കാർഷിക രംഗത്തെ അനുഭവ പാഠങ്ങൾ

ജിജു പി അലക്‌സ്

കേരളം നടപ്പാക്കിയ വികേന്ദ്രീകൃതാസൂത്രണ വികസന മാതൃക ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച നവീനമായ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയിൽ ദശാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഗ്രാമ വികസന മാനേജ്‌മെന്റ് രീതികളെ സമൂലം പുനരാവിഷ്ക്കരിക്കാൻ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞൂ. എഴുപതുകൾക്കു ശേഷം വികസനം എന്ന ആശയത്തെ ഉപജീവിച്ച് ആഗോളതലത്തിൽ ഉയർന്നു വന്ന സംവാദങ്ങളുടെ കേന്ദ്രബിന്ദു സുസ്ഥിരമായ പ്രാദേശിക വികസനം ആയിരുന്നുവെന്ന് നമുക്കറിയാം. സമഗ്രവും, കേന്ദ്രീകൃതവുമായ വികസന ഇടപെടലുകൾക്ക് പകരം ജനപങ്കാളിത്തത്തോടെയുള്ള വികസനമെന്ന സമീപനം എഴുപതുകളുടെ അവസാനത്തോടെ വികസനം സംബന്ധിച്ച ചർച്ചകളിൽ ഇടം നേടിയിരുന്നു. വിമോചനാത്മകമായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൗലോ ഫ്രെയറും മറ്റും ഉയർത്തിക്കൊണ്ടുവന്ന ആശയപ്രചരണത്തിന്റെ സ്വഭാവിക പരിണിതി എന്ന നിലയിലാണ് ജനപങ്കാളിത്തത്തോടെയുള്ള വികസനം മൂന്നാം ലോക രാജ്യങ്ങളിൽ പ്രചാരം നേടിയത്. വ്യവസായവൽക്കരണവും ആധുനികവൽക്കരണവും മാത്രം മുഖമുദ്രയായ ഭരണകൂടങ്ങളുടെയും അവയുടെ വികസന ഏജൻസികളുടെയും കേന്ദ്രീകൃതവും നടപടിപ്രധാനവുമായ വികസന മാതൃകയോടുള്ള എതിർപ്പെന്ന നിലക്കാണ് ഈ ആശയം വളർന്നു വന്നത്. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജനപങ്കാളിത്തം എന്നതു ശാക്തീകരണത്തിന്റെ മാര്‍ഗ്ഗമായാണ് ഇതിന്റെ പ്രയോക്താക്കൾ കണ്ടിരുന്നത്. സ്വന്തം അവസ്ഥയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ചൂഷണത്തിൽനിന്നും അടിച്ചമർത്തലിൽ നിന്നും അവരെ രക്ഷിക്കുന്നതിനും വിമോചനാത്മകമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിക്കുകയും ജനപങ്കാളിത്തത്തോടെയുള്ള വികസന സമീപനം സ്വീകരിക്കുകയും വേണം; ആരെങ്കിലും അടിച്ചേൽപ്പിക്കുന്നത് അതുപോലെ അനുവർത്തിക്കുന്ന വികസന രീതികളിൽനിന്നും മാറി സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തം വിഭവങ്ങൾ വിനിയോഗിക്കുകയും സ്വന്തം വികസന മുൻഗണനകൾ തീരുമാനിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കു ലഭിക്കണം എന്നിവയാണ് ഈ സമീപനത്തിന്റെ ലക്ഷ്യങ്ങൾ. എന്നാൽ മിക്ക സന്നദ്ധ സംഘടനകളും വിദേശ വികസന ഫണ്ടിംഗ് ഏജൻസികളും നിയോലിബറൽ ആശയങ്ങളുടേയും, മാർക്‌സിസാനന്തര പ്രത്യയശാസ്ത്ര സാദ്ധ്യതകളുടേയും സംയോജനമാണ് ഇതിലൂടെ മുന്നിൽ കണ്ടത്. സ്വതന്ത്രവും, ഭരണകൂട സ്വാധീനത്തിൽ നിന്നും വിമുക്തമായതുമായ വികസന പ്രവർത്തനമെന്ന നിലയിലാണ് ഈ രീതി ചിത്രീകരിക്കപ്പെട്ടത്. ഭരണകൂടങ്ങളുടേയും രാഷ്ട്രീയ സ്വാധീനത്തിന്റേയും കരാളഹസ്തങ്ങളിൽനിന്നു വിമുക്തമായതും അരാഷ്ട്രീയ സ്വഭാവമുള്ളതുമായ ഒരു വികസന സമീപനം എന്ന തലത്തിൽ ഇതിന് ആഗോള സ്വീകാര്യതയും ലഭിച്ചു. എഴുപതുകളുടെ ആദ്യം ലോകബാങ്കിന്റെ തലവനായി മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ റോബർട്ട് മക്‌നമാരയുടെ നേതൃത്വത്തിൽ അവികസിതരാജ്യങ്ങളിൽ നടന്നിരുന്ന ഇടപെടലുകളിൽ സ്വീകരിക്കപ്പെട്ട ജനപങ്കാളിത്തത്തിന്റെ പുതിയ സമീപനമാണ് ഇതിന് ഇടയാക്കിയതെന്നു പറയാം. സന്നദ്ധസംഘടനകളുടെയും ഫണ്ടിംഗ് ഏജൻസികളുടേയും മൂന്നാം ലോക രാജ്യങ്ങളിലെ വികസന ഇടപെടലിന്റെ സൈദ്ധാന്തിക മാതൃകയായി പങ്കാളിത്ത വികസനം മാറി. ഇതോടനുബന്ധിച്ച് ജനപങ്കാളിത്തത്തോടെയുള്ള വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പാക്കുന്നതിനും സവിശേഷമായ ചില രീതിശാസ്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു. ലോകബാങ്കും ഐക്യരാഷ്ട്ര സംഘടന ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര ഏജൻസികളൂം വികസന പദ്ധതികളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങളും ഗവേഷണ പരിപാടികളും വികസിപ്പിച്ചെടുത്തതും ഇക്കാലയളവിലാണ്. ദ്രുതഗ്രാമാവലോകനം പോലെയുള്ള ചില രീതിശാസ്ത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ജനപങ്കാളിത്തത്തിന്റെ സ്വഭാവഘടനകളെപ്പറ്റി നിരവധി പഠനങ്ങൾ നടക്കുകയും ചെയ്തു. ലോക ബാങ്കിന്റെ പരമ്പരാഗതമായ നിക്ഷേപ സ്വഭാവത്തിൽ കാതലായ മാറ്റം വരുത്തുകയും അവികസിത രാജ്യങ്ങളിലെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന പുത്തൻ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്യാൻ തുടങ്ങിയതോടെയാണ് പങ്കാളിത്തവികസനം മുതലാളിത്ത വികസന ഇടപെടലുകളുടെ പ്രത്യക്ഷ തന്ത്രമായി മാറിയത്. അവികസിത രാജ്യങ്ങളിലെ യാഥാർത്ഥ പ്രശ്‌നങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ തദ്ദേശീയരും ദരിദ്രരുമായ ജനങ്ങളുമായി കൂടുതൽ സംവദിക്കണമെന്നും അവരുടെ പ്രശ്‌നങ്ങൾ ആഴത്തിൽ അപഗ്രഥിക്കണമെന്നും മക്‌നമാരയുടെ നേതൃത്വത്തിലുള്ള ലോകബാങ്ക് കരുതി. ഇതോടെ ജന പങ്കാളിത്തത്തോടെയുള്ള അവലോകനം ബാഹ്യ ധനസഹായം നൽകുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ഗ്രാമവികസന കാർഷിക വികസന പദ്ധതികളുടെ അവിഭാജ്യഘടകവും മുന്നുപാധിയുമായി മാറി. 

