ആരോഗ്യ മേഖലയിലെ മുന്നേറ്റം ജനകീയാസൂത്രണത്തിലൂടെ

ഡോ ബി ഇക്ബാൽ, ഡോ ജോയ് ഇളമൺ

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നൽകിയ സംഭാവനകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. പ്രത്യേകിച്ചും കോവിഡ് 19 ന്റെ അനുഭവങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയില്‍ ആരോഗ്യമേഖലയിലെ സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടണം. 

73, 74 ഭരണഘടന ഭേദഗതിയെ തുടർന്ന് ആദ്യത്തെ തിരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അധികാരത്തിൽ വന്നത് 1995ലാണ്. 1996 ല്‍ ജനകീയാസൂത്രണം ആരംഭിച്ചതോടെയാണ് പ്രാദേശിക സര്‍ക്കാരുകളെന്ന നിലയില്‍ വികസനാസൂത്രണത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇനി ആറാമത്തെ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കഴിഞ്ഞ 25 വർഷത്തെ അനുഭവങ്ങൾ വളരെ സമ്പന്നമാണ്. അത് പരിശോധിക്കുകയും ഇനി എങ്ങനെയാണ് നമ്മൾ ഓരോ മേഖലകളിലും മുന്നോട്ടു പോകേണ്ടത് എന്ന് നിശ്ചയിക്കുകയും ചെയ്യേണ്ട ഒരു സന്ദർഭമാണിത്. 

കേരളത്തിൽ അധികാര വികേന്ദ്രീകരണവും തുടര്‍ന്ന് ജനകീയാസൂത്രണവും ആരോഗ്യമേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, എല്ലാ കാലത്തും കേരളത്തിലെ ആരോഗ്യ മാതൃകയെ കുറിച്ചാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നത്. കേരള ആരോഗ്യ മാതൃക എന്നത് കേരള വികസന മാതൃകയുടെ ഭാഗമാണെന്ന് പറയാം. 
കേരള വികസന മാതൃക എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഘട്ടത്തിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഏറ്റവും മുന്നോട്ടുപോയ ഒരു സംസ്ഥാനം, അല്ലെങ്കിൽ ലോകത്തെ ഒരു പ്രദേശം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആരോഗ്യ മേഖലയിലെ മികവിന് വേണ്ട ഏറ്റവും നിര്‍ണ്ണായക ഘടകം സ്ത്രീ വിദ്യാഭ്യാസമാണ്. അതോടൊപ്പം കേരളത്തിലെ ആരോഗ്യ മാതൃകയും ആരോഗ്യ സംഘാടനവും സവിശേഷമായി പല സാർവ്വദേശീയ രംഗത്തുള്ള വിദഗ്ദ്ധരും പരിശോധിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തില്‍ കേരളം മികച്ച ആരോഗ്യ നിലവാരം കൈവരിച്ചിട്ടുണ്ട്. ആയുർദൈർഘ്യം വർദ്ധിച്ചു, സ്ത്രീകളുടെ ആരോഗ്യ നിലവാരം വളരെ മെച്ചമാണ്, മാതൃ മരണനിരക്ക് കുറവാണ്. ആ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ മികച്ച ആരോഗ്യ നിലവാരമാണ് കേരളത്തില്‍. അത് മാത്രമല്ല, സാമൂഹ്യ നീതിയും തുല്യതയുടെയും (ഗുഡ് ഹെൽത്ത് വിത്ത് സോഷ്യൽ ജസ്റ്റിസ് ആൻഡ് ഇക്വിറ്റി) അടിസ്ഥാനത്തിൽ അത് നിലനിർത്തിക്കൊണ്ടുള്ള ഒരു ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത് എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതായിരുന്നു കേരളത്തെക്കുറിച്ചുള്ള പൊതുവായിട്ടുള്ള ധാരണ. അത് കുറെയേറെ ശരിയുമാണ്. പക്ഷെ അതേ അവസരത്തിൽ 1980 കളുടെ അവസാനത്തിൽ കേരളം ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടു തുടങ്ങിയിരുന്നു. 90 കളിൽ ആയപ്പോൾ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്തിരുന്നു. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 

