സാങ്കേതികവിദ്യ, സമൂഹം, തൊഴിൽ

കെ. എസ്. രഞ്ജിത്

മനുഷ്യന്റെ കരങ്ങൾ അധ്വാനിക്കാനുള്ള ഒരു അവയവം മാത്രമല്ല, അത് അധ്വാനത്തിന്റെ ഉല്പന്നം കൂടിയാണ് 
- ഏംഗൽസ് 

ആമുഖം 


ആധുനിക സാങ്കേതിക വിദ്യകൾ സമ്പദ് വ്യസ്ഥയിലും തൊഴിൽ രംഗത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ പരമ്പരാഗത സാമ്പത്തിക ശാസ്ത്ര സങ്കല്പങ്ങൾ പലതിനെയും അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം ഉല്പാദനക്ഷമത വർധിപ്പിക്കും, സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും, തൊഴിൽ രംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കും. ഇതാണ് സാങ്കേതികവിദ്യയും ഉല്പാദനവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്ത. ഈ വാദത്തെ തിരിച്ചിടുകയാണെങ്കിൽ അതിനെ ഇങ്ങിനെയും വ്യാഖ്യാനിക്കാം. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കണമെങ്കിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉല്പാദനരംഗത്ത് കൂടുതൽ ഉപയോഗിക്കണം. 
ഈ സങ്കല്പങ്ങളെ ആധാരമാക്കിയ സാമ്പത്തിക മാതൃകകളെയാണ് നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രം മുന്നോട്ടു വെയ്ക്കുന്നത്. നോബൽ ജേതാവായ സോളോയും സ്വാനും ചേർന്ന് രൂപപ്പെടുത്തിയ സാമ്പത്തിക വികസനത്തിന്റെ മാതൃക ഇക്കാര്യത്തിൽ ഏറെ പ്രസിദ്ധമാണ്. സാമ്പത്തിക പ്രവർത്തിനാക്കം കൂട്ടുവാൻ മൂലധനത്തിന്റെ വർധനയ്ക്കൊപ്പം സാങ്കേതിക വിദ്യയുടെ വളർച്ചയും കൂടി കണക്കിലെടുക്കുന്ന ഒന്നാണ് ഈ മാതൃക. എങ്ങിനെയാണ് ഒരു സമ്പദ് വ്യവസ്ഥ വളരുകയും രാജ്യം അഭിവൃദ്ധിപ്പെടുകയും ചെയ്യുക എന്ന ചോദ്യത്തിന്റെ പരമമായ ഉത്തരമായി പൊതുവെ സ്വീകരിക്കപ്പെടുന്നത് ഈ മാതൃകയാണ്. എന്നാൽ സാമ്പത്തിക വളർച്ച ഉണ്ടാകുന്നതുകൊണ്ടുമാത്രം ജനജീവിതം അഭിവൃദ്ധിപ്പെടുന്നില്ല എന്നും അത് എല്ലാവര്‍ക്കും തൊഴിൽ നൽകുന്നതിൽ വിജയിക്കുന്നില്ല എന്നും സമീപദശകങ്ങളിലെ സ്ഥിതിവിവര കണക്കുകൾ തെളിയിക്കുന്നു. മാത്രവുമല്ല ഡിജിറ്റൽ യുഗത്തിൽ, ഉല്പാദന മേഖലയിലും സേവന മേഖലയിലും പുതുതായി കടന്നുവരുന്ന സാങ്കേതികവിദ്യകൾ ഗണ്യമായ തോതിൽ തൊഴിൽ മേഖലയിൽ വിപരീതഫലം ഉളവാക്കുന്നു എന്നും ലഭ്യമായ കണക്കുകൾ വെളിവാക്കുന്നു 
2008ൽ അതിഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ പാശ്ചാത്യ ലോകം അഭിമുഖീകരിച്ചു, ആഗോള മുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കൻ സമ്പദ് വ്യവസ്ഥ ഈ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. മുതലാളിത്തലോകത്ത് അടിക്കടിയുണ്ടാകുന്ന മാന്ദ്യങ്ങളുടെ പൊതുസ്വഭാവം അത് ആരംഭിച്ചുകഴിഞ്ഞാൽ ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുകയും തുടർന്ന് അതിൽ നിന്നും മോചനം നേടുകയും ചെയ്യുക എന്നതാണ്. ഉല്പാദന വളർച്ചയുടെ കാര്യത്തിൽ അമേരിക്കയും വികസിത മുതലാളിത്ത ലോകവും തിരിച്ചു കരകയറി. നിക്ഷേപങ്ങൾ തിരികെ വന്നു, ആഭ്യന്തരോത്പാദനം പൂർവസ്ഥിതിയിലെത്തി. പക്ഷേ തൊഴിൽ രംഗത്ത് കാര്യങ്ങൾ സംഭവിച്ചത് വ്യത്യസ്തമായിട്ടാണ്. 
മാന്ദ്യങ്ങൾ എല്ലായ്പ്പോഴും രൂക്ഷമായ തൊഴിലില്ലായ്മയെ സൃഷ്ടിക്കും. 2008 മാന്ദ്യ കാലത്തും അതുണ്ടായി. മെയ് 2007 നും ഒക്ടോബർ 2009 നും ഇടയിൽ തൊഴിലില്ലായ്മ 5. 7 ശതമാനം വർദ്ധിച്ചു. രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ഏറ്റവും വലിയ വർദ്ധനവായിരുന്നു ഇത്. പക്ഷേ ജൂൺ 2009 ൽ മാന്ദ്യം അവസാനിച്ചു എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷവും തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തത് പല സാമ്പത്തിക വിദഗ്ധരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010 ൽ വ്യവസായിക നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിന്റെ 95 ശതമാനത്തോളം വളർന്നു. പക്ഷേ മാന്ദ്യത്തിനുശേഷം അമേരിക്കൻ കമ്പനികൾ തൊഴിലാളികളെ പറഞ്ഞുവിടുന്നത് അവസാനിപ്പിച്ചുവെങ്കിലും പുതിയ തൊഴിലിലേക്ക് ആളുകളെ എടുക്കുന്ന പ്രക്രിയ പുനരാരംഭിച്ചില്ല. പുതിയ നിക്ഷേപങ്ങളത്രയും മൂലധന പ്രധാനമായതായിരുന്നു. ലളിതമായി പറഞ്ഞാൽ, കൂടുതല്‍ യന്ത്രങ്ങൾ വാങ്ങിക്കൂട്ടി, പക്ഷേ ആളുകളെ ജോലിക്ക് എടുക്കുന്നത് നിർത്തി. 
ഈ പ്രതിഭാസത്തിനെ മൂന്ന് രീതിയിൽ വിശദീകരിക്കുന്നുണ്ട്. ഒന്ന്, ഇത് കേവലം ചാക്രികമായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായ ഒന്നാണ്. അതിനാൽ തികച്ചും സ്വാഭാവികമാണ്. 2007 നു ശേഷം അമേരിക്കൻ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ വളരുന്നില്ല, അതിനാൽ കൂടുതൽ ആളുകളെ ജോലിക്കെടുക്കേണ്ടതില്ല. രണ്ട്, ഇത് കേവലമൊരു ചാക്രിക കുഴപ്പമല്ല, അമേരിക്കൻ സമ്പദ് വ്യവസ്ഥ ഒരു ദീർഘകാല മാന്ദ്യത്തിന്റെ പിടിയിലാണ്. ഇതിന് അടിസ്ഥാനപരമായ പല കാരണങ്ങളുമുണ്ട്. വൻതോതിലുള്ള സാങ്കേതിക നവീകരണങ്ങൾ കൊണ്ടും മറ്റ് പല നടപടികളിലൂടെയും ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. മൂന്ന്, തൊഴിലുല്പാദനത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന നിരീക്ഷണമാണ്. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവന്ന്, സാമ്പത്തിക വളർച്ച കൂട്ടി, തൊഴിലില്ലായ്മ പരിഹരിക്കാനാവും എന്ന പരമ്പരാഗത വിശ്വാസത്തിനു നേർ വിപരീതമായി, സാങ്കേതികവിദ്യയുടെ അമിതമായ പ്രയോഗങ്ങൾ ഉള്ള തൊഴിലിനെത്തന്നെ ഇല്ലാതാക്കും എന്ന നിരീക്ഷണമാണിത്. 
ജെർമി റിഫ്കിൻ 1995 ൽ 'End of Work' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇങ്ങിനെ നിരീക്ഷിക്കുന്നു “ ഇന്ന് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാങ്കേതിക മാറ്റങ്ങൾ ദശലക്ഷങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളി നീക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ യുഗം ആരംഭിച്ചിരിക്കുന്നു. വളരെ സങ്കീർണമായ സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകൾ, ഏതാണ്ട് സമ്പൂർണ്ണമായ തോതിൽ തൊഴിൽ രഹിതരുടെ ഒരു ലോകം സൃഷ്ടിച്ചേക്കും. കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലും സേവനമേഖലയിലും യന്ത്രങ്ങൾ അതിവേഗത്തിൽ മനുഷ്യനു പകരം വെയ്ക്കപ്പെടുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സമ്പദ് വ്യവസ്ഥകൾ ഏതാണ്ട് പൂർണമായും ഓട്ടോമേറ്റ് ചെയ്യപ്പെടും. അടുത്ത ദശകത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഇത് മാറാൻ പോവുകയാണ്“. റിഫ്കിന്റെ ഭാവനകൾ എത്ര കണ്ട് യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നുവെന്നത് ഒരു ചോദ്യമാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന യന്ത്രവും മനുഷ്യനും തൊഴിലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പല വസ്തുതകളും നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒരു വശത്ത് പുതിയ സാങ്കേതിക വിദ്യകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെയും മറുവശത്ത് ഇതേ സാങ്കേതിക വിദ്യകൾ സൃഷ്ടിച്ച തൊഴിലുകൾ തേടുന്നവരുടെയും ചരിത്രമാണ് യന്ത്രങ്ങൾ മനുഷ്യജീവിതത്തിലേക്ക്, ഉല്പാദനപ്രക്രിയയിലേക്ക് വ്യാപകമായി കടന്നുവന്നതിനു ശേഷമുള്ള കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ. 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉല്പാദന രംഗത്ത് യന്ത്രങ്ങൾ ദൃശ്യമേ ആയിരുന്നില്ല. എന്നാൽ ഈ നൂറ്റാണ്ടിന്റെമധ്യത്തോടെ കാര്യങ്ങൾ മാറിത്തുടങ്ങി. കൊയ്ത്തു യന്ത്രങ്ങളും, ഉരുക്ക് കലപ്പകളും ട്രാക്ടറുകളും രംഗത്ത് വന്നു. വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടെ എണ്ണത്തിൽ ഇതുണ്ടാക്കിയ മാറ്റങ്ങൾ വലുതായിരുന്നു. കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശതമാനം 1875 ൽ 53 ശതമാനമായിരുന്നത് 1900 ആയപ്പോഴേക്കും 40 ശതമാനവും 1940 ൽ 18 ശതമാനവും ആയി കുറഞ്ഞു. 2000 ൽ ഇത് കേവലം 2 ശതമാനം മാത്രമാണ് (പട്ടിക കാണുക). ഇതേ സമയം 1810 ൽ വ്യവസായിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം നാമമാത്ര സംഖ്യയിൽ നിന്നും (75000) മൊത്തം തൊഴിലെടുക്കുന്നവരുടെ മൂന്നിലൊന്നായി ഉയർന്നു. 1960 നും 1990 നുമിടയിൽ നിർമിത വസ്തുക്കളുടെ ഉല്പാദനം കണക്കറ്റ് പെരുകിയപ്പോഴും ഇതുണ്ടാക്കാനാവശ്യമായവരുടെ എണ്ണം പകുതിയായി കുറയുകയാണുണ്ടായത്. ഇതിനു സമാന്തരമായി സേവന മേഖലയിലുണ്ടായ വളർച്ചയാണ് തൊഴിൽ രംഗത്തെ മുന്നോട്ടു കൊണ്ടു പോയത്. 1870 ൽ 30 ലക്ഷം പേർ മാത്രം പണിയെടുത്തിരുന്ന സേവനമേഖലയിൽ 1990 ൽ 9 കോടി ജനങ്ങളാണ് പണിയെടുക്കുന്നത്. പക്ഷേ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ സേവന മേഖലയുടെ സ്ഥിതിയും മാറുകയാണ്. മുൻപ് നിർമ്മാണ മേഖലയിൽ സംഭവിച്ചതുപോലെ ഒരു കൈകൊണ്ട് തൊഴിൽ നൽകുകയും മറു കൈകൊണ്ട് തൊഴിൽ തിരിച്ചെടുക്കുകയുമാണ് സാങ്കേതിക വിദ്യകളുടെ വളർച്ച ഇവിടെയും ചെയ്യുന്നത്. ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവത്തോടെ ഇത് കൂടുതൽ തീവ്രമായിരുന്നു. ഇന്ന് നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഉൽപാദന പ്രവർത്തനങ്ങൾ ഇതിനെ കൂടുതൽ അനുഭവവേദ്യമാക്കിയിരിക്കുന്നു. 
മൂലധന താല്പര്യങ്ങൾ ആത്യന്തികമായി കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു ലോകത്ത്, യന്ത്രങ്ങളുമായുള്ള മത്സരത്തിൽ സാമൂഹിക ശ്രേണിയില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന സാധാരണ മനുഷ്യരുടെ താല്പര്യങ്ങൾ പിന്തള്ളപ്പെടുകയാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. പുതിയ സാങ്കേതിക വിദ്യകൾ ഒഴിവാക്കിക്കൊണ്ട് മനുഷ്യന് മുന്നോട്ടു പോകാനാവില്ല. അതേസമയം നവീന സാങ്കേതിക വിദ്യകളുടെ അതിവേഗ വളർച്ച കോടിക്കണക്കിന് മനുഷ്യരുടെ ജീവനോപാധികളെയും വേതനത്തെയും വിപരീതമായി ബാധിക്കുന്നുവെന്നത് ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു. 

