തദ്ദേശ ഭരണ സ്ഥാപനങ്ങളും വ്യവസായ മേഖലയും

ആർ വിപിൻ കുമാർ

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിലാണ് ഭരണഘടനയുടെ 73, 74 ഭേദഗതികൾക്ക് ശേഷം കേരളത്തിൽ അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവും സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തിയത്. പ്രാദേശിക തലത്തിൽ കാര്യക്ഷമമായി ഭരണം നടത്തുവാൻ ആവശ്യമായ സ്ഥാപനങ്ങളും മനുഷ്യവിഭവ ശേഷിയും ധന സ്രോതസുകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഈ ശ്രദ്ധേയമായ ഇടപെടൽ നടത്തിയത്. പ്രാദേശികതലത്തിലെ പ്രധാന സ്ഥാപനങ്ങളായ കൃഷിഭവൻ, മൃഗാശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊതുവിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിൽ ഗുണപരമായ ഇടപെടലുകൾ നടത്തുവാനുള്ള അവസരം കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇതിനാൽ കൈവന്നു. 1996-97 ന് മുമ്പ് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ശരാശരി 20 കോടി രൂപ മാത്രമായിരുന്നു സംസ്ഥാന സർക്കാർ കൈമാറിയിരുന്നത് (Mathew, 2014). എന്നാൽ ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തോടെ തനത് ധന സ്രോതസ്സുകൾക്ക് പുറമെ സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 30 ശതമാനത്തോളം തുക തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനായി അന്ന് സംസ്ഥാനം ഭരിച്ചിരുന്ന എൽ ഡി എഫ്  സർക്കാർ കൈമാറുകയുണ്ടായി. ഇതിന് പുറമെ പ്രൊഫ. പ്രഭാത് പട്നായക് അദ്ധ്യക്ഷനായ രണ്ടാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം 2004 മുതൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടും മെയിന്റനെന്‍സ് ഫണ്ടും നൽകുവാൻ തീരുമാനിച്ചു (Government of Kerala, 2004). ഇത് അനുസരിച്ച് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ 3.5 ശതമാനം തുക ജനറൽ പർപ്പസ് ഫണ്ടായും 6 ശതമാനം തുക മെയിന്റനെന്‍സ് ഫണ്ടായും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഓരോ സാമ്പത്തിക വർഷവും കൈമാറിവരുന്നു (2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്, കേരള സർക്കാർ). കേരളത്തിൽ മുരടിപ്പു നേരിട്ടിരുന്ന ഉല്പാദന മേഖലയിൽ ജനങ്ങളെയും മറ്റ് പ്രാദേശിക വിഭവങ്ങളെയും ഒത്തുചേർത്ത് ഫലപ്രദമായ ഇടപെടലുകൾ നടത്തുക എന്നതും സംസ്ഥാനത്ത് നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇത്തരത്തിൽ കൃഷിയും അനുബന്ധ മേഖലയിലൂടെയും വ്യവസായ മേഖലയിലൂടെയും ഉല്പാദന മേഖലയിലും പ്രാദേശിക വികസനത്തിലുമായി അനേകം നല്ല മാതൃകകൾ സൃഷ്ടിക്കുവാൻ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നതിൽ സംശയമില്ല. ഒൻപതാം പഞ്ചവത്സര പദ്ധതി മുതൽ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉല്പാദന മേഖലയിൽ പൊതുവിലും വ്യാവസായിക മേഖലയിൽ പ്രത്യേകിച്ചും നടത്തിവരുന്ന വികസന ഇടപെടലുകളെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശകലനം ഭാഗം ഒന്നിൽ വിവരിക്കുന്നു. ഭാഗം രണ്ടിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉല്പാദന മേഖലയിലും പ്രാദേശിക വ്യാവസായിക വികസനത്തിലും നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശകലനത്തെത്തുടർന്ന് ലേഖനം ഉപസംഹരിച്ചിരിക്കുന്നു.

 

ഭാഗം ഒന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വികസന പ്രവര്‍ത്തനങ്ങളും

സംസ്ഥാന സര്‍ക്കാര്‍ ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതി വിഹിതം കൈമാറുന്നത് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഭൂപ്രദേശം, ജനസംഖ്യ മുതലായ ഘടകങ്ങളാണ് ഇതില്‍ പ്രധാനം. ഇത്തരത്തിൽ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം മാറ്റിവയ്ക്കുന്ന പദ്ധതി വിഹിതത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള വിഹിതത്തിന്റെ നിരക്ക് എത്ര എന്ന് പട്ടിക ഒന്നിൽ കാണിച്ചിരിക്കുന്നു. ഒന്‍പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ 29. 29 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കുന്നതിനായി നല്‍കിയിരുന്നു. എന്നാല്‍ പതിനൊന്നാം പദ്ധതിക്കാലത്ത് ഇത് 22.18 ശതമാനമായി കുറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന വിഹിതം കുറയുന്നതില്‍ നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന വികസന ഫണ്ടിന്റെ 25 ശതമാനമെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രസ്തുത ധനകാര്യ കമ്മീഷന്‍ ശുപാര്‍ശചെയ്തു. ഇതിന്റെ ഫലമായി 2010-11 ലെ 20.50 ശതമാനത്തില്‍ നിന്നും 2018-19 ആയപ്പോഴേക്കും 24.01 ശതമാനമായി ഇത് ഉയർന്നത് ആശാവഹമായ കാര്യമാണ്. അത് 2020-21 ല്‍ 25 ശതമാനത്തിലധികമായി ഉയര്‍ന്നു.

 

പട്ടിക ഒന്ന്

സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന വിഹിതം (ശതമാനത്തില്‍)

വര്‍ഷം

പദ്ധതി വിഹിതം

വര്‍ഷം

പദ്ധതി വിഹിതം

1997-98

26.23

2008-09

21.96

1998-99

30.65

2009-10

20.89

1999-00

31.38

2010-11

20.50

2000-01

29.56

2011-12

24.93

2001-02

28.19

11-ാം പദ്ധതി

22.18

9-ാം പദ്ധതി

29.29

2012-13

23.04

2002-03

33.33

2013-14

23.53

2003-04

29.73

2014-15

23.50

2004-05

28.13

2015-16

24.00

2005-06

25.61

2016-17

20.83

2006-07

20.96

12-ാം പദ്ധതി

22.87

10-ാം പദ്ധതി

26.81

2017-18

20.75

2007-08

22.11

2018-19

24.01

 ഉറവിടം: കേരള സർക്കാരിന്റെ വിവിധ വർഷങ്ങളിലെ സാമ്പത്തിക അവലോകന റിപ്പോർട്ട്

 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത നിശ്ചയിക്കുന്നതില്‍ അവര്‍ക്ക് കൈമാറ്റം ചെയ്ത പദ്ധതി വിഹിതത്തില്‍ എത്രമാത്രം വിനിയോഗിക്കുന്നു എന്നത് പ്രധാനമാണ്. അത് ചിത്രം ഒന്നിൽ കാണിച്ചിരിക്കുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യ നാളുകളിൽ, പലവർഷങ്ങളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 90 ശതമാനത്തിന് മുകളിലാണെന്ന് മനസ്സിലാകും. ഏറ്റവും കുറഞ്ഞ പദ്ധതി വിനിയോഗം നടന്നത് 2002-03 ലാണ് എന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. വികേന്ദ്രീകരണ ആസൂത്രണത്തിന്റെ ആദ്യനാളുകളില്‍ പദ്ധതി വിനിയോഗത്തിലുള്ള ഉയര്‍ച്ച-താഴ്ചകള്‍ 2011 നു ശേഷം അധികരിച്ചുകാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള വിഹിതത്തിൽ എത്രമാത്രം സമയബന്ധിതമായി പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറുന്നു, പദ്ധതി നിർവ്വഹണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സമയം, പദ്ധതി വിഹിതം വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾ കാണിക്കുന്ന ഉത്സാഹം എന്നിങ്ങനെ എല്ലാംതന്നെ പദ്ധതി വിനിയോഗത്തിലെ കാര്യക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നയത്തിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുകയുടെ വിനിയോഗത്തിൽ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട് എന്ന് ചിത്രം ഒന്നിൽ നിന്നും മനസ്സിലാക്കാം.