കേരളത്തിലെ ആയുർദൈർഘ്യം വര്‍ദ്ധിച്ചതു കൊണ്ട് തന്നെ ജീവിതശൈലി രോഗങ്ങൾ (പകർച്ചേതര രോഗങ്ങൾ) ഉള്ളവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഇത് കുറേയൊക്കെ സ്വാഭാവികമായി നമുക്ക് പ്രതീക്ഷിക്കാവുന്നതായിരുന്നു. പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രായാധിക്യമുള്ളവരില്‍ കൂടുതൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതാണ്. നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം നമ്മൾ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു വർദ്ധനവ്. പ്രമേഹത്തിന്റെ കാര്യമെടുത്താൽ ഇന്ത്യയിലെ പ്രമേഹ തലസ്ഥാനം കേരളമാണെന്ന് പറയാം. 20 ശതമാനത്തിലേറെ ആളുകൾക്ക് പ്രമേഹമുണ്ട്. അടുത്ത കാലത്തെ ഒരു പഠനം സൂചിപ്പിക്കുന്നത് 66 ശതമാനം ആളുകളും പ്രമേഹ പൂർവ്വഘട്ടത്തില്‍ ആണെന്നാണ്. 30% ആൾക്കെങ്കിലും രക്താതിമർദ്ദം ഉണ്ട്. 60,000 ക്യാൻസർ രോഗികൾ ആണ് ഒരു വർഷം ഉണ്ടാകുന്നത്. ഒരു സമയത്ത് അതിന് വ്യാപന നിരക്ക് (Prevalence Rate) രണ്ടു ലക്ഷം രോഗികൾ എങ്കിലും ഉണ്ട് . പകർച്ചേതര രോഗങ്ങൾ വര്‍ദ്ധിക്കാൻ പലകാരണങ്ങളുമുണ്ട്. നമ്മുടെ ആഹാരരീതിയിൽ മാറ്റം വന്നു, വ്യായാമരഹിതമായിട്ടുള്ള സംസ്ഥാനമായി കേരളം മാറി . മദ്യപാനം വര്‍ദ്ധിച്ച് വരുന്നു. 

പക്ഷേ പകർച്ചേതര രോഗങ്ങളുടെ സാന്നിദ്ധ്യം മാത്രമല്ല കേരളത്തിൽ ആരോഗ്യ പ്രതിസന്ധിയുടെ കാരണം. നിയന്ത്രിച്ച് കഴിഞ്ഞു എന്ന് കരുതിയിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പുതിയ പല പകർച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് 80 കളിലും 90 കളിലും. ജപ്പാന്‍ ജ്വരം, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങൾ അന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പൂര്‍ണ്ണമായും നിർമ്മാർജനം ചെയ്തു എന്ന് പ്രഖ്യാപിച്ച മലേറിയ തിരിച്ചുവന്നു. മലേറിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിയന്ത്രിക്കുന്നതിനും എത്രയോ നാൾ മുൻപ് നമ്മൾ നിയന്ത്രിച്ചതാണ്. കേരളത്തിൽ ആർക്കെങ്കിലും പനി വന്നാൽ മലേറിയ ആണെന്ന് കരുതി ക്ലോറോക്കിൻ കഴിക്കണമെന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കേരളത്തിൽ എഴുപതുകളിൽ ആർക്കെങ്കിലും പനി വന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണോ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ കാലം വീണ്ടും മാറി. ഇവിടെയും മലേറിയ തിരിച്ചു വന്നു.

