പത്രാധിപക്കുറിപ്പ്
പുത്തലത്ത് ദിനേശന്
ഇടതുപക്ഷ രാഷ്ട്രീയം എക്കാലവും നേരിട്ടുപോന്നിരുന്ന വെല്ലുവിളി അത് ഒഴുക്കിനെതിരെ നീന്തുകയാണ് ചെയ്യുന്നത് എന്നതാണ്. ഒഴുക്ക് എത്രകണ്ട് ശക്തമാകുന്നുവോ അത്രകണ്ട് അതിനെ മറികടക്കാനുള്ള ബുദ്ധിമുട്ടും വർദ്ധിക്കും. ലോകമാകെ നിയോ ലിബറൽ ചിന്തകൾ സർവാധീശത്വം പുലർത്തിയിരുന്ന ഏതാനും പതിറ്റാണ്ടുകളാണ് നമുക്ക് തൊട്ടു പിന്നിലുള്ളത്. തൊണ്ണൂറുകളിൽ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾക്കുണ്ടായ തകർച്ചയിൽ നിന്നും ഊർജം സംഭരിച്ച ആഗോള മൂലധന ശക്തികൾ നടത്തിയ കടന്നാക്രമണങ്ങൾക്ക് ലോകത്തെ എല്ലാ രാഷ്ട്രങ്ങളും പുരോഗമനരാഷ്ട്രീയപ്രസ്ഥാനങ്ങളും ഇരയായി. ആ കാലത്ത് താരതമ്യേന പിടിച്ചു നിൽക്കാനായ ലോകത്തിലെ തന്നെ ചുരുക്കം ചില കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നായിരുന്നു സി പി ഐ എം. ഈ മണ്ണിൽ നിന്നും അതിന്റെ ജൈവികതയിൽ നിന്നും രൂപപ്പെട്ട പ്രസ്ഥാനം എന്നതായിരുന്നു അങ്ങിനെ പിടിച്ചു നിൽക്കാനായതിന്റെ അടിസ്ഥാനം. പക്ഷേ അപ്പോഴും വെല്ലുവിളികൾ അതിശക്തമായിരുന്നു. നിയോ ലിബറൽ യുഗത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകും എന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു.
ഇതിനു സമാന്തരമായി ഇന്ത്യയില് വർഗീയ രാഷ്ട്രീയം ശക്തി പ്രാപിച്ചതും ഈ കാലഘട്ടത്തിൽ തന്നെയാണ്. പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യൻ ബൂർഷ്വാ രാഷ്ട്രീയത്തിന് വർഗീയതയുമായി സന്ധി ചെയ്യുക എന്നത് മാത്രമായിരുന്നു പോംവഴി. ഈ കോർപ്പറേറ്റ് വർഗ്ഗീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിടിയിലാണ് സമകാലീന ഇന്ത്യൻ രാഷ്ട്രീയം. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക ചട്ടക്കൂട് സൃഷ്ടിക്കുന്ന ദുരിതങ്ങൾക്കിരയാകുന്ന മനുഷ്യരോട്, അവർ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം മറ്റു ചില സാമൂഹിക വിഭാഗങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് വർഗീയ രാഷ്ട്രീയം ചെയ്യുന്നത്. ഇപ്പോഴും അർദ്ധ ഫ്യൂഡൽ സമൂഹവും സംസ്കാരവും പ്രബലമായി നില നിൽക്കുന്ന നമ്മുടെ രാജ്യത്ത് മനുഷ്യരെ വിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക വളരെ എളുപ്പമാണ്. ദ്രുതഗതിയിലുള്ള വർഗീയ ധ്രുവീകരണത്തിലേക്കാണ് നമ്മുടെ നാട് ഇതുവഴി ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്.
സ്വാഭാവികമായും ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ ഇതിനാൽ ശതഗുണീഭവിക്കുകയാണ്. അതിശക്തമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ചിട്ട മണ്ണിൽ വളർന്നു വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിടുന്നത് ഇത്തരമൊരു ദുഷ്കര കാലഘട്ടത്തെയാണ്. ഈ വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്ന പഠനങ്ങളുടെ സമാഹരണമാണ് ഈ ലക്കം മാർക്സിസ്റ്റ് സംവാദം. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും സാങ്കേതികവുമായ ബഹുവിധ പ്രശ്നങ്ങളെ മുൻനിർത്തി അതാതു മേഖലകളിലെ വിദഗ്ദർ അവരുടെ അഭിപ്രായങ്ങൾ കേരളത്തിലെ ഇടതുപക്ഷ മനസുകളുമായി പങ്കു വെയ്ക്കുന്നു. ഇതൊരു തുടർ സംവാദമായി മാറണമെന്നും പൊതു ബോധമായി വളരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
പുത്തലത്ത് ദിനേശൻ
ചീഫ് എഡിറ്റർ
