ഏകാധികാരത്തിനെതിരായ ഭരണഘടനാ കവചം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്

ജി മോഹൻ ഗോപാൽ

തദ്ദേശ ഭരണ പ്രവർത്തനം സംബന്ധിച്ചും അധികാര വികേന്ദ്രീകരണം സംബന്ധിച്ചും അതിവിദഗ്ദ്ധരായവർ ഭരണഘടനാപരമായ വിശകലനങ്ങൾ നടത്തിയിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള നിഗമനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫ. പ്രഭാത് പട്‌നായിക് അധികാര വികേന്ദ്രീകരണത്തെ ഭരണാധികാര വര്‍ഗ്ഗത്തിന്റെ അടിച്ചമർത്തലുകളിൽ നിന്ന് ചൂഷിത വര്‍ഗ്ഗത്തെ വിമോചിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് കാണുന്നത്. ബൂർഷ്വാവര്‍ഗ്ഗ ചൂഷണത്തിനെതിരെ തൊഴിലാളിവര്‍ഗ്ഗ പ്രതിരോധമെന്ന ധനതത്വശാസ്ത്ര വിശദീകരണമാണ് പട്‌നായിക് മുന്നോട്ടുവച്ചത്. പരമ്പരാഗത സമൂഹ നേതൃത്വവും അധികാരവും കയ്യാളിവന്ന ചൂഷകവിഭാഗത്തിൽ നിന്ന് അധികാരം സമൂഹത്തിലെ അടിസ്ഥാന ചൂഷിതവര്‍ഗ്ഗത്തിന്റെ പക്കലേക്ക് കൈമാറ്റപ്പെടുന്നതിലൂടെ സമൂഹത്തിന്റെ തന്നെ വ്യവസ്ഥിതിക്ക് മാറ്റം സംഭവിക്കും. മാർക്‌സിയൻ സാമ്പത്തിക ശാസ്ത്ര പിൻബലത്തിൽ നിന്നുകൊണ്ട് അധികാര വികേന്ദ്രീകരണത്തെ നോക്കിക്കാണുക വഴി, പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ വിവേചനാത്മകവും അധിനിവേശപരവുമായ അധികാര വാഴ്‌വിനെതിരായെ ഉപാധിയായി തദ്ദേശഭരണ സംവിധാനത്തെ പ്രതിഷ്ഠാപിക്കാനാണ് പ്രൊഫ. പട്‌നായിക് ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി, അധികാര വികേന്ദ്രീകരണം, വിശേഷിച്ച് കേരളത്തിൽ പ്രയോഗത്തിൽ വരുത്തിയത്, വര്‍ഗ്ഗാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയിൽ ബാഹ്യതലത്തിൽ നിന്നും, ഗ്രാമീണ സമൂഹത്തിലേക്ക് സോഷ്യലിസ്റ്റ് ആശയഗതി സന്നിവേശിപ്പിച്ചുകൊണ്ട് വര്‍ഗ്ഗസമര സാദ്ധ്യത പ്രയോഗത്തിൽ വരുത്തുന്നതിനായുള്ള പരിശ്രമമാണെന്ന പ്രൊഫ. പട്‌നായിക് നിരീക്ഷിക്കുന്നു. പരമ്പരാഗത സമൂഹത്തിൽ നിലനിന്നുവന്ന അധികാരഘടനയെ, അതേ സമൂഹത്തിൽ തന്നെ നിലനിന്ന ജനകീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ, മാറ്റിത്തീർക്കാനുള്ള വര്‍ഗ്ഗസമര രൂപമാണതിൽ ഉൾക്കൊണ്ടിരുന്നത് എന്നദ്ദേഹം സമർത്ഥിക്കുന്നു.
എന്നാൽ പ്രൊഫ. മീരാ വേലായുധനാകട്ടെ, സമൂഹത്തിലെ അതിസാധാരണരും, തിരസ്‌കൃതരും, പാർശ്വവല്കൃതരും, വെല്ലുവിളി നേരിടുന്നവരുമായ വിഭാഗങ്ങളുടെ പങ്കാളിത്തം, വിശേഷിച്ച് കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ, സ്ത്രീകൾ, ആദിമനിവാസികൾ, പട്ടികവിഭാഗങ്ങൾ തുടങ്ങിയവർക്ക് ജനാധിപത്യ അധികാരനിർവ്വഹണത്തിൽ ലഭിച്ച അവസരത്തെയും പങ്കിനെയം സഗൗരവം വിലയിരുത്തുന്നുണ്ട്. ഇത് പ്രസ്തുത വിഭാഗങ്ങളുടെ സാമൂഹ്യമായ ഉൾക്കൊള്ളലിനും അതുവഴി പ്രാദേശിക സർക്കാരിന്റെ പ്രവർത്തനത്തിലുള്ള ഇടപെടലിനും മാത്രമല്ല സാമൂഹ്യ-സാമ്പത്തിക നിലകളിലുള്ള തങ്ങളുടെ പിന്നാക്കാവസ്ഥ മറികടക്കുന്നതിനും അവരെ അതിജീവന മാര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതിനും സഹായകമാകു മെന്നവർ നിരീക്ഷിക്കുന്നു. തീർച്ചയായും ഇത് പുരാതന ഇന്ത്യൻ സമൂഹത്തിൽ അധികാരം കൈയാളിയവരും അധിനിവേശ പശ്ചാത്തലത്തിൽ ബഹിഷ്‌കൃതരായവരുമായ ജനതയുടെ ജനാധിപത്യ പ്രക്രിയയിലേക്കുള്ള പുനരാഗമന മാര്‍ഗ്ഗമായിത്തന്നെ നമുക്ക് വിലയിരുത്താം.

ഈ സമൂഹ്യ-സാമ്പത്തിക നിരീക്ഷണ സമ്പ്രദായത്തിൽ നിന്ന് ഭിന്നമായ വീക്ഷണത്തിലൂടെ അധികാര വികേന്ദ്രീകരണത്തെ നോക്കിക്കാണാനാക്കിവിടെ ശ്രമം. നിയമശാസ്ത്രത്തിന്റെ നിരൂപണ വഴികളിലൂടെ, നിയമവാഴ്ചയുടെ നിര്‍ദ്ധാരണ സമ്പ്രദായത്തിലൂടെ ഭരണഘടനാ തത്വങ്ങളുടെ പിൻബലത്തോടെ അധികാര വികേന്ദ്രീകരണത്തെ അവലോകനം ചെയ്യുകയാണ്. തദ്ദേശീയ ജനതയും തദ്ദേശ ഭരണ സ്ഥാപനവും തമ്മിലുള്ള നിയാമക ബന്ധത്തെ, പ്രാദേശിക സർക്കാരും രാഷ്ട്രവും തമ്മിലുള്ള നിയാമപരമായ ബന്ധത്തെ, ഭരണഘടനാ ധാർമ്മികതയുടെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുകയാണ്. ഇത്തരമൊരു നിയാമക-ജനകീയ ബന്ധത്തെ എങ്ങനെയാണ് രാജ്യത്തെ നിയമ സംഹിത ഉപയോഗപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്നതെന്നും വലിയ അളവിൽ നിയന്ത്രിക്കുന്നതെന്നുമാണ് പരിശോധിക്കുന്നത്. കാരണം തദ്ദേശ ഭരണ പുനഃസംഘടനത്തിനു ശേഷം കാൽനൂറ്റാണ്ട് പിന്നിടുന്ന, കേരളത്തിൽ ആറാം തലമുറ തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുന്ന സന്ദർഭത്തിൽ ഇത്തരമൊരു അവലോകനം തികച്ചും അനിവാര്യവും അവസരോചിതവുമാണ്. യൂണിയൻ-സംസ്ഥാന, ഭരണക്രമവും പ്രാദേശിക സർക്കാരുകളും തമ്മിലും തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രാദേശിക ജനസമൂഹവും തമ്മിലുമുള്ള ജൈവ ബന്ധത്തെയും അതിലെ ആദാനപ്രദാന പ്രക്രിയയെയും നിയമത്തിന്റെ സൈദ്ധാന്തിക വൃത്തത്തിൽനിന്ന് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.

ഭരണഘടനാ കവചം എന്തുകൊണ്ട്?