എന്നാൽ ഈ സമീപനങ്ങളൊന്നും അടിസ്ഥാനപരമായി അധികാരഘടനയിലും അധികാരത്തിന്റെ വിന്യാസത്തിലും മാറ്റംവരുത്തുന്നവയോ സമൂലമായ പരിവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നവയോ ആയിരുന്നില്ല. മറിച്ച് ഇവയൊക്കെ ജനങ്ങളെ പരിമിതമായി മാത്രം ചില ചർച്ചകളിലോ ആസൂത്രണ-നിർവ്വഹണ ഘട്ടങ്ങളിലോ പങ്കെടുപ്പിക്കുന്ന മാമൂൽ ചിട്ടവട്ടങ്ങൾ മാത്രമായി മാറി. ജനങ്ങൾക്ക് ലഭ്യമായ വിഭവങ്ങളുടെ സമത്വപൂര്‍ണ്ണമായ വിതരണത്തിലോ സമൂഹത്തിന്റെ അധികാരഘടനയിലോ ഇടപെടാൻ കഴിയുന്നവിധത്തിൽ ജനപങ്കാളിത്തം വിപുലമാക്കുകയോ അതിനായി സാർത്ഥകമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ ഇത്തരം ഇടപെടലുകൾക്ക് കഴിഞ്ഞില്ല. ശാക്തീകരണം എന്ന ലക്ഷ്യത്തിൽ നിന്നും ഇത്തരം സംവിധാനങ്ങൾ ബഹുദൂരം വ്യതിചലിക്കുകയും ചെയ്തു. ദ്രുതഗ്രാമാവലോകനം, പങ്കാളിത്ത ഗ്രാമാവലോകനം എന്നിങ്ങനെ ഗ്രാമീണ ജീവിതത്തെയും വികസനത്തിന്റെ ഘടകങ്ങളെയും വിശകലനം ചെയ്യുന്നതിനുള്ള നിരവധി രീതിശാസ്ത്രങ്ങൾ ഉരുത്തിരിഞ്ഞുവെന്നു പറഞ്ഞുവല്ലോ. ഏറിയപങ്കും വികസനത്തിനുള്ള ധനസഹായം നൽകുന്ന ഏജൻസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പ വഴി മാത്രമായി ഇത്തരം സങ്കേതങ്ങൾ മാറി. മാത്രമല്ല ഗവൺമെന്റിന്റെയും പൊതുമേഖലയുടെയും വികസന ഇടപെടലുകൾ അപര്യാപ്തമാണെന്ന വിപുലമായ പ്രചരണം നടത്തുന്നതിനും ഈ സങ്കേതങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞൂ. നവലിബറൽ പരിഷ്‌ക്കരണങ്ങളുടെ വരവോടെ വികസന ചുമതലകളിൽ നിന്ന് ഗവൺമെന്റുകൾ അനുക്രമം പിൻമാറണമെന്ന പൊതു നയത്തിന്റെ പ്രായോഗിക രൂപമായും പങ്കാളിത്ത വികസനത്തിന്റെ മാതൃകകൾ മാറി എന്നു പറയാം. 

വിദഗ്ദ്ധർക്ക് പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങൾ എന്നതിനപ്പുറത്തേക്ക് ഈ വികസനരീതികളുടെ വിശകലന രീതികളോ സമീപനങ്ങളോ അവികസിത രാജ്യങ്ങളിൽ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയും കൊടിയ ദാരിദ്ര്യവും പരിമിതമായ സൗകര്യങ്ങളും നിലവിലുള്ള അഫ്രിക്കയുൾപ്പടെയുള്ള അവികസിത പ്രദേശങ്ങളുടെ പുരോഗതിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളിത്ത വികസനത്തിന്റെ പ്രാമുഖ്യം വൻതോതിൽ പ്രകടമാകുകയും ചെയ്തു. എന്നാൽ ഈ രാജ്യങ്ങളിലെ കർഷകരുടെയും ഗ്രാമീണ ജനതയുടെയും വികസനത്തിൽ എന്തെങ്കിലും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവന്നതിന് ഇത്തരം സമീപനങ്ങൾക്ക് സാധിച്ചിട്ടുണ്ടോ എന്നുള്ളത് തർക്കവിഷയമായി തുടരുന്നു. ഫണ്ടിംഗ് ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു പിൻവാങ്ങുന്നത് വരെ മാത്രം തുടരുന്ന വികസന പ്രവർത്തനങ്ങൾ ചെറുകിട നാമമാത്ര കർഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിന് എത്രത്തോളം സഹായകമായിട്ടുണ്ട് എന്ന് വ്യക്തമല്ല.

ഗ്രാമവികസന-കാർഷികമേഖലകളിലെ 
പങ്കാളിത്ത വികസനത്തിന്റെ പരിണാമം


ജനാധിപത്യ കേന്ദ്രീകരണത്തിന്റെ കേരളമാതൃക ഇത്തരത്തിൽ വികസ്വര രാജ്യങ്ങളിൽ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഉപരിപ്ലവമായ പങ്കാളിത്ത വികസന മാതൃകകൾക്കുള്ള സുശക്തമായ ബദൽമാതൃകയായിരുന്നു. വികസനത്തിൽ ഭരണകൂടം നിർവ്വഹിക്കേണ്ട ചുമതലകൾ ഏറെയും തമസ്‌കരിച്ചു കൊണ്ടായിരുന്നു ലോകബാങ്ക് മാതൃക രൂപപ്പെടുത്തിയിരുന്നതെന്നു പറഞ്ഞുവല്ലോ. അതിൽ നിന്നും വ്യത്യസ്തമായി ഭരണകൂടത്തിനു പ്രതിബന്ധങ്ങളും ചുമതലകളും ജനപക്ഷ സ്വഭാവവും പ്രതിഫലിക്കുന്ന ഒരു പ്രയോഗരൂപം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് വികേന്ദ്രീകൃതാസൂത്രണത്തിന്റെ കേരളമാതൃകയുടെ സവിശേഷത. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് ഇന്ത്യയിൽ സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ തന്നെ നിലനിന്നിരുന്ന സങ്കല്പത്തിന്റെ ആവിഷ്‌ക്കാരമെന്ന നിലയിലാണ് 73, 74 ഭരണഘടനാ ഭേദഗതികൾ വിഭാവനം ചെയ്യപ്പെട്ടതെന്ന് പറയാമെങ്കിലും സമൂർത്തവും അർത്ഥവത്തുമായ ജനാധിപത്യവികേന്ദ്രീകരണത്തിന്റെ മുന്നുപാധികളോ തയ്യാറെടുപ്പുകളോ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലനിന്നിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ ഗ്രാമത്തിൽ നിലവിലുള്ള അധികാരഘടനയുടെ സ്വഭാവം സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ പ്രതിഫലനമാണ്. ശാക്തീകരണം എന്ന ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് സാമൂഹിക സാമ്പത്തിക ഘടന തന്നെ വിഘാതമാകുന്ന വൈരുദ്ധ്യമാണ് ഇന്ത്യയിൽ കാണാനാകുന്ന യാഥാർത്ഥ്യം. എന്നാൽ ഇത്തരത്തിലുള്ള ഉച്ചനീചത്വങ്ങളേയും ഫ്യൂഡൽ അധികാര ഘടനയേയും പുരോഗമനാത്മകമായ സാമൂഹിക പരിഷ്‌ക്കരണങ്ങൾ കൊണ്ടൂം ശക്തമായ രാഷ്ട്രീയ പ്രവർത്തനം കൊണ്ടും ഏറെക്കുറെ നിഷേധിക്കാൻ കഴിഞ്ഞ സമൂഹങ്ങളിൽ മാത്രമേ അർത്ഥപൂര്‍ണ്ണമായ അധികാര വികേന്ദ്രീകരണം സാദ്ധ്യമാകൂ എന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇന്ത്യയിലെ മറ്റൂ സംസ്ഥാനങ്ങളിലെ അനുഭവം.