2
നാലാം വ്യവസായിക വിപ്ലവം 


അതിശക്തമായ കമ്പ്യൂട്ടിങ് പവറുള്ള, പരസ്പരബന്ധിതമായ ശൃംഖലകളാൽ കണ്ണിചേർക്കപ്പെട്ട, മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന നൂറുകണക്കിന് കോടി മനുഷ്യർ, സ്വയം പഠിക്കാൻ ശേഷിയുള്ള കംപ്യൂട്ടറുകൾ, നിർമിതബുദ്ധിയിലേക്കു കുതിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, ഏതുപകരണത്തിനും കംപ്യൂട്ടറുകളുടെ ശേഷി പകർന്നു നൽകുന്ന ഐ ഓ ടി(Internet of things) സാങ്കേതിക വിദ്യകൾ,സ്വന്തമായി ഓടാൻ ശേഷിയുള്ള വാഹനങ്ങൾ, 3 D പ്രിന്റിങ്, നാനോ ടെക്നോളജി, ജനറ്റിക് എൻജിനീയറിങ്, ബ്ലോക്ക് ചെയിൻ സാങ്കേതികതകൾ, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിങ്ങനെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ ഒരു നിര കുറഞ്ഞ കാലയളവിനുള്ളിൽ രംഗപ്രവേശം ചെയ്തതാണ് നാലാം വ്യവസായിക വിപ്ലവമെന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തെ സാങ്കേതികമായി സാധ്യമാക്കിയ ഘടകങ്ങൾ.
ഈ സാങ്കേതിക വിദ്യകൾ പലതും അതിന്റെ ബാല്യദശ ഇനിയും പിന്നിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. പക്ഷേ ഇതിനകം തന്നെ ഇവയിൽ പലതും മനുഷ്യന്റെ ഭൗതികവും ജൈവികവും സാമൂഹികവുമായ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചു കഴിഞ്ഞു. 
ഉല്പാദനം, ഉപഭോഗം, വിതരണം എന്നിങ്ങനെ ഏതാണ്ടെല്ലാ മേഖലകളെയും ഇവ അടിമുടി മാറ്റിമറിച്ചുതുടങ്ങിയിരിക്കുന്നു. പുതിയ ബിസിനസ്സ് മാതൃകകൾ ഉയർന്നു വന്നിരിക്കുന്നു. ആമസോൺ, യൂബർ, സ്വിഗ്ഗി തുടങ്ങി കുതിച്ചുയരുന്ന എണ്ണമറ്റ ഓൺലൈൻ ബിസിനസ്സ് പ്ലാറ്റുഫോമുകൾ, പ്ലാറ്റ്ഫോം മുതലാളിത്തം (Platform capitalism) എന്ന് ഇന്ന് ഇവയെ പൊതുവെ വിളിക്കപ്പെടുന്നു, ഭരണകൂടം മുതൽ വിദ്യാലയങ്ങൾ വരെ മനുഷ്യൻ നിർമിച്ച എല്ലാത്തരം സ്ഥാപനങ്ങളെയും പുനർനിർമിക്കുകയാണ്. 
ഈ മാറ്റങ്ങളുടെ വ്യാപ്തിയും വേഗതയും അമ്പരപ്പിക്കുന്നതും നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്തതുമാണ്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായി മനുഷ്യ ജീവിതത്തെ പാടെ പുനർനിർമിക്കുന്ന ഈ മാറ്റങ്ങൾ വാർത്തെടുക്കുന്ന ഭാവി മനുഷ്യൻ ആരായിരിക്കും എന്നത് മറ്റൊരു വലിയൊരു ചോദ്യമാണ്. 

സാങ്കേതിക - സാമൂഹിക പുരോഗതിയുടെ ചരിത്രഘട്ടങ്ങൾ 


സാമൂഹികമായും സാമ്പത്തികമായും ഉണ്ടാകുന്ന വൻതോതിലുള്ള ഘടനാപരമായ മാറ്റങ്ങളെയാണ് നാം പൊതുവെ വിപ്ലവം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടന്ന്, കായ്കനികൾ ഭക്ഷിച്ചും പുഴകളിലെ ജലം കുടിച്ചും മൃഗതുല്യമായ ജീവിതം നയിച്ചു പോന്നിരുന്ന മനുഷ്യന്റെ ജീവിതത്തിൽ ആദ്യ വിപ്ലവത്തിന് നാന്ദികുറിച്ചത് കൃഷിയും വളർത്തു മൃഗങ്ങളുമാണ്. സ്വന്തമായി കൃഷി ചെയ്ത് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിച്ചു തുടങ്ങിയ ഈ ഘട്ടത്തിനെയാണ് കാർഷിക വിപ്ലവം എന്ന് വിളിക്കുന്നത്. ഏതാണ്ട് 10000 വർഷങ്ങൾക്ക് മുൻപാണ് ഇത് അരങ്ങേറുന്നത്. ഇതിനെ തുടർന്നാണ് വ്യവസായിക വിപ്ലവങ്ങൾ കടന്നുവരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, 1760 - 1840 കാലത്ത്, ആദ്യത്തെ വ്യവസായ വിപ്ലവം നടന്നു. യന്ത്രങ്ങൾ മനുഷ്യജീവിതത്തിലേക്ക്, അവന്റെ ഉല്പാദന രീതികളിലേക്ക് ഇതോടെ കടന്നു വന്നു. ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തവും അതുപയോഗിച്ചു പ്രവർത്തിക്കുന്ന കപ്പലുകളും റയിൽവെയും പുതിയ ലോകങ്ങൾ താണ്ടാൻ മനുഷ്യനെ സഹായിച്ചു. യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഉല്പാദനത്തിനു നാന്ദി കുറിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവുമായി, വൈദ്യുതി ഉപയോഗപ്പെടുത്തിയുള്ള വൻകിട ഉല്പാദനപ്രവർത്തനങ്ങൾ ആരംഭിച്ചു, ഫാക്ടറികൾ രൂപപ്പെട്ടു. വ്യവസായിക ഉല്പാദനപ്രവർത്തനങ്ങൾ പുതിയൊരു ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചു. ഇന്ന് നാം കാണുന്ന മനുഷ്യനെയും ദേശരാഷ്ട്രങ്ങളെയും ഇത് സൃഷ്ടിച്ചു. മുതലാളിത്ത യുഗത്തിന് നാന്ദികുറിക്കപ്പെട്ടു. രണ്ടാം വ്യവസായിക വിപ്ലവം എന്ന് ഈ കാലഘട്ടത്തിനെ വിളിക്കുന്നു. മൂന്നാം വ്യവസായിക വിപ്ലവമെന്ന് പൊതുവെ പറയുന്നത് 1960 കളോടെ ആരംഭിച്ച ഇലക്ട്രോണിക്സ് യുഗത്തെയാണ്. സെമി കണ്ടക്ടറുകളും മെയിൻഫ്രെയിം കംപ്യൂട്ടറുകളും രംഗത്തെത്തി. ഈ ഘട്ടത്തിന്റെ അവസാനത്തോടെ പേർസണൽ കംപ്യൂട്ടറുകളും ഇന്റർനെറ്റും കടന്നുവന്നു. ഇതിനും മീതെയാണ് നാലാം വ്യവസായിക വിപ്ലവം ഉയർന്നു വരുന്നത്. നേരത്തേ സൂചിപ്പിച്ച മൊബൈൽ സാങ്കേതികവിദ്യകളും ഹൈ സ്പീഡ് ഇന്റർനെറ്റ് സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും അടങ്ങുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ തീർത്തും നവീനമായ പുതിയൊരു ലോകത്തെ നിർമിക്കാൻ ആരംഭിച്ചു. 'സെക്കന്റ് മെഷീൻ ഏജ്' എന്നും ഇതിനെ വിളിക്കുന്നു. പുതിയ യന്ത്രങ്ങൾ മനുഷ്യന്റെ ഉടലിന്റെ തന്നെ ഭാഗമായി മാറി എന്നതാണ് ഇക്കാര്യത്തിലെ സുപ്രധാനമായ സവിശേഷത. ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു ശൃഖലയിൽ കണ്ണി ചേർക്കപ്പെട്ട കംപ്യൂട്ടറുകൾ അടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ മാത്രമല്ല നാലാം വ്യവസായിക വിപ്ലവത്തിന്റെ പ്രധാന സവിശേഷത. മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളിലേക്കും അവന്റെ തലച്ചോറിന്റെയും ജീനുകളുടേയുമൊക്കെ ദുരൂഹതകളിലേക്കും കടന്നു ചെല്ലാനും അവയെ ഡീകോഡ് ചെയ്യാനും സാധിച്ചു എന്നതും ഇതിൽ സുപ്രധാനമാണ്.

സാങ്കേതികവിദ്യയുടെ വളർച്ച എത്രത്തോളം ജനങ്ങളിലെത്തി 


എന്നാൽ ഈ സാങ്കേതിക വിദ്യകൾ വിവിധ സാമൂഹ്യ സാമ്പത്തിക അടരുകളിലായി, വളരെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി പരന്നു കിടക്കുന്ന മനുഷ്യരിൽ എവിടെയൊക്കെ എത്തി എന്നത് കൂടി അന്വേഷിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യകളുടെ കടന്നു വരവിനെപ്പറ്റി വാചാലരാകുന്ന പലരും പൊതുവെ വിസ്മരിക്കുന്ന ഒരു കാര്യമാണിത്. രണ്ടാം വ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങൾ, വൈദ്യുതി പോലുള്ളവ, അല്പം പോലും ഇനിയും പ്രാപ്തരല്ലാത്ത 130 കോടി മനുഷ്യർ,ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന്, ഇപ്പോഴും ലോകത്തുണ്ട് എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. 
മൂന്നാം വ്യാവസായിക വിപ്ലവം സൃഷ്ടിച്ച സാങ്കേതിക നേട്ടങ്ങൾ, ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിന്റെ ഭാഗമാവുക എന്നത്, 400 കോടി ജനങ്ങളിലേക്ക്, ലോക ജനസംഖ്യയുടെ പകുതിയിലേക്ക്, ഇനിയും എത്തിച്ചേർന്നിട്ടില്ല. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. സാങ്കേതികവിദ്യയുടെ വ്യാപനത്തെ ആരാണ് നിയന്ത്രിക്കുന്നത് ? 120 വർഷങ്ങൾ വേണ്ടി വന്നു നെയ്തു യന്ത്രങ്ങൾക്ക് യൂറോപ്പിനു പുറത്തേക്ക് എത്തിപ്പെടാൻ. സമീപകാലത്തു മാത്രം നമ്മുടെ നാട്ടിലെത്തിയ കൊയ്ത്തു യന്ത്രങ്ങൾ 50 വർഷങ്ങൾക്ക് മുൻപേ (1831) യൂറോപ്പിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ യൂറോപ്യൻ രാഷ്ട്രങ്ങളുടെ കോളനി രാജ്യങ്ങളിലൊരിടത്തും ഈ യന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നില്ല. കാരണം, യന്ത്രങ്ങൾക്കുവേണ്ടി മുതൽ മുടക്കുന്നതിനേക്കാൾ വളരെ ലാഭകരമായിരുന്നു, ഈ രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങളെക്കൊണ്ട് ആവശ്യമായ പണിയൊക്കെ എടുപ്പിക്കാൻ. 