ഇപ്രകാരമുള്ള ഒരു നിയമ ശാസ്ത്ര വിശകലനത്തിന് നമ്മെ പ്രേരിപ്പിക്കുന്നതും നിർബ്ബന്ധിതരാക്കുന്നതും തദ്ദേശഭരണ പ്രക്രിയയും അധികാര വികേന്ദ്രീകരണവും ഇന്ന് രാജ്യത്ത് അരങ്ങേറുന്ന ഏകാധികാര വാഴ്ചക്കെതിരായ ജനകീയ പ്രതിരോധത്തിനുള്ള ഭരണ ഘടനാ കവചമാണ് എന്ന കാര്യമാണ്. നാം നാളിതുവരെ നമ്മുടെ യൂണിയൻ ഭരണത്തെയോ മിക്ക സംസ്ഥാനങ്ങളിലെയും ഭരണത്തെയോ നീതിന്യായ പ്രക്രിയയെത്തന്നെയോ ഇത്തരമൊരു അവലോകനത്തിന് വിധേയമാക്കിയതായി കരുതാവുന്നതല്ല. രാജ്യത്തെ ഭരണഘടനയുടെ ജനാധിപത്യത്തിന്റെ പരിരക്ഷകരെന്ന നിലയ്ക്ക് തദ്ദേശഭരണ സംവിധാനത്തെ നോക്കിക്കാണുന്നതിനുള്ള ‘നിരീക്ഷണത്തിന് നാം ഇതുവരെ സജ്ജരായിട്ടില്ല. മറിച്ച് ജനകീയമായി ഭരണഘടനയുടെ ഉള്ളടക്കക്ഷമത വിനിയോഗിക്കാൻ, വിശേഷിച്ച് കേരളം പോലൊരു സംസ്ഥാനത്ത് സുദീർഘവും ത്യാഗോജ്വലവുമായ പ്രക്ഷോഭങ്ങളിലൂടെ നാം ആർജ്ജിച്ച ഭരണഘടനാ മൂല്യങ്ങൾ പരിരക്ഷിക്കാൻ, രാജ്യത്തിനും സമൂഹത്തിനും ജനങ്ങൾക്കും ഭീഷണമായി സമീപകാലത്ത് ഉയർന്നുവരുന്ന ഏകാധികാര ശക്തികളെ പ്രതിരോധിക്കാൻ, പൗരജനതയുടെ സ്വാതന്ത്ര്യവും നീതിയും തുല്യതയും പരിരക്ഷിക്കാനുമുതകുന്ന കവചമായി പ്രാദേശിക സർക്കാരുകളെ നമുക്ക് പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

കേരള ജനത ഇന്നനുഭവിക്കുന്നതായ സ്വാതന്ത്ര്യവും തുല്യതയും നമുക്ക് സ്വയം സിദ്ധിച്ചതായി കരുതാനാവില്ല. ദേശീയ സ്വാതന്ത്ര്യ സമരഫലവുമല്ല. മറിച്ച് നമ്മുടെ അതിസാധാരണരായ ജനങ്ങൾ, ഏകാധികാര സവര്‍ണ്ണാധികാര വാഴ്ചക്കെതിരെ കാലങ്ങളായി നടത്തിയ തനത് സമരത്തിന്റെ പോരാട്ടത്തിന്റെ ഫലമാണത്. ദേശീയ തലത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അമിതാധികാര-ഏകാധികാര പ്രവണതയുടെ പശ്ചാത്തലത്തിൽ, കേരളത്തിൽ സംഭവിച്ചേക്കാവുന്നതായ അപകടകരമായ പ്രത്യാഘാതത്തെ പ്രതിരോധിക്കാൻ ചരിത്രപരമായ ഉത്തരവാദിത്തമാണ് നമുക്കുള്ളത്. പൗരരുടെ സ്വാതന്ത്ര്യവും സമത്വവും നീതിയും സംരക്ഷിക്കാൻ, മുൻകാലത്ത് നിലനിന്ന ജനാധിപത്യവിരുദ്ധ ഭൂപ്രഭുത്വ അടിമത്വ അവസ്ഥയിലേക്ക് ഒരിക്കൽകൂടി കേരള സമൂഹം തിരിച്ചുപോകാതിരിക്കാനുള്ള ജാഗ്രത പുലർത്താൻ, നാം ബാദ്ധ്യസ്ഥരാണ്.

പ്രാദേശിക ഭരണത്തിന്റെ മാർക്‌സിയൻ പിൻബലം

കാൾ മാർക്‌സിന്റെ ശക്തമായ നിലപാട് അവലംബിക്കുകയാണെങ്കിൽ, കമ്യൂണിസ്റ്റുകാർ ലോകത്തെവിടെയും നിലവിലിരിക്കുന്ന ചൂഷക, മർദ്ദക സാമൂഹ്യ വ്യവസ്ഥയ്‌ക്കെതിരായ ജനകീയ മുന്നേറ്റമാണ് നടത്തുന്നത്. നിലനില്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയെ ഉടച്ചുവാർത്തല്ലാതെ സാമൂഹ്യമാറ്റം സാദ്ധ്യമാകില്ലെന്നവർ പ്രഖ്യാപിക്കുന്നു. നിലവിലിരിക്കുന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ ഭരണകൂട വ്യവസ്ഥിതി മാറ്റിത്തീർക്കാനുള്ള പരമാവധി വിപുലവും വിശാലവും സർവ്വാശ്ലേഷിയുമായ ഐക്യ മുന്നണി, ജനകീയ മുന്നണി കെട്ടിപ്പടുക്കുകയാണ് കമ്യൂണിസ്റ്റുകാർ, ഇടതുപക്ഷക്കാർ ചെയ്യേണ്ടത്. നിലവിലുള്ള, രാജ്യത്തെയും ജനതയെയും ഗ്രസിക്കുന്ന ഏകാധികാര ശക്തികൾക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ ഭരണഘടന കവചമായി, ജനാധിപത്യാധികാര വേദിയായി, ജനകീയ മുന്നേറ്റ സരണിയായി ഉപയോഗപ്പെടുത്തേണ്ട സംവിധാനമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ. രാജ്യത്താകമാനം രൂപപ്പെട്ടുവരുന്ന, ശക്തിപ്പെട്ടുവരുന്ന വിശാലവും പ്രായോഗികവും വിപുലവുമായ ജനകീയ ജനാധിപത്യ മുന്നണികൾ ഇത്തരമൊരു പോരാട്ടത്തിന്റെ, പ്രതിരോധത്തിന്റെ, പരിവർത്തനത്തിന്റെ വഴിതുറക്കുകയാണ്. മർദ്ദനത്തിനും ചൂഷണത്തിനും അടിച്ചമർത്തലിനും ഏകാധികാരത്തിനുമെതിരായ മുന്നേറ്റത്തിന്റെ വഴി, അതാണ് അധികാര വികേന്ദ്രീകരണത്തിന്റെ വഴി.

സ്വതന്ത്ര ഇന്ത്യയുടെ വ്യവസ്ഥാപനം മുതൽ, ഭരണഘടനയുടെ പ്രതിഷ്ഠാപനം മുതൽ തന്നെ, ആ ഭരണഘടനയുടെ വിപ്ലവാത്മകവും പരിവർത്തനാത്മകവും വിമോചനാത്മകവുമായ ഉള്ളടക്കത്തിനെതിരായ ആക്രമണം കനത്ത തോതിൽ ആരംഭം കുറിച്ചിരുന്നു. രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും നിലനിന്ന നിക്ഷിപ്ത താല്പര്യ ഏകാധികാര ശക്തികളായിരുന്നു. ഈ ആക്രമണത്തിന് കുന്തമുന തീർത്തത്. ഭരണഘടനാ ശില്പികൾക്ക് ഇത് അപ്രതീക്ഷിതമോ അജ്ഞാതമോ ആയിരുന്നില്ല. അത് തിരിച്ചറിഞ്ഞു തന്നെയാണവർ ഭരണഘടനാ വ്യവസ്ഥകൾക്കും ഉള്ളടക്കത്തിനും രൂപം നല്കിയതും പ്രാവർത്തികമാക്കിയതും. എന്നാൽ അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഏകാധികാര ശക്തികളുടെ ആക്രമണോത്സുകതയും ശേഷിയും ബീഭത്സമായിരിക്കുന്നു. അവർ വലിയ മട്ടിൽ കരുത്താർജ്ജിച്ചിരിക്കുന്നു. ജനതയെ സ്വാധീനിച്ചിരിക്കുന്നു. മറുഭാഗത്ത് അല്പമാത്രവും ദുർബ്ബലവുമായി ഉണ്ടായിരുന്ന ചെറുത്തു നില്പുകൾ പോലും അപ്രത്യക്ഷമായിരിക്കുന്നു, ശിഥിലമായിരിക്കുന്നു, ദുർബ്ബലതയേറിയിരിക്കുന്നു. അതുകൊണ്ടാണ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഭരണഘടനാ വിരുദ്ധമായ ആക്രമണത്തിന് അത്തരം ശക്തികൾ മുതിരുന്നത്. നാനാഭാഗങ്ങളിൽ നിന്നും ഇത്തരം ഛിദ്രശക്തികളെ ഏകോപിപ്പിച്ച് ഭരണഘടനയെ കീഴ്‌പ്പെടുത്താൻ, അട്ടിമറിക്കാൻ തുനിയുകയാണ്. നമ്മിൽ ചിലരെങ്കിലും അസാദ്ധ്യമെന്നു കരുതി ആശങ്കപ്പെടുന്നുണ്ടാകാമെങ്കിലും ആവർത്തിച്ചു പറയട്ടെ, നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയെ, അതിന്റെ ഉള്ളടക്കക്ഷമതയെ, വിപ്ലവാത്മകമായ അംശങ്ങളെ സംരക്ഷിക്കാൻ, സമൂഹവിരുദ്ധ ശക്തികളുടെ കടന്നാക്രമണത്തിൽനിന്ന് ഭരണഘടനയെത്തന്നെ പരിരക്ഷിക്കാൻ നാം തയ്യാറായേ കഴിയൂ. മുൻ അനുഭവമില്ലാത്ത വിധമുള്ള ഭരണഘടനാ വിരുദ്ധതകൾ അപ്രതിരോദ്ധ്യമാണെന്നും അവയ്ക്കു വഴങ്ങാതെ തരമില്ലെന്നും കരുതുന്ന ഭീരുക്കളാകുകയല്ല വേണ്ടത്, മറിച്ച് അത്തരം ഭരണഘടനാ പരിരക്ഷയിലൂടെ ഇത്തരം സമൂഹ വിരുദ്ധ അമിതാധികാര ശക്തികളെ ചെറുത്തു തോല്പിക്കാനാവുക എന്നുതന്നെ കാണണം. അതിനുള്ള വേദിയായി പ്രാദേശിക സർക്കാരുകൾ പരിവർത്തിതമാകണം.