 

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ പദ്ധതി വിഹിതം കൈമാറുമ്പോൾ പ്രസ്തുത ധനത്തിന്റെ വിനിയോഗത്തിന് പൊതു മാനദണ്ഡങ്ങൾ കൂടി നൽകാറുണ്ട്. ഇത്തരത്തിൽ പൊതു മാനദണ്ഡങ്ങളിൽപ്പെട്ട ഒന്നാണ് പദ്ധതി വിഹിതത്തെ വിവിധ വികസന മേഖലകളിൽ വിനിയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന പരിധി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളെ പ്രധാനമായും ഉല്പാദനം, സേവനം, പശ്ചാത്തലവികസനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ജനകീയാസൂത്രണത്തിന് തുടക്കംകുറിച്ച വേളയിൽ പ്രാദേശിക വികസനത്തിൽ ഉല്പാദന മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് അന്ന് കേരളം ഭരിച്ചിരുന്ന എൽ.ഡി.എഫ്. സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ ഉല്പാദന മേഖലയുടെ പുനരുജ്ജീവനം പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി നിശ്ചയിച്ചു. ഇതര വികസന മേഖലകളെ അപേക്ഷിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉല്പാദന മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രാദേശിക വികസനത്തിൽ നിര്‍ണ്ണായക സ്വാധീനമാണുള്ളത്. ഗ്രാമീണ ജനതയ്ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളിൽ നേരിടുന്ന വെല്ലുവിളികളെ ഗ്രാമസഭയിൽ അവതരിപ്പിച്ച് പഞ്ചായത്തുകളുടെ സഹായത്തോടുകൂടി പരിഹാരം കാണുവാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. ഇതിനാൽതന്നെ ഒൻപതാം പദ്ധതികാലത്ത് പുറപ്പെടുവിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വികസന മാര്‍ഗ്ഗരേഖയിൽ ഗ്രാമപ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ (ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ചെലവഴിക്കുന്ന പൊതു പദ്ധതി വിഹിതത്തിന്റെ 40 ശതമാനത്തിൽ കുറയാത്ത തുക ഉല്പാദന മേഖലയിലെ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി വിനിയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു (പട്ടിക രണ്ട്). എന്നാൽ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉല്പാദന മേഖലയിൽ ചെലുത്തുവാൻ കഴിയുന്ന സ്വാധീനം ചെറുതാണെന്ന് ജനകീയാസൂത്രണത്തിന്റെ ആദ്യനാളുകളിൽത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് 1998-99 ൽ അവർ ഉല്പാദന മേഖലക്കായി നീക്കിവയ്ക്കേണ്ട നിർബന്ധിത വകയിരുത്തൽ 30 ശതമാനത്തിൽനിന്നും 2001-02 ൽ 10 ശതമാനമായി കുറച്ചു. പത്താം പദ്ധതി കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന യു. ഡി. എഫ്. സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉല്പാദന മേഖലയ്ക്കായി നിർബന്ധമായും നീക്കിവയ്ക്കേണ്ട പദ്ധതി വിഹിതം 40 ശതമാനത്തിൽനിന്നും 30 ശതമാനമായി ചുരുക്കി. എന്നാൽ പതിനൊന്നാം പദ്ധതി കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന എൽ. ഡി. എഫ്. സർക്കാർ ഉല്പാദന മേഖലയ്ക്കായി ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിർബ്ബന്ധമായും വകയിരുത്തേണ്ട പദ്ധതി വിഹിതം 40 ശതമാനമായി പുന:സ്ഥാപിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പദ്ധതിയിലെ വികസന പരിപാടികൾ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയിൽ യു. ഡി. എഫ്. സർക്കാർ കാതലായ മാറ്റംവരുത്തി. പന്ത്രണ്ടാം പദ്ധതിക്കായുള്ള മാര്‍ഗ്ഗരേഖ പ്രകാരം ഉല്പാദന മേഖലയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ നീക്കിവയ്‌ക്കേണ്ട നിർബന്ധിത പരിധി ഒഴിവാക്കി. കൂടാതെ, പശ്ചാത്തല മേഖലയിൽ ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പൊതു പദ്ധതി വിഹിതത്തിന്റെ 45 ശതമാനം വരെയുള്ള തുക വിനിയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു. എന്നാൽ പതിമൂന്നാം പദ്ധതി കാലത്തേക്കായി ഇപ്പോഴത്തെ എൽ. ഡി. എഫ്. സർക്കാർ പുറത്തിറക്കിയ ആസൂത്രണ മാര്‍ഗ്ഗ രേഖ പ്രകാരം ഉല്പാദന മേഖലയിലെ വികസന പ്രവത്തനങ്ങൾക്കായി ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പൊതു പദ്ധതി വിഹിതത്തിൽനിന്നും 30 ശതമാനത്തിൽ കുറയാത്ത തുക മാറ്റിവയ്ക്കണമെന്ന് നിഷ്കർഷിച്ചു. 1997 ന് ശേഷം കേരള സംസ്ഥാന ഭരണത്തിൽ മാറിവരുന്ന എൽ. ഡി. എഫ്., യു. ഡി. എഫ്. മുന്നണികളിൽ എൽ. ഡി. എഫ്. ഭരണത്തിൽ വരുമ്പോൾ ഉല്പാദന മേഖലയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രാദേശിക വികസനത്തെ ത്വരിതപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്ന് പട്ടിക രണ്ടിലെ വിശകലനത്തിൽനിന്നും മനസ്സിലാക്കാം.

 

പട്ടിക രണ്ട്

പദ്ധതി മാര്‍ഗ്ഗരേഖയും മേഖലാ വകയിരുത്തലും (ശതമാനത്തിൽ)

പദ്ധതി

ഗ്രാമ തദ്ദേശ ഭരണ സ്ഥാപനം

നഗര തദ്ദേശ ഭരണ സ്ഥാപനം

ഉല്‍പ്പാദനം

സേവനം

പശ്ചാ

ത്തലം

ഉല്‍പ്പാദനം

സേവനം

പശ്ചാ

ത്തലം

 

1998-99

40

--

30

30

--

30

1999-00

40

--

30

30

--

35

2000-01

40

--

30

20

--

35

2001-02

40

--

30

10

--

50

10-ാം

പദ്ധതി

30

--

30

10

--

50

 

11-ാം

പദ്ധതി

40

--

20

10

--

50

 

12-ാം

പദ്ധതി

--

--

45

--

--

55

 

13-ാം

പദ്ധതി

30

--

30*

10

--

50

 

കുറിപ്പ്: * ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് ഇത് 25 % വും 40 % വും ആണ്.

