സോഷ്യലിസത്തിന്റെ ഭാവി
വി ബി പരമേശ്വരൻ
നൂറ്റിഎഴുപത്തെട്ട് വർഷം മുമ്പ് കാൾ മാർക്സും എംഗൽസും ചേർന്ന് എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത് ഇങ്ങനെയാണ്. "യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു; കമ്യൂണിസമെന്ന ഭൂതം".ഇപ്പോൾ ഈ ഭൂതം പിടികൂടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തിയായ അമേരിക്കൻ ഭരണകൂടത്തെയും അതിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയുമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസത്തിന് ചരമക്കുറിപ്പെഴുതി ആഹ്ലാദിച്ചവർ ഇപ്പോൾ പറയുകയാണ് ആ പ്രത്യയശാസ്ത്രം ഇപ്പോഴും "മാരകമായ ഭീഷണിയാണെന്ന്". സോഷ്യലിസത്തെ അപലപിക്കുന്ന ഒരു പ്രമേയം തന്നെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടി അംഗങ്ങൾ അമേരിക്കൻ കോൺഗ്രസിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച് പാസ്സാക്കുകയുണ്ടായി. "ചുകപ്പ് ഭീതി" പരത്തി 2026 നവംബറിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനാണ് ട്രംപിന്റെ ശ്രമം. എല്ലാ രൂപത്തിലുമുള്ള സോഷ്യലിസത്തെയും അപലപിക്കുന്നതും തള്ളിപ്പറയുന്നതുമായ പ്രമേയമാണ് 192 നെതിരെ 220 വോട്ടിന് കോൺഗ്രസിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ലോക ചരിത്രത്തിൽ നാശം വിതച്ച പ്രത്യയശാസ്ത്രമാണ് സോഷ്യലിസമെന്നും അതിന്റെ അടുത്തപടി അടിച്ചമർത്തലിനും പട്ടിണിക്കും കൊലപാതകങ്ങൾക്കും പേരുകേട്ട കമ്യൂണിസമാണെന്നും" കുറ്റപ്പെടുത്തിയുള്ള പ്രമേയമാണ് കോൺഗസ് അംഗീകരിച്ചത്. സാമ്പത്തിക അസമത്വത്തെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും സംസാരിക്കുന്നതുപോലും അമേരിക്കൻ സാമ്രാജ്യത്വത്തെ, കോർപറേറ്റ് മുതലാളിത്തത്തെ ഭയപ്പെടുത്തുന്നുവെന്ന സന്ദേശമാണ് ഈ പ്രമേയം നൽകുന്നത്. അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള വലതുപക്ഷ-തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങൾ, ട്രംപ് മുതൽ മോഹൻ ഭാഗവത് വരെയുള്ള അതിന്റെ നേതാക്കൾ, മുഖ്യശത്രുവായി കരുതുന്നത് ഇടതുപക്ഷത്തെയാണെന്നത് കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന്റെ കരുത്തിനെയാണ് വിളിച്ചോതുന്നത്.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന്റെ ഭാഗമായി ജൂലായ് മൂന്നിന് മൗണ്ട് റഷ് മോറിലും ജൂലായ് നാലിന് വാഷിങ്ങ്ടണിലെ നാഷനൽ മാളിലും നടത്തിയ പ്രസംഗങ്ങളിലാണ് ട്രംപ് കമ്യൂണിസത്തിൽ നിന്നും അമേരിക്കയെയും ലോകത്തെയും രക്ഷിക്കണമെന്ന ആഹ്വാനം ചെയ്തത്. മൗണ്ട് റഷ്മോറിലെ അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ 14 തവണയാണ് കമ്യൂണിസം എന്ന പദം ട്രംപ് ഉപയോഗിച്ചത്. റോയിട്ടർ റിപ്പോർട്ട് ചെയ്തത് രണ്ടാഴ്ചക്കുള്ളിൽ 81 തവണയാണ് ട്രംപ് ഈ പദം ഉപയോഗിച്ചതെന്നാണ്. കമ്യൂണിസത്തെ അർബുദത്തോടും പ്ലേഗിനോടും ഉപമിച്ച ട്രംപ് കാൾ മാർക്സിന്റെ ആശയങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും (സി പി യു എസ് എ) ഡെമോക്രാറ്റിക്ക് പാർട്ടിയിലെ പുരോഗമനപക്ഷമായ സെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും അമേരിക്കൻ റിപ്പബ്ലിക്കിന് അസ്തിത്വഭീഷണി ഉയർത്തുകയാണെന്ന് വിലപിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഒരേ സമയം മാർക്സിനോടും രാജ്യത്തോടും കൂറുള്ളവരായി ഇരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കമ്യൂണിസ്റ്റാർക്ക് രാജ്യസ്നേഹികളാകാൻ കഴിയില്ലെന്ന പതിവ് ഫാസിസ്റ്റ് പല്ലവിയും ആവർത്തിച്ചു. അമേരിക്കയെ സംബന്ധിച്ച് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളേക്കാളും പേൾ ഹാർബർ, 9/11 സംഭവങ്ങളേക്കാളും വലിയ ഭീഷണിയാണ് കമ്യൂണിസമെന്നും ട്രംപ് പറഞ്ഞു.- കമ്യൂണിസമെന്നു പറഞ്ഞാൽ വാടകയില്ലാതെ വീടുനൽകലും സൗജന്യമായി ഭക്ഷണം നൽകലുമാണെന്ന് പരിഹസിക്കാനും ട്രംപ് മറന്നില്ല.
