ജനകീയാസൂത്രണവും പാര്‍ശ്വവത്കൃത വിഭാഗങ്ങളും

പി കെ ബിജു

ആമുഖം

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കംകുറിച്ച ജനകീയാസൂത്രണം നടപ്പിലാക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ഇത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. സംസ്ഥാന പദ്ധതിയില്‍ നിന്ന് ഫണ്ടുകള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിനിയോഗിക്കാന്‍ നല്‍കാനും മുന്‍ഗണനാ ക്രമത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അവ നടപ്പില്‍വരുത്താനും തുടക്കമിട്ടു. അതിന് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരേയും വിദഗ്ദ്ധരേയും ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും ഒരുമിച്ച് അണിനിരത്തി ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപംനല്‍കി. കേരള ചരിത്രത്തിലെ ഏറ്റവും സംവാദാത്മകമായ ചലനങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു 1996 ല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സ്വീകരിച്ച വികസന പരിപ്രേക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുമ്പോഴാണ് ജനകീയാസൂത്രണം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക. 

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും സമുന്നതനായ നേതാവുമായ ഇ എം എസ്സിന്റെ ധിഷണയില്‍ ഉരുവംകൊണ്ടതായിരുന്നു ജനകീയാസൂത്രണം എന്ന വികസന കാഴ്ചപ്പാട്. വികേന്ദ്രീകൃത ത്രിതല പഞ്ചായത്ത് സംവിധാനത്തിന് ഭരണഘടന നല്‍കിയ അവകാശ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ജനനേതാക്കളുടേയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരുടേയും ബഹുജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചത്. അതിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ വസ്തുതാപരമായ വിശകലനം നടത്തിയാല്‍ തെളിയുന്നത് നേട്ടങ്ങളുടെ പട്ടിക തന്നെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാ മേഖലയിലും പോലെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളിലും കേരളം ഒന്നാമതെത്തി. ഇതിനു പ്രധാന ചാലക ശക്തിയായത് ജനകീയാസൂത്രണം തന്നെയായിരുന്നു. എന്നാല്‍ അവയിലേക്കൊന്നും കടക്കാതെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരില്‍ ജനകീയാസൂത്രണം എന്തു മാറ്റങ്ങളാണ് വരുത്തിയതെന്ന് മാത്രം പരിശോധിക്കുകയാണിവിടെ ചെയ്യുന്നത്. 

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ എന്ന വര്‍ഗ്ഗീകരണത്തില്‍ ഇവിടെ വിശകലന വിധേയമാക്കുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെയാണ്. സാമൂഹികമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയമായതും പിന്തള്ളപ്പെട്ടതുമായ ജനവിഭാഗമായിരുന്നു പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍. പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നതൊഴിച്ചാല്‍ ഭൂരിഭാഗവും ഭൂരഹിതരായ കര്‍ഷക തൊഴിലാളികളാണ്. പൊതുജീവിതത്തിലെ ഈ പിന്നോക്കാവസ്ഥ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ ഇവരെ പിന്നോട്ടു വലിക്കുകയും അതിന്റെ ഫലമായി നിരക്ഷരത, ദാരിദ്ര്യം, അനാരോഗ്യം തുടങ്ങിയ പിന്നോക്കാവസ്ഥ അനുഭവിക്കേണ്ടിവരികയും ചെയ്തു. ഇവരുടെ പിന്നോക്കാവസ്ഥ യഥാര്‍ത്ഥത്തില്‍ ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സങ്കീര്‍ണ്ണമായ ഈ ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴെത്തട്ടില്‍ ആയിരുന്നു ഇവരുടെ സ്ഥാനം. പിന്നീടുവന്ന കോളനി വാഴ്ച പലമേഖലയിലും മാറ്റം കൊണ്ടുവന്നെങ്കിലും നിലനിന്നിരുന്ന ജാതി വ്യവസ്ഥക്ക് ഒരു മാറ്റവും വരുത്തിയില്ല. സ്വാതന്ത്ര്യാനന്തര കാലത്തും ഭരണകൂടം ഉന്നതകുലജാതരായ വിഭാഗത്തിന്റെ സംരക്ഷകരായിരുന്നു. ഇതിനൊരപവാദം ഉണ്ടായത് ഇടതുപക്ഷം അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. 

ജനകീയാസൂത്രണത്തിലേക്ക്

പരമ്പരാഗത കേരള സമൂഹത്തിലെ അതികഠിനമായ ജാതി വ്യവസ്ഥയില്‍ സാമൂഹ്യ മൂന്‍തൂക്കത്തിന്റെ അടിസ്ഥാനം ഭൂമിയുടെ അവകാശമായിരുന്നു. അത്തരമൊരു വ്യവസ്ഥയില്‍ ഭൂമിയില്ലാത്ത പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വിവരണാതീതമായിരുന്നു എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടേയും സാമ്പത്തികമായ ചൂഷണങ്ങളുടേയും ഉപാധിയായിരുന്നു ജാതിവ്യവസ്ഥ. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജവംശങ്ങള്‍ അവശവിഭാഗങ്ങളുടെ സംരക്ഷണം ഭരണകൂടത്തിന്റെ ചുമതലയായും കണ്ടിരുന്നില്ല. താഴ്ന്നജാതിക്കാരെ അടിമകളായി കണക്കാക്കുകയും ചെറിയ കുറ്റങ്ങള്‍ക്കുപോലും അവരെ കഠിനമായ ശിക്ഷാരീതികള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 

