പൊതുവിദ്യാഭ്യാസവും അധികാര വികേന്ദ്രീകരണവും

എന്‍ അജിത് കുമാര്‍,അശ്വതി റബേക്ക,അശോക് ബിബിന്‍ തമ്പി

ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നത് ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിനായുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുവരുന്നുമുണ്ട്. ഭരണത്തെ വിവിധ തലങ്ങളായി തിരിച്ച്, താഴെത്തട്ടിൽ ജനാധിപത്യപരമായ പ്രാദേശിക ഭരണസംവിധാനം രൂപപ്പെടുത്തിയെടുക്കുന്ന ജനാധിപത്യ അധികാര വികേന്ദ്രീകരണമാണ് നിലവിൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രീതി. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്നു വന്ന ഈ ആശയത്തിന്, ഭരണഘടനയുടെ നാല്പതാം അനുച്ഛേദത്തിലൂടെ ഭരണഘടനാസാധുത നൽകപ്പെട്ടിരുന്നെങ്കിലും രാജ്യമൊട്ടാകെ സാമ്പത്തികവും രാഷ്ട്രീയവുമായി ശക്തിപ്രാപിച്ച പ്രാദേശിക ഭരണസംവിധാനങ്ങളുടെ രൂപീകരണത്തിന് വ്യക്തമായ ഒരു ചട്ടക്കൂടുണ്ടാകാൻ പിന്നെയും നാല്പത്തിമൂന്ന്‌ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ 1992-93ലെ 73, 74 ഭേദഗതികളിലൂടെ അനുച്ഛേദങ്ങൾ 243, 243A, 243B, 243P, 243Q എന്നിവയും പതിനൊന്നും പന്ത്രണ്ടും ഷെഡ്യൂളുകളും ഭരണഘടനയിൽ കൂട്ടിച്ചേർക്കുന്നത് വരെ. ഈ ചട്ടക്കൂടുകൾക്കനുസൃതമായി സ്വന്തമായ ഒരു വികേന്ദ്രീകരണഘടന രൂപപ്പെടുത്താനുള്ള അധികാരം ഈ ഭരണഘടനാ ഭേദഗതി സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. ഈ അധികാരം ഉപയോഗിച്ച് ശക്തമായ ഒരു ഭരണക്രമത്തെ പ്രാദേശികതലത്തിൽ രൂപപ്പെടുത്തിയെടുക്കുവാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. അതിനാവശ്യമായ ഒരു കാഴ്ചപ്പാട് ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയുടെ സമയത്ത് തന്നെ മുഖ്യമന്ത്രി ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്ക്കാര കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ “അധികാരം ജനങ്ങളിലേക്ക്” എന്ന ലക്ഷ്യത്തെ മുൻനിർത്തി വലിയ അളവിൽ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രാദേശിക സർക്കാരുകളിൽ നിക്ഷിപ്തമാക്കുന്ന ബില്ലുകൾ ഈ മന്ത്രിസഭയുടെ കാലത്ത് അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ബില്ലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറാൻ വിഭാവനം ചെയ്തിരുന്ന വിവിധ മേഖലകളിലൊന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എന്നാൽ അന്ന് മുന്നോട്ടുവെക്കപ്പെട്ട മറ്റ് പല പുരോഗമനപരമായ ബില്ലുകളെപ്പോലെ ഈ ബില്ലുകളും “വിമോചനസമര”ത്തിൽ ഇല്ലാതാക്കപ്പെടുകയായിരുന്നു. (Biju & Pandya, 1991). 

പിന്നീട് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ (1996-97) ഒരു വലിയ ക്യാമ്പയിനായി ഉയർന്നുവന്ന ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്ക് ശക്തമായ അടിത്തറ പാകി. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്നത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ആസൂത്രണ പ്രക്രിയയെ ജനകീയമാക്കുന്നതിലും, പ്രാദേശികതലത്തിൽ സുശക്തമായ ഭരണസംവിധാനം ഒരുക്കുന്നതിലും ജനകീയാസൂത്രണ പ്രസ്ഥാനം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനം ഇരുപത്തഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകളെ വിലയിരുത്തുകയാണ് ഈ ലേഖനം. 

വിദ്യാഭ്യാസമേഖലയിലെ വികേന്ദ്രീകരണത്തെക്കുറിച്ച് മുമ്പ് നടന്ന പഠനങ്ങളും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർക്കാർ/സർക്കാരിതര രേഖകളും, സ്ഥിതിവിവരക്കണക്കുകളും ഈ പഠനത്തിനായി അപഗ്രഥിച്ചിട്ടുണ്ട്. പ്രാഥമികമായി ക്വാളിറ്റേറ്റീവ് ഗവേഷണരീതിയിലൂന്നിയിരിക്കുന്ന ഈ പഠനത്തിനാവശ്യമായ വിവരങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇരുപത്തൊന്ന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും, അവിടത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുമായും, പി ടി എ അംഗങ്ങളുമായും, ബ്ലോക്ക് റിസോഴ്സ് സെന്റർ (BRC) കോർഡിനേറ്റർമ്മാരുമായും, സെമി സ്ട്രക്ചേർഡ് ചോദ്യാവലി ഉപയോഗിച്ച് നടത്തിയ ടെലിഫോണിക്ക് ഇന്റർവ്യൂ വഴിയാണ് ശേഖരിച്ചത്. കേരളത്തിന്റെ പ്രാഥമികവിദ്യാഭ്യാസരംഗത്ത് നേതൃനിരയിൽ പ്രവർത്തിച്ച ഒമ്പത് വിദ്യാഭ്യാസപ്രവർത്തകരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഈ പഠനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

നയങ്ങളും നിയമങ്ങളും

1986ലെ വിദ്യാഭ്യാസ നയത്തിന്റെ പ്രോഗ്രാം ഓഫ് ആക്ഷൻ (1992) ആണ് വിദ്യാഭ്യാസമേഖലയുടെ വികേന്ദ്രീകരണത്തെയും ജനകീയപങ്കാളിത്തത്തെയും കുറിച്ച് ദേശീയതലത്തിൽ നയപരമായ കാഴ്ചപ്പാട് അവതരിപ്പിച്ച ഒരു സുപ്രധാന രേഖ. ഇതിന്റെ ഭാഗമായി നിയമിക്കപ്പെട്ട കേബ് (Central Advisory Board of Education [CABE]) വിദ്യാഭ്യാസകാര്യങ്ങളിലും, സ്കൂൾ വികസന പദ്ധതികളിലും ജനകീയ പങ്കാളിത്തവും, ജനപ്രതിനിധികളുടെ ശ്രദ്ധയും ഉറപ്പാക്കാനുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 

പട്ടിക 1: സ്കൂൾ വിദ്യാഭ്യാസരംഗത്ത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല

സ്കൂളുകളുടെ തരം

ചുമതലയുള്ള തദ്ദേശസ്ഥാപനം

ഗ്രാമീണമേഖലയിലെ പ്രീ-പ്രൈമറി സ്കൂളുകൾ, പ്രൈമറി സ്കൂളുകൾ

ഗ്രാമ പഞ്ചായത്ത്

ഗ്രാമീണമേഖലയിലെ ഹൈസ്കൂളുകളും ഹയർ സെക്കന്ററി സ്കൂളുകളും (ഹൈസ്കൂളുകളുടെ ഭാഗമായുള്ള ലോവർ പ്രൈമറി/അപ്പർ പ്രൈമറി സെക്ഷനുകൾ ഉൾപ്പെടെ)

ജില്ലാ പഞ്ചായത്ത്

തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും മേൽനോട്ടത്തിലും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിവിധ സമിതികൾ രൂപീകരിക്കണമെന്നും ഈ കമ്മിറ്റി ശുപാർശ ചെയ്തു. 
എന്നാൽ ഇവയ്ക്കൊക്കെ മുമ്പ് തന്നെ കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പരീക്ഷണങ്ങൾ പ്രാദേശികതലത്തിൽ നടന്നിരുന്നു. ഇത്തരം ജനകീയ ഇടപെടലുകൾക്ക് നിയമസാധുതയും വ്യക്തമായ ചട്ടക്കൂടും നൽകിക്കൊണ്ട് പിന്തുണ നൽകാൻ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ അധികാര വികേന്ദ്രീകരണത്തിനായി. ഇതോടെ സ്കൂൾ വിദ്യാഭ്യാസം വിവിധ തട്ടിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയായി മാറി (പട്ടിക 1). സ്കൂൾ നിൽക്കുന്ന ഭൂമിയും, കെട്ടിടങ്ങളും, സ്കൂൾ ജീവനക്കാരും അതാത് തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയിൽ വന്നു. ഇതിനാവശ്യമായ ഭേദഗതികൾ കേരള വിദ്യാഭ്യാസ നിയമത്തിൽ വരുത്തി. 2009ലെ വിദ്യാഭ്യാസാവകാശ നിയമം (Right to Education Act- RTE) തദ്ദേശസ്ഥാപനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചുമതലകൾ കൂടുതൽ വിപുലമാക്കി. 

സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ ജനകീയപങ്കാളിത്തം ഉറപ്പിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിലും സ്കൂൾ തലത്തിലും വിവിധ കമ്മിറ്റികൾ നിർദ്ദേശിക്കപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പുകൾ, മോണിറ്ററിംഗ് കമ്മിറ്റി, പഞ്ചായത്ത്/മുനിസിപ്പൽ വിദ്യാഭ്യാസ സമിതി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സ്കൂൾ വികസന സമിതി, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, അദ്ധ്യാപക-രക്ഷകർത്തൃ സമിതി, മദർ പിടിഎ, ക്ലാസ് റൂം പിടിഎ, ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് തുടങ്ങി വിവിധ സമിതികൾ വ്യത്യസ്ത പദ്ധതികളുടെയും വിദ്യാഭ്യാസ പരിപാടികളുടെയും ഭാഗമായി നിലവിലുണ്ട്. 

കേരള പഞ്ചായത്തീരാജ് നിയമത്തിന്റെ 181(1) അനുച്ഛേദമനുസരിച്ച് പഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപനങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ചുമതലയും, മേൽനോട്ടവും, നിയന്ത്രണവും അതാത് പഞ്ചായത്തുകൾക്കാണെങ്കിലും സ്കൂളുകളുടെ ഭരണപരമായ കാര്യങ്ങളിലോ/ദൈനംദിന പ്രവർത്തനങ്ങളിലോ പൊതുവെ തദ്ദേശസ്ഥാപനങ്ങൾ ഇടപെടാറില്ലെന്നാണ് ഈ പഠനത്തിലൂടെ തിരിച്ചറിഞ്ഞത്. സ്കൂളുകൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിനപ്പുറം സ്കൂളുകളുടെ മേൽ ഭരണപരമായ അധികാരം തങ്ങൾക്കുണ്ടെന്ന് അറിവില്ലെന്നാണ് സംസാരിച്ച മിക്ക ജനപ്രതിനിധികളും പറഞ്ഞത്. 1997ൽ കേരള സർക്കാർ പുറത്തിറക്കിയ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം) ചട്ടങ്ങളനുസരിച്ച് ജീവനക്കാരുടെ മേൽ ലഘുശിക്ഷകൾ ചുമത്താൻ വരെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ട്. അതുപോലെതന്നെ വാർഡ് മെമ്പറും, രക്ഷകർത്താക്കളും, അദ്ധ്യാപകരും, വിദ്യാർത്ഥി പ്രതിനിധിയും അംഗമായ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്ക് അദ്ധ്യാപകരുടെ സ്കൂളിലെ ഹാജർ നില പരിശോധിക്കാനുള്ള അവകാശവുമുണ്ട്. എന്നാൽ അത്തരത്തിലുള്ള മോണിറ്ററിംഗോ മേൽനോട്ടമോ തദ്ദേശസ്ഥാപനങ്ങൾ നടത്താറില്ല2. ഇനി നിയമപ്രകാരം അങ്ങനെയൊരു അധികാരം ഉണ്ടെങ്കിൽ തന്നെ അത്തരത്തിലുള്ള ഇടപെടലിന് തങ്ങൾ താല്പര്യപ്പെടുന്നില്ലെന്നും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കൂട്ടിച്ചേർത്തു. സമാനമായ മനോഭാവമായിരുന്നു അദ്ധ്യാപകരും പങ്കുവെച്ചത്. ശമ്പളം നൽകുന്നത് വിദ്യാഭ്യാസവകുപ്പായത് കൊണ്ട് തങ്ങൾ പഞ്ചായത്തിന്റെ ജീവനക്കാരാണെന്ന തോന്നൽ പൊതുവെ അദ്ധ്യാപകർക്കില്ല.

 കുമരകം പഞ്ചായത്തിന്റെ അനുഭവം തദ്ദേശസ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. പഞ്ചായത്തിലെ സർക്കാർ സ്കൂളിന്റെ കോമ്പൗണ്ടിൽ പഞ്ചായത്ത് ഒരു അംഗൻവാടി പണിതു. ഡിപ്പാർട്ട്മെന്റിൽ നിന്ന് അനുവാദം വാങ്ങിയില്ല എന്ന കാരണം പറഞ്ഞ് ആ അംഗൻവാടി പൂട്ടിച്ചു. ഇതൊരു ഒറ്റപ്പെട്ട അനുഭവമാണെങ്കിലും സ്കൂൾ നിൽക്കുന്ന ഭൂമിയുടെ മേലുള്ള അധികാരത്തെ സംബന്ധിച്ച് വ്യക്തമായ ധാരണകൾ പഞ്ചായത്തുകൾക്കോ, ഇംപ്ലിമെന്റിംഗ് ഓഫീസർമ്മാരായ പ്രധാനാദ്ധ്യാപകർക്കോ ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.3 

ജനകീയാസൂത്രണത്തിനു മുമ്പത്തെ 
ഇടപെടലുകൾ


ഉയർന്ന സാക്ഷരത, കൂടിയ എൻറോൾമെന്റ് നിരക്ക്, കുറഞ്ഞ കൊഴിഞ്ഞുപോക്ക്, സ്ത്രീവിദ്യാഭ്യാസത്തിനു കൊടുക്കുന്ന പ്രാധാന്യം തുടങ്ങി വിദ്യാഭ്യാസമേഖലയിൽ, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസമേഖലയ്ക്ക് നൽകപ്പെട്ടിരിക്കുന്ന ഈ ശ്രദ്ധ ചരിത്രപരമായി തന്നെ കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിൽ ഉൾച്ചേർന്നിരിക്കുന്നതാണ്. ഐക്യകേരളപ്പിറവിക്ക് മുമ്പു തന്നെ കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലെ സാക്ഷരതാനിരക്ക് രാജ്യത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെക്കാൾ വളരെ മുന്നിലായിരുന്നു. 1921ലെ സെൻസസ് പ്രകാരം തിരുവിതാംകൂർ സാക്ഷരതാനിരക്കിൽ രണ്ടാം സ്ഥാനത്തും സ്ത്രീ സാക്ഷരതാനിരക്കിൽ ഒന്നാം സ്ഥാനത്തുമായിരുന്നു. നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് പുറമെ, ക്രിസ്ത്യൻ മിഷനറിമാരും, സാമുദായിക സംഘടനകളുമൊക്കെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും, സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തുപോന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഉയർന്നുവന്ന സാമൂഹ്യപരിഷ്ക്കരണ മുന്നേറ്റങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ദൈനംദിന ജീവിതത്തിൽ തങ്ങൾ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവുമായ അടിച്ചമർത്തലുകളെ തരണം ചെയ്യാൻ വിദ്യാഭ്യാസം ഒഴിച്ചുകൂടാനാവാത്തതാണെന്ന ബോധം സാധാരണജനങ്ങളിൽ സൃഷ്ടിക്കാൻ ഈ സാമൂഹിക കൂട്ടായ്മകൾക്കായി (Ramachandran, 2000; and Franke & Chasin, 1994). സ്കൂളുകൾ ഒരു നാടിന്റെയും അവിടത്തെ ജനങ്ങളുടെയും അഭിമാനസ്തംഭമാണെന്ന ഒരു സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കാനും, തങ്ങളുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സ്കൂളുകളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും ഒരു പരിധി വരെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത്തരം പരിശ്രമങ്ങൾക്കായി. 