കമ്യൂണിസത്തിനെതിരായ ട്രംപിന്റെ ജൽപനങ്ങൾ ഇതാദ്യമല്ല. 2017ലെ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജിയിലും 2019 ലെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലും ഈ കമ്യൂണിസ്റ്റ് വിരോധം തികട്ടിവരുന്നത് കാണാം. 2023 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞത്, വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ കമ്യൂണിസ്റ്റുകാരെ നാടുകടത്തുമെന്നാണ്. കഴിഞ്ഞവർഷം വീണ്ടും അധികാരത്തിൽ വന്ന ഉടൻ തന്നെ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ) എന്ന തീവ്രവലതുപക്ഷ ആശയത്തെ അംഗീകരിക്കാത്ത എല്ലാവരെയും ഭീകരവാദികളായി ചിത്രീകരിച്ച് ഇരുമ്പഴിക്കുളിലാക്കാനുള്ള നീക്കം ട്രംപ് ആരംഭിച്ചു. നാഷണൽ സെക്യൂരിറ്റി പ്രസിഡൻഷ്യൽ മെമ്മോറാണ്ടം 7 (എൻ എസ് പി എം -7) ഇതിന്റെ ഭാഗമാണ്. 1940 ലെ സ്മിത്ത് ആക്ട്, 1947 ലെ ടാഫ്റ്റ് - ഹാർട്ലി ആക്ട്, 1950 ലെ മക്കാരൻ ആക്ട്, 1954 ലെ കമ്യൂണിസ്റ്റ് കൺട്രോൾ ആക്ട് എന്നീ കരിനിയമങ്ങളെ അനുസ്മരിപ്പിക്കുന്ന നീക്കമാണിത്. പലസ്തീൻ അനുകൂല പ്രതിഷേധവും കുടിയേറ്റ വിരുദ്ധതയുടെ പ്രതീകമായ അമേരിക്കയിലെ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്മെന്റ് (ഐസി ഇ) വിരുദ്ധ പ്രക്ഷോഭവും മറ്റും കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടാകുന്നതാണെന്നാണ് ആക്ഷേപം. 1950 കളിൽ ജോസഫ് മെക്കാർത്തി എന്ന സെനറ്ററുടെ നേതൃത്വത്തിൽ ഇടതുപക്ഷ ഭീകരവാദം അവസാനിപ്പിക്കാൻ എന്നുപറഞ്ഞ് നടന്ന കമ്യൂണിസ്റ്റ് വേട്ടയെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് ട്രംപിൽ നിന്നും ഉണ്ടാകുന്നത്.
ട്രംപിന്റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ ജൽപ്പനങ്ങൾക്ക് എന്താണ് കാരണം? കമ്യൂണിസ്റ്റ് പാർടി ഓഫ് യു എസ് എ (സി പി യു എസ് എ)യുടെ വളർച്ചയൊന്നുമല്ല കാരണമെന്ന് വ്യക്തം. 11,000 അംഗങ്ങൾ മാത്രമുള്ള ചെറിയ പാർടിയാണിത്. സംഘടനാപരമായി ശേഷിയില്ലെങ്കിലും അക്കാദമിക് മേഖലകളിലും പ്രത്യയശാസ്ത മണ്ഡലത്തിലും കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനം തള്ളിക്കളയാനാകില്ല. ഏതായാലും മൗണ്ട് റഷ്മോർ പ്രസംഗത്തിൽ റിപ്പബ്ലിക്കിനുള്ള ഭീഷണിയായി കമ്യൂണിസ്റ്റ് പാർടിയെയും ട്രംപ് ഉൾപ്പെടുത്തിയത് ആ പാർട്ടിക്കുള പരിമിതമെങ്കിലും ശ്രദ്ധേയമായ സാന്നിധ്യമാണ് തെളിയിക്കുന്നത്. "അയ്യോ, എന്തൊരത്ഭുതം നമ്മൾ തിരിച്ചെത്തി " എന്ന സി പി യു എസ് എ യുടെ ചെയർമാൻമാരിൽ ഒരാളായ ജോയ് സിംസിന്റെ പ്രതികരണത്തിൽ നിന്നും ഈ വസ്തുത വായിച്ചെടുക്കാം. ട്രംപ് പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് മുതലാളിത്തം കൊള്ളലാഭം ലക്ഷ്യമാക്കുമ്പോൾ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാണ് കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാർട്ടികൾ മുന്നിട്ടിറങ്ങുന്നത്. സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തി കുറഞ്ഞ വാടകക്ക് വീടും ഭക്ഷ്യവസ്തുക്കളും നൽകണമെന്നും എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും സൈനിക ബജറ്റും ഇസ്രയേലിനുള്ള ആയുധ സഹായവും വെട്ടി കുറക്കണമെന്നുമാണ് കമ്യൂണിസ്റ്റ് പാർടി വാദിക്കുന്നത്. കോർപറേറ്റുകളുടെ കൊള്ളലാഭം കുറച്ച് ജനക്ഷേമത്തിൽ ഊന്നണമെന്ന ഈ ആശയമാണ് അമേരിക്കൻ കോർപറേറ്റ് മുതലാളിത്തത്തിന്റെ പ്രതീകമായ ട്രംപിനെയും വലതുപക്ഷ ശക്തികളെയും പ്രകോപിപ്പിക്കുന്നത്.
സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അമേരിക്കയിലും പ്രിയമേറുന്നു
ഇടതുപക്ഷ ആശയങ്ങൾക്ക് അമേരിക്കയിൽ സ്വീകാര്യത വർധിക്കുകയാണെന്നത് മുതലാളിത്ത ദാസന്മാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. ട്രംപിനെ പിന്തുണക്കുന്ന "ഫോക്സ് ന്യൂസ്" മാർച്ചിൽ പ്രസിദ്ധികരിച്ച ഒരു സർവെ റിപ്പോർട്ട് അനുസരിച്ച് സോഷ്യലിസ്റ്റ് ആശയങ്ങളെ അമേരിക്കയിലെ 38 ശതമാനം പേർ പിന്തുണക്കുന്നതായി കണ്ടെത്തി. "ഗാലപ്" നടത്തിയ മറ്റൊരു സർവെയിൽ 39 ശതമാനം പേരും ഇതേ സർവെയിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ 66 ശതമാനം പേരും മുതലാളിത്തത്തെക്കാൾ നല്ലത് സോഷ്യലിസമാണെന്ന് അഭിപ്രായപ്പെട്ടു. സ്വതന്ത്രരായി നിൽക്കുന്നവരിൽ 51 ശതമാനവും സോഷ്യലിസത്തെയാണ് പിന്തുണച്ചത്. കാറ്റോ ഇൻസ്റ്റിറ്റൂട്ട് നടത്തിയ മറ്റൊരു പഠനത്തിൽ 30 വയസ്സിന് താഴെയുള്ളവരിൽ 38 ശതമാനവും സോഷ്യലിസമാണ് മുതലാളിത്തത്തേക്കാൾ മെച്ചമെന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ഇപ്പോഴും മുതലാളിത്തം എന്ന ആശയപദ്ധതിക്കൊപ്പമാണെങ്കിലും സോഷ്യലിസത്തിന് അമേരിക്കയിൽ ജനപ്രീതി കൂടുന്നുവെന്നത് ട്രംപിനെയും തീവ്രവലതുപക്ഷത്തെയും അലോസരപ്പെടുത്തുന്നുണ്ട്. ആ വികാരമാണ് ട്രംപ് പ്രകടിപ്പിക്കുന്നത്.
ട്രംപിന്റെ നയങ്ങളിൽ നിന്നും ഏറെ വ്യത്യാസമൊന്നുമില്ലാത്ത, ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനപക്ഷമെന്ന് വിളിക്കാവുന്ന, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കക്ക്(ഡി എസ് എ )ലഭിക്കുന്ന വർധിച്ച അംഗീകാരവും ട്രംപിനെ ഭയപ്പെടുത്തുന്നുണ്ട്. വെർമോണ്ടിൽ നിന്നുള്ള സെനറ്ററായ ബെർണി സാൻഡഴ്സും ന്യൂയോർക് മേയർ സൊഹ്റാൻ മംദാനിയും മറ്റും പിന്തുണക്കുന്നവർ കോൺഗ്രസ് പ്രൈമറികളിൽ ഡെമോക്രാറ്റിക്ക് പാർടി സ്ഥാനാർഥികളായത് പുരോഗമന പക്ഷത്തിന് വൻ അംഗീകാരം ലഭിക്കുന്നുവെന്നതിന്റ സൂചനയാണ്. ന്യൂയോർക്കിൽ മംദാനി പിന്തുണച്ച മൂന്നുപേർ സെമോക്രാറ്റിക് പാർടി സ്ഥാനാർഥികളായി. കൊളറാഡോ, കെന്റക്കി, ഒഹയോ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിലും ഇതാവർത്തിച്ചു. ഇസ്രയേൽ ലോബി പിന്തുണച്ച സ്ഥാനാർഥികളാണ് സെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടത്. ഇസ്രയേലിനെതിരെ, ഇനറാനെതിരെയുള്ള യുദ്ധത്തിനെതിരെ, ട്രംപിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയവർക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇതുകൊണ്ടാണ് ഡെമോക്രാറ്റിക് പാർടി കമ്യൂണിസ്റ്റ് പാർടിയായി മാറിയെന്ന അസംബന്ധം ട്രംപ് പറയുന്നത്. ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുമെന്നും സോഷ്യലിസ്റ്റ് ഘട്ടത്തിലേക്കുള്ള പ്രയാണം ഇനിയില്ലെന്നും പറഞ്ഞ് ആഹ്ളാദിച്ചവരാണ് ഇപ്പോൾ അമേരിക്കയെ പോലും കമ്യൂണിസം കീഴ്പ്പെടുത്തുകയാണെന്ന് വിലപിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റാനുള്ള ആശയമായി സോഷ്യലിസവും കമ്യൂണിസവും നിലനിൽക്കുമെന്ന വസ്തുതയ്ക്കാണ് ഇത് അടിവരയിടുന്നത്.