സാമൂഹിക ജീവിതത്തില്‍ ജാതിയുടേയും സാമ്പത്തിക രംഗത്ത് ജന്മിത്വത്തിന്റേയും മേല്‍ക്കോയ്മയാണ് നിലനിന്നിരുന്നത്. ജന്മിത്വവുമായി സന്ധിചെയ്തും അതിന്റെ സംരക്ഷകരായും സാമ്രാജ്യത്വ ശക്തികള്‍ നിലക്കൊണ്ടു. നാട്ടിന്‍പുറത്ത് സാമ്രാജ്യത്വത്തിന്റെ സഖ്യശക്തികളായി ജന്മിത്വം പ്രവര്‍ത്തിച്ചു. ഈ സാഹചര്യത്തിലാണ് വിവിധ സമുദായങ്ങള്‍ സംഘടിത മുന്നേറ്റങ്ങള്‍ക്കും ആഭ്യന്തര പരിഷ്ക്കരണങ്ങള്‍ക്കും തയ്യാറായത്. കേരളസമൂഹത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി തൊട്ടുകൂടാത്തവര്‍ എന്ന നിലയില്‍ നിന്നും പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്ക സമുദായം തുടങ്ങിയ പേരുകളില്‍ ഔദ്യോഗികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ പുനര്‍നിര്‍വ്വചിക്കപ്പെട്ടു. നിഷേധാത്മകമായ സ്ഥാനത്തു നിന്നും സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും രാഷ്ട്രീയ തുല്യാവകാശം അവര്‍ നേടിയെടുത്തു. നവോത്ഥാനത്തിന്റെ ആശയധാരകളുമായി സമരസപ്പെട്ടുകൊണ്ട് ദേശീയപ്രസ്ഥാനവും പിന്നാലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തില്‍ ശക്തിപ്പെട്ടതോടെ സാമൂഹിക പരിഷ്കരണത്തോടൊപ്പം രാഷ്ട്രീയ നവോത്ഥാനത്തിലേക്കും കേരളീയ സമൂഹം നീങ്ങി. 

സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരളത്തിനു സാമൂഹിക മാറ്റത്തിനു ആക്കം കൂട്ടിയ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ല്‍ തുടങ്ങിയ ഭൂപരിഷ്ക്കരണം. അത് 1959 ലെ വിമോചന സമരത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും 1970 ല്‍ നടപ്പിലാക്കാനായി. ഭൂപരിഷ്ക്കരണത്തിലൂടെ ഇവിടെ നിലനിന്നിരുന്ന ജന്മി-കുടിയാന്‍ വ്യവസ്ഥയെ പൂര്‍ണ്ണമായി അവസാനിപ്പിക്കാനും കൃഷിഭൂമി ഇടത്തരം കൃഷിക്കാര്‍ക്കും കുടയാന്മാര്‍ക്കും ലഭ്യമാക്കാനും കഴിഞ്ഞു. ഇത്തരത്തില്‍ അനേകം പോരാട്ടങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാണ് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ് നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയതും തൊഴിലാളി പ്രക്ഷോഭത്തിലൂടെ വര്‍ഗ്ഗ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി സാമൂഹ്യ പരിണാമം സാദ്ധ്യമാക്കിയതും. സ്വത്വ രാഷ്ട്രീയത്തിന്റെ അറകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ തളച്ചിടുന്നതിന് വലിയ ശ്രമങ്ങള്‍ തല്പര കക്ഷികള്‍ സംഘടിപ്പിച്ചിട്ടും ആ വിഭജനം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ വിഭാഗങ്ങളോട് കാട്ടിയ കരുതലും ആ ജനവിഭാഗങ്ങളില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ്. 

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിയിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തോടുള്ള ഈ കരുതല്‍ കാത്തുസൂക്ഷിക്കാനായി. സഖാവ് ഇ എം എസ്സിന്റെ ആശയമായ ജനകീയാസൂത്രണ പ്രക്രിയയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ജനവിഭാഗത്തെ ഉള്‍ച്ചേര്‍ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഭരണഘടന നല്‍കിയ അവകാശത്തെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന സവിശേഷമായ പരിഗണന ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വം ജനകീയാസൂത്രണ പദ്ധതി രേഖകളില്‍ നമുക്ക് കാണാന്‍ കഴിയും. കേരളത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ജനകീയാസൂത്രണം വഹിച്ച പങ്ക് മറച്ചുവെക്കാന്‍ കഴിയുന്നതല്ല. ജീവിത നിലവാരത്തിന്റെ പുരോഗതി-ശാക്തീകരണം-അധികാര പങ്കാളിത്തം എന്നീ ഇടങ്ങളിലെല്ലാം ജനകീയാസൂത്രണം പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തുകയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിജയകരമായ ആസൂത്രണത്തിനും വികസനത്തിനും ഒഴിച്ചു കൂടാനാവാത്ത ഒരു ഉപാധിയാണ് ജനങ്ങളുടെ സഹകരണമെന്നും പദ്ധതി രൂപീകരിക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ജനങ്ങളെ വിശേഷിച്ചും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ എല്ലാ നിലവാരത്തിലും സജീവമായും ഫലപ്രദമായും സംഘടിപ്പിക്കാതെ സാദ്ധ്യമല്ലെന്നും അധികാരത്തിലെത്തുന്നതിനു മുമ്പ് തൃശ്ശൂരില്‍ വെച്ചു ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ സഹകരിപ്പിക്കുന്നതില്‍ ജാതി-മതം-വര്‍ണ്ണം-കക്ഷി വ്യത്യാസമൊന്നും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഭരണപരിഷ്ക്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ അധികാര വികേന്ദ്രീകരണം സംബന്ധിച്ച കാര്യങ്ങള്‍ ഊന്നല്‍നല്‍കി പറഞ്ഞിരുന്നു. 1967 ലെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 1996-2001 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ജനകീയാസൂത്രണമെന്ന അധികാര വികേന്ദ്രീകരണത്തിലെ വിപ്ലവകരമായ നടപടി പ്രവൃത്തിപഥത്തിലെത്തിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ മുഖ്യലക്ഷ്യം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതും കൂടിയായിരുന്നു. 