നിർമിത ബുദ്ധിയുടെ കടന്നുവരവ് 


സാങ്കേതിക വിദ്യകളുടെ വളർച്ചയുടെ വേഗം നമുക്ക് സങ്കല്പിക്കാവുന്നതിലും വളരെ വലുതാണ്. രാജാവിനെ ചെസ്സുകളി പഠിപ്പിച്ച മിടുക്കൻ പ്രതിഫലമായി ചോദിച്ചു വാങ്ങിയ, ഓരോ കള്ളിയിലും പെരുകുന്ന അരിമണിയുടെ കണക്കുപോലെയാണ് ഈ വളർച്ച. ഓരോ അടുത്ത കള്ളിയിലും വെയ്ക്കുന്ന അരിമണികളുടെ എണ്ണം ഇരട്ടിയ്ക്കണമെന്ന ആവശ്യം അംഗീകരിച്ച രാജാവിന് ഒടുവിൽ രാജ്യം മുഴുവൻ നൽകേണ്ടിവന്നുവെന്നാണ് കഥ. (ഒന്നാമത്തെ കള്ളിയിൽ ഒന്ന് മാത്രമായിരുന്ന അരിമണിയുടെ എണ്ണം 32 മത്തെ കള്ളിയിലെത്തുമ്പോഴേക്കും 53,68,70,912 ഉം 64 മത്തെ കള്ളിയിലെത്തിയപ്പോഴേക്കും 23,05,84,30,09,21,36,90,000 ആയി മാറും) കംപ്യൂട്ടർ ചിപ്പുകളുടെ ശേഷിയിലെ വർധനയും സമാനമാണ്. കമ്പ്യൂട്ടിങ് പവർ ഓരോ രണ്ടുവർഷത്തിലും ഇരട്ടിക്കുമെന്നാണ് 'മൂർസ്' നിയമം പറയുന്നത്. കമ്പ്യൂട്ടിങ് പവറിന്റെ നിരന്തരമായ ഈ വർധന ഉണ്ടാക്കുന്ന മാറ്റങ്ങൾ നമുക്ക് മുൻകൂട്ടി വിഭാവനം ചെയ്യാൻ പറ്റുന്നതിനും അപ്പുറമായിരിക്കും. 
എളുപ്പം മനസിലാകുന്ന ഒരു ഉദാഹരണം കൂടി ഇവിടെ പറയാം. മണിക്കൂറിൽ 10 km വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാറിലാണ് നിങ്ങൾ എന്ന് സങ്കല്പിക്കുക. ഒരു മിനിറ്റ് പിന്നിടുമ്പോള്‍ സ്പീഡ് നേരെ ഇരട്ടിയാക്കുന്നു, 20 km/hr. അടുത്ത ഓരോ മിനിട്ടിലും ഇങ്ങനെ സ്പീഡ് ഇരട്ടിക്കുന്നു എന്നുവിചാരിക്കുക. അങ്ങിനെയെങ്കിൽ നാം ഓടിയെത്തുന്ന ദൂരം ആദ്യ മിനിറ്റിൽ 0.17 km, മൂന്നാമത്തെ മിനിറ്റിൽ 0. 67 km, അഞ്ചാമത്തെ മിനിറ്റിൽ 2. 67 km ആയിരിക്കും, കാർ അപ്പോൾ മണിക്കൂറിൽ 160 km/hr വേഗത്തിൽ എത്തും. ഈ പോക്ക് പോയാൽ പതിനൊന്നാമത്തെ മിനിറ്റിൽ 10240 km/hr സ്പീഡ് …തിരുവനന്തപുരത്തുനിന്നും പുറപ്പെടുകയായിരുന്നെങ്കിൽ പതിനൊന്നു മിനിറ്റിൽ കോട്ടയം, 13 മിനിറ്റിൽ കാസർഗോഡ്.
ഇതേ രീതിയിലാണ് കംപ്യൂട്ടറുകളുടെ ശേഷി 1950 കളിലെ ആദ്യകാല ഐ സി ചിപ്പുകളുടെ കാലത്തുനിന്നും വർധിച്ചിരിക്കുന്നത്, ഇന്നും വർധിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് മനസ്സിൽ വിഭാവന ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള വളർച്ചയാണിത്. നിർമിത ബുദ്ധിയെ സാധ്യമാക്കിയ ഏറ്റവും പ്രധാന ഘടകം കമ്പ്യൂട്ടിങ് പവറിൽ വന്നിരിക്കുന്ന ഈ വർധനയാണ്. 
മനുഷ്യന്റെ ചിന്താശേഷി തീർത്തും linear ആയ ഒന്നാണെങ്കിൽ സാങ്കേതിക വിദ്യകളുടെ വളർച്ച exponential ആണ്. അതിനാൽ ചെസ്സ് ബോർഡിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ പോലെ സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രവചനാതീതമായിരിക്കും. ഉല്പാദനശക്തികളുടെ ഈ വികാസത്തിനനുസരിച്ച്, വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യന്റെ സാമൂഹിക സംഘാടനത്തിലും അവന്റെ/അവളുടെ രാഷ്ട്രീയജീവിതത്തിലും വേണ്ടി വരുമെന്നുമാത്രം
നിർമിതബുദ്ധിയുടെ കടന്നു വരവ് ഏതളവുവരെയുള്ള മാറ്റങ്ങൾക്ക് വഴിതുറക്കും എന്നത് ഈ കാലഘട്ടത്തിലെ ഒരു സുപ്രധാന ചോദ്യമാണ്. യന്ത്രങ്ങളുടെ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കൊണ്ട് കാര്യങ്ങൾ ബുദ്ധിപൂർവം ആലോചിച്ചും നിരീക്ഷിച്ച് പഠിച്ചും പ്രവൃത്തി എടുക്കുന്ന യന്ത്രങ്ങൾ സാധ്യമാണ് എന്നാണ് നിർമിത ബുദ്ധിയുടെ വക്താക്കള്‍ പറയുന്നത്. യന്ത്രങ്ങളുടെ സ്വഭാവത്തിലെ ഗുണപരമായ ഒരു വിച്ഛേദനമാണിത്. പ്രവൃത്തിയെടുക്കാനുള്ള ശേഷിയിലെ ക്രമാനുഗതമായ ഒരു വർദ്ധനയല്ല ഇത്, ഗുണപരമായ മാറ്റമാണ്. തീർത്തും വ്യത്യസ്തമായ പുതിയൊരു യന്ത്രം രൂപപ്പെട്ടിരിക്കുന്നു - ചിന്തിക്കുന്ന യന്ത്രം, ആലോചനാശേഷിയുള്ള യന്ത്രം. മനുഷ്യനെപ്പോലെ ചിന്തിക്കാനും അവൻ/അവൾ ചെയുന്ന എല്ലാ ജോലികളും അതിനേക്കാൾ നൂറുമടങ്ങു വേഗത്തില്‍ ഭംഗിയായും ചെയ്യാനും കഴിയുന്ന ഒന്ന്. 
ഇതുവരെയുള്ള യന്ത്രങ്ങളൊക്കെ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിരുന്ന കാര്യങ്ങൾ നാം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് നിർവഹിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതിൽ നിന്നും പൂർണമായും മാറികൊണ്ട്, സയൻസ് ഫിക്ഷൻ നോവലുകളിൽ മാത്രം നാളിതുവരെ നാം പരിചയപ്പെട്ടിരുന്ന ഒരു സങ്കല്പ ജീവി, യന്തിരൻ, ഇതാ യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് നിര്‍മിതബുദ്ധിയുടെ ലോകം നമ്മോട് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്ന വാദമുഖങ്ങൾ ഇവയാണ്. 
ഒന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കമ്പ്യൂട്ടിങ് ടെക്നോളജി അഴിച്ചുവിടുന്ന സാങ്കേതിക വിപ്ലവം മാനവരാശിയെ അടിമുടി മാറ്റിത്തീർക്കും. 
രണ്ട്, ചിന്താശേഷിയുള്ള, കാര്യങ്ങൾ സ്വയം മനസിലാക്കി ചെയ്യാൻ ശേഷിയുള്ള, യന്ത്രങ്ങൾ നാളിതുവരെ മനുഷ്യർ ചെയ്തുപോന്നിരുന്ന പണികൾ അധികവും ഏറ്റെടുക്കും. ഈ ഓട്ടോമേഷൻ പ്രക്രിയ വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനിടയാക്കും. 
മൂന്ന്, ഉല്പാദന പ്രവർത്തനത്തിലെ നിർമിത ബുദ്ധിയുടെ വൻതോതിലുള്ള പ്രയോഗം പുതിയ സാമൂഹിക സംഘാടന രൂപങ്ങൾക്ക് വഴി വെയ്ക്കും 
ഗൂഗിളിന്റെ സി ഇ ഒ സുന്ദർ പിച്ചായി ഒരിന്റർവ്യൂവിൽ പറഞ്ഞത്, തീയുടെ കണ്ടുപിടുത്തം പോലെ, വൈദുതിയുടെ കണ്ടുപിടുത്തം പോലെ, മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ മറ്റൊരു ചുവടുവെയ്പാണ് Artificial Intelligence എന്നാണ്. “I view it as a very profound enabling technology,”. “If you think about fire or electricity or the internet, it is like that but I think even more profound. And It can make humans more productive than we have ever imagined,” എന്നാണ് പിച്ചായിയുടെ വാക്കുകൾ.
ChatGPT നിർമിച്ച കമ്പനിയായ OpenAI യുടെ സിഇഒ സാം ആൾട് മാൻ ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധേയമാണ്. മാനവചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങൾ - കാർഷിക വിപ്ലവം, വ്യവസായിക വിപ്ലവം, കംപ്യൂട്ടേഷണൽ വിപ്ലവം - അതുപോലെ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം
അടുത്ത 100 വർഷത്തിനിടയിൽ മനുഷ്യ സമൂഹം കൈവരിക്കാൻ പോകുന്ന സാങ്കേതിക മുന്നേറ്റം, തീയും ചക്രങ്ങളും നാം കണ്ടുപിടിച്ചത് മുതൽ ഇന്നുവരെയുള്ളതിനേക്കാൾ വലുതായിരിക്കും എന്നാണ് ആൾട്മാൻ ആവേശത്തോടുകൂടി പറയുന്നത്.
ഉല്പാദനക്ഷമതയിലും സമ്പത്തുല്പാദനത്തിലും നിർമിത ബുദ്ധിയുടെ പ്രയോഗം വൻകുതിച്ചുകയറ്റത്തിന് വഴിതെളിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2035 ൽ, അമേരിക്കയിലെ വളർച്ചാനിരക്ക് ഇരട്ടിയാക്കാൻ നിർമിത ബുദ്ധിയുടെ പ്രയോഗങ്ങൾ വഴിവെക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തൊഴിലാളികളുടെ ഉല്പാദനക്ഷമത 35 ശതമാനം വരെ കൂടും. നിർമിതിബുദ്ധിയുടെ പ്രയോഗങ്ങൾ നിമിത്തം 2030 ൽ അഭൂതപൂർവമായ സമ്പത്തുല്പാദനത്തിലേക്ക് ലോകം എത്തിച്ചേരും. ഈ സമയത്തിനകം ചൈനയുടെ ജിഡിപി വളർച്ച 26 ശതമാനവും ആഗോള ജിഡിപിയി വളർച്ച 14 ശതമാനവും വർധിക്കുമെന്നാണ് PWC യുടെ റിപ്പോർട്ട് 