ഇക്കാരണത്താലാണ് പലരും ഇതിനകം വിലയിരുത്തിയിട്ടുള്ളതുപോലെ അധികാര വികേന്ദ്രീകരണത്തിന്റെ വ്യത്യസ്തമായ സാദ്ധ്യതകൾ പരിശോധിക്കാൻ കേരളത്തിനു കഴിഞ്ഞത്. ഭരണഘടന ഭേദഗതികൾക്കുമുമ്പുതന്നെ കേരളത്തിൽ നിലവിൽ വന്നിരുന്ന അധികാര വികേന്ദ്രീകരണത്തിന്റെ നിയമങ്ങൾ ഇതിനു അടിത്തറ പാകിയിരുന്നു. ഇതോടൊപ്പം നാം നേടിയ സാമൂഹിക പുരോഗതി, ഉയർന്ന രാഷ്ട്രീയാവബോധവും അവകാശബോധവും, പൊതുമേഖലയിലെ വികസന ഇടപെടലുകൾ, സാമൂഹിക സമത്വത്തിലൂന്നിയുള്ള വിഭവവിനിയോഗം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് അധികാര വികേന്ദ്രീകരണത്തിന്റെ പുതിയൊരു മാതൃക പ്രയോഗിക്കുന്നതിന് കേരളത്തിന് ദിശാബോധവും ആത്മവിശ്വാസവും നൽകിയത്.

അധികാര വികേന്ദ്രീകരണം ഇന്ത്യയിൽ സ്വാതന്ത്ര്യപൂർവ്വ കാലഘട്ടം മുതൽ നിലനിന്ന ആശയമായിരുന്നല്ലോ. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവായി അറിയപ്പെടുന്ന വിശ്വേശ്വരയ്യയുടെ മാതൃകയിൽ പോലും ഗ്രാമ തലം വരെ നീളുന്ന നാലു തട്ടുകളുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് പരിപാടിയുടെയും പിന്നീട് നിലവിൽ വന്ന ദേശീയ വിജ്ഞാനവ്യാപന പരിപാടിയുടെയും ഭാഗമായി സ്ഥാപിക്കപ്പെട്ട വികസന ബ്ലോക്കുകളാണ് കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആദ്യരൂപമെന്നു പറയാം. ബ്ലോക്കുകളുടെ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് രാജ് സംവിധാനങ്ങളോടു ബന്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ ബൽവന്ത് റായ് മേത്ത കമ്മീഷൻ ആരാഞ്ഞിരുന്നു. എന്നാൽ ഹരിതവിപ്ലവത്തിന്റെ രംഗപ്രവേശത്തോടെ പ്രാദേശികാസൂത്രണത്തിന്റെ സാദ്ധ്യതകൾ താരതമ്യേന കുറയുകയാണുണ്ടായത്. ഹരിത വിപ്ലവത്തിന്റെ സവിശേഷ ലക്ഷ്യങ്ങളുടെയും സമീപനത്തിന്റെയും അടിസ്ഥാനത്തിൽ നിരവധി വികസനവകുപ്പുകളും അതോറിറ്റികളും മറ്റും സ്ഥാപിതമാവുകയും വികസനപ്രവർത്തനങ്ങൾ കൂടുതൽ ഡിപ്പാർട്ട്‌മെന്റലിസത്തിന് വിധേയമാകുകയും ചെയ്തു

ബൽവന്ത് റായി റിപ്പോർട്ടിനെ തുടർന്ന് ജില്ലാതല ആസൂത്രണത്തിനായി 1969-ൽ കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ തയ്യാറാക്കിയ നിർദ്ദേശങ്ങളും തുടർന്ന് ബ്ലോക്കുതല ആസൂത്രണത്തെക്കുറിച്ച് 1978-ൽ പ്രൊഫ. ദന്ത് വാല സമർപ്പിച്ച നിർദ്ദേശങ്ങളും പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യനിർമ്മാർജ്ജനവും ഗ്രാമ- കാർഷിക വികസനവും ലക്ഷ്യമാക്കി രൂപം കൊടുത്ത ചില സ്‌കീമുകളും പരിപാടികളും മാത്രമായി ഈ രംഗത്തെ ഇടപാടുകൾ ചുരുങ്ങിപ്പോകുകയാണുണ്ടായത്. വികസനലക്ഷ്യങ്ങൾ നിർവ്വചിക്കുക, പ്രാദേശിക വിഭവങ്ങൾ പരമാവധി കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വികസനപ്രക്രിയ ആസൂത്രണം ചെയ്യുക എന്നിങ്ങനെയുള്ള സുസ്ഥിരമായ വികസനതന്ത്രം രൂപപ്പെടുത്തുന്നതിൽ വലുതായൊന്നും ചെയ്യാനായിരുന്നില്ല. എന്നാൽ ഇതിനകം ചില സംസ്ഥാന സർക്കാരുകൾ രൂപപ്പെടുത്തിയ ജില്ലാതല ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനായി 1983-ൽ നിയോഗിക്കപ്പെട്ട പ്രൊഫ. ഹനുമന്ത റാവു കമ്മിറ്റി റിപ്പോർട്ടും സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കര്‍ണ്ണാടക, പശ്ചിമബംഗാൾ എന്നിങ്ങനെ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ആസൂത്രണപ്രക്രിയയെ സംസ്ഥാനതലത്തിൽ നിന്നും താഴെത്തലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയത്. നാമമാത്രമായ തോതിൽ ജില്ലാ ആസൂത്രണസമിതികളിൽ വികസനവകുപ്പുകളുടെ പദ്ധതികളും സ്‌കീമുകളും ചർച്ച ചെയ്തിരുന്നു എന്നതൊഴിച്ചാൽ താഴെത്തട്ടിൽ പ്രയോഗിക്കാവുന്ന ആസൂത്രണത്തിന്റെ മാതൃകകൾ ഒന്നും പരീക്ഷിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഈ പരിപാടികളുടെ നിർവ്വഹണവും പൂര്‍ണ്ണമായും വികസനവകുപ്പുകളുടെ നിയന്ത്രണത്തിലായിരുന്നുതാനും. 

