണ് കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍. സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും ഇതിന് കമ്മിറ്റികളുണ്ട്. എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരും ചേരുന്നതാണ് ഇതിന്റെ ജനറല്‍ബോഡി. ഇതിന്റെ ആസ്ഥാനം സ്വരാജ് ഭവനിലാണ്. എല്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍ ജനറല്‍ ബോഡി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതിയും ഇതിനുണ്ട്. കേരളത്തിലെ നഗരസഭകളുടെ അസോസിയേഷനാണ് ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മ്മെന്‍ കേരള, എല്ലാ മുനിസിപ്പല്‍ ചെയര്‍മ്മെന്മാരും ചേരുന്ന ജനറല്‍ബോഡിയും ഇതില്‍ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപംനല്കുന്നു. 1978 ലാണ് മുനിസിപ്പല്‍ അസോസിയേഷന്‍ സ്ഥാപിതമായത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ മുനിസിപ്പല്‍ ഹൗസ്സാണ്. ഇവിടെ ഗസ്റ്റ് ഹൗസും, ഓഫീസും അടങ്ങുന്ന വിപുലമായ സംവിധാനമാണുള്ളത്. കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍മ്മാരെ ചേര്‍ത്താണ് ഈ അസോസിയേഷന് രൂപംനല്കിയിട്ടുള്ളത്.
ഇത്തരത്തില്‍ അഞ്ച് അസോസിയേഷനുകള്‍ക്കും മുകള്‍തലം മുതല്‍ താഴെതലം വരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംഘടനാ സംവിധാനവും, ഓഫീസ് സംവിധാനങ്ങളുമുണ്ട്. ഇവ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ രാസത്വരകമായും, വാച്ച് ഡോഗ് ആയും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വരുന്നു.