ഭരണഘടനാ വിരുദ്ധതയുടെ വഴിത്താരകൾ

. ഇന്നു നടക്കുന്ന ജനാധിപത്യ-മതനിരപേക്ഷ-പൗരസ്വാതന്ത്ര്യ ധ്വംസന പ്രവൃത്തികളെ, പരിശോധിച്ചാൽ അവയെ താഴെപറയും വിധം സംഗ്രഹിക്കാം.
. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുള്ള അവകാശം തകർക്കുന്നു.
. രാഷ്ട്രീയ ഭരണാധികാരം ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുന്നു, വിമർശനങ്ങളെ നിശ്ശബ്ദമാക്കുന്നു.
. പൗരസമൂഹപ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും തടയുന്നു, അതിന് ഭരണസ്ഥാപനങ്ങളെ ഉപയോഗിക്കുന്നു.
. അക്കാദമിക-പ്രൊഫഷണൽ സ്ഥാപനങ്ങളെ തകർക്കുന്നു, നിയന്ത്രിക്കുന്നു, അവരുടെ അഭിപ്രായ പ്രകടനത്തെ നിയന്ത്രിക്കുന്നു:
. മാധ്യമങ്ങളെ അടിച്ചമർത്തുന്നു, വരുതിയിലാക്കുന്നു.
. കപട ദേശീയതയെയും മതവിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്നു, തെരുവു ഭീകരതയിലൂടെ ഭയാശങ്ക പടർത്തുന്നു, എതിർപ്പുകളെ അടിച്ചമർത്തുന്നു.
. കോടതിയിൽനിന്ന് അനുകൂല തീർപ്പുകൾ സ്വായത്തമാക്കുന്നു, നീതിന്യായ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുന്നു.
ജനകീയ പ്രസ്ഥാനങ്ങളെയും ജനകീയ പ്രവർത്തകരെയും ദരിദ്രരുടെ ആവശ്യങ്ങൾ ഉയർത്തുന്നവരെയും ആക്രമിച്ചൊതുക്കുന്നു. അസംഘടിതരുടെയും അരികുവല്ക്കൃതരുടെയും അവകാശപോരാട്ടങ്ങൾ അട്ടിമറിക്കുന്നു.
. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി ന്യൂനപക്ഷങ്ങളെ അവമതിക്കുന്നു, ആക്ഷേപിക്കുന്നു. അതിനായി അന്ധമായ ന്യൂനപക്ഷ വിരുദ്ധമനോഭാവം വളർത്തുന്നു, പടർത്തുന്നു.
. അടിസ്ഥാനരഹിതവും വ്യാജവുമായ നുണപ്രചാരണം നടത്തുന്നു. അതിനായി സംഘടിത നുണയുല്പാദനം സജ്ജമാക്കുന്നു.
. ഇന്ത്യയുടെ ഫെഡറൽ രാഷ്ട്രഘടനയും ഫെഡറൽ ഭരണഘടനാ മൂല്യവും നിരാകരിച്ച് അതികേന്ദ്രീകൃത ഏകശിലാരൂപ രാജ്യമാക്കുന്നു.
. നിരപരാധികളെയും നിരാശ്രയരെയും ഉൾപ്പെടെ കൃത്രിമ കുറ്റാരോപണങ്ങളിൽ കുടുക്കി, കുരുക്കി തുറുങ്കിലടയ്ക്കുന്നു. അകാരണ അറസ്റ്റുകൾ, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംഘടിപ്പിക്കുന്നു. 
വിവരാവകാശ നിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു, നഷ്ടോത്തരവാദിത്ത തത്വങ്ങൾ നിരാകരിക്കുന്നു.
. ആസൂത്രിതവും ആക്രമണോത്സുകവുമായ വിധം മുൻകാല അനുഭവങ്ങളില്ലാത്ത വിധം ദളിത്, ആദിവാസി, സ്ത്രീ സമൂഹങ്ങൾ ആക്രമണവിധേയാരക്കപ്പെടുന്നു. അവയ്‌ക്കെതിരെയുള്ള ദുർബ്ബല പ്രതിഷേധങ്ങൾ പോലും തല്ലിക്കെടുത്തപ്പെടുന്നു.
. നിരീക്ഷണ-നിയന്ത്രണ വിധികളിലൂടെ ഭയപ്പെടുത്തി വിധേയരാക്കുകയും വ്യക്തിസ്വതന്ത്രതയും സ്വകാര്യതയും കവർന്നെടുക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരമൊരു മുന്നനുഭവമില്ലാത്ത, അനിയന്ത്രിതമായ, അധാർമ്മികമായ ഭരണഘടനാ വിരുദ്ധ ആക്രമണത്തെ ഭരണഘടനാ മൂല്യനിരാകരണത്തെ, ഏകാധികാരവാഴ്ചയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനാകുന്നില്ല എങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തന്നെ സമീപകാലത്തിനുള്ളിൽ തകർക്കപ്പെടുകയാവും സംഭവിക്കുക. അത് തടയാനുള്ള അവസരങ്ങളിൽ ഒന്നാണ് തദ്ദേശ ഭരണ പ്രക്രിയയുടെ സാധൂകരണവും ജനപങ്കാളിത്തവും.

ആഗോളീകരണവും പ്രാദേശികസർക്കാരും

തീർച്ചയായും ആഗോള മൂലധന ശക്തികൾക്ക് ഇന്നു നടക്കുന്ന ഭരണഘടനാ ധ്വംസനത്തിൽ വലിയ പങ്കുണ്ട്. സാമ്പത്തികശാസ്ത്ര വിശകലനത്തിൽ നമുക്കത് തിരിച്ചറിയാനാകും. എന്നാൽ കേവല സാമ്പത്തിക തലത്തിനുപരി അതിന് രാഷ്ട്രീയ-സാമൂഹ്യ തലവും പ്രസക്തിയുമുണ്ട്. മാർക്‌സിയൻ വിശകലന രീതി മൂർത്തമാകണമെങ്കിൽ അവ കൂടി കണക്കിലെടുക്കണം. നിലവിലിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി ഉടച്ചുവാർക്കുന്ന വിപ്ലവാത്മക പ്രക്രിയയിൽ ജനാധിപത്യ വികേന്ദ്രീകരണത്തിനെതിരായ ഇത്തരം ഏകാധികാര ശക്തികളെ നമുക്ക് തൂത്തെറിയണം. 1980 ലെ എസ് പി ഗുപ്ത കേസിന്റെ വിധിപ്രസ്താവത്തിൽ സുപ്രീം കോടതി തന്നെ സാമൂഹ്യ വിപ്ലവത്തെയും അതിനുള്ള ഉപാധിയായി ഭരണഘടന ഖണ്ഡങ്ങളെ ഉപയോഗിക്കുന്നതിനെയും പരാമർശിക്കുന്നുണ്ട്. സാമൂഹ്യ വിപ്ലവത്തിന്റെ അതിശക്തമായ പരിരക്ഷാ പ്രതിരോധമാണ്, രക്ഷാകവചമാണ് ഭരണഘടനയെന്നും കോടതി നിരീക്ഷിക്കുന്നു. ഇവിടെയാണ് ആഗോളീകരണ പശ്ചാത്തലത്തിൽ നിർദ്ദേശിക്കപ്പെട്ട തദ്ദേശഭരണസ്ഥാപന നിയമതത്വങ്ങളെ നാം ആധികാരിക അവലോകന നിർദ്ധാരണ വിധേയമാക്കേണ്ടത്.