ജനാധിപത്യ വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് രൂപം കൊടൂത്ത 73-74 ഭരണ ഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ മുന്നോട്ടു വച്ച സാദ്ധ്യതകൾ വിനിയോഗിച്ചു കൊണ്ടാണ് വികസനാസൂത്രണത്തിലും നിർവ്വഹണത്തിലും ഭരണഘടനാപരമായി സാദ്ധ്യതയുള്ളതും ജനപങ്കാളിത്തം അർത്ഥവത്തായി ഉറപ്പാക്കുന്നതുമായ വിപ്ലവകരമായ പരിഷ്‌കരണങ്ങൾക്ക് കേരളം രൂപം കൊടുത്തത്. നിർവ്വഹണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഘടനാപരമായ മാറ്റങ്ങൾ വിഭാവനം ചെയ്യാനായതും, വികസനലക്ഷ്യങ്ങൾ നിർവ്വചിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനായതുമാണ് ഈ രംഗത്തെ ഏറ്റവും വലിയ നേട്ടങ്ങൾ. ജനപങ്കാളിത്തമെന്ന ആശയത്തെ എല്ലാ വികസനമേഖലകളിലും മൂർത്തമായി പ്രയോഗിക്കുന്നതിനുള്ള രീതിശാസ്ത്രം ആവിഷ്‌ക്കരിക്കാനായതാണ് ഈ പരീക്ഷണത്തിന്റെ ഏറ്റവും വലിയ സംഭാവന എന്നു പറയാം. ആസൂത്രണമെന്ന താരതമ്യേന വരേണ്യസ്വഭാവം പുലർത്തിയിരുന്ന ബുദ്ധിപരമായ പ്രവർത്തനത്തെ ജനകീയവൽക്കരിച്ചു വെന്നതും ഊർജ്ജസ്വലവും സൃഷ്ടിപരവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയസാദ്ധ്യതകൾ തുറന്നുവെന്നതും മറ്റു നേട്ടങ്ങളാണ്. വികസ്വരരാഷ്ട്രങ്ങളിലെ ഗ്രാമവികസന മേഖലകളിലെ വികസന ഇടപെടലുകളിൽ പ്രയോഗിക്കാവുന്ന ബദൽ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കാനായതാണ് ജനകീയാസൂത്രണ പരിപാടി ആഗോള വ്യാപകമായി ചർച്ചചെയ്യപ്പെട്ടതിന്റെ കാരണം. 

ജനകീയാസൂത്രണവും കാർഷികമേഖലയും

കാർഷിക-ഗ്രാമവികസന മേഖലകളിൽ പങ്കാളിത്ത വികസനത്തിന് ഏറെ പ്രസക്തിയുണ്ട്. വിഭവലഭ്യത, കാലാവസ്ഥ, ജൈവവൈവിദ്ധ്യം, ഭൂപ്രകൃതി എന്നിങ്ങനെ നിരവധി ഘടകങ്ങൾക്കനുസരിച്ച് വിളകളുടെ വിന്യാസത്തിലും ഉൽപ്പാദനത്തിലും വൻതോതിൽ പ്രാദേശിക വ്യത്യാസങ്ങളുള്ളതുകൊണ്ട് പ്രാദേശികാസൂത്രണം കാർഷികമേഖലയിൽ അനിവാര്യമാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞിരുന്നതുപോലെ കാർഷികമേഖലയിലെ വികസന മുൻഗണനകളും ഇടപെടലുകളും തീരുമാനിക്കുന്നതിന് വികേന്ദ്രീകാസൂത്രണവും ജനപങ്കാളിത്തവും അനിവാര്യമാണ്. കാർഷികാസൂത്രണത്തിന്റെ അടിസ്ഥാന ഘടകം ജില്ലയാണെന്ന നിർദ്ദേശം മുമ്പുതന്നെ നിലനിന്നിരുന്നതുമാണ്. കേരളത്തിലാകട്ടെ ഭൂപരിഷ്‌കരണത്തിന്റെ ഫലമായി ചെറുകൃഷി സ്ഥലങ്ങളായി കൃഷിഭൂമി വിഭജിക്കപ്പെട്ടതിനെ തുടർന്ന് കാർഷികോല്പാദനത്തിലുണ്ടായ കുറവാണ് കൃഷി ലാഭകരമല്ലാതാക്കിയതിന് കാരണം എന്ന വാദത്തിന് മറുപടിയായി ഗ്രൂപ്പ് ഫാമിംഗ് എന്ന വിജയകരമായ മാതൃകയും 1987 മുതൽ പരീക്ഷിക്കപ്പെട്ടിരുന്നു. കർഷകർ സംയുക്തമായി കൃഷിഭൂമിയും മറ്റുവിഭവങ്ങളും പരിപാലിക്കുക, ശാസ്ത്രീയ കൃഷിരീതികൾ ഒരേ സമയം ഏറ്റെടുക്കുന്നതിലൂടെ കൃഷി ചെലവ് കുറക്കുക, സംഭരണവും വിപണനവും കർഷകരുടെ സഹായത്തോടെ യഥാസമയം നടപ്പാക്കുക, ലാഭം വർദ്ധിപ്പിക്കുക എന്നിങ്ങനെ ജനപങ്കാളിത്തത്തോടെയുള്ള കാർഷികോല്പാദന മാനേജ്‌മെന്റ് എന്ന മാതൃകയും നാം പരീക്ഷിച്ചു വിജയിച്ചിരുന്നു.

കേരളത്തിന്റെ വികസന മാതൃകക്ക് അടിസ്ഥാനമായി പരിഗണിക്കപ്പെടുന്ന വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം മുതലായ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സുസ്ഥിരമായി നിലനിർത്തുന്നതിന് സമ്പദ് രംഗം ഉൽപ്പാദനോന്മുഖമായി പുനഃസൃഷ്ടിക്കണമെന്നുള്ള ബോധ്യമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് വഴി തെളിച്ചത്. കേരളത്തിന്റെ വികസനത്തിൽ ഉൽപ്പാദനമേഖലയുടെ പങ്ക് അനുക്രമം കുറഞ്ഞുവരുന്നതിന്റെയും മൊത്തം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ കൃഷി-അനുബന്ധ മേഖലകളുടെ പങ്ക് കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പുതിയ പരീക്ഷണത്തിന് നാം മുതിർന്നത്. താഴെത്തട്ടിലുള്ള വികസന പ്രക്രിയയുടെ വേഗം വർദ്ധിപ്പിക്കുന്നതിനും മുൻഗണനകൾ ആവശ്യാനുസരണമായും യാഥാർത്ഥ്യബോധത്തോടെയും നിശ്ചയിക്കുന്നതിനും വിഭവങ്ങൾ കാര്യക്ഷമമായും ലക്ഷ്യബോധത്തോടെയും വിനിയോഗിക്കുന്നതിനുമുള്ള സംവിധാനമായാണ് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വിഭാവനം ചെയ്യപ്പെട്ടത്. ഇതിനായി നടന്ന വൻ ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഉൽപ്പാദനോന്മുഖമായ വികസന മാനേജ്‌മെന്റ് എന്ന സങ്കല്പനത്തിന് ഊന്നൽ നൽകിയിരുന്നു.

ഇതോടൊപ്പം ജനകീയാസൂത്രണത്തിന്റെ നിർവ്വഹണ ഏജൻസികളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന കൃഷി വകുപ്പ് ഉൾപ്പെടെ കൈമാറ്റം ചെയ്യപ്പെട്ട എല്ലാ വികസന വകുപ്പുകളുടെയും സമീപനത്തിൽ മാറ്റം വരുത്താനും ശ്രദ്ധിച്ചിരുന്നു. ജനപ്രതിനിധികളോടും ജനസാമാന്യത്തോടും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നതിന് വൈമനസ്യം കാണിച്ചിരുന്നവരുണ്ടായിരുന്നുവെന്ന് വിസ്മരിക്കുന്നില്ല. ഗ്രാമസഭയുൾപ്പെടെയുള്ള ജനാധിപത്യവേദികളിൽ ചുമതലാബോധത്തോടെ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്യുന്നതിന് ഉദ്യോഗസ്ഥവൃന്ദത്തെ പ്രാപ്തരാക്കിയതും വലിയ നേട്ടമാണ്. പദ്ധതിവിഹിതത്തിന്റെ 30 ശതമാനത്തോളം തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയും സുവ്യക്തമായ നടപടികളിലൂടെ വികസനപദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്തതോടെ മാമൂൽ രീതിയിലുള്ള സ്‌കീം നടത്തിപ്പിൽ നിന്ന് വഴിമാറി ചിന്തിക്കേണ്ടി വന്നു എന്നത് ചെറിയ കാര്യമല്ല. എതിർപ്പുകളും മുറുമുറുപ്പുകളുമുണ്ടായിരുന്നെങ്കിലും വികേന്ദ്രീകൃതാസൂത്രണം കാർഷിക വികസന പ്രവർത്തനങ്ങളൂടെ അടിസ്ഥാന രീതിശാസ്ത്രമായി മാറ്റാൻ കേരളത്തിന് കഴിഞ്ഞു. കർഷക ജനതയുടെ 90 ശതമാനവും ചെറുകിട നാമമാത്ര കൃഷിക്കാരുള്ള കേരളത്തിൽ മനുഷ്യവിഭവശേഷി ഏകോപിപ്പിക്കാനും വിഭവസമാഹരണത്തിനും ഇതിനേക്കാൾ പ്രായോഗികമായ ചട്ടക്കൂടും പൊതുരീതി ശാസ്ത്രവും നിർദ്ദേശിക്കാൻ എളുപ്പമല്ല. ഈ പശ്ചാത്തലത്തിലാണ് ജനകീയാസൂത്രണത്തിന്റെ ഫലമായി കാർഷികമേഖലയിലുണ്ടായ മാറ്റങ്ങളെ വിശകലനം ചെയ്യേണ്ടത്. 