1950കളോടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് ഒരു തരത്തിലും അവഗണിക്കാൻ പറ്റാത്ത ഒരു രാഷ്ട്രീയ അജണ്ടയായി വിദ്യാഭ്യാസം കേരളത്തിൽ മാറി (Jeffrey, 1992). അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവുമൊക്കെ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഒറ്റപ്പെട്ട ജനകീയബദലുകൾ പ്രാദേശികതലത്തിൽ പരീക്ഷിക്കപ്പെട്ടിരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ പരീക്ഷണങ്ങളിൽ പലതിലും പ്രധാന പങ്കുവഹിച്ചിരുന്നുവെന്നത് എടുത്തുപറ

യുറീക്ക വിജ്ഞാനോത്സവങ്ങൾ, അക്ഷരവേദി, ശാസ്ത്ര സഹവാസ ക്യാമ്പുകൾ, പരിസര സഹവാസക്യാമ്പുകൾ എന്നിങ്ങനെ ബോധനരീതികൾ വിദ്യാർത്ഥിസൗഹൃദവും, പ്രവർത്തനാധിഷ്ഠിതവും, പരിസരബന്ധിതവുമാക്കാനും, അങ്ങനെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തുവാനുമുള്ള ശ്രമങ്ങൾ ജനകീയപങ്കാളിത്തത്തോടെ 1980കളിലും, 1990കളുടെ ആദ്യവർഷങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവന്നിരുന്നു (Tharakan, Sunaina, & Kumar, 2004). 

തൊണ്ണൂറുകളിലാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്ക് കേരളത്തിൽ ശ്രദ്ധ കാര്യമായി കിട്ടിത്തുടങ്ങിയത്. ആ കാലത്ത് ഈ രംഗത്ത് പ്രവർത്തിച്ചവരുമായുള്ള സംഭാഷണങ്ങളിൽ നിന്നും ഏതാണ്ട് ഒരേ സമയത്ത് സംഭവിച്ച താഴെ പറയുന്ന വികാസങ്ങളാണ് പ്രധാനമായും ഈ മാറ്റത്തിനടിസ്ഥാനമായി മനസ്സിലാക്കാൻ സാധിച്ചത്.

1.    പ്രാഥമികവിദ്യാഭ്യാസം കേരളത്തിൽ ഒരു പരിധി വരെ സാർവ്വത്രികമാകുകയും, വിദ്യാഭ്യാസമേഖലയിലെ മുന്നോട്ടുള്ള പാത എന്തായിരിക്കണമെന്ന ചർച്ചകൾ ഉയർന്നുവരികയും ചെയ്തു.
2.    ഈ കാലത്തു തന്നെ കേരളത്തിൽ അൺ- എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായി (George & Sunaina, 2005). പൊതുവിദ്യാലയങ്ങളിൽ നിന്ന് അൺ-എയ്ഡഡ് സ്കൂളുകളിലേക്ക് ഉണ്ടായ വിദ്യാർത്ഥികളുടെ ഒഴുക്ക് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനെക്കുറിച്ചുള്ള ഗൗരവമായ ആലോചനകൾക്ക് വഴിതെളിച്ചു.
3.    സാക്ഷരതാ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജവും, അതോടൊപ്പം നമ്മുടെ വിദ്യാലയങ്ങളിൽ നിരക്ഷരത നിലനിൽക്കുന്നുവെന്ന തിരിച്ചറിവും എങ്ങനെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താമെന്ന ചിന്തകളിലേക്ക് നയിച്ചു.
4.    ഇതേ സമയത്ത് തന്നെ കേരളത്തിൽ ജില്ലാ കൗൺസിലുകൾ നിലവിൽ വന്നു. ഭരണഘടനാനുസൃതമായ അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്ക് മുമ്പു തന്നെ കേരളത്തിൽ നിലവിൽ വന്ന തിരഞ്ഞെടുക്കപ്പെട്ട ഈ പ്രാദേശിക സർക്കാരുകൾ പല മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകൾക്ക് തുടക്കം കുറിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരത്തെ നീതീകരിക്കാനുള്ള ബാദ്ധ്യത ഈ കൗൺസിലുകൾ സ്വയം ഏറ്റെടുക്കുകയും, പരീക്ഷണങ്ങൾക്ക് തയ്യാറാകുകയും ചെയ്തു. 
5.    1986ലെ ദേശീയ വിദ്യാഭ്യാസനയത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നൽ കൊടുത്തിരുന്നു. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഡയറ്റ് (District Institute of Education and Training – DIET) പോലുള്ള സ്ഥാപനങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 

ഇതിന്റെയെല്ലാം ഭാഗമായി തൊണ്ണൂറുകളുടെ തുടക്കത്തിൽ പുതിയ പദ്ധതികൾ വിദ്യാഭ്യാസരംഗത്ത് ആവിഷ്ക്കരിക്കപ്പെട്ടു. കാസര്‍ഗോഡാണ് ശ്രദ്ധേയമായ ആദ്യ ഇടപെടലുണ്ടായത്. സാക്ഷരതാസമിതി, ജില്ലാ കൗൺസിൽ, ഡയറ്റ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ അക്ഷരബോധമുറയ്ക്കാത്ത കുട്ടികളുടെ പഠനനിലവാരം എങ്ങനെ ഉയർത്താമെന്ന ഒരു കൂടിയാലോചന നടന്നു. പരമ്പരാഗത രീതികൾക്ക് പകരം പുതിയ ബോധനശാസ്ത്രം പരീക്ഷിക്കാമെന്ന ആശയം അതിലൂടെ ഉരുത്തിരിഞ്ഞു വന്നു. അദ്ധ്യാപകർക്കായി ഒരു ഹാൻഡ് ബുക്ക് തയ്യാറാക്കുകയും ജില്ലയിലെ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിപ്പിക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം നൽകുകയും ചെയ്തു. ഇതനുസരിച്ച് അദ്ധ്യാപകർ സ്കൂളുകളിൽ നടത്തിയ പഠനപ്രക്രിയയുടെ ഫലം ഡയറ്റ് കേന്ദ്രീകരിച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുകയുമുണ്ടായി. സ്കൂൾ സമയം കഴിഞ്ഞാണ് ഈ പുതിയ പദ്ധതിയുടെ ഭാഗമായ പഠനപ്രക്രിയ നടന്നതെന്നതുകൊണ്ടു തന്നെ കുട്ടികൾക്ക് ലഘുഭക്ഷണവും ഒക്കെയായി നാട്ടുകാരും ഒപ്പം കൂടി. കാസര്‍ഗോഡ് ജില്ലയിൽ നടന്ന ഈ പ്രവർത്തനം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും മറ്റ് ഡയറ്റുകൾ ഈ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. 

അതേ സമയത്ത് രണ്ടാംഘട്ട പരീക്ഷണങ്ങൾക്ക് കാസര്‍ഗോഡ്-കണ്ണൂർ ജില്ലകളിൽ തുടക്കമായി. കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ സ്കൂൾ കോംപ്ലക്സ് എന്ന ആശയത്തെ കടമെടുത്തുകൊണ്ട് ശിവപുരം സ്കൂൾ കോംപ്ലക്സ് ആരംഭിച്ചു. കേരള ശാ‍സ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ കൗൺസിൽ, ഡയറ്റ് എന്നിവയുടെ സംയുക്തമായ പരിപാടിയായിരുന്നു അത്. അഞ്ച് പഞ്ചായത്തുകളിലായുള്ള 28 സ്കൂളുകൾ ചേർന്ന ഒരു കോംപ്ലക്സ് ആയിരുന്നു കണ്ണൂർ ജില്ലയിലെ ശിവപുരം സ്കൂൾ കോംപ്ലക്സ്. അഞ്ചു പഞ്ചായത്തുകളിലായി കിടന്നിരുന്നതു കൊണ്ടു തന്നെ ശിവപുരം കോംപ്ലക്സിന്റെ നടപ്പിലാക്കൽ തലത്തിൽ കുറെയേറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കായുള്ള പരിഹാരമാര്‍ഗ്ഗം എന്ന നിലയിൽ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് എന്ന ആശയം മുന്നോട്ടുവന്നു. കണ്ണൂർ ജില്ലയിലെ കല്യാശേരി പഞ്ചായത്താണ് ഈ പദ്ധതിക്കായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1993-94 വർഷങ്ങളിൽ നടപ്പിലായ കല്യാശേരി സ്കൂൾ കോംപ്ലക്സിനു സമാന്തരമായി കാസര്‍ഗോഡ് മടികൈ പഞ്ചായത്തിലും സ്കൂൾ കോംപ്ലക്സ് ആരംഭിച്ചു. റിട്ടയേർഡ് അദ്ധ്യാപകരുടെയും, വിദ്യാഭ്യാസ വിചക്ഷണരുടെയുമൊക്കെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപക പരിശീലനം, മോണിട്ടറിംഗ് എന്നിവ നല്ല മാറ്റങ്ങളായിരുന്നു. മൂല്യനിര്‍ണ്ണയരീതി പരിഷ്ക്കരിക്കാനുള്ള ശ്രമങ്ങളും ഇതിനൊപ്പം നടന്നു. എഴുത്തുപരീക്ഷയ്ക്കും വാചികപരീക്ഷയ്ക്കുമൊപ്പം പ്രൈമറി തലത്തിൽ പ്രായോഗിക പരീക്ഷ കൂടി ഏർപ്പെടുത്തി. പഞ്ചായത്തിലെ അദ്ധ്യാപകർ കൂടിയിരുന്ന് ചോദ്യപേപ്പർ തയ്യാറാക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അച്ചടിച്ച് സ്കൂളുകളിലെത്തിക്കുക, പഞ്ചായത്ത് സമിതി5 പരീക്ഷകളുടെ മോണിറ്ററിംഗ് നടത്തുക എന്നീ രീതികൾ കല്യാശേരിയിൽ നടപ്പിലായി. ഈ ഇടപെടലുകൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും പല ജില്ലാകൗൺസിലുകളും ഈ പരിപാടി നടപ്പാക്കുകയും ചെയ്തു. കേരളത്തിൽ വിദ്യാഭ്യാസമേഖലയിലുണ്ടായ പല പരീക്ഷണങ്ങളും ഇതുപോലെ താഴെത്തട്ടിൽ രൂപീകരിക്കപ്പെട്ട് സംസ്ഥാനതലത്തിൽ ഏറ്റെടുക്കപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ ജനകീയാസൂത്രണ പ്രസ്ഥാനം തുടക്കം കുറിച്ചപ്പോഴേക്കും എളുപ്പത്തിൽ വികേന്ദ്രീകരിക്കാവുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം എന്ന ആത്മവിശ്വാസം വിദ്യാഭ്യാസ പ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടു (GoK, 2017a).

ഈ പരീക്ഷണങ്ങൾ പരുവപ്പെടുത്തിയിട്ട മണ്ണിലേക്കാണ് ജനകീയാസൂത്രണ പ്രസ്ഥാനം 1996ൽ കടന്നുവരുന്നത്. സമാന്തരമായിത്തന്നെ പുതിയ പാഠ്യപദ്ധതിയും (District Primary Education Programme – DPEP) കേരളത്തിൽ നടപ്പിലാക്കി. വിപുലമായ അധികാരങ്ങളോടെ കേരളത്തിൽ പുതിയതായി നിലവിൽ വന്ന ഗ്രാമപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും വലിയ ഊർജ്ജത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിച്ചത്. താഴെത്തട്ടിലേക്ക് അധികാരം നൽകിയാൽ അത് കാതലായ പുരോഗതി സൃഷ്ടിക്കുമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾ സ്വയം ഏറ്റെടുത്തു. കേരളത്തിന്റെ ഭൂമികയിൽ അതിനുള്ള പ്രധാന മാര്‍ഗ്ഗം ആരോഗ്യ-വിദ്യാഭ്യാസമേഖലകളിൽ ഇടപെടുന്നതായിരുന്നു. വിദ്യാഭ്യാസരംഗത്ത് സജീവമായി 

തദ്ദേശസ്ഥാപനങ്ങൾ ഇടപെടാൻ ആരംഭിക്കുന്നത് ഈ ബോദ്ധ്യത്തിൽ നിന്നാണ്. ഈ മേഖലകളിലുണ്ടാകുന്ന ഏത് മാറ്റവും ഭരണസമിതിയുടെ നേട്ടമായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുമെന്നത് ഉറപ്പായിരുന്നു. സ്കൂളുകളുടെ റിസൾട്ട് മോശമാകുന്നത് തദ്ദേശസ്ഥാപനത്തിന് തന്നെ മോശമാണെന്ന ചിന്ത പ്രബലമായി. 

ജനകീയാസൂത്രണഘട്ടത്തിലെ 
അനുഭവങ്ങൾ 


അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി 1996-97 കാലഘട്ടത്തിൽ കേരളത്തിൽ രൂപംകൊണ്ട ജനകീയാസൂത്രണ പ്രസ്ഥാനം പ്രാദേശികമായുള്ള ആസൂത്രണത്തിലും നടപ്പാക്കലിലും സാധാരണ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളുകളുടെ വികസനത്തിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഈ ജനകീയപങ്കാളിത്തം ദൃശ്യമായി. മുകളിൽ സൂചിപ്പിച്ചതു പോലെ പുതിയ പാഠ്യപദ്ധതി കേരളത്തിലെ സ്കൂളുകളിൽ അവതരിപ്പിക്കപ്പെട്ടതും ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ്. കൂടുതൽ 

പട്ടിക 2: ജനകീയാസൂത്രണകാലത്ത് വിവിധ തദ്ദേശസ്ഥാപനങ്ങൾ വിദ്യാഭ്യാസ
മേഖലയിൽ നടത്തിയ ഇടപെടലുകൾ

തദ്ദേശസ്ഥാപനം

വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലുകൾ

 

 

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

ഒരു അക്കാദമിക വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തന കലണ്ടർ തയ്യാറാക്കി.

അദ്ധ്യാപക പരിശീലനങ്ങൾ, അദ്ധ്യാപക സംഗമങ്ങൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, പൊതുജനപങ്കാളിത്തത്തോടെയുള്ള ദേശീയ ദിനാചരണങ്ങൾ, രക്ഷാകർത്തൃ വിദ്യാഭ്യാസം, ഭാഷാബോധനത്തിനുള്ള പരിപാടികൾ എന്നിവ നടപ്പാക്കി.

 

 

 

 

 

 

വിതുര ഗ്രാമപഞ്ചായത്ത്

ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തൽ, ഗണിതോത്സവം, അഭിനയപരിശീലനം, ലൈബ്രറികളുടെ വികസനം എന്നിവയ്ക്ക് പുറമെ കുട്ടികളിൽ ജനാധിപത്യബോധം വളർത്താൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള കുട്ടികളുടെ സഭകൾ, ബാലസംഗമങ്ങൾ, അയൽക്കൂട്ട ബാലവേദികൾ എന്നിവ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനും പഞ്ചായത്ത് എഡ്യൂക്കേഷൻ നെറ്റ്‌വർക്ക് രൂപപ്പെടുത്തി.

സ്കൂളുകളുടെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപക ക്ഷാമം നേരിടുന്ന ഒരു പഞ്ചായത്തെന്ന നിലയിൽ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ തൊഴിൽരഹിതരായവരുടെ സേവനം പ്രയോജനപ്പെടുത്തി.

 

വെമ്പായം ഗ്രാമപഞ്ചായത്ത്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പുതുമയാർന്ന രീതികൾ പരീക്ഷിക്കപ്പെട്ടു. ഇംഗ്ലീഷ് ഭാഷാബോധനത്തിലെ പ്രശ്നങ്ങൾ അദ്ധ്യാപകർ, രക്ഷാകർത്തൃഭാരവാഹികൾ എന്നിവർ ഒരുമിച്ചിരുന്ന് കണ്ടെത്തുകയും പരിഹാരപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു.

 

 

 

 

അമരമ്പലം ഗ്രാമപഞ്ചായത്ത്

അദ്ധ്യാപക പരിശീലനങ്ങൾ, ബാലസാഹിത്യസംഗമം, വായനാസംഗമം, ചിത്രോത്സവം, സഞ്ചരിക്കുന്ന മാസിക, അതിഥി-ആതിഥേയ രീതിയിൽ കുട്ടികൾക്കായി നടത്തിയ പഠനോത്സവം, പത്താം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടപ്പാക്കിയ പ്രത്യേക പദ്ധതി, വായ്ത്താരി-നാടൻപാട്ട് ശേഖരണവും പുസ്തക പ്രസിദ്ധീകരണവും, വിശേഷദിനാചരണങ്ങൾ, രക്ഷാകർത്തൃ വിദ്യാഭ്യാസപരിപാടികൾ, പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനികളിൽ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കൽ, സ്കൂൾ ആരോഗ്യ ശുചിത്വ പരിപാടി, സ്കൂൾ ലൈബ്രറികൾ മെച്ചപ്പെടുത്തൽ എന്നിവ നടപ്പിലാക്കി.