ഇവിടെ ഏറെ പ്രസക്തവും ഏതാനും ദശകങ്ങളിലെ ഇന്ത്യൻ സമൂഹചരിത്രത്തിൽ ഉപയുക്തമായതുമായ ഒരു നവമാധ്യമ വിവരം ചൂണ്ടിക്കാട്ടേണ്ടത് അനിവാര്യമാക്കുക. അടുത്തകാലം വരെ ശ്രീരാമ കൃഷ്ണമിഷൻ വെബ് സൈറ്റിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നതും താരതമ്യേന മതനിരപേക്ഷത ഉല്പതിഷ്ണുത പ്രകടമാക്കുന്ന, മിഷൻ മുന്നോട്ടു വച്ചിരുന്നതും ഇപ്പോൾ അപ്രത്യക്ഷമായതുമായ ചില സൂചകങ്ങൾ ശ്രദ്ധിക്കുക. ആർഷഭാരത സംസ്‌കാരത്തിന് വെല്ലുവിളിയായി ആധുനിക ഇന്ത്യയിൽ ആറ് ഘടകങ്ങളാണവർ കാണുന്നത്. (i) മനുഷ്യസാഹോദര്യം (ii) സോഷ്യലിസവും സമത്വവും (iii) ആധുനിക യുക്തിചിന്ത (iv) സുതാര്യസമൂഹം (v) സ്വാതന്ത്ര്യാവകാശം (vi) സാമൂഹ്യനീതി എന്നിവയാണ് പ്രസ്തുത ഘടകങ്ങൾ. താരതമ്യേന സന്തുലിത വീക്ഷണം പുലർത്തുന്നവർ ആയി കരുതപ്പെടുന്ന ശ്രീരാമകൃഷ്ണമിഷൻ വെബ്‌സൈറ്റിൽ തികച്ചും അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതുമായ ഇത്തരം സന്ദേശമാണ് രാഷ്ട്രം നേരിടുന്ന ഭീഷണിയെന്ന നിലയിൽ വെളിപ്പെടുത്തുന്നതെങ്കിൽ നാം ഏറെ ജാഗരൂകരാഗണം. ഇതേതെങ്കിലും മാർക്‌സിസ്റ്റ് സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ഒരിക്കലും വച്ചു പുലർത്തുന്ന നിലപാടുകളല്ല. വരേണ്യമനോഭാവം മുറുകെപ്പിടിക്കുന്നവരുടെ സങ്കുചിത ബോധത്തിൽ നിന്നുയിർക്കൊള്ളുന്ന ഉദീരണമാണത്. അതുകൊണ്ടുതന്നെയാകണം. ഇതിന് ബദലായി കരുതാവുന്ന മറ്റ് ആറ് ഘടകങ്ങൾ ഡോ. അംബേദ്കർ മുന്നോട്ടുവച്ചത്. എന്നാലത് മാർക്‌സിയൻ സാമ്പത്തിക ശാസ്ത്ര ചിന്തയിലോ ചൂഷക-ചൂഷിത വര്‍ഗ്ഗ വീക്ഷണത്തിലോ ഊന്നിയുള്ളതായിരുന്നില്ല.

. ജാതിയാണ് ഹിന്ദുത്വത്തെ രേഖപ്പെടുത്തുന്ന ഘടകം. ജാതിയാണ് എല്ലാവിധ അടിമത്വത്തിനും അടിസ്ഥാനവും ദരിദ്രർക്കെതിരായ വിവേചനത്തിനും കാരണം (വര്‍ഗ്ഗവ്യത്യാസം എന്നല്ല പ്രതിപാദ്യം).
. ഹിന്ദുക്കളെ ചാതുർവര്‍ണ്ണ്യത്തിന്റെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാനാവില്ല. കാരണം അതാണ് അടിസ്ഥാനപരമായി ജാതീയതയ്ക്ക് അടിത്തറയാക്കുന്നത്.
. ജാതിയാണ് ചാതുർവ്വര്‍ണ്ണ്യത്തിൽ നിന്നും വിമോചിതമായ രാജ്യത്ത് അപകടകരമായ സമത്വ സാമൂഹ്യനീതിക്കെതിരായ വിശ്വാസത്തിന്റെ അടിത്തറ പാകുന്നത്.
. മനുഷ്യരുടെ സ്വതന്ത്രത, തുല്യത, സാഹോദര്യം തുടങ്ങിയവ ജനാധിപത്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ, വിധ്വംസക ശക്തികളുടെ, മൗലികവാദ ശക്തികളുടെ അതിരൂക്ഷ അക്രമം അതിജീവിക്കണം.
. ജാതിവര്‍ണ്ണ വ്യവസ്ഥയുടെ മതമൗലിക മഹത്വത്തെ തച്ചുടച്ച്, അതിന് ആത്മീയതയുടെ ആവരണം ചാർത്തിക്കൊടുക്കുന്നത് തടയണം.
. രൂഢമൂലമായ ജാതീയ വിഭാഗീയതയകളുടെ വേരറുത്ത് വര്‍ണ്ണാശ്രമവ്യവസ്ഥയെ ഇന്ത്യൻ മണ്ണിൽനിന്നും കടപുഴക്കണം.

മാർക്‌സിയൻ കാഴ്ചപ്പാടിൽ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതി മാറ്റിപ്പണിയാൻ പലവിധ മാര്‍ഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും കരണീയമായത് പഴയകാല അടിമത്വങ്ങൾക്കെതിരെ സമൂഹത്തിൽ വിശാലമായ ജനകീയ ഐക്യനിര രൂപപ്പെടുത്തി ചെറുത്തുനില്പും മുന്നേറ്റവും സൃഷ്ടിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം തദ്ദേശഭരണ സംവിധാനം എന്നത് ഭരണഘടനാ കവചമായി ഉപയോഗപ്പെടുത്തുക എന്ന ആശയം പ്രസക്തമാകുന്നത് തിരിച്ചറിയേണ്ടത്. പ്രാദേശിക ജനസമൂഹങ്ങളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ മാറ്റങ്ങൾക്കും ഉന്നമനത്തിനുമുള്ള മാര്‍ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തണം. അതേ സമയം തന്നെ ആഗോളീകരണ അധിനിവേശ മുതലാളിത്ത നയങ്ങൾക്കെതിരായ ഫലപ്രദമായ പ്രതിരോധ വേദിയായും അതിനെ പ്രയോജനപ്പെടുത്താം.

ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യൻ സമൂഹത്തിൽ നൂറ്റാണ്ടുകളായി മഹത്വവല്ക്കരിക്കപ്പെട്ട് തുടർന്നുവരുന്ന ജാതി-വര്‍ണ്ണ വ്യവസ്ഥയെ തച്ചുടയ്ക്കുന്നതിനുള്ള അനുപേക്ഷണീയ ഉപാധിയായും അതിനെ ഉപയോഗിക്കാം. അദ്ദേഹം സ്വമേധയാ തന്നെ അത്തരമൊരു അടിച്ചുടയ്ക്കലിന്റെ, ഉടച്ചുവാർക്കലിന്റെ, വരേണ്യവര്‍ഗ്ഗ വിവേചനത്തിന്റെ ഇരയും പ്രതിയോഗിയുമായി മാറുകയാണല്ലോ ഉണ്ടായത്.

ഭരണഘടന കേവലം ഭരണപുസ്തകമല്ല

നാം എങ്ങനെയാണ് നമ്മുടെ ഭരണഘടനയെ നോക്കിക്കാണുന്നത്. അത് കേവലമൊരു ഭരണസഹായിയായ കൈപ്പുസ്തകമല്ല. ഭാഗ്യവശാൽ നമുക്കിടയിൽ ഏറെ ചുരുക്കം പേർ മാത്രമെ അങ്ങനെ കരുതുന്നവരുള്ളൂ. ഇക്കാര്യത്തിൽ നാം ഡോ. അംബേദ്കർ ഉൾപ്പെടെ ഭരണഘടനാ നിർമ്മാതാക്കളോട് കടപ്പെട്ടിരിക്കുന്നു. അവർ ഭരണഘടനയെ താത്വികവും സൈദ്ധാന്തികവുമായ അടിസ്ഥാന സംഹിതയായാണ് രൂപപ്പെടുത്തിയതും നമുക്ക് കൈമാറിയതും, മഹത്തായ ഉള്ളടക്കവും മികവുറ്റ അന്തസ്സത്തയും പ്രായോഗിക ശേഷിയുമുള്ള ജീവത്തായ ഗ്രന്ഥമാണത്. വൈവിദ്ധ്യമാർന്ന സാദ്ധ്യതകൾ ഉൾക്കൊള്ളുന്ന ഏകമാനവും സമഗ്രവുമായ സംഹിതയാണത്.