ബിഗ് ത്രീ സ്ട്രൈക്ക് ഉണർത്തിവിട്ട ചലനങ്ങൾ
കമ്യൂണിസത്തിനെതിരെ അമേരിക്കയിൽ ഭരണാധികാരികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രചണ്ഡമായ പ്രചാരണങ്ങൾക്ക് അടിസ്ഥാന കാരണം സാമ്പത്തിക അസമത്വത്തിനും കൂലിക്കുറവിനും ആനുകൂല്യങ്ങളുടെ നിരാസത്തിനും എതിരെ അമേരിക്കയിൽ വളർന്നു വരുന്ന ചെറുതും വലുതുമായ തൊഴിലാളി സമരങ്ങളാണ്. ഒരു തരത്തിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത തൊഴിലാളികളും ജീവനക്കാരും സമര പതാക ഉയർത്തുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തെ (2023 - 25 ) കണക്ക് എടുത്താൽ മാത്രം അമേരിക്കയിൽ 94 പ്രധാന പണിമുടക്കുകൾ ഉണ്ടായി. 2023 ഒക്ടോബറിലെ സർവെ അനുസരിച്ച് അമേരിക്കയിലെ 71 ശതമാനവും (പത്തിൽ ഏഴ് പേർ) ലേബർ യൂണിയനുകളെ അംഗീകരിക്കുന്നവരാണ്. 2023 ൽ ഇക്കോണമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഒരു യൂണിയനിലും പെടാത്ത 48 ശതമാനം പേരും തങ്ങളുടെ സ്ഥാപനങ്ങളിൽ യൂണിയൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അമേരിക്കയിൽ ഉയരുന്ന പൊതുബോധത്തിന്റെ സൂചിക കൂടിയാണിത്.
കഴിഞ്ഞ മൂന്നു വർഷത്തിനകം അമേരിക്കയിൽ നടന്ന ഏറ്റവും പ്രധാന പണിമുടക്കാണ് മൂന്ന് ഭീമൻ ഓട്ടോ കമ്പനികളിൽ 2023 ൽ 46 ദിവസം നടന്ന പണിമുടക്ക്. "ബിഗ് ത്രീ സ്ട്രൈക്ക്" എന്നപേരിലാണ് ഈ പണിമുടക്ക് അടയാളപ്പെടുത്തപ്പെട്ടത്. അമേരിക്കൻ കോർപറേറ്റ് താൽപര്യത്തിനും ഭരണവർഗ നയങ്ങൾക്കും കീഴടങ്ങുന്നതിൽ കുപ്രസിദ്ധി നേടിയ യുനൈറ്റഡ് ഓട്ടോ വർക്കേഴ്സിനാണ്(യു എ ഡബ്ള്യു ) ഇത്തരമൊരു വൻ പണിമുടക്കിലേക്ക് പോകേണ്ടി വന്നത്. ഇന്റർനാഷണൽ ബ്രദർ ഹൂഡ് ഓഫ് ടീംസ്റ്റേഴ്സിലും യുനൈറ്റഡ് ഓട്ടോ വർക്കേഴ്സിന്റെയും തലപ്പത്തുണ്ടായിരുന്ന കോർപറേറ്റ് അനുകൂല, അഴിമതിക്കാരായ നേതൃത്വത്തിൽ മാറ്റമുണ്ടായതും ഈ പണിമുടക്കിന് ഇന്ധനം പകർന്നു. അമേരിക്കയിലെ വൻകിട ഓട്ടോ നിർമാതാക്കളായ ഫോർഡ് (മിഷിഗൺ), ജനറൽ മോട്ടേഴ്സ് (മിസ്സൗറി ), സ്റ്റെല്ലാന്റിസ് (ഒഹിയോ) എന്നീ കമ്പനികളിലാണ് പണിമുടക്ക് നടന്നത്. 2023 സെപ്തംമ്പർ 15 ന് തുടങ്ങി 46 ദിവസം നീണ്ട പണിമുടക്ക് വൻ വിജയത്തിലാണ് കലാശിച്ചത്. ഒന്നര ലക്ഷത്തോളം തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഓട്ടോ വ്യവസായങ്ങൾ സംരക്ഷിക്കാനായി തൊഴിലാളികൾ പല വിട്ടുവീഴ്ചകൾക്കും യു എ ഡബ്ള്യു വിന്റെ നേതൃത്വത്തിൽ തയ്യാറായിരുന്നു. കൂലി കുറയ്ക്കാനും പുതിയ തൊഴിലാളികൾ പെൻഷൻ ഉപേക്ഷിക്കാനും ലഭിച്ചു വന്ന ആനുകൂല്യങ്ങളിൽ കുറവുവരുത്താനും തയ്യാറായി. വർഷങ്ങൾ കഴിഞ്ഞതോടെ ഓട്ടോ വ്യവസായങ്ങൾ പ്രതിസന്ധി മറികടക്കുകയും ദശലക്ഷകണക്കിന് ഡോളർ ലാഭം കുന്നുകൂട്ടുകയും ചെയ്തു. എന്നാൽ തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും തിരിച്ചു നൽകാൻ ഉടമകൾ വിസമ്മതിച്ചു. ഈ ഘട്ടത്തിലാണ് മൂന്നു യൂണിറ്റുകളിലെയും തൊഴിലാളികൾ പണിമുടക്കാൻ തയ്യാറായത്. കൂലിയിൽ 40 ശതമാനം വർധന, ഘട്ടങ്ങളിലായി കൂലി നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുക, മെച്ചപ്പെട്ട പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുക, ആഴ്ചയിൽ 32 മണിക്കൂർ ജോലി- നാലു ദിവസം ജോലി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്. ആദ്യം മൂന്ന് യൂണിറ്റുകളിലെ 12700 തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തതെങ്കിൽ തുടർന്ന് കമ്പനികളുടെ മറ്റ് അസംബ്ലി പ്ലാന്റുകളിലേക്ക് സമരം വ്യാപിച്ചു. കെന്റക്കിയിലെ ഫോർഡിന്റെ പ്ലാന്റിലെ 8700 തൊഴിലാളികളും പണിമുടക്കിയതോടെ ആ പ്ലാന്റ് പൂർണമായും അടച്ചിട്ടു. അവസാനം 25 ശതമാനം കൂലിവർധനയും ജീവിതച്ചെലവിന് ആനുപാതികമായ കൂലി മാറ്റവും മെച്ചപ്പെട്ട റിട്ടയർമെന്റ് ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും നൽകാൻ ഉടമകൾക്ക് തയ്യാറാകേണ്ടി വന്നു.
ബിഗ് ത്രീ സമരവിജയം സമരങ്ങളുടെ ഒരു പരമ്പരക്ക് തന്നെ വഴിവെച്ചു. ഹോളിവുഡ് റൈറ്റേഴ്സും താരങ്ങളും പണിമുടക്കി. രണ്ട് ലക്ഷത്തോളം പേർ 118 ദിവസമാണ് സമരം നടത്തിയത്. ബോയിങ്ങ് കമ്പനിയിലെ 33000 തൊഴിലാളികളും യൂണിവേഴ്സിറ്റി ജീവനക്കാരും ജയിൽ ഗാർഡുമാരും ആരോഗ്യമേഖലയിലെ നഴ്സുമാരും ജീവനക്കാരും തുറുഖ തൊഴിലാളികളും പണിമുടക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്ത് 40000 അക്കാദമിക് വർകേഴ്സ് യൂണിയനുകൾ രൂപം കൊണ്ടു. മസാച്ചുസെറ്റ്സിലെ വൈൽഡ് കാറ്റ് സമരവും ചിക്കാഗോ ടീച്ചേഴ്സ് യൂണിയൻ (CTU) സമരവും ഇതിൽ പ്രധാനമാണ്. സിടിയു സംഘാടകൻ ബ്രാൻസൺ ജോൺസൺ പിന്നീട് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
ആമസോണിലും പണിമുടക്ക്
നവഉദാരവാദ നയത്തിന്റെ ചുവട് പിടിച്ച് ഉയർന്നു വന്ന പുതുതലമുറ ഭീമൻ കമ്പനികളിൽ തൊഴിലാളി യൂണിയനുകൾ ചുവടുറപ്പിക്കാൻ തുടങ്ങിയതും കോർപ്പറേറ്റ് മുതലാളിത്തത്തെ ഭയപ്പെടുത്തി. വാൾമാർട്ട്, ആമസോൺ, സ്റ്റാർബക്ക് എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികൾ സംഘടിക്കാനും സമരം ചെയ്യാനും തുടങ്ങിയത് തന്നെ ഉദാഹരണം. ഇവിടങ്ങളിൽ സംഘടിക്കാനും യൂണിയൻ രൂപീകരിക്കാനും കൂട്ടായ വില പേശലിനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പ്രധാനമായും സമരം നടന്നത്. ഉദാഹരണത്തിന് വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം ജെ എഫ് കെ8 എന്ന ആമസോൺ വെയർഹൗസിൽ തൊഴിലാളി യൂണിയനെ അംഗീകരിക്കാൻ ജെഫ് ബിസോസ് നിർബന്ധിതനായി. 5000 കോടി ഡോളർ ബിസിനസ്സുള്ള ഒരു സ്ഥാപനത്തിന്റെ ഒരു യൂണിറ്റിൽ 20 അംഗങ്ങൾമാത്രമുള്ള ഒരു യൂണിയന് അംഗീകാരം ലഭിച്ചുവെന്നത് ചരിത്രപരമായ സംഭവമാകുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. ആമസോൺ ഒന്നും ഉൽപാദിപ്പിക്കുന്നില്ലെങ്കിലും എവിടെയും സാധനങ്ങൾ എത്തിക്കുന്നത് അവരാണ്. ന്യൂ ഇക്കോണമിയുടെ പ്രതീകങ്ങളിൽ ഒന്നാണിത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരെയും കസ്റ്റമർ ആക്കിയാണ് അമസോൺ ഓൺലൈനായി റീട്ടെയിൽ ശൃംഖലയെ കയ്യടക്കിയത്. ആമസോൺ സൃഷ്ടിച്ചതിനേക്കാൾ ജോലി അവർ നഷ്ടപ്പെടുത്തിയെന്നതും തൊഴിലാളികളുടെ രോഷത്തിന് കാരണമാണ്. 2016 ലെ ഇൻസ്റ്റിറ്റൂട്ട് ഫോർ ലോക്കൽ സെൽഫ് റിലയൻസ് റിപ്പോർട്ടനുസരിച്ച് ആമസോൺ സൃഷ്ടിച്ചതിനേക്കാൾ 149000 തൊഴിൽ ആമസോൺ അമേരിക്കയിൽ മാത്രം നഷ്ടപ്പെടുത്തി. ചെറുകിട-വൻകിട സ്റ്റോറുകളെയും മാളുകളെയും പോസ്റ്റൽ സർവീസിനെയും ആമസോൺ ഓൺലൈൻ വിൽപന തകർത്തു. ആമസോൺ ഡെലിവറി തൊഴിലാളികൾ സബ് കോൺട്രാക്ട് വഴി നിയമിക്കപ്പെട്ടവരോ മണിക്കൂർ അടിസ്ഥാനത്തിൽ കൂലി ലഭിക്കുന്നവരോ ആണ്. സ്ഥിരം തൊഴിൽ ഇല്ലാത്തതിനാൽ യൂണിയൻവത്കരണത്തിന് എന്നും പുറത്താണ് അവർ. അമേരിക്കയിലെ ബ്ലൂ കോളർ തൊഴിലിടങ്ങളുടെ 13.2 ശതമാനവും ആമസോൺ റീട്ടെയിൽ ഫാക്ടറികളിൽ വർക്ക് ചെയ്യുന്നവരാണ്. അതായത് അമേരിക്കൻ തൊഴിലാളി വർഗത്തിന്റെ പുതിയ മുഖമാണ് ആമസോൺ തൊഴിലാളികൾ. 500 ൽ ആധികം വിതരണ യൂണിറ്റുകളുള്ള ആമസോണിന്റെ ഏതെങ്കിലും ഒരു യൂണിറ്റിൽ പണിമുടക്ക് നടന്നാൽ അതവരുടെ ബിസിനസ്സിനെ ബാധിക്കണമെന്നില്ല. എങ്കിലും ചിക്കാഗോയിലെ രണ്ട് വിതരണകേന്ദ്രത്തിൽ പണിമുടക്ക് നടന്നപ്പോൾ ഭൂരിപക്ഷം യൂണിറ്റുകളിലും അനുഭാവ പരിപാടികൾ നടന്നുവെന്നു മാത്രമല്ല "വേഗത്തിൽ ഡെലിവറി" എന്ന ആമസോൺ വാഗ്ദാനം നടപ്പിലാക്കുന്നതിന് കഴിയാതെ വരികയും ചെയ്തു. ഇതിന്റെ ഭാഗമായി ചില ആനുകൂല്യങ്ങൾ നേടാൻ തൊഴിലാളികൾക്ക് കഴിഞ്ഞു.
പുതുതലമുറ സ്ഥാപനങ്ങളും പുതിയ വിഷയങ്ങളും
വീട്, ഗതാഗതം, തൊഴിൽ സുരക്ഷ എന്നിവയാണ് പുതുതലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നം. മിനസോട്ടയിലെ സൊമാലി വനിതാ തൊഴിലാളികൾ ഉടമയോട് കുറഞ്ഞ വാടകക്ക് വീട് ലഭിക്കാൻ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയും അതിനായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വീട് നിർമാണത്തിന് വിട്ടു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അമേരിക്ക - മെക്സിക്കോ അതിർത്തിയിലെ ഒട്ടേ മെസ യൂണിറ്റ് തൊഴിലാളികൾ മെക്സിക്കോയിലെ ടിജുവാനിൽ താമസിച്ചാണ് ജോലിക്കെത്തുന്നത്. ദിനംപ്രതി 3-5 ഡോളർ യാത്രാ കൂലി നൽകണം. ഇതവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതേ തുടർന്ന് 600 ലധികം തൊഴിലാളികൾ ഉടമയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും അതിന്റെ ഫലമായി അതിർത്തിയിൽ നിന്നും ഫാക്ടറിയിലേക്ക് സൗജന്യ യാത്രാനുകൂല്യം നേടുകയും ചെയ്തു. തൊഴിലാളികൾ ഉയർത്തുന്ന മറ്റൊരു പ്രശ്നം ലിംഗ നീതിയാണ്. ആമസോണിൽ ഉൾപ്പെടെ സ്ത്രീ തൊഴിലാളികളാണ് കൂടുതൽ. അവർക്ക് അർധരാത്രിക്ക് ശേഷം തുടങ്ങുന്ന ഷിഫ്റ്റിൽ ജോലി ലഭിച്ചാൽ ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ സ്കൂളിൽ അയക്കാനും മറ്റും പ്രയാസം അനുഭവപ്പെടുകയാണ്. അതിനാൽ മോണിങ്ങ് ഷിഫ്റ്റിൽ സ്ത്രീ തൊഴിലാളികളെ ഒഴിവാക്കുക എന്നത് ട്രേഡ് യൂണിയനുകളുടെ പുതിയ ആവശ്യമാണ്.
ഹാവിയർ മിലേയെ വെല്ലുവിളിച്ച് തൊഴിലാളികൾ
അമേരിക്കയിൽ മാത്രമല്ല ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം വൻ തൊഴിലാളി - കർഷക പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. അർജന്റീനയിലെ ഹാവിയർ മിലെയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ നടപ്പിലാക്കിയ ചെലവുചുരുക്കൽ, സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയും തൊഴിലാളിവിരുദ്ധ തൊഴിൽ പരിഷ്കാരങ്ങൾക്കെതിരെയുമാണ് അർജന്റീനിയയിലെ തൊഴിലാളിവർഗം പൊരുതി നിൽക്കുന്നത്. ജോലിസമയം എട്ട് മണിക്കൂറിൽ നിന്നും 12 മണിക്കൂറായി ഉയർത്തുകയും പണിമുടക്കാനുള്ള അവകാശം പരിമിതപ്പെടുത്തുകയും കൂലി ചരക്കായും സേവനമായും നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന തൊഴിൽ പരിഷ്കാരത്തിനെതിരെയാണ് ഫെബ്രുവരി 18 ന് 24 മണിക്കൂർ പണിമുടക്ക്.
പോർട്ടുഗലിലെ ഗർജിക്കുന്ന തൊഴിലാളി വർഗം
തൊഴിലാളി - കർഷക പ്രക്ഷോഭത്തിന്റെ അഗ്നി യൂറോപ്പിലും പടർന്നു പിടിക്കുകയാണ്. ഈ വർഷം ഏറ്റവും പ്രക്ഷുബ്ധമായ സമരം നടന്നത് പോർട്ടുഗലിലാണ്.
നിയോലിബറൽ അനുകൂല തൊഴിൽ പരിഷ്കാരങ്ങൾക്കെതിരെയായിരുന്നു സമരം. ജൂൺ മൂന്നിന് ട്രാൻസ്പോർട്ട്, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുസർവീസ് എന്നീ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കി. ആറുമാസത്തിനകം പോർട്ടുഗലിൽ ഉണ്ടാകുന്ന രണ്ടാമത്തെ പണിമുടക്കായിരുന്നു ഇത്. 2025 ഡിസംബർ 11 നാണ് ആദ്യ പണിമുടക്ക് നടന്നത്. സെപ്തംബർ 20 നവംബർ 8 തീയതികളിൽ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ജനറൽ കോൺഫെഡറേഷൻ ഓഫ് പോർട്ടുഗീസ് വർക്കേഴ്സ് ( സിജി ടി പി ഐ എൻ ) നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് റെയിൽ, മെട്രോ, വിമാന ഗതാഗത മാർഗങ്ങൾ സ്തംഭിച്ചു. സ്കൂൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച പണിമുടക്ക് വ്യവസായ മേഖലയെ നിശ്ചലമാക്കി. തുറമുഖ പ്രവർത്തനത്തെയും ബാധിച്ചു. "ട്രബാൽ ഹോ പതിമൂന്ന്" എന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി നിലവിലെ തൊഴിൽ നിയമത്തിലെ 100 ആർട്ടിക്കളുകളിൽ മാറ്റം വരുത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഉൽപാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതമാക്കുക എന്ന ലക്ഷ്യമാണ് ഭേദഗതിക്ക് ഉള്ളതെന്നാണ് സോഷ്യൽ സെമോക്രാറ്റിക്ക് പാർടിയും പീപ്പിൾസ് പാർട്ടിയും ചേർന്നുള്ള കൂട്ടുകക്ഷി സർക്കാർ പറയുന്നത്. പോർട്ടുഗീസ് ബിസിനസ്സ് കോൺഫെഡറേഷന്റെ തിട്ടൂരമനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. ജനറൽ കോൺഫെഡറേഷൻ ഓഫ് പോർട്ടുഗീസ് വർക്കേഴ്സ് (സിജി ടി പി ഐ എൻ) നേതൃത്വത്തിലാണ് സിജി ടി പി ഐ എൻ ജനറൽ സെക്രട്ടറി ടിയാഗോ ഒലിവീരയുടെ വാക്കുകളിൽ തൊഴിലാളികളുടെ കൂട്ടായ വിലപേശലിനും പണിമുടക്കാനുള്ള അവകാശത്തിനും എതിരായ നീക്കമാണ് സർക്കാർ നടത്തിയത്. ഏതായാലും പണിമുടക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു.