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിൽ കാർഷിക മേഖലയുടെ പങ്ക് കുറഞ്ഞു വരുന്ന പ്രവണത ജനകീയാസൂത്രണം നിൽവിൽ വന്ന ഒമ്പതാം പദ്ധതിക്കാലത്തിനു മുൻപു തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാനം രൂപീകരിക്കപ്പെട്ട സമയത്ത് മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 53 ശതമാനവും സംഭാവന ചെയ്തിരുന്നത് കാർഷിക മേഖലയായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള രണ്ടര ദശാബ്ദക്കാലത്തോളം മൊത്തം പദ്ധതി വിഹിതത്തിന്റെ ശരാശരി 31 ശതമാനത്തോളം ജലസേചനമുൾപ്പടെയുള്ള കാർഷിക മേഖലയിലാണ് വിനിയോഗിച്ചിരുന്നത്. ഇതിൽ ഏറിയ പങ്കും നെൽകൃഷിക്കാണ് ലഭിച്ചിരുന്നതും. ഈ കാലയളവിലെ കാർഷിക മേഖലയുടെ വളർച്ച ഏതാണ്ട് മൂന്നു ഘട്ടങ്ങളായി തിരിക്കാം. മൊത്തം കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 1957-58 മുതൽ 1970-71 വരെ ശ്രദ്ധേയമായ തോതിൽ വർദ്ധിച്ചിരുന്നു. തുടർന്ന് 1970-71 മുതൽ 1975-76 വരെ കൃഷി വിസ്തൃതി നാമമാത്രമായേ വർദ്ധിച്ചിട്ടൂള്ളൂ. അതിനു ശേഷം ഋണാത്മകമായ വളർച്ചയാണ് കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും നമുക്കു നേടാനായത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ മദ്ധ്യത്തോടെ കേരളത്തിൽ അന്ന് കൃഷി യോഗ്യമായ എതാണ്ട് മുഴുവൻ ഭൂമിയിലും കൃഷി ആരംഭിച്ചിരുന്നു. മൊത്തം കൃഷി ഭൂമിയുടെ 28 ശതമാനം നെൽകൃഷിക്കായിട്ടാണ് വിനിയോഗിച്ചിരുന്നത്. എഴുപതുകൾക്കു ശേഷം നെൽകൃഷിയുടെ വിസ്തൃതി കുറഞ്ഞു തുടങ്ങി. മരച്ചീനി കൃഷിയുടെ വിസ്തൃതിയും തൊള്ളായിരത്തി എഴുപതുകളുടെ മധ്യം വരെ വർദ്ധിച്ചുവെങ്കിലും പിന്നീട് കുറഞ്ഞു തുടങ്ങി. എഴുപതുകളുടെ പകുതി മുതലാണ് നാണ്യ വിളകളുടെ വിസ്തൃതി വർദ്ധിച്ചത്. നെല്ലിന്റെയും മരച്ചീനിയുടെയും ഉല്‍പ്പാദനത്തിലും ഇതേ പ്രവണത കാണാനാകും. എന്നാൽ നാളീകേരത്തിന്റെ ഉല്‍പ്പാദനം അറുപതുകളിൽ കൂടിയെങ്കിലും എഴുപതുകളോടെ കുറഞ്ഞതായി കാണാം. അതുപോലെ പയർ വര്‍ഗ്ഗങ്ങൾ, കുരുമുളക്, തെങ്ങ്, കശുവണ്ടി എന്നിവയുടെ ഉല്‍പ്പാദന ക്ഷമത എഴുപതുകൾ വരെ കൂടൂന്നതായും തുടർന്നു കുറയുന്നതായും കാണാം. എന്നാൽ നെല്ല്, റബ്ബർ, മരച്ചീനി, തേയില എന്നിവയുടെ ഉല്‍പ്പാദന ക്ഷമത വർദ്ധിക്കുകയാണുണ്ടായത്. പ്രതിശീർഷ കൃഷി ഭൂമിയുടെ ലഭ്യതയിലും ഈ കാലയളവിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. അറുപതുകളുടെ മദ്ധ്യത്തിൽ നാമമാത്ര കൃഷിഭൂമികളുടെ അനുപാതം 81.8 ശതമാനമായിരുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിൽ 92.6 ശതമാനമായി വർദ്ധിച്ചിരുന്നു. ഇവയുടെ ശരാശരി വിസ്തൃതി അറുപതുകളുടെ മദ്ധ്യത്തിൽ 0.28 ഹെക്ടറായിരുന്നത് തൊണ്ണൂറുകളിൽ 0.18 ഹെക്ടറായി ചുരുങ്ങി. ചെറുകിട കൃഷിയിടങ്ങളുടെ അനുപാതമാകട്ടെ ഈ കാലയളവിൽ 10.1 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറഞ്ഞു. കാർഷിക മേഖലയിലെ മൂലധനനിക്ഷേപത്തിലും വലിയ വ്യതിയാനമുണ്ടായിട്ടുള്ളതായി കാണാം. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിൽ പൊതുമേഖലയുടെ മൂലധനസ്വരൂപണവും കാര്യമായ വളർച്ച രേഖപ്പെടുത്തിയിരുന്നില്ല. 

കാർഷിക മേഖലയിലെ ഈ മുരടിപ്പിൽ നിന്നും വളർച്ചയുടെ പാതയിലേക്ക് മുന്നേറാനുള്ള പശ്ചാത്തലം ഒരുക്കാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞിരുന്നു. വികസന ഏജൻസികളെ ഏകോപിപ്പിക്കുന്നതിനും വികസന സാദ്ധ്യതകൾ ജനപങ്കാളിത്തത്തോടെ വിലയിരുത്തുന്നതിനും വിഭവ സമാഹരണം നടത്തുന്നതിനുമുള്ള സംഘടനാരൂപങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് എടുത്തു പറയത്തക്ക നേട്ടമാണ്. സൂക്ഷ്മതല ആസൂത്രണത്തിന്റെ പ്രായോഗികമായ നടപടിക്രമങ്ങൾക്ക് രൂപം കൊടുക്കുന്നതിനും നമുക്കു കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയുന്നതിനുള്ള സംവാദ വേദികൾ, അവ സൃഷ്ടിപരമായ വികസന പ്രോജക്ടുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ, പ്രോജക്ട് നിർവ്വഹണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള അവലോകന മാര്‍ഗ്ഗങ്ങൾ, സാങ്കേതികോപദേശത്തിനുള്ള സഹായങ്ങൾ, വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ തേടുന്നതിനുള്ള സംവിധാനങ്ങൾ, ധന വിഭവങ്ങളുടെ സമാഹരണത്തിനുള്ള മാര്‍ഗ്ഗങ്ങൾ, എന്നിവയെല്ലാം ആവിഷ്‌കരിക്കാൻ ഇതിന്റെ ഭാഗമായി കഴിഞ്ഞു. വൻ തോതിൽ സാമൂഹിക മൂലധനം വികസിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ അനന്യമായ ഒരു മാതൃക സൃഷ്ടിക്കുന്നതിനും സാധിച്ചു. എന്നാൽ ഈ സൗകര്യങ്ങളും സാദ്ധ്യതകളൂം പൂര്‍ണ്ണമായി സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി പ്രയോജനപ്പെടുത്താനായോ എന്ന സംശയം ബാക്കി നിൽക്കുന്നു. 