നാം നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തെയും വികാസത്തെയുംകുറിച്ചുതന്നെ പഠിക്കണം. ഭരണഘടനാ നിർമ്മാണ സഭ തന്നെ വരേണ്യ, സമ്പന്ന മേലാളന്മാരുടെ പ്രാതിനിധ്യസഭയായിരുന്നു. രാജ്യത്തെ ദരിദ്ര, കീഴാള, ആദിവാസി, സ്ത്രീവിഭാഗങ്ങളുടെയൊക്കെ തികച്ചും പരിമിതമോ അവഗണനീയമോ ആയ പങ്കാളിത്തം മാത്രമാണ് ഭരണഘടനാ നിർമ്മാണ സഭയിലുണ്ടായിരുന്നത്. രാജ്യത്തെ സാധാരണക്കാരുടെ തീർത്തും പരിമിത സാന്നിദ്ധ്യം മാത്രമേ ഭരണഘടനാ നിർമ്മാണസഭയിൽ സാദ്ധ്യമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ രൂപപ്പെട്ടുവന്ന ഭരണഘടനയിൽ പ്രകൃത്യാ ആയി രണ്ട് പ്രധാന ഭിന്നവീക്ഷണങ്ങൾ ഉൾച്ചേർന്നിരിക്കുന്നതായി കാണാം. ഒന്ന് അതിന്റെ വിപ്ലവാത്മക അന്തഃസത്തയുടെ ഉള്ളടക്കത്തിന്റെ സാദ്ധ്യതയാണ്. അതു നാം ആർജ്ജിച്ചത് ബൃഹത്തായ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാരയിൽ നിന്നാണ്. ലക്ഷക്കണക്കായി സാമാന്യ മനുഷ്യർ പങ്കെടുത്ത മഹത്തായ മനുഷ്യമുന്നേറ്റ മുന്നണിയിൽ നിന്നാണ് അധികാരം ഭാരമേല്പിക്കുന്ന അടിച്ചമർത്തലിനെ അതിജീവിക്കാനുള്ള മഹത്തായ വിമോചന ഉള്ളടക്കം വന്നുചേർന്നത്. സമൂഹത്തിൽ നിലനിന്ന ഉച്ചനീചത്വ വിവേചന വീക്ഷണങ്ങൾക്കെതിരായി നവസമൂഹ മുന്നേറ്റത്തിനും സമത്വ-മതനിരപേക്ഷ സമൂഹസൃഷ്ടിക്കുമുള്ള ഉപാധിയായിട്ടാണ് ഭരണഘടന വികസിച്ചുവന്നത്. ഈ ധാരയാണ് ജനാധിപത്യ അധികാര വികേന്ദ്രീകരണം എന്നതുൾപ്പെടെ അതീവ വിപ്ലവാത്മകമായ ആശയങ്ങളും മുദ്രാവാക്യങ്ങളും മുന്നോട്ടുവച്ചത്. അധികാരം അടിസ്ഥാന ജനതയ്ക്കായിരിക്കണം എന്നാണവർ വാദിച്ചുറപ്പിച്ചത്. അവശരും അവഗണിക്കപ്പെട്ടവരുമായ ജനതയ്ക്ക് അധികാരത്തിന്റെയും വിഭവത്തിന്റെയും അർഹമായ നീതിപൂർവ്വകമായ, പങ്ക് ലഭിക്കണമെന്ന് അവർ വാദിച്ചു. ജാതിവിവേചനത്തിൽ നിന്നുള്ള മോചനം, പരിരക്ഷ, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മാനുഷിക പരിഗണന, നീതിയുടെ പ്രാപ്യത, രാഷ്ട്രീയപ്രക്രിയയിലുള്ള പങ്കാളിത്തവും നേതൃത്വവും, ജാതിവ്യവസ്ഥയുടെയും മുതലാളിത്തവ്യവസ്ഥയുടെയും അന്ത്യം, ദാരിദ്ര്യവല്ക്കരണത്തിന് അറുതി, പാർശ്വവല്ക്കരണത്തിന് അവസാനം, രാജ്യാധികാര പ്രയോഗത്തിലൂടെയുള്ള അടിച്ചമർത്തലുകൾ തടയുക, ഭൂപ്രഭുത്വം ഇല്ലാതാക്കുക, ഭൂരഹിതർക്ക് ഭൂമിയിന്മേലുള്ള അവകാശം ഉറപ്പാക്കുക, സ്വകാര്യസ്വത്തിന്റെയും കൈവശാവകാശത്തിന്റെയും മേലുള്ള കിരാത വരേണ്യ കടന്നുകയറ്റങ്ങൾ ഇല്ലാതാക്കുക, മണ്ണ്, ജലം, വനം തുടങ്ങി പ്രകൃതി വിഭവങ്ങൾക്കുമേൽ സാമാന്യ സമൂഹത്തിനുള്ള ഉടമസ്ഥത ഉറപ്പാക്കുക. പ്രകൃതി പരിസ്ഥിതി പരിരക്ഷിക്കുക, നിർബ്ബന്ധിതവും സൗജന്യവുമായ സാർവ്വത്രിക വിദ്യാഭ്യാസം സാദ്ധ്യമാക്കുക, ആരോഗ്യസേവനം സാർവ്വത്രികമാക്കുക, സാമൂഹ്യ സുരക്ഷാ ഉപാധികൾ എല്ലാവർക്കും പ്രാപ്യമാക്കുക മുതലായ മുദ്രാവാക്യങ്ങൾ അവൻ മുന്നോട്ടുവച്ചു. ഈ ഘടകങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭരണഘടനാ നിർമ്മാണ സഭയുടെ സംവാദ വിഷയമാക്കപ്പെട്ടു. പക്ഷേ, അവയിൽ ഗണ്യമായവ അംഗീകരിക്കപ്പെടുകയോ സ്വാംശീകരിക്കപ്പെടുകയോ ചെയ്യാതെപോയി. അത്തരത്തിൽ തിരസ്‌കരിക്കപ്പെട്ട മൂല്യങ്ങളാണ് വാസ്തവത്തിൽ ഏറ്റവും മഹത്തായ, ഇന്ത്യൻ ഭരണ ഘടനാ മൂല്യങ്ങൾ. അവയാണതിന്റെ വിപ്ലവാത്മക അന്തഃസ്സത്ത. അത് തിരിച്ചുപിടിക്കാനും പ്രാവർത്തിക്കമാക്കാനുമുള്ള പ്രായോഗിക വേദി കൂടിയാകണം പ്രാദേശിക സർക്കാരുകൾ.

ഭരണഘടനയുടെ വിപ്ലാവത്മക ചോദനകൾ

ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് വിപ്ലവാത്മക ചോദനകൾ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയാണ്. അതിനൊപ്പം തുല്യത, സ്വതന്ത്രത, നീതിപൂർവ്വകത എന്നീ അവകാശത്രിത്വം കൂടി നാം കണക്കിലെടുക്കണം. പ്രായപൂർത്തിവോട്ടവകാശത്തിനുള്ള പ്രായോഗിക നയനടപടികൾ (ഒരാൾക്ക് ഒരു വോട്ട് സമ്പ്രദായം) പരിരക്ഷാത്മക വിവേചനതത്വം, അവസരതുല്യതയ്ക്കും പ്രാതിനിദ്ധ്യത്തിനും ഉള്ള അവകാശം, തൊഴിൽ വിദ്യാഭ്യാസം, രാഷ്ട്രീയപദവികൾ എന്നിവയിലുള്ള പൊതുഅവസര തുല്യത, ക്ഷേമരാഷ്ട്രസങ്കല്പനവും സാമൂഹ്യ സുരക്ഷയും, ഉൾപ്പെടെ ഒമ്പത് മൂല്യങ്ങൾ നമ്മുടെ ഭരണഘടനാദാതാക്കൾ രൂപകല്പന ചെയ്ത് മുന്നോട്ടുവച്ചു. എന്നാൽ അവ പ്രവർത്തികമാക്കാനുള്ള മൂർത്തമായ പരിശ്രമങ്ങൾ പില്ക്കാലത്തും വിജയത്തിലെത്തിക്കാനായില്ല.

നിലവിലുള്ള ഭരണഘടനയുടെ വിപ്ലവാത്മകമായ ഉള്ളടക്കത്തെ, വിശേഷിച്ച് ഇവിടെ നാം ചർച്ചയ്‌ക്കെടുക്കുന്ന തദ്ദേശഭരണത്തിന്റെയും ജനാധിപത്യ വികേന്ദ്രീകരണത്തിന്റെയും സാദ്ധ്യതകൾ, ഇടതുപക്ഷ പ്രത്യയശാസ്ത്ര അടിത്തറയിൽ എങ്ങനെയാണ് ഏകാധികാര പ്രവണതകൾക്കെതിരായ പ്രതിരോധ കവചമായി പ്രയോഗിക്കാനാകുക എന്നതാണ് മുഖ്യം. അതിനൊപ്പം പ്രധാനമാണ് ഭരണഘടനാ പരികല്പനയിലെ പ്രതിലോമകരമായ ഉള്ളടക്കത്തെയും വ്യാഖ്യാനത്തെയും പ്രതിരോധിക്കുക എന്നത്. തുല്യത, സ്വാതന്ത്ര്യം, നീതി എന്നീ അമൂർത്ത സംജ്ഞകളിൽ കണ്ടെത്താവുന്ന വിടവുകളും കള്ളറകളും ഉപയോഗിച്ച് ഏകാധികാരം അടിച്ചേല്പിക്കാനുള്ള നീക്കങ്ങൾ ചെറുക്കണം. സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, അമിതാധികാരവാഴ്ച ശക്തിപ്പെടുത്തുകയും അതിന്റെ മറവിൽ അധാർമ്മികമായ മുതലാളിത്തക്കുത്തക സമ്പദ് നയങ്ങൾക്ക് പ്രാബല്യം നല്കുകയും ചെയ്യുന്നതിനെ തടയണം. 