ജനകീയാസൂത്രണവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും 

2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ 9.10 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരാണ്. അത് 30.40 ലക്ഷം വരും. പട്ടികവര്‍ഗ്ഗത്തിലെ ജനസംഖ്യ 4.85 ലക്ഷമാണ്. മൊത്തം ജനസംഖ്യയിലെ 1.50 ശതമാനം വരുന്നു അവര്‍. കൂലിവേലക്കാരാണ് ഇവരല്‍ അധികവും. ഉപജീവനത്തിനായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന പട്ടികജാതിക്കാര്‍ 29.9 ശതമാനമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2004 ല്‍ പ്രസിദ്ധീകരിച്ച കേരള പഠനത്തില്‍ ആളോഹരി വാര്‍ഷിക വരുമാനം മുന്നോക്കക്കാര്‍ക്ക് 22,503 രൂപയും പിന്നോക്കക്കാര്‍ക്ക് 17,558 രൂപയും പട്ടികജാതിക്കാര്‍ക്ക് 12,317 രൂപയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 9,022 രൂപയുമാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നില ഇന്ത്യയിലെ പൊതുസ്ഥിതിയുമായി ചേര്‍ത്തു നോക്കിയാല്‍ വളരെ മുന്നിലാണ്. അതിനു കാരണം ഇവിടത്തെ നവോത്ഥാന പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതു നേതൃത്വം നല്‍കിയ സര്‍ക്കാരുകളുമാണ്. 

 ദേശീയതലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് ജനകീയാസൂത്രണത്തിലൂടെ കേരളം സ്വീകരിച്ചത്. പഞ്ചായത്തി രാജ് നിയമത്തിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാന്‍ കേരളത്തിന് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കഴിഞ്ഞു. സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്ന് വിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനം, ഉദ്യോഗസ്ഥരുടെ താഴേക്കുള്ള വിന്യാസം, പ്രാദേശിക വികസന പദ്ധതികളുടെ ജനകീയ പങ്കാളിത്തത്തോടെയുള്ള തയ്യാറാക്കല്‍, ഗ്രാമസഭകള്‍ എന്നിവ കേരളത്തെ അധികാര വികേന്ദ്രീകരണ രംഗത്ത് ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. 
ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ പ്രാദേശിക വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ജനകീയാസൂത്രണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ രീതിശാസ്ത്രം വളരെയധികം വ്യത്യസ്തതയാര്‍ന്ന ഒന്നായിരുന്നു. ആസൂത്രണത്തിനുള്ള വിഷയ മേഖലകള്‍/കര്‍മ്മ സമിതികള്‍/പദ്ധതികള്‍ വിലിയിരുത്തുന്നതിനുള്ള വിദഗ്ദ്ധ സമിതികള്‍ തുടങ്ങി സൂക്ഷ്മതല സംഘടനാ രൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒന്നായിരുന്നു അത്. പദ്ധതി ആസൂത്രണത്തിന് വികസന രേഖ/കരട് പദ്ധതി രേഖ/ ഗ്രാമസഭ ചര്‍ച്ചകള്‍/ വികസന സെമിനാറുകള്‍/അന്തിമ പദ്ധതി രേഖ/ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി എന്നിവ ഉള്‍പ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഘടനയായിരുന്നു. എപ്പോഴും എല്ലായിടത്തും ഒഴിവാക്കപ്പെടുന്ന പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെ ആസൂത്രണ പ്രക്രിയയുടെ ഭാഗമാക്കുന്ന ഒന്നായി മാറിയതും ഈ വിഭാഗങ്ങളുടെ പുരോഗതിയില്‍ നിര്‍ണ്ണായകമായി തീര്‍ന്നു. അയല്‍ക്കൂട്ടങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഒന്നായിമാറി. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ആസൂത്രണ നിര്‍വ്വഹണ പ്രക്രിയയില്‍ നല്‍കപ്പെട്ടു. ആസൂത്രണത്തിനുള്ള പ്രത്യേക കര്‍മ്മസമിതികള്‍/ വനിത ഘടക പദ്ധതി/ പട്ടികവര്‍ഗ്ഗ ഉപപദ്ധതി/ പട്ടികജാതി ഘടക പദ്ധതി എന്നിവ വഴി പ്രാദേശിക വികസനത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി എന്നതായിരുന്നു ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം.