നിർമിത ബുദ്ധിയും തൊഴിലും 


അതേസമയം തൊഴിൽ മേഖലയിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുവരവ് സംബന്ധിച്ച് വലിയ ആശങ്കകളാണ് പരക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു മുൻ റിപ്പോർട്ട് പ്രകാരം ഈ ദശകത്തിന്റെ പകുതിയോടെ വിവിധ തൊഴിൽ മേഖലകളിലെ 50 ശതമാനം ടാസ്കുകളും ഓട്ടോമേറ്റ് ചെയ്യപ്പെടും. നിലവിലുള്ളതിനേക്കാൾ 30 ശതമാനത്തിലധികം വരുമിത്. ലോകത്തെമ്പാടുമുള്ള വിവിധ കമ്പനികളിലെ 50 ശതമാനം തൊഴിലാളികൾക്കും നിലവിലുള്ള പണി നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിക്കും. ഓട്ടോമേഷനും റോബോട്ടിക്സും നിർമിത ബുദ്ധിയുടെ വ്യാപനവും മൂലം അമേരിക്കയിൽ തൊഴിലില്ലായ്മ വൻതോതിൽ പെരുകുമെന്നാണ് വിദഗ്ധ നിഗമനം. 2000 ത്തിനു ശേഷം 17 ലക്ഷം തൊഴിലുകൾ അമേരിക്കയില്‍ ഓട്ടോമേഷൻ മൂലം ഇല്ലാതായിട്ടുണ്ടെന്നാണ് കണക്ക്. 
ആഗോള തൊഴിൽ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ സ്വാധീനം എടുത്തു കാട്ടി, ലോകമെമ്പാടുമുള്ള ഏകദേശം 40 ശതമാനം ജോലികളെ ഇത് കാര്യമായി ബാധിക്കുമെന്നാണ് ഐ. എം. എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പ്രവചിച്ചത്. ഐ. എം. എഫിന്റെ വിശകലനമനുസരിച്ച്, വികസിത സമ്പദ് വ്യവസ്ഥകളിലെ 60 ശതമാനം വരെ ജോലികളെ എ. ഐ ബാധിച്ചേക്കാം. ഈ ജോലികളിൽ പകുതിയോളം എ. ഐ സംയോജനത്തിൽ നിന്ന് നേട്ടമുണ്ടാക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും, ബാക്കി പകുതി തിരിച്ചടി നേരിട്ടേക്കാമെന്ന് ജോർജിയേവ പറയുന്നത്. നിലവിൽ മനുഷ്യർ ചെയ്യുന്ന പ്രധാന ചുമതലകൾ എ. ഐ ആപ്ലിക്കേഷനുകൾ ഏറ്റെടുത്തേക്കാം, ഇത് തൊഴിൽ ആവശ്യകത കുറയ്ക്കുന്നതിനും കുറഞ്ഞ വേതനത്തിനും തൊഴിൽ നഷ്ടത്തിനും വരെ കാരണമായേക്കാം. 
വ്യാവസായികയുഗത്തിന്റെ തുടക്കം, മൂലധനവും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം കൂടിയാണ്. തൊഴിൽ നഷ്ടപ്പെടുത്തുന്ന യന്ത്രങ്ങൾ ഈ സംഘർഷ കാരണങ്ങളിലൊന്നാണ്. സമീപദശകങ്ങളിൽ, കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറുകളും കാർഷികമേഖലയിൽ വന്നപ്പോഴുണ്ടായ സംഘർഷങ്ങളും, ബാങ്കിങ് രംഗത്ത് കംപ്യൂട്ടറുകൾ വൻതോതിൽ തൊഴിൽ നഷ്ടപ്പെടുത്തും എന്ന ആശങ്കപടര്‍ന്നതും വർത്തമാനകാലത്ത് മാത്രം തുടങ്ങിയ ഒന്നല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ നെയ്ത്തുശാലകളിൽ സ്പിന്നിങ് വീലുകളും യന്ത്രങ്ങളും നെയ്തു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയ കാലത്ത് വൻതോതിലുള്ള പ്രക്ഷോഭമാണ് ഉണ്ടായത്. ലുഡ്വിറ്റുകൾ എന്നറിയപ്പെടുന്ന പ്രക്ഷോഭകാരികൾ നെയ്ത്തുയന്ത്രങ്ങൾ അടിച്ചു തകർത്തത് സാങ്കേതിക വിദ്യകളുടെ വിന്യാസ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. 
അവിദഗ്ധ തൊഴിലാളികളുടെ മേഖലയിൽ മാത്രമല്ല വിദഗ്ധ തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങളിലും നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സംവിധാനങ്ങൾ വൻതോതിൽ തൊഴിൽ ശോഷണമുണ്ടാക്കാൻ ഇടയാക്കും. 
സോഫ്റ്റ് വെയര്‍ നിർമാണ മേഖലയിലെ വിവിധ ജോലികളിൽ - പ്രോഗ്രാമിങ്, ടെസ്റ്റിംഗ്, ഡോക്യൂമെന്റേഷൻ തുടങ്ങി - നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ പ്രയോഗത്തിൽ വന്നാൽ ഇന്ത്യയടക്കുള്ള വികസ്വര രാജ്യങ്ങളിലേക്ക് ജോലികൾ ഔട്സോഴ്സ് ചെയ്യപ്പെടുന്നതിന്റെ ആവശ്യകത ഗണ്യമായി കുറയും. സോഫ്റ്റ് വെയർ വികസന രംഗത്തെ പല തൊഴിലുകളും ചെയ്യാൻ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സോഫ്റ്റ് വെയറുകൾ പര്യാപ്തമാണ്. മുൻപ് 10 പേർ ചെയ്തിരുന്ന തൊഴിലെടുക്കാൻ ഒരാൾ മാത്രം മതിയെന്ന സാഹചര്യം ഇതോടെ സംജാതമാകും. 
വളരെ കൃത്യമായി നിർവചിക്കാനും യാന്ത്രികമായി ആവർത്തിച്ചു ചെയ്യാനും പറ്റിയ കോഡിങ് പോലുള്ള പണികൾ പലതും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെയും കാര്യക്ഷമമായും ചെയ്യാൻ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനുകൾക്ക് സാധിക്കും. ഇതിനകം തന്നെ പല സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കമ്പനികളും ഇതുപയോഗപ്പെടുത്തുന്നുണ്ട്. സോഫ്റ്റ് വെയർ ടെസ്റ്റിംഗ് പോലുള്ള പണികൾ മുൻപേ തന്നെ ഓട്ടോമേറ്റ് ചെയ്യപ്പെട്ടതാണ്. മനുഷ്യഭാഷ കൈകാര്യം ചെയ്യാൻ വൈദഗ്ദ്യം നേടിയ ചാറ്റ് ജി പി ടി പോലെയുള്ള ആപ്ലിക്കേഷനുകൾ ടെക്സ്റ്റ് അടിസ്ഥാനമാക്കിയ പണികൾ അനായാസം ചെയ്യുന്ന ഈ കാലത്ത് ഡോക്യൂമെന്റേഷൻ പോലുള്ള പണികൾ ചെയ്യാൻ തൊഴിലാളിയുടെ നേരിട്ടിടപെടൽ ആവശ്യമില്ല. 
ഇന്ത്യയിലേക്ക് ഔട്സോഴ്സ് ചെയ്യപ്പെടുന്ന സോഫ്റ്റ് വെയർ പണികളിൽ നല്ലൊരു പങ്ക് താഴ്ന്ന നിലവാരത്തിലുള്ള, ബുദ്ധിപൂർവം ആലോചിച്ച് കോഡെഴുതേണ്ട ആവശ്യമില്ലാത്ത പണികളാണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഇതുണ്ടാക്കാനിടയുള്ള ആഘാതം എത്ര വലുതായിരിക്കുമെന്ന് കാണാനാകുന്നത്. സോഫ്റ്റ് വെയർ ഡെവലപ്മെന്റ് പ്രോസസ്സിലെ ഡിസൈൻ, ആർക്കിടെക്ടിങ് തുടങ്ങിയ സങ്കീർണ പ്രശ്നങ്ങൾ, സർഗാത്മക ചിന്ത ആവശ്യമായ കാര്യങ്ങൾ, ഏതാണ്ട് മുഴുവനും ആദ്യഘട്ടത്തിൽ തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും. അങ്ങിനെ തയ്യാറാക്കപ്പെട്ട ഡോക്യൂമെന്റേഷൻ നോക്കി സോഫ്റ്റ് വെയർ ഡവലപ്മെന്റ് നടത്തുന്നവരാണ് മഹാഭൂരിപക്ഷം ഐ ടി തൊഴിലാളികളും. നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ യന്തിരന്മാർ പരമ്പരാഗത ഐ ടി തൊഴിലാളികൾക്ക് ഭീഷണിയാകാൻ അധികകാലം വേണ്ടി വരില്ല. സൃഷ്ടി സൃഷ്ടാവിനെ വിഴുങ്ങുന്നതിലേക്കാണ് ഐ ടി രംഗത്തെ നിർമിത ബുദ്ധിയുടെ സ്ഥിതി നീങ്ങുന്നത്. 