തദ്ദേശഭരണപ്രക്രിയയുടെ സാദ്ധ്യതയും ഭൂമികയും

നേരത്തെ ചൂണ്ടിക്കാട്ടിയ പരസ്പര വിരുദ്ധ സാദ്ധ്യതകൾക്കിടയിൽ നിന്ന് നമുക്കിണങ്ങിയ വിപ്ലവാത്മക പ്രതിരോധത്തിന്റെ ഭൂമിക നാം കണ്ടെത്തണം. അത്തരം ആഴ്ന്നിറങ്ങലുകളിലൂടെയും തുറന്നു കയറലിലൂടെയും ഭരണഘടനയുടെ ഉള്ളറകളിൽ ഉറക്കിക്കിടത്തപ്പെട്ടിരിക്കുന്ന വിപ്ലവാത്മക ചോദനകളെ നമുക്ക് കണ്ടെത്തുകയും പുറത്തുകൊണ്ടുവരുകയും ചെയ്യണം. അവ ഉപയോഗിച്ച് എല്ലാത്തരം അടിച്ചമർത്തലുകളെയും നിരാകരണങ്ങളെയും നിഷേധങ്ങളെയും പ്രതിരോധിക്കാനും പ്രതിവിപ്ലവകരമായ ഭരണഘടനാ പ്രയോഗങ്ങളെ ചെറുത്തു തോല്പിക്കാനും കഴിയണം. എല്ലായ്‌പ്പോഴും ഭരണഘടനയുടെ, നിയമവാഴ്ചയുടെ പ്രതിലോമകരമായ പ്രയോഗ നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം അതിന്റെ വിപ്ലവാത്മകമായ പുരോഗമനപരമായ ഉള്ളടക്കത്തെ പ്രാവർത്തികമാക്കാനുള്ള വഴികൾ തേടാനും നടപ്പിലാക്കാനുമായിരിക്കണം നമ്മുടെ ഇടപെടലും സാന്നിദ്ധ്യവും. അത്തരമൊരു നിരന്തരവും ജാഗ്രത്തുമായ പോരാട്ടം നടത്താതെ ഭരണഘടനാ തത്വങ്ങൾ പാലിക്കണമെന്ന് കേവലം മുറവിളികൂട്ടുന്നിൽ കാര്യമില്ല, ഫലവുമില്ല, പര്യാപ്തവുമല്ല. അതായത് ഭരണഘടനയുടെ വിപ്ലവാത്മക ചോദനകൾ പ്രാവർത്തികമാക്കുന്നതിലൂടെ ഭരണപരമായ ഏകാധികാരപ്രവണതകൾ തടയാനും ഭരണഘടനയുടെ ജനാധിപത്യ മൂല്യത്തെ ശക്തിപ്പെടുത്താനുമാണ് കഴിയുക. ജനവിരുദ്ധതയുടെ നടത്തിപ്പിനായി ഭരണ ഘടനാ ഖണ്ഡനങ്ങളെ ഉപയോഗിക്കുകയല്ല, ജനകീയവും ജനഹിതകരവുമായ ഗുണാത്മക ഭരണ ഘടനാ വ്യവസ്ഥകൾ തിരഞ്ഞുപിടിച്ച് കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.

ഈ പശ്ചാത്തലത്തിൽ വേണം ഭരണഘടനയ്‌ക്കെതിരായ കറുത്ത ശക്തികളുടെ ഹീനമായ അതിക്രമങ്ങളെ തിരിച്ചറിയേണ്ടതും ഭരണഘടനാ തത്വങ്ങളുടെ പരിരക്ഷയുടെ ഉത്തരവാദിത്തം ആർജ്ജവത്തോടെ ഏറ്റെടുക്കേണ്ടതും. അതിന്റെ ഭാഗമായി വേണം അധികാര വികേന്ദ്രീകരണത്തിന്റെയും ജനാധിപത്യ വികേന്ദ്രീകരണത്തിന്റെയും ഭരണഘടനാ സാദ്ധ്യതകളെ നാം അവലോകന വിധേയമാക്കേണ്ടത്. കേന്ദ്രീകൃത അധികാര വ്യവസ്ഥ 5000-6000 വർഷങ്ങൾക്കുമുമ്പ് ഉടലെടുത്തതും പ്രാവർത്തികമായതുമാണ്. അതിന് മുമ്പ് നിലവിലുണ്ടായിരുന്ന വികേന്ദ്രീകൃത നാഗരികതയെ തിരസ്‌കരിച്ചുകൊണ്ടാണത് പ്രാവർത്തികമായത്. വാസ്തവത്തിൽ വികേന്ദ്രീകൃത ജനാധിപത്യ സമൂഹത്തിൽ നിന്നു മാത്രമേ നാഗരികമായ സംസ്‌കൃതി രൂപപ്പെടുകയുള്ളൂ ഇന്തോ-ആര്യൻ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്ന തദ്ദേശീയ ഭരണക്രമത്തെ അട്ടിമറിച്ചും ദുർബ്ബലമാക്കിയുമാണ് കേന്ദ്രീകൃതമായ ഭരണക്രമം സ്ഥാപിച്ചെടുത്തത്. ഏറെ കൗതുകകരമായ കാര്യം ഇപ്പോൾ അത്തരം അധികാരകേന്ദ്രത്തിൽ നിന്ന് താഴേത്തട്ടുകളിലെ ജനാധിപത്യ വേദികളിലേക്ക് വീണ്ടും അധികാരം കൈമാറുമെന്നാണ് പറയുന്നത്. എന്തൊരു വിരോധാഭാസം? വാസ്തവത്തിൽ ജനാധികാരത്തിന്റെ പുനഃസ്ഥാപനം തിരിച്ചുപിടിക്കലാണത്. ആരുടെയും ഔദാര്യപൂർവ്വമോ ദയാദാക്ഷണ്യപരമോ ആയ ദാനമല്ല. മുൻകാല ഭരണകർത്താക്കൾ കൈയടക്കിയ, കേന്ദ്രീകരിച്ച, ജനാധികാരങ്ങൾ തദ്ദേശീയസമൂഹം തിരിച്ചുപിടിക്കുന്ന ഉജ്ജ്വലമായ പേരോട്ടം കൂടിയാണത്.

പ്രാചീന ഭാരതത്തിലെ ആദിമസമൂഹങ്ങളിൽ നിലനിന്നിരുന്ന പ്രാഥമിക ജനാധിപത്യക്രമം അട്ടിമറിക്കപ്പെട്ടത് ഇന്തോ-ആര്യൻ ആധിപത്യ കാലത്താണ്. പാശ്ചാത്യ കോളണിവല്ക്കരണത്തോടെ അത്തരം നിയമാധികാരങ്ങൾ, ഭരണാധികാരങ്ങൾ അത്യന്തം കേന്ദ്രീകൃതമായി. എന്നാൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പ്രാചീന പഞ്ചായത്ത് ഭരണക്രമമല്ല. പഞ്ചായത്ത് രാജ്-നഗരപാലികാ പരിഷ്‌ക്കരണം വഴി സാധൂകരിക്കപ്പെട്ടത് ഇന്തോ-ആര്യൻ അധിനിവേശകാലത്ത് പ്രാവർത്തികമായതും പില്ക്കാലത്ത് അത്യന്തം കേന്ദ്രീകൃതമായിത്തീർന്നതുമായ അധികാര വാഴ്ചയുടെ പങ്കുവയ്പ് വീതംവയ്പ് മാത്രമാണ്. അതാകട്ടെ ബ്രിട്ടീഷ് കോളണിവല്ക്കരണത്തിന്റെയും ആധുനിക ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെയും തുടർച്ചയായി രൂപപ്പെടുത്തപ്പെട്ടതാണെന്നും കാണാം. അതിലൂടെ നടപ്പാക്കാൻ ശ്രമിച്ചത് ഇന്ത്യയിലെ ദരിദ്ര പിന്നോക്ക ജനസാമാന്യത്തിനു മേൽ സമ്പന്ന വരേണ്യ അധികാരി വര്‍ഗ്ഗത്തിന്റെ അധീശത്വം അരക്കിട്ടുറപ്പിക്കും വിധമുള്ള ശ്രമവുമായിരുന്നു. പ്രാചീന ഇന്ത്യൻ ആദിമ സമൂഹങ്ങളിൽ അനുവർത്തിച്ചിരുന്ന പഞ്ചായത്തായിരുന്നില്ല, മറിച്ച് കേന്ദ്രാധികാര സംവിധാനം ചിട്ടപ്പെടുത്തി ഭരമേല്പിക്കുന്ന, തീർത്തും പരിമിത സ്വയം ഭരണക്ഷമത മാത്രമുള്ള കൈയാളന്മാരായ പഞ്ചായത്തുകളായിരുന്നു രൂപപ്പെട്ടത്. ഏറെ വൈവിദ്ധ്യവും വൈജാത്യവുമുണ്ടായിരുന്ന പ്രാചീനകാല പഞ്ചായത്തുകളെ നിഷ്‌കാസനം ചെയ്തശേഷം ഇന്തോ-ആര്യൻ അധിനിവേശത്തുടർച്ചയായി പ്രാവർത്തികമാക്കിയ അത്യന്തം ഏകശിലാരൂപമാർന്ന, വാർപ്പുമാതൃകയിലുള്ളതായ ഭരണക്രമ സംവിധാനമാണ് പില്ക്കാല പഞ്ചായത്തുകളിലൂടെ തുടർന്നത്. എവിടെവിടെയെല്ലാം ഇന്തോ-ആര്യൻ അധിനിവേശ സ്വാധീനമുണ്ടായോ, ബ്രിട്ടീഷ് കൊളോണിയൽ അധികാര വാഴ്ച പ്രാവർത്തികമായോ അവിടെയെല്ലാം ഇത്തരം ഏകതാനമായ തദ്ദേശ ഭരണക്രമം അടിച്ചേല്പിക്കപ്പെടുന്നതാണുണ്ടായത്. ഇങ്ങനെ പ്രാവർത്തികമായ വരേണ്യാധിപത്യക്രമം സാദ്ധ്യമായ എല്ലായിടത്തേക്കും പിന്നീട് വ്യാപിപ്പിക്കുകയുമാണുണ്ടായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വിദൂര ഗ്രാമീണ മേഖലകളിലേക്കും ആദിമ ഗോത്ര സമൂഹങ്ങളിലേക്കുംപോലും ഇത്തരം ഏകതാനമായ ഭരണ സമ്പ്രദായം പ്രാവർത്തികമാക്കുകയാണുണ്ടായത്. പില്ക്കാല ജില്ലാ ഭരണക്രമത്തിലേക്കും ഈ രീതിശാസ്ത്രം വ്യാപിപ്പിക്കപ്പെട്ടു.

ബഹുഭൂരിപക്ഷം വിദഗ്ദ്ധരും ചിന്തകരും തദ്ദേശ ഭരണപ്രക്രിയയെ ജനാധിപത്യ വികേന്ദ്രീകരണ ഭാഗമായ ശക്തമായ അധികാരകേന്ദ്രമായി വ്യവസ്ഥാപിതമാക്കുക എന്നാണ് കരുതുന്നത്. അതേ അവസരത്തിൽതന്നെ അവ അത്യന്തം കേന്ദ്രീകൃതമായ അധികാര ഘടനയുടെ ഭാഗമായിത്തന്നെ തുടരുകയുമാണ്. യഥാർത്ഥത്തിൽ അവയാകട്ടെ തടവറകൾക്കു തുല്യമായ അവസ്ഥയാണ് പിന്തുടരുന്നത്. പുരാതന ജനാധികാര പഞ്ചായത്തുകളുടെ തനിമയുടെ പ്രായോഗിക രൂപങ്ങളായാണവ പരിണമിച്ചത്. ഈ തിരിച്ചറിവു കൊണ്ടാണ് ഡോ. അംബേദ്കർ, തീർത്തും ശരിയായവിധം അധികാര വികേന്ദ്രീകരണത്തെയും തദ്ദേശഭരണക്രമത്തെയും രാഷ്ട്ര നയ നിർദ്ദേശകത്വത്തിൽ അനുച്ഛേദം 40 ൽ പെടുത്തി ഭാഗം കഢ ൽ ഉൾച്ചേർത്തത്. ഭരണഘടനാ ചട്ടക്കൂട് അവതരിപ്പിച്ച് അംബേദ്കർ നടത്തിയ ആദ്യ പ്രഭാഷണത്തിൽ തന്നെ ഇന്ത്യയെ ഒരു സവര്‍ണ്ണാധിപത്യ ഹൈന്ദവ രാഷ്ട്രമായി രൂപപ്പെടുത്താനും സ്ഥാപിക്കാനുമുള്ള പ്രവണതയെ, പരിശ്രമത്തെ നുള്ളിക്കളഞ്ഞു. അതുകൊണ്ടു കൂടിയാണ് സമ്പന്ന വരേണ്യ വിഭാഗത്തിന് വിദൂരഗ്രാമീണ സമൂഹങ്ങൾക്കുമേൽ അധീശത്വം ഉറപ്പിക്കാനാകും വിധം നിർദ്ദേശിക്കപ്പെട്ട വികേന്ദ്രീകൃത മാതൃകയെ അംബേദ്കർ നിരാകരിച്ചത്. അതിനു പകരം ഏറെ സുഗമവും സംഘടിതവും ലളിതവുമായ തനത് ഇന്ത്യൻ മാതൃക തദ്ദേശ ഭരണക്രമത്തിൽ ഭരണഘടനാ പരമായ അനുവർത്തിക്കപ്പെടണം എന്ന് അംബേദ്കർ ആവർത്തിച്ചുറപ്പിച്ചു.

ഇതിന്റെ ആധുനികകാല തുടർച്ചയായിട്ടാണ് 1993-94 ൽ 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ തദ്ദേശ ഭരണ-ജനാധികാര വികേന്ദ്രീകരണ പ്രക്രിയ രാജ്യത്ത് പ്രാവർത്തികമാക്കിയത്. തീർച്ചയായും രാജ്യത്താകെ, സ്ഥാപനവല്കൃതമായ ശൃംഖലാ സംവിധാനത്തിലധിഷ്ഠിതമായ ജനപ്രതിനിധി- ഉദ്യോഗസ്ഥ സംവിധാനം ആശ്രയിച്ചു പ്രവർത്തിക്കുന്ന, പ്രാദേശികജന പങ്കാളിത്തമുള്ള തദ്ദേശ ഭരണക്രമം നിർദ്ദേശിക്കപ്പെട്ട, വാസ്തവത്തിൽ 1989 ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെയും 1992 ലെ ബാബ്‌റി മസ്ജിദ് നിർമ്മാർജ്ജനത്തിന്റെയും 1992 ലെ ആഗോളീകരണ-ഉദാരീകരണ നയനിർവ്വഹണത്തിന്റെയും പശ്ചാത്തലത്തിലാണ് പഞ്ചായത്ത് രാജ് - നഗരപാലിക നിയമ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം രാജ്യം കണ്ട സുപ്രധാന നയനിർവ്വഹണ പ്രത്യാഘാതങ്ങളാണ് ഇവ സൂചിപ്പിക്കുന്ന ഘട്ടം. ഏറ്റവും ശക്തവും നിര്‍ണ്ണായകവുമായ കേന്ദ്രീകൃത ഭരണ ഉപാധികൾ ഏറ്റവും ഫലപ്രദമായി അടിച്ചേല്പിക്കപ്പെട്ടവയാണതിൽ ഓരോ ഘടകവും. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ-ഭരണകാര്യ സ്ഥാപനങ്ങൾക്കുമേൽ കേന്ദ്ര ഭരണകൂടം പിടിമുറുക്കിയ ഘട്ടം. നവ ഉദാരീകരണ നയം നമ്മുടെ ഭരണകാര്യ നടത്തിപ്പിൽ തദ്ദേശീയ സമൂഹത്തിനുള്ള ഇടപെടൽ സാദ്ധ്യതകൾ തന്നെ പരിമിതപ്പെടുത്തി. ഒട്ടേറെ കേന്ദ്രീകൃത അധികൃത സ്ഥാനങ്ങൾ വഴി പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനസാദ്ധ്യത തന്നെ അടച്ചുകളഞ്ഞു. സ്വകാര്യവല്ക്കരണത്തിന്റെ ശക്തിപ്പെടൽ വഴി പൊതുജനാധിപത്യ ഇടപെടലുകൾക്കുള്ള സാദ്ധ്യതയും അവസരവുംതന്നെ ഗണ്യമായ അളവിൽ നിരാകരിക്കപ്പെട്ടു. ജനകീയ വേദികൾതന്നെ ദുർബ്ബലമാക്കപ്പെട്ടു. ഒരു തദ്ദേശ ഭരണ സ്ഥാപനവും അവരുടെ തനത് സ്വയം ഭരണ പ്രക്രിയയിലേക്ക് ശക്തിപ്പെടരുതെന്നുള്ള നിർബ്ബന്ധപൂർവ്വമായ തന്ത്രം ഭരണകൂടം പ്രാവർത്തികമാക്കി. അത്തരം സ്വയംഭരണ സംവിധാനങ്ങളുടെ വികാസത്തെത്തന്നെയാണവർ നിഷ്ഫലമാക്കിയത്, നിഷ്പ്രഭമാക്കിയത്. വാസ്തവത്തിൽ ജൈവപരവും ഭരണഘടനാപരവുമായ വിഭവ വിതരണത്തെയും ലഭ്യതയെയും ഈ ഭേദഗതികൾ അടച്ചുകളഞ്ഞു. പകരം തദ്ദേശ ഭരണസ്ഥാപനങ്ങളെ മേൽത്തട്ടു സർക്കാരുകളുടെ ഉപകരണങ്ങളായി മാത്രം, ആജ്ഞാനുവർത്തികളായി മാത്രമാണവർ സങ്കല്പിച്ചത്, പ്രാവർത്തികമാക്കിയത്. അതിനുതകും വിധമാണ് വിഭവം, അധികാരം, ഉദ്യോഗസ്ഥർ എന്നിവ കൈമാറ്റപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നതിനുപകരി ഖാപ പഞ്ചായത്തുകളുടെ, ജാതിപഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നമായ പാവകളായാണവ പലപ്പോഴും പലയിടത്തും പരിണമിച്ചത്.