ജനകീയാസൂത്രണത്തിലൂടെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ താഴെത്തട്ടില്‍ ആസൂത്രണപരവും ധനപരവും ഭരണപരവുമായ വികേന്ദ്രീകരണം സാദ്ധ്യമായി. ഭരണപരമായ അധികാരങ്ങള്‍ നിയമങ്ങളിലൂടെയും ഉത്തരവുകളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കപ്പെടുകയും ധനപരമായ വികേന്ദ്രീകരണം ബജറ്റിന്റെ ഭാഗമായി നടപ്പിലാക്കുകയും ചെയ്തു. അധികാരത്തില്‍ നിന്നും എക്കാലവും ഒഴിവാക്കി നിര്‍ത്തപ്പെട്ടിരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങള്‍ക്ക് ഈ മേഖലയില്‍ പങ്കാളിത്തമുണ്ടായി. അതുകൊണ്ട് വിഭവങ്ങളുടെ മേല്‍ ഉണ്ടായിരുന്ന അവകാശത്തിനൊപ്പം തന്നെ വിനിയോഗത്തിന്റെ മേലിലും ഈ വിഭാഗങ്ങള്‍ക്ക് അവകാശം ലഭിച്ചുവെന്നത് ഈ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്ക് വഴി തുറന്നു. ജനകീയാസൂത്രണം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള ഇരുപത്തിയഞ്ച് വര്‍ഷം ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വന്നെങ്കില്‍ കൂടി സംസ്ഥാന ബജറ്റിന്റെ ഇരുപതു ശതമാനത്തില്‍ കുറയാത്ത തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിനും നടത്തിപ്പിനുമായി നല്‍കപ്പെട്ടു. ഇപ്പോള്‍ 2020-21 ല്‍ അത് മൊത്തം പദ്ധതി അടങ്കലിന്റെ 25 ശതമാനമായി ഉയര്‍ന്നു. വീട്, കുടിവെള്ളം, ഗ്രാമീണ റോഡുകള്‍, പൊതുസ്ഥാപനങ്ങളുടെ നിര്‍മ്മാണം, വൈദ്യുതീകരണം എന്നീ മേഖലയിലൊക്കെ ഉണ്ടാക്കിയ മാറ്റത്തിന്റെ വലിയ ഗുണഭോക്താക്കളായി മാറിയത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ജീവിതത്തിന് ഊര്‍ജ്ജം പകരുന്നതായിത്തീര്‍ന്നു. കൃഷി ഓഫീസര്‍, വെറ്റിനറി സര്‍ജ്ജന്‍, പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, ഐസിഡിഎസ്, സ്കൂളുകള്‍ തുടങ്ങി ഒന്നാംനിര സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയത് ഈ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന സേവനങ്ങളുടെ വേഗതയും ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാര്യക്ഷമതയും വര്‍ദ്ധിക്കുന്നതിന് ഇത് സഹായകരമായി. 

സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന നിഷ്ക്കര്‍ഷിക്കുന്ന അവകാശങ്ങള്‍ നല്‍കി അവരെ സംരക്ഷിച്ച് സാമൂഹ്യ പുരോഗതിക്കൊപ്പം എത്തിക്കുന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തു പോന്നിട്ടുള്ളത്. അധികാരത്തില്‍ നിന്നും വികസന ആസൂത്രണ പ്രവര്‍ത്തനത്തില്‍ നിന്നും അവരെ മാറ്റിനിര്‍ത്തിയിരുന്നതിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി അധികാര വികസന ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കിയത് ജനകീയാസൂത്രണമാണ്. 

ഉയരുന്ന ഭരണപങ്കാളിത്തം 

73, 74 ഭരണഘടന ഭേദഗതി അംഗീകരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കിയതോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിലും അദ്ധ്യക്ഷ പദവിയിലും സംവരണം ഏര്‍പ്പെടുത്തപ്പെട്ടു. ഇതു ഭരണപരമായ പങ്കാളിത്തം നിര്‍വ്വഹിക്കാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവസരം ഉറപ്പുവരുത്തി. 2010-15 കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയില്‍ 289 എണ്ണം, 1.33 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നായിരുന്നു. പത്തൊന്‍പത് പ്രസിഡണ്ട് സ്ഥാനവും പട്ടികവര്‍ഗ്ഗ വിഭാഗത്തിനായിരുന്നു. ഇതു കേരളത്തിലെ മൊത്തം ജനസംഖ്യയിലെ പട്ടികവര്‍ഗ്ഗ പ്രാതിനിധ്യത്തിനടുത്ത് വരുന്ന പങ്കാളിത്തമാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് പട്ടികവര്‍ഗ്ഗ ജനസംഖ്യ 1.45 ശതമാനമാണ്. ഇതേ കാലയളവില്‍ ആകെയുള്ള ഭരണസമിതികളില്‍ 2689 വാര്‍ഡുകളും, 114 അദ്ധ്യക്ഷ സ്ഥാനവും പട്ടികജാതി വിഭാഗത്തിനായിരുന്നു. ഭരണപരമായ ഈ പങ്കാളിത്തം ആസൂത്രണ, വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാവാന്‍ കഴിയുന്ന നിലയിലേക്ക് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന്റെ ഒരു സൂചകമാണ്.