ജനകീയാസൂത്രണത്തിനു മുൻപും പിൻപുമുള്ള കാർഷിക രംഗത്തെ വളർച്ചാ സൂചകങ്ങൾ പരിശോധിക്കുമ്പോൾ നാം പ്രതീക്ഷിച്ച തോതിലുള്ള നേട്ടങ്ങൾ കൈ വരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാവുക. ഉദാഹരണത്തിന്, 1997-98ൽ മൊത്തം സംസ്ഥാന ആഭ്യന്തരോല്‍പ്പാദനത്തിൽ കാർഷിക മേഖലയുടെ പങ്ക് 22.26 ശതമാനമായിരുന്നത് ഒരു ദശാബ്ദം കഴിയുമ്പോൾ (2006-2007) 7.72 ശതമാനം കുറഞ്ഞ്, 14.54 ശതമാനത്തിലെത്തിയിരുന്നു. ഇതിനു മുൻപുള്ള ദശാബ്ദത്തിൽ (1987-88 മുതൽ 1996-97 വരെ) ഈ കുറവ് 5.43 ശതമാനമായിരുന്നു. ഇപ്പോഴാകട്ടെ കാർഷിക മേഖലയുടെ സംഭാവന മൊത്തം സംസ്ഥാന ഉല്‍പ്പാദന മൂല്യത്തിന്റെ 8.77 ശതമാനമായി കുറഞ്ഞിരിക്കുന്നു. കാർഷിക മേഖലയിലെ കുറഞ്ഞ വളർച്ചാ നിരക്കും ജനകീയാസൂത്രണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു സ്ഥാപിക്കാവുന്ന സൂചനകൾ ഒന്നും ലഭ്യമല്ല. പ്രത്യക്ഷ ദ്വിതീയ, തൃതീയ മേഖലകളിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ പൊതുവെ വർദ്ധിച്ച വളർച്ചാ നിരക്കുള്ള ഒരു സമ്പദ് വ്യവസ്ഥയിൽ കൃഷി അനുബന്ധ മേഖലയിലെ വളർച്ചാ നിരക്കു കുറയുന്നത് സ്വാഭാവികമാണ്. ജനകീയാസൂത്രണം ആരംഭിച്ച ശേഷമുള്ള കാലഘട്ടത്തിൽ പൊതുവെ ഉയർന്ന വളർച്ചയാണ് കേരളം കൈവരിച്ചിട്ടുള്ളത്. എന്നാൽ ജനകീയാസൂത്രണത്തിന്റെ വികാസ പരിണാമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ വിഭാവനം ചെയ്യപ്പെട്ടതും ആരംഭിച്ചതുമായ വിവിധ വികസന തന്ത്രങ്ങൾ പ്രയോഗിക്കാനും അവയുടെ നൈരന്തര്യം ഉറപ്പാക്കാനും കഴിഞ്ഞോ എന്നു പരിശോധിക്കേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെയും പങ്കാളിത്ത വികസനത്തിന്റെയും ഇന്ത്യയിലെ ഏറ്റവും വികസിതമായ സംഘടനാ രൂപവും രീതിശാസ്ത്രവും ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷിയും ഉണ്ടായിട്ടും ഉല്‍പ്പാദന മേഖലകളിൽ നമുക്കു പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. ഇവയുടെ കാരണങ്ങൾ വസ്തുനിഷ്ഠമായി കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. 

ഇടതു മുന്നണി സർക്കാരുകളുടെ ഭരണ കാലത്ത് വികേന്ദ്രീകരണം കൂടുതൽ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും നടത്തിയിട്ടുള്ള ശ്രമങ്ങൾ പിന്നീടു വന്ന ഐക്യ മുന്നണി സർക്കാരുകൾ ശുഷ്‌കാന്തിയോടെ പിന്തുടർന്നിരുന്നില്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉല്‍പ്പാദന മേഖലയിൽ നിർബന്ധമായും നൽകേണ്ട ഉയർന്ന പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയും അതു ഉല്‍പ്പാദനക്ഷമമല്ലാത്ത പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനത്തോടനുബന്ധിച്ച് രൂപം കൊടൂത്ത കാർഷിക മേഖലയിലെ വികസന പരിപ്രേക്ഷ്യത്തിലെ മുഖ്യ സമീപനം നീർത്തടാധിഷ്ഠിത വികസനമായിരുന്നു. എന്നാൽ നീർത്തടവികസനത്തിന്റെയും ജല വിഭവ പരിപാലനത്തിന്റെയും സൂക്ഷ്മതലത്തിലുള്ള ഇടപെടലുകളുടെ നൈരന്തര്യം നിലനിർത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിഞ്ഞില്ല. ശാസ്ത്രീയമായ പ്രകൃതി വിഭവ പരിപാലനത്തിലൂടെ കൂടുതൽ കൃഷിഭൂമി ഉല്‍പ്പാദനപ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കാനും ഉല്‍പ്പാദന ക്ഷമത വർദ്ധിപ്പിക്കാനും സഹായകമായ ഈ പ്രവർത്തനം സ്ഥിരോത്സാഹത്തോടെ ഏറ്റെടുത്തു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വസ്തുനിഷ്ഠമായ വിവരശേഖരത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ആസൂത്രണം നിർവ്വഹിക്കുക എന്ന ആശയവും വലിയതോതിൽ പിന്തുടർന്നതായി കാണുന്നില്ല.

വിവിധ വികസന ഏജൻസികളുടെ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കാനും അവയുടെ പരസ്പര സഹകരണത്തിനു നൈരന്തര്യം ഉറപ്പു വരുത്താനും കഴിഞ്ഞിരുന്നോ എന്നും വിലയിരുത്തപ്പെടേണ്ടതാണ്. ജനകീയാസൂത്രണത്തിൽ വിഭാവനം ചെയ്യപ്പെട്ടിരുന്ന ഏകോപനം ഫലപ്രദമായി തുടരാൻ കഴിഞ്ഞിരുന്നില്ല എന്നു തന്നെ പറയേണ്ടി വരും. വിവിധ ഏജൻസികൾ ഒരുമിച്ചു നടപ്പാക്കേണ്ട ഉല്‍പ്പാദന മേഖലയിലെ ബഹു വർഷ സംയോജിത പ്രോജക്ടുകളുടെ എണ്ണം തുലോം കുറവായിരുന്നു എന്ന് കാണാം. വിവിധ കാർഷിക വിളകളും അനുബന്ധ സംരംഭങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള തീവ്ര കൃഷി സമ്പ്രദായങ്ങൾ അനുവർത്തിക്കുന്നതിന് ഈ ഏകോപനം വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ചെറുകൃഷിയിടങ്ങളുടെ ഉൽപ്പാദന ക്ഷമതയും ഉല്‍പ്പാദനവും വർദ്ധിപ്പിക്കുന്നതിന് ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായമാണ് ഫലപ്രദമെന്ന് 1987-88 കാലഘട്ടം മുതൽ നാം പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ഉല്‍പ്പാദന ഘടകങ്ങൾ കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതിനും വിഭവ ലഭ്യത ഉറപ്പാക്കുന്നതിനും ശാസ്ത്രീയമായി ഉല്‍പ്പാദനം നടത്തുന്നതിനും ചെറുകിട ഉല്‍പ്പാദകരുടെ മുന്നിൽ വേറെ ഏറെ വഴികളില്ല. എന്നാൽ എല്ലാ വിളകളിലും പ്രയോഗിക്കാവുന്ന ഒരു പരിപാലന രീതിയെന്ന നിലയിൽ ഗ്രൂപ്പ് മാനേജമെന്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാർഷിക വികസന പദ്ധതികളുടെ അനിവാര്യ ഘടകമാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല.