ഫിൻലാൻഡിലും തൊഴിൽ നിയമ പരിഷ്കാരത്തിനെതിരെ വലിയ സമരങ്ങളാണ് നടന്നത്. ട്രാൻസ്പോർട്ട്, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും പണിമുടക്ക് നടത്തിയത്. നോർവെയിലെ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് ജീവനക്കാരും സമരരംഗത്ത് വരികയുണ്ടായി. ആഫ്രിക്കയിലെ കെനിയയിലും നൈജീരിയയിലും വൻ തൊഴിലാളി സമരങ്ങൾ ഉണ്ടായി. ഒ കിണറ കൊറിയയിലെ ഭീമൻ ഓട്ടോ കമ്പനിയായ ഹ്യൂണ്ടായിയിൽ ആഗസ്തിൽ പണിമുടക്ക് നടന്നു. നിർമിതബുദ്ധി, യന്ത്രവത്കരണം എന്നിവ ഉയർത്തുന്ന തൊഴിൽ സുരക്ഷാ ഭീഷണി ഉയർത്തിയാണ് പ്രക്ഷോഭം. വടക്കേ ഇന്ത്യയിലെ ഫാക്ടറികളിലും സമരകാഹളം ഉയർന്നു കഴിഞ്ഞു. 300 ലധികം വ്യവസായ സ്ഥാപനങ്ങളിലാണ് പണിമുടക്ക് നടന്നത്.
മരിക്കുന്നത് മുതലാളിത്തമോ?
മുതലാളിത്ത ചൂഷണം വർധിക്കുകയും കൂലി കുറയുകയും ജോലിഭാരം കൂടുകയും ചെയ്യുന്ന അസഹനീയമായ തൊഴിൽ സാഹചര്യത്തിനെതിരെ ലോകമെങ്ങും നടക്കുന്ന ഈ പ്രക്ഷോഭങ്ങൾ, സമരങ്ങളാണ് പ്രതീക്ഷ നൽകുന്നത്. ലോകമെങ്ങും ഇടതുപക്ഷം വേട്ടയാടപ്പെടുമ്പോഴും തെരുവുകളിൽ ഉയരുന്ന ഈ പോരാട്ടങ്ങളിലൂടെ ഇടതുപക്ഷം അതിന്റെ കരുത്ത് തെളിയിക്കുകയാണ്. സമത്വത്തിന്റെ തത്വശാസ്ത്രത്തെ പരാജയപ്പെടുത്താൻ ഒരു ഹിറ്റ്ലർക്കും കഴിയില്ലെന്നതുപോലെ ട്രംപിനും കഴിയില്ലെന്ന് വ്യക്തം. അമിത ആക്രമണാത്മതയും അമിത അടിച്ചമർത്തലും സ്വീകരിച്ചു മുന്നോട്ടു പോകുന്ന മുതലാളിത്തമാണ് മരിച്ചു കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തുന്നത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദനായ പ്രഭാത് പട്നായ്ക്കാണ്. നിയോ ഫാസിസ്റ്റ് മുഖംമൂടിയണിഞ്ഞും ജനാധിപത്യത്തെ തകർത്തെറിഞ്ഞും പുനർ കോളനീകരണം നടത്തിയും അന്ത്യശ്വാസം വലിക്കുന്ന മുതലാളിത്തത്തെ രക്ഷിക്കാനാവില്ലെന്നാണ് പട്നായ്ക്കിന്റെ വാദം. മുന്നേറാൻ എളുപ്പവഴികൾ ഇല്ലെങ്കിലും മുന്നേറുന്നത് ഇടതുപക്ഷം തന്നെയായിരിക്കും എന്ന വസ്തുതക്കാണ് പ്രഭാത് പട്നായ്ക്കും അടിവരയിടുന്നത്.
