കേരളീയ സമൂഹത്തിലെ സ്വത്വരാഷ്ട്രീയ ഇടപെടലുകൾ

കെ.എന്‍. ഗണേശ്

ഒന്ന്
സ്വത്വ രാഷ്ട്രീയത്തെ പാരമ്പര്യവും യാഥാസ്ഥിതിക മനോഭാവവുമായി ബന്ധപ്പെടുത്തുന്ന രീതി സാധാരണയായി കാണാറുണ്ട്. ജാതിയെയും മതത്തെയും സങ്കുചിത ദേശീയതയെയും ഉപയോഗപ്പെടുത്തി പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ നേരിട്ട് എതിർക്കുന്ന മനോഭാവം സ്വത്വവാദികൾക്ക് ഉള്ളതാണ് ഈ ധാരണ വളർന്നു വരാനുള്ള കാരണം. പക്ഷേ, ഇവർ ഉന്നയിക്കുന്ന വാദഗതികൾക്ക്, കേരളീയ സമുഹത്തിൽ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ഇടപെടലുകൾക്ക്, ആധുനിക സ്വഭാവമാണുള്ളത്. അതുകൊണ്ടാണ് സ്വത്വരാഷ്ട്രീയം ഭരണ വർഗത്തിൻ്റെ ആശയസംഹിതയായി മാറുന്നത്.
സ്വാതന്ത്ര്യം, ജനാധിപത്യം, പുരോഗതി, സാമുഹ്യനീതി മുതലായ സങ്കല്പങ്ങളെ ആധുനികമുതലാളിത്തത്തിൻ്റെ വളർച്ചയുമായാണ് ബന്ധിപ്പിക്കാറുള്ളത്. മുതലാളിത്തത്തിൻ്റെ വികാസം സൃഷ്ടിച്ച വൈരുദ്ധ്യങ്ങളാണ് തൊഴിലാളി വർഗ സമരങ്ങളിലേക്കും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്കും നയിച്ചത്. ആധുനിക സമൂഹത്തിൻ്റെ പുരോഗമനപരമായ ആശയങ്ങൾ ഉൾക്കൊണ്ടാണ് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും വളർന്നുവന്നത്. ഈ മുന്നേറ്റത്തിന് ഒരു മറുപുറവും ഉണ്ടായിരുന്നു. പുതിയ മുതലാളി വർഗം ലോകമാസകലം നടത്തിയ വിഭവ സമാഹരണത്തിൻ്റെയും കൊള്ളയുടെയും കോളനിവൽക്കരണത്തിൻ്റെയും പശ്ചാത്തലത്തിലാണ് മുതലാളിത്തത്തിൻ്റെ വികാസം തന്നെ സാധ്യമായത്. നിരവധി പ്രദേശങ്ങളിലെ തൊഴിലെടുക്കുന്നവർ ആ നാടുകളിൽ നിന്ന് പിഴുതെറിയപ്പെടുകയും യൂറോപ്യൻ കോളനികളിലും തോട്ടങ്ങളിലും അടിമകളും കൂലിവേലക്കാരുമായി പരിണമിക്കുകയും ചെയ്തു. ഇത്തരം സമൂഹങ്ങളെ എല്ലാം പ്രാകൃതരായി കണക്കാക്കുകയും വംശീയതയുടെയും ഗോത്രസ്വഭാവത്തിൻ്റെയും പാഷണ്ഡമതങ്ങളുടെയും അളവുകോലുകൾ ഉപയോഗിച്ച് യുറോപ്യന്മാരിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. പല സമൂഹങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കി. പലരെയും ഗോത്ര റിസർവുകളിലേക്കുമാറ്റി. ഇവയുടെ ഒക്കെ ഫലമായി സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സങ്കല്പങ്ങളോടൊപ്പം വംശീയമായ വേർതിരിവുകളും അതിനു നൽകപ്പെട്ട "ശാസ്ത്രീയ " വിശദീകരണങ്ങളും മുതലാളിത്ത ആശയസംഹിതയുടെ ഭാഗമായി.
ഇതേ ആശയസംഹിതകൾ ഇന്ത്യയുടെ കോളനിവൽക്കരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യക്ക് ഒരു ചരിത്രമില്ലെന്നു വാദിച്ച ബ്രിട്ടീഷുകാർ ഇന്ത്യൻ ചരിത്രത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആധിപത്യത്തിൻ്റെ ചരിത്രമാക്കി മാറ്റി. ആദ്ധ്യാത്മികതയും മതപരതയും ജാതീയതയും ഇന്ത്യൻ ജനതയുടെ നിർവചനത്തിൻ്റെ ഭാഗമായി. ഇന്ത്യൻ ജനതയുടെ എല്ലാ പ്രവർത്തനങ്ങളെയും മത ജാതി ആശയ സംഹിതകളുമായി ബന്ധപ്പെടുത്തി. ഇവയെ ആര്യൻ ദ്രാവിഡൻ മുതലായ വംശീയ വിഭജനവുമായി ബന്ധപ്പെടുത്താനും മടിച്ചില്ല. ഇവയുടെ ഫലമായി ജാതിയും വംശവും മതവും ആചാരവിശ്വാസങ്ങളും എല്ലാം ചേർന്ന നരവംശശാസ്ത്ര മാതൃകകൾക്കുള്ളിൽ ഇന്ത്യൻ ജനതയെ മുഴുവൻ പ്രതിഷ്ഠിക്കുകയാണ് കൊളോണിയൽ ബുദ്ധിജീവികൾ ചെയ്തത്.