കാർഷിക മേഖലയിലെ ഉല്‍പ്പാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിലെ മൂലധനനിക്ഷേപത്തിനു സാദ്ധ്യമായ എല്ലാ സ്രോതസ്സുകളൂം ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. അതി ശക്തമായ സഹകരണ പ്രസ്ഥാനം നിലനിൽക്കുന്ന കേരളത്തിൽ ഇതിനു സാദ്ധ്യതകൾ ഏറെയാണ്. പരമ്പരാഗതമായ വായ്പാ സഹായപദ്ധതികളിൽ നിന്നും വ്യത്യസ്തമായി മൂല്യവര്‍ദ്ധനവ്, സംഭരണ- വിതരണ ശൃംഖലകൾ, യന്ത്രവൽക്കരണം എന്നീ ആധുനിക മേഖലകളിൽ സഹകരണ സ്ഥാപനങ്ങളുടെ മുതൽ മുടക്കിനുള്ള സാദ്ധ്യതകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യപകമായി ഉപയോഗിച്ചിട്ടില്ല. ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ വികസന സുസ്ഥിരതക്ക് ഏറെ സംഭാവന ചെയ്യാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കാർഷിക വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളുമായി കൈ കോർക്കാൻ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫലപ്രദമായ സംഭരണ- വിതരണ- വിപണന മാതൃകകൾക്ക് രൂപംനൽകാനും സാധിച്ചിട്ടുണ്ട്. 

തൊഴിലാളികളുടെ ലഭ്യതക്കുറവു പരിഹരിക്കുന്നതിന് ലഘു യന്ത്രവൽക്കരണത്തിന്റെ സാദ്ധ്യതകൾ വ്യാപകമായി ഉപയോഗിക്കാൻ കഴിയാത്തതും കാർഷിക മേഖലയിലെ വളർച്ചാ മുരടിപ്പിനു ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. എന്നാൽ ഈ ദിശയിലെ നിരവധി പരീക്ഷണങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൃഷിവികസന വകുപ്പും തയ്യാറായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാലും ഉല്‍പ്പാദനച്ചെലവു വർദ്ധിക്കുന്നതിനു പ്രധാനകാരണമായി ആരോപിക്കപ്പെടുന്ന തൊഴിലാളിക്ഷാമവും ഉയർന്ന കൂലിച്ചെലവും പരിഹരിക്കുന്നതിന് ചെറുയന്ത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അര്‍ദ്ധ സാങ്കേതിക വിദഗ്ദ്ധരുടെ സംരഭകത്വ മാതൃകകൾ വ്യാപകമായി സൃഷ്ടിക്കണമെന്ന ആശയം ഇപ്പോഴും ഭാഗികമായി മാത്രമേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളു. ജനകീയാസൂത്രണത്തിന്റെ ആവിർഭാവത്തോടൊപ്പം വളരുകയും വികസിക്കുകയും ചെയ്ത കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്ജ്വലമായ മാതൃക കേരളത്തിന്റെ വികസനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്. കാർഷികോല്‍പ്പാദനത്തിൽ നിരവധി ശ്രദ്ധേയമായ ഇടപെടലുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും വൻ തോതിൽ മൂല്യവര്‍ദ്ധനവുൾപ്പടെയുള്ള ദ്വിതീയ കാർഷിക മേഖലയിലേക്ക് കടന്നുകയറാൻ പരിമിതികൾ നിലനിൽക്കുന്നു. കാർഷിക മൂല്യവര്‍ദ്ധനവിന്റെ മേഖലയിൽ നേതൃത്വപരമായ പങ്കു വഹിക്കാവുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. 

ജനകീയാസൂത്രണത്തിലൂടെ സ്ഥാപിക്കപ്പെട്ട വിവിധ സംഘടനാ രൂപങ്ങളുടെയും പ്രക്രിയകളുടെയും സഹായത്തോടെ ആധുനികവൽക്കരണത്തിനും വികസനത്തിനും ഊന്നൽ നൽകി മുന്നേറാൻ കാർഷിക മേഖലക്ക് കഴിഞ്ഞുവോ എന്ന ചോദ്യം നിലനിൽക്കുന്നു. പങ്കാളിത്ത വികസനം മുഖമുദ്രയാക്കിയ വികേന്ദ്രീകൃതാസൂത്രണത്തിന്റെ സ്വാഭാവിക പരിണിതിയായാണ് ഇതിനെ നാം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വികസന തന്ത്രങ്ങളുടെ പ്രയോഗത്തിലെ നൈരന്തര്യമില്ലായ്മയും കാലക്രമേണ പല സ്ഥാപിത താൽപ്പര്യക്കാരും ആവേശപൂർവ്വം പരിപോഷിപ്പിച്ച ഡിപ്പാർട്ട്‌മെന്റലിസവും ആസൂത്രണത്തിന്റെ അന്തഃസത്ത കളയുന്ന രീതിയിൽ യാന്ത്രികമായി പിന്തുടർന്ന നടപടിക്രമങ്ങളും മൂലം കാർഷികമേഖലയിൽ നാം പ്രതീക്ഷിച്ചിരുന്ന ഫലങ്ങളുണ്ടായില്ല എന്ന് വ്യക്തമാണ്. പശ്ചാത്തല സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, പാർപ്പിടം, ഗതാഗതം എന്നീ വികസന മേഖലകളിൽ ജനകീയാസൂത്രണം വഴി കൈവരിച്ചത്ര പുരോഗതി കാർഷിക മേഖലയിൽ കൈവരിക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. 