രണ്ടു രീതിയിലുള്ള രോഗഭാരം നേരിടുന്ന ഒരു സംസ്ഥാനം ആയി കേരളം മാറിയിട്ടുണ്ട്. പകർച്ചേതര രോഗങ്ങളും പകർച്ചവ്യാധികളും നിലനിൽക്കുന്ന വര്‍ദ്ധിച്ച രോഗാതുരത ഉള്ള സംസ്ഥാനം ആയി കേരളം മാറി. പല സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ മാനസികാരോഗ്യവും മോശമാണ്. പണ്ട് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളമായിരുന്നു. ഇപ്പോഴാണ് അത് രണ്ട് പടി താഴോട്ട് വന്നത്. കേരളത്തില്‍ ദിവസം 10 പേരെങ്കിലും വാഹനാപകടത്തിൽ മരണപ്പെടുന്നു, ശരാശരി വർഷത്തിൽ നാലായിരത്തോളം ആളുകളാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. 10 ഇരട്ടി ആളുകൾക്ക് അതിന്റെ ഭാഗമായി അംഗവൈകല്യം സംഭവിക്കുന്നുണ്ട്. 

പക്ഷേ വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരാൻ തുടങ്ങി. 1970 കളുടെ ആരംഭം വരെ വളരെക്കുറവായിരുന്നു സ്വകാര്യ ആശുപത്രികൾ. പിന്നീട് ആശുപത്രികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. അതുകൊണ്ട് ആരോഗ്യച്ചെലവ് വര്‍ദ്ധിച്ചു വന്നപ്പോൾ സാധാരണക്കാർക്ക് ആരോഗ്യച്ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി. സ്വാഭാവികമായും സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ കേരള ആരോഗ്യ മാതൃക വലിയൊരു പ്രതിസന്ധി നേരിടാൻ തുടങ്ങി. 

എണ്‍പതുകളും തൊണ്ണൂറുകളുമെന്നാൽ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും കൂടി കാലമാണ്. സേവന വികസന മേഖലകളിൽ നിന്നും സര്‍ക്കാരുകൾ പിന്‍വാങ്ങണമെന്ന ആഗോളവത്കരണത്തിന്റെ വക്താക്കളുടെ അഭിപ്രായത്തിന് ചുവടു പിടിച്ചു ഇന്ത്യൻ നയപരിപാടികൾ രൂപീകരിച്ചിരുന്ന കാലം. ആഗോളവത്കരണവും ഉദാരവത്കരണവും നടപ്പിലാക്കിയതിന്റെ ആഘാതം പല മേഖലകളെയും ബാധിച്ചു തുടങ്ങിയ കാലമായിരുന്നു 90 കളുടെ ആദ്യ പാദം. അത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളെ തകര്‍ക്കുകയോ മുരടിപ്പിലേക്ക് നയിക്കുകയോ ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും സ്ഥിതി മോശമായി തുടങ്ങിയിരുന്നു. ശമ്പളത്തിനും ദൈനംദിന ചെലവുകള്‍ക്കുമപ്പുറം മറ്റൊന്നിനും വിഭവങ്ങളില്ലാതെ ആരോഗ്യ മേഖല ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. 

ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ബദലുകളില്ല (TINA – There Is No Alternative) എന്നായിരുന്നുവല്ലോ വാദം. എന്നാല്‍, മറ്റൊരു മാതൃക സൃഷ്ടിക്കാന്‍ ആവും (TIA – There Is Alternative) എന്ന വ്യക്തമായ ധാരണയോടെയാണ് ജനകീയാസൂത്രണത്തിനു 1996 ൽ അധികാരത്തിലെത്തിയ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാർ തുടക്കം കുറിച്ചത്. സര്‍ക്കാര്‍ പിന്‍വാങ്ങുകയല്ല, പകരം സര്‍ക്കാരുകളെ ജനങ്ങളുടെ അടുത്തേക്ക്‌ കൂടുതൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അത് വഴി പ്രാദേശിക സര്‍ക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണം. വികസനം എല്ലാ പ്രദേശങ്ങളിലും ഒരു പോലെ വ്യാപിപ്പിക്കുന്നതിലും സേവനങ്ങള്‍ ഏവര്‍ക്കും പ്രാപ്യമാക്കുന്നതിലും ആണ് ലക്ഷ്യമിട്ടത്. മേല്‍ സൂചിപ്പിച്ച സാഹചര്യങ്ങളിൽ നിന്നാണ് ഇന്ന് നാം ഉന്നത നിലവാരം പുലര്‍ത്തുന്ന സർക്കാർ ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനം എന്ന നിലയിൽ എത്തിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, അന്നത്തെ സ്ഥിതിയിൽ ഒരു മാറ്റം വരുത്തി കേരള ആരോഗ്യ മേഖലയിൽ ഒരു വഴിത്തിരിവായത് 96ലെ ജനകീയാസൂത്രണമാണെന്ന് നിസ്സംശയം പറയാം. കേരളത്തിലെ ആരോഗ്യ മേഖലയുടെ വികസനത്തിന് ആണിക്കല്ലായത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കയ്യിലേക്ക് താഴെത്തട്ടിലുള്ള ആശുപത്രികൾ കൈമാറ്റം ചെയ്തതോടുകൂടിയാണ്. അതിനെ തുടര്‍ന്ന് വികസനാസൂത്രണവും നിര്‍വ്വഹണവും താഴെത്തട്ടിലെത്തിയതോടെ അത് കൂടുതല്‍ ശക്തവും ഫലപ്രദവുമായി. ഇതിന്റെ ഫലം 2018 ലെ വെള്ളപ്പൊക്ക കാലത്തും കോവിഡ് നിയന്ത്രണത്തിലും നമുക്ക് കാണാൻ സാധിക്കും. 

കേരളത്തിലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന രീതി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ ചുമതലകളും വിഭവങ്ങളും മാനുഷിക വിഭവ ശേഷിയും ഉറപ്പാക്കണം. (3 Fs - Functions, Fund and Functionaries). പണം നല്‍കണം, ചില മേഖലകളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവരെ അനുവദിക്കണം, ചുമതലകളും ജീവനക്കാരെയും അവര്‍ക്ക് കൈമാറ്റം ചെയ്യണം. അതാണ്‌ ജനകീയാസൂത്രണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്.

ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതല്‍ അധികാര വികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശം കേരളമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലേക്ക് കൈമാറി. പഞ്ചായത്തുകളിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിലേക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും താലൂക്ക് ആശുപത്രികൾ, ജില്ലാ പഞ്ചായത്തിന് കീഴിൽ ജില്ലാ ആശുപത്രികൾ എന്നിങ്ങനെ. 

 1991 ൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു രേഖയിൽ ആരോഗ്യമേഖലയിലെ സാമൂഹ്യ പങ്കാളിത്തത്തെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. വികസ്വരരാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കില്‍ ഒരു മുന്നുപാധി സാമൂഹിക പങ്കാളിത്തം (Community Participation) ഉറപ്പാക്കുക എന്നതാണ്. സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തണമെങ്കില്‍ ആരോഗ്യമേഖലയിൽ ധനപരവും ഭരണപരവും ആസൂത്രണപരവുമായ വികേന്ദ്രീകരണം ഉറപ്പാക്കണം. കേരളം നടപ്പിലാക്കാൻ ശ്രമിച്ചതും അതാണ്‌. 

