ഇടതുപക്ഷ കേരളം സംസ്കാരത്തിന്റെ സമരമുഖങ്ങള്‍
സുനില്‍ പി ഇളയിടം
ഇടതുപക്ഷപരമായ സാമൂഹ്യവീക്ഷണത്തിന്റെ സുപ്രധാന തലങ്ങളിലൊന്ന് സംസ്കാരത്തിന് അതിലുള്ള നിര്‍ണ്ണായകസ്ഥാനമാണ്. സംസ്കാരം എന്നിവിടെ സൂചിപ്പിക്കുന്നത് കല, സാഹിത്യം, വിജ്ഞാനം, തത്ത്വവിചാരം, മൂല്യസഞ്ചയങ്ങള് തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന പരമ്പരാഗതമണ്ഡലം എന്ന അര്‍ത്ഥത്തിലല്ല. മറിച്ച്, ഏതെങ്കിലുമൊരു കാലയളവില്‍ ഒരു സവിശേഷ ജനസമൂഹത്തിന്റെ ജീവിതാവബോധത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹികപ്രയോഗങ്ങളുടെ ആകെത്തുകയെന്ന നിലയിലാണ്. തന്നെയും ലോകത്തെയും കുറിച്ചുള്ള ഒരാളുടെയോ ഒരു ജനവിഭാഗത്തിന്റെയോ ധാരണകളെയും തിരിച്ചറിവുകളെയും നിര്‍ണ്ണയിക്കുന്ന പ്രവൃത്തിമണ്ഡലം എന്നതിനെ മറ്റൊരു നിലയിലും വിവരിക്കാം. സമഗ്ര ജീവിതശൈലി (whole way of life) എന്ന് റെയ്മണ്ട് വില്യംസ് സംസ്കാരത്തിന് നല്കിയ വിശദീകരണത്തില്‍ ഇത്തരമൊരാശയം കൂടി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
അവബോധനിര്മ്മാണത്തിന്റെ അടിസ്ഥാന വ്യവസ്ഥയായി സംസ്കാരത്തെ പരിഗണിക്കുന്നതോടെ അത് പരമ്പരാഗതമായ അര്ത്ഥപരിസരത്തിന് പുറത്തുകടക്കും. ഭൗതികമായ ജീവിതപ്രയോഗങ്ങള്ക്കു മുകളില്‍ ഉയര്‍ന്നുവരുന്ന ആശയാനുഭൂതികളുടെ ലോകം എന്ന പദവിയല്ല സംസ്കാരത്തിനപ്പോള് ഉണ്ടായിരിക്കുക. പ്രതിഫലവാദപരമായ അത്തരമൊരു സമീപനത്തെ നിരാകരിക്കുന്ന ഒരു ചിന്താപാരമ്പര്യത്തെക്കൂടിയാണ് മാര്‍ക്സിസം പ്രതിനിധീകരിക്കുന്നത് എന്ന കാര്യം നാമിവിടെ പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നതോടെ ആശയങ്ങള്‍ ഭൗതികശക്തികളായിത്തീരും. ('An idea becomes a material force when it grips the mass,) എന്ന മാര്‍ക്സിന്റെ പ്രഖ്യാതമായ നിരീക്ഷണത്തിന്റെ താത്പര്യവും അതാണ്. ഭൗതിക ജീവിതപ്രയോഗങ്ങള്ക്കു മേല്‍ ഉയര്‍ന്നുവന്ന ആശയാനുഭൂതികളുടെ അനുബന്ധലോകം എന്നതിനു പകരം മനുഷ്യജീവിതത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിതന്നെയായി ആശയങ്ങളുടെ ലോകം മാറിത്തീരുന്നു എന്നാണിതിനര്‍ത്ഥം. ആശയങ്ങളെ വ്യക്തികളുടെ ധ്യാനാത്മകചിന്തയുടെ ഉത്പന്നമായി കാണുന്ന അതിഭൗതിക വീക്ഷണത്തെയും, അതിനെ പ്രത്യക്ഷ ഭൗതികത്തിന്റെ പ്രതിഫലനങ്ങളോ അനുബന്ധമോ ആയി കാണുന്ന യാന്ത്രിക ഭൗതികത്തെയും ഒരുപോലെ തള്ളിക്കളയുന്നതാണ് സംസ്കാരത്തെക്കുറിച്ചുള്ള ഈ വൈരുദ്ധ്യവാദ സമീപനം.
മാര്‍ക്സിസ്റ്റ് ചിന്തയില്‍ ഉയര്‍ന്നുവന്ന അതിനിര്ണ്ണയനം (overdetermination) എന്ന സങ്കല്പനത്തിന് ഈ സന്ദര്‍ഭത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. അന്തിമമായ നിര്ണ്ണയനശേഷി ഉല്പാദനവ്യവസ്ഥയ്ക്കായിരിക്കെത്തന്നെ, സാമൂഹ്യപരിണാമത്തിന്റെ സവിശേഷഘട്ടങ്ങളില്‍ ഇതര ഘടകങ്ങള്‍ നിര്‍ണ്ണായക പദവി കൈവരിക്കുന്നതിനെ സൂചിപ്പിക്കാനാണ് അതിനിര്ണ്ണയനം എന്ന പദം അള്ത്യൂസ്സറെപ്പോലുള്ള ചിന്തകര്‍ ഉപയോഗിക്കുന്നത്. കേരളീയ സമൂഹത്തിന്റെ സമകാലിക സ്ഥിതിയെക്കുറിച്ചുള്ള ആലോചനകളുടെ സന്ദര്‍ഭത്തില്‍ സംഗതമായ ഒരാശയമാണിത്.
ഉയര്‍ന്ന നിലവാരത്തിലുള്ള സാമൂഹിക-ഭൗതിക വികസനം നിലനില്‍ക്കെത്തന്നെ അതിനെ മറികടന്ന് യാഥാസ്ഥിതികവും വലതുപക്ഷപരവുമായ മൂല്യങ്ങള്‍ക്ക് മേല്‍ക്കൈയുള്ള സമൂഹമായി കേരളം പരിണമിക്കുകയാണ്. വലതുപക്ഷാവബോധത്തിനുള്ള ഈ മേല്‍ക്കൈ രാഷ്ട്രീയമണ്ഡലത്തെ പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്. അവബോധതലത്തില്‍ വലതുപക്ഷമൂല്യങ്ങള്ക്ക് ലഭിച്ച മേല്‍ക്കൈ രാഷ്ട്രീയശക്തിയായി പരിഭാഷപ്പെടുന്നതിനു കൂടിയാണ് സമീപവര്‍ഷങ്ങളില്‍ നാം സാക്ഷ്യംവഹിച്ചത്. സംസ്കാരത്തെയും അതിനിര്ണ്ണയനത്തെയും കുറിച്ചുള്ള മേല്പറഞ്ഞ സൂചനകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ആശയപരമായ സ്വാധീനം മാത്രമല്ല എന്നര്‍ത്ഥം. സംസ്കാരത്തിന്റെ സമരമുഖം നമുക്കു മുന്നിലെ ആസന്നയാഥാര്ത്ഥ്യമായി പരിണമിച്ചിരിക്കുന്നു!
കേരളീയജീവിതം സവിശേഷമായ ചില വൈരുദ്ധ്യങ്ങളെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എത്രയും പ്രബലമായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യാവബോധത്തിന്റെ തലത്തില്‍ വലതുപക്ഷവീക്ഷണങ്ങള് മേല്‍ക്കൈ നേടിയിരിക്കുന്നു. നവോത്ഥാനവും അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ രൂപപ്പെട്ട കര്‍ഷകപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും (1930 കളില്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്ലാം ചേര്‍ന്നാണ് കേരളത്തിലെ ഇടതുപക്ഷജീവിതത്തിന് അടിത്തറയൊരുക്കിയത്. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം വിവിധരൂപത്തിലുള്ള ഇടപെടലുകളുടെ ഫലമായി ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിന്റെ സാമൂഹ്യാവബോധത്തില്‍ ഇടതുപക്ഷപരമായ വീക്ഷണങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കമില്ലാത്ത ഇടങ്ങളില്‍പ്പോലും ഇടതുപക്ഷപരമായ ജീവിതമൂല്യങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നു.