 

പടിയൂർ ഗ്രാമപഞ്ചായത്ത്

രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായുള്ള ശില്പശാലകൾ, സ്കൂൾതല പഠനക്കളരികൾ, അയൽക്കൂട്ടങ്ങൾ, മൂല്യനിര്‍ണ്ണയ ശില്പശാലകൾ, ചോദ്യപേപ്പർ നിർമ്മാണം എന്നിവ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കി.

ജനാധിപത്യപരവും, പങ്കാളിത്തസ്വഭാവമുള്ളതും, പരിസരബന്ധിതവുമായ ഒരു പഠനപ്രക്രിയ വിഭാവനം ചെയ്യുന്ന പുതിയ പാഠ്യപദ്ധതി വികേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസസംവിധാനത്തിന് ഊന്നൽ നൽകുന്നതായിരുന്നു (Varghese, 1996).6 ഏതാണ്ട് ഒരേ സമയം നിലവിൽ വന്ന ഈ രണ്ട് മുന്നേറ്റങ്ങളും കേരളത്തിന്റെ പ്രാഥമിക വിദ്യാഭ്യാസമേഖലയ്ക്ക് പുത്തനുണർവ്വ് നൽകി. 

സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളുടെ വികസനവും, പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിലെ എസ്.എസ്.എൽ.സി. വിജയശതമാനവും (ഹൈസ്കൂളുകൾ നേരിട്ട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലല്ലെങ്കിലും) പഞ്ചായത്തു ഭരണസമിതിയുടെ അഭിമാനപ്രശ്നമായി മാറുന്ന സ്ഥിതി സംജാതമായി. അതുകൊണ്ടുതന്നെ മത്സരബുദ്ധിയോടു കൂടിയുള്ള ഇടപെടലുകൾ വിദ്യാഭ്യാസമേഖലയിൽ നടത്താൻ തദ്ദേശ സർക്കാരുകളെ പ്രചോദിപ്പിച്ചു എന്നതാണ് അധികാര വികേന്ദ്രീകരണ പ്രക്രിയയിലൂടെ കേരളത്തിലെ വിദ്യാഭ്യാസരംഗം കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇതുകൊണ്ടുതന്നെ ജനകീയാസൂത്രണത്തിന്റെ ആദ്യ വർഷങ്ങളിൽ വ്യത്യസ്തവും നൂതനവുമായ വിദ്യാഭ്യാസ പദ്ധതികൾ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്ക്കരിക്കപ്പെട്ടു. 

കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ, തിരുവനന്തപുരം ജില്ലയിലെ വിതുര, വെമ്പായം, മലപ്പുറം ജില്ലയിലെ അമരമ്പലം, തൃശൂർ ജില്ലയിലെ പടിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുമൊക്കെ ആ കാലത്ത് വ്യത്യസ്തമായ പദ്ധതികളുമായി വിദ്യാഭ്യാസമേഖലയിൽ പുത്തൻ ചുവടുവെയ്പുകൾ നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളാണ്. സ്കൂളുകളുടെ ഭൗതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം തന്നെ അക്കാദമിക ഗുണനിലവാരമുയർത്താനും, കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ഇടപെടലുകൾ നടത്താനും ഈ തദ്ദേശസ്ഥാപനങ്ങൾ ശ്രമിച്ചു. പ്രാദേശികതലത്തിലുള്ള അദ്ധ്യാപക പരിശീലനങ്ങൾ, രക്ഷാകർത്തൃ പരിശീലനങ്ങൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, കുട്ടികൾക്കായുള്ള കലാകായിക മേളകൾ, കുട്ടികളെ പ്രാദേശികചരിത്രവും പരിസരവുമായി ബന്ധപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തുടങ്ങി പരീക്ഷാസംവിധാനത്തെയും, മൂല്യനിര്‍ണ്ണയരീതികളെയും പ്രാദേശിക പ്രത്യേകതകളനുസരിച്ച് കാലോചിതമായി പരിഷ്ക്കരിക്കാനുള്ള ശ്രമങ്ങൾ വരെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ജനകീയാസൂത്രണത്തിന്റെ ആദ്യകാലങ്ങളിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കിയ ചില പദ്ധതികൾ പട്ടിക 2ൽ നൽകുന്നു.

സ്കൂൾ വിദ്യാഭ്യാസരംഗം 
ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിന് ശേഷം


ജനകീയാസൂത്രണകാലത്ത് രൂപപ്പെട്ടു വന്ന ക്രിയാത്മകമായ ഇടപെടലുകൾ, അതേ സജീവതയോടെ പലയിടത്തും നിലനിർത്താൻ സാധിച്ചിട്ടില്ലെന്നാണ് പഠനത്തിനിടയിൽ മനസ്സിലാക്കാൻ സാധിച്ചത്. തദ്ദേശസ്ഥാപനങ്ങൾ പരിശീലന പരിപാടികൾ, ബോധനപരിപാടികൾ തുടങ്ങി അക്കാദമികമായ മേഖലകളിലെ ഇടപെടലുകൾ കുറച്ച് സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളുടെ വികസനത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും കാണാൻ സാധിച്ചു. ജനകീയാസൂത്രണത്തിന്റെ ക്യാമ്പയിൻ രീതിയിൽ നിന്ന് സ്ഥാപനവൽക്കരണതലത്തിലേക്ക് അധികാര വികേന്ദ്രീകരണ പ്രക്രിയ മാറിയപ്പോൾ സ്വാഭാവികമായുണ്ടായ ഒരു ആവേശചോർച്ചയ്ക്ക് പുറമെ, മറ്റു ചില ഘടകങ്ങളും ഇത്തരമൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. 

2001ൽ പുതിയതായി രൂപംകൊണ്ട സർക്കാർ വിദ്യാഭ്യാസമേഖലയിലും അധികാര വികേന്ദ്രീകരണത്തിലും നടപ്പാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ആവേശത്തിൽ വലിയ ചോർച്ചയുണ്ടാക്കി. സമഗ്ര ശിക്ഷാ അഭിയാനുള്ള (SSA) സംസ്ഥാനവിഹിതം സംസ്ഥാന സർക്കാർ നേരിട്ടുനൽകുന്നതിനു പകരം തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന രീതി 2009-10 മുതൽ ആരംഭിച്ചതും വിദ്യാഭ്യാസമേഖലയിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ കുറച്ചതായി സി.എസ്.ഇ.എസ്. എസ്.എസ്.എ.യ്ക്ക് വേണ്ടി 2019ൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു (ഇതിനെക്കുറിച്ച് ഈ ലേഖനത്തിൽ പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്).

ഇതിനു പുറമെ 2010ൽ പുറത്തുവന്ന സർക്കാർ ഉത്തരവ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ അഡ്മിഷൻ, പഠന വിഷയങ്ങൾ, സിലബസ്, പാഠപുസ്തകങ്ങൾ, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണ്ണയം തുടങ്ങിയ അക്കാദമിക് കാര്യങ്ങൾ തദ്ദേശസർക്കാരിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കുകയുണ്ടായി (No.44667/EM2/08/LSGD കാണുക). ഇത് മുൻപുണ്ടായിരുന്നതു പോലെ ബോധനപ്രക്രിയയിലും, മൂല്യനിര്‍ണ്ണയത്തിലും തദ്ദേശസ്ഥാപനങ്ങൾ നടത്തി വന്നിരുന്ന പരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത കുറച്ചു. എം.വി. മുകുന്ദനും, മാർക്ക് ബ്രേയും നടത്തിയ പഠനങ്ങളിലും സമാനമായ ആശങ്കകളാണ് പങ്കുവെക്കപ്പെടുന്നത് (Mukundan, 2003; Mukundan & Bray, 2004). എന്നാൽ ഇച്ഛാശക്തിയുള്ള ഭരണസമിതിയും, താല്പര്യത്തോടെ ഇടപെടുന്ന അദ്ധ്യാപകരും ഉണ്ടെങ്കിൽ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനും, അത്തരം പ്രവർത്തനങ്ങളെ സജീവമായി തുടർന്നുകൊണ്ടുപോകാനുമുള്ള വലിയ സാദ്ധ്യതകൾ അധികാര വികേന്ദ്രീകരണ പ്രക്രിയ നമ്മുടെ മുമ്പിൽ തുറന്നുവെച്ചിട്ടുണ്ടെന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് കാസകാസര്‍ഗോഡ് ജില്ലയിലെ മടികൈ, കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ, ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, തിരുവനന്തപുരം ജില്ലയിലെ വെമ്പായം എന്നീ ഗ്രാമപഞ്ചായത്തുകൾ. 

മടികൈ ഗ്രാമപഞ്ചായത്ത്

ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും, രണ്ട് ഹയർ സെക്കന്ററി സ്കൂളുകളുമടക്കം സർക്കാർ സ്കൂളുകൾ മാത്രമുള്ള ഒരു പഞ്ചായത്താണിത് (അൺ എയ്ഡഡ് മേഖലയിലുള്ള രണ്ട് എൽ.പി. സ്കൂളുകളുണ്ട്. പക്ഷേ അവിടെ കാര്യമായി വിദ്യാർത്ഥികളില്ല). നേരത്തെ സൂചിപ്പിച്ചതു പോലെ തൊണ്ണൂറുകളിൽ കേരളത്തിലെ പഞ്ചായത്ത് തല സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പഞ്ചായത്തുകളിൽ ഒന്നാണിത്. സ്കൂൾ കോംപ്ലക്സിന്റെ പ്രവർത്തങ്ങൾ പിന്നീട് നിന്നു പോയെങ്കിലും വിദ്യാഭ്യാസമേഖലയിൽ ഇപ്പോഴും ഊർജ്ജസ്വലമായി ഇടപെടുന്ന ഒരു പഞ്ചായത്താണ് മടികൈ. വിവിധ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളെ ക്രോഡീകരിച്ച് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിൽ ചർച്ച ചെയ്താണ് പഞ്ചായത്ത് ഓരോ സ്കൂളിലും നടപ്പാക്കേണ്ട പദ്ധതികളും ഫണ്ട് വിതരണവും തീരുമാനിക്കുന്നത്. 
നേരിട്ട് പഞ്ചായത്തിന് കീഴിലല്ലെങ്കിലും ഹൈസ്കൂളുകളിലും ഹയർ സെക്കന്ററി സ്കൂളുകളിലുമടക്കം പഞ്ചായത്ത് തങ്ങളുടെ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. പഞ്ചായത്തിലെ 28 അംഗനവാടികൾക്ക് പുറമെ പത്ത് സ്കൂളുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 

ഹൈസ്കൂൾ ഹയർ സെക്കന്ററി വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകളിലെയും ഒന്നാം ക്ലാസിലെ അദ്ധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം പഞ്ചായത്ത് പദ്ധതിയായി നടപ്പാക്കിയിട്ടുണ്ട്. പ്രദേശത്തെ തന്നെ പ്രഗത്ഭരായ അദ്ധ്യാപകരുടെയും, വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും നേതൃത്വത്തിലാണ് ഇതിനാവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കിയത്. എൽ.പി.-യു.പി. സ്കൂളുകളിൽ എല്ലാ ക്ലാസ്റൂമുകളും (24 ക്ലാസ് റൂമുകൾ) ലാപ്‌ ടോപ്പ്, എൽ.സി.ഡി. പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, സ്ക്രീൻ എന്നീ സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് റൂമുകളാക്കി മാറ്റാനും പഞ്ചായത്തിനായിട്ടുണ്ട്. 

സ്കൂൾ കെട്ടിടമടക്കമുള്ള പശ്ചാത്തലസൗകര്യ വികസനത്തിനു പുറമെ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളുകളുൾപ്പെടെയുള്ള എല്ലാ ക്ലാസ്റൂമുകളിലും ബ്ലാക്ക് ബോർഡിനു പകരം വൈറ്റ് ബോർഡുകളും സ്ക്കെച്ച് പെന്നും സ്ഥാപിക്കുന്ന ഡസ്റ്റ് ഫ്രീ സ്കൂൾ പദ്ധതി, ഒന്നാം ക്ലാസിൽ ചേരുന്ന എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സയ്ക്കായുള്ള ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രത്യേക ബോധനപരിഹാരപദ്ധതി, ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളും കരിയർ ഗൈഡൻസും നൽകുന്ന പദ്ധതി, സ്കൂളുകളിൽ ഗണിത ലാബുകളും ചിൽഡ്രൻസ് പാർക്കുകളും ഒരുക്കൽ, ഹൈസ്കൂൾ-ഹയർ സെക്കന്ററി അടക്കമുള്ള പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്യൽ, സ്കൂളുകളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കൽ, ബാലസഭാസംഗമങ്ങൾ സംഘടിപ്പിക്കൽ, സ്കൂളുകളിൽ പത്രങ്ങളും ബാലമാസികകളും വിതരണം ചെയ്യൽ, പട്ടിക വര്‍ഗ്ഗ വിദ്യാർത്ഥികൾക്കായി പഠനമുറി തയ്യാറാക്കൽ, കുട്ടികൾക്കായുള്ള കായികപരിശീലനം നടത്തൽ തുടങ്ങി വ്യത്യസ്തങ്ങളായ ഇടപെടലുകളാണ് സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, അക്കാദമിക ഗുണനിലവാരമുയർത്താനും, കുട്ടികൾക്ക് പഠനം രസകരമാക്കാനുമായി പഞ്ചായത്ത് നടപ്പിലാക്കിയിരിക്കുന്നത്. 

വികസന ഫണ്ടിനു പുറമെ പഞ്ചായത്തിന്റെ മുൻകൈയിൽ പലയിടത്തു നിന്നും ഫണ്ട് ശേഖരിച്ചിട്ടാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. എം.എൽ.എ.-എം.പി. ഫണ്ടുകൾ, ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവയ്ക്ക് പുറമെ സഹകരണബാങ്കുകൾ, അദ്ധ്യാപക സംഘടനകൾ എന്നിവയെയൊക്കെ ഈ പ്രവർത്തനങ്ങളുമായി സഹകരിപ്പിച്ചു കൊണ്ടാണ് പഞ്ചായത്ത് ഈ പദ്ധതികൾക്കാവശ്യമായ പണം കണ്ടെത്തുന്നത്. 

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

ജനകീയാസൂത്രണസമയത്ത് തുടക്കം കുറിച്ച പല പദ്ധതികളും ഇപ്പോഴും മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുന്ന ഒരു തദ്ദേശസ്ഥാപനമാണ് കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ. അദ്ധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചാർട്ട് ചെയ്ത് പഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന വിദ്യാഭ്യാസ കലണ്ടർ ഇവിടത്തെ ഒരു പ്രത്യേകതയാണ്. പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങൾ, സ്കൂളുകളിലെ വിവിധ വാർഷിക പരിപാടികൾ ഉൾപ്പെടെ എല്ലാം കലണ്ടറിൽ നൽകിയിട്ടുണ്ടാകും. പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ഈ കലണ്ടറിനനുസൃതമായിരിക്കും പഠനപ്രക്രിയ ക്രമീകരിക്കുന്നത്. ഓരോ മാസവും പഞ്ചായത്ത് വിദ്യാഭ്യാസ സമിതി വിളിച്ചു ചേർത്ത് സ്കൂളുകളിലെ കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളും അടുത്ത മാസത്തേക്കുള്ള പ്രവർത്തനങ്ങളും ചർച്ച ചെയ്യും. ഭൗതികസാഹചര്യങ്ങൾ മോശമായിരുന്ന ഒരു സ്കൂളിനെ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെടുത്താൻ പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനു വേണ്ടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ചെസ് മത്സരങ്ങൾ, അദ്ധ്യാപകർക്ക് കണക്ക് ഇംഗ്ലീഷ് വിഷയങ്ങളിൽ നൽകുന്ന പരിശീലനങ്ങൾ, കുട്ടികൾക്ക് നൽകുന്ന കളരിയുൾപ്പെടെയുള്ള കായിക പരിശീലനങ്ങൾ എന്നിവയെല്ലാം സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. 

‍മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത്

ജനകീയാസൂത്രണത്തിന്റെ ആദ്യകാലം മുതൽ ബാലകൈരളി എന്ന പേരിൽ വ്യത്യസ്തമായ പ്രീപ്രൈമറി മാതൃക നടപ്പാക്കി വരുന്ന തദ്ദേശസ്ഥാപനമാണ് മാരാരിക്കുളം സൗത്ത്. പണമില്ലാത്ത വീട്ടിലെ കുട്ടികൾക്ക് പ്രീപ്രൈമറി അനുഭവങ്ങൾ നഷ്ടപ്പെടുന്നു എന്ന ആശങ്ക ഗ്രാമസഭകളിൽ നിന്നുയർന്നുവന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലകൈരളി നഴ്സറി സ്കൂളുകൾ എന്ന ആശയത്തിന് രൂപംകൊടുക്കപ്പെടുന്നത്. വ്യത്യസ്ത വാർഡുകളിലായി പതിനൊന്ന് പ്രീ-പ്രൈമറി സ്കൂളുകളാണ് നിലവിൽ പഞ്ചായത്ത് പദ്ധതിയായി നടത്തിവരുന്നത്. പരമ്പരാഗതരീതിയിലുള്ള അക്ഷരാഭ്യാസത്തിനു പകരം ഒന്നാം ക്ലാസിൽ എത്തുന്ന ഒരു കുട്ടി ആർജ്ജിക്കേണ്ട മാനസികവും, ശാരീരികവുമായ ശേഷികൾക്കാവശ്യമായ ഒരു മൊഡ്യൂൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ടു. 1999ൽ ആരംഭിച്ച ഈ പദ്ധതി 21 വർഷങ്ങൾക്കു ശേഷവും സജീവമായിത്തന്നെ മുന്നോട്ടുപോകുന്നുണ്ട്. എല്ലാ മാസവും പതിനൊന്ന് പ്രീപ്രൈമറി സ്കൂളുകളിലെയും അദ്ധ്യാപകരുടെ യോഗം വിളിച്ചുചേർത്ത് അടുത്ത മാസത്തേക്ക് വേണ്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ചാർട്ട് ചെയ്യും. ഈ പ്രവർത്തനങ്ങളുടെ നടപ്പിലാക്കലിനെ ഓരോ സ്കൂളുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ ജനകീയ സമിതികൾ മോണിറ്റർ ചെയ്യും. ഇതിന്റെ തുടർച്ചയെന്ന നിലയിൽ “പഞ്ചായത്ത് എൽ പി സ്കൂൾ മാതൃകാസ്കൂൾ” എന്ന ഒരു പരിപാടി പഞ്ചായത്ത് നടപ്പിലാക്കുകയും, അഞ്ച് കുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സർക്കാർ സ്കൂളിനെ നൂറിനടുത്ത് കുട്ടികൾ ഉള്ള ഒരു വിദ്യാലയമായി ഉയർത്തുകയും ചെയ്തു. മലയാളം-ഇംഗ്ലീഷ് ഭാഷാപഠനത്തിനായി പ്രത്യേക പദ്ധതികൾ ഇവിടെ നടപ്പിലാക്കി വരുന്നുണ്ട്. ഇതിനുപുറമെ സ്കൂൾ തലത്തിലുള്ള പെൺകുട്ടികളെ ആയോധനകല അഭ്യസിപ്പിക്കൽ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യ പരിരക്ഷയ്ക്കായുള്ള പദ്ധതി എന്നിവയും പഞ്ചായത്ത് നടപ്പിലാക്കി വരുന്നു.

വെമ്പായം ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിനു കീഴിലുള്ള സ്കൂളുകളിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന ഒരു പദ്ധതി പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ സ്കൂളുകളിലെയും നാലു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശനി, ഞായർ ദിവസങ്ങളിൽ നീന്തൽ പരിശീലനവും പഞ്ചായത്ത് നടത്തുന്നുണ്ട്. അവർക്ക് വേണ്ട ഭക്ഷണം, ഡ്രസ്സ്, യാത്ര എല്ലാം പഞ്ചായത്ത് തന്നെ ഒരുക്കിക്കൊടുക്കുന്നു. ഇതിനു പുറമെ എറോബിക്സ്, കരാട്ടെ പരിശീലനവും പഞ്ചായത്ത് കുട്ടികൾക്ക് നൽകുന്നുണ്ട്. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പഠനയാത്രയ്ക്ക് 

കൊണ്ടുപോകുന്ന പദ്ധതിയും പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ യോഗ്യതയുള്ള അദ്ധ്യാപകരുടെ ഒരു അദ്ധ്യാപക ബാങ്കും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ അദ്ധ്യാപകർ അവധിയെടുത്താൽ പകരം അദ്ധ്യാപകരെ ഈ അദ്ധ്യാപക ബാങ്കിൽ നിന്ന് അയയ്ക്കുന്നു. 

കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് അടുത്തിടെ ഉണ്ടായ ശ്രദ്ധേയമായ ഒരു ഇടപെടലാണ് നവകേരളമിഷന്റെ ഭാഗമായി സംസ്ഥാന സർക്കാർ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളും, അക്കാദമിക നിലവാരവും ഉയർത്തി, പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഈ പരിപാടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജനകീയ സമിതികൾ രൂപീകരിക്കാനും സോഷ്യൽ ഓഡിറ്റിംഗ് നടത്താനുള്ള രീതിശാസ്ത്രം വികസിപ്പിച്ചെടുക്കാനും കൂടി ലക്ഷ്യംവയ്ക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളിലെല്ലാം തദ്ദേശസ്ഥാപനങ്ങൾക്ക് വിപുലമായ പങ്കാളിത്തവും ഉത്തരവാദിത്തവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാവനം ചെയ്തിരിക്കുന്നത് (GoK, 2017b; GoK, 2020).

സ്കൂളുകളും പൊതുജന പങ്കാളിത്തവും

ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക, പരിഹാരബോധന പ്രക്രിയയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ വികസിപ്പിക്കുക എന്നിങ്ങനെ മൂന്നു മേഖലകളിലാണ് ജനകീയാസൂത്രണ സമയത്ത് വിദ്യാഭ്യാസ മേഖലയിലെ പൊതുജന പങ്കാളിത്തം പ്രകടമായിരുന്നതെന്ന് മൈക്കിൾ തരകൻ (2003) നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു ക്യാമ്പയിൻ രീതിയിലായിരുന്ന ജനകീയാസൂത്രണ പ്രക്രിയയിൽ നിന്ന് അധികാര വികേന്ദ്രീകരണം സ്ഥാപനവൽക്കരണ ഘട്ടത്തിലെത്തിയപ്പോൾ സ്കൂളുമായി ബന്ധപ്പെട്ട ജനകീയസമിതികൾക്ക് ചില പ്രദേശങ്ങളിലെങ്കിലും പ്രതീക്ഷിച്ച സജീവത നിലനിർത്താനായില്ല എന്നതാണ് പഠനത്തിന്റെ ഭാഗമായി മനസ്സിലാക്കാൻ കഴിഞ്ഞത്. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ പോലും ചിലയിടങ്ങളിൽ നിർജ്ജീവമാണ്. പലപ്പോഴും വ്യവസ്ഥ പാലിക്കാൻ വേണ്ടി ചടങ്ങ് പോലെ കൂടിത്തീർക്കുകയാണ് പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളെന്നാണ് അവിടത്തെ സ്കൂളുകളിലെ പ്രധാനാധ്യാപകർ പറഞ്ഞത്. പക്ഷേ ഇത് കേരളത്തിന്റെ പൊതുചിത്രമല്ല. വളരെ സജീവമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ഇടപെടുന്ന പഞ്ചായത്തുകളും പഠനത്തിന്റെ ഭാഗമായി ശ്രദ്ധയിൽപ്പെട്ടു. അത്തരം പഞ്ചായത്തുകൾക്ക് കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ സ്കൂൾ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കാൻ സാധിക്കുന്നുണ്ടെന്നതാണ് തിരിച്ചറിഞ്ഞ ഒരു വസ്തുത. 

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വരവിനു മുമ്പ് തന്നെ അദ്ധ്യാപക-രക്ഷാകർത്തൃ സമിതികൾ സ്കൂളുകളിൽ നിലവിലുണ്ടെങ്കിലും7 അവ കൂടുതൽ സജീവമാകുന്നത് സ്കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷമാണെന്ന് 1996ന് മുമ്പും പിമ്പും സ്കൂൾ അദ്ധ്യാപകരായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നു. 1994ലെ കേരളാ പഞ്ചായത്തീരാജ് നിയമം ഗ്രാമസഭയ്ക്ക് കീഴിലുള്ള സ്കൂളുകളിലെ പിടിഎകളെ അതാത് ഗ്രാമസഭകൾ പിന്തുണയ്ക്കണമെന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. ജനകീയ വിദ്യാഭ്യാസ പ്രക്രിയയ്ക്കായി ജനകീയാസൂത്രണത്തിന്റെ ആദ്യവർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ രക്ഷകർത്താക്കൾക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ ലഭ്യമാക്കിയിരുന്ന ഇടം വിപുലമാക്കി. വിവിധ സ്കൂളുകളിലെ പി ടി ‌എ കൾ തമ്മിലുള്ള സഹകരണം നാടിന്റെ തന്നെ വിദ്യാഭ്യാസചിത്രം മാറ്റുന്നതെങ്ങനെയെന്നതിന് അനുകരണീയമായ ഒരു മാതൃകയാണ് തിരൂർ മുനിസിപ്പാലിറ്റിയിലെ പി ടി ‌എ ഫോറം. മുനിസിപ്പാലിറ്റിയിലെ എല്ലാ സർക്കാർ-എയ്ഡഡ് സ്കൂളുകളുകളിലെയും പി ടി ‌എ പ്രസിഡന്റുമാരും, വൈസ്‌പ്രസിഡന്റുമാരുമടങ്ങിയ ഈ ഫോറം കൃത്യമായ ഇടവേളകളിൽ ചേർന്ന്, ഓരോ സ്കൂളിലും പി ടി ‌എ ചെയ്ത കാര്യങ്ങൾ പങ്കുവെക്കുകയും, വിവിധ സ്കൂളുകളുടെ അവസ്ഥ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെട്ട ഇടപെടലുകൾ കൂടിയാലോചിക്കുകയും ചെയ്യും. സ്കൂളുകളിൽ എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് പരിശീലനവും, മുനിസിപ്പാലിറ്റിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്.-യു.എസ്.എസ്. മോഡൽ പരീക്ഷകളും ഈ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വർഷം മുനിസിപ്പാലിറ്റിയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫോറവും മുനിസിപ്പാലിറ്റിയും ഒരുമിച്ച് മുനിസിപ്പൽ തല കലാമേളയും, കുട്ടികൾക്കായുള്ള പത്തുദിവസം നീണ്ടുനിന്ന പൈതൃകോത്സവും വിജയകരമായി സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെയാണ് ഇത്തരത്തിലുള്ള ഇടപെടലുകൾക്ക് സാദ്ധ്യത തുറന്നുകിട്ടിയത്.

എന്നാൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യം സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പൂർവ്വവിദ്യാർത്ഥികൾക്കും, രക്ഷകർത്താക്കൾക്കും പുറമെയുള്ള പൊതുജനങ്ങളുടെ പങ്കാളിത്തമാണ്.8 കുട്ടികളുടെ വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിനും, സ്കൂളിലെ എന്തെങ്കിലും പദ്ധതിക്കാവശ്യമായ ഫണ്ട് പി ടി എയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പിരിക്കുന്ന സമയത്ത് പണം കൊടുക്കുന്നതിലേക്കും മാത്രമായി ഇന്ന് നാട്ടുകാരുടെ പങ്ക് ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അപവാദങ്ങളുണ്ട്. പൂര്‍ണ്ണമായും നാട്ടുകാരുടെ പണവും, അദ്ധ്വാനശേഷിയും ഉപയോഗപ്പെടുത്തി സ്കൂളിൽ ഓഡിറ്റോറിയം നിർമ്മിച്ചതിനെക്കുറിച്ച് പറഞ്ഞത് കണ്ണൂരിലെ എരുമംകുറ്റൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയാണ്. വർഷത്തിൽ മൂന്ന് പി ടി എ മീറ്റിംഗുകൾ സ്കൂളിന്റെ പുറത്ത് വിവിധ പ്രദേശങ്ങളിൽ നാട്ടുകാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് “കോര്‍ണ്ണർ പി ടി എ” എന്ന പേരിൽ നടത്താൻ തുടങ്ങിയതിനെപ്പറ്റി കുമരകം പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ പ്രധാ‍നാധ്യാപിക പറയുകയുണ്ടായി. സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന അത്തരം ശ്രമങ്ങളുടെ ഫലമായി നാട്ടുകാർ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്സാഹത്തോടെ ഇടപെടാൻ തുടങ്ങിയെന്നതാണ് ടീച്ചറിന്റെ അനുഭവം. എന്നാൽ ചുമതലയുള്ളവരുടെ ഇത്തരം വ്യക്തിപരമായ ഇടപെടലുകൾ കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ആ വ്യക്തിയുടെ അഭാവത്തിൽ തുടർന്നുകൊണ്ടു പോകാൻ സാധിക്കാത്തതും, അത്തരം അദ്ധ്യാപകരോ ജനപ്രതിനിധികളോ ഇല്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകളും നാട്ടുകാരും തമ്മിൽ ഒരു വിടവ് നിലനിൽക്കുന്നുവെന്നതും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളാണ്. 

വിദ്യാഭ്യാസവിഷയങ്ങളിൽ താല്പര്യമുള്ള യുവജനങ്ങളും, റിട്ടയേർഡ് അദ്ധ്യാപകരുമൊക്കെയായി ഒരു വലിയ മനുഷ്യവിഭവം നമ്മുടെ നാട്ടിൻപുറങ്ങളിലുണ്ടാകും. ഇവരുടെ സേവനം സ്കൂളുകളുടെ വികസനത്തിന് ഉപയോഗിക്കുന്നതിനുള്ള മുൻകൈ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. ഇത്തരത്തിലുള്ള ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതികൾ തദ്ദേശസ്ഥാപനങ്ങളുടെ 

പങ്കാളിത്തത്തോടെ പ്രവർത്തിപ്പിക്കുക എന്നതായിരിക്കും ഇതിനൊരു പരിഹാരം. ഈ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സ്കൂൾ സപ്പോർട്ട് ഗ്രൂപ്പുകൾ, ലോക്കൽ റിസോഴ്സ് ഗ്രൂപ്പുകൾ എന്നിവയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. എന്നാൽ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ സമിതികൾ നിർജ്ജീവാവസ്ഥയിലാണ് എന്നതാണ് നിരീക്ഷിച്ച ഒരു കാര്യം. ഈ സമിതികൾ പേരിനു വേണ്ടി ഉണ്ടാക്കുന്നതല്ലാതെ അവയ്ക്ക് വ്യക്തമായ ചുമതലകളോ, പ്രവർത്തനങ്ങളോ, മാര്‍ഗ്ഗനിർദ്ദേശങ്ങളോ നിർദ്ദേശിക്കാത്തതായിരിക്കാം അവയുടെ മുന്നോട്ടുള്ള പോക്കിനുള്ള പ്രധാന തടസ്സം. 

ഗ്രാമസഭകളിലെ സ്കൂൾ അദ്ധ്യാപകരുടെ പങ്കാളിത്തവും വളരെ പ്രധാനപ്പെട്ടതാണ്. “ഗ്രാമസഭകളിൽ സ്കൂളിലെ അദ്ധ്യാപകർ പങ്കെടുക്കാറില്ല/ക്ഷണം കിട്ടാറില്ല, സ്കൂളിന്റെ ആവശ്യങ്ങൾ നേരിട്ട് പഞ്ചായത്തിനെ അറിയിക്കാറാണ് പതിവ്” എന്ന് പറഞ്ഞ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്കൂൾ കോമ്പൗണ്ടിൽ വെച്ച് തന്നെ കൂടുന്ന ഗ്രാമസഭകളെക്കുറിച്ചും, അതിൽ സജീവമായി പങ്കെടുത്ത് സ്കൂളിന്റെ വികസനകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന അദ്ധ്യാപകരെ ക്കുറിച്ചുമുള്ള അനുഭവങ്ങളാണ് മടികൈ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും അദ്ധ്യാപകരും പങ്കുവെച്ചത്. 
“ഗ്രാമസഭകളിൽ നിന്നുരുത്തിരിഞ്ഞു വരുന്ന പദ്ധതികളായതുകൊണ്ടുതന്നെ ആ പ്രവർത്തനങ്ങൾ തങ്ങളുടേതും കൂടിയാണെന്ന തോന്നൽ നാട്ടുകാർക്കും, കൂടുതൽ ഉത്തരവാദിത്തം വാർഡ് മെമ്പർക്കും ഉണ്ടാകാറുണ്ട്. നാട്ടുകാർ ഒപ്പമുണ്ടെന്നത് അദ്ധ്യാപകർക്ക് ആത്മവിശ്വാസവും പകരുന്നു” – മടികൈ പഞ്ചായത്തിലെ ഒരധ്യാപകൻ പറഞ്ഞു നിർത്തി.
 