3
‘ഏജന്റിക് എ ഐ’ അഥവാ ഡിജിറ്റൽ തൊഴിലാളി കടന്നുവരുമ്പോൾ 

ലളിതമായതോതില്‍ പ്രതികരണശേഷിയുള്ള യന്ത്രങ്ങളിൽ നിന്ന് നിന്ന് സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിവുള്ള, കൂടുതൽ ഉയർന്ന സംവിധാനങ്ങളിലേക്കുള്ള പരിണാമമാണ് നിർമിതബുദ്ധിയുടെ ബുദ്ധിയുടെ ചരിത്രം. സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നിർണായകമായ ഒരു ചുവടു വെയ്പാണിത്. തൊഴിലിടങ്ങളിലെ ഇതിന്റെ പ്രയോഗങ്ങൾ ഇന്ന് പുതിയൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. സുവ്യക്തമായ നിർദ്ദേശങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച യുക്തികൾക്കുമനുസരിച്ച് യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്തുനിന്നും വളരെ വ്യത്യസ്തമായി ഇപ്പോൾ പുതിയ ഒരു മാതൃക ഉയർന്നുവരുന്നു: ഏജന്റിക് എഐ(Agentic AI). മനുഷ്യർ നൽകുന്ന നിർദേശങ്ങൾ യാന്ത്രികമായി നടപ്പിലാക്കുന്ന ‘ബോധമില്ലാത്ത’ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വതന്ത്രമായ ചിന്തയ്ക്കും ആസൂത്രണത്തിനും പ്രവർത്തനത്തിനും കഴിവുള്ള, സ്വയംഭരണശേഷിയുള്ള ഏജൻ്റുകളിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. ഇതൊരു അളവുപരമായ വർധനയല്ല, ഗുണപരമായ മാറ്റമാണ്. നാളിതുവരെയുള്ള ഉല്പാദന പ്രവർത്തനങ്ങൾ പലതിനെയും ഉടച്ചുവാർക്കാൻ പര്യാപ്തമായ, മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ പാടേ പുനർനിർവചിക്കാൻ ശേഷിയുള്ള ഒന്ന്. അതേസമയം ഇരുതലമൂർച്ചയുള്ള ഒന്നാണിത്. അഭൂതപൂർവമായ അവസരങ്ങള്‍ സൃഷ്ടിക്കുന്ന, തൊഴിൽ മേഖലയിലെ നൈതികതകളെക്കുറിച്ച് പുതിയ ചോദ്യങ്ങളുയർത്തുന്ന, ഒരുപക്ഷേ മനുഷ്യന്റെ നിലനില്പിനാധാരമായ തൊഴിലെടുക്കുക കൂലി വാങ്ങുക അതുകൊണ്ട് ജീവിക്കുക എന്ന ഏറ്റവും അടിസ്ഥാപനപരമായ ഉണ്മയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്ന്. ഇത്തരത്തിൽ തൊഴിൽ മേഖലയിലേക്കുള്ള ഏജന്റിക് എ ഐയുടെ കടന്നുവരവ് വളരെ അടിസ്ഥാനപരമായ ഒരു മാറ്റത്തെ കുറിക്കുന്നു. 
ഏജൻ്റിക് എഐയിലേക്കുള്ള വഴി, ദശാബ്ദങ്ങളായുള്ള സിംബോളിക് എഐ, മെഷീൻ ലേണിംഗ്, സമീപകാലത്തെ വലിയ ഭാഷാ മാതൃകകൾ (LLMs) എന്നിവയിലെ ഗവേഷണങ്ങളാൽ രൂപപ്പെട്ടതാണ്. 1970-കളിലും 80-കളിലും ആവിർഭവിച്ച സോഫ്റ്റ് വെയറുകൾ, കർക്കശമായ യുക്തിയുടെ തത്വത്തിലാണ് പ്രവർത്തിച്ചിരുന്നത്. മുൻകൂട്ടി നൽകപ്പെട്ട വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ കണിശമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. കൂടാതെ ഇടുങ്ങിയ രീതിയിൽ നിർവചിക്കപ്പെട്ട വിജ്ഞാന മേഖലകളിൽ മാത്രമേ അവയ്ക്ക് പ്രവർത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. മനുഷ്യൻ ഒരു പ്രശ്നം നൽകുന്നതുവരെ കാത്തിരിക്കുകയും, ഒരു പരിഹാരത്തിലെത്താൻ മുൻകൂട്ടി പ്രോഗ്രാം ചെയ്ത 'ഒന്നുകിൽ അങ്ങനെ അല്ലെങ്കിൽ ഇങ്ങനെ (if-then) പ്രസ്താവനകളുടെ (ഉദാഹരണത്തിന്, മഴ വന്നാൽ കുടയെടുക്കണം എന്ന നിർദേശം പോലെ ലളിതമായ) ഒരു ശൃംഖല പിന്തുടരുകയും ചെയ്യുന്ന, പ്രതികരണശേഷിയുള്ള സംവിധാനങ്ങളായിരുന്നു അവ. ചില പ്രത്യേക ജോലികൾ നിർവഹിക്കാൻ ഇവ ഫലപ്രദമായിരുന്നെങ്കിലും, പുതിയ അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ അവയ്ക്ക് സാധിക്കുമായിരുന്നില്ല. പ്രോഗ്രാം ചെയ്ത നിയമങ്ങൾക്ക് പുറത്തുള്ള പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവയ്ക്ക് കഴിഞ്ഞിരുന്നില്ല. 1980-കളിൽ, "എഐ വിന്റർ" എന്ന് വിളിക്കപ്പെട്ട പ്രതിഭാസത്തിൻ്റെ ഒരു കാരണം, ദുർബ്ബലമായ, നിയമങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ സമീപനം ഒരിക്കലും ‘യഥാർത്ഥ’ ബുദ്ധിയിലേക്ക് നയിക്കില്ലെന്ന് മനസ്സിലാക്കിയതാണ്. 
വലിയ ഡാറ്റാസെറ്റുകളുടെ ആവിർഭാവവും കമ്പ്യൂട്ടേഷണൽ ശക്തിയിലെ കുതിച്ചു ചാട്ടവും ഇടയാക്കിയ മെഷീൻ ലേണിംഗിലെ വിപ്ലവം, പാറ്റേൺ തിരിച്ചറിയലിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ഉദാഹരണങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച ഇത്തരം സംവിധാനങ്ങൾക്ക്, ഓരോ നിയമവും വ്യക്തമായി പ്രോഗ്രാം ചെയ്യാതെ തന്നെ വസ്തുക്കളെ തിരിച്ചറിയാനും ഭാഷകൾ വിവർത്തനം ചെയ്യാനും നാം ആവശ്യപ്പെടുന്ന രീതിയിൽ എഴുതാനും ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ കഴിഞ്ഞു. ആധുനിക LLM-കളുടെ അടിത്തറയായ ഡീപ് ലേണിംഗ് ആർക്കിടെക്ചറുകളുടെ, പ്രത്യേകിച്ച് ട്രാൻസ്ഫോർമർ മോഡലുകളുടെ വികസനം, ഏജൻ്റിക് എഐയുടെ വളർച്ചയ്ക്ക് ഏറ്റവും നിർണായകമായ സംഭാവന നൽകി. ഇതോടെ ഈ മോഡലുകൾക്ക് മനുഷ്യഭാഷ മനസ്സിലാക്കാനും, സൃഷ്ടിക്കാനും, അതിനെക്കുറിച്ച് യുക്തിചിന്ത ചെയ്യാനും അഭൂതപൂർവമായ കഴിവുകൾ കരഗതമായി. ഇത് കൂടുതൽ സ്വയംഭരണമുള്ള, തൊഴിലുകൾ ചെയ്യുന്നതിൽ മനുഷ്യ മസ്തിഷ്കത്തോട് കിടപിടിക്കാൻ പോന്ന സംവിധാനത്തിന്റെ ആവിർഭാവത്തിനു വഴി തെളിച്ചു. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ മാത്രമല്ല, ഒരു തൊഴിൽ ചെയ്തു തീർക്കുന്നതിലെ സങ്കീർണ്ണതകൾ മനസ്സിലാക്കാനും, അതിനെ ഉപ-ജോലികളായി വിഭജിക്കാനും, അത് പൂർത്തീകരിക്കുന്നതിന് കോഡോ കമാൻഡുകളോ സൃഷ്ടിക്കാനും ഒരു LLM-നെ പ്രോംപ്റ്റ് ചെയ്യാൻ കഴിയും. ഒരു സാധാരണ യന്ത്ര ഉപകരണത്തിൽ നിന്ന് ഒരു ഡിജിറ്റൽ ഏജൻ്റിനെ വേർതിരിക്കുന്നത് ഈ കഴിവാണ്. 
അടിസ്ഥാനപരമായി, ഒരു ഏജൻ്റിക് എഐ സിസ്റ്റം, ഉയർന്ന തലത്തിൽ സ്വയം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ആർക്കിടെക്ചറാണ്. അതിൻ്റെ നിർവചിക്കുന്ന ഘടകങ്ങൾ ഒരു ഒറ്റപ്പെട്ട LLM-ൻ്റെ കഴിവുകൾക്ക് അപ്പുറത്താണ്. ഒന്നാമതായി, ഒരു കേന്ദ്ര ആസൂത്രണ-യുക്തിചിന്താ മൊഡ്യൂൾ, പലപ്പോഴും ഒരു LLM തന്നെയായിരിക്കും. ഈ മൊഡ്യൂളിന്, ആ ലക്ഷ്യത്തെ ഒരു കൂട്ടം പ്രവർത്തനക്ഷമമായ ഘട്ടങ്ങളായി വിഭജിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഉദാഹരണത്തിന്, "പാരമ്പര്യേതര ഊർജ്ജ മേഖലയിലെ അഞ്ചു സ്റ്റോക്കുകളെക്കുറിച്ച് ഗവേഷണം നടത്തി ഒരു റിപ്പോർട്ട് എഴുതുക" എന്ന ഒരു ആവശ്യം നാം ഉന്നയിച്ചാൽ അത് പ്രവർത്തിക്കുന്നത് ഇപ്രകാരമായിരിക്കും. "വിശ്വസനീയമായ സാമ്പത്തിക ഡാറ്റാ ഉറവിടങ്ങൾ തിരിച്ചറിയുക," "പാരമ്പര്യേതര ഊർജ്ജ വിപണിയിലെ നിലവിലെ ട്രെൻഡുകൾക്കായി തിരയുക," "പ്രധാന സ്റ്റോക്കുകൾ ലിസ്റ്റ് ചെയ്ത് വിശകലനം ചെയ്യുക," "കണ്ടെത്തലുകൾ ഒരു ഘടനാപരമായ റിപ്പോർട്ടിലേക്ക് സംയോജിപ്പിക്കുക" തുടങ്ങിയ ഘട്ടങ്ങളായി വിഭജിക്കപ്പെടും. ഇത്തരത്തിൽ ബഹുമുഖ ആസൂത്രണമാണ് അത് നടത്തുക. 
ഹ്രസ്വകാല ഓർമ്മകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നിലനിൽക്കുന്നതും വീണ്ടെടുക്കാൻ കഴിയുന്നതുമായ അതിവിപുലമായ വൈജ്ഞാനിക ശേഖരത്തിന്റെ പുറത്താണ് ഇത് പ്രവർത്തിക്കുന്നത്. മുൻകാലത്ത് നടന്ന ഇടപെടലുകൾ, ഗവേഷണ കണ്ടെത്തലുകൾ, സ്വയം വിമർശനങ്ങൾ എന്നിവ അർത്ഥവത്തായ രീതിയിൽ സംഭരിക്കാനും വീണ്ടെടുക്കാനും ഡിജിറ്റൽ ഏജന്റിനെ സഹായിക്കുന്നു. ഈ ദീർഘകാല ഓർമ്മ, ഏജൻ്റിന് അതിൻ്റെ മുൻകാല പ്രവർത്തനങ്ങളിൽ നിന്ന് പഠിക്കാനും, തെറ്റുകൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും, മുൻകാല അറിവുകളിൽ നിന്ന് കെട്ടിപ്പടുക്കാനും കഴിവ് നൽകുന്നു, ഇത് സങ്കീർണ്ണവും ഒന്നിലധികം സെഷനുകളുള്ളതുമായ ജോലികൾക്ക് അത്യാവശ്യം ഒരു കഴിവാണ്. 
വിവിധ തരത്തിലുള്ള ടൂളുകൾ ഉപയോഗിക്കാനുള്ള കഴിവുകളോടെയാണ് ഒരു ഏജന്റിക് എ ഐ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട ഒരു LLM-ൽ നിന്ന് തീർത്തും വ്യത്യസ്തമാണിത്. യഥാർത്ഥ ലോകവുമായി സംവദിക്കാൻ, ഒരു ഏജൻ്റിന് വിവിധ ടൂളുകൾ ഉപയോഗിക്കാൻ കഴിയണം, അവ അടിസ്ഥാനപരമായി മുൻകൂട്ടി നിർവചിക്കപ്പെട്ട ഫംഗ്ഷനുകളോ സോഫ്റ്റ് വെയർ ഭാഷയിൽ പറഞ്ഞാൽ എപിഐകളോ (API - Application Programming Interface) ആണ്. വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു സെർച്ച് എഞ്ചിൻ എപിഐ പോലെ ഈ ടൂളുകൾ ലളിതമായവയാകാം. അല്ലെങ്കിൽ ഒരു കോഡ് ഇൻ്റർപ്രെട്ടർ, ഒരു വെബ് ബ്രൗസർ, അല്ലെങ്കിൽ മറ്റ് സോഫ്റ്റ് വെയറുകളുമായി സംവദിക്കാനുള്ള ഒരു എപിഐ പോലെ സങ്കീർണ്ണമായവയാകാം,. ഏജൻ്റിൻ്റെ ആസൂത്രണ മൊഡ്യൂൾ അതിൻ്റെ പദ്ധതിയുടെ ഓരോ ഘട്ടത്തിനും ഏത് ടൂൾ ആവശ്യമാണെന്ന് തീരുമാനിക്കുകയും ശരിയായ പരാമീറ്ററുകളോടെ ഉചിതമായ ഫംഗ്ഷനുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ചലനാത്മകമായി ടൂളുകൾ തിരഞ്ഞെടുക്കാനും ഉപയോഗിക്കാനുമുള്ള ഈ കഴിവാണ് ഒരു ഏജന്റിനെ അടിസ്ഥാനപരമായി വ്യത്യസ്തമാക്കുന്നത്. 