ഇത് ഇന്ത്യൻ ജനതയെ വ്യത്യസ്ത രീതികളിൽ സ്വാധീനിച്ചു. ഒരു വശത്ത് ആധുനിക മുതലാളിത്തത്തിൻ്റെ ഗുണപരമായ വശങ്ങൾ എന്ന നിലയിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത മുതലായ ആശയങ്ങൾ ഒരു വിഭാഗം ഉൾക്കൊള്ളുകയും അവർ "നവോത്ഥാനം" എന്നു പൊതുവിൽ വിളിക്കപ്പെടുന്ന പ്രാങ് മുതലാളിത്ത സമൂഹ രൂപങ്ങൾക്കും ആശയ സംഹിതകൾക്കും എതിരായ പോരാട്ടങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. നാരായണ ഗുരു മുതൽ അംബേദ്ക്കർ വരെയുള്ള സാമൂഹ്യപ്രവർത്തകർ ഇതിന് ഉദാഹരണമാണ്. അതേസമയം ഇന്ത്യൻ ജനതയെ മതത്തിൻ്റെയും ജാതിയുടെയും വംശത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചുകൊണ്ടുള്ള ആശയ സംഹിതകളും വളർന്നുവന്നു ഇന്ത്യാ ചരിത്രത്തെ ഹിന്ദു പാരമ്പര്യത്തിൻ്റെയും അതിനോടുള്ള മുസ്ലീം ആക്രമണോത്സുകതയുടെയും അടിസ്ഥാനത്തിൽ കാണാൻ പ്രേരിപ്പിച്ചത് കൊളോണിയൽ ചരിത്രകാരന്മാരാണ്. ജാതീയ വേർതിരിവുകളെ ആധുനിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ തകർക്കുന്നതിനു പകരം നിലനിർത്തുന്നതിനാണ് കൊളോണിയൽ ഭരണാധികാരികൾ ഊന്നിയത്. ഈ നിലപാട് ആദ്യകാല നവോത്ഥാനപ്രസ്ഥാനങ്ങളെത്തന്നെ ദുർബലപ്പെടുത്തി. സ്വാതന്ത്ര്യത്തിൻ്റെ അവസരത്തിലും ഇവയുടെ സ്വാധീനം വമ്പിച്ച വിഭജന കലാപങ്ങളിൽ എത്തിക്കുകയും ഇന്തോ പാക്കിസ്ഥാൻ അതിർത്തികളിൽ പതിനായിരങ്ങൾ കലാപങ്ങളിൽ മരിക്കുകയും ചെയ്തു.
ജാതി മത രൂപങ്ങളെ കൊളോണിയലിസവും ഭൂവുടമ വർഗവും ചേർന്നു നിലനിർത്തുന്ന സമൂഹ രൂപങ്ങളായി കണ്ടത് ഇന്ത്യയിലെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ശക്തികളാണ്. ജാതി വിരുദ്ധ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ കൊളോണിയൽ വിരുദ്ധ ഭൂപ്രഭു വിരുദ്ധ പ്രസ്ഥാനങ്ങളിൽ ഉൾചേർക്കണമെന്ന് അവർ വാദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരായ പോരാട്ടം, സംവരണം, ആദിവാസിമേഖലകളുടെ സ്വയംഭരണം മുതലായവ തൊഴിലാളി കർഷകപ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളായി. സ്വാതന്ത്ര്യത്തിനുശേഷം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിൽ നിന്ന് ഭരണകൂടം പിൻവാങ്ങുകയും ഭൂപ്രഭുക്കളുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തത് ജാതിയും മതവുമടക്കമുള്ള സമൂഹ രൂപങ്ങളുടെ നിലനില്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. ആധുനിക സ്വത്വ രാഷ്ട്രീയത്തിൻ്റെ ഉറവിടങ്ങൾ അന്വേഷിക്കേണ്ടത് ഇവിടെയാണ്.

രണ്ട്
ബ്രിട്ടീഷ് കൊളോണിയലിസത്തിൻ്റെ മുൻ സൂചിപ്പിച്ച സ്വഭാവം കൃത്യമായി അനുഭവിച്ച പ്രദേശമാണ് കേരളം. തലശ്ശേരിയും കോഴിക്കോടും വഴി ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളുമായി നേരിട്ടു വാണിജ്യ ബന്ധങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന മലബാർ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. മൈസൂർ ആക്രമണം അതിനുള്ള ഒഴികഴിവുമായി. മറ്റു പ്രദേശങ്ങൾ അവർക്ക് പൂർണ വിധേയത്വം ഉറപ്പു നൽകിയ തിരുവിതാംകൂറിനെയും കൊച്ചിയെയും ഏൽപ്പിച്ചു. മലബാറിലെ ജന്മിമാരെ നികുതിദായകരാക്കി എന്നല്ലാതെ അവരുടെ അവകാശങ്ങളിൽ മാറ്റം വരുത്തിയില്ല. ബ്രിട്ടീഷ് നിയന്ത്രണങ്ങൾക്കു വിധേയമായ തിരുവിതാംകൂറും കൊച്ചിയും സമാനമായ നികുതി നിയന്ത്രണങ്ങൾ അവരുടെ രാജ്യങ്ങളിലും കൊണ്ടുവന്നു. ഇത്തരത്തിൽ ഭരണകൂടവുമായുള്ള ബന്ധങ്ങളിൽ മാറ്റം വന്നു എങ്കിലും സമൂഹ ബന്ധങ്ങളിൽ മാറ്റം ഉണ്ടായില്ല.
അതി തീവ്രമായ ജാതിഭിന്നതകൾ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിലനിന്ന പ്രദേശമാണ് കേരളം. ജനസാന്ദ്രതയും ഇടതൂർന്ന പാർപ്പിടങ്ങളും കാരണം ജാതി വിഭാഗങ്ങളുടെ സ്ഥലീയമായ വേർതിരിവുകൾ കേരളത്തിൽ പ്രയാസമാണ്. അതുകൊണ്ടുതന്നെയാണ് തീണ്ടാപ്പാടും സഞ്ചാര സ്വാതന്ത്ര്യത്തിൻ്റെ നിഷേധവും കേരളത്തിൽ വ്യാപകമായത്. തൊഴിലിടങ്ങളിലെ അടിമത്തവും വല്ലിപ്പണിയും വ്യാപകമായതിൻ്റെ കാരണം തീണ്ടാപ്പാടു നിലനിർത്തി കൊണ്ടു തന്നെ വേലയുടെ മേൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമവുമാണ്. പുലയർ ചെറുമർ മുതലായ പ്രയോഗങ്ങൾ തന്നെ ഈ നിലപാടിൻ്റെ സൂചനയാണ്. ഇതേസമയം പ്രാദേശികവിനിമയവും വാണിജ്യവും നിലനിന്ന പ്രദേശങ്ങളാണ് തീണ്ടാപ്പാടും സഞ്ചാരത്തിലെ വിലക്കുകളുമില്ലാതെ വിനിമയം നടത്തിയത് . മതപരമായ ഭിന്നതകൾ നിലനിൽക്കുമ്പോൾ അവർ തമ്മിലുള്ള സഹവർത്തിത്വം നിലനിർത്തുന്നത് നിത്യ ജീവിതത്തിൻ്റെ ആവശ്യവുമായിരുന്നു. നഗര കേന്ദ്രങ്ങളിൽ പരദേശികളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെയും കൈത്തൊഴിൽക്കാരും മറ്റുമായ ജനവിഭാഗങ്ങളുടെയും സാന്നിധ്യം അധികമായിരുന്നു. ഗ്രാമ ബദ്ധമായ പൊതുജീവിത ശൈലികളും ജാതി വിഭജനവും ഇവരെയും സ്വാധീനിച്ചു.
കേരളത്തിൻ്റെ ആധുനികവൽക്കരണത്തിൻ്റെ അടിത്തറ വിദ്യാഭ്യാസമാണെന്നു വാദിക്കാറുണ്ട്. ഒരു പരിധിവരെ അതു ശരിയാണ്. മിഷനറി വിദ്യാലയങ്ങളും സർക്കാർ ഇടപെടലുകളും നൽകിയ മുന്നേറ്റം പ്രധാനമാണ്. എങ്കിലും "നവോത്ഥാനം "എന്നറിയപ്പെടുന്ന ജാതി വിരുദ്ധ സവർണവിരുദ്ധ പ്രസ്ഥാനങ്ങൾക്കും അവയോടൊപ്പം നിന്ന സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങൾക്കും സ്ത്രീപ്രസ്ഥാനങ്ങൾക്കുമാണ് ഏറെ സംഭാവന നൽകാൻ കഴിഞ്ഞത്. നാരായണഗുരുവും അയ്യങ്കാളിയും മുതൽ സഹോദരൻ അയ്യപ്പനും വാഗ്ഭടാനന്ദനും ആനന്ദതീർത്ഥനും ദാക്ഷായണി വേലായുധനും അടക്കം നൽകിയ സംഭാവനകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി സാമുദായിക സംഘടനകളും വളർന്നു വന്നിട്ടുണ്ട്. ഇവരോടൊപ്പം ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഇടയിൽ വളർന്നു വന്ന മതനവീകരണ പ്രസ്ഥാനങ്ങളും ശ്രദ്ധേയമാണ്.
ഇവയെല്ലാം ചേർന്ന് സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിലേക്കു നയിച്ചോ എന്നു പരിശോധിക്കേണ്ടതാണ്. അത്തരം ഒരു സമൂഹത്തിൽ പ്രാങ് മുതലാളിത്തവ്യവസ്ഥയുടെ അവശിഷ്ടങ്ങളായ ജാതി മതസമുദായങ്ങൾക്ക് നിലനില്പില്ല. എന്നാൽ, കേരളത്തിൽ വളർന്നുവന്ന മദ്ധ്യവർഗ ബൂർഷ്വാ രാഷ്ട്രീയത്തിൻ്റെ നിലപാട് വേറൊന്നായിരുന്നു. ജാതീയതയെ ഉന്മൂലനം ചെയ്യുന്നതിനും മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പൂർണമായി വേർപെടുത്തുകയും ചെയ്യുന്നതിനുപകരം. അവയുമായി സമരസപ്പെട്ട് അധികാരം കയ്യടക്കാനുള്ള വ്യഗ്രതയാണ് കണ്ടത്. സാമുദായിക പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുണ്ടായ തിരുവിതാംകൂറിൽ ഈ പ്രവണത പ്രകടമായി ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുവന്നത് തൊഴിലാളി-കർഷകപ്രസ്ഥാനങ്ങളും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമാണ്. സാമുദായിക കോയ്മകളോട് യോജിക്കാൻ കഴിയാത്ത ദളിത് കർഷക തൊഴിലാളികളും മറ്റുപിന്നോക്ക തൊഴിൽ വിഭാഗങ്ങളും അക്കാലത്ത് വളർന്നു വന്ന വർഗപ്രസ്ഥാനങ്ങളോടും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോടും ഒത്തുചേരുന്നതുകാണാം. എങ്കിലും ജാതി മത സമുദായങ്ങൾ പിന്നിട് വളർന്നുവന്ന ബൂർഷ്വാ രാഷ്ട്രീയത്തിൽ ഉൾചേർന്നു എന്നതു വസ്തുതയാണ്. 1959 ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ നടത്തിയ വിമോചനസമരം ഇതിൻ്റെ പ്രകടമായ ഉദാഹരണമാണ്.
ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സ്വത്വ രാഷ്ട്രീയം വിമോചനസമര രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണോ ? ഇവിടെ മറ്റുചില ഘടകങ്ങൾ കൂടി കണക്കിലെടുക്കണം. അതിലൊന്ന് നെഹ്‌റുവിയൻ കാലഘട്ടം എന്നറിയപ്പെട്ട സ്വാതന്ത്ര്യത്തിൻ്റെ ആദ്യ ദശകങ്ങളിൽ മതരാഷ്ട്രീയത്തിന് വേരൂന്നാൻ കാര്യമായ അവസരം അഖിലേന്ത്യാ തലത്തിൽ ലഭിച്ചില്ല. ആർ എസ് എസ് രൂപം നൽകിയ ജനസംഘവും പുതിയതായി രൂപം കൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും കാര്യമായ സ്വാധീനം ചെലുത്തിയില്ല. അതേസമയം ഇന്ത്യയിൽ കോൺഗ്രസിൻ്റെ മുഖ്യ പ്രതിപക്ഷമായിരുന്നത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളായിരുന്നു. സോഷ്യലിസ്റ്റുകളിൽ രാം മനോഹർ ലോഹ്യയുടെ വിഭാഗം ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ഭാഗമായി ജാതി പ്രശ്നത്തെ ഉയർത്തി. അംബേദ്ക്കറിൻ്റെ അനുയായികൾ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും ദളിത് പ്രശ്നത്തെ പൊതു രാഷ്ട്രീയത്തിൻ്റെ ഭാഗമായി ഉയർത്തി. ജനാധിപത്യവൽക്കരണത്തിൻ്റെ പാതയിൽ നിന്ന് വിട്ടുനിൽക്കാൻ ആരും തയ്യാറായില്ല
എന്നാൽ ഇതേ പാത നിലവിലുണ്ടായിരുന്ന വർഗ സംഘർഷങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. സമഗ്ര ഭൂപരിഷ്‌ക്കരണത്തിനും ഭൂമിയുടെ പുനർവിതരണത്തിനുമുള്ള കർഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുപകരം ഭൂദാനം, കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് മുതലായ രീതികളിലൂടെ ഭൂവുടമകളുടെ സ്വത്തവകാശങ്ങൾ സംരക്ഷിക്കുകയാണ് ഭരണകൂടം ചെയ്ത്. തെലങ്കാനയും തേഭാഗയും കേരളത്തിലെ കർഷകസമരങ്ങളും അടിച്ചമർത്തപ്പെടുകയും ചെയ്തു. ഇത് കർഷകരുടെയും തൊഴിലാളികളുടെയും ഇടയിൽ അസംതൃപ്തി വ്യാപിക്കുന്നതിനിടയാക്കി. കടുത്ത ഭക്ഷ്യക്ഷാമം ഈ അസംതൃപ്തിയെ ഇരട്ടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് സിപിഐ (എം) അടക്കമുള്ള പാർട്ടികൾ രൂപം കൊണ്ടത്. വീണ്ടും ഭൂമിയുടെ പുനർവിതരണത്തിനു പകരം കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക എന്ന പരിഹാരത്തിലെത്തിച്ചേരുകയും "ഹരിത വിപ്ലവ നടപടികളുമായി ഭരണകൂടം മുന്നോട്ടു പോവുകയും ചെയ്തു. ഭക്ഷ്യക്ഷാമത്തിന് ഏറെക്കുറെ പരിഹാരം കാണാൻ കഴിഞ്ഞു എങ്കിലും കാർഷിക മേഖലയിലെ വൈരുദ്ധ്യങ്ങൾക്ക് അയവു വന്നില്ല. ഈ സംഘർഷങ്ങളാണ് ഇന്ത്യൻ ഭരണകൂടത്തെ അമിതാധികാരനീക്കങ്ങളിലേക്ക് നയിച്ചതും 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും
ഇന്ത്യൻ ഭരണകൂടത്തിൻ്റെ സമീപനത്തിനു വിരുദ്ധമായി ഭൂപരിഷ്‌ക്കാരം നടപ്പിലാക്കിയ പ്രദേശം കേരളമാണ്. പരമ്പരാഗത ജന്മിമാർ നിലനിന്ന ഭക്ഷ്യധാന്യമേഖലയിൽ ഇതു പൂർണമായി നടപ്പിലാക്കപ്പെട്ടു. ഭക്ഷ്യധാന്യമേഖലകളിലെ മിച്ചഭൂമി ഒരു പരിധി വരെ ഏറ്റെടുത്തു വിതരണം ചെയ്യാൻ സാധിച്ചത് ശക്തമായ പ്രക്ഷോഭങ്ങൾക്കു ശേഷമാണ്. നാണ്യവിള മേഖലകളിലെയും തോട്ടങ്ങളിലെയും തരിശുഭൂമി ഏറ്റെടുക്കാനുള്ള ശ്രമം കേന്ദ്രഭരണകൂടത്തിൻ്റെ ഇടപെടൽ മൂലം തടയപ്പെട്ടു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി കാർഷിക ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ കേരളത്തിലും നടന്നു. ഇവയുടെ എല്ലാം ഫലമായി കാർഷിക അഭിവൃദ്ധി കേരളത്തിലുണ്ടായി. എങ്കിലും കാർഷിക മുതലാളിത്തത്തിൻ്റെ വികസന നിയമങ്ങൾ കേരളത്തെയും സ്വാധീനിച്ചു. നാണ്യവിളകളെ കേന്ദ്രീകരിച്ച ഇടത്തരം ധനിക കർഷകർ അഭിവൃദ്ധിപ്പെട്ടപ്പോൾ പട്ടയം ലഭിച്ച ചെറുകിട കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ സ്വന്തം കിടപ്പാടം വിറ്റു തൊഴിൽ തേടി നഗരങ്ങളിൽ ചേക്കേറി. നിരവധി പേർ പ്രവാസികളായി. മദ്ധ്യവർഗ തൊഴിലുകളെ ആശ്രയിക്കുന്ന വലിയ ജനസമൂഹം വളർന്നുവന്നു.

മൂന്ന്
ഈ മാറ്റങ്ങളാണ് കേരളത്തില്‍ സ്വത്വ രാഷ്ട്രീയത്തിൻ്റെ വിത്തു പാകുന്നത്. . രണ്ടു കാര്യങ്ങൾ കൂടി പ്രധാനമാണ്. ഭൂപരിഷ്കാരങ്ങൾ നടന്നു എങ്കിലും ജാതീയതയും മതബോധവും നിലനിർത്തുന്ന വിധത്തിൽ വ്യത്യസ്ത സാമുദായികസംഘടനകളും ചില രാഷ്ട്രീയ കക്ഷികളും പ്രവർത്തിച്ചു. മറ്റൊന്ന് ജന്മിത്തം അവസാനിച്ചുവെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന രീതിയിൽ കാർഷിക രംഗത്തും വ്യാവസായികരംഗത്തും മുതലാളിത്തത്തിൻ്റെ വളർച്ച ഉണ്ടായില്ല. ബൂർഷ്വാ ഭൂപ്രഭുവർഗം ഭരിക്കുന്ന ഇന്ത്യയിൽ കേരളത്തിൽ മാത്രമായി ഒരു സോഷ്യലിസ്റ്റ് പരിവർത്തനം അസാധ്യവുമായിരുന്നു. ഇതേസമയം പുതിയതായി ഭൂവുടമാവകാശം കൈവരിക്കുകയും വ്യവസായങ്ങളിലും മദ്ധ്യവർഗ തൊഴിലുകളിലും ഏർപ്പെടുകയും ചെയ്ത വിഭാഗങ്ങളിൽ വിമോചനസമരത്തിൻ്റെ നീക്കി ബാക്കി എന്ന നിലയിൽ ശക്തമായ കമ്മ്യൂണിസ്റ്റ് വിരോധവും തൊഴിലാളി വർഗത്തോടും അധ്വാന രൂപങ്ങളോടുമുള്ള അവജ്ഞയും വ്യാപിച്ചു. ഇതിനായി ഉപയോഗിക്കപ്പെട്ടത് മതബോധവും ജാതീയതയുമായിരുന്നു. സൺഡേ സ്‌കൂളുകൾ, മദ്രസകൾ വേദപാഠശാലകൾ തുടങ്ങി കോൺവെൻ്റ് വിദ്യാഭ്യാസം വരെ എല്ലാ മേഖലകളിലും കമ്മ്യൂണിസ്റ്റ് വിരോധം കുത്തിത്തിരുകാൻ ഇവർ മറന്നില്ല. ക്രമേണ ഇത് സെക്കുലർ എന്നുവിളിക്കാവുന്ന യുവജന വേദികളിലേക്കും (അഖില കേരള ബാലജനസഖ്യം, മാതൃഭൂമി സ്റ്റഡി സർക്കിൾ) വ്യാപിച്ചു. ഇവരിൽ നിന്ന് കേരളത്തിലെ കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർട്ടികളിൽ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ തലമുറ വളർന്നുവന്നു.
ഇതേ സമയം ഭരണ വർഗ രാഷ്ട്രീയം തീവ്ര പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു. 1970 കളിൽ തീവ്രമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയൊട്ടാകെ വ്യാപിച്ചു. ഇതിനെ മറികടക്കാൻ ഭരണകൂടം നെഹ്‌റുവിയൻ മദ്ധ്യവർത്തി സാമ്പത്തികപാത ഉപേക്ഷിക്കുകയും സാമ്രാജ്യത്വത്തിൻ്റെ തിട്ടൂരങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. 90 കളിൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ ഈ വിധേയത്വം പൂർണമായി. സാമ്പത്തിക ഉദാരീകരണത്തിൻ്റെയും സാമ്പത്തിക രംഗത്തു നിന്നുള്ള ഭരണകൂടത്തിൻ്റെ പിൻവാങ്ങലിൻ്റെയും രൂപങ്ങൾ വ്യാപിച്ചു. മുൻകാലങ്ങളിൽ ജനങ്ങൾക്ക് ലഭിച്ച പരിമിതമായ സുരക്ഷിതത്വം പോലും താറുമാറായി. ഇതു സൃഷ്ടിച്ച അരക്ഷിതാവസ്ഥ കേരളത്തിലെ ജനങ്ങളെയും ബാധിച്ചു. ഒരുവിഭാഗം ലഭ്യമായ തൊഴിലവസരങ്ങൾക്കു വേണ്ടി സാധ്യമായ എല്ലാ തുറകളും തേടിയപ്പോൾ മറ്റൊരു വിഭാഗം ഈ പൊല്ലാപ്പിൽ നിന്ന് രക്ഷപെടാനായി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും ചേക്കേറാൻ ആരംഭിച്ചു. കേരളത്തിന് സ്വന്തമായ വികസന പരിപ്രേക്ഷ്യം സാധ്യമാണ് എന്ന് അപ്പോഴും വാദിച്ചത് ഇടതുപക്ഷത്തു ഉറച്ചു നിന്നവർ മാത്രമാണ്.
ബൂർഷ്വാ രാഷ്ട്രീയത്തിൻ്റെ ലിബറൽ ജനാധിപത്യമുഖങ്ങൾ അതിനകം തകർന്നു കഴിഞ്ഞിരുന്നു. ജനാധിപത്യത്തിൻ്റെ വ്യാപനത്തിനു പകരം സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും പോലും ഏകാധിപത്യ "മാനേജീരിയൽ പ്രവണതകളാണ് വ്യാപിച്ചത്. സാമൂഹ്യ രംഗത്ത് മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും രൂപങ്ങൾ കൈവെടിയപ്പെട്ടു. ഇതിനെല്ലാം ഉപോൽബലകമായി വളർത്തിക്കൊണ്ടുവന്ന ആശയങ്ങൾ മതത്തിൻ്റെയും ജാതിയുടെയുമായിരുന്നു. ഏറ്റവും ശക്തമായ ആശയ രൂപമായ ദേശീയ ബോധം പോലും ഹിന്ദുത്വത്തിൻ്റെയും മറ്റുമതബോധങ്ങളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെട്ടതോടെ മറ്റൊരു ബൂർഷ്വാ ആശയ സംഹിത രൂപം കൊള്ളുകയായിരുന്നു.
ബൂർഷ്വാ ജനാധിപത്യവാദികൾ ഇതുവരെ അംഗീകരിച്ചു പോന്ന മതനിരപേക്ഷത, ജനാധിപത്യം, സമത്വം, സാമൂഹ്യനീതി, സ്വാതന്ത്ര്യം മുതലായ ആശയങ്ങൾ നിരാകരിക്കപ്പെടുകയും അതിനുപകരം മതപരത, ഭൂരിപക്ഷാധിപത്യം, സാമുദായിക നീതി, സാംസ്കാരിക പാരമ്പര്യം തുടങ്ങിയവ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ഇവയുടെയെല്ലാം നിലനില്പിൻ്റെ നീതീകരണം സ്വത്വബോധമായി. ഹിന്ദുത്വബോധം ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ശക്തമായ സ്വത്വബോധമാണ്. ഈ അർത്ഥത്തിൽ സ്വത്വ രാഷ്ട്രീയം ബൂർഷ്വാ രാഷ്ട്രീയമാണ്.
കേരളത്തിൽ സ്വത്വ രാഷ്ട്രീയം വളർന്നു വരുന്നത് സമാനമായ സാഹചര്യങ്ങളിലാണ്. ഒരു പ്രധാനപ്പെട്ട ഭിന്നതയും ഇവിടെ കാണാം. കേരള സംസ്ഥാനത്തിൻ്റെ രൂപീകരണത്തിനു ശേഷം ജനാധിപത്യവൽക്കരണത്തിൻ്റെ മുദ്രാവാക്യങ്ങൾ ഏതാണ്ട് മുഴുവൻ ഉപയോഗിച്ചത് ഇടതുപക്ഷമായിരുന്നു. ഭൂമിയുടെയും സമ്പത്തിൻ്റെയും പുനർവിതരണം കൂടാതെ തൊഴിലിനുള്ള അവകാശം, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ലിംഗനീതി, സാമൂഹ്യസുരക്ഷ തുടങ്ങി അധികാര വികേന്ദ്രീകരണം വരെയുള്ള എല്ലാ മുദ്രാവാക്യങ്ങളും ഇടതുപക്ഷമാണ് ഉയർത്തിയത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും വ്യത്യസ്ത ജനവിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന താൽക്കാലിക സ്വഭാവമുള്ള ജനപ്രിയ മുദ്രാവാക്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂർഷ്വാ രാഷ്ട്രീയം വളർന്നുവന്നത്. സമ്പന്നവർഗത്തെ മുഴുവനും ഇടത്തരക്കാരിൽ ഒരു വിഭാഗത്തെയും ആകർഷിക്കാൻ ഇതുകൊണ്ടു കഴിഞ്ഞു. എന്നാൽ, സമൂഹത്തിലെ അധഃസ്ഥിതരിൽനിന്ന് ഇടതുപക്ഷത്തിനുണ്ടായ പിന്തുണയെ തകർക്കാൻ ബൂർഷ്വാ രാഷ്ട്രീയത്തിനു കഴിഞ്ഞില്ല.
ഇടതുപക്ഷം ഊന്നിയത് വർഗരാഷ്ട്രീയത്തിലായതുകൊണ്ട് തൊഴിലാളികളും കർഷക ത്തൊഴിലാളികളും ചെറുകിട ഇടത്തരം കർഷകരുമടങ്ങുന്ന വിഭാഗം ഇടതുപക്ഷത്തിൻ്റെ കൂടെ വന്നു.
ഇടതുപക്ഷത്തിൻ്റെ വർഗരാഷ്ട്രീയത്തെ തകർക്കേണ്ടത് ബൂർഷ്വാസിയുടെ ആവശ്യമായിരുന്നു. ഇവിടെയാണ് കേരളത്തിൻ്റെ സമൂഹഘടന പ്രയോജനപെട്ടത്. ഭരണവർഗരാഷ്ട്രീയം വേരുന്നിയ സമ്പന്നമദ്ധ്യവർഗങ്ങളിൽ നല്ലൊരു ഭാഗം മുന്നോക്ക സമുദായക്കാരും ഏതെങ്കിലും വിധത്തിലുള്ള മതവിശ്വാസികളുമായിരുന്നു. അവരുടെ വിജയം അവർ സ്വീകരിച്ച മതധാർമ്മിക നിലപാടുകൾ കൊണ്ടാണെന്നു വരുത്താനും അത്തരത്തിലുള്ള മൂല്യങ്ങൾ വളർത്തിയെടുക്കാനും ഇവർ ശ്രമിച്ചു. മതപ്രമാണങ്ങൾ ബൂർഷ്വാ ധാർമ്മിക മൂല്യമായി മാറുകയും ജനാധിപത്യ രാഷ്ട്രീയമടക്കം കമ്മ്യൂണിസ്റ്റ് മൂല്യസംഹിതയായി പുച്ഛിക്കപ്പെടുകയും ചെയ്തു. ഇവരിലേക്ക് ഹിന്ദുത്വമടക്കമുള്ള ആശയസംഹിതകൾ പ്രചരിക്കാൻ പ്രയാസമുണ്ടായില്ല. എൺപതുകളിൽ തന്നെ ഗംഗാജലയാത്ര, രാമശിലാന്യാസം തുടങ്ങിയവയ്ക്ക് കേരളത്തിൽ കിട്ടിയ പ്രചാരവും ക്ഷേത്രാരാധനയുടെ വൻതോതിലുള്ള വളർച്ചയും ഓർമ്മിക്കേണ്ടതാണ്. ശബരിമലയും ഗുരുവായൂരുമടക്കമുള്ള ക്ഷേത്രങ്ങൾ അഖിലേന്ത്യാ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയതും ഇതേ ഘട്ടത്തിലാണ്. ഇതിൻ്റെ ഫലമായി വളർന്നുവന്ന സംഘടിത ഹിന്ദുബോധത്തിൻ്റെ പ്രചാരം കേരളത്തിലെ അധഃസ്ഥിതവർഗങ്ങളിൽ ഒരു വിഭാഗത്തെയും സ്വാധീനിച്ചു. സംഘടിത തൊഴിലാളി വർഗത്തിൽ ഉൾപ്പെടാത്ത സമുദായങ്ങളിലെല്ലാം ആർ എസ് എസിൻ്റെ പ്രവർത്തനം വ്യാപിക്കുന്നതു കാണാം.
ഇത്തരത്തിലുള്ള മതവൽക്കരണം കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ നേരിട്ടു ബാധിക്കുന്നുണ്ട്. ന്യൂനപക്ഷം ബുർഷ്വാ ജനാധിപത്യരാഷ്ട്രീയത്തിൻ്റെ അകത്തു നിന്നു തന്നെയാണ് ഇതുവരെ പ്രവർത്തിച്ചത്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെട്ടുവരാൻ തുടങ്ങുകയും മുസ്ലീം വിരുദ്ധത അതിൻ്റെ കേന്ദ്ര ബിന്ദുവായി തീരുകയും ചെയ്തതോടെ അതിനോടുള്ള മതപരമായ പ്രതിരോധവും ശക്തിപ്പെട്ടു. ഇതേരീതിയിൽ തൊഴിലിലും വിദ്യാഭ്യാസത്തിലുമടക്കം സവർണഹിന്ദുക്കളുടെ ആധിപത്യവും പ്രകടമായി. ഗ്രാമങ്ങളിലടക്കം ഭൂമിയും വിഭവങ്ങളും തൊഴിലും ഇവർ കയ്യടക്കാനാരംഭിച്ചു. ഇവർക്കെതിരായ പ്രതിരോധവും സാമുദായികതലത്തിലാണ്. ഡിപി മണ്ഡൽ കമ്മിറ്റി എഴുപതുകളുടെ അവസാനം നിർദ്ദേശിച്ച സംവരണ തത്വം മുൻസോഷ്യലിസ്റ്റുകൾ (ജനതാദൾ ) പ്രവർത്തകർ ഏറ്റെടുത്തതോടെ ഇത്തരം രാഷ്ട്രീയത്തിൻ്റെ പൊതു സ്വീകാര്യത വർദ്ധിച്ചു.
എൺപതുകളുടെ മദ്ധ്യത്തിൽ ഗൾഫിൽ നിന്നുവന്ന പാൻ ഇസ്ലാമിസം കേരളത്തിൽ ശക്തിപ്പെട്ടു വന്ന മുസ്ലിം മദ്ധ്യവർഗത്തിൽ സ്വാധീനം ചെലുത്തിയതോടെ സിമി (സ്റ്റുഡൻ്റ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ), ജമാഅത്ത് ഇസ്ലാമി, ക്യാമ്പസ് ഫ്രണ്ട് (പിന്നീട് എസ്ഡിപിഐ) എന്നിവയുടെ പ്രവർത്തനം ശക്തിപ്പെട്ടു. മുസ്ലിം ലീഗിൻ്റെ സംഘശക്തിയെ തകർക്കാൻ ഇവർക്ക് കഴിഞ്ഞില്ല എങ്കിലും ലീഗ് അതുവരെ പിന്തുടർന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ മതബദ്ധമായ രാഷ്ട്രീയമാക്കി മാറ്റി. ഇതിൻ്റെ ഏറ്റവും പ്രകടമായ ഉദാഹരണം സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ ഉടനീളം ന്യൂനപക്ഷ മർദ്ദനത്തിനെതിരെ ശക്തമായ നിലപാടെടുത്തു പോന്ന കമ്മ്യൂണിസ്റ്റുകാരെ മൃദുഹിന്ദുത്വമായും ഇടതു ഹിന്ദുത്വമായും വ്യാഖ്യാനിക്കുന്ന ഇസ്ലാമിസ്റ്റ് പ്രചരണത്തോടൊപ്പം മുസ്ലിംലീഗ് ചേർന്നതാണ്. സമൂഹത്തിലെ മതപരമായ വേർതിരിവുകൾ ശക്തിപ്പെടുത്തുകയാണ് സ്വന്തം സ്വത്വത്തെനിലനിർത്താൻ ശക്തമായ മാർഗം എന്ന നിലപാട് ഹിന്ദുത്വവും ഇസ്ലാമിസവും ഒരുപോലെ സ്വീകരിക്കുന്നത് സ്വത്വരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്.
കേരളാ കോൺഗ്രസിന് പ്രകടമായ ന്യൂനപക്ഷ സ്വഭാവം ഇല്ലായിരുന്നു. ധനിക ഇടത്തരം കർഷകരുടെ പാർട്ടിയായാണ് അതു പ്രവർത്തിച്ചത്. എങ്കിലും ക്രിസ്തുമതം വിവിധ സന്നദ്ധ സംഘടനകളിലുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അവരുടെ സ്വാധീനം വ്യാപിപ്പിച്ചു. സംഘടിത തൊഴിലാളി രാഷ്ട്രീയം കുറവായ തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികളെ അവകാശ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിനും അവർക്കു സാധിച്ചു. ഇവരിൽ ഒരു വിഭാഗം വിമോചനദൈവശാസ്ത്രം അംഗീകരിച്ച് ഇടതുപക്ഷത്തോട് സഹകരിചുവെങ്കിലും അവരുടെ സ്വാധീനം തകർക്കുകയും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിലുടെ പുനരേകീകരണം സാധിക്കുകയും ചെയ്തത് ക്രൈസ്തവ സഭകളുടെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇന്ന് ക്രൈസ്തവ സഭകൾ ഏതാണ്ട് രാഷ്ട്രീയ സഭകൾ ആയിത്തന്നെ പ്രവർത്തിക്കുകയാണ്. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ (കാസ) പോലുള്ള സംഘടനകൾ പ്രകടമായ മതരാഷ്ട്രീയത്തിലേക്കു നീങ്ങിയിരിക്കുകയാണ്.
മുഖ്യ ഹിന്ദുത്വ പാർട്ടിയായ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ ലഭിച്ചത് ഏറെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പ്രവണത എന്ന നിലയിൽ ഹിന്ദുത്വത്തിൻ്റെ സ്വാധീനം അതിൽ മാത്രമൊതുങ്ങുന്നില്ല. അഖിലേന്ത്യാ ഭരണവർഗം അംഗീകരിക്കുന്ന ആശയ സംഹിത എന്നനിലയിൽ കേരളത്തിലെ വലതുപക്ഷത്തിലുടനീളം ഹിന്ദുത്വത്തിനും മോദി ഭരണകൂടത്തിനും സ്വാധീനമുണ്ട്. പക്ഷേ വലതുപക്ഷത്തിൻ്റെ മുഖ്യ ശത്രു കേരളത്തിൽ കമ്മ്യൂണിസമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്തുന്നതിൽ എല്ലാ സ്വത്വവാദികളും ഒന്നിച്ചു നിൽക്കുമെന്നതും കാണേണ്ടതാണ്. ഇതിൻ്റെ ഏറ്റവും നല്ല ഉദാഹരണം കാസർഗോഡിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പുപരാജയമാണ്. കടുത്ത ബിജെപി വക്താവായി നിന്ന് അവസാന നിമിഷത്തിൽ കോൺഗ്രസിൽ ചേർന്ന ഒരാളെ ജയിപ്പിക്കാനും എൽഡിഎഫിൻ്റെ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുമായി മുസ്ലിം ലീഗിൻ്റെ പരമോന്നത നേതാവ് പ്രചരണത്തിനിറങ്ങിയ മണ്ഡലമാണ് തൃക്കരിപ്പൂർ. കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നേറ്റം ബിജെപിയെ ജയിപ്പിക്കുക മാത്രമല്ല ചെയ്തത് ഇടതുപക്ഷത്തെ തോൽപ്പിക്കാനായി നിരവധി ഹിന്ദുത്വ വോട്ടുകൾ യുഡിഎഫിന് ചെയ്യപ്പെട്ടു എന്നതു കൂടിയാണ്.
സ്വത്വ രാഷ്ട്രീയത്തിൻ്റെ ഉത്ഭവം ഇടത്തരക്കാരിൽ നിന്നാണ്. അതിൻ്റെ ആശയപരമായ ലക്ഷ്യം വർഗരാഷ്ട്രീയത്തെ തകർക്കുക എന്നതുതന്നെയാണ്. ദളിത് പിന്നോക്ക വിഭാഗങ്ങളിലെ സ്വത്വ രാഷ്ട്രീയം ഇതിന് നല്ലൊരു ഉദാഹരണമാണ്. നവോത്ഥാനഘട്ടത്തിൽ ഈ വിഭാഗത്തിൽ ഉണ്ടായ മുന്നേറ്റത്തെ നിലനിർത്തിയതും തുടർച്ചയായ വർഗസമരങ്ങളിലുടെ ഈ വിഭാഗങ്ങളെ സാമൂഹ്യ ഉന്നമനത്തിനുള്ള വിലപേശൽ ശക്തിയാക്കി മാറ്റിയതും ഇടതുപക്ഷ രാഷ്ട്രീയമാണ്. വർഗസമരങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം വിജയത്തിലേക്കു നീങ്ങുകയുള്ളൂ. അതിനു പകരം വർഗസമരരാഷ്ട്രീയം തന്ന ദളിത് പിന്നോക്ക വിരുദ്ധമാന്നെന്നും സാമൂഹ്യമായ അംഗീകാരത്തിനും ഉൾക്കൊള്ളലിനും വേണ്ടിയുള്ള സമുദായസ്വത്വ ബദ്ധമായ വിലപേശലാണ് നടത്തേണ്ടത് എന്നുമുള്ള വാദഗതികൾ ഇന്നത്തെ ചൂഷണാധിഷ്ഠിത വ്യവസ്ഥയെ നിലനിർത്തുന്നതിനു മാത്രമാണ് സഹായിക്കുക. മതപരതയുടെ അന്ത്യത്തിനോ ജാതിയുടെ നിർമ്മൂലനത്തിനോ വേണ്ടി ഇന്നത്തെ വ്യവസ്ഥിതി നിലകൊള്ളുന്നില്ല. ഇത്തരം വിഭാഗങ്ങളിൽ ചിലർ പിന്തുടന്ന വർഗവിരുദ്ധ സ്വത്വരാഷ്ട്രീയം അവർ പോരാടുന്നു എന്ന് അവകാശപ്പെടുന്ന വ്യവസ്ഥിതിയെ നിലനിർത്തുന്നതിനു മാത്രമാണ് സഹായിക്കുക. ഇതു തന്നെയാണ് ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിൻ്റെ സ്ഥിതിയും.
ഈ പ്രവണതയുടെ നല്ലൊരു ഉദാഹരണം ഈയിടെ വളർന്നു വന്ന വന്ദേമാതരം വിവാദമാണ്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠ് എന്ന നോവലിൽ ഉൾപെടുത്തിയ ഈ ഗാനം 1771-2ൽ ബംഗാളിൽ നടന്ന സന്യാസി കലാപത്തിൽ സന്യാസിമാർ ആലപിച്ചു എന്നു കരുതുന്ന ഗാനമാണ്. പിന്നീട് ടാഗോർ എഴുതിയ ജനഗണമന ഇന്ത്യൻ ജനതയുടെ ഏകീഭാവത്തിൻ്റെ സന്ദേശം നൽകിയപ്പോൾ ഇന്ത്യൻ (നോവലിൽ ബംഗാൾ) ഭൂമിയെ ജനങ്ങൾക്ക് സൗഭാഗ്യമേകുന്നവളായും അതേ സമയം ശത്രുക്കളെ നിഗ്രഹിക്കുന്ന ദുർഗയായും വാഴ്‌ത്തുന്നു. സന്യാസിമാരുടെ ശത്രുക്കൾ വിദേശികളായ ബ്രിട്ടീഷുകാരും അവരുടെ കയ്യിലെ പാവനവാബായിരുന്ന മിർകാസിമും ആയിരുന്നു എന്നോർക്കണം. അതായത് ഇന്ത്യൻ ജനതയുടെ ഏകോപനത്തെ മുസ്ലീം വിരുദ്ധതയും വിദേശി വിരുദ്ധതയും ആക്കി മാറ്റുകയാണ് ഈ ഗാനം ചെയ്യുന്നത്. ഈ ഗാനം കോൺഗ്രസ് മാത്രമല്ല, മുസ്ലീം ലീഗ് കൂടി അംഗീകരിക്കുന്ന അവസ്ഥയാണിപ്പോൾ.

നാല്
സ്വത്വ രാഷ്ട്രീയത്തെ വർഗീയതയുടെ തുടർച്ചയായി ചിത്രീകരിക്കുന്നവരുണ്ട്. ജനകീയ പോരാട്ടങ്ങളെ തകർക്കുന്ന വിഭജന തന്ത്രമാണ് സ്വത്വരാഷ്ട്രീയം എന്നതാണ് ഇവരുടെ വാദം.
എന്നാൽ സ്വത്വ രാഷ്ട്രീയം അതു മാത്രമല്ല അത് ദേശത്തെയും സമൂഹത്തെയും ധാർമ്മികതയെയും നീതിയെയും ജനാധിപത്യത്തെയും പുനർനിര്‍വ്വചിക്കുന്ന മുതലാളിത്തം ലോകമാസകലം അംഗീകരിക്കുന്ന ആശയ സംഹിതയാണ്. നിലവിലുള്ള ബൂർഷ്വാ ഭരണാധികാര രൂപങ്ങൾക്കെതിരായ ഏതു മുന്നേറ്റത്തെയും തകർക്കുന്നതിന് ജനങ്ങളുടെ ഇടയിൽ സ്വാധീനം ചെലുത്തുന്ന വംശത്തിൻ്റെയും മതത്തിൻ്റെയും ജാതിയുടെയും പ്രാദേശികവാദത്തിൻ്റെയും ജെൻഡറിൻ്റെയും ഗോത്രത്തിൻ്റെയും ഏത് ആശയത്തെയും ഉപയോഗിച്ച്, പോരാടുന്ന ജനതയ പുറന്തള്ളുകയും അവരെ അടിച്ചമർത്തുകയും ചെയ്യുന്ന നീചമായ ധ്വംസനരൂപമാണിത്. ഹിറ്റ്ലറിൻ്റെ ജൂത കൂട്ടക്കൊലമുതൽ ഗാസയിലെ വംശനാശവും ഇന്ത്യയിൽ ഗുജറാത്തിലെ വംശഹത്യയുമടക്കം നിരവധി അവസരങ്ങളിൽ സ്വത്വരാഷ്രീയം ധ്വംസനരൂപമായിട്ടുണ്ട്. സ്വത്വരാഷ്ട്രീയം നിലനിൽക്കുന്ന എല്ലാ ഇടങ്ങളിലും ഈ ധ്വംസന പ്രക്രിയ ഏതെങ്കിലും രൂപത്തിൽ തുടരാനാണ് സാധ്യത. അതിനാവശ്യമായ ഉൾപിരിവുകളും ശത്രുതയും നശീകരണ ക്ഷമതയും നാശം കാണുമ്പോൾ ഉള്ള ഉന്മാദവും ഇപ്പോൾ തന്നെ സ്വത്വ രാഷ്ട്രീയം സൃഷ്ടിക്കുന്നുണ്ട്. ഇതു തന്നെയാണ് നവഫാസിസമായി മാറുന്നത്. ജനാധിപത്യത്തെയും നീതിയെയും ഔപചാരിക തലത്തിൽ അംഗികരിക്കുകയും ഓരോ തലത്തിൽ ഹിംസയുടെയും നശീകരണത്തിൻ്റെയും സാധ്യതകൾ നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ രൂപമാണ് സ്വത്വരാഷ്ട്രീയം സ്വീകരിച്ചുപോരുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം അതിൻ്റെ തീവ്രരൂപമാണ്. മറ്റുള്ള മതസാമുദായികരാഷ്ട്രീയങ്ങളും ഏറെ പിറകിലല്ല. ഇന്ന് ലോകത്തിലും ഇന്ത്യയിലും ആധിപത്യം പുലർത്തുന്ന കോർപറേറ്റ് സാമ്രാജ്യത്വ ആധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വർഗപരമായ ഐക്യത്തെ ശിഥിലീകരിക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്.
സ്വത്വരാഷ്ട്രീയം എല്ലാകാലത്തും നിരന്തരമായി ആക്രമിച്ചിട്ടുള്ളത് വർഗ രാഷ്ട്രീയത്തെയാണ് എന്നാൽ പോരാടുന്ന ജനവിഭാഗങ്ങളുടെ സ്വപ്നസാക്ഷാൽക്കാരം സ്വത്വരാഷ്ട്രീയത്തിലുടെ സാധിക്കുന്നില്ല എന്നത് ചരിത്രപരമായ അനുഭവമാണ്. സാമ്രാജ്യത്വത്തിൻ്റെ പൂർണകൂട്ടാളിയായ ഇസ്രയേലിനാണ് ഒരു പരിധി വരെ ഇത് സാധിച്ചത്. അവിടെ വിജയിച്ചത് സാമ്രാജ്യത്വമാണ്, സ്വത്വരാഷ്ട്രീയമല്ല. ഇതു തന്നെയാണ് തുർക്കിയെ പോലുള്ള മറ്റുപ്രദേശങ്ങളുടെയും അനുഭവം. ഇന്ത്യയിലും വിജയിക്കുന്നത് അദാനിമാരാണ്, സ്വാമിമാരല്ല. ഉൾപ്പെടുത്തൽ എന്ന രീതിയിൽ ഔപചാരികമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും നൽകാൻ മുതലാളിത്തം തയ്യാറാകും. അവരുടെ സംഘടിത പോരാട്ടങ്ങളെ തകർക്കുന്നതിനും ഇതേതരത്തിലുള്ള പ്രാതിനിധ്യത്തെ ഉപയോഗിക്കുകയും ചെയ്യും. കോർപ്പറേറ്റ് ശക്തികളുടെ ആശയസംഹിതയും പ്രവർത്തന രൂപവുമായി സ്വത്വരാഷ്ട്രീയം മാറുന്നത് അങ്ങനെയാണ് . അതുകൊണ്ടു തന്നെയാണ് ജനങ്ങളുടെ മോചനപ്പാത വർഗസമരങ്ങളിലുടെയാണ് എന്ന് വീണ്ടും ആവർത്തിക്കേണ്ടി വരുന്നത്.