എന്നാല്‍ പിന്നിട്ട മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതില്‍ നിര്‍ണ്ണായകമായ മാറ്റമുണ്ടായി. വര്‍ഗ്ഗീയത, ജാതീയത, സവര്‍ണ്ണത, സ്ത്രീവിരുദ്ധത, അന്യമതവിദ്വേഷം, ആചാരഭ്രാന്ത്, അന്ധവിശ്വാസം, ആള്‍ദൈവം, ഉപഭോഗരതി, സാമൂഹികതാനിരാസം, കേവല വികസനവാദം എന്നിങ്ങനെയുള്ള വലതുപക്ഷപരമായ സമീപനങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ കാര്യമായ സ്വാധീനവും സ്വീകാര്യതയും കൈവന്നു. രാഷ്ട്രീയമായി ഇടതുപക്ഷത്തായിരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ജീവിതാവബോധത്തിലും ഇത്തരം മൂല്യങ്ങള്‍ക്ക് ഇപ്പോള്‍ നല്ല സ്വാധീനമുണ്ട്. തുടക്കത്തില്‍ വ്യക്തികളുടെ അവബോധതലത്തില്‍ മാത്രം ഇടംപിടിച്ചിരുന്ന ഈ പ്രവണതകള്‍ ഇപ്പോള്‍ രാഷ്ട്രീയ അടിത്തറയിലേക്കും കടന്നുകയറിക്കഴിഞ്ഞു.
അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യം ഈ പ്രശ്നത്തിലുണ്ട്. സാമൂഹ്യവികാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം മുന്നിട്ടുനില്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസവ്യാപനം, പൊതുജനാരോഗ്യം, പൊതുവിതരണം, ഗതാഗതസൗകര്യം, പശ്ചാത്തല സൗകര്യവികസനം എന്നിങ്ങനെ ഏതു മേഖലയെടുത്തു പരിശോധിച്ചാലും ഇന്ത്യയില്‍ ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളമിപ്പോഴുള്ളത്. വേതനനിരക്കിന്റെയും തൊഴിലാളികളുടെ അവകാശാധികാരങ്ങളുടെയും പൊതുവായ മനുഷ്യാന്തസ്സിന്റെയും കാര്യത്തില്‍ കേരളം ഉയര്‍ന്ന സ്ഥാനത്താണ്. പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും അവ നല്കുന്ന സേവനങ്ങളും മികവുറ്റവയാണ്. ശിശുമരണനിരക്കും (ഐ.എം.ആര്.) മാതൃമരണനിരക്കും (എം.എം.ആര്.) അടക്കമുള്ള നിരവധി സൂചികകള്‍ ലോകനിലവാരത്തില്‍ത്തന്നെ ഏറ്റവും മെച്ചപ്പെട്ടതാണ്. ദരിദ്രരുടെ എണ്ണം ജനസംഖ്യയുടെ അരശതമാനമായി ചുരുങ്ങി. (കേരളപ്പിറവിയുടെ സന്ദര്‍ഭത്തില്‍ ഇത് അറുപതു ശതമാനത്തിലധികമായിരുന്നു!) ഇവയെല്ലാം സാദ്ധ്യമാക്കുന്നതില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും ഇടതുപക്ഷ സര്‍ക്കാരുകളും വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. കേരളപ്പിറവിക്കു ശേഷമുള്ള ഏഴു പതിറ്റാണ്ടില്‍ കേരളീയ സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിതുറന്ന ഭൂപരിഷ്ക്കരണം, ക്ഷേമപെന്‍ഷനുകള്‍, സമ്പൂര്‍ണ്ണസാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ, കിഫ്ബി, ലൈഫ് മിഷന്, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഹരിതകേരളം, വയനാട് പുനരധിവാസം എന്നിങ്ങനെയുള്ള നിരവധി പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും ഇടതുപക്ഷസര്‍ക്കാരുകളുടെ മുന്‍കൈയിലാണ് നടന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും ദേശീയപാത വികസനവും പെരുമ്പളം പാലവും ചെല്ലാനം കടല്‍ഭിത്തിയും വരെയായി ഇതിന് പലതരം തുടര്‍ച്ചകളുമുണ്ട്. കേരളീയസമൂഹത്തിനെന്നപോലെ, ഇടതുപക്ഷത്തിനും അഭിമാനാവഹമായ ഒന്നാണ് ഈ ഭൗതിക-സാമൂഹിക വികാസം.
ഇത്രമേല്‍ വിപുലമായ സാമൂഹികവളര്‍ച്ചയും അതിന്റെ ഗുണഭോക്താക്കളായ പൊതുസമൂഹവും നിലനില്ക്കുമ്പോള് മതനിരപേക്ഷവും പുരോഗമനപരവുമായ ജീവിതവീക്ഷണത്തിന് സാമൂഹ്യജീവിതത്തില്‍ മേല്‍ക്കൈ ലഭിക്കേണ്ടതാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതിവിശേഷം വ്യത്യസ്തമാണ്. ഭൗതികവികാസവും അടിസ്ഥാനതലത്തിലെ ജീവിതപുരോഗതിയും സാമൂഹികാവബോധത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നുമാത്രമല്ല, വിപരീതദശയിലുള്ള പരിണാമം പ്രകടമാണുതാനും. പല വികസിത മുതലാളിത്തരാജ്യങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊതുജീവിതത്തിന്റെ വലതുപക്ഷവത്കരണം കേരളീയസമൂഹത്തിലും ഉണ്ടാകുന്നുണ്ട്. മറ്റു പ്രദേശങ്ങളിലെ അതേ അളവില്‍ കേരളത്തില്‍ ഈ പരിവര്‍ത്തനത്തിന് അതിതീവ്രമായ രാഷ്ട്രീയമാനം കൈവന്നിട്ടില്ല. എന്നാല്‍ അത്തരമൊരു പരിവര്‍ത്തനസാധ്യത അടഞ്ഞ ഒരധ്യായമല്ല എന്നതാണ് വാസ്തവം.
കേരളീയജീവിതത്തിന്റെ വലതുപക്ഷവത്ക്കരണം പൊടുന്നനെ സംഭവിച്ച ഒന്നല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസിച്ചുവന്ന നിരവധി പ്രവണതകളുടെ ആകെത്തുകയാണത്. മതവര്‍ഗ്ഗീയത, ജാതീയത, സവര്‍ണ്ണത, സ്ത്രീവിരുദ്ധത, അരാഷ്ട്രീയത, ആചാരപരത, വ്യക്തിവാദം, സ്വത്വരാഷ്ട്രീയം, ബൗദ്ധികവിരോധം, താര്‍ക്കികത, കേവലയുക്തിവാദം, ഉപഭോഗ-ആഡംബരഭ്രാന്ത് തുടങ്ങിയ നിരവധി ഘടകങ്ങളുടെ ആകെത്തുകയെന്ന നിലയിലാണ് വലതുപക്ഷാവബോധം പൊതുജീവിതത്തില്‍ വേരുപിടിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നത്. ഇതിലെ ചില ഘടകങ്ങള്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമെന്ന തോന്നലുളവാക്കാത്തവയാണ്. അതേസമയം വലതുപക്ഷപരമായ അവബോധരൂപീകരണത്തിന് അവ വലിയ സംഭാവന നല്‍കുന്നുമുണ്ട്. സാമൂഹ്യാവബോധ രൂപീകരണത്തിന്റെ മണ്ഡലം സുപ്രധാനമായ സമരമുഖമായി പരിണമിച്ചിരിക്കുന്നു എന്നാണിതിനര്‍ത്ഥം. കേരളീയ സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനത്തിന് ഇപ്പോള്‍ ക്ഷീണം സംഭവിച്ചിട്ടുണ്ട്. അതിനു പിന്നിലെ ഘടകങ്ങളെ പ്രത്യേകമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്.
താരതമ്യേന വിപുലമായ മധ്യവര്‍ഗ്ഗമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കേരളീയ ജനസംഖ്യയിലെ പകുതിയിലധികം അവരാണ്. ഈ മധ്യവര്‍ഗ്ഗവും പത്തുശതമാനത്തോളം വരുന്ന സമ്പന്നവിഭാഗവുമാണ് കേരളത്തിന്റെ പൊതുബോധനിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ പ്രാഥമിക ജീവിതഭദ്രതയ്ക്കുതകുന്ന ഭൗതിക-പശ്ചാത്തല വികസനം കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് കേരളം കൈവരിച്ചിട്ടുണ്ട്. ഇടതുപക്ഷപ്രസ്ഥാനങ്ങളും വിവിധ കാലയളവുകളിലെ ഇടതുപക്ഷ സര്‍ക്കാരുകളും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. ആയുര്‍ദൈര്‍ഘ്യം, ആരോഗ്യപരിപാലനം, പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുഗതാഗതം, വാര്‍ത്താവിനിമയം, ശുദ്ധജല ലഭ്യത, മാധ്യമസാന്ദ്രത എന്നിങ്ങനെയുള്ള ജീവിതസൂചികകളില് മിക്കതിന്റെയും ഗുണഭോക്താക്കളില്‍ വലിയൊരു പങ്ക് മേല്പറഞ്ഞ മധ്യവര്‍ഗ്ഗമാണ്. ആഗോളീകരണവും നിയോ-ലിബറല്‍ മൂലധനവികാസവും സൃഷ്ടിച്ച സാമ്പത്തികമാറ്റങ്ങളും അതിന്റെ ലോകാവബോധവും ഏറ്റവുമധികം ഉള്‍ക്കൊണ്ടിരിക്കുന്നതും അവരാണ്. സമീപകാലത്തുണ്ടായ സാങ്കേതികവിദ്യാവികാസത്തിന്റെ ഫലങ്ങളും അതുളവാക്കുന്ന ലോകാവബോധപരമായ പരിവര്‍ത്തനവും ഈ വിഭാഗത്തിലാണ് ഏറ്റവുമധികം പ്രാബല്യം കൈവരിച്ചിട്ടുള്ളത്.