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഏജൻ്റിക് എഐ സ്വയം-പ്രതിഫലനത്തിനും വിമർശനത്തിനുമുള്ള ഒരു സംവിധാനം ഉപയോഗിക്കുന്നു എന്നതാണ്. ഓരോ പ്രവർത്തനത്തിനും ശേഷം, ഏജൻ്റിൻ്റെ ആസൂത്രണ മൊഡ്യൂൾ ഫലം വിലയിരുത്തുന്നു. ലക്ഷ്യത്തിലേക്ക് അടുക്കാൻ ആ പ്രവർത്തനം വിജയകരമായി സഹായിച്ചോ? തിരച്ചിലിന്റെയോ കോഡ് എക്സിക്യൂഷന്റെയോ ഫലം പ്രതീക്ഷിച്ചതുപോലെയായിരുന്നോ? ഒരു പിശക് നേരിടുകയോ ഫലം തൃപ്തികരമല്ലെങ്കിലോ, ഏജൻ്റിന് പിന്നോട്ട് പോയി, അതിൻ്റെ പദ്ധതി മാറ്റുകയും, മറ്റൊരു സമീപനത്തിന് ശ്രമിക്കുകയും ചെയ്യാം. ഈ ആവർത്തിച്ചുള്ള സ്വയം-മെച്ചപ്പെടുത്തൽ ലൂപ്പ് ആണ് സിസ്റ്റത്തിന് അതിൻ്റെ ശ്രദ്ധേയമായ പ്രതിരോധശേഷിയും പ്രവചനാതീതമായതോ പരാജയപ്പെട്ടതോ ആയ ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവും നൽകുന്നത്, ഇത് മുൻകാല എഐ ആർക്കിടെക്ചറുകളിൽ പൂർണ്ണമായും ഇല്ലാതിരുന്ന ഒരു കഴിവാണ്. 
Auto-GPT, BabyAGI പോലുള്ള ഈ ആർക്കിടെക്ചറുകളുടെ ആദ്യകാല ഉദാഹരണങ്ങൾ പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച അടിസ്ഥാന തത്വങ്ങളും സാധ്യതകളും വെളിവാക്കി. പലപ്പോഴും പ്രവചനാതീതവും കമ്പ്യൂട്ടേഷണൽ ചെലവേറിയതുമായിരുന്നെങ്കിലും, ഈ ആദ്യകാല ചട്ടക്കൂടുകൾ ഒരു ഉയർന്ന തലത്തിലുള്ള ലക്ഷ്യം നൽകിയാൽ, ഒരു സിസ്റ്റത്തിന് സ്വയം ഒരു പദ്ധതി സൃഷ്ടിക്കാനും, ടൂളുകൾ വിളിച്ചുകൊണ്ട് അത് നടപ്പിലാക്കാനും, വഴിയിൽ സ്വയം തിരുത്താനും കഴിയുമെന്ന് തെളിയിച്ചു. അതിനുശേഷം, ഈ മേഖല കൂടുതൽ ശക്തവും കാര്യക്ഷമവുമായ മൾട്ടി-ഏജൻ്റ് സിസ്റ്റങ്ങളിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു, അവിടെ പ്രത്യേക ഏജൻ്റുമാർ ഒരു പ്രശ്നം പരിഹരിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നു. ഒരു ഏജൻ്റ് ആസൂത്രണത്തിന് ഉത്തരവാദിയാകാം, മറ്റൊന്ന് കോഡ് സൃഷ്ടിക്കുന്നതിന്, മൂന്നാമത്തേത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്, ഇവയെല്ലാം ഒരു പൊതു ലക്ഷ്യം പൂർത്തിയാക്കാൻ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. 
ഏജന്റിക് എ ഐയുടെ ഈ കടന്നുവരവ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ആഴമേറിയതും ദൂരവ്യാപകവുമാണ്. സോഫ്റ്റ് വെയർ വികസന മേഖലയിൽ, പ്രശ്ന വിശകലനം, ഡിസൈൻ മുതൽ കോഡിംഗ്, ഡീബഗ്ഗിംഗ്, വിന്യാസം വരെയുള്ള മുഴുവൻ പ്രവർത്തനഘട്ടങ്ങളും ഒരു ഏജൻ്റിക് എഐക്ക് ഓട്ടോമേറ്റ് ചെയ്യാൻ കഴിയും. ഒരു ഉയർന്ന തലത്തിലുള്ള ബിസിനസ് ആവശ്യം - ഉദാഹരണത്തിന്, "പ്രോജക്ട് ടാസ്ക്കുകൾ കൈകാര്യം ചെയ്യാൻ ഒരു വെബ് ആപ്ലിക്കേഷൻ ഉണ്ടാക്കുക" - ഒരു ഏജൻ്റിന് നൽകിയാൽ, അത് ആവശ്യമായ കോഡ് സ്വയം സൃഷ്ടിക്കുകയും, ഡാറ്റാബേസ് സ്കീമ നിർമ്മിക്കുകയും മനുഷ്യൻ്റെ ഇടപെടലില്ലാതെ തന്നെ ഈ വെബ് ആപ്ലിക്കേഷൻ വിന്യസിക്കുകയും ചെയ്യും. ശാസ്ത്രീയ ഗവേഷണ മണ്ഡലത്തിൽ, ഏജൻ്റുമാർക്ക് ദശലക്ഷക്കണക്കിന് അക്കാദമിക് പേപ്പറുകളിലൂടെ അരിച്ച്, പുതിയ സിദ്ധാന്തങ്ങൾ തിരിച്ചറിയാനും, മെറ്റീരിയൽ സയൻസ് അല്ലെങ്കിൽ മരുന്ന് വികസനം പോലുള്ള മേഖലകളിൽ കണ്ടുപിടിത്തങ്ങളുടെ വേഗത കൂട്ടിക്കൊണ്ട് വെർച്വൽ പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്യാനും പ്രവർത്തിപ്പിക്കാനും കഴിയും. ഇത്തരമൊരു ഏജന്റിന്റെ സഹായമില്ലാതെ ഒരു പ്രവർത്തനവും സാധ്യമല്ല എന്ന നിലയിലേക്കാണ് ഡിജിറ്റല്‍ മേഖലയിലെ ഉല്പാദനപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. 
നമ്മുടെ സ്വകാര്യ ആവശ്യങ്ങൾക്കും ഏജന്റിക് എ ഐയെ ഭാവിയിൽ ഒഴിവാക്കാനാവില്ല. ഒരു വിദേശ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ യാത്രാപദ്ധതി തയ്യാറാക്കുന്നതിനും ഏറ്റവും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനും എല്ലാം ഏജന്റിക് എ ഐയെ ഉപയോഗപ്പെടുത്താം. ഇന്ന് ഒരു ട്രാവൽ ഏജൻസി ചെയ്തു തരുന്ന സഹായങ്ങൾ അതോടെ അപ്രസക്തമാകും. വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ലോകത്തെവിടെയുമുള്ള കോളേജുകളിൽ നിന്ന് കോഴ്സുകൾ തിരഞ്ഞെടുക്കാനും ആവശ്യമായ ഗൈഡൻസ് നൽകാനും ഒരു സ്റ്റഡി അബ്രോഡ് ഏജന്റിക് എ ഐക്ക് അനായാസം കഴിയും. കരിയർ ഗൈഡൻസ് വിദ്ഗന്റെ സേവനം ഇതോടെ അപ്രസക്തമാകും. ഇതേ രീതിയിൽ ഇന്ന് നടന്നുവരുന്ന ഏതാണ്ടെല്ലാ പ്രവർത്തന മേഖലകളിലേക്കും ഏജന്റിക് എ ഐ കടന്നുവരും. 
ഏജന്റിക് എ ഐ ഉയർത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങളിൽ ഏറ്റവും ആസന്നമായത്, ഇതിടയാക്കുന്ന സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവുമായിരിക്കും. മുൻകാലങ്ങളിലുണ്ടായ സാങ്കേതിക വിപ്ലവങ്ങൾ ആവര്‍ത്തന സ്വഭാവമുള്ള ശാരീരിക തൊഴിലുകൾ ഓട്ടോമേറ്റ് ചെയ്യാനാണ് ശ്രമിച്ചിരുന്നത്. ഏജൻ്റിക് എഐ കടന്നുവരുന്നത് വിജ്ഞാന തൊഴിലാളികളുടെയും, ഗവേഷകരുടെയും, സൃഷ്ടാക്കളുടെയും മേഖലയിലേക്കാണ്. വളരെ സങ്കീർണ്ണമായ മാനസിക ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ ഇവയ്ക്ക് കഴിയും. തൊഴിൽ വിപണിയിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാമ്പത്തിക ഘടനകൾ, സാമൂഹിക സുരക്ഷാ വലകൾ എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായ പുനർമൂല്യനിർണയം ഇത് ആവശ്യപ്പെടുന്നു. പക്ഷപാതത്തെയും, ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇത് ഉയർത്തുന്നുണ്ട്. ഈ ശക്തമായ ഏജൻ്റുമാരെ നിയന്ത്രിക്കുന്നവരുടെ കൈകളിൽ തീർച്ചയായും അധികാരം കേന്ദ്രീകരിക്കപ്പെടും. ഇതുയർത്തുന്ന ധാർമ്മിക പരിഗണനകൾ മറ്റൊരു വിഷയമാണ്. ഒരു ഏജൻ്റ് സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തിന് ആരാണ് ഉത്തരവാദി? ഏജൻ്റിക് എഐയുടെ ഗുണങ്ങൾ സമൂഹത്തിൽ എങ്ങിനെ തുല്യമായി വിതരണം ചെയ്യപ്പെടും. ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഇവിടെ മാറുന്നു. 
ഭാവിയിൽ, ഏജൻ്റിക് എഐയുടെ ഗതി കൂടുതൽ പരിഷ്കൃതവും സംയോജിതവുമായ സംവിധാനങ്ങളിലേക്കാണ് നീങ്ങുന്നത്. അടുത്ത ഘട്ടത്തിൽ, മാസങ്ങളോ വർഷങ്ങളോ തുടർച്ചയായി പ്രവർത്തിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന, ശരിക്കും നിലനിൽക്കുന്നതും പൊരുത്തപ്പെടാൻ കഴിയുന്നതുമായ ഏജൻ്റുമാരുടെ വികസനത്തിന് സാധ്യതയുണ്ട്. സുരക്ഷയെയും വിശ്വസനീയതയെയും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ, ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകളും കൂടുതൽ സുതാര്യമായ ആർക്കിടെക്ചറുകളും നിർമ്മിക്കുന്നതിലായിരിക്കും ശ്രദ്ധ. കൂടാതെ, റോബോട്ടിക് ലബോറട്ടറികൾ മുതൽ ഓട്ടോമേറ്റഡ് വാഹനങ്ങൾ വരെയുള്ള ഭൗതിക സംവിധാനങ്ങളിലേക്ക് ഏജൻ്റിക് എഐയുടെ സംയോജനം, പുതിയൊരു യുഗത്തിന് തുടക്കമിടും. ഭാവിയിൽ, സോഫ്റ്റ് വെയർ ഏജൻ്റുകളും ഭൗതിക റോബോട്ടുകളും തമ്മിലുള്ള വ്യത്യാസം നേർത്തു വരാം. ഉയർന്ന തലത്തിലുള്ള തന്ത്രപരമായ ആസൂത്രണത്തിനും യഥാർത്ഥ ലോകത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യലിനും കഴിവുള്ള ‘ആത്മബോധമുള്ള’ സംവിധാനങ്ങളായിരിക്കും അപ്പോൾ നിലവിൽ വരുന്നത്. 
ഏജൻ്റിക് എഐയുടെ ആവിർഭാവം സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ അതിനിർണായകമായ ഒരു പരിവർത്തന നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. വലിയ ഭാഷാ മാതൃകകളുടെ വൈജ്ഞാനിക ശക്തിയെ, ആസൂത്രണം, ഓർമ്മ, ടൂൾ-ഉപയോഗം, സ്വയം-പ്രതിഫലനം എന്നിവയ്ക്കായുള്ള ഒരു ഘടനാപരമായ ആർക്കിടെക്ചറുമായി സംയോജിപ്പിച്ചു കൊണ്ട്, സ്വന്തം നിലയ്ക്ക് പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനങ്ങൾ സൃഷ്ടിക്കാൻ നമ്മൾക്ക് കഴിഞ്ഞു. സുരക്ഷ, ധാർമ്മികത, സാമൂഹിക സ്വാധീനം എന്നിവയുടെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ ഗവേഷകരുടെയും, നയരൂപകർത്താക്കളുടെയും, പൊതുജനങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. ആത്യന്തികമായി, ഏജൻ്റിക് എഐയെ മനുഷ്യരുടെ ലോകത്തിലേക്ക് വിജയകരമായി സംയോജിപ്പിക്കുന്നത് നമ്മുടെ ഏറ്റവും ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളുമായി യോജിപ്പിച്ച് സാമൂഹിക നീതിയെ മുൻനിർത്തി അവയെ രൂപകൽപ്പന ചെയ്യാനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കും. ഇതാകട്ടെ കേവലം സാങ്കേതികമായ ഒരു പ്രശനം മാത്രമായിരിക്കില്ല. 