ആരോഗ്യമേഖലയിലെ അധികാര വികേന്ദ്രീകരണം സാർവ്വദേശീയ തലത്തിൽ എപ്പോഴും ഒരു വിവാദവിഷയമാണ്. ഇത്രയധികം ആരോഗ്യ സ്ഥാപനങ്ങൾ വികേന്ദ്രീകരിക്കുമ്പോൾ എല്ലാവരും അവരുടേതായ രീതിയിൽ ആസൂത്രണം നടത്തിയാല്‍ ആരോഗ്യമേഖലയിൽ അരാജകത്വം ഉണ്ടാകും, ആരോഗ്യമന്ത്രാലയം ദുർബലപ്പെടുകയും സംസ്ഥാനത്തിനും രാജ്യത്തിനും അതിന്റെതായുള്ള ആരോഗ്യനയം അവഗണിക്കപ്പെടുകയും ചെയ്യും എന്നൊക്കെയാണ് വാദങ്ങള്‍. ചില രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സന്നദ്ധ സംഘടനകളെ ഏൽപ്പിക്കുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. പക്ഷെ അത് സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ഇവയെല്ലാം പരിഗണിച്ചു കൊണ്ടുള്ള നടപടികളാണ് ജനകീയാസൂത്രണം കൈക്കൊണ്ടത്.

കേരളത്തിൽ ആരോഗ്യ സ്ഥാപനങ്ങളുടെ മേൽ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും അധികാരമുണ്ട്. കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ദുർബലപ്പെട്ടിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി വന്നതോടെ ആരോഗ്യവകുപ്പ് ദുർബലപ്പെടുന്നതിനു പകരം ഉയർന്ന തലത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്കായി. ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുമ്പോൾ നിരവധി ഇടപെടലുകൾ വേണ്ടിവരും. അതെല്ലാം ആരോഗ്യവകുപ്പിന് നേരിട്ട് ചെയ്യാൻ സാധിക്കില്ല. അറ്റകുറ്റ പണികള്‍, ഔഷധങ്ങളുടെ ലഭ്യത, ജീവനക്കാരെ താൽക്കാലികമായി നിയമിക്കാനും അവർക്ക് ശമ്പളം കൊടുക്കാനും, താഴെത്തട്ടിൽ നടത്തേണ്ട ഒട്ടനവധി ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം. ഉദാഹരണം പകർച്ചവ്യാധി കാലത്ത് ജനങ്ങൾക്ക് നൽകേണ്ട ബോധവൽക്കരണം ആരോഗ്യവകുപ്പിന് നേരിട്ട് താഴേത്തട്ടു വരെ നടത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും ഒന്നിച്ചു ചേര്‍ന്നപ്പോൾ കാര്യം വ്യത്യസ്തമായി.

ഓരോ പ്രദേശത്തെയും പ്രാദേശികമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ആരോഗ്യവകുപ്പിന് മാത്രമായി സാധിക്കില്ല. അത് താഴെത്തട്ടിൽ ജനാധിപത്യപരമായി തന്നെ തീരുമാനിക്കേണ്ടതുണ്ട്. കേരളത്തില്‍ താഴെത്തട്ടിൽ ഗ്രാമസഭകളിൽ നിന്ന് വരുന്ന നിർദ്ദേശങ്ങളും വിദഗ്ധരുടെ സഹായത്തോടെയും കൂടിയാണ് ആസൂത്രണം നടത്തുന്നത്. രണ്ടുതരത്തിലാണ് കാര്യങ്ങള്‍ നീങ്ങുക. താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വിദഗ്ദ്ധരും മനസ്സിലാക്കും, ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിനു വൈദഗ്ദ്ധ്യവും സാങ്കേതിക വിദ്യകളും ആവശ്യമാണെന്ന് ജനങ്ങളും മനസ്സിലാക്കും. 
ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഭാഗമായി അധികാരം വികേന്ദ്രീകരിക്കണം എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത്. ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു പ്രത്യേകത കേരളത്തിൽ വലിയൊരു സാമൂഹിക മൂലധനം (Social Capital) ഉണ്ട് എന്നതാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും സംഘടിതരാണ്. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും, വനിതാ സംഘടനകളും ഉണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന അനേകം സംഘടനകളുണ്ട്, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ ഉണ്ട്, സന്നദ്ധ സംഘടനകൾ ഉണ്ട്, വലിയൊരു സാമൂഹ്യ മൂലധനമാണിത്. ഇവരെ നമ്മുടെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആയിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കോവിഡ് നിയന്ത്രണത്തിൽ നടന്നുകൊണ്ടിരിക്കുന്നത് അതാണ്‌. ക്വാറന്റൈൻ ആണെങ്കിലും റിവേഴ്സ് ക്വാറന്റൈൻ ആണെങ്കിലും മേല്‍പ്പറയുന്ന സാമൂഹിക മൂലധനം ഉപയോഗിച്ചാണ് നമ്മൾ ഫലപ്രദമായി അവ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനു കഴിയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുമായി നേരിട്ട് ബന്ധം ഉള്ളതുകൊണ്ടാണ്. 