ഇവിടെ സവിശേഷമായി പരിഗണിക്കേണ്ട ഒരു വസ്തുതയുണ്ട്. മധ്യവര്‍ഗ്ഗം എന്ന് സാമാന്യമായി വിശേഷിപ്പിക്കാമെങ്കിലും ഈ വിഭാഗം ആന്തരികമായി പല തട്ടുകളായി തിരിഞ്ഞതും പലതരം ജീവിതതാത്പര്യങ്ങള് വച്ചുപുലര്‍ത്തുന്നവരുമാണ്. (മധ്യവര്‍ഗ്ഗത്തിലെ പത്തു ശതമാനത്തോളം ഉപരിമധ്യവര്ഗ്ഗത്തിലും നാല്പതു ശതമാനം കീഴ്ത്തട്ട് മധ്യവര്‍ഗ്ഗത്തിലും ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.) മധ്യവര്‍ഗ്ഗത്തിന്റെ സാമൂഹികാഭിലാഷങ്ങള്ക്കും അതിനെ നിര്‍ണ്ണയിക്കുന്ന ഭൗതികാടിസ്ഥാനങ്ങള്ക്കും വലിയ വ്യത്യാസങ്ങളുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ത്തന്നെ മധ്യവര്‍ഗ്ഗം എന്ന നിലയില്‍ അവരെ പൊതുവായി ചേര്‍ത്തുനിര്‍ത്തുന്ന ചില ഘടകങ്ങളുമുണ്ട്. പ്രാഥമികജീവിതാവശ്യങ്ങള് ഏറെക്കുറെ നിറവേറ്റപ്പെട്ടു കഴിഞ്ഞു എന്നതും, സാമൂഹ്യാവബോധ രൂപീകരണത്തില്‍ ആശയമണ്ഡലത്തിന് കേന്ദ്രസ്ഥാനം കൈവന്നിരിക്കുന്നു എന്നതും അവയില്‍ പ്രധാനമാണ്. സാമൂഹ്യശരീരത്തില്‍ അതിവേഗത്തിലും അതിതീവ്രമായും വലതുപക്ഷവത്കരണം അരങ്ങേറുന്നത് ഈ മധ്യവര്‍ഗ്ഗത്തെ മുന്‍നിര്‍ത്തിയാണ്. ഈ മധ്യവര്ഗ്ഗത്തിനുള്ളിലെ ഇടതുപക്ഷസ്വാധീനം പടിപടിയായി ദുര്‍ബ്ബലമാവുകയാണ്. സര്‍വ്വീസ് സംഘടനാംഗത്വവും പ്രാദേശികമായ സഹകരണ-ഭരണ ബന്ധങ്ങളും മറ്റും കൊണ്ട് ഇവരിലൊരുവിഭാഗം ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ഔപചാരികബന്ധം പുലര്‍ത്തുന്നുണ്ട്. പക്ഷേ അവരില്‍ പലരുടെയും സാമൂഹ്യാവബോധം വലിയൊരളവോളം വലതുപക്ഷവത്കരിക്കപ്പെട്ടു കഴിഞ്ഞതാണ്.
കേരളീയസമൂഹത്തിന്റെ വര്ഗ്ഗഘടനയിലുണ്ടായ മാറ്റങ്ങളെയും അത് പ്രത്യയശാസ്ത്ര-സാംസ്കാരിക മണ്ഡലങ്ങളുടെ പ്രാധാന്യത്തില്‍ വരുത്തിയ അനുപാതഭേദങ്ങളെയും തിരിച്ചറിയാതെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ല. സംസ്കാരം വര്‍ഗ്ഗസമരത്തിന്റെ കേന്ദ്ര മേഖലകളിലൊന്നായി മാറിയതിനെക്കുറിച്ച് ഗ്രാംഷിയും, വര്ഗ്ഗാനുഭവം (class experience) വര്ഗ്ഗാവബോധമായി (class consciousness) പരിണമിക്കുന്നതില്‍ സംസ്കാരത്തിനുള്ള പങ്കിനെക്കുറിച്ച് ഇ.പി. തോംസണും മറ്റും നല്കിയ തിരിച്ചറിവുകള്‍ക്ക് കേരളത്തില്‍ നിര്ണ്ണായകസ്ഥാനമോ പ്രായോഗികരൂപമോ കൈവന്നിട്ടില്ല. 'സാംസ്കാരികമായി ഇടപെടുക' എന്നതിനപ്പുറം 'സംസ്കാരത്തില്‍ ഇടപെടുക'യാണ് വേണ്ടതെന്ന പ്രൊഫസര്‍ കെ.എന്‍. പണിക്കരെപ്പോലുള്ള സാമൂഹ്യചിന്തകരുടെ നിര്‍ദ്ദേശത്തിന് അവിടെ കാര്യമായ ഇടം ലഭിച്ചിട്ടില്ല. പൊതുസമൂഹത്തിന്റെ വലതുപക്ഷവത്ക്കരണത്തെ ചെറുക്കാനായി ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്ന പ്രവര്ത്തനങ്ങളിലേറിയപങ്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയാണ് അരങ്ങേറുന്നത്. മധ്യവര്‍ഗ്ഗത്തിന്റെ അവബോധരൂപീകരണത്തെ സ്പര്‍ശിക്കാനാവാത്ത പരമ്പരാഗതമായ 'സാംസ്കാരിക പ്രവര്‍ത്തനം' തന്നെയാണത്. 'സംസ്കാരത്തില്‍ ഇടപെടാന്‍' പര്യാപ്തമല്ല എന്നതുപോലെ പല പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവര്‍ത്തനമാതൃകകളുടെ ആവര്‍ത്തനവുമാണ് അവയിലേറിയപങ്കും. പുതിയ തലമുറയുടെ അഭിരുചികളോട് സംവദിക്കാന്‍ അതിനു കഴിയുന്നില്ല. വലതുപക്ഷാധിനിവേശം ഒരു വഴിയിലും അതിനെതിരായ ഇടതുപക്ഷപ്രതിരോധം മറ്റൊരു വഴിയിലും എന്ന നിലയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. രണ്ടും തമ്മില്‍ ഒരിടത്തും കണ്ടുമുട്ടുന്നില്ല!
കേരളത്തിന്റെ ഭാവിവികാസത്തെക്കുറിച്ചുള്ള ആശയരൂപീകരണത്തില്‍ സുപ്രധാനമായി പരിഗണിക്കപ്പെടേണ്ട ഒരു പ്രമേയത്തിലേക്ക് ഇത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പശ്ചാത്തല-ഭൗതികവികാസവും സാമൂഹ്യാവബോധ വികാസവും തമ്മിലുള്ള ബന്ധത്തെ പുനഃസ്ഥാപിക്കുന്ന വികസനപരിപ്രേക്ഷ്യം അനിവാര്യമായിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ജീവിതാഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ അവരുടെ സാമൂഹ്യാവബോധ രൂപീകരണത്തിലും ഇടപെടാന്‍ കഴിവുള്ള ഒരു വികസനസമീക്ഷ ഉണ്ടാവുക എന്നതും, അതിന് പ്രായോഗികരൂപം കൈവരുക എന്നതും ഒരുപോലെ പ്രധാനമാണ്. സാമൂഹ്യാവബോധ നിര്‍മ്മിതിയെ അനുബന്ധപ്രവര്ത്തനമായും അപ്രധാനമായും പരിഗണിക്കുന്ന വികസനസമീപനം കേരളത്തിന്റെ വലതുപക്ഷവത്ക്കരണത്തെ പ്രതിരോധിക്കാന്‍ ഒട്ടും ഉപയുക്തമാവില്ല.
മതജീവിതത്തിന്റെ പ്രകൃതത്തിലുണ്ടായ മാറ്റങ്ങളാണ് കേരളീയ സമൂഹത്തിന്റെ വലതുപക്ഷവത്ക്കരണത്തിന് ഗതിവേഗം നല്കിയ സുപ്രധാന ഘടകം. കേരളത്തിലുണ്ടായിരുന്ന ചരിത്രപരവും പരസ്പരാശ്രിതവുമായ (symbiotic) മതജീവിതത്തെ മതസാഹോദര്യം എന്ന ആധുനികമൂല്യമായി വികസിപ്പിച്ചുകൊണ്ടാണ് ആധുനികകേരളം നിലവില്‍ വന്നത്. ജനസംഖ്യാവിതരണത്തിലെ സവിശേഷതയെ അവബോധപരമായി വികസിപ്പിക്കാനും, മതപരമായ പാരസ്പര്യത്തിലധിഷ്ഠിതമായ പൊതുജീവിതമായി അതിനെ വളര്‍ത്താനും ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ പാരസ്പര്യം പടിപടിയായി നഷ്ടപ്പെടുന്നതാണ് ഇപ്പോള്‍ കാണാനാവുന്നത്. മതപരമായ അപരവത്കരണം ഏറിയേറി വരുന്നു. മതവര്‍ഗ്ഗീയതയുടെയും മതസ്വത്വവാദത്തിന്റെയും ജാതിബോധത്തിന്റെയും വ്യാപനമാണ് ഇതിന്റെ ആധാരഹേതു. സവര്‍ണ്ണവും ബ്രാഹ്മണികവുമായ മൂല്യബോധം കേരളീയജീവിതത്തില്‍ പ്രബലമാണ്. സവര്‍ണ്ണതയ്ക്കും ബ്രാഹ്മണമൂല്യവ്യവസ്ഥയ്ക്കും എതിരായ സമരം കേരളത്തിന്റെ ജനാധിപത്യപരവും മതനിരപേക്ഷവുമായ നിലനില്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ള ഒന്നാണ്. കേരളീയജീവിതത്തിന്റെ സൂക്ഷ്മതലത്തില്‍ വേരുപിടിച്ചു വളരുന്ന ഹൈന്ദവവര്‍ഗ്ഗീയതയുടെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം ബ്രാഹ്മണ്യവും സവര്ണ്ണതയുമാണ്. ജാതി-ജന്മി-നാടുവാഴി മേധാവിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യവ്യവസ്ഥയ്ക്കെതിരായ സമരം ഈ മൂല്യവ്യവസ്ഥയ്ക്കെതിരായ സമരം കൂടിയായിരുന്നു. ഈ മൂല്യവ്യവസ്ഥയെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ടാണ് ആധുനികകേരളം ഉയര്‍ന്നുവന്നതും. എന്നാല്‍, ജന്മിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും പര്യവസാനം ബ്രാഹ്മണ്യത്തിന്റെ പര്യവസാനമായിരുന്നില്ല. ആന്തരികമായി സ്വാംശീകരിക്കപ്പെട്ട മൂല്യവ്യവസ്ഥയായി അത് പല നിലകളില്‍ തുടരുന്നുണ്ട്. നിയോലിബറല്‍ മൂലധനബന്ധങ്ങളുടെ വ്യാപനവും അതു ജന്മംനല്കിയ സാമൂഹികതാനിരാസവും പഴയ ബ്രാഹ്മണികമൂല്യങ്ങളെ രാഷ്ട്രീയബ്രാഹ്മണ്യം എന്ന നിലയില്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മതജീവിതത്തെ വിദ്വേഷപൂര്‍ണ്ണവും വിഭാഗീയവുമാക്കുന്നതില് അതിനു വലിയ പങ്കുണ്ട്. കേരളീയ പൊതുജീവിതത്തിന്റെ അടിത്തട്ടില്‍ വേരുപിടിച്ചു വളരുന്ന മുസ്ലീം വിരോധത്തിന്റെ സ്രോതസ്സുകളിലൊന്നും അതാണ്. ഇതിനെ ചെറുക്കാനും കേരളീയമതജീവിതത്തിന്റെ ചരിത്രപരമായ പാരസ്പര്യത്തെ ഉറപ്പിച്ചെടുക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കേണ്ടതുണ്ട്.
അപരവിദ്വേഷപരമായ മതജീവിതത്തിന്റെ പ്രത്യക്ഷരൂപങ്ങളിലൊന്ന് പടരുന്ന ആചാരഭ്രാന്താണ്. മതത്തെ നൈതികമൂല്യമായോ ആഴമേറിയ ആത്മീയതയായോ നിലനില്ക്കാന് അനുവദിക്കാത്ത ഒന്നാണത്. ഏതു മതത്തിന്റെയും അടിസ്ഥാനഘടകങ്ങളായ ദൈവശാസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍, പൗരോഹിത്യം, സ്ഥാപനസംവിധാനങ്ങള്‍, നൈതികമൂല്യങ്ങള്‍ എന്നിവയില്‍ ആചാരലോകത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതാണ് കേരളത്തിലെ സമകാലിക മതജീവിതം. ആചാരകേന്ദ്രിതമായ മതജീവിതം ഓരോ മതത്തെയും ഇതര മതങ്ങളില്‍ നിന്ന് ഒഴിച്ചുനിര്ത്തുന്നതും സാമൂഹികവിഭജനശേഷിയെ സ്വയമേവ ഉള്‍ക്കൊള്ളുന്നതുമാണ്. ഈ ആചാരപരതയെ കൂടുതല്‍ ഇടുങ്ങിയതും വിഭാജകവുമാക്കി മാറ്റുന്നതിന് ജാതീയത തുണയാവുകയും ചെയ്യുന്നു. മതത്തെക്കുറിച്ചുള്ള താര്‍ക്കികമോ യുക്തിവാദപരമോ ആയ സമീപനം ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ ഒരു നിലയ്ക്കും പര്യാപ്തമല്ല. അതിനുപകരം ആചാരപരതയില്‍ നിന്നും നൈതികാനുഭൂതിയിലേക്ക് മതാവബോധത്തെ വഴിതിരിച്ചുവിടാന്‍ കഴിയുന്ന ഒരു സംവാദമണ്ഡലം മതത്തിനുള്ളിലും പൊതുസമൂഹത്തിലും വികസിപ്പിക്കുകയാണ് വേണ്ടത്. മതത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മകസമീക്ഷയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമേ ഇക്കാര്യത്തില്‍ ശരിയായി ഇടപെടാന്‍ കഴിയൂ.
കേരളത്തിലെ വലതുപക്ഷാവബോധത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്, മറ്റെന്തിലുമുപരി, ഗാര്ഹികമണ്ഡലമാണ്. സങ്കുചിത മതാത്മകതയുടെയും ജാതീയതയുടെയും ആചാരപരതയുടെയും പ്രധാന പ്രവൃത്തിമണ്ഡലവും അതാണ്. അധിനിവേശത്താല്‍ കളങ്കപ്പെടാത്ത സ്വകാര്യലോകമായി ഗാര്ഹികമണ്ഡലത്തെ നിലനിര്‍ത്തുകയെന്നത് ദേശീയപ്രസ്ഥാനത്തിന്റെ തന്ത്രങ്ങളിലൊന്നായിരുന്നുവെന്ന കാര്യം പാര്ഥാചാറ്റര്ജിയെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞര്‍ വളരെ മുന്‍പേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രാനുഭവം ആദ്യഘട്ടത്തിലെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഗാര്ഹികമണ്ഡലത്തിന്റെ സാമൂഹികവത്കരണവും രാഷ്ട്രീയവത്കരണവും കേരളത്തിന്റെ ആധുനികീകരണത്തിലുള്ച്ചേര്ന്നിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ കാതലായി നിലകൊണ്ട ഒരു ഘടകം കുടുംബവ്യവസ്ഥയുടെ അഴിച്ചുപണിയലാണല്ലോ. എന്നാല്‍ ആ പരിവര്‍ത്തനപ്രക്രിയ ഏറെ നീണ്ടുനിന്നില്ല. ബൂര്‍ഷ്വാ കുടുംബവ്യവസ്ഥ നിലവില്‍ വന്നതിനു ശേഷം അതിനെ ജനാധിപത്യവത്ക്കരിക്കാനോ രാഷ്ട്രീയവത്ക്കരിക്കാനോ ഉള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. അതോടെ കുടുംബം ഒട്ടൊക്കെ അരാഷ്ട്രീയമായ സ്വകാര്യമേഖലയായി ചുരുങ്ങി. ആധുനികീകരണം പുറത്താക്കാന്‍ ശ്രമിച്ച എല്ലാ യാഥാസ്ഥിതികമൂല്യങ്ങളുടെയും പാര്‍പ്പിടമായി ഗാര്‍ഹികമണ്ഡലം മാറിത്തീരുകയും ചെയ്തു. അങ്ങേയറ്റം മതാത്മകവും ജാതീയവും ആചാരപരവും പുരുഷാധിപത്യപരവും കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ക്ക് ഇടമില്ലാത്തതുമായ സ്ഥാപനമായി അതിപ്പോള്‍ പരിണമിച്ചിട്ടുണ്ട്. പൊതുജീവിതത്തിലെ പുരോഗമനപരമായ കുതിപ്പുകളെയെല്ലാം പിറകോട്ടാക്കാന്‍ കെല്പുള്ള ഗാര്‍ഹികതയുടെ പ്രത്യയശാസ്ത്രമാണ് സമകാലിക കേരളീയജീവിതത്തില്‍ ഏറ്റവും പ്രബലമായിരിക്കുന്ന വലതുപക്ഷശക്തി. പൊതുജീവിതത്തിന്റെ ബാഹ്യതലത്തിലരങ്ങേറിയ ആധുനികീകരണത്തെ - ഭൗതികവും സാമ്പത്തികവും സാങ്കേതികവുമായ തലങ്ങളിലെ ആധുനികീകരണത്തെ - അട്ടിമറിക്കാന്‍ പോന്ന ആന്തരികലോകമാണ് ഗാര്‍ഹികതയുടേത്. ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ ഏറെയൊന്നും കടന്നുചെല്ലാത്തതും കുടുംബക്കൂട്ടായ്മകള്‍ മുതല്‍ 'വാട്സ് ആപ് യൂണിവേഴ്സിറ്റി' വരെയുള്ള സംവിധാനങ്ങളിലൂടെ ആശയരൂപീകരണം നടക്കുന്നതുമായ ഇടമാണത്. ഈ ഗാര്ഹികമണ്ഡലത്തെ ജനാധിപത്യവത്ക്കരിക്കുക എന്ന വിപുലവും പ്രയാസകരവുമായ രാഷ്ട്രീയദൗത്യം ഏറ്റെടുത്തുകൊണ്ടല്ലാതെ കേരളത്തിന്റെ വലതുപക്ഷവത്കരണത്തെ പ്രതിരോധിക്കാനാവില്ല. എന്നാല്‍ ഗാര്‍ഹികതയെ രാഷ്ട്രീയമുക്തമായ 'സ്വകാര്യലോക'മായി കാണാനാണ് നാം പൊതുവെ മുതിര്‍ന്നിട്ടുള്ളത്. അരാഷ്ട്രീയം എന്ന പരിവേഷത്തിനുള്ളില്‍ തിടംവച്ചു വളരുന്ന വലതുപക്ഷ ബോധമാണത്!
മേല്പറഞ്ഞ ഗാര്ഹികമണ്ഡലത്തെ കേന്ദ്രീകരിച്ചാണ് വ്യക്തിവാദവും ഉപഭോഗപരതയും കേരളീയജീവിതത്തില്‍ പിടിമുറുക്കിയത്. ഈ ഗാര്ഹികമണ്ഡലത്തില് മനുഷ്യര്‍ അടിസ്ഥാനപരമായി സ്വകാര്യവ്യക്തികളായാണ് മനസ്സിലാക്കപ്പെടുന്നത്. സമൂഹനിരപേക്ഷമോ, സമൂഹവിരുദ്ധംപോലുമോ ആയ ഈ വ്യക്തിസങ്കല്പം വ്യക്തികളെ അവര്‍ കൈയാളുന്ന സാധന-സാമഗ്രികളെ മുന്‍നിര്‍ത്തിയാണ് വിലയിരുത്തുന്നതും അവരുടെ പദവിമൂല്യം നിശ്ചയിക്കുന്നതും. കേരളത്തിലെ ഭീമാകാരമായ മധ്യവര്‍ഗ്ഗം ഉപഭോഗഭ്രാന്തിലേക്കും ആഡംബരഭ്രാന്തിലേക്കും എത്തിപ്പെടുന്ന വഴികളിലൊന്നും ഇതാണ്. വിവാഹവും ഗൃഹനിര്‍മ്മാണവും ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഇന്ന് ആവശ്യകതയുടെ എല്ലാ അതിരുകളും ഭേദിച്ച് പണക്കൊഴുപ്പിന്റെയും ദുരഭിമാനത്തിന്റെയും പ്രദര്‍ശനശാലകളായി മാറിക്കഴിഞ്ഞു. മധ്യവര്‍ഗ്ഗത്തിന്റെ അഭിമാനചിഹ്നങ്ങളാണ് അവയിപ്പോള്‍. ഇതിനോടുള്ള കാര്യമായ വിമര്‍ശനങ്ങളൊന്നും പൊതുമണ്ഡലത്തിലില്ല.
മാധ്യമമേഖലയുടെ ഒട്ടൊക്കെ സമ്പൂര്‍ണ്ണമായ വലതുപക്ഷവത്ക്കരണമാണ് മറ്റൊരു ഗുരുതരപ്രശ്നം. രണ്ടു നിലകളിലാണ് ഇതരങ്ങേറുന്നത്. ഒരുഭാഗത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ ആസൂത്രിതപ്രചരണങ്ങള്. മറുഭാഗത്ത് വലതുപക്ഷപരമായ ജീവിതമൂല്യങ്ങളുടെ സാധൂകരണവും ദൃഢീകരണവും. ഇതിലാദ്യത്തേത് പ്രത്യക്ഷസ്വഭാവമുള്ളതാണ്. ഒരുവിഭാഗം മാധ്യമങ്ങള്‍ ദീര്‍ഘകാലമായി പിന്തുടരുന്ന സമീപനവും അതാണ്. രണ്ടാമത്തേത് കുറേക്കൂടി പരോക്ഷപ്രകൃതമുള്ളതാണ്. രാജസ്തുതിയും മധ്യകാല മതമൂല്യങ്ങളും മുതല്‍ അന്ധവിശ്വാസപ്രചരണം വരെ എന്തും ഏറ്റെടുത്തുകൊണ്ടാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ തങ്ങളുടെ വലതുപക്ഷദൗത്യം നിര്‍വ്വഹിച്ചുപോരുന്നത്. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളീയസമൂഹം നേടിയെടുത്ത ആധുനിക- ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇതു വളര്‍ന്നിരിക്കുന്നു.
ഇതിനപ്പുറം, ആഴമേറിയ മൂന്നാമതൊരു തലത്തിലും വലതുപക്ഷരാഷ്ട്രീയം മാധ്യമമണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രതലത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയമാണത്. മാധ്യമമണ്ഡലത്തെയപ്പാടെ വിവാദം, വിനോദം, വിവരം എന്നിവയില്‍ തളച്ചിടുന്നതാണ് ഇതിന്റെ സൂക്ഷ്മതലതന്ത്രം. വിവാദങ്ങളിലും കേവലവിവരങ്ങളിലും കൗതുകങ്ങളിലും മാത്രം അഭിരമിക്കുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിന് നമ്മുടെ മാധ്യമമണ്ഡലം ജന്മംനല്കിയിട്ടുണ്ട്. വിവാദത്തെ സാമൂഹ്യവിശകലനമായും കേവലവിവരത്തെ വിജ്ഞാനമായും തര്‍ക്കത്തെ ആശയസംവാദമായും തെറ്റിദ്ധരിക്കുന്നതാണ് ഈ ആള്‍ക്കൂട്ടം. കേരളീയ മധ്യവര്‍ഗ്ഗം വലിയൊരളവോളം ഇത്തരമൊരു ആള്‍ക്കൂട്ടമാണ്. കേരളത്തിലെ വലതുപക്ഷാവബോധത്തിന്റെ അടിസ്ഥാനബലങ്ങളിലൊന്നും അതാണ്.
സാമൂഹ്യമാധ്യമമേഖലയിലെ കാര്യങ്ങള്‍ ഇതില്‍നിന്ന് കുറച്ചൊക്കെ വ്യത്യസ്തമാണ്. ഈ മേഖലയിലെ ഇടപെടലിന് രണ്ടു തലങ്ങളുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന കള്ളങ്ങളെയും വ്യാജവ്യാഖാനങ്ങളെയും വലിയൊരളവോളം പ്രതിരോധിക്കുന്നത് സാമൂഹ്യമേഖലയിലെ ഇടതുപക്ഷ ഇടപെടലുകളാണ്. വലതുപക്ഷ/വര്‍ഗ്ഗീയ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതുമായ വസ്തുതകള്‍ പൊതുസമൂഹത്തിലെത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലെ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് കുറയൊക്കെ കഴിയുന്നുണ്ട്. എന്നാല്‍ ഇതിനൊരു മറുപുറവുമുണ്ട്. അച്ചടിമാധ്യമങ്ങളെ സംബന്ധിച്ച് ഇടതുപക്ഷത്തിന് ഒരു നയവും സമീപനവുമുണ്ട്. സാമൂഹ്യമാധ്യമ മേഖല ഇതില്‍ നിന്നും വ്യത്യസ്തമാണ്. താന്താങ്ങളുടെ വാദഗതികളെ അന്തിമമായ 'ഇടതുപക്ഷ' നിലപാടായി പ്രഖ്യാപിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമ മേഖലയിലെ പലരും യുദ്ധമുഖം തുറന്നിട്ടുള്ളത്. തങ്ങളുടെ വീക്ഷണഗതിയോട് നേര്‍ത്ത അഭിപ്രായവ്യത്യാസമുള്ളവരോട് രാഷ്ട്രീയ ശത്രുക്കളോടുള്ളതിനേക്കാള്‍ കവിഞ്ഞ പകയോടെ പലപ്പോഴും ഇവര്‍ പടവെട്ടുന്നതു കാണാം. നിരവധി പേരെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയശത്രുക്കളാക്കാന് ഈ യുദ്ധങ്ങള്‍ കാരണമായിട്ടുമുണ്ട്. തീവ്ര വലതുപക്ഷത്തിന്റെ അതേ വഴികളിലാണ് ഈ യുദ്ധം പലപ്പോഴും അരങ്ങേറുന്നത്. ഇത്തരം യുദ്ധങ്ങളിലുണ്ടാകുന്ന ഏതു വിജയവും അന്തിമമായി വലതുപക്ഷത്തിനുള്ളതാണ്! അതുണ്ടാക്കുന്ന വിനാശകരമായ ഫലങ്ങള്‍ ഇടതുപക്ഷത്തിനും!! നവമാധ്യമങ്ങള്‍ക്ക് സാമൂഹ്യാവബോധ രൂപീകരണത്തില്‍ നിര്‍ണ്ണായകസ്വാധീനം കൈവന്നുകഴിഞ്ഞ ഇക്കാലത്ത് അച്ചടി മാധ്യമത്തിനു തുല്യമോ, അതിനേക്കാള്‍ കൂടിയതോ ആയ പ്രാധാന്യം അതിനുണ്ട്. രാഷ്ട്രീയവ്യക്തതയും കാര്യവിവേകവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമുള്ള ഒരു പ്രൊഫഷണല്‍ ടീം ഇടതുപക്ഷത്തിനുണ്ടാകണം. അച്ചടി മാധ്യമരംഗത്തെന്നപോലെ അത് ആസൂത്രിതവും സംഘടിതവുമായിരിക്കുകയും വേണം.
കേരളത്തിന്റെ പൊതുജീവിതത്തില്‍ വലിയതോതില്‍ വേരുപിടിച്ച ബൗദ്ധികവിരോധം (Anti Intellectualism) ഈ പ്രകരണത്തില്‍ ഗൗരവപൂര്‍ണ്ണമായ പരിഗണന ആവശ്യപ്പെടുന്ന ഒന്നാണ്. ബൗദ്ധികവിരോധമെന്നത് അടിസ്ഥാനപരമായി ഒരു വലതുപക്ഷ-ഫാസിസ്റ്റ് നിലപാടാണ്. യാഥാര്‍ത്ഥ്യത്തിന്റെ പ്രത്യക്ഷപ്രതലത്തെ മാത്രം പരിഗണിക്കുക, സാമാന്യയുക്തികൊണ്ട് നിര്‍ദ്ധാരണം ചെയ്തെടുക്കാവുന്നതാണ് ഏതു പ്രശ്നവും എന്നു വിശ്വസിക്കുക, അവസാനമില്ലാത്ത തര്‍ക്കങ്ങളില്‍ അഭിരമിക്കുക, വ്യക്തിപരമോ സ്വകാര്യമോ ആയ അനുഭവങ്ങള്‍ക്ക് സത്യപദവി കല്പിക്കുന്ന അനുഭവപ്രമാണവാദത്തെ വിശകലനോപാധിയായി പ്രതിഷ്ഠിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ആവിഷ്കാരരീതികളാണ്. ഇവയൊന്നും തീര്‍ത്തും പുതിയ കാര്യങ്ങളല്ല. എല്ലാക്കാലത്തും സമൂഹത്തില്‍ ഈ പ്രവണതകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴതിന് വലിയ പ്രാമുഖ്യം കൈവന്നിട്ടുണ്ട്.
ബൗദ്ധികതയ്ക്കും ഗൗരവമേറിയ സൈദ്ധാന്തികവിചിന്തനങ്ങള്ക്കും എതിരായ വലതുപക്ഷ സമീപനത്തെ പിന്‍പറ്റുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്ന് കേരളത്തിലുണ്ട്. മുകളില്‍ സൂചിപ്പിച്ച മധ്യവര്‍ഗ്ഗമാണ് അതിന്റെ കേന്ദ്രശക്തി. ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകരും അതിലുണ്ട്. ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ ഗൗരവമേറിയ സൈദ്ധാന്തിക വിശകലനങ്ങള്‍ക്കായി പണിപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരെയും അത് സ്പര്‍ശിക്കുന്നില്ല. സാമൂഹികമാധ്യമങ്ങളില്‍ എട്ടോ പത്തോ വരികളില്‍ ഒതുങ്ങുന്ന 'വിശകലന'ങ്ങളാണ് പലരും സൈദ്ധാന്തികവിചിന്തനത്തിനു പകരം വയ്ക്കുന്നത്. (ഭാഷാദേശീയത എന്ന ആശയത്തെ ചരിത്രപരമായി വിശദീകരിക്കാന്‍ മുന്നൂറോളം പുറങ്ങളില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ച ഇ.എം.എസ്സിന്റെയും മറ്റും വഴി പിന്‍പറ്റാന്‍ ഇപ്പോള്‍ ഏറെപ്പേരൊന്നുമില്ല!)
ബൗദ്ധികവിരോധത്തിന്റെ മറ്റൊരു ഫലം താര്ക്കികയുക്തിയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്. കേരളത്തിലെ വലതുപക്ഷത്തിന്റെ രീതിശാസ്ത്രം തന്നെ ഇതാണ്. വൈരുദ്ധ്യാത്മകവിചിന്തനത്തിന്റെയും ചരിത്രബോധത്തിന്റെയും സ്ഥാനത്ത് ശാസ്ത്രവാദം മുതല്‍ യാന്ത്രികയുക്തിവാദം വരെ പ്രതിഷ്ഠിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം. 'ശാസ്ത്രീയത'യുടെ മറപറ്റിയെത്തുന്ന കേവലയുക്തിവാദം വലതുപക്ഷരാഷ്ട്രീയത്തിന്റെ പണിപ്പുരയാണ്. ഫാസിസ്റ്റ് യുക്തികള്‍ക്ക് ന്യായം ചമയ്ക്കുന്ന 'യുക്തിവാദ'വ്യവസായത്തിന് ഇപ്പോള്‍ കേരളത്തിലും ധാരാളം അനുയായികളുണ്ട്. പ്രത്യക്ഷപ്രമാണവാദത്തിന്റെ പിന്തുണയോടെ അവര്‍ നടത്തുന്ന പോര്‍വിളികള്‍ സാമൂഹ്യവിശകലനങ്ങളായി അരങ്ങുവാഴുന്ന വിചിത്രമായ സ്ഥിതി ചുറ്റും കാണാം.
ഇതിനെ ചെറുക്കണമെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചകളെ ദൈനംദിനകാര്യങ്ങളെച്ചൊല്ലിയുള്ള കക്ഷിതല തര്‍ക്കങ്ങള്‍ക്കപ്പുറം വിപുലമായ ബൗദ്ധികസംവാദമായി വികസിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. മലബാര്‍ കലാപവും ഐക്യകേരളപ്രസ്ഥാനവും മുതല്‍ ജനകീയാസൂത്രണം വരെയുള്ള വിഷയങ്ങളെ അവയുടെ അടിയന്തര താത്പര്യങ്ങള്‍ക്കും ഫലങ്ങള്ക്കുമപ്പുറത്തേക്ക്, വിപുലമായ ബൗദ്ധികസംവാദമായി വളര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പുലര്‍ത്തിയ ജാഗ്രത ഇതിനു മാതൃകയാകേണ്ടതാണ്. അത്തരത്തിലുള്ള സൈദ്ധാന്തികമായ വിചിന്തനങ്ങള്‍ ഇപ്പോള്‍ വലിയൊരളവോളം പിന്‍വാങ്ങിക്കഴിഞ്ഞു. ഒച്ചവച്ചും തര്‍ക്കിച്ചും ജയിക്കുന്നതിലെ മിടുക്കിനെ സാമൂഹ്യ-രാഷ്ട്രീയ വിചിന്തനങ്ങള്‍ക്കു പകരംവയ്ക്കുന്ന സമീപനം വലതുപക്ഷത്തിന്റെ വിജയകവാടമാണ്.
ബൗദ്ധികവിരോധം സംഘടനാശരീരത്തില്‍ വേരുപിടിക്കുന്നതിന്റെ ഫലം സംഘടനകളുടെ ആള്ക്കൂട്ടവത്കരണമാണ്. സംഘടനകളിലെ വലിയൊരു വിഭാഗം രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും അടിത്തറയില്ലാത്ത ആള്‍ക്കൂട്ടമായി പരിണമിച്ചിട്ടുണ്ട്. സംഘടനാസംവിധാനങ്ങള്‍ക്ക് പൊതുസമൂഹവുമായുള്ള ജൈവബന്ധം കുറഞ്ഞുവരുന്നു എന്നതാണ് ആള്ക്കൂട്ടവത്ക്കരണത്തിന്റെ പ്രധാന ഫലം. സംഘടനാസംവിധാനത്തിനകത്ത് ഗൗരവമേറിയ രാഷ്ട്രീയ-സൈദ്ധാന്തികാലോചനകളോ, വിമര്‍ശനാത്മക പരിശോധനകളോ നടക്കാത്ത സ്ഥിതിയുമുണ്ട്. നിലവിലുള്ളതിന്റെ ആവര്ത്തനത്തിനപ്പുറത്തേക്ക് അത് നീങ്ങുന്നില്ല.
കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അടിസ്ഥാന സ്രോതസ്സുകളിലൊന്നാണ് സ്വത്വരാഷ്ട്രീയം. കേരളത്തില്‍ പൊതുവിലെന്നപോലെ ഇടതുപക്ഷത്തും ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളുണ്ട്. അടിസ്ഥാനപരമായ വൈരുദ്ധ്യാത്മക സമീപനം ആവശ്യപ്പെടുന്ന ഒരു പ്രമേയമാണത്. സ്വത്വവാദികള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കാറില്ലെങ്കിലും ഹൈന്ദവവര്‍ഗ്ഗീയവാദികളും മതരാഷ്ട്രവാദികളുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളും ഗുണഭോക്താക്കളും. മതപരവും ജാതീയവും വംശപരവും മറ്റുമായ സ്വത്വപദവിയെ മുന്‍നിര്‍ത്തിയുള്ള സംഘാടനമാണ് സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഓരോ സാമൂഹ്യവിഭാഗവും അന്യോന്യം വേറിട്ടുനില്‍ക്കുന്നതായി അതു കരുതുന്നു. മഹാഖ്യാനങ്ങളുടെ മരണം പോലുള്ള ഉത്തരാധുനിക സങ്കല്പങ്ങളിലാണ് സ്വത്വരാഷ്ട്രീയത്തിന്റെ വേരുകള്‍. 'ലോകത്തെ സമഗ്രമായി കാണുന്ന മാര്‍ക്സിസ്റ്റ് രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്നും, ഓരോ വിഭാഗവും സ്വത്വപരമായി സംഘടിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടുകയാണ് വേണ്ടതെന്നു'മുള്ള നിലപാടാണ് സ്വത്വരാഷ്ട്രീയത്തിന്റേതെന്ന് സി.പി.ഐ.(എം) രേഖ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 'ഇടതുപക്ഷസമരങ്ങളിലൂടെ കൂടി ഉയര്‍ന്നുവന്ന അടിസ്ഥാന ജനവിഭാഗങ്ങളെ വലതുപക്ഷരാഷ്ട്രീയവുമായി ഇണക്കിച്ചേര്‍ക്കാനുള്ള ശ്രമം കൂടിയാണ്' കേരളത്തിലെ സ്വത്വരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്നതെന്ന കാര്യവും ആ രേഖ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ വലതുപക്ഷവുമായുള്ള ഈ 'ഇണക്കിച്ചേര്‍ക്കല്‍' മറയില്ലാതെ പ്രകടമാവുകയും ചെയ്തു.
ഇങ്ങനെ പറയുമ്പോള്‍ തന്നെ, സ്വത്വബോധവും അതിനെ പിന്‍പറ്റി ഉയര്‍ന്നു വരുന്ന രാഷ്ട്രീയവും ഏകശിലാത്മകമോ ഒരേ അളവില്‍ നിഷേധാത്മകമോ അല്ലെന്ന കാര്യം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. സ്വത്വബോധത്തിനും അതിനെ മുന്‍നിര്‍ത്തുന്ന സംഘാടനത്തിനും പല രൂപങ്ങളുണ്ട്. അധീശത്വപരമായ മതസ്വത്വവാദത്തിന്റെയും താത്പര്യസംരക്ഷണപരമായ സാമുദായിക സ്വത്വവാദത്തിന്റെയും പ്രതിരോധപരമായ കീഴാള സ്വത്വവാദത്തിന്റെയും വ്യത്യസ്തരൂപങ്ങള്‍ സ്വത്വപരമായ സംഘാടനത്തില്‍ ഉണ്ട്. ഇടതുപക്ഷം അവയോടോരോന്നിനോടും വ്യത്യസ്തവും ചരിത്രപരവുമായ നിലപാടാണ് കൈക്കൊള്ളേണ്ടത്. ഹൈന്ദവവര്ഗ്ഗീയതയുടെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും മതസ്വത്വവാദത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നതും, സാമുദായിക സ്വത്വവാദത്തോട് വിമര്‍ശനാത്മകമായ അകലം പാലിക്കുന്നതും, ദളിത്-ആദിവാസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ലൈംഗിക-മത ന്യൂനപക്ഷങ്ങളുടെയും പ്രതിരോധപരമായ സ്വത്വബോധത്തോട് സംവാദാത്മകമായ വിനിമയത്തിലേര്പ്പെടുന്നതുമായ ബഹുമുഖസമീപനമാണ് ഇടതുപക്ഷം പിന്‍പറ്റേണ്ടത്. പ്രതിരോധപരമായ കീഴാള സ്വത്വവാദവുമായി മതസ്വത്വവാദത്തെ കൂട്ടിയിണക്കാനും അതിനെ മതരാഷ്ട്രവാദത്തിന്റെ മുഖംമൂടിയായി ഉപയോഗിക്കാനുമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളടക്കമുള്ള മതരാഷ്ട്രവാദികള്‍ ശ്രമിക്കുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ മേല്‍പ്പറഞ്ഞ വിവേചനബോധം വളരെ പ്രധാനമാണ്. സ്വത്വപരമായ പ്രശ്നങ്ങളെ ഏകപക്ഷീയമായി നിരസിക്കുകയോ, അതിനെ ഇടതുപക്ഷവിരുദ്ധമായി ഉയര്ത്തിക്കൊണ്ടുവരുകയോ ചെയ്യുന്ന വിഭാഗീയ വീക്ഷണങ്ങള്‍ക്കെതിരെ, സ്വത്വപരമായ പ്രശ്നങ്ങളും വര്‍ഗ്ഗപരമായ ചൂഷണവും തമ്മിലുള്ള ബന്ധത്തെ അഭിസംബോധനചെയ്യുന്ന വൈരുദ്ധ്യാത്മകവീക്ഷണം ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം. സ്വത്വപ്രശ്നങ്ങളെ ഏകപക്ഷീയമായി നിരസിക്കുന്നതും സ്വത്വരാഷ്ട്രീയത്തിന് ഏകപക്ഷീയമായി കീഴ്പ്പെടുന്നതും വലതുപക്ഷത്തിന് ബലം പകരുന്ന സമീപനമാണ്. അതിനുപകരം മര്ദ്ദിതജനവിഭാഗങ്ങളുടെ സ്വത്വപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും അതിനെ ജനാധിപത്യപരമായ രാഷ്ട്രീയപ്രതിരോധവുമായി കൂട്ടിയിണക്കുകയുമാണ് വേണ്ടത്. അതോടൊപ്പം മതസ്വത്വവാദത്തെയും അതിന്റെ ഭിന്നരൂപങ്ങളെയും വിട്ടുവീഴ്ചയില്ലാതെ ചെറുക്കുകയും വേണം. ഇതില്‍ രണ്ടിലുമുണ്ടാകുന്ന പോരായ്മകള്‍ സാമൂഹ്യജീവിതത്തിന്റെ വലതുപക്ഷവത്കരണത്തിനാണ് ഉപയോഗപ്പെടുക. കേരളത്തിലിത് വേണ്ടത്ര നടക്കുന്നുമുണ്ട്.
ഇത്തരമൊരു സമീപനത്തിന്റെ അര്‍ത്ഥം ഇടതുപക്ഷരാഷ്ട്രീയം ഏതെങ്കിലും നിലയില്‍ സ്വത്വരാഷ്ട്രീയം തന്നെയാണെന്നല്ല. വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളുടെ സ്വത്വപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്ന ഇടതുപക്ഷ വീക്ഷണവും സ്വത്വത്തെ മറ്റെല്ലാ സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക പ്രശ്നങ്ങള്‍ക്കും മുകളില്‍ ഏകമാനഘടകമായി പ്രതിഷ്ഠിക്കുന്ന സ്വത്വരാഷ്ട്രീയവും തീര്‍ത്തും വ്യത്യസ്തമാണെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ആദ്യത്തേത് സാമൂഹ്യജനാധിപത്യത്തിന്റെ വഴിയിലെ സുപ്രധാനമായ ചുവടുവയ്പാണെങ്കില് രണ്ടാമത്തേത് സാമൂഹ്യമായ സാഹോദര്യഭാവനയെ തകര്‍ക്കുന്ന നിലപാടാണ്. തങ്ങളല്ലാത്തതെല്ലാം തങ്ങള്‍ക്കെതിരാണെന്ന വിഭാഗീയയുക്തിയിലാണ് അതിന്റെ വേരുകള്‍. വര്ഗ്ഗീയഫാഷിസ്റ്റുകളുടെയും മതരാഷ്ട്രവാദികളുടെയും അടിസ്ഥാനയുക്തി അതാണ്. സ്വത്വരാഷ്ട്രീയം ഏറ്റവുമധികം പരിക്കേല്പിച്ചത് ഇടതുപക്ഷപരമായ സാമൂഹിക ഭാവനയെയാണുതാനും. കേരളത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ അത് വലതുപക്ഷമുന്നണിക്കുള്ള പ്രത്യക്ഷ പിന്തുണ തന്നെയായി മാറുകയും ചെയ്തു. 'അടിസ്ഥാന ജനവിഭാഗങ്ങളെ വലതുപക്ഷ രാഷ്ട്രീയവുമായി ഇണക്കിച്ചേര്‍ക്കാനുള്ള ശ്രമം' എന്ന വിലയിരുത്തലിന്റെ നിര്‍വ്വഹണരൂപമായി അതിനെ കാണാം.
പുതിയ കാലത്തോടും പുതിയ ലോകത്തോടും സംവാദസന്നദ്ധമാവുക എന്നത് കേരളത്തിലെ ഇടതുപക്ഷാവബോധത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിലവില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ പ്രചരണരീതികളും പ്രയോഗക്രമങ്ങളും പുതിയ തലമുറയില്‍ നിന്നും പുതിയ അഭിരുചികളില്‍ നിന്നുമെല്ലാം അകലെയാണ്. പൊതുസമൂഹത്തിന്റെ ഘടനയിലും ലോകബോധത്തിലും ഉളവായ മാറ്റങ്ങള്‍ സംഘാടനത്തിലും പ്രയോഗങ്ങളിലും പ്രതിഫലിക്കുന്നില്ല. ലോകത്തിന്റെ പല കോണുകളിലെയും ഇടതുപക്ഷ സമരമുഖങ്ങളിലും സംഘാടനങ്ങളിലും ഉണ്ടാകുന്ന പുതിയ കുതിപ്പുകള്‍ കേരളത്തില്‍ പ്രബലമല്ല. പഴയ രീതികളുടെയും അഭിരുചികളുടെയും കേവലാവര്ത്തനമാണ് അതില്‍ വലിയൊരു പങ്കും. ബലിഷ്ഠപുരുഷനായകത്വത്തെ (masculine heroism) കേന്ദ്രീകരിച്ചു കൊണ്ടുള്ള സമരരീതികളാണ് ഇപ്പോഴുമിവിടെ പ്രബലമായിരിക്കുന്നത്. അഴിവിലും ബഹുസ്വരതയിലും വേരൂന്നിവളരുന്ന പുതിയ സാമൂഹ്യഭാവനയുമായി അത് ഒത്തുപോകില്ല. ഇതിനെ മറികടക്കാത്ത പ്രായോഗിക ഇടപെടലുകള്‍ക്ക് സാമൂഹ്യാവബോധത്തെ കാര്യമായൊന്നും സ്പര്‍ശിക്കാനാവില്ല.
കേരളത്തിന്റെ സാമൂഹ്യജീവിതപരിസരം ഏറിയപങ്കും വലതുപക്ഷപരമായ ഒരാവാസവ്യവസ്ഥയായി പരിണമിച്ചിരിക്കുന്നു എന്നാണ് മേല്പറഞ്ഞതിന്റെയെല്ലാം അര്‍ത്ഥം. അവിടെ ഒരാള്‍ക്ക് വലതുപക്ഷമാകാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. അയാളുടെ സ്വാഭാവികജീവിതം വലതുപക്ഷമൂല്യങ്ങളാല് പൂരിതമായ ഒന്നാണ്. മറിച്ച് ഈ ആവാസവ്യവസ്ഥയില്‍ ഇടതുപക്ഷമായിരിക്കാന് ഒരാള്‍ക്ക് നിരന്തരമായി സമരം ചെയ്യേണ്ടി വരും. ദ്വിമുഖസ്വഭാവമുള്ളതാണ് ഈ സമരം. വലതുപക്ഷ മൂല്യങ്ങളാല്‍ വലയംചെയ്യപ്പെട്ട തന്റെ ജീവിതപരിസരത്തോടും തന്നോടുതന്നെയുമുള്ള സമരമാണ് അതിലാദ്യത്തേത്. വര്‍ഗ്ഗീയതയും ജാതിവാദവും വലതുപക്ഷ രാഷ്ട്രീയവും ഉള്‍പ്പെടെയുള്ള പ്രത്യക്ഷ രാഷ്ട്രീയരൂപങ്ങളോടുള്ള സമരമാണ് രണ്ടാമത്തേത്. ആന്തരികവും ബാഹ്യവുമായ തലങ്ങളില്‍ നടത്തുന്ന ഈ നിരന്തരസമരമാണ് കേരളീയനായ ഒരാളെ ഇന്ന് ഇടതുപക്ഷമായി നിലനിര്‍ത്തുക. ഈ രണ്ടുതലങ്ങളിലെ സമരത്തിലും സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. അവ ഭൗതികജീവിതത്തിന്റെ അനുബന്ധലോകങ്ങളല്ല. വര്‍ത്തമാന കേരളത്തിന്റെ ലോകയാഥാര്‍ത്ഥ്യത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. സംസ്കാരത്തിന്റെ സമരമുഖങ്ങള്‍ എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചതിന്റെ താത്പര്യവും മറ്റൊന്നല്ല.
ഇത്തരമൊരാലോചനയുടെ സന്ദര്‍ഭത്തില്‍ ഇടതുപക്ഷം എന്ന ആശയത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന കാര്യം വളരെ പ്രധാനമാണ്. ഇടതുപക്ഷപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നല്ല ഇടതുപക്ഷം എന്ന ജീവിതമണ്ഡലം. മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം, നിരവധി ചെറുസംഘടനകളും പ്രാദേശിക കൂട്ടായ്മകളും വ്യക്തികളുമെല്ലാം ഇടതുപക്ഷപരമായ നിലപാടുകളോടെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വിഷയങ്ങളുടെ വിശദാംശങ്ങളെച്ചൊല്ലി ഇവരെല്ലാം തമ്മിലും മുഖ്യധാരാ ഇടതുപക്ഷവുമായും പലതരം അഭിപ്രായഭേദങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. അത്തരം അഭിപ്രായവ്യത്യാസങ്ങളെല്ലാം രാഷ്ട്രീയശത്രുതയായി പരിഗണിക്കപ്പെടേണ്ടവയല്ല. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ, ആശയതലത്തില്‍ വിപുലമായ ഇടതുപക്ഷമണ്ഡലത്തെ നിലനിര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. 'വീക്ഷണത്തിലെന്നപോലെ വിലയിരുത്തലിലും, സിദ്ധാന്തത്തിലെന്നപോലെ പ്രയോഗത്തിലും വിഭാഗീയതകളില്ലാത്ത മഹാപ്രസ്ഥാനം' എന്ന പഴയ വിലയിരുത്തല്‍ അന്നത്തേക്കാളും എത്രയോ ആവശ്യമുള്ളതാണ് വര്‍ത്തമാന കേരളം.
കേരളീയജീവിതത്തിന്റെ വലതുപക്ഷവത്കരണത്തിന് വഴിതുറക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ചിലതിനെക്കുറിച്ചാണ് മുകളില്‍ സൂചിപ്പിച്ചത്. വിശദമായ പരിശോധനയില്‍ തെളിഞ്ഞുവരാവുന്ന വേറെയും ഘടകങ്ങള്‍ ഇനിയുമുണ്ടാകാം. അവയെയാകെ കണക്കിലെടുത്തുകൊണ്ടുള്ള വിപുലവും സംവാദാത്മകവുമായ സമീപനം വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാംസ്കാരികമായും അവബോധപരമായും വലതുപക്ഷത്തിന് കേരളീയജീവിതത്തില്‍ ഇപ്പോഴുള്ള മേല്‍ക്കൈ കൂടുതല്‍ ശക്തിപ്പെടും. പിന്നാലെ അത് രാഷ്ട്രീയമായി പ്രതിഫലിക്കുകയും ചെയ്യും. ഇതിനെ പ്രതിരോധിക്കാന്‍ പര്യാപ്തമായ വിപുലമായ ഐക്യനിര രൂപപ്പെടുത്തുക എന്നതാണ് ഏറ്റെടുക്കേണ്ട അടിയന്തരദൗത്യം.