4
സാങ്കേതിക വിദ്യകളുടെ വളർച്ചയെപ്പറ്റി മാർക്സ് 


വ്യവസായിക വിപ്ലവത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി മാർക്സ് രൂപകൽപന ചെയ്ത ചിന്തകൾക്ക്, നാലാം വ്യവസായിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് ഈ അധ്യായത്തില്‍ അന്വേഷിക്കുന്നത്. അധ്വാനിക്കുന്ന തൊഴിലാളിയും, അവർ ഉല്പാദിപ്പിക്കുന്ന ചരക്കുകളുമാണ് മാർക്സിയൻ ചിന്തയുടെ കേന്ദ്രബിന്ദു. ഈ മാർക്സിയൻ ontology സാമ്പത്തികശാസ്ത്ര ചിന്തയുടെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ഒന്നായിരുന്നു. സാമൂഹിക ബന്ധങ്ങളെയും ചരക്കുല്പാദനമെന്ന അമൂർത്തമായ പരികല്പനകളെയും മാർക്സ് തന്റെ വിശകലനോപാധിയാക്കിയപ്പോൾ, മാർക്സിന്റെ സമകാലീനനായിരുന്ന ജോൺ സ്റ്റുവർട്ട് മില്ലിനെപ്പോലുള്ളവർ വ്യക്തികളെയും അവരുടെ ഇടപെടലുകളെയുമാണ് തങ്ങളുടെ അർത്ഥശാസ്ത്ര വിശകലനത്തിൽ കണ്ടതും ഉപയോഗിച്ചതും. 
യന്ത്രങ്ങളെ ആഴത്തിൽ നിർവ്വചിക്കാൻ ശ്രമിക്കുക, യന്ത്രങ്ങളുടെ ചരിത്രപരമായ വികാസത്തെ അവതരിപ്പിക്കുക, ഒരു ചരക്കിന്റെ മൂല്യം യന്ത്രങ്ങളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുക, പരമ്പരാഗത തൊഴിൽ സേനയിലേക്ക് പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ യന്ത്രങ്ങൾ ഇടയാക്കിയതെങ്ങിനെ, തൊഴിൽ ദിവസത്തിന്റെ ദീർഘീകരണത്തിനും അധ്വാനത്തിന്റെ തീവ്രീകരണത്തിനും അതിടയാക്കിയതെങ്ങിനെ എന്ന് സമർത്ഥിക്കുക, പുതിയ രീതിയിലുള്ള തൊഴിൽ സംഘടനകൾക്ക് അതെങ്ങിനെ വഴിതെളിച്ചു എന്ന് വിശദീകരിക്കുക എന്നിങ്ങനെ 'യന്ത്രങ്ങളും ആധുനിക വ്യവസായവും' എന്ന മൂലധനത്തിലെ 15 ആം അധ്യായത്തിൽ യന്ത്രങ്ങളെക്കുറിച്ച് മാർക്സ് സുദീർഘമായി പറഞ്ഞുപോകുന്നുണ്ട് . ആധുനിക വ്യവസായം അധ്വാനോപകരണങ്ങളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ലഘു കരുക്കളിൽ നിന്ന് (Tools) യന്ത്രങ്ങൾ രൂപപ്പെട്ടതെങ്ങിനെ,അല്ലെങ്കിൽ കൈത്തൊഴിൽ പണിക്കോപ്പുകൾക്കും യന്ത്രങ്ങൾക്കും തമ്മിലുള്ള വ്യത്യാസമെന്ത് എന്നാണ് മാർക്സ് ആദ്യം അന്വേഷിക്കുന്നത് 
1735 ൽ ജോൺ വ്യാറ്റ് തന്റെ നൂൽ നൂൽപ്പ് യന്ത്രം കണ്ടുപിടിക്കുകയും പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് അത് അടിത്തറയിടുകയും ചെയ്തപ്പോൾ തന്റെ യന്ത്രം മനുഷ്യനെക്കൊണ്ടല്ലാതെ കഴുതയെകൊണ്ട് പ്രവർത്തിപ്പിക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിക്കുക പോലുംചെയ്തില്ല. എങ്കിലും കഴുതയ്ക്കാണ് ആ ജോലി ചെയ്യേണ്ടിവന്നതെന്ന് മാർക്സ് ഹാസ്യ രൂപേണ പറയുന്നുണ്ട്.
യന്ത്രത്തിന്റെ അനാറ്റമിയാണ് മാർക്സ് പിന്നീട് വിവരിക്കുന്നത്. സമ്പൂർണവികസിതമായ യന്ത്രസംവിധാനത്തിൽ മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ടായിരിക്കും ചാലക ഘടകം (the motor mechanism), പ്രേക്ഷക ഘടകം (the transmitting mechanism), പ്രവർത്തന ഘടകം (the tool). പ്രവർത്തകഘടകത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റമാണ് വ്യവസായവിപ്ലവം കൊണ്ടുവന്നത്. പ്രവർത്തകഘടകത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കൈത്തൊഴിലുകാരൻ നേരത്തെ ഉപയോഗിച്ച അതെ പണിക്കോപ്പുകളും ഉപകരണങ്ങളുമാണ്. മനുഷ്യന്റെ പണിയായുധങ്ങളെന്ന നിലവിട്ട് അവ യന്ത്രത്തിന്റെ പണിയായുധങ്ങളായി എന്ന് മാത്രം.
മുൻപ് തൊഴിലാളി ഉപയോഗിച്ചിരുന്നതിന് സദൃശമായ കരുക്കൾ ഉപയോഗിച്ച് അതെ പ്രവർത്തനങ്ങൾ നടത്തുന്ന മെക്കാനിസമാണ് യന്ത്രം. ഒരു കൈത്തൊഴിലുകാരന് ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്ന ശാരീരിക പരിമിതിയെ യന്ത്രം മറികടന്നു ; അതിന് ഒരേ സമയം നിരവധി പണിയായുധങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി കൈവന്നു. മെക്കാനിക്കൽ എൻജിനീയറിങ്ങിനെ സാമൂഹികശാസ്ത്രവുമായി ചേർത്തു വായിക്കുന്ന ഉജ്വല വിശകലനമാണ് ഇവിടെ മാർക്സ് നടത്തിയിരിക്കുന്നത്.
പരസ്പരപൂരകങ്ങളായ വ്യത്യസ്ത യന്ത്രങ്ങളുടെ ശൃംഖലതന്നെ ഉപയോഗപ്പെടുത്തി, അധ്വാന വിധേയമാകുന്ന വസ്തുവിന്റെമേൽ പരസ്പരബന്ധിതങ്ങളായ പ്രത്യേക പ്രവർത്തന പ്രക്രിയകൾ നടത്തുമ്പോഴാണ് ഫാക്ടറി വ്യവസ്ഥ രൂപപ്പെടുന്നത്. ഫാക്ടറി മുഴുവൻ നിറഞ്ഞു നിൽക്കുന്ന യന്ത്രരാക്ഷസൻ എന്നാണ് മാർക്സ് ഇതിനെ കുറിക്കുന്നത്. അവന്റെ ആസുരശക്തി എണ്ണമറ്റ പ്രവർത്തനങ്ങളുടെ ഭീകരമായ ഭ്രമണങ്ങളായി പരിണമിക്കുന്ന ഇടമാണ് ഫാക്ടറി. 
വൻകിട ഉല്പാദന വ്യവസ്ഥയുടെ വികാസത്തെ മാർക്സ് വ്യക്തമായി കുറിച്ചിടുന്നുണ്ട്. 
മനുഷ്യശക്തി മാത്രം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കാലത്തോളം യന്ത്രങ്ങളുടെ ആകൃതി ചെറുതായിരുന്നു. ആവിയന്ത്രം വരുന്നതുവരെ യന്ത്രോപകരണ വ്യവസ്ഥ ശരിക്കും വളർച്ച പ്രാപിച്ചിരുന്നില്ല. ഉല്പാദനക്ഷമതയിൽ വിപ്ലവകരമായ മുന്നേറ്റം ആധുനിക ഉല്പാദനസബ്രദായം കൊണ്ടുവന്നു. എന്നാൽ തൊഴിലാളിയുടെ വേതനവർദ്ധനവിന് ഇതിടയാക്കുന്നില്ല. ഉത്പാദനക്ഷമത അളക്കുന്നത് അത് സ്ഥാനഭ്രഷ്ടമാക്കുന്ന മാനുഷികമായ അധ്വാനശക്തിയെ ആസ്പദമാക്കിയാണ്. 
മനുഷ്യന്റെ കായികവും സവിശേഷ വൈദഗ്ദ്യത്തോടു കൂടിയതുമായ ഇടപെടലുകളെ യന്ത്രങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചാണ് മാർക്സ് നടത്തിയ വിശകലനങ്ങൾ. എന്നാൽ ഈ നൂറ്റാണ്ട് കാട്ടിത്തരുന്നത് മനുഷ്യന്റെ ബൗദ്ധികമായ ശേഷിയെ യന്ത്രങ്ങൾ പകരംവെയ്ക്കുന്നതാണ്. 
യന്ത്രസംവിധാനം തൊഴിലാളികളോട് മത്സരിച്ച് അവരെ പിന്തള്ളുക മാത്രമല്ല ചെയുന്നത്;തുടർച്ചയായി അവരുടെ ആവശ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് മാർക്സ് പറഞ്ഞത്. വ്യവസായത്തൊഴിലാളികളിൽ മര്യാദ പുനഃസ്ഥാപിക്കാൻ നിയുക്തമായ ഒരു സൃഷ്ടിയാണ് യന്ത്രവൽക്കരണം എന്ന ഊരെയുടെ പ്രസ്താവത്തെ മാർക്സ് ചൂണ്ടിക്കാട്ടുന്നുണ്ട്
മാർക്സ് നടത്തിയ ഈ പ്രസ്താവം തന്നെയാണ് തൊഴിലുകൾക്ക് നേരെ നിർമിതബുദ്ധി ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വെയ്ക്കുന്നവരും പറയുന്നത്. മൂലധനം ഒന്നാം വോളിയത്തിലെ യന്ത്രങ്ങളെക്കുറിച്ചുള്ള ഈ അധ്യായവും മാർക്സിന്റെ നോട്ടുപുസ്തകമായ ഗ്രുൻഡ്രിസ്സെയിലെ Fragments of labour ലെ കുറിപ്പുകളും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറുന്നത് അതിനാലാണ്
മുതലാളിത്ത ഉല്പാദനക്രമത്തിൽ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശക്തിയാണ് എന്നതാണ് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം. അങ്ങിനെയെങ്കിൽ തൊഴിൽ ശക്തിയുടെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി കുറയുന്ന നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മറ്റ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഈ കാലത്ത് ഈ സങ്കല്പനത്തിന്റെ സാധുതയെന്താണ് ? 
യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും തൊഴിലാളിയുടെ അധ്വാനശക്തിയും ചേരുമ്പോഴാണ് ഉല്പാദനപ്രവർത്തനം സാധ്യമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടു ഘടകങ്ങളും - യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും - സ്ഥിരമൂലധനമെന്നും ( c ), മൂന്നാമത്തേതിനെ, ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന തൊഴിലാളിയുടെ അധ്വാനശക്തിയെ, അസ്ഥിര മൂലധനമെന്നും(v) പറയുന്നു. 
അസ്ഥിര മൂലധനത്തെ മാർക്സ് രണ്ടായി വിഭജിക്കുന്നു. തൊഴിലാളിയുടെ അധ്വാനശക്തി പുനരുൽപാദിക്കാനായി അയാൾക്ക് നൽകുന്ന കൂലിയും ( v ) അയാളുടെ അധ്വാനശക്തി ക വർന്നെടുക്കുന്നത് വഴി മുതലാളി ഉണ്ടാക്കുന്ന മിച്ച മൂല്യവും ( s ). ഒരു ചരക്കിന്റെ മൂല്യം ( C ), സ്ഥിരമൂലധനവും ( c ) + അസ്ഥിര മൂലധനവും ( v ) + മിച്ച മൂല്യവും ( s ) ചേർന്നതാണ് 
C = c + ( v + s)
ഇവിടെ മാർക്സ് വ്യക്തമാക്കുന്ന കാര്യം, സ്ഥിര മൂലധനത്തിൽ നിന്നും ലാഭം സൃഷ്ടിക്കപ്പെടുന്നില്ല എന്നും, തൊഴിലാളിയുടെ അധ്വാനശക്തിയിൽ ( v + s) നിന്നും കവർന്നെടുക്കപ്പെടുന്ന മൂല്യം ( s ) ആണ് ലാഭത്തിന്റെ ഏക ഉറവിടം എന്നുമാണ്.
മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ യുക്തിസഹമായ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ തൊഴിലാളിയുടെ അധ്വാനശക്തിയെ കവർന്നെടുക്കുന്നത് സാധ്യമായതുകൊണ്ടാണ് എന്നാണ് മാർക്സ് ഇവിടെ സമർത്ഥിക്കുന്നത്. യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും അവയിലടങ്ങിയിരിക്കുന്ന പൂർവ്വാർജ്ജിത മൂല്യത്തെ (accumulated labour power ) ഒരുല്പന്നത്തിലേക്ക് പകരുക മാത്രമാണ് ചെയ്യുന്നത്. മൃതമായ അധ്വാനശക്തിയാണ് യന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്നത്.
ഇവ വാങ്ങുവാനായി ചിലവഴിക്കുന്ന മൂലധനത്തെ ജഢമൂലധനമെന്നും വിളിക്കുന്നു. ഉല്പാദനപ്രക്രിയയിലേർപ്പെടുന്ന ഇവയുടെ ചരിത്രത്തിലേക്ക്, അനന്തമായി നീണ്ടുകിടക്കുന്ന ആ ശൃംഖലകളിലേക്ക്, സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയുക ഘനീഭവിച്ചു കിടക്കുന്ന തൊഴിൽ ശക്തി മാത്രമാകും. ഈ ഉല്പാദനോപാധികൾ പുതുതായ ഒരു മൂല്യവും സൃഷ്ടിക്കുന്നില്ല. അപ്പോൾപ്പിന്നെ നേരത്തെ സൂചിപ്പിച്ച സമവാക്യത്തിൽ അവശേഷിപ്പിക്കുന്ന ഘടകം തൊഴിലാളിയുടെ അധ്വാനശക്തി മാത്രമാണ്. 
ഒരു ചരക്കിന്റെ ഉല്പാദന പ്രക്രിയയിൽ നിന്നും അധ്വാനശക്തിയെ പൂർണമായും ഒഴിവാക്കി എന്ന് സങ്കൽപ്പിക്കുക. ഉദാഹരണത്തിന് ഒരു സോഫ്റ്റ് വെയർ ഡവലപ്മെന്റ് പ്രൊജക്റ്റ് പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തു എന്ന് സങ്കൽപ്പിക്കുക. മുഴുവൻ കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിനെയും പറഞ്ഞുവിട്ട് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഒരു റോബോട്ട് ഈ പ്രൊജക്റ്റ് പൂർണമായും ചെയ്തു എന്ന് വിചാരിക്കുക. ഇത് സാധ്യമാണോ എന്ന് ചോദിച്ചാൽ, ഏജന്റിക് എ ഐയുടെ ഈ കാലത്ത് ഇത് തത്വത്തിൽ സാധ്യമാണ് എന്ന് തന്നെയാകും ഉത്തരം. അങ്ങിനെയെങ്കിൽ മിച്ചമൂല്യ ഉത്പാദനം നടക്കുന്നത് സചേതനമായ തൊഴിൽ ശക്തിയിൽ നിന്നാണ് എന്ന മാർക്സിയൻ പരികല്പന പരാജയപ്പെട്ടില്ലേ എന്ന ചോദ്യമാണ് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ വിമർശകർ ഇന്നുയർത്തുന്നത്. പക്ഷേ വാസ്തവത്തിൽ തൊഴിലാളിയുടെ അധ്വാനത്തിന്റെ ഉറവിടം (spatial and temporal location of labour) മാറുന്നു എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് 
ഡിജിറ്റൽ യുഗം ഈ പ്രക്രിയകളെ ഏറെ സങ്കീർണമാക്കിയിട്ടുണ്ട്. നമുക്ക് നേരിട്ട് കാണുകയും തൊട്ട് മനസിലാക്കുകയും ചെയ്യുന്ന യന്ത്രങ്ങളും അധ്വാനശക്തിയും(tangible machines and labour power ) ഇവിടെ പരിമിതമാണ്. നിർമിക്കപ്പെടുന്ന ഉല്പന്നം പോലും പലപ്പോഴും അദൃശ്യമായിരിക്കും(intangible ). ഇതിനർത്ഥം ലാഭത്തിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള മാർക്സിയൻ അർത്ഥശാസ്ത്ര സങ്കല്പങ്ങൾ കലഹരണപ്പെട്ടുവെന്നല്ല. അല്പം കൂടി സൂക്ഷ്മതയോടെ ആധുനിക ഉല്പാദന പ്രക്രിയകളെ നാം മനസിലാക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമാണ്. 

അമിതോല്പാദനവും ലാഭനിരക്ക് ഇടിയാനുള്ള പ്രവണതയും 


മുതലാളിത്ത ഉല്പാദനവ്യവസ്ഥ എങ്ങിനെ സ്വയം പ്രതിസന്ധിയിൽ അകപ്പെടുന്നു എന്ന അന്വേഷണമാണ് മാർക്സിന്റെ അർത്ഥശാസ്ത്രചിന്തകളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത്. ഈ ചിന്തനത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ് ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച് മൂലധനത്തിന്റെ മൂന്നാം വോളിയത്തിൽ മാർക്സ് നടത്തുന്ന ആലോചനകൾ. 
സ്വയം സൃഷ്ടിച്ച ആഭ്യന്തര വൈരുധ്യങ്ങളെ മുറിച്ചുകടക്കാൻ മൂലധനശക്തികൾ ചരിത്രത്തിലുടനീളം പല മാർഗങ്ങളും തേടിയിട്ടുണ്ട് - മാനവചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊളോണിയൽ അധിനിവേശങ്ങളും, കൊടും ക്രൂരതകൾ നിറഞ്ഞ ലോകയുദ്ധങ്ങളുംതുടങ്ങി ഏറ്റവുമൊടുവിലത്തെ നിയോ ലിബറൽ ചൂഷണ മാര്‍ഗങ്ങൾ വരെ. 
അമിതോല്പാദനവും ലാഭനിരക്ക് ഇടിയാനുള്ള പ്രവണതയുമാണ് മുതലാളിത്തത്തെ പ്രതിസന്ധിയിലേക്ക് തള്ളി നീക്കുന്ന സ്വാഭാവികമായ കാര്യങ്ങൾ. എന്തുകൊണ്ടാണ് ചരക്കുകൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത്? ചരക്കുകൾ വാങ്ങാൻ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശം കാശില്ലാതെ വരുമ്പോൾ 
 C = c+v+s എന്ന സമവാക്യത്തെ ഒന്ന് കൂടി വിശദമായി പരിശോധിക്കാം. ഈ സമവാക്യത്തെ ഇങ്ങനെയും പറയാം : ഉല്പാദിക്കപ്പെടുന്ന വസ്തുക്കളുടെ മൂല്യം = സ്ഥിരമൂലധനത്തിന്റെ മൂല്യം + അസ്ഥിര മൂലധനത്തിന്റെ വില + മിച്ചമൂല്യം. ഈ സമവാക്യത്തിലെ അവസാനത്തെ രണ്ടു ഘടകങ്ങളും തൊഴിലാളിയുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്, ആവശ്യധ്വാനത്തിന്റെ വിലയായി നൽകുന്ന കൂലിയും (v) തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നെടുക്കുന്ന മിച്ചമൂല്യവും (s). കമ്പോളത്തിൽ ക്രയവിക്രയം ചെയ്യാനുള്ള ശേഷിയുടെ പരിമിതിയെക്കൂടിയാണ് കൂലി (അഥവാ v ) സൂചിപ്പിക്കുന്നത്. പ്രധാന ഉപഭോക്താക്കളായ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശമുള്ള കാശ് എല്ലായ്പ്പോഴും ഉല്പാദിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യത്തേക്കാൾ കുറവായിരിക്കും. ചരക്കുകൾ കുമിഞ്ഞു കൂടിക്കൊണ്ടേയിരിക്കും, അത് സാമ്പത്തിക മാന്ദ്യത്തിനും സാമ്പത്തിക കുഴപ്പങ്ങൾക്കും ഇടയാക്കിക്കൊണ്ടേയിരിക്കും
അതുപോലെ മിച്ചമൂല്യം അഥവാ s കുമിഞ്ഞു കൂടിക്കൊണ്ടേയിരിക്കും. മുതലാളിയുടെ കൈവശം വന്നു ചേരുന്ന ഈ മിച്ചമൂല്യത്തിൽ നിന്നാണ് പുതിയ യന്ത്രോപകരണങ്ങൾ വാങ്ങാനും പുത്തൻ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കാനും പുതിയ കമ്പോളങ്ങൾ കണ്ടെത്തി ഉല്പാദന വിതരണ ശൃംഖലകൾ വികസിപ്പിക്കാനും ആവശ്യമായ പണം മുതലാളിമാർക്ക് കരഗതമാക്കുന്നത്. 
നിരന്തരം വികസിക്കുന്ന പ്രതിഭാസമാവുക എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിത്തീരുന്നത് ഇങ്ങിനെയാണ്. 