ഉപപദ്ധതികള്‍

പട്ടികജാതി ഘടക പദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതികള്‍ പ്രകാരം വലിയ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാര്‍ നേരിട്ടും ചെലവഴിക്കുന്നുണ്ട്. ആകെയുള്ള എസ്.സി.പി, ടി.എസ്.പി പദ്ധതി വിഹിതത്തില്‍ നല്ലൊരു പങ്ക് വികേന്ദ്രീകൃത ആസൂത്രണത്തിന് കീഴില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെക്കുന്നു. ഈ വിഭാഗങ്ങളുടെ പങ്കാളിത്തം വികസനത്തിന്റെ എല്ലാ തട്ടിലും ഉറപ്പാക്കാനായിരുന്നു അത്തരമൊരു നീക്കം നടത്തിയത്. സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നും എസ്.സി.പി, ടി.എസ്.പി എന്നിവക്ക് പദ്ധതി വിഹിതം അനുവദിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനസംഖ്യാനുപാതം അനുസരിച്ചാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ എസ്.സിപി, ടി.എസ്.പി ഘടക പദ്ധതികളിലേക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ തുക വകയിരുത്തുന്നു എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം അവതരിപ്പിച്ച ബജറ്റില്‍ (2016-17) ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറയുന്നു “എസ്.സി.പി വിഹിതം മൊത്തം പദ്ധതി അടങ്കലിന്റെ 9.81 ശതമാനം വരുന്നു. പട്ടികജാതിക്കാര്‍ മൊത്തം ജനസംഖ്യയിലെ 9.10 ശതമാനമേ വരുന്നുള്ളൂ. അതേപോലെ ടി.എസ്.പി ക്കായി വകയിരുത്തിയത് 2.83 ശതമാനം തുകയും ജനസംഖ്യയിലെ അവരുടെ പങ്ക് 1.45 ശതമാനമാണ്. ഇന്ത്യയിലൊരു സംസ്ഥാനത്തും സംഭവിക്കാത്തതാണിത്”. 

പട്ടിക 1 
പട്ടികജാതി ഉപപദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയുടെ വിഹിതം 
(കോടി രൂപയില്‍)

വര്‍ഷം

പട്ടികജാതി

ഉപപദ്ധതി

പട്ടികവര്‍ഗ്ഗ

ഉപപദ്ധതി

ആകെ

2014-15

1962.00

600.00

2562.00

2015-16

1968.50

604.50

2573.00

2016-17

2354.40

682.80

3037.20

2017-18

2599.65

751.08

3350.73

2018-19

2859.62

826.19

3685.81

2019-20

3002.84

866.26

3869.10

അവലംബം – സാമ്പത്തിക അവലോകനം 2019, കേരള സര്‍ക്കാര്‍.

 


പട്ടികജാതി വിഭാഗത്തിന്റെ സാമ്പത്തിക വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പട്ടികജാതി ഉപപദ്ധതിക്ക് പ്രത്യേക സഹായം സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. 2014-15 മുതല്‍ 2019-20 വരെയുള്ള എസ്.സി.പി, ടി.എസ്.പി അടങ്കല്‍ തുക പട്ടിക 1 ല്‍ നല്‍കിയിരിക്കുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ചുള്ള വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ കേരള സമൂഹത്തിലെ മറ്റു വിഭാഗങ്ങളേക്കാള്‍ വളരെ പിന്നിലാണെന്ന് വ്യക്തമാക്കുന്നു. ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ, ഭൂമിയില്‍ നിന്നുള്ള അന്യവത്ക്കരണം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ആദിവാസി ജനത പിന്നോട്ട് പോകുന്നതിന് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഇന്ന് ആദിവാസി ഊരുകൂട്ടങ്ങളുടെ അഭിപ്രായത്തെ അംഗീകരിച്ചേ മുന്നോട്ടുപോവാനാവൂ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളാണ് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഉന്നതി നേടാന്‍ സഹായിച്ചത്. 

ഉയരുന്ന വിദ്യാഭ്യാസ സൂചികകള്‍

2017-18 ല്‍ പട്ടികജാതി വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 10.60 ശതമാനം. സര്‍ക്കാര്‍ സ്കൂളുകള്‍, എയ്ഡഡ് സ്കൂളുകള്‍, അണ്‍ എയ്ഡഡ് സ്കൂളുകള്‍ എന്നിവയിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ശതമാനം യഥാക്രമം 13.48 ശതമാനം, 10.33 ശതമാനം, 4.13 ശതമാനം എന്നിങ്ങനെയാണ്. സര്‍ക്കാര്‍ സ്കൂളുകളിലാണ് ഏറെ കുട്ടികളും പഠിക്കുന്നത്. 2017-18 വര്‍ഷത്തില്‍ സ്കൂളുകളില്‍ പ്രവേശനം നേടിയതിന്റെ 2.07 ശതമാനം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാര്‍ സ്കൂളുകള്‍, എയ്ഡഡ് സ്കൂളുകള്‍, അണ്‍ എയ്ഡഡ് സ്കൂളുകള്‍ എന്നിവിടങ്ങളിലെ എസ്.ടി വിദ്യാര്‍ത്ഥികളുടെ ശതമാനം 2017-18 ല്‍ യഥാക്രമം 3.86 ശതമാനം, 1.44 ശതമാനം, 0.46 ശതമാനം എന്നിങ്ങനെയാണ്. 

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ അനുപാതം ഈ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും എസ്.ടി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ അനുപാതം ഇപ്പോഴും കൂടുതലാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനെതിരെ അതിശക്തമായ നിലപാടാണ് കേരളത്തില്‍ എടുത്തിട്ടുള്ളത്. ഉദാഹരണത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എടുത്തിരിക്കുന്ന നടപടികള്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയോജിത ഗോത്ര വികസന പദ്ധതി, പട്ടികജാതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സംഘം രൂപീകരിച്ചു. സംഘം കോളനികളില്‍ സന്ദര്‍ശനം നടത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു. സര്‍ക്കാര്‍ സ്കൂളുകളുടെ പശ്ചാത്തലസൗകര്യം വര്‍ദ്ധിപ്പിച്ചത്, സൗജന്യ പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, യൂണിഫോം, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവയെല്ലാം സമൂഹത്തില്‍ താഴെത്തട്ടില്‍ നില്‍ക്കുന്നവരെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നു എന്ന വസ്തുത പൊതുവിദ്യാലയങ്ങളിലെ പ്രവേശന കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാലു മിഷനുകളില്‍ ഒന്നാണ് വിദ്യാഭ്യാസ സംരക്ഷണം എന്നത്. സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ഹൈടെക്ക് സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും, വിഭവസമഹാരണത്തിനും മറ്റുമായി ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കല്‍ എന്നിവ വലിയ പുരോഗതി കൈവരിച്ച് മുന്നേറുന്നു. പട്ടികവിഭാഗങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. 

ആരോഗ്യ മേഖല 

അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം ഉണ്ടായിരുന്നിട്ടും 1980 കളുടെ തുടക്കത്തില്‍ കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന്, ലാബ് സൗകര്യങ്ങള്‍, മതിയായ ശുചിത്വം എന്നിവയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1996 ല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണം വരുമാന നിലവാരം, ജാതി, ഗോത്രം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ ആരോഗ്യ പരിചരണവും പ്രവേശനവും മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കിയ സ്കൂളുകള്‍, അങ്കണവാടികള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, മൃഗസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു. സ്ഥാപനങ്ങളില്‍ മിക്കവയും കാലാനുസൃതമായി ആധുനീകരിക്കപ്പെടുകയും നവീകരിക്കുകയും ചെയ്യപ്പെട്ടു. ഇത് സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളിലും പ്രതിഫലിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇതു മാറ്റങ്ങളുണ്ടാക്കി. ഇന്നു കോവിഡ് മഹാമാരിയെപ്പോലും നേരിടുന്നതിന് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകര്‍ന്നതും വികേന്ദ്രീകൃത ആരോഗ്യ സംവിധാനങ്ങളാണ്. എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള ഒന്നായി പൊതുജനാരോഗ്യ രംഗം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത് ദളിത്-പിന്നാക്ക വിഭാഗമായിരുന്നു. 

സമീപകാലത്തായി പുതിയതരം പകര്‍ച്ചവ്യാധികള്‍ ഉടലെടുത്തതും ഹൃദ്രോഗം, അർബുദം തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമായതും ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചതും സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന് വലിയ ഭീഷണിയായി നിലനിന്നിരുന്നു. കൂടാതെ സ്വകാര്യമേഖലയിലെ വർദ്ധിച്ചു വരുന്ന ചികിത്സാച്ചെലവുകൾ ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാൻ സാധിക്കാതെ വരുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ആർദ്ദ്രം മിഷൻ ആവിഷ്കരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കുക, പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കുക, സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷനു കീഴില്‍ നടന്നുവരുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി 310 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു. 

പ്രാദേശിക ആരോഗ്യ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനും പിഎച്ച്സി കേന്ദ്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായ മാറ്റങ്ങള്‍ തിരിച്ചറിയുന്നതിനും നടപ്പിലാക്കുന്നതിനും സമൂഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നതിനുമാണ് അവയെ ഗ്രാമ പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ കൊണ്ടുവന്നത്. ഡോക്ടറന്മാരും കമ്യൂണിറ്റി അംഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പൊതുസമൂഹത്തിന്റെ മുന്‍ഗണനകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിരവധി സൗകര്യങ്ങള്‍ നവീകരണത്തിന് വിധേയമാക്കുകയും ചെയ്തു. പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ വ്യക്തികളെ, പ്രത്യേകിച്ച് താഴ്ന്ന സാമൂഹിക സാമ്പത്തിക ഗ്രൂപ്പുകളിലെ വ്യക്തികളെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടുതന്നെ പി എച്ച് സി കേന്ദ്രങ്ങളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു, അവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നു. ഇതെല്ലാം സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ ആരോഗ്യസംരക്ഷണമാണ് ഉറപ്പുനല്‍കുന്നത്.

വീടും പരിസരവും

വീടില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാനും ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീടു വച്ചുകൊടുക്കാനും ലക്ഷ്യമിടുന്നതാണ് ലൈഫ് മിഷന്‍. വിവിധ സ്കീമുകളിലെ പാര്‍പ്പിട നിര്‍മ്മാണം ലൈഫ് മിഷന്റെ വിശാലമായ കുടയുടെ കീഴില്‍ വരും. ഭൂരഹിതരും വീടില്ലാത്തവരുമായ എല്ലാ കുടുംബങ്ങള്‍ക്കും സമഗ്രമായ ഒരു ഭവന പദ്ധതി ആവിഷ്ക്കരിക്കരിച്ചിരിക്കുന്നു അതിലൂടെ. 2020 ആഗസ്ത് 31 വരെയുള്ള കണക്ക് പ്രകാരം പല സ്കീമുകളിലായി സംസ്ഥാനത്ത് 2,26,470 വീടുകള്‍ നിര്‍മ്മിച്ചുകൈമാറി. ഇതില്‍ മുന്‍ ഭരണകാലങ്ങളില്‍ അനുവദിച്ച് പണി പൂര്‍ത്തീകരിക്കാത്ത വീടുകളും ഉള്‍പ്പെടുന്നു. പട്ടികജാതി വകുപ്പ് 19,247 വീടുകളും പട്ടികവര്‍ഗ്ഗ വകുപ്പ് 1745 വീടുകളും വെച്ചുകൊടുത്തിട്ടുണ്ട്. പട്ടികവിഭാഗങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വീടുകള്‍ ഇതുമാത്രമല്ല. ലൈഫ് മിഷന്റെ രണ്ടാംഘട്ട പട്ടികജാതി ഗുണഭോക്താക്കളായ 13,065 ല്‍ ഇതിനോടകം 7506 (62.70 ശതമാനം) പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 4331 ല്‍ 2001 (56.57 ശതമാനം) പേര്‍ക്കും വീട് പൂര്‍ത്തീകരിച്ച് താമസത്തിന് കൈമാറിക്കഴിഞ്ഞു. ഇതേവരെയും തുടങ്ങാനാവാത്തത് പട്ടികജാതിക്കാരുടേതില്‍ 390 ഉം പട്ടികവര്‍ഗ്ഗക്കാരില്‍ 61 ഉം മാത്രമാണ്, ബാക്കിയുള്ളവയുടെ നിര്‍മ്മാണം പലഘട്ടത്തിലായി പുരോഗമിക്കുന്നു. 

താമസത്തിനൊപ്പം ഉപജീവനവും ഉറപ്പുവരുത്താനാണ് ഹരിതകേരള മിഷന്‍ ലക്ഷ്യംവ യ്ക്കുന്നത്. ഇത് മാലിന്യ നിർമ്മാർജ്ജനം, ജൈവവത്കരണം, ജലസ്രോതസ്സുകളുടെ പരിപാലനം എന്നീ ഘടകങ്ങളെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്നു. ജൈവകൃഷി, കാര്‍ഷികരംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വരുമാനം ഉറപ്പാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനവും പരിസര ശുചീകരണവും, ജലസ്രോതസ്സുകളായ കുളങ്ങള്‍, നദികള്‍, അരുവികള്‍ എന്നിവ മാലിന്യമുക്തമാക്കുകയും അവയെ കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുക എന്ന നിലയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഹരിതകേരളം താഴെത്തട്ടിലുള്ളവരില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. 

 കേന്ദ്ര സര്‍ക്കാരിന്റെ സമീപനം

ദരിദ്രരേയും പിന്നാക്ക ജനവിഭാഗങ്ങളേയും സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്കു കേന്ദ്രബജറ്റ് വിഹിതത്തില്‍ ഇക്കാലയളവില്‍ വലിയ കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. 2018-19 കാലത്ത് 61,815 കോടി രൂപയും 2019-20 കാലത്ത് 71,002 കോടി രൂപയും നീക്കിവെച്ചിരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 2020-21 കാലത്തേക്ക് കുടിശ്ശിക ഉള്‍പ്പെടെ 61,500 കോടി രൂപ മാത്രമാണ് നീക്കിവെക്കുന്നത്. പട്ടികജാതി വികസനത്തിനായി 2018-19 ല്‍ നീക്കിവെച്ച 7,574 കോടി രൂപ 2019-20 ല്‍ 5,568 കോടി രൂപയായി ചുരുക്കി. ഇത്തരം വെട്ടിക്കുറയ്ക്കലുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റുകളില്‍ കാണാന്‍ കഴിയും. ഇത് അവഗണനയുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. 

ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍ അവിടത്തെ ആദിവാസി-ദളിതുകള്‍ അടങ്ങുന്ന പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എന്നിവവ എത്രത്തോളം സാദ്ധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും. ഇക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ മറ്റു സംസ്ഥാനങ്ങളെ തട്ടിച്ചുനോക്കുമ്പോള്‍ മെച്ചമാണ്. വികസന സൂചികയുടെ കാര്യത്തില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു പറയുമ്പോഴും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മുഖ്യധാരാ സൂചികകളില്‍ നിന്നും ഏറെ താഴെയാണ്. എന്നാല്‍ ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ വലിയ തോതില്‍ പിന്തുണയ്ക്കേണ്ട കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ഈ മേഖലയെ അവഗണിക്കുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുതിയ കേന്ദ്രങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഒഴിവാക്കുന്നവയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം പോലും ദളിത്-പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്ന് ഈ സാഹചര്യത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. കേരളത്തില്‍ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായി മാറിയ അധികാര വികേന്ദ്രീകരണ പ്രക്രിയയെപ്പോലും അട്ടിമറിക്കാന്‍ ഉതകുന്ന നയങ്ങളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുത്തക മാനേജ്മെന്‍റ് സംവിധാന മാതൃകയെ കൊണ്ടുവരുന്നതു വഴി രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അര്‍ഹിക്കുന്ന വിഹിതം ഏവര്‍ക്കും ലഭ്യമാക്കുക എന്ന ആശയത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. എസ്.സി.പി, ടി.എസ്.പി ഘടക പദ്ധതികള്‍ ഒഴിവാക്കി വിവിധ വകുപ്പുകള്‍ക്ക് പട്ടികവിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍ കൈമാറിയത് വലിയ തിരിച്ചടിയാണ് ഈ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ളത്.

ഇനിയും മുന്നേറാന്‍

കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഈ വേളയില്‍ ഇനിയെന്ത് എന്ന ഒരു വിലയിരുത്തല്‍ ആവശ്യമായിരിക്കുകയാണ്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസമത്വങ്ങളില്‍ നിന്നു പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതത്തെ എങ്ങനെ മോചിപ്പിക്കാമെന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമായിരിക്കുന്നു. അനുദിനം സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് പിന്നാക്ക ജനവിഭാഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ണ്ണായക നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇക്കാര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സജീവമായ ഇടപെടലുകള്‍ ഉണ്ടാകണം. കാര്‍ഷിക, വ്യാവസായിക, സ്വയം തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമായി വരികയാണ്. അതോടൊപ്പം സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത മത്സരത്തില്‍ വിജയം കൈവരിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തവും പ്രാദേശിക സര്‍ക്കാരുകളുടേതാണ്. സുസ്ഥിര വികസനം, സാമൂഹിക നീതി, ജനാധിപത്യവത്ക്കരണം, സാമൂഹിക ഉത്തരവാദിത്തം, സേവനഗുണത, പരിസ്ഥിതി സംരക്ഷണം എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നൂതനാശയങ്ങളോടെ ഒരു വികസന സമീപനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മേലില്‍ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ സ്വീകരിക്കേണ്ടത്. അയല്‍ക്കൂട്ടമടക്കമുള്ള ജനപങ്കാളിത്തത്തിന്റെ എല്ലാ വേദികളും ശക്തിപ്പെടുത്തണം. സോഷ്യല്‍ ആഡിറ്റ് സംവിധാനം പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമായി മാറേണ്ടതുണ്ട്. 

പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ എണ്ണം, അധികാരങ്ങള്‍ എന്നിവ പുന:ക്രമീകരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ്, ഭൂമിയുടെ അവകാശം എന്നീ കാര്യങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്നും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ വേണ്ട സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ സമഗ്രമായി പരിഷ്ക്കരിക്കുന്നത് പിന്നോക്ക വിഭാഗങ്ങളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനു സഹായിക്കും. 

തദ്ദേശ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തില്‍ പ്രാദേശിക ഉല്പാദന വ്യവസ്ഥ ശക്തിപ്പെടുത്തലും, അതുവഴിയുള്ള പാര്‍ശ്വവത്കൃതരുടെ അതിജീവനവും കേന്ദ്രസ്ഥാനത്ത് വരേണ്ടതുണ്ട്. അതിനായി പ്രാദേശിക ഉല്പാദനവും തൊഴിലും വര്‍ദ്ധിപ്പിച്ച് പ്രാദേശിക വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി സഹകരണ മേഖല, കുടുംബശ്രീ, തൊഴില്‍സേനകള്‍ മുതലയാവയെല്ലാം ചേര്‍ന്നുള്ള ഏകോപിത പ്രവര്‍ത്തനം വേണം. അതിനു പുറമേ കാര്‍ഷികമേഖലയെ കേന്ദ്രമാക്കിക്കൊണ്ടുള്ള സുസ്ഥിര വികസന പദ്ധതികള്‍ വികസിപ്പിക്കണം. ദളിത്, ആദിവാസി വികസനത്തിന് ഊര്, അധിവാസമേഖല എന്നിവയില്‍ അധിഷ്ഠിത വികസന പ്ലാനുകളും, ഉപജീവന പ്ലാനുകളും തയ്യാറാക്കണം. അധികാര വികേന്ദ്രീകരണത്തില്‍ പ്രാദേശിക സര്‍ക്കാരുകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ജനങ്ങളെയും കൂടുതല്‍ ശക്തമായി കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ജനകീയാസൂത്രണത്തിന്റെ പുതിയ രൂപത്തെ സൃഷ്ടിക്കാന്‍ കഴിയൂ. കാരണം വിവിധ മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക അസമത്വങ്ങളെ മറികടക്കാന്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമാണു കഴിയുക. ആഗോള കുത്തക മുതലാളിത്തത്തിന്റെ പുതുരൂപങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ എതിരിടുന്നതിനും അതിജീവിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ സഹായിക്കേണ്ടതുണ്ട്. അതുവഴി മാത്രമേ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഇനി മുന്നോട്ടുപോകാന്‍ കഴിയൂ.