ഫണ്ടുകളുടെ കാര്യം വരുമ്പോൾ ചില പഞ്ചായത്തുകൾക്ക് നികുതി വരുമാനത്തിലൂടെയും മറ്റും സ്വന്തം ഫണ്ട് ഉണ്ടായിരിക്കും. തനത് ഫണ്ട്, എം എൽ എ ഫണ്ട്, എം പി ഫണ്ട്, ദേശീയ ആരോഗ്യമിഷൻ ഫണ്ട്, കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ട് തുടങ്ങിയവയെല്ലാം ഏകീകരിച്ച് കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബജറ്റുകൾ തയ്യാറാക്കുന്നത്. ഫണ്ടുകളുടെ കാര്യത്തിൽ നേരത്തെ കൂടുതൽ വിഹിതം ലഭിച്ചിരുന്നത് ത്രിതല ചികിത്സാ കേന്ദ്രങ്ങൾക്കായിരുന്നു. താഴെത്തട്ടിലുള്ള ആശുപത്രികൾക്ക് കാര്യമായ ഫണ്ട് ലഭിച്ചിരുന്നില്ല. ഈ അസന്തുലിതാവസ്ഥ ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ടാണ് താഴെത്തട്ടിലുള്ള ആരോഗ്യ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചത്. താഴെത്തട്ടിലുള്ള ആരോഗ്യ സംവിധാനം മെച്ചപ്പെട്ടപ്പോൾ തന്നെ മെഡിക്കൽ കോളേജുകൾ കുറച്ചുകൂടി നന്നാക്കാൻ ആരോഗ്യവകുപ്പിന് അവസരം ലഭിച്ചു. താലൂക്ക് ആശുപത്രികളിൽ വരെ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങി. ജില്ലാശുപത്രിയിൽ ആഞ്ചിയോപ്ലാസ്റ്റിക്കും ബൈപ്പാസ് സർജറിക്കുമുള്ള കാത്ത് ലാബുകൾ തുടങ്ങി. താഴെത്തട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ മെച്ചപ്പെട്ടത് കൊണ്ട് മെഡിക്കൽ കോളേജുകളെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ആക്കി വികസിപ്പിച്ചെടുക്കാൻ നമുക്ക് സാധിച്ചു. എല്ലാ തട്ടിലും ആരോഗ്യ മേഖലയിൽ വലിയൊരു ഉണർവ്വ് കേരളത്തിലുണ്ടായി.

1996 ൽ 28 ശതമാനം ജനങ്ങളാണ് സർക്കാർ ആശുപത്രികളിൽ പൊയ്ക്കൊണ്ടിരുന്നത്. പക്ഷേ ഇന്ന് 48 ശതമാനമായി അത് വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ പലപ്പോഴും പറയാൻ വിട്ടു പോകുന്ന ഒരു സവിശേഷതയുണ്ട്, കേരളത്തിലെ കോവിഡ് രോഗികളുടെ 100% സർക്കാർ ആശുപത്രികൾ ആണ് ചികിത്സിക്കുന്നത്. ടെസ്റ്റിംഗ്, ചികിത്സ, ആഹാരം ഇവ സൗജന്യമായിട്ടാണ് നൽകുന്നത്. അത് കഴിയുന്നത് നമ്മുടെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതുകൊണ്ടാണ്. താഴെത്തട്ടിലുള്ള ആശുപത്രികൾ ഇന്ന് സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ വരെ തുടങ്ങി. ഇന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ശ്വാസകോശരോഗികൾക്ക് നെബുലൈസേഷൻ നടത്തുന്നുണ്ട്. പകർച്ചേതര രോഗ (NCD Clincis) ക്ലിനിക്കുകൾ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വന്നതോടുകൂടി ആരോഗ്യമേഖലയിൽ താഴെത്തട്ടിൽ വിസ്മയകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.