എന്നാൽ കഴിഞ്ഞ നാലു വർഷങ്ങളായി കാർഷിക രംഗത്ത് വലിയ ഉണർവ്വുണ്ടായിട്ടുണ്ട്. പ്രളയത്തെ അതിജീവിച്ചും കാർഷികരംഗം വളർച്ച കൈവരിച്ചു. എല്ലാ പ്രതിബന്ധങ്ങൾക്കു നടുവിലും 2017-18ൽ 1.72 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു. കാർഷികോല്‍പ്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകർക്കു സഹായം നൽകുന്നതിനും നിരവധി പദ്ധതികൾ സംസ്ഥാന തലത്തിൽ ആവിഷ്‌കരിക്കപ്പെട്ടു. കർഷക ക്ഷേമനിധി, പച്ചക്കറികൾക്കു താങ്ങു വില എന്നിവ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വളരുന്ന കേരളത്തിൽ ജനകീയാസൂത്രണത്തിന്റെ പ്രസക്തി

എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഈ മാതൃക കാർഷിക മേഖലയുടെ നിലനിൽപ്പിനും വളർച്ച ഉറപ്പാക്കുന്നതിനും ഗണ്യമായി സഹായിക്കുമെന്നു വേണം കരുതാൻ. കാർഷിക മേഖലയുടെ വളർച്ചക്ക് സഹായകമാകുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ മിക്ക സ്ഥലങ്ങളിലും നിലവിൽ വന്നത് ജനകീയാസൂത്രണ പദ്ധതികളിലൂടെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വികേന്ദ്രീകൃതാസൂത്രണ സംവിധാനവും കേരളത്തിന്റെ ഭാവി വളർച്ചയുടെ നെടൂംതൂണുകളാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്ക് നാം സാക്ഷികളാണ്. പ്രളയം തകർത്ത സംസ്ഥാനത്ത് കണ്ണഞ്ചിക്കുന്ന വേഗതയിൽ രക്ഷാപ്രവർത്തനവും തുടർന്ന് പുനരധിവാസ പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞത് സുസജ്ജമായ തദ്ദേശ ഭരണ സംവിധാനം നിലനിൽക്കുന്നതുകൊണ്ടാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് അനന്യമായ ഒരു മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞതും ഈ സംവിധാനത്തിന്റെ മികവു കൊണ്ടാണ് എന്നും ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെടുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷയെക്കുറിച്ചു ണ്ടായ വ്യാപകമായ ചർച്ചകളും ആശങ്കകളും കാർഷിക മേഖലക്ക് അഭൂതപൂർവ്വമായ പ്രാധാന്യം കൈവരാൻ ഇടയാക്കിയിട്ടുണ്ട്. കാർഷിക മേഖലയിലെ പുതിയ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം എന്ന സാമൂഹിക ധർമ്മത്തെക്കുറിച്ചും കേരളീയർ ഉറക്കെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കാർഷിക മേഖലയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവരുടെ എണ്ണത്തിലും വൻ വർദ്ധന കാണുന്നു. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷ്യയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശവും കൃഷി എന്ന സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനവും ആവേശകരമായ പ്രതികരണമാണുണ്ടാക്കിയത്. അതിന്റെ അലയൊലികൾ സമൂഹത്തിൽ ദൃശ്യമാണ്. ഈ മാറ്റം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷക്കായി വളരെ മുൻപു തന്നെ ആരംഭിച്ച ജനകീയ പരിപാടികളുടെ സാധൂകരണമാണെന്ന് പറയാം. ഇതെത്തുടർന്ന് പ്രഖ്യാപിക്കപ്പെട്ട സുഭിക്ഷ കേരളം എന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാർഷിക മേഖലയിൽ വീണ്ടും സക്രിയമായി ഇടപെടുന്നതിനുള്ള വൻ സാദ്ധ്യതകളാണ് തുറന്നു തരുന്നത്. നേരത്തെ സൂചിപ്പിക്കപ്പെട്ട വികേന്ദ്രീകൃതാസൂത്രണത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. സുഭിക്ഷ കേരളം പദ്ധതിയിൽ എല്ലാ വികസന വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനമാണ് നിഷ്‌കർഷിച്ചിട്ടൂള്ളത്. ഉല്‍പ്പാദന വർദ്ധനവ്, സംഭരണം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിങ്ങനെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളത്. കൃഷി അനുബന്ധ മേഖലയിലെ വികസന വകുപ്പുകളൂം സഹകരണ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളൂം എല്ലാം ഈ ദൗത്യത്തിൽ പങ്കാളികളാണ്.

ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിൽ പ്രാദേശിക വികസനവും അധികാര വിനിയോഗത്തിലെ സുതാര്യതയും കാര്യക്ഷമതയും സുപ്രധാന വിഷയങ്ങളായി പ്രതിഷ്ഠിക്കാൻ കഴിഞ്ഞത് ജനകീയാസൂത്രണത്തിലൂടെയാണ്. അതിജീവന ക്ഷമതയും ഉല്‍പ്പാദനക്ഷമതയുമുള്ള സംസ്ഥാനം എന്ന നിലയിലേക്ക് കേരളത്തെ നയിക്കുന്നതിന് വേണ്ട സുശക്തമായ അടിസ്ഥാനവും ചട്ടക്കൂടുമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വികേന്ദ്രീകൃതാസൂത്രണ സംവിധാനവും. ജനങ്ങളുടെ വികസന അജണ്ട സ്വയം നിര്‍ണ്ണയിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടുതൽ സൃഷ്ടിപരമായും ഭാവിയെ മുന്നിൽ കണ്ടുകൊണ്ടും വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങളും പരിശീലനവും അവലോകന രീതികളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ജനകീയാസൂത്രണത്തിന്റെ വക്താക്കളൂം പ്രയോക്താക്കളുമായ ഒരു തലമുറ ഊർജ്ജസ്വലരും ആധുനിക സാങ്കേതിക വിദ്യയോടോപ്പം വളർന്നവരുമായ ഒരു പുതിയ തലമുറക്ക് വഴിമാറുകയാണ്. വിമോചനാത്മകമായ വികസനത്തിന്റെ സിദ്ധാന്തവും കാലികമായ പ്രയോഗവും ഈ തലമുറയുമായി വിശദമായി ചർച്ച ചെയ്യുന്നതിലൂടെ മാത്രമേ ജനകീയാസൂത്രണത്തിന്റെ പുതിയ രൂപങ്ങൾ നമുക്കാവിഷ്‌കരിക്കാൻ കഴിയൂ.

റഫറന്‍സുകള്‍
ടി. എം തോമസ് ഐസക് (1996) ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും, കേരള സംസ്ഥാന ആസൂത്രണ ബോർഡ്.
ഇ. എം. എസ് (2009) അധികാര വികേന്ദ്രീകരണത്തെപ്പറ്റി, ചിന്ത പബ്ലിഷേഴ്‌സ്.
Balan P.P, Sunny George T. Raghavan(2014) Decentralisation Participatory Planning and Development in Kerala, Kerala Institute of Local Administration, Thrissur.
Deshpande R S and Chakraborthy B (2011) Report of The Working Group on Decentralised Planning in Agriculture for XII Plan, Planning Commission, GoI.
Government of Kerala (2007) Report of the Committee for Evaluation of Decentralized Planning and Development , Vol. 31, Issue No. 30.
Government of Kerala (2015) Kerala Development Policy Available at: https://investuttarakhand.com/themes/backend/acts/act_english1575358789.pdf
GoK (2019) Economic Review, Kerala State Planning Board. 
Kannan K P (Year unknown) People’s planning, Kerala’s dilemma, Available at: http://www.undp.org/content/dam/india/docs/peoples_planning_keralas_dilemma.pdf
Olle Tornquist and P K Michael Tharakan (1996) Democratisation and Attempts to Renew the Radical Political Development Project-Case of Kerala, Economic and Political Weekly.
Sherly A Whyte and K S Nair (1994) Participatory Communication, Sage Publishers, New Delhi.
Thomas Issac and K N Harilal (1997) Planning for Empowerment: People’s Campaign for Decentralised Planning in Kerala, Economic and Political Weekly, Vol. 32, No. 1/2.
Thomas Issac T M and Richard Franke (2002) Local Democracy and Development: The Kerala People’s Campaign for Decentralized Planning, Rowman & Littlefield.
Thrupp Lori A, Bruce Cabarle and Aaron Zagueta (1994) Participatory Methods and Political Processes: Linking Grassroots Actions to Policy Making for Sustainable Development in Latin America, In Scoones, Ian and Thompson, John (eds) Beyond Farmer First, Intermediate Technology Publications, London.