സമഗ്ര ശിക്ഷാ അഭിയാനും തദ്ദേശസ്ഥാപനങ്ങളും

2008-09 വരെ എസ്.എസ്.എ.യ്ക്കുള്ള സംസ്ഥാന വിഹിതം സംസ്ഥാന സർക്കാർ നേരിട്ട് നൽകുകയെന്നതായിരുന്നു രീതി. പക്ഷേ, 2009-10 മുതൽ, സംസ്ഥാനവിഹിതം നൽകേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റപ്പെട്ടു (CSES, 2019). പ്രൈമറി സ്കൂളുകൾ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ളതാണ് ഈ തീരുമാനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇത് 

വിദ്യാഭ്യാസമേഖലയിൽ തനതായി ഇടപെടാനുള്ള തദ്ദേശസർക്കാരിന്റെ സാമ്പത്തിക ശേഷി കുറച്ചു.9 എസ് എസ് എയ്ക്കുള്ള പദ്ധതി വിഹിതം നൽകിക്കഴിഞ്ഞ് ബാക്കിയുള്ള ഫണ്ട് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു ഉപയോഗിക്കാം എന്ന ഒരു മനോഭാവം തദ്ദേശസ്ഥാപനങ്ങൾക്കിടയിൽ ഇതോടെ രൂപപ്പെട്ടു. എന്നാൽ സെക്കന്ററി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാദ്ധ്യമിക്ക് ശിക്ഷാ അഭിയാന്റെ (RMSA) കാര്യത്തിൽ സംസ്ഥാനവിഹിതം സംസ്ഥാന സർക്കാർ തന്നെ നേരിട്ട് നൽകുന്ന രീതി തുടർന്നു പോന്നു. ഹൈസ്കൂളുകളും, ഹയർ സെക്കന്ററി സ്കൂളുകളും ജില്ലാ പഞ്ചായത്തുകളുടെയും/മുനിസിപ്പാലിറ്റികളുടെയും ചുമതലയായിരുന്നെങ്കിലും RMSA വിഹിതം നൽകാനുള്ള ഉത്തരവാദിത്തം അവയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടില്ല. പിന്നീട് എസ്.എസ്.എ.യും ആർ.എം.എസ്.എ. യും ഒരുമിപ്പിച്ച് “സമഗ്ര” പദ്ധതി നിലവിൽ വന്നതോടെ ഫണ്ട് കൈമാറ്റം കൂടുതൽ സങ്കീര്‍ണ്ണമായി. സമഗ്രയുടെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഹിതം നൽകാനുള്ള ചുമതല ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമാവുകയും, സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള വിഹിതം സംസ്ഥാന സർക്കാർ നേരിട്ടു നൽകുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.

തദ്ദേശസ്ഥാപനങ്ങൾ എസ് എസ് എയ്ക്ക് കൈമാറേണ്ട ഫണ്ട് സംസ്ഥാനതലത്തിൽ രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷനു വേണ്ടി 2018ൽ സി.എസ്.ഇ.എസ്. നടത്തിയ പഠനം കണ്ടെത്തിയത്, തദ്ദേശസ്ഥാപനങ്ങൾക്ക് നിഷ്ക്കർഷിക്കപ്പെടുന്ന ക്വോട്ടയുടെ മുക്കാൽ ഭാഗം (74%) മാത്രമേ തദ്ദേശസ്ഥാപനങ്ങൾ എസ്.എസ്.എ.യ്ക്ക് നൽകുന്നുള്ളൂവെന്നാണ്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ഫണ്ടിലുണ്ടാകുന്ന ഈ കുറവ് എസ്.എസ്.എ.യ്ക്ക് കേന്ദ്രസർക്കാർ നൽകുന്ന മാച്ചിംഗ് ഗ്രാന്റ് കുറയാൻ കാരണമാകുന്നുവെന്നും പഠനം പറയുന്നു. തങ്ങളുടെ വിഹിതം നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസം എസ്.എസ്.എ.യുടെ ഫണ്ട് വിനിയോഗം കുറയാനും ഇടയാക്കുന്നുണ്ട്.

എസ് എസ് എ ഫണ്ട് ചെലവഴിക്കലുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ച ഒരു പ്രധാന പരാതി, അതാത് പ്രദേശങ്ങളിൽ എസ് എസ് എ  നടത്തുന്ന ഇടപെടലുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനകൾക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല എന്നതാണ്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ച് എസ്.എസ്.എ. നടത്തുന്ന ഇടപെടലുകളുടെ നടപ്പാക്കലിൽ നിലവിൽ തദ്ദേശസ്ഥാപനങ്ങൾക്ക് യാതൊരു പങ്കും നൽകിയിട്ടുമില്ല. എസ് എസ് എ  ഫണ്ടിന്റെ 40 ശതമാനവും തദ്ദേശസ്ഥാപനങ്ങൾക്ക് പങ്കൊന്നുമില്ലാത്ത അക്കാദമിക പിന്തുണാ പരിപാടികൾക്കും, അദ്ധ്യാപക പരിശീലനങ്ങൾക്കും വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത് എന്നുള്ളതാണ് ഈ പരാതിയുടെ അടിസ്ഥാനം. സ്കൂളുകളിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 12 ശതമാനം എസ് എസ് എ ഫണ്ട് മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളൂ. മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ സ്കൂളുകളുടെ ഭൗതികസാഹചര്യ വികസനത്തിനാണ് 10 ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത്. ഇതു കൊണ്ടുതന്നെ നിർമ്മാണപ്രവർത്തനങ്ങൾക്കായി കുറഞ്ഞ വിഹിതം മാത്രമേ ചെലവാക്കപ്പെടുന്നുള്ളൂവെന്നത് തങ്ങൾ കൊടുക്കുന്ന വിഹിതത്തിന് അനുപൂരകമായ ഗുണം എസ് എസ് എ യിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന വികാരം തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. എസ് എസ് എ യ്ക്ക് ഫണ്ട് നൽകാൻ തുടങ്ങിയതു മുതൽ പഞ്ചായത്തുകളുടെ വിദ്യാഭ്യാസമേഖലയിലുള്ള ഇടപെടലുകൾ കുറഞ്ഞതായി പഠനവുമായി ബന്ധപ്പെട്ട് സംസാരിച്ച പലരും വ്യക്തമാക്കി. 

ഈ ഒരു പശ്ചാത്തലത്തിലാണ് എസ്.എസ്.എയ്ക്കുള്ള സംസ്ഥാനവിഹിതം തദ്ദേശസ്ഥാപനങ്ങൾ വഴി നൽകുന്ന രീതി തുടരണമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. നടത്തിപ്പിൽ യാതൊരു പങ്കാളിത്തവും നൽകാതെ എസ് എസ് എയ്ക്കുള്ള സംസ്ഥാന സർക്കാർ വിഹിതം നൽകാനുള്ള ചുമതല മാത്രം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നത് സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിന്റെ അളവ് ഉയർത്തിക്കാണിക്കാൻ മാത്രമേ ഉപകരിക്കൂ. തദ്ദേശസ്ഥാപനങ്ങളെ നടുക്ക് നിർത്താതെ, വർഷാദ്യം എസ് എസ് എ  വിഹിതം സംസ്ഥാന സർക്കാർ നേരിട്ട് നൽകുകയോ, അല്ലെങ്കിൽ എസ് എസ് എ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇടപെടലുകളിൽ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് പങ്കാളിത്തം നൽകുകയോ, ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം. 

എയ്ഡഡ് സ്കൂളുകളും തദ്ദേശസ്ഥാപനങ്ങളും

2018ലെ സർക്കാർ കണക്കനുസരിച്ച്, കേരളത്തിലെ സ്കൂളുകളിൽ 56 ശതമാനവും എയ്ഡഡ് മേഖലയിലാണ് (ചിത്രം 1). കണ്ണൂർ ജില്ലയിൽ ആകെയുള്ള എൽ.പി., യു.പി. സ്കൂളുകളിൽ 80 ശതമാനത്തിനു മുകളിലും, പാലക്കാട്, തൃശൂർ ജില്ലകളിൽ 70 ശതമാനത്തിനു മുകളിലും എയ്ഡഡ് മേഖലയിലാണ്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് എയ്ഡഡ് മേഖലയ്ക്കുള്ള പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 
 എന്നാൽ നിയമപരമായി തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ടുള്ള ചുമതലയില്ലാത്തവയാണ് ഈ സ്കൂളുകൾ. എയ്ഡഡ് സ്കൂൾ മാനേജർമാർ സ്കൂളുകളിൽ ഉറപ്പാക്കിയിരിക്കുന്ന സംവിധാനങ്ങളുടെ പര്യാപ്തതയെ പരിശോധിച്ച് സർട്ടിഫൈ ചെയ്യാനുള്ള ഉത്തരവാദിത്തം മാത്രമാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ളത്. ഈ അടുത്ത കാലം വരെ തങ്ങളുടെ പദ്ധതികളിൽ എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്താൻ പഞ്ചായത്തുകൾക്ക് സാദ്ധ്യമല്ലായിരുന്നു. എന്നാൽ പിന്നീട് എയ്ഡഡ് പ്രൈമറി സ്കൂളുകൾക്ക് ടോയ്‌ലറ്റുകൾക്കും കുടിവെള്ളത്തിനുമായി (സർക്കാർ സ്കൂളുകളിൽ ഈ സൗകര്യങ്ങളെല്ലാം പൂർത്തിയായതിനു ശേഷം) വികസനഫണ്ട് മാറ്റിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു (G.O.(M.S) No. 80/2017/LSGD, Dated. 03.04.2017). 

എയ്ഡഡ് സ്കൂളുകളിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഇടപെടലുകളിൽ പ്രാദേശികമായ വ്യത്യാസങ്ങൾ കാര്യമായി നിലനിൽക്കുന്നുണ്ട്. മാനേജ്മെന്റുകൾ സഹകരിക്കാൻ തയ്യാറാകുന്നിടത്ത് ഇടപെട്ടു സഹായിക്കുകയെന്നതാണ് കണ്ടുവരുന്ന രീതി. എന്നാൽ മാനേജ്മെന്റുകൾ സഹകരിക്കാത്ത സ്കൂളുകളിൽ വാർഡ് മെമ്പർ കൂടി അംഗമായിട്ടുള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്ക് പകരം പി ടി എ കമ്മിറ്റികൾ മാത്രം മാനേജ്മെന്റ് വിളിച്ചു ചേർക്കുന്നത് തങ്ങൾക്ക് അത്തരം സ്കൂളുകളിൽ ഏതെങ്കിലും തരത്തിൽ ഇടപെടാനുള്ള അവസരം പൂര്‍ണ്ണമായുമില്ലാതാക്കുന്നുവെന്ന് ചില ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ പ്രവർത്തനങ്ങളിലും ഇത്തരത്തിലൊരു വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷിക്കാൻ സാധിച്ചത്. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളിൽ പഞ്ചായത്തിനു കീഴിലുള്ള എല്ലാ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകർ അംഗങ്ങളാണ്. എന്നാൽ ചില പ്രദേശങ്ങളിലെ സമിതികളിൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ പങ്കാളിത്തം വളരെ കുറവാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. പഞ്ചായത്തിന് പ്രത്യേക പദ്ധതികളൊന്നും തങ്ങളുടെ സ്കൂളുകളിൽ നടപ്പാക്കാൻ കഴിയാത്തതു കൊണ്ട്, മീറ്റിംഗിൽ പങ്കെടുത്ത് തങ്ങളുടെ സമയം കളയുന്നതെന്തിനാണെന്ന ഒരു മനോഭാവം എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കിടയിൽ പ്രകടമാണ്. 

എയ്ഡഡ് സ്കൂളുകൾക്ക് വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തത് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും എയ്ഡഡ് സ്കൂളിലെ കുട്ടികൾക്കും ലഭ്യമാകുന്ന അവസരങ്ങളിലും സൗകര്യങ്ങളിലും വലിയ വിടവ് സൃഷ്ടിക്കുന്നുണ്ട്. കേരളത്തിൽ ഈ രണ്ടു തരത്തിലുള്ള വിദ്യാലയങ്ങളിലും ഒരുപോലെയുള്ള സാമൂഹ്യ-സാമ്പത്തിക ശ്രേണിയിലുൾപ്പെടുന്ന കുട്ടികളാണ് പഠിക്കുന്നതെന്നതുകൊണ്ടു തന്നെ സർക്കാർ മേഖലയിലെ വിദ്യാലയങ്ങൾക്കായി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നത് തുല്യനീതിക്കെതിരാണ്. ഉദാഹരണത്തിന് കേരളത്തിലെ പല തദ്ദേശസ്ഥാപനങ്ങളും പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നുണ്ട് (ഉദാഹരണം തിരുവനന്തപുരത്തെ വെമ്പായം, ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമപഞ്ചായത്തുകൾ). എന്നാൽ ഇത് സർക്കാർ സ്കൂളുകളിൽ മാത്രമാണ് നടപ്പിലാക്കാൻ സാധിക്കുന്നത്. അതേ പഞ്ചായത്തിലെ തന്നെ (പ്രത്യേകിച്ച് മറയൂർ പോലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുള്ള ഒരു പഞ്ചായത്തിൽ) എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഈ പോഷകാഹാരം ലഭ്യമല്ല. നമ്മുടെ കുട്ടികൾക്കിടയിലുണ്ടാകുന്ന ഈ അന്തരം പരിഹരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടത്തണമെന്ന് കരുതുന്നു.

എന്നാൽ ഈ തടസ്സങ്ങൾ മറികടക്കാനായി മറ്റ് പദ്ധതികളിലുൾപ്പെടുത്തി എയ്ഡഡ് സ്കൂളുകൾക്ക് ചില അടിസ്ഥാനസൗകര്യങ്ങളെങ്കിലും ഒരുക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ മാത്രമുള്ള മണിയൂർ ഗ്രാമപഞ്ചായത്ത് ഒരുദാഹരണമാണ്. പഞ്ചായത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിൽ സ്കൂളുകൾ ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസരംഗത്ത് കാര്യമായി താല്പര്യമെടുക്കുകയും, പദ്ധതി രൂപീകരണത്തിൽ പഞ്ചായത്തുകൾക്കുള്ള നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് എയ്ഡഡ് സ്കൂളുകളിൽ പരമാവധി ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പഞ്ചായത്താണ് മണിയൂർ. അദ്ധ്യാപകരും വിദ്യാഭ്യാസവിദഗ്ദ്ധരും അടങ്ങുന്ന ഒരു സമിതി പഞ്ചായത്തിൽ രൂപീകരിച്ചുകൊണ്ട് ആ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലേക്കും ഓരോ ക്ലാസിന് അനുയോജ്യമായ ലൈബ്രറി പുസ്തകങ്ങൾ പഞ്ചായത്ത് നൽകിവരുന്നു. ഇതുകൂടാതെ പഞ്ചായത്തിലെ കുട്ടികൾക്കായുള്ള നീന്തൽ പരിശീലനങ്ങളും, എൽ.എസ്.എസ്., യു.എസ്.എസ്. കോച്ചിംഗ് ക്ലാസുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ മാത്രമേയുള്ളൂവെങ്കിലും മറ്റ് പല പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമായി മണിയൂരിലെ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി എല്ലാ മാസവും ചേർന്ന് വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ജനപ്രതിനിധികൾക്ക് ഇടപെടാനുള്ള വിപുലമായ ഇടം പഞ്ചായത്തിലെ സ്കൂളുകൾ നൽകുന്നുണ്ടെന്ന് അവിടത്തെ ഒരു ജനപ്രതിനിധി പറയുകയുണ്ടായി. സ്കൂളുകളിലെ എസ്.എം.സികളിലും മറ്റ് പരിപാടികളിലും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുമൊക്കെ അവിഭാജ്യഘടകങ്ങളാണത്രെ. സമാനമായ അനുഭവമാണ് കോഴിക്കോട് ജില്ലയിലെ തന്നെ വില്ല്യാപ്പള്ളി പഞ്ചായത്തും പങ്കുവെച്ചത്. 