2016 ലാണ് ആർദ്രം മിഷൻ നിലവിൽ വന്നത്. അൽമാറ്റാ കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത് ആരോഗ്യമേഖലയിൽ മാറ്റം വരണമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടണം എന്നാണ്. ആർദ്രം മിഷൻ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ജനപ്രിയമായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി. ലോകത്തിലെ ഏത് സ്വകാര്യ ആശുപത്രികളെയും അതിശയിപ്പിക്കുന്ന രീതിയിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറിയിട്ടുള്ളത്. നേരത്തെ ഉച്ചവരെ ആയിരുന്ന ആരോഗ്യ സംവിധാനം ആറുമണിവരെ ആക്കി മാറ്റി. ഡോക്ടർമ്മാരുടെ എണ്ണം മൂന്നാക്കി, നഴ്സുമാരുടെ എണ്ണം നാലാക്കി, എല്ലാ തരത്തിലുള്ള ലാബറട്ടറി ടെസ്റ്റുകളും നടത്തുന്നു. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ദീർഘസ്ഥായി രോഗങ്ങൾ ഉള്ളവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ നൽകുന്നു. കേരളത്തിൽ പാലിയേറ്റീവ് കെയർ നയം നടപ്പിലാക്കി. എല്ലാ പഞ്ചായത്തിലും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ തുടങ്ങി. ആരോഗ്യ മേഖലയിൽ വലിയ പൊളിച്ചെഴുത്തുകൾ നടത്താൻ സാധിച്ചു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെയാണ് ഈ മാറ്റം. 

ഭൗതിക മേഖലയില്‍ മാത്രമല്ല ഈ മാറ്റം. ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്തിലെ എല്ലാ പ്രളയങ്ങളും കഴിഞ്ഞാൽ പകർച്ചവ്യാധികളിലൂടെ ഒട്ടേറെ മരണം സംഭവിക്കാറുണ്ട്. എന്നാല്‍ 2018 ലെ പ്രളയത്തിനു ശേഷം പകർച്ചവ്യാധി നിയന്ത്രണത്തിനായി വലിയ രോഗപ്രതിരോധ പ്രചാരണ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. ക്ലോറിനേഷൻ, കൊതുക് നശീകരണം എന്നിവ പ്രചരിപ്പിക്കപ്പെട്ടു. . ഇതിന്റെ ഫലമായിട്ട് പ്രളയ കാലത്തിനുശേഷം പകർച്ചവ്യാധികൾ വഴി ഏറ്റവും കുറവ് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ മൂലം ഒരാൾപോലും മരിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രളയകാലത്ത് ജനങ്ങളുടെ ഒപ്പം നിന്നിരുന്നു. ജനകീയാസൂത്രണത്തിലൂടെ ജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ വിശ്വാസം ഉണ്ടായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ജനാധിപത്യത്തിൽ ഉള്ള വിശ്വാസം തന്നെ വർദ്ധിച്ചു. വിശ്വാസത്തിലധിഷ്ഠിതമായ ഒരു ബന്ധം ഭരണകർത്താക്കളും ജനങ്ങളും തമ്മിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ നമുക്ക് നേരിടാൻ കഴിഞ്ഞത്.