അതുകൊണ്ട്, ഒന്ന് നമുക്ക് ഉറപ്പിച്ചുതന്നെ പറയാം, ഭരണഘടനാദത്തമായ പഞ്ചായത്തും പ്രാചീന പരമ്പരാഗത പഞ്ചായത്തും തമ്മിൽ ഗണ്യമായ അന്തരമുണ്ട്. യഥാർത്ഥത്തിൽ പ്രാദേശിക സർക്കാരുകൾ എന്നതലത്തിൽ നിന്ന് വലിയ ചുരുക്കം സംഭവിക്കുന്നുവെങ്കിൽ കൂടിയും ഭരണഘടനാദത്തമായ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഏകാധികാരപ്രവണതയ്‌ക്കെതിരായ പ്രതിരോധ കവചങ്ങളായി എങ്ങനെ നമുക്ക് വിനിയോഗിക്കാം എന്നതാണ് നാം ചിന്തിക്കേണ്ടത്. അതിനുള്ള ഒട്ടേറെ സാദ്ധ്യതകൾ അതിലുണ്ട്. അത്തരം സാദ്ധ്യതകൾ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബോധപൂർവ്വമായ, നിരന്തരമായ ശ്രമമാണ് ഇന്നാവശ്യം. തദ്ദേശ ഭരണ ക്രമത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടെത്താനും അവയുടെ ഉന്നതികളിലേക്കു ചവിട്ടിക്കയറാനും നമുക്ക് കഴിയണം. ഒട്ടേറെ നിയന്ത്രണങ്ങളും പരിമിതികളും കടമ്പകളും ഏല്പിക്കപ്പെടുന്നുണ്ടെങ്കിലും, ജനാധിപത്യ പ്രക്രിയയ്ക്ക് ഹാനികരമായ പലതും അടിച്ചേല്പിക്കപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ അനുഭവങ്ങൾ, പാഠങ്ങൾ ഉൾക്കൊണ്ടുള്ള ശാക്തീകരണവും കുതിച്ചു ചാട്ടവുമാണ് നാം നടത്തേണ്ടത്. ഭരണഘടനയുടെ വിപ്ലവാത്മക ചോദനകൾ കരുത്താക്കിക്കൊണ്ട് നമുക്ക് അത് സാദ്ധ്യമാക്കണം.

പ്രാദേശിക സർക്കാരും പ്രാദേശിക ജനതയും

ഈ പ്രതിപാദനത്തിന്റെ അവസാനഭാഗത്ത് നാം ശ്രമിക്കുന്നത് ഭരണഘടനയെ അനുസരിക്കപ്പെടാനുള്ള ഗ്രന്ഥരൂപമെന്നതിനപ്പുറം ജനകീയ ഇടപെടലുകളുടെ അവസര ഭൂമികയായി കാണുക എന്നുള്ളതാണ്. അതിനു മുന്നോടിയായി ആവർത്തിച്ചു പറയേണ്ടത് ഡോ. അംബേദ്കർ കൃത്യമായി തിരസ്‌കരിച്ചതും ഭരണസൃഷ്ടാക്കൾ നിരാകരിച്ചതുമായ അധികാരി-കങ്കാണി ബന്ധത്തിലുള്ള തദ്ദേശ ഭരണ രൂപത്തെയാണ് ഏറെ തന്ത്രപരവും ഗൂഢവുമായി 73, 74 ഭരണഘടനാ ഭേദഗതി വഴി നടപ്പാക്കിയെടുക്കാൻ 1993-94 ൽ രാജ്യഭരണാധികാരികൾ തുനിഞ്ഞതെന്ന വസ്തുതയാണ്. എന്നിരിക്കിലും, അപ്പോഴും ഭരണഘടനയിൽ ഉൾച്ചേർക്കപ്പെട്ടിട്ടുള്ള പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ ക്ഷമതയും ശക്തിയും അതിന്റെ പൂര്‍ണ്ണതോതിൽ നാം തിരിച്ചറിയണം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് രാജ്യത്തെ ഗ്രസിക്കുന്ന ഏകാധികാരപ്രവണതയെ പ്രതിരോധിക്കുന്നതിലുള്ള ശേഷിയും സാദ്ധ്യതയും മാര്‍ഗ്ഗവും നാം തിരിച്ചറിയണം, ശക്തിപ്പെടുത്തണം, ഉപയോഗിക്കണം. നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളിൽത്തന്നെ സാദ്ധ്യമാക്കാവുന്ന മാര്‍ഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണം. ഒപ്പം അവയെ മാറ്റിത്തീർക്കുന്നതിനുള്ള വിപ്ലവാത്മക പ്രവർത്തനങ്ങൾക്ക് രൂപം നല്കുകയും വേണം.

ഇതിന് ആദ്യം വേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്ഥാനവും ഉത്തരവാദിത്തവും അധികാരവും നമുക്ക് പുനർനിർവ്വചിക്കാനാകണം എന്നതാണ്. എത്രകണ്ട് അളവിൽ അവയെ ജനാധിപത്യപരമാക്കാമോ അത് സാദ്ധ്യമാക്കണം. തദ്ദേശീയ ജനതയുടെ സാമൂഹ്യ ആവശ്യകതകൾ കണ്ടറിഞ്ഞ് സാധൂകരിക്കാനുതകുന്ന, തീരുമാനമെടുക്കാൻ അധികൃതമായ സ്ഥാപനങ്ങളായവ മാറണം. ജനങ്ങളുടെ ജീവനും അതിജീവനത്തിനും മൗലികാവകാശങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്ന സ്ഥാപന സംവിധാനമായവ മാറണം. മൗലികപൗരാവകാശവും രാഷ്ട്രനയനിർദ്ദേശകവും അടിസ്ഥാനപൗരാവകാശങ്ങളെയും ഏതുതരം ഉപേക്ഷയിൽ നിന്നും ഏതുതരം അതിക്രമത്തിൽനിന്നും ഏതുതരം നിഷ്‌ക്രിയത്വത്തിൽ നിന്നും, ഏതുതരം ഉദ്യോഗസ്ഥ ദുർഭരണത്തിൽനിന്നും പരിരക്ഷിക്കാനുള്ള കവചവും പ്രതിരോധിക്കാനുള്ള ആയുധവുമായി തദ്ദേശഭരണസ്ഥാപനങ്ങൾ മാറണം.

നാട്ടിൽ നൂതനമായ ഒരു സാമൂഹ്യക്രമം അനുവർത്തിക്കാൻ അവയെ നാം ഉപയോഗപ്പെടുത്തണം. നീതിയും സമത്വവും സ്വാതന്ത്ര്യവും മതനിരപേക്ഷതയും പരിപാലിക്കപ്പെടുന്ന പുതിയൊരു ജനാധിപത്യക്രമം സാധൂകരിക്കപ്പെടണം. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപന സംവിധാനങ്ങളിലും ഭരണഘടനാ ലബ്ധമായ നീതിപരിപാലിക്കപ്പെടുന്നുവെന്ന് അവർ ഉറപ്പാക്കണം. കേരളത്തിൽ ഇന്ന് നിലവിലുള്ള ഭരണ ഘടനാ പിൻബലവും നിയമസാദ്ധ്യതയും ഉപയോഗിച്ച് അത് പ്രാവർത്തികമാക്കാം. സംസ്ഥാന സർക്കാരിന്റെകൂടി പിന്തുണയോടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സാമൂഹ്യ സംരക്ഷണ റിപ്പോർട്ടുകൾ തയ്യാറാക്കണം. അതാതിടങ്ങളിൽ ഉന്നയിക്കപ്പെടുന്ന സാമൂഹ്യ സുരക്ഷാ ലംഘനങ്ങൾ സത്വരമായി പരിഹരിക്കപ്പെടണം. ഇതിനുതകുന്ന നിരീക്ഷണ-നിർവ്വഹണ ക്രമം രൂപപ്പെടുത്തണം. സമാർജിത റിപ്പോർട്ടുകൾ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെതന്നെ നിർദ്ധാരണം, വിടവുകൾ കണ്ടെത്തൽ, തിരുത്തൽ നടപടി എന്നിവയിലൂടെയും മേൽത്തട്ട് സർക്കാർ പിന്തുണയോടെയും സുസാദ്ധ്യമാക്കണം. പ്രസ്തുത സാമൂഹ്യ സുരക്ഷ റിപ്പോർട്ടുകൾക്ക് നിയമ പ്രാബല്യത്തിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തണം.

അന്തിമമായി കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളെ പൊതു പരിരക്ഷാവകാശപാലകരായി, അവയ്‌ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാനുള്ള കാവൽപ്പുരകളായി, ഏതുതരം ഏകാധികാര പ്രവൃത്തികളെയും ചെറുക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായി ഭരണഘടനാപരമായും നിയമപരമായും നമുക്ക് ഉപയോഗപ്പെടുത്താനാകണം.