നവലിബറല്‍ ലോകത്തെ ഇടതുപക്ഷം
ടി ടി ശ്രീകുമാര്‍
“The crisis consists precisely in the fact that the old is dying
and the new cannot be born”
(Antonio Gramschi, Prison Notebooks)
“Of all the instruments of production,
the greatest productive power is the revolutionary class itself",
(Karl Marx, The Poverty of Philosophy)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പണിമുടക്കുകളും തൊഴിലാളി-കര്‍ഷക സമരങ്ങളും പുനരുജ്ജീവിക്കുന്നത്, നാല് പതിറ്റാണ്ട് കാലത്തെ നിയോലിബറലിസം സൃഷ്ടിച്ച ഘടനാപരമായ പരിവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയമായും സൈദ്ധാന്തികമായും പ്രാധാന്യമര്‍ഹിക്കുന്ന സംഭവവികാസമാണ്. ഗതാഗത-ലോജിസ്റ്റിക്സ് തൊഴിലാളികൾ മുതൽ അധ്യാപകർ, നഴ്സുമാർ, വെയർഹൗസ് ജീവനക്കാർ, ഓട്ടോമൊബൈൽ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, മറ്റ് പ്ലാറ്റ്ഫോം തൊഴിലാളികൾ എന്നിവർവരെ ഉൾപ്പെടുന്ന മേഖലകളിൽ കൂട്ടായ പ്രക്ഷോഭങ്ങൾ ലോകമെമ്പാടും ഉയർന്നുവന്നിട്ടുണ്ട്. സ്വകാര്യവൽക്കരണം, സബ്കോൺട്രാക്റ്റിംഗ്, വേതനനിയന്ത്രണം, കുറയുന്ന സാമൂഹിക സംരക്ഷണം, തൊഴിൽപരമായ അനിശ്ചിതത്വം എന്നിവ തൊഴിൽ സാഹചര്യങ്ങളെ മാറ്റിമറിച്ച മേഖലകളിലാണ് ഇവ കൃത്യമായി ദൃശ്യമാകുന്നത്. ഉൽപ്പാദനത്തെ ചിതറിച്ചുകൊണ്ടും, തൊഴില്‍വിപണിയെ സ്വന്തം താല്പ്പര്യങ്ങള്ക്കുമാത്രമായി കൂടുതൽ വഴക്കമുള്ളതാക്കിക്കൊണ്ടും (flexibilizing), തൊഴിൽബന്ധങ്ങളെ വ്യക്തിഗതമാക്കിക്കൊണ്ടും തൊഴിൽശക്തിയുടെ സ്ഥാപനപരമായ സംഘടിതശക്തിയെ ബലഹീനമാക്കാനാണ് നിയോലിബറൽ പുനഃസംഘടന ഇക്കാലമത്രയും ശ്രമിച്ചുപോന്നത്. എന്നാൽ ഈ പ്രക്രിയകൾതന്നെ തൊഴിലാളികളുടെ പുതിയ കൂട്ടായ്മകൾക്കും ഐക്യബോധത്തിനും വഴിവെച്ചുവന്നതും നിര്‍ണ്ണായകമായ വസ്തുതയാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, സ്തംഭനാവസ്ഥയിലായ യഥാർത്ഥ വേതനം (real wage), വർദ്ധിച്ച ജോലിഭാരം, ക്ഷേമപദ്ധതികളുടെ തകർച്ച എന്നിവ വ്യക്തിഗതമെന്ന് തോന്നിയ അനിശ്ചിതത്വത്തിന്റെ അനുഭവങ്ങളെ കൂട്ടായ രാഷ്ട്രീയബോധത്തിലേക്കും സംഘടിത പ്രവര്‍ത്തനത്തിന്റെ ആവശ്യകതയിലേക്കും പുതിയ സാമ്പത്തിക മേഖലകളിലെ തൊഴിലാളികളെയും എത്തിച്ചിട്ടുണ്ട്. സൈദ്ധാന്തികമായ അര്‍ത്ഥത്തില്‍, നിയോലിബറലിസം വർഗ്ഗരാഷ്ട്രീയത്തെ കാലഹരണപ്പെട്ടതാക്കി എന്ന വാദത്തെ ഈ പണിമുടക്കുകൾ ചോദ്യംചെയ്യുന്നു. മറിച്ച്, നിയോലിബറൽ സമാഹരണ പ്രക്രിയയിലെ ആന്തരികമായ ചില വൈരുദ്ധ്യങ്ങളെയാണ് അവ വെളിപ്പെടുത്തുന്നത്. മൂലധനം തൊഴിൽശക്തിയെ സംഘടനാപരമായി ഭിന്നിപ്പിക്കുമ്പോൾതന്നെ, സമകാലിക ഉൽപ്പാദനം പരസ്പരം ബന്ധിപ്പിക്കപ്പെട്ട തൊഴിലാളി ശൃംഖലകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവരുടെ കൂട്ടായ തൊഴിൽ പിന്മാറ്റം വിതരണ ശൃംഖലകളെയും അവശ്യസേവനങ്ങളെയും തടസ്സപ്പെടുത്താൻ ശേഷിയുള്ളതാണ്. അതിനാൽ, ഈ പണിമുടക്ക് തരംഗങ്ങള്‍, വ്യാവസായിക തൊഴിലാളിവർഗ്ഗത്തിന്റെ തിരിച്ചുവരവിനെയല്ല സൂചിപ്പിക്കുന്നത് എന്നത് ശരിയാവാമെങ്കില്പ്പോലും, നിയോലിബറൽ മുതലാളിത്തം തന്നെ സൃഷ്ടിച്ച ഭിന്നിച്ച തൊഴിൽ വ്യവസ്ഥകൾക്കുള്ളിൽനിന്ന് വർഗ്ഗ ഏജൻസിയുടെ (class agency) പുതിയ രൂപങ്ങളുടെ വീണ്ടെടുപ്പിനെത്തന്നെയാണ് ശക്തമായി സൂചിപ്പിക്കുന്നത്. നിയോലിബറലിസത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പിനെക്കുറിച്ചും ഗൗരവമായ തുടര്‍ചര്‍ച്ചകള്‍ ആവശ്യമായി വരുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.
നിയോലിബറലിസം യാഥാസ്ഥിതിക സാമ്പത്തിക നയങ്ങളുടെ സമുച്ചയം മാത്രമല്ല, മറിച്ച് മൂലധനം സമാഹരിക്കപ്പെടുകയും സാമൂഹികാധികാരം പ്രയോഗിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുടെ ചരിത്രപരമായ ഒരു പുനഃസംഘടനയെത്തന്നെ സൂചിപ്പിക്കുന്ന രാഷ്ട്രീയ സംവിധാനമാണ്. ഉൽപ്പാദനത്തിന്റെ പുനഃസംഘടന, മൂലധനത്തിന്റെ അന്താരാഷ്ട്രവൽക്കരണം, ധനകാര്യവൽക്കരണം, സംഘടിത തൊഴിൽശക്തിയുടെ വിഘടനങ്ങള്‍, പൊതു ആസ്തികളുടെ സ്വകാര്യവൽക്കരണം, നേരിട്ടുള്ള വിപണി കണക്കുകൂട്ടലുകളിൽനിന്ന് സംരക്ഷിക്കപ്പെട്ടിരുന്ന മേഖലകളിലേക്ക് ചരക്ക് ബന്ധങ്ങളുടെ വികാസം എന്നിവ നിയോലിബറലിസത്തിന്റെ ഉദയത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഭരണകൂടാധികാരത്തിന്റെ സജീവമായ ഒരു പുനർനിർമ്മാണം ആവശ്യമായി വരികയും അതിന്റെ രാഷ്ട്രീയഭാരം, വികസിത രാജ്യങ്ങളില്‍മാത്രം ഒതുങ്ങി നില്‍ക്കാതെ ദക്ഷിണാര്‍ദ്ധഗോള രാഷ്ട്രങ്ങളിലേക്കും പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലെ ധനകാര്യഘടനയിൽനിന്ന് തികച്ചും വ്യത്യസ്തമായ സമകാലിക നിയോലിബറൽ മുതലാളിത്തത്തിലേക്ക് ലെനിന്റെ ധനകാര്യ മുതലാളിത്തത്തെക്കുറിച്ചുള്ള (financial capitalism) നിരീക്ഷണങ്ങള്‍ നേരിട്ട് പ്രയോഗിക്കാൻ കഴിയില്ലെങ്കിലും, മുതലാളിത്ത സമാഹരണത്തിന് ആന്തരികമായ പ്രവണതകളായി കേന്ദ്രീകരണത്തെയും കുത്തകകളെയും ധനകാര്യമേഖലയെയും അദ്ദേഹം അടയാളപ്പെടുത്തിയത് നിയോലിബറലിസത്തിന് കീഴിലെ ധനകാര്യ അധികാരത്തിന്റെ വൻ വികാസത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന സൈദ്ധാന്തിക പ്രാരംഭബിന്ദു നൽകുന്നുണ്ട്. അതുപോലെതന്നെ, മുതലാളിത്തം "ആധിപത്യ ബന്ധങ്ങളും അതിന് ആനുപാതികമായ മുതലാളിത്ത ഹിംസയും" പുതിയ മുതലാളിത്തത്തിന്റെ സവിശേഷതയായി മാറുന്ന ഒരു ഘട്ടത്തിലെത്തിയതായി ലെനിൻ നിരീക്ഷിച്ചതും കൂടുതല്‍ പ്രസക്തമായി മാറുന്നു. സാമ്പത്തിക പ്രക്രിയ എന്നനിലയിലുള്ള ധനകാര്യവൽക്കരണത്തിൽനിന്ന് വർഗ്ഗാധികാരത്തിന്റെയും ഭരണകൂടാധികാരത്തിന്റെയും പരിവർത്തനമായി നിയോലിബറല്‍ സമ്പദ്്വ്യവസ്ഥ മാറുന്നതിനെ മനസ്സിലാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