കേരളത്തിൽ കോവിഡ് നിയന്ത്രണത്തിൽ ആരോഗ്യവകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് -19 മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിര്‍ണ്ണായക പങ്കാണു വഹിച്ചു വരുന്നത്. സംസ്ഥാന സർക്കാരിന്റെയും, വിശിഷ്യാ ആരോഗ്യ വകുപ്പിന്റെയും പൊതു നിർദ്ദേശങ്ങൾക്കനുസരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ ഉറപ്പു വരുത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സൂചന ലഭിച്ച 2020 ജനുവരി അവസാനവാരം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജനങ്ങളുടെ സഹകരണത്തോടെ ഈ മഹാമാരിയെ ചെറുക്കുന്നതിനുള്ള പരിശ്രമമാണ് പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിർവ്വഹിച്ചത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു. കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമ്മാർ, അംഗനവാടി പ്രവര്‍ത്തകർ, സന്നദ്ധ പ്രവര്‍ത്തകർ, ആരോഗ്യ പ്രവര്‍ത്തകർ തുടങ്ങിയവരെയെല്ലാം ഏകോപിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവരുടെ പ്രവർത്തനത്തിന്റെ കൂടി ഫലമായിട്ടാണ് ആദ്യഘട്ടത്തിൽ കോവിഡിനെ പിടിച്ചു നിർത്താന്‍ സാധിച്ചത്. കോവിഡ് നിയന്ത്രണത്തിന് നിര്‍ണ്ണായകമായ കാര്യങ്ങളിൽ കോൺടാക്ട് ട്രേസിംഗ്, ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമൂഹിക മൂലധനം ഫലവത്തായി ഉപയോഗിച്ചുകൊണ്ടാണ് നടത്തി വരുന്നത്. 

കേരളത്തിൽ തൊണ്ണൂറുകളുടെ ആദ്യം തൊട്ട് ആരംഭിച്ച പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഒരു വഴിത്തിരിവായി മാറിയത് 96ലെ ജനകീയാസൂത്രണം ആണ്. കോവിഡ് കാലത്തൊക്കെ അത് പ്രകടമായി കാണാൻ കഴിയും. പക്ഷേ ഇനിയും നിരവധി ചുമതലകൾ നിർവ്വഹിക്കാൻ ഉണ്ട്. രോഗാതുരത ഇപ്പോഴും കേരളത്തിൽ കൂടുതൽ ആണ്.. കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു കാര്യമാണ് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിര്‍വ്വഹിക്കാനുള്ളത്. അതുപോലെതന്നെ കൊതുകു നശീകരണം, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കണം.

വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെയുമുള്ള പുതിയ ഒരു ആരോഗ്യ പ്രവർത്തനശൈലി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവിഷ്കരിക്കാൻ സാധിക്കണം. 2018 ൽ നടന്ന പ്രാഥമികാരോഗ്യ സേവനത്തെപ്പറ്റിയുള്ള അസ്താന ഉച്ചകോടി പറയുന്നത് ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ പോഷണവും മാത്രമല്ല രോഗപ്രതിരോധം, ചികിത്സ, സ്വാന്ത്വന ചികിത്സ, പുനരധിവാസം എന്നിവയും പ്രാഥമികാരോഗ്യ തലത്തിൽ ലഭ്യമാക്കണം എന്നാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അസ്താന സമ്മേളനത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾ ആണ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രോഗാതുരത കുറയ്ക്കുന്നതിനുള്ള കർമ്മപരിപാടികളോടൊപ്പം ജനങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ആരോഗ്യ ചെലവ് കുറയ്ക്കാനും നമുക്ക് കഴിയണം. വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടും കൂടിയ ആരോഗ്യ പ്രവർത്തന കർമ്മപരിപാടി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിയണം. നവകേരള സൃഷ്ടിക്കായി ജനകീയാസൂത്രണത്തിന്റെ അടുത്ത ഘട്ടം അങ്ങനെ ഒരു നടപടിയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം.