ജനകീയാസൂത്രണവും സ്ത്രീശാക്തീകരണവും

കെ പി എൻ അമൃത

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറ് മുതൽ നിലവിൽ വന്ന അധികാര വികേന്ദ്രീകരണ പ്രക്രിയ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയർത്തുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചു എന്നത് വിശകലന വിധേയമാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള ഒട്ടനവധി സാദ്ധ്യതകൾ അധികാര വികേന്ദ്രീകരണമെന്ന ആശയം മുന്നോട്ടു വെച്ചിട്ടുള്ളതാണ്. കേരളത്തില്‍ ഇതിനെ തുടര്‍ന്ന് നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ഈ സാദ്ധ്യതകളെ ഏതു പരിധി വരെ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളത് 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്ന ഈ ഘട്ടത്തില്‍ തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. 

സമൂഹത്തിൽ പുറന്തള്ളപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കാനും വികസന അജണ്ടയില്‍ അവരുടെ സവിശേഷ പ്രശ്നങ്ങള്‍ കൊണ്ടുവരാനും വികേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം പ്രത്യേകം ലക്ഷ്യമിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെ നേരിടാൻ വികേന്ദ്രീകരണ പ്രക്രിയ ഫലപ്രദം ആയിട്ടുള്ള മാര്‍ഗ്ഗമാണ് എന്നു വേണം കരുതുവാൻ. 

അധികാര ശ്രേണിയിൽ എന്നും പിൻനിരയിൽ ആയിരുന്നു സ്ത്രീകൾ. അവസര നിഷേധവും പങ്കാളിത്തമില്ലായ്മയും അവകാശ ലംഘനവും എല്ലാം തന്നെ അസമത്വത്തിന്റെ സൂചനകളാണ്. ഇന്ത്യൻ പൗരൻ എന്ന നിലയിൽ സ്ത്രീകൾക്കുള്ള അവകാശങ്ങൾ മൗലികാവകാശങ്ങൾ ആണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍, സ്ത്രീകള്‍ക്ക് തുല്യപദവി സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ ഭരണകൂട സംവിധാനങ്ങൾക്ക് നല്ല ഉത്തരവാദിത്തം ഉണ്ട്. മൊത്തം ജനതയുടെ വികസനം ലക്ഷ്യമാക്കുന്ന മേൽ സംവിധാനങ്ങൾ സ്ത്രീകളുടെ വികസനം ലക്ഷ്യമാക്കിയേ മതിയാവൂ. സഞ്ചാരസ്വാതന്ത്ര്യം, സ്വത്തവകാശം, ആസ്തികളുടെ നിയന്ത്രണം, തീരുമാനമെടുക്കാനുള്ള പ്രാപ്തിയും അധികാരവും, ശാരീരിക-മാനസിക സുരക്ഷ എന്നിവയെല്ലാം തുല്യപദവിയുടെ ഘടകങ്ങളാണ്. ഇത്തരം ലിംഗവിവേചനം നിലനിൽക്കുന്ന സമൂഹത്തിൽ ലിംഗ തുല്യതയ്ക്കായുള്ള ബോധപൂർവ്വമായ ഇടപെടലുകൾ നടത്തിയേ പറ്റൂ. 

ലിംഗസമത്വം ഒരു സ്ത്രീ പ്രശ്നം മാത്രമല്ല അതൊരു വികസന പ്രശ്നവുമാണ് ഉച്ചനീചത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയും സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രങ്ങളും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞവയാണ്. അതുകൊണ്ട് അവയെ പരിവര്‍ത്തനം ചെയ്തെടുക്കുക എളുപ്പമല്ല. വ്യക്തികളെന്ന നിലയ്ക്ക് തങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മൂല്യങ്ങളെയും തിരിച്ചറിയാനും എതിര്‍ക്കാനും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. സ്വന്തം അവകാശങ്ങളെ തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകേണ്ടതുണ്ട്.
ലിംഗ അസമത്വത്തെ ഒരു ഭരണകൂടത്തിന്റെ നയങ്ങളില്‍, ഭരണ പ്രക്രിയകളില്‍ നേരിടുക എന്നത് ഒരു രാഷ്ട്രീയ ദൗത്യമാണ്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലും പങ്കാളികള്‍ ആവുക എന്നത് ലിംഗസമത്വത്തിലേയ്ക്കുള്ള ചവിട്ടുപടികളാണ്. അധികാര വികേന്ദ്രീകരണത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ സമൂഹത്തിൽ കേന്ദ്രീകൃതമായി നിലനിന്നിരുന്ന അധികാരത്തെ ഏറ്റവും താഴെത്തട്ടിലേക്ക് കൈമാറുക എന്നതായിരുന്നു. സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല അധികാര ശ്രേണിയിൽ പിന്നിലായിരുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരും, പട്ടികജാതി വിഭാഗക്കാരും ഇതിന്റെ ഗുണഭോക്താക്കളാണ്‌ എന്നത് സാമൂഹ്യനീതിയിൽ അധിഷ്ടിതമായ ഭരണത്തിന്റെ സൂചനകളാണ്.

ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെയാണ് അധികാരം കേന്ദ്രത്തിൽ നിന്നും തദ്ദേശസ്ഥാപനങ്ങൾ വരെ കൈമാറുന്നതിനായി തീരുമാനമായത്. ഇത് യഥാർത്ഥത്തിൽ വിപ്ലവകരമായ നടപടിയായിരുന്നു എന്നുവേണം കരുതാൻ. പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെയാണ് ഭരണഘടനയുടെ താളുകളിൽ നിന്നും തുല്യതയും സ്വാതന്ത്ര്യവും ജനങ്ങളുടെ കരങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. 

അധികാര വികേന്ദ്രീകരണത്തിന് വേണ്ട കൃത്യമായ നിർദ്ദേശങ്ങൾ വെച്ചത് ഇ എം എസ്  നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹം വികേന്ദ്രീകരണത്തില്‍ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പ്രക്രിയയാണ് വിഭാവനം ചെയ്തത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സിദ്ധാന്തവും ആണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കാരണമായത്. 1938 ല്‍ എഴുതിയ  മദ്രാസ് ഗവൺമെന്റ് ആന്റ് ലോക്കല്‍ ഗവേര്‍ണ്ണന്‍സ്  എന്നപേരിലുള്ള ലേഖനത്തിൽ തന്നെ വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. 1952 ല്‍ മലബാർ ഡിസ്ട്രിക്ട് ബോർഡ് നടത്തിയ ഇടപെടലുകളാണ് തദ്ദേശ ഭരണത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് ഇടപെടൽ എന്നു പറയാം. 1958-ല്‍ രൂപീകരിച്ച “അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റിയുടെ” ചെയർമാനായിരുന്നു ഇ എം എസ്. 1967ല്‍ നിലവിൽ വന്ന കേരള സർക്കാർ പഞ്ചായത്ത് രാജ് ബില്ലും ജില്ലാ കൗൺസിലുകളും കൊണ്ടുവന്നു. ശരിയായ ഒരു തദ്ദേശഭരണവും എല്ലാ വിഭാഗം ജനങ്ങളെയും ഉൾച്ചേര്‍ത്ത വികസന സംസ്കാരവും നടപ്പാക്കുന്നതില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പങ്ക് ഇ എം എസ് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഒരു ബൂർഷ്വാ ഭരണകൂട സംവിധാനത്തിന്റെ സ്വഭാവങ്ങള്‍ ഉള്ളതാണെങ്കിൽ പോലും കേന്ദ്രീകൃതവും നീതിനിഷേധിക്കുന്നതുമായ വികസന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുന്നതിനുള്ള അവസരമായാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ സംവിധാനങ്ങളെ നോക്കിക്കണ്ടത്. മാറിമാറിവന്ന സർക്കാർ നിലപാടുകള്‍ വികേന്ദ്രീകരണത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ വ്യത്യാസങ്ങൾ വരുത്തി. 73, 74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്നുള്ള പഞ്ചായത്തീരാജ് /നഗരപാലിക നിയമങ്ങൾ 1994 ല്‍ പാസ്സായെങ്കിലും 1996 വരെ സംസ്ഥാനത്ത് കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. കേരള നിയമസഭ മേല്‍നിയമം തന്നെ പാസാക്കിയത് അവസാന ഘട്ടത്തിലാണ്. ഒരു വികേന്ദ്രീകരണ പ്രക്രിയ ശരിയായ അർത്ഥത്തിൽ കേരളത്തിൽ ആരംഭിക്കുന്നത് 1996 ലാണ്. 1996 ആഗസ്റ്റ് 17 നു ഉദ്ഘാടനം ചെയ്യപ്പെട്ട ജനകീയാസൂത്രണ പ്രസ്ഥാനം അന്ന് അധികാരത്തിലിരുന്ന സർക്കാരിന്റെ ഒരു രാഷ്ട്രീയ അജണ്ടയായി മാറുകയാണുണ്ടായത്. അതിനുശേഷം ഒമ്പതാം പദ്ധതിയുടെ അവസാന ഘട്ടത്തില്‍ പുതിയ സർക്കാർ നിലവിൽ വരുകയും ജനകീയാസൂത്രണ പ്രസ്ഥാനത്തെ കേരള വികസന പദ്ധതി ആയി മാറ്റുകയുമുണ്ടായി. പത്താം പദ്ധതിയുടെ ഘട്ടത്തിൽ വീണ്ടും മാറ്റമുണ്ടായി. ഇന്നത്തെ നേട്ടങ്ങള്‍ക്ക്‌ ഊർജ്ജം പകർന്ന മുന്നണി വീണ്ടും അധികാരത്തിൽ വന്നു. കേരള വികസന പദ്ധതി ജനകീയാസൂത്രണം ആയി മാറി. 

ഭരണഘടനാ ഭേദഗതികളുടെ പ്രാധാന്യം

73, 74 ഭരണഘടനാ ഭേദഗതികളിലൂടെ ഭരണനിർവ്വഹണത്തിന്റെ നടത്തിപ്പ് ഉന്നതാധികാര കേന്ദ്രങ്ങളിൽ നിന്ന് ജനസമൂഹങ്ങളിലേക്ക് ഇറങ്ങിവന്നു എന്നതാണ് സവിശേഷത. ഓരോ വ്യക്തിയുടെയും അനുദിന ജീവിതത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്ന നിയമസംവിധാനവും ഭരണക്രമവും ആയി നിയമഭേദഗതികൾ പ്രയോഗത്തിൽ വന്നു. സ്ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കും ഭരണത്തിലും നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നതിന് സാധിച്ചു. സ്ഥിരംസമിതികളിലും കർമ്മസമിതികളിലും ഗ്രാമസഭകളിലും മറ്റ് ജനകീയ സമിതികളിലും ലഭിച്ച നിര്‍ണ്ണായകമായ പങ്കാളിത്തം അതിന് സഹായകമായി. ഇത് വികസന പ്രവർത്തനങ്ങളെ ഗുണകരമായി സ്വാധീനിച്ചു. നാളിതു വരെ റോഡുകളും പാലങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളും ആണ് വികസനത്തിൽ മുൻഗണന നേടിയിരുന്നതെങ്കിൽ കുടിവെള്ളം, ശുചിത്വസംവിധാനം, ഭക്ഷണആവശ്യങ്ങൾ, തൊഴിൽ എന്നിവയിലേക്ക് വികസന മുൻഗണനകൾ മാറി. സ്കൂളുകളിൽ ശുചിമുറികൾ, കുടിവെള്ളസൗകര്യങ്ങൾ, ഭക്ഷണ ആവശ്യങ്ങൾക്കായി കാർഷിക വികസനം, ആരോഗ്യ സംവിധാനങ്ങളുടെ ഗുണപരത, കാര്യക്ഷമത എന്നിവയായി വികസന അജണ്ടകൾ. സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിലേക്ക് ഭരണാധികാരികളുടെ സജീവശ്രദ്ധ ആകർഷിക്കുന്നതിന് ഇതു കാ രണമായി. ഈ ഭരണഘടനാ ഭേദഗതികളുടെ പ്രധാന സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു:

. പ്രാദേശിക ഭരണകൂടങ്ങളിൽ മൂന്നിലൊന്ന് സ്ത്രീ പ്രാതിനിധ്യം.
. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം
. ഭരണഘടനാ പിൻബലത്തോടെ ഗ്രാമസഭകൾ/വാർഡ് സഭകൾ
. പതിനൊന്നാം പട്ടികയിൽ സാമൂഹികനീതി ഉറപ്പാക്കുന്നതിനും പന്ത്രണ്ടാം പട്ടികയിൽ പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല. 
. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, മറ്റ് ദുർബലവിഭാഗക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പ് വരുത്തല്‍.
. നയപരവും ഭരണപരവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വനിതാ ജനപ്രതിനിധികൾക്ക് ഇടപെടാൻ അവസരം
. വികസനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന ഗ്രാമസഭകളിൽ നടക്കുന്ന ചർച്ചകളിൽ ജീവിതപ്രശ്നങ്ങൾ ഉന്നയിക്കുന്നതിന് ഗ്രാമീണ സ്ത്രീകൾക്ക് അവസരം.

ജനകീയാസൂത്രണ പ്രസ്ഥാനം

1995 ഒക്ടോബർ രണ്ടിന് പ്രാദേശിക സർക്കാരുകൾ കേരളത്തിൽ നിലവിൽ വന്നു. ഭരണഘടനാ പിൻബലമുള്ള ആദ്യത്തെ പ്രാദേശിക സർക്കാരുകൾ ഇവയാണ്. 1963ൽ കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതകളെ ഉൾപ്പെടുത്താത്ത പഞ്ചായത്തുകളിൽ ഒരു വനിതയെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. 20 അംഗങ്ങളുള്ള മുൻസിപ്പാലിറ്റിയിൽ ഒരു സീറ്റും ഇരുപതിലധികം ഉള്ളവയിൽ രണ്ട് സീറ്റുകളും വനിതകൾക്ക് സംവരണം ചെയ്തിരുന്നു. കോർപ്പറേഷനുകളിലും രണ്ട് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരുന്നു. 73, 74 ഭരണഘടനാ ഭേദഗതിയിലാവട്ടെ മൂന്നിലൊന്ന് സംവരണം അംഗത്വത്തിലും പദവികളിലും വനിതകൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുകയുണ്ടായി. 2010 ൽ, 50 ശതമാനം വനിതാസംവരണം അംഗത്വത്തിലും പദവിയിലും ഉറപ്പാക്കുകയുണ്ടായി. ഇന്ന് നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പ്രാതിനിധ്യത്തിന്റെ കണക്കു പരിശോധിച്ചാല്‍ 53 ശതമാനത്തോളം സ്ത്രീകള്‍ ആണെന്ന് കാണാന്‍ കഴിയും. മാത്രവുമല്ല ജനാധിപത്യ സംവിധാനം ശക്തമാക്കും വിധത്തിൽ ഗ്രാമസഭകളും/വാർഡ്സഭകളും ഭരണഘടന പിൻബലത്തോടെ രൂപപ്പെട്ടു എന്ന സവിശേഷതയുമുണ്ട്. പ്രദേശത്തെ വികസനപ്രശ്നങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ, വിശേഷിച്ച് സ്ത്രീകളുടെ പ്രായോഗികവും നിര്‍ണ്ണായകവുമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരം തേടുന്നതിനുള്ള പൊതുവേദികളായി ഗ്രാമസഭകളും വാർഡ്സഭകളും മാറി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പ്രാദേശിക ഭരണ നിർവ്വഹണത്തിൽ സ്ത്രീകൾക്ക് മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്.
അധികാര വികേന്ദ്രീകരണം എന്ന കേവല സിദ്ധാന്തത്തിനുമപ്പുറം പ്രയോഗത്തിൽ അത് വരുത്താൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. സാക്ഷരതാ പ്രസ്ഥാനത്തിനുശേഷം നമ്മുടെ സംസ്ഥാനത്ത് നടന്ന ഏറ്റവും ജനകീയമായ പ്രവർത്തനമാണ് ജനകീയാസൂത്രണം. നിയമപരമായ അധികാര വികേന്ദ്രീകരണത്തിന് അപ്പുറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അക്ഷരാർത്ഥത്തിൽ പ്രാദേശിക സർക്കാരുകൾ ആയിമാറി. പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും നടന്ന പ്രവർത്തനങ്ങളില്‍ അത് തെളിഞ്ഞിരിക്കുന്നു. 

അധികാരം എല്ലാവരിലേക്കും

സ്ത്രീകളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും പ്രാദേശിക ഭരണകൂടങ്ങളിലെ പദവികളിൽ വന്നപ്പോൾ സാധാരണക്കാർക്ക് അവരുടെ വികസനപ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരമൊരുങ്ങി. ഗ്രാമസഭകൾ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കുന്ന വേദികളായി. കൃഷിഭവൻ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതോടെ അവയുടെ മാനേജ്മെന്റ് കമ്മിറ്റികൾ സജീവമായി. അങ്കണവാടികളുടെ പ്രവർത്തനം കാര്യക്ഷമമായി. കുടിവെള്ളസൗകര്യം, ശുചിത്വസംവിധാനം, തൊഴിൽ/വരുമാന വർദ്ധനവ്, സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾ രൂപീകരണം, ക്ലബ്ബുകളുടെയും വായനശാലകളുടെയും സജീവത എന്നിവ ഗ്രാമീണ മേഖലകളിൽ പുത്തനുണർവ്വിന് കാരണമായി. ഗ്രാമസഭകൾ പദ്ധതി ആസൂത്രണത്തിനും ഗുണഭോക്തൃ തിരഞ്ഞെടുപ്പിനും പദ്ധതി വിശകലനത്തിനും വേദികളായി. വർക്കിംഗ് ഗ്രൂപ്പുകൾ (കർമ്മസമിതികൾ) വികസന സെമിനാർ, സ്റ്റേക്ക് ഹോൾഡർ ചർച്ചകൾ, കാർഷിക വികസന സമിതികൾ, കുടുംബശ്രീ സംവിധാനം, സ്കൂൾ രക്ഷാകർതൃ സമിതികൾ, മാതൃസംഗമങ്ങൾ, ആശുപത്രി വികസന സമിതികൾ ഇവയിലെല്ലാം സ്ത്രീകളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും പങ്കാളിത്തം ഉയർന്നു.

സ്ത്രീ ശാക്തീകരണം 

നിലനില്‍ക്കുന്ന അധികാര ബന്ധങ്ങളെ വെല്ലുവിളിക്കാനും അധികാര സ്രോതസ്സുകളിന്മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്ന പ്രക്രിയയെ ശാക്തീകരണം എന്ന് വിശേഷിപ്പിക്കാം. വ്യക്തികളുടെ സ്വയം സമര്‍ത്ഥിക്കല്‍ (self assertation), അധികാരബന്ധങ്ങളെ വെല്ലുവിളിക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍, പോരാട്ടങ്ങള്‍ തുടങ്ങിയ ഒരുകൂട്ടം പ്രവര്‍ത്തനങ്ങളെയാണ് ശാക്തീകരണം എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും വര്‍ഗ്ഗം, ജാതി, വംശം, ജെന്‍ഡര്‍ തുടങ്ങിയവയ്ക്കും വിഭവങ്ങളുടെയും അധികാരത്തിന്റെയും പ്രാപ്തി നിശ്ചയിക്കുന്നിടത്ത്, തങ്ങളെ അടിച്ചമര്‍ത്തുന്ന അനുക്രമമായ ശക്തികളെ തിരിച്ചറിയുകയും നിലനില്‍ക്കുന്ന അധികാരബന്ധങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ശാക്തീകരണം ആരംഭിച്ചു എന്നുപറയാം. ഒരു നിശ്ചിത സാഹചര്യത്തില്‍ സ്ത്രീകളെയും മറ്റു പിന്നോക്കക്കാരാക്കപ്പെട്ടവരെയും പ്രാന്തവല്‍ക്കരിക്കുന്ന ഘടനാപരമായ ശക്തികളുടെ ദിശയേയും സ്വഭാവത്തേയും മാറ്റാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് ശാക്തീകരണം (Sharma 1991-92).

ശാക്തീകരണം എന്നത് അങ്ങനെ ഒരു പ്രക്രിയയും ആ പ്രക്രിയയുടെ ഫലവുമാകുന്നു. രാജ്യങ്ങള്‍ തമ്മിലോ, വര്‍ഗ്ഗങ്ങള്‍ തമ്മിലോ, ലിംഗവിഭാഗങ്ങള്‍ തമ്മിലോ, വ്യക്തികള്‍ തമ്മിലോ ഉള്ള അധികാരത്തിന്റെ പുനര്‍വിതരണമാണത്. സ്ത്രീശാക്തീകരണത്തിന്റെ ലക്ഷ്യം പിതൃമേധാവിത്വ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുകയെന്നതാണ് (ആണ്‍മേല്‍കോയ്മയും സ്ത്രീകളുടെ വിധേയത്വവും); മാത്രവുമല്ല ജെന്‍ഡര്‍ വിവേചനത്തെയും സാമൂഹിക അനീതികളെയും നിലനിര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഘടനകളെയും സ്ഥാപനങ്ങളെയും (കുടുംബം, ജാതി, വര്‍ഗ്ഗം, മതം, വിദ്യാഭ്യാസ പ്രക്രിയ, സ്ഥാപനങ്ങള്‍, മാധ്യമം, ആരോഗ്യരീതികളും സംവിധാനങ്ങളും, നിയമം, രാഷ്ട്രീയ പ്രക്രിയകള്‍, വികസന മാതൃകകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍) പരിവര്‍ത്തിപ്പിക്കുക; ഭൗതികവും വിജ്ഞാന സംബന്ധവുമായ വിഭവങ്ങളുടെമേല്‍ പ്രാപ്യതയും നിയന്ത്രണവും ലഭ്യമാകാന്‍ പാവപ്പെട്ടവരെ സഹായിക്കുക എന്നിവയും ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങളാണ്. തന്മൂലം ശാക്തീകരണ പ്രക്രിയ എന്നത് എല്ലാ പ്രസക്തമായ ഘടനകളെയും അധികാര ഉറവിടങ്ങളെയും സംബോധന ചെയ്യേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതസാഹചര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള ശരിയായ സമീപനവും വൈദഗ്ദ്ധ്യവും അറിവും സ്ത്രീകളും പെണ്‍കുട്ടികളും നേടിയെടുക്കുകയും അതുവഴി ജീവിതത്തിന്റെ എല്ലാ തലങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സ്ത്രീശാക്തീകരണം. ഇത് താഴെ നിന്നും ആരംഭിക്കുന്ന (bottom up) പ്രക്രിയയാണ്. ഇത് ലിംഗവിഭാഗങ്ങള്‍ തമ്മിലുള്ള അധികാരബന്ധത്തില്‍ വേരൂന്നിയിരിക്കുന്നു.

സ്ത്രീശാക്തീകരണത്തിന്റെ പ്രധാന സൂചികകള്‍

. കുടുംബത്തിനുള്ളിലും പുറത്തുമുള്ള വിഭവങ്ങളിന്മേല്‍ പ്രാപ്യതയും നിയന്ത്രണവും.
. സ്വന്തം തൊഴിലിന്മേലും വരുമാനത്തിന്മേലുമുള്ള നിയന്ത്രണം.
 . സ്വന്തം ശരീരത്തിലും ലൈംഗികതയിലും പ്രത്യുല്പാദനത്തിലുമുള്ള നിയന്ത്രണം.
. ചലനസ്വാതന്ത്ര്യം 
. രാഷ്ട്രീയ ഇടങ്ങളുടെ പ്രാപ്യതയും നിയന്ത്രണവും, കുടുംബത്തിനുള്ളിലും പുറത്തും തീരുമാനം എടുക്കാനുള്ള അധികാരം.
. അറിവ്, വിവരം എന്നിവയിലുള്ള പ്രാപ്യതയും നിയന്ത്രണവും
. നിയമകാര്യങ്ങളിലും നീതിതേടുന്നതിലുമുള്ള പ്രാപ്യത 
. ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവ കൂടുന്നു 
. വീട്ടുപണികളിലും കുട്ടികളെ സംരക്ഷിക്കുന്നതിലും പ്രായമായവരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിലും പുരുഷന്മാരുടെ പങ്ക് കൂടുന്നു.
. പ്രത്യുല്പാദനം, ലൈംഗികത, ശാരീരിക സുരക്ഷിതത്വം എന്നിവയില്‍ പുരുഷന്റെ ഉത്തരവാദിത്വം കൂടുന്നു.
. ആണത്തം, പെണ്ണത്തം, സ്ത്രീ/പുരുഷ ലൈംഗികത എന്നിവയെക്കുറിച്ചുള്ള ധാരണകളും വാര്‍പ്പുമാതൃകകളും തകരുന്നു.
 . സാംസ്കാരിക-മതപരമായ കീഴ്‌വഴക്കങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം കുറയുന്നു.

സ്ത്രീകളുടെ താഴ്ന്ന പദവിയുടെയും നീതിപൂര്‍വ്വമല്ലാത്ത ജെന്‍ഡര്‍ ബന്ധങ്ങളുടെയും കാരണം, മതം, ചരിത്രം, സംസ്കാരം, സ്വത്വത്തെക്കുറിച്ചുള്ള മനഃശാസ്ത്രം, നിയമം, നിയമ സംവിധാനങ്ങള്‍, രാഷ്ട്രീയ സ്ഥാപനങ്ങള്‍, സാമൂഹിക സമീപനങ്ങള്‍ എന്നിവയില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നതുകൊണ്ട്, സ്ത്രീകളുടെ പദവിയും ജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളും മാറണമെങ്കില്‍, പരിഹാരങ്ങളും അത്രയും ആഴത്തില്‍ ചെന്നെത്തേണ്ടിയിരിക്കുന്നു. (Shuler and Kadirgamar Rajasingham 1992) 

അധികാരത്തിന്റെ ഉറവിടം ഏതെങ്കിലുമൊരു സംവിധാനമോ ഘടനയോ ആണെന്ന് കണ്ടെത്തുന്ന സിദ്ധാന്തങ്ങള്‍ (ഉദാഹരണത്തിന്, സാമ്പത്തിക ഘടകങ്ങളാണ് അധികാരരാഹിത്യത്തിന്റെയും അനീതിയുടെയും കാരണമെന്നു പറയുന്ന) ആ ഒരു തലത്തിന്റെ അഭിവൃദ്ധി അധികാര പുനര്‍വിതരണത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട സ്ത്രീകളുള്ള ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുകൊണ്ടുമാത്രം പദവി ലഭിക്കുന്നില്ലെന്ന് അറിയാം. സ്ത്രീകളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നത്, പല കാരണങ്ങളാലും അനുകൂലമാണെങ്കിലും അവരുടെ മറ്റു ഭാരങ്ങള്‍ കുറയ്ക്കാനോ, മറ്റു രീതിയിലുള്ള അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കാനോ സാധിക്കുന്നില്ലെന്നുള്ളതിന് ധാരാളം തെളിവുകള്‍ ഉണ്ട്; വാസ്തവത്തില്‍ മിക്കപ്പോഴും ഇത് കൂടുതല്‍ ഭാരമായി മാറുന്നതായാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത് (Brydon & Chant 1989; Sen and Grown 1985); അതുപോലെതന്നെ, മെച്ചപ്പെട്ട ഭൗതികപദവിയും വെള്ളം, ഊര്‍ജ്ജം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളിന്മേലുള്ള പ്രാപ്യതയും സ്ത്രീകളുടെ പദവിയില്‍ അടിസ്ഥാനമാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ശമ്പളവുമുള്ള വേണ്ടത്ര പോഷകാഹാരവും ആരോഗ്യപരിരക്ഷയും ലഭിക്കുന്ന മധ്യവര്‍ഗ്ഗ സ്ത്രീകള്‍, ഭാര്യാമര്‍ദ്ദനത്തിന്റെയും സ്ത്രീപീഡനങ്ങളുടെയും ഇരകളാവില്ലായിരുന്നു.

സ്ത്രീകളുടെ അവസ്ഥയും പദവിയും

ദൈനംദിന ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തി ഒരു പ്രദേശത്തെ സ്ത്രീകളുടെ ജീവിതത്തെ സൂചിപ്പിക്കുവാനാണ് ‘സ്ത്രീകളുടെ അവസ്ഥ’ എന്നു ഉപയോഗിക്കുന്നത്. പൊതുവില്‍ പ്രായോഗിക ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ സംവിധാനങ്ങള്‍, ദാരിദ്ര്യം, നിലനില്‍ക്കുന്ന സമൂഹ നിയന്ത്രണങ്ങള്‍, സ്ത്രീകള്‍ക്ക് ലഭ്യമായ സഞ്ചാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സംഗതികളുടെ ദൈനംദിന നിലയെ ഇത് സൂചിപ്പിക്കുന്നു. സ്ത്രീ പദവിയും ഈ വിഷയങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്. അവയുടെ സാമൂഹ്യ–രാഷ്ട്രീയ– സാമ്പത്തിക-സാംസ്കാരിക ഘടകങ്ങളും അവ രൂപപ്പെടുത്തുവാനുള്ള ചരിത്രപരമായ കാരണങ്ങളും കൂടിച്ചേർന്ന ഒരു വിശകലനത്തിലൂടെയാണ് സ്ത്രീപദവി ചർച്ചചെയ്യപ്പെടേണ്ടത്. ഈ രണ്ട് സംഗതികളും പരസ്പര ബന്ധിതമാണ്.

സാമൂഹ്യ വികസനമേഖലയില്‍ നേടിയ വമ്പിച്ച നേട്ടങ്ങളാണ് കേരളത്തെ അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മനുഷ്യവികസന സൂചികകള്‍ ഉയര്‍ന്ന നിലവാരത്തിലാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 52% വരുന്ന സ്ത്രീകളുടെ ലിംഗാനുപാതം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ്. ലിംഗാനുപാതത്തിലെ ദേശീയനിലവാരം 1000 പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍ മാത്രമാണെന്ന് ഓര്‍ക്കണം. അതുപോലെ പട്ടികജാതി, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടെ നേട്ടങ്ങള്‍ക്കൊപ്പമാണെന്ന് പല സാമൂഹ്യ ഗവേഷകരും വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, മാതൃമരണ നിരക്ക് കുറവിലും സെക്കണ്ടറി വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണത്തിലെ കൂടുതലിലും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രശംസനീയമാണ്. 

എന്നിരിക്കിലും രണ്ടു പ്രധാന മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് വളരെ കുറവാണ്; അവയില്‍ ഒന്ന് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കും മറ്റൊന്ന് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്ത നിരക്കുമാണ്. കേരളത്തിലെ സ്ത്രീകള്‍ മറ്റു പല മേഖലകളിലും കൈവരിച്ച നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ താഴ്ന്നനില ഒരു വിരോധാഭാസമായി/വൈരുദ്ധ്യമായി തുടരുന്നു. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളാണ് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെ ഏറ്റവുമധികം ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന സംഗതി. വീടിനും പുറത്തും പൊതുസ്ഥലങ്ങളിലുമായി പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കു സ്ത്രീകള്‍ വിധേയരാകുന്നു. നിലവിലെ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ കണക്കുകള്‍ അനുസരിച്ച് ഏറ്റവുമധികം കേസുകള്‍ ഉണ്ടായിരിക്കുന്നത് ഗാര്‍ഹിക പീഢനങ്ങളുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച് ലിംഗ സമത്വം എന്ന ലക്ഷ്യം നേടാന്‍ ഇനിയും ഏറെ കാര്യങ്ങളില്‍ മുന്‍പോട്ടു പോകേണ്ടിയിരിക്കുന്നു എന്നാണ് തൊഴില്‍ പങ്കാളിത്തം, വേതന നിരക്ക്, തൊഴില്‍ സുരക്ഷ, സ്വത്തുടമസ്ഥത, രോഗാതുരത, അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ കാണുന്ന സ്ഥിതി വിവര കണക്കുകളും വിവരങ്ങളും നല്‍കുന്ന സൂചന. കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ പുരോഗതിയിലുണ്ടായ നേട്ടങ്ങളുടെ തിളക്കം കെടുത്തികൊണ്ടിരിക്കുന്ന ഇത്തരം സ്ത്രീവിരുദ്ധമായ ചില സംഗതികളിലേക്കു നമ്മുടെ വികസന സമീപനങ്ങള്‍ വിരല്‍ ചൂണ്ടേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തില്‍ ജനകീയാസൂത്രണത്തിന്റെ പങ്ക്

1995 ലെ മാനവ വികസന റിപ്പോര്‍ട്ട്, ശാക്തീകരണമെന്നത് പങ്കാളിത്തമാണെന്നതിന് ഊന്നല്‍ നല്‍കുന്നു. വികസനം ജനങ്ങളാല്‍ തന്നെ (by people) ആകണം; അവര്‍ക്കു വേണ്ടി (for them) ആകരുത്. തങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്ന പ്രക്രിയകളിലും തീരുമാനങ്ങളിലും ജനങ്ങള്‍ സജീവമായി പങ്കെടുക്കണം. സ്ത്രീകളുടെ കഴിവ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും സ്വയം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ ശാക്തീകരിക്കുന്നതും അതില്‍തന്നെ വിലപ്പെട്ടതാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കും സമഗ്ര വികസനത്തിനും ഇത് നിശ്ചയമായും സഹായകരമാകും. ഉയര്‍ന്ന ജനസംഖ്യാനിരക്ക്, പരിസ്ഥിതിനാശം, സ്ത്രീകളുടെ താഴ്ന്നപദവി തുടങ്ങി എല്ലാ സാമൂഹികതിന്മകള്‍ക്കും ഒരു മറുമരുന്നായാണ് ശാക്തീകരണത്തെ വീക്ഷിക്കുന്നത്.

വികസനത്തിന്റെ മേഖലയില്‍, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് 80 കളില്‍ പ്രചാരംനേടിയ ഒരു ആശയമാണ് ശാക്തീകരണം (empowerment). അടിസ്ഥാനതല പരിപാടികളില്‍ മുതല്‍ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍വരെ ക്ഷേമം, സ്ത്രീകളെ ഉദ്ധരിക്കുക, സാമൂഹികപങ്കാളിത്തം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി വികസനത്തിന്റെ ലക്ഷ്യങ്ങളും ഇടപെടലുകളും ശാക്തീകരണം എന്ന പദത്തില്‍ ഉള്‍പ്പെടും. ബൃഹത്തായ പല പദ്ധതികളും ഇന്നാരംഭിക്കുന്നത്, പാവപ്പെട്ടവരെയും പ്രത്യേകിച്ച് സ്ത്രീകളെയും, ‘ശാക്തീകരിക്കുക’ എന്ന പ്രത്യക്ഷ ഉദ്ദേശ്യത്തോടുകൂടിയാണ്. 
ഈ അര്‍ത്ഥത്തില്‍ പരിശോധിയ്ക്കുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഒരു അളവുവരെയെങ്കിലും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ആയിട്ടുണ്ട്. അതിനു പ്രധാന കാരണമായത് 73, 74 ഭരണഘടനാ ഭേദഗതികളാണ്.

എല്ലാ സംവിധാനങ്ങളിലും പ്രാതിനിധ്യം
വനിതാവികസന വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു.
എല്ലാ വർക്കിംഗ് ഗ്രൂപ്പുകളിലും 30% സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കി. 

ഗ്രാമസഭയിൽ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകൾ സജീവ പങ്കാളികളായി. എല്ലാ വിഷയ ഗ്രൂപ്പുകളിലും ഗ്രാമസഭകളിലും ചർച്ചകൾക്കു നേതൃത്വം കൊടുക്കാൻ വനിതാ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ ഉണ്ടായി. സ്ത്രീകൾ അനുഭവിക്കുന്ന വികസന പ്രശ്നങ്ങൾ, വിവേചനം, ചൂഷണം, അതിക്രമങ്ങൾ എന്നിവ ഗ്രാമീണ ജനങ്ങൾക്കിടയിൽ ആദ്യമായി ചർച്ചചെയ്യപ്പെട്ടു. ഇത്തരം ചർച്ചയിൽ നിന്ന് ഉയർന്നു വന്ന പരിഹാര നിർദ്ദേശങ്ങൾ ആണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഇടംപിടിച്ചത്.

ജില്ലാതലത്തിലും പ്രാദേശികതലത്തിലും നടന്ന പരിശീലനങ്ങളിൽ ധാരാളം സ്ത്രീകൾ സജീവമായി പങ്കെടുത്തു.
ഓരോ വിഷയ ഗ്രൂപ്പുകളിൽ നിന്നുംരണ്ടുപേർ (അതിൽ ഒരാൾ സ്ത്രീ) വികസന സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വികസന സെമിനാറിൽ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലെയും ഗ്രാമസഭയിൽ നിന്നുള്ള പ്രതിനിധികളും, വിദഗ്ദ്ധരും, പരിചയ സമ്പന്നരും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് രൂപംകൊണ്ട വികസനരേഖയിൽ ഒരു അദ്ധ്യായം വനിതാക്ഷേമം ആണ്. സ്ത്രീകളുടെ അവസ്ഥാവിശകലനം, സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പരിഹാരനിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ അദ്ധ്യായം പദ്ധതിരേഖയിൽ നിർബന്ധമാക്കി.

പദ്ധതിരേഖ തയ്യാറാക്കുമ്പോൾ വനിതക്ഷേമം എന്ന അദ്ധ്യായത്തിൽ വികസനമേഖലയിലെ പദ്ധതികൾ എന്തൊക്കെ, ലക്ഷ്യമെന്ത്, ഉദ്ദേശിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ എന്ന് ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ടായി. 
മറ്റ് വിഷയ മേഖലകളിലെ പദ്ധതികൾക്കും സ്ത്രീപരിഗണന നിർബ്ബന്ധമായി. തന്നെയുമല്ല ഓരോ പദ്ധതിയുടെ ഫോർമ്മാറ്റിലും ഈ പദ്ധതി സ്ത്രീകളുടെ പദവിയെ എങ്ങനെ ബാധിക്കും എന്ന പരാമർശം ചേര്‍ക്കുവാന്‍ നിഷ്കര്‍ഷിച്ചു. 

സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 10 ശതമാനം എങ്കിലും നിർബ്ബന്ധമാക്കി. ഇതിനെ വനിതാ ഘടക പദ്ധതി എന്ന് വിളിച്ചു വരുന്നു.
ലിംഗനീതിയില്‍ അധിഷ്ഠിതമായ വികസന കാഴ്ചപ്പാട് പ്രചരിപ്പിക്കുവാൻ നിർദ്ദേശിച്ചു.

ആവശ്യമായ പ്രാതിനിധ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഇനിയും നിയമസഭ/പാർലമെന്റ് മണ്ഡലങ്ങളിൽ നേടിയെടുക്കാനുണ്ട്. ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലെങ്കിലും ലിംഗാടിസ്ഥാനത്തിലുള്ള പരിഗണനകളും ചേരുവകളും നടപ്പിലാക്കി വന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ ലിംഗരാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യം സാവധാനം നേടിയെടുക്കാനാവും. അതിന് ഏത് ആശയം ഉയർത്തിപ്പിടിക്കുന്നു എന്നതോടൊപ്പം ആരാണ് അതിനുവേണ്ടി തിരഞ്ഞെടുക്കപ്പെണ്ടേത് എന്നത് വളരെ പ്രധാനമാണ്.
മതിയായ പ്രാതിനിധ്യം പങ്കാളിത്തത്തിലേയ്ക്ക് എത്തിച്ചേരേണ്ടതുണ്ട്. ഒരു പരിധിവരെ ആഗ്രഹിച്ച രീതിയിൽ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ താഴെ സൂചിപ്പിക്കുന്ന ചില ഘടകങ്ങൾ ഇപ്പോഴും ഒരു സമ്മർദ്ദ ഗ്രൂപ്പായി നിലനിൽക്കാൻ തടസ്സമായി നിൽക്കുന്നുണ്ട്.

1.    തീരുമാനമെടുക്കൽ പുരുഷന്മാർ മാത്രം ചെയ്യേണ്ടതാണെന്ന ധാരണ.
2.    ഗാർഹിക ജോലിയോളം കഴിവ് രാഷ്ട്രീയ പ്രവർത്തനത്തിൽ തങ്ങൾക്കില്ല എന്ന ധാരണ.
3.    രാഷ്ട്രീയം അക്രമാസക്തമാണെന്നും അതിൽ പുരുഷന്മാരാണ് കൂടുതൽ കഴിവുള്ളവർ എന്നുമുള്ള മിഥ്യാധാരണ.
4.    പുരുഷകേന്ദ്രീകൃത അധികാരഘടന (ഫ്യൂഡൽ/ മുതലാളിത്ത വ്യവസ്ഥ). 
5.    തങ്ങൾക്ക് ലഭിച്ച പുതിയ റോൾ സംബന്ധിച്ച ധാരണക്കുറവ് / പരിചയക്കുറവ് / കഴിവില്ലായ്മ / തയ്യാറില്ലായ്മ / റോളുകൾ മാറുന്നതിൽ സമൂഹം സൃഷ്ടിക്കുന്ന തടസ്സങ്ങൾ.
6.    പ്രക്രിയകളെ കുറിച്ചുള്ള അറിവില്ലായ്മ.
7.    താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയൊപ്പം തന്നെ പ്രത്യേക വനിതാ പ്രശ്നങ്ങളും വിഷയങ്ങളും ഉയർത്തുന്നതിനുള്ള ധാരണ ഇല്ലായ്മ /തയ്യാറില്ലായ്മ.
8.    സമൂഹത്തിലെ പുരുഷാധിപത്യ മൂല്യവ്യവസ്ഥ ( മതം , ജാതി, കുടുംബം മുതലായവ). 
9.    നിർബ്ബന്ധിത പ്രാതിനിധ്യം.

മേൽ തടസ്സങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ ഈ തടസ്സങ്ങൾ ഒക്കെ നിലനിൽക്കുമ്പോഴും നമ്മുടെ വനിതാ ജനപ്രതിനിധികൾ ഇവ ഒന്നൊന്നായി മറികടക്കാൻ ശ്രമിച്ചു വരുന്നു എന്നതും ഏറ്റവും മികച്ച പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനിതാ അദ്ധ്യക്ഷമാരുടെ കീഴിലുണ്ട് എന്നതും ഏറെ ആശാവഹമാണ് .

വനിതാ ഘടകപദ്ധതി 

ഓരോ പ്രദേശത്തെയും സ്ത്രീകൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ കണ്ടെത്താൻ വേണ്ട ശ്രമങ്ങൾ തദ്ദേശ സ്വയംഭരണ സർക്കാരുകൾ ഏറ്റെടുത്തിരുന്നു. സ്ത്രീകളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ളിലും പുറത്തും ഉണ്ടാകുന്ന സവിശേഷ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ഗ്രാമസഭകളിലെ വനിതാ വിഷയ ഗ്രൂപ്പുകൾ വേദിയായി.

ഈ ചർച്ചകൾ വികസനരേഖയിലെ വനിതാ വികസന അദ്ധ്യായത്തിലും പ്രതിഫലിച്ചു. ഇത് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പദ്ധതി രൂപീകരണ മാര്‍ഗ്ഗരേഖയിൽ 1997-98 വാർഷിക പദ്ധതിയിൽ 10 ശതമാനം തുക സ്ത്രീകൾക്ക് നേരിട്ടു ഗുണകരമാകുന്ന പദ്ധതികൾക്ക് നീക്കിവെക്കണമെന്നും പൊതു പദ്ധതികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശമുണ്ടായി.

ആസൂത്രണത്തിലെ മുന്‍കാല സമീപനങ്ങളില്‍ 
നിന്നുള്ള വ്യത്യസ്തതകള്‍ 

മുന്‍കാല സമീപനം

ലിംഗപദവി സമീപനം

സ്ത്രീകള്‍ ആസൂത്രണ പ്രക്രിയയിലെ ഒരു ഉന്നം മാത്രം (Target)

സ്ത്രീകളുടെ പങ്കാളിത്തവും നിയന്ത്രണവും ഉറപ്പുവരുത്തുന്നു

സ്ത്രീകളെ, വീട്ടമ്മ, മാതൃത്വം, അനുബന്ധ വരുമാനം തുടങ്ങി ലിംഗപദവി റോളുകളുമായി ബന്ധപ്പെടുത്തുന്നു

അധികാരബന്ധങ്ങളെ പരിഗണിക്കുകയും നീതി നിഷേധങ്ങളും വ്യത്യസ്തതകളെയും കണക്കിലെടുക്കുകയും ചെയ്യുന്നു

സ്ത്രീകള്‍ നിർജ്ജീവ ഗുണഭോക്താക്കള്‍ മാത്രം

സ്ത്രീകള്‍ സജീവ പങ്കാളികള്‍

പ്രായോഗിക ആവശ്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന

പ്രായോഗിക ആവശ്യങ്ങള്‍ക്കൊപ്പം നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കും മുന്‍ഗണന

പൊതുവികസനത്തിന്റെ ഭാഗമായി മാത്രം പരിഗണിക്കുന്നു.

സ്ത്രീകളുടെ ആവശ്യങ്ങള്‍ പ്രത്യേകം പരിഗണിക്കപ്പെടുന്നു

ക്ഷേമ സമീപനം മാത്രം

ശാക്തീകരണ സമീപനം

സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം

പൊതുസമൂഹത്തിന്റെ മനോഭാവമടക്കം എല്ലാ ലിംഗ ലൈംഗിക ലക്ഷ്യം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം

ആസൂത്രണം, നിർവ്വഹണം, മേല്‍നോട്ടം തുടങ്ങിവയ്ക്ക് സംഘടനാ സംവിധാനമുണ്ടാ യിരുന്നില്ല

ആസൂത്രണം, നിർവ്വഹണം, മേല്‍നോട്ടം തുടങ്ങിവയ്ക്ക് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘടനാ സംവിധാനങ്ങള്‍

ലിംഗപദവി ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല

സ്ത്രീകള്‍ക്കിടയിലുള്ള വ്യത്യസ്തത, ലിംഗപദവി ആവശ്യങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്നു

 


അങ്ങിനെ ജനകീയാസൂത്രണത്തിലെ സ്ത്രീപരിഗണനയുടെ കേന്ദ്രബിന്ദുവായ ‘വനിതാ ഘടക പദ്ധതി’ രൂപംകൊണ്ടു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് എല്ലാ തദ്ദേശ സ്വയംഭരണ സർക്കാരുകളും സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾക്ക് പരിഹാരമായി 10 ശതമാനം തുക പദ്ധതി വിഹിതത്തില്‍ നിന്ന് നീക്കിവയ്ക്കുന്നത്. പദ്ധതിയുടെ ആദ്യ വാർഷിക പദ്ധതിയിൽ 10 ശതമാനം ഉണ്ടായില്ല. എന്നാൽ 1998-99 പദ്ധതി മുതൽ 10 ശതമാനം തുകയെങ്കിലും നിർബ്ബന്ധമായി വനിതാഘടക പദ്ധതിക്കായി നീക്കിവെക്കണമെന്ന് മാര്‍ഗ്ഗരേഖയിൽ നിർദ്ദേശിച്ചു. ഇതു കൂടാതെ പൊതു പദ്ധതികളിൽ സ്ത്രീകൾക്ക് മുൻഗണ നല്‍കേണ്ടതുണ്ട്. 

കുടുംബശ്രീ പ്രസ്ഥാനം

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യ കാലഘട്ടത്തില്‍ ദാരിദ്ര്യം കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ ഓരോ പ്രദേശത്തും കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. ആ ഇടങ്ങളെ “ദാരിദ്ര്യ തുരുത്തുകള്‍” എന്ന് വിളിച്ചുപോന്നു. ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള തീവ്രമായ ആലോചനയുടെ ഭാഗമായി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ രൂപംകൊണ്ടു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സമഗ്രമായ സാമൂഹ്യാധിഷിടിത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ആദ്യ സി.ഡി.എസ് ആലപ്പുഴയില്‍ രൂപംകൊണ്ടത്‌. 1998 മെയ്‌ 17 നാണ് മലപ്പുറത്ത്‌ വെച്ച് കുടുംബശ്രീ പ്രവര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 2002 ഓടു കൂടി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഇത് വ്യാപിച്ചു. സ്ത്രീശാക്തീകരണത്തിലൂന്നിയ സാമ്പത്തിക - സാമൂഹ്യ ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിർമ്മാർജ്ജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം. കേവലം വായ്പാ പദ്ധതികളിലൂടെ ആരംഭിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇന്ന് മൈക്രോ ക്രെഡിറ്റ്‌ സംരംഭങ്ങളിലേയ്ക്കും അതിലുമുപരി അനേകം വൈവിദ്ധ്യമാര്‍ന്ന രംഗങ്ങളിലേയ്ക്കും വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്യൂണിറ്റി ശൃംഖലയാണ് കുടുംബശ്രീ. സ്വതന്ത്ര വനിതാ കൂട്ടായ്മയായ അയൽക്കൂട്ടത്തിന്റെ ഭരണപരവും സംഘടനാപരവുമായ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശാസവും മുഖേന സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടുന്നു. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്. കുടുംബശ്രീ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഒട്ടേറെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ-ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തി വരുന്നുണ്ട്.

ജാഗ്രതാ സമിതി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍, പീഡനങ്ങള്‍, സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവയില്‍ ഇടപെട്ട് സ്ത്രീകളുടേയും കുട്ടികളുടേയും പക്ഷത്തു നിന്നു കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിക്കൊടുക്കുവാനും അവര്‍ക്ക് നീതി ലഭ്യമാക്കുവാനും തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുതലത്തിലും ഗ്രാമപഞ്ചായത്ത്/നഗരസഭാതലത്തിലും ജില്ലാ പഞ്ചായത്ത്‌ തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളാണ് ജാഗ്രതാസമിതികള്‍. സംസ്ഥാന വനിതാ കമ്മീഷന്റെ ഭാഗമായി ഇവ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ വിധത്തിലുള്ള അതിക്രമങ്ങളെയും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഈ സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ കഴിയും. അതിനു കെല്‍പ്പുള്ളതാക്കി തീര്‍ക്കുന്ന എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജെന്‍ഡര്‍ വിദഗ്ദ്ധരും ചേര്‍ന്നതാണ് ഈ സമിതി. 

ജെന്‍ഡർ റിസോഴ്സ് സെന്റര്‍

നിലവിലുള്ള സാമൂഹ്യസ്ഥിതിയില്‍ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അവരുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയർത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലുമായി നടക്കുന്ന പ്രവർത്തനങ്ങളെ കുറേക്കൂടി കാര്യക്ഷമമാക്കേണ്ടതുണ്ട്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സവിശേഷ പ്രശ്നങ്ങളില്‍ പ്രാദേശികമായി ഇടപെടേണ്ടതുമുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഏകോപനവും സംയോജനവും ഏറെ പ്രധാനമാണ്. ഇതുവരെ നടന്ന പ്രവർത്തനങ്ങളില്‍ നിന്ന് കുറേക്കൂടി മുന്നോട്ട് പോകുന്നതിനും ലിംഗസമത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിന് വേണ്ടി ബോധപൂർവ്വമായ ഇടപെടല്‍ നടത്തുന്നതിനുമുള്ള ഒരു പുതിയ സംവിധാനമാണ് ജെന്‍ഡർ റിസോഴ്സ് സെന്റർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ വികസനം ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന എല്ലാ പ്രവർത്തനങ്ങള്‍ക്കും മാര്‍ഗ്ഗനിർദ്ദേശവും പിന്തുണയും നല്‍കുന്ന ഒന്നാണ് ജെന്‍ഡർ റിസോഴ്സ് സെന്റർ. വനിതാ പദ്ധതികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടർച്ചയായ സഹായം നല്‍കല്‍ കൂടി ലക്ഷ്യമിടുന്ന ഈ സംവിധാനം പതിമൂന്നാം പദ്ധതിയോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ രൂപംകൊണ്ട് പ്രവര്‍ത്തിക്കുന്നത്.

വകുപ്പ് തല പ്രവര്‍ത്തനങ്ങളുടെ സംയോജനത്തിന്റെ പ്രാധാന്യം

പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കുന്നതിന് അത്യാവശ്യം വേണ്ട സമീപനമാണ് സംയോജിത സമഗ്ര സമീപനം. സംയോജിതം എന്നാല്‍ പല വകുപ്പുകളിലുമുള്ള സമാന പദ്ധതികളെ യോജിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുക എന്നാണ്. അടിസ്ഥാന സൗകര്യം, വികസനം, കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് പദ്ധതികളും സമഗ്രമായ ഇടപെടലുകളും കേന്ദ്ര സംസ്ഥാന പ്രാദേശിക സർക്കാരുകള്‍ നടത്തി വരികയാണ്. ഇതില്‍ മിക്ക പദ്ധതികളും സമാന സ്വഭാവമുള്ളവയാണ്. ഇവിടെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക്. പദ്ധതികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്നതിലൂടെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാകുന്നത് സുതാര്യവും വേഗത്തിലും ആകുന്നു. 

ജെൻഡർ ബജറ്റിംഗ്

തദ്ദേശ സർക്കാരുകളുടെ പദ്ധതികളുടെ സാമ്പത്തിക നടത്തിപ്പിനു വേണ്ടി തയ്യാറാക്കുന്ന ബജറ്റില്‍ പണം വകയിരുത്തുമ്പോള്‍ മുഴുവന്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും മറ്റ് ലിംഗവിഭാഗങ്ങള്‍ക്കും നീതിപൂർവ്വകമായി വിഹിതം ലഭിക്കുന്നതിനുള്ള ധനകാര്യ ആസൂത്രണം നടത്തേണ്ടതുണ്ട്. ഇതാണ് ജെൻഡർ ബജറ്റിംഗ്. ജെൻഡർ ബജറ്റ് ഒരു പ്രത്യേക ബജറ്റ് അല്ല. ബജറ്റ് പ്രക്രിയയില്‍ സ്ത്രീകളുടെ ആവശ്യങ്ങളും മുന്‍ഗണനകളും ഉൾച്ചേർത്തുകൊണ്ട് ആളുകളുടെ മനോഭാവ മാറ്റത്തിലൂടെ സാമൂഹിക മാറ്റത്തിനും സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള ഇടപെടലാണ് ഇത്. സ്ത്രീശാക്തീകരണത്തിനും സർക്കാരുകളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്‍ഗണനകളില്‍ ലിംഗനീതി പ്രതിഫലിപ്പിക്കുന്നതിനും, നയരൂപീകരണവും പ്രഖ്യാപനവും ലിംഗപദവി തുല്യതക്ക് അനുകൂലമാക്കുന്ന രീതിയില്‍ നടപ്പിലാക്കുന്നതിനും, ബജറ്റിന്റെ ഓരോ ഘട്ടത്തിലും സുതാര്യത, പങ്കാളിത്തം, സാമൂഹ്യനീതി, അക്കൗണ്ടബിലിറ്റി മുതലായവ ഉറപ്പ് വരുത്തുവാനും ലക്ഷ്യമിട്ടുള്ളതാണ് ജെൻഡർ ബജറ്റ്. ധനവിഭവ വിതരണത്തില്‍ സ്ത്രീപുരുഷ തുല്യതയും സ്ത്രീകള്‍ക്ക് തുല്യനീതിയും ഉറപ്പ് വരുത്തിയും സ്ത്രീകള്‍ക്കിടയില്‍ തന്നെയുള്ള ദുർബല വിഭാഗങ്ങളുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വികസന ക്ഷേമപ്രവർത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയും ഇത് നടപ്പിലാക്കാം. ധനവിഭവങ്ങളിലുള്ള പ്രാപ്യതയും നിയന്ത്രണവും ഉറപ്പ് വരുത്തി അസമത്വം അവസാനിപ്പിച്ച് സ്ത്രീശാക്തീകരണം സാദ്ധ്യമാക്കാനനുള്ള ഒരു ടൂളാണ് യഥാർത്ഥത്തിൽ ജെൻഡർ ബജറ്റ്. ജെന്‍ഡർ ബജറ്റിംഗില്‍ സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനായി എല്ലാ വിഭാഗങ്ങളെയും പ്രത്യേകം പരിഗണിക്കണം.

ജെൻഡർ സൗഹൃദ തദ്ദേശ ഭരണം

ഇന്ന് നമ്മുടെ തദ്ദേശ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ സൗഹൃദ സ്ഥാപനങ്ങളായി മാറുവാന്‍ വേണ്ടതായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അതിനു താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.
1.    മുഴുവൻ ലിംഗ വിഭാഗങ്ങൾക്കും പങ്കാളിത്തമുള്ള രീതിയിൽ സാമ്പത്തിക വികസനവും ഉപജീവനമാര്‍ഗ്ഗങ്ങളും ലഭ്യമാവുക. താരതമ്യേന പിന്നോക്കം നിൽക്കുന്ന സ്ത്രീകൾ പ്രത്യേകമായി പരിഗണിക്കപ്പെടുക.
2.    മറ്റു് ലിംഗ, ലൈംഗിക വിഭാഗങ്ങളുടെയും സവിശേഷ സാഹചര്യങ്ങളും പ്രശ്നങ്ങളും ഒന്നൊന്നായി വിലയിരുത്തിക്കൊണ്ട് സാമൂഹ്യ വികസനം നടപ്പിലാക്കുക. 
3.    വിഭവങ്ങളും സേവനങ്ങളും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കുക.
4.    എല്ലാ വിഭാഗം വ്യക്തികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്കായി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുക.
5.    സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വേദികളിൽ എല്ലാം സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യവും ഫലപ്രദവുമായ പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടാവുക. 
6.    എല്ലാ ജനപ്രതിനിധികൾക്കും ഭരണനിർവ്വഹണത്തിൽ ഒരുപോലെ കഴിവുകൾ പ്രകടിപ്പിക്കാനാവുക. 
7.    ലിംഗസമത്വത്തിനായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും സ്കീമുകളും ആവശ്യക്കാർക്ക് എല്ലായ്പ്പോഴും സഹായകരമാവുക.

പ്രതിഫലനങ്ങൾ

പ്രാദേശിക സർക്കാർതലത്തില്‍ ലിംഗപദവി (Gender)എന്നത് ആഴത്തിലുള്ള ചർച്ചയ്ക്ക് വിധേയമായി. സ്ത്രീകള്‍ക്കനുകൂലമായ ചിലനേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ധാരാളം സ്ത്രീ കൂട്ടായ്മകൾ ഉയർന്നുവന്നു. വനിതാ ജനപ്രതിനിധികൾ ഇവർക്ക് നേതൃത്വം നൽകി. വികസനവുമായി ബന്ധപ്പെട്ട ഏത് സമിതികൾ രൂപീകരിക്കുമ്പോഴും സ്ത്രീ പ്രാതിനിധ്യം അവിഭാജ്യ ഘടകമായി. നിര്‍ണ്ണായക ഘട്ടങ്ങളിൽ അഭിപ്രായം പറയാനും ഉറച്ചു നിൽക്കാനും കുറച്ചുപേരെങ്കിലും തയ്യാറായി. പൊതുവേദികളിൽ സ്ത്രീകൾ പലരും അതിനായി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ തയ്യാറായി. കുടുംബത്തിന്റെ പിന്തുണയാർജ്ജിക്കാൻ ചിലർക്കെങ്കിലും സാധിച്ചു. ഗാർഹികാദ്ധ്വാനം പങ്കുവെയ്ക്കൽ, കുടുംബത്തിലും തൊഴിലിടങ്ങളിലും ഉള്ള ചൂഷണവും അതിക്രമങ്ങളും എന്നിവ ചർച്ചയായി. ദാരിദ്ര്യനിർമ്മാർജനത്തിലേക്ക്, വാസയോഗ്യമായ പാർപ്പിടത്തിലേക്ക്, കുടിവെള്ള ലഭ്യതയിലേക്ക്, നല്ല ശുചിത്വ സംവിധാനത്തിലേക്ക്, സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കുന്നതിലേക്ക്, അവരിലെ അപകർഷതാബോധം മാറ്റി വിശ്വാസത്തിലേക്ക് നയിക്കുന്നതിലേക്ക് ഒരു പരിധി വരെ ഈ പ്രസ്ഥാനത്തിന് സാധിച്ചു. തുടർന്നുവന്ന വിവരാവകാശ നിയമം, തൊഴിലുറപ്പ് നിയമം, ചെറുകിട സംരംഭങ്ങൾ, ആശ്രയപദ്ധതി, പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഇവയ്ക്കെല്ലാം ഊർജ്ജംപകർന്നത് ജനകീയാസൂത്രണ പരിപാടിയായിരുന്നു.
പതിമൂന്നാം പഞ്ചവത്സരപദ്ധതിയിൽ എത്തിനിൽക്കുമ്പോൾ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, കുടിവെള്ളം, ശുചിമുറി, തൊഴിൽ/വരുമാനം തുടങ്ങിയവ പ്രാദേശികതലത്തിൽ പരിഗണിക്കപ്പെട്ടു എന്ന് കാണാൻ സാധിക്കും. 

പാരമ്പര്യേതര പരിപാടികളില്‍ ചിലതായ ഡ്രൈവിംഗ് പരിശീലനം, സൈക്ലിംഗ്, സ്വയം പ്രതിരോധ പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, വനിതാ ട്രാൻസ്പോർട്ട്, പാരാമെഡിക്കൽ പരിശീലനം, കമ്യൂണിറ്റി കോളേജ്, ഇലക്ട്രിക് ഉപകരണങ്ങൾ കൈകാര്യംചെയ്യൽ, റിപ്പയറിങ്ങില്‍ പരിശീലനം, ലിംഗപദവി വിദ്യാഭ്യാസ പരിശീലനം, കൗമാരക്കാർക്കും വീട്ടമ്മമാർക്കും അതിക്രമങ്ങൾക്കും ചൂഷണത്തിനുമെതിരെ സ്വയംപ്രതിരോധ പരിശീലനം, കലാകായിക മത്സരങ്ങൾ എന്നിവ പരിഗണിക്കപ്പെട്ടിട്ടുണ്ട്. 
കുടുംബശ്രീയുടെ ആവിർഭാവവും പ്രവർത്തനങ്ങളും ഒട്ടേറെ ചലനങ്ങൾ ഗ്രാമീണ സ്ത്രീകൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളും ആശ്രയ തൊഴിലുറപ്പ് പദ്ധതികളുടെ നേതൃത്വവും, സ്ത്രീകളിലേക്കെത്തുന്നതിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ നിര്‍ണ്ണായകമായിട്ടുണ്ട്. 
സ്ത്രീകളുടെ സംഘടനാശേഷി, ധന മാനേജ്മെൻറ്, വ്യക്തിത്വ വികസനം, സാമ്പത്തിക വികസന പ്രവർത്തനങ്ങളിലുള്ള ഇടപെടൽ, കുടുംബത്തിലും സമൂഹത്തിലും അംഗീകാരം, ഗ്രാമസഭകളിലും പൊതുയോഗങ്ങളിലും പങ്കാളിത്തം എന്നിവ വർദ്ധിച്ചിട്ടുണ്ട്.

പോരായ്മകള്‍, വെല്ലുവിളികള്‍ 
സ്ത്രീകളുടെ പദവി


പ്രാതിനിധ്യത്തില്‍ മുഴുവനായും പങ്കാളിത്തത്തിലും നേതൃത്വത്തിലും ഒരു പരിധി വരെയും മുന്നോട്ടുപോകാന്‍ കഴിഞ്ഞതായി അവകാശപ്പെടുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ സാംസ്കാരിക പദവി ഉയര്‍ത്തുന്നതില്‍ വേണ്ടത്ര അളവില്‍ നാം മുന്നോട്ടു പോയില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന സവിശേഷ പ്രശ്നങ്ങളുടെ മൂല കാരണങ്ങള്‍ അന്വേഷിച്ച് പരിഹാരം കാണുന്നതില്‍ വിജയിച്ചിട്ടില്ല. സാമൂഹ്യപദവി അളക്കുന്നതിനുള്ള സൂചകങ്ങളായ തീരുമാനമെടുക്കാനുള്ള അധികാരം, സഞ്ചാരസ്വാതന്ത്ര്യം, ദൃശ്യത, വിജ്ഞാന വർദ്ധനവ്, വൈദഗ്ദ്ധ്യ വർദ്ധനവ്, വിനോദ സാദ്ധ്യത മുതലായ ഘടകങ്ങൾ വിലയിരുത്തിയതിൽ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് പ്രതീക്ഷിച്ച തോതില്‍ കഴിഞ്ഞിട്ടില്ല എന്ന് കാണുന്നു. സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം ലഭ്യമായിട്ടുള്ളതായിട്ടുണ്ടെങ്കിലും നേതൃത്വപരമായ ഇടപെടലിന്റെ അഭാവം ഉള്ളതായി കാണപ്പെടുന്നു .

നിലവിലുള്ള സാഹചര്യങ്ങളില്‍ വികസനപദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ആസൂത്രകര്‍ കാണാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. കുടുംബം എന്നത് ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ മക്കളും അടങ്ങിയതാണെന്ന മുന്‍ധാരണയാണ് മിക്കവര്‍ക്കും. പുരുഷന്‍ കുടുംബത്തലവന്‍ എന്ന നിലയില്‍ പുറത്ത് വരുമാനം ലഭിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്നും, കുടുംബത്തിനകത്തെ ജോലികളും പ്രത്യുല്പാദന ഉത്തരവാദിത്വങ്ങളും സ്ത്രീകള്‍ ചെയ്യേണ്ടവയാണെന്നും അവര്‍ വിശ്വസിക്കുന്നു. കുടുംബത്തിനകത്ത് വിഭവങ്ങളുടെ നിയന്ത്രണത്തിലും തീരുമാനമെടുക്കല്‍ പ്രക്രിയയിലും പുരുഷന്മാര്‍ക്കാണ് അധികാരമെന്നും അവര്‍ വിശ്വസിക്കുന്നു. ലിംഗപരമായ തൊഴില്‍ വിഭജനം സ്വാഭാവികമായി കരുതുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമങ്ങളും ഈ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചാലേ ഈ മുന്‍വിധികള്‍ മാറുകയുള്ളു.

“വികസനവും സ്ത്രീകളും” എന്ന ആശയത്തില്‍ നിന്നും “വികസനവും ലിംഗപദവിയു”മെന്ന ആശയത്തിന്റെ പ്രായോഗികവല്ക്കരണത്തിലേയ്ക്ക് എത്തിച്ചേരുവാന്‍ കാലം നമ്മോടു ആവശ്യപ്പെടുന്നു. താഴ്ന്ന പദവിക്കുള്ള കാരണങ്ങള്‍ പുരുഷാധിപത്യ മൂല്യങ്ങളാണന്നും സ്ത്രീകള്‍ക്കെതിരായ ചൂഷണം ഏറ്റവും ആദ്യമായി അരങ്ങേറുന്നത് മഹാനായ എംഗല്‍സ് സൂചിപ്പിച്ചത് പോലെ കുടുംബത്തില്‍ തന്നെയാണെന്നും ജനാധിപത്യം ആദ്യം നടപ്പില്‍ വരുത്തേണ്ടത് കുടുംബങ്ങളില്‍ തന്നെയാണെന്നും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ആവശ്യങ്ങൾ പോലും എന്തെന്ന് നിര്‍ണ്ണയിക്കുന്നത് മിക്കവാറും പുരുഷന്മാരാണ്. ലിംഗപദവി വീക്ഷണത്തിന്റെ കുറവാണ് ഇത് നൽകുന്ന പാഠം. അസമത്വ പൂര്‍ണ്ണമായ അധികാരബന്ധത്തെ ഇല്ലാതാക്കാന്‍ സ്ത്രീകളെ ശാക്തീകരിച്ചതു കൊണ്ട് മാത്രമായില്ല, തുല്യ അധികാരമുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരോട് തുടര്‍ച്ചയായി ആശയ സംവാദം നടത്തുകയും വേണം.

സ്ത്രീകളും തൊഴിലും

കേരളത്തിലെ വികസന സൂചികകൾക്ക് അനുപാതികമായ വളർച്ച സ്ത്രീകളുടെ തൊഴിൽ സുരക്ഷയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നുവേണം കരുതാൻ. പ്രായോഗിക ആവശ്യങ്ങളിലെ പ്രധാന ഘടകമായ തൊഴിൽ പദ്ധതി തയ്യാറാക്കുമ്പാള്‍ - കുടുംബശ്രീ/വനിതാ ഘടക പദ്ധതി മുഖേന ലക്ഷ്യംവെയ്ക്കുന്നത് പുരുഷന്റെ വരുമാനത്തിന് അനുപൂരകമായിട്ടുള്ള വരുമാനം എന്ന അര്‍ത്ഥത്തിലാണ്. കുറഞ്ഞ വേതനമെന്നത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ല. എന്തെങ്കിലുമൊരു തൊഴിൽ എന്നേ കാണുന്നുള്ളൂ. ന്യായമായ വേതനം ഉള്ള തൊഴിൽ എന്ന ലക്ഷ്യം ഉള്ളതായി കാണുന്നില്ല. തൊഴിൽ സംരംഭങ്ങൾ വനിതാ ഘടക പദ്ധതിയില്‍‍ നാമമാത്രമായേ ആരംഭിച്ചിട്ടുള്ളൂ. അവ തന്നെ സ്ഥായിയായി നിലനില്‍ക്കുന്നുമില്ല. സ്ത്രീകളുടെ ജോലിക്ക് മതിയായ വേതനം ലഭിക്കുന്നില്ല. സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും തൊഴിലിടങ്ങളില്‍ സൗഹൃദപരവുമായ അന്തരീക്ഷവും ഒരുക്കാന്‍ വേണ്ടത്ര കഴിഞ്ഞിട്ടില്ല. 

നിലവിലെ സാമൂഹിക സാഹചര്യത്തില്‍ തൊഴില്‍ രംഗങ്ങളില്‍ സ്ത്രീകള്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ തൊഴില്‍ സുരക്ഷിതത്വവും സുസ്ഥിര സംരഭകത്വ പ്രവര്‍ത്തന പ്രക്രിയയും ഉറപ്പാക്കാനാകുന്നില്ല. ഇത്തരം അനുഭവങ്ങള്‍ പുതിയ സംവിധാനങ്ങളിലേയ്ക്ക് കടന്നുവരുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നുണ്ട്. 
തൊഴിൽ രംഗത്ത് നിലനിൽക്കുന്ന അസമത്വവും സമ്പാദ്യത്തിലുള്ള അന്തരവും വിവേചനവും പ്രാഥമികമായി അഭിസംബോധന ചെയ്യപ്പെടണം. ഇതിനായി തുല്യതയുടെയും ജീവിത ഗുണനിലവാരത്തിന്റെയും അതിജീവനത്തിനായുള്ള ചെലവിന്റെയും അടിസ്ഥാനത്തിലുള്ള നിർബന്ധിത വേതനവും ഉറപ്പാക്കണം. നിലവിലുള്ള കുടുംബശ്രീ സംവിധാനങ്ങള്‍ക്ക് അകത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലടക്കം ഇത്തരത്തില്‍ അവകാശ ബോധം വളര്‍ത്താന്‍ നമുക്കാവുന്നില്ല. സ്ത്രീകളെ ഈ രീതിയില്‍ പരിചാരക വൃന്ദമാക്കി നിലനിറുത്തി കാലഘട്ടങ്ങളിലൂടെ മാറ്റമില്ലാതെ തുടർന്നു പോകുന്ന സ്ത്രീ-പുരുഷ തൊഴിൽ വിഭജനവും വീട്ടമ്മവല്‍ക്കരണവും നാം ഊട്ടി ഉറപ്പിക്കുകയാണ്. അര്‍ഹമായ വേതനത്തിനായി തൊഴിലാളികള്‍ നടത്തിവരുന്ന പോരാട്ടങ്ങളില്‍ ഇവര്‍ കൂടി കണ്ണിചേര്‍ക്കപ്പെടേണ്ടതുണ്ട്. ഇവർ ചെയ്യുന്ന ജോലികളും തൊഴിൽ എന്ന നിർവ്വചനത്തിൽ ഉൾപ്പെടേണ്ടതുണ്ട്. വരുമാനം കുറഞ്ഞ തൊഴിൽ മേഖലയിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് അവസാനിപ്പിക്കുന്നതിനായി സാങ്കേതിക, തൊഴിലധിഷ്ഠിത വിദഗ്ദ്ധ രംഗങ്ങളിലുള്ള വിദ്യാഭ്യാസവും പരിശീലനങ്ങളും ജോലിക്കുള്ള അവസരങ്ങളും സ്ത്രീകൾക്ക് ഉറപ്പാക്കണം. സ്ത്രീകളുടെ ഗാർഹിക അദ്ധ്വാനം മൂല്യരഹിതമായി കണക്കാക്കാതെ, വികസന നയത്തിന്റെ രൂപീകരണത്തിൽ ഉൾപ്പെടുത്താനായി അവരുടെ അദ്ധ്വാനത്തെ പുനർ നിർവ്വചിക്കണം. വേതനം ലഭിക്കുന്ന, വരുമാനം ഉണ്ടാക്കുന്ന തൊഴിലിന്റെ കണക്കുകളിൽ അവ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കണം. മാത്രമല്ല തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഹനിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ തൊഴിൽദാതാക്കൾ സ്വീകരിക്കുന്നുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. 

അതിക്രമങ്ങളും വിവേചനങ്ങളും

കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പദ്ധതികള്‍ പല രീതിയിലും നടപ്പാക്കാന്‍ മുതിര്‍ന്നു എങ്കിലും ഗാര്‍ഹിക സാമൂഹിക അന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല എന്ന് കാണാന്‍ കഴിയുന്നതാണ്. ഒരു പരിഷ്കൃത സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനു സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്ലാത്ത, സുരക്ഷിതമായ അവസ്ഥ ഉറപ്പാക്കുന്ന സമൂഹമായി നമ്മള്‍ മാറേണ്ടതുണ്ട്. ശരീരം, ലൈംഗികത എന്നിവയിന്മേലുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്ന് മാത്രമല്ല. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി സ്ത്രീ ശരീരം ആക്രമിക്കപ്പെടുകയാണ്. മറ്റു വികസന സൂചികകളെയൊക്കെ നിഷപ്രഭമാക്കുന്ന വിധത്തില്‍ കേരള സ്ത്രീകളുടെ സ്വാഭിമാനം ഇന്ന് വേട്ടയാടപ്പെടുന്നു. ഈ പ്രശ്നം എത്രയും അടിയന്തിരമായി പ്രാദേശിക സംവിധാനങ്ങളുടെ അജണ്ടയില്‍ ആദ്യ സ്ഥാനം പിടിക്കേണ്ടതുണ്ട്. ജാഗ്രത സമിതി ശക്തിപ്പെടുതുന്നതോടൊപ്പം പൊതുബോധത്തില്‍ രൂഢമൂലമായി കിടക്കുന്ന സ്ത്രീകളുടെ രണ്ടാം പദവി മാറ്റിയെടുക്കല്‍ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യമാണ്. 

ഒരു വനിതാ നയത്തിന്റെ പ്രാധാന്യം

ഇന്ത്യൻഭരണഘടന ഒരുവ്യക്തിക്ക് ഉറപ്പാക്കുന്ന എല്ലാ അവകാശങ്ങളും എല്ലാ ലിംഗ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്തം പ്രാദേശിക സർക്കാരുകൾക്ക് ഉണ്ട്. പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും ബഹുമുഖ ശേഷി വികസനത്തിന് സാഹചര്യം ഒരുക്കണം. പ്രസ്തുത ശേഷികളെ നവസാമൂഹിക സൃഷ്ടിക്കായി വിനിയോഗിക്കുന്ന നയം ഉണ്ടാകണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപന പരിധിക്കുള്ളിലെ സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലിടങ്ങളിലെ സൗഹൃദ അന്തരീക്ഷം, സാങ്കേതിക വൈദഗ്ദ്ധ്യത്തിലുള്ള വളർച്ച, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പദവി എന്നിവയിൽ എത്രമാത്രം വളർച്ച ലക്ഷ്യംവെക്കുന്നു എന്ന് തിട്ടപ്പെടുത്തണം. ദുർബ്ബല വിഭാഗങ്ങൾ, അവിവാഹിതരായ അമ്മമാര്‍, വിധവകൾ, ഒറ്റയ്ക്കായവർ, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലെ സ്ത്രീകൾ എന്നിവരുടെ ജീവിതഗുണ നിലവാരം, അംഗീകാരം, ശേഷിവികസനം എന്നിവ എത്രമാത്രം മെച്ചപ്പെടണമെന്ന് ലക്ഷ്യമാക്കണം. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ ഒരു വനിതാനയത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത് പോലെ തന്നെ തദ്ദേശ സ്ഥാപനങ്ങളും രൂപംനൽകേണ്ടതുണ്ട്. രാഷ്ട്രീയ-പൊതു-സാമൂഹിക മണ്ഡലത്തിൽ അവസരങ്ങൾ ഉറപ്പാക്കാൻ ഇവയെല്ലാം ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാനയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ വനിതാ നയമാണ് സ്ത്രീകള്‍ എന്ന രീതിയില്‍ പ്രത്യേകമായി അനുഭവിക്കുന്ന പ്രശ്നങ്ങളെ ഏതു രീതിയില്‍ നോക്കികാണുന്നു എന്നും പരിഹാരങ്ങള്‍ക്ക് സ്വീകരിക്കേണ്ട തന്ത്രങ്ങളെന്തെന്നും തീരുമാനിക്കുവാന്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പ്രാപ്തമാക്കുന്നത്. വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്. മേല്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രാദേശിക ഭരണകൂടത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും പുറത്തുനിന്നുള്ളവര്‍ക്ക് വ്യക്തമാകുന്നത് ഈ നയത്തിലൂടെയാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പങ്ക്

അധികാര വികേന്ദ്രീകരണം എന്ന ആശയം കൊണ്ടുവന്നതും വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കാന്‍ സാധിച്ചതും കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിച്ച ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. പങ്കാളിത്ത സ്വഭാവത്തോടെയുള്ള പ്രാദേശിക വികസനം സാമൂഹ്യ നീതിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നതുകൊണ്ട് തന്നെ അടിച്ചമർത്തപ്പെട്ടവരുടെ ഭേദപ്പെട്ട ജീവിതത്തിനു ഇത് സഹായകമാകുമെന്ന് ഇടതുപക്ഷം മുന്‍കൂട്ടി കാണുകയുണ്ടായി. അതിനനുസരിച്ച പൊതുബോധം ഉയര്‍ത്തിക്കൊണ്ട് വരുന്നതിലും താഴെത്തട്ട് വരെയുള്ള പ്രവര്‍ത്തകരെ എല്ലാ അര്‍ത്ഥത്തിലും വിന്യസിച്ച് ഈ ആശയത്തെ പ്രയോഗവല്‍ക്കരിക്കുന്നതിലും പുതിയൊരു വികസന സംസ്കാരം രൂപപ്പെടുത്തുന്നതിലും വലിയ അളവില്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും മറ്റു ബഹുജന സംഘടനകളുടെയും പ്രവർത്തകർ ചേർന്ന് ഇതിനെ ജനകീയ ആസൂത്രണ പ്രസ്ഥാനം ആക്കി മാറ്റി. പിന്നീട് മാറിമാറി വന്ന ഭരണ കര്‍ത്താക്കള്‍ക്ക് പിന്തിരിയാന്‍ പറ്റാത്ത വിധത്തില്‍ കെൽപ്പുള്ളതാക്കാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ ആദ്യ വര്‍ഷങ്ങളിലുണ്ടായ ജനപങ്കാളിത്തം ക്രമേണ കുറഞ്ഞുവരികയും ഉത്തരവുകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലേയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മാറുകയും ചെയ്തത് ഉദ്യോഗസ്ഥ ഭരണത്തിലേയ്ക്ക് സ്ഥിതിഗതി മാറുന്നതിനും യഥാര്‍ത്ഥ ജനാധിപത്യം ശോഷിച്ചു വരുന്നതിനും കാരണമായിട്ടുണ്ട്. കീഴ്ത്തലങ്ങളിലുള്ള ക്രിയാശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി സ്വയംഭരണ അധികാരത്തെ പുഷ്ടിപ്പെടുത്തുന്ന കാര്യത്തില്‍ നമ്മുടെ പ്രതിനിധികള്‍ കുറേക്കൂടി ജാഗരൂകരാകേണ്ടതുണ്ട്. ഇത് ഇടതുപക്ഷം ഗൗരവമായി പരിശോധിക്കണം. ആശയങ്ങളില്‍ നിന്നുള്ള വ്യതിയാനം രാഷ്ട്രീയ സംവിധാനങ്ങളില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഇടതുപക്ഷത്തിന്റെ ലിംഗ രാഷ്ട്രീയം അധികാര വികേന്ദ്രീകരണത്തിന്റെ ജെൻഡർ പരിഗണനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീ വിമോചന സിദ്ധാന്തങ്ങള്‍ അപ്പാടെ നടപ്പിലാക്കുവാന്‍ സാദ്ധ്യതകളുള്ള സംവിധാനം എന്ന കാഴ്ചപ്പാടിലല്ലെങ്കില്‍ പോലും നില നില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ തുല്യ അവസരങ്ങളും നീതിയും സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ വികേന്ദ്രീകൃത ജനാധിപത്യം കൊണ്ട് സാധിക്കുന്നതാണ്. സ്ത്രീകളെന്ന നിലയില്‍ അനുഭവിക്കുന്ന സവിശേഷ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അധിക സൗകര്യങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കേണ്ടതുണ്ട്. നമ്മുടെ വികസന അജണ്ട ഈ പോസിറ്റീവ് ജെൻഡർ പരിഗണന സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീ ജനത തങ്ങളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ ആശയപരമായി ശക്തരാവുകയും വിലപേശല്‍ ശേഷി വര്‍ദ്ധിച്ചവരായി മാറുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതിനു ആവുന്ന വിധത്തില്‍, അധികാര ശ്രേണിയെ തകര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ സമൂഹത്തില്‍ ലിംഗാവബോധം വളര്‍ത്തിയെടുക്കുക എന്നതും പ്രധാനമാണ്. 

References
Batliwala, S. (1994): “The Meaning of Women’s Empowerment: New Concepts from Action” in S. Giata, A. Germaine, and L. Chen. (eds.) Population Policies Reconsideration: Health, Empowerment and Rights, Harvard University Press: Cambridge.
Brydon Lynne , H. Chant Sylvia, (1989): Women in the Third World: Gender Issues in Rural and Urban Areas, Rutgers University Press. 
Devika, J. (2005): Modernity with Democracy? Gender and Governance in the People’s Plan Campaign, Keralam, CDS Working Paper: 368.
Devika, J. and Binitha V. Thampi (2007): “Between Empowerment and Liberation: The Kudumbashree Initiative in Kerala”, Indian Journal of Gender Studies 14, No. 1, pp. 33–59.
Eapen, Mridul and Thomas, Soya, (2005): Gender analysis of selected gram (village) panchayat plan Budgets Trivandrum District, Kerala, UNDP.
Isaac, Thomas T.M. and Harilal, K.N, (1997): “Planning for Empowerment: People’s Campaign for Decentralized Planning in Kerala”, Economic and Political Weekly, 32 (1-2): 53-58.
Isaac, Thomas T.M. and Richard W Franke (2001): Local Democracy and Development: People’s Campaign for Decentralized Planning in Kerala, Leftword: New Delhi.
Kochuthressia, M. M, (1994): Women and Political Change in Kerala since Independence, Unpublished Ph.D. thesis submitted to the Cochin University or Science and Technology, Cochin, Kerala. 
Kerala Institute of Local Administration (KILA), (2009): Women Component Plan and Development Approach - Handbook for Local Self Governments, KILA: Thrissur.
Kerala Institute of Local Administration (KILA), (2018): Gender Responsive Local Governance -Training Module (Part-I), KILA: Thrissur.
Mahalinga, K, (2014): “Women’s Empowerment through Panchayat Raj Institutions”, Indian Journal of Research, Vol. 3. No. 3. 
Muraleedharan. K, (2000): Dynamics of Women’s Participation in Development. The Kerala Experience, International Conference on Democratic Decentralization, May 23-27.
Nair, Nisha V, (2011): Mainstreaming Gender in Local Development and Governance: A Study of Selected Panchayats in Kottayam District, Kerala, Unpublished PhD thesis, Mahatma Gandhi University, Kottayam, Kerala. 
Ommen, M. A. Committee, (2009): Report of the Committee for Evaluation of Decentralized Planning and Development, Kerala Institute of Local Administration: Thrissur.
Paul, Jayasree, (2014): “Development Expenditure on Women Empowerment under Decentralisation in Kodassery Grama Panchayat in Thrissur District in Kerala”, International Journal of Business and Administration Research Review, Vol.I, No.2. 
Rajesh, K. (2011): വികേന്ദ്രീകൃതാസൂത്രണം – കേരളത്തിലെ അനുഭവങ്ങള്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: തൃശ്ശൂര്‍.
 Sakhi, (2008): Capacity Building and Sensitization: Good Practices in Gender Mainstreaming, Case Studies from India, UNDP.
Sahay, Sushma (1998): Women and Empowerment: Approaches and Strategies, Discovery Publishing House: New Delhi.
Sakuntala, N. (2005): Empowering Women: An Alternative Strategy from Rural India, Sage Publications: New Delhi. 
Seema, T.N. and Vanitha Nayak Mukherjee, (2000): ‘Gender, Governance and Citizenship in Decentralized Planning: The Experience of Peoples Campaign Kerala’.
Sharma, K. (1991-1992): “Grassroots Organisations and Women‘s Empowerment: Some Issues in the Contemporary Debate”, Samya Shakri: A Journal of Women’s Studies, 6, 26-44.
Sen Gita and Grown Caren (1987) : Development, Crises, and Alternative Visions: Third World Women's Perspectives, Monthly Review Press: New York
Singh, O.R, (2001): “Education and Women’s Empowerment”, Social Welfare, Vol. 48 No. 1.
Vijayanand, S.M. (2009): Kerala – A case study of classical Decentralisation, Kerala Institute of Local Administration, Kerala.
Wassan, Aijaz Ali and Agha, Nadia (2010): “Women’s Empowerment: A Sociological Analysis of Women in Households”, International Research Journal of Arts & Humanities (IRJAH) Vol: 38 No: 38.