പലയിടങ്ങളിലും എയ്ഡഡ്-സർക്കാർ സ്കൂളുകൾ എന്ന വേർതിരിവില്ലാതെ പഞ്ചായത്ത് തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കലാമേളകളും കായികമേളകളും നടക്കാറുണ്ട്. എയ്ഡഡ് സ്കൂളുകൾ കൂടുതലുള്ള കല്ല്യാശേരി പഞ്ചായത്ത് നടത്തുന്ന സഹവാസക്യാമ്പ് കുട്ടികളുടെ സര്‍ഗ്ഗാത്മകവും കലാപരവുമായ കഴിവുകളുടെ പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കും ഒരു നല്ല മാതൃകയാണ്. പഞ്ചായത്തിലെ എൽ.പി.-യു.പി. സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും നടത്തുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ഒരു കൈയെഴുത്ത് മാസികയും പഞ്ചായത്ത് പുറത്തിറക്കാറുണ്ടെന്ന് അവിടത്തെ ഒരു എയ്ഡഡ് സ്കൂൾ അദ്ധ്യാപകൻ പറഞ്ഞത് അഭിമാനത്തോടെയാണ്. 

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലൂടെ സർക്കാർ സ്കൂളുകൾ മെച്ചപ്പെട്ടതോടെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ തദ്ദേശസ്ഥാപനങ്ങളുമായി കൂടുതലായി സഹകരിക്കാൻ തയ്യാറാകുന്നതായി പല ജനപ്രതിനിധികളും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ തന്നെയും നിരീക്ഷിച്ചു. ഇത്തരത്തിൽ മാനേജ്‌മെന്റ് സഹകരിക്കുന്ന സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ ഫണ്ട് മറ്റ് സ്രോതസ്സുകളിൽ നിന്ന് (എം.എൽ.എ.-എം.പി ഫണ്ട് മുതലായവ) കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ മുൻ‌കൈയെടുക്കാറുമുണ്ട്. 

തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ എയ്ഡഡ് സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ട ആവശ്യകത നിലനിൽക്കുന്നുണ്ടെങ്കിലും, ഇത്തരം സ്കൂളുകളിൽ ആവശ്യമായ പഠനാന്തരീക്ഷവും അടിസ്ഥാനസൗകര്യം ഒരുക്കേണ്ടതിന്റെ പ്രാഥമിക ചുമതല അതാത് സ്കൂൾ മാനേജ്‌മെന്റിന് തന്നെയായിരിക്കണം. പ്രാദേശികമായി സ്വരൂപിച്ച സാമ്പത്തിക-മനുഷ്യ വിഭവം ഉപയോഗിച്ചുകൊണ്ടും, സർക്കാരിന്റെ പിന്തുണ കൊണ്ടുമാണ് പല എയ്ഡഡ് സ്കൂളുകളും ആരംഭിച്ചതെന്നത് മറന്നുകൂടാ. അതുകൊണ്ടു തന്നെ ഈ സ്കൂളുകളുടെ മാനേജ്മെന്റിന് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. എന്നാൽ സി.എസ്.ഇ.എസ്. മുമ്പ് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക-അനധ്യാപക നിയമനങ്ങളിൽ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്നുണ്ടെന്നതാണ് (George, Zachariah, & Kumar, 2003).
അദ്ധ്യാപന മേഖലയിലേക്ക് കഴിവുറ്റവരെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാ‍പകർക്കും സർക്കാർ തന്നെ നേരിട്ട് ശമ്പളം നൽകുന്ന രീതി ആരംഭിച്ചത്. എന്നാൽ പല എയ്ഡഡ് സ്കൂളുകളിലും ഇതിനു വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നത്. ഉടമസ്ഥാവകാശം സ്വകാര്യ മാനേജ്‌മെന്റിൽ നിക്ഷിപ്തമാക്കപ്പെടുകയും, എന്നാൽ എല്ലാ പ്രധാന ചെലവുകളും സർക്കാർ വഹിക്കുകയും ചെയ്യുന്ന ഈ രീതി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ സ്യൂഡോ പ്രൈവറ്റൈസേഷൻ (pseudo privatization) ആണെന്നും ഈ പഠനം നിരീക്ഷിക്കുന്നു. അതുകൊണ്ട് തദ്ദേശസ്ഥാപനങ്ങൾ എയ്ഡഡ് സ്കൂളുകൾക്ക് നൽകുന്ന പിന്തുണയ്ക്ക് തത്തുല്യമായ ഒരു തുക (matching grant) സ്കൂൾ മാനേജ്‌മെന്റ് ലഭ്യമാക്കണമെന്ന നിബന്ധന മുന്നോട്ടുവെക്കേണ്ടതാണ്. അതോടൊപ്പം, എയ്ഡഡ് സ്കൂളുകളുടെ മെയിന്റനൻസ് ഗ്രാന്റ് കാലോചിതമായി പരിഷ്ക്കരിക്കുന്നതും, ഗ്രാന്റ് സർക്കാരിൽ നിന്ന് നേരിട്ട് നൽകുന്ന നിലവിലുള്ള രീതി അവസാനിപ്പിച്ച് ആ ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നതും പരിഗണിക്കാവുന്നതാണ്. 

സെക്കന്ററി സ്കൂളുകളും തദ്ദേശസ്ഥാപനങ്ങളും

എയ്ഡഡ് മേഖലയിൽ ഇടപെടുന്നതിൽ അനുഭവിക്കുന്ന പരിമിതികൾക്ക് സമാനമായ അവസ്ഥയാണ് ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് നേരിടേണ്ടി വരുന്നത്. ത്രിതല പഞ്ചായത്ത് ഘടനയിൽ ജില്ലാപഞ്ചായത്തുകൾക്കാണ് ഹൈസ്കൂളുകളിലും ഹയർ സെക്കന്ററി സ്കൂളുകളിലും അധികാരം (അവയോട് ചേർന്നുള്ള എൽ.പി.-യു.പി. സ്കൂളുകളുൾപ്പെടെ).11 ജില്ലാപഞ്ചായത്തിന്റെ കീഴിൽ നിരവധി സ്കൂളുകൾ ഉള്ളതുകൊണ്ടു തന്നെ ഗ്രാമപഞ്ചായത്തും സ്കൂളുകളും തമ്മിൽ നിലനിൽക്കുന്ന ഒരു ആത്മബന്ധം ജില്ലാപഞ്ചായത്തും ഹൈസ്കൂളുകളും തമ്മിൽ ഉണ്ടാകുന്നില്ല. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിലും, പഞ്ചായത്തിന്റെ വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പിലും ഹൈസ്കൂൾ/ഹയർ സെക്കന്ററി അദ്ധ്യാപകരും പങ്കെടുക്കാറുണ്ടെങ്കിലും അവരുടെ സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കാത്തത് കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള താല്പര്യം പല അദ്ധ്യാപകർക്കും നഷ്ടപ്പെടുത്തുന്നുവെന്നതാണ് ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകർ പങ്കുവെച്ച ഒരു പൊതുവികാരം. വിപുലമായ ലാബ് സൗകര്യങ്ങളും, ഉയർന്ന യോഗ്യതയുള്ള അദ്ധ്യാപകരുമുള്ള ഒരു വിഭാഗമാണ് ഹൈസ്കൂൾ-ഹയർ സെക്കന്ററി സ്കൂളുകൾ. ഇവിടത്തെ ലാബ് അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളെയും (ഉദാഹരണത്തിന് പ്രദേശത്തെ മണ്ണ്/വെള്ളം ഒക്കെ പരിശോധിക്കുന്നതിന് ഈ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്), അദ്ധ്യാപകരെയും, ചേർത്തുകൊണ്ട് ആ സ്കൂളുകളെ പഞ്ചായത്തിന്റെ ഒരു നോളജ് ഹബ്ബോ, റിസോഴ്സ് സെന്ററോ ആയി ഉപയോഗിക്കാനുള്ള സാദ്ധ്യത പരിഗണിക്കാവുന്നതാണ്. എന്നാൽ ഇത്തരമൊരു നിർദ്ദേശത്തോട് അത്ര അനുകൂലമല്ലാത്ത ഒരു സമീപനമാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ളത്. ഫണ്ടിന്റെ അപര്യാപ്തതയാണ് അത്തരമൊരു നിർദ്ദേശത്തിന് തടസ്സമായി അവർ ചൂണ്ടിക്കാണിച്ചത്. ഇത്തരത്തിൽ ഫണ്ടുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ചുകൊണ്ട് ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലേക്ക് കൊണ്ടുവരുന്നത് പരിഗണിക്കേണ്ടതാണ്. 

എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിലെന്ന പോലെ ചെറിയ ഇടപെടലുകളെങ്കിലും ഹൈസ്കൂളുകളിലും ഹയർ സെക്കന്ററി സ്കൂളുകളിലും നടത്തുന്ന പഞ്ചായത്തുകളെ പഠനത്തിനിടയിൽ കാണാൻ സാധിച്ചു. ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ ഭാഗമായിട്ടുള്ള പ്രൈമറി വിഭാഗത്തിന് അത്യാവശ്യസൗകര്യങ്ങൾ ഒരുക്കാൻ ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ട് ഉപയോഗിക്കാമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്തി ഹൈസ്കൂളുകൾക്ക് കൂടി ഉപയോഗപ്പെടുന്ന തരത്തിലുള്ള ചില നിർമ്മാണപ്രവർത്തനങ്ങൾ (ടോയ്‌ലറ്റ്, അടുക്കള പോലെ) ഈ പഞ്ചായത്തുകൾ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളുകളിൽ ടൈൽ വിരിക്കുക, കവാടം നിർമ്മിക്കുക, ഗ്രൗണ്ട് ഒരുക്കുക തുടങ്ങിയ ചില പ്രവർത്തനങ്ങളും നടത്താറുണ്ട്. എസ്.എസ്.എൽ.സിക്കു തയ്യാറെടുക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പഠന ക്ലാസ്സുകളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ലഘുഭക്ഷണം നൽകുന്ന പദ്ധതി ഇത്തരം ഇടപെടലുകൾക്ക് ഒരു ഉദാഹരണമാണ്.

അധികാര വികേന്ദ്രീകരണവും പുതിയ വിദ്യാഭ്യാസ നയവും

സ്വാതന്ത്ര്യാനന്തരം വൈവിദ്ധ്യമാർന്ന ചരിത്ര-സാംസ്ക്കാരിക-ഭാഷാ പശ്ചാത്തലമുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി ഇന്ത്യ എന്ന കുടക്കീഴിൽ അണിനിരത്തിയപ്പോൾ വിദ്യാഭ്യാസം എന്നത് ജീവിക്കുന്ന പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹ്യപ്രക്രിയയാണെന്ന തിരിച്ചറിവ് ശക്തമായി. ഈ തിരിച്ചറിവിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകപ്പെട്ടത് (Govinda & Bandyopadhyay, 2010). എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം 2020, വിദ്യാഭ്യാസത്തിനു മേൽ സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങളെ അട്ടിമറിക്കുന്ന ഒരു കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ടുവെക്കുന്നതെന്ന വിമർശനം വിവിധ ഭാഗങ്ങളിൽ നിന്നുയർന്നു വന്നിട്ടുണ്ട്. അതുപോലെ തന്നെ ശ്രദ്ധ പതിയേണ്ട ഒരു വസ്തുതയാണ് വിദ്യാഭ്യാസമേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് ഈ നയം പാലിക്കുന്ന നിശ്ശബ്ദത. 1986ലെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1992-ൽ പുറത്തുവന്ന പ്രോഗ്രാം ഓഫ് ആക്ഷനും അതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട കേബ് കമ്മിറ്റിയും തദ്ദേശസ്ഥാപനങ്ങൾക്ക് വിഭാവനം ചെയ്ത വിപുലമായ വിദ്യാഭ്യാസാധികാരങ്ങളെയും, ചുമതലകളെയും പൂര്‍ണ്ണമായി നിഷേധിക്കുന്നതാണ് ഈ രേഖ. സ്കൂളുകളെ ഏറ്റവും ചെറിയ വിദ്യാഭ്യാസ യൂണിറ്റുകളായി കണ്ടുകൊണ്ട് അതിനു മുകളിൽ സ്കൂൾ കോംപ്ലക്സുകളെയും12 അതിനുമുകളിൽ വിദ്യാഭ്യാസ വകുപ്പിനെയും പ്രതിഷ്ഠിക്കുന്ന ഒരു ഭരണസംവിധാനമാണ് ഈ രേഖ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകൾ മുതൽ അധികാര വികേന്ദ്രീകരണ പ്രക്രിയയിലൂടെയും സമാന്തരമായ മറ്റ് ഇടപെടലുകളിലൂടെയും പൊതുവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുന്നതാകും ഈ രേഖ മുന്നോട്ടുവെക്കുന്ന ആശയം. 

മുന്നോട്ടുള്ള പാത


ജനകീയാസൂത്രണവും, അധികാര വികേന്ദ്രീകരണ പ്രക്രിയയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ ജനകീയമാക്കുന്നതിലും, സ്കൂളുകളുടെ ഭൗതികനിലവാരം ഉയർത്തുന്നതിലും ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് നമ്മൾ കണ്ടു. സ്കൂളുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക വഴി ഉണ്ടായിട്ടുള്ള ഒരു പ്രധാന ഗുണം സ്ഥിരമായി ബന്ധപ്പെടാറുള്ള വാർഡ് മെമ്പറോടും, എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തുള്ള പഞ്ചായത്താഫീസിലും പോയി തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനും, ഫോളോ അപ്പ് ചെയ്യാനുമുള്ള അവസരം അദ്ധ്യാപകർക്ക് ലഭിച്ചു എന്നതാണ്. എന്നാൽ കേരളത്തിന്റെ സ്കൂൾവിദ്യാഭ്യാസമേഖലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഇടപെടാവുന്ന ധാരാളം സാദ്ധ്യതകൾ ഇനിയും നിലനിൽക്കുന്നുണ്ട്. മുന്നോട്ടുള്ള പാത എങ്ങനെയാകണമെന്നതാണ് ജനകീയാസൂത്രണത്തിന്റെ ഈ ഇരുപത്തഞ്ചാം വാർഷികത്തിൽ നമ്മൾ പ്രധാനമായും ചർച്ച ചെയ്യേണ്ടത്. 

കേരളത്തിന്റെ പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യങ്ങളിൽ കാതലായ പുരോഗതി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും, കിഫ്ബി വഴി സ്കൂളുകളിൽ നടത്തിയിട്ടുള്ള മൂലധന നിക്ഷേപവുമൊക്കെ കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കെത്തിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.13 നീതി ആയോഗിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ഇന്ത്യയിലെ 20 വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മുകളിലാണ് കേരളം. കേരളം പിന്തുടരുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഗുണമേന്മയും അത് മുന്നോട്ടുകൊണ്ടുപോകുന്നതിൽ സംസ്ഥാനം പുലർത്തുന്ന നിഷ്ക്കർഷയുമാണ് ഈ റിപ്പോർട്ട് വെളിവാക്കുന്നത്.

 എന്നാൽ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളപ്പോൾ തന്നെചില മേഖലകളിൽ അക്കാദമിക പിന്നോക്കാവസ്ഥ നിലനിൽക്കുന്നുണ്ട് (Kumar & George, 2009). 2018ലെ അസർ (Annual Stuatus of Edcuational Report - ASER) പ്രകാരം കേരളത്തിന്റെ ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 73 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമെ രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനറിയൂ (ദേശീയ ശരാശരിയെ — 44 ശതമാനം — അപേക്ഷിച്ച് കേരളം മെച്ചപ്പെട്ട നിലയിലാണെങ്കിലും). അതുപോലെ തന്നെ ഗ്രാമീണ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ പകുതിയിൽ താഴെ (43 ശതമാനം) മാത്രമേ ഹരണം കൃത്യമായി ചെയ്യാനറിയൂ. 2017ൽ നടന്ന സി.എസ്.ഇ.എസ്. പഠനം കണ്ടെത്തിയത്, വാർഷിക പരീക്ഷയ്ക്ക് കുട്ടികൾ നേടുന്ന മാർക്ക് ഒന്നു മുതൽ ഏഴു വരെ ക്ലാസിലേക്ക് പോകുമ്പോൾ കുറഞ്ഞുവരികയാണെന്നാണ്. നമ്മുടെ പഠനപ്രക്രിയയുടെ ഗുണനിലവാരമുയർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. സ്കൂളുകളുടെ ഭൗതികസൗകര്യങ്ങളുടെ വികസനത്തിനൊപ്പം തന്നെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താനുള്ള കൂടുതൽ ഇടപെടലുകൾ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. നിലവിൽ എസ്.എസ്.എൽ.സി. ഫലമാണ് സ്കൂളുകളുടെ അക്കാദമിക നിലവാരം അളക്കാനുള്ള സൂചകമായി പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ പലപ്പോഴും എസ്.എസ്.എൽ.സി. കുട്ടികൾക്കുള്ള പ്രത്യേക പരിഹാര ബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനു പകരം പ്രൈമറി തലം മുതൽ കുട്ടികളുടെ പഠനനിലവാരം പരിശോധിക്കാനുള്ള ഒരു പദ്ധതി സംസ്ഥാനതലത്തിൽ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരു മോണിറ്ററിംഗ് നടപ്പിലാക്കുന്നത് ഗുണകരമായിരിക്കും. പഠനനിലവാരം കുറഞ്ഞ സ്കൂളുകളെ കണ്ടെത്താനും കാരണങ്ങൾ മനസ്സിലാക്കി ഇടപെടാനും ഇത്തരമൊരു മോണിറ്ററിംഗ് തദ്ദേശസ്ഥാപനങ്ങളെ സഹായിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകള്‍ ഉൾപ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത് തലത്തിൽ സ്കൂൾ വിദ്യാഭ്യാസ റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്ന ഒരു സംവിധാനവും ആലോചിക്കാവുന്നതാണ്. ഈ റിപ്പോർട്ട് കാർഡുകളെ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാവുന്നതാണ്. വിജയശതമാനത്തെ മാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ് മുറികൾക്കകത്ത് നിലനിൽക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വികസിപ്പിക്കുമ്പോൾ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളിൽ പഠനപരമായി താഴെ നിൽക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.
അതുപോലെ തന്നെ ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ അവസ്ഥ. ആദിവാസി മേഖലയിലുള്ള കുട്ടികൾ കൂടുതലായി പഠിക്കുന്ന “ആൾട്ടർനേറ്റീവ് സ്കൂളുകൾ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയങ്ങൾ ഇപ്പോഴും ആവശ്യത്തിന് സൗകര്യങ്ങളും അദ്ധ്യാപകരുമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. യഥാർത്ഥത്തിൽ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ട വിഭാഗങ്ങളാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ പഠിക്കേണ്ടി വരുന്നത്. എന്നാൽ യഥാർത്ഥ ലക്ഷ്യത്തിന് നേർവിപരീതമായ ഫലമാണ് ആദിവാസി മേഖലകളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ സംഭവിക്കുന്നത്. മുഖ്യധാരാ സ്കൂളുകൾ ഈ വിഭാഗത്തിലുള്ള കുട്ടികളെ ഉൾക്കൊള്ളുന്നതിൽ പരാജയപ്പെടുന്നത് കൊണ്ടാണ് ഇത്തരം സ്കൂളുകളിലേക്ക് പോകാൻ ഈ കുട്ടികൾ നിർബന്ധിതരാക്കപ്പെടുന്നതെന്നത് മറന്നുകൂടാ (CSES, 2007). “നന്നായി പരിപാലിക്കപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളും, മെച്ചപ്പെട്ട ലൈബ്രറികളും, പൊതുസമൂഹത്തിൽ പേടിയോ നാണമോ കൂടാതെ ഇടപെടാൻ കുട്ടികളെ പര്യാപ്തമാക്കുന്ന ക്ലാസ്‌മുറികളും, ആദിവാസി പാരമ്പര്യത്തെയും, അവരുടെ സാമൂഹ്യ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്ന തരത്തിലുള്ള അദ്ധ്യാപനരീതിയും ഒക്കെ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ആദിവാസിമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗ്ഗമായി പ്രൊഫ. മൈക്കിൾ തരകൻ (2015) ചൂണ്ടിക്കാണിക്കുന്നത്. കേരളത്തെ പോലെ വിദ്യാഭ്യാസരംഗത്തെ സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങൾ എന്ന ആശയം തുടർന്നുകൊണ്ടു പോകണമോ എന്നത് പുനർവ്വിചിന്തനം ചെയ്യേണ്ടതാണ്. എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊള്ളാവുന്ന തരത്തിൽ നമ്മുടെ സ്കൂളുകളെയും, ക്ലാസ് മുറികളെയും, പഠനരീതികളെയും ഇൻക്ലൂസീവ് ആക്കുന്നതാണ് കൂടുതൽ അഭികാമ്യം. 

സ്കൂൾ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ, ദുർബലവിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി അവരുടെ വീടുകളിൽ പഠനാന്തരീക്ഷം ഒരുക്കുക എന്നതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാവണം. സ്കൂളുകളിലെ ഇടപെടലുകളിലൂടെ മറികടക്കാനാവാത്ത ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ പ്രാപ്തമാകേണ്ടതുണ്ട്. പഠനമേശ, കസേര, സൈക്കിൾ, പഠന കിറ്റുകൾ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ എന്നിവ നൽകുന്നതും കുട്ടികൾക്കാവശ്യമായ യാത്രാസൗകര്യങ്ങളൊരുക്കുന്നതും, നല്ല ഇടപെടലുകളാണ്. എന്നാൽ നിലവിൽ ഈ ഇടപെടലുകൾ എസ്.സി./എസ്.ടി. കുടുംബങ്ങളെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കായുള്ള ഇത്തരം പദ്ധതികൾ വിപുലമാക്കുന്നതോടൊപ്പം എസ്.സി./എസ്.ടി. ഇതര കുടുംബങ്ങളിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥകളെക്കൂടി പരിഹരിക്കേണ്ടതുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളിലെ കുട്ടികളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കാൻ യൂണിസെഫിനു വേണ്ടി സി.എസ്.ഇ.എസ്. 2015ൽ നടത്തിയ പഠനത്തിൽ, എസ്.എസി/എസ്.ടി. ഇതര ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കിടയിലും, ദരിദ്രമല്ലാത്ത ഒരു വിഭാഗം കുടുംബങ്ങളിലെ കുട്ടികൾക്കിടയിലും പഠനസാഹചര്യങ്ങളിലെ പിന്നോക്കാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു (CSES, 2015). ഈ വിഭാഗം കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഇടപെടലുകളും തദ്ദേശസ്ഥാപനങ്ങൾ നടത്തേണ്ടതാണ്. 

ഓരോ സ്കൂളിലും നടക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിലയിരുത്തുന്നതും, തങ്ങളുടെ സ്കൂളിന്റെ പ്രവർത്തനങ്ങളും, നേട്ടങ്ങളും പങ്കുവെക്കാൻ തദ്ദേശസ്ഥാപനത്തിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഒരു പൊതുവേദിയൊരുക്കി അവസരം നൽകുന്നതും കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്കൂളുകൾക്കും നാട്ടുകാർക്കും ഊർജ്ജമാകും. അനുകരണീയമായ മാതൃകകൾ പകർത്താൻ മറ്റ് സ്കൂളുകൾക്കും പ്രചോദനമാകും. സംസ്ഥാനതലത്തിലും ഇത്തരമൊരു വേദി ഒരുക്കുന്നത് കൂടുതൽ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം നൽകാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും. നല്ല മാതൃകകളെ സംസ്ഥാനതലത്തിൽ ഡോക്യുമെന്റ് ചെയ്യുന്നതും ആലോചിക്കാവുന്നതാണ്.

വ്യക്തികളുടെ, പ്രത്യേകിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷരുടെയും, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും, ഇംപ്ലിമെന്റിംഗ് ഓഫീസർമ്മാരുടെയും, സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും ഗുണത്തിനനുസരിച്ചായിരിക്കും, പലപ്പോഴും വിദ്യാഭ്യാസമേഖലയിൽ തദ്ദേശസ്ഥാപനങ്ങൾ കൈവരിക്കുന്ന പുരോഗതി. വ്യക്തികേന്ദ്രീകൃതമായ ഒരു തലം ഈ ഇടപെടലുകൾക്ക് ഉണ്ടാകുന്നു എന്നത് അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി തുടങ്ങിവെച്ച പല നൂതനാശയങ്ങളുടെ സജീവതയെയും തുടർച്ചയെയും പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനകീയാസൂത്രണസമയത്ത് മാതൃകകളായി കണക്കാക്കപ്പെട്ടിരുന്ന പല തദ്ദേശസ്ഥാ‍പനങ്ങൾക്കും ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ആ സര്‍ഗ്ഗാത്മകത നിലനിർത്താൻ കഴിയാത്തതും ഇതുകൊണ്ടാണ്. വ്യക്തികളുടെ മുൻ‌കൈയിൽ ഉയർന്നുവരുന്ന പ്രവർത്തനങ്ങളെ ഇൻസ്റ്റിറ്റ്യൂഷണൽ മെക്കാനിസത്തിലേക്ക് കൂട്ടിയിണക്കുക എന്നതായിരിക്കാം ഇതിനുള്ള പരിഹാരം. എസ്.സി.ഇ.ആർ.ടി., ഡയറ്റുകൾ, ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ യോജിച്ച് പ്രവർത്തിക്കാനുതകുന്ന ഒരു സിസ്റ്റം ഉണ്ടാകുന്നത് വിദ്യാഭ്യാസമേഖലയിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ രൂപീകരിക്കപ്പെടാനുള്ള അവസരമൊരുക്കും. 

കേരളത്തിന്റെ അധികാര വികേന്ദ്രീകരണാനുഭവങ്ങൾ ജനകീയാസൂത്രണത്തിന്റെ ക്യാമ്പയിൻ രീതിയിൽ നിന്ന് ഇൻസ്റ്റിറ്റ്യൂഷണൽ മോഡിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ സ്വാഭാവികമായുണ്ടായ ആവേശപൂർവ്വമായ ജനകീയ പങ്കാളിത്തത്തിന്റെ ചോർച്ചയാണ് പരിഹരിക്കേണ്ട ഏറ്റവും പ്രധാന വിഷയം. പദ്ധതി നടത്തിപ്പുകളുടെ യാന്ത്രികതയ്ക്ക് പകരം ജനകീയാസൂത്രണത്തിന്റെ ആദ്യകാലത്തെ പോലെ നൂതനമായ പദ്ധതികൾ വിദ്യാഭ്യാസമേഖലയിൽ ആവിഷ്ക്കരിക്കപ്പെടണമെങ്കിൽ ഇത് അനിവാര്യമാണെന്ന് കരുതുന്നു. വിദ്യാഭ്യാസമേഖലയിൽ താല്പര്യവും അനുഭവസമ്പത്തുമുള്ള പൊതുജനങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത്/നഗരസഭ തലത്തിൽ വിദ്യാഭ്യാസ കോർ ഗ്രൂപ്പുകൾ രൂപീകരിച്ച് അവയ്ക്ക് പ്രവർത്തനസ്വാതന്ത്ര്യം നൽകുക എന്നതാണ് ഒരു മാര്‍ഗ്ഗം. ഒരു വലിയ എണ്ണം റിട്ടയേർഡ് അദ്ധ്യാപകർ ഓരോ പ്രദേശത്തുമുണ്ടാകും. ഇവരെയൊക്കെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപീകരണത്തിലും നടപ്പിലാക്കലിലും പങ്കാളികളാക്കാവുന്ന ഒരു സിസ്റ്റം രൂപീകരിക്കുന്നത് ഗുണകരമാകും. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എല്ലാ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെയും പ്രധാനാധ്യാപകരും ഉൾപ്പെടുന്ന പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയെ ശക്തിപ്പെടുത്തുക എന്നതും പ്രധാനമാണ്. സ്കൂളുകളുടെ പ്രവർത്തനത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനായി നിലവിൽ നിരവധി കമ്മിറ്റികളാണ് നിലവിലുള്ളത്. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും അവതരിപ്പിക്കപ്പെടുന്ന ഓരോ പുതിയ പദ്ധതിയിലും പുതിയ സമിതികൾ നിർദ്ദേശിക്കപ്പെടുന്ന രീതി കണ്ടുവരുന്നുണ്ട്. ഇവയിൽ പല സമിതികളുടെയും പ്രവർത്തനങ്ങളെയും ചുമതലകളെയും കുറിച്ച് സമിതിയംഗങ്ങൾക്കോ അദ്ധ്യാപർക്കോ കൃത്യമായ ധാരണയില്ലായെന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും ഈ സമിതികളുടെ പ്രവർത്തനങ്ങളെ യാന്ത്രികമാക്കി മാറ്റുന്നു. പേരിന് വേണ്ടി മാത്രം സമിതികൾ രൂപീകരിക്കുകയും, ചേരുകയും ചെയ്യുന്ന അവസ്ഥയും ചിലയിടങ്ങളിലുണ്ട്. ഇത് സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടാകേണ്ട ഫലപ്രദമായ പൊതുജനപങ്കാളിത്തത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതാണ് പഠനത്തിനിടയിൽ മനസ്സിലായത്. സമിതികളുടെ എണ്ണം കുറച്ച് കൃത്യമായ പ്രവർത്തന മാനദണ്ഡങ്ങളുള്ള സജീവമായ സമിതികൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിൽ എണ്ണത്തിലും തരത്തിലും തദ്ദേശസ്ഥാപനങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നത് സ്കൂളുകളുടെ കാര്യത്തിലാണ്. സർക്കാർ സ്കൂളുകൾ മാത്രമുള്ള തദ്ദേശസ്ഥാപനങ്ങളും, എയ്ഡഡ് സ്കൂളുകൾ മാത്രമുള്ള തദ്ദേശസ്ഥാപനങ്ങളും കേരളത്തിലുണ്ട്. അതാത് തദ്ദേശസ്ഥാപനത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങളും അവയുടെ ചുമതലയിലുള്ള സ്കൂളുകളുടെ എണ്ണവും ഫണ്ട് വിതരണത്തിനുള്ള മാനദണ്ഡ മാക്കുന്നത് പരിഗണിക്കാവുന്നതാണ്. അതുപോലെ തന്നെ ഗ്രാമപഞ്ചായത്തുകൾക്കുള്ള ഫണ്ട് വിഹിതം വര്‍ദ്ധിപ്പിച്ച് ഹൈസ്കൂളുകൾ, ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവയെക്കൂടി ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലാക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. ഇത് മുകളിൽ വിശദീകരിച്ചതു പോലെ ഈ സ്കൂളുകളെ അതാത് പ്രദേശത്തിന്റെ നോളജ് ഹബ്ബായി വികസിപ്പിക്കാനുള്ള സാദ്ധ്യതകൾ തുറക്കും. ഈ കൈമാറ്റം പൂര്‍ണ്ണമാകുന്നത് വരെ പഞ്ചായത്തുകൾക്ക് ഹൈസ്കൂൾ-ഹയർ സെക്കന്ററി സ്കൂളുകളിൽ ഇടപെടാനുള്ള ഒരു വ്യവസ്ഥ ഉണ്ടാകുന്നതും ഗുണകരമായിരിക്കും. അതുപോലെ തന്നെ ചിന്തിക്കേണ്ട ഒരു വിഷയമാണ് സ്പെഷ്യൽ സ്കൂളുകളെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ കൊണ്ടുവരിക എന്നത്. അല്ലെങ്കിൽ ഇത്തരം സ്കൂളുകളിൽ ഇടപെടാനുള്ള അവസരം ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാപഞ്ചായത്തുകൾക്കും നൽകുകയെങ്കിലും വേണം. 

കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസത്തിൽ എയ്ഡഡ് മേഖലയ്ക്കുള്ള പ്രാധാന്യം പരിഗണിച്ച് എയ്ഡഡ് സ്കൂളുകളുടെ അക്കാദമികവും ഭൗതികവുമായ നിലവാരത്തെക്കുറിച്ചൊരു സമഗ്ര പഠനം നടത്തുന്നത് പരിഗണിക്കാവുന്നതാണ്. നിലവിൽ, എയ്ഡഡ് സ്കൂളുകൾക്ക് നൽകുന്ന ഗ്രാന്റ് അക്കാദമിക സൂചകങ്ങളുമായി ഒരു തരത്തിലും ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. സ്കൂളുകളുടെ അക്കാദമികനിലവാരം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ കാര്യമായി വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും മേൽ‌നോട്ടവും കൂടുതൽ ഫലപ്രദമായി പ്രാദേശികമായി തദ്ദേശസ്ഥാപനങ്ങൾക്ക് നിർവ്വഹിക്കാനാകും. ഗ്രാന്റുകളെ അക്കാദമിക നിലവാരത്തിലുള്ള ഉയർച്ചയുമായും, സ്കൂളുകളിലെ പഠനാന്തരീക്ഷവുമായും ബന്ധിപ്പിക്കുന്നതും, സ്കൂളുകളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നതും, എയ്ഡഡ് സ്കൂളുകളിൽ ക്രിയാത്മകമായി ഇടപെടുന്നതിനുള്ള അവസരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും. നിലവിൽ എയ്ഡഡ് സ്കൂളുകൾക്ക് നൽകപ്പെടുന്ന ഗ്രാന്റ് തുക വളരെ കുറവാണ്. മാത്രമല്ല, വല്ലപ്പോഴും മാത്രമെ ആ തുക പരിഷ്ക്കരിക്കാറുമുള്ളൂ. എയ്ഡഡ് സ്കൂൾ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഗ്രാന്റ്-ഇൻ-എയ്ഡ് നയങ്ങളെ ഉപയോഗിക്കാവുന്നതാണ്.

എസ്.എസ്.എ.യ്ക്കുള്ള സംസ്ഥാന വിഹിതത്തിന്റെ കാര്യത്തിലെന്ന പോലെ, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കായുള്ള സ്ക്കോളർഷിപ്പ് പദ്ധതിയിലേക്കും നിർബ്ബന്ധമായി ഫണ്ട് നൽകണമെന്ന് സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളോട് നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ രൂപപ്പെടുത്തുന്ന പദ്ധതികൾക്കായുള്ള ഫണ്ട് നൽകാൻ തദ്ദേശസ്ഥാപനങ്ങളെ ഇത്തരത്തിൽ നിർബ്ബന്ധിക്കുന്നത് നീതികരിക്കാവുന്നതല്ല. മുകളിൽ കണ്ടതു പോലെ ഇത് പ്രദേശത്തിന്റെ വിദ്യാഭ്യാസ വികസനത്തിൽ ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ കഴിവിനെ ബാധിക്കും. അതുകൊണ്ട്, ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിൽ തന്നെ നിലനിർത്തുന്നതാണ് ഉചിതം. 

അദ്ധ്യാപകരുമായി നല്ല ബന്ധവും യോജിച്ചുള്ള പ്രവർത്തനവും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തുമ്പോൾ തന്നെ, വിദ്യാഭ്യാസ പ്രക്രിയയുടെ ഏറ്റവും പ്രധാന ഗുണഭോക്താക്കളായ വിദ്യാർത്ഥികളുടെ പ്രതികരണം അറിയുക എന്നത് പ്രധാനമാണ്. ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ വാർഷിക മീറ്റിംഗ് സംഘടിപ്പിക്കാവുന്നതാണ്. കുടുംബശ്രീ അംഗത്വമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി ചില തദ്ദേശസ്ഥാപനങ്ങൾ ബാലസഭകൾ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ ശൃംഖലയ്ക്ക് പുറത്തുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം വേദികൾ കുട്ടികൾക്ക് തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള ഒരിടമായി മാറണം.14 തങ്ങളുടെ സ്കൂളുകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുട്ടികളിൽ നിന്ന് ശേഖരിക്കാവുന്ന ഒരു അവസരമായും ഇത്തരം വേദികളെ തദ്ദേശസ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 

ജനകീയാസൂത്രണത്തിന്റെ ഈ ഇരുപത്തഞ്ചാം വാർഷികത്തിൽ കേരളത്തിന്റെ അധികാര വികേന്ദ്രീകരണാനുഭവങ്ങളെയും, തദ്ദേശസ്ഥാപനങ്ങളുടെ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകളെയും വിലയിരുത്തി മുന്നോട്ടുള്ള പാത ചർച്ച ചെയ്യുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തെക്കുറിച്ച് 2000 ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ദേശീയ കോൺഫറൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും, സി.എസ്.ഇ.എസും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ചതാണ് ഈ കോൺഫറൻസ്) ഉദ്ഘാടനം ചെയ്ത് അമർത്യ സെൻ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ പ്രസക്തമാണെന്ന് കരുതുന്നു:
കേരളത്തിന്റെ മഹത്തായ നേട്ടങ്ങളെയോർത്ത് അഭിമാനിക്കാൻ ധാരാളം കാരണങ്ങളുണ്ട്. അതേസമയം കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവങ്ങളെ അവസാന മാതൃകയായി കണക്കാക്കാതിരിക്കുക എന്നതും പ്രധാനമാണ്. പരിഹരിക്കാനുള്ള പല പ്രശ്നങ്ങളും ബാക്കി നിൽക്കുന്നുണ്ട്, പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുമുണ്ട്. ഒരു മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എല്ലാ മേഖലകളിലും പ്രതിഫലിക്കണമെന്നില്ല. സംതൃപ്തി നൽകുന്ന കാര്യങ്ങൾ അമിത ആത്മവിശ്വാസത്തിലേക്കും നയിച്ചുകൂടാ. 

കുറിപ്പുകള്‍

1.     ശ്രീ. ഒ.എം. ശങ്കരൻ, ശ്രീ. കെ.ടി. രാധാകൃഷ്ണൻ, ശ്രീ. രാമകൃഷ്ണൻ എന്നിവരോടും, ഈ പഠനത്തിന്റെ ഭാഗമായി ഞങ്ങളോട് സഹകരിച്ച മറ്റ് വിദ്യാഭ്യാസപ്രവർത്തകരോടൂം, പഠനത്തിനാവശ്യമായ വിവരങ്ങൾ നൽകി സഹായിച്ച അദ്ധ്യാപകർ, ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ എന്നിവരോടും ലേഖകർ കടപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തിലുള്ള തെറ്റുകൾ ഞങ്ങളുടേത് മാത്രമാണ്.
2.    കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പൊതുവെ സ്കൂളുകളിൽ ഭരണപരമായ ഇടപെടലുകൾ നടത്താറില്ലെന്ന് ആർ.എസ്. ത്യാഗി (2016) യുടെ പഠനം പറയുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്ക്കൃത പദ്ധതികളുടെ മാര്‍ഗ്ഗനിർദ്ദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വ്യവസ്ഥകളാണ് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകളെ ദുർബലമാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം 
3.    കേരള പഞ്ചായത്തീ രാജ് നിയമമനുസരിച്ച് സർക്കാർ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്തികളും വസ്തുവകകളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും അവയുടെ ഉടമസ്ഥാവകാശം ഇപ്പോഴും സംസ്ഥാന സർക്കാരിൽ തന്നെ നിക്ഷിപ്തമാണ്. സ്കൂളിന്റെ സ്വത്തുക്കളിൽ നിന്നും ലഭിക്കുന്ന വരുമാനം തനതുവരുമാനമായി കണക്കാക്കി സ്കൂൾ വികനത്തിന് ഉപയോഗിക്കാമെങ്കിലും അവ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ, കടപ്പെടുത്താനോ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണത്തിനായി കില തയ്യാറാക്കിയ പഞ്ചായത്ത് ഭരണസഹായിയിൽ പറയുന്നു.
 4.    കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിന്റെ വിശദാംശങ്ങൾക്ക് Tharakan P. K.M, 1984; Eapen, 1985; and Mathew & Mathew, 2016 എന്നിവ കാണുക
5.     ജനകീയാസൂത്രണകാലത്തിന് മുമ്പ് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസമേഖലയിലുണ്ടായ ഇടപെടലുകളുടെ വിശദമായ വിവരണത്തിന് സംസ്ഥാന ആസൂത്രണ ബോർഡ് 1998ൽ തയ്യാറാക്കിയ വിദ്യാഭ്യാസമേഖലയ്ക്കായുള്ള ആസൂത്രണസഹായി കാണുക.
6.    തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ഗൃഹസദസ്സുകൾ, അയൽക്കൂട്ടങ്ങൾ, കുരുന്നുകൂട്ടങ്ങൾ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പുകൾ, ട്രൈബൽ റിസോഴ്സ് ഗ്രൂപ്പുകൾ എന്നിങ്ങനെ പൊതുജനവേദികൾ രൂപീകരിച്ച് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവരിലുമെത്തിക്കാനും, കുട്ടികളുടെ പഠനം സാമൂഹിക ഉത്തരവാദിത്തമാണെന്ന ബോധം നാട്ടുകാരിലുണ്ടാക്കാനുമായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ DPEPയുടെ ഭാഗമായി നടന്നു.
7.     സ്കൂളിന്റെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു സംഘത്തെ ഓരോ സ്കൂളിലും രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 1969ൽ ഇറക്കിയ സർക്കാർ ഉത്തരവിലൂടെയാണ് കേരളത്തിലെ സ്കൂളുകളിൽ പിടിഎകൾ നിലവിൽ വരുന്നത് (Aikara, 2011)
8.    മിക്കവാറും ഇടങ്ങളിൽ പിടി‌എ കമ്മിറ്റികളും, പൂർവ്വവിദ്യാർത്ഥിസംഘടനകളും മാത്രമാണ് താല്പര്യമെടുക്കുന്നത്
9.    എറണാകുളം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ 2018-19 വർഷത്തെ ബജറ്റ് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്, എസ്.എസ്.എ.യ്ക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് വിഹിതം തദ്ദേശസ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്ന ആകെ തുകയുടെ നാലിലൊന്ന് (26 %) വരുമെന്നാണ് (CSES, 2019). 
10.    അക്കാദമിക മേഖലയിലുള്ള ഇടപെടലുകൾ ഒരു ദീർഘകാല നിക്ഷേപമാണ്. അതിന്റെ ഫലം ദൃശ്യമാകാൻ സമയം എടുക്കുമെന്നുള്ളതു കൊണ്ട് എല്ലാവർക്കും എളുപ്പത്തിൽ വ്യത്യാസങ്ങൾ മനസ്സിലാക്കാവുന്ന അടിസ്ഥാനസൗകര്യവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതികൾ താല്പര്യമെടുത്ത് തുടങ്ങിയെന്നുള്ള ഒരു അഭിപ്രായവും പഠനത്തിനിടയിൽ ഉയർന്നുവന്നിരുന്നു.
11.    ഹൈസ്കൂളിനോട് ചേർന്നുള്ള എൽ.പി., യു.പി. സ്കൂളുകളിലെ പശ്ചാത്തലവികസന പ്രൊജക്ടുകൾ ജില്ലാപഞ്ചായത്തിന്റെ സമ്മതത്തോടു കൂടി ഏറ്റെടുക്കാനുള്ള അനുവാദം ഇപ്പോൾ ഗ്രാമപഞ്ചായത്തുകൾക്കുണ്ട് (G.O.(M.S.) No.72/2017/LSGD കാണുക).
12.    അക്കാദമിക വിഭവങ്ങൾ (academic resources) പരസ്പരം പങ്കുവെക്കുകയെന്ന 

ലക്ഷ്യത്തോടെ കോത്താരി കമ്മീഷൻ വിഭാവനം ചെയ്ത (തുടർന്ന് ശിവപുരത്തും, മടികൈയിലും, കല്യാശേരിയിലുമൊക്കെ പരീക്ഷിച്ച) സ്കൂൾ കോംപ്ലക്സുകൾ എന്ന ആശയത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് 2020ലെ പുതിയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന സ്കൂൾ കോംപ്ലക്സുകൾ. പുതിയ വിദ്യാഭ്യാസനയത്തിലുൾപ്പെടുത്തിയിരിക്കുന്ന സ്കൂൾ കോംപ്ലക്സുകൾ കേവലം ഭരണപരമായ ഒരു സംവിധാനമാണ്.
13.    പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 5 ലക്ഷം കുട്ടികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത് (കേരള പതിനാലാം നിയമസഭ പത്തൊമ്പതാം സമ്മേളനം - നക്ഷത്ര ചിഹ്നമിട്ട നിയമസഭാ ചോദ്യം നം. 100 [5/3/2020]).
14.    2016ൽ ബാല സൗഹൃദ തദ്ദേശസ്ഥാപനങ്ങൾ (child friendly local govenance) എന്ന പദ്ധതിക്ക് യൂണിസെഫും കിലയും ചേർന്ന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളെ ബാലസൗഹൃദപരമാക്കാനുള്ള ഇടപെടലുകൾ സംസ്ഥാനത്തെ വിവിധ പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിൽ നടന്നിരുന്നു. സ്കൂൾ വിദ്യാഭ്യാസരംഗത്തും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. കുട്ടികളെ കൂടുതലായി സ്കൂളുകളിലെത്തിക്കാനും, അവരുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനുമായി വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തും (വിസ്തീര്‍ണ്ണത്തിന്റെ പകുതിയോളം വനമേഖലയായ ഈ പഞ്ചായത്തിലെ ആകെ ജനസംഖ്യയിൽ മൂന്നിലൊന്നോളം ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരാണ്), തൃശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തും (തീരപ്രദേശത്തുള്ള ഈ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ കൂടുതലും സാമൂഹ്യവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നാണ്) നടത്തിയ ഇടപെടലുകൾ കിലയും യൂണിസെഫും ഒരുമിച്ച് തയ്യാറാക്കിയ ഡോക്യുമെന്റുകളിൽ ഇടം പിടിച്ചിട്ടുണ്ട് (പദ്ധതിയുടെ വിശദാംശങ്ങൾക്ക് Ortiz, Bishai, Rashid, & Khan, 2013; Raj, Radhakrishnan, Antony, & Kalidasan, 2016; IRTC, 2019 കാണുക). 

References
Aikara, J. (2011). “Decentralisation of Elementary Education and Community Participation in Kerala”. Rajagiri Journal of Social Development, 2(2), 161-194.
Biju, M., & Pandya, J. (1991). “Democratic Decentralization in an Indian State”. The Indian Journal of Political Science, 52(3), 406-417.
CSES. (2007). Education of a Deprived Group in a Totally Literate Region: The Case of Tribal Children in Kerala. Kochi: CSES.
CSES. (2015). Child Budget Analysis of Local Governments: Case Studies from Kerala. Kochi: CSES & UNICEF.
CSES. (2017). Report of the Study of the Education of Migrant Children in Ernakulam District.
CSES. (2019). Study on the Allocation, Release and Utilization of Funds under Sarva Shiksha Abhiyan, Rashtriya Madhyamik Shiksha Abhiyan and Samagra Shiksha Abhiyan. Kerala State Planning Board. Goernment of Kerala.
Eapen, D. K. (1985). Church Missionary Sociey and Education in Kerala. Kottayam: Kollet Publication.
Franke, R. W., & Chasin, B. H. (1994). Kerala: Development through Radical Reform. New Delhi: Promila & Co.
George K.K., Zachariah G., & Kumar, N. A. (2003). Financing Secondary Education in Kerala. Kochi: CSES.
George K.K., & Sunaina, P. (2005). Dynamics of Change in Kerala’s Education System: The Socio-economic and Political Dimensions. Kochi: CSES.
Government of India (GoI). (1970). Education and National Development: Report of the Education Commission, 1964-66. New Delhi: National Council of Educational Research and Training.
GoI. (1986). National Education Policy. New Delhi: Ministry of Human Resource and Development.
GoI. (1993). CABE Committee on Decentralised Management of Educaiton. Department of Education. New Delhi: Ministry of Human Resource Development.
GoI. (2020). National Education Policy. New Delhi: Ministry of Human Resource Development.
Government of Kerala (GoK). (1958). Report of the First Administrative Reforms Commission. Thiruvananthapuram: Administrative Reforms Commission.
GoK. (1998). ആസൂത്രണ സഹായി – വിദ്യാഭ്യാസ മേഖല. Thiruvananthapuram: Kerala State Planning Board & Department of General Education.
GoK. (2017a). പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-22 സമീപന രേഖ. Thiruvananthapuram: Kerala state Planning Board.
GoK. (2017b). പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മാര്‍ഗ്ഗരേഖ. Thiruvananthapuram: Department of General Education.
GoK. (2020). പൊതുവിദ്യാഭ്യാസ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ സംബന്ധിച്ച്. Thiruvananthapuram: Department of Local Self-Government.
Govinda, R., & Bandyopadhyay, M. (2010). Changing Framework of Local Governance