നിയോലിബറൽ ഭരണകൂടങ്ങളെ സിവില്‍സമൂഹ സംഘടനകളും ലിബറല്‍ ബുദ്ധിജീവികളും വ്യത്യസ്തമായ കാരണങ്ങളുടെ പേരില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇടതുപക്ഷ—മാര്‍ക്സിസ്റ്റ് വിമര്‍ശനം മാത്രമാണ് അതിന്റെ ഉള്ളടക്കത്തെ ചരിത്രപരമായും ഘടനാപരമായും തുറന്നുകാട്ടുന്നത്. നിയോലിബറൽ ഭരണകൂടം മൂലധനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വത്ത് ബന്ധങ്ങളെ സംരക്ഷിക്കുകയും, തൊഴിൽശക്തിയെ അച്ചടക്കത്തിലാക്കുകയും, പുതുവിപണികൾ സൃഷ്ടിക്കുകയും, മൂലധനത്തിന്റെ ചലനാത്മകതയെ സൗകര്യപ്പെടുത്തുകയും, സാമ്പത്തിക വീഴ്ചകളെ ഏറ്റെടുക്കുകയും, പൊതുവിഭവങ്ങളെ സ്വകാര്യവൽക്കരിക്കുകയും, മൂലധന സമാഹരണത്തിന്റെ ആവശ്യകതകൾക്ക് ചുറ്റും പൊതുസ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുകയും നിയമ-നീതിന്യായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനകീയ പ്രതിഷേധങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു എന്ന മാര്‍ക്സിസ്റ്റ് വിമര്‍ശനമാണ് ഏറ്റവും സമഗ്രമായ രീതിയില്‍ നിയോലിബറല്‍ കാലത്തെ ദേശ-രാഷ്ട്ര ഭരണകൂടത്തെ അടയാളപ്പെടുത്തുന്നത്. അതിനാൽ, "ഭരണകൂടവും" "വിപണിയും" തമ്മിലുള്ള പ്രത്യക്ഷമായ വൈരുദ്ധ്യം, വിപണികൾതന്നെ രാഷ്ട്രീയമായി രൂപീകരിക്കപ്പെട്ടതും, നിയമപരമായി സംരക്ഷിക്കപ്പെട്ടതും, ഭരണകൂട സ്ഥാപനങ്ങളിലൂടെത്തന്നെ നിരന്തരം പുനരുൽപ്പാദിപ്പിക്കപ്പെടുന്നതുമാണെന്ന കൂടുതൽ അടിസ്ഥാനപരമായ ഒരു വർഗ്ഗബന്ധത്തെ മറച്ചുവെക്കുന്നത് വൈരുദ്ധ്യാത്മകമായി വെളിവാക്കുന്നത് ഇടതുപക്ഷ സമീപനമാണ്. രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിലെ വെല്‍ഫെയര്‍ സ്റ്റേറ്റ് പരീക്ഷണത്തിന്റെ അന്ത്യത്തില്‍, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ രൂപംകൊണ്ടിരുന്നു. ഈ പ്രതിസന്ധികളെ തരണംചെയ്യാൻ മൂലധനം ശ്രമിച്ചത്, വർഗ്ഗപരമായ ഒത്തുതീർപ്പുകളിലൂടെയും ലാഭക്ഷമത കുറുക്കുവഴികളിലൂടെ വീണ്ടെടുത്തുകൊണ്ടും മൂലധനവും തൊഴിൽശക്തിയും തമ്മിലുള്ള ശക്തികളുടെ സന്തുലിതാവസ്ഥ മാറ്റിക്കൊണ്ടുമായിരുന്നു. അതിനായി രൂപംകൊടുത്ത രാഷ്ട്രീയപദ്ധതിയായിട്ടാണ് നിയോലിബറലിസത്തെ മനസ്സിലാക്കേണ്ടത്. ആഴത്തിലുള്ള ഈ ഘടനാപരമായ പരിവര്‍ത്തനത്തെ മനസ്സിലാക്കുകയും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന അനിവാര്യമായ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പ്രസക്തി വര്‍ദ്ധിപ്പിച്ചത്. ഇലക്ട്രറല്‍ രാഷ്ട്രീയത്തിന്റെ അളവുകോലുകള്‍ വച്ചുമാത്രം ഈ ആഗോള യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ കഴിയില്ല.
എന്നാല്‍ ഈ പരിവർത്തനം ഒരേസമയം ഡെമോക്രാറ്റിക് ഇടതുപക്ഷ രാഷ്ട്രീയം പ്രവർത്തിക്കുന്ന പ്രതലത്തെയും മാറ്റിമറിച്ചിരിക്കുന്നു. തൊഴിൽശക്തി മൂലധനത്തെ നേരിട്ടിരുന്ന ചരിത്രപരമായ സ്ഥാപനങ്ങൾ—ട്രേഡ് യൂണിയൻ, കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ സോഷ്യലിസ്റ്റ് പാർട്ടികള്‍, ക്ഷേമരാഷ്ട്രം, ദേശീയമായി സംഘടിപ്പിക്കപ്പെട്ട തൊഴിലാളിവർഗ്ഗ രാഷ്ട്രീയം—ഇപ്പോൾ അഭിമുഖീകരിക്കുന്നത് കൂടുതൽ ധനകാര്യവൽക്കരിക്കപ്പെട്ടതും, സാങ്കേതികമായി പുനഃസംഘടിപ്പിക്കപ്പെട്ടതും, സ്ഥാപനങ്ങൾ, മേഖലകൾ, പ്ലാറ്റ്ഫോമുകൾ, ദേശീയ അതിർത്തികൾ എന്നിവയിലുടനീളം തൊഴിൽശക്തിയെ ഭിന്നിപ്പിക്കാൻ ശേഷിയുള്ളതുമായ ഒരു നിര്‍ഭീത മൂലധനത്തെയാണ്. അതിനാൽ, സമകാലിക ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്നം നിയോലിബറൽ നയങ്ങളെ എങ്ങനെ ചെറുക്കണം എന്നത് മാത്രമല്ല, മറിച്ച് മൂലധന സമാഹരണത്തിന്റെ മാറ്റംവന്ന സാഹചര്യങ്ങളിൽ കൂട്ടായ രാഷ്ട്രീയ ഏജൻസിയെ (political agency) എങ്ങനെ പുനർനിർമ്മിക്കാം എന്നതുമാണ്. അതുകൊണ്ടുതന്നെ, ഒരു നിയോലിബറൽ ലോകത്ത് ഇടതുപക്ഷത്തെക്കുറിച്ചുള്ള ചോദ്യം മൂലധനത്തെക്കുറിച്ചുള്ള ചോദ്യത്തിൽതന്നെ ആരംഭിക്കണം: മൂലധനം എങ്ങനെ മാറിയിരിക്കുന്നു, അത് തൊഴിൽശക്തിയെയും ഭരണകൂടത്തെയും എങ്ങനെ പുനഃസംഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഈ പരിവർത്തനങ്ങളിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാമൂഹികാധികാരത്തെ നേരിടാൻ ഏതെല്ലാം പുതിയ സംഘടനാ രൂപങ്ങൾക്കും ഐക്യദാർഢ്യത്തിനും രാഷ്ട്രീയ തന്ത്രങ്ങൾക്കും സാധ്യമാവും? ഇന്ത്യയിലും ആഗോളതലത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളും ബഹുജന സംഘടനാ നേതൃത്വങ്ങളും ഈ പ്രശ്നത്തെക്കുറിച്ച് ആഴത്തില്‍ പരിചിന്തിക്കുന്നുണ്ട്.
ആഗോള മൂലധനവും ദേശരാഷ്ട്ര ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായി. മൂലധന സഞ്ചയത്തിന്റെ പുതിയ ഘടനകള്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുന്നു എന്നത് സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണ്. സൈദ്ധാന്തികമായും പ്രായോഗികമായും അത് അന്വേഷിക്കപ്പെടണം. തൊഴില്‍ മേഖലയെ നിയോലിബറൽ മുതലാളിത്തം ആഴത്തിൽ പുനഃസംഘടിപ്പിക്കുകയും ട്രേഡ് യൂണിയനുകളെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തത് വിപുലവും വ്യത്യസ്തങ്ങളുമായ തന്ത്രങ്ങളിലൂടെയാണ്. പല വികസിത മുതലാളിത്ത സാമ്പത്തികവ്യവസ്ഥകളിലും വ്യാവസായിക തൊഴിലവസരങ്ങളിലുണ്ടായ കുറവ് യാദൃച്ഛികമായി സംഭവിച്ചതല്ല. നിര്‍മ്മാണം, ലോജിസ്റ്റിക്സ്, സേവന മേഖല, കുടിയേറ്റം, പരിചരണ ജോലി (care work), ഡിജിറ്റൽ ഉൽപ്പാദനം, പ്ലാറ്റ്ഫോം സാമ്പത്തിക വ്യവസ്ഥകൾ എന്നിവയിലൂടെ ആഗോളതലത്തിൽ കൂലി-ആശ്രിത തൊഴിൽശക്തിയുടെ വൻ വികാസത്തിന് സമാന്തരമായി സംഭവിച്ചതാണ്. അതിനാൽ, പരമ്പരാഗത വ്യാവസായിക തൊഴിലാളികള്‍ വെറുതെ അപ്രത്യക്ഷരാകുകയല്ല ചെയ്തത്, മറിച്ച് വെയർഹൗസ് തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, കോൾ-സെന്റർ ജീവനക്കാർ, കുടിയേറ്റ തൊഴിലാളികൾ, അധ്യാപകർ, നഴ്സുമാർ, പരിചരണ തൊഴിലാളികൾ, അനിശ്ചിതത്വമുള്ള (precarious) തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന കൂടുതൽ വൈവിധ്യമാർന്ന ഒരു തൊഴിൽ ലോകത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്തത്. ഔട്ട്സോഴ്സിംഗ്, സബ്കോൺട്രാക്റ്റിംഗ്, അസംഘടിതവൽക്കരണം, താൽക്കാലിക തൊഴിൽ, അൽഗോരിതം നിയന്ത്രിത ജോലികൾ എന്നിവയിലൂടെ തൊഴിലാളികളെ ഒരേസമയം ഭിന്നിപ്പിക്കുമ്പോൾതന്നെ, മൂലധനം ഈ വിവിധ രൂപങ്ങളിലുള്ള തൊഴിൽശക്തിയെ ഉൽപ്പാദനത്തിന്റെയും സമാഹരണത്തിന്റെയും അന്താരാഷ്ട്രശൃംഖലകളിൽ കൂടുതലായി സംയോജിപ്പിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വൈരുദ്ധ്യം ശ്രദ്ധേയമാണ്: ഉൽപ്പാദനതലത്തിൽ തൊഴിൽശക്തി കൂടുതൽ കൂട്ടായി പരസ്പരം ബന്ധിപ്പിക്കപ്പെടുമ്പോൾ, രാഷ്ട്രീയ സംഘടനാതലത്തിൽ അത് കൂടുതൽ സ്ഥാപനപരമായി ഭിന്നിപ്പിക്കപ്പെടുന്നു. അങ്ങനെ മാർക്സിന്റെ 'കൂട്ടായ തൊഴിലാളി' (collective worker) എന്ന സങ്കല്പത്തിന് പുതുക്കിയ പ്രാധാന്യം ലഭിക്കുന്നു. എന്നാൽ ഇതിനെ പ്രധാനമായും ഫാക്ടറിയുടെ പ്രാദേശിക ഏകത്വത്തിനുള്ളിൽ കാണുന്നതിന് പകരം, വിതരണ ശൃംഖലകളിലൂടെയും (supply chains) പ്ലാറ്റ്ഫോമുകളിലൂടെയും ദേശീയ അതിർത്തികളിലൂടെയും മനസ്സിലാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍, ഇടതു-ജനാധിപത്യ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി, വ്യാവസായിക ഭൂതകാലത്തെ ഭാവനയിൽ കണ്ടുകൊണ്ട് ഏകീകൃത തൊഴിലാളിവർഗ്ഗത്തെ ഏജന്‍സിയായി വീണ്ടെടുക്കുക എന്നതല്ല, മറിച്ച് ചൂഷണം, അനിശ്ചിതത്വം (precarity), നിര്‍ബന്ധിത ആസ്തി ഒഴിപ്പിക്കല്‍ (dispossession) എന്നിവയുടെ വൈവിധ്യമാർന്ന അനുഭവങ്ങളെ കൂട്ടായ രാഷ്ട്രീയ ഏജൻസിയാക്കി മാറ്റാൻ ശേഷിയുള്ള ഐക്യദാർഢ്യരൂപങ്ങൾ നിർമ്മിക്കുക എന്നതാണ്. തൊഴിലിടങ്ങളിലെ സമരങ്ങളെ ഒരു പ്രധാന മേഖലയായി നിലനിർത്തുന്നതോടൊപ്പംതന്നെ, പരമ്പരാഗത ട്രേഡ് യൂണിയൻ ഘടനകൾക്കപ്പുറത്തേക്ക് വർഗ്ഗസംഘടനയെ വ്യാപിപ്പിക്കുന്നത് ഇതിന് ആവശ്യമാണ്. എങ്കിലും, തൊഴിൽശക്തിയുടെ ഈ ഭിന്നിപ്പ് ഈ പരിവർത്തനത്തിന്റെ ഒരു വശം മാത്രമാണ്. സമാന പ്രാധാന്യമുള്ള മറ്റൊന്ന്, ധനകാര്യവൽക്കരണം മൂലധനത്തിന്റെ അധികാരത്തെ ഉൽപ്പാദനത്തിനപ്പുറത്തേക്കും സാമൂഹികജീവിതത്തിന്റെ ദൈനംദിന പുനരുൽപ്പാദനത്തിലേക്കും കൂടുതലായി വികസിപ്പിച്ചു എന്നതാണ്.
അതുപോലെ, തൊഴിൽശക്തിയുടെ ഭിന്നിപ്പ് എന്നതും നിയോലിബറൽ പുനഃസംഘടനയുടെ ഒരു വശം മാത്രമാണ്. മുൻപ് സമാഹരണ ശൃംഖലകളിലേക്ക് നേരിട്ട് കാര്യമായി ഉൾപ്പെടുത്താതിരുന്ന ദൈനംദിന ജീവിതത്തിന്റെ മേഖലകളിലേക്ക് ധനകാര്യമേഖല വ്യാപിപ്പിച്ചതും സമാനമായി പ്രാധാന്യമുള്ളതാണ്. സമകാലിക മുതലാളിത്തം ഒരേസമയം വ്യക്തികളെ തൊഴിലാളികൾ, കടം വാങ്ങുന്നവർ, വാടകക്കാർ, ഉപഭോക്താക്കൾ, പെൻഷൻ കൈവശമുള്ളവർ, കടക്കാർ എന്നീ നിലകളിൽ വിഭജിച്ചുകാണുന്നു. ഈ അർത്ഥത്തിൽ ധനകാര്യവൽക്കരണം എന്നത് ബാങ്കുകളുടെയോ സ്റ്റോക്ക് മാർക്കറ്റുകളുടെയോ ഊഹക്കച്ചവട മൂലധനത്തിന്റെയോ വർദ്ധിച്ചുവരുന്ന പ്രാധാന്യം മാത്രമല്ല. കുടുംബങ്ങളും പൊതുസ്ഥാപനങ്ങളും ദൈനംദിന ജീവിതത്തിന്റെ പുനരുൽപ്പാദനവും സാമ്പത്തിക ബന്ധങ്ങളാൽമാത്രം കൂടുതലായി ബന്ധിപ്പിക്കപ്പെടുന്ന വിശാലമായ ഒരു പരിവർത്തനത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഉപഭോക്തൃ വായ്പകൾ, മൈക്രോഫൈനാൻസ്, സ്വകാര്യ ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾ, കുടുംബങ്ങളുടെ കടബാധ്യത എന്നിവ തൊഴിലിന്റെ പുനരുൽപ്പാദനത്തെത്തന്നെ സാമ്പത്തിക വിപണികളുമായി ബന്ധിപ്പിക്കുന്നു. അതിനാൽ, തൊഴിലാളി മൂലധനചൂഷണത്തെ ഉൽപ്പാദനഘട്ടത്തിൽ മാത്രമല്ല (അവിടെ മിച്ചമൂല്യം ഉൽപ്പാദിപ്പിക്കപ്പെടുന്നു), മറിച്ച് വാടക, പലിശ, കടം തിരിച്ചടവ്, അവശ്യ സേവനങ്ങളുടെ സ്വകാര്യവൽക്കരിച്ച വിതരണം എന്നിവയിലൂടെ തൊഴിലിടത്തിന് പുറത്തും നേരിടുകയാണ്.
എന്നാൽ ഈ പരിവർത്തനംകൊണ്ട് മുതലാളിത്ത സമാഹരണത്തിന്റെ അടിത്തറയായി ഉൽപ്പാദനത്തിന് പകരം ധനകാര്യമേഖല വന്നു എന്ന് അർത്ഥമാക്കുന്നില്ല. ഇത്തരമൊരു വ്യാഖ്യാനം ഫിനാൻഷ്യൽ ക്യാപിറ്റലിസത്തിന്റെ ആന്തരികബന്ധങ്ങളെ വിശദീകരിക്കുന്നതിന് പകരം അതിന്റെ ബാഹ്യരൂപത്തെ മാത്രം പ്രതിഫലിപ്പിക്കുന്നതായിരിക്കും. സാമ്പത്തിക ആസ്തികൾ ആത്യന്തികമായി വരുമാനത്തിന്മേലുള്ള അവകാശവാദങ്ങളാണ് (claims), കൂടാതെ നേരിട്ടോ അല്ലാതെയോ, മുതലാളിത്ത ഉൽപ്പാദനത്തിന്റെയും സാമൂഹിക പുനരുൽപ്പാദനത്തിന്റെയും വിശാലമായ പ്രക്രിയകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന നിലവിലുള്ളതോ പ്രതീക്ഷിക്കുന്നതോ ആയ മിച്ചത്തിന്മേലുള്ള അവകാശവാദങ്ങളാണ്. ധനകാര്യവൽക്കരണം മാറ്റുന്നത് മിച്ചത്തിന്റെ സ്ഥാപനപരമായ സംഘാടനം, വിതരണം, നിയന്ത്രണം എന്നിവയും അതുപോലെതന്നെ ജനങ്ങളെ മൂലധനം അച്ചടക്കത്തിലാക്കുന്ന സംവിധാനങ്ങളെയുമാണ്. ഈ കാര്യത്തിൽ കടം പ്രത്യേകിച്ചും പ്രധാനമാണ്. കടുത്ത കടബാധ്യതയുള്ള ഒരു തൊഴിലാളി അനുഭവിക്കുന്ന പരിധികൾ കൂലിബന്ധത്തിലൂടെമാത്രം മനസ്സിലാക്കാൻ കഴിയില്ല: ഭവനവായ്പകൾ, വിദ്യാഭ്യാസവായ്പകൾ അല്ലെങ്കിൽ ഉപഭോക്തൃകടം എന്നിവ തിരിച്ചടയ്ക്കേണ്ടതിന്റെ ആവശ്യകത തൊഴിലിനോടുള്ള ആശ്രിതത്വം വർദ്ധിപ്പിക്കുകയും തൊഴിലിൽനിന്ന് പിന്മാറാനുള്ള ശേഷിയെ കുറയ്ക്കുകയും ചെയ്യും. അതിനാൽ, ധനകാര്യവൽക്കരണം തൊഴിൽ വിപണിയുടെ അച്ചടക്കത്തിന് അനുബന്ധമായി കടബാധ്യതയുടെ അച്ചടക്കത്തെക്കൂടി തൊഴിലാളിക്ക് നൽകുന്നു.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഈ വൈരുദ്ധ്യങ്ങളെ സവിശേഷമായ വ്യക്തതയോടെ തുറന്നുകാട്ടി. തുടക്കത്തിൽ മോർട്ട്ഗേജ്, ഫിനാൻഷ്യൽ വിപണികളിൽനിന്ന് ഉടലെടുത്ത പ്രതിസന്ധിയായി തോന്നിയ വിഷയം വേഗത്തിൽ ഭരണകൂടങ്ങളുടെയും സമൂഹങ്ങളുടെയും പ്രതിസന്ധിയായി മാറി. വൻതോതിലുള്ള സ്വകാര്യലാഭം ഉണ്ടാക്കിയ ഊഹക്കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളെ വൻകിട പൊതു ഇടപെടലുകളിലൂടെ അമേരിക്കന്‍ ഭരണകൂടം രക്ഷപെടുത്തി, തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ ചെലവ് ചുരുക്കൽ (austerity), പൊതു ചെലവഴിക്കൽ കുറയ്ക്കൽ, വേതനം പരിമിതപ്പെടുത്തൽ, ക്ഷേമപദ്ധതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവയെ ന്യായീകരിക്കാൻ ഉപയോഗിച്ചു. 2008-ലെ ആഗോള പ്രതിസന്ധി നിയോലിബറൽ മുതലാളിത്തത്തിന്റെ ഒരു അടിസ്ഥാനപരമായ വൈരുദ്ധ്യം വെളിപ്പെടുത്തി — സ്വത്ത് ഗണ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുമ്പോള്ത്തന്നെ മൂലധനത്തിന്റെ പരാജയസാധ്യതകൾ (risk) സാമൂഹികവൽക്കരിക്കപ്പെടാം എന്നതാണത്. പ്രതിസന്ധിയുടെ സമയത്ത് ഭരണകൂടം അപ്രത്യക്ഷമാവുകയല്ല സംഭവിച്ചത്. മറിച്ച് മുതലാളിത്ത സമാഹരണത്തിന്റെ സാഹചര്യങ്ങളെ സ്ഥിരപ്പെടുത്താൻ ഭരണകൂടം നിർണ്ണായകമായി ഇടപെടുകയായിരുന്നു. തുടർന്നുള്ള ചെലവ് ചുരുക്കൽ നയങ്ങളാവട്ടെ ആ സ്ഥിരതയുടെ ചെലവുകൾ തൊഴിലാളികളിലേക്കും സാമാന്യജനങ്ങളിലേക്കും കൈമാറുകയും ചെയ്തു.
പ്രതിസന്ധിയോടുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിനാൽ പ്രധാനപ്പെട്ടതായിരുന്നു. കാരണം അവ വർഗ്ഗസമരത്തിന്റെ ഭൂമികയെ പരമ്പരാഗത തൊഴിലിടത്തിനപ്പുറത്തേക്ക് വ്യാപിപ്പിച്ചു. അമേരിക്കയിലെ ഒക്യുപൈ വാൾസ്ട്രീറ്റ് (Occupy Wall Street) പ്രസ്ഥാനം, സാമ്പത്തിക പ്രതിസന്ധിയുടെ സാങ്കേതികമെന്ന് തോന്നിയ ചോദ്യത്തെ സമ്പത്തും ആസ്തികളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന "1 ശതമാനത്തിന്" എതിരെയുള്ള ആസ്തിരഹിതരായ "99 ശതമാനത്തിന്റെ" സമരം ("99 per cent" against the “1 per cent") എന്ന രാഷ്ട്രീയ ഭാഷയാക്കി മാറ്റിയിരുന്നു. സംഘടനാപരമായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, ഒക്യുപൈ പ്രസ്ഥാനം അതിന്റെ അടിസ്ഥാന നൈതികത സ്ഥാപിക്കാന്‍ ആശ്രയിച്ചത് മാര്‍ക്സിസ്റ്റ്—ഇടതുപക്ഷ രാഷ്ട്രീയത്തേയും സിദ്ധാന്തങ്ങളെയും ആയിരുന്നു. കുറെയൊക്കെ ലളിതവല്ക്കരിച്ചുകൊണ്ടാണെങ്കിലും, സൈദ്ധാന്തികമായി പ്രധാനപ്പെട്ട ഒരു കാര്യം അത് മാര്‍ക്സിസത്തില്‍നിന്ന് സ്വീകരിച്ചു. അസമത്വം, സാമ്പത്തിക അധികാരം, സ്വത്തിന്റെ കേന്ദ്രീകരണം എന്നിവയെ വ്യക്തിപരമായ അത്യാഗ്രഹത്തിന്റെ യാദൃച്ഛിക ഫലങ്ങളായല്ല, മറിച്ച് മുതലാളിത്തത്തിന്റെ വ്യവസ്ഥാപിത സവിശേഷതകളായി മനസ്സിലാക്കണമെന്ന നിലപാടായിരുന്നു അത്. . സ്പെയിനിൽ, ഇൻഡിഗ്നാഡോസ് അല്ലെങ്കിൽ 15-M പ്രസ്ഥാനം (Indignados /15-M movement) തൊഴിലില്ലായ്മ, ഭവനരാഹിത്യം, കടബാധ്യത, ചെലവ് ചുരുക്കൽ, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പ്രതിസന്ധി എന്നിവയെ പരസ്പരബന്ധിതമായി മനസിലാക്കിയതും മാര്‍ക്സിസ്റ്റ്—ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു. ഗ്രീസിൽ, ചെലവ് ചുരുക്കലിനെതിരായ ബഹുജന പ്രക്ഷോഭങ്ങൾ ഒടുവിൽ സിരിസയുടെ (Syriza) തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് സംഭാവന നൽകിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു വശത്ത് മാര്‍ക്സിസത്തിനും ഇടതുപക്ഷത്തിനും പ്രസക്തി നഷ്ടപ്പെടുന്നു എന്ന് യാഥാസ്ഥിതിക വിമര്‍ശകര്‍ പറയുമ്പോള്‍ത്തന്നെ ലോകത്തില്‍ പരിവര്‍ത്തനാത്മക രാഷ്ട്രീയത്തിന്റെ അടിത്തറയാകുന്നത് മാര്‍ക്സിസവും ഇടതുപക്ഷ ചിന്തകളുമാണ്. രണ്ട് സാധ്യതകളേയും ഇടതുപക്ഷം മനസ്സിലാക്കുന്നു: സാമൂഹിക പ്രതിഷേധത്തെ ഭരണാധികാരത്തിലേക്കുള്ള ഇലക്ട്രറല്‍ ശക്തിയാക്കി മാറ്റാനുള്ള സാധ്യതയും അതുപോലെ, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും അന്താരാഷ്ട്ര മൂലധനവും ദേശീയ ഗവൺമെന്റുകൾക്കുമേൽ കടുത്ത പരിമിതികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അധികാരത്തിലേക്ക് എത്തിയില്ലെങ്കില്പോലും പ്രതിരോധത്തിന്റെ രാഷ്ട്രീയമുന്നണികള്‍ ശക്തിപ്പെടുത്താം എന്ന സാധ്യതയും ഇടതുപക്ഷ രാഷ്ട്രീയം മുന്നില്‍ കാണുന്നു. ഇത് ലിബറല്‍ രാഷ്ട്രീയത്തിന് സാധ്യമായ ഇടപെടലല്ല. ആസ്തിയൊഴിപ്പിക്കൽ വിരുദ്ധ പ്രസ്ഥാനങ്ങൾ, വിശേഷിച്ച് സ്പെയിനിലെ പ്ലാറ്റ്ഫോം ഫോർ പീപ്പിൾ അഫക്റ്റഡ് ബൈ മോർട്ട്ഗേജസ് (PAH), മോർട്ട്ഗേജ് തിരിച്ചടവ് മുടങ്ങുന്നതിന്റെ വ്യക്തിഗതമായ അനുഭവങ്ങളെ ഭവനാവകാശം, ബാങ്കിംഗ്, സാമൂഹിക അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂട്ടായ രാഷ്ട്രീയ സമരങ്ങളാക്കി മാറ്റിയതും ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയുടെ ഭാഗമായിട്ടാണ്.
ഈ പ്രസ്ഥാനങ്ങളുടെ സമരങ്ങള്‍ പ്രധാനപ്പെട്ടതാണ്, കാരണം മൂലധനവും തൊഴിൽശക്തിയും തമ്മിലുള്ള പരമ്പരാഗത സംഘർഷത്തെ ഇല്ലാതാക്കാതെതന്നെ ധനകാര്യവൽക്കരണം വർഗ്ഗസമരത്തിന്റെ പുതിയ മേഖലകൾ സൃഷ്ടിക്കുന്നുവെന്ന് അവ തെളിയിച്ചു. ജപ്തിയെ ചെറുക്കുന്ന കടക്കാരൻ, ധനകാര്യവൽക്കരിക്കപ്പെട്ട റിയൽ എസ്റ്റേറ്റ് വിപണികളെ നേരിടുന്ന വാടകക്കാരൻ, വിദ്യാഭ്യാസ ഋണബാധ്യതകളെ എതിർക്കുന്ന വിദ്യാർത്ഥി, ഉയർന്ന വേതനം ആവശ്യപ്പെടുന്ന തൊഴിലാളി, തൊഴില്‍ നിഷ്കാസിതരാവുന്ന അസംഘടിത മേഖലയിലെ പാര്ശ്വവല്കൃതര്, കൃഷിഭൂമിയില്‍നിന്ന് നിഷ്കാസിതരാവുന്ന ചെറുകിട കര്‍ഷകര്‍, ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതെ പാപ്പരാവുന്ന ഇടത്തരം കര്‍ഷകര്‍ എന്നിവർ വിവിധ രാഷ്ട്രീയ ഭൂമികകളിൽ നിൽക്കുന്നതായി തോന്നാമെങ്കിലും, മുതലാളിത്ത സമാഹരണത്തിന്റെ വിശാലമായ സംഘാടനത്തിലൂടെ അവരുടെ സമരങ്ങളെ ബന്ധിപ്പിക്കാൻ കഴിയും. കടം, ഭവനരാഹിത്യം, സുരക്ഷിതമല്ലാത്ത പെൻഷനുകൾ, ചെലവേറിയ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ ഋണബാധ്യത, ആസ്തിശോഷണം തുടങ്ങിയ വ്യക്തിഗത പ്രയാസങ്ങൾ നിർദ്ദിഷ്ട സ്വത്ത് ബന്ധങ്ങളുടെയും സമാഹരണതന്ത്രങ്ങളുടെയും സാമൂഹികമായി ഉൽപ്പാദിപ്പിക്കപ്പെട്ട പ്രത്യാഘാതങ്ങളാണെന്ന് ഇടതുജനാധിപത്യ രാഷ്ട്രീയം അതിന്റെ ഇടപെടലുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, 2008-ന് ശേഷമുള്ള പ്രസ്ഥാനങ്ങളുടെ അനുഭവം ഇടയ്ക്കിടെയുള്ളതോ സംഘടനാപരമായി ഭിന്നിച്ചതോ ആയ പ്രതിരോധത്തിന്റെ പരിമിതികളെയും വെളിപ്പെടുത്തിയിട്ടുണ്ട്. ഒക്യുപൈ പ്രസ്ഥാനം ശക്തമായ ഒരു രാഷ്ട്രീയ പദാവലി സൃഷ്ടിച്ചുവെങ്കിലും ജനങ്ങളെ അണിനിരത്തുന്നത് സുസ്ഥിരമായ രാഷ്ട്രീയ അധികാരമാക്കി മാറ്റാൻ ശേഷിയുള്ള സ്ഥാപനപരമായ രൂപങ്ങളുടെ അഭാവം അതിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടികളുമായോ വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുമായോ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുപോലെ, യൂറോപ്യൻ സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള സിരിസയുടെ ഏറ്റുമുട്ടൽ ഇത്തരം പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രധാന പരിമിതി കാണിച്ചുതന്നു — ദേശീയ ഗവൺമെന്റിന്റെ അധികാരം പിടിച്ചെടുക്കുന്നത് സാമ്പത്തിക—രാഷ്ട്രീയ അധികാരം പ്രവർത്തിക്കുന്ന സാമ്പത്തിക ഘടനകളുടെമേൽ നിയന്ത്രണം നൽകണമെന്നില്ല. ഇത്തരം രാഷ്ട്രീയാനുഭവങ്ങൾ സമകാലിക ഇടതുപക്ഷ രാഷ്ട്രീയത്തെ, പൂർണ്ണമായും മാറിയ സാഹചര്യങ്ങളിൽത്തന്നെ ഒരു പഴയ മാർക്സിസ്റ്റ് ചോദ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ട് — പ്രസ്ഥാനം, സംഘടന, രാഷ്ട്രീയാധികാരം എന്നിവ തമ്മിലുള്ള ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ബന്ധമെന്താണ് എന്ന അടിസ്ഥാനപരമായ ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുകയാണ്.
ഈ അനുഭവങ്ങള്‍ നല്കുന്ന പ്രധാന പാഠം പുതിയ നിയോലിബറല്‍ കാലഘട്ടത്തിലും സാഹചര്യങ്ങളിലും വർഗ്ഗവിശകലനത്തെ ഉപേക്ഷിക്കുന്നതിന് പകരം അതിനെ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്നതാണ്. വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ അത്യന്താപേക്ഷിതമായി തുടരുകയും, അവയെ ഭവനപ്രശ്നം, കടം, പെൻഷൻ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങളുടെ ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങളുമായി കൂടുതലായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ഇടതുപക്ഷ രാഷ്ട്രീയ സമീപനം കൂടുതല്‍ പ്രസക്തമാവുകയാണ്. ഓരോ പ്രതിസന്ധിക്കും ശേഷം സാമ്പത്തിക വിപണികളുടെ മികച്ച നിയന്ത്രണം ഉറപ്പാക്കുക എന്നത് മാത്രമായിരിക്കരുത് തന്ത്രപരമായ ലക്ഷ്യം. സാമൂഹിക വിഭവങ്ങളുടെ വിതരണം നിർണ്ണയിക്കാനും ദൈനംദിന ജീവിതത്തെ സമാഹരണത്തിന്റെ ആവശ്യകതകൾക്ക് വിധേയമാക്കാനുമുള്ള ധനകാര്യ മേഖലയുടെ ശേഷിയെ ചോദ്യം ചെയ്യുന്നത് അതിൽ ഉൾപ്പെട്ടിരിക്കണം. പൊതു ബാങ്കിംഗ്, സാമൂഹിക ഭവനങ്ങൾ, സാർവത്രിക പൊതുസേവനങ്ങൾ, കടാശ്വാസം, നിക്ഷേപത്തിന്മേലുള്ള ജനാധിപത്യപരമായ നിയന്ത്രണം എന്നിവയെ ഇടതുപക്ഷത്തിന്റെ പരിപാടികളിലേക്ക് കൊണ്ടുവരുന്നത് ഇതാണ് അര്‍ത്ഥമാക്കുന്നത്.
നിയോലിബറൽ മുതലാളിത്തം ബോധപൂര്‍വം ഒരു പുകമറ സൃഷ്ടിച്ചിട്ടുണ്ട്. നിയോലിബറലിസം മൂലധനബന്ധത്തെ തൊഴിലിടത്തിന് അപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും അതേസമയം ഇത് സൃഷ്ടിക്കുന്ന പുതിയ രൂപങ്ങളിലുള്ള ആശ്രിതത്വങ്ങളെ അതിന്റെ സാമൂഹിക പശ്ചാത്തലത്തില്‍നിന്ന് മാറ്റി, ‘സ്വതന്ത്ര’ മനുഷ്യരുടെ വ്യക്തിഗത അനുഭവങ്ങളായി തോന്നിപ്പിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദൗത്യം ഇതിന് കൃത്യമായി വിപരീതമാണ്: വ്യക്തിഗത അനുഭവങ്ങൾ എന്ന് തോന്നുന്നവയിൽ മറഞ്ഞിരിക്കുന്ന സാമൂഹിക ബന്ധങ്ങളെ വെളിപ്പെടുത്തുകയും അവയെ കൂട്ടായ രാഷ്ട്രീയ ആവശ്യങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണത്. ഡിജിറ്റൽ, പ്ലാറ്റ്ഫോം മുതലാളിത്തത്തിന് കീഴിൽ ഈ പ്രശ്നം കൂടുതൽ വ്യക്തമാകുന്നു, ഇവിടെ ധനകാര്യവൽക്കരണം, ഡാറ്റ ശേഖരണം (data extraction), അൽഗോരിതം നിയന്ത്രണം, അനിശ്ചിതത്വമുള്ള പുതിയ തൊഴിൽ രൂപങ്ങൾ എന്നിവയുമായി ഒത്തുചേരുകയും, സമകാലിക അദ്ധ്വാനത്തിന്റെ സംഘാടനത്തിലും നിയന്ത്രണത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യേണ്ട മറ്റൊരു പ്രധാന പ്രതിഭാസം ധനകാര്യ മൂലധനത്തിന്റെ വികാസം നിയോലിബറൽ മുതലാളിത്തത്തിന്റെ നിർണ്ണായകമായ ഒരു പരിവർത്തനവുമായി എങ്ങനെ വേർപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ, ഡാറ്റ, അൽഗോരിതങ്ങൾ എന്നിവ തൊഴിൽ സംഘടിപ്പിക്കപ്പെടുന്നതിനും മൂല്യം കൈക്കലാക്കുന്നതിനുമുള്ള പുതിയ ഉപാധികളായി മാറുന്ന പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ (platform capitalism) ഉദയം നിയോലിബറല്‍ അനിശ്ചിതത്വങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ധനകാര്യമൂലധനം മുതലാളിത്ത നിയന്ത്രണത്തെ സാമൂഹിക പുനരുൽപ്പാദനത്തിന്റെ മേഖലയിലേക്ക് വ്യാപിപ്പിച്ചുവെങ്കിൽ, പ്ലാറ്റ്ഫോം മുതലാളിത്തം അതിനെ ആശയവിനിമയം, ഉപഭോഗം, അറിവ് എന്നിവയിലേക്ക് തന്നെ വികസിപ്പിക്കുന്നു. അതിനാൽ സമകാലിക ഇടതുപക്ഷം ഡിജിറ്റൽ സാങ്കേതികവിദ്യകളെ നിഷ്പക്ഷമായ പുതുമകളായി കാണുന്നതിനപ്പുറത്തേക്ക് നീങ്ങുകയും, പകരം അവയെ മുതലാളിത്ത ഉൽപ്പാദനത്തിന്റെയും ഭരണത്തിന്റെയും ചരിത്രപരമായ സവിശേഷമായ രൂപങ്ങളായി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഗിഗ് ഇക്കോണമിയിലെ രാഷ്ട്രീയ ഇടപെടലുകളും അതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.
പ്ലാറ്റ്ഫോം മുതലാളിത്തത്തിന് കീഴിൽ, ചരക്ക് എന്നത് ഭൗതിക വസ്തുക്കളിലോ അല്ലെങ്കിൽ അതിന്റെ പരമ്പരാഗത വ്യാവസായിക രൂപത്തിലുള്ള തൊഴിൽശക്തിയിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഓരോ ഡിജിറ്റൽ ഇടപെടലും — ഡിജിറ്റല്‍ ഇടങ്ങളിലെ തിരച്ചിലുകൾ, യാത്രകൾ, റേറ്റിംഗുകൾ, വാങ്ങലുകൾ, സാമൂഹിക ആശയവിനിമയങ്ങൾ, ജിയോലൊക്കേഷൻ — മൂലധനത്തിന് സാമ്പത്തിക മൂല്യമാക്കി മാറ്റാൻ കഴിയുന്ന ഡാറ്റ ഉൽപ്പാദിപ്പിക്കുന്നുണ്ട്. റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ, ഡെലിവറി ശൃംഖലകൾ, ഇ-കോമേഴ്സ്, സോഷ്യൽ മീഡിയ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വിനിമയം എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്; വിനിമയം സാധ്യമാക്കുന്ന ഇൻഫ്രാസ്ട്രക്ചറിന്റെ ഉടമസ്ഥതയുള്ള ഡിജിറ്റൽ മധ്യവർത്തികളായി അവ പ്രവർത്തിക്കുന്നു. നേരിട്ട് ചരക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ, ദശലക്ഷക്കണക്കിന് തൊഴിലാളികളും ഉപഭോക്താക്കളും ഇടപഴകുന്ന സാങ്കേതിക ഘടനയെ (technological architecture) നിയന്ത്രിക്കുന്നതിലാണ് അവരുടെ അധികാരം കുടികൊള്ളുന്നത്. അങ്ങനെ ഡാറ്റ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, അൽഗോരിതങ്ങൾ, നെറ്റ്വർക്ക് പ്രഭാവങ്ങൾ എന്നിവയുടെ ഉടമസ്ഥത പരമ്പരാഗത മുതലാളിത്തത്തിലെ ഫാക്ടറിയുടെ ഉടമസ്ഥതയ്ക്ക് തുല്യമായി മാറുന്നു.
ഈ പരിവർത്തനം തൊഴിൽ പ്രക്രിയയെ ആഴത്തിൽ മാറ്റിമറിച്ചിരിക്കുന്നു. പ്ലാറ്റ്ഫോം കമ്പനികൾ ആഘോഷിക്കുന്ന നിയോലിബറൽ സംരംഭകൻ പലപ്പോഴും നിയമപരമായ അർത്ഥത്തിൽ തൊഴിലുടമയില്ലാത്ത തൊഴിലാളിയാണ് (proletarian). ഡെലിവറി റൈഡർ സ്വയംതൊഴിൽ ചെയ്യുന്നയാളാണെന്ന് തോന്നാം, എന്നാൽ നിരക്കുകൾ, വഴികൾ, ജോലിയുടെ വിലയിരുത്തൽ, ഉപഭോക്താക്കളെ അനുവദിക്കൽ, അച്ചടക്ക നടപടികൾ എന്നിവപോലും അൽഗോരിതം വഴിയാണ് നിർണ്ണയിക്കപ്പെടുന്നത്. ഫാക്ടറി സൂപ്പർവൈസർക്ക് പകരം അൽഗോരിതവും; ടൈം ക്ലോക്കിന് പകരം തുടർച്ചയായ ഡിജിറ്റൽ നിരീക്ഷണവും; മാനേജ്മെന്റ് അധികാരത്തിന് പകരം സുതാര്യമല്ലാത്ത കമ്പ്യൂട്ടേഷണൽ തീരുമാനങ്ങളും ഉണ്ടാവുന്നു. തൊഴില്‍ വിപണിയുടെ കൊട്ടിഘോഷിക്കുന്ന ‘വഴക്കം’ (labour market flexibility) എന്നത് പലപ്പോഴും സാമ്പത്തിക ശ്ലഥസാധ്യതകളുടെ അപകടങ്ങള്‍ മൂലധനത്തിൽനിന്ന് തൊഴിലാളിയുടെ തോളിലേക്ക് കൈമാറുന്ന പ്രക്രിയയെയാണ് മറച്ചുവെക്കുന്നത്. തൊഴിലാളികൾ വാഹനങ്ങൾ, ഇന്ധനം, ഫോണുകൾ, അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ് എന്നിവ നൽകുമ്പോൾ, പ്ലാറ്റ്ഫോമുകൾ അതിനനുസരിച്ചുള്ള തൊഴിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ കമ്മീഷനുകളും ഡാറ്റയും വേർതിരിച്ചെടുക്കുന്നു. അതിനാൽ നിയോലിബറല്‍ നൂതന സംരംഭകത്വം എന്ന ആശയം തൊഴിലാളിവൽക്കരണത്തിന്റെ (proletarianization) പുതിയ രീതികളെ മൂടിവെക്കുന്നതാണ്.
തൊഴിൽശക്തിയും തൊഴിൽ പ്രക്രിയയും (labour power and the labour process) തമ്മിലുള്ള വ്യത്യാസം മാർക്സ് വിശദീകരിക്കുന്നത് ഇവിടെ പ്രസക്തമായ ഒരു വിശകലനമാണ്. പ്ലാറ്റ്ഫോമുകള് തൊഴിൽശക്തി വിലയ്ക്ക് വാങ്ങുക മാത്രമല്ല ചെയ്യുന്നത്; റിയൽ-ടൈം ഡാറ്റ, പ്രെഡിക്റ്റീവ് അനലിറ്റിക്സ്, ബിഹേവിയറൽ നഡ്ജുകൾ (behavioural nudges) എന്നിവയിലൂടെ അത് തൊഴിൽ പ്രക്രിയയെ കൂടുതലായി സംഘടിപ്പിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ബിഹേവിയറൽ നഡ്ജ് എന്നത് ആളുകളുടെ വ്യക്തിസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ സാമ്പത്തിക ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യാതെതന്നെ, അനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനായി ചുറ്റുപാടുകളിൽ വരുത്തുന്ന സൂക്ഷ്മമായ മാനസിക സമ്മര്‍ദ്ദപരമായ ഇടപെടലാണ്. നോബല്‍ ജേതാവ് റിച്ചാർഡ് താലറും നിയമ വിദഗ്ദ്ധന് കാസ് സൺസ്റ്റീനും (Richard Thaler, Cass Sunstein) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ആശയം, മനുഷ്യന്റെ ചിന്താഗതിയിലുള്ള മുൻവിധികളെ (cognitive biases) മുൻനിർത്തി അലസതയെ മറികടക്കാൻ സഹായിക്കുന്നുവെന്നാണ് സങ്കല്പം. പ്രയോജനകരമായ ഓപ്ഷനുകൾ മുൻകൂട്ടി ക്രമീകരിച്ചുവയ്ക്കുക (default options), ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ പ്രദർശിപ്പിക്കുക, അല്ലെങ്കിൽ സാമൂഹിക മാതൃകകൾ പ്രയോജനപ്പെടുത്തുക എന്നിങ്ങനെ ആളുകൾ വ്യക്തിപരമായ സ്വകാര്യ തിരഞ്ഞെടുപ്പുകൾ നടത്തുന്ന അന്തരീക്ഷത്തിൽ ("choice architecture") ബോധപൂര്‍വ്വം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിലൂടെ ഉപഭോഗം ഉറപ്പ് വരുത്തുന്നതിനെ അവര്‍ “മികച്ച തീരുമാനം കൈക്കൊള്ളുന്നു” എന്ന സിദ്ധാന്തമായി അവതരിപ്പിക്കുന്നു. വ്യക്തികളുടെ ശീലങ്ങളെ സ്വാധീനിക്കാനും, വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തിക സമ്പാദ്യം വർദ്ധിപ്പിക്കാനും, ആരോഗ്യപരമായ നേട്ടങ്ങൾ ഉണ്ടാക്കാനും നയരൂപകർത്താക്കൾക്കും സംരംഭങ്ങൾക്കും ഉപയോഗിക്കാവുന്ന കുറഞ്ഞ ചെലവിലുള്ളതും ഏറെ ഫലപ്രദവുമായ ഒരു ഉപാധിയാണിതെന്ന വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ആവശ്യകത പ്രവചിച്ചുകൊണ്ടും, ജോലികൾ വീതിച്ചുനൽകിക്കൊണ്ടും, ഉൽപ്പാദനക്ഷമത നിരീക്ഷിച്ചുകൊണ്ടും, സ്വയംകൃത വിലയിരുത്തലിലൂടെ തൊഴിലാളികളെ അച്ചടക്കത്തിലാക്കിക്കൊണ്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ പ്രവണതയെ തീവ്രമാക്കുന്നു. ഇത് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ മാർക്സിന്റെ അധ്വാന മൂല്യസിദ്ധാന്തത്തെ റദ്ദുചെയ്യുകയല്ല ചെയ്യുന്നത്. മറിച്ച്, സാങ്കേതികവിദ്യയിലെ പുതുമകൾ അമൂര്‍ത്ത അദ്ധ്വാനത്തില്‍നിന്ന് മിച്ചമൂല്യം വേർതിരിച്ചെടുക്കുന്നതിനെ എങ്ങനെ ഡിജിറ്റൽ മുതലാളിത്തം നിരന്തരം പുനഃസംഘടിപ്പിക്കുന്നു എന്നതാണ് കാണിച്ചുതരുന്നത്. അൽഗോരിതങ്ങൾ അധ്വാനത്തിൽനിന്ന് സ്വതന്ത്രമായി മൂല്യം സൃഷ്ടിക്കുന്നുണ്ടോ എന്നതല്ല ചോദ്യം, മറിച്ച് മനുഷ്യാധ്വാനം ലാഭകരമായി മാറുന്ന സാഹചര്യങ്ങളെ അൽഗോരിതങ്ങൾ എങ്ങനെ പുനഃസംഘടിപ്പിക്കുന്നു എന്നതാണ്.
സമകാലിക ഇടതുപക്ഷം ഈ സംഭവവികാസങ്ങളോട് ഉത്തരവാദിത്തത്തോടെ വ്യത്യസ്ത രീതികളിൽ പ്രതികരിച്ചിട്ടുണ്ട്. ബ്രിട്ടൻ, ഇന്ത്യ, സ്പെയിൻ, ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഗിഗ് തൊഴിലാളികൾ അവരെ ജീവനക്കാരായി അംഗീകരിക്കൽ, മിനിമം വേതനം ഉറപ്പുവരുത്തല്‍, സാമൂഹിക സുരക്ഷ വിപുലീകരിക്കല്‍, അൽഗോരിതങ്ങളുടെ സുതാര്യത നിയമപരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ടുള്ള നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വെയർഹൗസ് തൊഴിലാളികൾ ഉൽപ്പാദനക്ഷമതാ നിരീക്ഷണത്തെയും ബയോമെട്രിക് നിരീക്ഷണത്തെയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തുടക്കം മുതല്‍ ഒപ്പം നിന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതേസമയം പ്ലാറ്റ്ഫോം കോപ്പറേറ്റീവുകൾ വെഞ്ചർ-ക്യാപിറ്റൽ ഫണ്ട് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾക്ക് പകരമായി തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ പരീക്ഷിച്ചുനോക്കുന്നു. തൊഴിലാളികൾക്ക് പൊതുവായ ഒരു തൊഴിലിടം പങ്കിടേണ്ടി വരാത്ത ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കായി ട്രേഡ് യൂണിയനിസത്തെ പുനർനിർവ്വചിക്കുന്നു എന്നതിനാൽ ഈ സമരങ്ങൾ സൈദ്ധാന്തികമായി പ്രാധാന്യമർഹിക്കുന്നതാണ്. ഡിജിറ്റൽ ആശയവിനിമയം തന്നെ സംഘടനയുടെ ഒരു ഉപകരണമായി മാറിയിരിക്കുന്നു, ഇത് ചിതറിക്കിടക്കുന്ന തൊഴിലാളികൾക്ക് നഗരങ്ങളിലുടനീളവും ദേശീയ അതിർത്തികൾ കടന്നും കൂട്ടായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ അവസരമൊരുക്കുന്നു.
എങ്കിലും, ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ വെല്ലുവിളികള്‍ തൊഴിൽ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. പ്ലാറ്റ്ഫോം മുതലാളിത്തം ഡിജിറ്റൽ ഉൽപ്പാദന ഉപാധികളുടെ ഉടമസ്ഥതയെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഒരു ചോദ്യമാണ് ഉയർത്തുന്നത്. ഡാറ്റ ഒരു പ്രധാന ഉൽപ്പാദന വിഭവമായി മാറിയെങ്കിൽ, അത് സ്വകാര്യ സ്വത്തായി തുടരണമോ എന്നതാണ് കാതലായ ചോദ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടായി സൃഷ്ടിക്കപ്പെട്ട വിവരങ്ങളെയാണ് ആശ്രയിക്കുന്നതെങ്കിൽ, അതിന്റെ നേട്ടങ്ങൾ സ്വകാര്യമായി കൈക്കലാക്കാന്‍ അനുവദിക്കണമോ? പൊതു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, അൽഗോരിതങ്ങളുടെ ജനാധിപത്യപരമായ ഭരണം, ഡാറ്റാ കോമൺസ് (data commons), സാമൂഹിക ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്കായുള്ള ആവശ്യങ്ങൾ വ്യക്തമാക്കേണ്ടതിന്റെ ആവശ്യകത ഇടതുപക്ഷം കൂടുതലായി മുന്നോട്ടുവക്കേണ്ടതുണ്ട്. അതിനാൽ ഉടമസ്ഥതയെക്കുറിച്ചുള്ള പരമ്പരാഗത സോഷ്യലിസ്റ്റ് ചോദ്യം ഒരു പുതിയ രൂപത്തിൽ തിരികെ വരുന്നു: ഫാക്ടറികൾ, ബാങ്കുകൾ, ഭൂമി എന്നിവയുടെ ഉടമസ്ഥർ ആര് എന്നത് മാത്രമല്ല, സമകാലിക സാമൂഹിക ജീവിതത്തെ കൂടുതലായി സംഘടിപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾ, ഡാറ്റ, കമ്പ്യൂട്ടേഷണൽ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയുടെ ഉടമസ്ഥർ ആര് എന്നതും അതീവ പ്രാധാന്യമുള്ള ചോദ്യമാണ്.
ധനകാര്യമൂലധനത്തിന്റെയും പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെയും ഒത്തുചേരൽ നിയോലിബറലിസത്തിന്റെ പൊതുവായ ഒരു പ്രവണതയെ വെളിപ്പെടുത്തുന്നുണ്ട്. ദൈനംദിന നിലനിൽപ്പിന്റെ പുതിയ മേഖലകളിലേക്ക് മുതലാളിത്ത സഞ്ചയത്തിന്റെ കടന്നുകയറ്റത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന തോന്നല്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. അതിനാൽ ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ജനാധിപത്യപരമായ നിയന്ത്രണം കൊണ്ടുവരാനും, ഭിന്നിച്ചുനിൽക്കുന്ന തൊഴിൽരൂപങ്ങളെ ഒരു പൊതു രാഷ്ട്രീയപദ്ധതിക്കുള്ളിൽ ഒന്നിച്ചുകൊണ്ടുവരാനുമുള്ള ദ്വിമുഖമായ ശ്രമമാണ് ഇടതുപക്ഷത്തിന്റെ തന്ത്രപരമായ ദൗത്യം. ആദ്യത്തേത് പുതിയ ഒരു മുദ്രാവാക്യത്തേയും, രണ്ടാമത്തേത് അത് ഉയര്‍ത്താനുള്ള സംഘടിതശേഷിയുടെ നവദൃഢീകരണവുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിനുള്ള ചുവടുവയ്പുകള്‍ നടത്തുന്നു എന്നതാണ് ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ നിയോലിബറല്‍ ഭീകരതയുടെ ഇരയാക്കി മാറ്റുന്നത്.
അതുകൊണ്ടുതന്നെ, നിയോലിബറലിസത്തിന്റെ വളര്‍ച്ചയെ പൂർണ്ണമായി എതെങ്കിലും സാമ്പത്തിക വിശദീകരണംകൊണ്ടുമാത്രം വ്യാഖ്യാനിക്കാൻ കഴിയില്ല. കാരണം നിയോലിബറലിസത്തെ മുതലാളിത്ത താല്പര്യങ്ങളെ ദൈനംദിന "പൊതുബോധമാക്കി" (common sense) മാറ്റാൻ ശേഷിയുള്ള ഒരു ഹെജിമോണിക് രൂപീകരണമായിക്കൂടി (hegemonic formation) മനസ്സിലാക്കേണ്ടതുണ്ട്. മത്സരം എന്നത് സ്വാഭാവികമായ ഒന്നായി കരുതപ്പെടുന്നു; സംരംഭകത്വം ഒരു ധാർമ്മിക ഗണമായി മാറുന്നു; തൊഴില്ലായ്മ വ്യക്തിപരമായ പരാജയമായി ചിത്രീകരിക്കപ്പെടുന്നു; വിദ്യാഭ്യാസം "മനുഷ്യ മൂലധനത്തിലുള്ള നിക്ഷേപമായി" മാറുന്നു; പൗരന്മാർ ഉപഭോക്താക്കളായി മാറുന്നു; കൂടാതെ ഘടനാപരമായ അനിശ്ചിതത്വം വ്യക്തിപരമായ ഉത്തരവാദിത്തമായി പുനർനിർവ്വചിക്കപ്പെടുന്നു. തൽഫലമായി, നിയോലിബറൽ വ്യക്തിബോധം (subjectivity) ആളുകളെ തങ്ങളെത്തന്നെ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംരംഭങ്ങളായി കാണാൻ പ്രേരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ നൈസര്‍ഗ്ഗികമായി സോഷ്യലിസ്റ്റ് അവബോധം സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭൗതിക വൈരുദ്ധ്യങ്ങൾ പരിവർത്തനാത്മക രാഷ്ട്രീയശക്തികളായി മാറുന്നതിനുമുൻപ് അവ രാഷ്ട്രീയമായി ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക ഉത്കണ്ഠകളെ കുടിയേറ്റക്കാർക്ക്, ന്യൂനപക്ഷങ്ങൾക്കും സ്വന്തം സാംസ്കാരിക ശത്രുക്കൾക്കും നേരെ തിരിച്ചുവിട്ടുകൊണ്ട് അനിശ്ചിതത്വം, അമർഷം, സാമൂഹികത്തകർച്ച എന്നിവയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്നതിൽ സമകാലിക വലതുപക്ഷ പ്രസ്ഥാനങ്ങൾ പലപ്പോഴും ഇടതുപക്ഷത്തേക്കാൾ വിജയിക്കുന്നുവെന്നത് ഇതിന്റെ തെളിവാണ്. അതുകൊണ്ടാണ് ഇടതുപക്ഷം മികച്ച സാമ്പത്തിക നയങ്ങൾക്കപ്പുറം, ഐക്യദാർഢ്യം, സമത്വം, കൂട്ടായ വിതരണം എന്നിവയ്ക്ക് ചുറ്റും പൊതുബോധത്തെ പുനഃസംഘടിപ്പിക്കാൻ ശേഷിയുള്ള ഒരു പ്രതിരോധ-അധീശത്വ പദ്ധതി (counter-hegemonic project) കൂടി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. വർഗ്ഗരാഷ്ട്രീയം എന്നത് ഒരേസമയം സാമ്പത്തികവും പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമാണ്. അതുകൊണ്ടുതന്നെ, നിയോലിബറലിസത്തിനെതിരായ സമരങ്ങള്‍ തൊഴിലിടങ്ങളിലും പാർലമെന്റുകളിലും മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും മാധ്യമങ്ങളിലും സംസ്കാരത്തിലും ദൈനംദിന ജീവിതത്തിലും നടക്കേണ്ടതുണ്ട്.
ആഗോള വിതരണ ശൃംഖലകൾ, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കോർപ്പറേഷനുകൾ, പ്രത്യക്ഷ വിദേശനിക്ഷേപം എന്നിവയിലൂടെ നിയോലിബറൽ മുതലാളിത്തം പ്രവർത്തിക്കുമ്പോൾ, തൊഴിലാളിവർഗ്ഗ രാഷ്ട്രീയം പ്രധാനമായും ദേശീയ അതിർത്തികൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു എന്നത് ഒരു വലിയ പരിമിതിയാണ്. നിയോലിബറലിസത്തിന്റെ ഏറ്റവും വലിയ കാപട്യം അതിന്റെ വ്യത്യസ്തമായ അന്താരാഷ്ട്ര മൂലധന—തൊഴില്‍ നിയമങ്ങളിലാണ്. ആഗോള ചലനത്തിനായുള്ള ഉദാരവല്‍ക്കരണം മൂലധനത്തിന് മാത്രമാണ് ബാധകം. തൊഴില്‍ ശക്തിയുടെ സഞ്ചാരം ദേശസുരക്ഷയുടെ പേരില്‍, കുടിയേറ്റ നിയമങ്ങളുടെ പേരില്‍ നിയന്ത്രിക്കുന്നു. വിദേശ മൂലധനത്തിന് പ്രവേശിക്കാന്‍ എല്ലാവരും വാതിലുകള്‍ തുറന്നിടണം. വിദേശ അദ്ധ്വാനം ആവശ്യമുള്ള മേഖലകളില്‍ നിയന്ത്രിതമായി മാത്രം അനുവദിക്കുന്നു. തൊഴില്‍ വിപണി വഴക്കമുള്ളത് (flexible) ആവേണ്ടത് തൊഴിലാളികളെ നിയമിക്കുന്നതിലും പിരിച്ചു വിടുന്നതിലും കൂലി നിര്‍ണയിക്കുന്നതിലും മാത്രമാണ്. തൊഴില്‍ ശക്തി മൂലധനം പോലെ നിര്‍ബാധം ചലിക്കുകയാണെങ്കില്‍ അത് രണ്ട് രീതിയില്‍ അപകടകരമാവുമെന്ന് മൂലധനത്തിന്റെ ആഗോള മാനേജര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഒന്ന്, അത് ആഗോള തൊഴിലാളി ഐക്യദാര്‍ഡ്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും, രണ്ട്, അത് കൂലിയെ ആഗോളതലത്തില്‍ മല്‍സരാധിഷ്ഠിതമായി ഏകീകരിക്കും. ഇത് രണ്ടും മുതലാളിത്തത്തിനു സ്വീകാര്യമല്ല. മൂലധനത്തിന് ഉൽപ്പാദനത്തെ അന്താരാഷ്ട്രവൽക്കരിക്കാൻ കഴിയുമെങ്കിലും തൊഴിൽശക്തി ദേശീയമായിത്തന്നെ തുടരുന്നുവെന്നത് മൂലധനത്തിന്റെ ആവശ്യമാണ്. കോർപ്പറേഷനുകൾക്ക് ഭീഷണിപ്പെടുത്താനും, തൊഴിൽ ചെലവുകൾ ലാഭിക്കാനും, വിവിധ അധികാര പരിധികളിലുടനീളം വിതരണശൃംഖലകളെ പുനഃസംഘടിപ്പിക്കാനും സാധിക്കുന്നത് ഈ സംവിധാനത്തിനുള്ളിലാണ്. ഒരേ സമാഹരണ പ്രക്രിയയിൽ പങ്കാളികളാകുമ്പോഴും വിവിധ രാജ്യങ്ങളിലെ തൊഴിലാളികളെ പരസ്പരം ശത്രുതയിലേക്ക് തള്ളിവിടാൻ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്.
ഈ സന്ദര്‍ഭത്തില്‍, മാർക്സിസ്റ്റ് അന്താരാഷ്ട്രീയതയ്ക്ക്, ഐക്യദാര്ഡ്യങ്ങള്ക്ക്, കൂടുതല്‍ ഭൗതിക പ്രാധാന്യം കൈവരികയാണ്. എന്നാൽ സമകാലിക മാര്‍ക്സിസ്റ്റ് അന്താരാഷ്ട്രീയ
തയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ സ്ഥാപനപരമായ രൂപങ്ങളെ വെറുതെ പുനർനിർമ്മിക്കാൻ കഴിയില്ല. അത് ട്രേഡ് യൂണിയനുകൾ, കർഷകപ്രസ്ഥാനങ്ങൾ, ഗിഗ്/പ്ലാറ്റ്ഫോം തൊഴിലാളികൾ, പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റ് സംഘടനകൾ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ എന്നിവയെ അതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന സമര സാഹോദര്യമായി കൂടുതല്‍ കൂടുതല്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. കുടിയേറ്റം, ദേശീയ പരമാധികാരം, അസമമായ വികസനം എന്നിവയെക്കുറിച്ചുള്ള ഗൗരവമുള്ള ചോദ്യങ്ങളെയും അത് അഭിമുഖീകരിക്കേണ്ടതുണ്ട്. സാമ്പത്തിക ദേശീയതയിലേക്ക് പിൻവാങ്ങുന്ന രാഷ്ട്രീയമാണ് പലപ്പോഴും സിവില്‍ സമൂഹ സംഘങ്ങളും ലിബറല്‍ ജനാധിപത്യവാദികളും ഉയര്‍ത്തുന്നത്. അവരുമായുള്ള ആശയവിനിമയം പ്രധാനമാണ്. തൊഴിലാളിവർഗ്ഗങ്ങൾ തമ്മിലുള്ള കിടമത്സരത്തെ പുനരുൽപ്പാദിപ്പിക്കുന്ന ആഗോള സംവിധാനങ്ങള്‍ക്കെതിരെയുള്ള സമരവും ദേശീയ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള സമരവും ഒരുപോലെ പ്രസക്തമാണ് എന്ന ഇടതുപക്ഷ സമീപനം കൂടുതല്‍ ശക്തിയോടെ അവതരിപ്പിക്കപ്പെടണം. ജനാധിപത്യപരമായ ദേശീയ, പ്രാദേശിക സമരങ്ങളിലൂടെ മധ്യസ്ഥത വഹിക്കുന്ന അന്താരാഷ്ട്രീയതയാണ് ശരിയായ ഇടതുപക്ഷ തന്ത്രം. ആഗോള ഉൽപ്പാദനം പത്തൊമ്പതാം നൂറ്റാണ്ടില്‍ മാർക്സ് സങ്കൽപ്പിച്ചതിനേക്കാൾ സമഗ്രമായി തൊഴിലാളികളെ വസ്തുനിഷ്ഠമായി ബന്ധിപ്പിച്ചിരിക്കുന്നുവെങ്കിലും ഇടതുപക്ഷം നേരിടുന്ന രാഷ്ട്രീയ പ്രശ്നം വിവിധ രാജ്യങ്ങളിലെ സംഘടനാ ശേഷികൾ തത്തുല്യമായ അളവിൽ വികസിച്ചിട്ടില്ല എന്നതാണ്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഭിന്നിച്ചുനില്ക്കുന്ന, അല്ലെങ്കില്‍ ശിഥിലീകൃതമായി നിലനില്‍ക്കുന്ന, പ്രതിരോധങ്ങളെ ജനാധിപത്യപരമായ ഒരു പ്രത്യധീശത്വ പദ്ധതിയാക്കി മാറ്റുക എന്ന ഇടതുജനാധിപത്യ സമീപനത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഇത് നിയോലിബറല്‍ ഘട്ടത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുന്നു.
നിയോലിബറലിസം വൻതോതിലുള്ള പ്രതിരോധങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്—തൊഴിലാളി പണിമുടക്കുകൾ, കർഷക പ്രസ്ഥാനങ്ങൾ, ചെലവ് ചുരുക്കലിനെതിരായ പ്രക്ഷോഭങ്ങൾ, ഫെമിനിസ്റ്റ് പ്രതിഷേധങ്ങൾ, പാരിസ്ഥിതിക സമരങ്ങൾ, വംശീയ-ജാതി അടിച്ചമർത്തലുകൾക്കെതിരായ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, പൊതുസേവനങ്ങളെ സംരക്ഷിക്കുന്ന പ്രചാരണങ്ങൾ. യഥാര്‍ത്ഥ വെല്ലുവിളി പ്രതിരോധത്തിന്റെ അഭാവമല്ല, മറിച്ച് അതിന്റെ ഭിന്നിപ്പാണ്. ഇവിടെ സമകാലിക ഇടതുപക്ഷം ഒരുപക്ഷേ അതിന്റെ തന്ത്രപരമായ ഒരു അടിസ്ഥാനപ്രശ്നത്തെ അഭിമുഖീകരിക്കുന്നു — വിവിധ സമരങ്ങളുടെ നൈസര്‍ഗ്ഗികതയെ ഇല്ലാതാക്കാതെ അവയെ എങ്ങനെ ഒരു വര്‍ഗ്ഗരാഷ്ട്രീയ പദ്ധതിയാക്കി മാറ്റാം എന്നതാണത്. മാര്‍ക്സിയന്‍ സൈദ്ധാന്തിക വഴിത്താര ഈ കാര്യത്തില്‍ കൃത്യതയുള്ളതാണ്: മൂലധന സമാഹരണത്തിന്റെയും ചൂഷണത്തിന്റെയും വിമർശനം മാർക്സ് നൽകുന്നു; റോസ ലക്സംബർഗ് ബഹുജനങ്ങളുടെ നൈസര്‍ഗ്ഗിക സമരങ്ങളുടെ പ്രസക്തി ഊന്നിപ്പറയുന്നു; ലെനിൻ ശക്തമായ സംഘടനയുടെ ആവശ്യകത എന്ന പ്രശ്നം ഉയർത്തുന്നു; ഗ്രാംഷി അധീശത്വങ്ങളെ തകര്‍ക്കുന്ന ചരിത്രപരമായ രാഷ്ട്രീയസഖ്യത്തിന്റെ (historical bloc) നിർമ്മിതിയുടെ സാധ്യത മുന്നോട്ടുവക്കുന്നു. സമകാലിക ഇടതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് ഈ സമീപനങ്ങളെ കൂടുതല്‍ കൂടുതല്‍ ഒന്നിച്ചു കൊണ്ടുവരാനാണ് എന്നാണ് മനസ്സിലാകുന്നത്. ശക്തമായ പ്രഹരശേഷിയുള്ള ഒരു പ്രത്യധീശത്വ പദ്ധതി, വേതനത്തെ ഭവന നിർമ്മാണവുമായും, തൊഴിൽ അവകാശങ്ങളെ സാങ്കേതിക ജനാധിപത്യവുമായും, പുനർവിതരണത്തെ സാമൂഹികമായ അംഗീകാരവുമായും, പാരിസ്ഥിതിക മാറ്റത്തെ തൊഴിലവസരങ്ങളുമായും, ദേശീയസമരങ്ങളെ അന്താരാഷ്ട്ര ഐക്യദാർഢ്യവുമായും ബന്ധിപ്പിക്കും എന്നാണ് നാം ചരിത്രത്തില്‍ കണ്ടിട്ടുള്ളത്. സോഷ്യലിസം എന്നാൽ മുകളിൽനിന്ന് ഉദ്യോഗസ്ഥവൃന്ദം നടത്തുന്ന ദേശസാൽക്കരണം മാത്രമായിരിക്കില്ല. തൊഴിലിടങ്ങൾ, ധനകാര്യം, സാങ്കേതികവിദ്യ, പൊതുസ്ഥാപനങ്ങൾ, പാരിസ്ഥിതിക വിഭവങ്ങൾ എന്നിവയുടെമേലുള്ള സാമ്പത്തിക തീരുമാനങ്ങളെത്തന്നെ ജനാധിപത്യവൽക്കരിക്കുന്നത് ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അതിനാൽ നിയോലിബറൽ നയങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ തന്ത്രപരമായ ലക്ഷ്യം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബദല്‍ സങ്കല്പം സ്ഥാപിക്കുക എന്നത് കൂടിയാണ്. വ്യക്തിഗത വിപണിയെമാത്രം തിരഞ്ഞെടുപ്പായി മനസ്സിലാക്കുന്ന നിയോലിബറൽ സ്വാതന്ത്ര്യത്തിനെതിരെ, ബഹുജനങ്ങളുടെ ജീവിതം നിർണ്ണയിക്കാനുള്ള യഥാർത്ഥശേഷി സമത്വം, കൂട്ടായ വിതരണം, ജനാധിപത്യപരമായ പങ്കാളിത്തം, സാമാന്യജനങ്ങള്‍ അധ്വാനിക്കുകയും ജീവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾക്ക് മേലുള്ള നിയന്ത്രണം എന്നിവയെ ആശ്രയിച്ചിരിക്കുന്ന സാമൂഹിക സ്വാതന്ത്ര്യത്തെയാണ് ഇടതുപക്ഷ രാഷ്ട്രീയം ആവിഷ്കരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. രണ്ടും വ്യത്യസ്തമായ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളാണ്. നിയോലിബറലിസത്തിന്റേത് വിപണിയുടെ ഉന്മാദങ്ങളിലേക്ക് മാത്രം ജനങ്ങളെ ആട്ടിത്തെളിക്കുന്ന കണ്കെട്ട് വിദ്യയാണ്. ബദല്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവക്കുന്നത് സാമൂഹികതയില്‍ ഊന്നിയ സ്വാതന്ത്ര്യബോധമാണ്.