മൂലധനത്തിന്റെ ജൈവഘടനയും ലാഭനിരക്ക് ഇടിയുന്ന പ്രവണതയും 


ഉല്പാദനക്ഷമത കൂട്ടിക്കൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് മുതലാളിമാർ എപ്പോഴും ശ്രമിക്കുന്നത്. ഉല്പാദനക്ഷമത കൂട്ടുക എന്ന് പറഞ്ഞാൽ എന്താണ് ? നേരത്തെ ഒരുത്പന്നം നിർമിക്കാനാവശ്യമായ ചിലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് അത് നിർമിക്കുക. ഇതിന് പല വഴികളുണ്ട്. ചൂഷണ നിരക്ക് വർധിപ്പിക്കുക. അതായത് ജോലിസമയം കൂട്ടുക, കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുകയിൽ കുറവ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുക
 സാങ്കേതികവിദ്യകളുടെ കുതിച്ചുചട്ടത്തിന്റെ ഈ കാലത്ത് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തുക താരതമ്യേന എളുപ്പമാണ്. ഓട്ടോമേഷൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഈ പ്രക്രിയയെ മാർക്സ് അന്നത്തെ കാലത്തുതന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്തിരുന്നു. യന്ത്രങ്ങളാകുന്ന സ്ഥിരമൂലധനവും അധ്വാനശേഷിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ (c/v) മൂലധനത്തിന്റെ ജൈവഘടന (Organic composition of capital ) എന്ന് മാർക്സ് വിളിച്ചു. സ്ഥിരമൂലധനത്തിന്റെ അളവിൽ വരുന്ന വർദ്ധന എങ്ങിനെയാണ് മൂലധനത്തിന്റെ ജൈവ ഘടനയിൽ വര്‍ധനയുണ്ടാക്കുന്നതെന്നും അതെങ്ങനെയാണ് ലാഭനിരക്ക് ഇടിയ്ക്കുന്നതെന്നും മാര്‍ക്സ് വിശദമാക്കി.
ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച നിരീക്ഷണം ആദ്യമായി നടത്തുന്നത് മാർക്സല്ല. ക്ലാസിക്കൽ അർത്ഥശാസ്ത്രകാരണമാരായ ആദം സ്മിത്തും, റിക്കാർഡോയും, മാൽത്തൂസും, ജോൺ സ്റ്റുവർട്ട് മില്ലും. എന്നാല്‍ മുതലാളിത്ത ഉല്പാദന പ്രക്രിയക്ക് പുറത്താണ് ഇവരിൽ പലരും ഇതിന്റെ കാരണങ്ങൾ കണ്ടെത്തിയത്. ജനസംഖ്യാവർദ്ധനവും അതുമൂലം ഫലഭൂയിഷ്ഠമായ കൃഷിയിടത്തിന്റെ വിസ്തൃതിയിലുണ്ടാകുന്ന ഇടിവുമാണ് ഇതിന്റെ കാരണമായി റിക്കാർഡോ കണ്ടെത്തിയത്. ഇത് കൂലി, ഭക്ഷണ സാധനങ്ങളുടെ വില വര്‍ധനവ് എന്നതിലേക്കും കൂലിനിരക്കുകൾ ഉയരുന്നതിലേക്കും അങ്ങിനെ ലാഭത്തിന്റെ ഇടിവിലേക്കും വഴി വെക്കുമെന്ന് റിക്കാർഡോ കരുതി. ഇതിനെ മാർക്സ് രൂക്ഷമായി പരിഹസിക്കുന്നുണ്ട്. 
ഇത് ഗണിതശാസ്ത്രപരമായി ഇങ്ങനെയും സമർത്ഥിക്കാം 
K = C/V
E= S/V
R=S/(C+V)
K എന്നത് സ്ഥിര മൂലധനവും അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്നു. C സ്ഥിര മൂലധനം അഥവാ യന്ത്രങ്ങളും മറ്റും. V അസ്ഥിരമൂലധനം അഥവാ അധ്വാനശക്തി. മിച്ചമൂല്യവും അധ്വാനശക്തിയും തമ്മിലുള്ള ബന്ധത്തെയാണ് E അഥവാ ചൂഷണത്തോത് സൂചിപ്പിക്കുന്നത്. മിച്ചമൂല്യവും മൊത്തം മൂലധനവും തമ്മിലുള്ള ബന്ധത്തെ R സൂചിപ്പിക്കുന്നു. ഈ സമവാക്യത്തിന്റെ (3) ന്യൂമറേറ്ററിനെയും ഡിനോമിനേറ്ററിനെയും V കൊണ്ട് ഹരിച്ചാൽ താഴെപ്പറയുന്ന സമവാക്യം കിട്ടും. 
R = E /(K +1 )മൂലധനത്തിന്റെ ജൈവ ഘടനയിലെ വർദ്ധനയ്ക്കാനുപാതികമായി ലാഭം കുറയുമെന്ന് സമവാക്യം 4 തെളിയിക്കുന്നു. ചൂഷണനിരക്കിനേക്കാൾ കൂടുതലായിരിക്കണം മൂലധനത്തിന്റെ ജൈവഘടനയിലെ വർദ്ധനവ് എന്ന് മാത്രം. 
മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശേഷിയാണ് എന്നും യന്ത്രവൽക്കരണത്തിന്റെ തോത് ലാഭനിരക്ക് ഇടിക്കുമെന്നതുമാണ് മാർക്സിന്റെ ഏറ്റവും മൗലികമായ നിരീക്ഷണങ്ങളിലൊന്ന്. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രവർത്തനത്തിൽ ഇടപെടുന്നതോടെ ഈ പ്രക്രിയയ്ക്ക് ആക്കം കൂടുന്നു. പൂർവ്വാർജ്ജിത അധ്വാനശേഷിയുടെ ഉല്പന്നങ്ങളാണ് ഓരോ യന്ത്രവും എന്ന് നാം കണ്ടു. ഇവിടെ മിച്ചമൂല്യത്തിന്റെ, അഥവാ ലാഭത്തിന്റെ കേന്ദ്രം, നിലവിൽ ഉല്പാദനപ്രവർത്തനം നടക്കുന്ന ഇടത്തുനിന്നും ഭൂതകാലത്തേക്ക് സഞ്ചരിക്കുന്നു. യന്ത്രവൽക്കരണത്തിന്റെ മൂർദ്ധന്യത്തിൽ ഈ കണ്ണികളുടെ നീളം കൂടുന്നു. തത്വത്തിൽ ഒരു തൊഴിലാളിയും നേരിട്ട് ഉല്പാദനപ്രവർത്തങ്ങളിൽ ഏർപ്പെടാതിരിക്കുമ്പോഴും മറ്റേതോ പ്രദേശത്ത്, ഏതോ കാലത്ത് ഈ യന്ത്രങ്ങൾ നിർമ്മിക്കാൻ ചിലവഴിക്കപ്പെട്ട അധ്വാനശേഷി ലാഭത്തിന്റെ ഉറവിടമായി മാറുന്നു. അങ്ങിനെ കാലത്തെയും ദേശത്തെയും മറികടന്നു കൊണ്ട് മൂലധന ചൂഷണം അരങ്ങു വാഴുന്നു.
ഈ പ്രക്രിയക്കിടയിൽ വർത്തമാനകാലത്തെ തൊഴിലാളികൾ പലപ്പോഴും നിരായുധരായി മാറുന്നത് നാം കാണുന്നുണ്ട്. കാരണം യന്ത്രങ്ങളുടെ കടന്നുവരവ് തൊഴിലാളിയുടെ ആവശ്യകത ഗണ്യമായി കുറയാൻ ഇടയാക്കുന്നു. ഡിമാൻഡിലെ ഈ ഇടിവ് അധ്വാനശേഷിയെന്ന ചരക്കിന്റെ വിലയിടിവിലേക്ക് നയിക്കുന്നു. തൊഴിലാളിയുടെ സംഘടിതമായ വിലപേശൽ ശേഷി ഗണ്യമായി കുറയുന്നു. ഞങ്ങളുടെ കുട്ടികളെ നിങ്ങൾ വിദ്യാലയങ്ങളിൽ കയറ്റിയില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ തരിശൂനിലങ്ങളാകുമെന്ന് പണ്ട് അയ്യങ്കാളിക്ക് സധൈര്യം പറയാൻ കഴിഞ്ഞു. കർഷകത്തൊഴിലാളികൾ സംഘടിതരായി നിന്ന് വിലപേശി തങ്ങളുടെ അവകാശങ്ങളും കൂലി വർധനയും നേടി. ഇന്ന് കൊയ്ത്തുയന്ത്രവും, മെതിയന്ത്രവും മാത്രമല്ല ഡ്രോണുകളുപയോഗിച്ചുള്ള വിത്ത് വിതയ്ക്കലും മരുന്നടിയും നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളിൽ പോലും സാധാരണമായി കഴിഞ്ഞ നാളുകൾ ആവശ്യപ്പെടുന്നത് പുതിയ മുദ്രാവാക്യങ്ങളാണ്, പുതിയ രാഷ്ട്രീയമാണ് പുതിയ സമരമുറകളാണ്.

ഉപസംഹാരം 


യന്ത്രവല്‍ക്കരണത്തെ കേവലം ചൂഷണോപാധിയാക്കുന്ന ഈ പ്രക്രിയയെ എങ്ങിനെയാണ് മനുഷ്യസമൂഹം നേരിടാൻ പോകുന്നത്? 
ഒരു സാമൂഹിക ഘടനയുടെ സ്വഭാവത്തെയും അവിടെ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെയും നിർണയിക്കുന്നത് ആ സമൂഹത്തിലെ ഉല്പാദനശക്തികളുടെ വികാസമാണ്, അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളാണ്. ഫ്യൂഡൽ കാർഷിക ബന്ധങ്ങൾ തകർന്നതും അതിനെ ആസ്പദമാക്കി നിലകൊണ്ടിരുന്ന അധികാര സ്ഥാപനങ്ങൾ കാലഹരണപ്പെട്ടതും കൂടുതൽ ജനാധിപത്യത്തിലധിഷ്ഠിതമായ വ്യവസായിക സമൂഹം വളർന്നുവന്നതുമെല്ലാം നമ്മുടെ ചരിത്രത്തിലുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ നോക്കിയാൽ ഈ പുതിയ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകൾ, അഭൂതപൂർവമായ സമ്പത്തുല്പാദന ശേഷിയുള്ളത്, അതെ സമയം വൻതോതിൽ തൊഴിലുകൾ വെട്ടിക്കുറയ്ക്കാൻ പര്യാപ്തമായത്, രൂപപ്പെടുത്തിയെടുക്കാൻ പോകുന്നത് ഏതു സ്വഭാവത്തിലുള്ള സമൂഹത്തെ ആയിരിക്കും. ഇവ തമ്മിലുള്ള വൈരുധ്യങ്ങൾ നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ മാറ്റിത്തീർക്കുമോ. 


അവരവർക്ക് ആവശ്യമുള്ളത് അത്രയും എടുത്തുപയോഗിക്കാൻ പറ്റുന്ന ഒരു സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമായി മാർക്സ് വിഭാവന ചെയ്തത്. അളവറ്റ സമ്പത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ലോകത്തെ നിർമിതബുദ്ധിക്ക് സൃഷ്ടിക്കാൻ കഴിയും എന്നതിൽ തർക്കമില്ല. അതെ സമയം ഈ സമ്പത്തിന്റെ പുനർവിതരണത്തിന്റെ സാധ്യത എത്രത്തോളമുണ്ട് ? ഉല്പാദന പ്രക്രിയകളിൽ നിന്ന് തള്ളപ്പെടുന്ന തൊഴിലാളിക്ക്, കൂലിവേലയിൽ നിന്നും എടുത്തു മാറ്റപ്പെടുന്ന തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ സാഹചര്യം എങ്ങിനെ ഒരുക്കും ? തൊഴിൽ നഷ്ടം ഒരു ഹ്രസ്വകാല പ്രതിഭാസം മാത്രമായിരിക്കുമോ ? മൂലധനവും തൊഴിൽ ശക്തിയും തമ്മിലുള്ള വൈരുധ്യങ്ങൾ പുതിയൊരു സമൂഹ സൃഷ്ടിക്ക് കളമൊരുക്കുമോ ? 
നാളിതുവരെ നേരിട്ട പ്രതിസന്ധികളെ മൂലധനം പല രൂപത്തിൽ മറികടന്നിട്ടുണ്ട്. ഈ കാലത്ത് ഉയര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളെയും അത് ഇത്തരത്തിൽ കൈകാര്യം ചെയ്യുമോ ?
നിർമിത ബുദ്ധിയുടെ ലോകത്ത് കാര്യങ്ങൾ വ്യത്യസ്തമാണ്. തൊഴിൽ ശക്തിക്ക് വിലപേശൽ ശേഷി നഷ്ടപ്പെടുന്ന വിപരീത സാഹചര്യമാണ് പൊതുവെ സംജാതമാകുന്നത്. ഉല്പാദനപ്രക്രിയയയിൽ മൂലധനത്തിന്റെ പങ്ക് ഉയരുകയും തൊഴിൽ ശക്തിയുടേത് കുറയുകയുമാണ്. അതുണ്ടാക്കുന്ന സംഘർഷങ്ങൾ അനവധിയാണ്. ഇത് ഭരണമാറ്റങ്ങൾക്ക് വഴി തെളിക്കുമോ? ദേശരാഷ്ട്രങ്ങളുടെ അധികാരത്തിൽ ഇന്ന് മൂലധനത്തിനുള്ള മേൽക്കൈ നഷ്ടപ്പെടാൻ അത് ഇടയാക്കുമോ? എങ്കിൽ നീതിയുക്തമായ വിതരണത്തെ അടിസ്ഥാനമാക്കിയ പുതിയൊരു ലോകം സാധ്യമാകും.  മറിച്ചാണെങ്കിൽ കറുത്ത നാളുകളിലേക്ക് ഭൂരിപക്ഷം ജനതയും എടുത്തെറിയപ്പെടും. എങ്ങിനെയാണ് വർഗസംഘർഷങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതെന്നതിനെ അടിസ്ഥാനമാക്കി മാത്രമേ ഈ ദിശാനിർണയം സാധ്യമാകൂ. അത് കാത്തിരുന്നു കാണുക