ഉറവിടം: കേരള സർക്കാർ 9-ാം പദ്ധതി മുതൽ 13-ാം പദ്ധതി വരെ തദ്ദേശ ഭരണ സ്ഥാപങ്ങൾക്ക് വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ആസൂത്രണ മാര്‍ഗ്ഗരേഖകൾ.

 

 

തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെലവഴിച്ച പദ്ധതി വിഹിതം എത്തരത്തിലാണ് വിവിധ വികസന മേഖലകൾക്കായി വകയിരുത്തിയത് എന്നത് പ്രധാനമാണ്. ചിത്രം രണ്ടിൽ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള ചെലവിന്റെ നിരക്ക് കാണിച്ചിരിക്കുന്നു. യു ഡി എഫ്. സർക്കാരിന്റെ ഭരണകാലത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങൾവഴി ഉല്പാദന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് അധികം ഊന്നൽ നൽകിയിരുന്നില്ല. ആയതിനാൽത്തന്നെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഉല്പാദന മേഖലയ്ക്കായി കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെലവഴിച്ചത് മൊത്തം പദ്ധതി വിഹിതത്തിന്റെ 10 ശതമാനത്തിൽ താഴെമാത്രമായിരുന്നു. എന്നാൽ എൽ.ഡി.എഫ്. ഭരണകാലമായ പതിനൊന്നാം പദ്ധതികാലത്തും പതിമൂന്നാം പദ്ധതി കാലത്തും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉല്പാദന മേഖലയിൽ മെച്ചപ്പെട്ട പദ്ധതി വിനിയോഗം നിര്‍വ്വഹിച്ചിട്ടുള്ളതായി ചിത്രത്തിൽ നിന്നും വ്യക്തമാകും.

സംസ്ഥാന സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം കൈമാറുമ്പോൾ പ്രസ്തുത വിഹിതത്തിന്റെ വിനിയോഗത്തിന് പൊതുമാനദണ്ഡം കൂടി പുറപ്പെടുവിക്കാറുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഇത്തരം പൊതുമാനദണ്ഡങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിർബന്ധമായും നടപ്പിലാക്കേണ്ട ചില പദ്ധതികളെക്കുറിച്ചുമുള്ള നിർദ്ദേശമുണ്ടാകും. ഇത്തരം പദ്ധതികൾക്കായി ചെലവഴിച്ച വിഹിതത്തെ 'മേഖലാ വിഭജനത്തിൽ പെടാത്തവ' എന്ന് ചിത്രം രണ്ടിൽ കാണിച്ചിരിക്കുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യ നാളുകളുമായി തട്ടിച്ച് നോക്കുമ്പോൾ പിൽക്കാലങ്ങളിൽ നിർബന്ധിത പദ്ധതികളുടെ നിരക്ക് വലിയ തോതിൽ കൂടുന്നതായി മനസ്സിലാക്കാം. ചിത്രത്തിൽ നിർബ്ബന്ധിത പദ്ധതികളുടെ വിവരം 2011-12 വരെ മാത്രമാണ് കാണിച്ചിരുന്നത്. ഇത്തരം പദ്ധതികളുടെ വേർതിരിച്ചുള്ള ചെലവ് വിവരം 2012-13 മുതൽ സംസ്ഥാന സർക്കാർ ലഭ്യമാക്കാത്തതാണ് ഇതിന് കാരണം. ഇത്തരം നിർബ്ബന്ധിത പദ്ധതികൾ സേവന മേഖലയുടെ ചെലവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നാണ് 2012-13 മുതൽ സേവന മേഖലയിലെ ചെലവിന്റെ നിരക്കിലുള്ള വൻ വർദ്ധനവിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതി ചെലവിൽ നിർബ്ബന്ധിത പദ്ധതികൾ കൂടുന്നത് പ്രാദേശിക സർക്കാരുകളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏജന്റുകളായി ചുരുക്കും. ഇത് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ജനകീയ സ്ഥാപനങ്ങളെ നിർജ്ജീവമാക്കും. കീഴ്‌തട്ടിലുള്ള ജനാധിപത്യത്തിന്റെ ശാക്തീകരണത്തെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യും.

 

ചിത്രം രണ്ട്- മേഖല തിരിച്ചുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചെലവിന്റെ വിവരം

 

ഭാഗം രണ്ട്

ഉല്പാദന മേഖലയും പ്രാദേശിക വ്യാവസായിക വികസനവും

കേരളത്തിലെ ഉല്പാദന മേഖലയുടെ ശാക്തീകരണത്തിനായി ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന എൽ. ഡി. എഫ്. സർക്കാർ സുപ്രധാന സ്ഥാനം നൽകിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉല്പാദന മേഖലയിൽ നടത്തുന്ന പ്രധാന വികസന ഇടപെടലുകളെ ചുവടെ കൊടുത്തിരിക്കുന്ന ഉപമേഖലകളായി തിരിക്കാവുന്നതാണ്: 1) കൃഷി; 2) ജലസേചനം; 3) മണ്ണ് ജലസംരക്ഷണം, പരിസ്ഥിതി, വനവത്കരണം; 4) മൃഗസംരക്ഷണം; 5) ക്ഷീരവികസനം; 6) മത്സ്യബന്ധനം; 7) വ്യവസായം, സ്വയം തൊഴിൽ സംരംഭങ്ങൾ, വിപണന പ്രോത്സാഹനം. പട്ടിക മൂന്നിൽ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതം വിവിധ ഉപ മേഖലയിൽ ചെലവഴിച്ച തുക ശതമാന കണക്കിൽ കാണിച്ചിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ക്ഷീര വികസനത്തിനായി വിനിയോഗിക്കുന്ന പദ്ധതി വിഹിതത്തിന്റെ അനുപാതത്തിൽ 2012-13 നേക്കാൾ വലിയ വർദ്ധനവ് 2018-19 ആയപ്പോഴേക്കും രേഖപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്ന പദ്ധതി വിഹിതത്തിന്റെ അനുപാതത്തിൽ കാര്യമായ കുറവ് വരുത്താതെയാണ് ക്ഷീരവികസനത്തിനായുള്ള പദ്ധതി വിഹിതത്തിന്റെ അനുപാതത്തിൽ വർദ്ധനവ് വരുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഉല്പാദന മേഖലയിലെ 40 ശതമാനത്തോളം തുകയും കാർഷിക വികസനത്തിന് വേണ്ടിയാണ് വിനിയോഗിക്കുന്നത് എന്ന് പട്ടിക മൂന്നിൽ നിന്നും വ്യക്തമാകുന്നു. മത്സ്യബന്ധനം, മണ്ണ് ജല സംരക്ഷണം എന്നി ഉപ മേഖലകളുടെ വികസനത്തിനായി ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിന്റെ 5 ശതമാനത്തിൽത്താഴെ തുക മാത്രമേ ചെലവഴിച്ചുകാണുന്നുള്ളൂ. 2013-14 മുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വ്യാവസായിക വികസനത്തിന് വേണ്ടി ചെലവഴിക്കുന്ന പദ്ധതി വിഹിതത്തിന്റെ നിരക്കിൽ കുറവ് വന്നിട്ടുണ്ടെകിലും 2017-18 ആയപ്പോഴേക്കും ഇതിൽ നേരിയ പുരോഗതി കണ്ടുതുടങ്ങി.

 

പട്ടിക മൂന്ന് - തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉല്പാദന മേഖലയിലെ ചെലവ്

(ശതമാനത്തിൽ)

വർഷം

കൃഷി

ജല

സേചനം

മണ്ണ്

ജലസംരക്ഷണം

മൃഗസംരക്ഷണം

ക്ഷീര

വികസനം

മത്സ്യ

ബന്ധനം

വ്യവസായം

2012-13

39.97

9.61

4.56

24.66

4.80

2.23

13.40

2013-14

42.64

8.39

3.84

24.58

5.87

3.03

10.49

2014-15

42.50

8.51

3.80

22.96

6.77

1.84

12.21

2015-16

47.04

7.15

4.19

20.40

9.24

1.94

8.95

2016-17

44.15

5.33

1.80

24.79

11.93

1.77

7.16

2017-18

42.27

8.39

3.78

21.19

12.91

1.27

7.78

2018-19

38.90

8.56

4.91

20.75

13.70

1.86

9.34

 ഉറവിടം: കേരള സർക്കാരിന്റെ വിവിധ വർഷങ്ങളിലെ സാമ്പത്തിക അവലോകന റിപ്പോർട്ട്

 

 

വ്യാവസായിക വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ, വിപണനം

ജനകീയാസൂത്രണത്തിലൂടെ കേരളത്തിലെ ഉല്പാദന മേഖലയുടെ ശാക്തീകരണം ലക്ഷ്യമിടുമ്പോൾ വ്യാവസായിക വികസനത്തിന് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സുപ്രധാന സ്ഥാനം നൽകിയിരുന്നു എന്നു കാണാം. ഒരു പ്രദേശത്തെ വ്യാവസായിക വികസന സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് പ്രാദേശിക വിഭവങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. അതുവരെ തൊഴിൽ ശക്തിയുടെ ഭാഗമല്ലാതിരുന്ന വീട്ടമ്മമാരെ സഹിതം സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുവാനും, പ്രാദേശിക വികസനത്തിൽ പങ്കാളികളാക്കുവാനും ഇതിലൂടെ ലക്ഷ്യമിട്ടു. ചെറുകിട - വ്യവസായ സംരംഭങ്ങൾ ഒറ്റക്കോ കൂട്ടായോ തുടങ്ങുകവഴി പ്രാദേശികതലത്തിൽ സ്ഥിരതയാർന്ന വികസനം കൈവരിക്കുകയും പ്രദേശവാസികൾക്ക് ജീവനോപാധി ഒരുക്കുകയും ചെയ്യാൻ ഇതിലൂടെ സാധിക്കും. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമായും ചെയ്യാനുണ്ടായിരുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന വികസന പദ്ധതികളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രധാനമായും നടത്തിവരുന്നത്:  1) വിവിധ മേഖലയിൽ സാധാരണക്കാരിൽ സംരംഭകത്വം വളർത്തുകയും, അതിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് അവരെ സജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠന ക്ലാസ്സുകൾ; 2) പ്രാദേശികമായി ഉല്പാദിപ്പിച്ച കാർഷിക/ വ്യവസായ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടുള്ള മേളകൾ സംഘടിപ്പിക്കലും ഉല്പന്ന വിപണനത്തിന് വേണ്ടിയുള്ള മറ്റ് പ്രവർത്തനങ്ങളും; 3) വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള മിനി വ്യവസായ എസ്റ്റേറ്റ് പോലുള്ള കെട്ടിടങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കൽ; 4) അർഹരായ വ്യക്തികളോ ഗ്രൂപ്പുകളോ വ്യവസായ സംരംഭങ്ങൾ തുടങ്ങുമ്പോൾ പ്രാരംഭ മൂലധന സമാഹരണത്തിൽ ഉചിതമായ സഹായം നൽകൽ; 5) കുടുംബശ്രീ ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾക്ക് വ്യവസായ വികസനത്തിൽ അവരുടെ പ്രവർത്തനമികവ് വിലയിരുത്തി തുടർ പ്രവർത്തനങ്ങൾക്ക് റിവോള്‍വിങ് ഫണ്ട് നൽകൽ.

ചിത്രം മൂന്നിൽ 2006-07 മുതൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിൽ നിന്നും വ്യവസായ വികസനത്തിനായി ചെലവഴിച്ച തുകയുടെ നിരക്ക് കാണിച്ചിരിക്കുന്നു. 2008-09 ന് ശേഷം വ്യവസായ വികസനത്തിനായി ഗ്രാമപഞ്ചായത്തുകൾ ചെലവഴിക്കുന്ന തുകയുടെ നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി കാണാം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലമായപ്പോഴേക്കും ഈ നിരക്ക് 10 ശതമാനത്തിൽ താഴെയായി. പതിമൂന്നാം പദ്ധതിയിൽ ഗ്രാമ പഞ്ചായത്തുകൾ ഉല്പാദന മേഖലയിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് വ്യവസായ വികസനത്തിനായി ചെലവഴിച്ച നിരക്കിൽ കുറവ് രേഖപ്പെടുത്തുവാൻ കാരണമായി. എന്നാൽ 2015-16 മായി തട്ടിച്ചുനോക്കുമ്പോൾ ഈ ഇനത്തിൽ 2016-17 ൽ 11.68 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായി കാണുന്നു. പതിമൂന്നാം പദ്ധതിയിൽ എൽ.ഡി.എഫ്. സർക്കാർ ഉല്പാദന മേഖലയുടെ ശാക്തീകരണത്തിനായി പൊതുവിൽ സ്വീകരിച്ച നയങ്ങളുടെ ഗുണം വ്യവസായ മേഖലയ്ക്കും ലഭിച്ചു എന്നാണ് ഈ വളർച്ചാനിരക്ക് കാണിക്കുന്നത്. പതിമൂന്നാം പദ്ധതി ആയപ്പോഴേക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ശക്തമായ ഇടപെടൽ വ്യവസായ വികസനത്തിൽ നടത്തിവരുന്നു എന്ന് ചിത്രം മൂന്നിൽനിന്ന് മനസ്സിലാക്കാം.

ചിത്രം മൂന്ന്- ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിൽ നിന്നും വ്യവസായ വികസനത്തിനായി ചെലവഴിച്ച തുക (ശതമാനത്തിൽ)

 കേരളത്തിലെ മുനിസിപ്പാലിറ്റികളും നഗരസഭകളും ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിൽ നിന്നും വ്യവസായ വികസനത്തിനായി ചെലവഴിച്ച പദ്ധതി വിഹിതത്തിന്റെ നിരക്ക് പട്ടിക നാലിൽ കൊടുത്തിരിക്കുന്നു. നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉല്പാദന മേഖലയിൽ പരിമിതമായ പ്രവർത്തനങ്ങളേ കാഴ്ചവെക്കുവാൻ ഉള്ളൂവെങ്കിലും വ്യവസായ വികസനത്തിൽ മോശമല്ലാത്ത പ്രവർത്തനങ്ങൾ ഇക്കൂട്ടർ കാഴ്ചവച്ചു എന്നാണ് പട്ടിക നാലിൽ നിന്നും വ്യക്തമാക്കുന്നത്. ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിൽ നിന്നും വ്യവസായ വികസനത്തിനായി മുനിസിപ്പാലിറ്റികളെക്കാൾ നഗരസഭകളാണ് ഉയർന്ന നിരക്കിൽ പണം ചെലവഴിച്ചിരിക്കുന്നത്. കേരളത്തിലെ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾ പന്ത്രണ്ടാം പദ്ധതിയുടെ അവസാന വർഷത്തിൽ വ്യാവസായിക വികസനത്തിനായി ചെലവഴിച്ച തുകയുടെ നിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പതിമൂന്നാം പദ്ധതിയുയോടുകൂടി ഈ നിരക്കിൽ നേരിയ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്.

 

പട്ടിക നാല് - നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉല്പാദന മേഖലയിലെ പദ്ധതി വിഹിതത്തിൽ നിന്നും വ്യവസായ വികസനത്തിനായി ചെലവഴിച്ച തുക (ശതമാനത്തിൽ)          4

വ്യാവസായിക വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ, വിപണന പ്രോത്സാഹനം എന്നിവയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന ഇടപെടലുകൾ എത്തരത്തിലുള്ള മാറ്റങ്ങളാണ് പ്രദേശവാസികൾക്കും പ്രാദേശിക വികസനത്തിലും വരുത്തിയത് എന്നത് പ്രസക്തമാണ്. ഇത്തരം പദ്ധതികളുടെ സൂക്ഷ്മ വിശകലനത്തിലൂടെമാത്രമെ ഇത് അറിയുവാന്‍ കഴിയുകയുള്ളു. ഇതിനായി തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, ആര്യനാട് ഗ്രാമ പഞ്ചായത്തുകൾ വ്യാവസായിക മേഖലയിൽ നടത്തിയ രണ്ട് ഇടപെടലുകൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണിവിടെ.

 

കാർഷികോല്പന്ന വിപണ കേന്ദ്രം, വെള്ളനാട് പഞ്ചായത്ത്

തെങ്ങ്, റബ്ബർ, വാഴ, പച്ചക്കറികൾ, മരച്ചീനി എന്നിവയാണ് വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന വിളകൾ. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ നടപ്പിൽവരുത്തിയതിനെ തുടർന്നുള്ള കാർഷിക ഉല്പന്നങ്ങളുടെ വിലത്തകർച്ച വെള്ളനാട്ടെ കർഷകരെയും വലിയരീതിയിൽ ബാധിച്ചു. ഇവിടത്തെ ഭൂരിഭാഗവും കർഷകരും ചെറുകിട നാമമാത്ര കർഷകരാണ്. ഈ പ്രദേശത്തെ വാഴ കർഷകരിൽ ഏറെയും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ്. വെള്ളനാട്ടെ വാഴക്കുലകളുടെയും നാളികേരത്തിന്റെയും പ്രാദേശിക വിപണി നിയന്ത്രിച്ചിരുന്നത് ചുരുക്കം ചില കച്ചവടക്കാരും അവരുടെ ഇടനിലക്കാരുമായിരുന്നു. ആയതിനാൽ തന്നെ കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന ആക്ഷേപം വലിയതോതിൽ ചർച്ചചെയ്യപ്പെട്ടു. അന്ന് പഞ്ചായത്ത് ഭരിച്ചിരുന്ന എൽ. ഡി. എഫ്. ഭരണസമിതി ഈ വിഷയം ചർച്ചചെയ്യുകയും, പഞ്ചായത്തിന്റെ പരിമിതിക്ക് ഉള്ളിൽനിന്നുകൊണ്ട് കർഷകരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. ഈ കൂട്ടായ്മയുടെ ആദ്യ പ്രവർത്തനമായി 2004 ഡിസംബറിൽ കർഷകരിൽ നിന്നും വിവിധ തരം വാഴക്കുലകൾ വാങ്ങിക്കുകയും, അവ പച്ചക്കും പഴമായും പ്രാദേശികമായി വില്ക്കുവാനും തുടങ്ങി. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വി. എഫ്. പി. സി. കെ.) ദിവസവും പ്രസിദ്ധപ്പെടുത്തുന്ന വിലയ്ക്ക് കുലകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു. വിലയിൽനിന്നും 3 ശതമാനം കുറച്ചുള്ള പണമാണ് കർഷകർക്ക് നല്കിയിരുന്നത്. ഇതിൽ 2 ശതമാനം വിപണന കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി വിനിയോഗിക്കുകയും, മിച്ചമുള്ള ഒരു ശതമാനം കർഷർക്ക് ബോണസായി നല്‍കുകയും ചെയ്യുന്നു. 2007 ഓടുകൂടി ഈ വിപണ കേന്ദ്രം കർഷകരിൽ നിന്ന് നാളികേരവും വാങ്ങി വിപണനം ചെയ്യുവാന്‍ തുടങ്ങി. വലിയരീതിയിലുള്ള വെല്ലുവിളികളെ അതിജീവിച്ച് വെള്ളനാട്ടിലെ വാഴക്കുലകളുടെയും നാളികേരത്തിന്റെയും വിലയും വിപണവും നിയന്ത്രിക്കുന്ന തലത്തിലേക്ക് വിപണന കേന്ദ്രം വളർന്നു. പതിനഞ്ചു വർഷക്കാലത്തിന്റെ പ്രവർത്തനത്തിനിടയിൽ കാർഷിക ഉല്പന്നങ്ങളുടെ മൂല്യ വർദ്ധനവിലേക്കും ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇതിലേക്കുള്ള ആദ്യപടിയായി കൊപ്ര-വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനമാരംഭിക്കുകയും, പ്രദേശവാസികൾക്ക് ശുദ്ധമായ വെളിച്ചണ്ണയും പിണ്ണാക്കും ന്യായവിലക്ക് ലഭ്യമാക്കുകയും ചെയ്തു. ഇതിന് പുറമെ കേന്ദ്രത്തിൽ എത്തുന്ന നേന്ത്രക്കുലയും വെളിച്ചെണ്ണയും ഉപയോഗപ്പെടുത്തി ഒരു ഉപ്പേരി യൂണിറ്റും ആരംഭിക്കുകയുണ്ടായി. 2017-18 സാമ്പത്തിക വർഷത്തിൽ ഈ വിപണ കേന്ദ്രത്തിന്റെ ഉല്പന്ന വിറ്റുവരവ് 2.76 കോടി രൂപയാണ്. കാർഷിക ഉല്പന്ന വിപണന കേന്ദ്രത്തിന് കാർഷിക ഉല്പന്ന വിപണനത്തിനും അവയുടെ മൂല്യ വർദ്ധനവിനും വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ നിര്‍ണ്ണായക സ്വാധീനം ചെലത്തുവാൻ കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. വിവിധ പദ്ധതികളിൽപ്പെടുത്തി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വിപണന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, വിപുലീകരണത്തിനാവശ്യമായ സഹായങ്ങളും നല്‍കി ശക്തിപകർന്നു. കാർഷിക ഉല്പന്ന വിപണനത്തിനും മൂല്യവർദ്ധനവിനുമായി 2004 ൽ എൽ. ഡി. എഫ്. ഭരണസമിതി ആവിഷ്കരിച്ചു നടപ്പിൽവരുത്തിയ ഈ പദ്ധതി കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശംസ പിടിച്ചുപറ്റി.

 

വനിതാ കൂട്ടായ്മയും ഭക്ഷ്യ ഉല്പന്ന നിർമ്മാണ കേന്ദ്രവും, ആര്യനാട്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി 2007 തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി വനിതകളുടെ നേതൃത്വത്തിൽ 17 ഭക്ഷ്യ ഉല്പന്ന നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചു. പീപ്പിൾ എന്ന ബ്രാൻഡ് നെയ്മിലായിരുന്നു പ്രസ്തുത ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്നത്. ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 15 അംഗങ്ങൾ അടങ്ങിയ വനിതാ കൂട്ടായ്മ പീപ്പിൾ, സഹൃദയ എന്നീ ബ്രാൻഡ് നെയ്മുകളിൽ പ്രമേഹബാധിതർക്കുവേണ്ടിയുള്ള പൂരക ഭക്ഷണം ഉല്പാദിപ്പിച്ച് വിപണനം നടത്തുവാൻ ശ്രമിച്ചു എങ്കിലും ഇത് പരാജയപ്പെട്ടു. ഇതേതുടർന്ന് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ എൽ. ഡി. എഫ്. നേതൃത്വം നൽകുന്ന ഭരണസമിതി സംയോജിത ശിശു വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ന്യൂട്രീ ലെഡ്ഡു യൂണിറ്റ് പ്രസ്തുത വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങി. ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 33 അംഗൻവാടികൾ മുഖാന്തരം ന്യൂട്രീ ലെഡ്ഡു വിതരണം ചെയ്തു. എന്നാൽ സംയോജിത ശിശു വികസന പദ്ധതിയുടെ നടത്തിപ്പുകാർ അംഗൻവാടികൾ വഴിയുള്ള ന്യൂട്രീ ലെഡ്ഡുവിന്റെ വിതരണം നിര്‍ത്തിയതോടെ ലാഭകരമായി പ്രവർത്തിച്ചിരുന്ന ന്യൂട്രീ ലെഡ്ഡു യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായി. ഭക്ഷ്യ ഉല്പന്ന നിർമ്മാണ വിപണത്തിൽ മുൻപരിചയം ഇല്ലാതിരുന്ന വീട്ടമ്മമാരുടെ ഈ കൂട്ടായ്മ, തുടർച്ചയായ പരാജയങ്ങളിൽനിന്ന് പാഠവും ഊർജ്ജവും ഉൾക്കൊണ്ടുകൊണ്ട് 2012 മാർച്ചിൽ ആര്യനാട് പബ്ലിക് മാർക്കറ്റിന് അടുത്തായി ഒരു വനിതാ ഹോട്ടൽ ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ആര്യനാട് ഗ്രാമ പഞ്ചായത്തും കൈകോർത്തുകൊണ്ട് വനിതാ ഹോട്ടലിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ഹോട്ടലിന്റെ പ്രവർത്തനത്തിന് പുറമെ ഈ വനിതാ കൂട്ടായ്മ കേറ്ററിംഗ് സേവനവും നടത്തിവരുന്നു.

 

ഇനി എന്ത്?

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാവിയിലേക്കുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന ആർക്കും യുക്തിസഹമായ ഉത്തരം ലഭിക്കുന്ന തരത്തിലാണ് പതിമൂന്നാം പദ്ധതിയുടെ ആസൂത്രണ മാര്‍ഗ്ഗരേഖ എൽ. ഡി. എഫ്. സർക്കാർ രൂപപ്പെടുത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പതിമൂന്നാം പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയിലെ ഇത്തരത്തിലുള്ള ചില സവിശേഷതകൾ ചുവടെ വിവരിച്ചിരിക്കുന്നു.

 

പ്രാദേശിക വികസനവും ഗ്രാമ-നഗര വേർതിരിവും

ഗ്രാമ-നഗര വികസന വിഷയങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ വേർതിരിച്ച് കാണണം എന്നാണ് 1992 ലെ 73, 74 ഭരണഘടന ഭേദഗതികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേരള പഞ്ചായത്ത് രാജ് നിയമവും, കേരള നഗരപാലിക നിയമവും 1994 ൽ പാസാക്കി. 1997 ലെ കണക്കുപ്രകാരം കേരളത്തിൽ മൂന്ന് കോർപ്പറേഷനുകളും 55 മുനിസിപ്പാലിറ്റികളുമാണ് ഉണ്ടായിരുന്നത്. എന്നാൽ പതിമൂന്നാം പദ്ധതി ആയപ്പോഴേക്കും ഇവയുടെ എണ്ണം യഥാക്രമം ആറും 87ഉം ആയി വർദ്ധിച്ചു. കൂടാതെ ഇന്ത്യയിലെ നഗര വികസന മന്ത്രാലയം 2008 ല്‍ പ്രസിദ്ധീകരിച്ച സേവനപ്രവര്‍ത്തനങ്ങളുടെ സൂചക കൈപ്പുസ്തകത്തില്‍ കുടിവെള്ള ലഭ്യത, മാലിന്യ സംസ്കരണം, ശുചീകരണം, മഴജല നിര്‍ഗ്ഗമന സംവിധാനം എന്നിവയെ നഗര പ്രദേശങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളായി കാണുകയുണ്ടായി. ഈ നാല് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ ഓരോ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനകത്തും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മിലും നിലനില്‍ക്കുന്ന അന്തരം വിലയിരുത്തുന്നതിന് 28 വികസന സൂചകങ്ങള്‍ രൂപീകരിച്ചു. 14-ാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പെര്‍ഫോമന്‍സ് ഗ്രാന്റിന്റെ വിതരണത്തിന് മുകളില്‍ സൂചിപ്പിച്ച സേവനപ്രവര്‍ത്തക സൂചികയില്‍ കൈവരിക്കുന്ന പുരോഗതിയേയും മാനദണ്ഡമാക്കുകയും ചെയ്തു. ഇത്തരത്തിൽ ദ്രുതഗതിയിലുള്ള നഗരവത്കരണവും, നഗര വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിവരെയും കേരളത്തില്‍ ഗ്രാമ-നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി ആസൂത്രണ മാര്‍ഗ്ഗരേഖ വേർതിരിച്ച് ഇറക്കിയിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിലും ശാസ്ത്രീയമായ ആസൂത്രണ പ്രക്രിയയ്ക്ക് അടിസ്ഥാനം ഉറപ്പിക്കുന്നതിലും നഗരപാലിക സ്ഥാപനങ്ങൾക്കുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് കേരള സർക്കാർ പതിമൂന്നാം പദ്ധതിക്കായുള്ള ആസൂത്രണ മാര്‍ഗ്ഗരേഖ നഗരപാലിക സ്ഥാപനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി.

 

മാലിന്യ സംസ്കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നംതന്നെയാണ് ഫലപ്രദമായ മാലിന്യസംസ്കരണം. ഈ പ്രശ്നത്തിന് ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ല. മാലിന്യ സംസ്കരണത്തിൽ വരുന്ന വീഴ്ചകൾ ജനങ്ങളുടെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. മുൻ വർഷങ്ങളിൽ മാലിന്യ സംസ്കരണത്തിൽ വന്ന പാളിച്ചകൾ കാരണം വിവിധ തരത്തിലുള്ള പനികൾ പടർന്നുപിടിച്ചു എന്നുമാത്രമല്ല കേരളത്തിൽനിന്നും തുടച്ചുനീക്കപ്പട്ട മലേറിയ പോലുള്ള പകർച്ചവ്യാധികളും തിരിച്ചെത്തിയിരിക്കുന്നു. ഇത് കേരളം പൊതുജനാരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് കേരളത്തിൽ നേരിടേണ്ടിവന്ന അസ്വീകാര്യത വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാൻ കാരണമായി. ഈ പശ്ചാത്തലത്തിൽ പതിമൂന്നാം പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ ഗ്രാമപ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തങ്ങളുടെ പൊതുപദ്ധതി വിഹിതത്തിന്റെ 10 ശതമാനത്തിൽ കുറയാത്ത തുക മാലിന്യസംസ്കരണ പദ്ധതികൾക്കായി നിർബന്ധമായും മാറ്റിവക്കണമെന്നു നിർദ്ദേശിക്കുന്നു. നഗരപ്രദേശങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമായതിനാൽതന്നെ നഗരപാലിക സ്ഥാപനങ്ങൾ മാലിന്യസംസ്കരണ പദ്ധതികൾക്കായി തങ്ങളുടെ പൊതു പദ്ധതി വിഹിതത്തിന്റെ 15 ശതമാനത്തിൽ കുറയാത്ത തുക മാറ്റിവക്കണമെന്നു നിർദ്ദേശിക്കുന്നു. കൂടാതെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ആസൂത്രണ മാര്‍ഗ്ഗരേഖ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതോടപ്പംതന്നെ അവർ താമസിക്കുന്ന സ്ഥലങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതിന്റെ പ്രസക്തിയും പുതിയ ആസൂത്രണ മാര്‍ഗ്ഗരേഖ എടുത്തുപറയുന്നുണ്ട്. പകർച്ചപ്പനി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ-മാലിന്യ സംസ്കരണ മേഖലകളിൽ കൈക്കൊള്ളാൻ പോകുന്ന നടപടികൾ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

 

വാർഷിക പദ്ധതിരേഖയുടെ തിരിച്ചുവരവ്

കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ആദ്യനാളുകളിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ വാർഷിക പദ്ധതി രേഖ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വാർഷിക പദ്ധതി റിപ്പോർട്ടുകൾവഴി അതതു വർഷം നടപ്പിലാക്കുവാൻപോകുന്ന ഓരോ വികസന പദ്ധതിയുടെയും അടങ്കൽതുക ഉൾപ്പെടെയുള്ള വിവരം ജനങ്ങളെ അറിയിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ യു. ഡി. എഫ്. സർക്കാർ വാർഷിക പദ്ധതിരേഖ അച്ചടിച്ച് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഇല്ലാതാക്കി. ഈ പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ പുതിയ ആസൂത്രണ മാര്‍ഗ്ഗരേഖ പത്ത് അദ്ധ്യായങ്ങൾ അടങ്ങുന്ന വാർഷിക പദ്ധതിരേഖ പ്രസിദ്ധീകരിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നു. ആസൂത്രണ മാര്‍ഗ്ഗരേഖയിൽ പറഞ്ഞിരിക്കുന്ന വാർഷിക പദ്ധതി രേഖയുടെ മാതൃകപ്രകാരം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ വികസന സ്ഥിതി, പന്ത്രണ്ടാം പദ്ധതിയുടെ വിലയിരുത്തൽ, വികസന ലക്ഷ്യങ്ങൾ, വിഭവ സമാഹരണം, 2017-18 ലെ വാർഷിക പദ്ധതി വിവരം, പദ്ധതികളുടെ മോണിട്ടറിംഗ്‌ തുടങ്ങിയ വിവരങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല ഏതെങ്കിലും ഒരു വ്യക്തി കേന്ദ്രീകൃത നടപടികളിൽനിന്നും വ്യത്യസ്തമായി ഒരു കൂട്ടായ പ്രവർത്തനം അനിവാര്യമാക്കുന്ന തരത്തിലാണ് ആസൂത്രണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

 

കാര്യക്ഷമമായ പദ്ധതി നിർവ്വഹണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളിൽ സമയം വളരെ പ്രധാനമാണ്. നല്ലരീതിയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ പലതും നിർവ്വഹണത്തിന് ആവശ്യത്തിന് സമയം ലഭിക്കാതെ പോകുന്നത് മുൻവർഷങ്ങളിൽ പതിവ് കാഴ്ചയായിരുന്നു. എന്നാൽ പതിമൂന്നാം പദ്ധതിയിൽ തന്നാണ്ടിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളുടെ ആസൂത്രണ പ്രവർത്തനങ്ങൾ തൊട്ടുമുമ്പുള്ള വർഷം പൂർത്തീകരിക്കേണ്ട തരത്തിലാണ് കേരള സർക്കാർ തദ്ദേശ സ്ഥാപങ്ങളിലെ വികസന പ്രവർത്തനങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ആസൂത്രണ പ്രവർത്തനങ്ങൾ വളരെ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇതുമൂലം ഓരോ വികസന പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പിൽ ആവശ്യമായ സമയം ലഭിക്കുന്നു. ഇത് പദ്ധതികളുടെ പൂർത്തീകരണത്തിൽ ഗുണകരമായ മാറ്റം കൈവരിച്ചിട്ടുണ്ട്. സംസ്ഥാനം രണ്ട് പ്രളയം നേരിട്ട കാലത്തുപോലും വികസന പ്രവര്‍ത്തനങ്ങൾക്ക് ലഭ്യമാക്കിയ തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുവാൻ ഇതുമൂലം കഴിഞ്ഞു (ചിത്രം ഒന്ന്).

 

ജില്ലാതല സ്ഥലമാന ആസൂത്രണം

ഒൻപതാം പദ്ധതി കാലം മുതൽ കേരളത്തിൽ നടപ്പിലാക്കിവരുന്ന വികേന്ദ്രീകൃത ആസൂത്രണം മേഖല അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് ഊന്നൽ നല്കുന്നത്. ഉല്പാദന, സേവന, പശ്ചാത്തല മേഖലകൾ തിരിച്ച് ധനവിനിയോഗം നടത്തുന്നതാണ് ഈ രീതി. ഗ്രാമ/വാർഡ് സഭകളിൽ ഉയർന്നുവരുന്ന വികസന ആവശ്യങ്ങളെ മുൻഗണന അടിസ്ഥാനത്തിൽ വിവിധ മേഖലകൾ തിരിച്ചാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥലമാന സവിശേഷതകൾ ഒന്നും തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പദ്ധതി രൂപീകരണത്തിൽ കാര്യമായി കണക്കിലെടുക്കാറില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലത്തിൽ സ്ഥലമാനം അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവരക്കണക്കുകളുടെ അഭാവം സ്ഥലമാന ആസൂത്രണം നടക്കാതിരിക്കുവാന്‍ കാരണമായി. ഇപ്പോഴത്തെ ജില്ലാ പദ്ധതി തയ്യാറാക്കുന്നത് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെ സഹായത്താലാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ജില്ലാ തലത്തിൽ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകൾ കാര്യക്ഷമമായ സ്ഥലമാന ആസൂത്രണം നടത്തുവാൻ സഹായിക്കുന്നു. സ്ഥലമാന ആസൂത്രണത്തിൽ ഗ്രാമ-നഗര വികസനത്തിൽ നിലനിൽക്കുന്ന സവിശേഷതകളും ജില്ലയിലെ പ്രാദേശികമായിട്ടുള്ള വിഭാഗങ്ങളുടെ സാദ്ധ്യതയും പരിഗണിക്കുവാൻ കഴിയുന്നു. ഇത്തരത്തിൽ ജില്ലാ പദ്ധതികൾ വികസന മേഖലാ അടിസ്ഥാനത്തിൽ സ്ഥലമാന സവിശേഷതകള്‍കൂടി കണക്കിലെടുത്താണ് രൂപീകരിച്ചിരിക്കുന്നത്.

 

സഹകരണ സ്ഥാപനങ്ങളുടെ ശാക്തീകരണം   

കേരളത്തിന്റെ വികസനചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ആവിർഭാവവും വളർച്ചയും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉല്പാദന മേഖലയിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ വളരെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ ഉല്പാദന മേഖലയിലെ സംരംഭങ്ങളെ സഹകരണ പ്രസ്ഥാനങ്ങളുമായി ചേർത്ത് വളർത്തിയെടുക്കുന്നതിൽ വളരെയധികം വിജയിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ ശക്തി മനസ്സിലാക്കിയ 2001 ലെ യു. ഡി. എഫ്. സർക്കാർ പുറപ്പെടുവിച്ച ആസൂത്രണ മാര്‍ഗ്ഗരേഖയിൽ സഹകരണ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിച്ചുമാറ്റുകയാണ് ചെയ്തത്. എൽ. ഡി. എഫ്. സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായി പതിമൂന്നാം പദ്ധതിയുടെ തുടക്കത്തിൽ പുറപ്പെടുവിച്ച ആസൂത്രണ മാര്‍ഗ്ഗരേഖ സഹകരണ സ്ഥാപനങ്ങളും പ്രാദേശിക ജനകീയ സംരംഭങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സഹകരണ സംഘങ്ങളോടുള്ള നിഷേധാത്മക സമീപനത്തിന്റെ പശ്ചാത്തലത്തിലും, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ വിഭവസമാഹരണത്തിന്റെ പശ്ചാത്തലത്തിലും ഈ നീക്കം പ്രസക്തമാണ്. കേരളത്തിലെ ക്ഷീരോല്‍പ്പാദനത്തിലും വിപണനത്തിലും ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങൾക്ക് നിര്‍ണ്ണായക പങ്കുണ്ട്. ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളുടെ പ്രവർത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ചതുവഴി ക്ഷീരോല്‍പ്പാദനത്തിത്തിലും കാർഷിക - വ്യാവസായികോല്പന്ന വിപണിയിലും സജീവമായി ഇടപെടുവാൻ എൽ. ഡി. എഫ്. സർക്കാരിന്റെ ഈ നയസമീപനം തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കി.

 

ഉപസംഹാരം

1990 കളുടെ രണ്ടാം പകുതിയിൽ കേരളം നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് എന്നതിൽ സംശയമില്ല. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഒൻപതാം പദ്ധതിക്ക് മുമ്പും ഒൻപതാം പദ്ധതിയ്ക്ക് ശേഷവും എന്നൊരു വേർതിരിവ് സൃഷ്ടിക്കുവാൻ 1997 ൽ തുടക്കം കുറിച്ച ജനകീയാസൂത്രണത്തിന് കഴിഞ്ഞു. കേരളം ഭരിക്കുന്ന സർക്കാരുകളുടെ വികസന കാഴ്ചപ്പാടും നയപരമായ തീരുമാനവും സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ കേരളത്തിന്റെ പ്രാദേശിക വികസനത്തിലും ജനമനസ്സുകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് സുപ്രധാനമാണ്. പ്രാദേശിക ജനങ്ങളുടെ സഹായത്താൽ ഉല്പാദന മേഖലയിലും വ്യാവസായിക വികസനത്തിലുമായി നിരവധി നല്ല മാതൃകകൾ സൃഷ്ടിക്കുവാൻ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. സാധാരണക്കാരെ പങ്കാളിത്ത ജനാധിപത്യത്തിന്റെ ഭാഗമാക്കിയത് വഴി വീട്ടമ്മമാരുടെയും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ത്വരിതപ്പെടുത്തുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സാധിച്ചു. വോട്ടുചെയ്യുക എന്ന കേവല ജനാധിപത്യ പ്രവർത്തനത്തിൽനിന്നും മാറി പ്രാദേശിക വികസനത്തിൽ പൗരന്മാർക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനും, ഭൂരിപക്ഷ അഭിപ്രായത്തെ അവലംബമാക്കി പ്രാദേശിക വികസന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥിതിയിലേക്ക് ജനാധിപത്യ പ്രക്രിയയിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ കേരളത്തിൽ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വഴി ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യവും പ്രാദേശിക സർക്കാരുകളുടെ അർപ്പണ മനോഭാവവും കൂടിച്ചേർന്നാൽ പ്രാദേശിക വികസനത്തിൽ ലോകോത്തര വികസന മാതൃകകൾ ഇനിയും സൃഷ്ടിക്കുവാൻ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കഴിയും എന്നതിൽ സംശയമില്ല.

 

റഫറൻസ്

Government of Kerala. (2004). Implementation of Recommendations of Second State Finance Commission – Guidelines for the Utilisation of General Purpose and Maintenance Grant. G. O. (MS) No. 330/2004/LSGD: 9th December.

Government of Kerala. (2005a): The Kerala Municipality Act 1994- Act 37 of 2005, Thiruvananthapuram: Government of Kerala.

Government of Kerala. (2005b): The Kerala Panchayat Raj Act, 1994 - Act 30 of 2005, Thiruvananthapuram: Government of Kerala.

Government of Kerala: Economic Review Various Years, Thiruvananthapuram: Kerala State Planning Board.

Government of Kerala: Plan Guidelines for LSGIs in Kerala from 9 th Five Year Plan to 13th Five Year Plan.

Gurukkal, R. (2001): “When a Coalition of Conflicting Interests Decentralises: A Theoretical Critique of Decentralisation Politics in Kerala”, Social Scientist, 29(9–10), 60–76.

Isaac, T. M. T., & Franke, R. W. (2000): Local Democracy and Development: People’s Campaign for Decentralized Planning in Kerala, New Delhi: Leftword.

Isaac, T. M. T., & Harilal, K. N. (1997): “Planning for Empowerment: People’s Campaign for Decentralised Planning in Kerala”, Economic and Political Weekly, 32(1–2), 53–58.

Mathew, K. J. (2014): The Impact of Decentralization on the Productivity of Small Scale Industries in Kerala, Unpublished PhD Thesis. Kottayam: Mahatma Gandhi University.

Mohanakumar, S. (2002): “From People’s Plan to Plan sans People”, Economic and Political Weekly, 37(16), 1492–1497.

Mohanakumar, S. (2003): “Decentralisation in Kerala – People’s Plan”, Economic and Political Weekly, 38(30), 3214–3216.